Friday, September 16, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 1

 നമൂക്കു ഗീതാ പഠനം തുടങ്ങാം.

ഭഗവത് ഗീതയെന്ന അനന്തസാഗരത്തിൽ നിന്നും ഒരു കൈക്കുടുന്ന വെള്ളമെടുക്കാനുള്ള ഒരെളിയ ശ്രമം മാത്രമാണിവിടെ നടക്കുന്നത്. തുടക്കക്കാർക്ക് അതിന്റെ ആവശ്യമേ ഉള്ളൂ. ഒന്നു പിടിച്ചു കിട്ടിയാൽ മുകളിലേക്ക് കയറാനുള്ള പല വഴികളും ഉണ്ട്. എഴുനൂറു സംസ്കൃത ശ്ലോകങ്ങളിലൂടെയുള്ള ഓൺലൈൻ ഗീതാപഠനം വളരെ ദീർഘവും പ്രയത്നകരവുമാകുമെന്നതിനാൽ  ശ്ലോകങ്ങളെയെല്ലാം വിശദീകരിക്കുന്നില്ല; മറിച്ചു അതിൽ ഉൾക്കൊള്ളുന്ന ആശയങ്ങളും അതേക്കുറിച്ചുള്ള ഹൃസ്വചർച്ചയുമായിരിക്കും ഇവിടെ നടക്കുന്നത്. ശ്ലോകങ്ങളുടെ നേരർത്ഥവും മറ്റു വിശദശാംശങ്ങളും നൽകുന്ന നിരവധി ഗീതാഗ്രന്ഥങ്ങൾ ഇപ്പോൾ കിട്ടാനുണ്ട്. അതിലൊന്നു  വാങ്ങി കയ്യിൽ വച്ചാൽ ഇവിടെ ചർച്ചചെയ്യുന്ന ഭാഗത്തെ വിശദമായി മനസ്സിലാക്കുവാൻ അതു സഹായിക്കും. ഗീതാപഠനത്തെ ഗൗരവപരമായി കാണുന്നവർ അതു ചെയ്യണം. ബഹുമുഖമാനങ്ങളുള്ള ഗീതയെ തുടക്കക്കാരായ പഠിതാക്കളിൽ ഓൺലൈനായി എത്തിക്കുക എന്നത് വിഷമകരമായ കാര്യമാകയാൽ പഠിക്കുന്നതിൽ നല്ല ശ്രദ്ധ ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ. സ്വന്തം വ്യക്തിത്വവികസനമല്ലാതെ മറ്റൊന്നുമല്ല പഠനലക്ഷ്യം എന്നതും ഓർക്കുമല്ലോ?

മഹാഭാരതയുദ്ധം നടന്നത് 18 ദിവസങ്ങളിലായാണ്. യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയുടെ അമ്പേറ്റു ഭീക്ഷ്മർ നിലംപതിച്ച ശേഷം, അക്കാര്യം പറയാൻ ധൃതരാഷ്ട്ര സമീപത്തെത്തിയ സഞ്ജയനോട് ഇതുവരെ നടന്ന യുദ്ധവിവരങ്ങൾ വിവരിക്കാൻ ധൃതരാഷ്ട്രർ ആവശ്യപ്പെട്ടപ്പോൾ, കുരുക്ഷേത്രത്തിൽ യുദ്ധാരംഭത്തിൽ നടന്ന കാര്യങ്ങൾ ഒരു flashback mode ൽ സഞ്ജയൻ വർണ്ണിക്കുന്ന രൂപത്തിലാണ് ഗീത രചിച്ചിരിക്കുന്നത്.

(ശ്ലോകം 1:1) ധൃതരാഷ്ട്ര ഉവാച:

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാ: പാണ്ഡവാശ്ചയവ കിമകുർവത സഞ്ജയാ

(ധൃതരാഷ്ട്രർ പറഞ്ഞു : സഞ്ജയ, ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധം ചെയ്യാൻ ഉൽസുകാരായ എന്റെ മക്കളും പാണ്ഡുവിന്റെ മക്കളും ഒത്തുചേർന്നിട്ടു അവരെന്തു ചെയ്തു?). ചില കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അക്ഷരത്തെറ്റുകൾ ക്ഷമിക്കണം.

(ശ്ലോകം 1:2) സഞ്ജയൻ ഉവാച:

ദൃഷ്ട്വ തു പാണ്ഡവാനീകം വ്യൂഡം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്

(സഞ്ജയൻ പറഞ്ഞു : അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനൻ ദ്രോണാചാര്യരെ സമീപിച്ചു പറഞ്ഞു).

ശ്ലോകം 1:2-1:11: 'ഹേ, ആചാര്യ. അങ്ങയുടെ ശിഷ്യനും ബുദ്ധിമാനുമായ ദ്രുപദപുത്രനാൽ അണിനിരത്തപ്പെട്ട പാണ്ഡവന്മാരുടെ ഈ  സൈന്യത്തെ നേരിൽക്കണ്ടാലും (പാണ്ഡവസേനയെ നയിക്കുന്ന മഹാരഥന്മാരുടെ പേരുകൾ പിന്നെ എടുത്തു പറയുന്നു). ഇനി എന്റെ സൈന്യത്തിൽ വിശിഷ്ടന്മാരായുള്ള നായകന്മാരുടെ  പേരുകൾ അങ്ങയെ ഓർമ്മിപ്പിക്കുവാനായി പറയാം. ഭവാനും കർണ്ണനും ഭീക്ഷ്മരും കൃപരും അശ്വഥാമാവും മറ്റനേകം ശൂരരും എനിക്കു വേണ്ടി ജീവൻ ഉപേക്ഷിക്കാൻ സന്നദ്ധരും പലവിധ ആയുധങ്ങൾ പ്രയോഗിക്കാൻ കഴിവുള്ളവരുമാണ്. ഭീക്ഷ്മരക്ഷിതമായ നമ്മുടെ സൈന്യം അപര്യാപ്തവും ഭീമൻ രക്ഷിക്കുന്ന അവരുടെ സൈന്യം പര്യാപ്തവുമാണ്. അതുകൊണ്ടു എല്ലാവരും അവരവരുടെ സ്ഥാനത്തു നിലയുറപ്പിച്ചു ഭീക്ഷ്മരെ കാത്തു രക്ഷിക്കണം'.


ഇവിടെ പരാമർശിച്ച പതിനൊന്നു ശ്ലോകങ്ങളിലെ ചില പ്രാധാന വിഷയങ്ങളെ മാത്രം ഒന്നു ചർച്ച ചെയ്യാം.

ഗീതയുടെ തുടക്കശ്ലോകത്തിൽ തന്നെ വ്യാസമഹർഷി ധൃതരാഷ്ട്രരെക്കൊണ്ട് 'കുരുക്ഷേത്രത്തി (field of action)'നെ  'ധർമ്മക്ഷേത്രം' എന്നാണ് വിളിപ്പിച്ചിരിക്കുന്നത്. അതെന്തിനായിരിക്കാം? പല പ്രമുഖരും പല വ്യാഖ്യാനങ്ങളും ഇതിനു നൽകിയിട്ടുണ്ടെങ്കിലും 'ആത്യന്തികമായി ധർമ്മം വിജയിക്കുന്ന ഇടം (The field of righteousness or truth)' എന്ന ലളിതമായ വ്യാഖ്യാനം നമുക്കു സ്വീകരിക്കാം. പക്ഷെ ഈ ആശയത്തോടു യോജിച്ചാലും വീണ്ടും ഒരു ചോദ്യം ബാക്കിയാവുന്നു. പുത്രസ്നേഹത്താൽ എല്ലാ അധർമ്മങ്ങൾക്കും കൂട്ടു നിന്ന ധൃതരാഷ്ട്രരെക്കൊണ്ട് വ്യാസമഹിർഷി എന്തിനാണ് ധർമ്മത്തിന്റെ കാര്യം പറയിക്കുന്നത്? എൻറെ ചിന്തയിൽ ഇതിനൊരു കാരണമുണ്ട്. യുദ്ധം തുടങ്ങുന്നതിനു മുൻപ് വ്യാസമഹർഷി ജന്മാന്ധനായ ധൃതരാഷ്ട്രരെ സന്ദർശിച്ചു,  വരാൻ പോകുന്ന യുദ്ധം സർവ്വനാശകരമായിരിക്കുമെന്നും അദ്ദേഹത്തിൻറെ മക്കളെല്ലാം ആ യുദ്ധത്തിൽ മരിക്കുമെന്നും അദ്ദേഹത്തിനെ അറിയിച്ചിരുന്നു. താനും മക്കളും ചെയ്തുകൂട്ടിയ അധർമ്മത്തിന്റെ അന്ത്യം കുരുക്ഷേത്രത്തിൽ സംഭവിച്ചു ധർമ്മം പുലരുക തന്നെ ചെയ്യും എന്നു മനസ്സിലാക്കിയ ധൃതരാഷ്ട്രമനസ്സിന്റെ ഉൾവിളിയല്ലേ കുരുക്ഷേത്രത്തിനെ 'ധർമ്മക്ഷേത്ര'മായി വിശേഷിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്?  ഇതെന്റെ ചിന്തയാണ്. നിങ്ങൾക്കും ചിന്തിച്ചു നിങ്ങളുടേതായ മറ്റൊരു വ്യാഖ്യാനം കണ്ടെത്താം. മറ്റു മതങ്ങൾക്കൊന്നുമില്ലാത്ത ഈ സ്വാതന്ത്ര്യമാണ് നമ്മുടെ മതത്തിൻറെ യഥാർത്ഥ സൗന്ദര്യം തന്നെ.

ധർമ്മം എന്ന വാക്കിനു കടമ, നീതി, സത്യം, ന്യായം തുടങ്ങിയ അർത്ഥങ്ങളാണ് നാം സാധാരണ കൽപ്പിക്കുന്നത്. മുകളിൽ നൽകിയ 'ധർമ്മക്ഷേത്ര' വ്യാഖ്യാനത്തിൽ ഈ അർത്ഥതലങ്ങളാണ് ഉദ്ദേശിച്ചിട്ടുള്ളത്. പക്ഷെ  'ധർമ്മ'മെന്ന സംസ്കൃത പദത്തിനു ഇതിലും വലിയ അർത്ഥങ്ങളാണ് നമ്മുടെ സംസ്കാരത്തിൽ കൽപ്പിച്ചിട്ടുള്ളത്. ലളിതമായിപ്പറഞ്ഞാൽ 'ഒരു വസ്തുവിനെ അതാക്കുന്നതു അതിന്റെ ഏതു ഗുണമാണോ അതാണതിന്റെ ധർമ്മം'. അഗ്നിയുടെ ധർമ്മം ചൂടും വെളിച്ചവുമാണ്. സൂര്യന്റേതും അങ്ങിനെ തന്നെ. ചൂടും വെളിച്ചവും ഇല്ലാത്ത ഒരഗ്നിയേയും സൂര്യനെയും ചിന്തിക്കാൻ കഴിയില്ലല്ലോ? അപ്പോൾ മനുഷ്യന്റെ ധർമ്മം എന്താണ്? അല്ലെങ്കിൽ എന്തില്ലെങ്കിലാണ് നാം ഇല്ലാത്തത്? ഉത്തരം സ്പഷ്ടമാണ്; ജീവചൈതന്യം അല്ലെങ്കിൽ ആത്മാവ്. ഗീത തുടങ്ങുന്നത് 'ധർമ്മ' ത്തിലും അവസാനിക്കുന്നത് 'മമ' യിലും ആണ്. അപ്പോൾ 'മമ ധർമ്മം (എന്റെ ധർമ്മം)' ആണ് ഗ്രന്ഥവിഷയം എന്ന് ന്യായമായും ചിന്തിക്കാം. ചുരുക്കത്തിൽ സനാതനധർമ്മ വിഷയമായ ആത്മഗവേഷണമാണ് ഗീതയുടെ ഉള്ളടക്കം എന്നതു സ്പഷ്ടം.

ഇനി മുകളിൽ പരാമർശിച്ച ശ്ലോകങ്ങളിലെ ദുര്യോധനന്റെ വാക്കുകളെ ഒന്നു വിശകലനം ചെയ്യാം. 'എന്റെ സൈന്യത്തിൽ വിശിഷ്ടന്മാരായുള്ള നായകന്മാരുടെ  പേരുകൾ അങ്ങയെ ഓർമ്മിപ്പിക്കുവാനായി പറയാം', 'ഭവാനും കർണ്ണനും ഭീക്ഷ്മരും കൃപരും അശ്വഥാമാവും മറ്റനേകം ശൂരരും എനിക്കു വേണ്ടി ജീവൻ ഉപേക്ഷിക്കാൻ സന്നദ്ധരാണ്' എന്നൊക്കെ ആചാര്യനായ ദ്രോണരോടു പറയുന്നതു കാണിക്കുന്നത് താൻ രാജാവാണെന്നുള്ള ദുര്യോധനന്റെ അഹങ്കാരവും അതിനും ഉപരിയായി യുദ്ധത്തിൽ പരാജയപ്പെടുമോ എന്ന ഭയാശങ്കയുമാണ്. ഭീക്ഷ്മരും ദ്രോണാചാര്യരും കൃപരും മറ്റും ദുര്യോധനപക്ഷത്തു നിൽക്കുന്നത് ദുര്യോധനനോടുള്ള മമത കൊണ്ടൊന്നുമല്ല, മറിച്ചു ഭീക്ഷ്മപിതാമഹനോടുള്ള കൂറുകൊണ്ടു മാത്രമാണെന്ന് മഹാഭാരതം വായിച്ചിട്ടുള്ളവർക്കെല്ലാം അറിയാം. ഇരുട്ടിൽ നടക്കുമ്പോൾ ഭയമകറ്റാനായി ചൂളം വിളിക്കുന്നതുപോലെ ചെയ്തു കൂട്ടിയ അധർമ്മങ്ങളുടെ കുറ്റബോധത്താൽ ഉള്ളിൽ നിറയുന്ന ഭയമകറ്റാനായി ദുര്യോധനൻ നടത്തുന്ന ജൽപ്പനങ്ങളാണ് ഇതൊക്കെയെന്നാണ് ചിന്മയാനന്ദ സ്വാമികളുടെ അഭിപ്രായം. 'ഭീക്ഷ്മരക്ഷിതമായ നമ്മുടെ സൈന്യം അപര്യാപ്തവും (inadequate or insufficient ) ഭീമൻ രക്ഷിക്കുന്ന അവരുടെ സൈന്യം പര്യാപ്തവുമാണ് (adequate or sufficient)' എന്നു പറയുന്നതിലൂടെ ഈ പരാജയബോധം മറനീക്കി പുറത്തു വരികയാണ്. നമ്മുടെ സൈന്യം പാണ്ഡവസൈന്യത്തേക്കാൾ വളരെ വലുതാണെങ്കിലും അപര്യാപ്തമാണെന്ന് എന്തുകൊണ്ടാണ് ദുര്യോധനനു തോന്നുന്നത്? കാരണം സ്വന്തം സൈന്യത്തിൽ എണ്ണമല്ലാതെ വണ്ണമില്ലെന്നു ദുര്യോധനറിയാം. അധർമ്മത്തിന്റെ കൂടെ നിൽക്കുന്ന ആ വലിയ സൈന്യത്തിന് തന്നോട് വലിയ കൂറില്ലെന്നും അദ്ദേഹത്തിനറിയാം. യുദ്ധവിജയത്തിന് അവശ്യം വേണ്ടതതാണല്ലോ? എന്നാൽ ഏത്ര വലിയ സൈന്യത്തെയും നിഷ്പ്രഭനാക്കാൻ കഴിയുന്ന കൃഷ്ണനെപ്പോലൊരു മഹാത്‌മാവ് ഉൾപ്പെടെ നിരവധി മഹാരഥന്മാർ (11000 പേരുള്ള സൈന്യവിഭാഗത്തിന്റെ നായകനാണ് മഹാരഥൻ. ഏഴു അക്ഷൗഹിണികളുള്ള പാണ്ഡവപ്പടയിൽ ഇരുപതോളം മഹാരഥന്മാർ ഉണ്ടെന്നാണ് ദുര്യോധനൻ മുൻപേ പറഞ്ഞത്. പതിനൊന്നു അക്ഷൗഹിണികളുള്ള കൗരവപ്പടയിലും മഹാരഥന്മാരുണ്ടെങ്കിലും അവരുടെ എണ്ണം കുറവാണ്) അപ്പുറത്തുണ്ട് എന്നും ദുര്യോധനറിയാം. ഇതിനേക്കാളൊക്കെ ഉപരിയായി സത്യവും ന്യായവും ഉള്ളതപ്പുറത്താണല്ലോ? അധർമ്മത്തിന്റെ ഫലം വിനാശമായിരിക്കും എന്ന് നന്നായറിയാവുന്ന ദുര്യോധനനൻറെ കുറ്റബോധത്താലുള്ള ഭയമാണ് വാക്കുകളിലാകെ നിഴലിക്കുന്നത്.

അപര്യാപ്തം തദസ്മാകം ബലം ഭീക്ഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേശാം ബലം ഭീമാഭിരക്ഷിതം  (1:10)

എന്ന ശ്ലോകത്തിലെ  അപര്യാപ്തം എന്നതിനെ അപരിമിത (unlimited) മെന്നും പര്യാപ്തത്തിനെ പരിമിത (limited) എന്നും പല പ്രമുഖരും വ്യാഖ്യാനിച്ചിട്ടുണ്ട്. ഇതെത്രമാത്രം ശരിയാകും എന്നെനിക്കറിയില്ല. ഇങ്ങനെയായാൽ ദുര്യോധനൻ പറയുന്നത് തന്റെ സൈന്യം വളരെ വലുതും പാണ്ഡവസൈന്യം ചെറുതും എന്ന അർഥം വരും. പക്ഷേ ഇവിടെ പരാമർശിച്ച പല ശ്ലോകങ്ങളിലും ദുര്യോധനൻ പ്രകടമാക്കുന്ന ഭയാശങ്ക വെച്ചു നോക്കിയാൽ ആദ്യത്തെ വ്യാഖ്യാനമാണ് കൂടുതൽ ശരി എന്നാണെനിക്കു തോന്നുന്നത്.   

ചുരുക്കത്തിൽ ഇന്നു പഠിച്ച ഭാഗത്തിൽ നിന്നും നമുക്കൊന്നു മനസ്സിലാക്കാം. ഭഗവത് ഗീതയുടെ തുടക്കത്തിൽ തന്നെ ധർമ്മത്തിന്റെ (സത്യം, ന്യായം,നീതി തുടങ്ങിയ അർത്ഥങ്ങൾ) മഹത്വത്തെക്കുറിച്ചു വ്യാസമുനി നമ്മെ ഓർമ്മിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ആത്യന്തികമായി ധർമ്മമേ വിജയിക്കൂ എന്ന് അധർമ്മികൾക്കു പോലും അറിയാം; അതവർ വെളിയിൽ കാണിക്കില്ലെങ്കിലും. അധർമ്മചിന്തകളെ അകറ്റിനിർത്താനുള്ള ഏകമാർഗ്ഗം ഉള്ളിലെ ധർമ്മബോധത്തെ ഉണർത്തുക എന്നതാണ്. അതാണു ഗീതാ വിഷയവും സന്ദേശവും.

4 comments:

 1. Great Message uncle. The lucid description of Dharma was so catchy. Many a times I felt there are some similarities between Ravana of Ramayana and Duryodhana of Mahabharatha (Much acclaimed for their qualities, criticized for their mischief, often rise above the hero in description). The same person is also called as Suyodhana. The reading of Bharathaparyatanam by Kuttikrishna Marar also made me more lenient to Duryodhana. Was he done all Adharmas knowingly? If yes, who made him to do so. If no, why he said those words of reality?

  ReplyDelete
 2. Thank you, Mahi. Both Ravana and Duryodhana are men of great qualities; their weakness is that they are under the control of their senses. All the mischieves, attributed to them or for that matter of anyone, essentially arises from the poor control of their senses. Well, to me these are only personification of certain qualitiies and the philosophical treatment places vices vs virtuous to make the later more appealing and meaningful. Regarding your questions; yes exactly these questions were asked by Arjuna in Gita and Krishna answered it. We will discuss all these later.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. Sir,
  നമസ്കാരം,//യുദ്ധം തുടങ്ങുന്നതിനു മുൻപ് കുരുക്ഷേത്രത്തിൽ കൗരവസൈന്യവും പാണ്ഡവസൈന്യവും അണിനിരന്ന വേളയിലാണ് ധൃതരാഷ്ട്രരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി താൻ കുരുക്ഷേത്രത്തിൽ കാണുന്ന കാര്യങ്ങൾ തേരാളിയായ സഞ്ജയൻ ധൃതരാഷ്ട്രരോട് പറയുന്നത്. //യുദ്ധം തുടങ്ങി പത്താം ദിവസം ഭീക്ഷ്മരുടെ പതനത്തിനുശേഷം കൊട്ടാരത്തിൽ തിരിച്ചെത്തിയ സഞ്ജയനല്ലേ ധൃതരാഷ്ട്രരോട് യുദ്ധത്തെ പറ്റി വിവരിക്കുന്നത്..ഒരു സംശയം തോന്നി, വ്യക്തമാക്കുമോ..

  ReplyDelete