Saturday, January 28, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 12)

അപ്രതീക്ഷിതമായി സ്വർഗ്ഗകവാടം മുൻപിൽ തുറക്കപ്പെട്ടാൽ എത്രമാത്രം സന്തോഷമാണോ ഒരുവനുണ്ടാകുന്നത്, അതേ സന്തോഷമാണ് കുരുക്ഷേത്രയുദ്ധം അർജ്ജുനനിലും ഉളവാക്കേണ്ടതെന്നാണ് കഴിഞ്ഞ ശ്ലോകത്തിൽ (ശ്ലോകം 32) കൃഷ്ണൻ പറഞ്ഞു നിർത്തിയത്. സ്മൃതികൾ വിഭാവനം ചെയ്യുന്ന സുഖഭോഗങ്ങളുടെ പറുദീസയായ 'സ്വർഗ്ഗം' എന്ന അശാസ്ത്രീയതയെയും അതുപോലെ തന്നെ യുക്തിസഹമല്ലാത്ത മറ്റു പല മതഭാവനകളെയും പ്രകീർത്തിക്കുന്ന മതഗ്രന്ഥമല്ല ഭഗവത് ഗീത. ഇനി വരും ഭാഗങ്ങളിൽ ഇതൊക്കെ നമ്മൾ പഠിക്കാനിരിക്കുന്നതേയുള്ളൂ. ആ സ്ഥിതിയ്ക്ക് ഇവിടെ 'സ്വർഗ്ഗ' വിഷയത്തെ കൊണ്ടുവന്നിരിക്കുന്നത്, സ്മൃതിഃശാസനങ്ങളെ അന്ധമായി വിശ്വസിക്കുന്ന അർജ്ജുനനും നമ്മെപ്പോലെയുള്ള  സാധാരണ മനുഷ്യർക്കും നന്നായി മനസ്സിലാകുന്ന ഭാഷ അതാണെന്നുള്ള ഗീതാകാരന്റെ ചിന്തയാലാകാം. കുട്ടിക്കാലം മുതലേ നമുക്കെല്ലാം സുപരിചിതമായ പദങ്ങളാണല്ലോ സ്വർഗ്ഗവും നരകവും? തെറ്റ് ചെയ്താൽ പുഴുക്കൾ നിറയുന്ന, ദുർഗന്ധം വമിക്കുന്ന 'നരക'വും, ശരി ചെയ്‌താൽ ദേവനർത്തകികൾ നൃത്തം ചെയ്യുന്ന, സുഗന്ധപൂരിതമായ 'സ്വർഗ്ഗ'വും നമുക്കു ലഭിക്കും എന്നാണല്ലോ നാമെല്ലാവരും പഠിച്ചിരിക്കുന്നത്! സുഖഭോഗങ്ങളിൽ ആകൃഷ്ടനാകുന്ന, ക്ഷത്രിയനായ അർജ്ജുനന്റെ (നമ്മുടെയൊക്കെയും) ഈ മനസ്സ് നന്നായറിയുന്ന കൃഷ്ണൻ, അതുകൊണ്ടാണ് സുഖത്തിന്റെ പറുദീസയെയെക്കുറിച്ചു തന്നെ അർജ്ജുനനെ ഓർമ്മിപ്പിക്കുന്നത്. പക്ഷെ, ബോധപരമായും യുക്തിപരമായും 'സ്വർഗ്ഗ'ത്തെ അറിയാൻ ശ്രമിക്കുമ്പോൾ അത് ആകാശത്തിലെവിടെയോയുള്ള മറ്റൊരു ലോകമല്ലെന്നും സ്വധർമ്മമനുസരിച്ചു, ആത്മാർത്ഥമായി കർമ്മം ചെയ്തു കഴിയുമ്പോൾ ഒരുവനുണ്ടാകുന്ന ആത്മസംതൃപ്തിയുടെയും സമാധാനത്തിന്റെയും സന്തോഷാവസ്ഥയെയാണതു സൂചിപ്പിക്കുന്നതെന്നും മനസ്സിലാകും. സ്വധർമ്മപ്രകാരമല്ലാത്ത കർമ്മത്തിലേർപ്പെടുമ്പോൾ ഒരുവനുണ്ടാകുന്ന അസംതൃപ്തിയും അശാന്തിയും ആത്മസംഘർഷവുമാണ് നരകാവസ്ഥ എന്നത്. അതായത് ക്ഷത്രിയന്റെ സ്വധർമ്മമായ യുദ്ധം ചെയ്യുന്നതിലൂടെ അർജ്ജുനന് ആത്മസംതൃപ്തിയുടെ സ്വർഗ്ഗരാജ്യം തുറന്നു കിട്ടുമെന്നാണ് കൃഷ്ണൻ പറഞ്ഞതിന്റെയർത്ഥം.

അഥ  ചേത്ത്വമിമം ധർമ്യം സംഗ്രാമം ന കരിഷ്യതി
തതഃ സ്വധർമ്മം കീർതിം ച ഹിത്വ പാപമവാപ്സ്യസി  (ശ്ലോകം 33)

(ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കിൽ അതുകാരണം സ്വധർമ്മവും കീർത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടി വരും)

എന്താണീ സ്വധർമ്മം? ഗീത, വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു വാക്കാണിത്. നമ്മളെല്ലാം മനുഷ്യരാണെങ്കിലും ഓരോ മനുഷ്യരുടെയും ചിന്തയും സ്വഭാവവും വ്യത്യസ്തമാണ്. അങ്ങിനെയാണ് നമ്മളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വപ്രകൃതത്തിനനുസരിച്ചായിരിക്കും (വാസനകൾ) ഒരാളിൽ അയാളുടെ താത്പര്യങ്ങൾ ഉടലെടുക്കുക. സ്വാഭാവികമായ പ്രകൃതത്തിസരിച്ചു കർമ്മം ചെയ്താൽ അത് 'സ്വധർമ്മ'മാകും. മറിച്ചാണെങ്കിൽ 'പരധർമ്മ'വും. സ്വധർമ്മത്തിന്റെ ഫലം മഹത്തരവും ആത്മസംതൃപ്തി നൽകുന്നതുമാണെങ്കിൽ 'പരധർമ്മ' പ്രകാരമുള്ള കർമ്മം ഒരുവനിൽ നിരാശയും വെറുപ്പും ഈർഷ്യയുമാകും ജനിപ്പിക്കുന്നത്. അങ്ങിനെ ചെയ്യുന്ന കർമ്മത്തിന്റെ ഫലവും മികച്ചതാകില്ലല്ലോ? ഉദാഹരണത്തിന്, ചരിത്ര വിഷയത്തിൽ അതീവ തല്പരനായ ഒരു വിദ്യാർത്ഥിയെ ഗണിതശാസ്ത്രം പഠിക്കാൻ നിർബന്ധിക്കുന്നു എന്നു വിചാരിക്കുക. ചരിത്രപഠനം ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവനെന്നും ഊർജ്ജ്വസ്വലനും സംതൃപ്തനുമായിരുന്നേനെ. അവനിൽ നിന്നും ആ മേഖലയ്ക്ക് വലിയ സംഭാവനകൾ തന്നെ ഉണ്ടാകാമായിരുന്നു. പക്ഷേ പരധർമ്മമായ ഗണിതശാസ്ത്രപഠനത്തിനു  പോകുക വഴി അവൻ എന്നും അസംതൃപ്തനും നിരുത്സാഹിയും ആയി കാണപ്പെടും. വയറ്റുപ്പിഴപ്പിനായി വല്ലതുമൊക്കെ ചെയ്തു ജീവിക്കും എന്നല്ലാതെ അവനെക്കൊണ്ടു ഗണിതശാസ്ത്രത്തിനു പ്രത്യേകിച്ചു സംഭാവനകൾ ഒന്നും ഉണ്ടാകാനും ഇടയില്ല. ചിത്രകാരനാകാൻ ആഗ്രഹിക്കുന്ന മകനെ നിർബന്ധിച്ചു ഡോക്ടറാക്കിയാലും കാരുണ്യ ഹൃദയമുള്ളവനെ ക്രൂരപ്രവൃത്തിക്കു പ്രേരിപ്പിച്ചാലും സ്വധർമ്മ വിരുദ്ധമാകയാൽ ഇത് തന്നെയാകും ഫലം. ക്ഷാത്രമായ സംസ്കാരങ്ങൾ ഉള്ളവനാണ് അർജ്ജുനൻ. സാഹസങ്ങൾ ചെയ്യാനുള്ള ധൈര്യം, സ്ഥാനമാനങ്ങൾക്കുള്ള ആഗ്രഹം തുടങ്ങിയവ ക്ഷത്രിയ ധർമ്മങ്ങളത്രെ. ക്ഷത്രിയധർമ്മമാണ് അർജ്ജുനന്റെ സ്വധർമ്മം. രാജ്യരക്ഷയും പ്രജാരക്ഷയും ക്ഷത്രിയനായ അർജ്ജുനന്റെ ധർമ്മമാണ്. അതിനായി വേണ്ടി വരുന്ന യുദ്ധം ചെയ്യേണ്ടുന്നതയാളുടെ ധർമ്മമാണ്. പക്ഷെ ആ സ്വധർമ്മത്തിനോട് പിന്തിരിഞ്ഞു നിന്നാൽ, അർജ്ജുനൻ മറ്റാരുടെയോ ധർമ്മം (പരധർമ്മം) ആചരിക്കുന്നതിനു തുല്യമാകും അത്. ഇതു പാപമാണെന്നാണ് ഭഗവൻ പറയുന്നത്.


സ്വർഗ്ഗ-നരകങ്ങൾ പോലെയാണീ പുണ്യപാപങ്ങളും. ഒരു കർമ്മത്തിന്റെ ശരിയും തെറ്റും നിശ്ചയിക്കുന്നത് ആ കർമ്മം ചെയ്യുന്ന പ്രദേശത്തു നിലനിൽക്കുന്ന നിയമവ്യവസ്ഥകളാണ്. ഒരു മൃഗത്തിനെ വിനോദത്തിനായി കൊല്ലുന്നത്‌ തെറ്റാണെങ്കിൽ, പ്രാണരക്ഷാർത്ഥമായാണത് ചെയ്യുന്നതെങ്കിൽ അത് ശരിയാണ്. തീവ്രവാദിയെയാണെങ്കിലും സാധാരണക്കാരൻ കൊന്നാൽ അതു തെറ്റും അതിനു നിയുക്തനായ പട്ടാളക്കാരൻ ചെയ്‌താൽ അതു ശരിയുമാണ്. നിയമവ്യവസ്ഥ,  ഭൗതിക ലോകത്തു  തെറ്റും ശെരിയും നിർണ്ണയിക്കുന്നതുപോലെ  ധർമ്മശാസ്ത്രങ്ങൾ  ആത്മീയമണ്ഡലത്തിലെ പാപവും പുണ്യവും നിർണ്ണയിച്ചിരിക്കുന്നു. സ്വധർമ്മപ്രകാരമുള്ള കർമ്മങ്ങൾ വ്യക്തിക്കും ലോകത്തിനും ഗുണകരമാകുമെന്നതിനാൽ അത് പുണ്യവും മറിച്ചുള്ളത് പാപവുമാണെന്നു ചിന്തിച്ചിരിക്കുന്നു. ആയതിനാൽ യുദ്ധത്തിൽ നിന്നുള്ള ഒളിച്ചോട്ടം അർജ്ജുനന് പാപകരമാകുന്നു. മനുഷ്യർ സൃഷ്ടിച്ചു നടപ്പിൽ വരുത്തിയിട്ടുള്ള ഇവ്വിധ നിയന്ത്രണങ്ങൾ സ്ഥലകാലങ്ങൾക്കനുസരിച്ചു മാറ്റമുണ്ടാകുന്നവയും തികച്ചും അപേക്ഷികവുമാണെങ്കിലും അതിൽ പലതും സമൂഹത്തിന്റെ കെട്ടുറപ്പിനുവേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണെന്നു  മനസ്സിലാക്കാവുന്നതാണ്.

അകീർതിം ചാപി ഭൂതാനി കഥയിഷ്യന്തി തേവ്യയം
സംഭാവിതസ്യ ചാകീർത്തിർമരണാദതരിച്യതേ   (ശ്ലോകം 34)

(തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്ക്കീർത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്ക്കീർത്തി മരണത്തെക്കാൾ അത്യധികം കഷ്ടമാണ്)

ഭയാദ്രണാദ്രുപരതം മാംസ്യന്തേ ത്വാം മഹാരഥാം
യേഷാ  ചാ ത്വം ബഹുമതോ ഭൂത്‌വാ യാസ്യസി ലാഘവം   (ശ്ലോകം 35)

(ഭയം കൊണ്ടു യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാർ നിന്നെ കണക്കാക്കും. അവർക്കെല്ലാം ബഹുമാന്യനായിരിക്കുന്ന നീ അങ്ങിനെ നിസ്സാരനായിത്തീരും)

അവാച്യവാദാoശ്ച ബഹൂന്വദിഷ്യന്തി തവാഹിതാ:
നിന്തസ്തവ സാമർഥ്യം താതോ ദുഖതരം നു കിം   (ശ്ലോകം 36)

(നിന്റെ ശത്രുക്കൾ നിന്റെ സാമർഥ്യത്തെ നിന്ദിച്ചുകൊണ്ട് വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാൾ കൂടുതൽ ദുഃഖ:കാര്യമായി എന്തുണ്ട്?)

അർജ്ജുനനെ യുദ്ധോൽത്സുകനാക്കാൻ കൃഷ്ണൻ പല വഴികളും നോക്കുകയാണ്. ആദ്യം, വേദാന്തതത്വചിന്തകളുടെ അടിസ്ഥാനത്തിൽ ഉപദേശിച്ചു നോക്കി. ഇപ്പോൾ പറയുന്നതെല്ലാം വൈകാരിക തലത്തിലുള്ള സാധാരണ ലോകവിഷയങ്ങളാണ്. അഭിമാനിയായ ക്ഷത്രിയവീരനാണ്‌ അർജ്ജുനനെന്നു കൃഷ്ണനറിയാം. അഭിമാനത്തിന് ക്ഷതമേൽക്കുക എന്നത്, അഭിമാനിക്ക് മരണത്തെക്കാൾ ഭയാനകമാണ്. അർജ്ജുനന്റെ ഈ അഭിമാനബോധത്തിലാണ് കൃഷ്ണൻ ഇപ്പോൾ പിടിമുറുക്കുന്നത്‌. അർജ്ജുനൻ ഒരു സാധാരണ ക്ഷത്രിയ യോദ്ധാവല്ല; സാക്ഷാൽ പരമശിവനോടു പോലും യുദ്ധം ചെയ്തു പ്രസാദിപ്പിച്ചു പാശുപതാസ്ത്രം നേടിയ വീരനാണ്. മഹാരഥന്മാർ പോലും അർജ്ജുനനെ ബഹുമാനത്തോടെയാണ് കാണുന്നത്. പക്ഷേ യുദ്ധം ചെയ്യാൻ മടികാണിച്ചാൽ ഇവർക്ക് അർജ്ജുനനോടുള്ള ബഹുമാനം  ഇല്ലാതാകും. അർജ്ജുനാ, യുദ്ധത്തിനെ പേടിച്ചു ഓടിപ്പോയ ഭീരുവാണു നീയെന്നേ ഇവരെല്ലാം പറയൂ. യുദ്ധത്തിനെതിരായി നീയിപ്പോൾ പറയുന്ന അഹിംസാവാദത്തിനൊന്നും ഒരു വിലയും ലോകം കല്പിക്കില്ല. യുദ്ധക്കളത്തിൽ അഹിംസ പ്രസംഗിക്കയല്ല, യുദ്ധം ചെയ്യുകയാണ് ക്ഷത്രിയന്റെ ധർമ്മം എന്നാർക്കാണ് അറിയാത്തത്?  അർജ്ജുനാ,  നീ യുദ്ധം ചെയ്യില്ലെങ്കിൽ ഇതുവരെ നിന്റെ സാമർഥ്യത്തെ പുകഴ്ത്തിപ്പാടിയവരൊക്കെ നിന്നെ നിന്ദിച്ചു സംസാരിക്കാൻ തുടങ്ങും. നിന്റെ ശത്രുക്കൾക്കു നിന്നെ നിന്ദിക്കാൻ നല്ലൊരവസരമാകും ഇത്. വില്ലാളിവീരനായ നിനക്ക് ഇതിൽപ്പരം നാണക്കേട് എന്തുണ്ടാകാനാണ്?

ഹതോ വാ പ്രാപ്സ്യസി സ്വർഗ്ഗം ജിത്‌വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൗന്തേയഃ യുദ്ധായ കൃത്യനിശ്ചയഃ

(മരിച്ചാൽ സ്വർഗ്ഗം നേടാo, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അർജ്ജുനാ, യുദ്ധത്തിനു നിശ്ചയിച്ചു നീ എഴുന്നേൽക്ക്‌)  

അർജ്ജുനാ, യുദ്ധത്തിൽ നീ മരിക്കുകയാണെങ്കിൽ നിന്നെ കാത്തിരിക്കുന്നത് വീരസ്വർഗ്ഗമാണ്. വീരന്മാർക്കായി പ്രത്യേക സ്വർഗ്ഗരാജ്യമുണ്ടെന്നൊന്നും നാം ചിന്തിക്കേണ്ടതില്ല: മുൻപ് പറഞ്ഞതുപോലെ, സ്വധർമ്മം അനുഷ്ഠിച്ചു മരിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി എന്ന അവസ്ഥയെയാണ് ഈ വിശേഷണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നു കരുതാം.  ഇനി യുദ്ധത്തിൽ ജയിക്കുകയാണെങ്കിലോ, രാജ്യവും അതിലെ സകല സമ്പത്തും അനുഭവിക്കാൻ നിനക്ക് കഴിയുകയും ചെയ്യും. അതായത് യുദ്ധത്തിൽ ജയിച്ചാലും തോറ്റു പരലോകം പ്രാപിച്ചാലും അർജ്ജുനന് നഷ്ടപ്പെടാനൊന്നുമില്ല, നേടാനേയുള്ളൂ എന്നാണ് കൃഷ്ണൻ സമർത്ഥിക്കുന്നത്. അതിനാൽ  ഈ മൗഢ്യം നിനക്ക് ചേർന്നതല്ല. നീ ക്ഷത്രിയനാണ്, നിനക്ക് ബാധ്യസ്ഥമായതും കീർത്തിയും ആദരവും ലഭിക്കുന്നതുമായ നിൻറെ സ്വധർമ്മം നിർവഹിക്കാൻ തയ്യാറാകൂ. ഉണരൂ അർജ്ജുനാ!

കൃഷ്ണൻ ഇപ്പറയുന്നത് അർജ്ജുനനോടു മാത്രമല്ല, നമ്മൾ ഓരോരുത്തരോടും കൂടിയാണെന്നു ചിന്തിക്കുമ്പോൾ ഭഗവത് ഗീതയുടെ കാലികപ്രസക്തി ഏറും. 

1 comment:

  1. The importance of doing ones duty is emphasised by Krishna in these chapters.As Geroge Paton once said :"Duty is the essence of manhood". I am happy that Sudarshanam is proceeding in an admirable manner.

    ReplyDelete