Saturday, August 20, 2016

സുദർശനം : ഭഗവത് ഗീതാ പഠനം - ആമുഖം 1

ആഴ്ചയിൽ ഒരിക്കൽ ഗീതാപഠനം എന്ന ആശയത്തോട് വളരെപ്പേർ താത്‌പര്യം കാണിക്കുന്നുണ്ടെന്നറിയുന്നതിൽ സന്തോഷം. വിഷയത്തിൽ താത്പര്യം ഉണ്ടെങ്കിലും 'ലൈക്ക്' അടിക്കാൻ മടിയുള്ള വളരെപ്പേർ വെളിയിൽ നിൽക്കുന്നുണ്ടെന്നും അറിയാം. ആത്മീയവിഷയം പോലെയുള്ള പഴഞ്ചൻ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു എന്നതു മറ്റുള്ളവർ അറിഞ്ഞാൽ തങ്ങളുടെ 'മുഖം' നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് അവരിൽ പലർക്കും. ഇത്രയും പറഞ്ഞത് ഒരു പ്രസക്തമായ തത്വം പറയാനാണ്. മനസ്സിന്റെ വികാസവും അതുവഴി ലഭിക്കാവുന്ന നല്ലൊരു കാഴ്ചപ്പാടുമാണ് ആത്മീയ പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത്. പുതിയ ആശയങ്ങളെ സ്വീകരിക്കാൻ മനസ്സിന്റെ വാതിലുകൾ തുറന്നിടണം. ഭയാശങ്കകളും സംശയവും നിറഞ്ഞ മനസ്സോടെ ആത്മീയ പഠനം ദുഷ്‌കരമാണ്. 'സജ്ജനങ്ങളെ കാണുന്ന നേരത്തു ലജ്ജ കൂടാതെ വീണു നമിക്കണം' എന്നു പൂന്താനം 'ജ്ഞാനപ്പാന'യിൽ പറഞ്ഞിരിക്കുന്നതായിരിക്കണം ആത്മീയ പഠനത്തിൽ പഠിതാവിന്റെ മനോനില. നല്ല കാര്യം കണ്ടാൽ അപ്പം 'ലൈക്ക്' അടിച്ചേക്കണം! ലജ്ജ (ego എന്നർത്ഥം)യുള്ള മനസ്സിലേക്ക് ജ്ഞാനത്തിനു പ്രവേശിക്കാൻ സമയമെടുക്കും. ചുരുക്കത്തിൽ ലജ്ജ കൂടാതെ 'ലൈക്ക്' അടിച്ചവർക്ക്‌ അതിനു മടിക്കുന്നവരേക്കാൾ എളുപ്പത്തിൽ ആത്മജ്ഞാനം ലഭിക്കും എന്നു സാരം!

മഹാത്‌മാഗാന്ധി ഭഗവത് ഗീതയെ അമ്മയായിട്ടാണ് കരുതിയത്. എന്തെങ്കിലും പ്രയാസം തോന്നിയ സന്ദർഭങ്ങളിലെല്ലാം അദ്ദേഹത്തിനെ സ്വാന്ത്വനിപ്പിച്ചിരുന്നത് ഗീതാവചനങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗീതാ പണ്ഡിതനായിരുന്ന യശശ്ശരീരനായ ഡോ.എ.പി.ജെ. അബ്ദുൽകലാം ദിവസവും രാവിലെ ഗീതയിലെ കുറെ ശ്ലോകങ്ങൾ ചൊല്ലിയിട്ടേ തന്റെ കർമ്മങ്ങൾ ആരംഭിക്കുയുള്ളായിരുന്നുവത്രെ. പ്രശസ്ത മന:ശാസ്ത്ര വിദഗ്ദനായ ഡോ. പി.എം. മാത്യു, വെല്ലൂർ ഒരിക്കൽ പറയുന്നതു കേട്ടു; പാശ്ചാത്യ മന:ശശാസ്ത്രജ്ജരിൽ അദ്ദേഹത്തിനു ഗുരുസ്ഥാനീയൻ ലോകപ്രശസ്ത മന:ശശാസ്ത്രജ്ജനായ സിഗ്മണ്ട് ഫ്രോയ്ഡും ഭാരതീയ മന:ശശാസ്ത്രജ്ജരിൽ അത് ഭഗവത് ഗീതയിലെ ശ്രീകൃഷ്ണനും ആണെന്ന്. സാമൂഹിക വിഷയങ്ങളിൽ തൽപ്പരനും ക്രിസ്തീയ പണ്ഡിതനുമായ ഡോ. ബാബു പോൾ, അദ്ദേഹത്തിൻറെ വീട്ടിലെ സ്വീകരണമുറിയുടെ ചുവരിൽ ഭഗവത് ഗീതയുടെ അഞ്ചുകുതിരകളെപ്പൂട്ടിയ രഥത്തിന്റെ പടം ചിത്രകാരനെക്കൊണ്ട് സാമാന്യം വലിപ്പത്തിൽ വരപ്പിച്ചു വച്ചിട്ടുണ്ടത്രെ. ഗീതയെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും അതിൽ നിന്നും പഠിക്കാൻ കഴിയാത്ത മാനേജ്മെന്റ് തന്ത്രങ്ങൾ ഒന്നുമില്ല എന്നുമദ്ദേഹം ടി.വി. പരിപാടിയിൽ പറഞ്ഞു കേട്ടു. ഗീതയെക്കുറിച്ചു ലോകത്തിലെ പല മഹാൻമാരും വളരെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. അതെല്ലാം ഇവിടെ കുറിക്കേണ്ട ആവശ്യമില്ല. നമ്മൾ പഠിക്കാൻ പോകുന്ന ഗ്രന്ഥത്തിന്റെ പ്രാധാന്യവും അതിലെ വിഷയസമ്പന്നതയും സൂചിപ്പിക്കുവാൻ വേണ്ടി ഇത്രമാത്രം പറഞ്ഞുവെന്നേയുള്ളൂ. സ്വദേശികളും വിദേശികളുമായ പണ്ഡിതന്മാരും തത്വചിന്തകരും വ്യത്യസ്തമായ നിരവധി വ്യാഖ്യാനങ്ങൾ ഈ ലോകോത്തര ആദ്ധ്യാത്മികകൃതിക്കു നൽകിയിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും ഒരു ശരാശരി ഹിന്ദു ഭഗവത് ഗീതയെക്കാണുന്നത് ഒരു ഭക്തിരസപ്രധാനമായ ഗ്രന്ഥമായിട്ടാണ്. ഇങ്ങനെ കരുതുമ്പോൾ തന്നെ തങ്ങളുടെ ഏറ്റം പ്രധാനപ്പെട്ടതും ലോകം മുഴുവൻ ആദരിക്കപ്പെടുന്നതുമായ ഈ ആത്മീയഗ്രന്ഥം മഹാഭൂരിപക്ഷം ഹിന്ദുക്കളും ഒരിക്കൽപ്പോലും വായിച്ചിട്ടില്ല എന്നതും സത്യമാണ്. വൈദികമതചിന്തകളിൽ വളരുന്ന ഹിന്ദുക്കൾക്ക് അതുമായി വളരെയൊന്നും യോജിച്ചു പോകാത്ത ഗീത പഠിക്കേണ്ടതിന്റെ ആവശ്യം തോന്നിയിരിക്കില്ല എന്നതാകാം പ്രധാന കാരണം. ചിലയിടങ്ങളിൽ പേരിനു ഗീത പഠിപ്പിക്കുന്നുണ്ടെങ്കിലും, വൈദികമത സംസ്കാരം ഇതിനെന്തെങ്കിലും പ്രാധാന്യം കൊടുക്കുന്നതായി തോന്നുന്നില്ല. ഇതു കാരണം ഗീത പഠിക്കാതെ, തങ്ങളുടെ ധർമ്മത്തിന്റെ ദൈവീകഗ്രന്ഥം എന്ന നിലയിൽ ഇതിനെ വിഗ്രഹങ്ങൾക്കൊപ്പം പൂജാമുറികളിൽ വച്ചു പൂജിക്കുകയാണ് പലരും ചെയ്‌തത്‌, ഇന്നും ചെയ്യുന്നത്. ഭക്തി ഗ്രന്ഥമായി മാത്രം കണ്ട് ഈ ഗ്രന്ഥത്തെ പഠിപ്പിക്കുക കാരണം, ഇത് പഠിച്ചവരിൽ പലർക്കും പോലും, ഇതിലെ വ്യക്തിത്വ വികാസത്തിനുതകുന്നതും ലോകക്ഷേമം ലക്ഷ്യമാക്കിയിട്ടുമുള്ളതുമായ ഉപനിഷദ് സന്ദേശതലങ്ങളിലേക്ക് എത്തിപ്പെടാനും കഴിഞ്ഞിട്ടില്ല. ഇതൊക്കെ ശരിക്കും മനസ്സിലാക്കിയിട്ടുള്ള ഗംഭീരാശയന്മാരായ സന്യാസിവര്യന്മാർ ഗീതയെ അതർഹിക്കുന്ന തലത്തിലേക്ക് ഉയർത്തി മനുഷ്യരെ ബോധവാന്മാരാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, വിശ്വാസത്തിലും അന്ധവിശ്വാസത്തിലും മുഴുകിക്കഴിഞ്ഞ ഇന്നത്തെ ഹിന്ദു സമൂഹത്തിൽ അതൊക്കെ വലിയ ചലനങ്ങൾ സൃഷ്ട്ടിക്കുന്നുണ്ടെന്നു തോന്നുന്നില്ല.

മനുഷ്യൻ, പ്രപഞ്ചം, ഈശ്വരൻ എന്നിവയെക്കുറിച്ചു താത്വികമായി വിശകലനം ചെയ്യുന്ന പ്രമാണഗ്രന്ഥങ്ങളാണ് ഉപനിഷത്തുക്കൾ. ചിന്താബന്ധുരങ്ങളായ ഉപനിഷത്തത്വങ്ങൾ ഓരോ മനുഷ്യനും തന്റെ ദൈനം ദിന ജീവിതത്തിൽ എങ്ങിനെ പ്രായോഗികമാക്കാം എന്നു വെളിപ്പെടുത്തിത്തരുന്ന മാർഗ്ഗദർശക ഗ്രന്ഥമാണ് ഭഗവത് ഗീത. ഭഗവത് ഗീതയെ പലർക്കും പല വിധത്തിൽ നോക്കികണ്ടു വ്യാഖ്യാനിക്കാമെങ്കിലും ആർഷഭാരത സംസ്കാരത്തിന്റെ പ്രകാശ ഗോപുരങ്ങളായ ഉപനിഷദ്ദർശനങ്ങളുടെ പ്രായോഗികാഖ്യാനം എന്ന നിലയിൽ നോക്കിക്കാണാനാണ് എനിക്കു താത്പര്യം. ശാസ്ത്ര ദൃഷ്ട്ടിയിൽ അങ്ങിനെയൊരു തലമാണ് അതിനു ചേരുന്നതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

വേദാന്ത വിഷയത്തിലേക്ക് എൻെറ ശ്രദ്ധ തിരിച്ച എന്റെ അമ്മാവൻ പരേതനായ അഡ്വ: പാണ്ഡവത്തു ബാലകൃഷ്ണൻ നായരെ ഞാനിത്തരുണത്തിൽ സ്മരിക്കയാണ്. തികഞ്ഞ വേദാന്തപണ്ഡിതനായിരുന്ന അദ്ദേഹം, ഈ വിഷയം ചർച്ച ചെയ്യാൻ കുടുംബത്തിൽ മറ്റാരെയും കിട്ടാത്ത സാഹചര്യത്തിൽ, 17 വയസ്സുള്ള എന്നോടാണ് പലപ്പോഴും ഇതൊക്കെ സംസാരിച്ചിരുന്നത്. ഈ വിഷയത്തിൽ ഞാൻ താത്പര്യം കാണിച്ചതു കൊണ്ടാകാം അദ്ദേഹം അതിനു മുതിർന്നത്. 'വേദോപനിഷത്തുക്കളും ഗീതയും എല്ലാം തികച്ചും ശാസ്ത്രീയ മാനങ്ങളുള്ള ഗ്രന്ഥങ്ങളാണെന്നും അങ്ങിനെയല്ലാതെ തോന്നുന്നുണ്ടെങ്കിൽ അത് സ്വാർത്ഥരായ മനുഷ്യരുടെ കാലാകാലങ്ങളായുള്ള ഇടപെടലുകൾ മൂലമാണെന്നും വലുതാകുമ്പോൾ നീ ഇതേക്കുറിച്ചൊക്കെ കൂടുതൽ പഠിക്കണമെന്നും' അദ്ദേഹം പലപ്പോഴും എന്നെ ഉപദേശിച്ചിരുന്നു. അങ്ങിനെ എന്റെ ഡിഗ്രി പഠന കാലത്തു അദ്ദേഹം എന്നിലുണർത്തിയ കൗതുകമാകാം ഇന്നിത്രയെങ്കിലും എഴുതാൻ എന്നെ കഴിവുള്ളവനാക്കുന്നത്. അതിനു ശേഷം ഈ വിഷയത്തിൽ ജ്ഞാനവും ബോധവുമുള്ള ചുരുക്കം ചില നല്ല മനുഷ്യരുമായി ഇടപഴകാനും എന്തെങ്കിലുമൊക്കെ അവരിൽ നിന്നും പഠിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇത്രമാത്രമാണ് എനിക്കീ ആത്മീയവിഷയത്തിലുള്ള വിഷയത്തിലുള്ള പാരമ്പര്യം. പല പ്രഗത്ഭ വ്യക്തികളുടെയും ഭഗവത് ഗീതാ പഠനങ്ങളും പഠിച്ചിട്ടുള്ളതിൽ നിന്നും ശാസ്ത്രബുദ്ധ്യാ ഏറ്റവും സ്വീകാര്യമായി എനിക്ക് തോന്നിയിട്ടുള്ളതും അതേ സമയം തന്നെ ഗീതയുടെ ധ്യാനശ്ലോകത്തിൽ സൂചിപ്പിക്കുന്ന പോലെ ഉപനിഷദ് ദർശനങ്ങളോട് തികച്ചും നീതി പുലർത്തുന്നതുമായ ഒരു വ്യാഖ്യാനമായിരിക്കും ഞാൻ ഇവിടെ അവതരിപ്പിക്കുന്നത്.

ഈ ഗീതാ പഠനത്തിൽ താത്പര്യം കാണിക്കുന്ന നിങ്ങളേവരോടും എനിക്കൊരു അഭ്യർത്ഥനയുണ്ട്. നമ്മൾ പഠിക്കാൻ ശ്രമിക്കുന്നത് ഒരു സാധാരണ പുസ്തകത്തെയല്ല, ലോകം മുഴുവൻ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു മഹൽഗ്രന്ഥത്തെയാണ്. ലോകസംഗ്രഹത്തിനായി നിസ്വാർത്ഥമായി സേവനം ചെയ്ത മഹാത്മാക്കൾ നമുക്കു നേടിത്തന്ന സംസ്കാര പൈതൃകമാണിത്. ഇതിന്റെ പഠനം തികഞ്ഞ ഗൗരവത്തോടും അങ്ങേയറ്റം ബഹുമാനത്തോടെയും ചെയ്യണം. ഇതു വെറുതെ വായിച്ചു മറക്കാനുള്ളതല്ല, മനസ്സിലേറ്റി ബുദ്ധികൊണ്ടു ചിന്തിച്ചു സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമാക്കാനുള്ളതാണ്. അതു സംഭവിച്ചാൽ അതിന്റെ ഐശ്വര്യം നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും. നിങ്ങൾ മാത്രമല്ല, നിങ്ങളോടു ചേർന്നു നിൽക്കുന്ന കുടുംബവും സമൂഹവും.

ഗീതാസന്ദേശം സാധ്യമാകുന്നിടത്തോളം ജനങ്ങളിൽ എത്തിക്കേണ്ടത് സാമൂഹിക നന്മക്ക് അനിവാര്യമാണ്. ഇന്ന് നാം അഭിമുഖീകരിക്കുന്ന പല സാമൂഹിക കെടുതികൾക്കുമുള്ള ഒരേയൊരൗഷധം ആത്മീയതയെ പ്രകാശിപ്പിക്കുക എന്നത് മാത്രമാണെന്ന് നാമെല്ലാം ഓർക്കണം. അതുകൊണ്ട് ഈ ആത്മീയ യാത്രയിലേക്കു നിങ്ങൾ സ്നേഹിക്കുന്നവരെയെല്ലാം ക്ഷണിക്കണം. ദൂരത്തിരിക്കുന്ന നിങ്ങളുടെ 'ലൈക്ക്' ലൂടെയും 'കമ്മന്റ്' കളിലൂടെയുമേ ഞാൻ എഴുതുന്നതിന്റെ പ്രതികരണം എനിക്കറിയാൻ കഴിയൂ. അതിനാൽ 'ലജ്ജ' കൂടാതെ അത് ചെയ്യണം. ബുദ്ധിപരമായ വിഷയമാകയാൽ വിമർശനം അങ്ങേയറ്റം സ്വാഗതാർഹമാണ്.ഈ ഗീതാ പഠന ശിബിരത്തിനു 'സുദർശനം' എന്ന പേരു നല്കുന്നതാകും ഉചിതം എന്നെന്റെ യുവസുഹൃത്തും ഡൽഹി യൂണിവേഴ്സിറ്റി ചരിത്ര വിദ്യാർത്ഥിയുമായ Sudhindra Mahendra Nath അഭിപ്രായപ്പെട്ടു. ആ അഭിപ്രായത്തോട് ഞാനും യോജിക്കയാണ്.

കുരുക്ഷേത്ര ഭൂമിയിൽ ബന്ധുമിത്രാദികളെക്കണ്ടു മനസ്സിടിഞ്ഞു തേർത്തട്ടിൽ തളർന്നിരുന്ന അർജ്ജുനനെ ധർമ്മയുദ്ധത്തിനു ഉത്സുകനാക്കാൻ ശ്രീകൃഷ്ണൻ ഉപദേശിക്കുന്നതാണ്, മഹാഭാരതത്തിൽ ഭീഷ്മപർവം 25 മുതൽ 42 വരെയുള്ള 18 അദ്ധ്യായങ്ങളിലായി വ്യാപിച്ചു കിടക്കുന്ന, ഭഗവത് ഗീത. ഗീതാ പഠനം തുടങ്ങുന്നതിനു മുൻപ്, വ്യാസഭഗവാൻ മഹാഭാരതം രചിക്കുമ്പോൾ നിലനിന്നിരുന്ന ചരിത്ര പശ്ചാത്തലം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഗീതയെ ശരിക്കും മനസ്സിലാക്കാൻ ഈ അറിവ് സഹായകമാകും.

ഈ ഗീതാപഠനം അൽപ്പം ദീർഘമുള്ളതാകും എന്നതിനാൽ ഇതിനെ 'ഫേസ്ബുക് ഭിത്തി'യിൽ ഉൾക്കൊള്ളിക്കുന്നതു ശരിയാകില്ല. സ്വകാര്യതക്കായി എന്റെ ബ്ലോഗിലാണ് എഴുതുന്നത്. എഴുത്തിന്റെ വിവരം ഫേസ്ബുക്കിൽ കൂടി എല്ലാവരെയും അറിയിക്കുന്നതായിരിക്കും. പ്രതികരണങ്ങൾ ബ്ലോഗിലോ അതിനു പ്രയാസമുണ്ടെങ്കിൽ ഫേസ്ബുക് വിളംബരത്തിനു താഴെയോ എഴുതാൻ അഭ്യർത്ഥിക്കുന്നു.
ഏതു പഠനത്തിനും പുസ്തകം ആവശ്യമാണ്. എല്ലാവരും ഒരു ഭഗവത് ഗീത വാങ്ങി കൈയ്യിൽ വച്ചോളൂ. കമ്പ്യൂട്ടറിൽ ശ്ലോകങ്ങൾ മലയാളത്തിലെഴുതിയെടുക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. കയ്യിൽ ഗീതയുണ്ടെങ്കിൽ ചർച്ചചെയ്യുന്ന ശ്ലോകഭാഗം അതിൽ നോക്കാവുന്നതേയുള്ളൂ. ഗീതയുടെ soft version കമ്പ്യൂട്ടറിൽ സൂക്ഷിച്ചാലും മതിയാകും.

അപ്പോൾ ഭഗവത് ഗീതയുടെ (മഹാഭാരതത്തിന്റെ) ചരിത്രപശ്ചാത്തലവുമായി നമുക്ക് അടുത്തയാഴ്ച കാണാം.

No comments:

Post a Comment