Friday, January 6, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 9)

ആത്മാവിന്റെ പ്രത്യേകതകളെയും സവിശേഷതകളെയും കുറിച്ചുള്ള ഭഗവാൻ കൃഷ്ണന്റെ വിശദീകരണങ്ങൾ  തുടരുകയാണ്. ഈ ആത്മവിഷയത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെക്കുറിച്ചൊക്കെ കഴിഞ്ഞ ഭാഗത്തിൽ    വിശദീകരിച്ചിരുന്നുവല്ലോ? ഇത് ശാസ്ത്രീയാടിസ്ഥാനമുള്ള തത്വദർശനമാണ്, സാധാരണ വിശ്വാസവിഷയമൊന്നുമല്ല എന്ന് ഒന്നു കൂടി ഊന്നി പറഞ്ഞുകൊള്ളട്ടെ. ഗഹനമായ തത്വവിഷയത്തെ ഗീതാകാരൻ തന്റെ കാവ്യാത്മകമായ ശൈലിയിലൂടെ അതീവ മനോഹരമാക്കി അവതരിപ്പിച്ചിരിക്കുകയാണ്.

വേദാവിനാശിനം  നിത്യം യ ഏനജമജമവ്യയം 
കഥം സ പുരുഷ പാർത്ഥ: കം ഘാതയതി ഹന്തി കം (ശ്ലോകം 2:21) 

(ഈ ആത്മാവിനെ നാശരഹിതനും നിത്യനും ജനനരഹിതനും  മാറ്റമില്ലാത്തവനുമായി ആരറിയുന്നുവോ, അങ്ങിനെയുള്ള പുരുഷൻ ആരെയെങ്കിലും കൊല്ലിയ്ക്കുന്നതെങ്ങിനെ? കൊല്ലുന്നതെങ്ങിനെ?)

വാസാംസി ജീർണ്ണാനി യഥാ വിഹായാ 
നവാനി  ഗൃഹ്‌ണാതി  നരോപരാണി  
തഥാ ശരീരാണി വിഹായ ജീർണാ-
ന്യന്യാനി സംയാതി നവാനി ദേഹി  (ശ്ലോകം 2:22) 

(മനുഷ്യൻ എങ്ങിനെ ജീർണ്ണവസ്ത്രങ്ങൾ  വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീർണ്ണിച്ച ദേഹങ്ങൾ വെടിഞ്ഞു വേറെ ദേഹങ്ങൾ കൈക്കൊള്ളുന്നു) 

നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ 
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ (ശ്ലോകം 2:23) 

(ഈ ആത്മാവിനെ ആയുധങ്ങൾ മുറിവേൽപ്പിക്കുന്നില്ല, ഇവനെ തീ ദഹിപ്പിയ്ക്കുന്നില്ല, ഇവനെ വെള്ളം നനയ്ക്കുന്നില്ല, കാറ്റ് ഉണക്കുന്നുമില്ല)

അച്ഛേദ്യോയമദാഹ്യോയമക്ലേദ്യോശൊഷ്യ ഏവ  ച 
നിത്യ സർവ്വഗത സ്ഥാണുരചലോയം സനാതനഃ  (ശ്ലോകം 2:24) 

(ഇവൻ ഛേദിക്കപ്പെടാൻ കഴിയാത്തവനാണ്, നനയാത്തവനാണ്, ഉണങ്ങാത്തവനുമാണ്. ഇവൻ നിത്യനും സർവ വ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്)

അവ്യക്ത്യോയമചിന്ത്യോയമവികാര്യോയമുച്യതേ 
തസ്മാദേവം വിദിത്വയിനം നാനുശോചിതുമർഹസി (ശ്ലോകം 2:25)  

(ഇവൻ (ഈ ആത്മാവ്) ഇന്ദ്രിയങ്ങൾക്കും മനസ്സിനും അഗോചരനും മാറ്റമില്ലാത്തവനുമാണെന്നു പറയപ്പെടുന്നു. അതുകൊണ്ടു ഇങ്ങനെയുള്ളവനായി ഇവനെ അറിഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക).

അർജ്ജുനാ, നീ  ശുദ്ധസത്വമായ, നിർഗ്ഗുണനായ, നാശരഹിതനായ ആത്മാവാണ്; അല്ലാതെ നീ വിചാരിക്കുന്നതുപോലെ നശ്വരമായ കേവല ശരീര-മനോ-ബുദ്ധികളല്ല എന്നും നിർഗ്ഗുണനായ ആത്മാവിനു ആരെയും കൊല്ലാനോ കൊല്ലിയ്ക്കാനോ കഴിയില്ല എന്നതിനാൽ നിനക്കും അതിനൊന്നും തന്നെ കഴിയില്ലയെന്നും  ആത്മബോധം മറഞ്ഞു നിൽക്കുന്നതുകൊണ്ട് നിനക്കിങ്ങനെയൊക്കെ തോന്നുന്നുവെന്നേയുള്ളു വെന്നുമാണ് ഭഗവാൻ പറയുന്നത്. ആത്മാവിന്റെ ഈ പ്രത്യേകതളൊക്കെ തന്നെ മുൻപ് കണ്ട പല ശ്ലോകങ്ങളിലും പറഞ്ഞിട്ടുള്ളതും നമ്മൾ ചർച്ച ചെയ്തതുമാണ്. വിസ്തരഭയത്താൽ അതെല്ലാം വീണ്ടും ആവർത്തിക്കുന്നില്ല. മുകളിലെ ശ്ലോകങ്ങളിൽ കാണുന്നതും മുൻപ് വിശദീകരിച്ചിട്ടില്ലാത്തതുമായ ചില വിശേഷണങ്ങളെ മാത്രം നമുക്കൊന്ന് ഇഴപിരിച്ചു  നോക്കാം. 

മനുഷ്യർ ജീർണ്ണിച്ച വസ്ത്രം മാറ്റി നല്ല വസ്ത്രം അണിയുന്നതുപോലെയാണ് ആത്മാവ് ജീർണ്ണിച്ച ശരീരം ഉപേക്ഷിച്ചു മറ്റൊരു ശരീരം സ്വീകരിക്കുന്നതത്രെ. അതായത് മരണം എന്നത്‌ ആത്മാവിന്റെ ഒരു കുടമാറ്റമാണ്. വസ്ത്രം അണിയുന്നതിൽ നമുക്കു ചില താത്പര്യങ്ങളുണ്ട്. നഗ്നത മറയ്ക്കുന്നതിനും തണുപ്പകറ്റുന്നതിനും മറ്റുള്ളവരുടെ മുൻപിൽ നമ്മെ നന്നായി അവതരിപ്പിക്കുന്നതിലുമൊക്കെ വസ്ത്രധാരണത്തിനു വലിയ പങ്കുണ്ട്. അണിയുന്ന വസ്ത്രം നമ്മുടെ ഈ ലക്ഷ്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് കണ്ടാൽ നമ്മൾ അത് മാറ്റി അനുയോജ്യമായവ തിരഞ്ഞെടുക്കും. ശരീരമാകുന്ന വസ്ത്രങ്ങൾ അണിയുന്ന ആത്മാവിനും ഉണ്ട് ഇതുപോലെ ചില  ലക്ഷ്യങ്ങൾ. ശുദ്ധസത്വമായ, നിത്യമായ, നിർമ്മലമായ ആത്മബോധം (പുരുഷൻ, ആത്മാവ്) ഒരു ദേഹത്തിൽ വസിക്കുക കാരണം ദേഹാഭിമാനിയായി തീർന്നു (ദേഹി, ജീവൻ) ആ ദേഹത്തിന്റെ വാസനകൾ ഏറ്റുവാങ്ങുന്നുവെന്നും പല പല ജീവ ശരീരങ്ങളിലൂടെയുള്ള യാത്രയിലൂടെ  ഈ വാസനകളെയെല്ലാം അകറ്റി വീണ്ടും ശുദ്ധസത്വമായ ആത്മാവായി പ്രപഞ്ച ബോധത്തിൽ (ബ്രഹ്മം) വിലയം പ്രാപിയ്ക്കുന്നു എന്നും മുൻപ് പറഞ്ഞുവല്ലോ? ജലം സമുദ്രത്തിൽ നിന്നും  നീരാവിയായി പൊങ്ങി, കാർമേഘങ്ങളായി, മഴയായി, ഭൂമിയിലെ നീരൊഴുക്കുകളായി, പുഴയായി, നദിയായി അവസാനം തിരികെ സമുദ്രത്തിൽ തന്നെ വിലയം പ്രാപിയ്ക്കുന്നതു പോലെയുള്ള ആത്മാവിന്റെ ഈ പരിണാമയാത്രയിൽ  വാസനാമാലിന്യമകറ്റാൻ അനേകം ശരീരങ്ങൾ (ജന്മങ്ങൾ) ആത്മാവ് ഉപയോഗിക്കുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഒരു ശരീരവാസം കൊണ്ട് കൂടുതൽ പ്രയോജനമൊന്നുമില്ലെന്നു കണ്ടാൽ ജീവൻ ആ ശരീരത്തെ ഉപേക്ഷിക്കുന്നു. ശരീരം വീഴുമ്പോൾ ആത്മാവ് രക്ഷപെടുകയല്ല, മറിച്ചു ആത്മാവിന്റെ കൂടുമാറ്റത്തിനാൽ ശരീരം വീഴുകയാണ്‌ (മരണം). ആത്മാവാണ് എല്ലാം തീരുമാനിയ്ക്കുന്നതും നിയന്ത്രിയ്ക്കുന്നതും. 


'ഈ ആത്മാവിനെ ആയുധങ്ങൾ മുറിവേൽപ്പിക്കുന്നില്ല, ഇവനെ തീ ദഹിപ്പിയ്ക്കുന്നില്ല, ഇവനെ വെള്ളം നനയ്ക്കുന്നില്ല, കാറ്റ്     ഉണക്കുന്നുമില്ല'.അതായത് ആത്മാവ് ഛേദിക്കപ്പെടാൻ കഴിയാത്തവനാണ്, നനയാത്തവനാണ്, ഉണങ്ങാത്തവനുമാണ്". എന്താണ് ഇങ്ങനെയൊക്കെ പറയാൻ കാരണം?

പിണ്ഡ (matter) ത്തിനാൽ നിർമ്മിക്കപ്പെട്ട ഒരു ഭൗതിക വസ്തുവിനെ മാത്രമേ ആയുധം കൊണ്ടു മുറിവേൽപ്പിക്കാനോ അഗ്നി കൊണ്ട് ദഹിപ്പിക്കാനോ കഴിയുകയുള്ളൂ എന്ന് നമുക്കറിയാം. വിദുച്ഛക്തിയ്ക്കെന്ന പോലെ ആത്മാവിനും ശരീരമില്ലാത്ത സ്ഥിതിയ്ക്ക് അതിനെ മുറിവേൽപ്പിക്കാനും ദഹിപ്പിയ്ക്കാനും കഴിയുകയില്ല. ആത്മാവ് സർവവ്യാപിയാകയാൽ അത് എല്ലായിടങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. അതായത് ആത്മാവില്ലാത്ത ഒരിടവും ഇല്ല എന്നർത്ഥം. ഞാൻ മുൻപൊരു ഭക്തിഗാനത്തിൽ എഴുതിയതുപോലെ 'എങ്ങും നിറയും എല്ലാപ്പൊരുളിലും ഇല്ലാത്തതിലും ഉള്ള' താണ്‌ ആത്മാവ്. ഒരു വസ്തു മുറിയണമെങ്കിൽ മുറിഞ്ഞു മാറുന്ന തുണ്ടങ്ങൾക്കു നടുവിൽ ആ വസ്തുവില്ലാത്ത ഒരു space ഉണ്ടാകണമല്ലോ? ആത്മാവ് എല്ലായിടത്തും നിറഞ്ഞിരിക്കുന്നതിനാൽ അത് സാധ്യമല്ല. ഒരു ഭൗതിക വസ്തുവിലുള്ള സൂക്ഷ്മവും സ്ഥൂലവുമായ സുഷിരങ്ങളിൽ വെള്ളം നിറയുമ്പോഴാണ് അത് നനഞ്ഞതായി നമുക്കനുഭവപ്പെടുന്നത്. ഒരു വസ്ത്രം നനയുന്നത് ഇങ്ങനെയാണ്. ലോഹത്താൽ പൂർണ്ണമായും നിറഞ്ഞിരിക്കുന്ന, സുഷിരങ്ങളില്ലാത്ത ഒരു ലോഹക്കഷണത്തെ സങ്കൽപ്പിക്കുക. പ്രവേശിക്കാൻ സ്ഥലമില്ലാത്തതിനാൽ ജലത്തിനതിനെ നനയ്ക്കാൻ കഴിയില്ല. ആത്മാവിന്റെ കാര്യത്തിലും ഇത് പ്രസക്തമാണ്. എല്ലായിടവും നിറഞ്ഞിരിയ്ക്കയാൽ അതിനെ നനയ്ക്കാൻ ജലത്തിന് കഴിയില്ല. നനഞ്ഞ വസ്തുവിനെ ഉണക്കുക എന്നു പറയുന്നതിന്റെയർത്ഥം, അതിലെ സുഷിരങ്ങളിലെ ജലത്തെയകറ്റുകയെന്നാണ്. ജലം നനയ്ക്കാത്ത വസ്തുവിനെ ഉണക്കുക സാധ്യമല്ലല്ലോ? അതുകൊണ്ടു ആത്മാവിനെ ഉണക്കാനും കഴിയില്ല. എല്ലായിടവും നിറഞ്ഞിരിക്കയാൽ ആത്മാവിന് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ചലിക്കാനും കഴിയില്ല. ഒരു വസ്തു, അതില്ലാത്ത ഒരിടത്തേക്ക് മാറുന്നതിനെയാണ് ചലനം എന്ന വാക്കുകൊണ്ട് നാം അർത്ഥമാക്കുന്നത്.

ആത്മാവിന്റെ സർവ്വവ്യാപിത്വം കൊണ്ടുണ്ടാകുന്ന മേൽപ്പറഞ്ഞ സവിശേഷതകൾ, "വാസാംസി ജീർണ്ണാനി..." എന്നു തുടങ്ങുന്ന ശ്ലോകവ്യാഖ്യാനത്തിൽ വിവരിച്ച 'ആത്മാവി'ന്റെ (ദേഹി) പ്രകൃതവുമായി അത്ര യോജിച്ചു പോകുന്നതല്ല എന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന, ഒന്നിന്റെയും കർത്താവും ഭോക്താവുമല്ലാത്ത, ചലിയ്ക്കാൻ കഴിയാത്ത ആത്മാവ് എങ്ങിനെയാണ് ഒരു ശരീരം വിട്ടു മറ്റൊരു ശരീരം പ്രാപിയ്ക്കുന്നത്? നിർഗ്ഗുണനായ ആത്മാവിനെങ്ങിനെയാണ് ശരീരമാറ്റം പോലെയുള്ള വിഷയത്തിൽ താത്പര്യം വരുന്നത്? യാതൊന്നിനാലും ഒരു മാറ്റവും വരുത്താൻ കഴിയാത്ത ശുദ്ധസത്വമായ ആത്മാവിനെ ദേഹവാസനകൾ എങ്ങിനെയാണ് കളങ്കപ്പെടുത്തുന്നത്? പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന സദ്‌വസ്തുവായ ആത്മാവിനും (ബ്രഹ്മം, spirit or soul) ജീവശരീരത്തിലെ ആത്മാവിനും (ദേഹി, ജീവൻ, embodied soul) തമ്മിൽ വ്യത്യാസമുണ്ടെന്നും ശരീരവാസവും വാസനാമാലിന്യവും കൂടുവിട്ട് കൂടുമാറിയുള്ള പരിണാമപ്രക്രിയയും എല്ലാം സംഭവിയ്ക്കുന്നത് ജീവാത്മാവിനാണെന്നും എന്നാൽ ഇതെല്ലാം തന്നെ സംഭവിയ്ക്കുന്നത് സർവ്വവും വ്യാപ്തമായി നിൽക്കുന്ന നിർഗ്ഗുണാത്മ (ബ്രഹ്മ) തലത്തിലാണെന്നും ജ്ഞാനികളായ ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുള്ളതു നമുക്കും സ്വീകരിയ്ക്കാം. 

ഹൈന്ദവധർമ്മത്തിന്റെ കാതലായി കണക്കാക്കാവുന്നവയാണ് ഇപ്പറഞ്ഞ ആത്മവിഷങ്ങൾ. പുനർജന്മ - മോക്ഷ സിദ്ധാന്തങ്ങളുടെ വേരുകളാണ്ടു കിടക്കുന്നതിവിടെയാണ്. ആത്മീയവിഷയങ്ങളിൽ ജിജ്ഞാസുക്കളായുള്ള സാധാരണ ജനങ്ങളെ ഉദ്ദേശിച്ചെഴുതുന്ന ഈ ഗീതാപരമ്പരയിൽ ഈ വിഷയത്തെക്കുറിച്ചൊക്കെ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലല്ലോ? പക്ഷേ, മുകളിൽ ഉന്നയിച്ച പല ചോദ്യങ്ങളും ആത്മവിഷയ കുതുകികളായിട്ടുള്ളവർക്കു ഗൗരവപൂർവം ചിന്തിക്കാനും മനനം ചെയ്യാനുമുള്ള സാദ്ധ്യതകൾ നൽകുന്നതാണ്. വൈകാരികമായ ഭക്തിതലത്തിൽ നിന്നും, ഗീത ലക്ഷ്യം വയ്ക്കുന്ന ബോധാത്മകമായ കൃഷ്‌ണതലത്തിലേക്കുയർന്നു ചിന്തിക്കാൻ ഇങ്ങിനെയുള്ള അപഗ്രഥനങ്ങളും അന്വേഷണങ്ങളും പഠിതാക്കളെ  സഹായിക്കും എന്നുള്ളതിൽ സംശയമില്ല. 

ഇനി അടുത്തയാഴ്ച കാണാം. 

3 comments:

  1. I am very much thankful to Sudarshanam for the role it is playing in imparting spiritual knowledge to me. The lucid language which the author uses made the transition of complex ideas much simpler. Eagerly waiting for the next part.

    ReplyDelete