Friday, December 9, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 5)

ദേഹം (ശരീരം) - ദേഹി (ആത്മാവ്) വിഷയത്തെയും ആത്മാവിന്റെ പ്രത്യേക സവിശേഷതകളെയും (unique attributes) കുറിച്ച് ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് പറയുന്ന ഗീതോപദേശത്തിന്റെ ആദ്യഭാഗമാണ് നമ്മൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. രണ്ടാം അദ്ധ്യായത്തിലെ 11 മുതൽ 30 വരെയുള്ള 20 ശ്ലോകങ്ങളിലും ഇതേ വിഷയം തന്നെയാണ് പ്രതിപാദിക്കുന്നത്. ആത്മമഹിമയെയാണ് ഈ ശ്ലോകങ്ങളൊക്കെ തന്നെ വർണ്ണിക്കുന്നതെങ്കിലും, അർജ്ജുനന്റെ വിഷാദചിന്തകൾക്കുള്ള താത്വികമായ മറുപടികളും അവയ്ക്കുള്ളിൽ അടക്കം ചെയ്തിട്ടുണ്ടെന്നു കാണാവുന്നതാണ്. നാം നശ്വരമായ ശരീരമല്ല, മറിച്ചു അനശ്വരമായ ചൈതന്യമാണെന്നും ഇന്ദ്രിയസൃഷ്ടവും അസ്ഥിരവുമായ ദ്വന്ദഭാവങ്ങളിൽ ആകൃഷ്ടനാകാതെ ആത്മബോധത്തോടെ വർത്തിക്കൂ എന്നുമാണ് കൃഷ്ണൻ ഇതുവരെ പറഞ്ഞത്. ഭഗവാൻ തുടർന്നു പറയുന്നത് ശ്രദ്ധിക്കാം.  

യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷർഷഭ ദ 
സമദുഖഃ സുഖം ധീരം സോമൃതത്വയ കൽപ്പതേ (ശ്ലോകം 2:15)

(പുരുഷശ്രേഷ്ഠാ, സുഖദുഃഖങ്ങളെ സമമായി വിചാരിക്കുന്നവനും  ധീരനുമായ ഏതൊരു പുരുഷനെ ഇവ ദുഖിപ്പിക്കയില്ലയോ അവൻ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു)

നാസതേ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത:
ഉഭയോരപി ദൃഷ്ടോന്തസ്ത്വനയോസ്തത്ത്വദർശിഭിഃ  (ശ്ലോകം 2:16)   

(ഇല്ലാത്തതിന് (അസത്തിന്) ഉണ്മയില്ല, ഉള്ളതിന് (സത്തിന്) അഭാവവും അറിയപ്പെടുന്നില്ല. ഈ രണ്ടിൻറെയും യാഥാർഥ്യം തത്വദർശികൾ കണ്ടറിഞ്ഞിട്ടുണ്ട്).  

അവിനാശി തു  തദ്വിദ്ധി യേന സർവമിദം തതം
വിനാശ മവ്യയസ്യാസ ന കശ്ചിത് കർതുമർഹതി  (ശ്ലോകം 2:17)  

(ഏതൊന്നിൽ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ അത് നാശരഹിതമാണെന്നറിയുക. അനശ്വരമായ അതിനെ നശിപ്പിക്കുവാൻ ആർക്കും കഴിയില്ല). 

(ടൈപ്പ് ചെയ്തെടുക്കുമ്പോൾ ശ്ലോകങ്ങളിൽ അക്ഷരത്തെറ്റുകൾ വരുന്നുണ്ട്. അതിനാൽ ഏതെങ്കിലും ഗീതാഗ്രന്ഥത്തിൽ നിന്നും ശ്ലോകങ്ങളെ തെറ്റില്ലാതെ ഗ്രഹിക്കാൻ ഏവരും ശ്രമിക്കണം എന്നഭ്യർത്ഥിക്കുന്നു).

'അർജ്ജുനവിഷാദയോഗ'ത്തിലെ കേവലമായ ലൗകികതയിൽ നിന്നും ഗഹനമായ തത്വദർശനങ്ങൾ ഉൾക്കൊള്ളുന്ന ആത്മീയതയിലേക്കുള്ള ഒരു quantum leap ആണ് 'സാംഖ്യയോഗ'ത്തിൽ നാം കാണുന്നത്. ഇതുകൊണ്ടു തന്നെ ആത്മവിഷയവുമായി സാമാന്യപരിചയമെങ്കിലും ഇല്ലാത്ത ഒരാൾക്ക് രണ്ടാം അദ്ധ്യായം മനസ്സിലാക്കുവാൻ അൽപ്പം പ്രയാസം നേരിട്ടേക്കാം. ആ പ്രയാസം സാദ്ധ്യമാകുന്നിടത്തോളം ലഘൂകരിക്കാനാണ് എന്റെ ശ്രമം. മുകളിൽ എഴുതിയ ശ്ലോകങ്ങളെ മനസ്സിലാക്കാൻ നമുക്കു ശ്രമിക്കാം.


ഇന്ദ്രിയങ്ങളും (senses) വിഷയങ്ങളുമായുള്ള (external objects) സ്പർശനത്താലാണ് സുഖം-ദുഃഖം, ശീതം-ഉഷ്ണം തുടങ്ങിയ ദ്വന്ദഭാവങ്ങൾ ഉണ്ടാകുന്നതെന്നും എന്നാൽ സ്ഥിരതയില്ലാത്ത അവയൊക്കെ തന്നെ ജീവിതത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ അവയോടോന്നും അനാവശ്യ വിദ്വെഷമൊ പ്രേമമോ വച്ച് പുലർത്താതെ വികാരരഹിതനായി അതൊക്കെ സഹിച്ചു ജീവിച്ചുകൊള്ളൂ എന്നുമാണല്ലോ ശ്ലോകം14 ൽ പറഞ്ഞത്. അതായത് ജീവിതത്തിന്റെ ഭാഗം തന്നെയായ ദ്വന്ദഭാവങ്ങളിൽ കൂടി കടന്നുപോകുമ്പോൾ തന്നെ അതിനെ രണ്ടിനെയും സമമായി (നിർവികാരതയോടെ) കാണാനും അതേസമയം ആത്മബോധത്തിൽ അമർന്നു നിന്നുകൊണ്ട് ശാശ്വതമായ ലക്ഷ്യങ്ങൾക്കായി ജീവിക്കാൻ ശ്രമിക്കണം എന്നും സാരം. സുഖ-ദുഖങ്ങളെയും ലാഭ-നഷ്ട്ടങ്ങളെയും സമബുദ്ധിയോടെ നോക്കിക്കണ്ടു നിർവികാരനായി ജീവിക്കുക എന്നതത്ര അയാസരഹിതമായ കാര്യമൊന്നും അല്ല. അങ്ങിനെ ചെയ്യാൻ കഴിയുന്നവനെയാണ് ധീരൻ എന്നിവിടെ വിളിച്ചിരിക്കുന്നത്. 'ധീരൻ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു' എന്നാണു ഭഗവാൻ പറയുന്നത്. അമൃതത്വം (immortality) എന്ന വാക്കുകൊണ്ട് സാധാരണ നമ്മൾ ഉദ്ദേശിക്കുന്നത് ശരീരത്തിന്റെ മരണമില്ലാത്ത അവസ്ഥയെന്നാണ്. പക്‌ഷേ ഇവിടെ പരാമർശിക്കുന്ന അമൃതത്വം അതല്ല; മാറ്റമില്ലാത്ത അവസ്ഥയെന്നേ (changeless,eternal) ഇതിനർത്ഥമുള്ളൂ. ജനനം മുതൽ മരണം വരെ നമ്മളിൽ പല മരണങ്ങളും സംഭവിക്കുന്നുണ്ട്. ബാല്യം മരിച്ചു കൗമാരം ജനിക്കുന്നു. കൗമാരം മരിച്ചു യൗവനം ജനിക്കുന്നു. യൗവനം മരിച്ചു വാർദ്ധക്യം ജനിക്കുന്നു..... പ്രഭാതം മരിച്ചു മദ്ധ്യാഹ്നം ജനിക്കുന്നു. മദ്ധ്യാഹ്നം മരിച്ചു സായംകാലം ജനിക്കുന്നു....സുഖം മരിച്ചു ദുഃഖം ജനിക്കുന്നു, ദുഃഖം മരിച്ചു സുഖം ജനിക്കുന്നു....ഇങ്ങനെ ജനനമരണങ്ങളുടെ, മാറ്റങ്ങളുടെ ഒരു ഘോഷയാത്രയാണ് ജീവിതം. അനിത്യങ്ങളായ ഈ ജനനമരണങ്ങളിൽ കൂടി കടന്നു പോകുമ്പോൾ തന്നെ അവ സമ്മാനിക്കുന്ന സുഖകരവും അസുഖകരവുമായ അനുഭവങ്ങളിൽ ഒട്ടിപ്പിടിച്ചു സമനില തെറ്റാതെ അനശ്വരമായ (മാറ്റമില്ലാത്ത) ആത്മബോധത്തിൽ ആരാണോ അമർന്നിരിക്കുന്നത് അവൻ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു എന്നാണു ഭഗവാൻ പറഞ്ഞത്. മാറ്റമില്ലാത്ത ആത്മബോധത്തിൽ അമർന്നിരിക്കുകയാൽ മാറ്റമുള്ള ജനനമരണങ്ങൾ അവനെ ബാധിക്കുന്നില്ല. അങ്ങിനെ അസ്ഥിരമായ മരണത്തെ അതിജീവിച്ചവൻ സ്ഥിരമായതു (അമൃതത്വം) നേടുന്നു.

ശ്ലോകം 16 ലും ഇതു തന്നെ മറ്റൊരു വിധത്തിൽ പറഞ്ഞിരിക്കുകയാണ്. "The unreal has no being; there is no non-being of the real; the truth about both these has been experienced by Seers of the Essence - അസത്തിനു (unreal) നിലനിൽപ്പില്ല, സത്തിനു (real) നിലനിൽപ്പില്ലായ്മയും ഇല്ല. ഇത് തത്വദർശികൾ കണ്ടറിഞ്ഞിട്ടുണ്ട്". മുൻപ് ഇല്ലാത്തതും മേലിൽ ഇല്ലാതായിത്തീരുന്നതും എന്നാൽ ഇപ്പോൾ ഉള്ളതായി കാണപ്പെടുന്നതും എന്തോ അതാണ് അസത്ത്. മൂന്നു കാലത്തും മാറ്റമില്ലാതെ നിൽക്കുന്നതെന്തോ അത് സത്ത്. ഈ ശ്ലോകത്തെ മനസ്സിലാക്കാനായി ഒരുദാഹരണമെടുക്കാം. കുട്ടികൾക്കു പ്രിയങ്കരമായ മൃഗങ്ങളുടെയും പക്ഷികളുടെയും രൂപത്തിലുള്ള ബിസ്കറ്റുകൾ ഉണ്ടല്ലോ? തൻറെ ഇഷ്ടമൃഗത്തിന്റെയോ പക്ഷിയുടെയോ രൂപത്തിലുള്ള ബിസ്കറ്റായിരിക്കും ഒരു കുട്ടിക്കിഷ്ടം. അതേ കഴിക്കൂ എന്നവൻ നിർബന്ധം പിടിക്കും. വായിലിട്ടാൽ അപ്പോൾ മറയുന്ന ആ അയഥാർത്ഥമായ (unreal) രൂപമാണ് ബിസ്‌കറ്റ് എന്നവൻ ധരിച്ചിരിക്കയാണ്. എന്നാൽ പ്രായം ചെന്ന ഒരാളിന് ബിസ്കറ്റിന്റെ രൂപങ്ങളിലൊന്നും വലിയ താത്പര്യം കാണില്ല. ഏതു രൂപത്തിലുള്ളത് കഴിച്ചാലും ഉള്ളിൽ ചെല്ലുന്നതു അതിലെല്ലാത്തിലും ഉള്ള ഗോതമ്പ് മാവാണെന്നയാൾക്കു തിരിച്ചറിയാം എന്നതാണ് അതിനു കാരണം. അതായത് കുട്ടികൾക്കില്ലാത്ത തിരിച്ചറിവും ബോധവും ഉള്ളതു  കാരണം പ്രായമായ ഒരാൾക്ക് സത്യത്തെയും മിഥ്യയെയും തിരിച്ചറിയാൻ കഴിയുന്നു. ഈ ഉദാഹരണം നമ്മുടെയൊക്കെ വ്യാവഹാരിക ജീവിതത്തിലേക്ക് എടുത്തു നോക്കാം. കുട്ടികൾ ബിസ്കറ്റിന്റെ unreal ആയ രൂപങ്ങളെ ബിസ്‌ക്കറ്റ് എന്ന വസ്തുവായി അനുഭവിക്കുന്നതുപോലെ നാമെല്ലാം unreal ആയ നാമരൂപങ്ങളെ അതിനൊക്കെ ഉണ്മ നൽകുന്ന ചൈതന്യമായി തെറ്റിദ്ധരിച്ചു അനുഭവിക്കയാണ്. രൂപമാണ് ബിസ്‌ക്കറ്റെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന കുട്ടികളെപ്പോലെയാണ് നാമെല്ലാം. രൂപമല്ല, മാവാണ് ബിസ്കറ്റിലെ മാറ്റമില്ലാത്ത സത്യം (ഉണ്മ) എന്നറിഞ്ഞു ഭുജിക്കുന്നതു പോലെ, നമ്മിലെ മാറ്റമില്ലാത്ത സത്യമാണ് ആത്മാവെന്നറിയുകയും അതിനനുസരിച്ചു ജീവിക്കുകയുമാണ് വേണ്ടത്. നമ്മൾ സാധാരണ മനുഷ്യർക്ക് ഈ തിരിച്ചറിവില്ലെങ്കിലും തത്വദർശികൾ ഇതെല്ലാം കണ്ടറിഞ്ഞിട്ടുള്ളവരാണ്. ചുരുക്കിപ്പറഞ്ഞാൽ,  അർജ്ജുനാ, നീ ബോധപൂർവം ചിന്തിച്ചു സത്യത്തെയും മിഥ്യയെയും വേർതിരിച്ചറിഞ്ഞു, അനശ്വരമായ സത്യത്തിന്റെ മാർഗ്ഗത്തിൽ പ്രവർത്തിക്കൂ എന്നാണു ശ്രീകൃഷ്ണൻ പറയുന്നത്.    

ഭഗവത് ഗീത, (ഗീതയെന്നല്ല ഏതു പുസ്തകവും, പ്രത്യേകിച്ചും ആത്മീയഗ്രന്ഥങ്ങൾ) വെറുതെ വായിച്ചു പോകുന്നതിൽ കാര്യമില്ല. അതിൽ പറയുന്നതിൽ നിന്നും നമ്മുടെ ലൗകിക ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാക്കാനായി വല്ലതും ലഭിക്കുമോ എന്നു കൂടി ആരായേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് ആത്മീയപഠനം വ്യക്തിയ്ക്ക്‌ പ്രയോജനപ്പെടുന്നത്. ഇന്ന് നമ്മൾ ചർച്ച ചെയ്ത വിഷയം തന്നെയെടുക്കാം. ദാർശനികമായി വലിയ ഉയർന്ന തലങ്ങളുള്ള ഈ വിഷയത്തെ തത്വജ്ഞാനികളല്ലാത്ത നമ്മൾ സാധാരണക്കാർക്കു പ്രായോഗികതലത്തിൽ മനസ്സിലാക്കുവാനായി ഒരുദാഹരണം പറയാം. "ലോകരേ, ദിവസേന വന്നും പോയുമിരിക്കുന്ന കൊച്ചു കൊച്ചു സുഖദുഃഖ വിഷയങ്ങളിലൊക്കെ ചെന്നു ചാടി ഊർജ്ജവും സമയവും കളയാതെ വലിയ ജീവിത ലക്ഷ്യങ്ങൾക്കായി പ്രയത്നിക്കൂ" എന്നാണു ഭഗവാൻ പറയുന്നത്. അർജ്ജുനനു പകരം, പഠിത്തത്തിൽ ശ്രദ്ധിക്കാത്ത ഇന്നത്തെ ഒരു കോളേജ് വിദ്യാർത്ഥിയോടായിരുന്നു ശ്രീകൃഷ്ണന്റെ ഉപദേശമെങ്കിൽ അതിങ്ങനെയാകാമായിരുന്നു; 'കുഞ്ഞേ, ക്ലാസിൽ പഠിപ്പിക്കുന്നതൊന്നും പഠിക്കാതെ, സിനിമയും കണ്ടു മൊബൈലും കളിച്ചു (unreal) സമയം കളഞ്ഞു അതിലൊക്കെ കിട്ടുന്ന ക്ഷണിക സുഖത്തിലൊക്കെ അഭിരമിച്ചു ജീവിതം കളയാതെ, അപരിമിതമായ ഈശ്വരചൈതന്യമാണ്‌ നീ എന്ന സത്യം (real) തിരിച്ചറിഞ്ഞു നിനക്ക് യോജ്യമായിട്ടുള്ള വലിയ കാര്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു, നിനക്കും സമൂഹത്തിനും ക്ഷേമവും ഐശ്വര്യവും ഉണ്ടാക്കാനായി പ്രയത്നിക്കൂ. അതു  മാത്രമേ എന്നും നിലനിൽക്കുന്നതായുള്ളൂ. ക്ഷണികമായ സുഖങ്ങൾ അനുഭവിച്ചോളൂ. വേണ്ട എന്നു പറയുന്നില്ല. പക്ഷെ വന്നുംപോയുമിരിക്കുന്ന (ആഗമാപായിനോ) അതിലെല്ലാം അഭിരമിച്ചു നീ നിനക്കും സമൂഹത്തിനും എക്കാലത്തും അഭിമാനവും കീർത്തിയും നൽകാൻ പോന്ന വിദ്യയെ കളഞ്ഞു കുളിക്കരുത്. വിദ്യയാണ് സത്യം, അതെന്നും നിന്നോടൊപ്പം ഉണ്ടാകും, മറ്റെല്ലാം മിഥ്യയാണ്. ഈ അമരത്വ പ്രാപ്തിക്കായിട്ടാണ്‌ നീ പ്രയത്നിയ്‌ക്കേണ്ടത്".  

 ഇന്നു രണ്ടു ശ്ലോകങ്ങളേ പഠിക്കാൻ കഴിഞ്ഞുള്ളു. സാരമില്ല. എത്ര പഠിച്ചു എന്നതിലല്ല, പഠിച്ചതെത്രമാത്രം  ഉള്ളിൽ കയറി എന്നതിലാണു കാര്യം. ആത്മവിഷയത്തിൽ ഇത് അതിപ്രധാനമാണുതാനും. അതുകൊണ്ടു ബാക്കി ശ്ലോകങ്ങൾ നമുക്ക് അടുത്തയാഴ്ച പഠിക്കാം. 

2 comments:

  1. വായിച്ചു. മനസിലാക്കി. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

    ReplyDelete
  2. Sudhindra Mahendranath wrote in FB: Fantastic. And specially liked the adapted message to the present day youth, as it is the most relevant knowledge which is best suited to be imparted from Sudarshanam. As you said we are very happy about the quantity of knowledge the author passes here, because it gives the student enough time to grasp the quality of the lesson. Eagerly waiting for the next part.

    ReplyDelete