Friday, December 30, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 8)

ഇപ്പോൾ നാം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതും ഇനി വരാൻ പോകുന്നതുമായ ഭഗവത് ഗീതയിലെ ആത്‌മവിഷയങ്ങൾ ശരിയ്ക്കും മനസ്സിലാകണമെങ്കിൽ ഈ വിഷയങ്ങളുടെ ഒരേകദേശരൂപമെങ്കിലും മനസ്സിലാക്കിയിരിക്കണം എന്നു ഞാൻ കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞുവല്ലോ? വളരെ ബൃഹത്തും ഗഹനവുമായ ആർഷഭാരത തത്വചിന്തകളെക്കുറിച്ചു വിശദമായി പറയാനുള്ള ഇടമോ അതിനുള്ള ആളോ അല്ല ഞാൻ. നമ്മുടെ ഗീത പഠനത്തിന്, പ്രത്യേകിച്ചും ഗീതയുടെ യുക്തിയ്ക്കും ശാസ്ത്രീയതയ്ക്കും ഊന്നൽ കൊടുത്തുകൊണ്ടുള്ള ഈ പഠനത്തിന്, അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഒന്നു പരാമർശിക്കുക എന്നതേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. ഒരു ഭക്തി ഗ്രന്ഥമെന്നു മാത്രം ഭൂരിപക്ഷം ഹിന്ദുക്കളും കരുതുന്ന ഗീതയിലെ ആത്മവിഷയത്തിന്റെ അടിസ്ഥാനം എന്താണ്? ഗീതയിൽ പ്രതിപാദിക്കുന്ന തത്വവിഷയങ്ങളിൽ പലതും ഗീതാരചനയ്ക്കു  മുൻപ് തന്നെ ഇവിടെ നിലനിന്നതാണെന്നും ആ ഉൽകൃഷ്ട മനുഷ്യചിന്തകളുടെ (തത്വദർശനങ്ങളുടെ) അന്തസ്സത്ത ഒട്ടും തന്നെ ചോർന്നു പോകാതെയും എന്നാൽ അതിലൊക്കെ തന്നെ തന്റേതായ ചില കൈയൊപ്പുകൾ കൂടി ചാർത്തിയും മനോഹരമാക്കി വ്യാസഭഗവാൻ സൃഷ്ടിച്ചെടുത്ത ഒരാത്മീയഗ്രന്ഥമാണ് ഭഗവത് ഗീത എന്നതും നമ്മൾ ഓർക്കേണ്ടതുണ്ട്. ദൈവീകമെന്നു കരുതി നമ്മൾ വിശ്വസിക്കുന്ന ആത്മവിഷയങ്ങൾ യഥാർത്ഥത്തിൽ ദൈവത്തോളം വളർന്ന മനുഷ്യമനസ്സുകളുടെ ബൗദ്ധികാന്വേഷണ സ്വത്തുക്കളാണെന്നതും യുക്തിപരവും ശാസ്ത്രീയവുമായ ഈ ചിന്താപദ്ധതികളൊക്കെ തന്നെ മനുഷ്യമനസ്സുകളെ സ്വാധീനിക്കാനും പരിവർത്തനപ്പെടുത്താനും കഴിവുള്ളതാണെന്നും മനസ്സിലാക്കാവുന്നതാണ്. മറ്റു ഹിന്ദുമതഗ്രന്ഥങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ലോകത്തിന്റെ മുഴുവൻ ആദരവും അംഗീകാരവും നേടാൻ ഭഗവത് ഗീതയ്ക്ക് കഴിയുന്നത് ദേശ-ഭാഷാ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യമനസ്സുകളെ സ്വാധീനിക്കാനുള്ള അതിന്റെ താത്വികവും പ്രായോഗികവുമായ ഈ ആത്മതലം ഒന്ന് കൊണ്ടാണ്. അത് സൃഷ്ടിച്ചെടുത്തതോ മനുഷ്യരായ ആർഷഭാരത തത്വദർശികളും.    

ഭഗവത് ഗീതയ്ക്ക് മുൻപുണ്ടായ വേദോപനിഷത്തുക്കൾ (വേദാന്തം), കപില മുനിയുടെ സാംഖ്യദർശനം, പതഞ്‌ജലി മഹിർഷിയുടെ യോഗശാസ്ത്രം, ബുദ്ധ-ജൈന ദർശനങ്ങൾ ഇവയെല്ലാം ഗീതയുടെ രചനയിൽ സമ്മേളിക്കുന്നുണ്ട്. ഈശ്വരസാക്ഷാത്ക്കാരത്തിനായി വേദോപനിഷത്തുക്കൾ  ഉദ്ഘോഷിക്കുന്ന കർമ്മ-ജ്ഞാനമാർഗ്ഗപദ്ധതികളിൽ, കർമ്മമാർഗ്ഗപ്രയോഗത്തിൽ അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന ചില അസ്വാരസ്വങ്ങളെ അകറ്റി, കർമ്മമാർഗ്ഗത്തിനു വ്യത്യസ്തവും മഹനീയവുമായ ഒരു ഈശ്വരതലം സൃഷ്ടിച്ചെടുക്കുകയായിരുന്നു ഗീതാകാരൻ ചെയ്തത്‌. കർമ്മത്തിന്റെ മഹത്വത്തെ ഉയർത്തിക്കാട്ടുകയും ഫലേച്ഛയില്ലാതെ ചെയ്യുന്ന കർമ്മം ഈശ്വരസാക്ഷാത്ക്കാരത്തിനു ഹേതുവാകും എന്നും വ്യാസഭഗവാൻ അരുളി ചെയ്തപ്പോൾ  ഭഗവത് ഗീതയുടെ സാർവലൗകികമായ അംഗീകാരത്തിനത് കാരണമായി. ചിന്താപരമായ ജ്ഞാനമാർഗ്ഗത്തിലൂടെ ഈശ്വരസാക്ഷാത്ക്കാരം നേടുക എന്നതു ഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങൾക്കും സാദ്ധ്യമല്ലെന്നു കണ്ട് ഇവർക്കും കൂടി പ്രാപ്യമായ ഒരു ഈശ്വരസാക്ഷാത്ക്കാരപദ്ധതി ആവിഷ്‌കരിക്കുക എന്ന മഹനീയ കർമ്മമാണ്‌ ഗീതാരചനയിലൂടെ വ്യാസമുനി ചെയ്തത്. ഇതിലേക്കായി, സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായ നിലയിൽ താത്വിക തലങ്ങളിൽ മാത്രം വിലസിയിരുന്ന പല ആർഷഭാരത ദർശനങ്ങളെയും സ്വാംശീകരിച്ചു ഭഗവത് ഗീതയുടെ ഊടും പാവുമാക്കിത്തീർത്തു ഗീതാകാരൻ. ഗീതാരചനയിൽ ഉപയോഗിച്ചിട്ടുള്ള ചില താത്വിക വിഷയങ്ങളിൽ കൂടി നമുക്കൊന്നു കണ്ണോടിച്ചു പോകാം.  

ഭഗവത് ഗീതയുടെ ആത്മതലത്തിനു കപിലമുനിയുടേതെന്നു പറയപ്പെടുന്ന 'സാംഖ്യദർശനത്തി'ന്റെ സ്വാധീനമുണ്ടെന്നു പറഞ്ഞല്ലോ? ഈ ദർശനശാസ്ത്ര പ്രകാരം പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങൾ രണ്ടാണ്; പുരുഷനും പ്രകൃതിയും. ആത്മാവിനെക്കുറിച്ചു നേരത്തെ നാം ചർച്ച ചെയ്തല്ലോ? അവിടെ പറഞ്ഞതെല്ലാം പുരുഷന്റെ പ്രകൃതങ്ങളാണ്. നിർവചിക്കാൻ കഴിയാത്ത, പ്രത്യേക താത്പര്യങ്ങളൊന്നുമില്ലാത്ത, എല്ലാത്തിനെയും പ്രകാശിപ്പിക്കുന്ന എന്നാൽ  സ്വയം പ്രകാശിക്കാത്ത ശുദ്ധ ബോധം. പ്രകൃതിയോ ഇതിന്റെ നേരെ വിപരീതവും. പുരുഷൻ നാശരഹിതനും, നിത്യനും, നിർഗ്ഗുണനുമായിരിക്കുമ്പോൾ പ്രകൃതി ഈ പ്രപഞ്ചത്തിൽ കാണുന്ന അനിത്യങ്ങളായ സൃഷ്ട്ടി-സ്ഥിതി-വിനാശ കർമ്മങ്ങളുടെയെല്ലാം കാരണമാകുന്നു. പക്ഷെ ഒരു പ്രത്യേകതയുണ്ട്, പുരുഷന്റെ സാമീപ്യത്തിൽ മാത്രമേ പ്രകൃതിക്കു അതിൻറെ സ്വഭാവം പ്രകടമാക്കാൻ കഴിയൂ. പുരുഷനില്ലെങ്കിൽ പ്രകൃതിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നർത്ഥം. പുരുഷന്റെ സാമീപ്യത്തിൽ മാത്രം പ്രചോദിതയാകുന്ന പ്രകൃതി സത്വരജസ്തമോഗുണങ്ങളിലൂടെ പ്രകൃതിയിൽ കാണുന്നതെല്ലാം സൃഷ്ടിയ്ക്കുന്നു. ആദിയിൽ ഈ ത്രിഗുണങ്ങൾ സാമ്യാവസ്ഥയിൽ ആയിരുന്നെന്നും പോകെ പോകെ അവയുടെ അനുപാതത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെന്നും ത്രിഗുണങ്ങളിലെ ഈ അസന്തുലിതാവസ്ഥ സൃഷ്ടിയ്ക്കു കാരണമാകുന്നുവെന്നും 'സാംഖ്യദർശനം'. ചുരുക്കി പറഞ്ഞാൽ മാറ്റമില്ലാത്ത സദ്‌വസ്തുവായ പുരുഷനെ ചുറ്റി നിൽക്കുന്ന പ്രകൃതിയാണ് പ്രപഞ്ചത്തിലെ മാറ്റമുള്ള എല്ലാത്തിനും കാരണമെന്ന് സാരം. പുരുഷ-പ്രകൃതി dvaitha സിദ്ധാന്തത്തിൽ, ഇതെല്ലാം നിയന്ത്രിക്കുന്ന സർവ്വവ്യാപിയായ ഏകപുരുഷൻ അല്ലെങ്കിൽ ഈശ്വരൻ എന്നൊരു സങ്കല്പം ഇല്ല. ഈ ദർശനത്തിൽ പുരുഷന്മാർ അനേകമാണ്. ഇനി ഭഗവത് ഗീതയിലേക്കു പോയാൽ അവിടെ നമ്മൾ കണ്ട നിത്യനായ ആത്മാവ് 'സാംഖ്യദർശനത്തി'ലെ  പുരുഷനും അനിത്യമായ ശരീര-മനോ-ബുദ്ധികൾ ഈ ദർശനത്തിലെ 'പ്രകൃതി'യുമാണെന്നു മനസ്സിലാക്കാൻ വിഷമമില്ലല്ലോ? സാംഖ്യദർശനത്തിനും ഗീതയുടെ ആത്മവിഷയത്തിനും തമ്മിൽ ചില സൂക്ഷ്മവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, അതൊന്നും നമ്മുടെ പഠനതലത്തിൽ പ്രസക്തമല്ല.


പ്രകൃതിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പുരുഷൻ, ആ ബന്ധനത്തിലകപ്പെട്ടു, അതിന്റെ ശുദ്ധസത്വമായ പ്രകൃതത്തിൽ നിന്നും വ്യതിചലിക്കുന്നു. ശുദ്ധബോധമായിരുന്ന പുരുഷനെ അതിന്റെ പ്രകൃതത്തിലേക്കു എത്തിക്കേണ്ടതുണ്ട്. സ്വപ്രകൃതം കൈവരിക്കും വരെ ജീവൻ ദുരിതപൂർണ്ണമായ പല പല ജന്മങ്ങളിൽ കൂടി കടന്നു പോകേണ്ടി വരും എന്നതിനാൽ എത്രയും വേഗത്തിൽ അത് സാധിക്കുമോ, അത്രയും നന്ന്. പ്രകൃതിബന്ധനത്തിൽ നിന്നും പുരുഷൻ സ്വതന്ത്രമാകുന്നതാണ് മോക്ഷം (liberation). പുരുഷന്റെ ഈ സ്വതന്ത്രാവസ്ഥയെ കൈവല്യം എന്നും പറയപ്പെടുന്നു. പ്രകൃതിജന്യമായ ശരീരത്തിനെ നശിപ്പിച്ചു പോലും കൈവല്യം നേടുന്നതിനായി മനുഷ്യർ ശ്രമിച്ചിട്ടുണ്ട്. അതിന്റെയൊന്നും ആവശ്യമില്ല, യോഗസാധനകളിലൂടെ,അതായത് ചിത്ത വൃത്തി നിരോധത്തിലൂടെ മനുഷ്യജന്മത്തിൽ തന്നെ ഈ മോക്ഷം സാധ്യമാക്കാം എന്നു യോഗശാസ്ത്രം പറയുന്നു.  ഇനി ഭഗവത് ഗീത പറയുന്ന ആത്മാവ് (soul) - ദേഹി(embodied soul)  വിഷയം നോക്കാം. നിർഗ്ഗുണമായ, നിത്യമായ, സർവ്വവ്യാപിയായ, സദ് വസ്തുവായ ആത്മാവിൽ നിന്നും വ്യത്യസ്തമാണ് ശരീരത്തിൽ അധിവസിക്കുന്ന ആത്മാവ് (ദേഹി അല്ലെങ്കിൽ  ജീവൻ). ദേഹത്തിൽ അധിവസിക്കുന്നതിനാൽ ജീവൻ ദേഹാഭിമാനിയായിത്തീരുന്നു. അതായത് ഇന്ദ്രിയങ്ങളിലൂടെ സ്വായത്തമാക്കിയ ദേഹസംസ്കാരമാകുന്ന വാസനകളുടെ കറകൾ ജീവനിൽ നിഴലിയ്ക്കുന്നു. ഈ വാസനാമാലിന്യം തീർത്തും നീക്കിയാൽ മാത്രമേ ജീവൻ, സദ്‌വസ്തുവായ ആത്മാവായിത്തീരുകയുള്ളൂ. ഒരു ജീവശരീരത്തിലൂടെയേ ജീവന്റെ ഈ വാസനാമാലിന്യത്തെ അകറ്റുവാൻ കഴിയൂ. അതിനായി ജീവൻ പല പല ജന്മങ്ങളെടുത്തു അതിലൂടെ ഈ വാസനാമാലിന്യത്തെ പൂർണ്ണമായി അകറ്റി, സദ്‌വസ്തുവായ ആത്മാവായി ഭവിച്ചു പരബ്രഹ്മത്തിൽ വിലയം പ്രാപിച്ചതിന്റെ ഭാഗമായി തീരുന്നു. പതഞ്‌ജലി മഹർഷിയുടെ യോഗശാസ്ത്രത്തിൽ പ്രകൃതിയുടെ ബന്ധനത്തിൽ നിൽക്കുന്ന പുരുഷനെ യോഗസാധനകളിലൂടെ സ്വതന്ത്രമാക്കുന്നു എന്ന തത്വം തന്നെയാണ് ഭഗവത് ഗീതയിലെ ജീവാത്മ-പരമാത്മ വിഷയത്തിലും സ്വീകരിച്ചിരിക്കുന്നതെന്നു സാരം. സാംഖ്യദർശനത്തിൽ പ്രപഞ്ച നിയന്താവായ ഈശ്വരൻ എന്നൊരു സങ്കൽപ്പം ഇല്ലാത്തതിനാൽ മോക്ഷം ലഭിച്ച ആത്മാവ് പ്രപഞ്ച നിയന്താവായ പരബ്രഹ്മത്തിൽ വിലയം പ്രാപിക്കുന്നു എന്നു ഗീതയിൽ പറയുന്നത് advaitha ദർശനത്തിലെ (വേദാന്ത) ഈശ്വര സങ്കൽപ്പം കൂടി കടം കൊണ്ടാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

 ധർമ്മം കർമ്മത്തിന്റെ സ്വഭാവവിശേഷമാണെന്നും ഗീത രണ്ടാം അദ്ധ്യായത്തിലെ പല ശ്ലോകങ്ങളും  ബുദ്ധദർശനത്തിന്റെ അഭാവത്തിൽ അസാധ്യമായിത്തീരുന്നുവെന്നും രണ്ടാം അധ്യായത്തിലും അഞ്ചാം അധ്യായത്തിലും കാണുന്ന ബ്രഹ്മനിർവ്വാണസങ്കൽപ്പം ബുദ്ധദർശനത്തിലെ കർമ്മഫലത്തിൽ നിന്ന്‌ മുക്തമാവുന്ന അഭികാമ്യാവസ്ഥയാണെന്നും  'മിത്തും യാഥാർഥ്യവും' എന്ന ലേഖനത്തിൽ  ഡി.ഡി.കൊസാംബി രേഖപ്പെടുത്തിയിട്ടുണ്ട്. ഗീത രണ്ടാം അദ്ധ്യായം അവസാനിപ്പിയ്ക്കുന്നത് സ്ഥിതപ്രജ്ഞലക്ഷണത്തോടെയാണ്. ശ്രീ ബുദ്ധൻ മുന്നോട്ടു വച്ച ബോധോദയം (enlightenment) എന്ന ആശയമാണ് സ്ഥിതപ്രജ്ഞലക്ഷണമായി ഗീതയിൽ അവതരിപ്പിച്ചിട്ടുള്ളത് എന്നുള്ള അഭിപ്രായവും ഉണ്ടായിട്ടുണ്ട്.  

ഭഗവത് ഗീത ആധാരമാക്കുന്ന മേൽപ്പറഞ്ഞ തത്വദർശനങ്ങളിൽ മിക്കതും ഈശ്വരന്റെ അസ്തിത്വം മാനിച്ചിരുന്നില്ലയെന്നും അവയിൽ ഈശ്വരവിശ്വാസം കടന്നു കൂടിയത് പിൽക്കാലത്തുണ്ടായ കൂട്ടിച്ചേരലുകളിലൂടെയാണെന്നും പണ്ഡിതമതം. ഋഷീശ്വരന്മാരുടെ ബൗദ്ധികാന്വേഷണത്തിന്റെ ഫലമായുണ്ടായ നിസ്വാർത്ഥമായ തത്വദർശനങ്ങൾ മനുഷ്യരാശിയുടെ  മുന്നോട്ടുള്ള പ്രയാണത്തിനു വലിയ മുതൽക്കൂട്ടാകുമ്പോൾ, അതിലൊക്കെ സ്വാർത്ഥമനുഷ്യർ നടത്തുന്ന കലർപ്പുകൾ മനുഷ്യരാശിയെ പിറകോട്ടു വലിയ്ക്കുകയാണ് ചെയ്യുന്നതെന്ന് ചരിത്രം പഠിപ്പിയ്ക്കുന്നു. ഗീത രചിച്ച മഹാത്മാക്കളും (പല വ്യാസന്മാർ 200 ൽപ്പരം വർഷങ്ങൾ കൊണ്ടാണ് ഗീതാരചന പൂർത്തിയാക്കിയിട്ടുള്ളതെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ) മനുഷ്യരാശിയെ മുന്നോട്ടു നയിയ്ക്കാനാനുദ്ദേശിച്ചായിരിക്കണം ഈ  ഗ്രന്ഥം രചിച്ചതെന്നാണ് എന്റെ വിശ്വാസം. വിശ്വാസത്തിലുപരിയായി യുക്തിപരവും ശാസ്ത്രീയവുമായ ഒരു പഠനത്തിലൂടെയേ ഗീതയുടെ ഈ ലോകക്ഷേമതലത്തെ നമുക്കു മനസ്സിലാക്കാൻ കഴിയൂ. ഇങ്ങിനെ നോക്കുമ്പോൾ, വിശ്വാസപൂർവ്വം നോക്കുമ്പോൾ കാണുന്നതിൽ നിന്നും വ്യത്യസ്ഥമായൊരു പശ്ചാത്തലം ഗീതയ്ക്കില്ലേ എന്ന് പലപ്പോഴും തോന്നിപ്പോകുന്നു.

ഗീതോപദേശത്തിനായി ശബ്ദായമാനമായ ഒരു യുദ്ധക്കളം എന്തിനായിരിക്കാം ഗീതാകാരൻ തിരഞ്ഞെടുത്തത് എന്നു ഞാൻ കഴിഞ്ഞ ഭാഗത്തിൽ ചോദിച്ചിരുന്നു. ബോധപൂർവം ചിന്തിച്ചാൽ ഇതിനു കിട്ടാവുന്ന ഒരു ഉത്തരം, ആ യുദ്ധക്കളം നമ്മൾ ചിന്തയ്ക്കുന്നതുപോലെയുള്ള ഒരു യുദ്ധക്കളം ആയിരിയ്ക്കില്ലയെന്നാണ്. പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകൾ വലിയ്ക്കുന്ന ശരീരമാകുന്ന രഥത്തിൽ വിഷാദമഗ്നനായി ജീവൻ (അർജ്ജുനൻ) ഇരിയ്ക്കുന്നതും മനസ്സാകുന്ന കടിഞ്ഞാണുകളിലൂടെ ഇന്ദ്രിയാശ്വങ്ങളെ ബുദ്ധിയാകുന്ന സാരഥി (കൃഷ്ണൻ) നയിയ്ക്കുന്നതുമായ ഭഗവത് ഗീതാ സങ്കല്പം, കഠോപനിഷത്തിലെ 'രഥസങ്കല്പ' ത്തിൽ നിന്നും കടം കൊണ്ടതാണെന്നു ഈ പരമ്പരയുടെ ആമുഖത്തിൽ പറഞ്ഞിരുന്നത് ഓർക്കുമല്ലോ? ഇതാണ് ഗീതാ സങ്കൽപ്പമെങ്കിൽ ഗീതയിൽ പറയുന്നതെല്ലാം തന്നെ മനുഷ്യനെ സംബന്ധിയ്ക്കുന്ന ആത്മ-ശരീര-മനോ-ബുദ്ധി തത്വവിഷയങ്ങളാകാതെ തരമില്ല. മനുഷ്യനു സദ്‌വാസനകൾ എണ്ണത്തിൽ കുറവും ദുർവാസനകൾ എണ്ണത്തിൽ കൂടുതലുമാണ്. അഞ്ചു സദ്‌വാസനകളെ (പഞ്ചപാണ്ഡവർ) നൂറ്റിയൊന്നു ദുർവാസനകൾ (കൗരവർ) എതിർക്കുന്നു. മനസ്സാണിവിടെ യുദ്ധക്കളം. ആത്യന്തികമായ ജയം സദ്‌വാസനകൾക്കാണ് (സത്യത്തിനാണ്). അപ്പോൾ "തസ്മാത് യുദ്ധ്യസ്വ ഭാരത - Therefore fight O Arjuna' എന്നതിനെ 'മടിച്ചു നിൽക്കാതെ അധാർമ്മികതയോട്, നീതികേടിനോട്, തെറ്റിനോട് സമരം ചെയ്യൂ' എന്നു നമ്മുടെ ബുദ്ധി, ജീവനു (മനഃസ്സാക്ഷി നമുക്കു) നൽകുന്ന നിർദ്ദേശമായിചിന്തിക്കേണ്ടി വരും. ദൃശ്യതലത്തിൽ നാം കണ്ട യുദ്ധക്കളവും യുദ്ധവും ഒന്നും ഗീതയിലില്ലെങ്കിൽ പിന്നെ ഏതു ഹിംസാത്മകമായ യുദ്ധത്തിന്റെ കാര്യമാണ് നമ്മൾ പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്‌? സനാതനധർമ്മത്തിൽ ഹിംസയ്ക്കു സ്ഥാനമില്ല. ഗീത പറയുന്നത് ഋഷിമനസ്സുകൾ കണ്ടെത്തിയ വലിയ തത്വശാസ്ത്രങ്ങളാണ്, പ്രപഞ്ച സത്യങ്ങളാണ്. സത്യങ്ങൾ വിശ്വസിക്കാനുള്ളതല്ല, അറിഞ്ഞനുഭവിക്കാനുള്ളതാണ്. തത്വവിചാരത്തെ ലൗകിക വിഷയങ്ങളുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുമ്പോഴുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഗീതാവ്യാഖ്യാനങ്ങളിൽ പലയിടങ്ങളിലും നിഴലിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. തോന്നലുകൾ എല്ലാഴ്‌പ്പോഴും ശരിയാകണമെന്നില്ല എന്നതും കൂടി പറഞ്ഞുകൊള്ളട്ടെ.

ശരി, ഇപ്പറഞ്ഞതിന്റെയൊക്കെ വെളിച്ചത്തിൽ അടുത്തയാഴ്ച (അടുത്ത വർഷം) മുതൽ നമുക്കു ഗീതാ പഠനം തുടരാം.

ഭഗവത് ഗീതയുടെ പേരിൽ നിങ്ങളേവർക്കും ധന്യമായ ഒരു പുതുവത്സരം നേരുന്നു.

2 comments:

  1. Excellent description.I feel this article was one of the best in the series. I am also proud to be a part of pre-publishing discussion on this topic by the author. The author also carefully places empiricism over mysticism, and tailored the teachings for the contemporary world. Keep Going Sudarshanam. Congrats Uncle.

    ReplyDelete
    Replies
    1. Thanks for your words of appreciation, dear Mahi.

      Delete