Saturday, January 28, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 12)

അപ്രതീക്ഷിതമായി സ്വർഗ്ഗകവാടം മുൻപിൽ തുറക്കപ്പെട്ടാൽ എത്രമാത്രം സന്തോഷമാണോ ഒരുവനുണ്ടാകുന്നത്, അതേ സന്തോഷമാണ് കുരുക്ഷേത്രയുദ്ധം അർജ്ജുനനിലും ഉളവാക്കേണ്ടതെന്നാണ് കഴിഞ്ഞ ശ്ലോകത്തിൽ (ശ്ലോകം 32) കൃഷ്ണൻ പറഞ്ഞു നിർത്തിയത്. സ്മൃതികൾ വിഭാവനം ചെയ്യുന്ന സുഖഭോഗങ്ങളുടെ പറുദീസയായ 'സ്വർഗ്ഗം' എന്ന അശാസ്ത്രീയതയെയും അതുപോലെ തന്നെ യുക്തിസഹമല്ലാത്ത മറ്റു പല മതഭാവനകളെയും പ്രകീർത്തിക്കുന്ന മതഗ്രന്ഥമല്ല ഭഗവത് ഗീത. ഇനി വരും ഭാഗങ്ങളിൽ ഇതൊക്കെ നമ്മൾ പഠിക്കാനിരിക്കുന്നതേയുള്ളൂ. ആ സ്ഥിതിയ്ക്ക് ഇവിടെ 'സ്വർഗ്ഗ' വിഷയത്തെ കൊണ്ടുവന്നിരിക്കുന്നത്, സ്മൃതിഃശാസനങ്ങളെ അന്ധമായി വിശ്വസിക്കുന്ന അർജ്ജുനനും നമ്മെപ്പോലെയുള്ള  സാധാരണ മനുഷ്യർക്കും നന്നായി മനസ്സിലാകുന്ന ഭാഷ അതാണെന്നുള്ള ഗീതാകാരന്റെ ചിന്തയാലാകാം. കുട്ടിക്കാലം മുതലേ നമുക്കെല്ലാം സുപരിചിതമായ പദങ്ങളാണല്ലോ സ്വർഗ്ഗവും നരകവും? തെറ്റ് ചെയ്താൽ പുഴുക്കൾ നിറയുന്ന, ദുർഗന്ധം വമിക്കുന്ന 'നരക'വും, ശരി ചെയ്‌താൽ ദേവനർത്തകികൾ നൃത്തം ചെയ്യുന്ന, സുഗന്ധപൂരിതമായ 'സ്വർഗ്ഗ'വും നമുക്കു ലഭിക്കും എന്നാണല്ലോ നാമെല്ലാവരും പഠിച്ചിരിക്കുന്നത്! സുഖഭോഗങ്ങളിൽ ആകൃഷ്ടനാകുന്ന, ക്ഷത്രിയനായ അർജ്ജുനന്റെ (നമ്മുടെയൊക്കെയും) ഈ മനസ്സ് നന്നായറിയുന്ന കൃഷ്ണൻ, അതുകൊണ്ടാണ് സുഖത്തിന്റെ പറുദീസയെയെക്കുറിച്ചു തന്നെ അർജ്ജുനനെ ഓർമ്മിപ്പിക്കുന്നത്. പക്ഷെ, ബോധപരമായും യുക്തിപരമായും 'സ്വർഗ്ഗ'ത്തെ അറിയാൻ ശ്രമിക്കുമ്പോൾ അത് ആകാശത്തിലെവിടെയോയുള്ള മറ്റൊരു ലോകമല്ലെന്നും സ്വധർമ്മമനുസരിച്ചു, ആത്മാർത്ഥമായി കർമ്മം ചെയ്തു കഴിയുമ്പോൾ ഒരുവനുണ്ടാകുന്ന ആത്മസംതൃപ്തിയുടെയും സമാധാനത്തിന്റെയും സന്തോഷാവസ്ഥയെയാണതു സൂചിപ്പിക്കുന്നതെന്നും മനസ്സിലാകും. സ്വധർമ്മപ്രകാരമല്ലാത്ത കർമ്മത്തിലേർപ്പെടുമ്പോൾ ഒരുവനുണ്ടാകുന്ന അസംതൃപ്തിയും അശാന്തിയും ആത്മസംഘർഷവുമാണ് നരകാവസ്ഥ എന്നത്. അതായത് ക്ഷത്രിയന്റെ സ്വധർമ്മമായ യുദ്ധം ചെയ്യുന്നതിലൂടെ അർജ്ജുനന് ആത്മസംതൃപ്തിയുടെ സ്വർഗ്ഗരാജ്യം തുറന്നു കിട്ടുമെന്നാണ് കൃഷ്ണൻ പറഞ്ഞതിന്റെയർത്ഥം.

അഥ  ചേത്ത്വമിമം ധർമ്യം സംഗ്രാമം ന കരിഷ്യതി
തതഃ സ്വധർമ്മം കീർതിം ച ഹിത്വ പാപമവാപ്സ്യസി  (ശ്ലോകം 33)

(ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കിൽ അതുകാരണം സ്വധർമ്മവും കീർത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടി വരും)

എന്താണീ സ്വധർമ്മം? ഗീത, വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു വാക്കാണിത്. നമ്മളെല്ലാം മനുഷ്യരാണെങ്കിലും ഓരോ മനുഷ്യരുടെയും ചിന്തയും സ്വഭാവവും വ്യത്യസ്തമാണ്. അങ്ങിനെയാണ് നമ്മളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വപ്രകൃതത്തിനനുസരിച്ചായിരിക്കും (വാസനകൾ) ഒരാളിൽ അയാളുടെ താത്പര്യങ്ങൾ ഉടലെടുക്കുക. സ്വാഭാവികമായ പ്രകൃതത്തിസരിച്ചു കർമ്മം ചെയ്താൽ അത് 'സ്വധർമ്മ'മാകും. മറിച്ചാണെങ്കിൽ 'പരധർമ്മ'വും. സ്വധർമ്മത്തിന്റെ ഫലം മഹത്തരവും ആത്മസംതൃപ്തി നൽകുന്നതുമാണെങ്കിൽ 'പരധർമ്മ' പ്രകാരമുള്ള കർമ്മം ഒരുവനിൽ നിരാശയും വെറുപ്പും ഈർഷ്യയുമാകും ജനിപ്പിക്കുന്നത്. അങ്ങിനെ ചെയ്യുന്ന കർമ്മത്തിന്റെ ഫലവും മികച്ചതാകില്ലല്ലോ? ഉദാഹരണത്തിന്, ചരിത്ര വിഷയത്തിൽ അതീവ തല്പരനായ ഒരു വിദ്യാർത്ഥിയെ ഗണിതശാസ്ത്രം പഠിക്കാൻ നിർബന്ധിക്കുന്നു എന്നു വിചാരിക്കുക. ചരിത്രപഠനം ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവനെന്നും ഊർജ്ജ്വസ്വലനും സംതൃപ്തനുമായിരുന്നേനെ. അവനിൽ നിന്നും ആ മേഖലയ്ക്ക് വലിയ സംഭാവനകൾ തന്നെ ഉണ്ടാകാമായിരുന്നു. പക്ഷേ പരധർമ്മമായ ഗണിതശാസ്ത്രപഠനത്തിനു  പോകുക വഴി അവൻ എന്നും അസംതൃപ്തനും നിരുത്സാഹിയും ആയി കാണപ്പെടും. വയറ്റുപ്പിഴപ്പിനായി വല്ലതുമൊക്കെ ചെയ്തു ജീവിക്കും എന്നല്ലാതെ അവനെക്കൊണ്ടു ഗണിതശാസ്ത്രത്തിനു പ്രത്യേകിച്ചു സംഭാവനകൾ ഒന്നും ഉണ്ടാകാനും ഇടയില്ല. ചിത്രകാരനാകാൻ ആഗ്രഹിക്കുന്ന മകനെ നിർബന്ധിച്ചു ഡോക്ടറാക്കിയാലും കാരുണ്യ ഹൃദയമുള്ളവനെ ക്രൂരപ്രവൃത്തിക്കു പ്രേരിപ്പിച്ചാലും സ്വധർമ്മ വിരുദ്ധമാകയാൽ ഇത് തന്നെയാകും ഫലം. ക്ഷാത്രമായ സംസ്കാരങ്ങൾ ഉള്ളവനാണ് അർജ്ജുനൻ. സാഹസങ്ങൾ ചെയ്യാനുള്ള ധൈര്യം, സ്ഥാനമാനങ്ങൾക്കുള്ള ആഗ്രഹം തുടങ്ങിയവ ക്ഷത്രിയ ധർമ്മങ്ങളത്രെ. ക്ഷത്രിയധർമ്മമാണ് അർജ്ജുനന്റെ സ്വധർമ്മം. രാജ്യരക്ഷയും പ്രജാരക്ഷയും ക്ഷത്രിയനായ അർജ്ജുനന്റെ ധർമ്മമാണ്. അതിനായി വേണ്ടി വരുന്ന യുദ്ധം ചെയ്യേണ്ടുന്നതയാളുടെ ധർമ്മമാണ്. പക്ഷെ ആ സ്വധർമ്മത്തിനോട് പിന്തിരിഞ്ഞു നിന്നാൽ, അർജ്ജുനൻ മറ്റാരുടെയോ ധർമ്മം (പരധർമ്മം) ആചരിക്കുന്നതിനു തുല്യമാകും അത്. ഇതു പാപമാണെന്നാണ് ഭഗവൻ പറയുന്നത്.


സ്വർഗ്ഗ-നരകങ്ങൾ പോലെയാണീ പുണ്യപാപങ്ങളും. ഒരു കർമ്മത്തിന്റെ ശരിയും തെറ്റും നിശ്ചയിക്കുന്നത് ആ കർമ്മം ചെയ്യുന്ന പ്രദേശത്തു നിലനിൽക്കുന്ന നിയമവ്യവസ്ഥകളാണ്. ഒരു മൃഗത്തിനെ വിനോദത്തിനായി കൊല്ലുന്നത്‌ തെറ്റാണെങ്കിൽ, പ്രാണരക്ഷാർത്ഥമായാണത് ചെയ്യുന്നതെങ്കിൽ അത് ശരിയാണ്. തീവ്രവാദിയെയാണെങ്കിലും സാധാരണക്കാരൻ കൊന്നാൽ അതു തെറ്റും അതിനു നിയുക്തനായ പട്ടാളക്കാരൻ ചെയ്‌താൽ അതു ശരിയുമാണ്. നിയമവ്യവസ്ഥ,  ഭൗതിക ലോകത്തു  തെറ്റും ശെരിയും നിർണ്ണയിക്കുന്നതുപോലെ  ധർമ്മശാസ്ത്രങ്ങൾ  ആത്മീയമണ്ഡലത്തിലെ പാപവും പുണ്യവും നിർണ്ണയിച്ചിരിക്കുന്നു. സ്വധർമ്മപ്രകാരമുള്ള കർമ്മങ്ങൾ വ്യക്തിക്കും ലോകത്തിനും ഗുണകരമാകുമെന്നതിനാൽ അത് പുണ്യവും മറിച്ചുള്ളത് പാപവുമാണെന്നു ചിന്തിച്ചിരിക്കുന്നു. ആയതിനാൽ യുദ്ധത്തിൽ നിന്നുള്ള ഒളിച്ചോട്ടം അർജ്ജുനന് പാപകരമാകുന്നു. മനുഷ്യർ സൃഷ്ടിച്ചു നടപ്പിൽ വരുത്തിയിട്ടുള്ള ഇവ്വിധ നിയന്ത്രണങ്ങൾ സ്ഥലകാലങ്ങൾക്കനുസരിച്ചു മാറ്റമുണ്ടാകുന്നവയും തികച്ചും അപേക്ഷികവുമാണെങ്കിലും അതിൽ പലതും സമൂഹത്തിന്റെ കെട്ടുറപ്പിനുവേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണെന്നു  മനസ്സിലാക്കാവുന്നതാണ്.

അകീർതിം ചാപി ഭൂതാനി കഥയിഷ്യന്തി തേവ്യയം
സംഭാവിതസ്യ ചാകീർത്തിർമരണാദതരിച്യതേ   (ശ്ലോകം 34)

(തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്ക്കീർത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്ക്കീർത്തി മരണത്തെക്കാൾ അത്യധികം കഷ്ടമാണ്)

ഭയാദ്രണാദ്രുപരതം മാംസ്യന്തേ ത്വാം മഹാരഥാം
യേഷാ  ചാ ത്വം ബഹുമതോ ഭൂത്‌വാ യാസ്യസി ലാഘവം   (ശ്ലോകം 35)

(ഭയം കൊണ്ടു യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാർ നിന്നെ കണക്കാക്കും. അവർക്കെല്ലാം ബഹുമാന്യനായിരിക്കുന്ന നീ അങ്ങിനെ നിസ്സാരനായിത്തീരും)

അവാച്യവാദാoശ്ച ബഹൂന്വദിഷ്യന്തി തവാഹിതാ:
നിന്തസ്തവ സാമർഥ്യം താതോ ദുഖതരം നു കിം   (ശ്ലോകം 36)

(നിന്റെ ശത്രുക്കൾ നിന്റെ സാമർഥ്യത്തെ നിന്ദിച്ചുകൊണ്ട് വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാൾ കൂടുതൽ ദുഃഖ:കാര്യമായി എന്തുണ്ട്?)

അർജ്ജുനനെ യുദ്ധോൽത്സുകനാക്കാൻ കൃഷ്ണൻ പല വഴികളും നോക്കുകയാണ്. ആദ്യം, വേദാന്തതത്വചിന്തകളുടെ അടിസ്ഥാനത്തിൽ ഉപദേശിച്ചു നോക്കി. ഇപ്പോൾ പറയുന്നതെല്ലാം വൈകാരിക തലത്തിലുള്ള സാധാരണ ലോകവിഷയങ്ങളാണ്. അഭിമാനിയായ ക്ഷത്രിയവീരനാണ്‌ അർജ്ജുനനെന്നു കൃഷ്ണനറിയാം. അഭിമാനത്തിന് ക്ഷതമേൽക്കുക എന്നത്, അഭിമാനിക്ക് മരണത്തെക്കാൾ ഭയാനകമാണ്. അർജ്ജുനന്റെ ഈ അഭിമാനബോധത്തിലാണ് കൃഷ്ണൻ ഇപ്പോൾ പിടിമുറുക്കുന്നത്‌. അർജ്ജുനൻ ഒരു സാധാരണ ക്ഷത്രിയ യോദ്ധാവല്ല; സാക്ഷാൽ പരമശിവനോടു പോലും യുദ്ധം ചെയ്തു പ്രസാദിപ്പിച്ചു പാശുപതാസ്ത്രം നേടിയ വീരനാണ്. മഹാരഥന്മാർ പോലും അർജ്ജുനനെ ബഹുമാനത്തോടെയാണ് കാണുന്നത്. പക്ഷേ യുദ്ധം ചെയ്യാൻ മടികാണിച്ചാൽ ഇവർക്ക് അർജ്ജുനനോടുള്ള ബഹുമാനം  ഇല്ലാതാകും. അർജ്ജുനാ, യുദ്ധത്തിനെ പേടിച്ചു ഓടിപ്പോയ ഭീരുവാണു നീയെന്നേ ഇവരെല്ലാം പറയൂ. യുദ്ധത്തിനെതിരായി നീയിപ്പോൾ പറയുന്ന അഹിംസാവാദത്തിനൊന്നും ഒരു വിലയും ലോകം കല്പിക്കില്ല. യുദ്ധക്കളത്തിൽ അഹിംസ പ്രസംഗിക്കയല്ല, യുദ്ധം ചെയ്യുകയാണ് ക്ഷത്രിയന്റെ ധർമ്മം എന്നാർക്കാണ് അറിയാത്തത്?  അർജ്ജുനാ,  നീ യുദ്ധം ചെയ്യില്ലെങ്കിൽ ഇതുവരെ നിന്റെ സാമർഥ്യത്തെ പുകഴ്ത്തിപ്പാടിയവരൊക്കെ നിന്നെ നിന്ദിച്ചു സംസാരിക്കാൻ തുടങ്ങും. നിന്റെ ശത്രുക്കൾക്കു നിന്നെ നിന്ദിക്കാൻ നല്ലൊരവസരമാകും ഇത്. വില്ലാളിവീരനായ നിനക്ക് ഇതിൽപ്പരം നാണക്കേട് എന്തുണ്ടാകാനാണ്?

ഹതോ വാ പ്രാപ്സ്യസി സ്വർഗ്ഗം ജിത്‌വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൗന്തേയഃ യുദ്ധായ കൃത്യനിശ്ചയഃ

(മരിച്ചാൽ സ്വർഗ്ഗം നേടാo, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അർജ്ജുനാ, യുദ്ധത്തിനു നിശ്ചയിച്ചു നീ എഴുന്നേൽക്ക്‌)  

അർജ്ജുനാ, യുദ്ധത്തിൽ നീ മരിക്കുകയാണെങ്കിൽ നിന്നെ കാത്തിരിക്കുന്നത് വീരസ്വർഗ്ഗമാണ്. വീരന്മാർക്കായി പ്രത്യേക സ്വർഗ്ഗരാജ്യമുണ്ടെന്നൊന്നും നാം ചിന്തിക്കേണ്ടതില്ല: മുൻപ് പറഞ്ഞതുപോലെ, സ്വധർമ്മം അനുഷ്ഠിച്ചു മരിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി എന്ന അവസ്ഥയെയാണ് ഈ വിശേഷണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നു കരുതാം.  ഇനി യുദ്ധത്തിൽ ജയിക്കുകയാണെങ്കിലോ, രാജ്യവും അതിലെ സകല സമ്പത്തും അനുഭവിക്കാൻ നിനക്ക് കഴിയുകയും ചെയ്യും. അതായത് യുദ്ധത്തിൽ ജയിച്ചാലും തോറ്റു പരലോകം പ്രാപിച്ചാലും അർജ്ജുനന് നഷ്ടപ്പെടാനൊന്നുമില്ല, നേടാനേയുള്ളൂ എന്നാണ് കൃഷ്ണൻ സമർത്ഥിക്കുന്നത്. അതിനാൽ  ഈ മൗഢ്യം നിനക്ക് ചേർന്നതല്ല. നീ ക്ഷത്രിയനാണ്, നിനക്ക് ബാധ്യസ്ഥമായതും കീർത്തിയും ആദരവും ലഭിക്കുന്നതുമായ നിൻറെ സ്വധർമ്മം നിർവഹിക്കാൻ തയ്യാറാകൂ. ഉണരൂ അർജ്ജുനാ!

കൃഷ്ണൻ ഇപ്പറയുന്നത് അർജ്ജുനനോടു മാത്രമല്ല, നമ്മൾ ഓരോരുത്തരോടും കൂടിയാണെന്നു ചിന്തിക്കുമ്പോൾ ഭഗവത് ഗീതയുടെ കാലികപ്രസക്തി ഏറും. 

Friday, January 20, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 11)

ആശ്ചര്യവത് പശ്യതി കശ്ചിദേനം 
ആശ്ചര്യവത് വദതി തഥൈവ ചാന്യ: 
ആശ്ചര്യവചൈനമന്യ: ശൃണോതി 
ശൃത്വപ്യേനം വേദ ന  ചൈവ കശ്ചിത്  (ശ്ലോകം: 2 :29) 

(ഒരുവൻ ഈ ആത്മാവിനെ ഒരാശ്ചര്യവസ്തുപോലെ കാണുന്നു. അപ്രകാരം തന്നെ മറ്റൊരുവൻ ഈ ആത്മാവിനെ ഒരാശ്ചര്യവസ്തുപോലെ പറയുന്നു. വേറൊരുവൻ ഈ ആത്മാവിനെ ഒരാശ്ചര്യവസ്തുവെന്നപോലെ കേൾക്കുന്നു. കേട്ടാലും (കണ്ടാലും, പറഞ്ഞാലും) ആരും തന്നെ ആത്മാവിനെ സൂക്ഷ്മമായി അറിയുന്നില്ല.

നമുക്കു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു വസ്തുവിനെ, അല്ലെങ്കിൽ ഒരു പ്രകടനത്തെ, യദൃശ്ചയാ കാണുമ്പോഴാണ് നമ്മിൽ ആശ്ചര്യം എന്ന വികാരം ജനിക്കുന്നത്. ആത്മാവിനെക്കുറിച്ചു നമ്മൾ ധാരാളം ചർച്ച ചെയ്തു കഴിഞ്ഞു. ഇന്ദ്രിയങ്ങളെ പ്രവർത്തനക്ഷമമാക്കുന്ന ആത്മാവിനെ ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നതല്ല എന്ന് നാം കണ്ടു കഴിഞ്ഞു. അപ്പോൾ പിന്നെ "ആത്മാവിനെ ഒരാശ്ചര്യവസ്തുപോലെ കാണുന്നു" എന്ന് പറയുന്നതിന്റെ താത്പര്യം എന്താണ്? 'കാണുന്നു' എന്നിവിടെ പറഞ്ഞിരിക്കുന്നതിനെ 'ചിന്തിക്കുന്നു' എന്നു കരുതിയാൽപ്പോലും ആത്മാവിനാൽ മാത്രം സചേതനമാകുന്ന മനസ്സുകൊണ്ടുള്ള ഈ 'ചിന്ത'യ്ക്കും അതീതനാണ് ആത്മാവെന്നു നേരത്തെ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് (ശ്ലോകം 25) അതും ശരിയാകില്ല. ചുരുക്കത്തിൽ ഇന്ദ്രിയാതീതനായ, കാഴ്ചക്കും കേൾവിക്കും വാക്കിനുമൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത ആത്മാവ് എന്ന് നേരത്തെ പറഞ്ഞത് മറ്റൊരു വിധത്തിൽ ഇവിടെ പറയുന്നുവെന്നേയുള്ളൂ എന്നു കരുതാം. ആത്മസാക്ഷാത്ക്കാരം നേടിയിട്ടുള്ള തത്വദർശികൾ ആത്മമഹിമയെ പുരാണേതിഹാസങ്ങളിൽ വർണ്ണിക്കുന്നുണ്ട്. ശരീരാദ്യുപാധികളുടെ പിടിയിൽ നിന്നും വിട്ടകന്ന് പൂർണ്ണസ്വതന്ത്രനായി ആത്മചൈതന്യത്തെ അനുഭവിച്ചിട്ടുള്ള ആ മഹാത്‌മാക്കൾക്കുണ്ടായ ആശ്ചര്യമാകാം അവർ പങ്കുവച്ചിരിക്കുന്നത്. പക്ഷേ അതെല്ലാം തന്നെ സാധാരണ ജനങ്ങളുടെ ചിന്തക്കതീതമായ കാര്യങ്ങളാണ്. അങ്ങിനെ നമ്മുടെ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഒന്നും കൊണ്ട് ഗ്രഹിക്കാൻ കഴിയാത്ത ഒരു വസ്തുവിനെ ആശ്ചര്യത്തോടെയല്ലാതെ പിന്നെയെങ്ങിനെയാണ് നോക്കിക്കാണാൻ നമുക്കു കഴിയുക? അതേപ്പറ്റി ആശ്ചര്യത്തോടെയല്ലാതെ എങ്ങിനെയാണ് കേൾക്കാൻ കഴിയുക? പറയാൻ കഴിയുക? 'കുരുടൻ ആനയെ കാണുന്ന' പോലെ മനുഷ്യർ ആത്മാവിനെയും 'കാണുന്നു'വെന്നു മാത്രം. തന്റെ അറിവിന്റെ ഉപകരണങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന ആ പൂർണ്ണവസ്തു, അപൂർണ്ണനായ മനുഷ്യനിൽ ആശ്ചര്യം ജനിപ്പിച്ചില്ലെങ്കിലല്ലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ!   

ദേഹീ നിത്യമവധ്യോയം ദേഹേ സർവസ്യ ഭാരത:
തസ്മാത്സർവ്വാണി ഭൂതാനി ന ത്വം ശോചിതുമർഹസി  (ശ്ലോകം: 2:30)

(അർജ്ജുനാ, എല്ലാവരുടെയും ദേഹത്തിലുള്ള ഈ ദേഹി വധിക്കപ്പെടത്തക്കവനല്ല. അതുകൊണ്ടു യാതൊരു പ്രാണിയെപ്പറ്റിയും നീ വ്യസനിക്കേണ്ടതില്ല)


അർജ്ജുനന്റെ വിഷാദചിന്തകൾക്കുള്ള പരിഹാരമാർഗ്ഗമായി, 11-)o ശ്ലോകത്തിൽ തുടങ്ങിയ താത്വികമായ ഉപദേശങ്ങളെ കൃഷ്ണൻ ഈ 30-)o ശ്ലോകത്തോടു കൂടി ഉപസംഹരിക്കുകയാണ്. ജഡ വസ്തുക്കളായ ശരീര-മനോ-ബുദ്ധികളല്ല; ഇവയെയൊക്കെ തന്നെ പ്രവർത്തനക്ഷമമാക്കുന്ന നിത്യനായ ആത്മാവാണ് മനുഷ്യരെന്നും എല്ലാ ജീവജാലങ്ങളിലും കുടി കൊള്ളുന്നത് ഈ ആത്മാവ് തന്നെയാണെന്നും ആത്മാവിന്റെ കേവലമായ ആവരണം മാത്രമാണ് ജഢമായ ശരീരമെന്നും സദ് വസ്തുവായ ആത്മാവിനെ ഒന്നിനും തന്നെ നശിപ്പിക്കാൻ കഴിയില്ല എന്നും നേരത്തെ പറഞ്ഞത് "ആയതിനാൽ  ഒരു പ്രാണിയെയും നശിപ്പിക്കാൻ ആർക്കും തന്നെ കഴിയില്ലെന്നും അതുകൊണ്ട് ഭീക്ഷ്‌മ-ദ്രോണർ തുടങ്ങി താഴേക്കിടയിലുള്ള യാതൊരു പ്രാണിയുടെയും ജീവനെക്കുറിച്ചോർത്തു അർജ്ജുനൻ വ്യസനിക്കേണ്ടതില്ലെന്നും" പറഞ്ഞുകൊണ്ട് കൃഷ്ണൻ ഉപസംഹരിക്കുകയാണീ ശ്ലോകത്തിൽ. 

ആത്മാവിന്റെ മേൽപ്പറഞ്ഞ സവിശേഷതകൾ കാരണം ബന്ധുജനങ്ങളെ കൊല്ലേണ്ടിവരും എന്ന അർജ്ജുനന്റെ ചിന്ത ആസ്ഥാനത്താണെന്നും, ആയതിനാൽ തന്നെ ശങ്ക കൂടാതെ ബാധ്യസ്ഥമായ യുദ്ധം ചെയ്തോളൂ എന്നും കൃഷ്ണൻ ഉപദേശിച്ചു കഴിഞ്ഞു. താത്വിക തലത്തിലുള്ള ഈ ഉപദേശം കൊണ്ട് അർജ്ജുനൻറെ വിഷാദചിത്തത്തിനിളക്കം വരുന്നില്ലെന്നു കണ്ടതിനാലാകാം,  കൃഷ്ണൻ ഇടയ്ക്കൊന്നു താഴോട്ടിറങ്ങി, ഭൗതികതലത്തിലേക്കും ഉപദേശത്തെ കൊണ്ടുപോയി; ജനിച്ചാൽ മരിക്കും എന്ന എല്ലാവർക്കു അറിയാവുന്ന സത്യത്തിൽ വിശ്വസിച്ചാലും അർജ്ജുനന് ദു:ഖിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു നോക്കി. എന്നിട്ടും അർജ്ജുനനിളക്കം വരുന്നില്ലെന്നു തോന്നുന്നു. കർത്തവ്യവിമുഖതയിൽ ഉറച്ചു നിൽക്കുന്ന അർജ്ജുനനെ (എല്ലാ മനുഷ്യരെയും) മറിച്ചു ചിന്തിപ്പിക്കാനായി കൃഷ്ണൻ ഇനി മറ്റു വഴികളിലൂടെയുള്ള  ഉപദേശം തുടരുകയാണ്. അർജ്ജുന വിഷാദത്തിനുള്ള പരിഹാരമായി പ്രശ്നത്തെ ആദ്യം വേദാന്തതത്വചിന്തയുടെ ഔന്നിത്യത്തിൽ വീക്ഷിച്ച കൃഷ്ണൻ അവിടെ നിന്നും ഭൗതിക തലത്തിലേക്കും പിന്നെ അവിടവും വിട്ട് സാധാരണ മനുഷ്യരുടെ ചിന്താതലത്തിലേക്കും ഇറങ്ങി വരുന്നതായാണ് കാണുന്നത്. തികച്ചും പ്രയോഗികമായതും ആർക്കും എളുപ്പം മനസ്സിലാക്കാവുന്നതുമായ ഭാഷയിലാണിനി ഭഗവാൻ സംസാരിക്കുന്നത്.

 സ്വധർമ്മമപി ചാവേക്ഷ്യ ന വികമ്പിതുമർഹസി 
 ധർമ്മാദ്ധി യുദ്ധാത് ശ്രേയോന്യത് ക്ഷതിയസ്യ ന വിദ്യതേ (ശ്ലോകം: 2 :31)

(സ്വധർമ്മത്തെക്കുറിച്ചു ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാൽ ക്ഷത്രിയന് ധർമ്മ്യമായ യുദ്ധത്തിനെക്കാൾ ശ്രേയസ്‌ക്കരമായി മറ്റൊന്നുമില്ല)

യദൃച്ഛയാ ചോപപന്നം സ്വർഗ്ഗദ്വാരമപാവൃതം 
സുഖിനഃ ക്ഷത്രിയാഃ ലഭന്തേ യുദ്ധമീദൃശം  (ശ്ലോകം: 2 :32) 

(ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നു കിട്ടിയ സ്വർഗ്ഗവാതിൽ പോലെയാണ്. ഹേ, അർജ്ജുനാ, ഭാഗ്യവാന്മാരായ ക്ഷത്രിയർക്കു മാത്രമാണ് ഈ വിധത്തിലുള്ള യുദ്ധം ലഭിക്കുന്നത്) 

അർജ്ജുനാ, ഇനി സ്വധർമ്മത്തെക്കുറിച്ചാലോചിച്ചാലും നിനക്കിങ്ങനെയൊരു ദുഖത്തിന് കാരണമില്ല. നീ ക്ഷത്രിയനാണ്. രാജ്യരക്ഷയും പ്രജാരക്ഷയും ക്ഷത്രിയധർമ്മമാണ്. അതിനായി വേണ്ടിവരുന്ന യുദ്ധത്തിനേക്കാൾ ശ്രേയസ്കരമായി മറ്റെന്താണ് ക്ഷത്രിയനുള്ളത്? ഒന്നും തന്നെയില്ല. എല്ലാ യുദ്ധങ്ങളും ധർമ്മസംസ്ഥാപനത്തിനു വേണ്ടിയുള്ളതായിരിക്കില്ല. അധികാരത്തിനും പകപോക്കലിനുമൊക്കെയാണ് പലപ്പോഴും യുദ്ധങ്ങൾ നടക്കുന്നത്. പക്ഷെ ഈ യുദ്ധം അങ്ങിനെയുള്ളതല്ല, അധർമ്മത്തെ തോൽപ്പിച്ചു, ധർമ്മത്തെ പുനഃ സ്ഥാപിക്കാനായി നടക്കുന്ന ഒരു മഹായുദ്ധമാണിത്. അധാർമ്മിക പ്രവർത്തികളിലൂടെ മാതൃരാജ്യത്തിന്റെ ക്ഷേമവും സമാധാനവും നശിപ്പിച്ചു, അതിന്റെ യശസ്സിനു കളങ്കമേൽപ്പിക്കുകയാണ് കൗരവർ ചെയ്തത്. ആ അധാർമ്മികതയോട് പൊരുതി രാജ്യത്തെ രക്ഷിക്കാൻ നിനക്ക് കിട്ടുന്ന മഹാഭാഗ്യമാണീ യുദ്ധം. സാധാരണ ക്ഷത്രിയയോദ്ധാക്കളോടല്ല, നിന്നെപ്പോലെ തന്നെ വീരശൂരപരാക്രമികളായ അനേകം ക്ഷത്രിയവീരന്മാരോടാണ് നീ ഈ ധർമ്മയുദ്ധത്തിൽ പൊരുതി ജയിക്കാൻ പോകുന്നത്. മഹാഭാഗ്യവാനായ ഒരു ക്ഷത്രിയന് മാത്രമേ ഇതുപോലൊരു യുദ്ധം ചെയ്യാനുള്ള ഭാഗ്യം സിദ്ധിക്കൂ. പ്രത്യേകിച്ച് പരിശ്രമമൊന്നും കൂടാതെ, അപ്രതീക്ഷിതമായി, സ്വർഗ്ഗവാതിൽ മുൻപിൽ തുറക്കപ്പെടുകയാണെങ്കിൽ മനുഷ്യർക്ക് എത്ര സന്തോഷമാകും ഉണ്ടാവുക? അതുപോലെയുള്ള സന്തോഷമാണ് ഈ യുദ്ധം നിന്നിലും ഉളവാക്കേണ്ടത്; അല്ലാതെ നീയിപ്പോൾ കാണിക്കുന്ന ഈ മൗഢ്യവും കർത്തവ്യവിമുഖതയുമല്ല. ഇതു മനസ്സിലാക്കാതെ, ബാധ്യസ്ഥമായ ഈ ധാർമ്മിക യുദ്ധത്തിനോട് നീ മുഖം തിരിച്ചു നിന്നാൽ  നിനക്കെന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാമോ?

എന്തായിരിക്കും അത്? പറയാം, അടുത്തയാഴ്ചയാട്ടെ ! 

(കമ്പ്യൂട്ടറിൽ എഴുതുന്ന ഗീതാ ശ്ലോകങ്ങളിൽ അക്ഷരപ്പിശകുകൾ ഉണ്ടാകാം. അക്ഷരത്തെറ്റ് കൂടാതെ ശ്ലോകങ്ങളെ പഠിക്കാനായി എല്ലാവരും ഏതെങ്കിലും ഗീതാ ഗ്രന്ഥത്തെ ആശ്രയിക്കണം എന്നഭ്യർത്ഥിക്കുന്നു)  

Friday, January 13, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 10)

രണ്ടാം അദ്ധ്യായത്തിലെ നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ആത്മവിഷയത്തിൻറെ മിക്ക വ്യാഖ്യാനങ്ങളിലും പ്രകടമായി കണ്ട ഒരവ്യക്തതയാണ് കഴിഞ്ഞ ഭാഗത്തിൽ രണ്ടു മൂന്നു ചോദ്യങ്ങളായി ഞാൻ അവതരിപ്പിച്ചത്. പണ്ഡിതാഗ്രേസരനായ ഒരു ഗീതാവ്യാഖ്യാതാവ്, അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇക്കാര്യം പരാമർശിച്ചതു കണ്ടപ്പോൾ അതിൽ കാര്യമുണ്ടെന്നു തോന്നി ഞാനത് ആത്മവിഷയകുതുകികളുടെ (സാധാരണക്കാരുടെയല്ല) ശ്രദ്ധയിലേക്കായി എഴുതിയതാണ്. ചിലരെങ്കിലും അത് ശ്രദ്ധിച്ചിട്ടുണ്ടാകും എന്ന വിശ്വാസത്തോടെ നമുക്ക്  ഗീതാപഠനം തുടരാം.
 
അവ്യക്ത്യോയമചിന്ത്യോയമവികാര്യോയമുച്യതേ 
തസ്മാദേവം വിദിത്വയിനം നാനുശോചിതുമർഹസി (ശ്ലോകം 2:25)  

(ഇവൻ (ഈ ആത്മാവ്) ഇന്ദ്രിയങ്ങൾക്കും മനസ്സിനും അഗോചരനും മാറ്റമില്ലാത്തവനുമാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഇങ്ങനെയുള്ളവനായി ഇവനെ അറിഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക).

ആത്മാവാണ് ഇന്ദ്രിയങ്ങളെ  പ്രവർത്തനക്ഷമമാക്കുന്നതെന്നും അതിനാൽ തന്നെ ആത്മാവിനെ കാണാൻ ഇന്ദ്രിയങ്ങൾക്കാവില്ലെന്നും മുൻപും നമ്മൾ കണ്ടതാണ്. ഒരു ടെലിസ്കോപ്പിൽ കൂടി നോക്കിയാൽ വെളിയിലുള്ള വസ്തുക്കളെയെല്ലാം കാണാൻ കഴിയുമെങ്കിലും അതിലൂടെ നോക്കുന്ന ആളിനെ കാണാൻ കഴിയില്ലല്ലോ? ഇതുപോലെയാണ് ആത്മാവിന്റെയും കാര്യം. ജഢമായ കണ്ണുകൾക്ക് കാണാനുള്ള ശക്തി നൽകുന്ന ആത്മാവിനെ കണ്ണുകൾക്കു കാണാൻ കഴിയില്ല. ആത്മാവ് മാറ്റമില്ലാത്തവൻ അല്ലെങ്കിൽ സ്ഥിരസ്വഭാവനാണ് എന്നതും നമ്മൾ മുൻപു വിശദമായി പഠിച്ചിട്ടുള്ളതാണ്. 11-)o ശ്ലോകം മുതൽ വർണ്ണിക്കുന്ന ആത്മവിഷയത്തിൽ ആത്മാവിന്റെ പ്രത്യേകതകളെ കൃഷ്ണൻ ആവർത്തിച്ചാവർത്തിച്ചു പറയുന്നതായി കാണാം. അർജ്ജുനന്റെ മനസ്സിൽ ഈ വിഷയജ്ഞാനം ഉറയ്ക്കുന്നതിനുവേണ്ടിയാകാം കൃഷ്ണനിങ്ങനെ ചെയ്യുന്നത്. എല്ലാ ശരീരങ്ങളിലും ഒരേ ആത്മാവ് തന്നെയാണുള്ളതെന്നും അതിനെ നശിപ്പിക്കാൻ ആരാലും കഴിയില്ലെന്നതിനാൽ നീ ആരെയെങ്കിലും കൊല്ലുന്നു എന്ന തോന്നൽ ശരിയല്ലെന്നും അതുകൊണ്ടു തന്നെ ബാധ്യസ്ഥമായ യുദ്ധം ചെയ്യുന്നതിൽ മടിക്കേണ്ടതില്ലെന്നും കൃഷ്ണൻ വളരെ ഗംഭീരമായി അർജ്ജുനനെ ഉപദേശിച്ചു കഴിഞ്ഞു. പക്ഷേ, താത്വികമായ ഈ ഉപദേശം കൊണ്ടൊന്നും അകലുന്നതായിരുന്നില്ല അർജ്ജുനന്റെ വ്യഥകൾ. താത്വികതലത്തിലുള്ള ഉപദേശങ്ങളെ ബുദ്ധിപൂർവ്വകമായി വിചിന്തനം ചെയ്തു തീരുമാനം എടുക്കാനുള്ള മാനസികാവസ്ഥയിലല്ല അർജ്ജുനനിപ്പോൾ. അതിനാൽ കൃഷ്ണൻ താത്വിക തലം വിട്ടു, അർജ്ജുനനു കുറേക്കൂടി എളുപ്പം മനസ്സിലാക്കാവുന്നതും സ്വീകാര്യമായേക്കാവുന്നതുമായ, പ്രായോഗിക തലത്തിലേക്ക് ഇറങ്ങിവരുന്നതായാണ് ഇനി നമ്മൾ കാണുന്നത്. അതായത്, താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളെയൊക്കെ സാധാരണ മനുഷ്യർ എങ്ങിനെയാണോ കാണുന്നതും മനസ്സിലാക്കുന്നതും, ആ തലത്തിൽ നിന്നു കൊണ്ട് അർജ്ജുനനെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാനാണ് കൃഷ്ണന്റെ ഇനിയുള്ള ശ്രമം. മുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, അർജ്ജുനനോട് മാത്രമല്ല, നമുക്കൊക്കെ മനസ്സിലാകുന്ന ഭാഷയിൽ, നമ്മളോരോരുത്തരോടും കൂടിയാണ് കൃഷ്ണൻ ഇപ്പറയുന്നത്.      


അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം 
തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമർഹസി (ശ്ലോകം 2:26)

(കൈയ്യൂക്കുള്ളവനേ, ഇനി ഇവനെ നിത്യം ജനിക്കുന്നവനും നിത്യം മരിക്കുന്നവനുമായി നീ വിചാരിക്കുന്നുവെങ്കിൽ തന്നെയും നീ ഇവനെക്കുറിച്ചു ദുഖിക്കേണ്ടതില്ല) 

ജാതസ്യ ഹി ധ്രുവോ മൃത്യുർധ്രുവം ജന്മമൃതസ്യ ച
തസ്മാദപരിഹാരരേർഥേ  ന തം ശോചിതുമർഹസി (ശ്ലോകം 2:27)

(ജനിച്ചവന് മരണം നിശ്ചിതമാണ്, മരിച്ചവനു ജനനവും. അതുകൊണ്ടു പരിഹാരമില്ലാത്ത കാര്യത്തിന് നീ ദുഖിക്കുന്നത് ഉചിതമല്ല).

അർജ്ജുനാ, ഞാനിതുവരെ പറഞ്ഞ ആത്മതത്വത്തിലൊന്നും നിനക്കു വിശ്വാസം വരുന്നില്ലെങ്കിൽ വേണ്ട, അത് വിട്ടേക്ക്. ആത്മാവ് നിത്യനും നാശരഹിതനും ആണെന്നു ഞാൻ പറഞ്ഞത് ഉൾക്കൊള്ളാൻ വിഷമമുണ്ടെങ്കിൽ ശരീരം ജനിക്കുമ്പോൾ ആത്മാവും ജനിക്കുന്നുവെന്നും ശരീരം മരിയ്ക്കുമ്പോൾ ആത്മാവും മരിയ്ക്കുന്നുവെന്നും തന്നെ നീ ചിന്തിച്ചോളൂ. ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാൻ കഴിയുന്നത് മാത്രമാണ് സത്യം എന്ന ചിന്തയിൽ ജീവിക്കുന്ന സാധാരണ മനുഷ്യരെല്ലാം ഇങ്ങിനെയാണല്ലോ ചിന്തിക്കുന്നത്? ആത്മാവ് ശരീരത്തോടൊപ്പം ജനിക്കുകയും ശരീരത്തോടൊപ്പം മരിക്കുകയും വീണ്ടും ഈ ജനനമരണചക്രങ്ങളിലൂടെ ഇവിടെ വരികയും പോകയും ചെയ്യുകയാണെന്നു ചിന്തിച്ചാലും അതിന്റെയർത്ഥം ആത്മാവ് നശിക്കാതെ ഇവിടൊക്കെത്തന്നെയുണ്ട് എന്നല്ലേ? ഇങ്ങിനെ ചിന്തിച്ചാലും നീ ആരെയും, ഒരിയ്ക്കലും തിരിച്ചു വരാൻ കഴിയാത്തവിധം, കൊല്ലുന്നില്ല എന്നതല്ലേ സത്യം? ജനിച്ചവനു മരണമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലല്ലോ? നിന്റെ ശതുക്കളായി ഇവിടെ നിൽക്കുന്നവരെല്ലാം ഇന്നല്ലെങ്കിൽ നാളെ മരിക്കേണ്ടവർ തന്നെയല്ലേ? ഇങ്ങിനെ ചിന്തിച്ചാലും നിന്റെ ദുഖത്തിന് ഒരു കാരണവുമില്ലല്ലോ? നിരാശനായി നിൽക്കുന്ന അർജ്ജുനനിൽ ആത്മവിശ്വാസം ഉണർത്താനുദ്ദേശിച്ചാണ്  കൃഷ്ണൻ  'മഹാബാഹോ' (കൈയ്യൂക്കുള്ളവനേ) എന്ന് അർജ്ജുനനെ ഇവിടെ അഭിസംബോധന ചെയ്തിരിക്കുന്നത്.

ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. ആകെ മൊത്തം നിരാശനായി, തളർന്നു നിൽക്കുന്ന അർജ്ജുനനോട് (അല്ലെങ്കിൽ സാധാരണ മനുഷ്യരായ നമ്മളോട്) വലിയ തത്വവിഷയങ്ങളൊക്കെ പറഞ്ഞു മനസ്സ് മാറ്റാൻ ശ്രമിച്ചാൽ അത് നടക്കുന്ന കാര്യമല്ലെന്ന് കൃഷ്ണനറിയാം. പിന്നെന്തിനാണ് കൃഷ്ണൻ ആദ്യം തന്നെ വളരെ ഗഹനവും ചിന്തനീയവുമായ ആത്മവിഷയം അർജ്ജുനനോട് ഉപദേശിച്ചത്? ഒരു പക്ഷെ, ആത്യന്തികമായി എല്ലാവരും മനസ്സിലാക്കേണ്ട കാര്യം അതാണെന്നും 'അർജ്ജുന (മനുഷ്യ) വിഷാദ' ത്തിനുള്ള ശാശ്വതപരിഹാരം ആത്മജ്ഞാനം ഒന്നു മാത്രമാണെന്നും ഗീതാകാരൻ ആദ്യം തന്നെ പറഞ്ഞുവക്കുന്നതാകാം. നേടേണ്ടതെന്താണെന്ന് ആദ്യം തന്നെ പറഞ്ഞിട്ട്, അതെങ്ങിനെ നേടാനാവും എന്നു വിശദമായി പറഞ്ഞുതരുന്ന രീതിയാണ്‌ ഗീതയുടേത്. താനാരാണെന്നും താനും ഈശ്വരനും തമ്മിലുള്ള  ബന്ധം എന്താണെന്നും ഉള്ള തിരിച്ചറിവുണ്ടാക്കുകയാണല്ലോ ആത്മീയ പഠനങ്ങളുടെ ലക്ഷ്യം? ഭഗവത് ഗീതയിൽ  ഈ പഠനസമ്പ്രദായം നന്നായി ക്രമീകരിച്ചിരിക്കുന്നു.   

അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത 
അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ 

(ജീവികൾ ജനനത്തിനു മുൻപ് അവ്യക്തമായ അവസ്ഥയോട് കൂടിയവയാണ്. മദ്ധ്യേയുള്ള കാലം മാത്രം വ്യക്തവും മരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ, ഭാരതാ, അതിൽ എന്തിനു വിലപിക്കണം?) 

ചിന്തനീയമായ ഒരു ശ്ലോകമാണിത്. കണ്ണുകൊണ്ട് കാണുന്നതിനെ മാത്രമല്ലേ, നമ്മളെല്ലാം യാഥാർഥ്യമായി കരുതിയിട്ടുള്ളൂ. നമ്മുടെ കാഴ്ചക്കപ്പുറവും ഇപ്പുറവും ലോകമുണ്ട്; പക്ഷെ അത് അവ്യക്തമാണ് നമുക്കെന്നു മാത്രം. സമുദ്രത്തിൽ നിന്നും തിരമാലകൾ ഉയർന്നു വരുമ്പോൾ അത് വ്യക്തമായും നമുക്ക് തിരിച്ചറിയാൻ കഴിയുന്നു. പക്ഷെ ഉണ്ടാകുന്നതിനു മുൻപും ഉണ്ടായ ശേഷവും ഈ തിരകളുടെ സ്ഥിതി എന്തായിരുന്നു? മദ്ധ്യഭാഗത്ത് കണ്ട തിരയെ വ്യക്തമായി നാം തിരിച്ചറിയുമ്പോൾ തന്നെ അതിന്റെ ജനനത്തിനു മുൻപും മരണത്തിനു പിൻപുമുള്ള അവസ്ഥയെക്കുറിച്ചു നമുക്ക് വ്യക്തതയില്ല. ഒരു വൻവൃക്ഷത്തിന്റെ ബ്ലൂപ്രിന്റ്  അടക്കം ചെയ്തിരിക്കുന്നത് അതിന്റെ ചെറിയൊരു വിത്തിലാണ്. മരമായി വളരുന്നതിന് മുൻപ്, വിത്തിനുള്ളിലെ അതിന്റെയവസ്ഥ അവ്യക്തമാണ്. അതുപോലെ ആ മരം നശിച്ചുകഴിഞ്ഞുള്ള അവസ്ഥയും നമുക്കവ്യക്തമാണ്. ചുരുക്കത്തിൽ മദ്ധ്യത്തിൽ വ്യക്തമായി കണ്ട മരം മാത്രമാണ് യാഥാർത്ഥം എന്നാണു നാമെല്ലാം ചിന്തിക്കുന്നതെങ്കിലും ആ ചിന്ത അപൂർണ്ണമാണെന്നു സാരം. ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളുടെയും കാര്യം ഇതുപോലെ തന്നെയാണ്. നമുക്കു ചുറ്റും കാണപ്പെടുന്ന ലോകം ഈ മദ്ധ്യാവസ്ഥയിലുള്ളതാണ്. കുറേക്കഴിയുമ്പോൾ ഈ മദ്ധ്യ 'സ്ഥിതി', 'വിനാശ'ത്തിലേക്ക് വഴിമാറും. വിനാശത്തിനു ശേഷം വീണ്ടും ഇത് മറ്റൊന്നായി 'സൃഷ്ടി'ക്കപ്പെടുകയും ചെയ്യും. ജനനവും നിലനിൽപ്പും മരണവും ചാക്രിക പ്രതിഭാസമാണ് (cyclic phenomenon). മരണം എന്നത് ഒന്നിന്റെ അന്ത്യമല്ല, മറ്റൊന്നിന്റെ തുടക്കം മാത്രമാണ്. മരണത്തോട് കൂടി എന്നന്നേക്കുമായി ലോകത്തിൽ നിന്ന് മറയുകയാണെന്നു തോന്നുന്നത് അജ്ഞതയാണ്. അർജ്ജുനാ, മായയിൽ നിന്നുണ്ടായി മദ്ധ്യകാലത്ത് അഭിവ്യക്തിയെ പ്രാപിച്ചു, അവസാനം മായയിലേക്ക് തന്നെ ലയിക്കുന്നതാണ് എല്ലാംതന്നെയെന്നറിയുമ്പോൾ അതിൽ വ്യസനിക്കാൻ എന്താണുള്ളത്? 'എവിടെ നിന്നോ വന്ന്, ഇവിടെ കുറെ നാൾ ജീവിച്ചു, എവിടേക്കോ പോകുന്ന' ജന്മങ്ങളെക്കുറിച്ചു നീ വ്യാകുലപ്പെടുന്നതെന്തിനാണ്? നിന്റെ കൈകൊണ്ടു മരിച്ചാലും ഇല്ലെങ്കിലും ഇത് തന്നെയാണ് നീ സ്‌നേഹിക്കുന്നവർക്കും സംഭവിക്കാൻ പോകുന്നത്. അപരിഹാര്യമായ ഈ  വിധിയിൽ നീ അനാവശ്യമായി എന്തിനാണിങ്ങനെ ദുഖിക്കുന്നത്? 

രണ്ടാമദ്ധ്യായത്തിലെ ഇനി വരുന്ന രണ്ടു ശ്ലോകങ്ങളിലൂടെ ആത്മതത്വത്തെ ഭഗവാൻ ഉപസംഹരിക്കുകയാണ്. അതും തുടർന്നു വരുന്ന ചിന്തനീയമായ ഗീതോപദേശങ്ങളും അടുത്തയാഴ്ച പഠിക്കാം.  

Friday, January 6, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 9)

ആത്മാവിന്റെ പ്രത്യേകതകളെയും സവിശേഷതകളെയും കുറിച്ചുള്ള ഭഗവാൻ കൃഷ്ണന്റെ വിശദീകരണങ്ങൾ  തുടരുകയാണ്. ഈ ആത്മവിഷയത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെക്കുറിച്ചൊക്കെ കഴിഞ്ഞ ഭാഗത്തിൽ    വിശദീകരിച്ചിരുന്നുവല്ലോ? ഇത് ശാസ്ത്രീയാടിസ്ഥാനമുള്ള തത്വദർശനമാണ്, സാധാരണ വിശ്വാസവിഷയമൊന്നുമല്ല എന്ന് ഒന്നു കൂടി ഊന്നി പറഞ്ഞുകൊള്ളട്ടെ. ഗഹനമായ തത്വവിഷയത്തെ ഗീതാകാരൻ തന്റെ കാവ്യാത്മകമായ ശൈലിയിലൂടെ അതീവ മനോഹരമാക്കി അവതരിപ്പിച്ചിരിക്കുകയാണ്.

വേദാവിനാശിനം  നിത്യം യ ഏനജമജമവ്യയം 
കഥം സ പുരുഷ പാർത്ഥ: കം ഘാതയതി ഹന്തി കം (ശ്ലോകം 2:21) 

(ഈ ആത്മാവിനെ നാശരഹിതനും നിത്യനും ജനനരഹിതനും  മാറ്റമില്ലാത്തവനുമായി ആരറിയുന്നുവോ, അങ്ങിനെയുള്ള പുരുഷൻ ആരെയെങ്കിലും കൊല്ലിയ്ക്കുന്നതെങ്ങിനെ? കൊല്ലുന്നതെങ്ങിനെ?)

വാസാംസി ജീർണ്ണാനി യഥാ വിഹായാ 
നവാനി  ഗൃഹ്‌ണാതി  നരോപരാണി  
തഥാ ശരീരാണി വിഹായ ജീർണാ-
ന്യന്യാനി സംയാതി നവാനി ദേഹി  (ശ്ലോകം 2:22) 

(മനുഷ്യൻ എങ്ങിനെ ജീർണ്ണവസ്ത്രങ്ങൾ  വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീർണ്ണിച്ച ദേഹങ്ങൾ വെടിഞ്ഞു വേറെ ദേഹങ്ങൾ കൈക്കൊള്ളുന്നു) 

നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ 
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ (ശ്ലോകം 2:23) 

(ഈ ആത്മാവിനെ ആയുധങ്ങൾ മുറിവേൽപ്പിക്കുന്നില്ല, ഇവനെ തീ ദഹിപ്പിയ്ക്കുന്നില്ല, ഇവനെ വെള്ളം നനയ്ക്കുന്നില്ല, കാറ്റ് ഉണക്കുന്നുമില്ല)

അച്ഛേദ്യോയമദാഹ്യോയമക്ലേദ്യോശൊഷ്യ ഏവ  ച 
നിത്യ സർവ്വഗത സ്ഥാണുരചലോയം സനാതനഃ  (ശ്ലോകം 2:24) 

(ഇവൻ ഛേദിക്കപ്പെടാൻ കഴിയാത്തവനാണ്, നനയാത്തവനാണ്, ഉണങ്ങാത്തവനുമാണ്. ഇവൻ നിത്യനും സർവ വ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്)

അവ്യക്ത്യോയമചിന്ത്യോയമവികാര്യോയമുച്യതേ 
തസ്മാദേവം വിദിത്വയിനം നാനുശോചിതുമർഹസി (ശ്ലോകം 2:25)  

(ഇവൻ (ഈ ആത്മാവ്) ഇന്ദ്രിയങ്ങൾക്കും മനസ്സിനും അഗോചരനും മാറ്റമില്ലാത്തവനുമാണെന്നു പറയപ്പെടുന്നു. അതുകൊണ്ടു ഇങ്ങനെയുള്ളവനായി ഇവനെ അറിഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക).

അർജ്ജുനാ, നീ  ശുദ്ധസത്വമായ, നിർഗ്ഗുണനായ, നാശരഹിതനായ ആത്മാവാണ്; അല്ലാതെ നീ വിചാരിക്കുന്നതുപോലെ നശ്വരമായ കേവല ശരീര-മനോ-ബുദ്ധികളല്ല എന്നും നിർഗ്ഗുണനായ ആത്മാവിനു ആരെയും കൊല്ലാനോ കൊല്ലിയ്ക്കാനോ കഴിയില്ല എന്നതിനാൽ നിനക്കും അതിനൊന്നും തന്നെ കഴിയില്ലയെന്നും  ആത്മബോധം മറഞ്ഞു നിൽക്കുന്നതുകൊണ്ട് നിനക്കിങ്ങനെയൊക്കെ തോന്നുന്നുവെന്നേയുള്ളു വെന്നുമാണ് ഭഗവാൻ പറയുന്നത്. ആത്മാവിന്റെ ഈ പ്രത്യേകതളൊക്കെ തന്നെ മുൻപ് കണ്ട പല ശ്ലോകങ്ങളിലും പറഞ്ഞിട്ടുള്ളതും നമ്മൾ ചർച്ച ചെയ്തതുമാണ്. വിസ്തരഭയത്താൽ അതെല്ലാം വീണ്ടും ആവർത്തിക്കുന്നില്ല. മുകളിലെ ശ്ലോകങ്ങളിൽ കാണുന്നതും മുൻപ് വിശദീകരിച്ചിട്ടില്ലാത്തതുമായ ചില വിശേഷണങ്ങളെ മാത്രം നമുക്കൊന്ന് ഇഴപിരിച്ചു  നോക്കാം. 

മനുഷ്യർ ജീർണ്ണിച്ച വസ്ത്രം മാറ്റി നല്ല വസ്ത്രം അണിയുന്നതുപോലെയാണ് ആത്മാവ് ജീർണ്ണിച്ച ശരീരം ഉപേക്ഷിച്ചു മറ്റൊരു ശരീരം സ്വീകരിക്കുന്നതത്രെ. അതായത് മരണം എന്നത്‌ ആത്മാവിന്റെ ഒരു കുടമാറ്റമാണ്. വസ്ത്രം അണിയുന്നതിൽ നമുക്കു ചില താത്പര്യങ്ങളുണ്ട്. നഗ്നത മറയ്ക്കുന്നതിനും തണുപ്പകറ്റുന്നതിനും മറ്റുള്ളവരുടെ മുൻപിൽ നമ്മെ നന്നായി അവതരിപ്പിക്കുന്നതിലുമൊക്കെ വസ്ത്രധാരണത്തിനു വലിയ പങ്കുണ്ട്. അണിയുന്ന വസ്ത്രം നമ്മുടെ ഈ ലക്ഷ്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് കണ്ടാൽ നമ്മൾ അത് മാറ്റി അനുയോജ്യമായവ തിരഞ്ഞെടുക്കും. ശരീരമാകുന്ന വസ്ത്രങ്ങൾ അണിയുന്ന ആത്മാവിനും ഉണ്ട് ഇതുപോലെ ചില  ലക്ഷ്യങ്ങൾ. ശുദ്ധസത്വമായ, നിത്യമായ, നിർമ്മലമായ ആത്മബോധം (പുരുഷൻ, ആത്മാവ്) ഒരു ദേഹത്തിൽ വസിക്കുക കാരണം ദേഹാഭിമാനിയായി തീർന്നു (ദേഹി, ജീവൻ) ആ ദേഹത്തിന്റെ വാസനകൾ ഏറ്റുവാങ്ങുന്നുവെന്നും പല പല ജീവ ശരീരങ്ങളിലൂടെയുള്ള യാത്രയിലൂടെ  ഈ വാസനകളെയെല്ലാം അകറ്റി വീണ്ടും ശുദ്ധസത്വമായ ആത്മാവായി പ്രപഞ്ച ബോധത്തിൽ (ബ്രഹ്മം) വിലയം പ്രാപിയ്ക്കുന്നു എന്നും മുൻപ് പറഞ്ഞുവല്ലോ? ജലം സമുദ്രത്തിൽ നിന്നും  നീരാവിയായി പൊങ്ങി, കാർമേഘങ്ങളായി, മഴയായി, ഭൂമിയിലെ നീരൊഴുക്കുകളായി, പുഴയായി, നദിയായി അവസാനം തിരികെ സമുദ്രത്തിൽ തന്നെ വിലയം പ്രാപിയ്ക്കുന്നതു പോലെയുള്ള ആത്മാവിന്റെ ഈ പരിണാമയാത്രയിൽ  വാസനാമാലിന്യമകറ്റാൻ അനേകം ശരീരങ്ങൾ (ജന്മങ്ങൾ) ആത്മാവ് ഉപയോഗിക്കുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഒരു ശരീരവാസം കൊണ്ട് കൂടുതൽ പ്രയോജനമൊന്നുമില്ലെന്നു കണ്ടാൽ ജീവൻ ആ ശരീരത്തെ ഉപേക്ഷിക്കുന്നു. ശരീരം വീഴുമ്പോൾ ആത്മാവ് രക്ഷപെടുകയല്ല, മറിച്ചു ആത്മാവിന്റെ കൂടുമാറ്റത്തിനാൽ ശരീരം വീഴുകയാണ്‌ (മരണം). ആത്മാവാണ് എല്ലാം തീരുമാനിയ്ക്കുന്നതും നിയന്ത്രിയ്ക്കുന്നതും. 


'ഈ ആത്മാവിനെ ആയുധങ്ങൾ മുറിവേൽപ്പിക്കുന്നില്ല, ഇവനെ തീ ദഹിപ്പിയ്ക്കുന്നില്ല, ഇവനെ വെള്ളം നനയ്ക്കുന്നില്ല, കാറ്റ്     ഉണക്കുന്നുമില്ല'.അതായത് ആത്മാവ് ഛേദിക്കപ്പെടാൻ കഴിയാത്തവനാണ്, നനയാത്തവനാണ്, ഉണങ്ങാത്തവനുമാണ്". എന്താണ് ഇങ്ങനെയൊക്കെ പറയാൻ കാരണം?

പിണ്ഡ (matter) ത്തിനാൽ നിർമ്മിക്കപ്പെട്ട ഒരു ഭൗതിക വസ്തുവിനെ മാത്രമേ ആയുധം കൊണ്ടു മുറിവേൽപ്പിക്കാനോ അഗ്നി കൊണ്ട് ദഹിപ്പിക്കാനോ കഴിയുകയുള്ളൂ എന്ന് നമുക്കറിയാം. വിദുച്ഛക്തിയ്ക്കെന്ന പോലെ ആത്മാവിനും ശരീരമില്ലാത്ത സ്ഥിതിയ്ക്ക് അതിനെ മുറിവേൽപ്പിക്കാനും ദഹിപ്പിയ്ക്കാനും കഴിയുകയില്ല. ആത്മാവ് സർവവ്യാപിയാകയാൽ അത് എല്ലായിടങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. അതായത് ആത്മാവില്ലാത്ത ഒരിടവും ഇല്ല എന്നർത്ഥം. ഞാൻ മുൻപൊരു ഭക്തിഗാനത്തിൽ എഴുതിയതുപോലെ 'എങ്ങും നിറയും എല്ലാപ്പൊരുളിലും ഇല്ലാത്തതിലും ഉള്ള' താണ്‌ ആത്മാവ്. ഒരു വസ്തു മുറിയണമെങ്കിൽ മുറിഞ്ഞു മാറുന്ന തുണ്ടങ്ങൾക്കു നടുവിൽ ആ വസ്തുവില്ലാത്ത ഒരു space ഉണ്ടാകണമല്ലോ? ആത്മാവ് എല്ലായിടത്തും നിറഞ്ഞിരിക്കുന്നതിനാൽ അത് സാധ്യമല്ല. ഒരു ഭൗതിക വസ്തുവിലുള്ള സൂക്ഷ്മവും സ്ഥൂലവുമായ സുഷിരങ്ങളിൽ വെള്ളം നിറയുമ്പോഴാണ് അത് നനഞ്ഞതായി നമുക്കനുഭവപ്പെടുന്നത്. ഒരു വസ്ത്രം നനയുന്നത് ഇങ്ങനെയാണ്. ലോഹത്താൽ പൂർണ്ണമായും നിറഞ്ഞിരിക്കുന്ന, സുഷിരങ്ങളില്ലാത്ത ഒരു ലോഹക്കഷണത്തെ സങ്കൽപ്പിക്കുക. പ്രവേശിക്കാൻ സ്ഥലമില്ലാത്തതിനാൽ ജലത്തിനതിനെ നനയ്ക്കാൻ കഴിയില്ല. ആത്മാവിന്റെ കാര്യത്തിലും ഇത് പ്രസക്തമാണ്. എല്ലായിടവും നിറഞ്ഞിരിയ്ക്കയാൽ അതിനെ നനയ്ക്കാൻ ജലത്തിന് കഴിയില്ല. നനഞ്ഞ വസ്തുവിനെ ഉണക്കുക എന്നു പറയുന്നതിന്റെയർത്ഥം, അതിലെ സുഷിരങ്ങളിലെ ജലത്തെയകറ്റുകയെന്നാണ്. ജലം നനയ്ക്കാത്ത വസ്തുവിനെ ഉണക്കുക സാധ്യമല്ലല്ലോ? അതുകൊണ്ടു ആത്മാവിനെ ഉണക്കാനും കഴിയില്ല. എല്ലായിടവും നിറഞ്ഞിരിക്കയാൽ ആത്മാവിന് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ചലിക്കാനും കഴിയില്ല. ഒരു വസ്തു, അതില്ലാത്ത ഒരിടത്തേക്ക് മാറുന്നതിനെയാണ് ചലനം എന്ന വാക്കുകൊണ്ട് നാം അർത്ഥമാക്കുന്നത്.

ആത്മാവിന്റെ സർവ്വവ്യാപിത്വം കൊണ്ടുണ്ടാകുന്ന മേൽപ്പറഞ്ഞ സവിശേഷതകൾ, "വാസാംസി ജീർണ്ണാനി..." എന്നു തുടങ്ങുന്ന ശ്ലോകവ്യാഖ്യാനത്തിൽ വിവരിച്ച 'ആത്മാവി'ന്റെ (ദേഹി) പ്രകൃതവുമായി അത്ര യോജിച്ചു പോകുന്നതല്ല എന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന, ഒന്നിന്റെയും കർത്താവും ഭോക്താവുമല്ലാത്ത, ചലിയ്ക്കാൻ കഴിയാത്ത ആത്മാവ് എങ്ങിനെയാണ് ഒരു ശരീരം വിട്ടു മറ്റൊരു ശരീരം പ്രാപിയ്ക്കുന്നത്? നിർഗ്ഗുണനായ ആത്മാവിനെങ്ങിനെയാണ് ശരീരമാറ്റം പോലെയുള്ള വിഷയത്തിൽ താത്പര്യം വരുന്നത്? യാതൊന്നിനാലും ഒരു മാറ്റവും വരുത്താൻ കഴിയാത്ത ശുദ്ധസത്വമായ ആത്മാവിനെ ദേഹവാസനകൾ എങ്ങിനെയാണ് കളങ്കപ്പെടുത്തുന്നത്? പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന സദ്‌വസ്തുവായ ആത്മാവിനും (ബ്രഹ്മം, spirit or soul) ജീവശരീരത്തിലെ ആത്മാവിനും (ദേഹി, ജീവൻ, embodied soul) തമ്മിൽ വ്യത്യാസമുണ്ടെന്നും ശരീരവാസവും വാസനാമാലിന്യവും കൂടുവിട്ട് കൂടുമാറിയുള്ള പരിണാമപ്രക്രിയയും എല്ലാം സംഭവിയ്ക്കുന്നത് ജീവാത്മാവിനാണെന്നും എന്നാൽ ഇതെല്ലാം തന്നെ സംഭവിയ്ക്കുന്നത് സർവ്വവും വ്യാപ്തമായി നിൽക്കുന്ന നിർഗ്ഗുണാത്മ (ബ്രഹ്മ) തലത്തിലാണെന്നും ജ്ഞാനികളായ ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുള്ളതു നമുക്കും സ്വീകരിയ്ക്കാം. 

ഹൈന്ദവധർമ്മത്തിന്റെ കാതലായി കണക്കാക്കാവുന്നവയാണ് ഇപ്പറഞ്ഞ ആത്മവിഷങ്ങൾ. പുനർജന്മ - മോക്ഷ സിദ്ധാന്തങ്ങളുടെ വേരുകളാണ്ടു കിടക്കുന്നതിവിടെയാണ്. ആത്മീയവിഷയങ്ങളിൽ ജിജ്ഞാസുക്കളായുള്ള സാധാരണ ജനങ്ങളെ ഉദ്ദേശിച്ചെഴുതുന്ന ഈ ഗീതാപരമ്പരയിൽ ഈ വിഷയത്തെക്കുറിച്ചൊക്കെ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലല്ലോ? പക്ഷേ, മുകളിൽ ഉന്നയിച്ച പല ചോദ്യങ്ങളും ആത്മവിഷയ കുതുകികളായിട്ടുള്ളവർക്കു ഗൗരവപൂർവം ചിന്തിക്കാനും മനനം ചെയ്യാനുമുള്ള സാദ്ധ്യതകൾ നൽകുന്നതാണ്. വൈകാരികമായ ഭക്തിതലത്തിൽ നിന്നും, ഗീത ലക്ഷ്യം വയ്ക്കുന്ന ബോധാത്മകമായ കൃഷ്‌ണതലത്തിലേക്കുയർന്നു ചിന്തിക്കാൻ ഇങ്ങിനെയുള്ള അപഗ്രഥനങ്ങളും അന്വേഷണങ്ങളും പഠിതാക്കളെ  സഹായിക്കും എന്നുള്ളതിൽ സംശയമില്ല. 

ഇനി അടുത്തയാഴ്ച കാണാം.