Friday, February 17, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 15)

ഹൈന്ദവധർമ്മത്തിന്റെയും ഭഗവത് ഗീതയുടെയും മഹത്വത്തെ കുറച്ചു കാണിപ്പിക്കുന്ന ചില സാമൂഹ്യചിന്തകളെയും വ്യവസ്ഥിതികളെയും ഒന്നു പരാമർശിക്കുക മാത്രമാണ് കഴിഞ്ഞ ലക്കത്തിൽ ചെയ്തത്. പഠിക്കുന്ന വിഷയത്തിന്റെ ചെറുതെങ്കിലുമൊരു പശ്ചാത്തലജ്ഞാനമുണ്ടെങ്കിൽ അതു പഠനത്തെ സഹായിക്കാൻ പോന്നതാകും എന്നതിനാലാണ് വഴിമാറി അത്രയും എഴുതിയത്. ശരി, 13-)o ഭാഗത്തിൽ  നിർത്തിയിടത്തു നിന്നു നമുക്കു പഠനം തുടരാം. 

നേഹാഭിക്രമനാശോസ്തി പ്രത്യവായോ ന വിദ്യതേ 
സ്വല്പമൽപ്പസ്യ ധർമ്മസ്യ ത്രായതേ മഹതോ ഭയാത്       (2 : 40 )

(ഈ കർമ്മയോഗ നിഷ്ഠയിൽ തുടങ്ങി വച്ച കർമ്മത്തിനൊന്നും നാശമില്ല. ഈ ധർമ്മത്തിന്റെ അത്യൽപ്പമായ ആചരണം പോലും വലിയ ഭയത്തിൽ നിന്നും രക്ഷിക്കുന്നു) 

സംസാരദുഃഖത്തിൽ നിന്നും കരകയറാനുള്ള  സാംഖ്യബുദ്ധിയാണ് ഇതുവരെപ്പറഞ്ഞതെന്നും ഇനി കർമ്മബന്ധനത്തെ ഇല്ലാതാക്കുന്ന ബുദ്ധിയോഗം (കർമ്മയോഗം) ഉപദേശിക്കാം എന്നുമാണ് കഴിഞ്ഞ ശ്ലോകത്തിൽ (ശ്ലോകം 39) കൃഷ്ണൻ പറഞ്ഞത്. കർമ്മയോഗത്തിന്റെ വളരെ ചെറുതായ ആചരണം പോലും വലിയ ഭയത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ പോന്നതാണത്രെ. മനുഷ്യരുടെ ഏറ്റവും വലിയ ഭയമേതാണ്? മരണം. മരണത്തോട് കൂടി എല്ലാം അവസാനിക്കുന്നു എന്ന സാധാരണ ചിന്തയാണീ ഭയത്തിനാധാരം. ആത്മാവിനു മരണമില്ല എന്നുദ്ഘോഷിക്കുന്ന ഹൈന്ദവധർമ്മപ്രകാരമുള്ള ഭയം പക്ഷെ ഇതല്ല; ഈ ജന്മത്തിൽ മോക്ഷം ലഭിക്കാതെ ഇനിയും പല ജന്മങ്ങൾ  എടുക്കേണ്ടി വരുമോ എന്നുള്ളതാണ് ആ ഭയം. ഇനി വരുന്ന ജന്മങ്ങളിൽ മനുഷ്യരൂപം കിട്ടുമെന്നതിനു യാതൊരു ഉറപ്പുമില്ല. കൃമികീടങ്ങൾ തുടങ്ങി അനേകകോടി ജന്തുജാലങ്ങളുള്ളതിൽ ഏതെങ്കിലുമൊക്കെയായി പലജന്മങ്ങളിലും പിറന്നുമരിച്ചു നരകയാതനകൾ അനുഭവിക്കേണ്ടി വരാം. ഭാഗവത കീർത്തനത്തിലെ  'ജനിമരണങ്ങൾ എനിക്കിനി വേണ്ട, പരിപാലയമാം നാരായണ ജയ' 'എന്ന വരിയുടെ താത്പര്യം തന്നെ ഇതാണ്. ഒരുവന്റെ കർമ്മമാണ് അയാൾക്ക് ഈ ജന്മത്തിൽ തന്നെ മോക്ഷം ലഭിക്കുമോ ഇല്ലയോ എന്നു നിർണ്ണയിക്കുന്നത്. പോയജന്മങ്ങളിൽ നിന്നുള്ള ദുർവാസനകൾ പേറിയാണ് ഇവിടെ എത്തുന്നതെങ്കിൽപ്പോലും  അതെല്ലാം തന്നെ കഴുകിക്കളഞ്ഞു ജീവാത്മാവിനെ മുക്തിക്കു പ്രാപ്തമാക്കാൻ മനുഷ്യജന്മത്തിലൂടെ സാധിക്കുമത്രേ. മറ്റൊരു ജീവജാലത്തിനും ഇല്ലാത്ത 'ബുദ്ധി', അല്ലെങ്കിൽ ചിന്തിക്കാനുള്ള കഴിവ് മനുഷ്യനുള്ളതുകൊണ്ടാണ് ഇത് സാധിക്കുന്നത്. അതു വേണ്ടവിധത്തിൽ ഉപയോഗിച്ചു ഫലേച്ഛ കൂടാതെ കർമ്മം ചെയ്യാൻ കഴിഞ്ഞാൽ അങ്ങിനെയുള്ള കർമ്മം എല്ലാ കർമ്മബന്ധനങ്ങളെയും അകറ്റി ആത്മാവിനെ മോക്ഷപ്രാപ്തനാക്കും. ഇങ്ങനെ ചെയ്യൂ ന്ന കർമ്മത്തിനു അഭിക്രമനാശമോ (ഇടക്ക് വച്ച് കർമ്മം നിർത്തിയാലുണ്ടാകാവുന്ന നാശം) പ്രത്യാവായദോഷമോ (ശരിക്കു മുറപോലെ കർമ്മം ചെയ്യാഞ്ഞാൽ വരാവുന്ന ദോഷം) ഉണ്ടാകില്ലത്രേ. സദുദ്ദേശത്തോട് കൂടി യജ്ഞഭാവത്തിൽ ചെയ്യുന്ന കർമ്മങ്ങൾക്ക്, മറ്റു കർമ്മങ്ങളെപ്പോലെയുള്ള പരിമിതികളൊന്നും ബാധകമല്ലെന്നും അങ്ങിനെയുള്ള കർമ്മം അൽപ്പമാത്രമാണ് ചെയ്യാൻ കഴിയുന്നതെങ്കിൽപ്പോലും അതിന്റെ വില വലുതാണെന്നുമാണ് ഇപ്പറയുന്നതിന്റെയൊക്കെ അർത്ഥം. കാരണം അങ്ങിനെയുള്ള കർമ്മത്തിന്റെ ഫലം ലോകത്തിനു പ്രയോജനകരമായി ഭവിക്കും എന്നതു തന്നെ. അരുതാത്തതു ചെയ്യുമ്പോഴാണല്ലോ ഭയം ഉണ്ടാകുന്നത്? ബുദ്ധിപൂർവം ചിന്തിച്ചുറച്ചാണ് കർമ്മയോഗി കർമ്മം ചെയ്യുന്നത്. നിസ്വാർത്ഥമായ കർമ്മം, കർമ്മയോഗിക്കു സന്തോഷവും സമാധാനവുമാണ് പ്രദാനം ചെയ്യുന്നത്. ആയതിനാൽ കർമ്മയോഗി ഒന്നിനെയും ഭയക്കുന്നില്ല; ഒന്നിനും കർമ്മയോഗിയെ ഭയപ്പെടുത്താൻ കഴിയുന്നുമില്ല. കർമ്മത്തിലുള്ള സ്വാർത്ഥതയാണ് ഭയത്തിന് കാരണമെന്നു സാരം.

വ്യവസായികാത്മികാ ബുദ്ധിരേകേഹ കുരുനന്ദനഃ  
ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോ വ്യവസായിനാം       (2 : 41)

(സമചിത്തനായ യോഗി തന്റെ ലക്ഷ്യത്തിൽ ഏകാഗ്രമനസ്കനാണ്. സമചിത്തതയില്ലാത്തവരുടെ ബുദ്ധി ഒന്നും ചിന്തിക്കാൻ കഴിയാതെ പല വിഷയങ്ങളിൽ അനന്തമായി വ്യാപാരിക്കും)


നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ബുദ്ധിയോഗ (കർമ്മയോഗം) മാണ്. മനസ്സും ബുദ്ധിയുമാണ് ശരീരത്തെക്കൊണ്ടു കർമ്മങ്ങൾ ചെയ്യിക്കുന്നത്. ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ചാടിക്കളിക്കുന്ന കുരങ്ങനെപ്പോലെയുള്ള മനസ്സിന് സ്ഥിരതയില്ല. കാണുന്നതിലെല്ലാം മനസ്സ് ഒട്ടിപ്പിടിക്കും. എന്തും നേടണമെന്ന ആഗ്രഹം ജനിപ്പിക്കും. നേടിയാൽ സന്തോഷിപ്പിക്കും, നേടിയില്ലെങ്കിൽ ദുഖിപ്പിക്കും. നാം ചെയ്യുന്ന വികാരപരമായ കർമ്മങ്ങളെല്ലാം തന്നെ ഇങ്ങനെ മനസ്സിന്റെ നിയന്ത്രണത്തിലുള്ളതാണ്. പക്ഷേ ബുദ്ധിതലത്തിലുള്ള കർമ്മങ്ങൾ ഇങ്ങിനെയല്ല. ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചു, അതിന്റെ ഗുണവും ദോഷവും തെറ്റും ശരിയും വേർതിരിച്ചറിഞ്ഞു കർമ്മം ചെയ്യാനാണ് ബുദ്ധി പ്രേരിപ്പിക്കുന്നത്. നമ്മുടെ കർമ്മങ്ങൾ ഫലവത്താകണമെങ്കിൽ അത് മനസ്സിന്റെ നിയന്ത്രണത്തിലാകരുത്, ബുദ്ധിയുടെ നിയന്ത്രണത്തിലായിരിക്കണം എന്നാണു ഭഗവാൻ പറയുന്നത്. ബുദ്ധിപരമായി ചിന്തിക്കുമ്പോൾ ലാഭം-നഷ്ട്ടം, സുഖം-ദുഃഖം തുടങ്ങിയ വിപരീതഭാവങ്ങളുടെ പിടിയിൽ നിന്നും മാറി മനസ്സ് സാമ്യാവസ്ഥയിലാകും. അപ്പോൾ ഏകാഗ്രമനസ്സോടെ ലക്ഷ്യത്തിലേക്കു നോക്കി കർമ്മം ചെയ്യാൻ കഴിയും. കർമ്മത്തിന്റെ ഫലത്തെക്കുറിച്ചു ചിന്തിക്കാതെ, ഏകാഗ്രമായ മനസ്സോടെ കർമ്മം ചെയ്യുമ്പോൾ ആ കർമ്മത്തിനു കിട്ടാവുന്ന ഏറ്റവും നല്ല ഫലവും ലഭിക്കും. കർമ്മത്തിൽ നിന്നും കർമ്മഫലത്തെ മാറ്റി നിർത്തിക്കൊണ്ട് കർമ്മം ചെയ്യാൻ ബുദ്ധിയുടെ പ്രേരണയും നിയന്ത്രണവും അനിവാര്യമാകുന്നതിനാലാണ് കർമ്മയോഗത്തെ ബുദ്ധിയോഗമെന്നും വിളിക്കുന്നതെന്ന് കഴിഞ്ഞ കുറിപ്പൊന്നിൽ പറഞ്ഞിരുന്നു. ഇനി ബുദ്ധിയുടെ നിയന്ത്രണത്തിലല്ലാതെ മനസ്സിന്റെ നിയന്ത്രണത്തിൽ   കർമ്മങ്ങൾ ചെയ്‌താൽ ഫലം എന്തായിരിക്കും എന്നു പറയേണ്ടതില്ലല്ലോ? ഏകാഗ്രതയില്ലാതെ മനസ്സ് പല വിഷയങ്ങളിലും മാറി മാറി പൊയ്ക്കൊണ്ടിരിക്കും. ഒരു ചെറിയ ഉദാഹരണം പറയാം. ഡയബറ്റിസ് രോഗമുള്ള രോഗി മധുരപലഹാരങ്ങൾ വർജ്ജിക്കേണ്ടതാണ്. പക്ഷേ, എന്തിലും ആഗ്രഹം ജനിപ്പിക്കുന്ന മനസ്സ്, മധുരം കഴിക്കാൻ രോഗിയെ പ്രേരിപ്പിക്കും. വരും വരായ്കകളെക്കുറിച്ചു ചിന്തിക്കുന്ന ബുദ്ധിയോ അത് വിലക്കും. ഇതു രണ്ടിലേതാണോ വിജയിക്കുന്നത് അതിനനുസരിച്ചായിരിക്കും രോഗിയുടെ അനുഭവം. ബുദ്ധി പറയുന്നത് കേട്ട് മധുരം വർജ്ജിച്ചാൽ ആരോഗ്യം നിലനിർത്താം, അല്ലെങ്കിൽ മറിച്ചും. ഇന്നു നമുക്ക് ചുറ്റും നടക്കുന്ന പലകാര്യങ്ങളും വികാരതലത്തിലുള്ളതാണ്; ബുദ്ധിയുടെ പ്രയോഗവും അതിനനുസൃതമായ ജീവിതരീതിയും വളരെ കുറഞ്ഞുപോയിരിക്കുന്നു. അതിന്റെ ബുദ്ധിമുട്ടുകളാണ് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നതിലേറെയും. അർജ്ജുനൻ ബുദ്ധി ഉപയോഗിച്ചു ഏകാഗ്രമനസ്സോടെ കർമ്മം ചെയ്യണമെന്നും അല്ലാതെ മനോതലത്തിൽ ചിന്തിച്ചു വൈകാരികമായി പ്രവൃത്തിക്കരുതെന്നുമാണ് കൃഷ്ണൻ ഇപ്പറയുന്നതിന്റെയൊക്കെ താത്പര്യം.    

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ  നാന്യദസ്തീതി വാദിനഃ                 (2 : 42)
കാമാത്മാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം  ഭോഗൈശ്വര്യഗതിം പ്രതി          (2 : 43) 
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാത്മികാ  ബുദ്ധി: സമാധൗ ന വിധീയേതേ       (2 : 43)  

(പാർത്ഥാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language ) തത്പരന്മാരും അതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും ഭോഗചിത്തരും സ്വർഗ്ഗം കാംഷിക്കുന്നവരുമായവർക്കു പുനർജന്മമാകുന്ന കർമ്മഫലത്തെ നൽകുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തേയും ലക്ഷ്യമാക്കിയുള്ളതുമായ അനേകം സകാമകർമ്മങ്ങളെ പ്രദിപാദിക്കുന്നതുമായ വാക്കുകൾ കേട്ടിട്ട് മനസ്സ് അപഹരിക്കപ്പെട്ടിരിക്കയാൽ സമാധിയിൽ ഏകാഗ്രത ലഭിക്കുന്നില്ല).

കുറേക്കൂടി ലളിതമായിപ്പറഞ്ഞാൽ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറയുന്ന പ്രലോഭനപരമായ 'ഇതു ചെയ്താൽ അതു കിട്ടും' എന്നുള്ളതു മാത്രമാണ് കാര്യമെന്നു വിശ്വസിച്ചു, അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകി, സുഖഭോഗങ്ങളെയും സ്വർഗ്ഗപ്രാപ്തിയെയും കുറിച്ചു മാത്രം ചിന്തിച്ചു ജീവിക്കുന്നവർ മൂഢന്മാരാണെന്നും 'വ്യാവസായാത്മികാ  ബുദ്ധി (resolute intellect) യുണ്ടാകാത്തത് കാരണം അവർക്ക് ഏകാഗ്രമനസ്സോടെ ഈശ്വരസാക്ഷാത്ക്കാരത്തിനനുപേക്ഷണീയമായ വിധത്തിൽ കർമ്മങ്ങൾ ചെയ്യാൻ സാധിക്കാതെ വരുന്നു എന്നും സാരം. 

എന്തുകൊണ്ടാണ് ഗീതാകാരൻ ഇങ്ങനെ പറയുന്നത്? ഇതു പറയാനുള്ള അന്നത്തെ മതപരമായ പശ്ചാത്തലം എന്തായിരുന്നു? ഇപ്പറഞ്ഞതിനു നമ്മൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ബുദ്ധിയോഗവുമായി എന്താണ് ബന്ധം?ഇപ്പറയുന്നതിൽ നിന്നും വേദാന്തപരമായി നമ്മൾ ഉൾക്കൊള്ളേണ്ടതെന്താണ്?

നമുക്കിതു വിശദമായി ചർച്ച ചെയ്യാം, അടുത്തയാഴ്ചയാകട്ടെ.   

3 comments:

  1. Surya Kumar wrote in FB:ഒന്നാന്തരം വ്യാഖ്യാനം ബുദ്ധിയോഗത്തെക്കുറിച്ച് വളരെ ലളിതമായി പ്രതിപാദിച്ചു 'വൈകാരികതയുടെ ആധിക്യമാണ് സമൂഹത്തിലെ പല സമകാലീന പ്രശ്നങ്ങളുടെയും അടിത്തറ ദൈവദത്തമായ 'ബുദ്ധി 'വിദഗ്ദ്ധമായി ഉപയോഗിച്ച് ധന്യരാകാൻ ആഹ്വാനം ചെയ്യുന്ന ശ്രീ മോഹൻ ദാസിന്റെ ഉദ്യമം ഫലപ്രദമാകട്ടെ 1 ഇവിടെ "ആത്മാനാം രഥിനം വിദ്ധി എന്ന ഉപനിഷത് രഥ വർണന സാർത്ഥകമാകുന്നു '

    ReplyDelete
  2. Syamala Menon in FB: ഇവിടെയാണ് യോഗയുടെയും ധ്യാനത്തിന്റെയും പ്രസക്തിയെന്നുതോന്നുന്നു.

    ReplyDelete