Friday, October 28, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 7

യുദ്ധം മൂലം സ്ത്രീകൾ ദുഷിച്ചു, വർണ്ണസങ്കരമുണ്ടായാൽ അത് കുലക്ഷയത്തിനു കാരണമാകുമെന്നും അങ്ങിനെ കുലനാശത്തിലൂടെ ശാശ്വതങ്ങളായ ജാതിധർമ്മങ്ങളും കുലധർമ്മങ്ങളും നശിച്ചു പോകും എന്നും മറ്റുമുള്ള അർജ്ജുനൻറെ ചിന്തകളാണ് കഴിഞ്ഞയാഴ്ച നമ്മൾ ചർച്ച ചെയ്തത്.

സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയ  (ശ്ലോകം: 42)

(വർണ്ണസങ്കരം കുലനാശകന്മാർക്കും കുലത്തിനും നരകഹേതുവായി ഭവിക്കുന്നു. ഇവരുടെ പിതൃക്കൾ പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ നിലംപതിച്ചു പോകുന്നു)

വർണ്ണമിശ്രത്തെയുളവാക്കുന്ന കുലദ്രോഹികളുടെ ഈ വിധ ദോഷങ്ങൾ നിമിത്തം ചിരകാലമായി നിലനിന്നുപോരുന്ന ജാത്യാചാരങ്ങളും കുലാചാരങ്ങളും നശിക്കാൻ ഇടയാകുന്നു (ശ്ലോകം: 43)

ഹേ, ജനാർദ്ദനാ, കുലധർമ്മം ക്ഷയിച്ചുപോയ  മനുഷ്യരുടെ വാസം എന്നും നരകത്തിലാണെന്നു ഞങ്ങൾ  കേട്ടിട്ടുണ്ട് (ശ്ലോകം: 44)

എന്നീ ശ്ലോകങ്ങളും കഴിഞ്ഞ ലക്കത്തിൽ എഴുതിയെങ്കിലും അത് ചർച്ചക്കെടുത്തില്ല. അതൊന്നു ചിന്തിച്ചു നോക്കാം (ഞാനൊരു മതപണ്ഡിതനല്ല, ആത്മീയവിഷയത്തിൽ തൽപ്പരനായ ശാസ്ത്രഗവേഷകൻ മാത്രം. അതിനാൽ തന്നെ മതവിഷയത്തേക്കുറിച്ചു ഞാൻ എന്റേതായ ഒരഭിപ്രായവും ഇവിടെ എഴുതാറില്ല. ഭഗവത് ഗീതയെയും അതിൽ പരാമർശിച്ചിട്ടുള്ള മതവിഷയങ്ങളെയും ശാസ്ത്രീയമായി വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് എനിയ്ക്കു തോന്നിയിട്ടുള്ള സമാദരണീയരായ ആചാര്യന്മാരുടെ അഭിപ്രായങ്ങളെ, ഭഗവത് ഗീതയുടെ സനാതനഃ ധർമ്മ പശ്ചാത്തലവുമായി സമന്വയിപ്പിച്ചു, എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്നതിലേക്കായി, എന്റേതായ ഒരു ശൈലിയിൽ എഴുതുന്നുവെന്നു മാത്രം).

മുകളിൽ കൊടുത്ത ശ്ലോകങ്ങളിൽ നമുക്കു ചർച്ച ചെയ്യേണ്ട  രണ്ടു മതവിഷയങ്ങളാണ് പിതൃരക്ഷയും നരകവാസവും. ജീവിച്ചിരിക്കുന്ന പിൻഗാമികൾ വർഷത്തിലൊരിക്കൽ നൽകുന്ന ആഹാരവും ജലവും ആത്മലോകത്തിൽ നിലകൊള്ളുന്ന പൂർവികരുടെ ആത്മാക്കൾക്ക് പോഷകമായി ഭവിക്കുന്നു എന്ന് ഹിന്ദുമത വിശ്വാസികൾ വിശ്വസിക്കുന്നു. സദ്ഭാവനകൾ ഏറെ നിറഞ്ഞ ഒരു അന്ധവിശ്വാസമാണിതെന്നാണു പണ്ഡിതമതം. ആത്മാക്കൾ ആഹാരം കഴിക്കാനൊന്നും പോകുന്നില്ല. എന്നാൽ ആ പൂർവ മനുഷ്യരിൽ നിന്നും ജന്മം കൊണ്ടു വളർന്ന നമ്മൾ വർഷത്തിലൊരിക്കൽ അവരെ സ്മരിക്കുമ്പോൾ, അത് അവർ വച്ചുപുലർത്തിയിരുന്ന ജീവിതമൂല്യങ്ങളോടും ആശയങ്ങളോടുമുള്ള ആദരവായി കണക്കാക്കാം. മണ്മറഞ്ഞ മുൻതലമുറയോടു നാം കാണിക്കുന്ന സ്നേഹവും ആദരവും നമ്മുടെ കുഞ്ഞുങ്ങൾ കണ്ടു പഠിക്കുമ്പോൾ അതൊരു നല്ല സംസ്കാരകത്തിന്റെ തുടർച്ചയാകുകയാണ്. മാതാപിതാക്കളെ 'നടതള്ളുന്ന' ഇക്കാലത്ത് സാംസ്കാരികത്തുടർച്ചയെ സാദ്ധ്യമാക്കുന്ന ഇങ്ങനെയുള്ള സദ്ഭാവനകൾക്ക് പ്രസക്തിയേറെയാണ്. ഈ വിഷയത്തെക്കുറിച്ചു ചിന്മയാനന്ദ സ്വാമികൾ  പറയുന്നതു നമുക്കൊന്നു കേൾക്കാം.

"സ്വർഗ്ഗത്തിലെ മണിമേടകളുടെ മട്ടുപ്പാവിലിരുന്നുകൊണ്ട് പൂർവികന്മാർ (പിതൃക്കൾ) നമ്മുടെ ജീവിതരീതിയെ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും, നമ്മുടെ ധർമ്മാചരണം അവർക്ക് അന്നമാണെന്നും, അധർമ്മാചരണം അന്നം മുടക്കുന്നതാണെന്നും ഉള്ള കവിഭാവന എത്ര ഉദാത്തമായിരിക്കുന്നു!.....ജീവിതതീർത്ഥയാത്രയിൽ, ഇരുളടഞ്ഞ മാർഗ്ഗത്തിൽ വെളിച്ചം പകരുന്ന പന്തമത്രെ സംസ്കാരം. പൂർവികരിൽ നിന്ന് പിൻതലമുറയ്ക്കു കൈമാറി കൈമാറി അത് നമ്മുടെ കയ്യിലെത്തിയിരിക്കുന്നു. പൈതൃകമായി ലഭിച്ച ഈ പന്തത്തിനു തെളിവു കൂട്ടാൻ പറ്റിയില്ലെങ്കിലും കുറയ്ക്കാതെയെങ്കിലും നോക്കേണ്ട ചുമതല നമുക്കുണ്ട്. നമ്മുടെ സന്തതികൾക്ക് നാമതു കൈമാറുകയും വേണം"


യുദ്ധം കാരണം വർണ്ണസങ്കരം സംഭവിച്ചു, കുലങ്ങൾ നശിക്കുന്നതോടെ ധർമ്മത്തെ സംരക്ഷിച്ചു നിർത്തുന്ന ഇങ്ങനെയുള്ള ആചാരങ്ങൾ മുടങ്ങുമെന്നും അങ്ങിനെ സംഭവിച്ചാൽ പിതൃക്കൾ നരകത്തിലേക്ക് പതിക്കുമെന്നും അവയുടെ ശാപം കാരണം അതിനു കാരണക്കാരായവരും നരകത്തിൽ പതിക്കുമെന്നുമാണല്ലോ അർജ്ജുനൻ പറയുന്നത്. മുകളിൽ പറഞ്ഞതുപോലെ 'പിണ്ഡോദകക്രിയ' നല്ലൊരു സംസ്കാരത്തിന്റെ ഭാഗമാണെങ്കിലും അതു ചെയ്തില്ലെങ്കിൽ നരകവാസമായിരിക്കും ഫലം എന്നു പറയുന്നത് അശാസ്ത്രീയമാണ്. താത്വികമായ മതവീക്ഷണം മാത്രമാണിത്. മനസ്സിന് സന്തോഷവും സംതൃപ്തിയും സമാധാനവും തരുന്ന അവസ്ഥയാണ് സ്വർഗ്ഗം. അതുപോലെ മനസ്സ് അശാന്തമായി, നിരാശാബോധത്തിലും ദുഃഖത്തിലും അമർന്നു കഴിയുമ്പോളുള്ള അവസ്ഥയാണ് നരകം. ഹൈന്ദവസംസ്കാരത്തിലെ സ്വർഗ്ഗനരകങ്ങൾ നമ്മുടെ മനസ്സിന്റെ സൃഷ്ടികളാണ്, അല്ലാതെ പഴയ സിനിമകളിലൊക്കെ കാണിക്കാറുള്ളതുപോലെ ഭൂമിയിൽ നിന്നും വേറിട്ട രണ്ടന്യലോകങ്ങളല്ല. താത്വികമായ മതാശയങ്ങളെ ബോധപൂർവം മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്കിതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ ചിലരങ്ങനെയല്ല,  ഇതൊക്കെ അക്ഷരാർഥത്തിൽ ശരിയാണെന്നു വിശ്വസിച്ചു ജീവിക്കുന്നവരാണവർ. അർജ്ജുനനും ഇങ്ങനെയൊരാളാണ്; അല്ലെങ്കിൽ ആണെന്നു നടിയ്ക്കുന്നു. ഫലമോ, ഭാരതഖണ്ഡത്തിലെ ഏറ്റവും സമർത്ഥനായ ക്ഷത്രിയവീരൻ നരകഭയത്തിന്റെ പേരിൽ സ്വധർമ്മമായ യുദ്ധം ഉപേക്ഷിക്കാൻ തയ്യാറാവുകയാണ്. ഇതിൽപ്പരം ലജ്ജാകരമായ കാര്യമെന്തുണ്ട്? അധർമ്മത്തെ നശിപ്പിച്ചു ധർമ്മസംസ്ഥാപനം ലക്ഷ്യമാക്കിയ ഒരു മഹായുദ്ധത്തിനെ തൻറെ അശാസ്ത്രീയമായ വ്യക്തിചിന്തകളിലേക്ക് ചുരുക്കി അതിന്റെ അർത്ഥവ്യാപ്തി തന്നെ നശിപ്പിക്കുകയാണ് അർജ്ജുനനിവിടെ ചെയ്യുന്നത്. അർജ്ജുനന്റെ ഈ അബദ്ധചിന്തകളെയൊക്കെ കൃഷ്ണൻ നേരേയാക്കിയെടുക്കുന്നതു നമ്മളിനി കാണാൻ പോകുകയാണ്. സത്യത്തിൽ അർജ്ജുനനോടു മാത്രമല്ല, അന്ധവിശ്വാസങ്ങൾക്കടിമപ്പെട്ടു, സമൂഹത്തിനു ഗുണകരമല്ലാത്ത കർമ്മങ്ങൾ ചെയ്തുകൂട്ടുന്ന ഓരോ മനുഷ്യരോടും കൂടിയാണ് കൃഷ്ണൻ ഇനി സംസാരിക്കാൻ പോകുന്നത്. സമത്വസുന്ദരമായൊരു ലോകത്തെയാണ് സനാതനധർമ്മം ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യമനസ്സിന്റെ വികാസം കൊണ്ടേ ഇത് സാദ്ധ്യമാകൂ. ജാതി, മതം, സ്വാർത്ഥമോഹങ്ങൾ, ഇന്ദ്രിയവൃത്തികൾ, വിശ്വാസങ്ങൾ.... എല്ലാം കൂടി മനുഷ്യമനസ്സുകളെ ബന്ധനത്തിലാക്കിയിരിക്കയാണ്; അതിന്റെ നിഷ്ക്കളങ്കമായ ഈശ്വരപ്രകൃതത്തെ മറച്ചിരിക്കയാണ്. ഈ മായാബന്ധനത്തിൽ നിന്നും മനസ്സുകളെ മുക്തമാക്കുകയാണ് വേണ്ടത്. ലോകാനുഗ്രഹകാരിയായ ഈ കർമ്മമാണ്‌ ശ്രീകൃഷ്ണൻ ഭഗവത് ഗീതയിലൂടെ ചെയ്യുന്നത്.

യദീ മാമ പ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ
ധാർതരാഷ്ട്രാ രണേ ഹന്യുസ്തൻമേ ക്ഷേമതരം ഭവേത് (ശ്ലോകം: 46)

(എതിർക്കാതെയും ആയുധം എടുക്കാതെയും ഇരിക്കുന്ന എന്നെ ആയുധമേന്തിയ ധൃതരാഷ്ട്രപുത്രന്മാർ പോരിൽ കൊല്ലുമെങ്കിൽ അതെനിക്ക് കൂടുതൽ ക്ഷേമകരമായിരിക്കും).

സഞ്ജയ ഉവാച:

ഏവമുക്ത്വർജ്ജുന സംഖ്യേ രഥോപസ്ഥ ഉപവിശത്
വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ (ശ്ലോകം: 47)

(സഞ്ജയൻ പറഞ്ഞു: ഇത്രയും പറഞ്ഞിട്ട് അർജ്ജുനൻ യുദ്ധക്കളത്തിൽ അമ്പും വില്ലും ഉപേക്ഷിച്ചു തേർത്തട്ടിൽ ശോകാകുലചിത്തനായി ഇരുന്നു)

ശ്ലോകം: 46 ഒന്നു ശ്രദ്ധിച്ചു വായിച്ചോളൂ. അർജ്ജുനൻ പറയുന്നതു കേട്ടാൽ തോന്നും അദ്ദേഹം മഹാമനസ്ക്കനായ ഒരു ത്യാഗിയാണെന്ന്. 'ഞാൻ കൊല്ലാൻ വന്നവർ എന്നെ കൊന്നോട്ടെ' എന്നു പറയണമെങ്കിൽ മറ്റാർക്കാണ് കഴിയുക? യുദ്ധം ചെയ്യാനായി ഇന്തോ-പാക്കിസ്ഥാൻ അതിർത്തിയിൽ ശത്രുസേനയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടാള ഓഫീസർ കരഞ്ഞുകൊണ്ട് ഇന്ത്യക്കാരോട് ഇങ്ങനെ പറഞ്ഞാൽ നമുക്കെന്തു തോന്നും? പുശ്ചമല്ലേ തോന്നുക? കുരുക്ഷേത്രയുദ്ധഭൂമി ആകെയൊന്നു നോക്കിക്കണ്ട നിമിഷം അർജ്ജുനനുള്ളിലുദിച്ച പരാജയഭീതി, അഹംഭാവത്തിൽ തട്ടി 'കൃപ'യായി ചമഞ്ഞു, ക്രമേണ വികാസം പ്രാപിച്ചു 'ആത്മഹത്യാ' തലവും കഴിഞ്ഞിപ്പോൾ 'മഹാത്യാഗ'ത്തിന്റെ മുഖംമൂടിയണിഞ്ഞിരിക്കയാണ്. ഭയം, അതാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. അതിന്റെ ബഹിർസ്ഫുരണങ്ങൾ പലരിലും പലവിധത്തിലാണ് പ്രകടമാകുന്നത്. അതിനെ ജയിച്ചാലേ ജീവിതയുദ്ധങ്ങളിൽ വിജയിക്കാൻ കഴിയൂ. ദൈവമുള്ളിടത്തു ചെകുത്താനിരിക്കാൻ കഴിയില്ലെന്നു പറയുമ്പോലെ ജ്ഞാനമുള്ളിടത്തു ഭയത്തിനു സ്ഥാനമില്ല. നമുക്കുള്ളിൽ കരിന്തിരി കത്തി നിൽക്കുന്ന ആത്മദീപത്തെ പ്രകാശിപ്പിച്ചു ഭയവിമുക്തനാവാനാണ് ഭഗവത് ഗീത ആഹ്വാനം ചെയ്യുന്നത്.Monday, October 24, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 6

ആശകൊണ്ടു വിവേകശൂന്യമായ മനസ്സോടുകൂടിയ ദുര്യോധനാദികൾക്കു കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷവും പാപവുമൊന്നും അറിയില്ലെങ്കിലും, അതൊക്കെ നന്നായി അറിയുന്ന ഞങ്ങൾക്ക് സനാതനങ്ങളായ കുലധർമ്മങ്ങൾ സംരക്ഷിച്ചു ധർമ്മം നശിക്കാതെ നോക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ തന്നെ യുദ്ധത്തിൽ നിന്നും പിന്തിരിയേണ്ടതുണ്ടെന്നും അർജ്ജുനൻ പറയുന്നിടത്താണ് നമ്മൾ കഴിഞ്ഞയാഴ്ച  നിർത്തിയത്. അർജ്ജുനൻ  തുടർന്നു പറയുന്നതു കേൾക്കാം.

അധർമ്മാഭി ഭവാത് കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാർഷ്ണേയ ജായതേ വർണ്ണസങ്കര: (ശ്ലോകം 1: 41)

(വൃഷ്ണിവംശജനായ കൃഷ്ണാ, അധർമ്മം ബാധിക്കുമ്പോൾ കുലസ്ത്രീകൾ ദുഷിക്കുന്നു. സ്ത്രീകൾ ദുഷിക്കുമ്പോൾ വർണ്ണസങ്കരം സംഭവിക്കുന്നു)

സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയ (ശ്ലോകം 1: 42 )

(വർണ്ണസങ്കരം കുലനാശകന്മാർക്കും കുലത്തിനും നരകഹേതുവായി ഭവിക്കുന്നു. ഇവരുടെ പിതൃക്കൾ പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ നിലംപതിച്ചു പോകുന്നു)

ദോഷൈരേതയ്: കുലഘ്നനാം വർണ്ണസങ്കരകാരകൈ
ഉത്സാദ്യന്തേ ജാതിധർമ്മ: കുലധർമ്മാശ്ച ശാശ്വതഃ (ശ്ലോകം 1: 43)

(കുലഘാതകന്മാരുടെ വർണ്ണസങ്കരമുണ്ടാക്കുന്ന ദോഷങ്ങളാൽ ശാശ്വതങ്ങളായ ജാതിധർമ്മങ്ങളും കുലധർമ്മങ്ങളും നശിച്ചു പോകുന്നു)

ഉൽസന്നകുലധർമ്മാണാം മനുഷ്യാണാം ജനാർദ്ദനാ
നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ  (ശ്ലോകം 1: 44)

(ഹേ, ജനാർദ്ദനാ, കുലധർമ്മം ക്ഷയിച്ചുപോയ  മനുഷ്യരുടെ വാസം എന്നും നരകത്തിലാണെന്നു ഞങ്ങൾ  കേട്ടിട്ടുണ്ട്)

അഹോബത മഹത്പാപം കർതും വ്യവസിതാ വയം
യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാ: (ശ്ലോകം 1: 45)

(അഹോ, കഷ്ടം. വലിയ പാപം ചെയ്യാൻ നാം ഒരുങ്ങിയിരിക്കുന്നു. രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാൻ നാം ഒരുങ്ങിയല്ലോ ?)

ഈ അവസാന ശ്ലോകം (1:45) പ്രാധാന്യം അർഹിക്കുന്നതാണ്. അതുകൊണ്ട് അതൊന്നു പരിശോധിച്ചിട്ടു പിറകിലേക്ക് പോകാം. അർജ്ജുനൻ ഇപ്പറഞ്ഞതു കേട്ടോ? "രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാൻ നാം ഒരുങ്ങിയല്ലോ"? അപ്പോൾ ഇതിനൊക്കെ വേണ്ടിയായിരുന്നോ അർജ്ജുനൻ യുദ്ധം ചെയ്യാൻ വന്നത്? പക്ഷേ ഇതിലൊന്നും തനിക്കൊട്ടും താത്പര്യമില്ലെന്നല്ലേ അൽപ്പം മുൻപു വരെ അർജ്ജുനൻ പറഞ്ഞത്? അധർമ്മത്തെ നശിപ്പിച്ചു ധർമ്മത്തെ പുനഃ:സ്ഥാപിക്കാൻ വേണ്ടിയെടുത്ത സുചിന്തിതമായ ഒരു തീരുമാനമായിരുന്നില്ലേ ഈ യുദ്ധം? മറ്റാരേക്കാളും അതറിയാവുന്നത് അർജ്ജുനനാണ്. മറ്റുമാർഗ്ഗങ്ങളെല്ലാം അടഞ്ഞു കഴിഞ്ഞു, യുദ്ധം അനിവാര്യമായപ്പോൾ അതിൽ തീവ്രദുഃഖിതനായ യുധിഷ്‌ഠരനെ ധർമ്മയുദ്ധത്തിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി മനസ്സുമാറ്റിയെടുത്ത അർജ്ജുനനാണിപ്പോൾ ഇങ്ങനെ പറയുന്നതെന്നു മനസ്സിലാക്കണം. ഭീരുത്വം അർജ്ജുനവ്യക്തിത്വത്തെ അടിമപ്പെടുത്തിയിരിക്കുന്നു. 'അയ്യോ, കഷ്ടം. വലിയ പാപം ചെയ്യാൻ ഞങ്ങൾ ഒരുങ്ങിയല്ലോ"എന്നൊക്കെ പറഞ്ഞുള്ള ഈ വിലാപം കാണിക്കുന്നത് ചങ്കുറപ്പില്ലായ്മയാണ്. അതിനു മറയായിട്ടു സ്വജനപ്രേമവും മതചിന്തകളും ഒക്കെ പൊങ്ങിവരുന്നുവെന്നുമാത്രം. സാഹചര്യങ്ങളുടെ സമ്മർദ്ദം ദുർബ്ബലഹൃദയനായ അർജ്ജുനന്റെ ക്ഷാത്രവീര്യത്തെ നിശ്ശേഷം നശിപ്പിച്ചിരിക്കുന്നു (ക്ഷുദ്രം ഹൃദയദൗർബല്യം, ത്വക്തോത്തിഷ്ഠ പരന്തപഃ)! തീവ്രപ്രതിസന്ധിഘട്ടങ്ങളാകുന്ന കുരുക്ഷേത്രഭൂമികളിൽ  വികാരത്തിനടിമപ്പെട്ടു മനസ്സു ബുദ്ധിയെ കീഴ്പ്പെടുത്തിക്കഴിയുമ്പോൾ ഈ അർജ്ജുനസ്വഭാവം തന്നെയാണ് മനുഷ്യരെല്ലാം കാണിക്കാറുള്ളത്.

ഇനി അർജ്ജുനവിഷാദത്തിന്റെ മതപരമായ ചിന്തകളെ വിശകലനം ചെയ്യാം. മുകളിൽ കൊടുത്തിട്ടുള്ള പല ശ്ലോകങ്ങളിലും ആവർത്തിച്ചു കാണുന്ന ചില വാക്കുകളാണ് കുലം, കുലക്ഷയം, കുലധർമ്മം. യുദ്ധം കാരണം കുലങ്ങൾ ക്ഷയിക്കുമെന്നും കുലങ്ങൾ ക്ഷയിക്കുമ്പോൾ കുലധർമ്മങ്ങൾ നശിക്കുമെന്നും അത് അധർമ്മത്തിനും അരാജകത്വത്തിനും വഴിവക്കുമെന്നുമാണ് അർജ്ജുനൻ പറയുന്നത്. സമൂഹത്തിന്റെ ശ്രേയസ്സ്, അതിലെ കുലങ്ങളുടെ മഹിമയുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നാണ് അർജ്ജുനൻ ഇപ്പറഞ്ഞതിന്റെയർത്ഥം. വാർഷ്ണേയാ (വൃഷ്ണിവംശജനായ കൃഷ്ണാ) എന്ന് കൃഷ്ണനെ അഭിസംബോധന ചെയ്യുന്നതു തന്നെ ഈ കുലമഹിമയെ സൂചിപ്പിക്കാനാണ്. 'കുലമഹിമയുള്ള അങ്ങേക്കറിയാമല്ലോ, യുദ്ധം കൊണ്ട് കുലങ്ങൾ നശിച്ചാൽ രാജ്യത്ത്‌ അധർമ്മം വിളയാടുമെന്ന്‌; ധർമ്മസ്നേഹിയായ അങ്ങ് അതുകൊണ്ടു യുദ്ധത്തിൽ നിന്നും പിന്തിരിയാനുള്ള എന്റെ തീരുമാനത്തെ പിന്താങ്ങണെ'! പൂച്ച എങ്ങിനെ വീണാലും നാലു കാലിലായിരിക്കും വീഴുക. പാവം അർജ്ജുനന്റെ കാര്യവും അതുപോലെയാണ്. എവിടെ പറഞ്ഞു തുടങ്ങിയാലും പ്രതി അവസാനമെത്തുന്നത് ഒരിടത്തു തന്നെയാണ്; 'കൃഷ്ണാ, യുദ്ധം ചെയ്യാനെന്നെ നിർബന്ധിക്കരുതേ, ജനാർദ്ദനാ, രക്ഷിക്കണേ'!!!


ഭാരതീയ സംസ്കാരത്തിൽ പിൻതലമുറക്കാർ അനുവർത്തിച്ചുപോന്ന മഹനീയാദർശങ്ങളും സംസ്കാരചിന്തകളും തലമുറ തലമുറകളിലേക്ക് കൈമാറപ്പെടുന്നത് കുലങ്ങളിൽ കൂടിയാണ്. അതുകൊണ്ടു തന്നെ കുലനാശം വരുത്തുന്നതൊന്നും അഭികാമ്യമല്ല എന്ന അർജ്ജുനചിന്ത ശരി തന്നെയെന്നു പറയാം. പക്ഷേ കടുത്ത മാനസിക വിഭ്രാന്തിയിൽ ആടിയുലഞ്ഞു നിൽക്കുന്ന അർജ്ജുനൻ, ബോധമില്ലാതെ ഇതുവരെ പറഞ്ഞതെല്ലാം തലതിരിഞ്ഞ സംഗതികളാകയാൽ ഇപ്പോൾ പറയുന്ന 'കുല'വിഷയത്തിനും അങ്ങിനെയൊരു വിപരീതമാനം കൽപ്പിക്കേണ്ടതുണ്ട്. ധർമ്മശാസ്ത്രങ്ങൾ, സനാതനധർമ്മത്തിൽ പുരട്ടിയ മാലിന്യങ്ങളെ ശുദ്ധീകരിക്കുകയാണ് ഇതിഹാസരചനയുടെ പ്രധാന ഉദ്ദേശ്യം തന്നെയെന്ന് ആമുഖത്തിൽ പറഞ്ഞിരുന്നല്ലോ? അങ്ങിനെ നോക്കുമ്പോൾ, ഈ ധർമ്മശാസ്ത്രങ്ങൾ ഉയർത്തിപ്പിടിച്ചതും ബഹുഭൂരിപക്ഷം ജനങ്ങളെയും ഹൈന്ദവധർമ്മത്തിൽ നിന്നും അകറ്റാൻ കാരണമായതുമായ ഈ 'കുല-വർണ്ണ-സ്വർഗ്ഗനരക' മതവിഷയങ്ങളെ വ്യാസൻ ഗീതയിൽ കൊണ്ടുവന്നിരിക്കുന്നത് ഈ ശുദ്ധീകരണോദ്ദേശത്തോടുകൂടിയാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പോൾ 'കുലം'  എന്നതുകൊണ്ട് അർജ്ജുനൻ ഉദ്ദേശിക്കുന്നതു ശ്രുതിസ്മൃതിഃശാസനങ്ങളുടെ അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥയാണെന്നും 'കുലമഹിമ' എന്നത് സമൂഹത്തിന്റെ മേൽത്തട്ടിലുള്ള സവർണ്ണ അധികാരിവർഗ്ഗത്തിന്റെ മഹിമയുടെ വിഷയം മാത്രമാണെന്നും വായിച്ചെടുക്കേണ്ടി വരും. കീഴാളന്മാരായ (ശൂദ്രന്മാരായ) ഭൂരിപക്ഷ ജനസാമാന്യത്തിനെന്തു കുലവും കുലമഹിമയും?  യുദ്ധം കാരണം വർണ്ണസങ്കരം സംഭവിച്ചാൽ നശിക്കുന്നത് മേൽജാതിക്കാരുടെ കുലവും മഹിമയും ആണ്, കീഴ്‌ജാതിക്കാരന്റേതല്ല. ധർമ്മശാസ്ത്രങ്ങൾ അക്കാലത്തു (ഇക്കാലത്തും) സമൂഹത്തിൽ സൃഷ്ട്ടിച്ച മതചിന്തകളാണ് അർജ്ജുനൻറെ വാക്കുകളിൽ നിഴലിക്കുന്നത്. മനുസ്മൃതിയിലെ പല ശ്ലോകങ്ങളും പഠിച്ചാൽ ഈ ലോകം സൃഷ്ടിച്ചിരിക്കപ്പെട്ടിരിക്കുന്നതു തന്നെ ജാതിവ്യവസ്ഥയുടെ മേൽത്തട്ടിലുള്ള ഒന്നു രണ്ടു ജാതികളിലെ കുറെ ആളുകൾക്കു വേണ്ടിമാത്രമാണെന്നും ബാക്കിയുള്ളവരൊക്കെ കൃമികീടങ്ങളുമാണെന്നും തോന്നിപ്പോകും. ഈ തലതിരിഞ്ഞ ചിന്തയാണ് 'കുലമഹിമ' യിലൂടെ അർജ്ജുനൻ പറഞ്ഞുവക്കുന്നത് എന്ന് വേണം കരുതാൻ. സമത്വസുന്ദരമായൊരു ലോകത്തെ വിഭാവനം ചെയ്യുന്ന (ലോകസമസ്താ സുഖിനോഭവന്തു:) സനാതനധർമ്മമെന്ന മഹനീയ ആശയമെവിടെ, മനുഷ്യരെ മനുഷ്യരുടെ അടിമയാക്കുന്ന അബദ്ധജഡിലവും സങ്കുചിതവും അശാസ്ത്രീയവുമായ ധർമ്മശാസ്ത്ര സിദ്ധാന്തങ്ങളെവിടെ? സനാതനധർമ്മത്തെ ക്ഷയിപ്പിക്കാൻ കാരണമായ ഇതുപോലെയുള്ള പല അപഭ്രംശങ്ങളെയും 'അർജ്ജുനവിഷാദത്തി'ലൂടെ ഗീതയിൽ അവതരിപ്പിച്ചു, ആ തെറ്റായ ധാരണകൾക്കുള്ള ശരിയുത്തരം ഈശ്വരനായ കൃഷ്ണനെക്കൊണ്ട്‌ പറയിച്ചു, അതിലൂടെ സനാതനധർമ്മത്തിൽ പറ്റിപ്പിടിച്ച അഴുക്കുകളെ നീക്കി, ഹൈന്ദവധർമ്മത്തെ തിരികെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുക എന്നത് ഇതിഹാസ (ഗീത) രചനയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു എന്നതിനുള്ള തെളിവുകളാണ് ഇവിടെ പരാമർശിച്ച ശ്ലോകങ്ങളെന്നു ന്യായമായും കണക്കാക്കാം.

യുദ്ധമുണ്ടായാൽ സ്വദേശികളും പരദേശികളുമായ പല ജാതിക്കാരും കുലസ്ത്രീകളെ അടിമപ്പെടുത്തും. ഈ 'കുലസ്ത്രീ' പ്രയോഗം ചില പ്രത്യേക ജാതിയിലുള്ളവരുടെ കുലങ്ങളെ ഉദ്ദേശിച്ചാണെന്നിനി പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ? ഇങ്ങനെ സ്ത്രീകൾ ദുഷിച്ചാൽ വർണ്ണസങ്കരം ഉണ്ടാകുമെന്നാണ് അർജ്ജുനൻ പറയുന്നത്. വർണ്ണസങ്കരത്തെ, ജാതിമിശ്രം എന്നാണ് അർജ്ജുനൻ പറയുന്നതെങ്കിലും സനാതനമതസംസ്കാരത്തിലെ 'വർണ്ണ'ത്തിന്റെ ശരിയായ അർഥം അതല്ല. ഒരു സമൂഹത്തിലെ ആളുകളെ, അവരുടെ പ്രകൃത്യായുള്ള ഗുണങ്ങളുടെയും കഴിവുകളുടെയും അടിസ്ഥാനത്തിൽ വേർതിരിച്ചു കർമ്മരംഗത്തു വിന്യസിക്കുന്നതിലൂടെ സമൂഹത്തിനു കൈവരാവുന്ന പരമാവധി ഉൽപ്പാദനക്ഷമതയെയാണ് (productivity) 'ചാതുർവർണ്യം' എന്ന മഹനീയ ആശയത്തിൽ കൂടി നമ്മുടെ പൂർവികർ മുന്നോട്ടുവച്ചത്;  അല്ലാതെ അർജ്ജുനനും നമുക്കും പരിചിതമായ ജന്മാധിഷ്ഠിതമായ ജാതിവ്യവസ്ഥ എന്ന സാമൂഹിക പ്രശ്നമല്ല  (ഇനി വരും അദ്ധ്യായങ്ങളിൽ ചാതുർവർണ്ണ്യത്തെക്കുറിച്ചു ഭഗവാൻ പറയുന്നുണ്ട്. ഈ വിഷയം അവിടെ വിശദമായി ചർച്ച ചെയ്യാം). യുദ്ധം മൂലം സ്ത്രീകൾ ദുഷിക്കുമ്പോൾ ജാതിവ്യവസ്ഥ തകർക്കപ്പെടുകയും അങ്ങിനെ അനഭിലഷണീയമായ ജാതിക്കലർപ്പുകൾ സംഭവിക്കുമെന്നുമാണ് അർജ്ജുനൻ  ചിന്തിക്കുന്നത്. അർജ്ജുനന്റെ ഈ വികലമായ 'വർണ്ണ'ചിന്തക്കുള്ള മറുപടി വരും അദ്ധ്യായങ്ങളിൽ കൃഷ്ണൻ പറയുന്നുണ്ട്. അർജ്ജുനൻ ചിന്തിക്കുന്ന പോലെ യുദ്ധം കൊണ്ടു ജാതിക്കലർപ്പുണ്ടായി, അതിന്റെ പേരിൽ സമൂഹം അധർമ്മത്തിൽ ആണ്ടുപോകും എന്നൊക്കെ  ചിന്തിക്കുന്നതിനേക്കാളും നന്ന്, നിലവിലുള്ള അധാർമ്മികമായ സാമൂഹ്യവ്യവസ്ഥയെ ഉടച്ചു വാർത്ത് അതിന്റെ സ്ഥാനത്തു പുരോഗനോന്മുഖമായ ധാർമ്മികവ്യവസ്ഥയെ യുദ്ധം പ്രതിഷ്ഠിക്കുമെന്ന് ആശിക്കുകയും അതിനായി പ്രവർത്തിക്കുകയുമല്ലേ യോദ്ധാവിന് അഭികാമ്യം?  ധർമ്മയുദ്ധം ചെയ്യാൻ വന്ന അർജ്ജുനൻ അങ്ങിനെയല്ലേ ചിന്തിക്കേണ്ടത്? യോദ്ധാവിനു തത്വം പ്രസംഗിക്കാനുള്ള സ്ഥലമല്ല യുദ്ധഭൂമി; പ്രവർത്തിക്കാനുള്ള സ്ഥലമാണ്. യുദ്ധം ചെയ്യുക എന്നതാണ് യോദ്ധാവിന്റെ ധർമ്മം. അതു നിർവഹിക്കാതെ, വികലമായ ശാസ്ത്രങ്ങളെ ഉദ്ധരിച്ചു, അതിൽ ന്യായീകരണം കണ്ടെത്തി, യുദ്ധത്തിൽ നിന്നും പിന്തിരിയണമെന്നു ചിന്തിക്കുന്ന അർജ്ജുനൻറെ ഭീരുത്വമാണ് യഥാർത്ഥത്തിൽ ഇവിടുത്തെ അധാർമ്മികത! ഇതൊക്കെ കൃഷ്ണനറിയാമെങ്കിലും, അർജ്ജുനൻ പറഞ്ഞു തീരാനായി, അദ്ദേഹം ഒരക്ഷരം ഉരിയാടാതെ നിൽക്കയാണ്.

യുദ്ധം ചെയ്യാതിരിക്കാനുള്ള മാർഗ്ഗം തേടലിന്റെ ഭാഗമായിട്ടാണ് ധർമ്മശാസ്ത്രചിന്തകളെ അർജ്ജുനൻ ഉപയോഗിക്കുന്നതെങ്കിലും വികലവും അശാസ്ത്രീയവുമായ മതചിന്തകൾ അർജ്ജുനൻറെ വ്യക്തിത്വത്തിൽ (നമ്മുടെയും) എത്രമാത്രം ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്നതു നാം കാണേണ്ടതുണ്ട്. യുദ്ധഭൂമിയിൽ ഊർജ്വസ്വലനായി പ്രവൃത്തിക്കേണ്ട ഒരു ലോകോത്തര ക്ഷത്രിയയോദ്ധാവിനെ കർമ്മവിമുഖനാക്കാൻ പോന്നതായിരിക്കുന്നു നരകഭയം പോലെയുള്ള  മതചിന്തകൾ! അപ്പോൾ നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? 'ഒരു പൂച്ച വാഹനത്തിനു കുറുകെ ചാടിയാൽ അന്നത്തെ ദിവസം പോക്കായി' എന്നു പറഞ്ഞു വീട്ടിലിരിക്കുന്ന എത്രയോ അന്ധവിശ്വാസികൾ നമുക്കിടയിലുണ്ട്? കണ്മുൻപിൽ കാണുന്നതിനെപ്പോലും വിശ്വസിക്കാൻ മടിക്കുന്ന മനുഷ്യർ, ഇന്നുവരെ ആരും കണ്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ, വിദൂരതയിലെവിടെയോ ഉണ്ടെന്നു മതം പറയുന്ന, സ്വർഗ്ഗ-നരക ഭാവനകളെ  സത്യമെന്നു കരുതി കണ്ണുമടച്ചു വിശ്വസിച്ചു, എന്തൊക്കെയാണിവിടെ കാട്ടിക്കൂട്ടുന്നത്? മനുഷ്യരുണ്ടാക്കിയ മതഭാവനകളുടെ ശരിതെറ്റുകൾ  ആരെങ്കിലും നമുക്കു പറഞ്ഞു മനസ്സിലാക്കിത്തരേണ്ടേ? ആ കർമ്മമാണ്‌ കൃഷ്ണനിലൂടെ ഗീതാകാരൻ ഭഗവത് ഗീതയിൽ നിർവഹിക്കുന്നത്. അത് സശ്രദ്ധം കേൾക്കാനും മനസ്സിലേക്ക് ആവാഹിക്കാനും ശ്രമിച്ചാൽ ഈ സ്വർഗ്ഗ-നരകങ്ങളൊക്കെ നമ്മുടെ മനസ്സിൽ തന്നെയാണുള്ളതെന്നും സ്വർഗ്ഗപ്രാപ്തിക്കു വേണ്ടി മനുഷ്യർ നോക്കേണ്ടത് വെളിയിലേക്കല്ല, ഉള്ളിലേക്കാണ് എന്നതും നമുക്കു ശരിക്കും ബോദ്ധ്യമാകും.

'അർജ്ജുനവിഷാദത്തി'ന്റെ  മതചിന്തകളെക്കുറിച്ചിനിയും അൽപ്പം കൂടി ചർച്ച ചെയ്യേണ്ടതുണ്ട്, അടുത്തയാഴ്ചയാകട്ടെ.  

Friday, October 14, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 5

കുരുക്ഷേത്രയുദ്ധഭൂമിയിൽ ശാരീരികമായും മാനസികമായും തളർന്നു യുദ്ധം ചെയ്യാൻ മടി കാണിക്കുന്ന അർജ്ജുനൻ, അതിനായി നിരത്തുന്ന കാരണങ്ങളിൽ ആദ്യത്തേതായ 'ബന്ധുമിത്രാദികളോടുള്ള സ്നേഹം' നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞു. താൻ ആർജ്ജിച്ച 'മതപരമായ സംസ്കാരം' യുദ്ധം ചെയ്യുന്നതിൽ നിന്നും തന്നെ പിൻതിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെങ്ങിനെയാണെന്നാണ്‌ ഇനി അർജ്ജുനൻ പറയാൻ പോകുന്നത്. നമുക്കതൊക്കെ ഒന്നു കേൾക്കാം.  ഇതെല്ലാം തന്നെ കടുത്ത നിരാശാബോധത്തിൽപ്പെട്ടുഴലുന്ന അർജ്ജുനന്റെ യുക്തിരഹിതമായ വാക്കുകളാണെന്നു കഴിഞ്ഞ ഭാഗങ്ങളിൽ വിശദമാക്കിയിട്ടുള്ളതാണ്.

അർജ്ജുനൻ തുടരുകയാണ്.

നിഹത്യ ധാർതരാഷ്ട്രാന്ന: കാപ്രീതി: സ്യജനാർദ്ദന
പാപമേവാശ്രയേദാസ്മാൻ ഹത്വയിതാനതതായിനാ (ശ്ലോകം: 36)

(ഹേ, ജനാർദ്ദനാ, ധൃതരാഷ്ട്രപുത്രന്മാരെ കൊന്നിട്ട് നമുക്ക് എന്ത് സന്തോഷമുണ്ടാവാനാണ്? ആതതായികളായ ഇവരെ  കൊന്നാൽ പാപം മാത്രമായിരിക്കും നമുക്ക് ഫലം).

തസ്മാന്നാർഹാ വയം ഹന്തും ധാർതരാഷ്ട്രാൻ സ്വബാന്ധവാൻ
സ്വജനം ഹി കഥം ഹത്വ സുഖിനഃ സ്യാമ മാധവ  (ശ്ലോകം: 37)

(അതുകൊണ്ട്, ഹേ മാധവാ, സ്വബന്ധുക്കളായ ധൃതരാഷ്ട്രപുത്രന്മാരെ ഞങ്ങൾ കൊല്ലാൻ പാടില്ല. ബന്ധുക്കളെ കൊന്നിട്ട് എങ്ങിനെയാണ് സുഖമായിരിക്കുക?)

ആശകൊണ്ടു വിവേകശൂന്യമായ മനസ്സോടുകൂടിയ ദുര്യോധനാദികൾ കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷത്തെയും ബന്ധുദ്രോഹത്താലുള്ള പാപത്തെയും അറിയുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷത്തെ അറിയുന്ന ഞങ്ങൾ ഈ പാപത്തിൽ നിന്നും പിന്തിരിയണമെന്ന്, ഹേ  ജനാർദ്ദനാ, എങ്ങിനെ ആലോചിക്കാതിരിക്കും? (ശ്ലോകം: 38 & 39)

കുലം നശിക്കുമ്പോൾ സനാതനങ്ങളായ കുലധർമ്മങ്ങൾ നശിക്കുന്നു. ധർമ്മം നശിക്കുമ്പോൾ കുലത്തെ മുഴുവൻ അധർമ്മം ബാധിക്കുന്നു (ശ്ലോകം: 40)

ഇതേ വിധത്തിൽ പാപപുണ്യം, കുലക്ഷയം, ധർമ്മാധർമ്മം, സ്വർഗ്ഗനരകം തുടങ്ങിയ മതചിന്തകളെ ആടിസ്ഥാനമാക്കിയുള്ള അർജ്ജുന പരിദേവനങ്ങൾ ചിലതു കൂടി ഗീതയുടെ ഈ ഒന്നാം അദ്ധ്യായത്തിലുണ്ട്. മുകളിൽ പരാമർശിച്ച ശ്ലോകങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാം.

ശ്ലോകങ്ങളിലെ 'ജനാർദ്ദനാ' എന്ന സംബോധന പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ പദത്തിന്റെ അർത്ഥം 'ജനങ്ങളുടെ രക്ഷകൻ' എന്നാണ്‌. ഈ വിശേഷ നാമത്തിലൂടെ അഭിസംബോധന ചെയ്യുന്നതിലൂടെ, ദുര്യോധനാദികളുടെ വധം തെറ്റാണെന്നു പറയുന്ന തന്റെ നിലപാടിന്  'ജനരക്ഷക'നായ കൃഷ്ണന്റെ ഒത്താശ കിട്ടുമെന്നാണ് അർജ്ജുനന്റെ കണക്കുകൂട്ടൽ. രക്ഷകൻ ശിക്ഷ ഉപദേശിക്കരുതല്ലോ?  


ധൃതരാഷ്ട്രപുത്രന്മാർ ആതതായികളാണെങ്കിലും അവരെ കൊന്നാൽ പാപമുണ്ടാകുമെന്നാണ്‌ അർജ്ജുനൻ പറയുന്നത്. അതതായികളെന്നാൽ കൊടും പാതകികൾ, വധാർഹർ എന്നൊക്കെയർത്ഥം. ''അഗ്നിദോഗരദശ്ചയ്വ ശാസ്ത്രപാണിർധനാപഹ: ക്ഷേത്രദാരാ ച ഷഡേതേ ആതതായിന:'' എന്നാണു സ്മൃതിവചനം. അതായത്, വീടിനു തീ വയ്ക്കുന്നവൻ, വിഷം കൊടുക്കുന്നവൻ, ആയുധമേന്തി വധിക്കാൻ വരുന്നവൻ, ധനം അപഹരിക്കുന്നവൻ, സ്വത്തിന്റെ യഥാർത്ഥ അവകാശിയെ ദ്രോഹിച്ചു സ്വത്തു കൈവശമാക്കുന്നവൻ, സ്ത്രീയെ അപഹരിക്കുന്നവൻ, ഈ ആറുപേരും ആതതായികളാകുന്നു. 'ഈ കൊടും കുറ്റങ്ങൾ ചെയ്യുന്നവരെ കണ്ടാൽ ഒരു മടിയും കൂടാതെ വധിക്കണം, ഇവരെ കൊല്ലുന്നവർക്ക് പാപം ഏൽക്കയില്ല' (ആതതായിനമായാന്തം ഹന്യാദേ വിചാരയാൻ നാത വധേ ദോഷോ ഹന്തുഭവതി കശ്ചന) എന്നാണു സ്‌മൃതിശാസനം. ദുര്യോധനാദികൾ ഈ കുറ്റങ്ങളൊക്കെ ചെയ്തിട്ടുള്ളവരാകയാൽ അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണ്. പക്ഷേ, യുദ്ധം ചെയ്യാതിരിക്കാനുള്ള ന്യായീകരണത്തിനായി പുണ്യപാപം, കുലക്ഷയം തുടങ്ങിയ ധർമ്മശാസ്ത്ര ശാസനങ്ങളെ കൂട്ടു പിടിക്കുന്ന അർജ്ജുനൻ, അതേ ധർമ്മശാസ്ത്രങ്ങൾ തന്നെ വധാർഹമായി കാണുന്ന ദുഷ്ക്കർമ്മങ്ങൾ ചെയ്തിട്ടുള്ള ദുര്യോധനാദികളെ വധിക്കാൻ മടികാണിക്കയാണ്. അതിനു പറയുന്ന ന്യായമോ? അവരെ വധിച്ചാൽ പാപമാകുമത്രേ!

എന്താണീ പാപം? നമ്മൾ ആരെയെങ്കിലും - ഒരു തീവ്രവാദിയെ തന്നെയാണെന്നിരിക്കട്ടെ - കൊലപ്പെടുത്തിയാൽ അതു വലിയ കുറ്റമാണ്, പാപമാണ്. നമുക്കു ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണത്. ഇക്കർമ്മം തന്നെ അതിനു നിയുക്തനായ ഒരു പട്ടാളക്കാരൻ ചെയ്തെന്നിരിക്കട്ടെ; അത് അഭിനന്ദനീയമായ കർമ്മമാണ്‌. ഭരണകൂടം ആ പുണ്യകർമ്മത്തിൻറെ പേരിൽ അദ്ദേഹത്തെ ആദരിക്കും. വെറുതെ ഒരു പുലിയെ കൊന്നാൽ കുറ്റമാണ്, ജീവരക്ഷാർത്ഥം അതു ചെയ്‌താൽ കുറ്റമല്ല. 'ഒരു കർഷകന്റെ വിളകളെ വെട്ടുകിളി നശിപ്പിക്കുകയാണെങ്കിൽ ആ വിളകളെ രക്ഷിക്കാനായി വെട്ടുകിളികളെ നശിപ്പിക്കാനായിരിക്കും ഞാനാദ്യം നിർദ്ദേശിക്കുക' എന്ന് അഹിംസാവാദിയായ മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത് ഇത്തരുണത്തിൽ പ്രസക്തമാണ്. അതായത്, പുണ്യപാപങ്ങൾ നിർണ്ണയിക്കുന്നത് കർമ്മമല്ല; മറിച്ചു സമൂഹത്തിന്റെ നടത്തിപ്പിനായി നാം സൃഷ്ട്ടിക്കുന്ന നിയമങ്ങൾ ആ കർമ്മത്തെ എങ്ങനെ കാണുന്നു എന്നതാണെന്നർത്ഥം. അതുകൊണ്ടു തന്നെ ഒരിടത്തു പുണ്യമാകുന്ന കർമ്മം മറ്റൊരിടത്തു പാപമാകുന്നു. അങ്ങിനെ തികച്ചും ആപേക്ഷികമായ ഒരു കാര്യത്തെ (പാപം) കൂട്ടുപിടിച്ചാണ്, ധർമ്മശാസ്ത്രങ്ങളുടെ സമ്മതം ഉണ്ടായിട്ടു കൂടി, ധാർമ്മികമായി താൻ ചെയ്യാൻ ബാധ്യസ്ഥമായ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ അർജ്ജുനൻ ശ്രമിക്കുന്നത്.

ശ്ലോകം 37 ലെ 'തസ്മാത്' എന്നാൽ 'therefore' അല്ലെങ്കിൽ 'ആകയാൽ' എന്നർത്ഥം. ഒരു വിഷയത്തെ കാര്യകാരണ സഹിതം ചർച്ചചെയ്തുറപ്പിച്ചശേഷം അതിനെ ഉപസംഹരിക്കുമ്പോഴാണ് ഇങ്ങനെയൊരു ഭാഷാപ്രയോഗം നടത്താറുള്ളത്. ചർച്ച ചെയ്യുന്ന വിഷയത്തെ യുക്തിപരമായും ശാസ്ത്രീയമായും വിശകലനം ചെയ്തുറപ്പിച്ച ശേഷം ശ്രീകൃഷ്ണൻ ഇങ്ങനെ ഉപസംഹരിക്കുന്നതു ഗീതയിലെ ചില ശ്ലോകങ്ങളിൽകാണാം. പക്ഷേ അർജ്ജുനൻ ഇപ്പോൾ പറയുന്നതിന് യുക്തിയുടെയോ ശാസ്ത്രത്തിന്റെയോ പിന്തുണയൊന്നുമില്ല. പക്ഷേ, ദുര്യോധനാദികളെ വധിക്കുന്നത് തെറ്റാണെന്നു താൻ കാര്യകാരണസഹിതം കൃഷ്ണനെ ബോധ്യപ്പെടുത്തിയെന്നാണ് അർജ്ജുനന്റെ ചിന്ത. ആ സ്ഥിതിക്ക്, അവരെ കൊല്ലാൻ പാടില്ല എന്ന് അർജ്ജുനൻ അങ്ങുപസംഹരിക്കയാണ്. മുന്നിൽ കാണുന്ന വെല്ലുവിളിയെ നേരിടാൻ ധൈര്യമില്ലാതെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി പറയുന്ന യുക്തിക്കു നിരക്കാത്ത അബദ്ധപഞ്ചാംഗങ്ങളെല്ലാം വലിയ ശാസ്ത്രസത്യങ്ങളാണെന്നാണ് അർജ്ജുനൻറെ ചിന്ത. ഈ ശാസ്ത്രസത്യങ്ങളൊക്കെ കേട്ട് യുദ്ധത്തിൽ നിന്നും പിന്തിരിയാൻ 'ജനാർദ്ദന'നായ കൃഷ്ണൻ സമ്മതിക്കണം. അത്രമാത്രം! തന്റെ ഗുരുസ്ഥാനീയനായ കൃഷ്ണനോടാണ് ഈ വിവരദോഷമെല്ലാം വിളമ്പുന്നതെന്നു ചിന്തിക്കാൻ മാനസികമായി തകർന്ന അർജ്ജുനനു കഴിയുന്നില്ല എന്നതാണ്‌ കാര്യം.

ചിലരിങ്ങനെയാണ്. പറയുന്നതു ശുദ്ധ വിവരദോഷമാണെങ്കിലും താൻ പറഞ്ഞതാണ് ശരിയെന്നു പറഞ്ഞു മസിലു പിടിച്ചങ്ങു നിൽക്കും. അജ്ഞാനത്തിന്റെയും അഹംഭാവത്തിന്റെയും അമിതമായ ആത്മവിശ്വാസത്തിന്റെയും നിലവാരം കൂട്ടുന്നതിനനുസരിച്ചു പിടിയുടെ ശക്തി കൂടും. ചെറിയൊരുദാഹരണം  പറയാം. ശാസ്ത്രഗവേഷണങ്ങളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ, നമുക്ക് നൂറു ശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രം പറയാം, therefore, it has been concluded that......നൂറു ശതമാനം ഉറപ്പില്ലാത്ത ഒരു കാര്യമാണെങ്കിൽ ആ ഭാഷാപ്രയോഗത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകിയിരിക്കണം. അങ്ങിനെയൊരു സാഹചര്യത്തിൽ പറയേണ്ടത്, therefore it is highly likely that ......, therefore, it may probably imply that ....... എന്നിങ്ങനെയൊക്കെയാണ്. എന്റെ കൂടെ Ph.D എടുത്ത മിടുക്കനായ ഒരു വിദ്യാർത്ഥി; ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ എഴുതുമ്പോൾ അദ്ദേഹത്തിന്റെ ഭാഷ തികച്ചും അസന്ദിഗ്‌ദ്ധമായിരിക്കും. പറയുന്ന കാര്യത്തെക്കുറിച്ചു ഒരുറപ്പും ഇല്ലെങ്കിലും എന്റെ സുഹ്രുത്തെഴുതും, therefore, it has been proved beyond any doubt and hence concluded with absolute clarity that ......ഞാനെത്ര പറഞ്ഞാലും പുള്ളിക്കാരനു മനസ്സിലാകില്ല, താൻ ചിന്തിച്ചതാണ് ആ വിഷയത്തിന്റെ അവസാനവാക്കെന്ന് പറഞ്ഞു പിടിച്ചങ്ങു നിൽക്കും. ഇദ്ദേഹത്തിനു ബോധമുണ്ടാക്കി ശരിയായ ഭാഷയിലെഴുതിക്കാൻ എനിക്ക് നന്നേ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. എന്റെ യുവസുഹൃത്തിൻറെയും അർജ്ജുനന്റെയും പെരുമാറ്റം ഏതാണ്ട് ഒരുപോലെയാണ്; കാരണങ്ങൾ വേറെയാണെന്നേയുള്ളൂ.

അഹംഭാവമാകുന്ന മായയാൽ മിടുക്കനായ ശിഷ്യന്റെ ബോധം മറഞ്ഞു നിൽക്കുമ്പോൾ, ആ അഹംഭാവത്തെ നീക്കി ശിഷ്യനെ പൂർവാധികം ഊർജ്ജസ്വലനാക്കി കർമ്മപഥത്തിലേക്കു തിരിച്ചു വിടുകയാണ് യഥാർത്ഥ ഗുരു ചെയ്യുന്നത്‌. കുരുക്ഷേത്രഭൂമിയിൽ കൃഷ്ണൻ ചെയ്യുന്നതിതാണ്. നമ്മുടെ മനസ്സുകളിൽ ദിവസേന നടക്കുന്ന ധർമ്മാധർമ്മയുദ്ധങ്ങളിലും ഈ കർമ്മം നിർവഹിക്കാൻ ബോധമാകുന്ന കൃഷ്ണൻ സദാ സന്നദ്ധനാണ്. ആരാണോ ആത്മാർത്ഥമായി ആ സഹായം തേടുന്നത്, അവർക്കു മാത്രമേ അതു കിട്ടുകയുള്ളൂ എന്നു മാത്രം.

മതപരമായ ചിന്തകൾ അർജ്ജുനവിഷാദത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന ഗൗരവപരമായ വിഷയത്തിലേക്കു ഇനിയും നമുക്കു പോകേണ്ടതുണ്ട്. മഹാഭാരതരചന നടക്കുന്ന കാലത്തെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചുള്ള അറിവ്, ഈ വിഷയത്തെ നന്നായി മനസ്സിലാക്കുന്നതിനു സഹായിക്കും. ഈ ചരിത്ര പശ്ചാത്തലത്തിന്റെ ഒരു ഏകദേശ രൂപം ഈ പരമ്പരയുടെ ആമുഖത്തിൽ നൽകിയിട്ടുണ്ട്. മഹനീയമായ സനാതനമത ദർശനങ്ങളിൽ അധികാരിവർഗ്ഗങ്ങൾ നടത്തിയ അനാരോഗ്യമായ ഇടപെടലുകൾ കാരണം മതം ദുഷിക്കുകയും, ജനങ്ങൾ ഈ മതത്തിൽ നിന്നും അകന്നു പോകുകയും ചെയ്‌ത അക്കാലഘട്ടത്തിൽ, സനാതനധർമ്മാശയങ്ങളിൽ പറ്റിയ മാലിന്യങ്ങളെ തുടച്ചു മാറ്റി അതിനെ തിരികെ ജനമനസ്സുകളിൽ പ്രതിഷ്ഠിക്കാനുദ്ദേശിച്ചു വ്യാസനും വാത്മീകിയും നടത്തിയ യത്നങ്ങളിലെ പ്രകടനപത്രികകളാണ് ഇതിഹാസങ്ങൾ എന്ന്‌ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആശയപരമായും സാമൂഹികപരമായും മറ്റും ധാരാളം വൈരുദ്ധ്യങ്ങൾ അക്കാലത്തു നിലനിന്നിരുന്നു. സനാതനമെന്നു ഇന്നു നമ്മൾ വിശ്വസിക്കുന്ന ഹൈന്ദവദർശനങ്ങൾ പോലും ചോദ്യം ചെയ്യപ്പെട്ട കാലം. ഈശ്വരാനുണ്ടെന്നു ഒരുപക്ഷം വാദിക്കുമ്പോൾ അങ്ങിനെയൊരു ചിന്തയേ അബദ്ധമെന്നു മറ്റൊരു കൂട്ടർ. യാഗങ്ങളും യജ്ഞങ്ങളുമാണ് ഈശ്വരാനുഗ്രഹത്തിനു വേണ്ടതെന്ന് സമ്പന്നതയിൽ തത്പരരായ വൈദികസമൂഹത്തിലെ ഒരു കൂട്ടർ വാദിച്ചപ്പോൾ  സ്വാർത്ഥതയുടെ കറയും തൽഫലമായുണ്ടാകുന്ന പാപവും ഫലമാകുന്ന അമ്മാതിരി കർമ്മങ്ങൾ ഉപേക്ഷിച്ചു സർവ്വസംഗപരിത്യാഗിയായി വനാന്തരങ്ങളിൽ സന്യാസജീവിതം നയിക്കയാണ് മോക്ഷമാർഗ്ഗം എന്ന് മറ്റൊരു കൂട്ടർ. ഇങ്ങനെയുള്ള പലവിധ വൈരുദ്ധ്യചിന്തകളാൽ വിഘടിച്ചു നിന്ന ഹൈന്ദവസമൂഹത്തിൽ സമന്വയത്തിന്റെ പുതൊയൊരു പാത വെട്ടിത്തെളിക്കുക എന്ന പുണ്യകർമ്മമാണ് ഭഗവത് ഗീതയിലൂടെ ഗീതാകാരൻ ചെയ്തത്. അന്നുവരെ നിലനിനിന്ന എല്ലാ ആർഷഭാരത ചിന്താധാരകളുടെയും നല്ല വശങ്ങളെ തിരഞ്ഞെടുത്തു, അത് തന്റെ ധിഷണയിലൂടെ ഊതിക്കാച്ചി പൊന്നാക്കിയും അതേസമയം  അനാവശ്യവും സമൂഹത്തിനു ഗുണകരമല്ലാത്തതുമായ ആശയങ്ങളെ നിരാകരിച്ചും ആണ് വ്യാസമഹർഹി ഈ വിശ്വോത്തര ആത്മീയഗ്രന്ഥം രചിച്ചിട്ടുള്ളത്. ഇനി ചർച്ച ചെയ്യാൻ പോകുന്ന ഗീതാ ഭാഗങ്ങളിൽ പലയിടങ്ങളിലും ഇപ്പറഞ്ഞ ചരിത്രപശ്ചാത്തലം ശരിയ്ക്കും പ്രതിഫലിക്കുന്നതു കാണാം. ഈ ചരിത്രപശ്ചാത്തലത്തിൽ തത്പരരായുള്ളവർ ഈ പരമ്പരയുടെ ആമുഖഭാഗങ്ങൾ  ബ്ലോഗിൽ കൊടുത്തിട്ടുള്ളത് വായിക്കുന്നത് നന്നായിരിക്കും.

ശരി, നമുക്കിനി അടുത്തയാഴ്ച കാണാം.

Friday, October 7, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 4

കുരുക്ഷേത്ര യുദ്ധഭൂമിയിൽ ബന്ധുജനങ്ങളെ കണ്ട മാത്രയിൽ ധൈര്യം ചോർന്നുപോയി 'കൃപാവിഷ്ട'നായ  അർജ്ജുനനൻ, കൃഷ്ണന്റെ മുൻപിൽ നടത്തുന്ന വിലാപമാണല്ലോ നമ്മൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. പൊടുന്നനെയുള്ള അർജ്ജുനന്റെ ഭാവപ്പകർച്ചക്കു കാരണം തന്റെ ബന്ധുമിത്രാദികളുടെ  സർവ്വനാശം അനിവാര്യമാക്കുന്ന യുദ്ധം ഇപ്പോൾ നടക്കാൻ പോകുന്നു എന്ന തിരിച്ചറിവാണെന്നും യുദ്ധത്തോടുള്ള ഭയം ആകാൻ സാദ്ധ്യതയില്ലെന്നും കഴിഞ്ഞഭാഗത്തിൽ എഴുതിയിരുന്നു. ഈ ഭാഗത്തെ കുറച്ചുകൂടി ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ മറ്റു ഘടകങ്ങളോടൊപ്പം തന്നെ പരാജയഭയവും അർജ്ജുനന്റെ ഭാവപ്പകർച്ചക്കു കാരണമായിത്തീർന്നിട്ടുണ്ടെന്നു ചിന്തിക്കാവുന്നതാണ്. അർജ്ജുനന്റെ ശാരീരികാസ്വാസ്ഥ്യങ്ങളും തുടർന്നുവരുന്ന മനോനില തെറ്റിയ പോലെയുള്ള പെരുമാറ്റങ്ങളും കാണുമ്പോൾ, ബന്ധുമിത്രാദികളോടുള്ള മമത എന്നതിലുപരിയായി, അതിലും ശക്തമായ ഒരു ഘടകം അർജ്ജുനന്റെ വ്യക്തിത്വത്തെത്തന്നെ പിടിച്ചു കുലുക്കി വിഷാദചിന്തകളെ ജനിപ്പിക്കാൻ കാരണമായിട്ടുണ്ട് എന്നു മനസ്സിലാക്കാം.അതെങ്ങിനെയാകാം എന്നു നോക്കാം.

നിരവധി യുദ്ധങ്ങൾ ജയിച്ച 'വിജയനാ'ണ് താനെങ്കിലും ഭീക്ഷ്മർ, ദ്രോണർ തുടങ്ങിയ മഹാതേജസ്‌വികളോടാണിന്നു താൻ യുദ്ധം ചെയ്യേണ്ടതെന്നു മനസ്സിലാക്കിയ അർജ്ജുനന്റെ മനസ്സ് സ്വാഭാവികമായും ഒന്നു പിടഞ്ഞു കാണണം. ഇന്നുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത താനിവിടെ പരാജയപ്പെടുമോ എന്ന ഭയം  അർജ്ജുനനിൽ ജനിച്ചിരിക്കാം. കഴിവുകൾ ഏറെയുള്ള അർജ്ജുനന്റെ ഒരു കുറവ്, അഹംഭാവമാണെന്ന്  നേരത്തെ പറഞ്ഞല്ലോ? ഇപ്പോൾ ഉളവായിരിക്കുന്ന ഈ ഭയാശങ്ക, അർജ്ജുനന്റെ അഹംഭാവത്തിനേൽക്കുന്ന ശക്തമായ അടിയാണ്. അതു സമ്മതിക്കാൻ മടിക്കുന്ന അഹംബോധം, 'കൃപ (pity)' യായി അർജ്ജുനനിൽ രൂപാന്തരം പ്രാപിക്കുകയാണ്. ബന്ധുമിത്രാദികളോടുള്ള.സ്നേഹപാശമാണ് അർജ്ജുനനെ വരിഞ്ഞുകെട്ടി വിഷാദത്തിലാഴ്ത്തുന്നതെന്നാർക്കും ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും അദ്ദേഹത്തിൻറെ അഹംഭാവത്തിനേറ്റ അടി തന്നെയാണ് വിഷാദത്തിന്റെ ജനനത്തിനു കാരണമെന്ന് സൂക്ഷ്മപഠനത്തിൽ മനസ്സിലാക്കാവുന്നതാണ്. 'ഞാൻ പല ദുർനിമിത്തങ്ങളും കാണുന്നു (ശ്ലോകം 31)' എന്നും മറ്റും പറയുന്നതു കാണിക്കുന്നത്, ആകെത്തകർന്ന അർജ്ജുനന്റെ മനോനിലയെയാണ്. 'താൻ സമീക്ഷ്യ സ കൗന്തേയഃ സർവ്വാൻ ബന്ധൂനവസ്ഥിതാൻ (ശ്ലോകം: 27)' എന്ന ശ്ലോകത്തിലെ 'കൗന്തേയ' (കുന്തീപുത്രാ) എന്ന സംബോധന തന്നെ കാണിക്കുന്നത്,അർജ്ജുനന്റെ പെരുമാറ്റം ഒരു കുട്ടിയുടേതുപോലെയാണ്, വില്ലാളി വീരനായ അർജ്ജുനന്റേതു പോലെയല്ല എന്നാണ്. ഗീതാകാരൻ മറ്റു ഭാഗങ്ങളിൽ  അർജ്ജുനനെ 'മഹാബാഹോ (mighty armed), പരന്തപ (scorcher of enemies) തുടങ്ങിയ വിശേഷനാമങ്ങളിലാണ് സംബോധന ചെയ്യുന്നതെന്നു കാണുമ്പോൾ, ഇവിടെ 'കൗന്തേയാ' എന്നു സംബോധനചെയ്യുന്നതിൽ മേൽപ്പറഞ്ഞ വിധത്തിലുള്ള ഒരർത്ഥം ചിന്തിക്കാവുന്നതേയുള്ളൂ.

ചർച്ചയുടെ പൂർണ്ണതക്കു വേണ്ടി, കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ച ചില ശ്ലോകങ്ങളെ ഒന്നു കൂടി വിസ്തരിക്കേണ്ടിയിരിക്കുന്നു.

"സ്വജനങ്ങളെ കൊന്നിട്ട് ഒരു ശുഭഫലത്തെയും ഞാൻ കാണുന്നില്ല. ഹേ, കൃഷ്ണ, ജയത്തെയോ രാജ്യത്തെയോ സുഖത്തെയോ ഞാനിച്ഛിക്കുന്നില്ല. ഹേ, ഗോവിന്ദ, ഞങ്ങൾക്ക് രാജ്യം കൊണ്ടാവട്ടെ, ഭോഗങ്ങൾ കൊണ്ടാവട്ടെ, ജീവിതം കൊണ്ടുതന്നെയാവട്ടെ  എന്തൊരു പ്രയോജനമാണുള്ളത്?" (ശ്ലോകം: 32).

"ആർക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും ഞങ്ങൾ ആഗ്രഹിച്ചത്, ആ ആചാര്യന്മാരും പിതുക്കളും പുത്രന്മാരും അതുപോലെ മുത്തച്ഛന്മാരും അമ്മാവന്മാരും ശ്വശുരന്മാരും പൗത്രന്മാരും ഭാര്യാസഹോദരന്മാരും അപ്രകാരം ബന്ധുക്കൾ ഇവരെല്ലാവരും പ്രാണനെയും ധനത്തെയും ഉപേക്ഷിച്ചു യുദ്ധക്കളത്തിൽ നിൽക്കുന്നു"(ശ്ലോകം: 33 & 34).

"ഹേ, മധുസൂദനാ, എന്നെക്കൊന്നാൽപ്പോലും മൂന്നുലോകത്തിന്റെയും അധിപത്യത്തിനു വേണ്ടിപ്പോലും ഇവരെ കൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു വേണ്ടി?" (ശ്ലോകം: 35)


ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്നുള്ള അർജ്ജുനവിഷാദം വർണ്ണിക്കുന്നത് 32 മുതൽ 45 വരെയുള്ള ശ്ലോകങ്ങളിലാണ്. അതിൽ തന്നെ 32  മുതൽ 35 വരെയുള്ള ശ്ലോകങ്ങളെ ഒരു ഗ്രൂപ്പിലും ബാക്കിയുള്ളവയെ മറ്റൊരു ഗ്രൂപ്പിലും പെടുത്താം എന്നു തോന്നുന്നു. തന്റെ ബന്ധുമിത്രാദികളോടുള്ള മമതാബന്ധം കൊണ്ട് അവരോടു യുദ്ധം ചെയ്യാനുള്ള അർജ്ജുനന്റെ വൈഷമ്യമാണ് ആദ്യ ഗ്രൂപ്പിലെ നാലു ശ്ലോകങ്ങളിലും പ്രതിഫലിക്കുന്നതെങ്കിൽ, തന്റെ മതപരമായ സംസ്കാരം, യുദ്ധത്തിന് എതിരായി അർജ്ജുനനിൽ  ചെലുത്തുന്ന സ്വാധീനശക്തിയാണ് രണ്ടാമത്തെ ഗ്രൂപ്പിലെ ശ്ലോകങ്ങളിൽ നിഴലിച്ചു കാണുന്നത്. ഇതൊന്നും തന്നെ ക്ഷാത്രവീരനായ അർജ്ജുനന്റെ സ്വഭാവത്തിലുള്ളതല്ല; മറിച്ചു ഇപ്പോൾ വന്നു ഭവിച്ചിരിക്കുന്ന പ്രതിസന്ധിയിൽ ആ യോദ്ധാവിന്റെ അസ്വസ്ഥമനസ്സ് കണ്ടുപിടിക്കുന്ന ന്യായീകരണങ്ങളാണ്‌ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യരെല്ലാം ഇങ്ങിനൊക്കെ തന്നെയാണ് പെരുമാറുന്നതെന്നു കാണുമ്പോൾ നമ്മളിലൊരാൾ തന്നെയാണ് അർജ്ജുനനെന്നും നമുക്ക് ന്യായമായും ചിന്തിക്കാം.

ആദ്യമായി മുകളിൽ പരാമർശിച്ചിരിക്കുന്ന നാലു ശ്ലോകങ്ങളെ ഒന്നു വിശകലനം ചെയ്യാം. കുരുക്ഷേത്രത്തിൽ  ഇനി സംഭവിക്കാൻ പോന്ന സർവ്വനാശത്തിന്റെ ചിത്രം മനസ്സിലേക്ക് പതിഞ്ഞു കഴിഞ്ഞപ്പോൾ ധർമ്മയുദ്ധം ചെയ്യാൻ യുദ്ധഭൂമിയിൽ വന്ന ക്ഷാത്രവീരനാണ് താനെന്ന കാര്യം മറന്നു, താൻ മകനും ശിഷ്യനും അനിന്തിരവനും സുഹൃത്തും മറ്റും മറ്റുമാണെന്നുള്ള വ്യക്തിപരമായ ചിന്തകളിലേക്ക്  അർജ്ജുനനൻ വീണു പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. അർജ്ജുനൻ പറയുന്നതൊക്കെ കേട്ടാൽ തോന്നും, തന്റെ ഏതോ വ്യക്തിപരമായ കാര്യലാഭത്തിനു വേണ്ടിയാണീ യുദ്ധം നടത്താൻ തീരുമാനിച്ചതെന്ന്. ദുര്യോധനാദികളുടെ കൊടിയ അനീതിയും അധർമ്മവും സഹിക്കവയ്യാതെ, പല മദ്ധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ, ധർമ്മയുദ്ധം ചെയ്തു രാജ്യത്തെ രക്ഷിക്കാനാണ് അർജ്ജുനൻ യുദ്ധക്കളത്തിൽ വന്നിരിക്കുന്നത്. പക്ഷേ ധാർമ്മികമായ ആ ഉത്തരവാദിത്തത്തെക്കാൾ ഞാൻ, എന്റെ മുതലായ ചിന്തകൾക്കാണിപ്പോൾ അർജ്ജുനമനസ്സിൽ മേൽക്കോഴ്മ ലഭിക്കുന്നത്. യുദ്ധഭൂമിയിൽ എതിർപക്ഷത്തിനു നേരെ യുദ്ധസന്നദ്ധനായി, ജാഗരൂകനായി നിൽക്കുന്ന ഒരു ഭടൻ, സ്വന്തം ഭാര്യയെയും മക്കളെയും കുറിച്ച് ചിന്തിച്ചു വ്യാകുലപ്പെടാൻ പോയാൽ എന്തായിരിക്കും ഫലം? ബന്ധുവിനോടോ മിത്രത്തോടോ ഉള്ള മമത കൊണ്ട് ഒരുവൻ താൻ ചെയ്യാൻ  ബാദ്ധ്യസ്ഥമായ കർമ്മം ചെയ്യാതിരുന്നാൽ അതിന്റെ പരിണിതഫലം എന്തായിരിക്കും?

ധർമ്മത്തിലൂന്നിയുള്ള കർമ്മമാണ് വേണ്ടതെന്നും അതിനു തടസ്സമായി നിൽക്കുന്ന സംസാരബന്ധനചിന്തകളെ നിയന്ത്രണത്തിൽ വരുത്തുകയാണ് ആദ്യം തന്നെ ബോധമുള്ളയാൾ ചെയ്യേണ്ടതെന്നും കൃഷ്ണനിലൂടെ ഗീതാകാരൻ ഇനി പറയാൻ പോകുകയാണ്. അർജ്ജുനന്റെ ഈ വിഷാദചിന്തകൾക്കു രണ്ടാമദ്ധ്യായത്തിൽ കൃഷ്ണൻ നൽകുന്ന മറുപടി ശ്രദ്ധിച്ചാൽ മോക്ഷത്തിനു തടസ്സമായി നിൽക്കുന്ന കാരണമെന്നു ഹൈന്ദവദർശനം അടിവരയിട്ടു പറയുന്ന ഒരു താത്വികപ്രമാണത്തെ (സംസാരബന്ധനം), കുരുക്ഷേത്ര യുദ്ധഭൂമിയിലെ ഈ സന്ദർഭസൃഷ്ടിയിലൂടെ ഗീതാകാരൻ ഇഹലോകവാസികളായ നമ്മുടെ ഇടയിലേക്ക്, പ്രയോഗികതലത്തിലേക്ക്,  ഇറക്കിക്കൊണ്ടുവരികയാണ് ചെയ്യുന്നതെന്നു തോന്നുന്നു. ദൈനംദിന ജീവിതത്തിൽ ഏർപ്പെട്ടു കഴിയുന്ന ഒരുവ്യക്തിയുടെ മോക്ഷം എന്നത് സ്വകർമ്മത്തിലൂടെ ലഭിക്കുന്ന സന്തോഷവും സമാധാനവും സംതൃപ്തിയുമാണെന്നും അതിനു തടസ്സമായി നിൽക്കുന്ന ചിന്തകളെ നാം ബോധപൂർവം അകറ്റി നിർത്തണം എന്നും അർജ്ജുനവിഷാദമെന്ന ഈ രംഗസൃഷ്ടിയിലൂടെ ഗീതാകാരൻ ആഹ്വാനം ചെയ്യുകയാണ്. ലോകജീവിതത്തിൽ ഏർപ്പെട്ടു കഴിയുന്ന ഒരുവന്‌ സനാതനധർമ്മം എങ്ങിനെയാണ് പ്രയോജനകരമാവുക എന്നിനി ഗീതാകാരൻ നമ്മെ പഠിപ്പിക്കാൻ പോകയാണ്.

 "ഹേ, കൃഷ്ണ, ജയത്തെയോ രാജ്യത്തെയോ സുഖത്തെയോ ഞാനിച്ഛിക്കുന്നില്ല. ഞങ്ങൾക്ക് രാജ്യം കൊണ്ടാവട്ടെ, ഭോഗങ്ങൾ കൊണ്ടാവട്ടെ, ജീവിതം കൊണ്ടുതന്നെയാവട്ടെ  എന്തു പ്രയോജനമാണുള്ളത്?" എന്നൊക്കെ അർജ്ജുനൻ പറയുന്നതത്ര വിശ്വാസയോഗ്യമൊന്നും അല്ല. ഇങ്ങനെയൊക്കെ പറയാൻ ഒരു സർവ്വസംഗപരിത്യാഗിയായ സന്യാസിയൊന്നുമല്ലല്ലോ  അർജ്ജുനൻ? മനസ്സിന്റെ താളം തെറ്റിയ ഒരാളിന്റെ പുലമ്പൽ മാത്രമാണിത്. അർജ്ജുനന്റെ ഈ  വാക്കുകളെ നന്നായി മനസ്സിലാക്കുവാൻ ഉതകുന്ന ഒരുദാഹരണം ചിന്മയാനന്ദസ്വാമികൾ നൽകുന്നുണ്ട്. ഹിസ്റ്റീരിയ രോഗബാധിതയായ ഒരു സ്ത്രീയെ  ആശുപത്രിയിലെത്തിച്ചെന്നിരിക്കട്ടെ. 'എനിക്കൊരസുഖവുമില്ല, എന്റെ ഭർത്താവുമായി എനിക്കൊരു പ്രശ്നവും ഇല്ല, അദ്ദേഹത്തിനെന്നോട് വലിയ സ്നേഹമാണ്, ഞങ്ങൾ നല്ല അടുപ്പത്തിലാണ്' എന്നൊക്കെ അവർ പുലമ്പുന്നുണ്ടെങ്കിൽ അവരുടെ രോഗകാരണം മനസ്സിലാക്കാൻ കൂടുതൽ മിനക്കെടേണ്ടതില്ലല്ലോ? 'രാജ്യവും ഭോഗവും സുഖവും' ഒന്നും വേണ്ടാ എന്ന് സന്യാസിയെപ്പോലെ പറയുന്ന അർജ്ജുനന്റെ മനസ്സിൽ, ഇതെല്ലാം തന്നെ നേടണമെന്നും അനുഭവിക്കണമെന്നും ഉള്ള അടങ്ങാത്ത അഭിവാഞ്ചയും പക്ഷെ സാഹചര്യങ്ങൾ അതിനു സമ്മതിക്കുന്നില്ലല്ലോ എന്നറിയുന്നതിലുള്ള കടുത്ത നിരാശയും ആശാഭംഗവും തന്നെയാണ് നിഴലിക്കുന്നത്. കടുത്ത നിരാശാബോധത്തിൽ മുങ്ങി മനസ്സിന്റെ നിയന്ത്രണം കൈവിട്ട അർജ്ജുനൻ ഇപ്പോൾ പറയുന്നതെല്ലാം യുക്തിരഹിതമായ കാര്യങ്ങളാണ്.

മനോരോഗി പുലമ്പിക്കൊണ്ടിരിക്കുമ്പോൾ നല്ല ഭിഷഗ്‌വരന്മാർ അതിൽ ഇടപെടാതെ ഉള്ളിലുള്ളതെല്ലാം വെളിയിൽ വരട്ടെ എന്നു ചിന്തിച്ചു കാത്തിരിക്കും. ചികിത്സയ്ക്കു ഗുണകരമായ ചില സംഗതികൾ ആ പുലമ്പലിൽ നിന്നും കിട്ടിയേക്കാം. അതുപോലെ, ഉള്ളിലെ വിഷമം വെളിയിൽ വന്നു മനസ്സു ശാന്തമായാലേ ചെയ്യാൻ പോകുന്ന ചികിത്സ രോഗിക്ക് ഏൽക്കുകയും ഉള്ളൂ. കൃഷ്ണനും ചെയ്യുന്നതിതു തന്നെയാണ്. അർജ്ജുനൻ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ട് 'കമാ'ന്നൊരക്ഷരം ഉരിയാടാതെ നിൽക്കയാണ് കൃഷ്ണനിവിടെ. ഇവന്റെ ഉള്ളിൽ കിടക്കുന്നതെല്ലാം ഇങ്ങു പോരട്ടെ! ഇതെല്ലാം നേരെയാക്കി വിട്ടാൽ മാത്രമേ ഇവനീ ഭയങ്കരയുദ്ധത്തിൽ വിജയിക്കാൻ കഴിയൂ!.

സ്നേഹിതരെ, ഇത് അർജ്ജുനന്റെയു കൃഷ്ണന്റെയും കാര്യം മാത്രമല്ല, നമ്മൾ ഏവരുടെയും കാര്യമാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ചെന്നുപെടാത്ത മനുഷ്യരില്ല. അർജ്ജുനൻ ചെയ്യുന്നതുപോലൊക്കെ തന്നെ നമ്മളും ചെയ്യും. പ്രതികരണരീതിയിൽ അൽപ്പസ്വൽപ്പം വ്യത്യാസങ്ങൾ കാണുമെന്നുമാത്രം. പ്രതിസന്ധിഘട്ടങ്ങളെ  എങ്ങിനെ തരണം ചെയ്യാമെന്ന് താത്വികമായും പ്രായോഗികമായും പറഞ്ഞു തരികയാണ് ഭഗവത് ഗീത ചെയ്യുന്നത്.

അർജ്ജുനവിഷാദത്തിന്റെ മതപരമായ തലങ്ങൾ വരും ആഴ്ചകളിൽ നമുക്കു ചർച്ച ചെയ്യാം.