Saturday, June 24, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 25)


ധ്യായതേ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത്സജ്ഞായതേ കാമഃ കാമാത്‌ ക്രോധോfഭിജായതേ      (ശ്ലോകം 2:62)
ക്രോധാത് ഭവതി സമ്മോഹഃ സമ്മോഹാൽ സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത്‌ പ്രണശ്യതി       (ശ്ലോകം 2:63)

(വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന്നു അവയിൽ ആസക്തി ഉണ്ടാകുന്നു. ആസക്തിയിൽ നിന്നും ആഗ്രഹം ഉണ്ടാകുന്നു. ആഗ്രഹത്തിൽ നിന്നും കോപം ജനിക്കുന്നു. കോപത്തിൽ നിന്നും അവിവേകം ഉടലെടുക്കുന്നു. അവിവേകത്തിൽ നിന്നും ഓർമ്മക്കേടും ഓർമ്മക്കേടിൽ നിന്നും ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശം മൂലം മനുഷ്യൻ നശിക്കുകയും ചെയ്യുന്നു).

ആത്മമഹിമയിൽ നിന്നും ആത്മനാശത്തിലേക്കുള്ള മനുഷ്യന്റെ പതനത്തെ വളരെ ഭംഗിയായി ഈ രണ്ടു ശ്ലോകങ്ങളിലൂടെ വ്യാസമുനി പറഞ്ഞുവെച്ചിരിക്കുന്നു.

വിഷയങ്ങളെ, അതായതു ഭൗതിക വസ്തുക്കളെ, ഇന്ദ്രിയങ്ങളിലൂടെ കാണുമ്പോഴോ അറിയുമ്പോഴോ അതിനോടൊരു താൽപ്പര്യം തോന്നുന്നു. ഇന്ദ്രിയങ്ങളുടെ ധർമ്മം തന്നെ വിഷയവസ്തുക്കളോടുള്ള ആകർഷ ണമാണെന്നിരിക്കെ, ഇതിൽ അസ്വാഭാവികതയൊന്നുമില്ല. പക്ഷെ ചിലർക്ക് ഏതെങ്കിലും ഒരു പ്രത്യേകവസ്തുവിനോടോ വ്യക്തിയോടോ കൂടുതലായൊരു താൽപ്പര്യം തോന്നി ശ്രദ്ധ അതിലേക്കു തിരിയുന്നു. ആ വസ്തുവിൽ നിന്നോ അല്ലെങ്കിൽ അതുപോലെയുള്ള വസ്തുക്കളിൽ നിന്നോ നേരെത്തെയുണ്ടായിട്ടുള്ളതോ കേട്ടറിഞ്ഞിട്ടുള്ളതോ ആയ സുഖാനുഭവത്തിന്റെ ചിന്തയാലാണ് ഇങ്ങനെയൊരു ആകർഷണം ഉണ്ടാകുന്നത്. ചിന്ത (സങ്കൽപ്പം) പോകെപ്പോകെ  തീവ്രമായി, മനസ്സ് ആ വിഷയത്തിൽ തന്നെ പറ്റിപ്പിടിച്ചു തുടങ്ങും. ഇതിനെ ആസക്തി അല്ലെങ്കിൽ attachment എന്നു പറയുന്നു. വിഷയങ്ങളെ 'ധ്യാനിക്കുന്ന' വനാണ് (ധ്യായതേ വിഷയാൻ) ആസക്തിയുണ്ടാകുന്നതെന്നാണല്ലോ പറഞ്ഞിരിക്കുന്നത്? ധ്യാനിക്കുക എന്നു പറഞ്ഞാൽ, മറ്റെവിടേക്കും ശ്രദ്ധതിരിയാതെ, ഒരേ ഒരു വസ്തുവിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണല്ലോ അർത്ഥമാക്കുന്നത്? സാധാരണ മനുഷ്യർ ഈശ്വരനെയാണ് ധ്യാനിക്കാറുള്ളത്‌. പക്ഷേ വിഷയതൽപ്പരനായ മനുഷ്യൻ ഈശ്വരനെയല്ല, വിഷയത്തെയാണ് ധ്യാനിക്കുന്നത്. മനുഷ്യന്റെ വിഷയങ്ങളോടുള്ള ആസക്തിയുടെ തീവ്രത എത്രമാത്രമാണെന്നെടുത്തു  കാണിക്കാൻ വേണ്ടിയായിരിക്കാം 'ധ്യാന' മെന്ന പദത്തെ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.


വിഷയവസ്തുവിനോടുള്ള ആസക്തി കൂടുന്നതിനനുസരിച്ചു ചിന്താതരംഗങ്ങളുടെ ശക്തി വർദ്ധിക്കുകയും, തന്നിൽ നിന്നന്യമായി നിൽക്കുന്ന ആ വസ്തു തന്റേതായിരുന്നെങ്കിൽ എന്ന ആഗ്രഹം ഉദിക്കുകയും ചെയ്യുന്നു. പക്ഷെ പല കാരണങ്ങളാലും മനുഷ്യർ ആഗ്രഹിക്കുന്നതു പോലെ കാര്യം നടക്കണമെന്നില്ല. ആഗ്രഹിച്ച വസ്തു കിട്ടാതെ വരുമ്പോൾ, ചിന്ത വിഷയവസ്തുവിനെ വിട്ട് അതിനു കാരണമായ കാര്യത്തിലേക്കു തിരിയും. വിഷയത്തോടുള്ള ആഗ്രഹം എത്രമാത്രം തീവ്രവും സ്വാർത്ഥപരവുമായിരുന്നോ, അത്രത്തോളം   തീവ്രതയിലായിരിക്കും അതു നേടുന്നതിനു തടസ്സമായ കാര്യത്തിലേക്കുള്ള നെഗറ്റിവ് ചിന്താപ്രവാഹവും.  ഇതിനെയാണ് കോപം എന്നു പറയുന്നത്. കോപം ഉണ്ടായാൽ എന്തു സംഭവിക്കും എന്നു നമുക്കെല്ലാമറിയാം; ശരിയായി ചിന്തിക്കാൻ കഴിയാതെ വരും. കോപം, ചിന്താശക്തിയുടെ മുകളിൽ  ഒരു പുകപടലം സൃഷ്ട്ടിക്കും; ബോധപൂർവ്വം ചിന്തിക്കാനുള്ള കഴിവ് ഇതുമൂലം നഷ്ടമാകും. സമ്മോഹം അഥവാ delusion എന്ന അവസ്ഥയിൽ വ്യക്തി തെറ്റിധാരണകൾക്കടിമയായാകും പ്രവർത്തിക്കുക. കോപത്തിന്റെ പുകപടലം കുറച്ചു സമയത്തേക്കെങ്കിലും ബുദ്ധിയെ മറയ്ക്കുന്നതിനാലാണ് ധാരണകൾ തെറ്റുന്നത്. സാധാരണ താൻ അങ്ങേയറ്റം ബഹുമാനിക്കുന്ന വ്യക്തിയാണ് മുന്നിൽ നിൽക്കുന്നതെങ്കിലും അതു മറന്നു കൊണ്ടുള്ള പ്രവൃത്തിയായിരിക്കും അപ്പോൾ ചെയ്യുക. ചെയ്യാൻ പാടില്ലാത്തതെല്ലാം ചെയ്യുകയും കോപം മാറി ബോധം തെളിയുമ്പോൾ അതേക്കുറിച്ചെല്ലാം ഓർത്തു പശ്ചാത്തപിക്കുകയും ചെയ്യും. കോപം പൂണ്ടു നിൽക്കുമ്പോൾ തീരുമാനങ്ങൾ ഒന്നും തന്നെ എടുക്കരുതെന്നു പറയുന്നതിതിനാലാണ്; ആ തീരുമാനങ്ങളൊന്നും വിവേകപൂർവം എടുത്തതായിരിക്കില്ല.

സമ്മോഹാവസ്ഥയിൽ തുടരുമ്പോൾ ഓർമ്മക്കേടുണ്ടാകുന്നു. ഈ സമയത്തു ബുദ്ധിയുടെ പ്രവർത്തനം വളരെ മന്ദീഭവിക്കുന്നതു കാരണം തെറ്റും ശരിയും വേർതിരിച്ചറിയാൻ സാധിക്കാതെ വരുന്നു. താനാരാണ്, തന്റെ സമൂഹത്തിലെ നിലയെന്താണ്, തന്റെ ഉത്തരവാദിത്വങ്ങളെന്താണ്, തന്റെ ബന്ധങ്ങളെന്താണ്.... ഇതൊന്നും വ്യക്തതയോടെ ചിന്തിക്കാൻ കഴിയാതെ വരുന്നു. ഈ സ്ഥിതി തുടരുമ്പോൾ വിവേചന ശക്തി (discriminatory power) നഷ്ടപ്പെടുന്നു. മനുഷ്യൻ മറ്റിതര ജന്തുക്കളിൽ നിന്നും വ്യത്യസ്തനാകുന്നത് അവന്റെ ബുദ്ധിശക്തി (വിവേചനശക്തി) ഒന്നുകൊണ്ടാണ്. ബോധപൂർവം ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും മനുഷ്യനു കഴിയുന്നത് ഈ ബുദ്ധിശക്തി ഒന്നിനാലാണ്. അപ്പോൾ ആ ശക്തി നശിക്കുന്നതോടെ മനുഷ്യൻ മനുഷ്യനാകാതെ തരമില്ലല്ലോ? 'പ്രണശ്യതി' എന്ന വാക്കിനു 'മൃതതുല്യനാകും' എന്നാണു ശങ്കരഭാഷ്യം. അതായത്‌ ബുദ്ധിശക്തി നശിച്ച മനുഷ്യൻ, മരിച്ചയാളിനു സമനാണത്രെ. ശാരീരിക മരണത്തെയല്ല, ആത്മീയമരണത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മജ്ജയും മാസവും ചോരയും നിറഞ്ഞ ഒരു ശരീരവും അതിനെ നിലനിർത്തുന്ന ജീവനും ഉണ്ടായതു കൊണ്ടു മാത്രം മനുഷ്യൻ പൂർണ്ണനാകുന്നില്ല. ഇതൊക്കെ ഏതു പ്രാകൃത മനുഷ്യനും ഉണ്ടായിരുന്നതാണ്. ബുദ്ധികൊണ്ട് ശരിതെറ്റുകളെ കാര്യകാരണസഹിതം അപഗ്രഥിക്കുകയും അതിനനുസരിച്ചു സമൂഹത്തിൽ ജീവിക്കുകയും ചെയ്യുന്ന മനുഷ്യനേ സംസ്കാരചിത്തനായ  മനുഷ്യനെന്ന പേരിന്നർഹനാകൂ.

ഇന്നു നമ്മുടെ സമൂഹത്തിനെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണല്ലോ മദ്യപാനം? മുകളിലെ രണ്ടു ശ്ലോകങ്ങളെയും ശരിയായി മനസ്സിലാക്കുവാൻ ഈ ഒരുദാഹരണം കൊണ്ടു കഴിയും. മദ്യം നൽകുന്ന സുഖാനുഭവത്തെക്കുറിച്ചുള്ള ചിന്ത, മദ്യത്തെ ധ്യാനിക്കുവാൻ മദ്യപന്മാരെ പ്രേരിപ്പിക്കും. മുഴുക്കുടിയന്മാർക്ക് മദ്യത്തെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയും മനസ്സിലുണ്ടാകില്ല. ഇതാണ് മദ്യധ്യാനം. എങ്ങിനെയെങ്കിലും ഒരു കുപ്പി സംഘടിപ്പിക്കണം എന്ന ആഗ്രഹമായിരിക്കും എപ്പോഴും ഉള്ളിൽ. കള്ളു മേടിക്കാൻ ഭാര്യ കാശു  കൊടുക്കുന്നില്ലെങ്കിൽ, കോപത്തോടെ അവളുടെ നേർക്കു തിരിയും. വിവേകം നഷ്ട്ടപ്പെട്ട് ദേഹോപദ്രവം തുടങ്ങും. കുഞ്ഞുങ്ങളോ മറ്റോ ഇടയിൽ വന്നാൽ അവരോടും നിർദ്ദാക്ഷിണ്യം പെരുമാറും. കള്ളു കുടിക്കാൻ കാശുകൊടുക്കാത്തതിന് ഒരുവൻ ഭാര്യയെ ഒന്നാം നിലയിൽ നിന്നും താഴേക്കു വലിച്ചെറിഞ്ഞു കൊന്ന സംഭവം ഇന്നലത്തെ മലയാള പത്രത്തിൽ വായിച്ചിരുന്നു. അവിവേകിയായ മദ്യപാനിക്കു തുടർന്നുണ്ടാകുന്ന ഓർമ്മക്കേടുകാരണം കാരണം അയാളുടെ പ്രവർത്തികൾ എല്ലാം തന്നെ, ബുദ്ധിപൂർവം പ്രവർത്തിക്കുന്ന സാധാരണ മനുഷ്യരുടേതിൽ നിന്നും വ്യത്യസ്തമായിരിക്കും. ബുദ്ധിയുടെ ഉപയോഗം ക്രമേണ കുറഞ്ഞുകുറഞ്ഞു വന്നു മുഴുക്കുടിയൻ ബുദ്ധിനശിച്ചവനായിത്തീരും. ഇങ്ങനെയുള്ളവർ വെറും ജീവച്ഛവങ്ങളാണ്; ശരീരത്തിൽ ജീവനുള്ളവരെങ്കിലും ബുദ്ധിയും അതുപയോഗിച്ചുള്ള ജീവിതവും സാദ്ധ്യമാകാത്തവർ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നവർ.  മദ്യം എന്ന വിഷയസങ്കൽപ്പത്തിൽ നിന്നും തുടങ്ങിയ യാത്ര ആത്മനാശത്തിൽ അവസാനിച്ചിരിക്കുന്നു!  

 മുകളിൽ ഉദ്ധരിച്ച രണ്ടു ശ്ലോകങ്ങളും, മനുഷ്യന്റെ ചിന്തകളുടെ, സങ്കൽപ്പത്തിന്റെ, ശക്തിയെയാണ് എടുത്തു കാണിക്കുന്നത്. തെറ്റായ ഒരു സങ്കൽപ്പത്തിൽ നിന്നും മനുഷ്യനു നാശം സംഭവിക്കാമെങ്കിൽ ശരിയായ ഒരു സങ്കൽപ്പത്തിൽ നിന്നും മനുഷ്യന് തന്റെ ആത്മപ്രഭാവത്തെ അങ്ങേയറ്റം ഉയർത്താനും കഴിയും. യശശ്ശരീരനായ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്‌ദുൽകലാം 'സ്വപ്നം കാണാൻ കഴിയണം' എന്നു കുട്ടികളോടു പറയുമ്പോൾ ഉദ്ദേശിച്ചത്, മനുഷ്യനെ വലിയ ഉയരങ്ങളിലേക്കുയർത്താനുള്ള  മനുഷ്യചിന്തകളുടെ (സങ്കൽപ്പത്തിന്റെ) ഈ ശക്തിയെയാണ്. നമുക്കു ചിന്തിക്കാൻ പോലും സാധിക്കാത്ത പല കാര്യങ്ങളും പല മനുഷ്യരും ചെയ്തിരിക്കുന്നത് ഈ സങ്കൽപ്പത്തിന്റെ ചിറകിലേറി നിന്നുകൊണ്ടാണ്. ശാന്തവും സമചിത്തതയുള്ളതും നിഷ്ക്കാമവുമായ മനസ്സിലേ നല്ല സങ്കൽപ്പങ്ങൾ ഉടലെടുക്കൂ. സ്ഥിതപ്രജ്ഞനായ യോഗിയുടെ സങ്കൽപ്പങ്ങൾ സാക്ഷാത്ക്കരിക്കപ്പെടുമ്പോൾ അതിന്റെ സദ് ഫലം അനുഭവിക്കുന്നത് സമൂഹമാണ്, ലോകമാണ്.

(തുടരും)

1 comment:

 1. സാർ,
  ഒരുപാടു കാര്യങ്ങൾ പറഞ്ഞിരിയ്ക്കുന്നു. എല്ലാം എനിക്ക് എത്തിപ്പിടിക്കാൻ പറ്റുന്ന ഉയരത്തേക്കാൾ ഉയരത്തിലാണ്. മദ്യധ്യാനം പോലെ വല്ല ഔഷധ ധ്യാനമോ, ചികിത്സാ ധ്യാനമോ ഉണ്ടായിരുന്നെങ്കിൽ ഉയരം കുറച്ചു കുറയുമായിരുന്നു.
  ഒരുപാടു സന്തോഷം. കൂടെ ഒരുപാടു ഭാവുകങ്ങളും.
  ശശിധരൻ
  അണുപുരം

  ReplyDelete