Monday, October 24, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 6

ആശകൊണ്ടു വിവേകശൂന്യമായ മനസ്സോടുകൂടിയ ദുര്യോധനാദികൾക്കു കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷവും പാപവുമൊന്നും അറിയില്ലെങ്കിലും, അതൊക്കെ നന്നായി അറിയുന്ന ഞങ്ങൾക്ക് സനാതനങ്ങളായ കുലധർമ്മങ്ങൾ സംരക്ഷിച്ചു ധർമ്മം നശിക്കാതെ നോക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ തന്നെ യുദ്ധത്തിൽ നിന്നും പിന്തിരിയേണ്ടതുണ്ടെന്നും അർജ്ജുനൻ പറയുന്നിടത്താണ് നമ്മൾ കഴിഞ്ഞയാഴ്ച  നിർത്തിയത്. അർജ്ജുനൻ  തുടർന്നു പറയുന്നതു കേൾക്കാം.

അധർമ്മാഭി ഭവാത് കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാർഷ്ണേയ ജായതേ വർണ്ണസങ്കര: (ശ്ലോകം 1: 41)

(വൃഷ്ണിവംശജനായ കൃഷ്ണാ, അധർമ്മം ബാധിക്കുമ്പോൾ കുലസ്ത്രീകൾ ദുഷിക്കുന്നു. സ്ത്രീകൾ ദുഷിക്കുമ്പോൾ വർണ്ണസങ്കരം സംഭവിക്കുന്നു)

സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയ (ശ്ലോകം 1: 42 )

(വർണ്ണസങ്കരം കുലനാശകന്മാർക്കും കുലത്തിനും നരകഹേതുവായി ഭവിക്കുന്നു. ഇവരുടെ പിതൃക്കൾ പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ നിലംപതിച്ചു പോകുന്നു)

ദോഷൈരേതയ്: കുലഘ്നനാം വർണ്ണസങ്കരകാരകൈ
ഉത്സാദ്യന്തേ ജാതിധർമ്മ: കുലധർമ്മാശ്ച ശാശ്വതഃ (ശ്ലോകം 1: 43)

(കുലഘാതകന്മാരുടെ വർണ്ണസങ്കരമുണ്ടാക്കുന്ന ദോഷങ്ങളാൽ ശാശ്വതങ്ങളായ ജാതിധർമ്മങ്ങളും കുലധർമ്മങ്ങളും നശിച്ചു പോകുന്നു)

ഉൽസന്നകുലധർമ്മാണാം മനുഷ്യാണാം ജനാർദ്ദനാ
നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ  (ശ്ലോകം 1: 44)

(ഹേ, ജനാർദ്ദനാ, കുലധർമ്മം ക്ഷയിച്ചുപോയ  മനുഷ്യരുടെ വാസം എന്നും നരകത്തിലാണെന്നു ഞങ്ങൾ  കേട്ടിട്ടുണ്ട്)

അഹോബത മഹത്പാപം കർതും വ്യവസിതാ വയം
യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാ: (ശ്ലോകം 1: 45)

(അഹോ, കഷ്ടം. വലിയ പാപം ചെയ്യാൻ നാം ഒരുങ്ങിയിരിക്കുന്നു. രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാൻ നാം ഒരുങ്ങിയല്ലോ ?)

ഈ അവസാന ശ്ലോകം (1:45) പ്രാധാന്യം അർഹിക്കുന്നതാണ്. അതുകൊണ്ട് അതൊന്നു പരിശോധിച്ചിട്ടു പിറകിലേക്ക് പോകാം. അർജ്ജുനൻ ഇപ്പറഞ്ഞതു കേട്ടോ? "രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാൻ നാം ഒരുങ്ങിയല്ലോ"? അപ്പോൾ ഇതിനൊക്കെ വേണ്ടിയായിരുന്നോ അർജ്ജുനൻ യുദ്ധം ചെയ്യാൻ വന്നത്? പക്ഷേ ഇതിലൊന്നും തനിക്കൊട്ടും താത്പര്യമില്ലെന്നല്ലേ അൽപ്പം മുൻപു വരെ അർജ്ജുനൻ പറഞ്ഞത്? അധർമ്മത്തെ നശിപ്പിച്ചു ധർമ്മത്തെ പുനഃ:സ്ഥാപിക്കാൻ വേണ്ടിയെടുത്ത സുചിന്തിതമായ ഒരു തീരുമാനമായിരുന്നില്ലേ ഈ യുദ്ധം? മറ്റാരേക്കാളും അതറിയാവുന്നത് അർജ്ജുനനാണ്. മറ്റുമാർഗ്ഗങ്ങളെല്ലാം അടഞ്ഞു കഴിഞ്ഞു, യുദ്ധം അനിവാര്യമായപ്പോൾ അതിൽ തീവ്രദുഃഖിതനായ യുധിഷ്‌ഠരനെ ധർമ്മയുദ്ധത്തിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി മനസ്സുമാറ്റിയെടുത്ത അർജ്ജുനനാണിപ്പോൾ ഇങ്ങനെ പറയുന്നതെന്നു മനസ്സിലാക്കണം. ഭീരുത്വം അർജ്ജുനവ്യക്തിത്വത്തെ അടിമപ്പെടുത്തിയിരിക്കുന്നു. 'അയ്യോ, കഷ്ടം. വലിയ പാപം ചെയ്യാൻ ഞങ്ങൾ ഒരുങ്ങിയല്ലോ"എന്നൊക്കെ പറഞ്ഞുള്ള ഈ വിലാപം കാണിക്കുന്നത് ചങ്കുറപ്പില്ലായ്മയാണ്. അതിനു മറയായിട്ടു സ്വജനപ്രേമവും മതചിന്തകളും ഒക്കെ പൊങ്ങിവരുന്നുവെന്നുമാത്രം. സാഹചര്യങ്ങളുടെ സമ്മർദ്ദം ദുർബ്ബലഹൃദയനായ അർജ്ജുനന്റെ ക്ഷാത്രവീര്യത്തെ നിശ്ശേഷം നശിപ്പിച്ചിരിക്കുന്നു (ക്ഷുദ്രം ഹൃദയദൗർബല്യം, ത്വക്തോത്തിഷ്ഠ പരന്തപഃ)! തീവ്രപ്രതിസന്ധിഘട്ടങ്ങളാകുന്ന കുരുക്ഷേത്രഭൂമികളിൽ  വികാരത്തിനടിമപ്പെട്ടു മനസ്സു ബുദ്ധിയെ കീഴ്പ്പെടുത്തിക്കഴിയുമ്പോൾ ഈ അർജ്ജുനസ്വഭാവം തന്നെയാണ് മനുഷ്യരെല്ലാം കാണിക്കാറുള്ളത്.

ഇനി അർജ്ജുനവിഷാദത്തിന്റെ മതപരമായ ചിന്തകളെ വിശകലനം ചെയ്യാം. മുകളിൽ കൊടുത്തിട്ടുള്ള പല ശ്ലോകങ്ങളിലും ആവർത്തിച്ചു കാണുന്ന ചില വാക്കുകളാണ് കുലം, കുലക്ഷയം, കുലധർമ്മം. യുദ്ധം കാരണം കുലങ്ങൾ ക്ഷയിക്കുമെന്നും കുലങ്ങൾ ക്ഷയിക്കുമ്പോൾ കുലധർമ്മങ്ങൾ നശിക്കുമെന്നും അത് അധർമ്മത്തിനും അരാജകത്വത്തിനും വഴിവക്കുമെന്നുമാണ് അർജ്ജുനൻ പറയുന്നത്. സമൂഹത്തിന്റെ ശ്രേയസ്സ്, അതിലെ കുലങ്ങളുടെ മഹിമയുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നാണ് അർജ്ജുനൻ ഇപ്പറഞ്ഞതിന്റെയർത്ഥം. വാർഷ്ണേയാ (വൃഷ്ണിവംശജനായ കൃഷ്ണാ) എന്ന് കൃഷ്ണനെ അഭിസംബോധന ചെയ്യുന്നതു തന്നെ ഈ കുലമഹിമയെ സൂചിപ്പിക്കാനാണ്. 'കുലമഹിമയുള്ള അങ്ങേക്കറിയാമല്ലോ, യുദ്ധം കൊണ്ട് കുലങ്ങൾ നശിച്ചാൽ രാജ്യത്ത്‌ അധർമ്മം വിളയാടുമെന്ന്‌; ധർമ്മസ്നേഹിയായ അങ്ങ് അതുകൊണ്ടു യുദ്ധത്തിൽ നിന്നും പിന്തിരിയാനുള്ള എന്റെ തീരുമാനത്തെ പിന്താങ്ങണെ'! പൂച്ച എങ്ങിനെ വീണാലും നാലു കാലിലായിരിക്കും വീഴുക. പാവം അർജ്ജുനന്റെ കാര്യവും അതുപോലെയാണ്. എവിടെ പറഞ്ഞു തുടങ്ങിയാലും പ്രതി അവസാനമെത്തുന്നത് ഒരിടത്തു തന്നെയാണ്; 'കൃഷ്ണാ, യുദ്ധം ചെയ്യാനെന്നെ നിർബന്ധിക്കരുതേ, ജനാർദ്ദനാ, രക്ഷിക്കണേ'!!!


ഭാരതീയ സംസ്കാരത്തിൽ പിൻതലമുറക്കാർ അനുവർത്തിച്ചുപോന്ന മഹനീയാദർശങ്ങളും സംസ്കാരചിന്തകളും തലമുറ തലമുറകളിലേക്ക് കൈമാറപ്പെടുന്നത് കുലങ്ങളിൽ കൂടിയാണ്. അതുകൊണ്ടു തന്നെ കുലനാശം വരുത്തുന്നതൊന്നും അഭികാമ്യമല്ല എന്ന അർജ്ജുനചിന്ത ശരി തന്നെയെന്നു പറയാം. പക്ഷേ കടുത്ത മാനസിക വിഭ്രാന്തിയിൽ ആടിയുലഞ്ഞു നിൽക്കുന്ന അർജ്ജുനൻ, ബോധമില്ലാതെ ഇതുവരെ പറഞ്ഞതെല്ലാം തലതിരിഞ്ഞ സംഗതികളാകയാൽ ഇപ്പോൾ പറയുന്ന 'കുല'വിഷയത്തിനും അങ്ങിനെയൊരു വിപരീതമാനം കൽപ്പിക്കേണ്ടതുണ്ട്. ധർമ്മശാസ്ത്രങ്ങൾ, സനാതനധർമ്മത്തിൽ പുരട്ടിയ മാലിന്യങ്ങളെ ശുദ്ധീകരിക്കുകയാണ് ഇതിഹാസരചനയുടെ പ്രധാന ഉദ്ദേശ്യം തന്നെയെന്ന് ആമുഖത്തിൽ പറഞ്ഞിരുന്നല്ലോ? അങ്ങിനെ നോക്കുമ്പോൾ, ഈ ധർമ്മശാസ്ത്രങ്ങൾ ഉയർത്തിപ്പിടിച്ചതും ബഹുഭൂരിപക്ഷം ജനങ്ങളെയും ഹൈന്ദവധർമ്മത്തിൽ നിന്നും അകറ്റാൻ കാരണമായതുമായ ഈ 'കുല-വർണ്ണ-സ്വർഗ്ഗനരക' മതവിഷയങ്ങളെ വ്യാസൻ ഗീതയിൽ കൊണ്ടുവന്നിരിക്കുന്നത് ഈ ശുദ്ധീകരണോദ്ദേശത്തോടുകൂടിയാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പോൾ 'കുലം'  എന്നതുകൊണ്ട് അർജ്ജുനൻ ഉദ്ദേശിക്കുന്നതു ശ്രുതിസ്മൃതിഃശാസനങ്ങളുടെ അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥയാണെന്നും 'കുലമഹിമ' എന്നത് സമൂഹത്തിന്റെ മേൽത്തട്ടിലുള്ള സവർണ്ണ അധികാരിവർഗ്ഗത്തിന്റെ മഹിമയുടെ വിഷയം മാത്രമാണെന്നും വായിച്ചെടുക്കേണ്ടി വരും. കീഴാളന്മാരായ (ശൂദ്രന്മാരായ) ഭൂരിപക്ഷ ജനസാമാന്യത്തിനെന്തു കുലവും കുലമഹിമയും?  യുദ്ധം കാരണം വർണ്ണസങ്കരം സംഭവിച്ചാൽ നശിക്കുന്നത് മേൽജാതിക്കാരുടെ കുലവും മഹിമയും ആണ്, കീഴ്‌ജാതിക്കാരന്റേതല്ല. ധർമ്മശാസ്ത്രങ്ങൾ അക്കാലത്തു (ഇക്കാലത്തും) സമൂഹത്തിൽ സൃഷ്ട്ടിച്ച മതചിന്തകളാണ് അർജ്ജുനൻറെ വാക്കുകളിൽ നിഴലിക്കുന്നത്. മനുസ്മൃതിയിലെ പല ശ്ലോകങ്ങളും പഠിച്ചാൽ ഈ ലോകം സൃഷ്ടിച്ചിരിക്കപ്പെട്ടിരിക്കുന്നതു തന്നെ ജാതിവ്യവസ്ഥയുടെ മേൽത്തട്ടിലുള്ള ഒന്നു രണ്ടു ജാതികളിലെ കുറെ ആളുകൾക്കു വേണ്ടിമാത്രമാണെന്നും ബാക്കിയുള്ളവരൊക്കെ കൃമികീടങ്ങളുമാണെന്നും തോന്നിപ്പോകും. ഈ തലതിരിഞ്ഞ ചിന്തയാണ് 'കുലമഹിമ' യിലൂടെ അർജ്ജുനൻ പറഞ്ഞുവക്കുന്നത് എന്ന് വേണം കരുതാൻ. സമത്വസുന്ദരമായൊരു ലോകത്തെ വിഭാവനം ചെയ്യുന്ന (ലോകസമസ്താ സുഖിനോഭവന്തു:) സനാതനധർമ്മമെന്ന മഹനീയ ആശയമെവിടെ, മനുഷ്യരെ മനുഷ്യരുടെ അടിമയാക്കുന്ന അബദ്ധജഡിലവും സങ്കുചിതവും അശാസ്ത്രീയവുമായ ധർമ്മശാസ്ത്ര സിദ്ധാന്തങ്ങളെവിടെ? സനാതനധർമ്മത്തെ ക്ഷയിപ്പിക്കാൻ കാരണമായ ഇതുപോലെയുള്ള പല അപഭ്രംശങ്ങളെയും 'അർജ്ജുനവിഷാദത്തി'ലൂടെ ഗീതയിൽ അവതരിപ്പിച്ചു, ആ തെറ്റായ ധാരണകൾക്കുള്ള ശരിയുത്തരം ഈശ്വരനായ കൃഷ്ണനെക്കൊണ്ട്‌ പറയിച്ചു, അതിലൂടെ സനാതനധർമ്മത്തിൽ പറ്റിപ്പിടിച്ച അഴുക്കുകളെ നീക്കി, ഹൈന്ദവധർമ്മത്തെ തിരികെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുക എന്നത് ഇതിഹാസ (ഗീത) രചനയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു എന്നതിനുള്ള തെളിവുകളാണ് ഇവിടെ പരാമർശിച്ച ശ്ലോകങ്ങളെന്നു ന്യായമായും കണക്കാക്കാം.

യുദ്ധമുണ്ടായാൽ സ്വദേശികളും പരദേശികളുമായ പല ജാതിക്കാരും കുലസ്ത്രീകളെ അടിമപ്പെടുത്തും. ഈ 'കുലസ്ത്രീ' പ്രയോഗം ചില പ്രത്യേക ജാതിയിലുള്ളവരുടെ കുലങ്ങളെ ഉദ്ദേശിച്ചാണെന്നിനി പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ? ഇങ്ങനെ സ്ത്രീകൾ ദുഷിച്ചാൽ വർണ്ണസങ്കരം ഉണ്ടാകുമെന്നാണ് അർജ്ജുനൻ പറയുന്നത്. വർണ്ണസങ്കരത്തെ, ജാതിമിശ്രം എന്നാണ് അർജ്ജുനൻ പറയുന്നതെങ്കിലും സനാതനമതസംസ്കാരത്തിലെ 'വർണ്ണ'ത്തിന്റെ ശരിയായ അർഥം അതല്ല. ഒരു സമൂഹത്തിലെ ആളുകളെ, അവരുടെ പ്രകൃത്യായുള്ള ഗുണങ്ങളുടെയും കഴിവുകളുടെയും അടിസ്ഥാനത്തിൽ വേർതിരിച്ചു കർമ്മരംഗത്തു വിന്യസിക്കുന്നതിലൂടെ സമൂഹത്തിനു കൈവരാവുന്ന പരമാവധി ഉൽപ്പാദനക്ഷമതയെയാണ് (productivity) 'ചാതുർവർണ്യം' എന്ന മഹനീയ ആശയത്തിൽ കൂടി നമ്മുടെ പൂർവികർ മുന്നോട്ടുവച്ചത്;  അല്ലാതെ അർജ്ജുനനും നമുക്കും പരിചിതമായ ജന്മാധിഷ്ഠിതമായ ജാതിവ്യവസ്ഥ എന്ന സാമൂഹിക പ്രശ്നമല്ല  (ഇനി വരും അദ്ധ്യായങ്ങളിൽ ചാതുർവർണ്ണ്യത്തെക്കുറിച്ചു ഭഗവാൻ പറയുന്നുണ്ട്. ഈ വിഷയം അവിടെ വിശദമായി ചർച്ച ചെയ്യാം). യുദ്ധം മൂലം സ്ത്രീകൾ ദുഷിക്കുമ്പോൾ ജാതിവ്യവസ്ഥ തകർക്കപ്പെടുകയും അങ്ങിനെ അനഭിലഷണീയമായ ജാതിക്കലർപ്പുകൾ സംഭവിക്കുമെന്നുമാണ് അർജ്ജുനൻ  ചിന്തിക്കുന്നത്. അർജ്ജുനന്റെ ഈ വികലമായ 'വർണ്ണ'ചിന്തക്കുള്ള മറുപടി വരും അദ്ധ്യായങ്ങളിൽ കൃഷ്ണൻ പറയുന്നുണ്ട്. അർജ്ജുനൻ ചിന്തിക്കുന്ന പോലെ യുദ്ധം കൊണ്ടു ജാതിക്കലർപ്പുണ്ടായി, അതിന്റെ പേരിൽ സമൂഹം അധർമ്മത്തിൽ ആണ്ടുപോകും എന്നൊക്കെ  ചിന്തിക്കുന്നതിനേക്കാളും നന്ന്, നിലവിലുള്ള അധാർമ്മികമായ സാമൂഹ്യവ്യവസ്ഥയെ ഉടച്ചു വാർത്ത് അതിന്റെ സ്ഥാനത്തു പുരോഗനോന്മുഖമായ ധാർമ്മികവ്യവസ്ഥയെ യുദ്ധം പ്രതിഷ്ഠിക്കുമെന്ന് ആശിക്കുകയും അതിനായി പ്രവർത്തിക്കുകയുമല്ലേ യോദ്ധാവിന് അഭികാമ്യം?  ധർമ്മയുദ്ധം ചെയ്യാൻ വന്ന അർജ്ജുനൻ അങ്ങിനെയല്ലേ ചിന്തിക്കേണ്ടത്? യോദ്ധാവിനു തത്വം പ്രസംഗിക്കാനുള്ള സ്ഥലമല്ല യുദ്ധഭൂമി; പ്രവർത്തിക്കാനുള്ള സ്ഥലമാണ്. യുദ്ധം ചെയ്യുക എന്നതാണ് യോദ്ധാവിന്റെ ധർമ്മം. അതു നിർവഹിക്കാതെ, വികലമായ ശാസ്ത്രങ്ങളെ ഉദ്ധരിച്ചു, അതിൽ ന്യായീകരണം കണ്ടെത്തി, യുദ്ധത്തിൽ നിന്നും പിന്തിരിയണമെന്നു ചിന്തിക്കുന്ന അർജ്ജുനൻറെ ഭീരുത്വമാണ് യഥാർത്ഥത്തിൽ ഇവിടുത്തെ അധാർമ്മികത! ഇതൊക്കെ കൃഷ്ണനറിയാമെങ്കിലും, അർജ്ജുനൻ പറഞ്ഞു തീരാനായി, അദ്ദേഹം ഒരക്ഷരം ഉരിയാടാതെ നിൽക്കയാണ്.

യുദ്ധം ചെയ്യാതിരിക്കാനുള്ള മാർഗ്ഗം തേടലിന്റെ ഭാഗമായിട്ടാണ് ധർമ്മശാസ്ത്രചിന്തകളെ അർജ്ജുനൻ ഉപയോഗിക്കുന്നതെങ്കിലും വികലവും അശാസ്ത്രീയവുമായ മതചിന്തകൾ അർജ്ജുനൻറെ വ്യക്തിത്വത്തിൽ (നമ്മുടെയും) എത്രമാത്രം ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്നതു നാം കാണേണ്ടതുണ്ട്. യുദ്ധഭൂമിയിൽ ഊർജ്വസ്വലനായി പ്രവൃത്തിക്കേണ്ട ഒരു ലോകോത്തര ക്ഷത്രിയയോദ്ധാവിനെ കർമ്മവിമുഖനാക്കാൻ പോന്നതായിരിക്കുന്നു നരകഭയം പോലെയുള്ള  മതചിന്തകൾ! അപ്പോൾ നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? 'ഒരു പൂച്ച വാഹനത്തിനു കുറുകെ ചാടിയാൽ അന്നത്തെ ദിവസം പോക്കായി' എന്നു പറഞ്ഞു വീട്ടിലിരിക്കുന്ന എത്രയോ അന്ധവിശ്വാസികൾ നമുക്കിടയിലുണ്ട്? കണ്മുൻപിൽ കാണുന്നതിനെപ്പോലും വിശ്വസിക്കാൻ മടിക്കുന്ന മനുഷ്യർ, ഇന്നുവരെ ആരും കണ്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ, വിദൂരതയിലെവിടെയോ ഉണ്ടെന്നു മതം പറയുന്ന, സ്വർഗ്ഗ-നരക ഭാവനകളെ  സത്യമെന്നു കരുതി കണ്ണുമടച്ചു വിശ്വസിച്ചു, എന്തൊക്കെയാണിവിടെ കാട്ടിക്കൂട്ടുന്നത്? മനുഷ്യരുണ്ടാക്കിയ മതഭാവനകളുടെ ശരിതെറ്റുകൾ  ആരെങ്കിലും നമുക്കു പറഞ്ഞു മനസ്സിലാക്കിത്തരേണ്ടേ? ആ കർമ്മമാണ്‌ കൃഷ്ണനിലൂടെ ഗീതാകാരൻ ഭഗവത് ഗീതയിൽ നിർവഹിക്കുന്നത്. അത് സശ്രദ്ധം കേൾക്കാനും മനസ്സിലേക്ക് ആവാഹിക്കാനും ശ്രമിച്ചാൽ ഈ സ്വർഗ്ഗ-നരകങ്ങളൊക്കെ നമ്മുടെ മനസ്സിൽ തന്നെയാണുള്ളതെന്നും സ്വർഗ്ഗപ്രാപ്തിക്കു വേണ്ടി മനുഷ്യർ നോക്കേണ്ടത് വെളിയിലേക്കല്ല, ഉള്ളിലേക്കാണ് എന്നതും നമുക്കു ശരിക്കും ബോദ്ധ്യമാകും.

'അർജ്ജുനവിഷാദത്തി'ന്റെ  മതചിന്തകളെക്കുറിച്ചിനിയും അൽപ്പം കൂടി ചർച്ച ചെയ്യേണ്ടതുണ്ട്, അടുത്തയാഴ്ചയാകട്ടെ.  

16 comments:

 1. DrBalamurali KS wrote in FB: പ്രതിരോധത്തിന് അനുയോജ്യമായ ആയുധം തെരഞ്ഞെടുത്തു/തേടി ഉപയോഗിക്കുന്നത്,യുക്തിപൂർവ്വം സാധ്യമാകുന്നത്... ജന്മസിദ്ധമായ വസാനയിലൂടെതന്നെയാണ്..അതിനു good connectivity വേണം(Super Conscious)പ്രതിരോധത്തിലൂടെ മനുഷ്യൻ സംഘർഷത്തിൽ അടിപ്പെടുമ്പോൾ അത് നഷ്ടമാകുന്നു.....ദുർബലതയും നിസ്സഹായതയും കീഴ്പ്പെടുത്തുന്നു...

  ReplyDelete
 2. Mohan Poduval wrote in FB: Vivekananda swamy parannhathu orkkunnu.

  ReplyDelete
 3. Sudhindra Mahendra Nath wrote in FB: My comment on blog: Actually the Sudarshanam is moving to greater heights from just analysing Gita to questioning social problems that we face in India. The way Arjuna fluctuating the things is very much identical to fake babas who uses verses to make money and power. So a non partisan reading of our texts like Sudarshanam can only redeem the heritage of India and its society.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 4. Thanks Mahi. In fact I am only trying to interpret the gita slokas vis-a-vis the historical background of the times. Due to this, it is necessary to discuss the caste system prevalent at that time. Otherwise I do not intent to discuss it as it is a very touchy subject to many. My interest is only the Gita subject at hand.Well, it is true that many of the social conditions exited a few thousands of back in this country still exists here.

  ReplyDelete
 5. Radhakrishnan Nair K G wrote in FB: Dear sri Mohandas i couldn't get this part of the article in the homepage of your blog despite several attempts for the past three days. So i had to get from the archives. Hence directly commenting here.
  So the dices are slowly falling into place. You are cementing ur arguement that the epics were written by Vyaasa (& valmeeki) to bring back the lost sheen of the 'Sanaatana dharma' by the truncated interpretations of many of its lofty ideas, for material gain and gaining control of the society by vested interests. Well done sri. Mohandas.

  ReplyDelete
 6. Thanks for the comments. Yes, the backbone of my Gita analysis is sanathana dharma.

  ReplyDelete
 7. The heaven and hell are here only...and our "krma " is a continuous process...Good interpretation sir

  ReplyDelete
 8. Vijayakumar PK wrote in FB: സാർ...വിവേകാനന്ദന്റെ കേരള സന്ദർശന കാലത്തെ പോലെ ജാതി വ്യവസ്ത മഹാഭാരത കാലത്ത് ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല.ശുദ്രനായ വിദുരനാണ് പ്രധാനമന്ത്രി.ഇനി ഏകലവ്യൻ യാദവനായിരുന്നു.കർണ്ണൻ രാജകൊട്ടാരത്തിലെ ഗുകുലത്തിലാണ് പഠിച്ചത്.

  ReplyDelete
  Replies
  1. സനാതന ധർമ്മത്തിന് ധർമ്മശാസ്ത്രങ്ങൾ ഉണ്ടാക്കിയിട്ടുള്ള ജാതീയമായ അപചയം ആണ് 2500 വർഷങ്ങൾക്കു മുൻപ് ഹിന്ദുമതം നശിച്ച്, അതിന്റെ സ്ഥാനത്ത് ബുദ്ധ-ജൈന മതങ്ങൾ ആവിർഭവിക്കാൻ കാരണം. ഇതെല്ലാം വളരെ വിശദമായി ഈ പരമ്പരയുടെ ആമുഖ (നാലു ഭാഗങ്ങൾ)ത്തിൽ ചർച്ച ചെയ്തിട്ടുള്ളതാണ്. നോക്കുമല്ലോ?

   Delete
  2. Vijayakumar PK in FB:ആഭാഗങ്ങൾ വായിച്ചിരുന്നു സാർ ...ജാതിയമായ അപചയങ്ങൾ ആചാര പരമായ അപചയങ്ങളല്ലേ എന്നു തോന്നൽ...അന്ന് യാഗങ്ങൾക്ക് മൃഗബലി നടന്നിരുന്നു.അത് ഒരു വലിയ വിഭാഗം ജനങ്ങൾക്ക് എതിർപ്പുണ്ടായിരുന്നു..കാരണം ഈ രണ്ടു മതവിഭാഗങ്ങളുടേയും...ആശയത്തിൽ ഒരു തിവ്രവാദ അഹിംസ കാണാം..(ബിമ്പിസാരന്റേ ആടുകൾ) സസ്യങ്ങൾക്കും ജീവനുണ്ടന്ന് അതിന് ശേഷമാണ് ജെ സി ബോസ് പറഞ്ഞത്..

   Delete
  3. ആചാരപരമായ അപചയങ്ങൾ മാത്രമല്ല. മഹാഭാരതത്തിനു മുമ്പുണ്ടായ മനുസ്മൃതിയിലെ പല ശ്ളോകങ്ങളും തീവ്രജാതി നിലപാടുകളാണ് കാണിക്കുന്നത് (1-91,11-84,8-418,9-334,9-3,9-313,9-322).

   Delete
 9. Santhakuari P Achthan wrote in FB: പുതിയ കാഴ്ചപ്പാടി കൂടെയുള്ള ഈ വ്യാഖ്യാനം ഉത്തമം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  ReplyDelete