Saturday, September 3, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - ആമുഖം 3

ബി.സി. 500-)o ആണ്ടിനടുത്തു ഹിന്ദുമതത്തിൽ ആധിപത്യം സ്ഥാപിച്ച ഹിംസാത്മകമായ യജ്ഞസംസ്കാരത്തോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ബുദ്ധജൈനമതങ്ങളുടെ ഉൽപ്പത്തിയെന്നതും ആ അവൈദിക മതങ്ങളെ നിഷ്പ്രഭമാക്കി സനാതനധർമ്മത്തെ പുനഃപ്രതിഷ്ഠിക്കാൻ വാത്മീകിയും വ്യാസനും നടത്തിയ ശ്രമങ്ങളിലെ പ്രകടന പത്രികകളായിരുന്നു രാമായണവും മഹാഭാരതവും എന്നും പറഞ്ഞാണല്ലോ കഴിഞ്ഞയാഴ്ച നിർത്തിയത്. സ്മൃതിശാസനങ്ങളുടെ ദൂഷിതവലയത്തിൽപ്പെട്ട് ഹിന്ദുമതം അക്കാലത്തെങ്ങിനെയാണ് നാശോന്മുഖമായതെന്നും നമ്മൾ കണ്ടുകഴിഞ്ഞതാണ്. അപ്പോൾ വേദവിധികളെ തള്ളിപ്പറഞ്ഞുകൊണ്ടു ശക്തിയാർജ്ജിച്ച ബുദ്ധജൈനമതങ്ങളെ നിഷ്പ്രഭമാക്കണമെങ്കിൽ ആ മതങ്ങളുടെ ഉൽപ്പത്തിക്കു തന്നെ കാരണമായ ഹിന്ദുമതദോഷങ്ങളെ നിഷ്പ്രഭമാക്കി, ജനസഞ്ചയത്തിന്റെ ശ്രദ്ധ സനാതനധർമ്മത്തിലേക്കു തിരിക്കേണ്ടത് അവശ്യമായിരുന്നു. അതിനാൽ വാത്മീകിയുടെയും വ്യാസന്റെയും ഇതിഹാസരചനകൾ ഇക്കാര്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കണം എന്നു നമുക്കു ന്യായമായും ചിന്തിക്കാം.

ഹിന്ദുസമൂഹത്തിൽ  സൃഷ്ടിക്കപ്പെട്ട അരാജകത്വത്തിന്റെ കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കിയാലേ അതിനെയൊക്കെ എങ്ങിനെയാണ് രാമായണ-ഭാരത ഇതിഹാസങ്ങളിലൂടെ ഇതിഹാസകാരന്മാർ കൈകാര്യം ചെയ്ത്, ഹിന്ദുസമൂഹത്തിന്റെ വിശ്വാസ്യത തിരികെപിടിച്ചതെന്നു മനസ്സിലാക്കാൻ കഴിയൂ. അക്കാരണങ്ങൾ  ഒന്നു കൂടി ചുരുക്കിപ്പറയാം. (i) വേദങ്ങളുടെ തെറ്റായ വ്യാഖ്യാനവും അതുമൂലം വേദദർശനങ്ങളുടെ മാഹാത്മ്യവും അതുകൊണ്ടുണ്ടാകാമായിരുന്ന സാമൂഹിക നന്മയും ശാന്തിയും സമൂഹത്തിൽ പ്രതിഫലിക്കാൻ കഴിയാതെ പോയത്, (ii) ഹിംസാത്മകമായ യജ്ഞങ്ങളോടുള്ള വിരോധം, (iii) സ്ത്രീകളെ രണ്ടാം തരക്കാരാക്കി നിർത്തി അവരോടു കാണിച്ച അവഗണന,  (iv) ജാതിവ്യവസ്ഥ സൃഷ്ടിച്ചു ബഹുഭൂരിപക്ഷം വരുന്ന ശൂദ്രരോടു കൈക്കൊണ്ട നിർദ്ദാക്ഷിണ്യത...... അങ്ങിനെ  തിന്മകളാൽ ഗ്രസിക്കപ്പെട്ട സമൂഹത്തെ രക്ഷിക്കാനായി സൽഗുണസമ്പന്നരും സ്നേഹനിധികളുമായ ശ്രീ ബുദ്ധനും മഹാവീരനും രംഗത്തെത്തിയതോടെയാണല്ലോ ഹിന്ദുമതത്തിന്റെ പതനം പൂർണ്ണമായത്.  അപ്പോൾ സനാതനധർമ്മത്തിന്റെ  പുനഃ:സ്ഥാപനം ലക്ഷ്യമിട്ടു രചിച്ച ഇതിഹാസങ്ങളിൽ ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ശരിയാക്കി ജനങ്ങളുടെ മനം കവരാനുള്ള വിദ്യകളായിരിക്കണം ഇതിഹാസകാരന്മാർ പ്രയോഗിച്ചിരിക്കുന്നത് എന്നു സ്പഷ്ടം. കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായി പല വിദേശീയ മതങ്ങളും ഇന്നാട്ടിൽ വന്നവരുടെ കടന്നാക്രമണങ്ങൾ പലതും നടത്തിയിട്ടും സനാതനധർമ്മത്തിനും ഹിന്ദുമതത്തിനും വലിയ കോട്ടമൊന്നും സംഭവിക്കാതിരുന്നത്,  ദീർഘദർശികളായ വാത്മീകിയും വ്യാസനും ഇതിഹാസനിർമ്മിതിയിലൂടെ ഹിന്ദുമതത്തെ തകർക്കാൻ കഴിയാത്ത അസ്ഥിവാരത്തിൽ ഉറപ്പിച്ചു നിർത്തിയതാണ് കാരണം എന്നു  കാണാം. അതെങ്ങിനെ അവർ നിർവഹിച്ചു എന്നു നോക്കാം.


വേദത്തിനു പരഭാഗശോഭ നൽകുന്നത് അതിലെ  നിസ്വാർത്ഥമായ, സമർപ്പണ മനോഭാവത്തിലൂടെയുള്ള യജ്ഞസംസ്കാരവും താത്വികമായ പ്രപഞ്ചാവലോകനവുമാണ്. കർമ്മമാർഗ്ഗത്തിലൂന്നിയ യജ്ഞസംസ്കാരം 'ധർമ്മ'ത്തെയും ബോധത്തിലൂന്നിയ ഉപനിഷദ് സംസ്കാരം 'ബ്രഹ്മ' ത്തെയും സനാതനധർമ്മരഥത്തിന്റെ രണ്ടു ചക്രങ്ങളാക്കിയത് വേദസംസ്കാരത്തിൽ നിന്നാണ്. കള്ളക്കണ്ണുകളോടെ സ്വാർത്ഥരായ മനുഷ്യർ, സ്വാർത്ഥരഹിതമായ ഈ സംസ്കാരത്തിൽ ഇടപെട്ടപ്പോഴാണ് ഈ മഹനീയസംസ്കാരം ജനങ്ങളിൽ നിന്നും അകന്നു പോയത്. അതിനാൽ തന്നെ വേദസംസ്കാരത്തിന്റെ ഈ രണ്ടു മഹനീയ വശങ്ങളാണ് രാമായണ-ഭാരത ഇതിഹാസങ്ങളിലുടനീളം ഇതിഹാസകാരന്മാർ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഇവ നിഷ്ക്കർഷയോടെ പഠിക്കുന്ന ആർക്കും മനസ്സിലാകും. ബ്രഹ്മ-ധർമ്മ വാദങ്ങൾ അന്യോന്യം സ്പർദ്ധയോടെ കഴിഞ്ഞിരുന്ന കാലത്ത്, ബ്രഹ്മമാണ് പരമമായ ലക്ഷ്യമെങ്കിലും ധർമ്മമാണ് അതിലെത്താനുള്ള വഴിയെന്ന്  മഹാഭാരതത്തിലൂടെ വ്യാസൻ വ്യക്തമാക്കിയപ്പോൾ രണ്ടും തമ്മിലുള്ള അകൽച്ച കുറയാനതു ഹേതുവായി.  ഇതിഹാസങ്ങളിലും പിന്നീടുണ്ടായ പുരാണങ്ങളിലും യജ്ഞങ്ങൾക്കും യാഗങ്ങൾക്കും പ്രാധാന്യം കല്പിച്ചിരിക്കുന്നതിതുകൊണ്ടാണ്. 'ധർമ്മ' മാർഗ്ഗത്തെ കൂടുതൽ പ്രോജ്വലമാക്കാനായി ധർമ്മത്തിന്റെയും അധർമ്മത്തിന്റെയും മൂർത്തിമത് രൂപങ്ങളെയും അവർ തമ്മിലുള്ള യുദ്ധകോലാഹലങ്ങളെയും സൃഷ്‌ടിച്ചു, ആത്യന്തിക വിജയം ധർമ്മത്തിനാകും എന്നു രണ്ടിതിഹാസങ്ങളും ഉദ്‌ഘോഷിക്കുകയാണ്. എന്തിനേറെ പറയുന്നു; 'ധർമ്മക്ഷേത്ര'മായ കുരുക്ഷേത്രത്തിലാണല്ലോ യുദ്ധം നടക്കുന്നതു തന്നെ. ഇങ്ങനെ വാത്മീകിയും വ്യാസനും, സ്മൃതിശാസനങ്ങളാൽ ചവിട്ടിയരക്കപ്പെട്ട, യജ്ഞസംസ്കാരത്തെയും അതിൽ നിന്നുരുത്തിരിഞ്ഞു വരുന്ന ധർമ്മബോധത്തെയും ഉപനിഷത്തുക്കളിലെ  ജ്ഞാനബോധത്തെയും  ഇതിഹാസങ്ങളിലൂടെ ജനമനസ്സുകളിൽ പുനഃ:പ്രതിഷ്ഠിച്ചു.
ഇനി സ്ത്രീ വിഷയമെടുക്കാം. വേദകാലത്തു സ്ത്രീകൾക്കു സമൂഹത്തിലുണ്ടായിരുന്ന മാന്യമായ സ്ഥാനമാണ് പിന്നീടു വന്നവർ സ്മൃതികളിലൂടെയും കൽപ്പങ്ങളിലൂടെയും ഇല്ലാതെയാക്കിയത്. സൽഗുണസമ്പന്നകളും ധീരോദാത്തഗുണഗണങ്ങളുള്ള സ്ത്രീരത്‌നങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചാണ് ഇതിഹാസകാരന്മാർ ഇപ്രവണതയെ പ്രതിരോധിച്ചത്. ശ്രീരാമനെപ്പോലും നിഷ്പ്രഭമാക്കുന്ന സീതയും രാവണനെ നിയന്ത്രിക്കുന്ന മണ്ഡോദരിയും തന്റേടക്കാരിയായ കൈകേയിയും പഞ്ചപാണ്ഡവരെ നിലയ്ക്കു നിർത്തുന്ന പാഞ്ചാലിയും  ദൃഢചിത്തയും ത്യാഗിനിയും വീരപ്രസുവുമായ കുന്തിയും ചഞ്ചലമനസ്കനായ ഭർത്താവിനെ സഭാമദ്ധ്യത്തിൽ സധൈര്യമധിക്ഷേപിച്ച  ശകുന്തളയും പതിവൃതാരത്നങ്ങളായ ദമയന്തീസാവിത്രിമാരുമെല്ലാം സ്ത്രീയ്ക്കു പതിത്വം കൽപ്പിച്ചു സമൂഹത്തിൽ നിന്നകറ്റിനിർത്തിയ മനുസ്മൃതികൾക്കുള്ള മറുപടിയാണ്.

ചാതുർവർണ്യത്തിനും ശൂദ്രന്റെ പദവിക്കും അവികലമായ വ്യാഖ്യാനങ്ങളും തെളിവുകളും നിരത്തിക്കൊണ്ടാണ് ജാതിവ്യവസ്ഥയുടെ തിന്മയെ ഇതിഹാസകാരന്മാർ പ്രതിരോധിച്ചത്. ബ്രാഹ്മണ്യം ജന്മാധിഷ്ഠിതമല്ല, ഗുണാധിഷ്ഠിതമാണെന്ന് യുധിഷ്ഠിരൻ, ശ്രീ പരമേശ്വരൻ, ശ്രീകൃഷ്ണൻ എന്നീ പരമോന്നതരെക്കൊണ്ട് വ്യാസൻ  മഹാഭാരതത്തിൽ വീണ്ടും വീണ്ടും പറയിക്കുന്നുണ്ട്. ശബരി, ഗുഹൻ തുടങ്ങിയ നീചജാതിക്കാർ രാമന്റെ പ്രീതിക്ക് പാത്രമായവരാണ്. മഹാഭാരതത്തിലെ വിജ്ഞാനഭണ്ഡാഗാരവും ധർമ്മമൂർത്തിയുമാണ് ശൂദ്രനായ വിദുരർ. സൂതജനെന്ന പേരിൽ യാഥാസ്ഥിതികരാൽ അധിക്ഷേപിക്കപ്പെട്ട കർണ്ണനെ, ബാഹുബലം കൊണ്ട് സൂതനും ക്ഷത്രിയനാകാം, എന്നതിന് തെളിവായി ഉയർത്തിക്കൊണ്ടുവരികയാണ് കൗരവജ്യേഷ്ഠനായ ദുര്യോധനൻ ചെയ്‌തത്‌. എന്തിനു പറയുന്നു സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെ ബ്രാഹ്മണന്റെ കീഴ് ജാതിക്കാരനായ യാദവനാണ്. വാത്മീകിയോ നീചജാതിയിൽപ്പെട്ട നിഷാദനും, വ്യാസനോ ദാസീപുത്രനും.....  അങ്ങിനെ സകലജാതിക്കാരെയും മഹാത്മാക്കളാക്കി ജാതിവ്യവസ്ഥയെന്ന ക്രൂരതയ്ക്കും ഇതിഹാസകാരന്മാർ മറുപടി നൽകി.

ഇങ്ങനെ ഹിന്ദുമതത്തെ ശോഷിപ്പിച്ച പല പ്രവണതകളെയും തിരുത്തി എഴുതുമ്പോഴും, ജനമനസ്സുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ശ്രീബുദ്ധമഹാവീര വിഗ്രഹങ്ങളെ ഇളക്കാതെ സനാതനധർമ്മ പുനഃ:സ്ഥാപനം അസാദ്ധ്യമാണെന്ന് വാത്മീകിക്കും വ്യാസനും നന്നായി അറിയാമായിരുന്നുവെന്നു വേണം കരുതാൻ. ബുദ്ധജൈനന്മാരുടെ വ്യക്തിത്വങ്ങൾക്കു സമാനമോ അവരെക്കാൾ ശ്രേഷ്ഠമോ ആയ സുചരിതത്വമുള്ളവർ ആർഷഭാരതപാരമ്പര്യത്തിലുണ്ടെന്നു കാണിച്ചാണ് ഇതിഹാസകാരന്മാർ ചരിത്രപുരുഷന്മാരായ ഈ രണ്ടു മഹാത്മാക്കളെയും നിഷ്പ്രഭരാക്കിയത്. വാത്മീകിയുടെ രാമൻ സൽഗുണസമ്പന്നനും മര്യാദാപുരുഷോത്തമനും സർവോപരി ധർമ്മത്തിന്റെ മൂർത്തിമദ് ഭാവവും ആണ് (രാമോ:വിഗ്രഹവാൻ ധർമ്മ:). പരമാത്മാവ് തന്നെയാണ് മഹാഭാരതത്തിലെ ശ്രീകൃഷ്ണൻ. ദൈവശക്തി അവതരിച്ചു ഭൂമിയിൽ മനുഷ്യനായതാണു ശ്രീകൃഷ്ണനെന്ന വ്യാസഭാവന ജനഹൃദയങ്ങളിലുണ്ടാക്കിയ വിശ്വാസത്തിരതള്ളലിൽ ശ്രീബുദ്ധമഹാവീരവിഗ്രഹങ്ങൾക്ക്  സ്ഥാനചലനം സംഭവിക്കുക തന്നെ ചെയ്തു. ഇതാണ് കാവ്യകലയുടെ ശക്തി*. വേദോപനിഷത്തുക്കളും ധർമ്മശാസ്ത്രങ്ങളും ബുദ്ധിയെ പ്രകാശിപ്പിക്കുന്നതും വിചാരലോകത്തെ വികസിപ്പിക്കുന്നതുമായിരുന്നു. അതുകൊണ്ടു തന്നെ ചിന്താശക്തിയില്ലാത്ത സാധാരണ ജനങ്ങൾക്കു അവയൊന്നും അത്ര ഇഷ്ട്ടപ്പെടുന്നതുമായിരുന്നില്ല. എന്നാൽ കഥകളിലൂടെ, വികാരത്തിന്റെയും ഹൃദയത്തിന്റെയും ഭാഷയിൽ വാത്മീകിയും വ്യാസനും സംസാരിച്ചപ്പോൾ അവർക്കതിഷ്ടപ്പെട്ടു. ഒരു തമാശരൂപത്തിൽ പറയുകയാണെങ്കിൽ വേദവിഷയങ്ങളിലെ ചിന്താബന്ധുരങ്ങളായ വലിയകാര്യങ്ങൾ ഇന്നത്തെ നമ്മുടെ 'ടി.വി. സീരിയൽ' ലൈനിൽ പറഞ്ഞുകൊടുത്ത് ജനസഹസ്രങ്ങളെ സനാതനധർമ്മത്തിലേക്ക് ആനയിക്കുന്ന കർമ്മമാണ്‌ ഇതിഹാസകാരന്മാർ ചെയ്തതെന്നർത്ഥം. ആദ്യമാദ്യം കഥ കേട്ടു കേട്ട്, പോകെപ്പോകെ അതിനുള്ളിലെ ഗുണകരങ്ങളായ ആത്മവിഷയത്തിലേക്കു മനുഷ്യർ ശ്രദ്ധ തിരിക്കുമെന്നവർ ചിന്തിച്ചിരിക്കാം. പക്ഷെ, അതു സംഭവിക്കാതെ, ബഹുഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളും 'സീരിയലി'ന്റെ വികാരതലത്തിൽ ആണ്ടുപോയി, അതിനു മുകളിൽ ഒന്നും കാണാൻ കഴിയാത്തവരായിപ്പോയി എന്നതാണ് ഈ മതത്തിന്റെ ദുര്യോഗം.

നമ്മുടെ വിഷയം മഹാഭാരതത്തിൽ ഉൾപ്പെടുന്ന ഉപനിഷൽസാരമായ ഭഗവത് ഗീതയാണല്ലോ? വേദോപനിഷത്തുക്കളും മഹാഭാരതരചനയുടെ മേൽവിവരിച്ച  പശ്ചാത്തലവും ഗീതയുടെ പല ശ്ലോകങ്ങളിലും പ്രതിഫലിക്കുമെന്നതിനാൽ അതൊക്കെ നിങ്ങൾക്കേവർക്കും നന്നായി മനസ്സിലാകുവാൻ  വേണ്ടിമാത്രം ഇത്ര ദീർഘമായ ഒരാമുഖം ഞാൻ എഴുതിയെന്നേ ഉള്ളൂ. മുൻപു പറഞ്ഞത് വീണ്ടും ആവർത്തിക്കട്ടെ; ആത്മീയവിഷയതത്പരനായ ഒരു ശാസ്ത്രഗവേഷകൻ മാത്രമാണ് ഞാൻ; ആത്മീയാചാര്യനല്ല. ഗീതയെക്കുറിച്ചും മറ്റ് ആത്മീയവിഷയങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ  കഴിവുള്ള പ്രഗത്ഭരായ സന്യാസിവര്യന്മാർ നമുക്കിടയിൽ ഉണ്ട്. പക്ഷെ, അവരൊക്കെ പറയുന്നതു മനസ്സിലാക്കണമെങ്കിൽ ആത്മവിഷയത്തെക്കുറിച്ചുള്ള ചെറിയ അവബോധമെങ്കിലും നിങ്ങൾക്കുണ്ടാകണം. എൻറെ ലേഖനങ്ങൾ കൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത് അതു മാത്രമാണ്; വിഷയത്തെക്കുറിച്ചു ഒരു introduction നൽകുക, അത്രമാത്രം. ആത്മവിഷയത്തിൽ ചിറകുമുളച്ചു കിട്ടിയാൽ, വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ബന്ധനങ്ങളിൽ നിന്നും മുക്തരായി, വിശാലമനസ്ക്കരായി സ്വതന്ത്ര്യബോധത്തിന്റെ അനന്തവിഹായുസ്സിലേക്കു നിങ്ങൾക്കു പറന്നുയരാൻ കഴിയും. അങ്ങിയുള്ള കുറേപ്പേരെയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിനാവശ്യം.


*മഹാഭാരതവും രാമായണവും സംഭവചരിത്രങ്ങളാണെന്നും, അതല്ല വെറും കെട്ടുകഥകളാണെന്നുമുള്ള അഭിപ്രായങ്ങൾ നിലവിലുണ്ട്. സംഭവചരിത്രങ്ങളാണെന്നു പറയാനുള്ള ശാസ്ത്രീയമായ തെളിവുകൾ വളരെയൊന്നും ഇല്ലെങ്കിലും വേദോൽപ്പത്തിക്കു സഹസ്രാബ്ദങ്ങൾക്കു മുൻപും ഭാരതത്തിൽ മനുഷ്യസംസ്കാരം നിലവിലുണ്ടായിരുന്നു എന്നു ചിന്തിക്കാനുതകുന്ന തെളിവുകൾ പല പഠനങ്ങളിലും നിഴലിക്കുന്നുണ്ട്. അങ്ങിനെ നിലനിന്നിരുന്ന മഹത്തായ രണ്ടു രാജവംശങ്ങളുടെ ചരിത്രം, വാഴ്‌മൊഴിയായി ഭാരതത്തിൽ പ്രചരിച്ചിരുന്നതിൽ, തങ്ങളുടെ ലക്ഷ്യമായ സനാതനധർമ്മസ്ഥാപനവും കൂടി യോജിപ്പിച്ചു വാത്മീകിയും വ്യാസനും സൃഷ്ടിച്ചതാകാം രാമായണവും മഹാഭാരതവും എന്നു ചിന്തിക്കാം.

(വായിച്ചതിനുശേഷം ലേഖനങ്ങൾ 'ഷെയർ' ചെയ്യണം എന്നഭ്യർഥിക്കുന്നു. അങ്ങനെ ചെയ്താൽ ഹൈന്ദവസംസ്കാരത്തെക്കുറിച്ചുള്ള ശരിയായ അറിവു പലർക്കും ലഭിക്കാനും അറിവില്ലായ്മകൊണ്ട് പലരും പറഞ്ഞു പരത്തുന്ന അബദ്ധങ്ങൾ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനും കഴിയും)   

10 comments:

 1. The third part of the Introduction was extremely well said. There is also a short historical insight, the birth of Budhism and Jainism was of Brahminical domination and was established by two Kshatriya princes. As we see, the Ramayana and Mahabharatha have the heroes from Kshatriya community that was essentially to form a truce between the two groups and also points to the statecraft of Ancient India. Uncle, you are already an Acharya for people like me, and what Vyasa and Valmiki did for degenerating Sanatana Dharma is exactly done by you in these essays. It is a positive change.

  ReplyDelete
  Replies
  1. Thanks for your comments, Mahi. I am not a spiritual guru, at the best I can be called a spiritual director to those uninitiated to spirituality.

   Delete
 2. Dr.Balamurali KS wrote in FB PAGE: Sir,വിഷയപശ്ചാത്തലവും ലേഖനശൈലിയും നൈപുണ്യസമൃദ്ധം,പക്ഷെ ഒരു സംശയം,ഇതിഹാസകാരന്മാരായ രണ്ട് പ്രതിഭകളുടെ കേവലകഥാപാത്രങ്ങൾ മാത്രമായി കൃഷ്ണനും രാമനും ഉൾപ്പടെയുള്ള ദേവതുല്യരെന്നു ധർമ്മവിശ്വാസികൾ അരക്കിട്ടുറപ്പിച്ചിരിക്കുന്ന ലക്ഷ്യബോധത്തെ പിടിച്ചുലയ്ക്കുന്ന വ്യാഖ്യാനം കൂടി ഇതിൽ ഉൾക്കൊണ്ടിട്ടില്ലേ....(ഒരു സാധാരണ ചിന്തയിൽ എനിക്കങ്ങനെ തോന്നിയതാകാം)

  ReplyDelete
  Replies
  1. താങ്കളുടെ സംശയം ശരിയും തികച്ചും പ്രസക്തവുമാണ്. ഇതുപോലൊരു വിഷയത്തെ ശാസ്ത്രീയമായി നോക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന വിഷമസന്ധിയാണിത്. ഇതിഹാസങ്ങൾക്കു വളരെക്കാലം മുൻപുണ്ടായ വേദത്തിൽ നമ്മൾ ഇന്നു വിശ്വസിച്ചാരാധിക്കുന്ന വ്യക്തിരൂപത്തിൽ നാമരൂപങ്ങളുള്ള ഒരു ദേവന്മാരെക്കുറിച്ചും പരാമർശമില്ല. ആകെയുള്ളത് പ്രകൃതിശക്തികളെ പ്രതിനിധാനം ചെയ്യുന്ന ദേവതകൾ മാത്രം. നമ്മൾ അറിയുന്ന ശ്രീകൃഷ്ണനും ശ്രീരാമനും അക്കാലത്തുണ്ടായിരുന്നെങ്കിൽ അവരെക്കുറിച്ചു വേദങ്ങളിൽ പരാമർശിച്ചേനെ. രാമകൃഷ്ണന്മാർ എന്നെങ്കിലും ജീവിച്ചിരുന്നോ ഇല്ലയോ എന്നതിന് തെളിവുകളൊന്നും ഇല്ല. ഇങ്ങനെയുള്ള മഹാവ്യക്തികൾ ഭാരതത്തിൽ ജീവിച്ചിരുന്നിരിക്കാം. പരമ്പരാഗതമായി പറഞ്ഞു വന്ന അവരുടെ കഥകളെ തുടച്ചു മിനുക്കി തെളിച്ചവും മിഴിവും വരുത്തി മാതൃകാപുരുഷന്മാരായി തങ്ങൾ ഉദ്ദേശിച്ച കാര്യത്തിനായി ഇതിഹാസകാരന്മാർ ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചതാകാം.

   ഏതായാലും നമ്മൾ അറിയുന്ന വിശ്വാസകഥകൾ എല്ലാം തന്നെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും നിന്നുള്ളവയാണ്. 'വേദാദിഷു നിഗൂഢാർത്ഥ:, പുരാണേഷു പ്രകീർത്തിതാ' എന്ന് പറയുന്നതിൽ നിന്നും പുരാണങ്ങളുടെ ഉദ്ദേശം വേദത്തിലെ നിഗൂഢമായ ബ്രഹ്മസങ്കൽപ്പത്തെ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുക എന്നത് തന്നെയാണ്. ഗംഭീരാശയന്മാരായ കവികൾ അതിലേക്കായി സൃഷ്ട്ടിച്ച കഥാപാത്രങ്ങളെ നമ്മൾ ദൈവങ്ങളായി കണ്ട് ആരാധിക്കുന്നതാകാം ശരിയെന്നാണ് എന്റെയും തോന്നൽ. ഒരു വിഷയത്തിന്റെ ശാസ്ത്രീയാപഗ്രഥനത്തിൽ തെളിവുകളില്ലാത്ത വിശ്വാസങ്ങളെ ഉൾപ്പെടുത്താൻ കഴിയില്ലല്ലോ?

   ഭാഗവതത്തിന്റെ അവസാനം ശുകമുനി പരീക്ഷിത്തിനോട് അവതാരകഥകളെല്ലാം പറഞ്ഞശേഷം ഈ കഥകളൊന്നും യാഥാർഥ്യമല്ലെന്നും കല്പിതകഥകളാണെന്നും വ്യക്തമായിപ്പറയുന്നുണ്ട്,

   കഥാ ഇമാസ്തേ കഥിതാ മഹീയസാം
   വിതായ ലോകേഷു: യശഃ പരേയുശാം
   വിഞ്ജാന വൈരാഗ്യ വിവക്ഷയാ വിഭോ
   വചോ വിഭുതീർ ന തു പാരമാർഥ്യം (ഭാഗവതം: 12 -13-14)

   (ലോകത്തിൽ കീർത്തി അവശേഷിപ്പിച്ചുപോയ മഹാന്മാരുടെ ഇപ്പറഞ്ഞ കഥകളെല്ലാം അങ്ങേക്ക് ജ്ഞാനവും വൈരാഗ്യവും ഉളവാക്കാൻവേണ്ടി കെട്ടിച്ചമച്ചവയാണ്. ഒന്നും സത്യമല്ല).

   ദൈവവിശ്വാസികളുടെ വിശ്വാസത്തെക്കുറിച്ചൊക്കെ വിശദമായി ഞാൻ 'രാമായണമാസക്കുറിപ്പുകളി' ൽ എഴുതിയിട്ടുണ്ട്. എന്റെ നോട്ടത്തിൽ വിശ്വാസികൾ മനസ്സിൽ പ്രതിഷ്ഠിക്കേണ്ടത് രാമന്റെയും കൃഷ്ണന്റെയും വിഗ്രഹങ്ങളെയല്ല, അവർ പ്രതിനിധാനം ചെയ്യുന്ന സനാതനധർമ്മത്തെയാണ്. അതിനു എത്രപേർക്കിവിടെ താൽപ്പര്യം ഉണ്ടെന്നുള്ളതാണ് കൂടുതൽ പ്രസക്തമായ ചോദ്യം.

   Delete
 3. Sukumaran Thampi wrote on FB page: ആമുഖം മൂന്നു ഭാഗങ്ങളും വായിച്ചു, ഇഷ്ടപ്പെട്ടു, വളരെ നന്നായിട്ടുണ്ട്. ആഖ്യാനശൈലിയും ഉള്ളടക്കവും ചരിത്ര പരമായ കാഴ്ചപ്പാടുകളും ഒരു പ്രബന്ധത്തിന്‍റെ ഗംഭീര്യംഉള്‍പ്പെടുത്തുന്ന തലത്തില്‍ ആയി എന്നു സംശയിപ്പിക്കുന്നു; നല്ലതു തന്നെ , ആസ്വാദ്യകരവും. പൂജാരിസമൂഹത്തിന്‍റെ സ്വാര്‍ഥതയില്‍ മാത്രം പതനത്തിന്റെ ഉത്തരവാദം ഏല്‍പ്പിച്ചാല്‍ മതിയോ? സമൂഹത്തില്‍ വിവരമുള്ളവര്‍ യഥാ സമയം വേണ്ടപോലെ ഇടപ്പെടെന്‍റെ? നിലവിലുള്ള സമൂഹത്തിലും ഇതേ സ്ഥിതിയല്ലേ? എല്ലാവരും രാഷ്ട്രീയക്കാരില്‍ പഴി ചാരുന്നു; നല്ലവരുംകഴിവുള്ളവരും എന്തേ രാഷ്ട്രീയത്തില്‍ ചേരുന്നില്ല? മനവപുരോഗതിയുടെ മുന്നേറ്റത്തില്‍ എല്ലാ പ്രവണതകള്‍ക്കും അതിന്റേതായ സംഭാവന ഉണ്ടാകും,പോരായ്മകള്‍ പെരുകതിരിക്കാനുള്ള ഉത്തരവാദിത്വം വിവരമില്ലാത്ത ദുഷ്പ്രവനതകള്‍ക്ക് അടിമ പ്പെട്ടവരെകള്‍ ,നല്ല മാര്‍ഗത്തിലേക്ക് അവരെ തിരിച്ചു വിടാന്‍ വേണ്ട വിവരവും കഴിവും ഉള്ളവര്‍ക്കാണു.വാല്‍മീകിയുംവ്യാസനും ഉണ്ടാകാന്‍ വളരെ കാലം വേണ്ടിവന്നു. ഈ കാലഘട്ടത്തില്‍ ഒരു മഹാത്മാവ് പിറക്കാന്‍ ധൃതി ആയി. ഭാവുകങ്ങള്‍ നേര്‍ന്നുകൊള്ളുന്നു!

  ReplyDelete
  Replies
  1. അധികാരവും ഭൂസ്വത്തുക്കളും സംസ്കൃത വിദ്യാഭ്യാസവും കുത്തകയാക്കിയിരുന്ന പുരോഹിതവർഗ്ഗമാണ് വൈദികകാലം മുതൽ ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപു വരെയുള്ള ഹിന്ദുമതത്തിന്റെ പതനത്തിനു കാരണക്കാർ എന്നതൊരു സത്യമാണ്. എന്നാൽ ഈ മതത്തിന്റെ ഇന്നത്തെ പോക്കിനു കാരണക്കാർ അവരല്ല, സ്വാർത്ഥമോഹങ്ങളുമായി അവരുടെ പിറകേ കൂടിയിരിക്കുന്ന 'ഭക്ത' ജനമാണെന്നു ഞാൻ വളരെ സ്പഷ്ടമായി എന്റെ രാമായണമാസക്കുറിപ്പുകളൊന്നിൽ പറഞ്ഞിട്ടുണ്ട്.

   കേരളത്തിന്റെ സാഹചര്യമെടുക്കുകയാണെങ്കിൽ ഒരമ്പത് വർഷങ്ങൾക്കു മുൻപുവരെയും, ഒരു പരിധിവരെ ഇന്നുപോലും പുരോഹിതവർഗ്ഗത്തോടൊപ്പം ഈശ്വരവിഷയത്തിൽ ഇടപെട്ടിരുന്നവർ ഇവിടുത്തെ നായർ സമുദായമാണ്. മറ്റുള്ളവരെ ക്ഷേത്രത്തിൽ കയറ്റാൻ അനുവദിച്ചതുപോലും അടുത്തിടയ്ക്കാണല്ലോ? അപ്പോൾ ആത്മീയവിഷയത്തിന്റെ ഇന്നത്തെ അഥ:പതിച്ച പോക്കിന് നല്ലൊരു പരിധിവരെ ഉത്തരവാദികൾ ഇവിടുത്തെ നായർ സമുദായാംഗങ്ങളാണെന്നു പറയേണ്ടി വരും. അടുത്തിടെയായി മറ്റുള്ള സമുദായക്കാരും ഈ വഴിയിലേക്ക് തന്നെ എത്തിപ്പെടുന്നുണ്ട്. ശ്രീ. ചട്ടമ്പിസ്വാമികളെപ്പോലെയൊരു ഋഷിതുല്യനും മന്നത്തു പദ്മനാഭനെപ്പോലൊരു കറകളഞ്ഞ സാമൂഹിക പരിഷ്ക്കർത്താവുമുണ്ടായിരുന്നിട്ടു പോലും സമുദായാംഗങ്ങളിൽ ശരിയായ ആത്മീയതക്കു സ്ഥാനം ലഭിച്ചില്ല എന്നതാണ് കഷ്ടകരം. ഇന്നത്തെ നായർ തലമുറയെ നോക്കിയാൽ അന്ധവിശ്വാസത്തിൽ അഭിരമിക്കുന്നവരാണ് കൂടുതൽ പേരും എന്നു നിസ്സംശയം പറയാം. അമ്പലത്തിനും വഴിപാടിനും മുകളിലുള്ള ആത്മീയതയിലൊന്നും അവർക്കാർക്കും താത്പര്യമില്ല. ആത്മവിഷയത്തെപ്പറ്റി കേൾക്കുന്നതുപോലും പലർക്കും ഇഷ്ടമല്ലെന്നതാണ് എന്റെ അനുഭവം. പിന്നെങ്ങിനെ മതവും ആത്മീയതയും ശരിയാകും? എല്ലാം നഷ്ട്ടപ്പെടുന്ന സാഹചര്യം വരുമ്പോൾ രക്ഷകനായി ഒരവതാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാമെന്ന് മാത്രം.

   Delete
 4. Suresh Damodaran: ഒന്നൊഴിയാതെ എല്ലാ രാമായണമാസ കുറിപ്പുകളും, സുദർശനത്തിന്റെ മൂന്നു ആമുഖങ്ങളും വായിച്ചു, ഗംഭീരമായിട്ടുണ്ട്. താങ്കളുടെ വീക്ഷണം ശരിയാണന്നുതന്നെയാണ് എനിക്കു തോന്നുന്നത്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടവും. സാധാരണക്കാരന്‍ മനസ്സിലാകുന്ന രീതിയിലുള്ള താങ്കളുടെ രചനാശൈലി, അത് മറ്റുള്ളവരിൽ നിന്നും വേറിട്ടുനിൽക്കുന്നു. സുദർശനത്തിന്റെ ഓരോലക്കത്തിനായും കാത്തിരിക്കുന്നു. എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു..!!

  ReplyDelete
 5. Dr. Mohandas, രണ്ടു തവണ മനസിരുത്തി വായിച്ചു. വളരെ വളരെ ഗംഭീരമായിരിക്കുന്നു.

  ReplyDelete
  Replies
  1. Nice to know that you liked the article, thanks.

   Delete