Friday, September 9, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - ആമുഖം 4

കഴിഞ്ഞ മൂന്ന് ആമുഖക്കുറുപ്പുകളിലൂടെ  മഹാഭാരതരചനയുടെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയ സ്ഥിതിക്ക്, ഇനി ഈ ഇതിഹാസത്തിന്റെ ഭാഗമായ ഭഗവത് ഗീതയുടെ വിഷയത്തിലേക്കു കടക്കാം. കുരുക്ഷേത്രഭൂമിയിൽ വച്ച് പാർത്ഥസാരഥിയായ ശ്രീകൃഷ്ണൻ, തന്റെ സ്നേഹഭാജനമായ അർജ്ജുനന് നൽകുന്ന ഉപദേശങ്ങൾ, മഹാഭാരതം ഭീഷ്മപർവ്വത്തിലെ 25  മുതൽ 42 വരെയുള്ള 18 അദ്ധ്യായങ്ങളിലായി വർണ്ണിക്കപ്പെട്ടിരിക്കുന്നതാണ് ഭഗവത് ഗീതയെന്ന പേരിൽ അറിയപ്പെടുന്നതെന്നു മുൻപു പറഞ്ഞുവല്ലോ. 18 അദ്ധ്യായങ്ങളിലായി 700 ശ്ലോകങ്ങളാണു ഗീതയിലുള്ളത്.

മഹാഭാരതം രചിക്കപ്പെട്ടത് ബി.സി. 400 നും എ.ഡി. 800നും ഇടയ്ക്കായിരിക്കണം എന്നാണ്‌ മിക്ക ഗവേഷകരുടെയും അഭിപ്രായം. ഇതിൽ തന്നെ ഭഗവത് ഗീതയുടെ  രചന നടന്നിരിക്കുന്നത് എ.ഡി. ഒന്നാം നൂറ്റാണ്ടിലാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു; അതായത് ഇന്നേക്ക് രണ്ടായിരം വർഷങ്ങൾക്കു മുൻപ്. ബുദ്ധ-ജൈന മതങ്ങളുടെ ആവിർഭാവത്തോടെ ഹിന്ദുമതത്തിനുണ്ടായ തകർച്ചയും ആ തകർച്ചയിൽ നിന്നും ഹിന്ദുമതത്തെ രക്ഷിച്ചു സനാതനധർമ്മത്തെ ജനമനസ്സുകളിൽ പുനഃ:പ്രതിഷ്ഠിക്കുവാനുമായി നടത്തിയ യത്നത്തിൻറെ ഭാഗമായുണ്ടായ കാവ്യങ്ങളാണ് ഇതിഹാസങ്ങളെന്നും അതുകൊണ്ടു വേദസത്തയായ ധർമ്മത്തെയും ബ്രഹ്മത്തെയും ഇതിന്റെയൊക്കെ  മഹത്വത്തെയും പ്രകീർത്തിക്കുന്നതരത്തിലാകാം ഗീതാരചനയെന്നും കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞു കഴിഞ്ഞു.

ഹിന്ദുക്കൾ ഗീതയെ പരമാത്മാവായ ശ്രീകൃഷ്ണന്റെ വാക്കുകളായി ഭക്ത്യാദരപൂർവ്വം നോക്കിക്കാണുമ്പോൾ അഹിന്ദുക്കളും വിദേശീയരും ഈ ഗ്രന്ഥത്തിന്റെ ഭക്ത്യേതര തലങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ആത്മീക, താത്വിക, മനശശാസ്ത്ര, ഭക്തി, കർമ്മ,  ബുദ്ധിതലങ്ങളിൽ........ അങ്ങിനെ പഠിക്കുന്നയാളുടെ കഴിവിനും താത്പര്യത്തിനനുസരിച്ചു എങ്ങിനെ  വേണമെങ്കിലും നോക്കിക്കാണാവുന്ന ഒരു ബഹുമുഖഗ്രന്ഥമാണ് ഗീതയെന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്. ഗീതയുടെ ധ്യാനശ്ലോകത്തിൽ പറയുന്നതു പോലെ ഇതിന്റെ പ്രമേയം ഉപനിഷൽസാരമായ സനാതനധർമ്മവും ഉദ്ദേശ്യം സനാതനധർമ്മപ്രചരണവും ആണെന്നാണ്‌ എനിക്കു  തോന്നിയിട്ടുള്ളത്.

സർവോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലാനന്ദന:
പാർഥോ വത്സ: സുധീർ ഭോക്താ ദുഗ്‌ദ്ധം ഗീതാമൃതം മഹത്.

(ഉപനിഷത്തുക്കളാകുന്ന പശുവിനെ പശുക്കിടാവായ അർജുനന്റെ സാന്നിദ്ധ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ കറക്കുന്നു. ഗീതാമൃതം എന്ന മഹത്തായ പാൽ വിദ്വാൻമാർ ഭുജിക്കുന്നു).

കർമ്മമാർഗ്ഗത്തിലൂടെ മനസ്സിന്റെ വാസനാമാലിന്യം തുടച്ചു മാറ്റി, അന്ത:കരണ ശുദ്ധി വരുത്തി,  ജ്ഞാനമാർഗ്ഗത്തിലൂടെ അവിടെ ഈശ്വരനെ ദർശിച്ചു, തന്നിലും വെളിയിലും പ്രകാശിക്കുന്ന ഈശ്വരചൈതന്യം ഒന്നു തന്നെയാണെന്ന തിരിച്ചറിവോടെ, ഭേദഭാവമകന്നു ജീവിക്കുവാനുള്ള ആഹ്വാനമാണ് സനാതനധർമ്മം. ലോകാനുഗ്രഹകാരിയായ സനാതനധർമ്മത്തിന്റെ പരിമളം പലർക്കും പലവിധത്തിൽ അനുഭവപ്പെടുന്നതു കൊണ്ടാകാം ഗീതക്ക് ബഹുതലശോഭകൾ കൈവരുന്നത്.  ഈ ധർമ്മം ജാതിമതഭേദമെന്യേ മനുഷ്യരാശിക്കാകമാനം അവകാശപ്പെട്ടതാകയാൽ ഭഗവത് ഗീതയും മതദേശഭാഷാവർണ്ണ ചിന്തകൾക്കുപരിയായി മനുഷ്യരാശിക്കാകമാനം അവകാശപ്പെട്ടതാണ്. ഭാരതമാണ് ഈ മഹൽഗ്രന്ഥം ലോകത്തിനു സംഭാവന ചെയ്തതെന്നതിൽ നമുക്കു ന്യായമായും അഭിമാനിക്കാം.

മഹാഭാരതയുദ്ധത്തിന്റെ പശ്ചാത്തലം അറിയാത്തവർ ഉണ്ടാകില്ലെന്നു വിശ്വസിക്കുന്നു. യുദ്ധം തീരുമാനിച്ചു കഴിഞ്ഞപ്പോൾ, തന്റെ മക്കളുടെ വിജയത്തിനായി പാണ്ഡവപക്ഷത്തിലെ ഏറ്റവും കരുത്തനായ അർജ്ജുനനെ നിർവീര്യനാക്കേണ്ടതുണ്ട് എന്ന് അന്ധനായ ധൃതരാഷ്ട്രർക്കു മനസ്സിലായി. അതുകൊണ്ട് അർജ്ജുനനിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായി മനശ്ശാസ്ത്രപരമായ വിവക്ഷകളും ദുഷ്ടമായ സ്വയം പ്രത്യായനങ്ങളുമടങ്ങിയ  ഒരു രഹസ്യസന്ദേശം ധൃതരാഷ്ട്രർ, തന്റെ സാരഥി സഞ്ജയൻ വശം അർജ്ജുനനു കൊടുത്തയച്ചു. യുദ്ധക്കളത്തിൽ വച്ച് അർജ്ജുനനുണ്ടായ വിഷാദരോഗത്തിന്റെ പ്രധാനകാരണം ഈ ധൃതരാഷ്ട്രസന്ദേശമത്രെ! യുദ്ധത്തിൽ ജയിക്കാൻ അണുബോംബിടുന്നതിലും നന്ന് പ്രതിയോഗിയെ ആശയക്കുഴപ്പത്തിലാക്കുകയാണ് വേണ്ടത് എന്ന തന്ത്രമാണ് ധൃതരാഷ്ട്രർ പ്രയോഗിച്ചു നോക്കിയത്. ശ്രീകൃഷ്ണനെപ്പോലൊരു ബുദ്ധിമാൻ പാണ്ഡവപക്ഷത്തില്ലായിരുന്നുവെങ്കിൽ മഹാഭാരതയുദ്ധത്തിന്റെ ഗതി തന്നെ ഒരു പക്ഷെ മറ്റൊരു വിധത്തിലായേനെ.


കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിനു മുൻപ് വ്യാസമഹർഷി അന്ധനായ ധൃതരാഷ്ട്രരെ സമീപിച്ചു, യുദ്ധം നേരിൽ കാണുന്നതിലേക്കായി ദിവ്യചക്ഷുസ്സുകൾ വരമായി നൽകാം എന്നു പറഞ്ഞെങ്കിലും തിന്മയുടെ വിനാശം ഉറപ്പാണെന്നദ്ദേഹത്തിനറിയാമായിരുന്നതിനാൽ  അത് കാണാനുള്ള ശക്തിയില്ലായ്മ കാരണം അതു നിരസിക്കുകയാണുണ്ടായത്. വ്യാസമുനി പിന്നീടു ദിവ്യചക്ഷുസ്സുകൾ സഞ്ജയന് നൽകി. യുദ്ധത്തിന്റെ പത്താം ദിവസം ഭീക്ഷ്മർ നിലംപതിച്ച ശേഷം, അക്കാര്യം പറയാൻ ധൃതരാഷ്ട്ര സമീപത്തെത്തിയ സഞ്ജയനോട് ഇതുവരെ നടന്ന യുദ്ധവിവരങ്ങൾ പറയൂ എന്ന് ധൃതരാഷ്ട്രർ ആവശ്യപ്പെട്ടപ്പോൾ, കുരുക്ഷേത്രത്തിൽ യുദ്ധാരംഭത്തിൽ നടന്ന കാര്യങ്ങൾ ദിവ്യദൃഷ്ടിയാൽ നോക്കി flashback  എന്ന പോലെ സഞ്ജയൻ നൽകുന്ന വർണ്ണനയുടെ രൂപത്തിലാണ് ഗീത രചിച്ചിരിക്കുന്നത്.

ഭഗവത് ഗീത തുടങ്ങുന്നത് ധ്യാനശ്ലോകങ്ങളോടെയാണ്. ഇത് വ്യാസരചിതമായ ഗീതയുടെ ഭാഗമല്ല. നമ്മുടെ സംസ്കാരത്തിൽ ഏതു മംഗളകർമ്മത്തിനും തുടക്കം കുറിക്കേണ്ടത് ഈശ്വരാരാധനയിലാണ് എന്നതിനാൽ  ഗീതയ്ക്കും അതു നിഷ്ക്കർഷിച്ചിരിക്കുന്നു. വ്യാസഭഗവാനെയും ശ്രീകൃഷ്ണനെയും ഭക്തിപൂർവ്വം സ്മരിക്കുന്നതാണ് ധ്യാനശ്ലോകങ്ങളുടെ ഉള്ളടക്കം. തുടർന്ന് ഗീതാമാഹാത്മ്യം കുറെ ശ്ലോകങ്ങളിലൂടെ വർണ്ണിക്കുന്നുണ്ട്. ഇതും വ്യാസരചിതമല്ല. ഈ ആത്മീയഗ്രന്ഥത്തോടുള്ള മതപരമായ ആദരവാണ് ശ്ലോകങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. താൽപ്പര്യമുള്ളവർക്ക് ഏതെങ്കിലും ഗീതാഗ്രന്ഥത്തിൽ നിന്നും ഈ തുടക്ക ഭാഗം വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ.

ഗീതയെ ഹിന്ദുമതത്തിന്റെ പുണ്യഗ്രന്ഥമായിക്കണ്ടു ഭക്തിപുരസ്സരം അതിനെയും ഗ്രന്ഥകാരനായ വ്യാസമുനിയെയും ശ്രീകൃഷ്ണനെയും വണങ്ങുമ്പോൾ തന്നെ ബഹുമുഖമാനങ്ങളുള്ള ഗീത വെറുമൊരു ഭക്തി ഗ്രന്ഥമല്ലെന്നും നാം മനസ്സിലാക്കണം. ശരിയായ ഭക്തി എന്തെന്ന് മനസ്സിലാക്കാതെയാണ് പലരും 'ഭക്തിപൂർവ്വം' ഗീതയടക്കമുള്ള ആത്മീയഗ്രന്ഥങ്ങളെ നോക്കിക്കാണുന്നതെന്നാണ് പലപ്പോഴും എനിക്കു തോന്നിയിട്ടുള്ളത്. ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ ഈ 'ഭക്തി' തടസ്സമാണ്. ശരിക്കുള്ള ഭക്തിയെന്തെന്നു ഗീത പറയുന്നതു നമുക്കു പിന്നീടു  മനസ്സിലാക്കാം. സനാതനധർമ്മ സംസ്കാരത്തിൽ അന്ധവിശ്വാസങ്ങൾക്കോ വൈകാരികമായ ഭക്തിക്കോ അല്ല സ്ഥാനം; ബുദ്ധിപൂർവമുള്ള ചിന്തക്കും ബോധത്തിനുമാണെന്നുള്ളതും നാം മനസ്സിലാക്കണം. ഈശ്വരവിഷയങ്ങളിൽ നാം ശീലിച്ചു പോരുന്ന അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങൾക്കും മറ്റു മതപരിമിതികൾക്കും മേലേ നിൽക്കുന്ന മനസ്സോടു കൂടി നോക്കിയാലേ ഗീതയെപ്പോലൊരു ബഹുമുഖ ആത്മീയഗ്രന്ഥത്തിൻറെ സമഗ്രത അതിന്റെ സമസ്തശോഭകളോടും കൂടി ആസ്വദിക്കാൻ കഴിയൂ. അതുകൊണ്ട് സാധാരണ ഭക്തരായല്ലാതെ, ജ്ഞാനാർത്ഥികളായി ഈ മഹനീയ ഗ്രന്ഥം പഠിക്കുന്നതാകും ഉത്തമമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഈ മഹൽഗ്രന്ഥം ലോകത്തിനു സമ്മാനിച്ചത് വ്യാസമുനിയോ മറ്റാരെങ്കിലുമോ ആകട്ടെ, ആ മഹത്വത്തിനു മുൻപിൽ ശിരസ്സു നമിച്ചു കൊണ്ട്, ഒരസാമാന്യ ആത്മീയകൃതിയുടെ പഠനത്തിന് നൽകേണ്ട ഗൗവരവസ്വഭാവത്തോടെയാകണം ഇതിനെ പഠിക്കാൻ ശ്രമിക്കുന്നത് എന്നു കൂടി പറഞ്ഞുകൊള്ളട്ടെ. ഇന്നുള്ളതിലും നല്ലൊരു കാഴ്ചപ്പാടുണ്ടാക്കുക എന്നതാണ് ഗീതയടക്കമുള്ള ഏത് ആത്മീയവിഷയപഠനങ്ങളുടെയും ലക്ഷ്യം. ഗുരുത്വമുണ്ടെങ്കിലേ പഠിക്കുന്നതുള്ളിൽ കയറി അതുകൊണ്ടു ഭാവിയിൽ ഗുണമുണ്ടാകൂ എന്നതൊരു സത്യമാണ്.

ആഹാ, ദാ അങ്ങോട്ടു നോക്കിയേ; നമ്മളിവിടെ ഗീതയുടെ കാര്യവും പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും കുരുക്ഷേത്രയുദ്ധക്കളം മനുഷ്യരെയും മൃഗങ്ങളെയും രഥങ്ങളെയും ഒക്കെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞല്ലോ? ഒന്നു കൂടി സൂക്ഷിച്ചു നോക്കിക്കേ, യുദ്ധക്കളം അങ്ങനെ അലങ്കോലമായി നിറഞ്ഞിരിക്കയല്ല; യുദ്ധത്തിനു തയ്യാറായി നിൽക്കുന്ന രണ്ടുസേനാവിഭാഗങ്ങളെ വളരെ ക്രമമായവിടെ വിന്യസിച്ചിരിക്കയാണ്. പാണ്ഡവപക്ഷത്തേക്കാൾ വളരെ വലുതാണ് കൗരവപക്ഷം. കൗരവസേനയുടെ വ്യൂഹത്തെ ഒരു പക്ഷിയുടെ രൂപത്തിലും പാണ്ഡവസേനയുടെ വ്യൂഹത്തെ ചക്രാകാരത്തിലുമാണ് വിന്യസിച്ചിരിക്കുന്നത്. അഞ്ചു വെളുത്ത കുതിരകളെപ്പൂട്ടിയ അഴകാർന്നൊരു രഥം കണ്ടോ? കുതിരകളുടെ കടിഞ്ഞാണും കയ്യിൽ പിടിച്ചു, മന്ദസ്മേരവദനനായിരിക്കുന്ന തേജസ്‌വിയായ സാരഥിയെക്കണ്ടോ? അദ്ദേഹമാണ് സാക്ഷാൽ ശ്രീകൃഷ്ണൻ. രഥത്തിനുള്ളിൽ ഗാന്ധീവധാരിയായ ഫൽഗുനന്റെ  ഇരിപ്പൊന്നു നോക്കിക്കേ? 'എത്രയോ കാലമായി ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന നിന്ദയ്ക്കും പരിഹാസത്തിനും അപമാനത്തിനും അവഗണനക്കുമുള്ള ചുട്ട മറുപടി ഇന്നു ഞാൻ നിനക്കു നൽകും ദുര്യോധനാ' എന്നു വിളിച്ചു പറയേണ്ട ആ മുഖത്തെന്തേ അസാധാരണമായി ആശങ്കയുടെയും വിഷാദത്തിന്റെയും കരിനിഴൽ കാണുന്നൂ?

മഹാഭാരതയുദ്ധം നമ്മുടെ എല്ലാവരുടെടെയും ഉള്ളിൽ നിരന്തരം നടന്നുകൊണ്ടിരിക്കയാണ്. കൗരവന്മാർ നൂറ്റൊന്നു പേർ മനുഷ്യമനസ്സിലെ ദുർവാസനകളെയും പഞ്ചപാണ്ഡവന്മാർ അവയ്ക്കു വിപരീതമായ സദ്‌വാസനകളെയും പ്രതിനിധാനം ചെയ്യുന്നു. ഈ വിരുദ്ധശക്തികൾ തമ്മിലുള്ള വടംവലിയിൽ എണ്ണത്തിൽ കുറഞ്ഞ സദ്‌വാസനകൾക്കു ശക്തികുറഞ്ഞു, മനസ്സു വിഷാദമഗ്നമാകുന്നു. പക്ഷേ നിരാശരാവേണ്ടതില്ല, സദ്‌വാസനകളെ ബോധത്തിൽ (ശ്രീകൃഷ്ണനിൽ) ഉറപ്പിച്ചു നിർത്തിയാൽ അസദ്‌വാസനാസമൂഹത്തെ - കാമാദിവികാരങ്ങളെ - നിശ്ശേഷം നശിപ്പിച്ചു പരിപൂർണ്ണ വിജയം നേടാനാവുമെന്നു ഭഗവത്‌ഗീത നമുക്ക് ഉറപ്പുതരുന്നു.

അടുത്തയാഴ്ച : ഒന്നാം അദ്ധ്യായം: അർജ്ജുനവിഷാദയോഗം തുടങ്ങാം.

(എല്ലാവരും  ഭഗവത് ഗീതയുടെ ഒരു കോപ്പി കയ്യിലോ കമ്പ്യൂട്ടറിലോ കരുതണം എന്ന് അഭ്യർത്ഥിക്കുന്നു. ശ്ലോകങ്ങൾ മലയാളത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തെടുക്കുമ്പോൾ തെറ്റുകളുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഗീത കയ്യിലുണ്ടെങ്കിൽ വ്യാഖ്യാനിക്കുന്ന ശ്ലോകഭാഗം അപ്പോൾ തന്നെ നോക്കി മനസ്സിലാക്കുകയും താത്പര്യമുണ്ടെങ്കിൽ ഹൃദിസ്ത്വമാക്കുകയും ചെയ്യാം. ആത്മീയവിഷയത്തിൽ ജിജ്ഞാസുക്കളും എന്നാൽ വിഷയപരിചയം കുറഞ്ഞവരുമായവരെ ഉദ്ദേശിച്ചുള്ള ഒരു ഓൺലൈൻ ഗീതാപഠനമാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നു കൂടി പറഞ്ഞു കൊള്ളട്ടെ). 

8 comments:

 1. It was very lucid narrative and one of the best spiritual introduction to the series while the earlier ones dealt with historical aspects. The author is all set to free the Gita from the Semitic viewing of it as a holy book of a particular religion. The secularizing aspect is seen in many parts of the essay and provokes the learner to keep aside all the controversies on the topic and consume the 'amrut'.The endeavor of Mohandas uncle was recently discussed among dignitaries on book release at New Delhi and as a continuance to that Padmabhushan Satyavrat Shastry, living legend of Sanskrit literature has directed some of his disciples to gather more info on this democratization of Gita by this 'One-Man Army'(words of Prof.Shastry). Lets all hope more from Sudharshanam.

  ReplyDelete
 2. Thanks for your comments of appreciation. By the by, what is the Delhi discussion and all that?

  ReplyDelete
 3. As I have been stressing throughout my "Ramaayanamasakkurippukal', Hinduism as practiced today has very little to do with sanathana dharma, but otherwise sanathana dharma is the crux of Hinduism. Needless to say that Bhagavat Gita, therefore, is the part and parcel of Hinduism. But as sanathana dharma is a universally applicable philosophy, so is Gita. Many learned swamis of yesteryears, the like of swami Chinmayananda and even today's learned men project Gita as a spiritual text of universal appeal.

  ReplyDelete
 4. Syamala Menon wrote in FB. മതങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം വിശാലമായി ചിന്തിക്കാനുള്ള ആഹ്വാനത്തോടുകൂടിയ ആമുഖം സ്വാഗതാർഹം....നന്ദി ശ്രീ K.s. Mohandas

  ReplyDelete
 5. അര്‍ജുനനില്‍ ധൃതര്ഷ്ട്രര്‍ എങ്ങനെ ആശയക്കുഴപ്പം ഉണ്ടാക്കി എന്നു മനസ്സിലായില്ല.പിന്നെ, ഭക്തിയുടെ കൂടെ വിനയം എപ്പോഴും ഉണ്ടാകേണ്ടതാണ്; സാധാരണ രീതിയില്‍ എന്തു സ്വീകരിക്കണമെങ്കിലും താഴെ നിന്നു വേണം, വെള്ളമായാലും, വയ്ദ്യൂതി ആയാലും കുറഞ്ഞ മണ്ഡലത്തിലേക്കെ പ്രവഹിക്കൂ.ഈതത്ത്വം തന്നെയല്ലേ വണങ്ങുക,നമസ്കരിക്കുക എന്നൊക്കെയുള്ള അനുഷ്ടാനങ്ങള്‍ വഴി ഒരു വ്യക്തിയെ ജ്നാനം ഉള്‍ക്കൊള്ളാന്‍ യോഗ്യനാക്കുന്നത്?അന്ധഭക്തിയുടെ ദൂഷ്യ വശങ്ങള്‍ സൂചിപ്പിച്ചതു കൊണ്ട് മറ്റൊരു വശം ഓര്‍ത്തു എന്നേ ഉള്ളൂ. വിശകലനങ്ങള്‍ ആസ്വാദ്യപ്രദവും അര്‍ദ്ധപൂര്‍ണവും ആണ്.

  ReplyDelete
 6. ഇവിടെ എഴുതുന്ന ലേഖനങ്ങൾക്ക് അനുയോജ്യമായതും അതേസമയം യുക്തിസഹവും അർത്ഥപൂർണ്ണവും എന്നു തോന്നുന്നതുമായ ചില പരാമർശങ്ങൾ, ആരാദ്ധ്യരായിട്ടുള്ളവർ മുൻപ് നടത്തിയിട്ടുള്ളത്, വിഷയസമ്പന്നതയ്ക്ക് വേണ്ടി ഞാൻ ഉപയോഗിക്കാറുണ്ട്. അതിന്റെ കൃത്യത വിലയിരുത്താനുള്ള ഗ്രന്ഥങ്ങൾ എനിക്കിവിടെ ലഭ്യമല്ലതാനും. അർജ്ജുനനിൽ ധൃതരാഷ്ട്രർ ആശയക്കുഴപ്പം സൃഷ്ട്ടിച്ചു എന്ന് സ്വാമി ചിന്മയാനന്ദ അദ്ദേഹത്തിൻറെ ഗീതാവ്യാഖ്യാനത്തിന്റെ ആമുഖത്തിൽ എടുത്തുപറയുന്നു. ഒന്നാം അദ്ധ്യായത്തിൽ യുദ്ധത്തിനു മടികാണിക്കുന്ന അർജ്ജുനൻ അതിനു നിരത്തുന്ന വാദങ്ങളെല്ലാം തന്നെ ധൃതരാഷ്ട്രരുടെ രഹസ്യസന്ദേശത്തിൽ പറയുന്ന കാര്യങ്ങളാണെന്നാണ് സ്വാമി പറഞ്ഞിരിക്കുന്നത്.

  നിഷ്ക്കാമമായ, നിർമ്മലമായ ഭക്തിയിൽ ഇപ്പറഞ്ഞ കാര്യങ്ങൾ പ്രസക്തമാണ്. ഇന്ന് പരക്കെ കാണുന്ന ഭക്തിയുടെ അടിസ്ഥാനം തന്നെ സ്വാർത്ഥതയാണല്ലോ?

  ReplyDelete
  Replies
  1. Hats off to your services for interpreting the correct meaning of "Sanathana Dharma" for humanity.Hope,that our community will be able to realize the real meaning of "Bhakthi" and thereby the meaning of life in the days to come.

   Delete
  2. Thank you for your kind words of appreciation

   Delete