Friday, October 14, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 5

കുരുക്ഷേത്രയുദ്ധഭൂമിയിൽ ശാരീരികമായും മാനസികമായും തളർന്നു യുദ്ധം ചെയ്യാൻ മടി കാണിക്കുന്ന അർജ്ജുനൻ, അതിനായി നിരത്തുന്ന കാരണങ്ങളിൽ ആദ്യത്തേതായ 'ബന്ധുമിത്രാദികളോടുള്ള സ്നേഹം' നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞു. താൻ ആർജ്ജിച്ച 'മതപരമായ സംസ്കാരം' യുദ്ധം ചെയ്യുന്നതിൽ നിന്നും തന്നെ പിൻതിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെങ്ങിനെയാണെന്നാണ്‌ ഇനി അർജ്ജുനൻ പറയാൻ പോകുന്നത്. നമുക്കതൊക്കെ ഒന്നു കേൾക്കാം.  ഇതെല്ലാം തന്നെ കടുത്ത നിരാശാബോധത്തിൽപ്പെട്ടുഴലുന്ന അർജ്ജുനന്റെ യുക്തിരഹിതമായ വാക്കുകളാണെന്നു കഴിഞ്ഞ ഭാഗങ്ങളിൽ വിശദമാക്കിയിട്ടുള്ളതാണ്.

അർജ്ജുനൻ തുടരുകയാണ്.

നിഹത്യ ധാർതരാഷ്ട്രാന്ന: കാപ്രീതി: സ്യജനാർദ്ദന
പാപമേവാശ്രയേദാസ്മാൻ ഹത്വയിതാനതതായിനാ (ശ്ലോകം: 36)

(ഹേ, ജനാർദ്ദനാ, ധൃതരാഷ്ട്രപുത്രന്മാരെ കൊന്നിട്ട് നമുക്ക് എന്ത് സന്തോഷമുണ്ടാവാനാണ്? ആതതായികളായ ഇവരെ  കൊന്നാൽ പാപം മാത്രമായിരിക്കും നമുക്ക് ഫലം).

തസ്മാന്നാർഹാ വയം ഹന്തും ധാർതരാഷ്ട്രാൻ സ്വബാന്ധവാൻ
സ്വജനം ഹി കഥം ഹത്വ സുഖിനഃ സ്യാമ മാധവ  (ശ്ലോകം: 37)

(അതുകൊണ്ട്, ഹേ മാധവാ, സ്വബന്ധുക്കളായ ധൃതരാഷ്ട്രപുത്രന്മാരെ ഞങ്ങൾ കൊല്ലാൻ പാടില്ല. ബന്ധുക്കളെ കൊന്നിട്ട് എങ്ങിനെയാണ് സുഖമായിരിക്കുക?)

ആശകൊണ്ടു വിവേകശൂന്യമായ മനസ്സോടുകൂടിയ ദുര്യോധനാദികൾ കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷത്തെയും ബന്ധുദ്രോഹത്താലുള്ള പാപത്തെയും അറിയുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷത്തെ അറിയുന്ന ഞങ്ങൾ ഈ പാപത്തിൽ നിന്നും പിന്തിരിയണമെന്ന്, ഹേ  ജനാർദ്ദനാ, എങ്ങിനെ ആലോചിക്കാതിരിക്കും? (ശ്ലോകം: 38 & 39)

കുലം നശിക്കുമ്പോൾ സനാതനങ്ങളായ കുലധർമ്മങ്ങൾ നശിക്കുന്നു. ധർമ്മം നശിക്കുമ്പോൾ കുലത്തെ മുഴുവൻ അധർമ്മം ബാധിക്കുന്നു (ശ്ലോകം: 40)

ഇതേ വിധത്തിൽ പാപപുണ്യം, കുലക്ഷയം, ധർമ്മാധർമ്മം, സ്വർഗ്ഗനരകം തുടങ്ങിയ മതചിന്തകളെ ആടിസ്ഥാനമാക്കിയുള്ള അർജ്ജുന പരിദേവനങ്ങൾ ചിലതു കൂടി ഗീതയുടെ ഈ ഒന്നാം അദ്ധ്യായത്തിലുണ്ട്. മുകളിൽ പരാമർശിച്ച ശ്ലോകങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാം.

ശ്ലോകങ്ങളിലെ 'ജനാർദ്ദനാ' എന്ന സംബോധന പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ പദത്തിന്റെ അർത്ഥം 'ജനങ്ങളുടെ രക്ഷകൻ' എന്നാണ്‌. ഈ വിശേഷ നാമത്തിലൂടെ അഭിസംബോധന ചെയ്യുന്നതിലൂടെ, ദുര്യോധനാദികളുടെ വധം തെറ്റാണെന്നു പറയുന്ന തന്റെ നിലപാടിന്  'ജനരക്ഷക'നായ കൃഷ്ണന്റെ ഒത്താശ കിട്ടുമെന്നാണ് അർജ്ജുനന്റെ കണക്കുകൂട്ടൽ. രക്ഷകൻ ശിക്ഷ ഉപദേശിക്കരുതല്ലോ?  


ധൃതരാഷ്ട്രപുത്രന്മാർ ആതതായികളാണെങ്കിലും അവരെ കൊന്നാൽ പാപമുണ്ടാകുമെന്നാണ്‌ അർജ്ജുനൻ പറയുന്നത്. അതതായികളെന്നാൽ കൊടും പാതകികൾ, വധാർഹർ എന്നൊക്കെയർത്ഥം. ''അഗ്നിദോഗരദശ്ചയ്വ ശാസ്ത്രപാണിർധനാപഹ: ക്ഷേത്രദാരാ ച ഷഡേതേ ആതതായിന:'' എന്നാണു സ്മൃതിവചനം. അതായത്, വീടിനു തീ വയ്ക്കുന്നവൻ, വിഷം കൊടുക്കുന്നവൻ, ആയുധമേന്തി വധിക്കാൻ വരുന്നവൻ, ധനം അപഹരിക്കുന്നവൻ, സ്വത്തിന്റെ യഥാർത്ഥ അവകാശിയെ ദ്രോഹിച്ചു സ്വത്തു കൈവശമാക്കുന്നവൻ, സ്ത്രീയെ അപഹരിക്കുന്നവൻ, ഈ ആറുപേരും ആതതായികളാകുന്നു. 'ഈ കൊടും കുറ്റങ്ങൾ ചെയ്യുന്നവരെ കണ്ടാൽ ഒരു മടിയും കൂടാതെ വധിക്കണം, ഇവരെ കൊല്ലുന്നവർക്ക് പാപം ഏൽക്കയില്ല' (ആതതായിനമായാന്തം ഹന്യാദേ വിചാരയാൻ നാത വധേ ദോഷോ ഹന്തുഭവതി കശ്ചന) എന്നാണു സ്‌മൃതിശാസനം. ദുര്യോധനാദികൾ ഈ കുറ്റങ്ങളൊക്കെ ചെയ്തിട്ടുള്ളവരാകയാൽ അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണ്. പക്ഷേ, യുദ്ധം ചെയ്യാതിരിക്കാനുള്ള ന്യായീകരണത്തിനായി പുണ്യപാപം, കുലക്ഷയം തുടങ്ങിയ ധർമ്മശാസ്ത്ര ശാസനങ്ങളെ കൂട്ടു പിടിക്കുന്ന അർജ്ജുനൻ, അതേ ധർമ്മശാസ്ത്രങ്ങൾ തന്നെ വധാർഹമായി കാണുന്ന ദുഷ്ക്കർമ്മങ്ങൾ ചെയ്തിട്ടുള്ള ദുര്യോധനാദികളെ വധിക്കാൻ മടികാണിക്കയാണ്. അതിനു പറയുന്ന ന്യായമോ? അവരെ വധിച്ചാൽ പാപമാകുമത്രേ!

എന്താണീ പാപം? നമ്മൾ ആരെയെങ്കിലും - ഒരു തീവ്രവാദിയെ തന്നെയാണെന്നിരിക്കട്ടെ - കൊലപ്പെടുത്തിയാൽ അതു വലിയ കുറ്റമാണ്, പാപമാണ്. നമുക്കു ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണത്. ഇക്കർമ്മം തന്നെ അതിനു നിയുക്തനായ ഒരു പട്ടാളക്കാരൻ ചെയ്തെന്നിരിക്കട്ടെ; അത് അഭിനന്ദനീയമായ കർമ്മമാണ്‌. ഭരണകൂടം ആ പുണ്യകർമ്മത്തിൻറെ പേരിൽ അദ്ദേഹത്തെ ആദരിക്കും. വെറുതെ ഒരു പുലിയെ കൊന്നാൽ കുറ്റമാണ്, ജീവരക്ഷാർത്ഥം അതു ചെയ്‌താൽ കുറ്റമല്ല. 'ഒരു കർഷകന്റെ വിളകളെ വെട്ടുകിളി നശിപ്പിക്കുകയാണെങ്കിൽ ആ വിളകളെ രക്ഷിക്കാനായി വെട്ടുകിളികളെ നശിപ്പിക്കാനായിരിക്കും ഞാനാദ്യം നിർദ്ദേശിക്കുക' എന്ന് അഹിംസാവാദിയായ മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത് ഇത്തരുണത്തിൽ പ്രസക്തമാണ്. അതായത്, പുണ്യപാപങ്ങൾ നിർണ്ണയിക്കുന്നത് കർമ്മമല്ല; മറിച്ചു സമൂഹത്തിന്റെ നടത്തിപ്പിനായി നാം സൃഷ്ട്ടിക്കുന്ന നിയമങ്ങൾ ആ കർമ്മത്തെ എങ്ങനെ കാണുന്നു എന്നതാണെന്നർത്ഥം. അതുകൊണ്ടു തന്നെ ഒരിടത്തു പുണ്യമാകുന്ന കർമ്മം മറ്റൊരിടത്തു പാപമാകുന്നു. അങ്ങിനെ തികച്ചും ആപേക്ഷികമായ ഒരു കാര്യത്തെ (പാപം) കൂട്ടുപിടിച്ചാണ്, ധർമ്മശാസ്ത്രങ്ങളുടെ സമ്മതം ഉണ്ടായിട്ടു കൂടി, ധാർമ്മികമായി താൻ ചെയ്യാൻ ബാധ്യസ്ഥമായ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ അർജ്ജുനൻ ശ്രമിക്കുന്നത്.

ശ്ലോകം 37 ലെ 'തസ്മാത്' എന്നാൽ 'therefore' അല്ലെങ്കിൽ 'ആകയാൽ' എന്നർത്ഥം. ഒരു വിഷയത്തെ കാര്യകാരണ സഹിതം ചർച്ചചെയ്തുറപ്പിച്ചശേഷം അതിനെ ഉപസംഹരിക്കുമ്പോഴാണ് ഇങ്ങനെയൊരു ഭാഷാപ്രയോഗം നടത്താറുള്ളത്. ചർച്ച ചെയ്യുന്ന വിഷയത്തെ യുക്തിപരമായും ശാസ്ത്രീയമായും വിശകലനം ചെയ്തുറപ്പിച്ച ശേഷം ശ്രീകൃഷ്ണൻ ഇങ്ങനെ ഉപസംഹരിക്കുന്നതു ഗീതയിലെ ചില ശ്ലോകങ്ങളിൽകാണാം. പക്ഷേ അർജ്ജുനൻ ഇപ്പോൾ പറയുന്നതിന് യുക്തിയുടെയോ ശാസ്ത്രത്തിന്റെയോ പിന്തുണയൊന്നുമില്ല. പക്ഷേ, ദുര്യോധനാദികളെ വധിക്കുന്നത് തെറ്റാണെന്നു താൻ കാര്യകാരണസഹിതം കൃഷ്ണനെ ബോധ്യപ്പെടുത്തിയെന്നാണ് അർജ്ജുനന്റെ ചിന്ത. ആ സ്ഥിതിക്ക്, അവരെ കൊല്ലാൻ പാടില്ല എന്ന് അർജ്ജുനൻ അങ്ങുപസംഹരിക്കയാണ്. മുന്നിൽ കാണുന്ന വെല്ലുവിളിയെ നേരിടാൻ ധൈര്യമില്ലാതെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി പറയുന്ന യുക്തിക്കു നിരക്കാത്ത അബദ്ധപഞ്ചാംഗങ്ങളെല്ലാം വലിയ ശാസ്ത്രസത്യങ്ങളാണെന്നാണ് അർജ്ജുനൻറെ ചിന്ത. ഈ ശാസ്ത്രസത്യങ്ങളൊക്കെ കേട്ട് യുദ്ധത്തിൽ നിന്നും പിന്തിരിയാൻ 'ജനാർദ്ദന'നായ കൃഷ്ണൻ സമ്മതിക്കണം. അത്രമാത്രം! തന്റെ ഗുരുസ്ഥാനീയനായ കൃഷ്ണനോടാണ് ഈ വിവരദോഷമെല്ലാം വിളമ്പുന്നതെന്നു ചിന്തിക്കാൻ മാനസികമായി തകർന്ന അർജ്ജുനനു കഴിയുന്നില്ല എന്നതാണ്‌ കാര്യം.

ചിലരിങ്ങനെയാണ്. പറയുന്നതു ശുദ്ധ വിവരദോഷമാണെങ്കിലും താൻ പറഞ്ഞതാണ് ശരിയെന്നു പറഞ്ഞു മസിലു പിടിച്ചങ്ങു നിൽക്കും. അജ്ഞാനത്തിന്റെയും അഹംഭാവത്തിന്റെയും അമിതമായ ആത്മവിശ്വാസത്തിന്റെയും നിലവാരം കൂട്ടുന്നതിനനുസരിച്ചു പിടിയുടെ ശക്തി കൂടും. ചെറിയൊരുദാഹരണം  പറയാം. ശാസ്ത്രഗവേഷണങ്ങളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ, നമുക്ക് നൂറു ശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രം പറയാം, therefore, it has been concluded that......നൂറു ശതമാനം ഉറപ്പില്ലാത്ത ഒരു കാര്യമാണെങ്കിൽ ആ ഭാഷാപ്രയോഗത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകിയിരിക്കണം. അങ്ങിനെയൊരു സാഹചര്യത്തിൽ പറയേണ്ടത്, therefore it is highly likely that ......, therefore, it may probably imply that ....... എന്നിങ്ങനെയൊക്കെയാണ്. എന്റെ കൂടെ Ph.D എടുത്ത മിടുക്കനായ ഒരു വിദ്യാർത്ഥി; ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ എഴുതുമ്പോൾ അദ്ദേഹത്തിന്റെ ഭാഷ തികച്ചും അസന്ദിഗ്‌ദ്ധമായിരിക്കും. പറയുന്ന കാര്യത്തെക്കുറിച്ചു ഒരുറപ്പും ഇല്ലെങ്കിലും എന്റെ സുഹ്രുത്തെഴുതും, therefore, it has been proved beyond any doubt and hence concluded with absolute clarity that ......ഞാനെത്ര പറഞ്ഞാലും പുള്ളിക്കാരനു മനസ്സിലാകില്ല, താൻ ചിന്തിച്ചതാണ് ആ വിഷയത്തിന്റെ അവസാനവാക്കെന്ന് പറഞ്ഞു പിടിച്ചങ്ങു നിൽക്കും. ഇദ്ദേഹത്തിനു ബോധമുണ്ടാക്കി ശരിയായ ഭാഷയിലെഴുതിക്കാൻ എനിക്ക് നന്നേ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. എന്റെ യുവസുഹൃത്തിൻറെയും അർജ്ജുനന്റെയും പെരുമാറ്റം ഏതാണ്ട് ഒരുപോലെയാണ്; കാരണങ്ങൾ വേറെയാണെന്നേയുള്ളൂ.

അഹംഭാവമാകുന്ന മായയാൽ മിടുക്കനായ ശിഷ്യന്റെ ബോധം മറഞ്ഞു നിൽക്കുമ്പോൾ, ആ അഹംഭാവത്തെ നീക്കി ശിഷ്യനെ പൂർവാധികം ഊർജ്ജസ്വലനാക്കി കർമ്മപഥത്തിലേക്കു തിരിച്ചു വിടുകയാണ് യഥാർത്ഥ ഗുരു ചെയ്യുന്നത്‌. കുരുക്ഷേത്രഭൂമിയിൽ കൃഷ്ണൻ ചെയ്യുന്നതിതാണ്. നമ്മുടെ മനസ്സുകളിൽ ദിവസേന നടക്കുന്ന ധർമ്മാധർമ്മയുദ്ധങ്ങളിലും ഈ കർമ്മം നിർവഹിക്കാൻ ബോധമാകുന്ന കൃഷ്ണൻ സദാ സന്നദ്ധനാണ്. ആരാണോ ആത്മാർത്ഥമായി ആ സഹായം തേടുന്നത്, അവർക്കു മാത്രമേ അതു കിട്ടുകയുള്ളൂ എന്നു മാത്രം.

മതപരമായ ചിന്തകൾ അർജ്ജുനവിഷാദത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന ഗൗരവപരമായ വിഷയത്തിലേക്കു ഇനിയും നമുക്കു പോകേണ്ടതുണ്ട്. മഹാഭാരതരചന നടക്കുന്ന കാലത്തെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചുള്ള അറിവ്, ഈ വിഷയത്തെ നന്നായി മനസ്സിലാക്കുന്നതിനു സഹായിക്കും. ഈ ചരിത്ര പശ്ചാത്തലത്തിന്റെ ഒരു ഏകദേശ രൂപം ഈ പരമ്പരയുടെ ആമുഖത്തിൽ നൽകിയിട്ടുണ്ട്. മഹനീയമായ സനാതനമത ദർശനങ്ങളിൽ അധികാരിവർഗ്ഗങ്ങൾ നടത്തിയ അനാരോഗ്യമായ ഇടപെടലുകൾ കാരണം മതം ദുഷിക്കുകയും, ജനങ്ങൾ ഈ മതത്തിൽ നിന്നും അകന്നു പോകുകയും ചെയ്‌ത അക്കാലഘട്ടത്തിൽ, സനാതനധർമ്മാശയങ്ങളിൽ പറ്റിയ മാലിന്യങ്ങളെ തുടച്ചു മാറ്റി അതിനെ തിരികെ ജനമനസ്സുകളിൽ പ്രതിഷ്ഠിക്കാനുദ്ദേശിച്ചു വ്യാസനും വാത്മീകിയും നടത്തിയ യത്നങ്ങളിലെ പ്രകടനപത്രികകളാണ് ഇതിഹാസങ്ങൾ എന്ന്‌ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആശയപരമായും സാമൂഹികപരമായും മറ്റും ധാരാളം വൈരുദ്ധ്യങ്ങൾ അക്കാലത്തു നിലനിന്നിരുന്നു. സനാതനമെന്നു ഇന്നു നമ്മൾ വിശ്വസിക്കുന്ന ഹൈന്ദവദർശനങ്ങൾ പോലും ചോദ്യം ചെയ്യപ്പെട്ട കാലം. ഈശ്വരാനുണ്ടെന്നു ഒരുപക്ഷം വാദിക്കുമ്പോൾ അങ്ങിനെയൊരു ചിന്തയേ അബദ്ധമെന്നു മറ്റൊരു കൂട്ടർ. യാഗങ്ങളും യജ്ഞങ്ങളുമാണ് ഈശ്വരാനുഗ്രഹത്തിനു വേണ്ടതെന്ന് സമ്പന്നതയിൽ തത്പരരായ വൈദികസമൂഹത്തിലെ ഒരു കൂട്ടർ വാദിച്ചപ്പോൾ  സ്വാർത്ഥതയുടെ കറയും തൽഫലമായുണ്ടാകുന്ന പാപവും ഫലമാകുന്ന അമ്മാതിരി കർമ്മങ്ങൾ ഉപേക്ഷിച്ചു സർവ്വസംഗപരിത്യാഗിയായി വനാന്തരങ്ങളിൽ സന്യാസജീവിതം നയിക്കയാണ് മോക്ഷമാർഗ്ഗം എന്ന് മറ്റൊരു കൂട്ടർ. ഇങ്ങനെയുള്ള പലവിധ വൈരുദ്ധ്യചിന്തകളാൽ വിഘടിച്ചു നിന്ന ഹൈന്ദവസമൂഹത്തിൽ സമന്വയത്തിന്റെ പുതൊയൊരു പാത വെട്ടിത്തെളിക്കുക എന്ന പുണ്യകർമ്മമാണ് ഭഗവത് ഗീതയിലൂടെ ഗീതാകാരൻ ചെയ്തത്. അന്നുവരെ നിലനിനിന്ന എല്ലാ ആർഷഭാരത ചിന്താധാരകളുടെയും നല്ല വശങ്ങളെ തിരഞ്ഞെടുത്തു, അത് തന്റെ ധിഷണയിലൂടെ ഊതിക്കാച്ചി പൊന്നാക്കിയും അതേസമയം  അനാവശ്യവും സമൂഹത്തിനു ഗുണകരമല്ലാത്തതുമായ ആശയങ്ങളെ നിരാകരിച്ചും ആണ് വ്യാസമഹർഹി ഈ വിശ്വോത്തര ആത്മീയഗ്രന്ഥം രചിച്ചിട്ടുള്ളത്. ഇനി ചർച്ച ചെയ്യാൻ പോകുന്ന ഗീതാ ഭാഗങ്ങളിൽ പലയിടങ്ങളിലും ഇപ്പറഞ്ഞ ചരിത്രപശ്ചാത്തലം ശരിയ്ക്കും പ്രതിഫലിക്കുന്നതു കാണാം. ഈ ചരിത്രപശ്ചാത്തലത്തിൽ തത്പരരായുള്ളവർ ഈ പരമ്പരയുടെ ആമുഖഭാഗങ്ങൾ  ബ്ലോഗിൽ കൊടുത്തിട്ടുള്ളത് വായിക്കുന്നത് നന്നായിരിക്കും.

ശരി, നമുക്കിനി അടുത്തയാഴ്ച കാണാം.

16 comments:

 1. ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം. (ജനാർദ്ദനൻ എന്ന വാക്കിന്റെ അർത്ഥത്തെ പറ്റി ഇന്നുവരെ ചിന്തിച്ചിരുന്നില്ല.) Thanks a lot.

  ReplyDelete
  Replies
  1. Thanks Nair for the very first comment to this post.I am happy that you enjoyed reading it.

   Delete
 2. Simply splendid, dear sri Mohandas. In fact i had goose bumps, reading it, almost in one breath. Very logical explanation of ur refreshing 'arguement' of the real reason for Arjuna's depression. The creative acumen of Vyasa in his choice of words are beyond compare. Just that we have to understand it properly, for which we have to not only read the Gita but also study it. I am sure the so studious will definetely benefot by following your commentary.

  ReplyDelete
 3. Kindly read benefit( not benefot ) in my cmnt.

  ReplyDelete
 4. That's fine. Thanks a lot KGR. It is an honour to hear such nice words of appreciation from someone like you.

  ReplyDelete
 5. Narayanan Variar wrote in FB: യുദ്ധഭൂമിയിൽ ശ്രീകൃഷ്ണഭഗവാനല്ലാതെ ആരുംതന്നെ തനിക്ക് സഹായം ഇല്ല എന്ന ബോധം ഉള്ളത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം യുദ്ധം ചെയ്തത്. യുദ്ധാനന്തരം വരുന്ന ഒരു കഥയാണല്ലൊ സന്താനഗോപാലം അർജ്ജുനൻ ഭഗവാന്റെ സാന്നിദ്ധ്യം ഇല്ലാത്ത സമയത്ത് ബ്രാഹ്മണനെ സഹായിക്കാൻ പുറപ്പെട്ട് വിഷമത്തിൽപെട്ട കാര്യം

  ReplyDelete
 6. അമിതമായ ആത്മവിശ്വാസത്തിൽ നിന്നും ഉണ്ടാകുന്ന അഹംഭാവം അർജ്ജുനവ്യക്തിത്വത്തിന്റെ ഒരു കുറവായിട്ടാണ് പുരാണകഥകൾ ചിത്രീകരിക്കുന്നത്. വ്യക്തിത്വത്തിന്റെ ഭാഗമാകുന്നത്‌ എല്ലാ സന്ദർഭങ്ങളിലും പ്രസക്തമല്ലേ?

  ReplyDelete
 7. Dr Balamurali wrote in FB: ആത്മവിശ്വാസവും അഹ്ങ്കാരവും തമ്മിൽ ഒരു ലോലചർമ്മത്തിന്റെ വേർതിരിവേയുള്ളൂ വിവേകത്തോടുകൂടിയ വിനയമാകുന്ന ആ ചർമ്മം,വിദ്യസ്വായത്തമാകുന്നനിമിഷം വരെ സംരക്ഷിക്കപ്പെടേണ്ടതുക്കൂടി ഗുരുധർമ്മത്തിൽ നിക്ഷിപ്തമാണ്....അതിന് ആ ലോകഗുരു തന്നെപ്രാപിക്കുന്ന ഓരോ അർജ്ജുനമനസിലും കാവൽ നിൽക്കുന്നു.....എക്കാലവും....

  ReplyDelete
 8. It was a good article. The analysis of Janardhanan was so exemplary. It is a critical literary review on spirituality from a scientist who is a seasoned writer in Malayalam. So we are getting the finest essence of all the fields of his expertise. Thank u uncle

  ReplyDelete
 9. Aravindakshan nair wrote in FB: ശ്രീ കെ എസ് മോഹൻദാസ് ജിയുടെ പ്രൗഢ ഗംഭീരമായ ആഖ്യാനം. മലയാളത്തിൽ ഇത്ര അർത്ഥവത്തായി ഭഗവത് ഗീതയെക്കുറിച്ചു ആഖ്യാനമുണ്ടോ എന്ന് സംശയമാണ്. ഈ ഗ്രൂപ്പിൽ കൂടി പോസ്റ്റുചെയ്യുകയും എല്ലാവരും വായിക്കുകയും ചെയ്യുന്നത് ഭാഗ്യമെന്നു കരുതുന്നു. ഒരുപാടു നന്ദിയുണ്ട് സർ.

  ReplyDelete
  Replies
  1. എൻ്റെ ഗീതാവിശകലനം അങ്ങേയ്ക്ക് ഇഷ്ട്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്.അഭിപ്രായത്തിനു നന്ദി.

   Delete
 10. Sujatha Iyer wrote in FB: Gita yathra athigambheeram, athimadhuram.Really getting every scene with exact expressions.

  ReplyDelete
 11. Really liked the way in which u have presented it...As u said..most of us are half knowledged and are always trying to establish beyond doubt that "we are always correct"!

  ReplyDelete
 12. YES, THAT'S HUMAN NATURE. THANKS FOR APPRECIATION.

  ReplyDelete