Friday, October 7, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 4

കുരുക്ഷേത്ര യുദ്ധഭൂമിയിൽ ബന്ധുജനങ്ങളെ കണ്ട മാത്രയിൽ ധൈര്യം ചോർന്നുപോയി 'കൃപാവിഷ്ട'നായ  അർജ്ജുനനൻ, കൃഷ്ണന്റെ മുൻപിൽ നടത്തുന്ന വിലാപമാണല്ലോ നമ്മൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. പൊടുന്നനെയുള്ള അർജ്ജുനന്റെ ഭാവപ്പകർച്ചക്കു കാരണം തന്റെ ബന്ധുമിത്രാദികളുടെ  സർവ്വനാശം അനിവാര്യമാക്കുന്ന യുദ്ധം ഇപ്പോൾ നടക്കാൻ പോകുന്നു എന്ന തിരിച്ചറിവാണെന്നും യുദ്ധത്തോടുള്ള ഭയം ആകാൻ സാദ്ധ്യതയില്ലെന്നും കഴിഞ്ഞഭാഗത്തിൽ എഴുതിയിരുന്നു. ഈ ഭാഗത്തെ കുറച്ചുകൂടി ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ മറ്റു ഘടകങ്ങളോടൊപ്പം തന്നെ പരാജയഭയവും അർജ്ജുനന്റെ ഭാവപ്പകർച്ചക്കു കാരണമായിത്തീർന്നിട്ടുണ്ടെന്നു ചിന്തിക്കാവുന്നതാണ്. അർജ്ജുനന്റെ ശാരീരികാസ്വാസ്ഥ്യങ്ങളും തുടർന്നുവരുന്ന മനോനില തെറ്റിയ പോലെയുള്ള പെരുമാറ്റങ്ങളും കാണുമ്പോൾ, ബന്ധുമിത്രാദികളോടുള്ള മമത എന്നതിലുപരിയായി, അതിലും ശക്തമായ ഒരു ഘടകം അർജ്ജുനന്റെ വ്യക്തിത്വത്തെത്തന്നെ പിടിച്ചു കുലുക്കി വിഷാദചിന്തകളെ ജനിപ്പിക്കാൻ കാരണമായിട്ടുണ്ട് എന്നു മനസ്സിലാക്കാം.അതെങ്ങിനെയാകാം എന്നു നോക്കാം.

നിരവധി യുദ്ധങ്ങൾ ജയിച്ച 'വിജയനാ'ണ് താനെങ്കിലും ഭീക്ഷ്മർ, ദ്രോണർ തുടങ്ങിയ മഹാതേജസ്‌വികളോടാണിന്നു താൻ യുദ്ധം ചെയ്യേണ്ടതെന്നു മനസ്സിലാക്കിയ അർജ്ജുനന്റെ മനസ്സ് സ്വാഭാവികമായും ഒന്നു പിടഞ്ഞു കാണണം. ഇന്നുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത താനിവിടെ പരാജയപ്പെടുമോ എന്ന ഭയം  അർജ്ജുനനിൽ ജനിച്ചിരിക്കാം. കഴിവുകൾ ഏറെയുള്ള അർജ്ജുനന്റെ ഒരു കുറവ്, അഹംഭാവമാണെന്ന്  നേരത്തെ പറഞ്ഞല്ലോ? ഇപ്പോൾ ഉളവായിരിക്കുന്ന ഈ ഭയാശങ്ക, അർജ്ജുനന്റെ അഹംഭാവത്തിനേൽക്കുന്ന ശക്തമായ അടിയാണ്. അതു സമ്മതിക്കാൻ മടിക്കുന്ന അഹംബോധം, 'കൃപ (pity)' യായി അർജ്ജുനനിൽ രൂപാന്തരം പ്രാപിക്കുകയാണ്. ബന്ധുമിത്രാദികളോടുള്ള.സ്നേഹപാശമാണ് അർജ്ജുനനെ വരിഞ്ഞുകെട്ടി വിഷാദത്തിലാഴ്ത്തുന്നതെന്നാർക്കും ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും അദ്ദേഹത്തിൻറെ അഹംഭാവത്തിനേറ്റ അടി തന്നെയാണ് വിഷാദത്തിന്റെ ജനനത്തിനു കാരണമെന്ന് സൂക്ഷ്മപഠനത്തിൽ മനസ്സിലാക്കാവുന്നതാണ്. 'ഞാൻ പല ദുർനിമിത്തങ്ങളും കാണുന്നു (ശ്ലോകം 31)' എന്നും മറ്റും പറയുന്നതു കാണിക്കുന്നത്, ആകെത്തകർന്ന അർജ്ജുനന്റെ മനോനിലയെയാണ്. 'താൻ സമീക്ഷ്യ സ കൗന്തേയഃ സർവ്വാൻ ബന്ധൂനവസ്ഥിതാൻ (ശ്ലോകം: 27)' എന്ന ശ്ലോകത്തിലെ 'കൗന്തേയ' (കുന്തീപുത്രാ) എന്ന സംബോധന തന്നെ കാണിക്കുന്നത്,അർജ്ജുനന്റെ പെരുമാറ്റം ഒരു കുട്ടിയുടേതുപോലെയാണ്, വില്ലാളി വീരനായ അർജ്ജുനന്റേതു പോലെയല്ല എന്നാണ്. ഗീതാകാരൻ മറ്റു ഭാഗങ്ങളിൽ  അർജ്ജുനനെ 'മഹാബാഹോ (mighty armed), പരന്തപ (scorcher of enemies) തുടങ്ങിയ വിശേഷനാമങ്ങളിലാണ് സംബോധന ചെയ്യുന്നതെന്നു കാണുമ്പോൾ, ഇവിടെ 'കൗന്തേയാ' എന്നു സംബോധനചെയ്യുന്നതിൽ മേൽപ്പറഞ്ഞ വിധത്തിലുള്ള ഒരർത്ഥം ചിന്തിക്കാവുന്നതേയുള്ളൂ.

ചർച്ചയുടെ പൂർണ്ണതക്കു വേണ്ടി, കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ച ചില ശ്ലോകങ്ങളെ ഒന്നു കൂടി വിസ്തരിക്കേണ്ടിയിരിക്കുന്നു.

"സ്വജനങ്ങളെ കൊന്നിട്ട് ഒരു ശുഭഫലത്തെയും ഞാൻ കാണുന്നില്ല. ഹേ, കൃഷ്ണ, ജയത്തെയോ രാജ്യത്തെയോ സുഖത്തെയോ ഞാനിച്ഛിക്കുന്നില്ല. ഹേ, ഗോവിന്ദ, ഞങ്ങൾക്ക് രാജ്യം കൊണ്ടാവട്ടെ, ഭോഗങ്ങൾ കൊണ്ടാവട്ടെ, ജീവിതം കൊണ്ടുതന്നെയാവട്ടെ  എന്തൊരു പ്രയോജനമാണുള്ളത്?" (ശ്ലോകം: 32).

"ആർക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും ഞങ്ങൾ ആഗ്രഹിച്ചത്, ആ ആചാര്യന്മാരും പിതുക്കളും പുത്രന്മാരും അതുപോലെ മുത്തച്ഛന്മാരും അമ്മാവന്മാരും ശ്വശുരന്മാരും പൗത്രന്മാരും ഭാര്യാസഹോദരന്മാരും അപ്രകാരം ബന്ധുക്കൾ ഇവരെല്ലാവരും പ്രാണനെയും ധനത്തെയും ഉപേക്ഷിച്ചു യുദ്ധക്കളത്തിൽ നിൽക്കുന്നു"(ശ്ലോകം: 33 & 34).

"ഹേ, മധുസൂദനാ, എന്നെക്കൊന്നാൽപ്പോലും മൂന്നുലോകത്തിന്റെയും അധിപത്യത്തിനു വേണ്ടിപ്പോലും ഇവരെ കൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു വേണ്ടി?" (ശ്ലോകം: 35)


ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്നുള്ള അർജ്ജുനവിഷാദം വർണ്ണിക്കുന്നത് 32 മുതൽ 45 വരെയുള്ള ശ്ലോകങ്ങളിലാണ്. അതിൽ തന്നെ 32  മുതൽ 35 വരെയുള്ള ശ്ലോകങ്ങളെ ഒരു ഗ്രൂപ്പിലും ബാക്കിയുള്ളവയെ മറ്റൊരു ഗ്രൂപ്പിലും പെടുത്താം എന്നു തോന്നുന്നു. തന്റെ ബന്ധുമിത്രാദികളോടുള്ള മമതാബന്ധം കൊണ്ട് അവരോടു യുദ്ധം ചെയ്യാനുള്ള അർജ്ജുനന്റെ വൈഷമ്യമാണ് ആദ്യ ഗ്രൂപ്പിലെ നാലു ശ്ലോകങ്ങളിലും പ്രതിഫലിക്കുന്നതെങ്കിൽ, തന്റെ മതപരമായ സംസ്കാരം, യുദ്ധത്തിന് എതിരായി അർജ്ജുനനിൽ  ചെലുത്തുന്ന സ്വാധീനശക്തിയാണ് രണ്ടാമത്തെ ഗ്രൂപ്പിലെ ശ്ലോകങ്ങളിൽ നിഴലിച്ചു കാണുന്നത്. ഇതൊന്നും തന്നെ ക്ഷാത്രവീരനായ അർജ്ജുനന്റെ സ്വഭാവത്തിലുള്ളതല്ല; മറിച്ചു ഇപ്പോൾ വന്നു ഭവിച്ചിരിക്കുന്ന പ്രതിസന്ധിയിൽ ആ യോദ്ധാവിന്റെ അസ്വസ്ഥമനസ്സ് കണ്ടുപിടിക്കുന്ന ന്യായീകരണങ്ങളാണ്‌ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യരെല്ലാം ഇങ്ങിനൊക്കെ തന്നെയാണ് പെരുമാറുന്നതെന്നു കാണുമ്പോൾ നമ്മളിലൊരാൾ തന്നെയാണ് അർജ്ജുനനെന്നും നമുക്ക് ന്യായമായും ചിന്തിക്കാം.

ആദ്യമായി മുകളിൽ പരാമർശിച്ചിരിക്കുന്ന നാലു ശ്ലോകങ്ങളെ ഒന്നു വിശകലനം ചെയ്യാം. കുരുക്ഷേത്രത്തിൽ  ഇനി സംഭവിക്കാൻ പോന്ന സർവ്വനാശത്തിന്റെ ചിത്രം മനസ്സിലേക്ക് പതിഞ്ഞു കഴിഞ്ഞപ്പോൾ ധർമ്മയുദ്ധം ചെയ്യാൻ യുദ്ധഭൂമിയിൽ വന്ന ക്ഷാത്രവീരനാണ് താനെന്ന കാര്യം മറന്നു, താൻ മകനും ശിഷ്യനും അനിന്തിരവനും സുഹൃത്തും മറ്റും മറ്റുമാണെന്നുള്ള വ്യക്തിപരമായ ചിന്തകളിലേക്ക്  അർജ്ജുനനൻ വീണു പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. അർജ്ജുനൻ പറയുന്നതൊക്കെ കേട്ടാൽ തോന്നും, തന്റെ ഏതോ വ്യക്തിപരമായ കാര്യലാഭത്തിനു വേണ്ടിയാണീ യുദ്ധം നടത്താൻ തീരുമാനിച്ചതെന്ന്. ദുര്യോധനാദികളുടെ കൊടിയ അനീതിയും അധർമ്മവും സഹിക്കവയ്യാതെ, പല മദ്ധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ, ധർമ്മയുദ്ധം ചെയ്തു രാജ്യത്തെ രക്ഷിക്കാനാണ് അർജ്ജുനൻ യുദ്ധക്കളത്തിൽ വന്നിരിക്കുന്നത്. പക്ഷേ ധാർമ്മികമായ ആ ഉത്തരവാദിത്തത്തെക്കാൾ ഞാൻ, എന്റെ മുതലായ ചിന്തകൾക്കാണിപ്പോൾ അർജ്ജുനമനസ്സിൽ മേൽക്കോഴ്മ ലഭിക്കുന്നത്. യുദ്ധഭൂമിയിൽ എതിർപക്ഷത്തിനു നേരെ യുദ്ധസന്നദ്ധനായി, ജാഗരൂകനായി നിൽക്കുന്ന ഒരു ഭടൻ, സ്വന്തം ഭാര്യയെയും മക്കളെയും കുറിച്ച് ചിന്തിച്ചു വ്യാകുലപ്പെടാൻ പോയാൽ എന്തായിരിക്കും ഫലം? ബന്ധുവിനോടോ മിത്രത്തോടോ ഉള്ള മമത കൊണ്ട് ഒരുവൻ താൻ ചെയ്യാൻ  ബാദ്ധ്യസ്ഥമായ കർമ്മം ചെയ്യാതിരുന്നാൽ അതിന്റെ പരിണിതഫലം എന്തായിരിക്കും?

ധർമ്മത്തിലൂന്നിയുള്ള കർമ്മമാണ് വേണ്ടതെന്നും അതിനു തടസ്സമായി നിൽക്കുന്ന സംസാരബന്ധനചിന്തകളെ നിയന്ത്രണത്തിൽ വരുത്തുകയാണ് ആദ്യം തന്നെ ബോധമുള്ളയാൾ ചെയ്യേണ്ടതെന്നും കൃഷ്ണനിലൂടെ ഗീതാകാരൻ ഇനി പറയാൻ പോകുകയാണ്. അർജ്ജുനന്റെ ഈ വിഷാദചിന്തകൾക്കു രണ്ടാമദ്ധ്യായത്തിൽ കൃഷ്ണൻ നൽകുന്ന മറുപടി ശ്രദ്ധിച്ചാൽ മോക്ഷത്തിനു തടസ്സമായി നിൽക്കുന്ന കാരണമെന്നു ഹൈന്ദവദർശനം അടിവരയിട്ടു പറയുന്ന ഒരു താത്വികപ്രമാണത്തെ (സംസാരബന്ധനം), കുരുക്ഷേത്ര യുദ്ധഭൂമിയിലെ ഈ സന്ദർഭസൃഷ്ടിയിലൂടെ ഗീതാകാരൻ ഇഹലോകവാസികളായ നമ്മുടെ ഇടയിലേക്ക്, പ്രയോഗികതലത്തിലേക്ക്,  ഇറക്കിക്കൊണ്ടുവരികയാണ് ചെയ്യുന്നതെന്നു തോന്നുന്നു. ദൈനംദിന ജീവിതത്തിൽ ഏർപ്പെട്ടു കഴിയുന്ന ഒരുവ്യക്തിയുടെ മോക്ഷം എന്നത് സ്വകർമ്മത്തിലൂടെ ലഭിക്കുന്ന സന്തോഷവും സമാധാനവും സംതൃപ്തിയുമാണെന്നും അതിനു തടസ്സമായി നിൽക്കുന്ന ചിന്തകളെ നാം ബോധപൂർവം അകറ്റി നിർത്തണം എന്നും അർജ്ജുനവിഷാദമെന്ന ഈ രംഗസൃഷ്ടിയിലൂടെ ഗീതാകാരൻ ആഹ്വാനം ചെയ്യുകയാണ്. ലോകജീവിതത്തിൽ ഏർപ്പെട്ടു കഴിയുന്ന ഒരുവന്‌ സനാതനധർമ്മം എങ്ങിനെയാണ് പ്രയോജനകരമാവുക എന്നിനി ഗീതാകാരൻ നമ്മെ പഠിപ്പിക്കാൻ പോകയാണ്.

 "ഹേ, കൃഷ്ണ, ജയത്തെയോ രാജ്യത്തെയോ സുഖത്തെയോ ഞാനിച്ഛിക്കുന്നില്ല. ഞങ്ങൾക്ക് രാജ്യം കൊണ്ടാവട്ടെ, ഭോഗങ്ങൾ കൊണ്ടാവട്ടെ, ജീവിതം കൊണ്ടുതന്നെയാവട്ടെ  എന്തു പ്രയോജനമാണുള്ളത്?" എന്നൊക്കെ അർജ്ജുനൻ പറയുന്നതത്ര വിശ്വാസയോഗ്യമൊന്നും അല്ല. ഇങ്ങനെയൊക്കെ പറയാൻ ഒരു സർവ്വസംഗപരിത്യാഗിയായ സന്യാസിയൊന്നുമല്ലല്ലോ  അർജ്ജുനൻ? മനസ്സിന്റെ താളം തെറ്റിയ ഒരാളിന്റെ പുലമ്പൽ മാത്രമാണിത്. അർജ്ജുനന്റെ ഈ  വാക്കുകളെ നന്നായി മനസ്സിലാക്കുവാൻ ഉതകുന്ന ഒരുദാഹരണം ചിന്മയാനന്ദസ്വാമികൾ നൽകുന്നുണ്ട്. ഹിസ്റ്റീരിയ രോഗബാധിതയായ ഒരു സ്ത്രീയെ  ആശുപത്രിയിലെത്തിച്ചെന്നിരിക്കട്ടെ. 'എനിക്കൊരസുഖവുമില്ല, എന്റെ ഭർത്താവുമായി എനിക്കൊരു പ്രശ്നവും ഇല്ല, അദ്ദേഹത്തിനെന്നോട് വലിയ സ്നേഹമാണ്, ഞങ്ങൾ നല്ല അടുപ്പത്തിലാണ്' എന്നൊക്കെ അവർ പുലമ്പുന്നുണ്ടെങ്കിൽ അവരുടെ രോഗകാരണം മനസ്സിലാക്കാൻ കൂടുതൽ മിനക്കെടേണ്ടതില്ലല്ലോ? 'രാജ്യവും ഭോഗവും സുഖവും' ഒന്നും വേണ്ടാ എന്ന് സന്യാസിയെപ്പോലെ പറയുന്ന അർജ്ജുനന്റെ മനസ്സിൽ, ഇതെല്ലാം തന്നെ നേടണമെന്നും അനുഭവിക്കണമെന്നും ഉള്ള അടങ്ങാത്ത അഭിവാഞ്ചയും പക്ഷെ സാഹചര്യങ്ങൾ അതിനു സമ്മതിക്കുന്നില്ലല്ലോ എന്നറിയുന്നതിലുള്ള കടുത്ത നിരാശയും ആശാഭംഗവും തന്നെയാണ് നിഴലിക്കുന്നത്. കടുത്ത നിരാശാബോധത്തിൽ മുങ്ങി മനസ്സിന്റെ നിയന്ത്രണം കൈവിട്ട അർജ്ജുനൻ ഇപ്പോൾ പറയുന്നതെല്ലാം യുക്തിരഹിതമായ കാര്യങ്ങളാണ്.

മനോരോഗി പുലമ്പിക്കൊണ്ടിരിക്കുമ്പോൾ നല്ല ഭിഷഗ്‌വരന്മാർ അതിൽ ഇടപെടാതെ ഉള്ളിലുള്ളതെല്ലാം വെളിയിൽ വരട്ടെ എന്നു ചിന്തിച്ചു കാത്തിരിക്കും. ചികിത്സയ്ക്കു ഗുണകരമായ ചില സംഗതികൾ ആ പുലമ്പലിൽ നിന്നും കിട്ടിയേക്കാം. അതുപോലെ, ഉള്ളിലെ വിഷമം വെളിയിൽ വന്നു മനസ്സു ശാന്തമായാലേ ചെയ്യാൻ പോകുന്ന ചികിത്സ രോഗിക്ക് ഏൽക്കുകയും ഉള്ളൂ. കൃഷ്ണനും ചെയ്യുന്നതിതു തന്നെയാണ്. അർജ്ജുനൻ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ട് 'കമാ'ന്നൊരക്ഷരം ഉരിയാടാതെ നിൽക്കയാണ് കൃഷ്ണനിവിടെ. ഇവന്റെ ഉള്ളിൽ കിടക്കുന്നതെല്ലാം ഇങ്ങു പോരട്ടെ! ഇതെല്ലാം നേരെയാക്കി വിട്ടാൽ മാത്രമേ ഇവനീ ഭയങ്കരയുദ്ധത്തിൽ വിജയിക്കാൻ കഴിയൂ!.

സ്നേഹിതരെ, ഇത് അർജ്ജുനന്റെയു കൃഷ്ണന്റെയും കാര്യം മാത്രമല്ല, നമ്മൾ ഏവരുടെയും കാര്യമാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ചെന്നുപെടാത്ത മനുഷ്യരില്ല. അർജ്ജുനൻ ചെയ്യുന്നതുപോലൊക്കെ തന്നെ നമ്മളും ചെയ്യും. പ്രതികരണരീതിയിൽ അൽപ്പസ്വൽപ്പം വ്യത്യാസങ്ങൾ കാണുമെന്നുമാത്രം. പ്രതിസന്ധിഘട്ടങ്ങളെ  എങ്ങിനെ തരണം ചെയ്യാമെന്ന് താത്വികമായും പ്രായോഗികമായും പറഞ്ഞു തരികയാണ് ഭഗവത് ഗീത ചെയ്യുന്നത്.

അർജ്ജുനവിഷാദത്തിന്റെ മതപരമായ തലങ്ങൾ വരും ആഴ്ചകളിൽ നമുക്കു ചർച്ച ചെയ്യാം. 

8 comments:

 1. The pride of a person is shattered before reality. The very essence of today's writing underlines the importance of this series to the readers. It is going great. Even though Arjuna was afraid, is it correct to kill his relatives?? And I use this place to raise the perpetual title of condemning Krishna by people who are unaware of this culture ' War-mongering adviser.' My Navaratri wishes to all.

  ReplyDelete
  Replies
  1. Thanks for reading and your comments,Mahi. Please continue to read and assimilate the material being discussed here. It has potential to do wonder's to one's personality.

   Delete
 2. Dr BalamuraliKS wrote in FB:ഗുരു(ഉപദേഷ്ടാവ്)പഠിപ്പിക്കുമ്പോൾ ഗുരു പഠിക്കുകകൂടിയാണ്,ശിഷ്യനെ,ആയവസ്ഥയെ....താൻ ആ, സ്ഥാനത്തായിരുന്നപ്പോൾ അറിയാത്തതു പലതും,അനുഭവിക്കാ ത്തതു പലതും ഗുരുവെന്ന അവസ്ഥയിൽ നിന്നുകൊണ്ടു
  പഠിക്കുമ്പോൾ സ്വായത്തമാക്കുവാൻ കഴിയും....

  ReplyDelete
  Replies
  1. Cent percent correct. Though not a guru or advisor, I learn a lot in this exercise.

   Delete
 3. Vipinkumar wrote in FB: നമസ്കാരം സാർ.....///നിരവധി യുദ്ധങ്ങൾ ജയിച്ച 'വിജയനാ'ണ് താനെങ്കിലും ഭീക്ഷ്മർ, ദ്രോണർ തുടങ്ങിയ മഹാതേജസ്‌വികളോട് ഇന്നാദ്യമായാണ് യുദ്ധം ചെയ്യേണ്ടതെന്നു മനസ്സിലാക്കിയ അർജ്ജുനന്റെ മനസ്സ് സ്വാഭാവികമായും ഒന്നു പിടഞ്ഞു കാണണം. ഇന്നുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത താനിവിടെ പരാജയപ്പെടുമോ എന്ന ഭയം അർജ്ജുനനിൽ ജനിച്ചിരിക്കാം. //// അർജ്ജുനന് ഭയമുണ്ടെന്ന് തോന്നുന്നില്ല.കാരണം ഭീക്ഷ്മപർവ്വം 6 ആമത്തെ പർവ്വമാണ്,നാലാമത്തെ പർവ്വത്തിൽ,വിരാടപർവ്വത്തിൽ അജ്ഞാതവാസക്കാലത്ത് കുരുക്ഷേത്രത്തിൽ അണിനിരന്നിരിക്കുന്ന,ഭീക്ഷ്മർ,ദ്രോണർ..തുടങ്ങി വലിയ സൈന്യവുമായി കൗരവർ വിരാടരാജ്യത്തെ ആക്രമിക്കുകയുണ്ടായി അപ്പോൾ ബൃഹന്ദളയായി അർജ്ജുനൻ വിരാടപുത്രനായ ഉത്തരൻ്റെ തേരാളി ആവുകയും മഹാരഥന്മാരുടെ സൈന്യത്തെ കണ്ട് ഭയപ്പെട്ടപ്പോൾ അർജ്ജുനനാണ് ഒറ്റക്ക് ദ്രോണരെയും,ഭീക്ഷ്മരെയും,കർണ്ണനെയുമൊക്കെ പരാജയപ്പെടുത്തിയത്..അവിടെ അർജ്ജുനൻ ഒറ്റയ്ക്ക് ആണ് ആ മഹാസൈന്യത്തെ പരാജയപ്പെടുത്തിയത്,ഇവിടെ ഏഴ് അക്ഷ്വൗഹിണിയും കൃഷ്ണനും കൂടെയുള്ളപ്പോൾ ഭയമാണ് അർജ്ജുനനുണ്ടായിരുന്നതെന്നത് പുനർവിചിന്തനം ചെയ്യേണ്ടതാണ്...

  ReplyDelete
  Replies
  1. പ്രതികരണത്തിനും അജ്ഞാതവാസക്കാലത്തെ പാണ്ഡവരുടെ കൗരവരുമായുള്ള യുദ്ധം ഓർമ്മപ്പെടുത്തിയതിനും നന്ദി.

   കുരുക്ഷേത്ര യുദ്ധഭൂമിയിൽ ബന്ധുമിത്രാദികളെ നോക്കിക്കണ്ട ശേഷം അർജ്ജുനൻ പ്രകടിപ്പിക്കുന്ന ശാരീരികാസ്വാസ്ഥ്യവും അതേത്തുടർന്ന് നടത്തുന്ന യുക്തിക്കു നിരക്കാത്ത വർത്തമാനങ്ങളും അർജ്ജുനന്റെ സമനിലതെറ്റിയ അവസ്ഥയെയാണല്ലോ കാണിക്കുന്നത്? യുദ്ധം ചെയ്യൂന്നതിനെക്കാൾ മരിക്കുന്നതായിരിക്കും നല്ലതെന്നു വരെ ചിന്തിക്കാൻ അർജ്ജുനനെ പ്രേരിപ്പിക്കുന്നതു കടുത്ത നിരാശാബോധം (deep depression) തന്നെയാണല്ലോ? നല്ല ധൈര്യവും മന:ക്കട്ടിയുമുള്ള ഒരാൾ എത്ര പ്രതിസന്ധി ഘട്ടമായാലും ഇത്ര വൈകാരികമായി പ്രതികരിക്കുമോ? ശ്ലോകങ്ങൾ പലതും കാണിക്കുന്നത് അർജ്ജുനന്റെ ഹൃദയദൗർബല്യത്തെയാണ്. ദുർബ്ബലഹൃദയത്തിലല്ലേ ഭയം ജനിക്കൂ? ബന്ധുക്കളോടുള്ള മമത ഒന്നുകൊണ്ടു മാത്രം അർജ്ജുനനു ഇത്ര കടുത്ത ആത്മഹത്യാപരമായ ചിന്തകൾ ഉണ്ടായി എന്ന് കരുതാൻ കഴിയില്ല.

   അജ്ഞാതവാസക്കാലത്തെ യുദ്ധത്തിൽ ഒരു യോദ്ധാവിന്റെ മിടുക്കു കാണിക്കേണ്ട കാര്യമേ അർജ്ജുനനു ണ്ടായിരുന്നുള്ളൂ എന്നു ചിന്തിക്കാം. തോറ്റാൽ പോലും അദ്ദേഹത്തെ ആർക്കും കുറ്റം പറയാൻ കഴിയില്ല. താനാരാണെന്ന് ആർക്കും അറിയുക പോലും ഇല്ല. അർജ്ജുനനെ ആശ്രയിച്ചു നിൽക്കുന്ന കുരുക്ഷേത്രയുദ്ധത്തിൽ തോറ്റാൽ അങ്ങിനെയല്ല. അത് അപമാനവും സർവ്വനാശവുമായിരിക്കും വരുത്തി വക്കുക. ഇങ്ങനെ ചിന്തിച്ചാൽ, അഹംഭാവമുള്ള ഒരു ദുർബ്ബല ചിത്തന്റെയുള്ളിൽ ഭയം ജനിക്കില്ലേ? കുരുക്ഷേത്രയുദ്ധത്തിൽ ഭാവിയെക്കുറിച്ചുള്ള ഭയാശങ്കകൾ അർജ്ജുനനെ അലട്ടുന്നുണ്ടെങ്കിൽ അങ്ങിനെയൊരു ചിന്തക്ക് വിരാടയുദ്ധത്തിൽ സ്ഥാനമില്ലായിരുന്നു എന്നും കരുതാം.

   ഇതൊക്കെ എന്റെ ചിന്തകൾ മാത്രമാണ്. അർജ്ജുനന്റെ ഭാവപ്പകർച്ചക്ക്‌ ശരിയായ ഒരുത്തരം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നുവെന്നേയുള്ളൂ.

   Delete
 4. The 'scientific' approach and explanation to Arjuna's depression is really commendable. It has, indeed, turned out to be a very practical and understandable commentary on the Gita's early slokas. It is this attitude of Sri Mohandas to see it from an ordinary mortal's perspective that appeals to me. It's a befitting reply to the
  School of thought which says Gita' is unscientific and that it glorifies war. On the other hand your musings, i am sure, will establish strongly that it is marvellous scientific treatise. Well done my dear friend.

  ReplyDelete
  Replies
  1. Thanks dear KGR for the thoughtful comments. Yes, indeed Gita is a marvellous scientific treatise. For that matter most of our scriptures too belong to this category, though often we fail to appreciate this and look at these texts with preconcieved notions and blind bhakthi.

   Delete