Friday, August 26, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - ആമുഖം 2

രാമായണമാസക്കുറിപ്പുകളിൽ പറഞ്ഞതുപോലെ അനേകം ഋഷികളുടെയും ദാർശനികരുടെയും തത്വചിന്തകരുടെയും ദർശനങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ജ്ഞാനസമ്പത്താണ് ഹിന്ദുമതത്തിന്റേത്. ഇതിനെക്കുറിച്ചൊക്കെ വിശദമായി ചർച്ച ചെയ്യാൻ കഴിവുള്ള ആളല്ല ഞാൻ, അതിനുള്ള ഇടവുമല്ല ഇത്. എങ്കിലും ഇവിടെ ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പൂർണ്ണതക്കായി ആ ജ്ഞാനസാഗരത്തെ ദൂരെനിന്നെങ്കിലും ഒന്നു നോക്കിക്കാണാതെ മുന്നോട്ടു പോക വയ്യ. അതുകൊണ്ട് ഹിന്ദുസംസ്കാരത്തെ രൂപപ്പെടുത്തിയ കാലഘട്ടത്തെയും അതിലെ വളരെ പ്രധാന ചില വിഷയങ്ങളെയും ഒന്നു സ്പർശിച്ചു പോകാനാഗ്രഹിക്കയാണ്. ആദ്യമായി ഹിന്ദു മതത്തിന്റെ, പ്രത്യേകിച്ചും ഭഗവത് ഗീതയടങ്ങുന്ന മഹാഭാരതത്തിന്റെ ചരിത്രപശ്ചാത്തലം ഒന്നു മനസ്സിലാക്കാൻ ശ്രമിക്കാം. ഈ വിഷയത്തിലെ കാലഗണനയിൽ ഗവേഷകർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ വളരെയുണ്ടെങ്കിലും പൊതുവെ സ്വീകാര്യമായി തോന്നിയ ഒരു ചരിത്രമാണിവിടെ കുറിക്കുന്നത്. ഹിന്ദുമതത്തിന്റെ ആധുനികവും ശാസ്ത്രസമ്മതവുമായ ഒരു വീക്ഷണമാണിവിടെ നൽകാൻ ഉദ്ദേശിക്കുന്നതെന്നതിനാൽ ഹിന്ദുക്കൾക്കിടയിൽ പൊതുവെയുള്ള പരമ്പരാഗത വിശ്വാസപ്രമാണങ്ങളിലേക്കൊന്നും (ഉദാ: നാലു യുഗങ്ങൾ, വ്യക്തിരൂപത്തിലുള്ള ദൈവങ്ങൾ) ഈ കാലചരിത്രത്തെയും ജ്ഞാനസമ്പത്തിനെയും ബന്ധിപ്പിക്കാൻ ശ്രമിക്കുന്നില്ല.

മനുഷ്യവംശത്തിന്റെ  അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് വേദകാലത്താണ്. സനാതനധർമ്മത്തിൻറെ (പിൽക്കാലത്തു സിന്ധു നദിക്കു പടിഞ്ഞാറുനിന്നും വന്ന വിദേശീയർ തങ്ങളുടെ മതസംസ്‌കാരത്തിൽ നിന്നും വ്യത്യസ്തമായ മതസംസ്കാരമുള്ള, സിന്ധു നദിക്കു കിഴക്കുള്ളവരെക്കുറിക്കാൻ ഉപയോഗിച്ചതും താരതമ്യേന സമീപകാലത്തുണ്ടായതുമായ  പേരുകളാണ്  'ഹിന്ദു' വും 'ഹിന്ദുമത' വും) പ്രമാണഗ്രന്ഥങ്ങളാണ് വേദങ്ങൾ എന്നതിനാൽ അറിയപ്പെടുന്ന മനുഷ്യസംസ്കാരം ഹിന്ദുമത ദർശനങ്ങളിൽ തുടങ്ങുന്നു എന്നർത്ഥം. ഭാരതീയരായ നമുക്ക് അങ്ങേയറ്റം അഭിമാനാർഹമായ ഒരു കാര്യമാണിതെന്നു പറയേണ്ടതില്ലല്ലോ? ആധുനിക വീക്ഷണത്തിൽ വേദകാലത്തിൻറെ തുടക്കം ബി.സി.4500 ആണെന്നത് ഇവിടെ നമുക്കും സ്വീകരിക്കാം. പ്രകൃതി ശക്തികളെ ആരാധിക്കുവാൻ ഉദ്ദേശിച്ചുള്ള ഋക്കുകളുടെ (മന്ത്രങ്ങളുടെ) സമാഹാരമായ ഋഗ്വേദത്തിൽ തുടങ്ങുന്ന വൈദികകാലം, ബി.സി. അഞ്ചാം ശതകത്തിൽ (ബി.സി.400) ബുദ്ധജൈനമതങ്ങൾ പ്രചരിക്കുന്നതുവരെ ഹിന്ദുവിന്റെ അനിഷേദ്ധ്യമതമായി നിലകൊണ്ടു. ശ്രുതികളെന്നും സ്മൃതികളെന്നും അറിയപ്പെടുന്ന ഹിന്ദുമതത്തിന്റെ സുപ്രധാനമായ രണ്ടു വശങ്ങളും നിലവിൽ വന്നത് ഹിന്ദുമതത്തിന്റെ സ്ഥാപനകാലം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിലാണ്.

വേദങ്ങൾ (ഋഗ്വേദം, യജുർവേദം, സാമവേദം,അഥർവ്വവേദം), ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ എന്നിവയാണ് ശ്രുതികൾ. ശ്രുതി എന്നാൽ വെളിവാക്കപ്പെട്ടത് (as revealed) എന്നർത്ഥം. വേദങ്ങൾ അപൗരുഷേയമാണ്, അതായത് മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ടതല്ല എന്നതാണ് പൊതുവെയുള്ള ചിന്ത എങ്കിലും ആധുനിക വീക്ഷണത്തിൽ അതെത്രമാത്രം ശരിയാണെന്നു പറയാൻ കഴിയില്ല. വനാന്തരങ്ങളിൽ ധ്യാനനിമഗ്നരായിരുന്ന ഋഷീശ്വരന്മാർക്കുണ്ടായ വെളിപാടുകൾ എന്നു ചിന്തിക്കുകയായിരിക്കും കുറേക്കൂടി ശരി. ഓരോ വേദങ്ങൾക്കും പ്രത്യേകമായി സംഹിതകളും, ബ്രാഹ്മണങ്ങളും, ആരണ്യകങ്ങളും, ഉപനിഷത്തുക്കളും ഉണ്ട്. വേദങ്ങൾ എന്നു നാം സാധാരണ പറയുന്നതു അവയിലെ മന്ത്രഭാഗമായ സംഹിതളെ മാത്രം ഉദ്ദേശിച്ചാണ്. മന്ത്രങ്ങളുടെ അർഥം വിശദമാക്കുകയാണ് ബ്രാഹ്മണങ്ങളുടെ ലക്ഷ്യം. ബ്രാഹ്മണങ്ങളിൽ വിവരിച്ചിരിക്കുന്ന യജ്ഞക്രിയകളുടെ ശാസ്ത്രീയ വ്യാഖ്യാനങ്ങൾ എന്ന നിലക്കാണ് ആരണ്യകങ്ങളുടെ ആവിർഭാവം. ബ്രാഹ്മണങ്ങൾ ദേവപ്രീതിക്കായി ചെയ്യേണ്ട യജ്ഞഹോമാദികളെക്കുറിച്ചും അതിന്റെ ആചാരങ്ങളെക്കുറിച്ചും പ്രദിപാദിക്കുമ്പോൾ ഇതൊക്കെ ചെയ്യുന്ന മനുഷ്യനുണ്ടാകേണ്ട ആത്മബോധത്തെയാണ് ഉപനിഷത്തുക്കൾ പ്രതിപാദിക്കുന്നത്. ഇനി മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ യജ്ഞാദികർമ്മങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന വേദഭാഗത്തെ കർമ്മകാണ്ഡമെന്നും ഉപനിഷത്തുക്കളെ വേദത്തിന്റെ ജ്ഞാനകാണ്ഡം എന്നും മനസ്സിലാക്കാം. വേദത്തിന്റെ അന്തിമ ഭാഗമായ, വേദസാരമായ, ഉപനിഷത്തുക്കളെ വേദാന്തം എന്നും അറിയപ്പെടുന്നുണ്ട്.  ഉഷസ്സ്, നദികൾ, പ്രകൃതിശക്തികൾ തുടങ്ങിയവയെല്ലാം വേദത്തിലെ ദേവതകളാണ്. വ്യക്തിരൂപത്തിലുള്ള ഒരീശ്വര സങ്കൽപ്പം വേദത്തിൽ ഇല്ല. കർമ്മാധിഷ്ഠിതമായ ധർമ്മമാർഗ്ഗവും ജ്ഞാനാധിഷ്ഠിതമായ ബ്രഹ്മവിദ്യയും വേദത്തിൽ നിന്നുരുത്തിരിഞ്ഞു വരുന്ന സനാതനമതത്തിന്റെ രണ്ടു പ്രാമാണ്യവിഷയങ്ങളാണ്.

ഉപനിഷത്തെന്ന വാക്കിന്റെ വാച്യാർത്ഥം അടുത്തിരിക്കുക എന്നാണ്. ഗുരുക്കന്മാരോ ആചാര്യസ്ഥാനീയരോ ആയ  മഹദ് വ്യക്തികൾ ശിഷ്യന്മാരോ ജിജ്ഞാസുക്കളോ ആയവരുടെ സംശയ നിവൃത്തി വരുത്തുവാൻ സംവാദരൂപത്തിൽ നൽകുന്ന ഉപദേശ വിശദീകരണങ്ങൾ എന്നതാണ് പ്രധാന ഉപനിഷത്തുക്കളിലെ ക്രമം. അത് അടുത്തിരിക്കുന്നവരുമായുള്ള നിഗൂഢ ചർച്ചയാണ്. ഹിന്ദുമതത്തിന്റെ സ്ഥാപനയുഗത്തിൽ ബി.സി.1000 നും 400 നും ഇടയ്ക്കാണ് പ്രശസ്തവും പ്രാചീനവുമായ ഉപനിഷത്തുക്കൾ ജന്മമെടുത്തതെന്നു വിശ്വസിച്ചു വരുന്നു. വേദങ്ങളുടെ ആയിരത്തിൽപരം ശാഖകളിലായി അനവധി ഉപനിഷത്തുക്കൾ ഉണ്ടായിരിക്കാമെങ്കിലും 108 ഉപനിഷത്തുക്കളുടെ എണ്ണം എടുത്തു പറയുന്നുണ്ട്. ഇതിൽ പത്ത്‌ ഉപനിഷത്തുക്കളാണ് ഏറെ ശ്രദ്ധേയമായിത്തീർന്നിട്ടുള്ളത്.  നാലു വേദങ്ങളിൽ നിന്നുമായുള്ള ഈ ദശോപനിഷത്തുക്കൾ പ്രപഞ്ച രഹസ്യത്തെയും മനുഷ്യ പ്രകൃതിയെയും തത്വചിന്താപരമായി അപഗ്രഥിച്ചു അവക്കെല്ലാം തന്നെ ബോധപൂർവമായ ഉത്തരം നൽകുന്ന ജ്ഞാനശാഖയാണ്.

വേദമന്ത്രങ്ങളുടെ അർഥം വിശദമാക്കുകയായിരുന്നു ബ്രാഹ്മണങ്ങളുടെ ലക്ഷ്യമെങ്കിലും കാലക്രമേണ അർത്ഥഭാഗം വിസ്മൃതമാകുകയും യജ്ഞകർമ്മങ്ങൾ മാത്രമാണ് വേദമെന്ന തെറ്റിദ്ധാരണ പരക്കത്തക്ക വിധം ബ്രാഹ്മണങ്ങളുടെ ദുസ്വാധീനം ഉണ്ടാവുകയും ചെയ്തു. തത് ഫലമായി ഓരോ മന്ത്രവും എങ്ങിനെയാണ് ഉച്ചരിക്കേണ്ടതെന്നും അതാതിന്റെ അനുബന്ധകർമ്മങ്ങൾ എന്തെല്ലാമെന്നും അവയ്ക്കുള്ള ഉപകരണാദികൾ ഏതേതെന്നും മനസ്സിലാക്കിയാൽ വേദം പഠിച്ചു എന്നവസ്ഥയുണ്ടായി. അതോടെ വേദസംഹിതകളുടെ ഉത്‌കൃഷ്ട്ടാശയങ്ങൾ വിസ്മരിക്കപ്പെടുകയും ചെയ്തു.

ഇതുവരെപ്പറഞ്ഞത് ശ്രുതികളെക്കുറിച്ചാണെങ്കിൽ, ധർമ്മശാസ്ത്രത്തിലെ രണ്ടാമത്തെ വിഷയമായ സ്‌മൃതികളെക്കുറിച്ചും രണ്ടു വാക്കു പറയേണ്ടിയിരിക്കുന്നു. 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന മനുസ്മൃതി വാക്യമറിയാത്തവർ ഉണ്ടാവില്ലല്ലോ? ഈ മനുവിന്റെ നിർവചനമനുസരിച്ചു  വേദങ്ങൾ, സ്മൃതികൾ, സജ്ജനാചരണം, മന:സ്സാക്ഷി-ഇവയ്ക്കനുസൃതമായ  പെരുമാറ്റമാണ് ധർമ്മം. അനേകം സ്മൃതികളുണ്ടായിട്ടുള്ളതിൽ പ്രാധാന്യമർഹിക്കുന്നതു മനുസ്മൃതിയും യാജ്ഞവല്ക്യസ്‌മൃതിയുമാണ്. സാമൂഹിക ജീവിതത്തെ വേദപ്രമാണങ്ങളുടെ പശ്ചാത്തലത്തിൽ നിർവചിച്ച സ്മൃതികളിൽ  സാമൂഹികനന്മയുടെ  പല നല്ലവശങ്ങളും ഉണ്ടെങ്കിലും വേദത്തിന്റെ കാര്യത്തിലെന്നപോലെ തന്നെ അതിലെ ദുരാചാരങ്ങൾക്കും സാമൂഹികതിന്മക്കുമാണ് പുരോഹിതവർഗ്ഗവും അവരുടെ അനുയായികളും പ്രാധാന്യം നൽകിയത്.

വേദങ്ങൾ ഉണ്ടായതിനുശേഷം ഏതാണ്ട് 3500 വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും (ബി.സി.1000) വേദത്തിന്റെ ജ്ഞാനഭാഗമായ ഉപനിഷത്തുക്കളെ തീർത്തും അവഗണിച്ചു, യജ്ഞകർമ്മങ്ങളാണ് വേദങ്ങളെന്നും സാധാരണജനങ്ങൾ ഇതൊന്നും പഠിക്കാൻ പാടില്ലെന്നും പറഞ്ഞു വിശ്വസിപ്പിച്ചു പുരോഹിതവർഗ്ഗം ഈ ജ്ഞാനസ്രോതസ്സുകളെ മനുഷ്യരെ അടിമകളാക്കാനുള്ള ഉപകരണമാക്കി മാറ്റിയിരുന്നു. മനുസ്മൃതി പോലെയുള്ള ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലെ അനാചാരങ്ങൾ പുരോഹിതവർഗ്ഗത്തിന്റെ ഈ ആധിപത്യത്തിന് കരുത്തേകാൻ പോന്നതായിരുന്നു. വേദകാലത്തു ബഹുമാന്യരായിരുന്ന സ്ത്രീകളെ ഈ അവസാദകാലത്ത് രണ്ടാംതരക്കാരാക്കി, വേദപഠനവും യജ്ഞാദികർമ്മങ്ങളും അവർക്കു വിലക്കി. സ്ത്രീ ഒരു കർമ്മവും അനുഷ്ഠിക്കേണ്ടതില്ലെന്നും അവളുടെ ഇഹപരസുഖങ്ങൾക്ക് ഭർത്താവിന്റെ ക്രിയാഫലങ്ങളുടെ പങ്കു കിട്ടിക്കൊള്ളുമെന്നുമുള്ള വിശ്വാസം വേരുറച്ചു. വർണ്ണവ്യവസ്ഥയിൽ വേർതിരിച്ചു നിർത്തിയ ബഹുഭൂരിപക്ഷം വരുന്ന ശൂദ്രജനങ്ങൾക്ക് തികഞ്ഞ അവജ്ഞയും അപമാനവുമാണ് ധർമ്മശാസ്ത്രം വിധിച്ചത്. അവനു വേദങ്ങൾ കേൾക്കാനോ, പഠിക്കാനോ, ഗ്രഹിക്കാനോ അധികാരമില്ലെന്ന് സ്‌മൃതികൾ കൽപ്പിച്ചു. വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയവും അരക്കും നിറയ്ക്കണമെന്നും, വേദം പഠിക്കുന്ന ശൂദ്രന്റെ ശരീരം തുണ്ടം  തുണ്ടമാക്കണമെന്നും വേദം ഉച്ചരിക്കുന്ന ശൂദ്രന്റെ നാവ് അരിയണമെന്നും....ഇങ്ങിനെപോയി സ്മൃതികൽപ്പനകൾ.  ഇങ്ങനെ സമൂഹത്തിലെ ഭൂരിപക്ഷം മനുഷ്യർക്കും ആശ്രമധർമ്മങ്ങൾ, യജ്ഞാദ്യാചാരങ്ങൾ എന്നിവ വിലക്കിയത് സമൂഹത്തിൽ വലിയ അശാന്തിയും അതൃപ്തിയും സൃഷ്ടിക്കാൻ കാരണമായി. ഹിംസക്കു കിട്ടിയ അംഗീകാരമായിരുന്നു ഇക്കാലത്തെ മറ്റൊരു തെറ്റായ ഘടകം. യാഗങ്ങൾക്കുവേണ്ടി ജന്തുഹിംസ പരക്കെ ആചരിച്ചു പൊന്നു. നരബലിപോലും നടപ്പിലുണ്ടായിരുന്നു എന്നതിന് സൂചനകളുണ്ട്. ഇത്തരം ദൂഷിത നിയമങ്ങൾ സ്ത്രീകളും ശൂദ്രരും അടങ്ങുന്ന ഭൂരിപക്ഷ ജനസഞ്ചയത്തെ ദുഖിതരും ഹതാശയരുമാക്കി. സ്വാഭാവികമായും അവർ ഒരു മാറ്റം ആഗ്രഹിച്ചു.

അങ്ങിനെ ബി.സി. അഞ്ചാം ശതകമായപ്പോഴേക്കും സ്മൃതികളുടെ ദൂഷ്യവശങ്ങളാൽ ഹിന്ദുമത്തിന്റെ ശോഭ കെട്ടു. ഈ അസ്വസ്ഥതയിൽ നിന്നും സമൂഹത്തെ മോചിപ്പിക്കാനുണ്ടായ രണ്ടു മഹാപുരുഷന്മാരായിരുന്നു ശ്രീബുദ്ധനും വർദ്ധമാനമഹാവീരനും. ക്രാന്തദർശികളായ ഈ രണ്ടു ഋഷിവര്യന്മാരും മാതൃകാപരമായ ജീവിതചര്യകൾ കൊണ്ടും സ്നേഹസമ്പൂർണ്ണമായ ഉപദേശങ്ങൾ കൊണ്ടും ജനങ്ങളെ തങ്ങളിലേക്കടുപ്പിച്ചു. അവർ കാണപ്പെട്ട ദൈവങ്ങളായി ആര്യാവർത്തത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു തങ്ങളുടെ നൂതന സന്ദേശങ്ങൾ പ്രചരിപ്പിച്ചു. നാട്ടിൽ നിലനിന്ന വൈദിക പാരമ്പര്യത്തെ അവർ എതിർത്തു. ഭാരതത്തിലെ ജനങ്ങളിൽ ഒരു നവോന്മേഷമുണ്ടായി. അങ്ങിനെ ബി.സി.400 മുതൽ മൂന്നു ശതകങ്ങൾ ബുദ്ധമതവും ജൈനമതവും  അരങ്ങു വാഴുകയും വൈദികമതം ഒഴുക്കു നിലച്ചു കാലുഷ്യമാർജ്ജിക്കയും ചെയ്തു. 

അങ്ങിനെ മൂന്നു നൂറ്റാണ്ടോളം നീണ്ടുനിന്ന അവസാദകാലത്തു ഹിന്ദുമതം തളർന്നു, ബുദ്ധ-ജൈനമതങ്ങൾ ഭാരതമെമ്പാടും പടർന്നു പന്തലിച്ചപ്പോൾ സനാതനധർമ്മസ്‌നേഹികളായ മുനിശ്രേഷ്‌ഠന്മാർ ഹിന്ദുമതത്തെ തിരികെ പ്രതിഷ്ഠിക്കുന്നതിനു നടത്തിയ യത്നത്തിന്റെ പ്രകടനപത്രികകളാണ് ഇതിഹാസങ്ങളായറിയപ്പെടുന്ന രാമായണവും മഹാഭാരതവും. ബി.സി. ഒന്നാം ശതകത്തിനു മുൻപുള്ള രണ്ടോ മൂന്നോ നൂറ്റാണ്ടുകൾ (ബി.സി. 400 നും 100 നും ഇടയ്ക്ക്) ആയിരിക്കാം അവയുടെ ഉത്ഭവകാലം എന്നു കരുതപ്പെടുന്നു. 

വാത്മീകിവ്യാസാദിമുനിശ്രേഷ്‌ഠന്മാർ ബുദ്ധ-ജൈനമതങ്ങളുടെ മുന്നേറ്റത്തെ തടഞ്ഞു, ഹിന്ദുമതത്തിന്റെ ഗതകാലപ്രതാപത്തെ വീണ്ടെടുക്കാൻ നടത്തിയ ശ്രമങ്ങളും അവ ഹിന്ദുമതത്തിന്റെ പിൽക്കാല വളർച്ചക്കു നൽകിയ സംഭാവനകളും എന്തെന്നു നോക്കാം, അടുത്തയാഴ്ചയാട്ടെ.

     

4 comments:

 1. I don't know if you have referred to the book by R.R.Diwakar titled "Hinduism through ages". I have found it a very good reference in this context. Of course what you have presented is all right. Perhaps, it one has to be informed that while SRUTI remains unchanged with time, SMRUTI, based on SRUTI gets modified, again based on Sruti, according to the needs of human civilization from time to time.

  ReplyDelete
 2. Thanks for reading and the comments.I will add the points to the write-up.I haven't read the referred book.

  ReplyDelete
 3. The base of history has given a wrap of objectivity for this essay. It was almost like a spiritual appendix to AL Basham's 'The Wonder that was India'. But the timing of 2500 BCE for the begining of Vedic Age is quite ambiguous. In many references it is 1500 BCE. Anyway its a historical debate for past many decades. Its essential reading to all who are interested in our civilisation.

  ReplyDelete
  Replies
  1. Mahi, yes, the timing of the beginning of vedic period is ambiguous. In fact the great western vedic scholar Prof. Max Muller estimated it to be around 1200 BC. There have been references suggesting it dates back to even 5000 BC. Anyway, as I am not a researcher in this area, I simply depended on a book at my hand, which I believe is reasonable in content.

   Well, I need not tell you the point that a knowledge and support of history is essential for a scientific approach to the subject under discussion, or else it will go around the dogmas of faith, which is not my aim.

   Delete