Friday, December 2, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 4)

യുദ്ധം ചെയ്യാൻ കഴിയില്ല എന്നു പറഞ്ഞു, അമ്പും വില്ലും താഴെയിട്ടു, 'എനിക്കൊന്നും അറിയില്ല, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു, അങ്ങെനിക്കുപദേശം നൽകണം' എന്നു പറഞ്ഞു കരഞ്ഞപേക്ഷിക്കുന്ന അർജ്ജുനനു ഭഗവാൻ കൃഷ്ണൻ ഉപദേശം നൽകാൻ തുടങ്ങുകയാണ്. വിവിധ കാരണങ്ങളാൽ സ്വകർമ്മം (സ്വധർമ്മവും) അനുഷ്ഠിക്കാൻ കഴിയാതെ കർമ്മമണ്ഡലങ്ങളിൽ പകച്ചുനിൽക്കുന്ന നാമോരോരുത്തരോടും കൂടിയാണ് ഗീതോപദേശത്തിലൂടെ വ്യാസമഹർഷി സംവദിക്കാൻ പോകുന്നതെന്നു നാം മനസ്സിലാക്കണം. സാംഖ്യയോഗം പതിനൊന്നാം ശ്ലോകം മുതലാണ് ഗീതോപദേശം തുടങ്ങുന്നത്. ഇതുവരെ പഠിച്ചതു ലൗകിക വിഷയങ്ങളായിരുന്നുവെങ്കിൽ ഗീതോപദേശം അങ്ങിനെയല്ല. ഇത് ആത്മവിഷയമാണ്. ആത്മവിഷയം ശ്രദ്ധിച്ചു കേട്ട് മനനം ചെയ്തു പഠിക്കേണ്ടതാണ്. എങ്കിൽ മാത്രമേ അതുകൊണ്ടുദ്ദേശിച്ചിട്ടുള്ള ഗുണം പഠിതാവിനു ലഭിക്കൂ. മഹനീയമായ ഹൈന്ദവദർശനങ്ങളെ സ്വാംശീകരിക്കാൻ 'ശ്രദ്ധ' അനിവാര്യമാണ്.

ആത്മവിഷയം ഗ്രഹിച്ചാൽ ലൗകികസുഖങ്ങൾ ത്യജിയ്ക്കേണ്ടിവരുമെന്നും സന്യാസിയായിപ്പോകുമെന്നും മറ്റുമുള്ള ആശങ്ക പലരിലും ഉണ്ട്. ഇത് വെറും തോന്നലാണ്. അസാധാരണ ധൈര്യവും ബോധവും ഉള്ളവർക്കേ സർവ്വസംഗപരിത്യാഗിയായ സന്യാസിയാകാൻ കഴിയൂ. നമ്മളാരും അങ്ങിനെയുള്ളവരല്ല; ജീവിതസുഖങ്ങൾ അനുഭവിച്ചു ജീവിച്ചു മരിയ്ക്കാൻ ഇഷ്ടപ്പെടുന്നവർ മാത്രം. അങ്ങിനെയുള്ള നമുക്ക് ആത്മജ്ഞാനം കൊണ്ടെന്തു പ്രയോജനം എന്ന് ചോദിച്ചേക്കാം. പറയാം. ശരിയായ ഈശ്വരചിന്തകൊണ്ട് മനുഷ്യർ സംസ്കാരചിത്തരാകണം. പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുന്നവരാകണം. സമൂഹത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്നവരാകണം. പക്ഷെ ഇന്ന് നമ്മൾ കാണുന്നതിതൊന്നുമല്ല. ഇന്ന് കാണുന്ന ഈശ്വരചിന്തകളെല്ലാം തന്നെ സ്വാർത്ഥലാഭത്തെ ലക്ഷ്യമാക്കിയുള്ളതാണ്. ഭക്തരുടെ എണ്ണം അഭൂതപൂർവമായി  കൂടുമ്പോഴും സമൂഹം കൂടുതൽ അശാന്തമാകുന്നത് വികലമായ ഈശ്വരചിന്തകളാലാണ്. നമുക്കു ചുറ്റും കാണുന്ന മൂല്യച്യുതിയ്ക്കു കാരണം ആത്മബോധമില്ലായ്മയാണ്. വെട്ടിപ്പിടിക്കാനായുള്ള വിശ്വാസവും അന്ധവിശ്വാസവും എല്ലാം കൂടി സാമൂഹിക പുരോഗതിയ്ക്കു തടസ്സം സൃഷ്ടിയ്ക്കുകയാണ്. ഇതിന്റെയൊക്കെ കാരണങ്ങൾ തേടിപ്പോയാൽ ചെന്നെത്തുന്നത് മനുഷ്യമനസ്സുകളിലായിരിക്കും. ശുദ്ധീകരണം അല്ലെങ്കിൽ പരിവർത്തനം നടക്കേണ്ടത് അവിടെയാണ്. അതു നടന്നാൽ ബാക്കി എല്ലാം താനേ ശരിയായിക്കൊള്ളും. ആത്മീയപഠനം ലക്ഷ്യം വയ്ക്കുന്നതിതാണ്. ജീവിതത്തെക്കുറിച്ചു കുറേക്കൂടി നല്ലൊരു കാഴ്ചപ്പാട് ഉണ്ടാകാൻ ആത്മബോധം സഹായിക്കും. അതാണ് മോക്ഷം. അതു വേണ്ടന്നാർക്കും  അഭിപ്രായം ഉണ്ടാകില്ലല്ലോ? അതുകൊണ്ടു സന്യാസിയായിപ്പോകുമോ എന്നുള്ള പേടിയൊന്നും കൂടാതെ ഗീതയിലെ ആത്മവിഷയം നമുക്ക് പഠിക്കാം. ആത്മവിഷയത്തെപ്പറ്റി പലർക്കും ആശങ്കയും അതിലേറെ അജ്ഞതയും ഉണ്ടെന്നറിയാവുന്നതുകൊണ്ടു മാത്രം ഇത്രയും എഴുതിയെന്നേയുള്ളൂ.

നമുക്കു ഗീതാ ചർച്ച തുടരാം

ശ്രീഭഗവാനുവാച :

അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദംശ്ച ഭാഷസേ
ഗതാസൂനഗതാസൂശ്ച  നാനുശോചന്തി പണ്ഡിതാ: (ശ്ലോകം: 2 -11)  

(ശ്രീ ഭഗവാൻ പറഞ്ഞു: ദുഖിക്കേണ്ടാത്തവരെക്കുറിച്ചു ദുഖിച്ചു നീ പണ്ഡിതന്റെ വാക്കുകൾ പറയുകയും ചെയ്യുന്നു. പണ്ഡിതന്മാർ മരിച്ചവരെക്കുറിച്ചും മരിക്കാത്തവരെക്കുറിച്ചും അനുശോചിക്കുന്നില്ല)

ന ത്വേ വാഹം ജാതു നാസം ത്വം നേമേ  ജനാധിപാ:
ന ചൈവ ന ഭവിഷ്യാമഃ സർവ്വേ വയമത: പര  (ശ്ലോകം: 2 -12) 

(ഞാൻ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല, നീയും ഇല്ലാതിരുന്നിട്ടില്ല, ഈ രാജാക്കന്മാരും ഇല്ലാതിരുന്നിട്ടില്ല. ഇനി മേൽ നമ്മളെല്ലാവരും ഉണ്ടാകാതെയിരിക്കുകയുമില്ല) 

ദേഹിനോസ്മിന്യഥാ ദേഹേ കൗമാരം യൗവനം ജരാ 
തഥാ  ദേഹാന്തരപ്രാപ്തീർധീരസ്തത്ര ന മുഹ്യതി (ശ്ലോകം: 2 -13)  

(മനുഷ്യന് ഈ ദേഹത്തിൽ എങ്ങിനെയാണോ കൗമാരവും യൗവനവും ജരയും, അങ്ങിനെ തന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരൻ അതിൽ മോഹിക്കുന്നില്ല)

മാത്രാസ്പർശാസ്തു കൗന്തേയ ശീതോഷ്ണ സുഖദുഃഖദാ:
ആഗമാപായിനോനിത്യാം സ്ത്വാം സ്തിതിക്ഷസ്വ  ഭാരത  (ശ്ലോകം: 2 -14)

(കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പർശങ്ങൾ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും  നല്കുന്നവയും വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങളുമാണ്. ഭാരതവംശത്തിൽ ജനിച്ചവനേ, അത് നിർവികാരനായി നീ സഹിച്ചു കൊള്ളുക). കാണാൻ കഴിയുന്ന ഒരു ശരീരവും അതിൽ കാണാൻ കഴിയാതെ നിലകൊള്ളുന്ന ഒരു ചൈതന്യവും (matter & spirit) ചേർന്നതാണ് നാമെല്ലാം. പഞ്ചഭൂതങ്ങൾ (അഗ്നി, ഭൂമി, വായു, ആകാശം, ജലം) കൊണ്ടാണ് ശരീരം ഉണ്ടാക്കിയിരിക്കുന്നത്. ചൈതന്യം ശരീരത്തിൽ ഉള്ളിടത്തോളം കാലം ശരീരം സജീവമായി നിലനിൽക്കും. ചൈതന്യം അകലുന്നതോടെ (മരണം എന്ന് വിവക്ഷ) ജഡമാകുന്ന ശരീരം നശിച്ചു അതിന്റെ ഘടകങ്ങളായി ഈ പ്രപഞ്ചത്തിൽ ലയിച്ചു ചേരുന്നു. matter നാൽ നിർമ്മിതമായ ശരീരം ഇങ്ങനെ നശിക്കുമെങ്കിലും അതിനു ജീവൻ നൽകുന്ന ചൈതന്യം (ആത്മാവ് എന്ന് മനസ്സിലാക്കാം) നശിക്കുന്നതല്ല. ചൈതന്യം matter നാൽ നിർമ്മിക്കപ്പെട്ടതല്ല എന്നത് തന്നെ അതിനു കാരണം. അങ്ങിനെ നശ്വരമായ ശരീരവും അനശ്വരമായ ചൈതന്യവും കൂടി ചേർന്നതാണ് നമ്മളെല്ലാം. ശരീരത്തിനും ചൈതന്യത്തിനും തനിയെ നിലനിൽക്കാൻ കഴിയില്ല. ഇവ രണ്ടും കൂടി ചേർന്നിരിക്കുമ്പോഴാണ് രണ്ടിന്റെയും പ്രഭാവം ഒന്നായി ഭവിച്ചു പ്രവർത്തനക്ഷമമായ ജീവശരീരമാകുന്നത്. ഒരു ഇലക്ട്രിക്ക് ബൾബുമായി ഈ അവസ്ഥയെ താരതമ്യം ചെയ്യാം. വെറുമൊരു ബൾബ് പ്രകാശിയ്ക്കുന്നില്ല. അതിന്റെ ഫിലമെന്റിലൂടെ വൈദ്യുതി കടക്കുമ്പോൾ അതു പ്രകാശിക്കുന്നു. വെറും ബൾബിനോ വൈദ്യതിക്കോ തനിയെ പ്രകാശിയ്ക്കാൻ കഴിയില്ല. രണ്ടും ചേർന്നിരുന്നാലേ പ്രകാശം ഉണ്ടാകയുള്ളൂ. ചൈതന്യമാകുന്ന വൈദ്യുതിയ്ക്കു ബൾബിനെ മാത്രമല്ല, മറ്റു പല ഉപകരണങ്ങളെയും പ്രവർത്തനക്ഷമമാക്കാനും കഴിയും. ഇത് തന്നെയാണ് ആത്മാവിന്റെയും രീതി. അതിനു manifest ചെയ്യാൻ ഒരു ശരീരം ആവശ്യമാണ്. അത് മനുഷ്യശരീരം ആകണം എന്നില്ല. അത് നിലനിൽക്കുന്ന ശരീരത്തിനു ജീവനുണ്ടായി പ്രവർത്തനക്ഷമമാകുന്നു. ഈ അടിസ്ഥാനപ്രമാണം മനസ്സിലാക്കിയ സ്ഥിതിയ്ക്ക് നമുക്ക് ഭഗവാൻ കൃഷ്ണൻ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിയ്ക്കാം.

അർജ്ജുനാ, നീ നിന്റെ മുൻപിൽ കാണുന്ന ശരീരങ്ങളെ (ഭീക്ഷ്മർ, ദ്രോണർ, ദുര്യോധനാദികൾ ....) മാത്രമാണ് കാണുന്നത്. അതെല്ലാം നിന്റെ ബന്ധുമിത്രാദികളാണെന്നും അവരെ യുദ്ധത്തിൽ കൊല്ലാൻ കഴിയില്ല എന്നുമാണല്ലോ നീ പറയുന്നത്? നശ്വരമായ ആ ശരീരങ്ങളെ സചേതനമാക്കുന്ന അനശ്വരമായ ആത്മാവിനെ നീ കാണുന്നില്ലേ? "ഞാൻ" എന്നൊരുവൻ ശരീരത്തിലേക്ക് വിരൽ ചൂണ്ടിപ്പറയുമ്പോൾ എന്തിനെയാണത് ലക്ഷ്യമാക്കുന്നത്? ശരീരത്തെയോ അതോ ആത്മാവിനെയോ? ആത്മാവിനെയാണെന്ന് ബോധമുള്ളവർ മനസ്സിലാക്കുന്നു. നിത്യമായ ആത്മാവിനു മരണമില്ലെന്നു പണ്ഡിതന്മാർക്കറിയാം. ജനനമരണങ്ങൾ സംഭവിയ്ക്കുന്നത് പഞ്ചഭൂതാത്‌മകമായ ശരീരത്തിനു മാത്രമാണ്. അത് നിരന്തരമായ പ്രക്രിയയാണ്. പണ്ഡിതന്മാർ, ജനനത്തിൽ സന്തോഷിക്കുകയോ മരണത്തിൽ ദുഖിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ അവർ മരിച്ചവരെക്കുറിച്ചും മരിക്കാത്തവരെക്കുറിച്ചും ദുഖിക്കുന്നില്ല. പക്ഷേ മമതാബന്ധത്താൽ ബോധം മറഞ്ഞു നിൽക്കുന്ന നീ പണ്ഡിതന്മാർ കാണുന്ന പോലെയല്ല കാര്യങ്ങൾ കാണുന്നത്; എന്നാൽ സംസാരിയ്ക്കുന്നതോ വലിയ പണ്ഡിതന്മാരെപ്പോലെയും! അർജ്ജുനാ, ഞാനും നീയും ഈ രാജാക്കന്മാരും എല്ലാം എന്നും ഉണ്ടായിരുന്നു, ഇനി ഉണ്ടായിരിക്കുകയും ചെയ്യും. കാരണം നാമെല്ലാവരും അനശ്വരമായ ആത്മാക്കൾ മാത്രമാണ് എന്നത് തന്നെ.  ഒരു ശരീരത്തിൽ എങ്ങിനെയാണോ കൗമാരവും യൗവനവും ജരയും പ്രകടമാകുന്നത്, അതുപോലെയുള്ള ഒരു മാറ്റം മാത്രമാണ് ദേഹാന്തരപ്രാപ്തിയും (മരണം). ജനനം മുതൽ മരണം വരെ വിവിധ അവസ്ഥകളിലൂടെ ശരീരം കടന്നുപോകുമ്പോൾ നിന്റെയുള്ളിലെ ചൈതന്യത്തിന് എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ? ഞാൻ എന്ന ഭാവം മാറുന്നുണ്ടോ? ഇല്ല. അതുപോലെ മരണത്തിലും ആത്മചൈതന്യത്തിനു ഒന്നും തന്നെ സംഭവിക്കുന്നില്ല. അത് ആ ശരീരം വിട്ട് മറ്റൊരു ശരീരത്തിൽ  പ്രവേശിക്കുന്നു എന്ന് മാത്രം. ചുരുക്കിപ്പറഞ്ഞാൽ, ആത്മാവാണ് നിത്യമെന്നതിനാൽ അതിനെ നശിപ്പിക്കാൻ കഴിയാത്ത സ്ഥിതിയ്ക്ക് നീ വിചാരിക്കുന്നതുപോലെ യുദ്ധത്തിൽ നീയാരെയും കൊല്ലാൻ പോകുന്നില്ല. ശരീരമാണ് അമ്പേറ്റു വീഴുന്നത്, ആത്മാവല്ല. നിത്യമല്ലാത്ത ഒരു വസ്തു നശിച്ചുപോകുന്നതിൽ നീയെന്തിനു വ്യാകുലപ്പെടണം? നശ്വരമായ ശരീരമാണ് ഒരുവൻ എന്ന തെറ്റായ ചിന്തയാണ് നിന്നിൽ ഈ ആശയക്കുഴപ്പമെല്ലാം സൃഷ്ടിയ്ക്കുന്നത്. അർജ്ജുനാ, ദുഃഖിക്കാൻ ഒരു കാരണവും ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ചു നീ വെറുതെ ദുഖിക്കുകയാണ്. ഈ തോന്നലൊക്കെ നിന്റെ ഇന്ദ്രിയങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത് ഇന്ദ്രിയങ്ങളുടെ പ്രവർത്തനരീതിയാണ്. ഇന്ദ്രിയങ്ങൾ വിഷയങ്ങളെ സ്പർശിക്കുമ്പോൾ ശീതവും ഉഷ്ണവും സുഖവും ദുഃഖവും ലാഭവും നഷ്ടവും നല്ലതും ചീത്തയും അഭിമാനവും അപമാനവും ....(pair of opposites) ഉണ്ടാക്കുന്നു. പക്ഷെ ഇതിനൊന്നും ഒരു സ്ഥിരതയും ഇല്ലാത്തതാണ്. ഇതൊക്കെ വന്നും പോയും ഇരിക്കും. ഇന്ന് സുഖദായകമെന്നു തോന്നുന്ന കാര്യം നാളെ ദു:ഖദായകമായി തോന്നാം. ഇതെല്ലാം ഇന്ദ്രിയങ്ങളുടെയും അവ നിയന്ത്രിക്കുന്ന മനസ്സിന്റെയും കളിയാണ്. ഈ ദ്വന്ദഭാവങ്ങളെ ശരിയ്ക്കും മനസ്സിലാക്കി നിർവികാരനായി സഹിച്ചുകൊള്ളുക (ഇതിനൊന്നും അനാവശ്യമായ പ്രാധാന്യം കൊടുക്കരുത്. നിത്യമായതും കീർത്തിയുളവാക്കുന്നതുമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയ്ക്കൂ എന്ന് വ്യംഗ്യം).

2 comments:

  1. This is indeed a watershed in the series of Sudarshanam.It helped me into delve into the spiritual realm of Gita.As usual with the use of Bulb analogy, a very complex topic which ran into pages of many writings, came to reader's mind in a matter of time. And moreover, the chapter also emphasizes the role which can be played by Gita by providing 'Atma Gnanam' and its role in tackling the present day crisis in the society we lives in.

    ReplyDelete
  2. Thanks for the comments Mahi. I am happy that you are showing interest in the series and thus to learn Gita, which most of the youngsters (elders too) do not do these days.

    ReplyDelete