Saturday, November 26, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 3)

സാംഖ്യയോഗം - പത്താം ശ്ലോകം ചർച്ചചെയ്യാം എന്നു പറഞ്ഞാണ് കഴിഞ്ഞയാഴ്ച നിർത്തിയത്. ഈ ശ്ലോകം വരെ  ഭഗവത് ഗീതയുടെ അവതരണം, അതായത് ഗീതോപദേശത്തിനുള്ള സന്ദർഭസൃഷ്ട്ടി മാത്രമാണ് നടന്നിരിക്കുന്നത്.  പതിനൊന്നാം ശ്ലോകം മുതലാണ് ഗീതോപദേശം തുടങ്ങുന്നത്. ഗീതോപദേശത്തിലേക്കു കടക്കുന്നതിനു മുൻപ് ഈ ശ്ലോകത്തെ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കാം.

തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത
സേനയോരുഭയോർമദ്ധ്യേ വിഷീദന്തമിദം വച: (ശ്ലോകം 2:10)

(ഹേ, ഭരതവംശജ, രണ്ടു സേനയ്ക്കിടയിലും വിഷണ്ണനായി നിൽക്കുന്ന അവനോട് മന്ദഹസിച്ചുകൊണ്ടെന്നവണ്ണം ഹൃഷീകേശനായ ഭഗവാൻ ഇങ്ങനെ അരുളി ചെയ്തു).

'മന്ദഹസിച്ചുകൊണ്ടു പറഞ്ഞു' എന്നല്ല, 'മന്ദഹസിച്ചുകൊണ്ടെന്നവണ്ണം (പ്രഹസന്നിവ ) പറഞ്ഞു' എന്നാണ്‌ ശ്ലോകാർത്ഥമെന്നു നേരത്തേ പറഞ്ഞല്ലോ? ഈ ഒരു ശ്ലോകത്തെക്കുറിച്ചു മൂന്നു മണിക്കൂർ നീണ്ട ഒരു പ്രസംഗം യശശ്ശരീരനായ പ്രൊഫ.സുകുമാർ അഴീക്കോട് നടത്തിയെന്ന് ഞാൻ എവിടെയോ വായിച്ചിരുന്നു. എവിടെയാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. ആത്മജ്ഞാനിയും പണ്ഡിതനുമായിരുന്ന അദ്ദേഹം അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ അതിനു മതിയായ കാരണം ഉണ്ടാകണമല്ലോ? അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞതെന്നറിയില്ലെങ്കിലും ഗീതാകൃഷ്ണന്റെ ഈ 'കള്ളച്ചിരി'യിൽ നിന്നും പലതും വായിച്ചെടുക്കാമെന്നാണ് എനിക്കും തോന്നുന്നത്. ഒന്നു ശ്രമിച്ചു നോക്കാം. വിഷയം ആത്മീയമാണെങ്കിലും പറയുന്നതിലൽപ്പം  തമാശയൊക്കെയുണ്ടെങ്കിലേ  കാര്യങ്ങൾ ഉള്ളിലേക്ക് ഊർന്നിറങ്ങൂ. പാർത്ഥസാരഥിയുടെ ചിരിയുടെ കാരണങ്ങൾ പലതുമാകാം. സാദ്ധ്യത കൂടുതലുള്ള ചിന്തകൾ ഒന്നു ലിസ്റ്റ് ചെയ്തു നോക്കാം.


1. കൊച്ചു കള്ളാ, അർജ്ജുനാ, അപ്പം കിട്ടേണ്ടതു കിട്ടിയാൽ ബോധം വരും ഇല്ലേ? (ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ എന്ന അടിയെന്നു വ്യംഗ്യം)

2. കുരുക്ഷേത്രത്തെ നോക്കിക്കണ്ട നിന്റെയുള്ളിൽ 'ജയിക്കുമോ' എന്ന ആശങ്കയുണ്ടായി.ഇല്ലേ ? പുറത്തുപറയാൻ കഴിയാത്ത ആ പേടിയെ ബന്ധുക്കളോടുള്ള സ്നേഹമാക്കി അഭിനയിച്ചു നീ യുദ്ധത്തിൽ നിന്നും രക്ഷപെടാനല്ലേ ശ്രമിച്ചത്? എനിക്കിതൊന്നും മനസ്സിലാകത്തില്ലെന്നു നീ വിചാരിച്ചോ?

3. എൻറെ വലിയ നാരായണപ്പട പോലും വേണ്ട, ഞാൻ മാത്രം മതി, എന്നെ അത്ര വലിയ വിശ്വാസമാ എന്നൊക്കെ പറഞ്ഞു വിളിച്ചു കൊണ്ടുവന്നു നിന്റെ തേരാളിയും ആക്കിയിട്ട്, ബന്ധുക്കളെ കണ്ടു കഴിഞ്ഞപ്പം വലിയ വായിൽ വർത്തമാനവും പറഞ്ഞു യുദ്ധം ചെയ്യണ്ടാ എന്ന് നീ തന്നെയങ്ങു തീരുമാനിച്ചു. ഇല്ലേ? എന്നോടുള്ള വിശ്വാസമൊക്കെ എവിടെപ്പോയി അർജ്ജുനാ?

4. അർജ്ജുനാ, നിന്റെ കാര്യം മാത്രമല്ല, സകല മനുഷ്യരുടെയും സ്വഭാവമാണിത്. ഭഗവാനാണ് ഞങ്ങടെയെല്ലാം എന്നു പറഞ്ഞു കരഞ്ഞു പ്രാർത്ഥിക്കും. പക്ഷേ ഭഗവാനെക്കുറിച്ചു ചിന്തിയ്ക്ക പോലും ചെയ്യാതെ സകല തോന്ന്യാസങ്ങളും ചെയ്തു കൂട്ടും. നിൽക്കക്കള്ളിയില്ലാതെ വരുമ്പോൾ കരഞ്ഞും കൊണ്ട് പിന്നേം ഓടി വരും, ഭഗവാനെ രക്ഷിക്കണേ!

5. രണ്ടു സൈന്യത്തിന്റെയും നടുവിൽ കൊണ്ടുപോയി രഥം നിർത്താൻ നീ പറഞ്ഞില്ലേ? എനിക്ക് നിന്നെ  നന്നായറിവുന്നതുകൊണ്ടാണ്  രഥം നിർത്തേണ്ടിടത്തു തന്നെ കൊണ്ടു നിർത്തിയത് (ഭീക്ഷ്മരുടെയും ദ്രോണാചാര്യരുടെയും മുന്നിൽ). നിൻറെ ഉള്ളിലുള്ളത് അവിടെ വച്ച് പുറത്തുവരുമെന്ന് എനിക്ക് നാന്നായറിയാമായിരുന്നു. ഞാൻ ചിന്തിച്ചത് വെറുതെയല്ല എന്നിപ്പം കണ്ടല്ലോ?

6. യുദ്ധത്തിനോടു മുഖം തിരിച്ചു നിന്ന യുധിഷ്ഠിരനെപ്പോലും ധർമ്മയുദ്ധത്തിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കിപ്പിച്ച ആളല്ലേ നീ? നിന്റെ ധർമ്മചിന്തകളൊക്കെ ഇപ്പം എവിടെപ്പോയി? സ്വന്തം കുടുംബക്കാരെക്കണ്ടാൽ ഒലിച്ചുപോകുന്നതാണോ ധാർമ്മികത; പ്രത്യേകിച്ചും നിന്നെപ്പോലൊരു ക്ഷാത്രവീരന്റെ യുദ്ധക്കളത്തിലെ ധാർമ്മികത?

7. ഒരു ജീവിതത്തിൽ കാണിക്കാവുന്ന മര്യാദകേടുകളെല്ലാം ദുര്യോധനാദികൾ നിങ്ങളോട് കാണിച്ചു. അവസാനം നിൻറെ ഭാര്യയുടെ ഉടുതുണി പോലും അവർ സഭാമദ്ധ്യത്തിൽവച്ച് വലിച്ചുരിഞ്ഞു. എന്നിട്ടും ഇപ്പഴും നിനക്കു സ്നേഹം അവരോടാ? അവരെ കൊല്ലുന്നതിനേക്കാൾ, ഭിക്ഷയെടുത്തു ജീവിക്കുന്നതായിരിക്കും നല്ലതെന്നല്ലേ നീയിപ്പം എന്നോടു പറഞ്ഞത്?  ഇത്രയ്ക്കു ആത്മവഞ്ചനയും കാപട്യവും കാട്ടാൻ നിനക്കെങ്ങിനെ കഴിയുന്നൂ, അർജ്ജുനാ?

8. ശരി, നീ ആദ്യമൊക്കെ പറഞ്ഞതങ്ങു പോട്ടെ. 'ആണും പെണ്ണും കെട്ട  പണി കാണിക്കാതെ നീ യുദ്ധം ചെയ്യാൻ നോക്ക്' എന്ന് ഞാൻ പറഞ്ഞു കഴിഞ്ഞപ്പോഴെങ്കിലും നിന്റെ മനസ്സ് മാറേണ്ടതല്ലേ? 'എനിക്ക് തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്നില്ല, എനിക്ക് നല്ലതെന്താണെന്നു അങ്ങ് ഉപദേശിക്കൂ, ഞാൻ അങ്ങയുടെ ശിഷ്യനാണ്, ഞാൻ അങ്ങയെ ശരണം പ്രാപിക്കയാണ്' എന്നു വരെ പറഞ്ഞിട്ട് പിന്നെ നീ കാണിച്ചതെന്താ? 'യുദ്ധം ചെയ്യുകയില്ല' എന്ന് നീ തന്നെ വീണ്ടും അങ്ങ് തീരുമാനിച്ചു. ഇല്ലേ? അപ്പം നീയീ പറയുന്നതിലൊക്കെ എന്ത് ആത്മാർത്ഥതയുണ്ട് അർജ്ജുനാ (മനുഷ്യരെ)?

 9. എല്ലാം അറിയാമെന്നും തങ്ങൾ പറയുന്നത്  മാത്രമാണ് ശരിയെന്നുമാണ് നീയും നിന്നെപ്പോലുള്ള മനുഷ്യരും വിചാരിക്കുന്നത്. നിങ്ങൾക്കിഷ്ടമുള്ളതു പറയുകയും പ്രവർത്തിക്കുകയും ചെയ്യും. ചെയ്യുന്നതിനു മുൻപ് എന്നെക്കുറിച്ചു ചിന്തിയ്ക്കുക പോലും ഇല്ല. എന്റെ സമ്മതം ഉണ്ടായാൽ സന്തോഷം. അത്രമാത്രം. പക്ഷെ അഹംഭാവജന്യമായ ആ ചെയ്തികളെല്ലാം നിങ്ങളെ ഊരാക്കുടുക്കിലാക്കിക്കഴിയുമ്പോൾ ഗത്യന്തരമില്ലാതെ നിങ്ങൾ മനുഷ്യർ എന്നെത്തന്നെ ആശ്രയിക്കും.അതല്ലേ ഇപ്പം ഇവിടെ നടക്കുന്നതും? എന്നാ നിങ്ങളൊക്കെ ഒന്നു നന്നായിക്കാണുന്നേ?        

ഭഗവാന്റെ പ്രശസ്തവും അർത്ഥവത്തായതുമായ ഈ കുസൃതിച്ചിരി എനിക്കു പണ്ടേ വളരെ ഇഷ്ടപ്പെട്ടിരുന്നു. അതിനാൽ 'ഭഗവാനെ ചിരിപ്പിക്കുന്ന ഭക്തർ' എന്നൊരു ലേഖനം ഞാൻ മുൻപേ തന്നെ ഈ ബ്ലോഗിൽ എഴുതിയിരുന്നു. ചർച്ചയുടെ പൂർണ്ണതയ്ക്കായി എല്ലാവരും ആ ലേഖനം കൂടി ഒന്നു വായിക്കണം എന്നഭ്യർത്ഥിക്കുന്നു (http://dhanyaasi.blogspot.in/2013/12/blog-post.html)

ഈശ്വരരൂപികളായ നാമെല്ലാവരിലും നിറയുന്ന ജീവചൈതന്യത്തെ ഉണർത്തി, എല്ലാവരെയും കർമ്മനിരതരാക്കി ലോകസംഗ്രഹത്തിനു പ്രാപ്തരാക്കുകയാണു ഭഗവൽ ധർമ്മം. ഗീതോപദേശത്തിലൂടെ ആ മഹനീയ ധർമ്മമാണ് ഭഗവാൻ കൃഷ്ണൻ നിർവഹിക്കുന്നത്. ഞാൻ ആരാണ്?  എന്നെ അറിയാനുള്ള  വഴികൾ ഏതൊക്കെയാണ്? എന്റെ ധർമ്മം എന്താണ്? എങ്ങിനെ കർമ്മം ചെയ്യണം? എങ്ങിനെ കർമ്മം ചെയ്യരുത്? എന്താണ് മോക്ഷമാർഗ്ഗം? ജീവിതം എങ്ങിനെ അർത്ഥപൂർണ്ണമാക്കാം? .... ഇതുപോലെയുള്ള നിരവധി ചോദ്യങ്ങൾക്കു ആർഷഭാരത തത്വദർശികൾ തേടി കണ്ടെത്തിയ ഉത്തരങ്ങൾ പുരുഷോത്തമനായ ശ്രീകൃഷ്ണനിലൂടെ ഗീതാകാരൻ നമ്മിലേക്ക്‌ പകർന്നു തരികയാണ്. ആത്മജ്ഞാനത്തിന്റെ അമൃതധാരയാണത്. ശ്രദ്ധാപൂർവം അതു പാനം ചെയ്‌താൽ മനസ്സും ശരീരവും ശുദ്ധമാകും. വ്യക്തിയ്ക്കും സമൂഹത്തിനും അതു ഗുണം ചെയ്യും. സനാതനധർമ്മത്തിന്റെ ലക്ഷ്യവും അതുതന്നെയാണ്.

ഇനി വരുന്ന കുറെ ശ്ലോകങ്ങളിലായി ഭഗവാൻ പറയാൻ പോകുന്ന സനാതനധർമ്മ വിഷയമാണ് ഭഗവത് ഗീതയുടെ രത്‌നച്ചുരുക്കം. വളരെ ശ്രദ്ധാപൂർവ്വം പഠിക്കുകയും മനനം ചെയ്യുകയും ചെയ്‌താൽ മാത്രമേ ആ ജ്ഞാനം ഉള്ളിലേക്കു ഊർന്നിറങ്ങി സ്വന്തം വ്യക്തിത്തത്തിൻറെ ഭാഗമായി മാറി, അതുകൊണ്ടുദ്ദേശിച്ച ഗുണം ലഭിക്കുകയുള്ളൂ എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ. മനുഷ്യജന്മത്തിന്റെ വരദാനമായ വിവേകബുദ്ധിയിലൂടെ ചിന്തിച്ചു, കർമ്മനിരതനായി ജീവിച്ചു, ജീവിതസാഫല്യം നേടാൻ ആഹ്വാനം ചെയ്യുന്ന ഈ തത്വശാസ്ത്രത്തെ, സാധാരണ കാണാറുള്ളതുപോലെ,  അന്ധമായ ഭക്തിയുടെ തലത്തിൽ ബന്ധിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ, സനാതനധർമ്മത്തിന്റെ ആത്യന്തിക ലക്ഷ്യമായ 'ലോകസമസ്താ സുഖിനോ ഭവന്തു' എന്ന പ്രമാണത്തിലേക്കു വ്യക്തിയെയും സമൂഹത്തെയും കൊണ്ടെത്തിക്കാനതു സഹായിക്കില്ല എന്നാണെനിക്കു തോന്നിയിട്ടുള്ളത്.

ശരി, കാര്യമാത്രപ്രസക്തമായ ഗീതോപദേശം അടുത്തയാഴ്ച മുതൽ നമുക്കു മനസ്സിലാക്കാൻ ശ്രമിക്കാം.
Friday, November 18, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 2)

വ്യാഖ്യാതാവിന്റെ കഴിവിനും അറിവിനും മനോഭാവത്തിനുമനുസരിച്ചു ഭഗവത് ഗീതയെ പല തലങ്ങളിലും വ്യാഖ്യാനിയ്ക്കാൻ കഴിയുമെന്നു കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നല്ലോ? സ്വദേശീയരുടേയും വിദേശീയരുടേയുമായി അയ്യായിരത്തിൽപ്പരം വ്യാഖ്യാനങ്ങൾ ഗീതയ്ക്കുണ്ടായിട്ടുണ്ട് എന്നതു കാണിയ്ക്കുന്നതു തന്നെ ഗീതയുടെ ഈ ബഹുമുഖത്വമാണ്. അനുഷ്ഠാന-ഭക്തിതലങ്ങൾക്കുപരിയായി ആർഷഭാരത പാരമ്പര്യത്തിന്റെ, സനാതനധർമ്മത്തിന്റെ പ്രയോഗികവ്യാഖ്യാനമായി ഗീതയെ കണ്ട ആചാര്യന്മാരിൽ സർവ്വശ്രേഷ്ഠനാണ് സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിൻറെ വാക്കുകളിലെ ആർജ്ജവം, അതൊന്നു വേറെ തന്നെയാണ്. ഗീതാകാരൻ ഉദ്ദേശിച്ച കാര്യത്തെ മറ്റാരേക്കാളും ശരിക്കും ഉൾക്കൊണ്ടിട്ടുള്ളത് വിവേകാനന്ദ സ്വാമികൾ തന്നെയാണെന്നാണ് എനിക്കും തോന്നിയിട്ടുള്ളത്. പല നൂറ്റാണ്ടുകളായുള്ള വിദേശാധിപത്യത്തിന്റെ ഫലമായി ആലസ്യമാണ്ടു കിടന്നിരുന്ന ഒരു ജനതയുടെ ആത്മാവിനെ തൊട്ടുണർത്തി, വർദ്ധിതവീര്യത്തോടെ അവരെ കർമ്മപഥത്തിലേക്കു നയിക്കാൻ ആ സന്യാസിവര്യന് കഴിഞ്ഞത്, സനാതനധർമ്മത്തെക്കുറിച്ചും അതിന്റെ പ്രായോഗിക ഗ്രന്ഥമായ ഭഗവത് ഗീതയെക്കുറിച്ചുമുള്ള അഗാധമായ അറിവൊന്നുകൊണ്ടു തന്നെയായിരുന്നു. രാമായണ-ഭാഗവത-പുരാണങ്ങളെപ്പോലെ  ഹൈന്ദവഭക്തി ഗ്രന്ഥമായിക്കണ്ടു പല പ്രമുഖരും ഭഗവത് ഗീതയെ വ്യാഖ്യാനിച്ചപ്പോൾ, സാമൂഹിക ഉൽക്കർഷത്തിനും മനുഷ്യ സ്വതന്ത്ര്യത്തിനും വേണ്ടിയുള്ള ധർമ്മയുദ്ധങ്ങളിലേക്കു മനുഷ്യരെ പ്രേരിപ്പിക്കുന്ന ശ്രേഷ്‌ഠചിന്താപദ്ധതികളുടെ ഒരു കലവറയായിട്ടാണ് വിവേകാനന്ദ സ്വാമികൾക്ക് ഭഗവത് ഗീത അനുഭവപ്പെട്ടത്‌. സ്വാമിജിയുടെ ഗീതാവ്യാഖ്യാനത്തെ അക്ഷരം പ്രതി പിന്തുടർന്ന കർമ്മയോഗിയായിരുന്നു മഹാത്മാഗാന്ധി. ഇവരുടെ ഗീതാവ്യാഖ്യാനങ്ങളിൽ നിഴലിക്കുന്നത് അന്ധമായ ഭക്തിയോ വിശ്വാസമോ അല്ല, മറിച്ചു വിവേകബുദ്ധിയിലൂടെ ചിന്തിച്ചു, നിസ്വാർത്ഥമായി കർമ്മം അനുഷ്ഠിച്ചു മനുഷ്യരാശിയെ ഉയരങ്ങളിലേക്കു നയിക്കാനുതകുന്ന മനുഷ്യസാദ്ധ്യതകളെക്കുറിച്ചുള്ള സനാതനധർമ്മ ചിന്തകളാണ്. സത്യത്തിന്റെ ഭാഷ നമ്മെ സുഖിപ്പിക്കുകയല്ല, ചിന്തിപ്പിക്കുകയാണു ചെയ്യുക. 'ബന്ധുമിത്രാദികളോടുള്ള സ്നേഹപാശ' ത്താലെന്നു ഗീതാ വ്യാഖ്യാതാക്കൾക്കളിൽ ഏറെപ്പേർക്കും തോന്നിയ 'അർജ്ജുനവിഷാദ'ത്തെ വിവേകാനന്ദ സ്വാമികൾ വ്യാഖ്യാനിക്കുന്നതു കണ്ടാൽ ഞാനിപ്പറഞ്ഞത് ആർക്കും ബോദ്ധ്യമാകും.

 "Then, having the power, if we renounce it and do not resist, we are doing a grand act of love; but if we cannot resist, and yet, at the same time, try to deceive ourselves into the belief that we are actuated by motives of the highest love, we are doing the exact opposite. Arjuna became a coward at the sight of the mighty array against him, his “love” made him forget his duty towards his country and king. That’s why Krishna told him that he was a hypocrite. Thou talkest like a wise man, but thy actions betray thee to be coward; therefore stand up and fight…When even man never hears the cries of fool, do you think God will?"  

ശരി, കഴിഞ്ഞ ഭാഗത്തു നിർത്തിയിടത്തു നിന്നു നമുക്ക് നമ്മുടെ ചർച്ച തുടരാം.  

അർജ്ജുന ഉവാച :

കഥം ഭീക്ഷ്മമഹം സംഖ്യേ ദ്രോണം ച  മധുസൂദന 
ഇക്ഷുഭിഃ പ്രതിയോത്സ്യാമി പൂജാർഹാവരിസൂദന      (ശ്ലോകം 2:4)

(അർജ്ജുനൻ ചോദിച്ചു: ഹേ, ശത്രുഘാതകനായ മധുസൂദനാ, പൂജിക്കപ്പെടേണ്ടവരായ ഭീക്ഷ്മരെയും ദ്രോണരെയും മൂർച്ചയുള്ള അമ്പുകൾ കൊണ്ട് ഞാൻ യുദ്ധത്തിൽ എങ്ങിനെ നേരിടും?) 

ഗുരുന ഹത്വ ഹി മഹാനുഭാവാൻ 
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ 
ഹാഥ്വാർത കാമാംസ്തു ഗുരുനിഹൈവ 
ഭുഞ്ജീയഭോഗാൻ രുധിരപ്രദിഗ്‍ദാൻ          (ശ്ലോകം 2:5)

(മഹാത്മാക്കളായ ഗുരുക്കന്മാരെ ഹനിക്കുന്നതിനേക്കാൾ ഈ ലോകത്തിൽ ഭിക്ഷയെടുക്കുന്നതാണ് ശ്രേയസ്കരം. ഗുരുക്കന്മാരെ ഹനിച്ചിട്ട് അർത്ഥകാമസ്വരൂപങ്ങളും രക്തം പുരണ്ടതുമായ ഭോഗങ്ങളെ ഈ ലോകത്തിൽ വച്ച് തന്നെ ഭുജിക്കണോ?) 

രണ്ടിലേതാണ് ശ്രേയസ്കരം എന്നറിഞ്ഞുകൂടാ. ഒന്നുകിൽ നാം ജയിക്കും, അല്ലെങ്കിൽ ജയിക്കാതിരിക്കും. ആരെ കൊന്നിട്ടു നാം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലയോ ആ ധൃതരാഷ്ട്രപുത്രന്മാരാണ് മുൻപിൽ വന്നു നിൽക്കുന്നത്   (ശ്ലോകം 2:6).   

ദൈന്യതകൊണ്ടു ബുദ്ധികെട്ടവനും ധർമ്മവിഷയത്തിൽ വിവേകം നശിച്ചവനുമായി ഞാൻ അങ്ങയോടു ചോദിക്കുന്നു, യാതൊന്നു ശ്രേയസ്കരമാകുമോ അതെനിക്കു പറഞ്ഞു തരിക. ഞാൻ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും (ശ്ലോകം 2:7)

ഭൂമിയിൽ ശത്രുക്കളില്ലാത്തതും സമൃദ്ധിയുള്ളതുമായ രാജ്യവും ദേവന്മാരുടെ മേൽ പോലും ആധിപത്യവും ലഭിച്ചാലും ഇന്ദ്രിയങ്ങളെ ശോഷിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ എന്റെ ദുഖത്തെ അകറ്റുന്ന യാതൊന്നും ഞാൻ കാണുന്നില്ല (ശ്ലോകം 2:8) 

സഞ്ജയൻ പറഞ്ഞു: ശത്രുനാശകനായ അർജ്ജുനൻ കൃഷ്ണനോട് ഞാൻ യുദ്ധം ചെയ്കയില്ല എന്ന് പറഞ്ഞു മൗനം അവലംബിച്ചു (ശ്ലോകം 2:9).  

മുകളിൽ കാണുന്ന ശ്ലോകങ്ങളിൽ നിന്നും അർജ്ജുനൻ പഴയ വിഷാദപല്ലവി തന്നെ പാടിക്കൊണ്ടിരിക്കയാണെന്നു തോന്നാം. പക്ഷെ ചെറിയ ഒരു വ്യത്യാസം ഉണ്ട്. 'അർജ്ജുനവിഷാദയോഗത്തി'ലെ വിഭ്രാന്തി പൂണ്ട അർജ്ജുനനിൽ നിന്നും അൽപ്പസ്വൽപ്പം മാറ്റം വന്ന അർജ്ജുനനെയാണ് നാമിപ്പോൾ കാണുന്നത്. ധർമ്മാധർമ്മ വിഷയങ്ങൾ പോലുള്ള വലിയ വർത്തമാനങ്ങളൊക്കെ പറഞ്ഞു, അതിൽ ന്യായീകരണം കണ്ടെത്തി 'യുദ്ധം ചെയ്യാൻ ഞാനില്ല' എന്നു പറഞ്ഞ പഴയ അർജ്ജുനനല്ല ഇത്. കൃഷ്ണന്റെ ഒരൊറ്റ അടിയിൽ - (ആണും പെണ്ണും കെട്ട മനോഭാവം കളഞ്ഞു, ക്ഷത്രിയനെപ്പോലെ യുദ്ധം ചെയ്യാൻ നോക്ക്) - തന്നെ അർജ്ജുനനു മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. താൻ ഇതുവരെ പറഞ്ഞതിനൊക്കെ കൃഷ്ണന്റെ പിന്തുണയില്ലെന്നു തന്നെയല്ല, മറിച്ചു കിട്ടിയതോ തന്റെ പുരുഷത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന കനത്ത പ്രഹരവും ആണെന്ന് അർജ്ജുനൻ തിരിച്ചറിഞ്ഞിരിക്കുന്നു. പിന്നെങ്ങിനെ അര്ജ്ജുനന് മാറാതിരിക്കാൻ കഴിയും?  "യുദ്ധം ചെയ്യണോ, വേണ്ടയോ, രണ്ടിലേതാണ് ശ്രേയസ്കരം എന്നറിഞ്ഞുകൂടാ. മഹാത്മാക്കളായ ഗുരുക്കന്മാരെ കൊന്നിട്ടു കിട്ടുന്ന രക്തം പുരണ്ട ഭോഗങ്ങൾ എങ്ങിനെ സന്തോഷത്തോടെ അനുഭവിക്കാൻ കഴിയും?" എന്നൊക്കെയുള്ള മിതവാദത്തിലേക്കു അർജ്ജുനനിപ്പോൾ മാറിത്തുടങ്ങിയിരിക്കുന്നു. "താൻ ദൈന്യതകൊണ്ടു ബുദ്ധികെട്ടവനായെന്നും ധർമ്മവിഷയത്തിൽ തനിക്കു വിവേകം നശിച്ചുപോയെന്നും" ഉള്ള തിരിച്ചറിവ് അർജ്ജുനനുണ്ടായിരിക്കുന്നു. "ഞാൻ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ഞാൻ ശരണം പ്രാപിച്ചിരിക്കുന്നു, എനിക്കെന്താണ് നല്ലതെന്നു അങ്ങ് പറഞ്ഞു തന്നാലും" എന്നുവരെ പറയാനുള്ള മനോഭാവത്തിൽ അർജ്ജുനൻ എത്തിയിരിക്കുന്നു. അർജ്ജുന മനസ്സിലെ അഹംഭാവജന്യമായ വിഷാദകാർമേഘങ്ങൾ ഒഴിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇതുവരെ തന്റെ സുഹൃത്തും തേരാളിയും മാത്രമായി കരുതിയിരുന്ന ശ്രീകൃഷ്ണനെ ഒരു ഗുരുവിന്റെ സ്ഥാനത്തേക്കു പ്രതിഷ്ഠിക്കാൻ അർജ്ജുനനിലെ നിസ്സഹായത പ്രേരിപ്പിച്ചിരിക്കുന്നു. അതേ, ഏതൊരു ഗുരുവും പറയുന്നത് മനസ്സിരുത്തി കേട്ട്, അതിനെ മനസ്സിലേക്കാവാഹിക്കണമെങ്കിൽ മനുഷ്യൻ തികഞ്ഞ നിസ്സഹായാവസ്ഥയിൽ എത്തിപ്പെടേണ്ടതുണ്ട്. ഗീതോപദേശത്തിനുള്ള സമയം ആഗതമായിരിക്കുന്നു, അർജ്ജുനനും നമുക്കും. 


അർജ്ജുനന്റെ യുക്തിരഹിതമായ വിഷാദചിന്തകളും, കൃഷ്ണന്റെ "ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ" പ്രഹരവും തുടർന്നുള്ള അർജ്ജുനന്റെ മനം മാറ്റവും കാണുമ്പോൾ എന്റെ നാട്ടിൽ ഞാൻ കണ്ട ഒരു സംഭവമാണ് ഓർമ്മയിൽ വരുന്നത്. ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ നടന്ന സംഭവമാണ്. 

ഞങ്ങളുടെ നാട്ടിലെ നല്ലൊരു കുടുംബത്തിലെ കാരണവരായിരുന്നു അയ്യപ്പൻ നായർ (പേരു മാറ്റിയതാണ്). ഞാൻ സ്കൂളിൽ പോകുന്ന വഴിയിലാണ് ഇദ്ദേഹത്തിന്റെ വീട്. എന്നെക്കാണുമ്പോൾ സ്നേഹപൂർവം എന്തെങ്കിലും രണ്ടു സന്തോഷവർത്തമാനം ഇദ്ദേഹം പറയുമായിരുന്നു. എന്താണ് കാര്യമെന്നെനിക്കറിയില്ല, ഇടയ്ക്കുവച്ചു ഇദ്ദേഹത്തിന് കടുത്ത മാനസികരോഗം പിടിപെട്ടു. പെരുമാറ്റമെല്ലാം മാറി. എപ്പോഴും അസഭ്യം പുലമ്പിക്കൊണ്ടേയിരിക്കും. അസഭ്യം എന്നു ഞാൻ മാന്യമായി പറഞ്ഞെന്നേയുള്ളൂ, തെറിപ്പാട്ട്‌ എന്ന് പറയുന്നതാകും ശരി. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന തെറിപ്പാട്ട്. പ്രത്യേകമായിആരെയും ഉദ്ദേശിച്ചല്ല തെറി പറയുന്നത്. നാട്ടിലുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ അദ്ദേഹത്തിൻറെ ഭാവനയിൽ കൂടി കണ്ട് അസഭ്യവർഷമാകുന്നുവെന്നു മാത്രം. റോഡിൽ കൂടി നടക്കുമ്പോൾ ഉച്ചത്തിൽ നിറുത്താതെ തെറി പറഞ്ഞുകൊണ്ടേയിരിക്കും, സ്ത്രീകളോ കുട്ടികളോ ആരു തന്നെ എതിരെ വന്നാലും അദ്ദേഹത്തിനത് പ്രശ്നമല്ല. പോകെപ്പോകെ ഇദ്ദേഹം വരുന്നത് കണ്ടാൽ ആളുകൾ ഓടിയൊളിയ്‌ക്കേണ്ട സ്ഥിതിയായി. ആദ്യമാദ്യം ഇദ്ദേഹത്തിനെ ചികിത്സിക്കാനൊക്കെ ബന്ധുക്കൾ താത്പര്യം കാണിച്ചിരുന്നുവെങ്കിലും രോഗം മൂർച്ഛിച്ചു, ആൾ വല്ലാത്തൊരു അവസ്ഥയിലായിക്കഴിഞ്ഞപ്പോൾ അവർക്കും അടുക്കാൻ കഴിയാത്ത സ്ഥിതിയായി. അങ്ങിനെ ഇദ്ദേഹം വീട്ടിൽ  തനിച്ചായി. ഇദ്ദേഹത്തിന്റെ വീടിനു  മുൻപിൽ ഒരു സാധുകുടുംബത്തിന്റെ വീടുണ്ടായിരുന്നു. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ഇങ്ങനെ തെറിപ്പാട്ട് കേട്ടു കേട്ട് സഹിക്കവയ്യാതെ ഒരു നാൾ അവർ ആ കടുംകൈ ചെയ്തു - നെല്ലുകുത്താനുപയോഗിക്കുന്ന ഉലക്ക വച്ച് അദ്ദേഹത്തിൻറെ തലക്കിട്ടൊന്നു കൊടുത്തു. വാർത്ത നാടുമുഴുവൻ പരന്നു, അവിടെ ഓടിക്കൂടിയവരിൽ ഞാനും ഒരാളായിരുന്നു. മുഖവും ശരീരമാസകലവും ചോരയിൽ കുളിച്ച അദ്ദേഹം തലയിൽ കൈയും വച്ചിരിക്കുന്ന ദയനീയമായ കാഴ്ചയാണ് ഞാൻ കണ്ടത്. വീട്ടുകാരും നാട്ടുകാരും എല്ലാം കൂടി അദ്ദേഹത്തെ ആശുപത്രിയിലാക്കി, തലയിലെ മുറിവെല്ലാം ഉണങ്ങിയശേഷം തുടർന്ന് കുറേക്കാലം മനോരോഗചികിത്സയും നൽകി. ചികിത്സ കഴിഞ്ഞു, അദ്ദേഹം പണ്ടത്തേതിലും യോഗ്യനായി സ്വജീവിതത്തിലേക്ക് തിരികെ വന്നു. മുൻപ് വീട്ടിൽ നിന്നും മാറി താമസിച്ചിരുന്ന ഭാര്യയും മക്കളുമെല്ലാം തിരികെ വന്ന് അദ്ദേഹത്തോടൊപ്പം താമസിച്ചു. ഒരു ചെറിയ പലചരക്കു കടയും നടത്തി അദ്ദേഹം സന്തോഷത്തോടെ കുറേനാൾ കൂടി ജീവിച്ച ശേഷം മരണമടഞ്ഞു.

തക്ക സമയത്തു സ്ഥാനത്തു കൊള്ളുന്ന അടി മനുഷ്യരിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കാം. ഒരു മഹാരോഗിയെപ്പോലും രോഗവിമുക്തനാക്കാനതിനു കഴിയും എന്നാണല്ലോ മുകളിൽ പറഞ്ഞ കഥ കാണിക്കുന്നത്. രോഗാവസ്ഥയുടെ നിലവച്ചാണ്  തലോടലാണോ അടിയാണോ നൽകേണ്ടതെന്ന് നിശ്ചയിക്കേണ്ടത്. വെട്ടുപോത്തിനോട് വേദം ഓതിയാൽ ഗുണമില്ലെന്നു തന്നെയല്ല ദോഷവുമാണ്. ഭഗവത് ഗീതയിലെ കൃഷ്ണൻ ഇതെല്ലാം നന്നായറിയുന്ന മനശ്ശാസ്ത്രജ്ജനാണ്. അടുത്ത ശ്ലോകം കാണിക്കുന്നതും ഇതാണ്. 

തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത 
സേനയോരുഭയോർമദ്ധ്യേ വിഷീദന്തമിദം വച: (ശ്ലോകം 2:10)

(ഹേ, ഭരതവംശജ, രണ്ടു സേനയ്ക്കിടയിലും വിഷണ്ണനായി നിൽക്കുന്ന അവനോട് മന്ദഹസിച്ചുകൊണ്ടെന്നവണ്ണം ഹൃഷീകേശനായ ഭഗവാൻ ഇങ്ങനെ അരുളി ചെയ്തു).

'മന്ദഹസിച്ചുകൊണ്ടെന്നവണ്ണം (പ്രഹസന്നിവ) പറഞ്ഞു' എന്നല്ലാതെ 'മന്ദഹസിച്ചുകൊണ്ടു പറഞ്ഞു' എന്നല്ല ശ്ലോകം. അതെന്താണിങ്ങനെ ഗീതാകാരൻ പറഞ്ഞു വച്ചത്? 

നമുക്കിതു  വിശദമായി ചർച്ച ചെയ്യാം, അടുത്തയാഴ്ചയാകട്ടെ.


Thursday, November 10, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 1)

'യുദ്ധം ചെയ്യാൻ എനിക്കാവില്ല' എന്നും പറഞ്ഞു, അമ്പും വില്ലും താഴെയിട്ട്, ശോകാകുലനായി, മോഹാവേശിതമായ മനസ്സോടെ തേർത്തട്ടിലിരുന്ന അർജ്ജുനനെയാണ് നാം ഒന്നാം അദ്ധ്യായത്തിന്റെ അവസാനശ്ലോകത്തിൽ കണ്ടത്. ഇനി നമുക്ക് രണ്ടാം അദ്ധ്യായമായ "സാംഖ്യയോഗ'ത്തിലേക്കു കടന്നു ചെല്ലാം.

സാഖ്യം എന്ന പദത്തിന് പല അർത്ഥങ്ങളും പുസ്തകങ്ങളിൽ കാണാമെങ്കിലും 'ആത്മസാക്ഷാത്ക്കാരത്തിന്റെ ജ്ഞാനവഴി (knowledge) അല്ലെങ്കിൽ തത്വശാസ്ത്രത്തിലെ യുക്തിവിചാരം' എന്ന അർത്ഥതലത്തിൽ നമുക്കതിനെ മനസ്സിലാക്കാം. അശാസ്ത്രീയവും യുക്തിരഹിതവുമായ വാദമുഖങ്ങളിൽ പിടിച്ചു തൂങ്ങി 'യുദ്ധം ചെയ്യാൻ തനിക്കാവില്ല' എന്നും പറഞ്ഞു കരഞ്ഞു നിൽക്കുന്ന വികാരജീവിയായ അർജ്ജുനനിലെ വിവേകബുദ്ധിയെ ഉണർത്തി അയാളെ പൂർവ്വാധികം ഊർജ്ജ്വസ്വലനാക്കി യുദ്ധക്കളത്തിലേക്കു വിട്ടാൽ മാത്രമേ ആ ക്ഷത്രിയവീരന്റെ കഴിവുകൾക്കുള്ള പ്രയോജനം ഉണ്ടാകൂ എന്നു കൃഷ്ണനറിയാം. ആ കർമ്മമാണിവിടെ ശ്രീകൃഷ്ണൻ ഇനി ചെയ്യാൻ പോകുന്നത്. ചിന്തയിലൂടെ ബോധമണ്ഡലത്തെയുയർത്തിയാൽ മാത്രമേ മനുഷ്യനിൽ വിവേകബുദ്ധി (discriminatory intellect) ഉണർന്നു പ്രവർത്തിക്കൂ. വിവേകബുദ്ധി ഉണർന്നു പ്രവർത്തിച്ചു കഴിയുമ്പോൾ   അടിസ്ഥാനരഹിതവും അന്ധവിശ്വാസജഡിലവുമായ ചിന്തകൾ നമ്മിൽ നിന്നും മാറിപ്പോകുകയും കാര്യങ്ങളെ ശരിയാംവണ്ണം നോക്കിക്കണ്ടു കർമ്മങ്ങളനുഷ്ഠിക്കാൻ കഴിയുകയും ചെയ്യും. താത്വികമായ ഉപനിഷദ് സിദ്ധാന്തങ്ങളെ അവലംബമാക്കിക്കൊണ്ട് അർജ്ജുനനിലെ വിവേകബുദ്ധിയെ ഉണർത്തുന്ന പ്രക്രിയയാണ് 'സാംഖ്യയോഗ' ത്തിലൂടെ ഗീതാകാരൻ നിർവഹിക്കുന്നത്. ഇതുപോലെ തന്നെ ആത്മസാക്ഷാത്ക്കാരത്തിനായി കർമ്മവഴിയും (action) ഭക്തിവഴിയും (devotion) ഗീതയുടെ പ്രത്യേകം പ്രത്യേകം അദ്ധ്യായങ്ങളായി തുടർന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആത്മസാക്ഷാത്ക്കാരത്തിനായുള്ള ഈ മൂന്നു വഴികളെക്കുറിച്ചുമുള്ള വിശദമായ തത്വചിന്തകളും പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഗീതയുടെ ഉള്ളടക്കം. ഈ ആത്മവിഷയങ്ങളുടെ ഒരു സംക്ഷിപ്തരൂപമാണ്‌ രണ്ടാമദ്ധ്യായമായ 'സാംഖ്യയോഗ'ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം അദ്ധ്യായം പഠിച്ചാൽ ഭഗവത് ഗീത പഠിച്ചതിനു തുല്യമാകും എന്നൊരഭിപ്രായം അതിനാൽ തന്നെ പലരും രേഖപ്പെടുത്തിയിട്ടുമുണ്ട്. 

സഞ്ജയൻ, ധൃതരാഷ്ട്രരോട് പറയുന്ന ശ്ലോകത്തോടെയാണ് അദ്ധ്യായം തുടങ്ങുന്നത്.    

സഞ്ജയ ഉവാച: 

തം തഥാ കൃപയാവിഷ്ടമശ്രുപൂർണാകുലേക്ഷണം  
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ (ശ്ലോകം 2:1)

(സഞ്ജയൻ പറഞ്ഞു: അങ്ങിനെ മനസ്സലിഞ്ഞവനും കണ്ണുനീർ നിറഞ്ഞ കണ്ണുകളോടുകൂടിയവനും ദുഃഖിക്കുന്നവനുമായ അർജ്ജുനനോട് ശ്രീകൃഷ്ണൻ ഇപ്രകാരം പറഞ്ഞു)

ശ്രീഭഗവാനുവാച:

കുതസ്തുവാ കശ്‌മലമിദം വിഷമേ സമുപസ്ഥിതം 
അനാര്യജ്ജുഷ്ടമസ്വർഗ്ഗ്യമകീർത്തികരമർജ്ജുന (ശ്ലോകം 2:2) 

(ശ്രീ ഭഗവാൻ പറഞ്ഞു: എന്തുകൊണ്ടാണ് ഈ ദുർഘടകാലഘട്ടത്തിൽ ഈ മൗഢ്യം - ശ്രേഷ്ടന്മാർക്കു യുക്തമല്ലാത്തതും പരലോകപ്രാപ്തിക്കു വിരോധമായിട്ടുള്ളതും അപകീത്തിയെ ഉണ്ടാക്കുന്നതുമായ ഈ മൗഢ്യം - ഹേ, അർജ്ജുന നിന്നെ പ്രാപിച്ചത്?)  

ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗർബല്യം ത്വക്ത്യോത്തിഷ്ഠ പരന്തപഃ (ശ്ലോകം 2:3)  

(അല്ലയോ അർജ്ജുനാ, നീ ഭയത്തെ പ്രാപിക്കരുത്, ഇത് നിനക്ക് യോഗ്യമല്ല. അല്ലയോ പരന്തപ, മനസ്സിന്റെ തുശ്ചമായ അധൈര്യത്തെ കളഞ്ഞു നീ യുദ്ധത്തിനായി എഴുന്നേൽക്കുക)  

ശ്രീ ശങ്കരാചാര്യസ്വാമികളുടെ ഭഗവത് ഗീതാ വ്യാഖ്യാനത്തിൽ കൊടുത്തിരിക്കുന്ന ശ്ലോകാർത്ഥമാണ് മുകളിൽ നൽകിയിരിക്കുന്നത്. വിവേകാന്ദസ്വാമികളുടെ വ്യാഖ്യാനത്തിൽ 'ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ ' എന്നതിന് 'yield not to unmanliness Arjuna (പൗരുഷമില്ലാഴ്മക്കു വശംവദനാകാതെ അർജ്ജുനാ)' എന്നാണെങ്കിൽ ശിവാനന്ദ സ്വാമി വ്യാഖ്യാനിക്കുന്നത് 'yield not to impotence (ഷണ്ഡത്വം കാട്ടാതെ)' എന്നാണ്. ചിന്മയാനന്ദ സ്വാമികളാണെങ്കിൽ 'ആണും പെണ്ണും കെട്ട അവസ്ഥയിലേക്ക് (അപൗരുഷം) തരം താഴാതെ' എന്നാണ് ഈ വാക്കുകൾക്ക് അർഥം നൽകിയിരിക്കുന്നത്. ഒരു കുട്ടിയെപ്പോലെ കരഞ്ഞുകൊണ്ടു തന്റെ മുൻപിൽ നിൽക്കുന്ന അർജ്ജുനനോടു ഉപദേശരൂപേണ കൃഷ്ണൻ പറയുന്ന വാക്കുകളായിട്ടാണ് ശ്ലോകങ്ങളെ ശങ്കരാചാര്യസ്വാമികൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, അതിൽ നിന്നും തികച്ചും വ്യത്യസ്തമായി അർജ്ജുനന്, കൃഷ്ണൻ കൊടുക്കുന്ന ശക്തമായ ഒരടി എന്നർത്ഥത്തിലാണ് മറ്റുള്ള ആചാര്യന്മാർ ഈ ശ്ലോകങ്ങളെ വ്യാഖ്യാനിച്ചിരിക്കുന്നത് എന്നു വ്യക്തം. വ്യാഖ്യാതാക്കളുടെ ചിന്തയ്ക്കും മനോനിലയ്ക്കും അനുസരിച്ചു് വ്യാഖ്യാനങ്ങളിൽ വ്യത്യാസം ഉണ്ടാകുമെന്നും അതു വായനക്കാരെ വ്യത്യസ്ത തലങ്ങളിൽ ചിന്തിയ്ക്കാൻ പ്രേരിപ്പിക്കും എന്നും പറയാൻ വേണ്ടി മാത്രം ഈ ഉദാഹരണം എടുത്തു പറഞ്ഞുവെന്നേയുള്ളൂ. 

സൈനിക ഓഫീസർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ചെറുപ്രായത്തിലുള്ള കുട്ടികളുടെ ട്രെയിനിങ് വളരെ പ്രയാസമേറിയതാണെന്നറിഞ്ഞു ഞാൻ ഒരു സീനിയർ മിലിട്ടറി കമാൻഡറോടു ചോദിച്ചു, 'ഇന്നത്തെ കുട്ടികളല്ലേ, എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ചുവളർന്ന അവരെ സേനയിൽ ചേർന്നയുടൻ തന്നെ കഠിനമായ പരിശീലനത്തിൽ ഏർപ്പെടുത്തേണ്ടതുണ്ടോ? ആദ്യമാദ്യം പ്രയാസം കുറഞ്ഞ കാര്യങ്ങൾ പരിശീലിപ്പിച്ചു, പോകെപ്പോകെ കഠിനകരമായ പരിശീലനങ്ങളിൽ ഏർപ്പെടുത്തുന്ന രീതിയായിരിക്കില്ലേ നല്ലത്?" അദ്ദേഹം എന്നോട് പറഞ്ഞു, 'ഇതു സാധാരണക്കാരുടെ ചിന്തയാണ്. മിലിട്ടറി ഇൻഡക്ഷൻ ട്രെയിനിങ് അങ്ങിനെയല്ല. വളരെ ഗൗരവപരമായ ഒരു സെലെക്ഷൻ പ്രോസസ്സിലൂടെയാണ് ഈ കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഒരു സൈനിക ഓഫീസറിനു വേണ്ട കായികവും മാനസികവും ബൗദ്ധികവുമായ കഴിവുകൾ ഉള്ളവരെ മാത്രമേ കേഡറ്റുകളായി തിരഞ്ഞെടുക്കാറുള്ളൂ. ഇങ്ങിനെ തിരഞ്ഞെടുക്കപ്പെടുന്നവർ വെറും കുട്ടികളാണ്; അവരെ സൈനിക ഓഫീസർ ആക്കേണ്ടതുണ്ട്. We have to mould them. ഓട്ടുപാത്രത്തെ ഉടച്ചു വാർക്കുന്ന പോലത്തെ പ്രക്രിയയാണിത്. പാത്രം ഉടയ്ക്കാതെ മറ്റൊന്നാക്കി തീർക്കാൻ കഴിയില്ല. ആദ്യം തന്നെ ഈ ഉടയ്ക്കൽ നടത്തണം. സാവകാശത്തിൽ ചെയ്യേണ്ട കർമ്മമല്ല അത്. ഓടിന്റെ ഗുണം ഒട്ടും തന്നെ നശിയ്ക്കാതെ മൂശാരി അതിന്റെ പൂർവരൂപം ഇല്ലാതാക്കി പുതിയൊരു രൂപം സൃഷ്ട്ടിക്കുന്നതുപോലെ, ഞങ്ങളും മിടുക്കന്മാരായ കേഡറ്റുകളുടെ കഴിവുകൾ അൽപ്പം പോലും ചോർന്നു പോകാതെ ട്രെയിനിംഗിലൂടെ അവരെ മിടുക്കന്മാരായ മിലിട്ടറി ഓഫീസറന്മാരാക്കുകയാണ് ചെയ്യുന്നത്. ഏതു ഉടച്ചുവാർക്കൽ പ്രക്രിയയും പ്രയാസമേറിയതാണ്. അതു താങ്ങാൻ കഴിയാത്ത ആളിനെങ്ങനെ ഒരു മിലിട്ടറി ഓഫീസർ ആകാൻ കഴിയും? ഇത്രയും പറഞ്ഞതെന്തിനാണെന്നോ? ചില പ്രത്യേക ജോലികൾക്ക് പ്രത്യേക മനോനില ആവശ്യമാണെന്നും അവിടെ പാച്ചുവർക്കെന്ന softline അല്ല ഉടച്ചുവാർക്കൽ എന്ന hardline തന്നെയാണ് വേണ്ടതെന്നും ഊന്നിപ്പറയാൻ വേണ്ടി മാത്രം. നമ്മുടെ ചർച്ചാവിഷയത്തിൽ ഇതിനെന്തു പ്രസക്തിയെന്നു നിങ്ങൾക്കു തോന്നാം. നമുക്കു നോക്കാം.  


ഒരു കുട്ടിയെപ്പോലെ കരഞ്ഞു കണ്ണും കലങ്ങി കൃഷ്ണന്റെ മുൻപിൽ നിൽക്കുന്നത് ഒരു കുട്ടിയല്ല, ആർഷ ഭാരതത്തിലെ ഏറ്റവും പ്രഗത്ഭനായ വീരയോദ്ധാവാണ്. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവപക്ഷത്തിന്റെ, അതിലും ഉപരിയായി ധർമ്മത്തിന്റെ, വിജയം ഉറപ്പാക്കാൻ ബാധ്യസ്ഥനായ ക്ഷത്രിയയോദ്ധാവ്! വികാരത്തിനടിമപ്പെട്ടു തളർന്നു നിൽക്കുന്ന അർജ്ജുനനോട് സൗമ്യഭാഷയിൽ പറഞ്ഞാൽ ഒരു ഗുണവും ഉണ്ടാകില്ലെന്നു മനശ്ശാസ്ത്രജ്ജനായ കൃഷ്ണനറിയാം. ഷോക്ക് ട്രീറ്റ്മെന്റ് തന്നെയാണിവിടെ വേണ്ടത്. അർജ്ജുനമനസ്സിന്റെ സമൂലമായ ഒരുടച്ചുവാർക്കലാണിപ്പോൾ ആവശ്യം. അതിൽ കൂടി മാത്രമേ അതിഭയങ്കരമായ ഈ യുദ്ധത്തെ നേരിട്ടു വിജയം വരിക്കാൻ അർജ്ജുനനെ പ്രാപ്തനാക്കാൻ കഴിയൂ. അർജ്ജുനൻ ഇതുവരെപ്പറഞ്ഞ യുക്തിരഹിതമായ കാര്യങ്ങൾക്കൊന്നും തന്നെ തൻറെ പിന്തുണയില്ലെന്നു മാത്രമല്ല, അതെല്ലാം തന്നെ താൻ തികഞ്ഞ പുശ്ചത്തോടെയാണ് കാണുന്നതെന്നു വരുത്തിത്തീർക്കയും വേണം. അതുകൊണ്ടാണ് അർജ്ജുനന്റെ വ്യക്തിത്വത്തെത്തന്നെ പിടിച്ചുലയ്ക്കുന്ന ആ ഭാഷ കൃഷ്ണൻ പ്രയോഗിക്കുന്നത് - "അർജ്ജുനാ, നീ നിന്റെയീ ആണും പെണ്ണും കെട്ട മനോഭാവം കളഞ്ഞു, നീ ആരാണെന്നു തിരിച്ചറിഞ്ഞു യുദ്ധത്തിനായി തയ്യാറാകൂ (പണ്ട് അജ്ഞാതവാസക്കാലത്തു വിരാടരാജധാനിയിൽ കുറേക്കാലം ബൃഹന്ദളയെന്ന നപുംസകവേഷമിട്ടു അർജ്ജുനൻ ജീവിക്കേണ്ടി വന്നതിന്റെ നാണക്കേട് ഓർമ്മിപ്പിക്കുക കൂടിയാകാം). നീ ഒരു സാധാരണ ക്ഷത്രിയനല്ല, പരന്തപനാണു നീ (പരന്തപഃ = ശതുക്കളെ തപിപ്പിയ്ക്കുന്നവൻ - scorcher of foes)". പരിഹാസത്തോടൊപ്പം തന്നെ അർജ്ജുനന്റെ വലിപ്പവും കൃഷ്ണൻ അദ്ദേഹത്തെ ഓർമ്മിപ്പിക്കുകയാണ്. ആത്മാഭിമാനമുള്ള ഏതൊരുവനും ഉലഞ്ഞുപോകുന്ന വാക്കുകളാണ് കൃഷ്ണൻ പ്രയോഗിച്ചത്. യുദ്ധക്കളത്തിലൽപ്പം ബോധമില്ലായ്മയൊക്കെ കാണിച്ചെങ്കിലും ആത്മാഭിമാനം വേണ്ടുവോളം ഉള്ള ക്ഷാത്രവീരൻ തന്നെയാണ് അർജ്ജുനൻ. കൃഷ്ണന്റെ വാക്കുകൾ ശരിയ്ക്കും ഫലം കണ്ടു എന്നു തന്നെയാണ് ഗീത കാണിക്കുന്നത്.  

ഭഗവത് ഗീതയിലെ ഏറ്റവും പ്രസക്തമായ ശ്ലോകമാണ് 'ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ നൈതത്ത്വയ്യുപപദ്യതേ, ക്ഷുദ്രം ഹൃദയദൗർബല്യം ത്വക്ത്യോത്തിഷ്ഠ പരന്തപഃ'  എന്നാണു വിവേകാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. സ്വാമിയുടെ വാക്കുകളിൽ തന്നെ ഇതു നമുക്ക് മനസ്സിലാക്കാം.

“Yield not to unmanliness, O' son of Pritha! It doth not befit thee! Cast off this mean faint-heartedness and arise, O scorcher of thine enemies!” 

If one reads this one sloka, one gets all the merits of reading the entire Gita; for in this one sloka lies embedded the whole Message of Gita.

If you, my sons, can proclaim this message to the world - ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ - then all this grief, sin and sorrow will vanish from off the face of the earth in three days. All these ideas of weakness will be nowhere. Now it is everywhere - this current of vibrations of fear. Reverse the current; bring in the opposite vibration and then behold the magic transformation! Thou art omnipotent – go, go to the mouth of the cannon, fear not. Hate not the abject sinner, look not to his exterior. Turn thy gaze inward, where resides the paramatman. Proclaim to the whole world with trumpet voice; “there is no sin in thee, there is no misery in thee; thou art the omnipotent power. Arise, awake and manifest the divinity within!”

അർജ്ജുനനെ മാത്രമല്ല, ലോകത്തെയാകെത്തന്നെ ഉണർത്താനുള്ള ദിവ്യമന്ത്രമാണിത്. ഈശ്വരസൃഷ്ട്ടിയുടെ ഊർജ്ജത്തെയാകെ കർമ്മപഥത്തിലേക്ക് ആവാഹിക്കുന്ന മായാമന്ത്രം!

(തുടരും) 

Tuesday, November 1, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 8

ഗീതയുടെ ഒന്നാം അദ്ധ്യായത്തിലെ എല്ലാ ശ്ലോകങ്ങളും നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞു. ഇതുവരെ ചർച്ച ചെയ്ത വിഷയങ്ങളെ ഒന്നവലോകനം ചെയ്തിട്ട് അടുത്ത അദ്ധ്യായത്തിലേക്ക് പോകാം. വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റേയും കലർപ്പില്ലാതെ (ഇന്നു കാണുന്നതു കൂടുതലും ഇതാണ്), ആർഷഭാരത സംസ്കാരത്തെ, കഴിയുന്നിടത്തോളം യുക്തിപരമായും ശാസ്ത്രീയമായും വ്യാഖ്യാനിച്ചു താല്പര്യമുള്ളവരുമായി പങ്കിടണം എന്നൊരാഗ്രഹത്തിൽ നിന്നാണ് ഈ ഗീതാബോധന പരമ്പര എഴുതാൻ തുടങ്ങിയതെന്നു മുൻപേ തന്നെ ഞാൻ പറഞ്ഞിട്ടുള്ളതാണ്. ആർഷഭാരത പാരമ്പര്യം യുക്തിയുടെയും ബോധത്തിന്റെയും വിചാരത്തിൻറെയും ആണ്, വികാരത്തിന്റെതല്ല. അതു ലക്ഷ്യമാക്കുന്നത് സമഭാവനയിലൂന്നിയ  മാനവസംസ്കാരമാണ്, പ്രപഞ്ച ഐക്യമാണ്. നമ്മുടെ ആത്മീയസംസ്കാരത്തിന്റെ നേർമുഖമായ ഗീതയിൽ ഉദാത്തമായ ഈ സനാതനധർമ്മ ചിന്തകൾ എങ്ങിനെ നിബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിലാണ് എന്റെ കൂടുതലും ശ്രദ്ധ. അവികലമായ ഭക്തി (നിസ്വാർത്ഥ ഭക്തി) സനാതനധർമ്മശരീരത്തിന്റെ ചൈതന്യമാണെങ്കിലും, വികലമായ ഭക്തി (സ്വാർത്ഥ ഭക്തി), പുരോഗനോന്മുഖമായ ഹൈന്ദവാത്മീയതയുടെ ശോഭയെ വല്ലാതെ കെടുത്തുന്നതാണെന്നതിനാൽ, നമ്മുടെയിടയിൽ പലരും ചെയ്യുന്നതുപോലെ, അങ്ങിനെയൊരു ഭക്തികോണിലൂടെ നോക്കി ഗീതയെ വ്യാഖ്യാനിക്കുന്നതു ശരിയാണെന്നു ഞാൻ കരുതുന്നില്ല. 'ഹിന്ദുക്കളെങ്കിലും അറിയേണ്ടത്' എന്ന ശീർഷകത്തിൽ ഈ ബ്ലോഗിൽ തന്നെ ഞാൻ എഴുതിയിട്ടുള്ള ലേഖനത്തിൽ (http://dhanyaasi.blogspot.in/2017/11/blog-post.html) വ്യക്തമാക്കിയിട്ടുള്ളതുപോലെ, ലോകക്ഷേമകരമായ സനാതനധർമ്മത്തെ പ്രകീർത്തിക്കാനുദ്ദേശിച്ചു രചിച്ചിട്ടുള്ള ഭഗവത് ഗീതയെ, നമുക്കു പരിചിതമായ വെറും സ്വാർത്ഥ ഭക്തിതലത്തിലേക്ക് മാത്രം ഒതുക്കിക്കണ്ടു മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ, ബുദ്ധിപൂർവ്വകമായ ചിന്തകളിലൂടെ എങ്ങിനെയാണ് നല്ലൊരു മനുഷ്യനായി സമൂഹത്തിൽ ജീവിച്ചു മരിക്കേണ്ടതെന്നു പറഞ്ഞു തരുന്ന ഒരു മഹനീയ സന്ദേശത്തെ നാം പഠിക്കാതെ പോകുകയാണ് ചെയ്യുന്നത്. കേവല ഭക്തിവിശ്വാസങ്ങൾ കൊണ്ടൊന്നും മനുഷ്യ മനസ്സിന്റെ വികാസം സംഭവിക്കുകയില്ല. മനസ്സു വികസിക്കുന്നില്ലെങ്കിൽ സമൂഹത്തിനു ഗുണകരമായ കർമ്മങ്ങളിലേർപ്പെടാൻ ഒരാൾക്കു സാധിക്കുകയില്ല. ഭഗവത് ഗീത പറഞ്ഞു തരുന്ന വിവേചനശക്തിയുടെ പ്രയോഗത്തിലൂടെയുള്ള ജീവിതത്തിന്റെ ആവശ്യം വരുന്നതിവിടെയാണ്. വിശപ്പു സഹിക്കവയ്യാഞ്ഞു ഒരു സാധു മനുഷ്യൻ അൽപ്പം അന്നം 'മോഷ്ടിച്ചതിനു', അയാളെ നിഷ്ക്കരുണം തല്ലിക്കൊല്ലാൻ ഇന്നലെ കേരളത്തിലെ ചില ചെറുപ്പക്കാർ കാണിച്ച ഉത്സാഹം കാണിക്കുന്നത് അവരിൽ മനുഷ്യജന്മത്തിന്റെ ഏറ്റവും വലിയ വരദാനമായ വിവേചന ശക്തി (discriminatory intellect) പ്രവർത്തിക്കുന്നില്ല എന്നതു തന്നെയാണ്. ഇവരൊക്കെ മുറതെറ്റാതെ അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിക്കുന്ന വിശ്വാസികളാകാം. പക്ഷെ എന്ത് ഗുണം? ഇങ്ങനെയുള്ള മനുഷ്യരുടെ എണ്ണവും വണ്ണവും നമ്മുടെ സമൂഹങ്ങളിൽ കൂടി വരികയും അതിനനുസൃതമായി ജനജീവിതം അശാന്തവുമായിക്കൊണ്ടിരിക്കയുമാണല്ലോ? ഇതിനെന്താണൊരു പ്രതിവിധി? ഇവിടെയാണ് ഭഗവത് ഗീതയുടെ സന്ദേശങ്ങളുടെ പ്രസക്തി ശരിക്കും അനുഭവപ്പെടുന്നത്. അടുത്ത അദ്ധ്യായത്തിൻറെ പഠനത്തിലൂടെ ഈ വിഷയങ്ങളൊക്കെ വളരെ വിശദമായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ.

കുരുക്ഷേത്ര ഭൂമിയിൽ യുദ്ധസന്നദ്ധരായി നിന്ന കൗരവ-പാണ്ഡവ സേനകൾക്കു നടുവിലായി, കുരുവൃദ്ധനായ ഭീക്ഷ്മർക്കും ആചാര്യനായ ദ്രോണർക്കും അഭിമുഖമായി, രഥം കൊണ്ട് നിർത്തി 'കൗരവസേനയെ നോക്കി കണ്ടോളൂ' എന്നു സാരഥിയായ കൃഷ്ണൻ അർജ്ജുനനോട് പറയുന്നതു മുതലാണ് ഗീതയിലെ കാര്യമാത്രപ്രസക്തമായ ചിന്താവിഷയങ്ങൾക്കു തുടക്കം കുറിയ്ക്കുന്നത്. 'ദുര്യോധനപക്ഷത്തെ യുദ്ധത്തിൽ വിജയിപ്പിക്കാൻ വന്നിരിക്കുന്നവരെ ഞാനൊന്നു കാണട്ടെ, അതിനായി രഥം രണ്ടു സേനകൾക്കും നടുവിലായി കൊണ്ടു നിർത്തൂ' എന്ന അർജ്ജുനൻറെ വാക്കു മാനിച്ചാണ് കൃഷ്ണൻ അങ്ങിനെ ചെയ്തത്. വില്ലുയർത്തിപ്പിടിച്ചു, യുദ്ധസന്നദ്ധനായി തികഞ്ഞ ആത്മവിശ്വാസത്തോടെയും എന്നാൽ അൽപ്പം ഹുങ്കോടെയുമാണ് അർജ്ജുനൻ കൃഷ്ണനോടങ്ങിനെ നിർദ്ദേശിച്ചത്. പക്ഷേ അവിടെ കൂട്ടം ചേർന്നു നിന്ന ഭീക്ഷ്മദ്രോണാദികളെയും മറ്റു ബന്ധുജനങ്ങളെയും കണ്ട മാത്രയിൽ അർജ്ജുനനിൽ വികാരവേലിയേറ്റമുണ്ടായി. കടുത്ത മാനസികസമ്മർദ്ദത്തിൽപ്പെട്ട അർജ്ജുനൻ ശാരീരികാസ്വാസ്ഥങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. ആ യോദ്ധാവ് പിന്നീട് പറഞ്ഞതെല്ലാം തന്നെ തികഞ്ഞ ഹൃദയദൗർബല്യം പ്രകടമാക്കുന്നതും യുദ്ധക്കളത്തിൽ നിൽക്കുന്ന ക്ഷത്രിയവീരൻ ഒരിക്കലും ചിന്തിക്കാൻ പോലും പാടില്ലാത്തതുമായ കാര്യങ്ങളായിരുന്നു. ഭീക്ഷ്മപിതാമഹനോടും ഗുരുജനങ്ങളോടും ബന്ധുമിത്രാദികളോടുമുള്ള സ്നേഹവായ്പ്പിൽ നിന്നുളവായ 'കൃപ' യാണ് അർജ്ജുനന്റെ ഭാവപ്പകർച്ചക്കു കാരണമെന്നാണ് മിക്ക ഗീതാവ്യാഖ്യാനങ്ങളിലും പറഞ്ഞിട്ടുള്ളത്. ശ്ലോകങ്ങളിൽ നിന്നും നേരിട്ടു മനസ്സിലാക്കാവുന്നതും അതു തന്നെയാണ്. പക്ഷെ, വളരെക്കാലത്തെ ചർച്ചകൾക്കും ചിന്തകൾക്കും ഒടുവിൽ ബോധപൂർവം ചിന്തിച്ചുറപ്പിച്ച യുദ്ധത്തിന്റെ ഭവിഷ്യത്തുക്കളെല്ലാം തന്നെ വളരെ മുൻപേ തന്നെ അർജ്ജുനൻ മനസ്സിൽ കണ്ടിരിക്കേണ്ടതുണ്ടെന്നു കാണുമ്പോൾ, ബന്ധുക്കളോടുള്ള സ്നേഹവായ്പ്പിനുപരിയായി, അർജ്ജുനവ്യക്തിത്വത്തെത്തന്നെ പിടിച്ചു കുലുക്കിയ ഒരു ഘടകം അർജ്ജുനജൽപ്പനങ്ങൾക്കുണ്ടാകേണ്ടതുണ്ടെന്നു സ്വാഭാവികമായും ചിന്തിയ്‌ക്കേണ്ടിയിരിക്കുന്നു. തന്റെ കഴിവിൽ  അൽപ്പം അമിതാഭിമാനമുള്ള  വ്യക്തിത്വമായ അർജ്ജുനനു, കുരുക്ഷേത്രം നോക്കിക്കണ്ട മാത്രയിൽ 'യുദ്ധം ജയിക്കുമോ എന്ന ആശങ്ക (ഫലകാംക്ഷ)' ഉണ്ടായി എന്നിരിക്കട്ടെ (ഈ സാദ്ധ്യത ചിന്മയാനന്ദ സ്വാമികൾ പറഞ്ഞിട്ടുണ്ട്). അങ്ങിനെയായാൽ, അർജ്ജുനന്റെ അഹംഭാവത്തിനേൽക്കുന്ന ഏറ്റവും വലിയ അടിയാണത്. പുറത്തുപറയാൻ കഴിയാത്ത ഇക്കാര്യം അർജ്ജുനനിൽ കടുത്ത മാനസികസമ്മർദ്ദം സൃഷ്ടിയ്ക്കാൻ പര്യാപ്തമാണ്. അർജ്ജുനൻ പ്രകടിപ്പിച്ച കടുത്ത ശാരീരികാസ്വാസ്ഥ്യങ്ങളെല്ലാം പുറത്തു പ്രകടിപ്പിക്കാൻ കഴിയാത്ത ഈ മാനസിക സമ്മർദ്ദത്തിന്റെ ബഹിർസ്പുരണങ്ങളായി കാണാവുന്നതേയുള്ളൂ. ഈ ആന്തരികസമ്മർദ്ദവും ബന്ധുമിത്രാദികളോടുള്ള സ്നേഹവായ്പ്പും താനാഗ്രഹിച്ച സന്തോഷകരമായ ജീവിതം ഈ യുദ്ധം തകർത്തുകളുയുമല്ലോ എന്ന നിരാശാബോധവും എല്ലാം കൂടിച്ചേർന്നു 'കൃപ'യായി പരിണമിച്ചു, തത്ഫലമായുണ്ടായതാണ് തുടർന്നുവരുന്ന യുക്തിരഹിതമായ അർജ്ജുനവിഷാദചിന്തകളെല്ലാം തന്നെ. അർജ്ജുനന്റെ 'ഹൃദയദൗർബല്യ' ത്തെ കൃഷ്ണൻ തന്നെ പലവട്ടം ഗീതയിൽ അടിവരയിട്ടു പറയുന്നുമുണ്ട്. ചില വ്യാഖ്യാനങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള 'അർജ്ജുനാശങ്ക' യെ ഒന്നു വികസിപ്പിച്ചു വ്യാഖ്യാനിക്കുക മാത്രമാണ് ഞാനിവിടെ ചെയ്തിട്ടുള്ളത്.


പരസ്പരം പോരടിച്ചിരുന്ന പല വിരുദ്ധചിന്തകളും സാമൂഹിക അസമത്വങ്ങളും കാരണം സമൂഹം ശിഥിലമായി, സനാതനമതം ശോഭകെട്ട് അധ:പതിച്ച ഒരു കാലഘട്ടത്തിൽ, സമൂഹത്തിനും മതത്തിനും ഗുണകരമായ ആശയങ്ങളെയെല്ലാം സ്വീകരിച്ചും അനാവശ്യമായവയെ നിരാകരിച്ചും, സമന്വയത്തിന്റെ ഒരു പാത വെട്ടിത്തെളിക്കുകയായിരുന്നു ഗീതാ രചനയിലൂടെ ഗീതാകാരൻ ചെയ്തതെന്ന് മുൻപു ഞാനെഴുതിയിരുന്നു. ഇക്കാരണത്താൽ തന്നെ മഹനീയമായ സനാതനധർമ്മത്തെ മലിനമാക്കിയ പല മതാശയങ്ങളെയും സാമൂഹ്യചിന്തകളെയും അർജ്ജുനവിഷാദത്തിലൂടെ അവതരിപ്പിച്ചു, അതിനൊക്കെ  ആത്മീയതലത്തിലുള്ള ഉത്തരങ്ങൾ ഉത്തമനായ കൃഷ്ണക്കൊണ്ടു ഗീതാകാരനു പറയിക്കേണ്ടതുണ്ട്. ഇനി വരുംഭാഗങ്ങളിൽ ഇതൊക്കെ ചർച്ച ചെയ്യാനുള്ള അവസരം വരുന്നതാണ്. പല പാശ്ചാത്യപണ്ഡിതന്മാരുടെ പഠനങ്ങളിലും ഗീതാശ്ലോകങ്ങളിലും ഗീതയുടെ ഈ സാമൂഹിക പശ്ചാത്തലം നന്നായി പ്രതിഫലിക്കുന്നുണ്ടെങ്കിലും, ആത്മീയതയ്ക്കു കൂടുതൽ ഊന്നൽ നൽകുന്നതു കൊണ്ടാകാം, നമ്മുടെ പ്രമുഖ ഗീതാ പഠനങ്ങളിൽ  മിക്കതിലും ഈ വിഷയങ്ങൾക്കു വലിയ പ്രാധാന്യം ലഭിച്ചതായി തോന്നുന്നില്ല.

'അർജ്ജുനവിഷാദയോഗ'ത്തിൽ ചോദ്യങ്ങളേയുള്ളൂ. രണ്ടാം അദ്ധ്യായമായ 'സാംഖ്യയോഗ'ത്തിലാണ് ഈ ചോദ്യങ്ങൾക്കെല്ലാം, ആത്മീയതലത്തിലുള്ള ഉത്തരങ്ങൾ കൃഷ്ണൻ നൽകാൻ പോകുന്നത്. ആത്മവിഷയം ഗഹനമാണെന്നതിനാൽ, ഇനി പഠിക്കാൻ പോകുന്ന കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ നല്ല ശ്രദ്ധ വേണം. ജ്ഞാനസമ്പാദനത്തിനായി മനസ്സിനെ തയ്യാറാക്കേണ്ടതുണ്ട്. അങ്ങിനെ തയ്യാറാക്കിയ മനോനിലങ്ങളിൽ വീഴുന്ന ജ്ഞാനവിത്തുകളേ മുളച്ചു ചെടിയായി ഗുണകരമായ ഫലം പ്രദാനം ചെയ്യൂ. അർജ്ജുനവിഷാദം തന്നെ അങ്ങിനെയൊരു 'നിലം ഒരുക്കൽ' ആയി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വില്ലാളി വീരനെങ്കിലും, ആ വീര്യം ഫലവത്താകണമെങ്കിൽ, പ്രതിസന്ധികളിൽ അർജ്ജുനനെ തളർത്തുന്ന ഹൃദയദൗർബല്യത്തെ (അഹംഭാവത്തെയും) ജയിക്കേണ്ടതുണ്ട്. ആത്മബോധത്തെ ഉണർത്തുകയാണ്‌ ഇതിനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗമെന്നു ഭഗവാനറിയാം. ബുദ്ധിപൂർവ്വകമായ ചിന്തകളിലൂടെ മനസ്സിനെയാണ് മാറ്റിയെടുക്കേണ്ടത്. പുറമേ എന്തൊക്കെ ചികിത്സ നൽകിയിട്ടും കാര്യമില്ല. ഭഗവാനിനി പകർന്നു നൽകാൻ പോകുന്ന ആത്‌മജ്ഞാനം ഉള്ളിലേക്ക് ഊർന്നിറങ്ങി മനസികതലത്തിൽ പ്രവർത്തിക്കണമെങ്കിൽ അർജ്ജുനന്റെ മനസ്സ് ഈ ജ്ഞാനസമ്പാദനത്തിനു പാകമായിരിക്കണം. മറ്റു രക്ഷാമാർഗ്ഗങ്ങളെല്ലാം അടഞ്ഞു, നിസ്സഹായനായി, തീവ്രദുഃഖിതനായി നിൽക്കുമ്പോഴാണല്ലോ നമ്മൾ മനുഷ്യർ ആത്മാർത്ഥതയോടെ ഈശ്വരനെ വിളിക്കുന്നത്, ഈശ്വരസഹായം തേടുന്നത്? അപ്പോൾ മാത്രമേ ഈശ്വരൻ പറയുന്നതു കേൾക്കാൻ മനുഷ്യൻ മനസ്സും കാണിക്കൂ. അർജ്ജുനനെ, ഗീതാകാരൻ ആ തലത്തിൽ എത്തിച്ചു  നിർത്തിയിരിക്കയാണിപ്പോൾ. കൃഷ്ണൻ പറയുന്നത് കേൾക്കാനും അനുഭവമാക്കാനും അർജ്ജുന മനസ്സ് ഏതാണ്ട് ഒരുങ്ങിക്കഴിഞ്ഞു.

എന്റെയും നിങ്ങളുടെയും കാര്യവും ഇതു തന്നെയാണ്. അഹംഭാവം കൊണ്ടെല്ലാം നേടാമെന്നു വിചാരിക്കും, വിശ്വസിക്കും. അരുതെന്നു മനഃസ്സാക്ഷി (കഷ്ണൻ) എത്ര വട്ടം പറഞ്ഞാലും കേൾക്കില്ല. അങ്ങിനെ അപകടത്തിൽ (യുദ്ധം) നേർമുഖമായി നിൽക്കേണ്ട സാഹചര്യം വരും. തന്റെ മിടുക്കു കൊണ്ടൊന്നും യുദ്ധം ജയിക്കാനൊക്കില്ല എന്ന ഗതി കെട്ട അവസ്ഥ വരുമ്പോൾ, ഈശ്വരനോട് ആത്മാർത്ഥമായി കരഞ്ഞു പ്രാർത്ഥിക്കും. ആ കരച്ചിലിലാണ് മനോമാലിന്യങ്ങൾ നീങ്ങി മനസ്സ് പരിശുദ്ധമാകുന്നത്. ഈശ്വരൻ പറയുന്നത് അനുസരണയോടെ കേൾക്കാൻ മനസ്സും ബുദ്ധിയും തയ്യാറാകുന്നതപ്പോൾ മാത്രമാണ്. അർജ്ജുനന്റെയും ഇപ്പോഴത്തെ അവസ്ഥയിതാണ്. "കൃഷ്ണചികിത്സ" അർജ്ജുനനിൽ എങ്ങിനെയാണ് പരിവർത്തനങ്ങളുണ്ടാക്കാൻ പോകുന്നതെന്നതാണല്ലോ ഗീതാവിഷയം തന്നെ. നമുക്കതെല്ലാം വരും നാളുകളിൽ പഠിക്കാം.

ഒന്നാം ആദ്ധ്യായത്തെ എന്തുകൊണ്ടാണ് 'അർജ്ജുനവിഷാദയോഗം' എന്നു വിളിക്കുന്നതെന്നു തോന്നാം. വിഷാദം എന്നാൽ ദുഖമാണല്ലോ? ദുഖത്തിലെന്തു യോഗം? യോഗം എന്ന അവസ്ഥകൊണ്ടുണ്ടാകേണ്ടത് ആത്മീയമായ ഉണർവും അതുകൊണ്ടു വ്യക്തിത്വത്തിനു സംഭവിക്കാവുന്ന വികാസവും ആണെന്ന് മനസ്സിലാകുമ്പോൾ, തീവ്രമായ ദുഃഖം ഇതിനനുകൂലമായ ബോധവൽക്കരണത്തിന് സഹായിക്കുന്നതായിക്കാണാം. സുഖാവസ്ഥയിൽ നാം അന്വേഷണങ്ങൾക്കു തയ്യാറല്ല. എന്നാൽ ദുഃഖാവസ്ഥയിൽ, അങ്ങിനെയൊരവസ്ഥയിലേക്ക് എത്തിപ്പെട്ട കാര്യകാരണങ്ങളിലേക്കും പ്രകൃതിനിയമങ്ങളെക്കുറിച്ചും ദുഃഖത്തിൽ നിന്നും കരകയറേണ്ട വഴികളെക്കുറിച്ചും ഈശ്വരനെക്കുറിച്ചും എല്ലാം എല്ലാം മനുഷ്യർ ചിന്തിക്കുകയും അന്വേഷണം നടത്തുകയും അങ്ങിനെ ആത്മീയമായ ഉണർവിലേക്കു എത്തിച്ചേരുകയും ചെയ്യും. അതിനാൽ വിഷാദത്തെ ഗീത യോഗമായി കരുതിയിരിക്കുന്നുവെന്നു പറയാം.  
   

ഓം തത്സദിതി ശ്രീമദ് ഭഗവത് ഗീതാസുപനിഷൽസു

ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജ്ജുനസംവാദേ

അർജ്ജുനവിഷാദയോഗാ നാമ പ്രഥമോധ്യായ:


(ഒന്നാം അദ്ധ്യായം സമാപ്തം)