Friday, February 3, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 13)

സ്വജനഹത്യ പാപമാണെന്നും അതിനാൽ യുദ്ധം ചെയ്യാൻ തനിക്കാവില്ലെന്നുമുള്ള അർജ്ജുനചിന്തക്ക് (ഒന്നാം അദ്ധ്യായം, ശ്ലോകം 36, 39, 45) മറുപടിയായി, ക്ഷത്രിയന്റെ സ്വധർമ്മമായ യുദ്ധം ചെയ്യാതിരുന്നാൽ അതാണ് യഥാർത്ഥത്തിൽ പാപം എന്ന് കൃഷ്ണൻ സമർത്ഥിച്ചു കഴിഞ്ഞു (രണ്ടാമദ്ധ്യായം, ശ്ലോകം 33). കൃഷ്ണന്റെ അഭിപ്രായത്തിൽ, കർമ്മത്തിന്റെ മഹത്വവും മഹത്വമില്ലായ്മയുമാണ് പുണ്യപാപങ്ങളെ നിർണ്ണയിക്കുന്നത്, അല്ലാതെ അർജ്ജുനൻ ചിന്തിക്കുന്നതുപോലെയുള്ള വൈകാരിക വിഷയങ്ങളോ ആ ചിന്തകൾക്ക് പ്രേരകമായ ധർമ്മശാസ്ത്ര ശാസനങ്ങളോ അല്ല. 'കുലനാശം വരുത്തുന്ന ഈ യുദ്ധത്തിൽ ഏർപ്പെടുന്നതിന്റെ പേരിൽ പാപിയായിത്തീരുന്ന തനിക്കു നരകവാസമായിരിക്കും ഫലം' എന്ന അർജ്ജുനൻറെ ചിന്തക്ക് (ശ്ലോകം 1:44), 'മഹാഭാഗ്യവാന്മാരായ ക്ഷത്രിയർക്കു മാത്രം ലഭിക്കുന്ന ഇതുപോലൊരു ധർമ്മയുദ്ധം യഥാർത്ഥത്തിൽ അർജ്ജുനനു മുൻപിൽ തുറന്നുകിട്ടിയ സ്വർഗ്ഗവാതിലാണ്' എന്നാണു കൃഷ്ണൻ മറുപടി നൽകുന്നത് (ശ്ലോകം 2:32). അതായത് അർജ്ജുനനു പാപനരകമാകുന്ന കർമ്മം കൃഷ്ണന് സ്വർഗ്ഗപുണ്യമാകുന്നു! ഇങ്ങനെ സൂക്ഷ്മമായി പരിശോധിച്ചാൽ 'യുദ്ധം ചെയ്യാനാവില്ല' എന്ന തന്റെ നിലപാടിനെ സാധൂകരിക്കാനായി അർജ്ജുനൻ ഒന്നാം അദ്ധ്യായത്തിൽ നിരത്തിയ ഓരോ വാദഗതികളെയും രണ്ടാമദ്ധ്യായത്തിൽ യുക്തിപരമായി തന്നെ കൃഷ്ണൻ ഖണ്ഡിക്കുന്നതായി കാണാം. ഇതിലേക്കായി വേദാന്ത തത്ത്വചിന്തകളെയാണ് ആദ്യം ആശ്രയിച്ചതെങ്കിൽ, പിന്നീട് അർജ്ജുനനു കൂടുതൽ മനസ്സിലാവുന്ന സാധാരണത്വത്തിലേക്കും ഭഗവാൻ ഇറങ്ങി വന്നതു നമ്മൾ കണ്ടു കഴിഞ്ഞു. 

ഇവിടെ ഒരു കാര്യം വ്യക്തമാണ്. അജ്ഞാനാന്ധത ബാധിച്ച അർജ്ജുനൻ ഒരു ഭാഗത്തും ബോധസ്വരൂപനായ ഭഗവാൻ അതിന്റെ മറുഭാഗത്തുമായാണ് നിലകൊള്ളുന്നത്. അർജ്ജുനനെപ്പോലെ തന്നെയാണ് മനുഷ്യരിലേറെപ്പേരും ചിന്തിക്കുന്നത്. താൻ ചിന്തിക്കുന്നതാണ് ശരി, അതു മാത്രമാണ് ശരി എന്ന ചിന്തയാണല്ലോ 'യുദ്ധം ചെയ്യാൻ വയ്യ' എന്ന നിലപാടെടുക്കാൻ അർജ്ജുനനെ പ്രേരിപ്പിച്ചത്? ജഗദീശ്വരനായ കൃഷ്ണൻ തന്നോടൊപ്പം ഉണ്ടായിട്ടു കൂടി, ഇത്ര വലിയ ഒരു തീരുമാനം എടുക്കുന്നതിനു മുൻപായി, അദ്ദേഹത്തോടൊരുപദേശം തേടണമെന്നുപോലും അർജ്ജുനനു തോന്നിയില്ല. തന്റെ തീരുമാനത്തെ കൃഷ്ണനോട് ന്യായീകരിക്കുക മാത്രമാണ് അർജ്ജുനൻ ചെയ്തത്. ഇതു തന്നെയല്ലേ മനുഷ്യരൊക്കെയും ചെയ്യുന്നത്? ഉള്ളിലിരിക്കുന്ന ഭഗവാനോട് (മന:സ്സാക്ഷിയോട്) ഉപദേശം ആരാഞ്ഞു, ആ ഉപദേശത്തിനനുസരിച്ചു കർമ്മം ചെയ്തു ജീവിക്കുന്ന എത്രപേരുണ്ട് സമൂഹത്തിൽ? തുലോം കുറവാണ്. ഈശ്വരൻ പറയുന്നതിലല്ല, മറിച്ചു ഈശ്വരനെ പല തരത്തിലും സ്വാധീനിച്ചു തങ്ങൾ ആഗ്രഹിക്കുന്നതൊക്കെ നേടിയെടുക്കുന്നതിലാണ് ഭക്തരിലേറെപ്പേരുടെയും ശ്രദ്ധ എന്നതല്ലേ സത്യം? ഭക്തരെല്ലാം ചെന്നു ചേരാനാഗ്രഹിക്കുന്നത് ആ പരമപദത്തിലാണ്; മോക്ഷമാണ് ലക്‌ഷ്യം. പക്ഷെ ചിന്തകളും കർമ്മങ്ങളുമോ അതിനു നേരേ വിപരീത ദിശയിലും! അർജ്ജുനന്റെയും നമ്മളേവരുടെയും ചിന്തകൾ ഈശ്വരോന്മുഖമാകാതെ ഇങ്ങനെ വികലമാകുന്നതെന്തു കൊണ്ടാണ്? ഈശ്വരരൂപികളായ നമുക്ക് നമ്മുടെ കഴിവുകൾ കാണാൻ കഴിയാത്തതെന്തു കൊണ്ടാണ്? സന്തോഷിക്കാനുള്ളതെല്ലാമുണ്ടായിട്ടും അർജ്ജുനനെപ്പോലെ വിഷാദത്തിന്റെ തമോഗർത്തത്തിലേക്കു നാം ആണ്ടുപോകുന്നതെന്തു കൊണ്ടാണ്? മനുഷ്യന്റെ മോക്ഷപ്രാപ്തിക്കു തടസ്സമായി നിൽക്കുന്ന ചിന്തകളുടെ പ്രഭവസ്ഥാനങ്ങൾ ഏതൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ശരി ഉത്തരങ്ങൾ കണ്ടെത്താൻ മനുഷ്യരെ സഹായിക്കുകയും ആത്മശുദ്ധീകരണത്തിനു സഹായകമാകുന്ന ആ തിരിച്ചറിവിലൂടെ മുന്നേറി ജീവിതത്തെത്തന്നെ ലോകക്ഷേമത്തിനുള്ള മഹായജ്ഞമാക്കാനുമുള്ള ആഹ്വാനമാണ് ഭഗവത് ഗീത നൽകുന്നത്. ഈ മാനവമഹായജ്ഞം സഫലമാകാൻ അവശ്യം വേണ്ട അന്തഃകരണ ശുദ്ധി പ്രായോഗികമായി എങ്ങിനെ ആർജ്ജിക്കാം എന്നു ഭഗവത് ഗീത പറഞ്ഞു തരുന്നുണ്ട്. കർമ്മബന്ധനങ്ങൾക്കതീതമായ മോക്ഷാവസ്ഥ എന്ന പൂർണ്ണസ്വാതന്ത്ര്യത്തിലേക്ക് മനുഷ്യരെ നയിക്കുന്നതിലേക്കായി, അർജ്ജുനവിഷാദത്തെ നിമിത്തമാക്കിക്കൊണ്ട് ഗീതാകാരൻ നമുക്ക് ഉപദേശം നൽകുകയാണ്; ബോധസ്വരൂപനായ കൃഷ്ണന്റെ ജിഹ്വായിലൂടെ. നമുക്കതു തുടർന്നു കേൾക്കാം.    
         

സുഖദുഃഖേ സമേ കൃത്വ ലാഭാലാഭൗ ജയാജയൗ 
തതോ യുദ്ധായ യുജ്യസ്വ നൈനം പാപമവാപ്സസി (ശ്ലോകം 2:38)  

(സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ജയാപജയങ്ങളും തുല്യമായി കരുതി നീ യുദ്ധത്തിന് ഒരുങ്ങുക. അങ്ങനെയായാൽ പാപം നിന്നെ ബാധിക്കുകയില്ല)

സുഖം-ദുഃഖം, ലാഭം-നഷ്ട്ടം, ജയം-പരാജയം തുടങ്ങിയ വിപരീതഭാവങ്ങളുടെ (pair of opposites) പിടിയിലാണ് മനുഷ്യജീവിതം. ഇതിൽ തന്നെ സുഖം, ലാഭം, ജയം എന്നിവ നമുക്കിഷ്ടമുള്ളതും ദുഃഖം, നഷ്ടം, പരാജയം എന്നിവ  നമുക്കിഷ്ടമില്ലാത്തതുമായ അവസ്ഥകളാണ്. ഈ വിപരീതാവസ്ഥകൾ എല്ലാം തന്നെ അസ്ഥിരങ്ങളായ ശരീര-മനോ-ബുദ്ധി തലത്തിലുള്ളതും ആയതിനാൽ തന്നെ അസ്ഥിരങ്ങളും തികച്ചും അപേക്ഷികവുമാണെന്നും കാണാം. ഒരുവനു സുഖം നൽകുന്ന വിഷയം മറ്റൊരുവനിൽ ദുഖമായിരിക്കും ജനിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മൊബൈൽ ഫോൺ വാങ്ങുമ്പോൾ സുഖവും സന്തോഷവുമാണ് തോന്നിയതെങ്കിൽ, അതിലും പുതിയതു മാർക്കറ്റിൽ കാണുമ്പോൾ ദുഖഃമാണുണ്ടാകുക. സ്വന്തം സൗന്ദര്യത്തിൽ സന്തോഷിച്ചിരുന്ന കറുത്ത കാക്കയ്ക്ക് വെളുത്ത കൊക്കിനെക്കണ്ടപ്പോൾ സന്തോഷം ദുഃഖമായി മാറി. ലാഭനഷ്ടങ്ങളുടെയും വിജയപരാജയങ്ങളുടെയും കാര്യവും ഇതുപോലെ തന്നെയാണ്. അർജ്ജുനാ, ശരീര-മനോ-ബുദ്ധികൾ സൃഷ്ഠിക്കുന്ന ഈ വിപരീതഭാവങ്ങളാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം. എന്നാൽ ഈ വിപരീതഭാവങ്ങളെ തുല്യതയോടെ കാണാൻ കഴിഞ്ഞാൽ, അവയുടെ ബന്ധനങ്ങളിൽ നിന്നും മുക്തനാവാൻ കഴിയും. മനസ്സിന്റെ ഈ സാമ്യാവസ്ഥയെയാണ് നീ നേടേണ്ടത്. അങ്ങനെയായാൽ, മറ്റു ചിന്തകളൊന്നും അലട്ടാതെ നിനക്ക് നിന്റെ സ്വധർമ്മമായ യുദ്ധത്തിൽ ഏർപ്പെടുവാൻ കഴിയും. ആത്മസംതൃപ്തി നൽകുന്നതും ആനന്ദദായകവുമായ സ്വധർമ്മാചരണം, ആർജ്ജിതമായ വാസനകളെ കഴുകിക്കളഞ്ഞു മനസ്സ് ശുദ്ധമാക്കി കർമ്മബന്ധനം അഴിക്കാൻ കാരണമാകും എന്നതിനാൽ അതു പാപവിമുക്തമാണെന്നു പറഞ്ഞിരിക്കുന്നു. സ്വാർത്ഥലക്ഷ്യങ്ങളോടെ മനുഷ്യർ ചെയ്യുന്ന പരധർമ്മപ്രകാരമുള്ള കർമ്മങ്ങൾ മനസ്സിന്റെ വാസനാമാലിന്യത്തെ വർദ്ധിപ്പിച്ചു  കർമ്മബന്ധനമുണ്ടാക്കും എന്നതിനാൽ അത് പാപമായും ഭവിക്കുന്നു.  

ഏഷാ തേഭിഹിതേ  സാംഖ്യേ ബുദ്ധിർയോഗേ ത്വിമാം ശൃണൂ 
ബുദ്ധ്യാ യുക്തോ യയാ പാർത്ഥ കർമ്മബന്ധം പ്രഹാസ്യസി (ശ്ലോകം 2:39) 

(അല്ലയോ അർജ്ജുനാ, ഇതുവരെ ഞാൻ നിനക്കുപദേശിച്ചത് ആത്മതത്വപരമായ സാംഖ്യബുദ്ധിയാണ്. ഇനി യോഗബുദ്ധിയെ കേട്ടുകൊൾക. ഈ അറിവോടു കൂടി നീ കർമ്മബന്ധനത്തെ ഉപേക്ഷിക്കുന്നതാകും)  

ഭഗവത് ഗീതയിൽ വളരെയധിക പരാമർശിക്കപ്പെടുന്ന ഒരു വാക്കാണ് 'യോഗം'. ഗീതയുടെ അദ്ധ്യായങ്ങളുടെ  പേരുകൾ തന്നെ 'യോഗ'ത്തിലാണ് അവസാനിക്കുന്നത് (അർജ്ജുനവിഷാദയോഗം, സാംഖ്യയോഗം, കർമ്മയോഗം,......). 'യുജ്' എന്ന സംസ്കൃത ധാതുവിൽ നിന്നും പരിണമിച്ച ഈ വാക്കിന്റെ അർത്ഥം 'യോജിപ്പിക്കുക' എന്നാണെന്നു കാണുന്നു. അപ്പോൾ ഈശ്വരനുമായി മനുഷ്യനെ, അല്ലെങ്കിൽ പരമാത്മാവുമായി ജീവാത്മാവിനെ യോജിപ്പിക്കുക എന്നതാണ് 'യോഗം' എന്ന പദപ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു ചിന്തിക്കാം. ഇതിനു സഹായകമാകുന്ന വിവിധ മാർഗ്ഗങ്ങളാണ് ഭഗവത് ഗീതയുടെ ഓരോ അദ്ധ്യായത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നത് എന്നും ചിന്തിക്കാം. 'സാംഖ്യം' എന്ന പദത്തിന്റെ അർത്ഥതലം ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്തു വിശദീകരിച്ചിരുന്നു. 'സാംഖ്യയോഗം' എന്നാൽ 'ജ്ഞാനവഴിയിലൂടെ മനുഷ്യരെ (ജീവാത്മാവിനെ ) ഈശ്വരനുമായി (പരമാത്മാവുമായി) ബന്ധിപ്പിക്കുക എന്നാണെന്നും മുൻപ് പറഞ്ഞിരുന്നു. ആ ജ്ഞാനവഴിയാണ് ഇതുവരെ അർജ്ജുനന് താനുപദേശിച്ചതെങ്കിൽ ഇനി മറ്റൊരു വഴിയായ 'ബുദ്ധിയോഗം' ഉപദേശിക്കാം എന്നാണു കൃഷ്ണൻ പറയുന്നത്. ഇനി തുടർന്നു വരുന്ന ചില ശ്ലോകങ്ങളിൽ നിന്നും ഫലാകാംക്ഷ കൂടാതെ കർമ്മം ചെയ്യുന്ന ശാസ്ത്രത്തെയാണ് 'ബുദ്ധിയോഗം' അല്ലെങ്കിൽ 'യോഗബുദ്ധി' എന്നു ഭഗവാൻ വിശേഷിപ്പിക്കുന്നതെന്നു മനസ്സിലാക്കാം. ബുദ്ധിയും കർമ്മവും തമ്മിൽ എന്താണ് ബന്ധം? കർമ്മഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്യാൻ കഴിയണമെങ്കിൽ കർമ്മഫലത്തെ ത്യജിക്കാൻ കഴിയണം. ഈ വിവേചനശക്തി നൽകുന്നത് ബുദ്ധി (intellectual discrimination ) യാകയാൽ കർമ്മയോഗത്തെ ബുദ്ധിയോഗമെന്നും പറഞ്ഞിരിക്കുന്നു. മുകളിൽ പരാമർശിച്ച 'വിപരീതഭാവങ്ങളെ സാമ്യാവസ്ഥയിൽ കാണാനുള്ള കഴിവും' നൽകുന്നത് ബുദ്ധിയാണ്. കർമ്മയോഗത്തെക്കുറിച്ചുള്ള അറിവ് കർമ്മബന്ധനങ്ങളിൽ നിന്നും അർജ്ജുനനെ (നമ്മളേവരെയും) മുക്തമാക്കുമത്രേ. ഈ അറിവോടെയുള്ള ധർമ്മത്തിന്റെ അല്പമാത്രമായ ആചരണം പോലും വലിയ ഭയത്തിൽ നിന്നും ഒരുവനെ രക്ഷിക്കാൻ പോന്നതാകുന്നു എന്നാണ് അടുത്ത ശ്ലോകത്തിൽ കൃഷ്ണൻ പറയുന്നത്.

(സാംഖ്യം, യോഗം, ബുദ്ധിയോഗം, കർമ്മയോഗം..മുതലായ ഗഹനമായ വിഷയങ്ങളെ സംബന്ധിച്ച് പല വ്യത്യസ്ത വ്യാഖ്യാനങ്ങളും പണ്ഡിതർക്കിടയിലുണ്ട്. ഇതിലേക്കൊന്നും പോകാതെ ആത്മവിഷയ ജിജ്ഞാസുക്കളായ സാധാരണക്കാർക്കു മനസ്സിലാകുന്ന ഒരു പൊതുരീതിയിലാണ് ഞാൻ എഴുതുന്നത്. ഈ വിഷയങ്ങളിൽ കൂടുതൽ താത്പര്യമുള്ളവർക്ക് തുടർ അന്വേഷണങ്ങൾക്കുള്ള സാദ്ധ്യതകളേറെയാണ്).

മനുഷ്യരുടെ വലിയ ഭയം എന്താണ്? എങ്ങിനെയാണ് നിഷ്ക്കാമകർമ്മം ഭയത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കുന്നത്? പഠിക്കാം, അടുത്തയാഴ്ചയാട്ടെ.

8 comments:

 1. The part was wonderfully fabricated by the author. The exemplary usages of analogies had always imparted the essence of the Gita to common readers. Wishing all the very best and eagerly waiting for the next part.

  ReplyDelete
  Replies
  1. Thanks Mahi for the comments. I am delighted to learn that the gita is inspiring you so profoundly. Continue reading....

   Delete
 2. Murali Dharan Vm wrote in FB: ഞങ്ങളുടെ ഭാഗ്യം ആണ് അങ്ങയുടെ യാൻജം

  ReplyDelete
 3. Surya Kumar wrote in FB: ഒന്നാന്തരം പOനം. സാംഖ്യയോഗത്തിന് corporate management രoഗത്ത് വലിയ സാദ്ധ്യതകൾ ഉണ്ട് നിഷ്പക്ഷമായും നിസ്വാർത്ഥമായും കർമ്മരംഗത്തൂ സഫലമായി പ്രവർത്തിക്കാൻ ഈ മനോഭാവം എക്ലിക്യൂട്ടീവുകളെ പ്രാപത രാക്കുന്നു. അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. THANKS. YES, INDEED GITA HAS SO MUCH TO DO IN MAMAGEMENT.

   Delete
 4. Sreedharan Nair Kangath commented in FB: VAYIKAN kaziyunnavarutey bagyam.

  ReplyDelete