Tuesday, November 1, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 8

ഗീതയുടെ ഒന്നാം അദ്ധ്യായത്തിലെ എല്ലാ ശ്ലോകങ്ങളെയും നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞു. ഇതുവരെ ചർച്ച ചെയ്തത് ഒന്നവലോകനം ചെയ്തിട്ട് അടുത്ത അദ്ധ്യായത്തിലേക്ക് പോകാം. മുൻപ് ഒന്നു രണ്ടു പ്രാവശ്യം പറഞ്ഞ കാര്യം വീണ്ടും ഒരു വട്ടം കൂടി പറയട്ടെ; ഞാൻ വായിച്ചും ചിന്തിച്ചും കിട്ടുന്ന പരിമിതമായ അറിവിൽ നിന്നും എഴുതുന്ന കുറിപ്പുകളാണിവിടെ പ്രസിദ്ധീകരിക്കുന്നത്. ആത്മീയ വിഷയത്തിൽ തല്പരരും ജിജ്ഞാസുക്കളുമായ ചില സുഹൃത്തുക്കളുടെ സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നെന്നേയുള്ളൂ. വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റേയും കലർപ്പില്ലാതെ (ഇന്നു  കാണുന്നതു കൂടുതലും ഇതാണ്), കഴിയുന്നിടത്തോളം യുക്തിപരമായും ശാസ്ത്രീയമായും ഞാൻ മനസ്സിലാക്കിയിട്ടുള്ള ആർഷഭാരത സംസ്കാരം ഇങ്ങനെയുള്ളവർക്കു പകർന്നു നൽകണം എന്നു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ആർഷഭാരത പാരമ്പര്യം യുക്തിയുടെയും ബോധത്തിന്റെയും വിചാരത്തിൻറെയും ആണ്, വികാരത്തിന്റെതല്ല എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതു ലക്ഷ്യമാക്കുന്നത് സമഭാവനയിലൂന്നിയ  മാനവസംസ്കാരമാണ്, പ്രപഞ്ച ഐക്യമാണ്. നമ്മുടെ ആത്മീയസംസ്കാരത്തിന്റെ നേർമുഖമായ ഗീതയിൽ ഉദാത്തമായ ഈ സനാതനധർമ്മ ചിന്തകൾ എങ്ങിനെ നിബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിലാണ് എന്റെ ശ്രദ്ധ കൂടുതലും. അവികലമായ ഭക്തി (നിഷ്ക്കാമ ഭക്തി) സനാതനധർമ്മശരീരത്തിന്റെ ചൈതന്യമാണെങ്കിലും ആ  ഭക്തിതലത്തിൽ നിന്നു കൊണ്ട് ഗീതയെപ്പോലൊരു മഹത് ഗ്രന്ഥത്തെ വ്യാഖ്യാനിക്കാൻ നല്ല അനുഭവസമ്പത്ത് വേണം. നിർഭാഗ്യവശാൽ അതെനിക്കില്ല. എന്നാൽ, വികലമായ ഭക്തി (സ്വാർത്ഥ ഭക്തി), പുരോഗനോന്മുഖമായ ഹൈന്ദവാത്മീയതയുടെ ശോഭ വല്ലാതെ കെടുത്തുന്നതാണെന്നതിനാൽ, നമ്മുടെയിടയിൽ പലരും ചെയ്യുന്നതുപോലെ, അങ്ങിനെയൊരു ഭക്തികോണിലൂടെ ഗീതയെ വ്യാഖ്യാനിക്കുന്നതു ശരിയല്ലെന്നുമാണ് എന്റെ ചിന്ത. അതുകൊണ്ട്‌ 'ഭക്തി'തലത്തിൽ മാത്രം ഗീതയെ മനസ്സിലാക്കാനാഗ്രഹിക്കുന്നവരെ എന്റെ കുറിപ്പുകൾ ചിലപ്പോൾ നിരാശപ്പെടുത്തിയേക്കാം. പക്ഷെ, വിവേകാനന്ദ സ്വാമികൾ, ചിന്മയാനന്ദ സ്വാമികൾ തുടങ്ങിയ ആചാര്യന്മാരും നമ്മുടെയിടയിൽ ഇന്ന് ജീവിക്കുന്ന പല യുവസന്യാസിവര്യന്മാരും യുക്തിയുടെയും ശാസ്ത്രീയതയുടെയും ഭാഗത്തേക്കു ചാഞ്ഞു നിന്നുകൊണ്ടാണ് ഭഗവത് ഗീതയെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുള്ളതെന്നു കാണുമ്പോൾ  അങ്ങിനെയൊരു സമീപനത്തിന് അർത്ഥമുണ്ടെന്നു തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.

കുരുക്ഷേത്ര ഭൂമിയിൽ യുദ്ധസന്നദ്ധരായി നിന്ന കൗരവ-പാണ്ഡവ സേനകൾക്കു നടുവിലായി, കുരുവൃദ്ധനായ ഭീക്ഷ്മർക്കും ആചാര്യനായ ദ്രോണർക്കും അഭിമുഖമായി, രഥം കൊണ്ട് നിർത്തി 'കൗരവസേനയെ നോക്കി കണ്ടോളൂ' എന്നു സാരഥിയായ കൃഷ്ണൻ അർജ്ജുനനോട് പറയുന്നത് മുതലാണ് ഗീതയിലെ കാര്യമാത്രപ്രസക്തമായ ചിന്താവിഷയങ്ങൾക്കു തുടക്കം കുറിയ്ക്കുന്നത്. 'ദുര്യോധനപക്ഷത്തെ യുദ്ധത്തിൽ വിജയിപ്പിക്കാൻ വന്നിരിക്കുന്നവരെ ഞാനൊന്ന് കാണട്ടെ, അതിനായി രഥം രണ്ടു സേനകൾക്കും നടുവിലായി കൊണ്ടു നിർത്തൂ' എന്ന അർജ്ജുനൻറെ വാക്കു മാനിച്ചാണ് കൃഷ്ണൻ അങ്ങിനെ ചെയ്തത്. വില്ലുയർത്തിപ്പിടിച്ചു, യുദ്ധസന്നദ്ധനായി തികഞ്ഞ ആത്മവിശ്വാസത്തോടെയും എന്നാൽ അൽപ്പം ഹുങ്കോടെയും ആണ് അർജ്ജുനൻ കൃഷ്ണനോട് അങ്ങിനെ പറഞ്ഞതു്. പക്ഷേ അവിടെ കൂട്ടം ചേർന്നു നിന്ന ഭീക്ഷ്മദ്രോണാദികളെയും മറ്റു ബന്ധുജനങ്ങളെയും കണ്ട മാത്രയിൽ അർജ്ജുനനിൽ വികാരവേലിയേറ്റമുണ്ടായി. കടുത്ത മാനസികസമ്മർദ്ദത്തിൽപ്പെട്ട അർജ്ജുനൻ ശാരീരികാസ്വാസ്ഥങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. ആ യോദ്ധാവ് പിന്നീട് പറഞ്ഞതെല്ലാം തന്നെ തികഞ്ഞ ഹൃദയദൗർബല്യം പ്രകടമാക്കുന്നതും യുദ്ധക്കളത്തിൽ നിൽക്കുന്ന ക്ഷത്രിയവീരൻ ഒരിക്കലും ചിന്തിക്കാൻ പോലും പാടില്ലാത്തതുമായ കാര്യങ്ങളായിരുന്നു. ഭീക്ഷ്മപിതാമഹനോടും ഗുരുജനങ്ങളോടും ബന്ധുമിത്രാദികളോടുമുള്ള സ്നേഹവായ്പ്പിൽ നിന്നുളവായ "കൃപ' യാണ് അർജ്ജുനന്റെ ഭാവപ്പകർച്ചക്കു കാരണമെന്നാണ് ഞാൻ വായിച്ചിട്ടുള്ള ഏതാണ്ട് എല്ലാ വ്യാഖ്യാനങ്ങളിലും പറഞ്ഞിട്ടുള്ളത്.  ശ്ലോകങ്ങളിൽ നിന്നും വായിച്ചെടുക്കാവുന്നതും അത് തന്നെയാണ്. പക്ഷെ, വളരെക്കാലത്തെ ചർച്ചകൾക്കും ചിന്തകൾക്കും  ഒടുവിൽ ബോധപൂർവം  ചിന്തിച്ചുറപ്പിച്ച  യുദ്ധത്തിന്റെ ഭവിഷ്യത്തുക്കളെയെല്ലാം തന്നെ വളരെ മുൻപേ തന്നെ അർജ്ജുനൻ മനസ്സിൽ കണ്ടിരിക്കേണ്ടതാണെന്നു കാണുമ്പോൾ, ബന്ധുക്കളോടുള്ള സ്നേഹവായ്പ്പിനുപരിയായി, അർജ്ജുനവ്യക്തിത്വത്തെത്തന്നെ പിടിച്ചു കുലുക്കിയ ഒരു ഘടകം അർജ്ജുനജൽപ്പനങ്ങൾക്കുണ്ടാകേണ്ടതാണെന്നു സ്വാഭാവികമായും ചിന്തിയ്‌ക്കേണ്ടിയിരിക്കുന്നു. തന്റെ കഴിവിൽ  അൽപ്പം അമിതാഭിമാനമുള്ള  വ്യക്തിത്വമായ അർജ്ജുനനു, കുരുക്ഷേത്രം നോക്കിക്കണ്ട മാത്രയിൽ 'യുദ്ധം ജയിക്കുമോ എന്ന ആശങ്ക (ഫലകാംക്ഷ)' ഉണ്ടായി എന്നിരിക്കട്ടെ (ഈ സാദ്ധ്യത ചിന്മയാനന്ദ സ്വാമികൾ പറഞ്ഞിട്ടുണ്ട്). അങ്ങിനെയായാൽ, അർജ്ജുനന്റെ അഹംഭാവത്തിനേൽക്കുന്ന വലിയ അടിയാണത്. പുറത്തുപറയാൻ കഴിയാത്ത ഇക്കാര്യം അർജ്ജുനനിൽ വലിയ മാനസികസമ്മർദ്ദം സൃഷ്ടിയ്ക്കാൻ പോന്നതാണ്.  ഇങ്ങനെ വ്യാഖ്യാനിച്ചാൽ, അർജ്ജുനൻ പ്രകടിപ്പിച്ച കടുത്ത ശാരീരികാസ്വാസ്ഥ്യങ്ങൾക്കുള്ള ശാസ്ത്രീയമായ ഒരുത്തരമാകുമതെന്നാണ് എനിക്ക് തോന്നുന്നത്. ഈ ആന്തരികസമ്മർദ്ദവും ബന്ധുമിത്രദികളോടുള്ള സ്നേഹവായ്പ്പും താനാഗ്രഹിച്ച സന്തോഷകരമായ ജീവിതം യുദ്ധം തകർത്തുകളുയുമല്ലോ എന്ന നിരാശാബോധവും എല്ലാം കൂടിച്ചേർന്നു 'കൃപ'യായി പരിണമിച്ചു, തത്ഫലമായുണ്ടായതാണ് തുടർന്നുവരുന്ന യുക്തിരഹിതമായ എല്ലാ അർജ്ജുന വിഷാദചിന്തകളും എന്നു ചിന്തിയ്‌ക്കേണ്ടിയിരിക്കുന്നു. അർജ്ജുനന്റെ 'ഹൃദയദൗർബല്യ' ത്തെ കൃഷ്ണൻ തന്നെ പലവട്ടം ഗീതയിൽ അടിവരയിട്ടു പറയുന്നുമുണ്ട്. ചില വ്യാഖ്യാനങ്ങളിൽ സൂചിപ്പിച്ച 'അർജ്ജുനാശങ്ക' യെ ഞാനൊന്ന് വികസിപ്പിച്ചു വ്യാഖ്യാനിച്ചുവെന്നു മാത്രം.

പരസ്പരം പോരടിച്ചിരുന്ന പല വിരുദ്ധചിന്തകളും സാമൂഹിക അസമത്വങ്ങളും കാരണം സമൂഹം ശിഥിലമായി, സനാതനമതം ശോഭകെട്ട് അധപതിച്ച ഒരു കാലഘട്ടത്തിൽ, സമൂഹത്തിനും മതത്തിനും ഗുണകരമായ ആശയങ്ങളെയെല്ലാം സ്വീകരിച്ചും അനാവശ്യമായവയെ നിരാകരിച്ചും, സമന്വയത്തിന്റെ ഒരു പാത വെട്ടിത്തെളിക്കുകയായിരുന്നു ഗീതാ രചനയിലൂടെ ഗീതാകാരൻ ചെയ്തതെന്ന് ഞാൻ മുൻപ്  എഴുതിയിരുന്നു. ഇക്കാരണത്താൽ തന്നെ മഹനീയമായ സനാതനധർമ്മത്തെ മലിനമാക്കിയ പല മതാശയങ്ങളെയും സാമൂഹ്യചിന്തകളെയും അർജ്ജുനവിഷാദത്തിലൂടെ അവതരിപ്പിച്ചു, അതിനൊക്കെ   ആത്മീയതലത്തിലുള്ള ഉത്തരങ്ങൾ ഉത്തമനായ കൃഷ്ണക്കൊണ്ടു ഗീതാകാരൻ പറയിയ്ക്കുന്നുണ്ടെന്നു ഞാൻ പറഞ്ഞിരുന്നു. ഇനി വരുംഭാഗങ്ങളിൽ ഇതൊക്കെ ചർച്ച ചെയ്യാനുള്ള അവസരം വരുന്നതാണ്.  പല പാശ്ചാത്യപണ്ഡിതന്മാരുടെ പഠനങ്ങളിലും ഗീതാശ്ലോകങ്ങളിലും ഗീതയുടെ ഈ സാമൂഹിക പശ്ചാത്തലം നന്നായി  പ്രതിഫലിക്കുന്നുണ്ടെങ്കിലും, ആത്മീയതയ്ക്കു കൂടുതൽ ഊന്നൽ നൽകുന്നതു കൊണ്ടാകാം, നമ്മുടെ പ്രമുഖ ഗീതാ പഠനങ്ങളിൽ  ഈ വിഷയങ്ങൾക്കു വലിയ പ്രാധാന്യം ലഭിച്ചതായി തോന്നുന്നില്ല.


'അർജ്ജുനവിഷാദയോഗ'ത്തിൽ ചോദ്യങ്ങളേയുള്ളൂ. രണ്ടാം അദ്ധ്യായമായ 'സാംഖ്യയോഗ'ത്തിലാണ് ഈ ചോദ്യങ്ങൾക്ക്, ആത്മീയതലത്തിലുള്ള ഉത്തരങ്ങൾ കൃഷ്ണൻ നൽകാൻ പോകുന്നത്. ആത്മവിഷയം ഗഹനമാണെന്നതിനാൽ, ഇനി പഠിക്കാൻ പോകുന്ന കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ നല്ല ശ്രദ്ധ വേണം. ജ്ഞാനസമ്പാദനത്തിനായി മനസ്സിനെ തയ്യാറാക്കേണ്ടതുണ്ട്. അങ്ങിനെ തയ്യാറാക്കിയ മനോനിലങ്ങളിൽ വീഴുന്ന ജ്ഞാനവിത്തുകളേ  മുളച്ചു ചെടിയായി ഗുണകരമായ ഫലം പ്രദാനം ചെയ്യൂ. അർജ്ജുനവിഷാദം തന്നെ അങ്ങിനെയൊരു 'നിലം ഒരുക്കൽ' ആയി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വില്ലാളി വീരനെങ്കിലും, ആ വീര്യം ഫലവത്താകണമെങ്കിൽ, പ്രതിസന്ധികളിൽ അർജ്ജുനനെ തളർത്തുന്ന ഹൃദയദൗർബല്യത്തെ ( അഹംഭാവത്തെയും) ജയിക്കേണ്ടതുണ്ട്. ആത്മബോധത്തെ ഉണർത്തുകയാണ്‌ ഇതിനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗം. കൃഷ്ണനിനി പകർന്നു നൽകാൻ പോകുന്ന ആത്‌മജ്ഞാനം ഉള്ളിലേക്ക് ഊർന്നിറങ്ങി  പ്രവർത്തിക്കണമെങ്കിൽ  അർജ്ജുനന്റെ മനസ്സ് ഈ ജ്ഞാനസമ്പാദനത്തിനു പാകമായിരിക്കണം. മറ്റു രക്ഷാമാർഗ്ഗങ്ങളെല്ലാം അടഞ്ഞു, നിസ്സഹായനായി, തീവ്രദുഃഖിതനായി നിൽക്കുമ്പോഴാണല്ലോ നമ്മൾ മനുഷ്യർ ആത്മാർത്ഥതയോടെ ഈശ്വരനെ വിളിക്കുന്നത്, ഈശ്വരസഹായം തേടുന്നത്? അപ്പോൾ മാത്രമേ ഈശ്വരൻ പറയുന്നതു കേൾക്കാൻ മനുഷ്യൻ മനസ്സും കാണിക്കൂ. അർജ്ജുനനെ, ഗീതാകാരൻ ആ തലത്തിൽ എത്തിച്ചു  നിർത്തിയിരിക്കയാണിപ്പോൾ. കൃഷ്ണൻ പറയുന്നത് കേൾക്കാനും അനുഭവമാക്കാനും അർജ്ജുന മനസ്സ് ഏതാണ്ട് ഒരുങ്ങിക്കഴിഞ്ഞു.

ഉപനിഷൽസാരമായ ബ്രഹ്മവിദ്യയും യോഗശാസ്ത്രവുമാണ് ഗീതയുടെ ഇതിവൃത്തം. വലിയ കാര്യങ്ങളായ ഇതൊക്കെ എങ്ങിനെ പറഞ്ഞു ഫലിപ്പിക്കും എന്ന ആശങ്കയിലാണ് ഞാൻ.  കൂടെ കൃഷ്ണനുണ്ടല്ലോ എന്നതാണ്   ഒരു സമാധാനം. അർജ്ജുനനെപ്പോലെ തന്നെ ഒരു ജ്ഞാനാർത്ഥിയാണ് ഞാനും. എനിക്കും എന്തെങ്കിലും കിട്ടും. അവിടുന്നു കിട്ടുന്നത് ഞാൻ നിങ്ങൾക്കും പകർന്നു തരാം. അത്രമാത്രം.
       
ഓം തത്സദിതി ശ്രീമദ് ഭഗവത് ഗീതാസുപനിഷൽസു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജ്ജുനസംവാദേ
അർജ്ജുനവിഷാദയോഗാ നാമ പ്രഥമോധ്യായ:

(ഒന്നാം അദ്ധ്യായം സമാപ്തം)

     

3 comments:


  1. 'അർജ്ജുനവിഷാദയോഗത്തിന്റെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

    ReplyDelete
  2. Dr Balamurali KS wrote in FB: ധർമ്മബോധത്തോട് കൂടി നിയോഗിതമായ പ്രവൃത്തിയിൽ ഏർപ്പെടുക...ഇത് പൂർണ്ണാർത്ഥത്തിൽ പ്രാവർത്തികമാക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്....തികഞ്ഞ ധർമ്മബോധം ഓരോ നിമിഷവും കാത്തു സൂക്ഷിക്കണം...അത് പ്രയോഗികബുദ്ധിയോടെ പ്രവർത്തിപഥ ത്തിലാക്കണം....വളരെ ബുദ്ധിമുട്ട്....100ൽ 95ഉം കൊലവാളുമായി മുന്നിൽ അതും ബാന്ധവപാശം കൊണ്ട് ഉടൽ തന്നോട് ചേർത്തുകെട്ടിയ അവസ്ഥ....കർമ്മ ശേഷിയുള്ള ഏത് അർജ്ജുനനും തളർന്നുപോകും... അത് കേവല മനുഷികമൂല്യത്തിന്റെ ഭാഗവുമാണ്....പക്ഷെ സംസ്ഥാപനാർത്ഥം ഈശ്വരന്റെ tool ആയി നിയോഗിക്ക പെട്ടതാണ് അർജുനനെ ധർമ്മപൂർത്തികരണത്തിന് അനുയോജ്യമായിരിക്കണം ആ ഉപകരണം... അത് യഥാവിധി കൃഷ്ണൻ മൂർച്ചകൂട്ടിയെടുക്കുന്നു.....അത് നിലനിർത്തേണ്ടത് എല്ലാവരിലേയും അർജ്ജുനന്റെ കടമയാണ്....എങ്കിലേ ഈ ധർമ്മക്ഷേത്രത്തിൽ നിലനിൽക്കാൻ കഴിയൂ...

    ReplyDelete
  3. The article is good. The questions posed by Arjuna is always posed by many of us when exposed to reality. The article succeed in creating the interest to wait for the next session. I am very obvious that the reply by Krishna is going to ease out many of our agonies.

    ReplyDelete