Friday, December 23, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 7)

ആത്മാവിന്റെ സവിശേഷതകളെക്കുറിച്ചാണ് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ആത്മാവ് നാശരഹിതനും നിത്യനും അപ്രമേയനും അജനും ശാശ്വതനും പുരാണനുമാണെന്നും ഇക്കാണുന്ന പ്രപഞ്ചമെല്ലാം അതിനാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവെന്നും നാം കണ്ടു കഴിഞ്ഞു. ഇങ്ങെനെയുള്ള ആത്മാവ് ആരെയും കൊല്ലുന്നില്ല, ആത്മാവിനെയും ആരും കൊല്ലുന്നില്ല, ആത്മാവിനുള്ള ശരീരങ്ങൾ മാത്രമാണ് നശിയ്ക്കുന്നത്, അതുകൊണ്ടു ആരെയെങ്കിലും കൊല്ലുന്നുവെന്നോർത്തു നീ ദുഖിക്കേണ്ടതില്ല അർജ്ജുനാ, അതിനാൽ യുദ്ധം ചെയ്യുക എന്നും ഭഗവാൻ പറഞ്ഞു കഴിഞ്ഞു. ഹിംസാത്മകമായ യുദ്ധമെന്നല്ല, ബാദ്ധ്യസ്ഥമായ കർമ്മമെന്നാണ് 'തസ്മാദ്യുദ്ധ്യസ്വ (therefore fight)' എന്ന വാക്കുകളെ നാം മനസ്സിലാക്കേണ്ടതെന്നു കഴിഞ്ഞഭാഗത്തിൽ പറഞ്ഞിരുന്നു. അതായത് ഭഗവത് ഗീതയുടെ യുദ്ധപശ്ചാത്തലത്തിൽ 'തസ്മാദ്യുദ്ധ്യസ്വ' യിലെ 'യുദ്ധം' എന്നവാക്കിനെ "ക്ഷത്രിയധർമ്മം' എന്ന അർത്ഥത്തിൽ മനസ്സിലാക്കണമെന്നു സാരം. വിവാദപരമായ ഈ ഗീതാസന്ദേശത്തെക്കുറിച്ചു കുറച്ചുകൂടി ആഴത്തിൽ ചിന്തിക്കാൻ കഴിഞ്ഞാൽ അതു നന്നായിരിക്കുമെന്നെനിക്കു തോന്നുന്നു. ഭക്തിതലത്തിൽ നിന്നുകൊണ്ട് വിശദീകരിക്കാൻ കഴിയാത്ത പല ആത്മീയവിഷയങ്ങളും യുക്തിതലത്തിൽ വിശദീകരിക്കാൻ കഴിയുന്നതായി കാണാറുണ്ട്. ഭാരതീയ ആത്മീയദർശനങ്ങൾ കേവല ഭക്തിവിശ്വാസപ്രമാണങ്ങളല്ല, മറിച്ചു തികച്ചും യുക്തിപരവും ശാസ്ത്രീയവുമായ ചിന്താപദ്ധതികളാണെന്ന് മനസ്സിലാക്കുമ്പോൾ, ഉപനിഷൽ സാരമായ ഭഗവത് ഗീതയും യുക്തിസഹമാകാതെ തരമില്ല. ഭഗവത് ഗീതയ്ക്ക് 'ഹിംസാത്മകമായ യുദ്ധപ്രേരണയുടെ ഒരു തീവ്രവാദമുഖമുണ്ട്‌' എന്ന വാദത്തെ യുക്തിഭദ്രമായി ഖണ്ഡിക്കണമെങ്കിൽ 'തസ്മാദ്യുദ്ധ്യസ്വ ഭാരത' എന്ന ശ്ലോകഭാഗത്തിൻറെ യുക്തിസഹമായ വ്യാഖ്യാനത്തിലേക്ക് തന്നെ എത്തിച്ചേരേണ്ടതുണ്ട്. ഇതിലേക്കായുള്ള ഒരു ശ്രമമാണ് ഞാൻ കഴിഞ്ഞഭാഗത്തിൽ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇതടക്കം ഇനി വരുന്ന രണ്ടു ലേഖനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

അനശ്വരമായ ആത്മാവിന്റെ താത്ക്കാലിക വാസസ്ഥലമാണ് നശ്വരമായ ശരീരമെന്നും ശരീരത്തിന് ജീവൻ നൽകുന്ന ആത്മാവാണ് യാഥാർത്ഥമായുള്ളതെന്നും ആത്മാവിനു മരണമില്ലാത്തതിനാൽ ആരും ആരെയും കൊല്ലുന്നില്ലെന്നുമാണല്ലോ ഭഗവാൻ പറഞ്ഞത്? പ്രായോഗിക തലത്തിൽ ഇതെത്രമാത്രം ശരിയാണ്? ഒരാളെ കൊന്നതിനു ശേഷം പോലീസ് സ്റ്റേഷനിൽ പോയി 'ഞാനാരെയും കൊന്നിട്ടില്ല, ശരീരമല്ല, ആത്മാവാണ് പ്രധാനം, ആത്മാവിനു മരണമില്ലെന്നു ഞങ്ങളുടെ ഭഗവാൻ പറഞ്ഞിട്ടുണ്ടെന്നു' പറഞ്ഞാൽ മതിയാകുമോ? എന്തൊക്കെ ഗീതയും ഭഗവാനും പറഞ്ഞാലും ഇഹലോക ജീവിതം ശരീരസംബന്ധിതന്നെയാണ്. അല്ലേ? നമ്മളിക്കാണുന്ന പെടാപ്പാടെല്ലാം പെടുന്നതു തന്നെ ബന്ധുമിത്രാദികളുമായി ചേർന്ന് ഇവിടെ ലഭിക്കാവുന്ന ഒരു 'നല്ല' ജീവിതത്തിനു വേണ്ടിയാണ്. അർജ്ജുനനും ഇതു തന്നെയല്ലേ ആഗ്രഹിച്ചത്? അപ്പോൾ കണ്ണിൽ ചോരയില്ലാത്തവിധത്തിൽ ഭഗവാൻ ഇങ്ങനെയൊക്കെ പറയുന്നതു ശരിയാണോ? അർജ്ജുനനോട് കൃഷ്ണൻ പറഞ്ഞതാണു സത്യം എന്ന് വിചാരിച്ചു ഭക്തർ ആരെയെങ്കിലും പോയി കൊന്നാൽ  ശിഷ്ടജീവിതം ഇരുമ്പഴിക്കുള്ളിലായതു തന്നെ. സർവ്വസംഗപരിത്യാഗയായ ഒരു സന്യാസിക്ക് ഇതു കൊണ്ട് കുഴപ്പമില്ലായിരിക്കാം. പക്ഷെ, നമ്മൾ സാധാരണ മനുഷ്യന്മാരുടെ കഥ അതല്ലല്ലോ? അപ്പോൾ, ലോകജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ തത്വങ്ങളും പറഞ്ഞു, എന്ത് ഇഷ്ടജനപരിപാലനമാണീ ഭഗവാൻ നടത്തുന്നത്? എന്താണീ ഗ്രന്ഥത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്? ഇതൊക്കെ എഴുതിപിടിപ്പിച്ചവർ ബോധഹീനരായിരുന്നോ? നമ്മളെപ്പോലെ ലൗകികജീവിതം ആസ്വദിക്കാൻ കഴിയാഞ്ഞതുകാരണം അവർക്കുണ്ടായ ഭ്രാന്തൻ ചിന്തകളാണോ ഇതൊക്കെ? നമ്മുടെ ലൗകിക ജീവിതത്തിൻറെ ഭംഗി കുറയ്ക്കുന്നതും പ്രാവർത്തികമല്ലാത്തതുമായ ഈ തത്വചിന്തകൾകൊണ്ട് എന്തു ഗുണം?

ഭഗവത് ഗീതയിൽ ഭഗവാൻ അർജ്ജുനനു നൽകുന്നത് മഹത്തായ തത്‍വോപദേശങ്ങളാണല്ലോ? ആൾ ബഹളമില്ലാത്ത, ശാന്തമായ സ്ഥലമാണ് മനഃ പരിവർത്തനം ലക്ഷ്യമാക്കിയുള്ള തത്‍വോപദേശത്തിനു പറ്റിയ സ്ഥലമെന്ന് നമുക്കെല്ലാം അറിയാം. ചന്ത പോലെ ശബ്ദായമാനമായ സ്ഥലത്ത് ഒരു സ്വാമിയും ആശ്രമം സ്ഥാപിക്കാൻ ആഗ്രഹിക്കില്ല. ഇപ്പഴല്ലേ നമ്മൾ കാടെല്ലാം വെട്ടിത്തെളിച്ചു നാടാക്കിയത്? പണ്ടാണെങ്കിൽ ഒരു മനുഷ്യപ്രാണിപോലും കടന്നു ചെല്ലാത്ത ശാന്തഗംഭീരമായ കാനനപ്രദേശങ്ങൾ എത്രയോ ഉണ്ടായിരുന്നു? അർജ്ജുനനെ അവിടെവിടെയെങ്കിലും വിളിച്ചുകൊണ്ടുപോയി സൗകര്യമായി തത്‍വോപദേശം നൽകാമായിരുന്നില്ലേ കൃഷ്ണന്? പിന്നെന്തേ, വ്യാസമഹർഷി വളരെ മഹത്തായ ഗീതോപദേശത്തിനു മനുഷ്യരാരും ചിന്തിക്കാൻ പോലും മടിക്കുന്ന ഒരു യുദ്ധക്കളം തിരഞ്ഞെടുത്തു? ഇതിൽ അപാകതയില്ലേ? സാമാന്യബോധത്തിൽ ചിന്തിച്ചാൽ അപാകതയുണ്ട് എന്നത് തന്നെയാണുത്തരം. അപ്പോൾ പൂർണ്ണനെന്നും ബോധസ്വരൂപനെന്നും മറ്റും നമ്മൾ വിശ്വസിക്കുന്ന ഭഗവാനും ബുദ്ധിയില്ലേ? ഒന്നുകിൽ ഭഗവൽ വിഷയമല്ലേയെന്നോർത്തു അതിലെ അബദ്ധവും സുബദ്ധവും ഒന്നും ചിന്തിക്കാതെ 'ഭക്തിപൂർവ്വം'കണ്ണുമടച്ചങ്ങു വിശ്വസിക്കുക, അല്ലെങ്കിൽ ഇതൊക്കെ അബദ്ധപഞ്ചാംഗങ്ങളായിക്കണ്ട് വ്യാസമുനിയെ വിവരദോഷിയായും ഭഗവാൻ കൃഷ്ണനെ ഹിംസാത്മകമായ യുദ്ധം ചെയ്യാൻ അർജ്ജുനനെ പ്രേരിപ്പിച്ച തീവ്രവാദിയായും ഭഗവത് ഗീതയെ തീവ്രവാദഗ്രന്ഥമായും ചിത്രീകരിക്കുക. ഈ രണ്ടു കൂട്ടരും കഥയറിയാതെ ആട്ടം കാണുന്നവരാണ്. ഇപ്പറയുന്നതിന്റെയൊക്കെ സാംഗത്യമെന്താണ്?


ബോധപൂർവം ചിന്തയ്ക്കുന്ന എല്ലാ ഗീതാഭക്തരും ചോദിക്കേണ്ട ചോദ്യങ്ങളാണ് മുകളിൽ ഉദ്ധരിച്ചതൊക്കെ. ഇങ്ങിനെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാത്രമേ ശരിയായ ഉത്തരങ്ങൾ ലഭിക്കൂ. ആത്മവിഷയത്തിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ വെറും ഉത്തരങ്ങൾ മാത്രമല്ല, ഉൾക്കാഴ്ചയും ലഭിക്കുമെന്നതാണതിന്റെ പ്രത്യേകത. അങ്ങിനെ സ്വയം ചോദ്യം ചോദിച്ചു തേടി ലഭിയ്ക്കുന്ന ഉത്തരങ്ങളേ മനസ്സിൽ തങ്ങി നിൽക്കൂ. അവ മാത്രമേ മനസ്സിനെ സ്പർശിച്ചു ബോധത്തിന്റെ ഭാഗമായി മാറി നമ്മളെ പരിവർത്തനത്തിനു പ്രേരിപ്പിക്കൂ. ചോദ്യം ചോദിക്കാൻ കഴിയുന്നില്ലെങ്കിൽ, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ അനേകം കേട്ടതുകൊണ്ടോ ആത്മീയഗ്രന്ഥങ്ങൾ അനവധി വായിച്ചതുകൊണ്ടോ, ബഹുമാന്യരായ സന്യാസി വര്യന്മാരെ പൂജിച്ചതു കൊണ്ടോ ഒന്നും ഒരു പ്രയോജനവും ഉണ്ടാവില്ല എന്നതാണ് സത്യം. കാരണം സത്യത്തെ അറിയണമെങ്കിൽ അന്വേഷിക്കുക തന്നെ വേണം. അന്വേഷണത്തിനു മനസ്സ് തയ്യാറാണെങ്കിൽ മുകളിൽ പറഞ്ഞതെല്ലാം തന്നെ അതിനവശ്യമായ ഉപകരണങ്ങളായി മാറുകയും ചെയ്യും. നമ്മുടെ പൂർവ്വികരായ തത്വദർശികൾ ഈ പ്രപഞ്ചത്തെക്കുറിച്ചിങ്ങനെ നൂറു കണക്കിനു ചോദ്യങ്ങൾ ചോദിച്ചു, അന്വേഷിച്ചു കണ്ടെത്തിയ ഉത്തരങ്ങളാണ് നമ്മുടെ പൈതൃക സ്വത്ത്‌ തന്നെ. അതു നമ്മൾ വേണ്ട വിധത്തിൽ നോക്കിക്കണ്ടു മനസ്സിലാക്കി അനുഭവിക്കുന്നുണ്ടോ എന്നുള്ളതാണ് പ്രശ്നം.

നമ്മൾ ചർച്ച ചെയ്യുന്നത് ആത്മവിഷയമാണ്; അതായത് നമ്മെ നിലനിർത്തുന്ന ആത്മാവിനെ സംബന്ധിക്കുന്ന വിഷയം. നമ്മുടെ പൂർവികരായ തത്വദർശികൾ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ സത്യങ്ങൾ. ഈ ലോകത്തു മറഞ്ഞു കിടക്കുന്ന ഒരു ശാസ്ത്രസത്യത്തെ ഒരു ഭൗതിക ശാസ്ത്രജ്ഞൻ നിരീക്ഷണപരീക്ഷണങ്ങളിലൂടെ എങ്ങിനെയാണോ അനാവരണം ചെയ്തു വെളിപ്പെടുത്തുന്നത് ഏതാണ്ട് അതുപോലെ തന്നെയാണ് തത്വദർശികളും ആത്മവിഷയത്തിൽ കണ്ടെത്തലുകൾ നടത്തുന്നത്. ആദ്യത്തേത് വെളിയിലുള്ള അന്വേഷണമാണെങ്കിൽ രണ്ടാമത്തേത് അകമേയുള്ള അന്വേഷണമാണ് എന്നുള്ളതാണ് വ്യത്യാസം. ഭൗതിക ശാസ്ത്രജ്ജന്റേതിൽ നിന്നും വ്യത്യസ്തമായി, തത്വദർശിയുടെ പരീക്ഷണശാല മനസ്സും ബുദ്ധിയും (യോഗ) ആണെന്ന വ്യത്യാസവും ഉണ്ട്. ഭൗതികമായി അനാവരണം ചെയ്യപ്പെടുന്ന ശാസ്ത്രസത്യങ്ങളെ ലോകത്തിനു പ്രയോജനപ്പെടുന്നതിലേക്കായി ശാസ്ത്രജ്ജർ പല വിധങ്ങളിലും ഉപയോഗിക്കുന്നത് പോലെ, ആന്തരിക ഗവേഷണത്തിലൂടെ തത്വദർശികൾ കണ്ടെത്തിയ സത്യങ്ങളെയും മനുഷ്യമനസ്സുകളുടെ പരിവർത്തനത്തിനും തദ്വാര ലോകക്ഷേമത്തിനും പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. ആർഷഭാരത ദർശനങ്ങളെല്ലാം ബൗദ്ധികാന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ള സത്യങ്ങളാണ്. യുക്തിയ്ക്കു നിരക്കാത്തതിനെ ഒന്നും ശാസ്ത്രം അംഗീകരിക്കില്ല; അത് ഭൗതിക വിഷയത്തിലായാലും ആത്മവിഷയത്തിലായാലും. ആയതിനാൽ തന്നെ ആത്മവിഷയങ്ങൾ ഒന്നും തന്നെ കണ്ണുമടച്ചു വിശ്വസിക്കേണ്ട കാര്യങ്ങളല്ല, മറിച്ചു ബോധപൂർവം ചിന്തിച്ചു, അറിവിന്റെ ഭാഗമാക്കി അനുഭവിക്കാനുള്ളതാണ് എന്ന് നാം മനസ്സിലാക്കണം. ഭഗവത് ഗീതയിൽ പറയുന്ന ആത്മവിഷയങ്ങൾ എല്ലാം തന്നെ ഇങ്ങനെ യുക്തിഭദ്രമായി രൂപപ്പെട്ടിട്ടുള്ളതാണെന്നും അതിനാൽ തന്നെ അതൊന്നും കേവല വിശ്വാസവിഷയങ്ങളോ അബദ്ധപഞ്ചാംഗങ്ങളോ അല്ല എന്നും പറയാൻ വേണ്ടി ഇത്രമാത്രം പറഞ്ഞുവെന്നേയുള്ളൂ. തത്വദർശികൾ കണ്ടെത്തി ലോകക്ഷേമത്തിനായി നൽകിയ ആത്മതത്വങ്ങളെ സ്വാർത്ഥലാഭങ്ങൾക്കായി മനുഷ്യർ കാലാകാലങ്ങളായി ഉപയോഗിക്കുകയും അങ്ങിനെ അവയുടെ ശോഭ ഒരു പരിധി വരെ കെടുത്തുകയും ചെയ്തിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഒരു കാലഘട്ടത്തിന്റെ ആത്മീയ (ഈശ്വര) ചിന്താപദ്ധതികളുടെ ആകെത്തുകയെന്നു വിശേഷിപ്പിക്കാവുന്ന ഭഗവത് ഗീതയിൽ ആത്മവിഷയങ്ങളോടൊപ്പം തന്നെ ഇങ്ങിനെയുമുള്ള മാനുഷിക ഇടപെടലുകളെക്കുറിച്ചുള്ള പരാമർശങ്ങളും അതിനാൽ തന്നെ ഉണ്ടാകുന്നുമുണ്ട്. 

ഭഗവത് ഗീതയുടെ തികച്ചും യുക്തിപരമായ ആത്മതലം മനസ്സിലാക്കണമെങ്കിൽ ഭാരതീയ ദർശനശാസ്ത്രങ്ങളുടെ ഏകദേശരൂപമെങ്കിലും അറിഞ്ഞിരിക്കണം. ഈ പ്രപഞ്ചം എങ്ങനെയുണ്ടായി? ആരാണ് നമ്മൾ? എന്താണ് നമ്മുടെ സ്വത്വം? നാം എന്തിനാണിവിടെ ജനിച്ചത്? ഇവിടെ നിന്നും നാം എങ്ങോട്ടാണ് പോകുന്നത്? മരണത്തിനുശേഷം എന്തു സംഭവിയ്ക്കും?....ഇങ്ങനെ അനേകം അനേകം ചോദ്യങ്ങളും അതിനു തത്വദർശികൾ കണ്ടെത്തിയ ഉത്തരങ്ങളുമാണ് ആത്മവിഷയം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഈ ആത്മഗവേഷണത്തിൽ ഈശ്വര സങ്കൽപ്പത്തെ പൂർണ്ണമായി നിരാകരിച്ചും സ്വീകരിച്ചും ഉള്ള പല തത്വശാസ്ത്രങ്ങളും ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിലൊന്നിലും തന്നെ നമുക്കിന്നു സുപരിചിതമായ ഭക്തിപരമായ 'ഈശ്വരവിശ്വാസം' എന്നൊരു കാര്യം കാണാൻ കഴിയില്ല എന്നതാണ് അതിശയം (കാലം മാറിയപ്പോൾ കോലവും മാറി). അന്വേഷണങ്ങൾക്ക് വിശ്വാസവുമായി ബന്ധമൊന്നുമില്ല എന്നതാണതിന്റെ കാര്യം. ഈ ലേഖന പരമ്പരയുടെ പൂർവഭാഗങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ, വൈവിദ്ധ്യമാർന്ന തത്വദർശനങ്ങളും അക്കാലത്തെ സമൂഹത്തിൽ അതൊക്കെ സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങളും എല്ലാം കണ്ടറിഞ്ഞ ഋഷിമനസ്സുകളാണ് അവയെല്ലാം ക്രോഡീകരിച്ചും ശുദ്ധീകരിച്ചും ലോകക്ഷേമത്തെ ലക്ഷ്യമാക്കി ഭഗവത് ഗീതാ രചന നടത്തിയിട്ടുള്ളത്. ഞാൻ ഇപ്പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി, ആത്മീയേതരലക്ഷ്യങ്ങൾ നേടാനായി ഭരണവർഗ്ഗം സൃഷ്ട്ടിച്ച ഒരു ഗ്രന്ഥമാണ് ഭഗവത് ഗീത എന്നുള്ള ഗൗരവതരമായ ആക്ഷേപങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതെന്തു തന്നെയായാലും ആർഷഭാരത ദർശനങ്ങൾ ഭഗവത് ഗീതയുടെ അവിഭാജ്യ ഘടകമാണെന്നുള്ളതിൽ രണ്ടഭിപ്രായം ഉണ്ടെന്നെനിക്കു തോന്നുന്നില്ല. നമ്മൾ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന 'സാംഖ്യയോഗ'മെന്ന രണ്ടാം അദ്ധ്യായത്തിൽ കാണുന്ന ആത്മവിഷയം തന്നെ കപിലമുനിയുടെ 'സാംഖ്യദർശന'ത്തെയും ഉപനിഷത് (വേദാന്ത) ചിന്തകളെയും ആധാരമാക്കിയുള്ളതാണ്. സാംഖ്യദർശനത്തിനു പുറമേ, പതഞ്‌ജലി മഹർഷിയുടെ യോഗശാസ്ത്രം, ബുദ്ധ-ജൈന ദർശനങ്ങൾ, വേദാന്ത ദർശനങ്ങൾ....അങ്ങിനെ പല തത്വചിന്താധാരകളും ഭഗവത് ഗീതയിൽ സമന്വയിക്കുന്നുണ്ട്. ഇതൊക്കെ തന്നെ വളരെ യുക്തിപൂർവ്വമായ മനുഷ്യചിന്തകളാണുതാനും. ഈ മനുഷ്യചിന്തകളെ മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കണം എന്നു മാത്രം. അപ്പോൾ മാത്രമേ ആത്മവിദ്യ ലക്ഷ്യമാക്കുന്ന 'മാനവനിൽ നിന്നും മാധവനിലേക്കുള്ള മാറ്റം' നമുക്കു സാധ്യമാകൂ.

ഭഗവത് ഗീതാപഠനം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഗീതാശ്ലോകങ്ങളുടെ വ്യാഖ്യാനം എന്നതു മാത്രമല്ല, ഗീതയെ സാർവ്വലൗകികമാക്കാൻ സഹായിക്കുന്ന അതിന്റെ പശ്ചാത്തലഭംഗികളിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാണ്. അതുകൊണ്ട് തന്നെ ഇന്നത്തെപ്പോലെ ചിലപ്പോഴെങ്കിലും ശ്ലോകവ്യാഖ്യാനങ്ങളിൽ നിന്നും വിട്ടു മാറി മറ്റു പ്രസക്ത വിഷയങ്ങളേയും പരാമർശിക്കേണ്ടതായി വരുന്നു. ഇന്നു പരാമർശിച്ച വിഷയങ്ങളെക്കുറിച്ചു കുറച്ചു കൂടി ആഴത്തിൽ ചിന്തിക്കുകയും ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് യുക്തിസഹമായ ഉത്തരങ്ങൾ കണ്ടെത്തുകയും വേണം. അടുത്ത ഒരു ഭാഗത്തിലൂടെ ഇതു ചെയ്ത ശേഷം കൂടുതൽ വ്യക്തതയോടെ നമുക്കു ഗീതാപഠനം തുടരാം.

3 comments:

  1. വായിച്ചു. ഗംഭീരമായി. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

    ReplyDelete
  2. A majestic preface to a blasting idea...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete