Friday, February 10, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 14)

ഭഗവത് ഗീതയുടെ സിദ്ധാന്തങ്ങളിൽ പ്രധാനമായിട്ടുള്ളതും എന്നാൽ മനുഷ്യർ ഏറ്റവുമധികം ദുരുപയോഗം ചെയ്തിട്ടുള്ളതുമായ ഒരു പദമാണ് 'സ്വധർമ്മം'. കഴിഞ്ഞ രണ്ടു ലക്കങ്ങളിലും ഈ വിഷയത്തെപ്പറ്റിയുള്ള ശ്ലോകങ്ങളെ വ്യാഖ്യാനിക്കുമ്പോൾ, ഈ വാക്കിന്റെ അർത്ഥമെന്താണെന്നു പറയാനുള്ള എളിയ ശ്രമം നടത്തിയിരുന്നു, പ്രത്യേകിച്ചും 12-)o ഭാഗത്തിൽ. ഭഗവത് ഗീതയുടെ സനാതനധർമ്മ ഭൂമികയിൽ നിന്ന് നോക്കിയാൽ 'സ്വധർമ്മാചരണ' ത്തിലൂടെ മനുഷ്യരുടെ ജന്മാർജ്ജിതമായ കഴിവുകളുടെ ഏറ്റവും ഉൽകൃഷ്ടമായ പ്രകാശനമാണ് സംഭവിക്കുന്നത്. സ്വന്തം വാസനകൾക്കും (ഗുണങ്ങൾക്കും) കഴിവുകൾക്കും അനുസരിച്ചുള്ള കർമ്മം യജ്ഞഭാവനയോടെ ചെയ്യുമ്പോൾ, ആ കർമ്മത്തിന്റെ പരമാവധി ഫലം ഉളവാകുന്നു. ഇങ്ങിനെ അനുഷ്ഠിക്കപ്പെടുന്ന കർമ്മം, കർമ്മിക്കു സന്തോഷവും ആത്മസംതൃപ്തിയും പ്രദാനം ചെയ്യുമ്പോൾ തന്നെ ആ കർമ്മത്തിന്റെ ഫലം സമൂഹത്തിനു മുതൽക്കൂട്ടാകുകയുമാണ്. വേദാന്തതലത്തിൽ നിന്ന് നോക്കിയാൽ, സ്വധർമ്മപരമായ കർമ്മം അനുഷ്ഠിക്കുന്നതിലൂടെ ഒരുവനിലെ മോക്ഷപ്രാപ്തിക്കു തടസ്സമായി നിൽക്കുന്ന ജന്മവാസനകളാണ് ഹോമിക്കപ്പെടുന്നത്. 'കെട്ടുകളായതു കർമ്മം പുരുഷനു, കെട്ടുകളറ്റേ മുക്തിവരൂ ദൃഢം' എന്നു ഭാഗവതം ആദ്യപാദ കീർത്തനം. ലാഭചിന്തകളോടെ മനുഷ്യർ ചെയ്യുന്ന കർമ്മങ്ങൾ കർമ്മബന്ധനങ്ങൾ ഉണ്ടാക്കുമെന്നും ആ ബന്ധനങ്ങൾ അറ്റുപോയാൽ മാതമേ മുക്തി അല്ലെങ്കിൽ മോക്ഷം ലഭിക്കുകയുള്ളൂ എന്നും സാരം. ജന്മവാസനകൾക്കനുസൃതമായി കർമ്മം ചെയ്യുമ്പോൾ കർമ്മബന്ധനങ്ങൾ (വാസനകൾ) അറ്റുപോകുകയും അങ്ങിനെ വാസനാമാലിന്യമകന്ന ആത്മാവിനു പരമാത്മാവുമായി ചേരാനുള്ള സംഗതിയും വരുമത്രെ. വ്യക്തി രക്ഷപെടുന്നതോടോപ്പം തന്നെ അയാളൂടെ കർമ്മഫലം ലോകത്തിനു ലഭിക്കുകയും ചെയ്യുന്നു. പുനർജന്മങ്ങളെന്ന 'പാപനരക' ത്തിൽ നിന്നും 'മോക്ഷം' എന്ന 'പുണ്യസ്വർഗ്ഗ' ത്തിലേക്കാണ് മനുഷ്യൻ നിഷ്ക്കാമകർമ്മത്തിലൂടെ നടന്നു കയറുന്നത്. ഹൈന്ദവധർമ്മത്തിന്റെ ആത്യന്തികലക്ഷ്യമാണ് ഈ മോക്ഷപ്രാപ്തി. അത് സ്വധർമ്മാചരണത്തിലൂടെ നേടാൻ കഴിയും എന്നാണ് ഭഗവത് ഗീത ഉദ്ഘോഷിക്കുന്നത്. 

ഇപ്പറഞ്ഞതിലൊന്നും ജാതിയോ  മതമോ  വർണ്ണമോ ഒന്നുമില്ല; ഉള്ളത് വ്യക്തിയുടെ സ്വാഭാവികമായ ഗുണങ്ങൾ മാത്രം. എന്നാൽ ഗീതയുടെ ഈ മഹനീയ 'സ്വധർമ്മ' സിദ്ധാന്തത്തെ പ്രത്യേക ജാതിയിലുള്ളവരുടെ പരമ്പരാഗത തൊഴിൽ എന്ന വിധത്തിലാണ് സമൂഹം വ്യാഖ്യാനിച്ചിരിക്കുന്നത്. ജാതിയും മതവും എല്ലാം ഭഗവാൻ തന്നെ സൃഷ്ടിച്ചതാണെന്നും ജാതിധർമ്മമാണു് സ്വധർമ്മമെന്നും ഇക്കൂട്ടർ വാദിക്കുന്നു. ഇങ്ങനെ ചിന്തിക്കുമ്പോൾ, ഉന്നത കുലജാതർ മാന്യമായ തൊഴിലിനും അതല്ലാത്തവർ അമാന്യമായ തൊഴിലിനും മാത്രം അർഹരാണെന്ന് വരുന്നു. ഭഗവത് ഗീതയെ നിശിതമായി വിമർശിക്കുന്ന ഒരു പുസ്തകം അടുത്തയിടെ വായിച്ചപ്പോൾ സ്വധർമ്മ'മെന്ന ഗീതാസിദ്ധാന്തം, സമൂഹത്തിൽ ജാതിവ്യവസ്ഥ വളരാനും ഉച്ചനീചത്വങ്ങൾ ഉടലെടുക്കാനും കാരണമായെന്നും ഗീതയുടെ മഹാപരാധങ്ങളിൽ ഒന്നാണീ സിദ്ധാന്തം എന്നും എഴുതിക്കണ്ടു. ഈ രണ്ടു കൂട്ടരുടെയും വിലയിരുത്തലുകൾ ശരിയല്ലെന്നും ഭഗവത് ഗീത മുന്നോട്ടുവയ്ക്കുന്ന മഹനീയമായ ഒരാശയം ഇങ്ങനെയുള്ള വികലചിന്തകളിലൂടെ കുഴിച്ചുമൂടപ്പെടുന്നുമെന്നുമാണ് എനിക്കു തോന്നുന്നത്. ലോകത്തിനു മുഴുവൻ സുഖം ഭവിക്കട്ടെ (ലോകാഃ സമസ്താഃ സൂഖിനോ ഭവന്തു) എന്നുദ്ഘോഷിക്കുന്ന, സമത്വസുന്ദരമായ ലോകം സ്വപ്നം കണ്ട,  ഒരു മഹനീയ സംസ്കാരത്തിന്റെ കാവൽക്കാരായ ഋഷീശ്വരന്മാർ സങ്കുചിതമായി ചിന്തിച്ചിരുന്നവരായിരുന്നുവെന്ന് എങ്ങിനെയാണ് പറയാൻ കഴിയുക? ജാതിവ്യവസ്ഥയുണ്ടാക്കി, മനുഷ്യരെ പല തട്ടിലാക്കി ഭിന്നിപ്പിച്ചു, സമൂഹത്തിൽ അസമത്വവും അരാജത്വവും സൃഷ്ടിക്കുകയായിരുന്നു ഹൈന്ദവധർമ്മത്തിലെ ഈശ്വരന്റെ ദൗത്യം എന്ന് ഏതു ലോജിക്കുവച്ചാണ് പറയാൻ കഴിയുക? ഭഗവത് ഗീതയിലെ ഭഗവാൻ അത്ര കണ്ടു മോശക്കാരനോ? ബുദ്ധിയുള്ളവർ ചിന്തിക്കണം. ആർഷഭാരത ദർശനങ്ങളുടെ യുക്തിയും ശാസ്ത്രീയതയും മഹനീയമായ സാമൂഹികമാനങ്ങളുമാണ് ഇങ്ങനെയുള്ള ദുർവ്യാഖ്യാനങ്ങളിലൂടെ നഷ്ട്ടപ്പെടുന്നത് എന്നതു ഗൗരവമായി നാം കാണേണ്ടണ്ടതുണ്ട്. ഗീത വെറുമൊരു ഭക്തി ഗ്രന്ഥമല്ല, അതു സൃഷ്ടിക്കപ്പെട്ട കലാഘട്ടത്തിലെ സാമൂഹിക ചിന്തകളെ പ്രതിഫലിപ്പിക്കുകയും സമൂഹത്തിന്റെ പുരോഗതിക്കു തടസ്സം നിൽക്കുന്ന തെറ്റായ മതചിന്തകളെ വിമർശിക്കുകയും ആ തെറ്റുകൾ തിരുത്താൻ ആത്മീയതയെ ഉണർത്തുകയാണാവശ്യം എന്നുദ്ഘോഷിക്കുകയും അതിനുവേണ്ട പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന വിശ്വോത്തര ആധ്യാത്മികകൃതിയാണത്. അന്നത്തെപ്പോലെയല്ലെങ്കിലും, അശാസ്ത്രീയമായ പലവിധ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ദുർവ്യാഖ്യാനങ്ങളും ഇന്നത്തെ സമൂഹത്തിന്റെ പുരോഗതിക്കും തടസ്സം സൃഷ്ട്ടിച്ചു, സമൂഹത്തെ പിറകോട്ടു വലിച്ചുകൊണ്ടിരിക്കയാണ്. ആർഷഭാരത തത്വചിന്തകൾക്കു കടകവിരുദ്ധമായ 'ആദ്ധ്യാത്മിക' ചിന്തകളിലാണിന്നു സമൂഹം അഭിരമിക്കുന്നത്. ഫലമോ, നിസ്വാർത്ഥ മാനവികതയുടെ  മഹാമന്ത്രമോതിയ സംസ്കാരത്തിന്റെ സ്ഥാനത്തു സ്വാർത്ഥതയും കപടതയും ഇന്നു് അരങ്ങുവാഴുന്നു! ഇതിനൊക്കെ കൂട്ടുപിടിക്കുന്നതോ സാക്ഷാൽ ഭഗവാനെയും! ഇന്നു നാം അനുഭവിക്കുന്ന പല കഷ്ടതകളുടെയും നാരായവേര് ആഴ്ന്നിറങ്ങി നിൽക്കുന്നത് ഈ സംസ്കാരശൂന്യതയിലാണ്. നമ്മുടെ കർമ്മമണ്ഡലങ്ങളിലെല്ലാം തന്നെ കാപട്യത്തിന്റെ വികൃതമുഖമാണ് തെളിഞ്ഞു വരുന്നത്. പ്രകൃതിയെ സ്നേഹിക്കുന്നതല്ല, ചൂഷണം ചെയ്യുന്നതാണ് മിടുക്കിന്റെ മാനദണ്ഡമായി ഇന്നു വാഴ്ത്തപ്പെടുന്നത്. നിസ്വാർത്ഥ സ്നേഹം കിട്ടാച്ചരക്കായിരിക്കുന്നു! മനുഷ്യ-പ്രകൃതി വിഭവശേഷി നശിച്ചു സമൂഹം അരാജകത്വത്തിന്റെയും അസമാധാനത്തിന്റെയും ദിശകളിലേക്ക് അതിവേഗം മാറിപ്പൊയ്ക്കൊണ്ടിരിക്കുന്നു. ശുഭ്രമായ ആത്മീയതയെ ഉണർത്തുക എന്നത് മാത്രമാണ് ഈ മഹാരോഗങ്ങൾക്കുള്ള ഒരേയൊരു പ്രതിവിധി. ഭഗവത് ഗീത പ്രസക്തമാവുന്നതിവിടെയാണ്. ഈ വിഷയങ്ങളെയൊക്കെപ്പറ്റി കൂടുതലായി ചിന്തിക്കാനുള്ള ശ്ലോകങ്ങൾ ഇനി നമ്മൾ പഠിക്കാനിരിക്കുന്നതേയുള്ളൂ.   


വേദോപനിഷത്തുക്കൾ അടങ്ങുന്ന ആർഷഭാരത (സനാതനധർമ്മ) ദർശനശാസ്ത്രങ്ങളെയും അതിന്റെ ആകെത്തുകയായ ഭഗവത്ഗീതയേയും പഠിക്കുമ്പോൾ നാമെല്ലാവരും ഒരു കാര്യം പ്രത്യേകം മനസ്സിലാക്കണം; ഇതൊക്കെ സൃഷ്ട്ടിച്ച തേജസ്വികളായ മഹാപുരുഷന്മാർക്കു സ്വാർത്ഥലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു. അവർക്കു   ജാതിയും മതവുമൊന്നുമില്ലായിരുന്നു. അവരുടെ ധ്യാനത്തിന്റെയും ചിന്തയുടെയും അഗാധതലങ്ങളിൽ അവർക്കു വെളിവായി കിട്ടിയ പ്രപഞ്ചസത്യങ്ങളെ ശിഷ്യഗണങ്ങളിലൂടെയും സജ്ജനങ്ങളിലൂടെയും കൈമാറി കൈമാറി അവർ നമ്മളിൽ എത്തിച്ചിരിക്കുകയാണ്. അവരുടെ ഉദ്ദേശം ലോകക്ഷേമം  ഒന്നു മാത്രമായിരുന്നു. ഈ ദർശനശാസ്ത്രങ്ങളെല്ലാം തന്നെ തികച്ചും യുക്തിപരവും ശാസ്ത്രീയവുമാണ്. വേദോപനിഷത്തുക്കളും ഭഗവത് ഗീതയും മനുഷ്യഇടപെടലുകളുടെ വലിയ കലർപ്പില്ലാതെ നമ്മളിൽ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് ഭൂരിപക്ഷം ഗവേഷകരുടെയും പണ്ഡിതന്മാരുടെയും അഭിപ്രായം. എന്നാൽ ഇതിലൊക്കെ ചെറിയ തോതിലെങ്കിലും മനുഷ്യരുടെ കൂട്ടിച്ചേർക്കലുകൾ  ഉണ്ടായിട്ടുണ്ടെന്നു ചിന്തിക്കുന്ന ചിലരും ഉണ്ട്. ഇതെന്തുതന്നെയായാലും ഭാരതീയ ദർശനശാസ്ത്രങ്ങളെല്ലാം തന്നെ ആത്യന്തികമായി ഉദ്ഘോഷിക്കുന്നത് 'ലോകാഃ സമസ്താ സുഖിനോ ഭവന്തു (ലോകർക്കെല്ലാം സുഖം ഭവിക്കട്ടെ), 'വസുധൈവകുടുംബകം' (ഈ ലോകം ഒരു കുടുംബമാണ്) തുടങ്ങിയ സനാതനധർമ്മശാന്തിമന്ത്രങ്ങളാണെന്നതിൽ രണ്ടു പക്ഷമില്ല. അതായത് ഋഷിവിരചിതമായ ഹൈന്ദവ തത്വശാസ്ത്രങ്ങൾ മനുഷ്യരെ ഒന്നായിക്കാണുന്നതും ഉച്ചനീചത്വമെന്ന ചിന്ത തൊട്ടുതീണ്ടാത്തതും തികച്ചും യുക്തിപരവും ശാസ്ത്രീയവുമാണെന്ന് സാരം. അപ്പോൾ ഹൈന്ദവധർമ്മത്തിൽ ഉച്ചനീചത്വങ്ങൾ സൃഷ്ട്ടിക്കുന്നതും യുക്തിക്കു നിരക്കാത്തതും അശാസ്ത്രീയവുമായി കാണുന്നതെല്ലാം തന്നെ നിസ്വാർത്ഥ ഋഷിചിന്തകളിൽ സ്വാർത്ഥമനുഷ്യർ നടത്തിയിട്ടുള്ള ഇടപെടലുകളുടെ ഫലമാണെന്നു ചിന്തിക്കേണ്ടി വരുന്നു. 

ഋഷിപ്രോക്തങ്ങളായ ഹൈന്ദവ തത്വശാസ്ത്രങ്ങളിൽ  സാമൂഹ്യമനുഷ്യരുടെ ഇടപെടലുകൾ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, വേദകാലത്തു തന്നെ തുടങ്ങിയതാണ്. വേദശാസ്ത്രങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് ആ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരെങ്ങിനെയാണ് സമൂഹത്തിൽ ജീവിക്കേണ്ടത് എന്നു നിഷ്കർഷിക്കുന്ന മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി പോലെയുള്ള ധർമ്മശാസ്ത്രങ്ങളിൽ തുടങ്ങിയതാണ് മനുഷ്യരുടെ ഈ ഇടപെടലുകൾ. ഇതിൽ പലതും സമൂഹത്തിനു ഗുണകരമാകുകയും മറ്റു പലതും അത്യന്തം ദോഷകരമാകുകയും ചെയ്തു. അനേക നൂറ്റാണ്ടുകളായി ആവർത്തിക്കപ്പെടുന്ന ശരിതെറ്റുകൾ, ഒരു തിരിച്ചുപോക്ക് അസാധ്യമാക്കുന്ന തരത്തിൽ, നമ്മുടെ സംസ്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു തെറ്റ്, അവർത്തിച്ചാവർത്തിച്ചു കുറെപ്രാവശ്യം പറഞ്ഞുകൊണ്ടിരുന്നാൽ അതു ശരിയായി തോന്നും. അപ്പോൾ പിന്നെ നൂറ്റാണ്ടുകളായി മനുഷ്യകുലം അനുഭവിച്ചു കൊണ്ടിരിക്കുന്ന തെറ്റുകളുടെ കാര്യം പറയേണ്ടതുണ്ടോ? ദർശനപരമായി തെറ്റായിരുന്നതും ഒരു കാലത്തും മനുഷ്യവംശത്തിനു ഗുണകരമല്ലാത്തതുമായ പല ദുശ്ശീലങ്ങളും ദുർവ്യാഖ്യാനങ്ങളും അങ്ങിനെ ഇന്നത്തെ നമ്മുടെ ശരികളായി മാറിക്കഴിഞ്ഞു. ഭാരതം ഇതിനു നൽകിയ വില വളരെ വലുതാണ്. ഉൽകൃഷ്ടമായ ഒരു സംസ്കാരത്തെ സ്വാർത്ഥതല്പരരായ ഒരു ന്യൂനപക്ഷം കൈപ്പിടിയിലൊതുക്കിയപ്പോൾ തകർന്നത് ഈ നാടിന്റെ എക്കാലത്തെയും സന്തോഷവും സമാധാനവുമാണ്. ഈ അസമാധാനം മുതലെടുത്താണ് വിദേശശക്തികൾ അനേക നൂറ്റാണ്ടുകൾ ഇവിടെ ഉറഞ്ഞാടിയത്. അവരൊക്കെ  ഇവിടം വിട്ടുപോയെങ്കിലും നന്മകളെ തമസ്ക്കരിക്കുന്ന ഇരുട്ടിൽ തന്നെയാണ് നമ്മളിന്നും ജീവിക്കുന്നത്. നൂറ്റാണ്ടുകളായുള്ള സ്വദേശ-വിദേശ യജമാന സ്വാധീനം നമ്മുടെ സ്വത്വബോധത്തെ തന്നെ മറയ്ക്കുകയും 'വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന നിലയിലേക്ക് നമ്മെയൊക്കെ എത്തിച്ചിരിക്കയുമാണ്. എല്ലാം 'സുഖ'മായി അനുഭവിക്കാൻ കഴിയുന്ന അജ്ഞാനാവസ്ഥ (the blissful state of ignorance)!.  ആത്മബോധപരമായ അജ്ഞാനാന്ധകാരത്തിൽ നിന്നും മാത്രമല്ല, സാമൂഹികമായ അജ്ഞാനാന്ധകാരത്തിൽ നിന്നും മനുഷ്യർ വെളിച്ചത്തിലേക്കു കണ്ണ് തുറക്കേണ്ടതായിട്ടുണ്ട് (അജ്ഞാന  തിമിരാന്ധസ്യ, ജ്ഞാനാജ്ഞാന ശലാകയാ). താൽപ്പര്യമുള്ളവർ കണ്ണു തുറന്നിരുന്നാൽ ആ വെള്ളിവെളിച്ചം ദൂരെക്കാണാം;  സഹസ്രാബ്ദങ്ങൾക്കു മുൻപു സത്യാന്വേഷികളായ ഋഷീശ്വരന്മാർ സ്പുടം ചെയ്തെടുത്ത  സനാതനചിന്തകളുടെ പ്രഭാപൂരമാണത്. നമ്മുടെ ഊർജ്ജസ്രോതസ്സാണത്. വിവേകാനന്ദ സ്വാമികളുടെ ഭാഷയിൽ പറഞ്ഞാൽ; ഇച്ഛയുണ്ടെങ്കിൽ അവിടേക്കു നോക്കി നടന്നു രക്ഷപെടം. അല്ലെങ്കിൽ മറ്റൊരു പാഴ് ജന്മമായി ഇവിടെ തന്നെ തകർന്നടിയാം. Choice is yours! There is none to help you!

ഋഷീശ്വരന്മാർ വിഭാവനം ചെയ്ത സമത്വസുന്ദരലോകമൊന്നും ഇനി വരാൻ പോകുന്നില്ല. പക്ഷേ, ഹൈന്ദവധർമ്മം വിഭാവനം ചെയ്ത ആ സുന്ദരലോകത്തിൽ നിന്നും എത്രയകലെയാണ് നാം ജീവിക്കുന്നതെന്നു തിരിച്ചറിയുകയും ആ ലോകത്തിനെയും അതു ചിന്താതലങ്ങളിൽ സൃഷ്ട്ടിച്ച മഹാപുരുഷന്മാരെയും മനസ്സുകൊണ്ടെങ്കിലും ഒന്നു നമസ്ക്കരിക്കേണ്ടതും കുറഞ്ഞപക്ഷം ഹൈന്ദവധർമ്മത്തിൽ വിശ്വസിക്കുന്നവരുടെയെങ്കിലും കടമയല്ലേ? ഈ ഭഗവത് ഗീതാ പഠനം അതിനു നിങ്ങളെ സഹായിക്കാനുള്ളതാണ്.

സോറി, 'തത്വജ്ഞാനം' പറഞ്ഞു പറഞ്ഞു, ഇന്നു ഗീതാ ശ്ലോകം പഠിക്കാൻ പറ്റിയില്ല. സാരമില്ല, ഇപ്പറഞ്ഞതെല്ലാം ആത്മീയത തന്നെയാണ്. തിരിച്ചറിവു നേടുകയും അതിനനുസരിച്ചു സമൂഹത്തിൽ ജീവിക്കുകയുമാണല്ലോ ആത്മീയപഠനങ്ങളുടെ ലക്‌ഷ്യം തന്നെ? ബോധതലത്തെ, അതായത് ഉള്ളിലെ ഭഗവാനെയാണ് ഉയർത്തേണ്ടത്. അതു സംഭവിച്ചു കഴിഞ്ഞാൽ, ബാക്കിയെല്ലാം പിറകെ വന്നോളും. ഭഗവത് ഗീതയുടെ ലക്ഷ്യവും ഉദ്ദേശ്യവും അതു തന്നെയാണ്.

ശരി, നമുക്കിനി അടുത്തയാഴ്ച കാണാം.

1 comment:

  1. “Nishkama Karma” is a golden and powerful concept that can take an ordinary man into the ultimate. There are multiple ways that our Rishis gifted us to reach the God. Out of that I feel Karma Margam is the best adaptable to the modern world irrespective of caste or religion. An important aspect of this is the understanding that every job is a gift of God. You do it without bothering about the returns. As Swamy Vivekananda said “An intelligent man will enjoy every kind of job”. When one realises this many of the worries will disappear. Another level of it as Swamy said is to become a witness to whatever you are doing. Don’t look at the results.
    The golden past of India has too many of such ideas. But vested interests kept bending them for ages. Author’s attempt to straighten those ideas is laudable.

    ReplyDelete