Friday, October 28, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 7

യുദ്ധം മൂലം സ്ത്രീകൾ ദുഷിച്ചു, വർണ്ണസങ്കരമുണ്ടായാൽ അത് കുലക്ഷയത്തിനു കാരണമാകുമെന്നും അങ്ങിനെ കുലനാശത്തിലൂടെ ശാശ്വതങ്ങളായ ജാതിധർമ്മങ്ങളും കുലധർമ്മങ്ങളും നശിച്ചു പോകും എന്നും മറ്റുമുള്ള അർജ്ജുനൻറെ ചിന്തകളാണ് കഴിഞ്ഞയാഴ്ച നമ്മൾ ചർച്ച ചെയ്തത്.

സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയ  (ശ്ലോകം: 42)

(വർണ്ണസങ്കരം കുലനാശകന്മാർക്കും കുലത്തിനും നരകഹേതുവായി ഭവിക്കുന്നു. ഇവരുടെ പിതൃക്കൾ പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ നിലംപതിച്ചു പോകുന്നു)

വർണ്ണമിശ്രത്തെയുളവാക്കുന്ന കുലദ്രോഹികളുടെ ഈ വിധ ദോഷങ്ങൾ നിമിത്തം ചിരകാലമായി നിലനിന്നുപോരുന്ന ജാത്യാചാരങ്ങളും കുലാചാരങ്ങളും നശിക്കാൻ ഇടയാകുന്നു (ശ്ലോകം: 43)

ഹേ, ജനാർദ്ദനാ, കുലധർമ്മം ക്ഷയിച്ചുപോയ  മനുഷ്യരുടെ വാസം എന്നും നരകത്തിലാണെന്നു ഞങ്ങൾ  കേട്ടിട്ടുണ്ട് (ശ്ലോകം: 44)

എന്നീ ശ്ലോകങ്ങളും കഴിഞ്ഞ ലക്കത്തിൽ എഴുതിയെങ്കിലും അത് ചർച്ചക്കെടുത്തില്ല. അതൊന്നു ചിന്തിച്ചു നോക്കാം (ഞാനൊരു മതപണ്ഡിതനല്ല, ആത്മീയവിഷയത്തിൽ തൽപ്പരനായ ശാസ്ത്രഗവേഷകൻ മാത്രം. അതിനാൽ തന്നെ മതവിഷയത്തേക്കുറിച്ചു ഞാൻ എന്റേതായ ഒരഭിപ്രായവും ഇവിടെ എഴുതാറില്ല. ഭഗവത് ഗീതയെയും അതിൽ പരാമർശിച്ചിട്ടുള്ള മതവിഷയങ്ങളെയും ശാസ്ത്രീയമായി വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് എനിയ്ക്കു തോന്നിയിട്ടുള്ള സമാദരണീയരായ ആചാര്യന്മാരുടെ അഭിപ്രായങ്ങളെ, ഭഗവത് ഗീതയുടെ സനാതനഃ ധർമ്മ പശ്ചാത്തലവുമായി സമന്വയിപ്പിച്ചു, എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്നതിലേക്കായി, എന്റേതായ ഒരു ശൈലിയിൽ എഴുതുന്നുവെന്നു മാത്രം).

മുകളിൽ കൊടുത്ത ശ്ലോകങ്ങളിൽ നമുക്കു ചർച്ച ചെയ്യേണ്ട  രണ്ടു മതവിഷയങ്ങളാണ് പിതൃരക്ഷയും നരകവാസവും. ജീവിച്ചിരിക്കുന്ന പിൻഗാമികൾ വർഷത്തിലൊരിക്കൽ നൽകുന്ന ആഹാരവും ജലവും ആത്മലോകത്തിൽ നിലകൊള്ളുന്ന പൂർവികരുടെ ആത്മാക്കൾക്ക് പോഷകമായി ഭവിക്കുന്നു എന്ന് ഹിന്ദുമത വിശ്വാസികൾ വിശ്വസിക്കുന്നു. സദ്ഭാവനകൾ ഏറെ നിറഞ്ഞ ഒരു അന്ധവിശ്വാസമാണിതെന്നാണു പണ്ഡിതമതം. ആത്മാക്കൾ ആഹാരം കഴിക്കാനൊന്നും പോകുന്നില്ല. എന്നാൽ ആ പൂർവ മനുഷ്യരിൽ നിന്നും ജന്മം കൊണ്ടു വളർന്ന നമ്മൾ വർഷത്തിലൊരിക്കൽ അവരെ സ്മരിക്കുമ്പോൾ, അത് അവർ വച്ചുപുലർത്തിയിരുന്ന ജീവിതമൂല്യങ്ങളോടും ആശയങ്ങളോടുമുള്ള ആദരവായി കണക്കാക്കാം. മണ്മറഞ്ഞ മുൻതലമുറയോടു നാം കാണിക്കുന്ന സ്നേഹവും ആദരവും നമ്മുടെ കുഞ്ഞുങ്ങൾ കണ്ടു പഠിക്കുമ്പോൾ അതൊരു നല്ല സംസ്കാരകത്തിന്റെ തുടർച്ചയാകുകയാണ്. മാതാപിതാക്കളെ 'നടതള്ളുന്ന' ഇക്കാലത്ത് സാംസ്കാരികത്തുടർച്ചയെ സാദ്ധ്യമാക്കുന്ന ഇങ്ങനെയുള്ള സദ്ഭാവനകൾക്ക് പ്രസക്തിയേറെയാണ്. ഈ വിഷയത്തെക്കുറിച്ചു ചിന്മയാനന്ദ സ്വാമികൾ  പറയുന്നതു നമുക്കൊന്നു കേൾക്കാം.

"സ്വർഗ്ഗത്തിലെ മണിമേടകളുടെ മട്ടുപ്പാവിലിരുന്നുകൊണ്ട് പൂർവികന്മാർ (പിതൃക്കൾ) നമ്മുടെ ജീവിതരീതിയെ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും, നമ്മുടെ ധർമ്മാചരണം അവർക്ക് അന്നമാണെന്നും, അധർമ്മാചരണം അന്നം മുടക്കുന്നതാണെന്നും ഉള്ള കവിഭാവന എത്ര ഉദാത്തമായിരിക്കുന്നു!.....ജീവിതതീർത്ഥയാത്രയിൽ, ഇരുളടഞ്ഞ മാർഗ്ഗത്തിൽ വെളിച്ചം പകരുന്ന പന്തമത്രെ സംസ്കാരം. പൂർവികരിൽ നിന്ന് പിൻതലമുറയ്ക്കു കൈമാറി കൈമാറി അത് നമ്മുടെ കയ്യിലെത്തിയിരിക്കുന്നു. പൈതൃകമായി ലഭിച്ച ഈ പന്തത്തിനു തെളിവു കൂട്ടാൻ പറ്റിയില്ലെങ്കിലും കുറയ്ക്കാതെയെങ്കിലും നോക്കേണ്ട ചുമതല നമുക്കുണ്ട്. നമ്മുടെ സന്തതികൾക്ക് നാമതു കൈമാറുകയും വേണം"


യുദ്ധം കാരണം വർണ്ണസങ്കരം സംഭവിച്ചു, കുലങ്ങൾ നശിക്കുന്നതോടെ ധർമ്മത്തെ സംരക്ഷിച്ചു നിർത്തുന്ന ഇങ്ങനെയുള്ള ആചാരങ്ങൾ മുടങ്ങുമെന്നും അങ്ങിനെ സംഭവിച്ചാൽ പിതൃക്കൾ നരകത്തിലേക്ക് പതിക്കുമെന്നും അവയുടെ ശാപം കാരണം അതിനു കാരണക്കാരായവരും നരകത്തിൽ പതിക്കുമെന്നുമാണല്ലോ അർജ്ജുനൻ പറയുന്നത്. മുകളിൽ പറഞ്ഞതുപോലെ 'പിണ്ഡോദകക്രിയ' നല്ലൊരു സംസ്കാരത്തിന്റെ ഭാഗമാണെങ്കിലും അതു ചെയ്തില്ലെങ്കിൽ നരകവാസമായിരിക്കും ഫലം എന്നു പറയുന്നത് അശാസ്ത്രീയമാണ്. താത്വികമായ മതവീക്ഷണം മാത്രമാണിത്. മനസ്സിന് സന്തോഷവും സംതൃപ്തിയും സമാധാനവും തരുന്ന അവസ്ഥയാണ് സ്വർഗ്ഗം. അതുപോലെ മനസ്സ് അശാന്തമായി, നിരാശാബോധത്തിലും ദുഃഖത്തിലും അമർന്നു കഴിയുമ്പോളുള്ള അവസ്ഥയാണ് നരകം. ഹൈന്ദവസംസ്കാരത്തിലെ സ്വർഗ്ഗനരകങ്ങൾ നമ്മുടെ മനസ്സിന്റെ സൃഷ്ടികളാണ്, അല്ലാതെ പഴയ സിനിമകളിലൊക്കെ കാണിക്കാറുള്ളതുപോലെ ഭൂമിയിൽ നിന്നും വേറിട്ട രണ്ടന്യലോകങ്ങളല്ല. താത്വികമായ മതാശയങ്ങളെ ബോധപൂർവം മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്കിതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ ചിലരങ്ങനെയല്ല,  ഇതൊക്കെ അക്ഷരാർഥത്തിൽ ശരിയാണെന്നു വിശ്വസിച്ചു ജീവിക്കുന്നവരാണവർ. അർജ്ജുനനും ഇങ്ങനെയൊരാളാണ്; അല്ലെങ്കിൽ ആണെന്നു നടിയ്ക്കുന്നു. ഫലമോ, ഭാരതഖണ്ഡത്തിലെ ഏറ്റവും സമർത്ഥനായ ക്ഷത്രിയവീരൻ നരകഭയത്തിന്റെ പേരിൽ സ്വധർമ്മമായ യുദ്ധം ഉപേക്ഷിക്കാൻ തയ്യാറാവുകയാണ്. ഇതിൽപ്പരം ലജ്ജാകരമായ കാര്യമെന്തുണ്ട്? അധർമ്മത്തെ നശിപ്പിച്ചു ധർമ്മസംസ്ഥാപനം ലക്ഷ്യമാക്കിയ ഒരു മഹായുദ്ധത്തിനെ തൻറെ അശാസ്ത്രീയമായ വ്യക്തിചിന്തകളിലേക്ക് ചുരുക്കി അതിന്റെ അർത്ഥവ്യാപ്തി തന്നെ നശിപ്പിക്കുകയാണ് അർജ്ജുനനിവിടെ ചെയ്യുന്നത്. അർജ്ജുനന്റെ ഈ അബദ്ധചിന്തകളെയൊക്കെ കൃഷ്ണൻ നേരേയാക്കിയെടുക്കുന്നതു നമ്മളിനി കാണാൻ പോകുകയാണ്. സത്യത്തിൽ അർജ്ജുനനോടു മാത്രമല്ല, അന്ധവിശ്വാസങ്ങൾക്കടിമപ്പെട്ടു, സമൂഹത്തിനു ഗുണകരമല്ലാത്ത കർമ്മങ്ങൾ ചെയ്തുകൂട്ടുന്ന ഓരോ മനുഷ്യരോടും കൂടിയാണ് കൃഷ്ണൻ ഇനി സംസാരിക്കാൻ പോകുന്നത്. സമത്വസുന്ദരമായൊരു ലോകത്തെയാണ് സനാതനധർമ്മം ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യമനസ്സിന്റെ വികാസം കൊണ്ടേ ഇത് സാദ്ധ്യമാകൂ. ജാതി, മതം, സ്വാർത്ഥമോഹങ്ങൾ, ഇന്ദ്രിയവൃത്തികൾ, വിശ്വാസങ്ങൾ.... എല്ലാം കൂടി മനുഷ്യമനസ്സുകളെ ബന്ധനത്തിലാക്കിയിരിക്കയാണ്; അതിന്റെ നിഷ്ക്കളങ്കമായ ഈശ്വരപ്രകൃതത്തെ മറച്ചിരിക്കയാണ്. ഈ മായാബന്ധനത്തിൽ നിന്നും മനസ്സുകളെ മുക്തമാക്കുകയാണ് വേണ്ടത്. ലോകാനുഗ്രഹകാരിയായ ഈ കർമ്മമാണ്‌ ശ്രീകൃഷ്ണൻ ഭഗവത് ഗീതയിലൂടെ ചെയ്യുന്നത്.

യദീ മാമ പ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ
ധാർതരാഷ്ട്രാ രണേ ഹന്യുസ്തൻമേ ക്ഷേമതരം ഭവേത് (ശ്ലോകം: 46)

(എതിർക്കാതെയും ആയുധം എടുക്കാതെയും ഇരിക്കുന്ന എന്നെ ആയുധമേന്തിയ ധൃതരാഷ്ട്രപുത്രന്മാർ പോരിൽ കൊല്ലുമെങ്കിൽ അതെനിക്ക് കൂടുതൽ ക്ഷേമകരമായിരിക്കും).

സഞ്ജയ ഉവാച:

ഏവമുക്ത്വർജ്ജുന സംഖ്യേ രഥോപസ്ഥ ഉപവിശത്
വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ (ശ്ലോകം: 47)

(സഞ്ജയൻ പറഞ്ഞു: ഇത്രയും പറഞ്ഞിട്ട് അർജ്ജുനൻ യുദ്ധക്കളത്തിൽ അമ്പും വില്ലും ഉപേക്ഷിച്ചു തേർത്തട്ടിൽ ശോകാകുലചിത്തനായി ഇരുന്നു)

ശ്ലോകം: 46 ഒന്നു ശ്രദ്ധിച്ചു വായിച്ചോളൂ. അർജ്ജുനൻ പറയുന്നതു കേട്ടാൽ തോന്നും അദ്ദേഹം മഹാമനസ്ക്കനായ ഒരു ത്യാഗിയാണെന്ന്. 'ഞാൻ കൊല്ലാൻ വന്നവർ എന്നെ കൊന്നോട്ടെ' എന്നു പറയണമെങ്കിൽ മറ്റാർക്കാണ് കഴിയുക? യുദ്ധം ചെയ്യാനായി ഇന്തോ-പാക്കിസ്ഥാൻ അതിർത്തിയിൽ ശത്രുസേനയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടാള ഓഫീസർ കരഞ്ഞുകൊണ്ട് ഇന്ത്യക്കാരോട് ഇങ്ങനെ പറഞ്ഞാൽ നമുക്കെന്തു തോന്നും? പുശ്ചമല്ലേ തോന്നുക? കുരുക്ഷേത്രയുദ്ധഭൂമി ആകെയൊന്നു നോക്കിക്കണ്ട നിമിഷം അർജ്ജുനനുള്ളിലുദിച്ച പരാജയഭീതി, അഹംഭാവത്തിൽ തട്ടി 'കൃപ'യായി ചമഞ്ഞു, ക്രമേണ വികാസം പ്രാപിച്ചു 'ആത്മഹത്യാ' തലവും കഴിഞ്ഞിപ്പോൾ 'മഹാത്യാഗ'ത്തിന്റെ മുഖംമൂടിയണിഞ്ഞിരിക്കയാണ്. ഭയം, അതാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. അതിന്റെ ബഹിർസ്ഫുരണങ്ങൾ പലരിലും പലവിധത്തിലാണ് പ്രകടമാകുന്നത്. അതിനെ ജയിച്ചാലേ ജീവിതയുദ്ധങ്ങളിൽ വിജയിക്കാൻ കഴിയൂ. ദൈവമുള്ളിടത്തു ചെകുത്താനിരിക്കാൻ കഴിയില്ലെന്നു പറയുമ്പോലെ ജ്ഞാനമുള്ളിടത്തു ഭയത്തിനു സ്ഥാനമില്ല. നമുക്കുള്ളിൽ കരിന്തിരി കത്തി നിൽക്കുന്ന ആത്മദീപത്തെ പ്രകാശിപ്പിച്ചു ഭയവിമുക്തനാവാനാണ് ഭഗവത് ഗീത ആഹ്വാനം ചെയ്യുന്നത്.10 comments:

 1. The topic chosen was good. But I wished to know more about the Pindabali offerings to ancestors. The correlation of Arjuna with Indian Army officer also gave a realistic view of the topic to the reader. Happy Diwali to all.

  ReplyDelete
  Replies
  1. thanks Mahi. We will discuss it in detail sometime, but for time being the info.given in the write up can be taken.

   Delete
  2. I think sri Mahi can refer to the Garudapuranam to clear his doubts on 'pindabali' etc. it is a comparatively small book that can be read in 2/3 days.

   Delete
 2. ഒറ്റവാക്കിൽ ഒരു അഭിപ്രായം പറഞ്ഞാൽ " ഭേഷ്". ഞാൻ പിതൃക്കൾക്ക് വേണ്ടിയുള്ള കർമ്മങ്ങൾ ചെയ്യാറില്ല. പിതൃസ്മരണ ഇപ്പോഴും ഉണ്ട്.

  ReplyDelete
  Replies
  1. happy to earn that you liked the article. It's enough if we remember the dead ones with gratitude for all that they have done for us.

   Delete
 3. Here sri KSM xplains how fear of failure can upset even well trained n equippped mind. It borders on cowardice. It takes a condescending attitude whereby it hallucinates that the very people who were to be vanquished may vanquish the illustrious warrior! Nicely n compactly written.

  ReplyDelete
 4. "ആത്മദീപത്തെ പ്രകാശിപ്പിച്ചു ഭയവിമുക്തനാവാനാണ് ഭഗവത് ഗീത ആഹ്വാനം ചെയ്യുന്നത്."

  ReplyDelete
 5. Vijayakumar P K wrote in FB:സാർ...പിതൃദർപ്പണം അതു നടത്തുന്ന ആൾക്ക് സമാധാനം നൽകുന്നു..കാരണം ജീവിതത്തിൽ എത്ര ശ്രദ്ധിച്ചാലൂം വ്യക്തികളോട് ജീവിച്ചിരിക്കുമ്പോൾ അവരുടെ താത്പര്യ അനുസരിച്ച് പെരുമാറാൻ കഴിയില്ല...

  ReplyDelete
  Replies
  1. ജീവിച്ചിരിക്കുമ്പോൾ അധാർമ്മികമായി പെരുമാറിയിട്ടു മരിച്ചു കഴിയുമ്പോൾ പിതൃതർപ്പണം ചെയ്‌താൽ എന്തെങ്കിലും ഗുണം ഉണ്ടാകുമെന്നെനിക്കഭിപ്രായമില്ല. ആത്മാക്കൾക്ക് ശക്തി ഉണ്ടെങ്കിൽ, ചിലപ്പോൾ ശാപമായിരിക്കും അങ്ങിനെയുള്ളവർക്കു കിട്ടാൻ സാധ്യത!

   Delete
 6. കണാട്ട് രാംദാസ് അന്തിക്കാട് wrote in FB: ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കൾക്ക് ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാത്തവരാ ആത്മാക്കൾക്ക് മോക്ഷം കിട്ടാൻ പിതൃഭർപ്പണം നടത്തുന്നത്.

  ReplyDelete