Saturday, March 11, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 18)

കർമ്മണ്യേവാധികാരസ്തേ  മാ ഫലേഷു കദാചനഃ
മാ കർമ്മഫലഹേതുർഭു മാ തേ സംഗോസ്ത്വകർമ്മണി   (ശ്ലോകം 2:47)

(കർമ്മം ചെയ്യുന്നതിനേ നിനക്കധികാരമുള്ളൂ; കർമ്മഫലത്തിനില്ല. ഫലം കിട്ടണമെന്ന ആശയോടെ കർമ്മം ചെയ്യുന്നവനാകരുത്. കർമ്മം ചെയ്യാതിരിക്കുന്നതിലും നിനക്ക് താൽപ്പര്യം ഉണ്ടാവരുത്).

ഭഗവത് ഗീതയിലെ വളരെ പ്രസിദ്ധമായതും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതും അതുപോലെ തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമായ ഒരു ശ്ലോകമാണിത്. ടീവീ സീരിയലുകളിലൂടെ ഈ ശ്ലോകം ഗീതാവിഷയത്തിലൊന്നും തൽപ്പരരല്ലാത്ത സാധാരണക്കാർക്കു പോലും പരിചിതമാണുതാനും.

"ഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്യണം" എന്ന ഗീതാസന്ദേശം, കർമ്മം ചെയ്യാനുള്ള താത്പര്യത്തെ (motivation) തന്നെ ഇല്ലാതാക്കുന്നതാണെന്നാണ് വലിയൊരു വിഭാഗം ആളുകളുടെയും അഭിപ്രായം. ഇവരെ സംബന്ധിച്ചിടത്തോളം കർമ്മഫലമാണ്, കർമ്മം ചെയ്യാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം (motivation factor) തന്നെ. അപ്പോൾ ഫലം പ്രതീക്ഷിക്കേണ്ടെങ്കിൽ പിന്നെയെന്തിനാണ് കർമ്മം ചെയ്യുന്നത്?ഫലാകാംക്ഷ പാടില്ലെങ്കിൽ കർമ്മം ചെയ്യുന്നതിനുള്ള motivation പിന്നെയെന്താണ്? "കർമ്മം ചെയ്യാനേ നിനക്കധികാരമുള്ളൂ" എന്നു പറഞ്ഞിരിക്കുന്നതു ജാതീയമായ കർമ്മങ്ങളിൽ മനുഷ്യരെ തളച്ചിട്ടു സമൂഹത്തിലെ  ഉച്ചനീചത്വങ്ങൾ നിലനിർത്താൻ വേണ്ടിയാണെന്നാണ് മറ്റൊരു കൂട്ടർ വിശ്വസിച്ചിരിക്കുന്നത്. ജാതി വ്യവസ്ഥയെ ഇവിടെ ഉറപ്പിച്ചു നിർത്തി, ദരിദ്രരെ ദരിദ്രരായിത്തന്നെ നിലനിർത്താനുള്ള മതതന്ത്രത്തിന്റെ ഭാഗമാണ് ഈ ഭഗവത് ഗീതാശ്ലോകമെന്ന ആക്ഷേപം പോലും ചിലർ ഉന്നയിച്ചിട്ടുണ്ട്. ഇവരൊക്കെ കഥയറിയാതെ ആട്ടം കാണുകയാണെന്നേ പറയാൻ കഴിയൂ. ശ്ലോകത്തിന്റെ പൊരുൾ മനസ്സിലാക്കാത്തതാണ് കാരണം.

ഗീതയിലെ ബുദ്ധിയോഗത്തിന്റെ ഭാഗമായ ഈ ഗീതാശ്ലോകം ബുദ്ധിപൂർവം പഠിക്കാൻ ശ്രമിക്കുമ്പോൾ  മനസ്സിലാകും നമ്മൾ ഉദ്ദേശിച്ചതൊന്നുമല്ല കൃഷ്ണൻ  ഉദ്ദേശിച്ചതെന്ന്. ഏതു കർമ്മം ചെയ്യുന്നതിനും ആ കർമ്മത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും അതിനു വേണ്ടതായ പ്ലാനിങ്ങും അതിന്റെ ഫലത്തെക്കുറിച്ചുള്ള സാമാന്യചിന്തയും വേണം. ഇല്ലെങ്കിൽ ആർക്കും തന്നെ ഒരു കർമ്മവും ചെയ്യാൻ കഴിയില്ല. നമുക്കിതറിയാമെങ്കിൽ പിന്നെ ഭഗവാനിതറിയില്ലേ? അപ്പോൾ പിന്നെ ഭഗവാൻ പറയുന്നതിന്റെ അർത്ഥമെന്താണ്? അർഥം ഇതാണ്; ലക്ഷ്യവും ഫലാകാക്ഷയും രണ്ടും രണ്ടാണ്. ലക്ഷ്യത്തിലായിരിക്കണം ശ്രദ്ധ. കർമ്മം ചെയ്യുന്നത് ഫലത്തോടുള്ള ആശകൊണ്ടു മാത്രമാകരുത്. താഴെപ്പറയുന്ന ഉദാഹരണങ്ങളിൽ നിന്നും കർമ്മഫലം, നമ്മുടെ പൂർണ്ണ നിയന്ത്രണത്തിലല്ലാത്തതും  മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതുമാണെന്നും നമുക്കു  മനസ്സിലാകും. നമ്മുടെയൊക്കെ ജീവിതാനുഭവങ്ങളെ പരിശോധിച്ചു നോക്കിയാലും ഈ സത്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങിനെ തീർത്തും ഉറപ്പിച്ചു പറയാൻ കഴിയാത്ത ഫലത്തിൽ ആശവച്ചു കർമ്മം ചെയ്യരുതെന്നാണ് ഭഗവാൻ പറയുന്നത്. വ്യക്തിയെ നിർവീര്യനാക്കാനും കർമ്മത്തോടുള്ള താൽപ്പര്യം തന്നെ കുറയാനും അതു കരണമായേക്കാം. ഫലാകാംക്ഷ ഇല്ലാതെ കർമ്മം ചെയ്യാൻ കഴിയുമോ? അങ്ങിനെയുള്ള കർമ്മങ്ങൾക്കെന്തെങ്കിലും മഹത്വമുണ്ടോ? സാധാരണതലത്തിലും താത്വികതലത്തിലും ഈ വിഷയത്തെ ഒന്നപഗ്രഥിക്കാൻ ശ്രമിക്കാം.

 റോഡിന്റെ അപ്പുറത്തെ സൈഡിൽ ബസ്സു വന്നു നിന്നു. റോഡ് മുറിച്ചു കടന്നുചെന്നു ബസ്സു പിടിക്കണം. നിങ്ങൾക്കു ചെയ്യാനുള്ളത് ഒന്നേയുള്ളൂ. വേഗത്തിൽ ബസ്സിനടുത്തേക്കെത്താൻ ശ്രമിക്കുക. ശ്രമിച്ചില്ലെങ്കിൽ ബസ്സു കിട്ടില്ല എന്നതുറപ്പാണ്. ബസ്സു കിട്ടുമോ എന്ന ആശങ്കയിൽ ശ്രമം നടത്താതിരിക്കയുമരുത്. ശ്രമിച്ചാലും ബസ്സു കിട്ടണം എന്നുമില്ല. കാരണം വഴിയിൽ നിങ്ങൾ കാലിടറി വീഴാം, അപകടത്തിൽപ്പെടം, നിങ്ങളെത്തുമ്പോഴേക്കും ബസ്സു വിട്ടെന്നിരിക്കാം. അതെ, ബസ്സു കിട്ടുമെന്നുള്ളത് നിങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ല. നിങ്ങളുടെ ശ്രമത്തിനു പുറമെ, നിങ്ങളുടെ നിയന്ത്രണത്തിലുള്ളതല്ലാത്ത മറ്റു പല ഘടകങ്ങളും കൂടി ചേർന്നാണ് അത് നിർണ്ണയിക്കപ്പെടുന്നത്. നിങ്ങൾക്കാകെ ചെയ്യാനുള്ളത് ഒന്നേയുള്ളൂ, ബസ്സു പിടിക്കാനായി ആത്മാർത്ഥമായി ശ്രമിക്കുക. കിട്ടിയാൽ സന്തോഷിക്കാം, കിട്ടിയില്ലെങ്കിലും സന്തോഷിക്കാം. കാരണം, ഇക്കാര്യത്തിൽ നിങ്ങൾക്കു ചെയ്യാൻ കഴിഞ്ഞത് നിങ്ങൾ ചെയ്തു. ആത്മാർത്ഥമായാണ് നിങ്ങൾ ശ്രമിച്ചതെങ്കിൽ നിങ്ങൾക്കാ ബസ്സു  കിട്ടാനാണ് ഏറെ സാധ്യത. ബസ്സു വിട്ടെങ്കിലും, നിങ്ങളുടെ തീവ്രശ്രമം കണ്ടു യാത്രക്കാർ കണ്ടക്ടറോട് പറഞ്ഞു ബസ്സു നിർത്തിക്കാൻ പോലും സാധ്യതയുണ്ട്. പക്ഷെ, നിങ്ങളുടെ അധികാരത്തിലുള്ള ശ്രമം നടത്തിയില്ലായിരുന്നുവെങ്കിൽ ഈ സാദ്ധ്യത ഒരിക്കലും തെളിഞ്ഞു വരികയുമില്ലായിരുന്നു.

വിത്തു വിതച്ചാൽ വിളവ് കിട്ടുമോ എന്നാശങ്കപ്പെട്ട് കർഷകൻ വിത്തു വിതക്കാതിരുന്നാൽ ഭൂമിയിൽ ജീവനില്ലാതാകും. ബുദ്ധിയോഗം അറിയുന്ന കർഷകൻ, ഈശ്വരാർപ്പിതമായി തന്റെ അധികാര പരിധിയിലുള്ള വിത്തു വിതക്കുകയും കൃഷി സംരക്ഷണം നടത്തുകയും ചെയ്യും. അതേ അയാൾക്ക് ചെയ്യാൻ കഴിയൂ. വിത്തു വിളഞ്ഞു ഫലമാകും എന്നാശിക്കാം. അത്രമാത്രം. ഓരോ കർഷകനും ചെയ്യുന്നതിതാണ്.


മുകളിലെ ശ്ലോകത്തിന്റെ താത്പര്യം ഇത്രേയുള്ളൂ. ഉന്നതമായ ലക്ഷ്യത്തിനായി കർമ്മം ചെയ്യുക. ഫലത്തെക്കുറിച്ചു ചിന്തിക്കാൻ പോയാൽ കർമ്മം ചെയ്യാനുള്ള കുശലതയെ തന്നെ അതു ബാധിക്കും. അങ്ങിനെ കർമ്മം ചെയ്‌താൽ ചിന്തിക്കുന്ന ഫലത്തിനനുസരിച്ചു കർമ്മം ചുരുങ്ങിപ്പോയി, ആ കർമ്മത്തിനുണ്ടാകാമായിരുന്ന ഏറ്റവും നല്ല ഫലം ഉണ്ടാകാതെ പോകാനാണ് സാദ്ധ്യത. അത് പാടില്ല. ഒരു വിദ്യാർത്ഥി algebra പഠിക്കുന്നുവെന്നു ചിന്തിക്കുക. പരീക്ഷക്ക് നല്ല മാർക്ക് കിട്ടണം എന്ന ഫലത്തിൽ കണ്ണും നട്ട് പഠിക്കുമ്പോൾ, പരീക്ഷക്കാവശ്യമുള്ള തലത്തിലേക്ക് algebra പഠനം ചുരുങ്ങിപ്പോകും. പരീക്ഷയിൽ പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ചോദ്യങ്ങൾ വന്നാൽ അവൻ ആ വിഷയത്തിൽ പരാജിതനാകാൻ പോലും സാധ്യതയുണ്ട്. എന്നാൽ പരീക്ഷാ ചിന്തയൊന്നുമില്ലാതെ അവൻ ആ വിഷയം ആസ്വദിച്ചു പഠിക്കുന്നുവെന്നു വിചാരിക്കുക. അങ്ങിനെ പഠിച്ചാൽ  algebra  അവന്റെ മനസ്സിൽ നിറയും. ജീവിതത്തിലൊരിക്കലും അവൻ അൽജിബ്ര  മറക്കുകയില്ല എന്നു തന്നെയല്ല അതവന് ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയങ്ങളിൽ ഒന്നായിത്തീരുകയും ചെയ്യും. അവനാകും algebra പരീക്ഷയിൽ എന്നും ഒന്നാമൻ; കാരണം ആ വിഷയത്തിന്റെ മർമ്മം അറിഞ്ഞാസ്വദിച്ചു പഠിച്ചുട്ടുള്ളവനാണവൻ. അവനറിയാത്തതായി ആ വിഷയത്തിലൊന്നുമില്ല. അതായത്, പരീക്ഷയെക്കുറിച്ചു (കർമ്മഫലത്തെക്കുറിച്ചു) ചിന്തിക്കാതെ  പഠിച്ചതു (കർമ്മം ചെയ്തതു) കാരണം അവൻ പരീക്ഷയിൽ ഒന്നാമനായിരിക്കുന്നു! അറിവ് നേടുക എന്ന ഉന്നത ലക്ഷ്യത്തിലേക്കായി കർമ്മം ചെയ്തപ്പോൾ അതിന്റെ ഫലവും ഗംഭീരമായിരിക്കുന്നു!  പഠനം കഴിയുമ്പോൾ കിട്ടാവുന്നതോ കിട്ടാൻ സാധ്യതയില്ലാത്തതോ ആയ ജോലിയെക്കുറിച്ചല്ല പഠിക്കുമ്പോൾ ചിന്തിക്കേണ്ടത്, പഠനത്തെക്കുറിച്ചാണ്. ശരിക്കു പഠിച്ചാൽ അതിന്റെ ഫലം വഴിയേ കിട്ടിക്കോളും. കർമ്മത്തിന്റെ ഈ സവിശേഷതയെയാണ് ഗീതാകാരൻ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നത്. ഇതിൽ  ജാതിയും മതവും ധനികനും ദരിദ്രനും ഒന്നുമില്ല. അതൊക്കെ നമ്മുടെ അജ്ഞാനത്താലുണ്ടാകുന്ന അബദ്ധചിന്തകൾ മാത്രമാണ്. പാവം ഗീതാകാരൻ അതിനെന്തു പിഴച്ചു?

ഇനി ഈ വിഷയത്തെപ്പറ്റി താത്വികമായി ഒന്നു ചിന്തിച്ചു നോക്കാം. കർമ്മഫലം, നമ്മുടെ പൂർണ്ണ നിയന്ത്രണത്തിലല്ലാത്തതും മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതുമാണെന്നും കണ്ടല്ലോ? നമ്മൾ ഉദ്ദേശിക്കുന്നത് പോലെയല്ലെങ്കിലും എല്ലാ കർമ്മങ്ങൾക്കും എന്തെങ്കിലും ഫലങ്ങൾ നിശ്ചയമായും ഉണ്ടായിരിക്കുമല്ലോ? ഇങ്ങനെയുള്ള കർമ്മഫലങ്ങളെല്ലാം കൂടിച്ചേർന്നാണ് ലോകത്തെ നിലനിർത്തുന്നതു തന്നെ. നമ്മുടെ ശരീരത്തിലെ അവയവങ്ങളെല്ലാം പ്രവർത്തിച്ചു നമ്മെ നിലനിർത്തുന്നത് എന്തെങ്കിലും ഫലം പ്രതീക്ഷിച്ചു കൊണ്ടാണോ? മരങ്ങൾ, നാം ശ്വസിച്ചു തള്ളുന്ന കാർബൺ ഡയോക്സൈഡിനെ നമ്മുടെ ജീവൻ നിലനിൽക്കാനാവശ്യമായ ഓക്സിജനായി മാറ്റി ഭൂമിയിലേക്ക് വിടുന്നത് എന്തെങ്കിലും ഫലം പ്രതീക്ഷിച്ചു കൊണ്ടാണോ? അല്ല. അവയെല്ലാം അവയുടെ ധർമ്മം അനുഷ്ഠിക്കുന്നു. അത്രമാത്രം. പ്രകൃതിയിലേക്ക് നോക്കിയാൽ ഇങ്ങനെ ഫലം ആശിക്കാതെ ചെയ്യപ്പെടുന്ന ധാരാളം കർമ്മങ്ങൾ നമുക്കു കാണാൻ കഴിയും. അതൊക്കെയാണ് നമ്മെ ഇവിടെ നിലനിർത്തുന്നത്. ചിന്തിക്കാൻ കഴിയാത്ത മനുഷ്യേതര ജീവജാലങ്ങൾക്കു നിഷ്ക്കാമകർമ്മം ചെയ്യാൻ കഴിയുമെങ്കിൽ, ചിന്താശക്തിയുള്ള മനുഷ്യനിതു ചെയ്യാൻ കഴിയില്ലേ?  അതുകൊണ്ടു വിധിച്ചിട്ടുള്ള കർമ്മം ആത്മാർത്ഥതയോടെ ചെയ്യൂ എന്നാണു ഭഗവാൻ ഉപദേശിക്കുന്നത്. അത് ഈ ലോകത്തിന്റെ നിലനിനിൽപ്പിനാവശ്യമാണ്. താല്പര്യപൂർവ്വം തന്നെ കർമ്മം ചെയ്യണമെന്നു ഭഗവാൻ ഉപദേശിക്കുന്നത് അതുകൊണ്ടാണ്.

ബുദ്ധിയോഗ (കർമ്മയോഗം) ത്തിന്റെ ചർച്ചയിലാണ് ഈ ശ്ലോകം വരുന്നതെന്ന് നാം മനസ്സിലാക്കണം. ഈ ശ്ലോകത്തിനു മുൻപിലെ ചില ശ്ലോകങ്ങളിൽ കർമ്മയോഗത്തെപ്പറ്റി പറഞ്ഞ പല കാര്യങ്ങളും ഇതിൽ പ്രതിഫലിക്കുന്നുമുണ്ട്. മതപരമായ നരകാദിഭയചിന്തകളും യുദ്ധം ജയിക്കുമോ എന്ന ആശങ്കയുമാണ് അർജ്ജുനനെ യുദ്ധം ചെയ്യാൻ വിമുഖനാക്കുന്നതെന്നു കൃഷ്ണനറിയാം. അർജ്ജുനാ, രാജ്യരക്ഷക്കാണ് നിനക്കധികാരമുള്ളത്. അതു മറന്നുകൊണ്ടു നീ, നിന്റെ അധികാരപരിധിയിലല്ലാത്ത (നിയന്ത്രണത്തിലല്ലാത്ത) യുദ്ധഫലത്തെയോർത്തു ദുഖിച്ചു യുദ്ധം ചെയ്യാതിരിക്കുന്നത് എത്ര മൂഢത്വമാണ്? നീയെന്നല്ല, മനുഷ്യരാരും ഇങ്ങനെ ചെയ്യാൻ പാടില്ല. ബാധ്യസ്ഥമായ കർമ്മം ആത്മാർത്ഥതയോടു കൂടി ചെയ്യുക മാത്രമാണ് ഒരുവനു ചെയ്യാൻ കഴിയുക.  കർമ്മമാണ് ആനന്ദം നൽകുന്നത്, കർമ്മഫലമല്ല. കർമ്മം അനുഷ്ഠിക്കുന്നതിലുള്ള ആത്മാർത്ഥതക്കനുസരിച്ചാവും കർമ്മഫലവും ഉണ്ടാകുന്നതെന്നും ഈ ശ്ലോകത്തിൽ നിന്നും നമുക്കു വായിച്ചെടുക്കാം.

3 comments:

 1. ഡോക്ടർ. മോഹൻദാസ് അവർകൾ, സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 18) വായിച്ചു.

  "കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ
  മാ കർമ്മഫലഹേതുർഭു മാ തേ സംഗോസ്ത്വകർമ്മണി" എന്ന ഗീതാശ്ലോകം വളരെ ഭംഗിയായി മനസിലാക്കുവാൻ സാധിച്ചു.

  ഉന്നതമായ ലക്ഷ്യത്തിനായി കർമ്മം ചെയ്യുക. ഫലത്തെക്കുറിച്ചു ചിന്തിക്കാൻ പോയാൽ കർമ്മം ചെയ്യാനുള്ള കുശലതയെ തന്നെ അതു ബാധിക്കും. അങ്ങിനെ കർമ്മം ചെയ്‌താൽ ചിന്തിക്കുന്ന ഫലത്തിനനുസരിച്ചു കർമ്മം ചുരുങ്ങിപ്പോയി, ആ കർമ്മത്തിനുണ്ടാകാമായിരുന്ന ഏറ്റവും നല്ല ഫലം ഉണ്ടാകാതെ പോകാനാണ് സാദ്ധ്യത. ആൾജിബ്ര ഉദാഹരണവും വളരെ ഹൃദ്യമായി.

  ഫലത്തോടുള്ള ഇശ്ച മനുഷ്യ സഹജമാണ്. ഏഴു ദിവസം സപ്‌താഹം നടത്തിയ ശേഷം ഭാഗവതം പേജ് പകുത്തുനോക്കി ഫല പ്രാപ്തി വായിച്ചറിഞ്ഞു സായൂജ്യമടയുന്ന അനുഭവമാണല്ലോ നാം കണ്ടുവരുന്നത്.

  ReplyDelete