Friday, January 13, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 10)

രണ്ടാം അദ്ധ്യായത്തിലെ നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ആത്മവിഷയത്തിൻറെ മിക്ക വ്യാഖ്യാനങ്ങളിലും പ്രകടമായി കണ്ട ഒരവ്യക്തതയാണ് കഴിഞ്ഞ ഭാഗത്തിൽ രണ്ടു മൂന്നു ചോദ്യങ്ങളായി ഞാൻ അവതരിപ്പിച്ചത്. പണ്ഡിതാഗ്രേസരനായ ഒരു ഗീതാവ്യാഖ്യാതാവ്, അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇക്കാര്യം പരാമർശിച്ചതു കണ്ടപ്പോൾ അതിൽ കാര്യമുണ്ടെന്നു തോന്നി ഞാനത് ആത്മവിഷയകുതുകികളുടെ (സാധാരണക്കാരുടെയല്ല) ശ്രദ്ധയിലേക്കായി എഴുതിയതാണ്. ചിലരെങ്കിലും അത് ശ്രദ്ധിച്ചിട്ടുണ്ടാകും എന്ന വിശ്വാസത്തോടെ നമുക്ക്  ഗീതാപഠനം തുടരാം.
 
അവ്യക്ത്യോയമചിന്ത്യോയമവികാര്യോയമുച്യതേ 
തസ്മാദേവം വിദിത്വയിനം നാനുശോചിതുമർഹസി (ശ്ലോകം 2:25)  

(ഇവൻ (ഈ ആത്മാവ്) ഇന്ദ്രിയങ്ങൾക്കും മനസ്സിനും അഗോചരനും മാറ്റമില്ലാത്തവനുമാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഇങ്ങനെയുള്ളവനായി ഇവനെ അറിഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക).

ആത്മാവാണ് ഇന്ദ്രിയങ്ങളെ  പ്രവർത്തനക്ഷമമാക്കുന്നതെന്നും അതിനാൽ തന്നെ ആത്മാവിനെ കാണാൻ ഇന്ദ്രിയങ്ങൾക്കാവില്ലെന്നും മുൻപും നമ്മൾ കണ്ടതാണ്. ഒരു ടെലിസ്കോപ്പിൽ കൂടി നോക്കിയാൽ വെളിയിലുള്ള വസ്തുക്കളെയെല്ലാം കാണാൻ കഴിയുമെങ്കിലും അതിലൂടെ നോക്കുന്ന ആളിനെ കാണാൻ കഴിയില്ലല്ലോ? ഇതുപോലെയാണ് ആത്മാവിന്റെയും കാര്യം. ജഢമായ കണ്ണുകൾക്ക് കാണാനുള്ള ശക്തി നൽകുന്ന ആത്മാവിനെ കണ്ണുകൾക്കു കാണാൻ കഴിയില്ല. ആത്മാവ് മാറ്റമില്ലാത്തവൻ അല്ലെങ്കിൽ സ്ഥിരസ്വഭാവനാണ് എന്നതും നമ്മൾ മുൻപു വിശദമായി പഠിച്ചിട്ടുള്ളതാണ്. 11-)o ശ്ലോകം മുതൽ വർണ്ണിക്കുന്ന ആത്മവിഷയത്തിൽ ആത്മാവിന്റെ പ്രത്യേകതകളെ കൃഷ്ണൻ ആവർത്തിച്ചാവർത്തിച്ചു പറയുന്നതായി കാണാം. അർജ്ജുനന്റെ മനസ്സിൽ ഈ വിഷയജ്ഞാനം ഉറയ്ക്കുന്നതിനുവേണ്ടിയാകാം കൃഷ്ണനിങ്ങനെ ചെയ്യുന്നത്. എല്ലാ ശരീരങ്ങളിലും ഒരേ ആത്മാവ് തന്നെയാണുള്ളതെന്നും അതിനെ നശിപ്പിക്കാൻ ആരാലും കഴിയില്ലെന്നതിനാൽ നീ ആരെയെങ്കിലും കൊല്ലുന്നു എന്ന തോന്നൽ ശരിയല്ലെന്നും അതുകൊണ്ടു തന്നെ ബാധ്യസ്ഥമായ യുദ്ധം ചെയ്യുന്നതിൽ മടിക്കേണ്ടതില്ലെന്നും കൃഷ്ണൻ വളരെ ഗംഭീരമായി അർജ്ജുനനെ ഉപദേശിച്ചു കഴിഞ്ഞു. പക്ഷേ, താത്വികമായ ഈ ഉപദേശം കൊണ്ടൊന്നും അകലുന്നതായിരുന്നില്ല അർജ്ജുനന്റെ വ്യഥകൾ. താത്വികതലത്തിലുള്ള ഉപദേശങ്ങളെ ബുദ്ധിപൂർവ്വകമായി വിചിന്തനം ചെയ്തു തീരുമാനം എടുക്കാനുള്ള മാനസികാവസ്ഥയിലല്ല അർജ്ജുനനിപ്പോൾ. അതിനാൽ കൃഷ്ണൻ താത്വിക തലം വിട്ടു, അർജ്ജുനനു കുറേക്കൂടി എളുപ്പം മനസ്സിലാക്കാവുന്നതും സ്വീകാര്യമായേക്കാവുന്നതുമായ, പ്രായോഗിക തലത്തിലേക്ക് ഇറങ്ങിവരുന്നതായാണ് ഇനി നമ്മൾ കാണുന്നത്. അതായത്, താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളെയൊക്കെ സാധാരണ മനുഷ്യർ എങ്ങിനെയാണോ കാണുന്നതും മനസ്സിലാക്കുന്നതും, ആ തലത്തിൽ നിന്നു കൊണ്ട് അർജ്ജുനനെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാനാണ് കൃഷ്ണന്റെ ഇനിയുള്ള ശ്രമം. മുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, അർജ്ജുനനോട് മാത്രമല്ല, നമുക്കൊക്കെ മനസ്സിലാകുന്ന ഭാഷയിൽ, നമ്മളോരോരുത്തരോടും കൂടിയാണ് കൃഷ്ണൻ ഇപ്പറയുന്നത്.      


അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം 
തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമർഹസി (ശ്ലോകം 2:26)

(കൈയ്യൂക്കുള്ളവനേ, ഇനി ഇവനെ നിത്യം ജനിക്കുന്നവനും നിത്യം മരിക്കുന്നവനുമായി നീ വിചാരിക്കുന്നുവെങ്കിൽ തന്നെയും നീ ഇവനെക്കുറിച്ചു ദുഖിക്കേണ്ടതില്ല) 

ജാതസ്യ ഹി ധ്രുവോ മൃത്യുർധ്രുവം ജന്മമൃതസ്യ ച
തസ്മാദപരിഹാരരേർഥേ  ന തം ശോചിതുമർഹസി (ശ്ലോകം 2:27)

(ജനിച്ചവന് മരണം നിശ്ചിതമാണ്, മരിച്ചവനു ജനനവും. അതുകൊണ്ടു പരിഹാരമില്ലാത്ത കാര്യത്തിന് നീ ദുഖിക്കുന്നത് ഉചിതമല്ല).

അർജ്ജുനാ, ഞാനിതുവരെ പറഞ്ഞ ആത്മതത്വത്തിലൊന്നും നിനക്കു വിശ്വാസം വരുന്നില്ലെങ്കിൽ വേണ്ട, അത് വിട്ടേക്ക്. ആത്മാവ് നിത്യനും നാശരഹിതനും ആണെന്നു ഞാൻ പറഞ്ഞത് ഉൾക്കൊള്ളാൻ വിഷമമുണ്ടെങ്കിൽ ശരീരം ജനിക്കുമ്പോൾ ആത്മാവും ജനിക്കുന്നുവെന്നും ശരീരം മരിയ്ക്കുമ്പോൾ ആത്മാവും മരിയ്ക്കുന്നുവെന്നും തന്നെ നീ ചിന്തിച്ചോളൂ. ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാൻ കഴിയുന്നത് മാത്രമാണ് സത്യം എന്ന ചിന്തയിൽ ജീവിക്കുന്ന സാധാരണ മനുഷ്യരെല്ലാം ഇങ്ങിനെയാണല്ലോ ചിന്തിക്കുന്നത്? ആത്മാവ് ശരീരത്തോടൊപ്പം ജനിക്കുകയും ശരീരത്തോടൊപ്പം മരിക്കുകയും വീണ്ടും ഈ ജനനമരണചക്രങ്ങളിലൂടെ ഇവിടെ വരികയും പോകയും ചെയ്യുകയാണെന്നു ചിന്തിച്ചാലും അതിന്റെയർത്ഥം ആത്മാവ് നശിക്കാതെ ഇവിടൊക്കെത്തന്നെയുണ്ട് എന്നല്ലേ? ഇങ്ങിനെ ചിന്തിച്ചാലും നീ ആരെയും, ഒരിയ്ക്കലും തിരിച്ചു വരാൻ കഴിയാത്തവിധം, കൊല്ലുന്നില്ല എന്നതല്ലേ സത്യം? ജനിച്ചവനു മരണമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലല്ലോ? നിന്റെ ശതുക്കളായി ഇവിടെ നിൽക്കുന്നവരെല്ലാം ഇന്നല്ലെങ്കിൽ നാളെ മരിക്കേണ്ടവർ തന്നെയല്ലേ? ഇങ്ങിനെ ചിന്തിച്ചാലും നിന്റെ ദുഖത്തിന് ഒരു കാരണവുമില്ലല്ലോ? നിരാശനായി നിൽക്കുന്ന അർജ്ജുനനിൽ ആത്മവിശ്വാസം ഉണർത്താനുദ്ദേശിച്ചാണ്  കൃഷ്ണൻ  'മഹാബാഹോ' (കൈയ്യൂക്കുള്ളവനേ) എന്ന് അർജ്ജുനനെ ഇവിടെ അഭിസംബോധന ചെയ്തിരിക്കുന്നത്.

ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. ആകെ മൊത്തം നിരാശനായി, തളർന്നു നിൽക്കുന്ന അർജ്ജുനനോട് (അല്ലെങ്കിൽ സാധാരണ മനുഷ്യരായ നമ്മളോട്) വലിയ തത്വവിഷയങ്ങളൊക്കെ പറഞ്ഞു മനസ്സ് മാറ്റാൻ ശ്രമിച്ചാൽ അത് നടക്കുന്ന കാര്യമല്ലെന്ന് കൃഷ്ണനറിയാം. പിന്നെന്തിനാണ് കൃഷ്ണൻ ആദ്യം തന്നെ വളരെ ഗഹനവും ചിന്തനീയവുമായ ആത്മവിഷയം അർജ്ജുനനോട് ഉപദേശിച്ചത്? ഒരു പക്ഷെ, ആത്യന്തികമായി എല്ലാവരും മനസ്സിലാക്കേണ്ട കാര്യം അതാണെന്നും 'അർജ്ജുന (മനുഷ്യ) വിഷാദ' ത്തിനുള്ള ശാശ്വതപരിഹാരം ആത്മജ്ഞാനം ഒന്നു മാത്രമാണെന്നും ഗീതാകാരൻ ആദ്യം തന്നെ പറഞ്ഞുവക്കുന്നതാകാം. നേടേണ്ടതെന്താണെന്ന് ആദ്യം തന്നെ പറഞ്ഞിട്ട്, അതെങ്ങിനെ നേടാനാവും എന്നു വിശദമായി പറഞ്ഞുതരുന്ന രീതിയാണ്‌ ഗീതയുടേത്. താനാരാണെന്നും താനും ഈശ്വരനും തമ്മിലുള്ള  ബന്ധം എന്താണെന്നും ഉള്ള തിരിച്ചറിവുണ്ടാക്കുകയാണല്ലോ ആത്മീയ പഠനങ്ങളുടെ ലക്ഷ്യം? ഭഗവത് ഗീതയിൽ  ഈ പഠനസമ്പ്രദായം നന്നായി ക്രമീകരിച്ചിരിക്കുന്നു.   

അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത 
അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ 

(ജീവികൾ ജനനത്തിനു മുൻപ് അവ്യക്തമായ അവസ്ഥയോട് കൂടിയവയാണ്. മദ്ധ്യേയുള്ള കാലം മാത്രം വ്യക്തവും മരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ, ഭാരതാ, അതിൽ എന്തിനു വിലപിക്കണം?) 

ചിന്തനീയമായ ഒരു ശ്ലോകമാണിത്. കണ്ണുകൊണ്ട് കാണുന്നതിനെ മാത്രമല്ലേ, നമ്മളെല്ലാം യാഥാർഥ്യമായി കരുതിയിട്ടുള്ളൂ. നമ്മുടെ കാഴ്ചക്കപ്പുറവും ഇപ്പുറവും ലോകമുണ്ട്; പക്ഷെ അത് അവ്യക്തമാണ് നമുക്കെന്നു മാത്രം. സമുദ്രത്തിൽ നിന്നും തിരമാലകൾ ഉയർന്നു വരുമ്പോൾ അത് വ്യക്തമായും നമുക്ക് തിരിച്ചറിയാൻ കഴിയുന്നു. പക്ഷെ ഉണ്ടാകുന്നതിനു മുൻപും ഉണ്ടായ ശേഷവും ഈ തിരകളുടെ സ്ഥിതി എന്തായിരുന്നു? മദ്ധ്യഭാഗത്ത് കണ്ട തിരയെ വ്യക്തമായി നാം തിരിച്ചറിയുമ്പോൾ തന്നെ അതിന്റെ ജനനത്തിനു മുൻപും മരണത്തിനു പിൻപുമുള്ള അവസ്ഥയെക്കുറിച്ചു നമുക്ക് വ്യക്തതയില്ല. ഒരു വൻവൃക്ഷത്തിന്റെ ബ്ലൂപ്രിന്റ്  അടക്കം ചെയ്തിരിക്കുന്നത് അതിന്റെ ചെറിയൊരു വിത്തിലാണ്. മരമായി വളരുന്നതിന് മുൻപ്, വിത്തിനുള്ളിലെ അതിന്റെയവസ്ഥ അവ്യക്തമാണ്. അതുപോലെ ആ മരം നശിച്ചുകഴിഞ്ഞുള്ള അവസ്ഥയും നമുക്കവ്യക്തമാണ്. ചുരുക്കത്തിൽ മദ്ധ്യത്തിൽ വ്യക്തമായി കണ്ട മരം മാത്രമാണ് യാഥാർത്ഥം എന്നാണു നാമെല്ലാം ചിന്തിക്കുന്നതെങ്കിലും ആ ചിന്ത അപൂർണ്ണമാണെന്നു സാരം. ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളുടെയും കാര്യം ഇതുപോലെ തന്നെയാണ്. നമുക്കു ചുറ്റും കാണപ്പെടുന്ന ലോകം ഈ മദ്ധ്യാവസ്ഥയിലുള്ളതാണ്. കുറേക്കഴിയുമ്പോൾ ഈ മദ്ധ്യ 'സ്ഥിതി', 'വിനാശ'ത്തിലേക്ക് വഴിമാറും. വിനാശത്തിനു ശേഷം വീണ്ടും ഇത് മറ്റൊന്നായി 'സൃഷ്ടി'ക്കപ്പെടുകയും ചെയ്യും. ജനനവും നിലനിൽപ്പും മരണവും ചാക്രിക പ്രതിഭാസമാണ് (cyclic phenomenon). മരണം എന്നത് ഒന്നിന്റെ അന്ത്യമല്ല, മറ്റൊന്നിന്റെ തുടക്കം മാത്രമാണ്. മരണത്തോട് കൂടി എന്നന്നേക്കുമായി ലോകത്തിൽ നിന്ന് മറയുകയാണെന്നു തോന്നുന്നത് അജ്ഞതയാണ്. അർജ്ജുനാ, മായയിൽ നിന്നുണ്ടായി മദ്ധ്യകാലത്ത് അഭിവ്യക്തിയെ പ്രാപിച്ചു, അവസാനം മായയിലേക്ക് തന്നെ ലയിക്കുന്നതാണ് എല്ലാംതന്നെയെന്നറിയുമ്പോൾ അതിൽ വ്യസനിക്കാൻ എന്താണുള്ളത്? 'എവിടെ നിന്നോ വന്ന്, ഇവിടെ കുറെ നാൾ ജീവിച്ചു, എവിടേക്കോ പോകുന്ന' ജന്മങ്ങളെക്കുറിച്ചു നീ വ്യാകുലപ്പെടുന്നതെന്തിനാണ്? നിന്റെ കൈകൊണ്ടു മരിച്ചാലും ഇല്ലെങ്കിലും ഇത് തന്നെയാണ് നീ സ്‌നേഹിക്കുന്നവർക്കും സംഭവിക്കാൻ പോകുന്നത്. അപരിഹാര്യമായ ഈ  വിധിയിൽ നീ അനാവശ്യമായി എന്തിനാണിങ്ങനെ ദുഖിക്കുന്നത്? 

രണ്ടാമദ്ധ്യായത്തിലെ ഇനി വരുന്ന രണ്ടു ശ്ലോകങ്ങളിലൂടെ ആത്മതത്വത്തെ ഭഗവാൻ ഉപസംഹരിക്കുകയാണ്. അതും തുടർന്നു വരുന്ന ചിന്തനീയമായ ഗീതോപദേശങ്ങളും അടുത്തയാഴ്ച പഠിക്കാം.  

3 comments:

 1. ശ്രീകൃഷ്ണായ നമഃ

  ReplyDelete
 2. വളരെ നല്ല ആഖ്യാനം

  ReplyDelete
  Replies
  1. അഭിപ്രായത്തിനു നന്ദി.

   Delete