Sunday, November 10, 2013

എന്റെ കുണുക്കി പൂച്ചക്കുട്ടിയമ്മനേരം വെളുപ്പിന് അഞ്ചരമണിയായിക്കാണും. അസാധാരണമായ ഒരു ശബ്ദം കേട്ടു പാതിഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു. ചെവിയോർത്തപ്പോൾ മനസ്സിലായി ഒരു കരച്ചിലിന്റെ ശബ്ദമാണ്. ഞങ്ങൾ 'കുണുക്കി'എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന പൂച്ച വീടിന്റെ താഴത്തെ നിലയിൽ നിന്നും കരയുകയാണ്. കിടക്കവിട്ട് എഴുനേൽക്കാനുള്ള മടികാരണംഭാര്യയോട് താഴെ പോയി ഒന്നു നോക്കാൻ പറഞ്ഞ് ഞാൻ തിരിഞ്ഞു കിടന്നു.

ഭാര്യ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പു മുറിയിൽ നിന്നും താഴെയിറങ്ങി ചെന്ന് കുണുക്കി കിടന്ന മുറിയുടെ വാതിൽ തുറന്നതും അവളുടെ കരച്ചിലിന്റെ ശക്തി വല്ലാതെ കൂടി. ഒരു പ്രത്യേക രീതിയിൽ നിർത്താതെ കരയുകയാണ്. കരച്ചിൽ കേട്ട് എന്റെ മകനും താഴെ ചെന്ന് അവളെ സ്വാന്ത്വനിപ്പിക്കാനായി പലതും പറഞ്ഞു നോക്കി. പക്ഷെ കരച്ചിലിന്റെ ശക്തി കുറഞ്ഞില്ലെന്ന് മാത്രമല്ല, കൂടുകയാണ് ചെയ്തത്.

'മോനേ, അവളെന്തിനാ ഇങ്ങനെ കിടന്നു കരയുന്നേ'? ഞാൻ മുകളിൽ നിന്നും വിളിച്ചു ചോദിച്ചു.

'അറിയില്ലച്ഛാ, ഇവൾ കരച്ചിൽ നിർത്തുന്നില്ല, അച്ഛൻ ഇങ്ങോട്ടു വന്നേ' - മോൻ വിളിച്ചു പറഞ്ഞു

എനിക്കും തോന്നി, എന്തോ കാര്യമുണ്ട്‌, അല്ലെങ്കിൽ ഇങ്ങനെ നിർത്താതെ അവൾ കരയില്ല. ഞാൻ കട്ടിലിൽ നിന്നും താഴെ ഇറങ്ങി, തുറന്നു കിടന്ന വാതിലിലൂടെ വെളിയിൽ വന്ന് താഴെക്കിറങ്ങാനുള്ള പടികളിൽ എത്തി. കുണുക്കി മകന്റെ മടിയിലിരുന്നു കരയുന്നത് അവിടെ നിന്നു തന്നെ ഞാൻ കണ്ടു.

എന്താ കുണുക്കി, നിനക്കെന്തു പറ്റി മോളേ , നീ എന്തിനാ ഇങ്ങനെ കരയുന്നേ ?

ഞാൻ ഇത് ചോദിച്ചതും മകന്റെ മടിയിൽ നിന്നും ചാടിയിറങ്ങി പടികൾ ഓടിക്കയറി അവളെന്റെ അടുത്തെത്തി, കരഞ്ഞുകൊണ്ട്‌ കാലിൽ ഉരുമ്മി നിൽപ്പായി. അവളുടെ പെരുമാറ്റത്തിൽ എന്തോ അസ്വഭാവികതയുണ്ട്. എന്തോ ഒന്ന് അവളെ കലശലായി അലട്ടുന്നുണ്ട്. ഞാൻ ആ പടിയിൽ തന്നെ ഇരുന്നു. ഞാൻ ഇരിക്കേണ്ട താമസം, കരഞ്ഞുകൊണ്ട്‌ അവളെന്റെ മടിയിൽ കയറി ഇരുപ്പായി. ഇരുപ്പായി എന്ന് പറയുന്നതും ശെരിയല്ല; ഒന്നിരിക്കും, അടുത്ത നിമിഷം എന്തോ ഓർത്തിട്ടെന്നപോലെ ചാടി എണീറ്റ്‌ എന്റെ കണ്ണുകളിലേക്കു നോക്കി കരയും, മുൻകാലുകൾ ഉയർത്തി എന്റെ നെഞ്ചിലേക്ക് കയറാൻ നോക്കും. മൊത്തത്തിൽ ആകെ വല്ലാത്ത ഒരസ്വസ്ഥതയാണവൾക്ക്.

കുണുക്കി ഓമനത്തമുള്ള ഒരു പൂച്ചയാണ്. പൂച്ചയെന്ന പേരു കേട്ടാൽ കൂർത്തുമൂർത്ത പല്ലും നഖങ്ങളുമുള്ള, മനുഷ്യനെ ദ്രോഹിക്കാൻ കഴിയുന്ന ഒരു ജന്തുവിന്റെ മുഖമാണ് മനസ്സിൽ വരുന്നതെങ്കിൽ ഞങ്ങളുടെ കുണുക്കിക്ക്‌ ആ പേർ ചേരില്ല. ഒരാട്ടിൻകുട്ടിയേക്കാൾ ശാന്തയും മൃദുലയുമാണവൾ. കാണാനോ ഏഴഴകും. കറുത്ത കഴുത്തിനെ ചുറ്റി, ഒരു നിര വെളുത്ത രോമങ്ങൾ തീർത്ത വെള്ള മാലയും നാസികയ്ക്കു മുകളിൽ ഭ്രൂമദ്ധ്യത്തിലായി ഈശ്വരൻ വരച്ചിട്ട വെളുത്ത ഗോപിക്കുറിയും കുണുക്കിയുടെ ചന്തം വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.


കരഞ്ഞു തളർന്ന് കുണുക്കി എൻറെ മടിയിൽ പാതി മയക്കത്തിലായി. ഇടയ്ക്കിടയ്ക്ക് അവൾ ഞരങ്ങുന്നുണ്ട്. ഉള്ളിലെ പ്രയാസം വിതുമ്പലായി പുറത്തേക്ക് വരുന്നതാകാം. എന്റെ മടിയുടെ ചൂടും സ്നേഹപൂർവമായ തലോടലും കാരണം അതു അണപൊട്ടി പ്രവഹിക്കുന്നില്ല എന്നേ ഉള്ളൂ.

കുണുക്കി എൻറെ വീട്ടിലേക്കു വന്ന വഴി ഞാനോർത്തു. വീടിന്റെ പിന്നാമ്പുറത്തു ഒരു പൂച്ച രണ്ടു കുട്ടികളെ പ്രസവിച്ചു. ഒന്ന്‌ കറുപ്പും വെളുപ്പും നിറമുള്ള ശരീരത്തോടുകൂടിയ ഒരു മിടുക്കിക്കുട്ടിയും മറ്റേതു ശരീരമാസകലം പുള്ളിവരകളുള്ള ഒരു പാവം പൂച്ചക്കുഞ്ഞുമായിരുന്നു. കറുപ്പും വെളുപ്പും നിറമാർന്ന സുന്ദരിക്കുട്ടിയോട് എനിക്കന്നേ വല്ലാത്ത അടുപ്പം തോന്നി. ഇതു മനസ്സിലാക്കിയിട്ടോ എന്തോ, അവളും എന്നോട് കൂടുതൽ അടുപ്പവും സ്വാതന്ത്ര്യവും കാണിച്ചു തുടങ്ങി. കറുമ്പിക്ക് കുണുക്കിയെന്നും വെളുമ്പിക്ക് മിനുക്കിയെന്നും ഞങ്ങൾ പേരിട്ടു. വലുതാകും തോറും രണ്ടു പേരും അമ്മയിൽ നിന്ന് അകലുകയും ഞങ്ങളോട് കൂടുതൽ അടുക്കുകയും ചെയ്തു. രണ്ടു പേരും കാലത്ത് പാൽ കുടിക്കാൻ വരും. പാൽ കുടിച്ചു കഴിഞ്ഞാൽ പിന്നെ കുറെ നേരം കളിക്കും. കളിയെല്ലാം കഴിയുമ്പോഴേക്കും വിശപ്പാകും.അടച്ച നെറ്റിട്ട വാതിലിനു വെളിയിൽ വന്നു നിന്ന് കുണുക്കി കരയും. ഞങ്ങൾ ഗൌനിച്ചില്ലെങ്കിൽ കരച്ചിലിന്റെ ശക്തി കൂടും. ചിലപ്പോൾ ആക്രോശം വരെയാകും. 'എത്ര നേരമായി ഞാനിവിടെ നിന്നു കരയുന്നു, കതകു തുറക്ക് ' എന്ന് പറയുന്ന മട്ടിലുള്ള ആക്രോശം. അക്ഷരാർഥത്തിൽ ഞങ്ങളെക്കൊണ്ടവൾ വാതിൽ തുറപ്പിക്കും. വീടിനകത്ത് കടന്ന് അവൾക്കിഷ്ടമുള്ളത്‌ നേടാതെ അടങ്ങുന്ന പ്രശ്നമില്ല. ദിവസത്തിൽ ഇങ്ങിനെ ഒന്നു രണ്ടു പ്രാവശ്യം വീട്ടിനുള്ളിൽ കയറാൻ അനുവദിക്കും എന്നതൊഴിച്ചാൽ രണ്ടുപേരും ജീവിച്ചിരുന്നത് വീടിനു വെളിയിലാണ്. വീടിനു വെളിയിലെന്നു പറഞ്ഞാലും ദൂരെയെങ്ങും പോകാതെ വീടിന്റെ പരിസരങ്ങളിൽ തന്നെയാണ് അവർ കൂടുതൽ സമയവും കഴിഞ്ഞിരുന്നത്.കുറച്ചു നാൾ മുൻപ് മിനുക്കിയെ കാണാതായി. അടുത്തെല്ലാം തിരഞ്ഞെങ്കിലും കണ്ടു കിട്ടിയില്ല. കൂടെപ്പിറപ്പു പോയതോടെ കുണുക്കി തികച്ചും ഒറ്റപ്പെട്ടു. അവൾക്കു ഞങ്ങളോടുള്ള അടുപ്പം കൂടാൻ ഇതും കാരണമായി.അച്ഛാ, ഇനി അവൾക്കു വല്ലാതെ വിശന്നിട്ടു കരയുന്നതാണോ? മോന്റെ സംശയം.

'ഏയ് , അതായിരിക്കില്ല. ഇയ്യിടെയായി ഞാൻ നിർബന്ധിക്കുന്നതു കൊണ്ടല്ലേ രാവിലെ ഇവൾ അൽപ്പം പാൽ കുടിക്കുന്നത് തന്നെ? ഈ കരയുന്നതു വിശപ്പ്‌ കൊണ്ടൊന്നും അല്ല'. ഞാൻ പറഞ്ഞു.

ആഹാരക്കാര്യത്തിൽ കുണുക്കി വളരെ വ്യത്യസ്തയാണ്. മീനോ ഇറച്ചിയോ വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങളോ ഒന്നും കഴിക്കില്ല. കടയിൽ കിട്ടുന്ന വിലപിടിപ്പുള്ള 'ക്യാറ്റ്ഫീഡ്' വാങ്ങിക്കൊടുത്തു നോക്കി. തൊടില്ല. ഒരേ ഒരാഹാരമേ വീട്ടിൽ നിന്നും കഴിക്കൂ; പാലിൽ കുഴച്ച ബ്രെഡ്‌. അതും ദിവസത്തിൽ രണ്ടു പ്രാവശ്യം വളരെ മിതമായി മാത്രം. പ്രായം ഏതാണ്ട് ഒരു വയസ്സായെങ്കിലും അവളെക്കണ്ടാൽ ഒരു പൂച്ചക്കുട്ടിയാണെന്നേ തോന്നൂ. സ്വഭാവവും കളിയും എല്ലാം ഒരു പൂച്ചക്കുഞ്ഞിന്റേതു പോലെ തന്നെ.

'ചായ തയ്യാറായി,ഇങ്ങോട്ട് വരൂന്നേ' - താഴെ അടുക്കളയിൽ നിന്നും ഭാര്യയുടെ ശബ്ദം.

'അതിങ്ങോട്ടു തന്നേക്ക്‌, കുണുക്കി എന്റെ മടിയിൽ കിടക്കുന്നതു കണ്ടില്ലേ, എഴുന്നേറ്റ് അവളെ ശല്യപ്പെടുത്തേണ്ട, എന്തോ വല്ലാത്ത വിഷമത്തിലാണ് പാവം' - ഞാൻ പറഞ്ഞു.

'പിന്നെ, നാട്ടിലുള്ള പൂച്ചയുടെ ഒക്കെ ദുഃഖം മാറ്റാൻ നമ്മളാരാ, ദൈവമോ? അതിനെ താഴെ ഇറക്കി വിട്ടിട്ടു വന്നു ചായ കുടിക്കാൻ നോക്ക് - ഭാര്യ വിടുന്ന പ്രശ്നമില്ല.
എനിക്ക് കുണുക്കിയോടുള്ള സ്നേഹം സ്ത്രീസഹജമായ അസൂയയോടാണ് എന്റെ ഭാര്യ നോക്കിക്കാണുന്നത്.എന്നിരുന്നാലും കുണുക്കിയോട് അൽപ്പവും സ്നേഹക്കുറവു കാണിക്കാറും ഇല്ല.

ഈ സംഭാഷണമെല്ലാം കേട്ടിട്ടാകാം കുണുക്കി മയക്കമുണർന്നു, പഴയപടി കരച്ചിൽ തുടങ്ങി. കരയുന്നതോടൊപ്പം എന്റെ കണ്ണുകളിലേക്കു നോക്കി നേർത്ത സ്വരത്തിൽ വിതുമ്പാനും തുടങ്ങി. അവൾക്കെന്തോ എന്നോട് പറയാനുള്ളതുപോലെ.

'അച്ഛാ, ഇനി ഇവടെ കുഞ്ഞിനു ഏന്തെങ്കിലും പറ്റിയോ? അതിന്റെ വിഷമമാണോ ഈ കാണിക്കുന്നത്?- മോന്റെ സംശയം.

'അയ്യോ! ഇനി അങ്ങിനെന്തെങ്കിലും? എനിക്കും ആശങ്കയായി.
രണ്ടു മൂന്നു ദിവസങ്ങൾക്കു മുൻപ്, കുണുക്കി അടഞ്ഞു കിടന്നിരുന്ന നെറ്റിട്ട വാതിലിനു വെളിയിൽ വന്നു നിന്നത് ഞാനോർത്തു.വായിൽ എലിയോളം വലിപ്പമുള്ള എന്തോ ഒരു സാധനവും കടിച്ചു പിടിച്ചാണ് നിൽപ്പ്. വെളിയിൽ നിന്നും കിട്ടിയ ഏതോ ഇരയെ വീട്ടിനുള്ളിൽ കൊണ്ടുവന്നു വച്ചു സുരക്ഷിതമായി കഴിക്കാനായിരിക്കുമെന്നാണ്    എനിക്കു തോന്നിയത്. അതിനാൽ ദൂരെപ്പോകാൻ അവളോട്‌ ഞാൻ അഞ്ജാപിച്ചു. അവളതിനു കൂട്ടാക്കിയില്ലെന്നു മാത്രമല്ല, നിന്നിടത്തു നിന്നു ചലിക്കാതെ ദയനീയമായി എന്നെത്തന്നെ നോക്കിക്കൊണ്ട്‌ നിന്നു. വീട് വൃത്തികേടാകുമല്ലോ എന്ന് ഭയന്ന് ഞാൻ കതകു തുറന്നുവെളിയിൽ ചെന്ന് കുണുക്കിയെ അവളുടെ കഴുത്തിനു മുകളിൽ പിടിച്ചു കുറച്ചു ദൂരത്തെക്കു മാറ്റി നിർത്തി. പക്ഷേ എന്നെദയനീയമായി ഒന്നു നോക്കി, കടിച്ചുപിടിച്ച ആ ജന്തുവിനെയും കൊണ്ട് അവൾ വീണ്ടും വാതിലിനു വെളിയിൽ ചെന്നു നിന്നു. അടഞ്ഞു കിടന്ന വാതിലിലും എന്നിലും അവളുടെ ദയനീയമായ നോട്ടം മാറിമാറി പതിഞ്ഞുകൊണ്ടിരുന്നു.

'അച്ഛാ, എലിയൊന്നുമല്ല, ഇവടെ കുഞ്ഞാണ് വായിലെന്നു തോന്നുന്നു. അച്ഛൻ കഴിഞ്ഞാഴ്ച പറഞ്ഞില്ലേ ഇവളുടെ വയറ്റിൽ കുഞ്ഞുണ്ടെന്നു തോന്നുന്നെന്ന് . അപ്പോ ഇവൾ പ്രസവിച്ച കുഞ്ഞു തന്നെയായിരിക്കും ഇത്' -.മോന്റെ സംശയം അവൻ പറഞ്ഞു.

വീടിനുള്ളിൽ വരുമ്പോഴൊക്കെ എന്റെ മടിയിൽ കയറി കുറച്ചു നേരം ഇരിക്കുന്നത് കുണുക്കി പതിവാക്കിയിരുന്നു. ഞാൻ തലോടുന്നത് വലിയ ഇഷ്ടമാണ്. അങ്ങിനെ തലോടുമ്പോൾ അവളുടെ വയറ്റിൽ എന്തോ കട്ടിയായി കിടക്കുന്നതായി എനിക്കു തോന്നി. ഒരു കുഞ്ഞായിരിക്കുമോ എന്ന് സംശയം തോന്നി, അപ്പോൾ തന്നെ മോനോട് അതു പറയുകയും ചെയ്തു. എന്റെ സംശയം ഞാൻ ഭാര്യയോടും പറഞ്ഞു.

'പിന്നേ, കുട്ടിത്തം മാറാത്ത പൂച്ചയ്ക്കാ കുഞ്ഞുണ്ടാകുന്നത്? ഓരോ ഭാവനയേ? അച്ഛനും മോനും വേറെ ജോലിയൊന്നുമില്ലേ കാലത്ത്? അതിന്റെ പിറകെ കൂടിയിരിക്കുവാ?' ഭാര്യ മൊഴിഞ്ഞു.

എനിക്കും തോന്നി എന്റെ സംശയം തെറ്റായിരിക്കാം. അതുകൊണ്ട് അങ്ങിനെയൊരു കണ്ണുകൊണ്ട് ഞാൻ പിന്നീട് കുണുക്കിയെ നോക്കിയിരുന്നതേയില്ല. ഇപ്പോൾ മോൻ പറഞ്ഞപ്പോളാണ് അത് ഓർമ്മയിൽ വന്നത് തന്നെ.

'മോനേ, നീ പറഞ്ഞത് ശെരിയാണെന്നു തോന്നുന്നു. വാതിൽ തുറന്നേ, അവളെന്താ ചെയ്യാൻ പോകുന്നേ എന്നു നോക്കാം'.

ഞാനിതു പറഞ്ഞതും മോൻ വാതിൽ തുറന്നു കൊടുത്തു. കുണുക്കി വേഗത്തിൽ വീടിനുള്ളിൽ കയറി സ്വീകരണമുറിയും ഡൈനിങ്ങ്‌ ഹാളും കടന്ന് വീടിന്റെ താഴത്തെ നിലയിലുള്ള ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് കടന്നു. ആ മുറിയിൽ ഒരു ഭിത്തി അലമാര ഉണ്ട്. അടഞ്ഞു കിടന്ന ആ അലമാരക്ക് മുൻപിൽ ചെന്നു നിന്ന് അവൾ വീണ്ടും എന്നെ ദയനീയമായി നോക്കി. ഞാൻ അലമാരയുടെ വാതിൽ തുറന്നതും അവൾ അതിനുള്ളിലേക്ക്‌ കയറി. അലമാരയുടെ താഴത്തെത്തട്ടിൽ ഉപയോഗശൂന്യമായ കുറെ തുണികളും മറ്റും വച്ചിരുന്നതിൽ വായിലിരുന്ന കുഞ്ഞിനെ വച്ച്, അതിനെ ചേർന്ന് കിടന്നു. കുറെ ദിവസങ്ങളായി വീടിനുള്ളിൽ കയറിയാൽ ഈ അലമാരയിൽ തപ്പിക്കൊണ്ടിരുന്നത് എന്തിനായിരുന്നു എന്നെനിക്കിപ്പോൾ മനസ്സിലായി. പിറക്കാൻ പോകുന്ന തന്റെ കുഞ്ഞിനു സുരക്ഷിതമായ ഒരിടം തേടുകയായിരുന്നു ഈ അമ്മ! അലമാരക്കുള്ളിലേക്ക് കൈകൾ കയറ്റി ഞാനവളെ തലോടി. കുഞ്ഞ് അടുത്തുണ്ടായിരുന്നിട്ടും അവളൊന്നു മുരളുക പോലും ചെയ്‌തില്ല. എന്റെ വീട്ടിൽ അവളും കുഞ്ഞും പൂർണ്ണസുരക്ഷിതരായിരിക്കും എന്നവൾക്കറിയാം. അതവളുടെ അചഞ്ചല വിശ്വാസമാണ്.

കുഞ്ഞുമായി അലമാരക്കുള്ളിൽ കടന്നതിൽ പിന്നെ ആഹാരം കഴിക്കാൻ പോലും വെളിയിലേക്ക് വരാൻ അവൾ താത്പര്യംകാണിക്കാതെയായി. എത്ര നിർബന്ധിച്ചാലും ദിവസത്തിൽ ഒരു അരമണിക്കൂറിൽ കൂടുതൽ വെളിയിൽ വരില്ല . എപ്പോഴും കുഞ്ഞിനു പാലും കൊടുത്ത് അതിനെ പൊതിഞ്ഞു കിടക്കും. കന്നിപ്രസവത്തിലെ കുരുന്നിനോടവൾക്കു എന്തൊരു സ്നേഹമാണ്! മാതൃത്വം ശെരിക്കും അനുഭവിക്കുകയായിരുന്നു അവൾ. അവർക്കു ശല്യമുണ്ടാകേണ്ടാ എന്ന് കരുതി ഞങ്ങൾ മുകളിലത്തെ നിലയിലെ മുറിയിലേക്ക് കിടപ്പ് മാറ്റിയതാണ്. ഇന്നലെ രാത്രിയിലും പാലും ബ്രെഡും കഴിച്ച്, കുഞ്ഞിനേയും കെട്ടിപ്പിടിച്ചവൾ സംതൃപ്തയായി കിടക്കുന്നത് കണ്ടിട്ടാണ് ഞങ്ങൾ കിടക്കാൻ പോയത്.

മടിയിൽ നിന്നും കുണുക്കിയെ താഴെ ഇറക്കി നിർത്തി, ഞാൻ കുഞ്ഞു കിടന്നിരുന്ന അലമാരിക്കടുത്തെക്ക് നടന്നു. കരഞ്ഞു കൊണ്ട് കുണുക്കിയും എന്റെ പിന്നാലെ വന്നു. ടോർച് ലൈറ്റടിച്ചു കുഞ്ഞു കിടന്ന സ്ഥലം ഞാൻ പരിശോധിച്ചു. കുഞ്ഞവിടെ തന്നെയുണ്ട്‌. അലമാരിക്കുള്ളിലേക്ക് ഞാൻ കൈകൾ കടത്തി നോക്കി. എന്റെ കൈകൾ ചെന്നെത്തി നിന്നത് ഒരു വിറങ്ങലിച്ച ശരീരത്തിലായിരുന്നു. ഒന്ന് കൂടി ഉറപ്പുവരുത്താനായി ഞാൻ വിറങ്ങലിച്ച ആ ശരീരം എടുത്തു അലമാരിക്ക് വെളിയിൽ വച്ചു. അതെ, അതൊരു ജഡം തന്നെ. ഞങ്ങൾ സംശയിച്ചതു സംഭവിച്ചിരിക്കുന്നു. കുണുക്കിയുടെ പൊന്നോമനചത്തുപോയിരിക്കുന്നു.

കുഞ്ഞിന്റെ ജഡശരീരം വെളിയിൽ വച്ചതും കുണുക്കി വല്ലാതെ കരഞ്ഞുകൊണ്ട്‌ അത് കടിച്ചെടുത്തു അലമാരിക്കുള്ളിലേക്ക് കയറി. അവളുടെ തേങ്ങലിന്റെ ശക്തി കൂടി കൂടി ഒരു നിലവിളിയായി മാറി . ആ വിറങ്ങലിച്ച ശരീരം നക്കി തുടയ്ക്കും. എന്തോ തോന്നിയിട്ടെന്നപോലെ തിരിഞ്ഞു നിന്നു എന്നെ നോക്കും. ഹൃദയം പൊട്ടിക്കരയും. 'എന്റെ കുഞ്ഞ് അനങ്ങുന്നില്ല; എന്ത് പറ്റി എന്നൊന്ന് പറയൂ' എന്ന് എന്നോട് ചോദിക്കുന്നതു പോലെയായിരുന്നു ആ ദയനീയമായ കരച്ചിലും നോട്ടവും. എന്റെ കണ്ണുകൾ ഈറനണിഞ്ഞു. അപേക്ഷാപൂർവമായ ആ നോട്ടത്തിനു മുൻപിൽ ഞാൻ തളർന്നിരുന്നു. എല്ലാം അറിയുന്ന മനുഷ്യനെന്ന എൻറെ അഹങ്കാരം നിഷ്പ്രഭമായ നിമിഷങ്ങൾ! തിരിച്ചറിവുള്ള മനുഷ്യന്റേയും അതില്ലെന്നു നാം കരുതുന്ന ഒരു മിണ്ടാപ്രാണിയുടെയും വേദന ഒന്നായ നിമിഷങ്ങൾ! സമയം ഞങ്ങൾക്കിടയിൽ ഘനീഭവിച്ചു നിന്നു.

മകനെക്കൊണ്ട് തന്ത്രപൂർവം കുണുക്കിയെ അവിടെ നിന്നും മാറ്റി, വെളിയിൽ ഒരു കുഴിയെടുത്ത്‌ ശവം ഞാൻ മറവു ചെയ്തു. കുണുക്കി നിലവിളിച്ചുകൊണ്ട് തിരികെ വന്ന് അവിടെയെല്ലാം തന്റെ കുഞ്ഞിനെ തിരക്കി. അതിനെ കാണാതെ മനം നൊന്ത്‌, ഹതാശയായി എന്റെയരികിൽ വന്നു കിടന്നു. അവളുടെ കരച്ചിലിന്റെ ശക്തിയെല്ലാം വല്ലാതെ ചോർന്നുപോയിരുന്നു.

ഈ സംഭവത്തിനു ശേഷം കുണുക്കി ഞങ്ങളോട് കൂടുതൽ അടുത്തു. പതുക്കെ പതുക്കെ അവൾ ജീവിതത്തിലേക്ക് തിരികെ വന്നു. മുൻപ് വല്ലപ്പോഴും വീട്ടിൽ വന്നു ആഹാരം കഴിച്ചു വെളിയിൽ കഴിഞ്ഞിരുന്ന അവൾ ഇന്ന് എൻറെ വീട്ടിലെ സ്ഥിരം അന്തേവാസിയാണ് -ഞങ്ങളുടെ ഒക്കെ ഹൃദയം കവർന്നു കഴിയുന്ന ആ പഴയ കുണിക്കിക്കുട്ടി.
4 comments:

 1. കഥ നന്നായിട്ടുണ്ട്.
  കുണുക്കി പൂച്ചക്കുട്ടിയമ്മയുടെ കണവനെ പറ്റി ഒന്നുമേ പറഞ്ഞിട്ടില്ല.

  ReplyDelete
 2. Sometimes fact is stranger than fiction.
  മോഹൻ ദാസി൯റെ `എന്റെ കുണുക്കി പൂച്ചക്കുട്ടിയമ്മ' വായിച്ചപ്പോൾ ഞാ൵ ചട്ടമ്പിസ്വാമികളുടെ വചനമോർത്തു :- `ലോകത്തിനാകെ ഒരു മനസ്സാണു് '

  ReplyDelete
 3. എന്തൊരത്ഭുതം!!! ഇവളെന്റെ പ്രിയ കറുമ്പി!!!! അവള്‍ക്കിവിടെ 2 കുഞ്ഞുങ്ങളും ഉണ്ട്... ധന്യാസിയെയും ദര്‍ബാറിനെയും സമന്വയിപ്പിക്കുന്ന കറുമ്പി കുണുക്കി നീണാള്‍ വാഴട്ടെ!!!!

  ReplyDelete
 4. ഇഷ്ടപ്പെട്ടു. ആദ്യമുള്ള ആ സസ്പെന്‍സ് ആകാംക്ഷ ഉണര്‍ത്തി.

  ReplyDelete