Saturday, May 27, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 23)

ഭഗവാന്റെ സ്ഥിതപ്രജ്ഞലക്ഷണഭാഷ്യം തുടരുകയാണ്. ശ്ലോകം 56ൽ സ്ഥിതപ്രജ്ഞന്റെ പ്രകൃതം എങ്ങിനെയാണെന്നും ശ്ലോകം 57ൽ സ്ഥിതപ്രജ്ഞൻറെ ആന്തരികവ്യക്തിത്വം എങ്ങിനെയാണെന്നും പറഞ്ഞുകഴിഞ്ഞു. സ്ഥിതപ്രജ്ഞനായ വ്യക്തി എങ്ങിനെയാണ് ലോകവുമായി ബന്ധപ്പെടുന്നത് എന്നാണ് 57-)o  ശ്ലോകത്തിൽ പറയുന്നത്. 'സ്ഥിതപ്രജ്ഞനായ യോഗി എങ്ങിനെ നടക്കും' എന്ന അർജ്ജുനന്റെ ചോദ്യത്തിനുള്ള ഉത്തരമാണിത്. 'എങ്ങിനെ നടക്കും' എന്നതിനെ 'എങ്ങിനെ ലോകവുമായി ബന്ധപ്പെട്ടു നിൽക്കുന്നു' എന്നാണു നമ്മൾ മനസ്സിലാക്കേണ്ടത്. കഴിഞ്ഞ രണ്ടു ശ്ലോകങ്ങളുടെ വ്യാഖ്യാനത്തിലും ഈ വിഷയം നമ്മൾ ചർച്ച ചെയ്തതാണ്. സ്ഥിതപ്രജ്ഞനായ കർമ്മയോഗി, സമൂഹത്തിനോടും തന്റെ ബാദ്ധ്യസ്ഥമായ കർമ്മങ്ങളോടും മുഖം തിരിച്ചു നിൽക്കുന്നയാളല്ല, മറിച്ചു ഇതിനോടൊക്കെ ഊർജ്ജ്വസ്വലതയോടെ ബന്ധപ്പെട്ടു നിൽക്കുന്നയാളാണെന്നു നമ്മൾ കണ്ടുകഴിഞ്ഞതാണ്. സാധാരണക്കാരായ മനുഷ്യർ, തങ്ങൾ ചെയ്യുന്നതെന്തിലും സ്വാർത്ഥപരമായി ഒട്ടിപ്പിടിച്ചു നിന്നു (selfish attachment) അതിന്റെ ഫലമായ കർമ്മബന്ധങ്ങളും അതുകൊണ്ടുണ്ടാകുന്ന വിഷമതകളും അനുഭവിച്ചു കഴിയേണ്ടിവരുമ്പോൾ  കർമ്മയോഗിയുടെ കർമ്മങ്ങളിൽ ഈ ഒട്ടിപ്പിടിക്കലും അതുകൊണ്ടുണ്ടാകാവുന്ന ദുരിതങ്ങളും ഉണ്ടാകുന്നില്ലെന്നതാണ് വ്യത്യാസം. കർമ്മം നൽകുന്ന സമാധാനവും സംതൃപ്തിയും ആവോളം അനുഭവിക്കുന്നവരാണവർ. വിപരീതഭാവങ്ങളെ സമമായി കാണുന്ന സ്ഥിതപ്രജ്ഞന് ശുഭവും അശുഭവും ഒന്നുപോലെ തന്നെ. ശുഭമായിട്ടുള്ളതു സംഭവിച്ചാൽ അതിരുകടന്ന ആഹ്ലാദമോ അശുഭമായിട്ടുള്ളതു സംഭവിച്ചാൽ അതിരുകടന്ന ദുഃഖമോ ഇക്കൂട്ടർക്ക് തോന്നില്ല. ശുഭമായതിനെ സ്നേഹിക്കുകയോ  അശുഭമായതിനെ വെറുക്കുകയോ ചെയ്യുന്നയാളല്ല സ്ഥിതപ്രജ്ഞൻ.

യഃ സർവത്രാനഭിസ്നേഹ: തത്തത് പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വെഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാഃ   (ശ്ലോകം 2: 57)

(ഏതൊരുവൻ ഒന്നിലും ആസക്തിയില്ലാതെ ശുഭമോ അശുഭമോ എന്തുവന്നാലും അതിനെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ലയോ അവന്റെ ബുദ്ധി ഉറച്ചതാകുന്നു)

യദാ സംഹരതേ ചായം കൂർമോംഗാനീവ സർവശഃ
ഇന്ദ്രിയാണീന്ദ്രിയാർഥേഭ്യ തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ  (ശ്ലോകം 2: 58)

(ആമ അവയവങ്ങളെ എന്നപോലെ എപ്പോൾ യോഗി എല്ലാവിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ പിൻവലിയ്ക്കുന്നുവോ അപ്പോൾ അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമായിത്തീരുന്നു)


അർജ്ജുനന്റെ ചോദ്യങ്ങളിലെ അവസാനത്തേതിനുള്ള (യോഗി എങ്ങിനെ സംസാരിക്കും?) ഉത്തരമാണ് 58-)o ശ്ലോകത്തിൽ നൽകിയിരിക്കുന്നത്. 'എങ്ങിനെ സംസാരിക്കും' എന്നതിനെ 'how does he conducts himself in the world' എന്നു മനസ്സിലാക്കാം. യോഗിയുടെ പ്രവൃത്തി ആമയുടേതു പോലെയാകണം എന്നാണല്ലോ പറഞ്ഞിരിക്കുന്നത്? ഇതെന്താണെന്നു നോക്കാം.

ആമയുടെ ശരീരത്തിനു വളരെ കട്ടികൂടിയ ഒരു പുറന്തോടുണ്ട്. എടുത്തെറിഞ്ഞാൽപ്പോലും പൊട്ടാത്തത്ര കട്ടിയുള്ളതാണ്, ആകാശത്തിനഭിമുഖമായി നിൽക്കുന്ന ഈ പുറന്തോട്. ഇതിനുള്ളിലാണ് ആമയുടെ ശരീരം നിലകൊള്ളുന്നത്. നാലു കാലുകളും തലയും വാലും, അങ്ങിനെ ആറു ശരീര ഭാഗങ്ങൾ കൊണ്ട്, ആമ ഭൂമിയിൽ സ്പർശിച്ചു നിൽക്കുന്നു. എന്തെങ്കിലും ഒരപകട സാദ്ധ്യത തോന്നിയാലുടൻ തന്നെ ഈ ആറു ഭാഗങ്ങളെയും ആമ ഉള്ളിലേക്കു വലിച്ചു, കട്ടിയായ തോടിനുള്ളിൽ അതിന്റെ ശരീരത്തെ സംരക്ഷിച്ചു നിർത്തും. ഇങ്ങനെ ഒരു തോടുമാത്രമായിക്കാണുന്ന ആമയെ നമ്മൾ ഏതൊക്കെ വിധത്തിൽ ശല്യപ്പെടുത്തിയാലും, എടുത്തെറിഞ്ഞാൽപ്പോലും, അതിനൊരു ഇളക്കവും ഉണ്ടാകില്ല. സ്ഥിതപ്രജ്ഞനായ യോഗിയും ഇതുപോലെ തന്നെ സംരക്ഷിച്ചു നിർത്തുന്നവനായിരിക്കും. പഞ്ചേന്ദ്രിയങ്ങളും (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) മനസ്സും കൊണ്ട് ലോകവുമായി ബന്ധപ്പെട്ടു നിൽക്കുന്ന യോഗി, വിഷയസംബന്ധിയായ എന്തെങ്കിലും അപകട സൂചന തോന്നിയാലുടൻ തന്നെ ഇവയെയെല്ലാം തൻറെ ആത്മബലമെന്ന കവചത്തിനുള്ളിലേക്കു പിൻവലിച്ചു സുരക്ഷിതനാകണം. അതായത് യോഗി, സാധാരണ മനുഷ്യരെപ്പോലെ വിഷയങ്ങളിൽ ആസക്തിപൂണ്ട്, അവയുടെയൊക്കെ പിറകെപോയി ജീവിതം നശിപ്പിക്കുന്നയാളല്ല എന്നർത്ഥം. സ്ഥിതപ്രജ്ഞനായ യോഗിയുടെ ബുദ്ധിയ്ക്ക് അൽപ്പം പോലും ചാഞ്ചാട്ടമുണ്ടാകില്ല, അതു തീർത്തും ഉറച്ചതായിരിക്കും.

ആമ, താമര തുടങ്ങിയ രൂപങ്ങൾ ഭാരതീയ ആദ്ധ്യാത്മികതയുടെ അടയാളചിന്ഹങ്ങളായി ഉപയോഗിക്കാറുണ്ട്. പല ക്ഷേത്രങ്ങളിലും ആമയുടെ വിഗ്രഹങ്ങൾ ഉണ്ടാക്കി വച്ചിട്ടുള്ളത്, മേൽവിവരിച്ച ആദ്ധ്യാത്മിക തത്വത്തിലേക്കു ഭക്തന്റെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ്. ഭക്തൻ, തന്നിലെ ദുഃഖദായകങ്ങളായ ആശാപാശങ്ങളെയൊക്കെ ഇറക്കിവച്ചു, തന്റെ സുരക്ഷിതകവചമായ ഈശ്വരനിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു കഴിയണം എന്നാണീ ആമരൂപം നമ്മെ ഓർമ്മിപ്പിക്കുന്നത്. പക്ഷെ, നമ്മൾ ചെയ്യുന്നതെന്താണ്? ഈ ആത്മതത്വം മനസ്സിലാക്കാതെ ആമയെ മറ്റൊരീശ്വരനായി സങ്കൽപ്പിച്ചു പൂജയും അഭിഷേകവും നടത്തി കഴിയുമെങ്കിൽ ആമവിഗ്രഹത്തിന്റെ  ചെവിയിൽ ചെന്നു തങ്ങളുടെ ദുരിതങ്ങളൊക്കെ പറഞ്ഞു കരഞ്ഞു രക്ഷാമാർഗ്ഗവും തേടും! ഋഷീശ്വരന്മാർ ചിന്തിച്ചതെന്ത്‌, നാം പിന്തുടരുന്നതെന്ത്? ആമയെ, ദശാവതാരങ്ങളിൽ ഒന്നായിക്കണ്ടു പൂജിക്കുന്നതാണെങ്കിൽ, അതിനെ ഭഗവത് ഗീതയുടെ ആത്മവിചാരവുമായി ബന്ധിപ്പിക്കാൻ കഴിയുന്നതല്ല.

(തുടരും) 

1 comment:

  1. ഒരുപാടുനന്ദിയുണ്ട് ജീ എല്ലാ ഭാഗങ്ങളും മനസ്സിരുത്തി പലപ്രാവശ്യം വായിച്ച് മനസ്സിലാക്കുന്നു.തുടർ ഭാഗങ്ങൾ തയ്യാറായില്ലേ ജീ.🙏🏼

    ReplyDelete