Friday, November 18, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 2)

വ്യാഖ്യാതാവിന്റെ കഴിവിനും അറിവിനും മനോഭാവത്തിനുമനുസരിച്ചു ഭഗവത് ഗീതയെ പല തലങ്ങളിലും വ്യാഖ്യാനിയ്ക്കാൻ കഴിയുമെന്നു കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നല്ലോ? സ്വദേശീയരുടേയും വിദേശീയരുടേയുമായി അയ്യായിരത്തിൽപ്പരം വ്യാഖ്യാനങ്ങൾ ഗീതയ്ക്കുണ്ടായിട്ടുണ്ട് എന്നതു കാണിയ്ക്കുന്നതു തന്നെ ഗീതയുടെ ഈ ബഹുമുഖത്വമാണ്. അനുഷ്ഠാന-ഭക്തിതലങ്ങൾക്കുപരിയായി ആർഷഭാരത പാരമ്പര്യത്തിന്റെ, സനാതനധർമ്മത്തിന്റെ പ്രയോഗികവ്യാഖ്യാനമായി ഗീതയെ കണ്ട ആചാര്യന്മാരിൽ സർവ്വശ്രേഷ്ഠനാണ് സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിൻറെ വാക്കുകളിലെ ആർജ്ജവം, അതൊന്നു വേറെ തന്നെയാണ്. ഗീതാകാരൻ ഉദ്ദേശിച്ച കാര്യത്തെ മറ്റാരേക്കാളും ശരിക്കും ഉൾക്കൊണ്ടിട്ടുള്ളത് വിവേകാനന്ദ സ്വാമികൾ തന്നെയാണെന്നാണ് എനിക്കും തോന്നിയിട്ടുള്ളത്. പല നൂറ്റാണ്ടുകളായുള്ള വിദേശാധിപത്യത്തിന്റെ ഫലമായി ആലസ്യമാണ്ടു കിടന്നിരുന്ന ഒരു ജനതയുടെ ആത്മാവിനെ തൊട്ടുണർത്തി, വർദ്ധിതവീര്യത്തോടെ അവരെ കർമ്മപഥത്തിലേക്കു നയിക്കാൻ ആ സന്യാസിവര്യന് കഴിഞ്ഞത്, സനാതനധർമ്മത്തെക്കുറിച്ചും അതിന്റെ പ്രായോഗിക ഗ്രന്ഥമായ ഭഗവത് ഗീതയെക്കുറിച്ചുമുള്ള അഗാധമായ അറിവൊന്നുകൊണ്ടു തന്നെയായിരുന്നു. രാമായണ-ഭാഗവത-പുരാണങ്ങളെപ്പോലെ  ഹൈന്ദവഭക്തി ഗ്രന്ഥമായിക്കണ്ടു പല പ്രമുഖരും ഭഗവത് ഗീതയെ വ്യാഖ്യാനിച്ചപ്പോൾ, സാമൂഹിക ഉൽക്കർഷത്തിനും മനുഷ്യ സ്വതന്ത്ര്യത്തിനും വേണ്ടിയുള്ള ധർമ്മയുദ്ധങ്ങളിലേക്കു മനുഷ്യരെ പ്രേരിപ്പിക്കുന്ന ശ്രേഷ്‌ഠചിന്താപദ്ധതികളുടെ ഒരു കലവറയായിട്ടാണ് വിവേകാനന്ദ സ്വാമികൾക്ക് ഭഗവത് ഗീത അനുഭവപ്പെട്ടത്‌. സ്വാമിജിയുടെ ഗീതാവ്യാഖ്യാനത്തെ അക്ഷരം പ്രതി പിന്തുടർന്ന കർമ്മയോഗിയായിരുന്നു മഹാത്മാഗാന്ധി. ഇവരുടെ ഗീതാവ്യാഖ്യാനങ്ങളിൽ നിഴലിക്കുന്നത് അന്ധമായ ഭക്തിയോ വിശ്വാസമോ അല്ല, മറിച്ചു വിവേകബുദ്ധിയിലൂടെ ചിന്തിച്ചു, നിസ്വാർത്ഥമായി കർമ്മം അനുഷ്ഠിച്ചു മനുഷ്യരാശിയെ ഉയരങ്ങളിലേക്കു നയിക്കാനുതകുന്ന മനുഷ്യസാദ്ധ്യതകളെക്കുറിച്ചുള്ള സനാതനധർമ്മ ചിന്തകളാണ്. സത്യത്തിന്റെ ഭാഷ നമ്മെ സുഖിപ്പിക്കുകയല്ല, ചിന്തിപ്പിക്കുകയാണു ചെയ്യുക. 'ബന്ധുമിത്രാദികളോടുള്ള സ്നേഹപാശ' ത്താലെന്നു ഗീതാ വ്യാഖ്യാതാക്കൾക്കളിൽ ഏറെപ്പേർക്കും തോന്നിയ 'അർജ്ജുനവിഷാദ'ത്തെ വിവേകാനന്ദ സ്വാമികൾ വ്യാഖ്യാനിക്കുന്നതു കണ്ടാൽ ഞാനിപ്പറഞ്ഞത് ആർക്കും ബോദ്ധ്യമാകും.

 "Then, having the power, if we renounce it and do not resist, we are doing a grand act of love; but if we cannot resist, and yet, at the same time, try to deceive ourselves into the belief that we are actuated by motives of the highest love, we are doing the exact opposite. Arjuna became a coward at the sight of the mighty array against him, his “love” made him forget his duty towards his country and king. That’s why Krishna told him that he was a hypocrite. Thou talkest like a wise man, but thy actions betray thee to be coward; therefore stand up and fight…When even man never hears the cries of fool, do you think God will?"  

ശരി, കഴിഞ്ഞ ഭാഗത്തു നിർത്തിയിടത്തു നിന്നു നമുക്ക് നമ്മുടെ ചർച്ച തുടരാം.  

അർജ്ജുന ഉവാച :

കഥം ഭീക്ഷ്മമഹം സംഖ്യേ ദ്രോണം ച  മധുസൂദന 
ഇക്ഷുഭിഃ പ്രതിയോത്സ്യാമി പൂജാർഹാവരിസൂദന      (ശ്ലോകം 2:4)

(അർജ്ജുനൻ ചോദിച്ചു: ഹേ, ശത്രുഘാതകനായ മധുസൂദനാ, പൂജിക്കപ്പെടേണ്ടവരായ ഭീക്ഷ്മരെയും ദ്രോണരെയും മൂർച്ചയുള്ള അമ്പുകൾ കൊണ്ട് ഞാൻ യുദ്ധത്തിൽ എങ്ങിനെ നേരിടും?) 

ഗുരുന ഹത്വ ഹി മഹാനുഭാവാൻ 
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ 
ഹാഥ്വാർത കാമാംസ്തു ഗുരുനിഹൈവ 
ഭുഞ്ജീയഭോഗാൻ രുധിരപ്രദിഗ്‍ദാൻ          (ശ്ലോകം 2:5)

(മഹാത്മാക്കളായ ഗുരുക്കന്മാരെ ഹനിക്കുന്നതിനേക്കാൾ ഈ ലോകത്തിൽ ഭിക്ഷയെടുക്കുന്നതാണ് ശ്രേയസ്കരം. ഗുരുക്കന്മാരെ ഹനിച്ചിട്ട് അർത്ഥകാമസ്വരൂപങ്ങളും രക്തം പുരണ്ടതുമായ ഭോഗങ്ങളെ ഈ ലോകത്തിൽ വച്ച് തന്നെ ഭുജിക്കണോ?) 

രണ്ടിലേതാണ് ശ്രേയസ്കരം എന്നറിഞ്ഞുകൂടാ. ഒന്നുകിൽ നാം ജയിക്കും, അല്ലെങ്കിൽ ജയിക്കാതിരിക്കും. ആരെ കൊന്നിട്ടു നാം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലയോ ആ ധൃതരാഷ്ട്രപുത്രന്മാരാണ് മുൻപിൽ വന്നു നിൽക്കുന്നത്   (ശ്ലോകം 2:6).   

ദൈന്യതകൊണ്ടു ബുദ്ധികെട്ടവനും ധർമ്മവിഷയത്തിൽ വിവേകം നശിച്ചവനുമായി ഞാൻ അങ്ങയോടു ചോദിക്കുന്നു, യാതൊന്നു ശ്രേയസ്കരമാകുമോ അതെനിക്കു പറഞ്ഞു തരിക. ഞാൻ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും (ശ്ലോകം 2:7)

ഭൂമിയിൽ ശത്രുക്കളില്ലാത്തതും സമൃദ്ധിയുള്ളതുമായ രാജ്യവും ദേവന്മാരുടെ മേൽ പോലും ആധിപത്യവും ലഭിച്ചാലും ഇന്ദ്രിയങ്ങളെ ശോഷിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ എന്റെ ദുഖത്തെ അകറ്റുന്ന യാതൊന്നും ഞാൻ കാണുന്നില്ല (ശ്ലോകം 2:8) 

സഞ്ജയൻ പറഞ്ഞു: ശത്രുനാശകനായ അർജ്ജുനൻ കൃഷ്ണനോട് ഞാൻ യുദ്ധം ചെയ്കയില്ല എന്ന് പറഞ്ഞു മൗനം അവലംബിച്ചു (ശ്ലോകം 2:9).  

മുകളിൽ കാണുന്ന ശ്ലോകങ്ങളിൽ നിന്നും അർജ്ജുനൻ പഴയ വിഷാദപല്ലവി തന്നെ പാടിക്കൊണ്ടിരിക്കയാണെന്നു തോന്നാം. പക്ഷെ ചെറിയ ഒരു വ്യത്യാസം ഉണ്ട്. 'അർജ്ജുനവിഷാദയോഗത്തി'ലെ വിഭ്രാന്തി പൂണ്ട അർജ്ജുനനിൽ നിന്നും അൽപ്പസ്വൽപ്പം മാറ്റം വന്ന അർജ്ജുനനെയാണ് നാമിപ്പോൾ കാണുന്നത്. ധർമ്മാധർമ്മ വിഷയങ്ങൾ പോലുള്ള വലിയ വർത്തമാനങ്ങളൊക്കെ പറഞ്ഞു, അതിൽ ന്യായീകരണം കണ്ടെത്തി 'യുദ്ധം ചെയ്യാൻ ഞാനില്ല' എന്നു പറഞ്ഞ പഴയ അർജ്ജുനനല്ല ഇത്. കൃഷ്ണന്റെ ഒരൊറ്റ അടിയിൽ - (ആണും പെണ്ണും കെട്ട മനോഭാവം കളഞ്ഞു, ക്ഷത്രിയനെപ്പോലെ യുദ്ധം ചെയ്യാൻ നോക്ക്) - തന്നെ അർജ്ജുനനു മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. താൻ ഇതുവരെ പറഞ്ഞതിനൊക്കെ കൃഷ്ണന്റെ പിന്തുണയില്ലെന്നു തന്നെയല്ല, മറിച്ചു കിട്ടിയതോ തന്റെ പുരുഷത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന കനത്ത പ്രഹരവും ആണെന്ന് അർജ്ജുനൻ തിരിച്ചറിഞ്ഞിരിക്കുന്നു. പിന്നെങ്ങിനെ അര്ജ്ജുനന് മാറാതിരിക്കാൻ കഴിയും?  "യുദ്ധം ചെയ്യണോ, വേണ്ടയോ, രണ്ടിലേതാണ് ശ്രേയസ്കരം എന്നറിഞ്ഞുകൂടാ. മഹാത്മാക്കളായ ഗുരുക്കന്മാരെ കൊന്നിട്ടു കിട്ടുന്ന രക്തം പുരണ്ട ഭോഗങ്ങൾ എങ്ങിനെ സന്തോഷത്തോടെ അനുഭവിക്കാൻ കഴിയും?" എന്നൊക്കെയുള്ള മിതവാദത്തിലേക്കു അർജ്ജുനനിപ്പോൾ മാറിത്തുടങ്ങിയിരിക്കുന്നു. "താൻ ദൈന്യതകൊണ്ടു ബുദ്ധികെട്ടവനായെന്നും ധർമ്മവിഷയത്തിൽ തനിക്കു വിവേകം നശിച്ചുപോയെന്നും" ഉള്ള തിരിച്ചറിവ് അർജ്ജുനനുണ്ടായിരിക്കുന്നു. "ഞാൻ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ഞാൻ ശരണം പ്രാപിച്ചിരിക്കുന്നു, എനിക്കെന്താണ് നല്ലതെന്നു അങ്ങ് പറഞ്ഞു തന്നാലും" എന്നുവരെ പറയാനുള്ള മനോഭാവത്തിൽ അർജ്ജുനൻ എത്തിയിരിക്കുന്നു. അർജ്ജുന മനസ്സിലെ അഹംഭാവജന്യമായ വിഷാദകാർമേഘങ്ങൾ ഒഴിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇതുവരെ തന്റെ സുഹൃത്തും തേരാളിയും മാത്രമായി കരുതിയിരുന്ന ശ്രീകൃഷ്ണനെ ഒരു ഗുരുവിന്റെ സ്ഥാനത്തേക്കു പ്രതിഷ്ഠിക്കാൻ അർജ്ജുനനിലെ നിസ്സഹായത പ്രേരിപ്പിച്ചിരിക്കുന്നു. അതേ, ഏതൊരു ഗുരുവും പറയുന്നത് മനസ്സിരുത്തി കേട്ട്, അതിനെ മനസ്സിലേക്കാവാഹിക്കണമെങ്കിൽ മനുഷ്യൻ തികഞ്ഞ നിസ്സഹായാവസ്ഥയിൽ എത്തിപ്പെടേണ്ടതുണ്ട്. ഗീതോപദേശത്തിനുള്ള സമയം ആഗതമായിരിക്കുന്നു, അർജ്ജുനനും നമുക്കും. 


അർജ്ജുനന്റെ യുക്തിരഹിതമായ വിഷാദചിന്തകളും, കൃഷ്ണന്റെ "ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ" പ്രഹരവും തുടർന്നുള്ള അർജ്ജുനന്റെ മനം മാറ്റവും കാണുമ്പോൾ എന്റെ നാട്ടിൽ ഞാൻ കണ്ട ഒരു സംഭവമാണ് ഓർമ്മയിൽ വരുന്നത്. ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ നടന്ന സംഭവമാണ്. 

ഞങ്ങളുടെ നാട്ടിലെ നല്ലൊരു കുടുംബത്തിലെ കാരണവരായിരുന്നു അയ്യപ്പൻ നായർ (പേരു മാറ്റിയതാണ്). ഞാൻ സ്കൂളിൽ പോകുന്ന വഴിയിലാണ് ഇദ്ദേഹത്തിന്റെ വീട്. എന്നെക്കാണുമ്പോൾ സ്നേഹപൂർവം എന്തെങ്കിലും രണ്ടു സന്തോഷവർത്തമാനം ഇദ്ദേഹം പറയുമായിരുന്നു. എന്താണ് കാര്യമെന്നെനിക്കറിയില്ല, ഇടയ്ക്കുവച്ചു ഇദ്ദേഹത്തിന് കടുത്ത മാനസികരോഗം പിടിപെട്ടു. പെരുമാറ്റമെല്ലാം മാറി. എപ്പോഴും അസഭ്യം പുലമ്പിക്കൊണ്ടേയിരിക്കും. അസഭ്യം എന്നു ഞാൻ മാന്യമായി പറഞ്ഞെന്നേയുള്ളൂ, തെറിപ്പാട്ട്‌ എന്ന് പറയുന്നതാകും ശരി. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന തെറിപ്പാട്ട്. പ്രത്യേകമായിആരെയും ഉദ്ദേശിച്ചല്ല തെറി പറയുന്നത്. നാട്ടിലുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ അദ്ദേഹത്തിൻറെ ഭാവനയിൽ കൂടി കണ്ട് അസഭ്യവർഷമാകുന്നുവെന്നു മാത്രം. റോഡിൽ കൂടി നടക്കുമ്പോൾ ഉച്ചത്തിൽ നിറുത്താതെ തെറി പറഞ്ഞുകൊണ്ടേയിരിക്കും, സ്ത്രീകളോ കുട്ടികളോ ആരു തന്നെ എതിരെ വന്നാലും അദ്ദേഹത്തിനത് പ്രശ്നമല്ല. പോകെപ്പോകെ ഇദ്ദേഹം വരുന്നത് കണ്ടാൽ ആളുകൾ ഓടിയൊളിയ്‌ക്കേണ്ട സ്ഥിതിയായി. ആദ്യമാദ്യം ഇദ്ദേഹത്തിനെ ചികിത്സിക്കാനൊക്കെ ബന്ധുക്കൾ താത്പര്യം കാണിച്ചിരുന്നുവെങ്കിലും രോഗം മൂർച്ഛിച്ചു, ആൾ വല്ലാത്തൊരു അവസ്ഥയിലായിക്കഴിഞ്ഞപ്പോൾ അവർക്കും അടുക്കാൻ കഴിയാത്ത സ്ഥിതിയായി. അങ്ങിനെ ഇദ്ദേഹം വീട്ടിൽ  തനിച്ചായി. ഇദ്ദേഹത്തിന്റെ വീടിനു  മുൻപിൽ ഒരു സാധുകുടുംബത്തിന്റെ വീടുണ്ടായിരുന്നു. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ഇങ്ങനെ തെറിപ്പാട്ട് കേട്ടു കേട്ട് സഹിക്കവയ്യാതെ ഒരു നാൾ അവർ ആ കടുംകൈ ചെയ്തു - നെല്ലുകുത്താനുപയോഗിക്കുന്ന ഉലക്ക വച്ച് അദ്ദേഹത്തിൻറെ തലക്കിട്ടൊന്നു കൊടുത്തു. വാർത്ത നാടുമുഴുവൻ പരന്നു, അവിടെ ഓടിക്കൂടിയവരിൽ ഞാനും ഒരാളായിരുന്നു. മുഖവും ശരീരമാസകലവും ചോരയിൽ കുളിച്ച അദ്ദേഹം തലയിൽ കൈയും വച്ചിരിക്കുന്ന ദയനീയമായ കാഴ്ചയാണ് ഞാൻ കണ്ടത്. വീട്ടുകാരും നാട്ടുകാരും എല്ലാം കൂടി അദ്ദേഹത്തെ ആശുപത്രിയിലാക്കി, തലയിലെ മുറിവെല്ലാം ഉണങ്ങിയശേഷം തുടർന്ന് കുറേക്കാലം മനോരോഗചികിത്സയും നൽകി. ചികിത്സ കഴിഞ്ഞു, അദ്ദേഹം പണ്ടത്തേതിലും യോഗ്യനായി സ്വജീവിതത്തിലേക്ക് തിരികെ വന്നു. മുൻപ് വീട്ടിൽ നിന്നും മാറി താമസിച്ചിരുന്ന ഭാര്യയും മക്കളുമെല്ലാം തിരികെ വന്ന് അദ്ദേഹത്തോടൊപ്പം താമസിച്ചു. ഒരു ചെറിയ പലചരക്കു കടയും നടത്തി അദ്ദേഹം സന്തോഷത്തോടെ കുറേനാൾ കൂടി ജീവിച്ച ശേഷം മരണമടഞ്ഞു.

തക്ക സമയത്തു സ്ഥാനത്തു കൊള്ളുന്ന അടി മനുഷ്യരിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കാം. ഒരു മഹാരോഗിയെപ്പോലും രോഗവിമുക്തനാക്കാനതിനു കഴിയും എന്നാണല്ലോ മുകളിൽ പറഞ്ഞ കഥ കാണിക്കുന്നത്. രോഗാവസ്ഥയുടെ നിലവച്ചാണ്  തലോടലാണോ അടിയാണോ നൽകേണ്ടതെന്ന് നിശ്ചയിക്കേണ്ടത്. വെട്ടുപോത്തിനോട് വേദം ഓതിയാൽ ഗുണമില്ലെന്നു തന്നെയല്ല ദോഷവുമാണ്. ഭഗവത് ഗീതയിലെ കൃഷ്ണൻ ഇതെല്ലാം നന്നായറിയുന്ന മനശ്ശാസ്ത്രജ്ജനാണ്. അടുത്ത ശ്ലോകം കാണിക്കുന്നതും ഇതാണ്. 

തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത 
സേനയോരുഭയോർമദ്ധ്യേ വിഷീദന്തമിദം വച: (ശ്ലോകം 2:10)

(ഹേ, ഭരതവംശജ, രണ്ടു സേനയ്ക്കിടയിലും വിഷണ്ണനായി നിൽക്കുന്ന അവനോട് മന്ദഹസിച്ചുകൊണ്ടെന്നവണ്ണം ഹൃഷീകേശനായ ഭഗവാൻ ഇങ്ങനെ അരുളി ചെയ്തു).

'മന്ദഹസിച്ചുകൊണ്ടെന്നവണ്ണം (പ്രഹസന്നിവ) പറഞ്ഞു' എന്നല്ലാതെ 'മന്ദഹസിച്ചുകൊണ്ടു പറഞ്ഞു' എന്നല്ല ശ്ലോകം. അതെന്താണിങ്ങനെ ഗീതാകാരൻ പറഞ്ഞു വച്ചത്? 

നമുക്കിതു  വിശദമായി ചർച്ച ചെയ്യാം, അടുത്തയാഴ്ചയാകട്ടെ.


5 comments:

 1. DrBalamurali KS wrote in FB: '0' എന്ന ന്യൂട്രൽ അവസ്ഥയിൽനിന്നും മൈനസിലേക്കോ, പ്ലസ്‌ലേക്കോ ഉള്ള മനസിന്റെ വ്യാപാരമാണല്ലോ സാധാരണ നടക്കാറ്...പിറകിലേക്കുള്ള ഇറക്കം സാമാന്യേന സുകരമായി ദുർബല മാനസികാവസ്ഥയിൽ തോന്നാം..അത് ബ്രേക്ക് പോയ വാഹനത്തിന്റെ ഡ്രൈവറുടെ,എല്ലാശ്രമവുമറ്റു കഴിഞ്ഞ,പതനമുറപ്പായ, നിസ്സഹായതയുടെ അവസാന നിശ്വാസവുമാണ്...ഇനിദൈവമേയുള്ളൂ എന്ന സത്യത്തിന്റെ അവസ്ഥ....എന്നാൽ അർജ്ജുനൻ ആ അവസ്ഥയിലൊന്നും എത്തിയിട്ടില്ല എന്നതാണ് സത്യം...എന്താണ് കാരണം...കൃഷ്ണനെ ശരിക്കറിയാവുന്ന വ്യക്തിതന്നെയാണ് അർജ്ജുനൻ...അർജ്ജുനനറിയാം കൃഷ്ണന്റെ മിഴിയനക്കത്തിന്റെ ഒരംശം ഊർജ്ജം പോലും വേണ്ടാ...യുദ്ധം ജയിക്കാനെന്ന്..'ആരാണ് തന്റെകൂടെയുള്ളത്'.അതറിഞ്ഞു കൊണ്ടാണല്ലോ സൈന്യബലം കൗരവർക്കു കൊടുത്തോളൂ,ഭഗവാൻ എന്ന ആത്മബലം തന്നോടൊപ്പം മതിയെന്ന നിലപാടെടുത്തതും, തന്റെ,യോദ്ധവെന്ന കഴിവിൽ അർജ്ജുനൻ തികഞ്ഞ ബോധവനുമാണ്....പിന്നെന്തേ ഈ പിന്മാറ്റാവസ്ഥ പ്രകടിപ്പിച്ചു...ഭാവിയിൽ ഒരിക്കൽപ്പോലും (തന്റെയുള്ളിലെ)ന്യായാധിപനായ ഭഗവാൻ കുറ്റവിചാരണ നടത്തരുത്...അതിനുവേണ്ടിയുള്ള ഉറപ്പുള്ള സമ്മതിപത്രം ഭഗവാനിൽ നിന്നും ലഭിക്കാൻ,അത് മനസിലാക്കിയ കൃഷ്ണൻ തന്റെ "യന്ത്രത്തിന്'" എണ്ണയിട്ടു കൊടുക്കുന്നു...അത്രമാത്രം..

  ReplyDelete
  Replies
  1. തീർത്തും ആത്മീയമായി ചിന്തിച്ചാൽ ഇതു ശരി തന്നെയാണ്. പക്ഷെ ഗീതാകാരന്റെ ലക്ഷ്യം മനുഷ്യമനസ്സിന്റെ പരിഷ്‌ക്കാരം ഉദ്ദേശിച്ചുള്ള സന്ദേശങ്ങൾ അടങ്ങിയ ഒരു കാവ്യസൃഷ്ട്ടിയാകുമ്പോൾ, അതിനു അനുഗുണമായ രംഗസൃഷ്ട്ടികൾ നടത്തേണ്ടതുണ്ട്. ഈ രംഗസൃഷ്ട്ടികൾക്കു മനുഷ്യർ സാധാരണ കടന്നുപോകുന്ന മാനുഷികമായ സാഹചര്യങ്ങളും അനുഭവങ്ങളുമായി നല്ല ബന്ധമുണ്ടാകണം. എന്നാലേ ആ സന്ദേശം മനുഷ്യമനസ്സുകളിലേക്കു കടക്കൂ. ഗീതയെ തികച്ചും ഒരു ആത്മീയ ഗ്രന്ഥമായി മാത്രം കരുതുമ്പോൾ ഈ രംഗസൃഷ്ട്ടികൾക്കൊന്നും പ്രാധാന്യം വരില്ല. മറിച്ചു, പ്രായോഗികതലത്തിൽ ചിന്തിക്കുമ്പോൾ ഏതൊരു സന്ദേശത്തെയും മനുഷ്യമനസ്സുകളിലേക്ക് പ്രവേശിപ്പിക്കാൻ ഒരു കഥാഘടനയും അതിനു അനുയോജ്യമായ രംഗസൃഷ്ട്ടികളും അനിവാര്യമാണെന്ന് വരുന്നു. എല്ലാമറിയുന്ന ഭഗവാൻ കൃഷ്ണനെന്ന് ഗീതാകൃഷ്ണനെ കണ്ടാൽ പിന്നെ അർജ്ജുനവിഷാദത്തിനൊന്നും പ്രസക്തിയില്ല. എല്ലാം അറിയുന്ന ഭഗവാനോട് അർജ്ജുനൻ വിലപിക്കേണ്ട കാര്യമില്ലല്ലോ? സനാതനധർമ്മപ്രചരണത്തിന്നായി രചിക്കപ്പെട്ട വലിയ ആത്മീയമാനങ്ങളുള്ള ഒരു കാവ്യമാണ് ഗീതയെന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഒരു കാവ്യത്തിന്റെ ലക്ഷണങ്ങൾ എല്ലാം തന്നെ അതുകൊണ്ട് ഗീതയ്ക്കുണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യാനുഭവങ്ങളുമായി വളരെ ബന്ധപ്പെടുത്തിയിട്ടുള്ള സന്ദർഭങ്ങളാണ് ഗീതയിലേത്.

   Delete
 2. DrBalamurali KS: സർ പറയുന്നതിനോട് 100%യോജിക്കുന്നു....ഞാൻ വിവക്ഷിച്ചത് അമിതാശ്രയത്വം തേടുന്ന,തന്റെ അനിവാര്യമായ തുടർചെയ്തികളെ ന്യായീകരിക്കാൻ വെമ്പുന്ന പാർത്ഥന്റെ മനോവ്യാപാരത്തെ എന്റേതായ വീക്ഷണ ത്തിൽ ഉണ്ടായതോന്നലി നെയാണ്....

  ReplyDelete
 3. Analogy gives more interest for commoners. The way Arjuna had changed is positive but still he is grabbed by the possession of fear. The 'enactment of smile' is something very important and wants to know what Krishna is going tell next. The article going very interesting.

  ReplyDelete