Thursday, November 10, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 1)

'യുദ്ധം ചെയ്യാൻ എനിക്കാവില്ല' എന്നും പറഞ്ഞു, അമ്പും വില്ലും താഴെയിട്ട്, ശോകാകുലനായി, മോഹാവേശിതമായ മനസ്സോടെ തേർത്തട്ടിലിരുന്ന അർജ്ജുനനെയാണ് നാം ഒന്നാം അദ്ധ്യായത്തിന്റെ അവസാനശ്ലോകത്തിൽ കണ്ടത്. ഇനി നമുക്ക് രണ്ടാം അദ്ധ്യായമായ "സാംഖ്യയോഗ'ത്തിലേക്കു കടന്നു ചെല്ലാം.

സാഖ്യം എന്ന പദത്തിന് പല അർത്ഥങ്ങളും പുസ്തകങ്ങളിൽ കാണാമെങ്കിലും 'ആത്മസാക്ഷാത്ക്കാരത്തിന്റെ ജ്ഞാനവഴി (knowledge) അല്ലെങ്കിൽ തത്വശാസ്ത്രത്തിലെ യുക്തിവിചാരം' എന്ന അർത്ഥതലത്തിൽ നമുക്കതിനെ മനസ്സിലാക്കാം. അശാസ്ത്രീയവും യുക്തിരഹിതവുമായ വാദമുഖങ്ങളിൽ പിടിച്ചു തൂങ്ങി 'യുദ്ധം ചെയ്യാൻ തനിക്കാവില്ല' എന്നും പറഞ്ഞു കരഞ്ഞു നിൽക്കുന്ന വികാരജീവിയായ അർജ്ജുനനിലെ വിവേകബുദ്ധിയെ ഉണർത്തി അയാളെ പൂർവ്വാധികം ഊർജ്ജ്വസ്വലനാക്കി യുദ്ധക്കളത്തിലേക്കു വിട്ടാൽ മാത്രമേ ആ ക്ഷത്രിയവീരന്റെ കഴിവുകൾക്കുള്ള പ്രയോജനം ഉണ്ടാകൂ എന്നു കൃഷ്ണനറിയാം. ആ കർമ്മമാണിവിടെ ശ്രീകൃഷ്ണൻ ഇനി ചെയ്യാൻ പോകുന്നത്. ചിന്തയിലൂടെ ബോധമണ്ഡലത്തെയുയർത്തിയാൽ മാത്രമേ മനുഷ്യനിൽ വിവേകബുദ്ധി (discriminatory intellect) ഉണർന്നു പ്രവർത്തിക്കൂ. വിവേകബുദ്ധി ഉണർന്നു പ്രവർത്തിച്ചു കഴിയുമ്പോൾ   അടിസ്ഥാനരഹിതവും അന്ധവിശ്വാസജഡിലവുമായ ചിന്തകൾ നമ്മിൽ നിന്നും മാറിപ്പോകുകയും കാര്യങ്ങളെ ശരിയാംവണ്ണം നോക്കിക്കണ്ടു കർമ്മങ്ങളനുഷ്ഠിക്കാൻ കഴിയുകയും ചെയ്യും. താത്വികമായ ഉപനിഷദ് സിദ്ധാന്തങ്ങളെ അവലംബമാക്കിക്കൊണ്ട് അർജ്ജുനനിലെ വിവേകബുദ്ധിയെ ഉണർത്തുന്ന പ്രക്രിയയാണ് 'സാംഖ്യയോഗ' ത്തിലൂടെ ഗീതാകാരൻ നിർവഹിക്കുന്നത്. ഇതുപോലെ തന്നെ ആത്മസാക്ഷാത്ക്കാരത്തിനായി കർമ്മവഴിയും (action) ഭക്തിവഴിയും (devotion) ഗീതയുടെ പ്രത്യേകം പ്രത്യേകം അദ്ധ്യായങ്ങളായി തുടർന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആത്മസാക്ഷാത്ക്കാരത്തിനായുള്ള ഈ മൂന്നു വഴികളെക്കുറിച്ചുമുള്ള വിശദമായ തത്വചിന്തകളും പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഗീതയുടെ ഉള്ളടക്കം. ഈ ആത്മവിഷയങ്ങളുടെ ഒരു സംക്ഷിപ്തരൂപമാണ്‌ രണ്ടാമദ്ധ്യായമായ 'സാംഖ്യയോഗ'ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം അദ്ധ്യായം പഠിച്ചാൽ ഭഗവത് ഗീത പഠിച്ചതിനു തുല്യമാകും എന്നൊരഭിപ്രായം അതിനാൽ തന്നെ പലരും രേഖപ്പെടുത്തിയിട്ടുമുണ്ട്. 

സഞ്ജയൻ, ധൃതരാഷ്ട്രരോട് പറയുന്ന ശ്ലോകത്തോടെയാണ് അദ്ധ്യായം തുടങ്ങുന്നത്.    

സഞ്ജയ ഉവാച: 

തം തഥാ കൃപയാവിഷ്ടമശ്രുപൂർണാകുലേക്ഷണം  
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ (ശ്ലോകം 2:1)

(സഞ്ജയൻ പറഞ്ഞു: അങ്ങിനെ മനസ്സലിഞ്ഞവനും കണ്ണുനീർ നിറഞ്ഞ കണ്ണുകളോടുകൂടിയവനും ദുഃഖിക്കുന്നവനുമായ അർജ്ജുനനോട് ശ്രീകൃഷ്ണൻ ഇപ്രകാരം പറഞ്ഞു)

ശ്രീഭഗവാനുവാച:

കുതസ്തുവാ കശ്‌മലമിദം വിഷമേ സമുപസ്ഥിതം 
അനാര്യജ്ജുഷ്ടമസ്വർഗ്ഗ്യമകീർത്തികരമർജ്ജുന (ശ്ലോകം 2:2) 

(ശ്രീ ഭഗവാൻ പറഞ്ഞു: എന്തുകൊണ്ടാണ് ഈ ദുർഘടകാലഘട്ടത്തിൽ ഈ മൗഢ്യം - ശ്രേഷ്ടന്മാർക്കു യുക്തമല്ലാത്തതും പരലോകപ്രാപ്തിക്കു വിരോധമായിട്ടുള്ളതും അപകീത്തിയെ ഉണ്ടാക്കുന്നതുമായ ഈ മൗഢ്യം - ഹേ, അർജ്ജുന നിന്നെ പ്രാപിച്ചത്?)  

ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗർബല്യം ത്വക്ത്യോത്തിഷ്ഠ പരന്തപഃ (ശ്ലോകം 2:3)  

(അല്ലയോ അർജ്ജുനാ, നീ ഭയത്തെ പ്രാപിക്കരുത്, ഇത് നിനക്ക് യോഗ്യമല്ല. അല്ലയോ പരന്തപ, മനസ്സിന്റെ തുശ്ചമായ അധൈര്യത്തെ കളഞ്ഞു നീ യുദ്ധത്തിനായി എഴുന്നേൽക്കുക)  

ശ്രീ ശങ്കരാചാര്യസ്വാമികളുടെ ഭഗവത് ഗീതാ വ്യാഖ്യാനത്തിൽ കൊടുത്തിരിക്കുന്ന ശ്ലോകാർത്ഥമാണ് മുകളിൽ നൽകിയിരിക്കുന്നത്. വിവേകാന്ദസ്വാമികളുടെ വ്യാഖ്യാനത്തിൽ 'ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ ' എന്നതിന് 'yield not to unmanliness Arjuna (പൗരുഷമില്ലാഴ്മക്കു വശംവദനാകാതെ അർജ്ജുനാ)' എന്നാണെങ്കിൽ ശിവാനന്ദ സ്വാമി വ്യാഖ്യാനിക്കുന്നത് 'yield not to impotence (ഷണ്ഡത്വം കാട്ടാതെ)' എന്നാണ്. ചിന്മയാനന്ദ സ്വാമികളാണെങ്കിൽ 'ആണും പെണ്ണും കെട്ട അവസ്ഥയിലേക്ക് (അപൗരുഷം) തരം താഴാതെ' എന്നാണ് ഈ വാക്കുകൾക്ക് അർഥം നൽകിയിരിക്കുന്നത്. ഒരു കുട്ടിയെപ്പോലെ കരഞ്ഞുകൊണ്ടു തന്റെ മുൻപിൽ നിൽക്കുന്ന അർജ്ജുനനോടു ഉപദേശരൂപേണ കൃഷ്ണൻ പറയുന്ന വാക്കുകളായിട്ടാണ് ശ്ലോകങ്ങളെ ശങ്കരാചാര്യസ്വാമികൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, അതിൽ നിന്നും തികച്ചും വ്യത്യസ്തമായി അർജ്ജുനന്, കൃഷ്ണൻ കൊടുക്കുന്ന ശക്തമായ ഒരടി എന്നർത്ഥത്തിലാണ് മറ്റുള്ള ആചാര്യന്മാർ ഈ ശ്ലോകങ്ങളെ വ്യാഖ്യാനിച്ചിരിക്കുന്നത് എന്നു വ്യക്തം. വ്യാഖ്യാതാക്കളുടെ ചിന്തയ്ക്കും മനോനിലയ്ക്കും അനുസരിച്ചു് വ്യാഖ്യാനങ്ങളിൽ വ്യത്യാസം ഉണ്ടാകുമെന്നും അതു വായനക്കാരെ വ്യത്യസ്ത തലങ്ങളിൽ ചിന്തിയ്ക്കാൻ പ്രേരിപ്പിക്കും എന്നും പറയാൻ വേണ്ടി മാത്രം ഈ ഉദാഹരണം എടുത്തു പറഞ്ഞുവെന്നേയുള്ളൂ. 

സൈനിക ഓഫീസർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ചെറുപ്രായത്തിലുള്ള കുട്ടികളുടെ ട്രെയിനിങ് വളരെ പ്രയാസമേറിയതാണെന്നറിഞ്ഞു ഞാൻ ഒരു സീനിയർ മിലിട്ടറി കമാൻഡറോടു ചോദിച്ചു, 'ഇന്നത്തെ കുട്ടികളല്ലേ, എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ചുവളർന്ന അവരെ സേനയിൽ ചേർന്നയുടൻ തന്നെ കഠിനമായ പരിശീലനത്തിൽ ഏർപ്പെടുത്തേണ്ടതുണ്ടോ? ആദ്യമാദ്യം പ്രയാസം കുറഞ്ഞ കാര്യങ്ങൾ പരിശീലിപ്പിച്ചു, പോകെപ്പോകെ കഠിനകരമായ പരിശീലനങ്ങളിൽ ഏർപ്പെടുത്തുന്ന രീതിയായിരിക്കില്ലേ നല്ലത്?" അദ്ദേഹം എന്നോട് പറഞ്ഞു, 'ഇതു സാധാരണക്കാരുടെ ചിന്തയാണ്. മിലിട്ടറി ഇൻഡക്ഷൻ ട്രെയിനിങ് അങ്ങിനെയല്ല. വളരെ ഗൗരവപരമായ ഒരു സെലെക്ഷൻ പ്രോസസ്സിലൂടെയാണ് ഈ കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഒരു സൈനിക ഓഫീസറിനു വേണ്ട കായികവും മാനസികവും ബൗദ്ധികവുമായ കഴിവുകൾ ഉള്ളവരെ മാത്രമേ കേഡറ്റുകളായി തിരഞ്ഞെടുക്കാറുള്ളൂ. ഇങ്ങിനെ തിരഞ്ഞെടുക്കപ്പെടുന്നവർ വെറും കുട്ടികളാണ്; അവരെ സൈനിക ഓഫീസർ ആക്കേണ്ടതുണ്ട്. We have to mould them. ഓട്ടുപാത്രത്തെ ഉടച്ചു വാർക്കുന്ന പോലത്തെ പ്രക്രിയയാണിത്. പാത്രം ഉടയ്ക്കാതെ മറ്റൊന്നാക്കി തീർക്കാൻ കഴിയില്ല. ആദ്യം തന്നെ ഈ ഉടയ്ക്കൽ നടത്തണം. സാവകാശത്തിൽ ചെയ്യേണ്ട കർമ്മമല്ല അത്. ഓടിന്റെ ഗുണം ഒട്ടും തന്നെ നശിയ്ക്കാതെ മൂശാരി അതിന്റെ പൂർവരൂപം ഇല്ലാതാക്കി പുതിയൊരു രൂപം സൃഷ്ട്ടിക്കുന്നതുപോലെ, ഞങ്ങളും മിടുക്കന്മാരായ കേഡറ്റുകളുടെ കഴിവുകൾ അൽപ്പം പോലും ചോർന്നു പോകാതെ ട്രെയിനിംഗിലൂടെ അവരെ മിടുക്കന്മാരായ മിലിട്ടറി ഓഫീസറന്മാരാക്കുകയാണ് ചെയ്യുന്നത്. ഏതു ഉടച്ചുവാർക്കൽ പ്രക്രിയയും പ്രയാസമേറിയതാണ്. അതു താങ്ങാൻ കഴിയാത്ത ആളിനെങ്ങനെ ഒരു മിലിട്ടറി ഓഫീസർ ആകാൻ കഴിയും? ഇത്രയും പറഞ്ഞതെന്തിനാണെന്നോ? ചില പ്രത്യേക ജോലികൾക്ക് പ്രത്യേക മനോനില ആവശ്യമാണെന്നും അവിടെ പാച്ചുവർക്കെന്ന softline അല്ല ഉടച്ചുവാർക്കൽ എന്ന hardline തന്നെയാണ് വേണ്ടതെന്നും ഊന്നിപ്പറയാൻ വേണ്ടി മാത്രം. നമ്മുടെ ചർച്ചാവിഷയത്തിൽ ഇതിനെന്തു പ്രസക്തിയെന്നു നിങ്ങൾക്കു തോന്നാം. നമുക്കു നോക്കാം.  


ഒരു കുട്ടിയെപ്പോലെ കരഞ്ഞു കണ്ണും കലങ്ങി കൃഷ്ണന്റെ മുൻപിൽ നിൽക്കുന്നത് ഒരു കുട്ടിയല്ല, ആർഷ ഭാരതത്തിലെ ഏറ്റവും പ്രഗത്ഭനായ വീരയോദ്ധാവാണ്. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവപക്ഷത്തിന്റെ, അതിലും ഉപരിയായി ധർമ്മത്തിന്റെ, വിജയം ഉറപ്പാക്കാൻ ബാധ്യസ്ഥനായ ക്ഷത്രിയയോദ്ധാവ്! വികാരത്തിനടിമപ്പെട്ടു തളർന്നു നിൽക്കുന്ന അർജ്ജുനനോട് സൗമ്യഭാഷയിൽ പറഞ്ഞാൽ ഒരു ഗുണവും ഉണ്ടാകില്ലെന്നു മനശ്ശാസ്ത്രജ്ജനായ കൃഷ്ണനറിയാം. ഷോക്ക് ട്രീറ്റ്മെന്റ് തന്നെയാണിവിടെ വേണ്ടത്. അർജ്ജുനമനസ്സിന്റെ സമൂലമായ ഒരുടച്ചുവാർക്കലാണിപ്പോൾ ആവശ്യം. അതിൽ കൂടി മാത്രമേ അതിഭയങ്കരമായ ഈ യുദ്ധത്തെ നേരിട്ടു വിജയം വരിക്കാൻ അർജ്ജുനനെ പ്രാപ്തനാക്കാൻ കഴിയൂ. അർജ്ജുനൻ ഇതുവരെപ്പറഞ്ഞ യുക്തിരഹിതമായ കാര്യങ്ങൾക്കൊന്നും തന്നെ തൻറെ പിന്തുണയില്ലെന്നു മാത്രമല്ല, അതെല്ലാം തന്നെ താൻ തികഞ്ഞ പുശ്ചത്തോടെയാണ് കാണുന്നതെന്നു വരുത്തിത്തീർക്കയും വേണം. അതുകൊണ്ടാണ് അർജ്ജുനന്റെ വ്യക്തിത്വത്തെത്തന്നെ പിടിച്ചുലയ്ക്കുന്ന ആ ഭാഷ കൃഷ്ണൻ പ്രയോഗിക്കുന്നത് - "അർജ്ജുനാ, നീ നിന്റെയീ ആണും പെണ്ണും കെട്ട മനോഭാവം കളഞ്ഞു, നീ ആരാണെന്നു തിരിച്ചറിഞ്ഞു യുദ്ധത്തിനായി തയ്യാറാകൂ (പണ്ട് അജ്ഞാതവാസക്കാലത്തു വിരാടരാജധാനിയിൽ കുറേക്കാലം ബൃഹന്ദളയെന്ന നപുംസകവേഷമിട്ടു അർജ്ജുനൻ ജീവിക്കേണ്ടി വന്നതിന്റെ നാണക്കേട് ഓർമ്മിപ്പിക്കുക കൂടിയാകാം). നീ ഒരു സാധാരണ ക്ഷത്രിയനല്ല, പരന്തപനാണു നീ (പരന്തപഃ = ശതുക്കളെ തപിപ്പിയ്ക്കുന്നവൻ - scorcher of foes)". പരിഹാസത്തോടൊപ്പം തന്നെ അർജ്ജുനന്റെ വലിപ്പവും കൃഷ്ണൻ അദ്ദേഹത്തെ ഓർമ്മിപ്പിക്കുകയാണ്. ആത്മാഭിമാനമുള്ള ഏതൊരുവനും ഉലഞ്ഞുപോകുന്ന വാക്കുകളാണ് കൃഷ്ണൻ പ്രയോഗിച്ചത്. യുദ്ധക്കളത്തിലൽപ്പം ബോധമില്ലായ്മയൊക്കെ കാണിച്ചെങ്കിലും ആത്മാഭിമാനം വേണ്ടുവോളം ഉള്ള ക്ഷാത്രവീരൻ തന്നെയാണ് അർജ്ജുനൻ. കൃഷ്ണന്റെ വാക്കുകൾ ശരിയ്ക്കും ഫലം കണ്ടു എന്നു തന്നെയാണ് ഗീത കാണിക്കുന്നത്.  

ഭഗവത് ഗീതയിലെ ഏറ്റവും പ്രസക്തമായ ശ്ലോകമാണ് 'ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ നൈതത്ത്വയ്യുപപദ്യതേ, ക്ഷുദ്രം ഹൃദയദൗർബല്യം ത്വക്ത്യോത്തിഷ്ഠ പരന്തപഃ'  എന്നാണു വിവേകാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. സ്വാമിയുടെ വാക്കുകളിൽ തന്നെ ഇതു നമുക്ക് മനസ്സിലാക്കാം.

“Yield not to unmanliness, O' son of Pritha! It doth not befit thee! Cast off this mean faint-heartedness and arise, O scorcher of thine enemies!” 

If one reads this one sloka, one gets all the merits of reading the entire Gita; for in this one sloka lies embedded the whole Message of Gita.

If you, my sons, can proclaim this message to the world - ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ - then all this grief, sin and sorrow will vanish from off the face of the earth in three days. All these ideas of weakness will be nowhere. Now it is everywhere - this current of vibrations of fear. Reverse the current; bring in the opposite vibration and then behold the magic transformation! Thou art omnipotent – go, go to the mouth of the cannon, fear not. Hate not the abject sinner, look not to his exterior. Turn thy gaze inward, where resides the paramatman. Proclaim to the whole world with trumpet voice; “there is no sin in thee, there is no misery in thee; thou art the omnipotent power. Arise, awake and manifest the divinity within!”

അർജ്ജുനനെ മാത്രമല്ല, ലോകത്തെയാകെത്തന്നെ ഉണർത്താനുള്ള ദിവ്യമന്ത്രമാണിത്. ഈശ്വരസൃഷ്ട്ടിയുടെ ഊർജ്ജത്തെയാകെ കർമ്മപഥത്തിലേക്ക് ആവാഹിക്കുന്ന മായാമന്ത്രം!

(തുടരും) 

7 comments:

 1. അർജ്ജുനനെ മാത്രമല്ല, ലോകത്തെയാകെത്തന്നെ ഉണർത്താനുള്ള ദിവ്യമന്ത്രമാണിത്. ഈശ്വരസൃഷ്ട്ടിയുടെ ഊർജ്ജത്തെയാകെ കർമ്മപഥത്തിലേക്ക് ആവാഹിക്കുന്ന മായാമന്ത്രം! SUPER.

  ReplyDelete
 2. Wonderful article. It was very good that you had included the english translation of Sloka, and by that it will reach more readers. Yes, indeed the sort of psychological treatment Krishna giving to Arjuna is meant for entire mankind which steps back from doing its duties. Thank you Uncle. Eagerly waiting to read the next.

  ReplyDelete
 3. Arun Kumnar Nair wrote in FB: സർ താങ്കൾ പകർന്നുതരുന്ന അറിവ് വളരെ മഹത്തരമാണ്..നന്ദി

  ReplyDelete
  Replies
  1. എന്റെ ശ്രമം താങ്കൾക്ക് അറിവു നേടുന്നതിനു സഹായകമാണെന്നറിയുന്നതിൽ സന്തോഷം. നന്ദി.

   Delete
  2. Arun Kumnar Nair replied in FB: K.s. Mohandasji 🙏🌷

   Delete
 4. ക്ളൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ, നൈതത് ത്വയ്യുപപദ്യതേ’ എന്ന സന്ദേശം- ലോകത്തില്‍ വിളംബരപ്പെടുത്താന്‍ കഴിഞ്ഞാല്‍, അപ്പോള്‍, എല്ലാ വ്യഥയും വിഷാദവും പാപവും ദുഃഖവും ഈ ഭൂമുഖത്തുനിന്നു മൂന്നുനാള്‍ക്കകം കാണാതാകും. പിന്നീട് ദൌര്‍ബ്ബല്യത്തെസ്സംബന്ധിച്ച ഈ ആശയങ്ങള്‍ ഒരിടത്തും ഉണ്ടാവില്ല. ഇന്ന് അതെല്ലായിടത്തുമുണ്ട്. ഭയസ്പന്ദങ്ങളുടെ പ്രവാഹം. ഈ പ്രവാഹത്തിന്റെ ഗതി തിരിച്ചു വിടുക, എതിര്‍ സ്പന്ദങ്ങള്‍ സൃഷ്ടിക്കുക- അപ്പോള്‍ കാണാം അത്ഭുതകരമായ പരിവര്‍ത്തനം. നിങ്ങള്‍ സര്‍വ്വശക്തരാണ്-പീരങ്കിയുടെ മുഖത്തേക്കുതന്നെയും ചെല്ലുക, ഭയമരുത്. അതിനീചനായ പാപിയെപ്പോലും വെറുക്കരുത്. അവന്റെ പുറം തൊലിയിലേയ്ക്കു നോക്കരുത്. അന്തരംഗത്തിലേക്കു നോക്കുക. അവിടെ പരമാത്മാവ് ഇരുന്നരുളുന്നു. കാഹളധ്വനിയിലേക്കു ലോകത്തെ മുഴുവന്‍ ഇപ്രകാരം വിളിച്ചറിയിക്കുക-‘നിന്നില്‍ പാപമില്ല. നിന്നില്‍ ദുഃഖമില്ല. നീ സര്‍വ്വശക്തികളുടേയും സംഭരണകേന്ദ്രമാണ്. ഉത്തിഷ്ഠത, ജാഗ്രത, അകത്തുള്ള ബലം പ്രകാശിപ്പിക്കുക.’

  ഒരുവന്‍ ഈ ഒരു ശ്ളോകം വായിച്ചാല്‍ മതി- ‘ക്ളൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ, നൈതത്ത്വയ്യുപപദ്യതേ! ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരംതപ’- അയാള്‍ക്കു ഗീത മുഴുവന്‍ വായിക്കുന്നതിന്റെ ഫലവും സിദ്ധിക്കുന്നു. എന്തെന്നാല്‍ ഈ ഒറ്റ ശ്ളോകത്തില്‍ ഗീതയുടെ സന്ദേശം മുഴുവന്‍ അടങ്ങിയിരിക്കുന്നു.

  ReplyDelete