Saturday, March 25, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 19)

യോഗസ്ഥ: കുരു കർമ്മാണി സംഗം ത്വക്ത്വ ധനഞ്ജയഃ 
സിദ്ധസിദ്ധോ: സമോ ഭൂത്വ സമത്വം യോഗ ഉച്യതേ (ശ്ലോകം : 2:48)  

(അർജ്ജുനാ, യോഗനിഷ്ഠനായി ആസക്തി വെടിഞ്ഞു ഫലം ലഭിക്കുന്നതിലും ലഭിക്കാതിരിക്കുന്നതിലും സമചിത്തത പാലിച്ചു കർമ്മങ്ങൾ അനുഷ്ഠിക്കുക. സമചിത്തതയാണ് യോഗമെന്നു പറയപ്പെടുന്നത്).

ദൂരേണ ഹ്യവരം കർമ്മ ബുദ്ധിയോഗാധനഞ്ജയഃ  
ബുധൗ ശരണമന്വിച്ഛ കൃപണാ: ഫലഹേതവഃ  (ശ്ലോകം : 2:49)  

(അർജ്ജുനാ, ഫലാപേക്ഷയോടുകൂടി ചെയ്യുന്ന കർമ്മം കർമ്മയോഗത്തെക്കാൾ വളരെ നികൃഷ്ട്ടമാണ്. ബുദ്ധിയോഗത്തിൽ, അതായത് സമചിത്തതയോടുകൂടിയ കൂടിയ കർമ്മത്തിൽ ശരണം തേടുക. ഫലത്തിനു വേണ്ടി കർമ്മം ചെയ്യുന്നവർ ദീനന്മാരാണ്).  

ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്കൃതേ 
തസ്മാദ്യോഗായ യുജ്യസ്വ യോഗ:കർമ്മസു കൗശലം (ശ്ലോകം : 2:50)

(സമബുദ്ധിയുള്ളവൻ ഈ ലോകത്തു വച്ച് തന്നെ പുണ്യപാപങ്ങൾ രണ്ടും ത്യജിക്കുന്നു. അതുകൊണ്ടു കർമ്മയോഗത്തിനായി ഒരുങ്ങുക. യോഗം പ്രവൃത്തിയിലുള്ള സാമർഥ്യം തന്നെയാകുന്നു).

കർമ്മയോഗത്തെ (ബുദ്ധിയോഗത്തെ) ക്കുറിച്ചാണ് ഈ മൂന്നു ശ്ലോകങ്ങളും പ്രതിപാദിക്കുന്നത്. ഇവിടെ പറഞ്ഞിരിക്കുന്നതിൽ പലതും നമ്മൾ മുൻപു ചർച്ച ചെയ്തിട്ടുള്ളതാണ്. ബുദ്ധിപൂർവ്വമായും അല്ലാതെയും കർമ്മം ചെയ്യുന്നതിലുള്ള അന്തരം എന്തെന്ന് കഴിഞ്ഞ ചില ശ്ലോകങ്ങളിൽ നിന്നും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. സ്വധർമ്മപരമായ കർമ്മം ബുദ്ധിയോടുകൂടി (intellectual discrimination) ചെയ്യുമ്പോൾ കർമ്മഫലത്തോടുള്ള ആസക്തിയും കർമ്മത്തിന്റെ  ഗുണദോഷഫലങ്ങളെക്കുറിച്ചുള്ള ചിന്തകളും ഇല്ലാതെ കർമ്മത്തിൽ മാത്രമായിരിക്കും ശ്രദ്ധ എന്നത് നമ്മൾ മനസ്സിലാക്കിയാണ്. വിപരീതഭാവങ്ങളെ സമമായിക്കാണുന്ന കർമ്മയോഗിയുടെ മനസ്സ് എപ്പോഴും സമചിത്തതയിലായിരിക്കും (equanimity). ഈ സമചിത്തതയാണ് യോഗമെന്നു ഗീത പറയുന്നത്. 

 ജീവിതത്തിൽ നമ്മെളെല്ലാവരും തന്നെ കർമ്മയോഗികളാകുന്ന ചില സമയങ്ങളുണ്ട്. നമുക്കിഷ്ടമുള്ള ജോലി ആസ്വദിച്ചു ചെയ്യുമ്പോൾ സമയം പോകുന്നതറിയില്ല. അവസാനം വാച്ചിൽ നോക്കുമ്പോഴാണ് 'സമയം പോയതറിഞ്ഞില്ല' എന്ന കാര്യം തന്നെ മനസ്സിലാകുന്നത്. എന്തുകൊണ്ടാണ് സമയം പോയതറിയാഞ്ഞത്‌? കാരണം നമ്മൾ ആ കർമ്മത്തിൽ അത്രത്തോളം മുഴുകിപ്പോയി. ആ ജോലികൊണ്ടു കിട്ടാവുന്ന ഗുണവും ദോഷവും അതു ചെയ്യാനെടുത്ത സമയവും ഒന്നും തന്നെ നമ്മുടെ ചിന്തയിലപ്പോൾ ഉണ്ടായിരുന്നില്ല. കർമ്മിയും കർമ്മവും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ ആ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ നമ്മുടെ മനസ്സ് സമചിത്തതയിലായിരുന്നു. ഇതാണ് കർമ്മയോഗം. ഇനി ജോലിയൊക്കെക്കഴിഞ്ഞു നോക്കുമ്പോൾ അതിശയത്തോടു നാം തന്നെ നമ്മോടു ചോദിക്കും, ഞാനാണോ ഇതു ചെയ്തത്? എത്ര ഭംഗിയായിരിക്കുന്നു? കർമ്മയോഗപ്രകാരം കർമ്മം ചെയ്യുമ്പോൾ ശ്രദ്ധ മുഴുവൻ കർമ്മത്തിലേക്കു മാത്രം കേന്ദ്രീകരിക്കപ്പെടുന്നതിനാൽ ആ കർമ്മത്തിനു ലഭിക്കാവുന്ന ഏറ്റവും നല്ല ഫലമായിരിക്കും ലഭിക്കുക. ആ കർമ്മം തരുന്ന സന്തോഷവും സംതൃപ്തിയും അനിർവ്വചനീയവുമായിരിക്കും. ഈ മാനസികാവസ്ഥയെയാണ് സ്വർഗ്ഗപ്രാപ്തി എന്നതു കൊണ്ടു ഭഗവത് ഗീത ലക്ഷ്യമാക്കുന്നത്. നമ്മുടെ എല്ലാ കർമ്മങ്ങളും ഇങ്ങനെയായിരിക്കണം എന്നാണു ഭഗവത് ഗീത ആഹ്വാനം ചെയ്യുന്നത്. ഇതാണ് ഭഗവത് ഗീതയുടെ കർമ്മയോഗസിദ്ധാന്തം. 

ഇനി ഇഷ്ടമില്ലാതെ 'നശിച്ചുപോട്ടെ' എന്നു ചിന്തിച്ചൊരു കർമ്മം ചെയ്യുന്നുവെന്നു വിചാരിക്കുക. ജോലിയങ്ങോട്ടു നീങ്ങത്തില്ല. വാച്ചിലായിരിക്കും എപ്പോഴും ശ്രദ്ധ. നാലു മണിയായെങ്കിൽ മതിയായിരുന്നു, ഇതൊന്നു നിർത്തി സ്ഥലം വിടാമായിരുന്നു! ഇനി മറ്റു ചില ജോലികൾ ചെയ്യുമ്പോഴോ, ചിന്ത മുഴുവൻ അതു ചെയ്‌താൽ കിട്ടുന്ന ഫലത്തെക്കുറിച്ചായിരിക്കും. ജോലിയിൽ ശ്രദ്ധിക്കാതെ ഫലത്തിൽ ശ്രദ്ധിക്കുന്നതു കാരണം ആ കർമ്മം സന്തോഷവും സംതൃപ്തിയും നൽകില്ലെന്നു മാത്രമല്ല, കർമ്മഫലം നന്നായിരിക്കയുമില്ല. ചുരുക്കത്തിൽ ആ കർമ്മം നിങ്ങൾക്കു സമ്മാനിക്കുന്നത് ആത്മസംഘർഷത്തിന്റെയും അസംതൃപ്തിയുടെയും 'നരകം' മാത്രമാണ്. ഇങ്ങനെ കർമ്മഫലത്തിൽ മാത്രം താൽപ്പര്യം വച്ചുകൊണ്ട് കർമ്മം ചെയ്തു 'നരക' ജീവിതം നയിക്കുന്നവരെ ഗീത വിളിക്കുന്ന പേരാണ് ദീനന്മാർ (കൃപണർ). നമ്മുടെ സമൂഹത്തിൽ കൂടുതൽ പേരും ഇങ്ങനെയുള്ള ദീനന്മാരല്ലേ? സമൂഹം പിന്നെങ്ങിനെ നന്നാകും? "നമുക്ക് നാമേ പണിവതു നാകം (സ്വർഗ്ഗം) നരകവുമതുപോലെ"!


സ്വജനങ്ങളെ യുദ്ധത്തിൽ കൊല്ലുന്നതുമൂലം വന്നുഭവിക്കാവുന്ന പാപത്തെക്കുറിച്ചു,  ഒന്നാം അദ്ധ്യായത്തിൽ അർജ്ജുനൻ വ്യാകുലപ്പെടുന്നതു നമ്മൾ കണ്ടിരുന്നല്ലോ? അതിനുള്ള മറുപടിയാണ് ശ്ലോകം 2:50 ലെ ഭഗവാന്റെ പാപ പരാമർശം. മതഗ്രന്ഥങ്ങൾ സൃഷ്ട്ടിച്ചു വിട്ടിരിക്കുന്ന പുണ്യപാപങ്ങളും സ്വർഗ്ഗനരകങ്ങളും വിഷയമാകുന്നത് അതിന്റെയൊക്കെ പിറകെ കൂടുന്ന ദീനന്മാർക്കാണ്, അതൊന്നും തന്നെ സമചിത്തനായ കർമ്മയോഗിയുടെ വിഷയങ്ങളല്ല. വിപരീതഭാവങ്ങളെ സമമായിക്കാണുന്ന കർമ്മയോഗിക്കെന്തു പുണ്യവും പാപവും? അതിനാൽ കർമ്മയോഗി പുണ്യപാപങ്ങളെ ഈ ലോകത്തിൽ തന്നെ ഉപേക്ഷിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. അർജ്ജുനാ, നീ വിവേകപൂർവ്വം ചിന്തിച്ചു മഹനീയമായ കർമ്മയോഗത്തെ ആശ്ലേഷിക്കൂ, സാധാരണ മനുഷ്യരെപ്പോലെ വൈകാരികമായി ചിന്തിച്ചു ദീനനാകാതിരിക്കൂ. അർജ്ജുനാ, കർമ്മം അനുഷ്ഠിക്കുന്നതിലുള്ള സാമർഥ്യമാണ് യോഗം. ബുദ്ധിമാനായ നിന്റെ താൽപ്പര്യം അതിലായിരിക്കണം, മറ്റൊന്നിലുമല്ല. 

ഈശ്വരനുമായുള്ള (പരമാത്മാവുമായുള്ള ) ജീവന്റെ (ജീവാത്മാവിന്റെ) സംയോഗത്തെയാണ് 'യോഗം' എന്ന പദം കൊണ്ട് ആത്മവിഷയത്തിൽ സാധാരണ ഉദ്ദേശിക്കാറുള്ളത്. പക്ഷെ ഭഗവത് ഗീത 'യോഗ'ത്തിനു നൽകിയിരിക്കുന്നത് മറ്റു രണ്ടു വ്യാഖ്യാനങ്ങളാണ് (i) സമചിത്തതയാണ് യോഗം, (ii) പ്രവൃത്തിയിലുള്ള സാമർഥ്യമാണ് യോഗം. ഈ മൂന്നു വ്യാഖ്യാനങ്ങളും എങ്ങിനെ ബബന്ധപ്പെട്ടു നിൽക്കുന്നുവെന്നു നോക്കാം. (i) ഉം (ii) ഉം അർത്ഥങ്ങൾ യോജിപ്പിക്കുമ്പോൾ "സമചിത്തതയോടും സാമർഥ്യത്തോടും കൂടി ചെയ്യുന്ന പ്രവൃത്തിയാണ് യോഗം" എന്നർത്ഥം വരുന്നു. ചിലർക്ക് കർമ്മം ചെയ്യാൻ നല്ല മിടുക്കുണ്ടായിരിക്കും, പക്ഷെ സമചിത്തത കാണില്ല, ഭാവി എന്താകും എന്ന വ്യാകുലതയായിരിക്കും എന്ത് ചെയ്യുമ്പോഴും. എന്നാൽ മറ്റു ചിലർ മറിച്ചാണ്, സമചിത്തരാണ്, ഒരു വ്യാകുലതയുമില്ല, പക്ഷെ ജോലിചെയ്യുന്നതിൽ യാതൊരു താൽപ്പര്യവും കാണിക്കില്ല. ഇതു രണ്ടും അഭിലഷണീയമായ സ്ഥിതിയല്ല എന്നാണു ഭഗവാൻ പറയുന്നത്. രണ്ടു കൂട്ടരിലും ഉള്ള നല്ല കർമ്മവശങ്ങൾ സമ്മേളിക്കുന്ന കർമ്മം മാത്രമേ യോഗം എന്ന വിശേഷണത്തിനർഹമാകൂ. ഈ കർമ്മയോഗം എങ്ങിനെയാണ് ജീവാത്മാ-പരമാത്മ യോഗമാകുന്നത്? 'കെട്ടുകളായതു കർമ്മം പുരുഷനു, കെട്ടുകളറ്റേ മുക്തിവരൂ ദൃഢം' എന്ന ഭാഗവത കീർത്തന ഭാഗം ശ്രദ്ധിക്കുക.  അതായത്‌ മനുഷ്യർ ചെയ്യുന്ന സാധാരണ കർമ്മങ്ങൾ, കർമ്മബന്ധനങ്ങൾ ഉണ്ടാക്കുമെന്നും ആ  കെട്ടുകളൊക്കെ അറ്റുപോയാൽ മാത്രമേ ആത്മാവിനു മുക്തി ലഭിക്കൂ എന്നും സാരം. പക്ഷെ കർമ്മയോഗപ്രകാരം കർമ്മം ചെയ്യുമ്പോൾ ഈ കെട്ടുകൾ ഉണ്ടാകില്ലെന്നതാണ് വ്യത്യാസം. കർമ്മയോഗിയുടെ മനസ്സ്, ഈശ്വരാർപ്പിതമായ കർമ്മമൊഴികെ മറ്റെല്ലാ ലൗകിക ചിന്തകളിൽ നിന്നും വിട്ടു നിൽക്കുന്നതിനാൽ, ജീവാത്മാവ് ശരീര-മനോ-ബുദ്ധി ബന്ധനങ്ങളിൽ നിന്നും മുക്തി നേടിയ അവസ്ഥയിലാകുന്നു. ഇങ്ങനെ കർമ്മത്തിലൂടെ ജീവാത്മ-പരമാത്മ സംയോഗത്തിനുള്ള സാഹചര്യം സൃഷ്ട്ടിക്കപ്പെടുന്നതിനാൽ ആത്മതലത്തിലുള്ള യോഗവും കർമ്മയോഗിയിൽ സംഭവിക്കുന്നുവെന്നു പറയാം. 

ഈശ്വരസാക്ഷാത്ക്കാരത്തിനായി വേദശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യമോ സങ്കീർണ്ണമായ യജ്ഞാദികർമ്മാചരണമോ വനാന്തർഭാഗത്തു വസിച്ചുള്ള ഘോരതപസ്സോ ഒന്നും തന്നെ ആവശ്യമില്ല, ബാദ്ധ്യസ്ഥമായതും സ്വധർമ്മപരമായതുമായ കർമ്മം ആത്മാർത്ഥതയോടും ഫലേച്ഛ കൂടാതെയും ഈശ്വരാർപ്പിതമായും (യജ്ഞഭാവത്തിൽ) ചെയ്‌താൽ മാത്രം മതി എന്നാണ് ഭഗവത് ഗീത ഉദ്ഘോഷിക്കുന്നത്. അതായത് ഒരു മെക്കാനിക്കിന് തന്റെ വർക്ക്‌ക്ഷോപ്പിൽ പണിചെയ്‌തുകൊണ്ടും ഒരു ഡ്രൈവർക്കു വാഹനമോടിച്ചുകൊണ്ടും ഒരു വീട്ടമ്മയ്ക്കു അടുക്കളയിൽ ജോലി ചെയ്തുകൊണ്ടും നേടാവുന്ന ഒന്നു മാത്രമാണീ ഈശ്വരസാക്ഷാത്ക്കാരം എന്നർത്ഥം. ലോകം നിലനിൽക്കുന്നത് കർമ്മത്തിലാണ്. കർമ്മം നിലച്ചാൽ ജീവൻ നിലയ്ക്കും. അതായത് കർമ്മത്തെക്കാൾ വലുതായി ലോകത്തിൽ ഒന്നും തന്നെയില്ല. അപ്പോൾ കർമ്മം ചെയ്തുകൊണ്ട് ഈശ്വരനെ പ്രാപിക്കാം എന്നു പറയുന്നതിലെ തത്വചിന്ത എത്ര ഉദാത്തമാണ്? തികച്ചും മൗലികവും മഹനീയവും കർമ്മാധിഷ്ഠിതവുമായ ഈ ആത്മീയസന്ദേശമാണ് ഭഗവത് ഗീതയെ ഈ വിശ്വത്തിലെ ആത്മീയദർശനങ്ങളുടെ മൗലീരത്‌നമായി പരിലസിപ്പിക്കുന്നത്. അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യവും അരങ്ങു വാഴുന്ന നമ്മുടെ ആദ്ധ്യാത്മികരംഗങ്ങളിൽ ഭഗവത് ഗീതക്ക്‌ അർഹമായ സ്ഥാനം ലഭിക്കുന്നില്ലെങ്കിൽ അതിനുള്ള പ്രധാന കാരണവും ഗീതയുടെ തികച്ചും വിപ്ലവകരമായ ഈ ആത്മീയസന്ദേശം തന്നെയാകണം. 

No comments:

Post a Comment