Tuesday, September 26, 2017

നാളത്തെ കഥകളി

അടുത്തയിടെ നടന്ന ഒരു 'ഹരിശ്ചന്ദ്രചരിതം' കഥകളിയിൽ, ചന്ദ്രമതി ചുടലപ്പറമ്പിൽ വിറകുകൊള്ളി ഉപയോഗിച്ചതിനെ പരിഹസിച്ചു ചിലർ എഴുതിയതിനെ ചോദ്യം ചെയ്‌ത്, 'സദനം കൃഷ്ണൻകുട്ടി' എന്ന കഥകളി ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റിൽ ഇടപെട്ടുകൊണ്ട് ഞാൻ എഴുതിയ പ്രതികരണങ്ങളിൽ ഒന്നാണ്‌ താഴെക്കൊടുത്തിരിക്കുന്നത്. കാലാകാലങ്ങളായി കഥകളിയിൽ പ്രകടമായ ഒരു വേർതിരിവു നിലനിൽക്കുന്നുണ്ട്. ഒരു വിഭാഗം കഥകളികലാകാരന്മാരും ആസ്വാദകരും ചിട്ടപ്രധാനമായ കഥകളിയാണ് (ഉദാ: കോട്ടയം കഥകളെന്നറിയപ്പെടുന്ന ബകവധം, കിർമ്മീരവധം, കാലകേയവധം, കല്യാണസൗഗന്ധികം) ശരിയായ കഥകളിയെന്നും തെക്കുള്ളവർ സൃഷ്ട്ടിച്ച ഭാവാഭിനയപ്രധാനമായ കഥകളിക്കു നിലവാരം (കഥകളിത്തം) പോരാ എന്നും ചിന്തിക്കുന്നു. ആസ്വാദനശേഷി കുറഞ്ഞവരുടെ കഥകളിയാണ് തെക്കൻ കഥകളിയെന്നാണ് ഇവരുടെ പക്ഷം. എന്നാൽ ഇന്നത്തെ കഥകളി അവതരണങ്ങളിൽ തൊണ്ണൂറ്റിയഞ്ചു ശതമാനത്തിനു മുകളിലും നടക്കുന്നതും കഥകളിയാസ്വാദകരിൽ കൂടുതൽ പേർക്കും ഇഷ്ടപ്പെടുന്നതും ഈ  നിലവാരം കുറഞ്ഞ തെക്കൻ കഥകളാണുതാനും. ഈ വിഷയത്തിൽ പരിജ്ഞാനമില്ലാത്തവർക്ക്, എന്റെ പ്രതികരണത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുവാൻ വേണ്ടി ഇത്രയും എഴുതിയെന്നു മാത്രം. നർമ്മത്തിൽ പൊതിഞ്ഞതാണെങ്കിലും കാര്യമുള്ള ചിലതൊക്കെയുള്ള ഈ പ്രതികരണം,  കഥകളി ഗ്രൂപ്പിലെ ചർച്ചകളിൽ പങ്കെടുക്കാൻ കഴിയാതെ പോയ കഥകളി തൽപ്പരരിലും എത്തിച്ചേരണം എന്ന ആഗ്രഹത്താലാണ് ഒരു പ്രത്യേക പോസ്റ്റായി ഇവിടെ ഇടുന്നത്.        

പ്രതികരണം

"ചർച്ചകൾ ഏതാണ്ട് അവസാനിച്ചെന്നു തോന്നുന്നു. ഏതായാലും ഈ ചർച്ചകളിൽ നിന്നും കഴിഞ്ഞ കാലത്തെ കഥകളി ഗ്രൂപ്പ് ചർച്ചകളിൽ നിന്നും എനിക്കു കിട്ടിയ ഒരാശയം ഇവിടെ പങ്കു വയ്ക്കട്ടെ. തെക്കുള്ള പലരും വടക്കു നോക്കിയന്ത്രങ്ങളും വടക്കുള്ള പലരും 'നിഴൽക്കുത്ത്' തുടങ്ങിയ കഥകളിത്തമില്ലാത്ത തെക്കൻ കഥകളുടെ ആരാധകരുമായിത്തീർന്നിരിക്കുന്ന സ്ഥിതിക്ക് ഇനി പണ്ടത്തെപ്പോലെ തെക്കു-വടക്കു വേർതിരിവിനും അതിന്റെ പേരിലുള്ള സംവാദങ്ങൾക്കുമൊന്നും വലിയ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. ഇനിയിപ്പം ചർച്ചിക്കാനുള്ളത് കഥകളിത്തമുള്ളതും ഇല്ലാത്തതുമായ കഥകളുടെ കാര്യം മാത്രമാണ്.

ക്ലാസിക്കൽ കലയായ കഥകളിയിൽ പ്രോപ്പർട്ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനാവശ്യമായ ലോകധർമ്മിത്വം ശരിയല്ല എന്ന വാദഗതിയോട് യോജിക്കുന്നു. അതുകൊണ്ടു തന്നെ കുറെ കഥകളെങ്കിലും കഥകളിയുടെ  ആഭിജാത്യസ്വഭാവം കാത്തു സൂക്ഷിക്കുന്ന വിധത്തിൽ പരിരക്ഷിക്കപ്പെട്ടു നിൽക്കട്ടെ. മലയാള-സംസ്കൃത ഭാഷകളിൽ പരിജ്ഞാനമുള്ള, സംസ്കാരചിത്തരായ ഒരു കലാസ്വാദകസമൂഹത്തിനു മാത്രമേ ഉൽകൃഷ്ട കലാമൂല്യങ്ങളുള്ള കഥകളി അറിഞ്ഞാസ്വദിക്കാൻ കഴിയുള്ളൂ എന്നതൊരു സത്യമാണ്. ഇതിനു സമയവും സൗകര്യവും വേണം താനും. നമ്മുടെ സമൂഹവും വിദ്യാഭ്യാസനിലവാരവും സംസ്കാരവുമെല്ലാം ഇങ്ങനെയുള്ള കഥകളി ആസ്വാദനത്തിനു, പ്രത്യേകിച്ചും ജനകീയമായ ആസ്വാദനത്തിനു, ഉ തകുന്നതല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ  നൂറുകണക്കിനു കലാകാരന്മാരുടെ ജീവിതമാർഗ്ഗമായിക്കഴിഞ്ഞിരിക്കുന്ന കഥകളിയെ ഈ സമൂഹത്തിൽ എങ്ങിനെ പിടിച്ചു നിർത്താം എന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ടല്ലോ?

കഥകളി സാങ്കേതികത്വത്തിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നതും എന്നാൽ ഇക്കാലത്ത് ആസ്വാദകരെ കിട്ടാൻ പ്രയാസമുള്ളതുമായ ചിട്ടക്കഥകളെ നമുക്കു 'ക്ലാസിക്കൽ കഥകളി' യെന്നോ 'നമ്പർ 1 കഥകളി' യെന്നോ വിളിച്ചു ഒരു ഭാഗത്തു നിർത്താം. ഇന്നത്തെ പോക്കിന്, വരും കാലങ്ങളിൽ ഇങ്ങനെയുള്ള കഥകളി കാണാൻ പ്രേക്ഷകർക്ക് അങ്ങോട്ട് കാശ് കൊടുക്കേണ്ടി വരും (കർണ്ണാടക സംഗീതകച്ചേരിക്ക് പ്രഗത്ഭയായ ഒരു സംഗീതജ്ഞയെ ക്ഷണിച്ചിട്ടു, പരിപ്പുവടയും ചായയും ഓഫർ ചെയ്‌തു പത്തിരുപതു പേരെ  സംഘടിപ്പിക്കേണ്ടി വന്ന ഒരു ഗതികേട് എന്റെ ഓർമ്മയിലുണ്ട്). വലിയ കഥകളിത്തമൊന്നുമില്ലാത്ത, പക്ഷേ നാലാളെ മുൻപിൽ പിടിച്ചിരുത്തി, കഥകളി കലാകാരൻറെ വീട്ടിലെ അടുപ്പിൽ തീ പുകയാൻ സഹായിക്കുന്ന, നളചരിതം, കർണ്ണശപഥം, ഹരിശ്ചന്ദ്രചരിതം, ദേവയാനി ചരിതം, നിഴൽക്കുത്ത്..... തുടങ്ങിയ കഥകളെ 'പൈങ്കിളി കഥകളി' യെന്നോ 'നമ്പർ 2  കഥകളിയെന്നോ' വിളിച്ചു മറ്റൊരു ഭാഗത്തും നിർത്താം. ക്ലാസ്സിക്കലും പൈങ്കിളിയും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും വളരെ വ്യത്യസ്ഥമാണെന്നു നമ്മൾ വ്യക്തമായും മനസ്സിലാക്കിയിരിക്കണം. ഒന്നിനെ മറ്റൊന്നാക്കാൻ ശ്രമിക്കരുത്. അത് നടപ്പുള്ള കാര്യവുമല്ല.  ഹരിശ്ചന്ദ്രചരിതത്തിൽ സ്‌റ്റേജ് എഫക്ടിനു വേണ്ടി സംഘാടകർ വിറകല്ല, രണ്ടു ശവം തന്നെ സ്റ്റേജിൽ കൊണ്ടു വച്ചാലും ക്ലാസ്സിക്കലുകാർ വഴക്കുണ്ടാക്കാൻ പോകരുത്. കാലമൊക്കെ മാറിയില്ലേ, 'കുണ്ഡിന നായക' ആടുമ്പോൾ നളൻ വേണമെങ്കിൽ ദമയന്തിക്ക് ഒരു വാട്സ്ആപ്പ് മെസ്സേജ് അയച്ചോട്ടെ. ക്‌ളാസ്സിക്കലുകാർ അലമ്പുണ്ടാക്കരുത്. അതുപോലെ കാലകേയവധം അർജ്ജുനനു സ്വർഗ്ഗത്തിൽ പോകാൻ തേര് കൂട്ടുന്ന ഓൾഡ് ഫാഷൻ വേണ്ട, കാറ് പിടിക്കണം എന്നോ ആറുമണിക്കൂറെങ്കിലും ഉറങ്ങിയിട്ട് രാവിലെ ഓഫീസിൽ പോകേണ്ടതാണ്, അതുകൊണ്ട് കല്യാണസൗഗന്ധികം ഭീമൻ 'പാഞ്ചാലരാജതനയേ' അങ്ങിനെ വിസ്തരിച്ചൊന്നും ആടണ്ടാ, ഭീമൻ വനത്തിലൂടെ പോയി സമയം കളയുന്നതിനു പകരം വിമാനത്തിൽ പോയാ മതി എന്നോ ഒന്നും പൈങ്കിളിക്കാരും ശാഠ്യം പിടിക്കരുത്. കഥകളി പരിപാടികളുടെ നോട്ടീസിൽ കഥകളി (ക്ലാസിക്കൽ), കഥകളി (പൈങ്കിളി) എന്നു വ്യക്തമായി എഴുതി വക്കണം. അങ്ങനെയാകുമ്പോൾ ആഢ്യത്വം കൂടുതലുള്ളവർക്കും അതൽപ്പം കുറഞ്ഞവർക്കും അവരവർക്കിഷ്ടമുള്ള കളിക്കു പോകാനും കഴിയും. അതുപോലെ കഥകളിപ്പദം (സമ്പ്രദായം), കഥകളിപ്പദം (ന്യു ജനറേഷൻ) എന്നു കൂടി നോട്ടീസിൽ ചേർക്കുന്നതു നന്നായിരിക്കും. എന്നെപ്പോലെയുള്ളവർക്കു ഒരു തയ്യാറെടുപ്പോടെ കളിക്കു മുമ്പിലിരിക്കാൻ ഈ അറിയിപ്പ് സഹായകമാകും. കഥകളിക്കു യാതൊരു ഗുണവും ചെയ്യാത്ത ഇന്റർനെറ്റ് കഥകളി ഗ്രൂപ്പുകളിൽ നിന്നും അതുപോലെ കഥകളിക്കു വേണ്ടി യാതൊന്നും തന്നെ ചെയ്യാൻ കഴിയില്ലെങ്കിലും ഇങ്ങിനെയുള്ളിടങ്ങളിൽ വന്നു രണ്ടു കമന്റും പാസ്സാക്കി തങ്ങളുടെ  കഥകളി സാന്നിദ്ധ്യവും പ്രസക്തിയും പാണ്ഡിത്യവും ഉറപ്പിക്കാനാഗ്രഹിക്കുന്നവരിൽ നിന്നും വിട്ടു നിൽക്കുകയും വേണം. ഇത്രയുമൊക്കെ ചെയ്‌താൽ കുറച്ചു കാലത്തേക്കെങ്കിലും വലിയ പ്രശ്നമൊന്നുമില്ലാതെ കഥകളി ഇവിടെ നില നിന്നോളും എന്നാണെന്റെയൊരു കണക്കുകൂട്ടൽ".

(എനിക്ക് തോന്നിയ ഒരഭിപ്രായം എഴുതി എന്നു മാത്രം. അഭിപ്രായം പറയുന്നുവെന്നല്ലാതെ തുടർ ചർച്ചകളിലൊന്നും പങ്കെടുക്കാൻ എനിക്കു താല്പര്യമോ സമയമോ ഇല്ലെന്നു പറഞ്ഞുകൊള്ളട്ടെ. ഒരു ആസ്വാദകനെന്നതിലുപരി ഈ മേഖലയുമായി മറ്റു ബന്ധങ്ങളൊന്നുമില്ലാത്ത എന്നോട് ചർച്ച ചെയ്യുന്നതു കൊണ്ട് കഥകളിക്കു ഗുണമൊന്നും ഉണ്ടാകാനില്ല.  ഗുണമുണ്ടാക്കാൻ കഴിവുള്ളവരും അതിനു ബാധ്യസ്ഥരായവരും ചിന്തിക്കട്ടെ).    

Sunday, September 24, 2017

നളചരിതത്തിന്റെ രംഗപാരമ്പര്യം
മലയാളസാഹിത്യത്തിലെ, പ്രത്യേകിച്ച്‌ ആട്ടക്കഥാസാഹിത്യത്തിലെ, അമൂല്യമായ കൃതികളിലൊന്നാണ്‌ ഉണ്ണായി വാര്യരുടെ 'നളചരിതം ആട്ടക്കഥ'. സാഹിത്യം,  സംഗീതം, അഭിനയം ഇവ മൂന്നിന്റെയും വൈശിഷ്ട്യങ്ങൾ സമജ്ജസമായി സമ്മേളിക്കുന്നതും ഇത്ര മാത്രം ജനപ്രീതി നേടിയിട്ടുള്ളതുമായ മറ്റൊരു ആട്ടക്കഥ ഇല്ലെന്നു തന്നെ പറയാം. രംഗാവതരണത്തിനുള്ള ആട്ടക്കഥ എന്നതിലുപരിയായി മനുഷ്യമനസ്സുകളെ അഗാധമായി സ്പർശിക്കാന്‍ കഴിയുന്ന വികാരവിചാരങ്ങളെ വേണ്ട അളവിലും തോതിലും വിളക്കിച്ചേർത്തു രചിച്ചിട്ടുള്ളതാണ് ആദ്യാവസാനം ജീവിതഗന്ധിയായ ഈ ആട്ടക്കഥ. പ്രസിദ്ധമായ മറ്റു പല ആട്ടക്കഥകളിൽ നിന്നും നളചരിതം വ്യത്യസ്തമാകുന്നതിന്റെ കാരണവും ഇതാണ്. ശൈലീബദ്ധമായ കഥകളി സങ്കേതങ്ങൾക്കു തീർത്തും വഴങ്ങിക്കൊടുക്കാത്ത ഇക്കഥയുടെ സാഹിത്യം അരങ്ങത്തഭിനയിച്ചു ഫലിപ്പിക്കുകയെന്നത് ഇരുത്തം വന്ന കഥകളി കലാകാരന്മാർക്കു പോലും വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. തൊണ്ണൂറുകളിൽ കേരളത്തിൽ നടന്ന കഥകളികളിൽ തൊണ്ണൂറു ശതമാനത്തിനും മുകളിൽ നടന്നിരുന്നത് നളചരിതം ആയിരുന്നെന്നു കാണുമ്പോൾ, ഈ കഥയുടെ ജനസമ്മതി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നാലുഭാഗങ്ങളായി രചിക്കപ്പെട്ടിട്ടുള്ള, തികച്ചും മൗലികമായ ഈ ആട്ടക്കഥയുടെ ഉത്ഭവവും വികാസപരിണാമങ്ങളും അന്വേഷിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം. കഥകളി എന്ന ദൃശ്യകലയുണ്ടായ കാലത്തിനടുത്തു തന്നെയാണ് നളചരിതം ആട്ടക്കഥയും  രചിക്കപ്പെട്ടിട്ടുള്ളതെന്നതിനാലും ഈ ആട്ടക്കഥയുടെ രചനയും രംഗസൃഷ്ട്ടിയും ആദ്യരംഗാവതരണങ്ങളും നടന്നിട്ടുള്ളത് തെക്കൻ കേരളത്തിൽ വച്ചായിരുന്നു എന്നതിനാലും കഥകളിയുടെ, പ്രത്യേകിച്ചും തെക്കൻ കഥകളിയുടെ, ഒരു ഹൃസ്വപശ്ചാത്തലവും ഈ ലേഖനത്തിൽ നൽകിയിട്ടുണ്ട്.

കഥാസന്ദർഭം

മഹാഭാരതം വനപർവത്തിൽ 52 മുതൽ 79 വരെയുള്ള 27 അദ്ധ്യായങ്ങളായി വിവരിക്കപ്പെടുന്ന 'നളോപാഖ്യാന'മാണ് നളചരിതം ആട്ടക്കഥക്ക് ഇതിവൃത്തം. കള്ളച്ചൂതിൽ തോറ്റു കാമ്യകവനത്തിൽ കഴിയുന്ന പാണ്ഡവരെ പല മുനിമാരും സന്ദർശിച്ചു കഥകൾ പറഞ്ഞാശ്വസിപ്പിക്കുന്ന കൂട്ടത്തിൽ ബൃഹദശ്വൻ എന്ന മുനി പറഞ്ഞു കേൾപ്പിക്കുന്ന കഥയാണ് 'നളോപാഖ്യാന'ത്തിൽ അടങ്ങിയിരിക്കുന്നത്. 'പാരിലെങ്ങാനും എന്നോളം ഭാഗ്യം കെട്ടോരു മന്നനെ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ' എന്ന ധർമ്മപുത്രരുടെ ചോദ്യത്തിന് ഉത്തരമായി നളദമയന്തിമാരുടെ കഥ മുനി പറഞ്ഞു കേൾപ്പിക്കുന്നു. ധർമ്മപുത്രർക്ക് സ്വന്തം വ്യഥകൾ പങ്കുവയ്ക്കാൻ സഹോദരങ്ങളും ഭാര്യയും കൂടെയുള്ള ബ്രാഹ്മണവൃന്ദവും കുലഗുരുവും തങ്ങളെപ്പോലെ വല്ലപ്പോഴുമെങ്കിലും വന്നുപോകുന്ന  മഹർഷിമാരും ഉണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ സർവഗുണസമ്പന്നനും ആദർശശാലിയുമായ ഒരു രാജാവ് (നളൻ) സഹോദരനോട് കള്ളച്ചൂതിൽ തോറ്റു ഉടുതുണിപോലുമില്ലാതെ, ഏകാകിയായി ഘോരകാനനത്തിലും പിന്നെ സ്വന്തം ഭാര്യയ്ക്കു പോലും തിരിച്ചറിയാൻ കഴിയാത്ത വിധം വിരൂപനായ ഒരു രാജസേവകനായി നാട്ടിലും അലഞ്ഞു ജീവിച്ച ഒരു കഥയുണ്ട്. പക്ഷെ അചഞ്ചലമായ ഈശ്വരഭക്തിയും സ്വധർമ്മാചരണവും കൊണ്ട് നഷ്ടപ്പെട്ട സൌഭാഗ്യങ്ങൾ ഒന്നൊന്നായി തിരികെപ്പിടിച്ചു, ആ മന്നവൻ വീണ്ടും ഐശ്വര്യത്തോടെ രാജ്യം വാണു. അതിനാൽ ധർമ്മപുത്രർ ഒന്നുകൊണ്ടും ദു:ഖിക്കേണ്ടതില്ലെന്നും ഒരു നല്ലനാളേയ്‌ക്കു വേണ്ടി സമചിത്തതയോടെ, ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി എന്നും ബൃഹദശ്വൻ ഉപദേശിക്കുന്നു. ബൃഹദശ്വമുനി ധർമ്മപുത്രർക്കു പറഞ്ഞുകൊടുത്ത നളകഥയാണ് നളചരിതം ആട്ടക്കഥക്ക്‌  അവലംബം. നളോപാഖ്യാനം ഇതിവൃത്തമായിരിക്കെ തന്നെ, കഥകളിയെപ്പോലെ ദൃശ്യപരമായ ഒരു കലാരൂപത്തിന് യോജിച്ച നാടകീയമായ അവതരണസാദ്ധ്യതകളെ  മുൻനിർത്തി, മൂലകഥയിൽ അവശ്യം മാറ്റം വരുത്തിക്കൊണ്ടാണ്‌ ഉണ്ണായി വാരിയർ തികച്ചും മൌലികമായ ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്. ആയതിനാൽ തന്നെ അന്നുവരെ നിലനിന്നിരുന്ന കഥകളി സാഹിത്യ സങ്കൽപ്പങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്ന ഒരു രചനാരീതിയായിരുന്നു നളചരിതം ആട്ടക്കഥക്കായി ഉണ്ണായി സ്വീകരിച്ചത്. കഥകളി പ്രേമികൾ എല്ലാവരും തന്നെ നളചരിതം കഥകളി പലവട്ടം കണ്ടാസ്വദിച്ചിരിക്കാം എന്നതിനാൽ  കഥാപരമായ വിശദീകരണങ്ങളിലേക്കു കടക്കുന്നില്ല.

കഥകളി പശ്ചാത്തലം  

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടമാണ് കഥകളിയെന്ന ദൃശ്യകലയുടെ ആദിമരൂപം. രാമായണത്തെ ആസ്പദമാക്കി തമ്പുരാൻ രചിച്ച എട്ടു കഥകളാണ് രാമനാട്ടമായി അരങ്ങത്തവതരിപ്പിച്ചത്. അന്ന് തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന അനുഷ്ഠാനകലാപാരമ്പര്യങ്ങളുടെയും സൈനികപരിശീലനത്തിലൂന്നിയുള്ള കളരിപാരമ്പര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് തമ്പുരാൻ രാമനാട്ടം രൂപപ്പെടുത്തിയത്. രാമനാട്ടം തെക്കു നിന്നും വടക്കോട്ടുള്ള അതിന്റെ വ്യാപനകാലത്ത്, കടന്നുപോയ പ്രദേശങ്ങളിലെ പല കലാപാരമ്പര്യങ്ങളെയും ഉള്‍ക്കൊണ്ടു. വരേണ്യസംസ്കാരം ശക്തമായി നിലനിന്നിരുന്ന വടക്കന്‍ കേരളദേശങ്ങളിലെ യാത്രയ്ക്കിടയില്‍ രാമനാട്ടത്തിന് സ്വാഭാവികമായും ആര്യവല്‍ക്കരണം സംഭവിച്ചു. കൂടിയാട്ടത്തിന്റെയും മറ്റും ഗുണപരമായ പല നാട്യാംശങ്ങളും രാമനാട്ടത്തില്‍ ചേര്‍ന്നതോടെ, കഥകളിയെന്ന കലാരൂപം ജനിക്കുകയായി - ഉടല്‍ ദ്രാവിഡവും മനസ്സ് ആര്യവുമായ, നൃത്യത്തിന്റെ ജനകീയസാധാരണതയും നാട്യത്തിന്റെ വരേണ്യസവിശേഷതയും സമന്വയിക്കുന്ന കല. ഇങ്ങനെയുണ്ടായ കഥകളിയെ 'ആര്യ(നമ്പൂതിരി)-ദ്രാവിഡ(നായര്‍) സങ്കരസംസ്കാരത്തിന്റെ ഓമനസ്സന്തതി' എന്നാണ് കെ.പി.എസ്. മേനോന്‍ വിശേഷിപ്പിച്ചത്‌. വെട്ടത്തു തമ്പുരാനും അദ്ദേഹത്തിൻറെ കലാകാര്യസ്ഥനായിരുന്ന വെട്ടത്തു ശങ്കരൻ നായരുമാണ് രാമനാട്ടത്തെ കഥകളിയെന്ന കലയായി പാകപ്പെടുത്തിയതിൽ പ്രധാന പങ്കു വഹിച്ചത്. മഹാഭാരതത്തെ അവലംബമാക്കിക്കൊണ്ടു കെട്ടുറപ്പുള്ള നാല് ആട്ടക്കഥകളോടുകൂടി (കല്യാണസൗഗന്ധികം, ബകവധം, കിർമ്മീരവധം, കാലകേയവധം) കോട്ടയത്തു തമ്പുരാൻ കഥകളിയെന്ന കലയ്ക്കു സുസ്ഥിരമായ അടിത്തറപാകി. കോട്ടയത്തു തമ്പുരാനും അദ്ദേഹത്തിൻറെ സഹപ്രവർത്തകനായ വെള്ളാട്ടു ചാത്തുണ്ണിപ്പണിക്കരും കൂടി ഈ നാലുകഥകളുടെ രംഗാവതരണത്തിലൂടെ കഥകളിയ്ക്കു ഭാവരസപ്രധാനമായ ഒരു നാടകീയ സമഗ്രത (total theatre) പ്രദാനം ചെയ്യുകയും രീതീകരണനിബദ്ധമായ (stylised) കഥകളി ശൈലിക്ക് ചിട്ടയും ഉറപ്പും വെടിപ്പും കൈവരുത്തുകയും ചെയ്തു. സംസ്കൃതസാഹിത്യത്തിന്റെ സ്വാധീനശക്തിക്കു വശംവദരായിരുന്ന അക്കാലത്തെ കവികളുടെ രചനകൾ വീരശ്രുംഗാരരസപ്രധാനങ്ങളായിരുന്നു. കോട്ടയം കഥകളും ഇതിൽ നിന്നും വിഭിന്നമായിരുന്നില്ല. ഇങ്ങനെ വീരശൃഗാരരസപ്രധാനങ്ങളായ കോട്ടയം കഥകളിലൂടെ ഉരുത്തിരിഞ്ഞുവന്ന കഥകളിക്കു മേൽപ്പറഞ്ഞ സവിശേഷതകൾ പലതും ഉണ്ടായിരുന്നെങ്കിലും ചിട്ട എന്ന ബാഹ്യപ്രകൃതിക്കുള്ളിൽ നിന്നുകൊണ്ടുള്ള ആംഗികാഭിനയവും പരിമിതമായ ഭാവപ്രകാശനവും മാത്രമേ അതിനു സാദ്ധ്യമായിരുന്നുള്ളൂ. കഥാസാഹിത്യത്തിന്റെ രചന പോലും ചിട്ടയുടെ ഈ വേലിക്കെട്ടിനുള്ളിൽ സാദ്ധ്യമാകുന്ന അഭിനയത്തെ ഉദ്ദേശിച്ചു മാത്രമുള്ളതായിരുന്നു. മലയാളഭാഷാനിരൂപണത്തിന്റെ കുലപതിയും ഗവേഷണപടുവും കലാമണ്ഡലം അധ്യാപകനുമായിരുന്ന ശ്രീ. കുട്ടിക്കൃഷ്ണമാരാരുടെ ഈ വിഷയത്തിലുള്ള അഭിപ്രായം വളരെ പ്രസക്തമാണ്.

" ---കഥകളി പ്രസ്ഥാനത്തിന്റെ ആരംഭദശയിലുണ്ടായ ആ രണ്ടു കൂട്ടം ആട്ടക്കഥകൾക്കും (കൊട്ടാരക്കരക്കഥകളും കോട്ടയംകഥകളും) സാഹിത്യദൃഷ്ട്യാ പറയത്തക്ക മേന്മയൊന്നുമില്ല. കോട്ടയം കഥകളെക്കുറിച്ച്‌ മറിച്ചോരഭിപ്രായം കേൾക്കാമെങ്കിലും, അത്‌ ആ തമ്പുരാന്റെ വ്യാകരണപാണ്ഡിത്യവും ശബ്ദപ്രൗഡിയും കണ്ടിട്ട്‌ അദ്ദേഹത്തിന്റെ പ്രജകളായ ശാബ്ദികന്മാർക്കുണ്ടായ ഹർഷോദ്രേകത്തിന്റെ നുരക്കട്ട മാത്രമാണ്‌. ആ രണ്ടു തമ്പുരാക്കന്മാരും കഥകളിക്ക് ഉപയോഗിക്കത്തക്കവണ്ണം ഇതിഹാസവിഷയകങ്ങളായ കുറെ ശ്ലോകങ്ങളും പദങ്ങളും രചിച്ചു നടപ്പാക്കി എന്നതു മാത്രമാണ്‌ വാസ്തവം. ആ വിധം അന്ന്‌ ഏതാണ്ടൊരു അസംസ്കൃത രൂപത്തിൽ നടന്നു വന്നിരുന്ന കഥകളിയെ, എല്ലാവിധത്തിലും നാടകീയമായ പരിപൂർണ്ണതയിലെത്തിപ്പാനുദ്ദേശിച്ചാണ്‌ ഉണ്ണായിവാരിയർ നളചരിതം രചിച്ചതെന്ന്‌ ഏതു വഴിക്കു  നോക്കുമ്പോഴും കാണാം---"

ഇരിങ്ങാലക്കുടക്കാരനായിരുന്ന ഉണ്ണായിവാരിയരും (1675-1775) കോട്ടയത്തു തമ്പുരാനും സമകാലീനരായിരിക്കാമെന്നും കോട്ടയം കഥകളുടെ രചനാകാലത്തിനടുത്തായിരിക്കണം നളചരിതം ആട്ടക്കഥയുടെ രചനയും നടന്നിട്ടുള്ളതെന്നുമാണ്‌ ഗവേഷകമതം. 'കോട്ടയം കഥകളും നളചരിതവും ഒരേ കാലത്തുണ്ടായതാണെന്ന് ഊഹിക്കുന്നതിൽ തെറ്റില്ല, ഒപ്പമല്ലെങ്കിലും അടുത്തു പിൻപാവാനേ തരമുള്ളൂ' എന്നാണ് ഡോ. എസ്.കെ. നായർ അഭിപ്രായപ്പെട്ടിട്ടുള്ളത്. മദ്ധ്യകേരളത്തിലെ ഇരിങ്ങാലക്കുടക്കാരനായിരുന്നു ഉണ്ണായിവാര്യരെങ്കിലും 'നളചരിതം ആട്ടക്കഥയുടെ ഭാഷയുടെ സ്വഭാവം വച്ചു നോക്കുമ്പോള്‍ ഈ കൃതി കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വച്ചു എഴുതിയിരിക്കാനാണ് സാധ്യത' എന്ന് നളചരിതത്തിന്റെ ആദ്യവ്യാഖ്യാനമായ 'കാന്താരതാരക' ത്തിന്റെ അവതാരികയില്‍ ഗ്രന്ഥകര്‍ത്താവ് പ്രൊഫ. രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്നുവരെ നിലനിന്നിരുന്ന കഥകളി സങ്കൽപ്പങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്ന ഒരു രചനാരീതിയായിരുന്നു നളചരിതം ആട്ടക്കഥക്കായി ഉണ്ണായി വാര്യർ സ്വീകരിച്ചത് എന്ന് മുൻപു പറഞ്ഞുവല്ലോ? ആഖ്യാനസ്വഭാവമുള്ള പല പദങ്ങളുമുള്ള നളചരിതസാഹിത്യം ശൈലീബദ്ധമായ കഥകളി അഭിനയസങ്കേതങ്ങൾക്കു തീർത്തും വഴങ്ങുന്നതല്ല. നാടകീയമായ പ്രമേയാഖ്യാനം നടത്താൻ നടൻ പ്രധാനമായും ആശ്രയിക്കുന്നതു രസഭാവാഭിനയത്തെയാണ്. കോട്ടയം കഥകളുടേതുപോലെ കൃത്യമായി ചിട്ടചെയ്തുറപ്പിച്ചു വച്ചിരിക്കുന്ന പദങ്ങളുടെ ആഖ്യാനത്തിനായി നടൻ ആവിഷ്ക്കരിക്കുന്ന പരിമിതമായ രസഭാവാഭിനയവും മുന്നിലിരിക്കുന്ന പ്രേക്ഷകനെയും കൂട്ടി ഭാവനായാകുന്ന രഥത്തിൽ പറന്നുയരുവാൻ നടൻ ആശ്രയിക്കുന്ന നളചരിത രസഭാവാഭിനയവും വ്യത്യസ്തമാണ്. ചിട്ടക്കഥകളിൽ ശോഭിക്കുന്ന മഹാനടന്മാർ പോലും നളനും ബാഹുകനും കെട്ടുമ്പോൾ ആടിപ്പോകുന്നത് ഇപ്പറഞ്ഞ രസാഭിനയ പ്രകാശനത്തിനുള്ള കഴിവില്ലാഴ്മ  ഒന്നു കൊണ്ടു മാത്രമാണ്. അതുകൊണ്ടു തന്നെ അനുഗ്രഹീതരായ ചില കലാപ്രതിഭകൾക്കു മാത്രമേ നളചരിതത്തിന്റെ രസാഭിനയ ഗിരിശ്രുംഗത്തിൽ കയറിപ്പറ്റാൻ കഴിഞ്ഞിട്ടുമുള്ളൂ.

ഉത്തര-മദ്ധ്യകേരളത്തിലുള്ള നളചരിതസ്നേഹികളായ ചില നടനപ്രതിഭകളുടെയും സംഗീതജ്‌ജരുടെയും നിസ്തുലമായ സംഭാവനകള്‍ (വരും ഭാഗങ്ങളിൽ ഇത് വിശദമാക്കുന്നുണ്ട്) ഒഴിച്ചു നിര്‍ത്തിയാല്‍ 1700-)o മാണ്ടിനടുത്ത് നളചരിതം ആട്ടക്കഥ ഉണ്ടായതു മുതല്‍ ഏതാണ്ട് രണ്ടര ശതാബ്ദക്കാലത്തോളം അതിന്റെ വികാസപരിണാമങ്ങള്‍ മിക്കതും സംഭവിച്ചിരിക്കുന്നത് തെക്കന്‍ കേരളത്തില്‍ ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴക്കടുത്തുള്ള തകഴി,നെടുമുടി എന്നീ കുട്ടനാടൻ പ്രദേശങ്ങളിലും അടുത്ത പ്രദേശങ്ങളായ കുറിച്ചി, ആറന്മുള, തിരുവല്ല, മാവേലിക്കര എന്നിവിടങ്ങളിലും ആണെന്നു കാണാം. സ്വാഭാവികമായും ചില  ചോദ്യങ്ങൾ  ഉദിക്കുന്നു. നളചരിതം ആട്ടക്കഥ തെക്കൻ കേരളത്തിൽ വച്ചു രചിക്കപ്പെടുവാനും മദ്ധ്യതിരുവിതാംകൂറിലെ കുട്ടനാടൻ പ്രദേശങ്ങളില്‍ ആവിര്‍ഭവിക്കാനും കാരണം എന്തായിരിക്കാം? കോട്ടയം കഥകളുടെ അവതരണത്തിലൂടെ ഉത്തര-മദ്ധ്യകേരളദേശങ്ങളിൽ കഥകളി സംസ്കാരം നന്നായി നിലനിന്നിരുന്നുവെങ്കിലും, നളചരിതം ആട്ടക്കഥയുടെ കാര്യത്തിൽ ഈ കേരളദേശങ്ങൾ എന്തുകൊണ്ടാണ് പിറകോട്ടു വലിഞ്ഞു നിന്നത്? തെക്കൻ കേരളത്തിലെ കുട്ടനാടും സമീപപ്രദേശങ്ങളും, കപ്ലിങ്ങാടന്‍  പരിഷ്കാരങ്ങള്‍  സ്വീകരിച്ചു വളര്‍ന്ന കഥകളിയുടെ  'തെക്കന്‍ചിട്ട' എന്ന സമ്പ്രദായത്തിന്റെ പ്രഭവസ്ഥലികളാണെന്നു കാണുമ്പോള്‍ പുരോഗമനാശയപരമായ കപ്ലിങ്ങാടന്‍ സമ്പ്രദായത്തെയും ഇതിവൃത്തപരമായി വിപ്ലവകരം എന്നു വിശേഷിപ്പിക്കാവുന്ന നളചരിതം പോലൊരു ആട്ടക്കഥയെയും നെഞ്ചിലേറ്റാന്‍ പോന്ന പ്രത്യേക തെക്കൻ കേരള സാമൂഹിക സാഹചര്യം എന്തായിരുന്നു? കഥകളിയുടെ തെക്കന്‍ ചിട്ടക്കും നളചരിതം കഥകളിക്കും ജന്മം നല്‍കിയ ഈ കലായജ്ഞത്തിനു ആധിത്യമരുളാന്‍, തകഴി കേന്ദ്രമായുള്ള കുട്ടനാടന്‍ പ്രദേശങ്ങള്‍ക്ക് എങ്ങിനെ കഴിഞ്ഞു?

തെക്കൻചിട്ടയുടെ സാമൂഹിക പശ്ചാത്തലം

നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മറ്റിടങ്ങളില്‍ എന്നപോലെ കേരളത്തിലും ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹികജീവിതമായിരുന്നു പൊതുവെ നിലനിന്നിരുന്നത്. കലാസ്വാദകരും കുലീനരും ആര്യവംശജരുമായ ബ്രാഹ്മണര്‍ക്കായിരുന്നു സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും  മേല്‍ക്കോഴ്മ. ബ്രാഹ്മണജന്മിമാരുടെയും നാടുവാഴികളുടെയും അടുത്ത ആശ്രിതരും ക്ഷേത്രഭൂമികളുടെ കാരാഴ്മയും ദേശക്കളരികളുടെ നിയന്ത്രണവും കൊണ്ട് നായര്‍- മാടമ്പി പ്രഭുവര്‍ഗ്ഗം കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. ക്രമേണ ബ്രാഹ്മണജാതിയുടെ ഏകാധിപത്യത്തിന്റെ സ്ഥാനത്തു നമ്പൂതിരി-ക്ഷത്രിയ-നായര്‍ ജാതികളുടെ കൂട്ടായ സവര്‍ണ്ണ ആധിപത്യം രൂപപ്പെട്ടുകൊണ്ടിരുന്നു. ബ്രാഹ്മണകേന്ദ്രീകരണം ആപേക്ഷികമായി കുറവായിരുന്ന തെക്കന്‍ കേരളത്തില്‍ നാടുവാഴി-നായര്‍-മാടമ്പി വര്‍ഗ്ഗങ്ങള്‍ ശക്തരായിരുന്നു. കൊല്ലവർഷം എട്ടാം  നൂറ്റാണ്ടിന്റെ അന്ത്യപാദമാകുമ്പോഴേക്കും തെക്കന്‍ കേരളത്തില്‍  സവര്‍ണ്ണമേധാവിത്വത്തിലെ ബ്രാഹ്മണേതരജാതികള്‍ ശക്തരാകുകയും  ബ്രാഹ്മണമേധാവിത്വം  ശൂദ്രരടക്കം  ഹിന്ദുക്കളിലെ മറ്റു സവര്‍ണ്ണ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് നായന്മാരുടെ, ശക്തിക്കും സ്വാധീനത്തിനും വഴിമാറിക്കൊടുക്കേണ്ട പരിതസ്ഥിതി സംജാതമാകുകയും ചെയ്തു. കേരളത്തിനു വടക്കു നിന്നും നിരന്തരമായുണ്ടായിക്കൊണ്ടിരുന്ന ആക്രമണങ്ങളാലും ആഭ്യന്തര കലഹങ്ങളാലും പ്രക്ഷുബ്ദമായ അന്തരീക്ഷമായിരുന്നു വടക്കന്‍ കേരളത്തില്‍ അന്നു നിലനിന്നിരുന്നത്. താരതമ്യേന ശാന്തമായ ഒരു സാമൂഹിക ജീവിതമായിരുന്നു തെക്കന്‍ കേരളത്തിലേത്. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവിന്റെ കാലത്ത് വടക്കു നിന്നും സാമൂതിരിമാരും സവര്‍ണ്ണപ്രഭുക്കളും തെക്ക് തിരുവിതാംകൂറില്‍ അഭയം തേടുകയും അവര്‍ക്കെല്ലാം അഭയം നല്‍കി  അഭിമാനപൂര്‍വ്വം ജീവിക്കാനുള്ള സൌകര്യങ്ങളും ചെയ്തുകൊടുത്ത  രാജാവിന് 'ധർമ്മരാജാ'എന്ന അപരനാമധേയം ഉണ്ടായതും ശ്രീധരമേനോന്റെ 'കേരളചരിത്രം' രേഖപ്പെടുത്തുന്നുണ്ട്. തെക്കന്‍ കേരളത്തിലെ അനുകൂലമായ സാമൂഹിക സാഹചര്യങ്ങള്‍ കലാപരമായ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജം പകരാന്‍ പോന്നതായിരുന്നു. വിദ്വാന്മാരും കലാനിപുണരും കലാസ്വാദകരുമായിരുന്ന തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ നായന്മാരുടെ ദ്രാവിഡകലാഭിരുചികളെ പ്രോത്സാഹിപ്പിക്കാനും അതിനെ പരിപോഷിപ്പിച്ചു വളര്‍ത്താനുള്ള രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയും ചെയ്തതോടെ  അന്നത്തെ തെക്കന്‍കേരളം ഒരു ദ്രാവിഡകലാകേദാരഭൂമിയായി മാറുകയായിരുന്നു.

തെക്കൻ കേരളത്തിൽ നിലനിന്നിരുന്ന ഈ സാമൂഹിക സാഹചര്യത്തിലാണ് കൊട്ടാരക്കര തമ്പുരാന്‍ കഥകളിയുടെ ആദിമരൂപമായ രാമനാട്ടം രൂപപ്പെടുത്തിയത്. അന്നുവരെ, അതായത് കൊല്ലവർഷം എട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ നാട്യകല, കൂത്ത്,കൂടിയാട്ടം എന്നീ ദൃശ്യകലകളെ മാത്രം ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. ചാക്യാര്‍, നമ്പ്യാര്‍ ജാതികളില്‍ ജനിച്ചവര്‍ക്കു മാത്രമേ അതില്‍ അഭ്യാസവും അറിവും ലഭിച്ചിരുന്നുള്ളൂ. അവരുടെ പ്രകടനങ്ങള്‍ ഉത്സവകാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ വച്ചു മാത്രം നടത്തിയിരുന്നതു കൊണ്ട് സവര്‍ണ്ണരല്ലാത്ത ജനങ്ങള്‍ക്ക്‌ അതു  കാണുവാനും രസിക്കുവാനും സാദ്ധ്യമായിരുന്നില്ല. എന്നാല്‍ അഭിനയങ്ങളില്‍ വാചികവും ആഹാര്യവും സ്വീകരിച്ചു, നൃത്തഗാനങ്ങളോടു കൂടിയ സങ്കരകലയായി സൃഷ്ട്ടിക്കപ്പെട്ട രാമനാട്ടം, നാട്യകലയെ  ദേവാലയങ്ങളില്‍ നിന്നും പാടത്തേക്കും പറമ്പിലേക്കും ഇറക്കികൊണ്ടു വരികയും അതിൻറെ ജനകീയ രംഗപ്രവേശം സാദ്ധ്യമാക്കുകയും ചെയ്തു.

ആര്യ-ദ്രാവിഡ പാരമ്പര്യങ്ങളില്‍ നിലകൊള്ളുമ്പോള്‍ തന്നെ വരേണ്യസ്വാധീനം കൂടുതലുള്ള വടക്കന്‍ കേരളത്തിലും ഇതു തുലോം കുറവായ തെക്കന്‍ കേരളത്തിലും കഥകളിയെന്ന കലയുടെ അവതരണത്തിലും ആ കലയെ ജനങ്ങള്‍ നോക്കിക്കാണുന്ന വിധത്തിലും വ്യത്യാസം ഉണ്ടായിരുന്നു. കഥകളിയുടെ ദ്രവീഡിയമായ അംശങ്ങള്‍ക്കു ഊന്നല്‍ കൊടുത്തു കൊണ്ടു, ജനസാമാന്യത്തിനു ആസ്വദിക്കുന്നതിനുതകുന്ന തരത്തിലുള്ള കഥകളി അവതരണത്തെയും കഥകളിസാഹിത്യത്തെയും തെക്കന്‍ കേരളസമൂഹം പ്രോത്സാഹിപ്പിച്ചപ്പോള്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള വരേണ്യവർഗ്ഗത്തിന്റെ ആസ്വാദനതലങ്ങള്‍ക്കും ചിന്തകള്‍ക്കും ചേരുന്ന വിധത്തിലുള്ള കഥകളി അവതരണത്തെയും സാഹിത്യത്തെയുമാണ്‌ വടക്കന്‍ കേരളം പ്രോത്സാഹിപ്പിച്ചത്. നൃത്തപ്രധാനവും ചിട്ടപ്രധാനവുമാകണം കഥകളി എന്ന ചിന്ത വടക്കുണ്ടായപ്പോള്‍, ഈ ഗുണങ്ങൾക്കൊപ്പം തന്നെ   രസഭാവപ്രകാശനത്തിനും ഊന്നൽ നൽകുന്ന കലയാകണം കഥകളി എന്ന ചിന്തയാണ് തെക്കുണ്ടായത്. ആവിഷ്ക്കാരസ്വാതന്ത്ര്യവും ഔചിത്യബോധവും അതിന്റെ ആണിക്കല്ലുകളായിരുന്നു. ജനസാമാന്യത്തിനെ രസിപ്പിക്കേണ്ടിയിരുന്നതിനാല്‍ ലോകധര്‍മ്മിപരമായ ആട്ടങ്ങള്‍ക്കും തെക്കൻ കഥകളിയിൽ പ്രസക്തി ഉണ്ടായി. 'രസസ്ഫുരണത്തിനും ആട്ടത്തിന്റെ വൃത്തിക്കും പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ള തെക്കന്‍കഥകളിയില്‍ ലാസ്യനൃത്തങ്ങളും ഉദ്ധതകലാശങ്ങളും ഉള്‍ക്കൊള്ളുന്ന പ്രകടനങ്ങള്‍ ഇഷ്ട്ടപ്പെടുന്നവര്‍ തുലോം വിരളമായിരുന്നു' എന്നു  കെ.പി.എസ്. മേനോന്‍ 'കഥകളിരംഗ'ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിസ്തരിച്ചു കലാശമെടുക്കുന്നതു രസപ്രകടനത്തിനു പ്രതിബന്ധമായി വന്നേക്കും എന്ന ചിന്തയാണിതിനു കാരണമത്രേ. ചുരുക്കത്തിൽ അക്കാലത്തെ വീരശ്രുംഗാരതാണ്ഡവപ്രധാനമായ വടക്കൻ കഥകളി സങ്കൽപ്പങ്ങളിൽ നിന്നും കുറെയേറെ  വ്യത്യസ്തമായിരുന്നു തെക്കൻ കഥകളി സങ്കൽപ്പങ്ങൾ എന്നു പറയാം.

കോട്ടയത്തു  തമ്പുരാന്‍ രചിച്ച കോട്ടയം കഥകള്‍ വിജയകരമായി അവതരിപ്പിച്ചു വന്നുവെങ്കിലും കാലക്രമേണ സവര്‍ണ്ണവരേണ്യതയുടെ ദുഷ്ക്കര്‍മ്മഫലം അനുഭവിച്ചു കഥകളി നശിക്കാന്‍ തുടങ്ങി. 'സവര്‍ണ്ണവരേണ്യതയുടെ മേല്‍ത്തട്ടിലെ ആശ്രയകേന്ദ്രങ്ങളില്‍ ചാരുതവിലസുകപോലെ കാഴ്ചപ്പുറത്തു നിറഞ്ഞു നിന്ന കഥകളി, ആജ്ഞാകാരിണി സൈരന്ധ്രിയെപ്പോലെ ശ്വാസംമുട്ടനുഭവിക്കുകയായി. നാടുവാഴിക്കോവിലകങ്ങളിലും ആഢ്യപ്രഭുഗൃഹങ്ങളിലും ആഭിജാത്യത്തിന്റെ പുറംമേനിയും, ഫലത്തില്‍ പരിചാരകവൃത്തിയുടെ ഭാഗവുമായി കഥകളിയെന്ന കല അധപതിച്ചു തുടങ്ങി. വരേണ്യപ്രഭുത്വത്തിന്റെ വാലാട്ടികളായി ആടാന്‍ വിധിക്കപ്പെട്ട, സ്വത്വബോധമില്ലാത്ത കലാകാരന്മാരുടെ തേഞ്ഞരഞ്ഞ കലാപ്രകടനമായി' വടക്കൻ കേരളത്തിൽ കഥകളി മാറിയപ്പോൾ, നായന്മാരുടെ നേതൃത്വത്തിൽ തെക്കൻ കഥകളി ഒരു വലിയ ജനകീയകലയായി രൂപാന്തരപ്പെടുകയായിരുന്നു. വിവാഹം പോലെയുള്ള മംഗളകർമ്മങ്ങളിലും കുടുംബങ്ങളിലെ മറ്റു പല ആഘോഷ വേളകളിലും ഒഴിച്ചുകൂടാൻ കഴിയാത്തതും ഗ്രാമപ്രദേശങ്ങളിൽ പോലും ടിക്കറ്റു വെച്ചു നടത്തുന്നതുമായ കലയായിരുന്നു തെക്കൻ കേരളത്തിൽ കഥകളി എന്നു കാണുമ്പോൾ ആ കലയുടെ ജനകീയത ഇവിടങ്ങളിൽ എത്രമാത്രം ഉണ്ടായിരുന്നുവെന്നു നമുക്കൂഹിക്കാവുന്നതേയുള്ളൂ.

ഇക്കാലഘട്ടത്തിലാണ് വിപ്ലവകരമെന്നു വിശേഷിപ്പിക്കാവുന്ന നളചരിതം ആട്ടക്കഥയുമായി ഉണ്ണായിവാരിയര്‍ രംഗപ്രവേശം ചെയ്യുന്നത്. 'കഥകളിയുടെ ചരിത്രത്തില്‍ ആദ്യമായി (അവസാനമായും) കാര്യകാരണബന്ധത്തോടെ കഥയെ ഏകാഗ്രമായി വികസിപ്പിച്ചു അതിന്റെ സ്ഥായീഭാവത്തെ അനുബന്ധമായി ഉപചയിച്ചു,  രസാനുഭൂതി ഉളവാക്കാന്‍ ആവശ്യമായ കഥാപാത്രങ്ങള്‍, രംഗങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ അംശങ്ങള്‍ ഔചിത്യപൂര്‍വം കോര്‍ത്തിണക്കപ്പെട്ട ഇതിവൃത്തഘടനയുള്ള ഒരാട്ടക്കഥയായിരുന്നു അത്'. രസഭാവപ്രധാനമായ, ജനകീയകല എന്ന തെക്കന്‍ കേരള കഥകളിസങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങുന്നതായിരുന്നു നളചരിതം ആട്ടക്കഥ. അതിനാല്‍ ചെമ്പകശ്ശേരി രാജ്യത്തെ തകഴിയെന്ന കലാപാരമ്പര്യം ഏറെയുള്ള  കുട്ടനാടന്‍ പ്രദേശത്തെ നായര്‍ കലാപ്രമാണികള്‍ ഇക്കഥയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കണം. ചരിത്രത്തിന്റെ സന്നിഗ്ദമുഹൂര്‍ത്തങ്ങളിലെല്ലാം ഒരു അവതാരം ഉണ്ടായി ധര്‍മ്മപരിപാലനം നടത്തും എന്നു പറയാറുണ്ട്‌. കഥകളിയുടെ കാര്യത്തില്‍ ഇതു സംഭവിച്ചത് പണ്ടിതാഗ്രേസരനായ കപ്ലിങ്ങാട്ട് നാരായണന്‍ നമ്പൂതിരിയുടെ രംഗപ്രവേശത്തിലൂടെയാണ്. 'വരേണ്യതയുടെ മതില്ക്കെട്ടുകളില്‍ നിന്നും തന്റെ ശരാശരി ഇല്ലത്തിന്റെ കളരിത്തറകളിലേക്ക് കഥകളിയെ പറിച്ചു നട്ട് അതിനെ തനിമയോടെ വളരാന്‍ കളമൊരുക്കിയ, കഥകളിയെന്ന കലയുടെ മര്‍മ്മം തൊട്ടറിഞ്ഞു, കഥകളിയുടെ സാധാരണീകരണത്തിനും കളിയുടെയും കളിക്കാരുടെയും സ്വത്വബോധത്തിനും തുടക്കം കുറിച്ച നെടുമ്പുര ദേശക്കാരനായ ആ മഹാശയന്‍', ഉണ്ണായിയെപ്പോലെ, തന്റെ നൂതന കഥകളിചിന്തകള്‍ പരീക്ഷിക്കാന്‍ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടിയിറങ്ങി എത്തിപ്പെട്ടത് ഈ  തെക്കന്‍കഥകളി ഈറ്റില്ലത്തായിരുന്നു. അങ്ങിനെ ഉണ്ണായിയും കപ്ലിങ്ങാട്ടു തിരുമേനിയും തെക്കന്‍കേരള  കലാപാരമ്പര്യവും ഇതിനെല്ലാം സഹായികളായി, സംരക്ഷകരായി വര്‍ത്തിച്ച കലാമര്‍മ്മജ്ജരായ തിരുവിതാംകൂര്‍ മഹാരാജാക്കന്മാരും ഒത്തുചേര്‍ന്നപ്പോള്‍ കഥകളിയുടെ അതുവരെക്കണ്ടിട്ടില്ലാത്ത സ്വരൂപാതിശയഭംഗികളുടെ പ്രൌഡഗംഭീരമായ തിരനോട്ടം തുടങ്ങുകയായി. കപ്ലിങ്ങാട്ടു തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ഈ തെക്കന്‍കേരള കഥകളിയജ്ഞസപര്യയുടെ സദ്ഫലങ്ങള്‍ പില്‍ക്കാല കഥകളിയുടെ ശരീരസൃഷ്ട്ടിക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്‌.

തെക്കൻചിട്ടയുടെ (നളചരിതത്തിന്റെ) കുട്ടനാടൻ ബന്ധം

വേണാട്ടരചനായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ (1729-1758) തന്റെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ വിസ്തൃതമാക്കി തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ആലുവാ വരെ നീണ്ടു കിടന്ന വിശാല തിരുവിതാംകൂര്‍ സൃഷ്ട്ടിക്കുന്നതിനു മുന്‍പ് തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന ഒരു ചെറിയ സ്വതന്ത്ര രാജ്യമായിരുന്നു ചെമ്പകശ്ശേരി (അമ്പലപ്പുഴ).
ചെമ്പകശ്ശേരിയുടെ രാജഭരണ കാലത്ത്, മറ്റു നാട്ടുരാജ്യങ്ങള്‍ക്കെന്നപോലെ,സൈനികാവശ്യങ്ങള്‍ക്കായി പടയാളികളെ വാര്‍ത്തെടുക്കേണ്ടതുണ്ടായിരുന്നു. ഈ ചുമതല നാട്ടില്‍ അധികാരം കയ്യാളിയിരുന്ന നായര്‍-മാടമ്പി പ്രഭുവർഗ്ഗത്തിനായിരുന്നു. അങ്ങിനെ നായര്‍ പ്രഭുക്കന്മാരുടെ മേല്‍നോട്ടത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന പല കളരികളും ഇവിടങ്ങളില്‍ നിലവില്‍ വന്നു. സ്വാഭാവികമായും കളരികാക്കുന്ന ദേവതാ സങ്കല്‍പ്പവും ഇപ്രദേശങ്ങളില്‍ പ്രബലമായിരുന്നു (മാത്തൂര്‍ കുടുംബത്തിന്റെ കുലദേവതയായ മാത്തൂരംബികയെ തെക്കന്‍ കഥകളി വിഷയത്തില്‍ പലയിടങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്). ഈ പ്രദേശങ്ങളുടെ ആകര്‍ഷണകേന്ദ്രമായി നിലനില്‍ക്കുന്ന മഹാക്ഷേത്രമാണ് കൊല്ലവർഷം 790 ല്‍ പണിതീര്‍ക്കപ്പെട്ട അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. അമ്പലപ്പുഴയിലും അടുത്ത പ്രദേശങ്ങളായ തകഴി, നെടുമുടി എന്നിവിടങ്ങളിലും അക്കാലത്തു നിലനിന്നിരുന്ന ഈ കളരി-ക്ഷേത്ര-ദേവാരാധന പശ്ചാത്തലത്തിനാലാകാം ദേവാരാധനയുമായി ബന്ധിപ്പെട്ടു നില്‍ക്കുന്ന പല അനുഷ്ഠാന കലാരൂപങ്ങളും ഇവിടെ പൊട്ടിമുളയ്ക്കുകയും  വളരുകയും ചെയ്തത്. ചരിത്രത്തിലെ വലിയ സംസ്കാരങ്ങളെല്ലാം ഉണ്ടായിരിക്കുന്നത് ഫലഭൂയിഷ്ഠമായ ജലസ്രോതസ്സുകളെ കേന്ദ്രീകരിച്ചായിരുന്നു എന്നു മനസ്സിലാക്കുമ്പോള്‍, പ്രകൃതിപരമായ ഈ സവിശേഷത ആവോളം ഉള്ള കുട്ടനാടന്‍ പ്രദേശങ്ങളില്‍ കലാസാംസ്കാരിക പ്രസ്ഥാനങ്ങള്‍ വളരാനുള്ള സാദ്ധ്യത കൂടുതലായിരുന്നു എന്നും ചിന്തിക്കാം. കേരളത്തിന്റെ കലാ-സാംസ്കാരിക രംഗങ്ങളില്‍ കുട്ടനാട് നല്‍കിയിരിക്കുന്ന വളരെ വലിയ സംഭാവനകള്‍ വെച്ചു നോക്കിയാല്‍ ഇങ്ങനെയൊരു സാദ്ധ്യത തള്ളിക്കളയാവുന്നതും അല്ല. അങ്ങിനെ കുട്ടനാടിന്റെ പ്രകൃതിപരമായ സവിശേഷതയും ക്ഷേത്രസാന്നിദ്ധ്യവും  കലാസ്നേഹികളായിരുന്ന ചെമ്പകശ്ശേരി രാജാക്കന്മാരുടെ പ്രോത്സാഹനവും എല്ലാം ഒത്തുചേര്‍ന്നു വന്നത് ഇവിടുത്തെ കലാപരമായ മുന്നേറ്റങ്ങളെ സഹായിക്കാന്‍ കാരണമായിരുന്നിരിക്കണം.

ചെമ്പകശ്ശേരി രാജ്യം ബ്രാഹ്മണകുലജാതരായ  ദേവനാരായണന്മാര്‍  ഭരിക്കുന്ന കാലത്ത് (1746 നു മുന്‍പ്) രാജ്യത്തെ മന്ത്രിസ്ഥാനവും പടനായകസ്ഥാനവും  വഹിച്ചിരുന്നത് നായര്‍ പ്രമാണികളായ മാത്തൂര്‍ (നെടുമുടി) പണിക്കര്‍മാരായിരുന്നു. മാത്തൂര്‍ കളരിയിലെ പടയാളികള്‍ അമ്പലപ്പുഴയുടെ പ്രതാപം കത്തിനിന്ന കാലത്ത് തിരുമുല്‍ക്കാഴ്ച്ചവെച്ച അനുഷ്ഠാനകലയാണ് 'വേലകളി'. 'പ്രത്യക്ഷ ദൈവമായ രാജാവിന്റെ തിരുമുമ്പില്‍ പടയാളികള്‍ നടത്തുന്ന അഭ്യാസപ്രകടനത്തെ അനുഷ്ഠാനവല്‍ക്കരിച്ചു ദേവിയുടെ തിരുമുന്‍പില്‍ നൃത്തമായി അവതരിപ്പിക്കുന്ന കലയാണ്‌  'വേലകളി'. യുദ്ധം യജ്ഞമാക്കിയ ആര്യപാരമ്പര്യത്തിന്റെ സ്ഥാനത്തു അതിനെ നൃത്തമാക്കി ഇഷ്ടദേവാരാധന  നടത്തിയ ദ്രാവിഡ പാരമ്പര്യത്തിന്റെ  ഇങ്ങേത്തലയാണ് വേലകളി'. 'അമ്പലപ്പുഴ വേല കണ്ടാല്‍ അമ്മയും വേണ്ട' എന്നൊരു ചൊല്ലു തന്നെയുണ്ട്. അത്രമാത്രം മികച്ച ഒരു കലാരൂപമായിരുന്നു 'അമ്പലപ്പുഴ വേലകളി'.  അഭ്യാസ-ആയോധന അടവുകളില്‍ രംഗപ്രയോഗാര്‍ഹമായ  ദൃശ്യശോഭയും നൃത്തഭംഗിയും സമന്വയിപ്പിച്ച വേലകളിയുടെ തൊഴില്‍രീതിയാണ് പ്രയോഗത്തില്‍ മറ്റൊരു നായര്‍ കലയായി രംഗപ്രവേശം ചെയ്ത രാമനാട്ടം സ്വീകരിച്ചത്. തെക്കന്‍ കഥകളി രൂപപ്പെടുത്തിയതില്‍ വേലകളിക്കുള്ള പങ്കു വളരെ വലുതാണ്‌.

അമ്പലപ്പുഴയില്‍ ഉടലെടുത്ത മറ്റൊരു ഉത്തമ കലാസൃഷ്ടിയായിരുന്നു അമ്പലപ്പുഴ കൃഷ്ണനാട്ടം. പൂരാടം തിരുനാള്‍ തമ്പുരാനാണ് അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെയും അതിന്റെ അഭ്യാസക്കളരിയുടെയും  കളിയോഗത്തിന്റെയും ഉപന്ജാതാവെന്നു കരുതപ്പെടുന്നു. മാത്തൂര്‍ യോഗക്കാരായിരുന്നു കൃഷ്ണനാട്ടവും കളിച്ചിരുന്നത്.  ശാസ്ത്രീയമായ അഭിനയവും കളരിച്ചിട്ട  വ്യവസ്ഥാപിതമാക്കിയ നൃത്തവും ആഹാര്യ മേന്മയും  അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെ  പ്രത്യേകതകളായിരുന്ന.  തനതായൊരു  സമ്പ്രദായ ശൈലി ഉണ്ടായിരുന്ന ഈ തെക്കന്‍ കൃഷ്ണനാട്ടം ഗീതാഗോവിന്ദം മാത്രമല്ല, ഭാഗവതം ദശമസ്കന്ത കഥകള്‍ ആദ്യന്തം ഉള്‍ക്കൊള്ളുന്ന ദൃശ്യകലാപ്രസ്ഥാനമായിരുന്നുവെന്നു മഹാകവി ഉള്ളൂര്‍ പ്രസ്താവിച്ചിട്ടുണ്ട്. രാമനാട്ടത്തിന്റെ സ്ഥാനത്തു  അമ്പലപ്പുഴക്കാര്‍ കളിച്ചിരുന്ന കൃഷ്ണനാട്ടം പില്‍ക്കാലത്ത് തെക്കന്‍ കഥകളിയുടെ ശക്തിസ്രോതസ്സായി മാറുകയാണുണ്ടായത്.കോട്ടയത്ത് തമ്പുരാന്‍ അമ്പലപ്പുഴകൃഷ്ണനാട്ടത്തെ ആദരിച്ചിരുന്നതിന്റെ നിദര്‍ശനങ്ങളാണ് കഥകളിയിലെ പുറപ്പാടും മഞ്ജുതരയും. ആദ്യമായി തന്റെ കഥകളിലൂടെ അദ്ദേഹം ശ്രുംഗാരാഭിയ സന്ദര്‍ഭങ്ങള്‍ സൃഷ്ട്ടിച്ചതിലും ഈ അഷ്ടപടിയാട്ടത്തോടുള്ള ആദരവു കാണാം'.

മേല്‍പ്പറഞ്ഞതില്‍ നിന്നും അനുഷ്ഠാനകലകളുടെ ദൃശ്യപരമായ രംഗപ്രയോഗസാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു കലാപാരമ്പര്യം, കഥകളി  ഉണ്ടാകുന്ന കാലത്തിനു മുന്‍പ് തന്നെ, അമ്പലപ്പുഴ ഉള്‍പ്പെടുന്ന കുട്ടനാടന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്നു എന്നു വ്യക്തമാണ്. ബ്രാഹ്മണ ഭരണകര്‍ത്താക്കളായിരുന്ന ദേവനാരായണന്മാരുടേയും നായന്മാരായ മാത്തൂര്‍ പണിക്കന്മാരുടെയും കൂട്ടാഴ്മയിലാണ് ഈ അമ്പലപ്പുഴ കലാപാരമ്പര്യം രൂപപ്പെട്ടത് എന്നു കാണുമ്പോള്‍ ഈ കലാപാരമ്പര്യത്തിന്റെ ആര്യ-ദ്രാവിഡ മുഖവും വ്യക്തമാകുന്നു. ഈ കലാപാരമ്പര്യത്തിലേക്കാണ് ആര്യ-ദ്രാവിഡ കലാസങ്കല്‍പ്പങ്ങളുടെ മൂര്‍ത്തഭാവവും പേറി പില്‍ക്കാലത്ത് കഥകളി വന്നെത്തപ്പെട്ടതും അടുത്ത രണ്ടു നൂറ്റാണ്ടിലേറെക്കാലം ഭാഗ്യലക്ഷ്മിയായി വിരാജിച്ചതും എന്നത് തികച്ചും സ്വാഭാവികം തന്നെ. കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍,ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയില്‍ കഴിയുന്ന കാലത്താണ് 'തുള്ളല്‍ ' പ്രസ്ഥാന സൃഷ്ടി നടന്നതെന്നത് അമ്പലപ്പുഴയുടെ ഇപ്പറഞ്ഞ കലാപാരമ്പര്യത്തിന്റെ മകുടോദാഹരണമാണ്.

മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് തന്റെ അധികാരസീമ വലുതാക്കുന്ന  നടപടിയുടെ ഭാഗമായുണ്ടായ യുദ്ധങ്ങളില്‍ ചെമ്പകശ്ശേരിയും ആക്രമിക്കപ്പെട്ടു. യുവരാജാവായിരുന്ന, പില്‍ക്കാലത്ത് ധർമ്മരാജാവെന്നറിയപ്പെട്ട, കാര്‍ത്തികതിരുനാള്‍ തമ്പുരാന്റ നേതൃത്വത്തില്‍ നടത്തിയ യുദ്ധത്തില്‍ ചെമ്പകശ്ശേരി രാജ്യം തോല്‍വിയടഞ്ഞു. അമ്പലപ്പുഴ പിടിച്ചടക്കാന്‍ കാര്‍ത്തികതിരുനാളിനെ  സഹായിച്ചത് മാത്തൂര്‍  പണിക്കരായിരുന്നു. മാത്തൂര്‍ പണിക്കരോടുള്ള ഈ കടപ്പാടും അവരുടെ കലാതാത്പര്യങ്ങളും കഥകളിക്കളരിയും കലാസ്നേഹിയായിരുന്ന കാര്‍ത്തിക തിരുനാളിനെ വല്ലാതെ ആകര്‍ഷിച്ചു. യുദ്ധം കഴിഞ്ഞു  തിരുവനന്തപുരത്തു മടങ്ങിയെത്തിയ  രാജാവ്, അമ്പലപ്പുഴയില്‍ നിന്നും ശേഖരിച്ച താളിയോലഗ്രന്ഥങ്ങളും ദേവനാരായണമുദ്രാങ്കിതങ്ങളായ ഏടുകളും കൊണ്ട് തന്റെ ഗ്രന്ഥപ്പുര വിപുലപ്പെടുത്തുകയും മാര്‍ത്താണ്ഡവര്‍മ്മയുടെ അനുമതിയോടെ മാത്തൂര്‍ പണിക്കരെ അവിടേക്ക് വിളിപ്പിച്ച് ശ്രീ പദ്മനാഭക്ഷേത്രത്തില്‍  കഥകളി അവതരണം നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്ന് മുതല്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കഥകളി മുടങ്ങാതെ നടന്നു തുടങ്ങി.മാത്തൂര്‍ പണിക്കരുടെ വേലകളിയും തിരുവനന്തപുരത്തു സ്വാഗതം ചെയ്യപ്പെട്ടു.മാത്തൂര്‍ പണിക്കരും കാര്‍ത്തികതിരുനാള്‍ തമ്പുരാനും തമ്മിലുണ്ടായ ഈ കലാബന്ധമായിരുന്നു പില്‍ക്കാല തെക്കന്‍ കഥകളി മുന്നേറ്റങ്ങളുടെ നാന്ദി കുറിച്ചത്. കാര്‍ത്തികതിരുനാള്‍ ഇതേ തുടര്‍ന്നു പുതിയ പല ആട്ടക്കഥകളും രചിച്ചു മാത്തൂര്‍ യോഗത്തെക്കൊണ്ട് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് കഥകളി പരിഷ്ക്കരണാശയങ്ങളുമായി കപ്ലിങ്ങാട്ടു നമ്പൂതിരി തിരുവന്തപുരത്തെത്തുന്നത്. കപ്ലിങ്ങാടന്‍ കഥകളി പരിഷ്ക്കരണ ചിന്തകള്‍ ഇഷ്ട്ടപ്പെട്ട തമ്പുരാന്‍ തന്റെ ആട്ടക്കഥകള്‍ അപ്രകാരം ചിട്ടപ്പെടുത്തുവാന്‍ കപ്ലിങ്ങാടിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.അങ്ങിനെ കാര്‍ത്തികതിരുനാള്‍ തമ്പുരാന്റെ രക്ഷാകര്‍തൃത്വത്തിലും കപ്ലിങ്ങാട്‌ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലും  മാത്തൂര്‍ പണിക്കരുടെ കാര്‍മ്മികത്വത്തിലും നടന്ന തെക്കന്‍ കഥകളി പരിഷ്ക്കരണ യജ്ഞത്തില്‍ പല ആട്ടക്കഥകളും കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ ചിട്ടപ്പെടുത്തപ്പെട്ടു.

കപ്ലിങ്ങാടന്‍ പരിഷ്ക്കാരങ്ങളോടെ നിലവില്‍ വന്ന കഥകളിയുടെ തെക്കന്‍ ചിട്ടയുടെ കാവല്‍ക്കാരായിത്തീര്‍ന്നത്‌ സ്വാഭാവികമായും മാത്തൂര്‍ പണിക്കരും അവരുടെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന തകഴി-നെടുമുടി കളരികളുമായിരുന്നു. ഏതാണ്ട്  ഇതേ കാലത്ത് മദ്ധ്യതിരുവിതാംകൂറില്‍ കായംകുളത്തിനടുത്ത് കീരിക്കാട്ടു പ്രദേശത്തെ പ്രശസ്ത നായര്‍ കുടുംബമായ തോപ്പില്‍ ഒരു കളിയോഗം തുടങ്ങി. ഒരു നൂറ്റാണ്ടു കാലം(1835-1935) തോപ്പില്‍ കളിയോഗം പ്രശസ്തമായി പ്രവര്‍ത്തിക്കുകയും തെക്കന്‍ ചിട്ടയുടെ പ്രയോക്താക്കളായി പല മികച്ച കഥകളി നടന്മാരെ  വാര്‍ത്തെടുക്കുകയും ചെയ്തു. തകഴി-നെടുമുടി കളരികളിലെ കലാകാരന്മാര്‍ തന്നെയായിരുന്നു തോപ്പില്‍ കളിയോഗത്തിലും ഉണ്ടായിരുന്നത്.

 നളചരിതകാലഘട്ടവും രംഗാവതരണവും  

ഇരിങ്ങാലക്കുടക്കാരന്‍ ഉണ്ണായിവാരിയരാണ് (1675-1775) നളചരിതം ആട്ടക്കഥ രചിച്ചതെന്നാണ്  ഈ വിഷയത്തിലെ ഒട്ടുമിക്ക ഭാഷാസാഹിത്യ ഗവേഷകരും  കരുതുന്നത്. ഉണ്ണായിവാരിയരല്ല ഗ്രന്ഥകര്‍ത്താവ് എന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ 1744 ലെ (കൊല്ലവർഷം 920) ഉത്സവത്തിന്നു ഖരവധം, ബാലിവധം എന്നീ കഥകളോടൊപ്പം നളചരിതം രണ്ടാം ദിവസവും കളിച്ചിരുന്നു എന്ന്  കൊട്ടാരം രേഖകളില്‍ കാണുന്നതാണ് നളചരിതം ആട്ടക്കഥയുടെ രംഗാവതരണത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശം.  ആറന്മുളയില്‍ നിന്നുമുള്ള ഒരു കളിയോഗമാണ് കളി അവതരിപ്പിച്ചത്. രംഗാവതരണത്തിനു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പെങ്കിലും കഥ എഴുതിയിരിക്കണം എന്നുള്ളതിനാല്‍ നളചരിതം ആട്ടക്കഥ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ എഴുതിയിരിക്കാം എന്നു കരുതപ്പെടുന്നു. 'കൊല്ലവര്‍ഷം പത്താം ശതകത്തിന്റെ പ്രാരംഭഘട്ടം മുതല്‍ക്കേ നളചരിതം പ്രചാരത്തില്‍ വന്നിരുന്നു' എന്നു ഡോ. എസ്.കെ. നായര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌ ഇത്തരുണത്തില്‍ പ്രസക്തമാണ്.

1729 മുതല്‍ 1758 വരെ മാര്‍ത്താണ്ഡവര്‍മ്മയും 1758 മുതല്‍ 1798 വരെ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയും തിരുവിതാംകൂര്‍ ഭരിച്ചിരുന്നു. കൊല്ലവര്‍ഷം പത്താം ശതകത്തിന്റെ പ്രാരംഭദശകങ്ങളില്‍ നളചരിതം രചിക്കപ്പെട്ടു എന്ന് അനുമാനിക്കുമ്പോള്‍  ഇത് മാര്‍ത്തണ്ഡവര്‍മ്മയുടെ കാലത്തായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.  മാര്‍ത്തണ്ഡവര്‍മ്മയുടെ വിദ്വല്‍സദസ്സില്‍ ഉണ്ണായിവാരിയരും കുഞ്ചന്‍നമ്പ്യാരും ഉണ്ടായിരുന്നുവെന്നാണ് ഗവേഷക മതം. ഉണ്ണായിവാരിയരുടെയും കുഞ്ചന്‍നമ്പ്യാരുടെയും ജീവിത കാലഘട്ടം നിര്‍ണ്ണയിച്ചിരിക്കുന്നത്‌ വെച്ചു നോക്കുമ്പോള്‍  ഈ വിഷയങ്ങള്‍ക്കെല്ലാം ഒരു ബന്ധം കാണാനും കഴിയും.

നളചരിതം രചിക്കപ്പെട്ടതു മുതല്‍ 1830 വരെ ഒരു നൂറ്റാണ്ടിലേറെക്കാലം രംഗത്ത് കഥ അവതരിപ്പിച്ച നടന്മാരെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നളചരിതം തെക്കന്‍ കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലായി. അക്കാലത്ത് നളവേഷത്തില്‍ അദ്വിതീയനായി ശോഭിച്ചിരുന്ന  കിടങ്ങൂര്‍ (ആലപ്പുഴ ജില്ല) സ്വദേശി കൃഷ്ണനുണ്ണിയെ  (1807-1865) ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് (1815-1860)  'നളനുണ്ണി' എന്ന പേരു നല്‍കി ആദരിച്ചുവത്രേ. നളചരിതത്തിനു കപ്ലിങ്ങാടന്‍ ശൈലിയില്‍ ഉണ്ണി ഏര്‍പ്പെടുത്തിയതും ഇന്നും നിലനില്‍ക്കുന്നതുമായ ആട്ടപ്രകാരത്തെ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലെ കിടങ്ങൂര്‍ വഴി എന്നാണറിയപ്പെടുന്നത്. ഒളപ്പമന്ന വലിയ അപ്ഫന്‍ നമ്പൂതിരിപ്പാട് ഉണ്ണിയെ 1852ല്‍ വെള്ളിനേഴിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി. ഉണ്ണി ഒളപ്പമന്ന മനയില്‍ താമസിച്ചു പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ഗുരുനാഥനായ ഇട്ടിരാരിശ്ശി മേനോനെയും മറ്റു ചില നടന്മാരെയും നളചരിതവും മറ്റു രസാഭിനയപ്രധാനമായ കഥകളും ചൊല്ലിയാടിക്കുകയും അന്നു മുതല്‍ നളചരിതവും മറ്റ് കഥകളും മദ്ധ്യകേരളത്തിലും ഉത്തരകേരളത്തിലും പ്രചരിച്ചു തുടങ്ങുകയും ചെയ്തു. നളനുണ്ണിയുടെ വെള്ളിനേഴി താമസക്കാലത്തു കുഞ്ചുക്കര്‍ത്താവെന്ന വടക്കന്‍ സമ്പ്രദായ നടന്‍ നളചരിതം ഗംഭീരമായി ആടിക്കണ്ടപ്പോള്‍ അതില്‍ അതിശയം തോന്നിയ നളനുണ്ണി, അദ്ദേഹത്തിന്റെ നളചരിതഗുരു ആരാണെന്ന് ആരായുകയും അങ്ങുതന്നെയാണെന്റെ ഗുരുവെന്നും കന്യാകുമാരിയാത്രയില്‍ തിരുവനന്തപുരത്തുവെച്ചു നളനുണ്ണിയുടെ വേഷം ഒരുപ്രാവശ്യം കണ്ടു പഠിച്ചതാണെന്നും പറഞ്ഞുവത്രേ! തെക്ക് കാവാലം കൊച്ചു നാരായണപണിക്കര്‍ (1797-1865), തകഴി വേലുപ്പിള്ള  (1810-1886), നളനുണ്ണി (1807-1865), കുറിച്ചി കൃഷ്ണപിള്ള (1819-1894), 'ബ്രഹ്മസ്വം' തിരുവല്ല കുഞ്ഞുപിള്ള (1819-1894), കണ്ടിയൂര്‍ പപ്പുപിള്ള (-1893), ഈശ്വരപിള്ള  വിചാരിപ്പുകാര്‍ (1815-1874) എന്നീ നടന്മാരും വടക്ക് കുഞ്ചുക്കര്‍ത്താവ് (1829-1897), അറക്കല്‍ കേശവക്കുറുപ്പ് (1838-1902), അമ്പാട്ട് ശങ്കരമേനോന്‍ (1851-1894), കൊറാണത്ത്‌ അച്യുതമേനോന്‍ (1863-1927) എന്നീ നടന്മാരും ഇക്കാലഘട്ടത്തില്‍ നളചരിതത്തില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. പ്രധാനമായും  നളചരിതം രണ്ടാം ദിവസമായിരുന്നു ഈ കാലഘട്ടത്തില്‍ പ്രചാരത്തിലുണ്ടായിരുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും നളചരിതത്തിനു അഭൂതപൂര്‍വമായ വികാസവും പ്രചാരണവും ഉണ്ടായിട്ടുണ്ട്. ഒന്നും മൂന്നും നാലും ദിവസങ്ങളും അരങ്ങിലെത്തുന്നത് ഈ കാലഘട്ടത്തിലാണ്.  ഈ കാലഘട്ടത്തില്‍ നളചരിതത്തിന്റെ വികാസപരിണാമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കലാനിപുണനും പ്രഥമ കഥകളി നാട്യശാസ്ത്ര ഗ്രന്ഥമായ 'കഥകളി പ്രകാശിക' യുടെ കര്‍ത്താവുമായ   മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കരും അദ്ദേഹത്തിന്‍റെ ശിഷ്യരും സഹനടന്മാരും ആയിരുന്നു.  തോട്ടം ശങ്കരന്‍  നമ്പൂതിരിയും ഗുരുകുഞ്ചുക്കുറുപ്പും ഇതില്‍ പ്രധാനികളായിരുന്നു. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു (1903) തിരുവിതാംകൂറില്‍ അഭയം തേടിയ പ്രസിദ്ധ കഥകളി നടന്‍ കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍ ഇക്കാലത്ത് പത്തുവര്‍ഷത്തോളം മാത്തൂര്‍ കളരിയില്‍ മാത്തൂരിന്റെ സന്തത സഹചാരിയും സഹകാരിയും ആയി കഴിഞ്ഞു കൂടിയിരുന്നു. നളചരിതം കഥകളിയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ മാത്തൂരുമായുള്ള ഈ നീണ്ട സഹവാസം ശങ്കരപ്പണിക്കരെ സഹായിച്ചു. അതിപ്രഗല്ഭനായിരുന്ന ശങ്കരപ്പണിക്കര്‍ ഈ കാലയളവില്‍ മാത്തൂരിനും തോട്ടത്തിനും ഗുരുകുഞ്ചുക്കുറുപ്പിനുമൊപ്പം ഉത്തരകേരളത്തില്‍ നളചരിതപ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ പ്രതാപകാലത്തിനുശേഷം 1940 നു ശേഷമാണ് നളചരിതത്തിനു ഇന്നു  കാണുന്ന നിലയിലേക്കുള്ള അഭൂതപൂര്‍വമായ വളര്‍ച്ചയും ജനസമ്മതിയും ഉണ്ടാകുന്നത്. തെക്കു നിന്നുള്ള ഈ നളചരിത ജൈത്രയാത്രയ്ക്കു ചുക്കാന്‍ പിടിച്ചത് മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, കുറിച്ചി കുഞ്ഞന്‍പണിക്കര്‍ എന്ന മൂന്നു നടനപ്രതിഭകളും  ഇറവങ്കര നീലനീലകണ്ഠന്‍ ഉണ്ണിത്താന്‍ എന്ന ഗായകനും ആയിരുന്നു. രസാഭിനയ നിപുണനായ കലാമണ്ഡലം കൃഷ്ണന്‍നായരും ഇവരോടൊപ്പം കൂടിയതോടെ നളചരിതം തെക്കന്‍ കേരളത്തില്‍ കഥകളിപ്രേമികളുടെ ഹരമായി മാറി. കേരളത്തിന്റെ തെക്കും നടുക്കും വടക്കും ഒരുപോലെ ഇവര്‍ നളചരിതം അവതരിപ്പിച്ചു ജനപ്രിയമാക്കി. കഥകളി ഗാനഗന്ധര്‍വനായിരുന്ന ചേര്‍ത്തല കുട്ടപ്പക്കുറുപ്പിന്റെ പാട്ടും നളചരിത നവോത്ഥാനത്തിനു ഇക്കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. ഉത്തര-മദ്ധ്യകേരളത്തില്‍ ഈ നളചരിത ജൈത്യയാത്രക്ക് നേതൃത്വം നല്‍കിയവരില്‍ പ്രഥമഗണനീയന്‍ പ്രതിഭാധനനായ വാഴേങ്കട കുഞ്ചുനായര്‍ ആയിരുന്നു. അദ്ദേഹത്തിൻറെ ഗുരുനാഥനായ നാട്യാചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോൻറെ പ്രധാന വേഷങ്ങളിലൊന്നായിരുന്നു രണ്ടാം ദിവസം നളൻ. നളചരിതത്തിലെ കാട്ടാളനായി കലാമണ്ഡലം രാമൻകുട്ടി നായർ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ഇന്ന് കലാമണ്ഡലം ഗോപിയില്‍ കൂടി നളചരിതത്തിന്റെ കലാമണ്ഡലപാരമ്പര്യം തുടരുന്നു. നാടകീയവും യാഥാർത്ഥ്യത്തോടടുത്തു നിൽക്കുന്നതുമായ നളചരിതത്തെ കൂടുതൽ ശൈലീബദ്ധമാക്കാനാണ് പട്ടിക്കാംതൊടിയും ശിഷ്യപ്രശിഷ്യരും ശ്രമിച്ചിട്ടുള്ളത്. നളചരിതത്തെ ജനപ്രിയമാക്കുന്നതിൽ അതിലെ സംഗീതം വളരെ പ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. കഥകളിസംഗീതസമ്രാട്ടായ വെങ്കിടകൃഷ്ണ ഭാഗവതരുടെ സംഭാവനകൾ ഈ വിഷയത്തിൽ സ്മരണീയമാണ്.  ഇന്നു നമുക്ക് സുപരിചിതമായ പല പദങ്ങളുടെ രാഗങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്. നളചരിതത്തെ തെക്കും വടക്കുമുള്ള സംഗീതപ്രേമികളുടെ ഹരമാക്കി മാറ്റുന്നതിൽ ഭാഗവതരുടെയും അദ്ദേഹത്തിൻറെ ശിഷ്യപ്രശിഷ്യരുടേയും പങ്ക് വളരെ വലുതാണ്. ഇതിൽത്തന്നെ പ്രശസ്ത കഥകളി സംഗീതജ്‌ജനായ കലാമണ്ഡലം നമ്പീശനും അദ്ദേഹത്തിന്‍റെ ശിഷ്യരായ ഉണ്ണിക്കൃഷ്ണക്കുറുപ്പ്, ശങ്കരൻ എംബ്രാന്തിരി, വെണ്മണി ഹരിദാസ്, ഹൈദരാലി എന്നിവരും കലാനിലയം ഉണ്ണികൃഷ്ണനും അടങ്ങുന്ന ഗായകസംഘം കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലത്തു നളചരിതമുന്നേറ്റത്തിനു നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. നളചരിതത്തിനെന്നല്ല, കഥകളി സംഗീതത്തെ തന്നെ ഭാവസമ്പുഷ്ടമാക്കാൻ നിസ്തുലമായ സംഭാവനകളാണ് കലാമണ്ഡലം ഗംഗാധരൻ നൽകിയിട്ടുള്ളത്.  പുരുഷ മേധാവിത്വമുള്ള കഥകളിയില്‍ സ്ത്രീ കഥാപാത്രങ്ങളെ അപ്രധാനികളായി കണ്ടതിനാലാകാം ദമയന്തിവേഷം കെട്ടിയ നടന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഗ്രന്ഥങ്ങളില്‍ നന്നേ കുറവാണ്. ദമയന്തിവേഷത്തില്‍ പ്രഗല്ഭനായിരുന്ന തിരുവല്ലക്കാരന്‍ നാരായണപിള്ള എന്ന നടനെ 'ദമയന്തി നാരായണപിള്ള' എന്ന പേരു നല്‍കി വിശാഖം തിരുനാള്‍ മഹാരാജാവ്  ആദരിച്ചിട്ടുണ്ട്. അതിനുശേഷം എടുത്തുപറയാന്‍ കഴിയുന്ന പേരുകള്‍ കുടമാളൂര്‍ കരുണാകരന്‍നായരുടെയും ചിറക്കര മാധവന്‍കുട്ടിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും ആണ്. കലാമണ്ഡലം രാജശേഖരനും മാര്‍ഗി വിജയകുമാറും ഇന്നിവരുടെ പാത പിന്തുടരുന്ന ദമയന്തി നടന്മാരാണ്. നളചരിതത്തിലെ പ്രധാന വേഷങ്ങളിലൊന്നായ ഹംസത്തിനെ കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ അനശ്വരമാക്കി. ഇദ്ദേഹത്തിനു ശേഷം ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയും വൈക്കം  കരുണാകരന്‍ നായരും ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയും ഈ വേഷത്തെ ജനപ്രിയമാക്കി. ചെന്നിത്തല കൊച്ചുപിള്ളപ്പണിക്കർ, ഗുരു ചെങ്ങന്നൂർ, കലാമണ്ഡലം പത്മനാഭൻ നായർ എന്നിവരുടെ ഹംസവേഷവും പ്രസിദ്ധമായിരുന്നു.

കഥകളി ഉണ്ടാകുന്നതിനു മുന്‍പു തുടങ്ങി മൂന്നു നൂറ്റാണ്ടിലേറെക്കാലം മികച്ച നിലയില്‍ പ്രവര്‍ത്തിച്ച തകഴി-നെടുമുടിക്കളരി പാരമ്പര്യം കഥകളിക്കു സമ്മാനിച്ചത്‌ സമാനതകളില്ലാത്ത വലിയൊരു കഥകളി സംസ്കാരവും നിരവധി പ്രഗല്‍ഭ കഥകളി കലാകാരന്മാരെയും ആയിരുന്നു. ഇവരില്‍ പേരെടുത്തു പറയേണ്ടവരാണ് കാവാലം കൊച്ചുനാരായണപ്പണിക്കര്‍, തകഴി ശങ്കുപ്പിള്ള,കണ്ടിയൂര്‍ പപ്പുപിള്ള, തകഴി വേലുപ്പിള്ള, വലിയ നീലകണ്ഠപ്പിള്ള, കൊല്ലന്തറ (ഭീമന്‍) കേശവപ്പണിക്കര്‍, അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കര്‍, തകഴി കൊച്ചു നീലകണ്ഠപ്പിള്ള, മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍, കരീത്ര രാമപ്പണിക്കര്‍, ‍തിരുവല്ല (ബ്രഹ്മസ്വം) കുഞ്ഞുപിള്ള, കുമരഞ്ചിര കുഞ്ഞുപിള്ള, തകഴി കുഞ്ചുപിള്ള, ചെന്നിത്തല രാമവര്‍മ്മന്‍ തിരുമുല്‍പ്പാട്, ചെന്നിത്തല കൊച്ചുപിള്ളപണിക്കര്‍, തകഴി കുഞ്ചുക്കുറുപ്പ്, ഗുരു ഗോപിനാഥ്, തോട്ടം ശങ്കരന്‍ നമ്പൂതിരി,ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള, കോട്ടുവള്ളി കൃഷ്ണപിള്ള തുടങ്ങിയവരും കുറേക്കൂടി ആധുനികരായ മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന്‍ നായര്‍, പള്ളിപ്പുറം ഗോപാലന്‍ നായര്‍, ചമ്പക്കുളം പാച്ചുപിള്ള, ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, ഹരിപ്പാട് രാമകൃഷ്ണപിള്ള, മങ്കൊമ്പു ശിവശങ്കരപ്പിള്ള, ചെന്നിത്തല ചെല്ലപ്പന്‍പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, ചിറക്കര മാധവന്‍ കുട്ടി, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, വെല്ലമ്പാടി നീലകണ്ഠന്‍ നമ്പൂതിരി, കുറൂർ വാസുദേവൻ നമ്പൂതിരി, ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള, ചവറ പാറുക്കുട്ടി, കലാമണ്ഡലം രാജശേഖരന്‍ തുടങ്ങിയ കഥകളി കലാപ്രതിഭകളും കുറിച്ചി കഥകളി പാരമ്പര്യത്തിലെ നളനുണ്ണി, കുറിച്ചി കുഞ്ഞൻപണിക്കർ തുടങ്ങിയ കലാസാര്‍വഭൌമന്മാരും. ഈ കഥകളിസപര്യക്കു മേളവും സംഗീതവുമേകിയ നിരവധി കലാകാരന്മാരുമുണ്ട്. ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ, തിരുവല്ല ചെല്ലപ്പൻ പിള്ള, ചേർത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടൻ പിള്ള, ചേർത്തല തങ്കപ്പപ്പണിക്കർ, പള്ളം മാധവൻ, തിരുവല്ല ഗോപിക്കുട്ടൻ നായർ തുടങ്ങി ഇന്നു പത്തിയൂർ ശങ്കരൻകുട്ടി വരെ നീളുന്ന നിരവധി പ്രശസ്ത കഥകളി സംഗീതജ്‌ജരെയും ചെറിയഴീക്കൽ ദാമോദരദാസ്, നീണ്ടകര കരുണാകരപ്പണിക്കർ, തിരുവല്ല ഗോപാലപ്പണിക്കർ, ഹരിപ്പാട് കുട്ടപ്പപ്പണിക്കർ, ആയാംകുടി കുട്ടപ്പൻ മാരാർ, വാരണാസി സഹോദരന്മാർ, കീരിക്കാട് വാസുദേവപ്പണിക്കർ, ഏവൂർ കുട്ടപ്പൻ നായർ, കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി തുടങ്ങി കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി ജയശങ്കർ വരെയുള്ള മേളവിദഗ്ധരെയും കലാലോകത്തിനു സമ്മാനിച്ചത് ഈ കഥകളി സംസ്കാരമാണ്. തെക്കൻ കഥകളി പാരമ്പര്യത്തിലെ പ്രഗത്ഭരായ നിരവധി കലാകാരന്മാരുടെ ത്യാഗോജ്വലമായ കലാസപര്യയുടെ പ്രത്യക്ഷഫലമാണ് സഹൃദയാഹ്ലാദകരമായ നളചരിതം കഥകളി.

നളചരിതാരാധനയും വിരോധവും

 ഏറെ ജനകീയതയുള്ളതും കലാപരമായ ഔന്നിത്യം പുലർത്തുന്നതും സഹൃദയാഹ്ലാദകരവുമായ കഥകളിയാണ് നളചരിതമെങ്കിലും, ഒരു വിഭാഗം കഥകളി ചിന്തകരിലും പ്രേക്ഷകരിലും ഇതിനോടുള്ള വിരോധവും ശക്തമാണ്.  1930 കളിൽ കലാമണ്ഡലം നിലവിൽ വരികയും അവിടുത്തെ പഠന രീതി 'കല്ലുവഴിച്ചിട്ട' എന്ന സമ്പ്രദായത്തിലാകുകയും ചെയ്തതോടു കൂടി, അതിനു മുൻപില്ലാത്ത വിധത്തിൽ, നളചരിത വിരോധം ശക്തമാകുകയായിരുന്നു. പക്ഷേ ഈ വിഷയത്തെ വസ്തുനിഷ്ഠമായി പഠിക്കാൻ ശ്രമിക്കുമ്പോൾ, നളചരിത വിമർശനങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ, (1) സാമൂഹിക പശ്ചാത്തലത്തിലും സംവേദനശീലങ്ങളിലും കേരളത്തിന്റെ തെക്കും വടക്കും തമ്മിലുള്ള അന്തരം, (2) നളചരിതം ആട്ടക്കഥയുടെ ചൊല്ലിയാട്ടത്തിനുള്ള വഴക്കമില്ലാഴ്മ, (3) താണ്ഡവപ്രധാനമായ ചിട്ടക്കഥകളെപ്പോലെ മേളക്കൊഴുപ്പിനുള്ള സാദ്ധ്യതയില്ലായ്മ (4) അഭിനേതാവിന്റെ അൽപ്പ വിഭവത്വം, (5) രസഭാവാഭിനയമില്ലാതെ ചിട്ട എന്ന ബാഹ്യപ്രകൃതിയിൽ ഒതുങ്ങി നിൽക്കുന്ന ആംഗികാഭിനയമാണ് കഥകളി എന്ന അബദ്ധധാരണ, എന്നിവയാണെന്ന് മനസ്സിലാക്കാവുന്നതാണ്.
കേരളത്തിന്റെ തെക്കും വടക്കും നിലനിന്നിരുന്ന രണ്ടു വ്യത്യസ്ത സാമൂഹിക-കലാ-സാംസ്കാരിക സാഹചര്യങ്ങളിൽ ഉടലെടുത്ത, കഥകളിയുടെ രണ്ടു വ്യത്യസ്ത ജനുസ്സുകളില്‍പ്പെട്ട കഥകളാണ് കോട്ടയം കഥകളും അതുപോലെയുള്ള 'ചിട്ട'പ്രധാനകഥകളും നളചരിതവും അതുപോലെ രസഭാവാഭിനയപ്രധാനമായ മറ്റു കഥകളും. ഈ രണ്ടു വിഭാഗത്തിലുള്ള കഥകളും തമ്മിൽ ആർട്ട്‌ സിനിമയും മുഖ്യധാരാ സിനിമയും പോലെയുള്ള വ്യത്യാസമുണ്ട്‌. സിനിമയുടെ ഗ്രാമ്മർ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌, സിനിമയെ ചിന്താതലത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ജനവിഭാഗത്തിനു, സങ്കേതഭദ്രമായ ആർട്ട്‌ സിനിമ ഇഷ്ടപ്പെടും. പക്ഷെ ഒരു മുഖ്യധാരാ സിനിമ അത്രകണ്ട്സങ്കേതഭദ്രമായിരിക്കണം എന്നില്ല. ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ ആഗ്രഹാഭിലാഷങ്ങളും ചിന്തകളും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്ന ഒരു പ്രമേയം സിനിമയെന്ന മീഡിയത്തിലൂടെ അവർക്കു കാണണം. അതാണാവശ്യം. സങ്കേതഭദ്രമായ കോട്ടയം കഥകളുടെയും അത്രമാത്രം സാങ്കേതിക മികവ് ആവശ്യമില്ലാത്ത നളചരിതം പോലെയുള്ള ജീവിതഗന്ധിയായ ആട്ടക്കഥകളുടെയും കാര്യവും ഇതു തന്നെയാണ്‌. ശൈലീവൽക്കരണത്തിന്റെ പേരിൽ അനാവശ്യമായ സാങ്കേതികത്വം നളചരിതത്തിൽ അടിച്ചേൽപ്പിച്ചാൽ അക്കഥയുടെ ആത്മാവായിരിക്കും നഷ്ടപ്പെടുക. എല്ലാ ആട്ടക്കഥകളും കല്ലുവഴിച്ചിട്ടയുടെ   കണ്ണാടിയിലൂടെ നോക്കിക്കണ്ടാൽ മാത്രമേ കഥകളിയാവൂ എന്ന ഇന്നത്തെ വിചിത്രചിന്ത, അടൂരിൻറെ 'എലിപ്പത്തായം' കാണുന്ന അതേ കണ്ണിലൂടെ നോക്കിയാലേ സിബിയുടെ 'കമലദളം' കാണാൻ കഴിയൂ എന്നു പറയുമ്പോലെ അശാസ്ത്രീയമാണ്. രണ്ടു മനസ്സുകൾ കൊണ്ടു കാണേണ്ട സിനിമകളാണ്‌ ഇവ രണ്ടും. ഈ രണ്ടു സിനിമകൾക്കും അതിന്റേതായ പ്രാധാന്യവും ഇടവും പ്രേക്ഷകപിന്തുണയും ഉള്ളതുപോലെ തന്നെയാണ്‌ രണ്ടു വ്യത്യസ്ത ശൈലിയിൽപ്പെടുന്ന ആട്ടക്കഥകളുടെയും കാര്യം. കഥകളിയെന്ന വിശ്വോത്തര ദൃശ്യകലയുടെ സുന്ദരമായ രണ്ടു വ്യത്യസ്തഭാവങ്ങളെയാണ് ഇവ രണ്ടും പ്രതിനിധാനം ചെയ്യുന്നത്. ഈ സത്യത്തെ അംഗീകരിക്കുകയും  പക്ഷപാതപരമായ തെക്കൻ-വടക്കൻ കഥകളിചിന്തകളിൽ നിന്നും മനസ്സിനെ വിമുക്തമാക്കുകയും ചെയ്‌താൽ, വളരെ കുറച്ചു പേരുടെ ഉള്ളിലാണെങ്കിലും ഇന്നും നിലനിൽക്കുന്ന നളചരിത വിരോധം, നളചരിതസ്നേഹത്തിനു വഴിമാറിക്കൊള്ളും.  ഉണ്ണായി വാര്യർക്ക് നമുക്കു നൽകാവുന്ന ഏറ്റവും വലിയ ആദരവുമാകും അത്.

(ഏവൂർ ശങ്കരാദാരണം-2017 ന്റെ കീർത്തിപുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്)

അവലംബം:

[1] കഥകളി സ്വരൂപം: മങ്കൊമ്പ് ശിവശങ്കരപ്പിള്ള & സി.കെ. ശിവരാമപ്പിള്ള, മാതൃഭൂമി ബുക്സ്  
[2] നളചരിതം ആട്ടക്കഥ: കൈരളീ വ്യാഖ്യാനം: പ്രൊഫ.പന്മന രാമചന്ദ്രന്‍ നായര്‍, കറന്റു ബുക്സ്

Saturday, September 23, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 26)

'സ്ഥിതപ്രജ്ഞ' ലക്ഷണങ്ങളും സ്ഥിതപ്രജ്ഞൻ ലോകവുമായി സംവദിക്കുന്നതെങ്ങിനെയെന്നുമുള്ള അർജ്ജുനന്റെ ചോദ്യത്തിനു കൃഷ്ണൻ നൽകുന്ന ഉത്തരങ്ങളാണ് നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഭൗതികവിഷയചിന്തകളിൽ അഭിരമിച്ചു ജീവിക്കുന്ന ഒരുവനിൽ പടിപടിയായിആത്മനാശം സംഭവിക്കുന്നതെങ്ങിനെയാണെന്നാണ് (ladder of fall) കഴിഞ്ഞ രണ്ടു ശ്ലോകങ്ങളിലായി (ശ്ലോകം 62,63) വിശദമാക്കിയത്. എന്നാൽ, ഇതിനു വിപരീതമായി, ആത്മാവിനെ എങ്ങിനെയാണ് ഈശ്വരീയതയിലേക്കുയർത്തേണ്ടതെന്നാണ് ഇനി വരുന്ന രണ്ടു ശ്ലോകങ്ങളിൽ പറയുന്നത്.

രാഗദ്വെഷവിയുക്തൈസ്തു  വിഷയാനിന്ദ്രിയൈശ്ചരൻ 
ആത്മവശൈർവ്വിധേയാത്മാ പ്രസാദമതിഗശ്ചതി        (ശ്ലോകം 2 :64) 

(എന്നാൽ യാതൊരുവൻ, ആത്മവശ്യങ്ങളായ ഇന്ദ്രിയങ്ങൾ കൊണ്ട് വിഷയങ്ങളെ അനുഭവിക്കുന്നുവോ ആത്മവിജയിയായ ആ പുരുഷൻ മനഃ പ്രസാദത്തെ പ്രാപിക്കുന്നു)   

പ്രസാദേ സർവ്വദുഖാനാം ഹാനിരസ്യോപജായതേ 
പ്രസന്നചേതസോ ഹ്യാശു ബുദ്ധി: പര്യവതിഷ്ഠതേ  (ശ്ലോകം 2 :65) 

(മനഃ പ്രസാദം ലഭിച്ചു കഴിയുമ്പോൾ അവനിൽ എല്ലാ ദുഖങ്ങളുടെയും നാശം സംഭവിക്കുന്നു. പ്രസന്നചിത്തന്റെ ബുദ്ധി ഉടനെ സുപ്രതിഷ്ഠിതമായിത്തീരുകയും ചെയ്യുന്നു)

ഇന്ദിയങ്ങളും മനസ്സും ഭൗതികസുഖങ്ങളുടെ പിറകെ പോകുമ്പോഴാണ് ഒരുവനിൽ ആത്മനാശം സംഭവിക്കുന്നതെന്നു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇന്ദിയങ്ങൾ (മനസ്സും) സ്വനിയന്ത്രണത്തിലാകുമ്പോൾ ഇതിനു വിപരീതമായ ഫലമാണ് ഉണ്ടാകുന്നത്. 'ആത്മവശ്യങ്ങളായ ഇന്ദ്രിയങ്ങൾ കൊണ്ട് വിഷയങ്ങളെ അനുഭവിക്കാം' എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നും ഇന്ദ്രിയങ്ങൾ കൊണ്ട് ഭൗതിക സുഖങ്ങളെ അനുഭവിക്കുന്നതിനു ഭഗവത് ഗീത എതിരല്ല എന്നു വരുന്നു. ഭൂമിയിലുള്ളതൊക്കെ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും അനുഭവിക്കാനുള്ളതു തന്നെയാണ്. പക്ഷേ  അതിനു നിയന്ത്രണം വേണം എന്നു മാത്രം. പക്ഷേ, ആത്മാവിനു വശപ്പെട്ടു നിൽക്കുന്ന ഇന്ദ്രിയങ്ങൾ കൊണ്ടായിരിക്കണം, അനുഭവിക്കേണ്ടത്. അങ്ങിനെ ആത്മാവ് വിജയിച്ചു നിൽക്കുന്ന പുരുഷന്റെ കർമ്മങ്ങൾ എല്ലാം തന്നെ അവനു മന:പ്രസാദത്തെ നൽകാൻ ഉതകുന്നതായിരിക്കും. വെളിച്ചത്തിന്റെ വരവോടെ ഇരുട്ട് അകലുന്നതുപോലെ മനഃപ്രസാദം ലഭിക്കുന്നതോടെ മനസ്സിലെ സകല ദുഖങ്ങളും അകലുകയും അതുകാരണം അവന്റെ ബുദ്ധി ഉറച്ചതായിത്തീരുകയും ചെയ്യുമത്രേ. ഇപ്പറഞ്ഞതിനെ തിരിച്ചു ചിന്തിച്ചാൽ സ്ഥിരബുദ്ധിയാണ് (ബുദ്ധിപരമായ കർമ്മങ്ങൾ) മനുഷ്യന് സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്നതെന്നു മനസ്സിലാക്കാം. ഹൈന്ദവതത്വശാസ്ത്രങ്ങളിൽ ബുദ്ധിക്കും വിവേകത്തിനുമാണ് എല്ലാത്തിനും മുകളിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഇതൊന്നു കൂടി വിശദമാക്കാം.

ബഹിർമുഖങ്ങളായ പഞ്ചേന്ദ്രിയങ്ങൾ (കണ്ണ്, മൂക്ക്, ചെവി, വായ്, ത്വക്ക്) കൊണ്ടാണല്ലോ ഈ ലോകത്തെ നമ്മൾ അനുഭവിക്കുന്നത്? ദാഹമുള്ള ശരീരത്തിന് ജലത്തോടു തോന്നുന്ന ആകർഷണം പോലെയാണ്, വിഷയസുഖങ്ങളോടു പഞ്ചേന്ദ്രിയങ്ങൾക്കുള്ള ആകർഷണവും. അതിന്റെ സൃഷ്ട്ടിപരമായ സ്വഭാവം അങ്ങിനെയാണ്, നമുക്കതിലൊന്നും ചെയ്യാൻ കഴിയില്ല. ഒരു നല്ല രൂപം കണ്ടാൽ കണ്ണ് അതിലേക്കു പോകും. മൂക്ക് ഗന്ധത്തിന്റെ പിറകേയും ചെവി ഇഷ്ട്ടപ്പെടുന്ന ശബ്ദത്തിന്റെ പിറകെയും വായ് ഇഷ്ട്ടപ്പെട്ട സ്വാദിന്റെ പിറകെയും ത്വക്ക് സ്പർശനസുഖത്തെയും തേടിപ്പോകും. ഇന്ദ്രിയങ്ങളുടെ വഴി തന്നെയാണ്, അവയുടെ തന്നെ  ഇമേജറികൾകൊണ്ടു സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനസ്സിന്റെ വഴിയും. ചുരുക്കത്തിൽ ശരീരമാകുന്ന രഥത്തെ ഇന്ദ്രിയങ്ങൾക്കും മനസ്സിനും വിട്ടുകൊടുത്താൽ, അവയ്ക്കിഷ്ടപ്പെട്ടിടങ്ങളിലൊക്കെ പിടിച്ചു വലിച്ചു കൊണ്ടുപോയി അതിനെ നശിപ്പിക്കും. മധുരശബ്ദം ഇഷ്ട്ടപ്പെടുന്ന മാനിനെ അങ്ങിനെയുള്ള ശബ്ദമുണ്ടാക്കി ആകർഷിച്ചു വേടൻ കൊല്ലുന്നതും, വെളിച്ചത്താൽ ആകർഷിക്കപ്പെട്ട ഈയാംപാറ്റ അഗ്നിയിൽ വീണു ചാകുന്നതും സുഗന്ധത്താൽ ആകൃഷ്ടരായി പൂമ്പാറ്റ പൂന്തേൻ കുടിക്കുമ്പോൾ പൂവിനുള്ളിൽ അകപ്പെട്ടു ചാകുന്നതും തീറ്റ ഇഷ്ട്ടപ്പെടുന്ന മത്സ്യം ചൂണ്ടയിൽ കുരുങ്ങുന്നതും ഇണയുടെ സ്പർശനസുഖം കാംക്ഷിച്ചു പോകുന്ന ആന വേട്ടക്കാരന്റെ കുഴിയിലകപ്പെടുന്നതും, നിയന്ത്രണമില്ലാത്ത ഇന്ദ്രിയസുഖത്തിന്റെ പിറകെ പോകുന്നതിന്റെ അപകടങ്ങൾക്കുള്ള ഉദാഹരണങ്ങളാണ്. ഈ ജന്തുക്കൾക്കൊന്നും ഇല്ലാത്ത ഒന്നു മനുഷ്യനുണ്ട്; വിവേക ബുദ്ധി. ബുദ്ധിയുടെ നിയന്ത്രണത്തിലാണ് ഇന്ദ്രിയസുഖങ്ങൾ അനുഭവിക്കുന്നതെങ്കിൽ പല അപകടങ്ങളിൽ നിന്നും മനുഷ്യന് രക്ഷപെടാവുന്നതാണ്.

നാസ്തി ബുദ്ധിരുക്തസ്യ ന ചായുക്തസ്യ ഭാവനാ 
ന ചാഭാവയത: ശാന്തിരശാന്തസ്യ കുത:സുഖം (ശ്ലോകം 2:66 ) 

(ഇന്ദ്രിയങ്ങളെ വശത്താക്കാത്തവനു സമബുദ്ധിയില്ല, ഏകാഗ്രതയുമില്ല. ഏകാഗ്രതയില്ലാത്തവന് ശാന്തിയില്ല, ശാന്തിയില്ലാത്തവന് എവിടെയാണ് സുഖം?)


ഇന്ദ്രിയാണാം  ഹി ചരതാം  യന്മനോനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാo വായുർനാവാമിവാംഭസി (ശ്ലോകം 2 :67) 

(വിഷയങ്ങളിൽ ചരിക്കുന്ന ഇന്ദ്രിയങ്ങൾക്ക് ഏതൊരുവന്റെ മനസ്സ് കീഴ്‌പ്പെടുന്നുവോ ആ മനസ്സ് അവന്റെ ബുദ്ധിയെ കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ വലിച്ചുകൊണ്ടുപോകുന്നു)       

തസ്മാദ്യസ്യ മഹാബാഹോ നിഗൃഹീതാനി സർവ്വശഃ 
ഇന്ദ്രിയാണീന്ദ്രിയാർഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാഃ  (ശ്ലോകം 2 :68) 

(അതുകൊണ്ടു യാതൊരുവന്റെ ഇന്ദ്രിയങ്ങൾ എല്ലാ വിഷയങ്ങളിൽ നിന്നും നിശ്ശേഷം പിൻവലിക്കപ്പെട്ടിരിക്കുന്നുവോ അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമായിരിക്കുന്നു)

ആദ്യ രണ്ടു ശ്ലോകങ്ങളിൽ വിവരിച്ച ഇന്ദ്രിയവിഷയത്തെ കുറേക്കൂടി വിശദമാക്കുകയാണ് തുടർന്നു വരുന്ന മൂന്നു ശ്ലോകങ്ങളിലും ചെയ്യുന്നത്. ഇന്ദ്രിയങ്ങളെ വശത്താക്കിയവന്റെ ബുദ്ധി ഇളകാതെ, സ്ഥിരമായി, സമമായി (equipoised) നിൽക്കുന്നതിനാൽ ഒന്നിനോടും തന്നെ അവനു ആസക്തിയോ വിരക്തിയോ തോന്നുന്നില്ല. സമബുദ്ധി കാരണമായി മനസ്സിനെ ഏകാഗ്രമാക്കി നിർത്തുവാനും കഴിയുന്നു. ഏകാഗ്രത ശാന്തതയിലേക്കും ശാന്തത സമാധാനത്തിലേക്കും ശാന്തത സുഖത്തിലേക്കും നയിക്കുന്നു. അതായത് സമബുദ്ധിയിൽ നിലകൊള്ളുന്നവന് നിയന്ത്രിതമായ രീതിയിൽ വിഷയസുഖങ്ങളെ അനുഭവിച്ചു സുഖമായി ജീവിക്കാൻ കഴിയുന്നതാണെങ്കിൽ ബുദ്ധി ഉപയോഗിക്കാതെ ഇന്ദ്രിയ-മനോതലങ്ങങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരുവൻ സംഘർഷഭരിതമായ ജീവിതം നയിച്ചു ആത്മനാശത്തെ വരിക്കാൻ വിധിക്കപ്പെടുന്നുവെന്നർത്ഥം. ഇന്ദ്രിയാരാമന്റെ മനസ്സ് സ്വബുദ്ധിയെ നങ്കൂരമില്ലാതെ കിടക്കുന്ന തോണിയെ കാറ്റ് അവിടെയും ഇവിടെയും വലിച്ചു കൊണ്ടുപോയി നശിപ്പിക്കുന്നതുപോലെ നശിപ്പിക്കുമത്രേ. 'ബുദ്ധിനാശാൽ പ്രണശ്യതി' (ബുദ്ധിനശിച്ചാൽ ആത്മനാശം ഫലം) എന്നു ഭഗവാൻ നേരത്തെ തന്നെ പറഞ്ഞുകഴിഞ്ഞതുമാണ് (ശ്ലോകം 2:63).

ഇപ്പറഞ്ഞതിൽ നിന്നും ഇന്ദ്രിയങ്ങളെ നിയന്ത്രണത്തിലാക്കുന്നതോടെ ജീവിതം തന്നെ നിയന്ത്രണവിധേയമായി സമാധാനവും സംതൃപ്തിയും കൈവരിക്കാം എന്നു വരുന്നു. ഇന്ദ്രിയനിയന്ത്രണത്തിലൂടെ സ്ഥിരബുദ്ധിയും തദ്വാരാ സൗഖ്യവും കൈവരിക്കാൻ ഭഗവത് ഗീത മുന്നോട്ടു വയ്ക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ മുൻപു നമ്മൾ ചർച്ച ചെയ്തിട്ടുള്ളതാണ്. അതിപ്രകാരമാണ്. നമ്മുടെ നൈസർഗ്ഗികമായ കഴിവുകളുടെ അടിസ്ഥാനത്തിൽ സ്വധർമ്മമെന്താണെന്നു തിരിച്ചറിയുക. അതിൻപ്രകാരം ചെയ്യാവുന്ന ഒരു ഉൽകൃഷ്ടമായ കർമ്മത്തെ ലക്‌ഷ്യം വക്കുക. ആ ലക്ഷ്യം നേടാനായി നിസ്വാർത്ഥമായി, സമർപ്പിതചേതസ്സോടെ, അക്ഷീണമായി പരിശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ദ്രിയപ്രേരിതമായ അനാവശ്യചിന്തകളിൽ നിന്നും വിട്ടകന്ന് മനസ്സ് ഏകാഗ്രമാകും. സ്വധർമ്മാചരണമാകുന്ന തീയിൽ വാസനാമാലിന്യങ്ങൾ എരിഞ്ഞു ശുദ്ധീകരിക്കപ്പെടുന്നതോടെ മനസ്സ് സമബുദ്ധിയെ പ്രാപിക്കും. സമബുദ്ധിയിൽ നിന്നും സമാധാനവും സംതൃപ്തിയും ശാന്തിയും സൗഖ്യവും കൈവരും. ഇങ്ങനെ നിസ്വാർത്ഥമായും ഏകാഗ്രമായും ചെയ്യപ്പെടുന്ന കർമ്മത്തിന്റെ ഉദ്പാദനക്ഷമത (productivity) വളരെ വലുതാണെന്നതിനാൽ അത് സമൂഹത്തിന്റെയും ലോകത്തിന്റെ തന്നെയും ക്ഷേമത്തിന് കാരണമായിത്തീരുന്നു. ഭഗവത് ഗീതയുടെ മഹനീയ സന്ദേശമാണിത്. അറിഞ്ഞോ അറിയാതെയോ, മതനിരപേക്ഷമായ ഈ മഹനീയ ആശയത്തെ വളച്ചൊടിച്ചു ജാതിയും മതവും രാഷ്ട്രീയവുമൊക്കെയായി കൂട്ടിക്കുഴച്ചു ഭഗവത് ഗീതയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ പലതും ഇന്നു സമൂഹത്തിൽ നടക്കുന്നുണ്ട്. ഗീതയെയും ഹൈന്ദവ ധർമ്മത്തെയും സ്നേഹിക്കുന്നവർ ഇതിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Monday, September 4, 2017

ഏവൂർ 'ശങ്കരാദരണം 2017'- ഒരവലോകനംപ്രശസ്ത കഥകളി സംഗീതജ്ഞനായ പത്തിയൂർ ശങ്കരൻകുട്ടി, തൻറെ മുപ്പത്തിയഞ്ചു വർഷത്തിലേറെക്കാലമായുള്ള കഥകളിസംഗീതസപര്യയിലൂടെ കഥകളിക്കു നൽകിയ വിലപ്പെട്ട സംഭാവനകളെ വിലയിരുത്തുവാനും ആഘോഷിക്കുവാനും അതിലൂടെ അദ്ദേഹത്തെയും കഥകളിയെത്തന്നെയും ആദരിക്കുവാനുമായി സഹൃദയരായ കുറെ കഥകളിപ്രേമികളുടെ ചിന്തകളിൽ ഉരുത്തിരിഞ്ഞു വന്ന്, 2017 ഓഗസ്റ്റ് 26, 27 തീയ്യതികളിലായി ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ സഫലീകൃതമായ സംരംഭമാണ് 'ശങ്കരാദരണം'. കഥകളി സംഗീതത്തിൽ ശങ്കരൻകുട്ടി തുടക്കം കുറിച്ചത് പത്തിയൂർ ദേവീക്ഷേത്രസന്നിധിയിൽ നിന്നാണെങ്കിലും ഒരു പ്രശസ്ത കഥകളി ഗായകനെന്ന  നിലയിലേക്ക് അദ്ദേഹം പാടിത്തെളിഞ്ഞത്, കഥകളി പ്രധാന വഴിപാടായി നടത്തപ്പെടുന്ന ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വച്ചാണ്. ഇക്കാരണത്താലും തെക്കൻകേരള കഥകളി സംസ്കാരത്തിന്റെ ഈറ്റില്ലങ്ങളെന്നു വിശേഷിപ്പിക്കാവുന്ന കുട്ടനാടൻ-ഓണാട്ടുകര പ്രദേശങ്ങളുടെ കഥകളിസംസ്കാരം നിറഞ്ഞുനിൽക്കുന്ന ഏവൂരിനെ തന്നെ ഈ മഹനീയസംരംഭത്തിന് വേദിയാക്കിയെന്നതിനാലും 'ശങ്കരാദരണത്തി'ന്റെ സാംസ്കാരികശോഭ ശതഗുണീഭവിച്ചിരിക്കുന്നു എന്നു പറയാം. ഏവൂർ ക്ഷേത്രസന്നിധിയിലാകണം 'ശങ്കരാദരണം' നടക്കേണ്ടത് എന്ന ശങ്കരൻകുട്ടിയുടെ ആഗ്രഹവും അതിനു സമ്മതം മൂളിയ സംഘാടകസമിതിയുടെ പ്രവൃത്തിയും ശ്ലാഘനീയം തന്നെ. ഏതെങ്കിലും ക്ലബ്ബുകളിലോ ഹോട്ടലിലോ ഓഡിറ്റോറിയത്തിലോ വച്ചായിരുന്നു ഈ പരിപാടി നടന്നിരുന്നതെങ്കിൽ ആഘോഷപരമായി കുറെക്കൂടി വലിപ്പവും ആകർഷകത്വമൊക്കെയും ഉണ്ടാകാമായിരുന്നുവെങ്കിലും അതിലൊരു സാംസ്കാരികലോപം സംഭവിക്കുക തന്നെ ചെയ്തേനെ. അതു സംഭവിക്കാതെ, ഈ പരിപാടി നടക്കേണ്ടിടത്തു തന്നെ നടന്നതിൽ നമുക്കെല്ലാം ഏറെ സന്തോഷിക്കാം, അഭിമാനിക്കാം.


ശങ്കരൻകുട്ടിയുടെ പ്രിയമാതാവ് ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ ഭദ്രദീപം കൊളുത്തി അനുഗ്രഹാശിസ്സുകൾ നേർന്ന 'ശങ്കരാദരണം' പരിപാടികൾ, കലാമണ്ഡലം ശ്രീകാന്ത് വർമ്മയും കലാനിലയം രാകേഷും ചേർന്നു കേളികൊട്ടി അനൗപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്നു കായംകുളം എം.എൽ.എ ശ്രീമതി. പ്രതിഭാ ഹരി ഭദ്രദീപം കൊളുത്തി പരിപാടികൾ ഔപചാരികമായും ഉദ്ഘാടനം ചെയ്തു. കഥകളിയെയും നമ്മുടെ തനതു സംസ്കാരത്തെയും കുറിച്ചു സംസാരിച്ച എം.എൽ.എ, കഥകളിയെയും കഥകളികലാകാരന്മാരെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത സമൂഹത്തിനുണ്ടെന്നഭിപ്രായപ്പെട്ടു. ഉദ്ഘാടനസമ്മേളനത്തിൽ പലരും പലതും സംസാരിച്ചെങ്കിലും അതെല്ലാം ഓർത്തെടുക്കാൻ എനിക്കു കഴിയുന്നില്ല. കാര്യപരിപാടിസമിതി മുഖ്യകാര്യദർശി എച്ച്. ചന്ദ്രസേനൻ നായർ കൃതജ്ഞത പ്രകാശിപ്പിച്ചു.
 


ഉദ്ഘാടനസമ്മേളനത്തിനുശേഷം മൂഴിക്കുളം നേപഥ്യ കാഴ്ചവച്ച 'ശുഭദ്രാധനഞ്ജയം' കൂടിയാട്ടം അരങ്ങേറി. അർജ്ജുന വേഷമിട്ട നേപഥ്യ രാഹുൽ ചാക്യാരുടെയും വിദൂഷകനായി രംഗത്തുവന്ന മാർഗ്ഗി മധു ചാക്യാരുടെയും അഭിനയമികവിനാൽ ഈ പരിപാടി സമ്പന്നമായിരുന്നു. രാഹുൽ ചാക്യാരുടെ ബ്രഹ്മസൃഷ്ടി (സ്ത്രീ) സുന്ദരമായിരുന്നു. ഈ സൃഷ്ടിയിൽ ബ്രഹ്‌മാവിനേക്കാൾ കൃത്യത വേണമെന്ന് രാഹുലിനു നിർബന്ധമുണ്ടായിരുന്നു എന്നു തോന്നുന്നു. ആ ബ്രഹ്മസൃഷ്ടിയെയും കവച്ചുവക്കുന്നതായി മധു ചാക്യാരുടെ വിദൂഷക വർണ്ണനകൾ. കളിയും കാര്യവും സമാസമം ചേർത്തുള്ള ആ വർണ്ണനകൾ അതിമനോഹരമായിരുന്നു. ഹാ ഹാ എന്തായിരുന്നു അതിന്റെയൊരു സുഖം? മനസ്സു നിറഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ ചാക്യാരേ? സംസ്കൃത ഭാഷയിലെ വാക്കുകൾക്ക് ഇത്രമാത്രം അർത്ഥവ്യാപ്തിയുണ്ടെന്ന് പറഞ്ഞുതന്ന ചാക്യരേ നന്ദി! ഈ ഭാഷ പഠിക്കാൻ കഴിയാഞ്ഞത് ജീവിതത്തിലെ വലിയൊരു നഷ്ട്ടം തന്നെയാണ്‌. അഭിനയവിഷയത്തിൽ മറ്റേതു കലകളെയും കൂടിയാട്ടം നിഷ്പ്രഭമാക്കുന്നുണ്ടെന്നു മുൻപ് ചെന്നെയിൽ വച്ചൊരു കൂടിയാട്ടം കണ്ടപ്പോൾ തോന്നിയിരുന്നു. ആ തോന്നൽ തീർത്തും ശരിയാണെന്ന് എനിക്കിപ്പോൾ മനസ്സിലായി. ഏവൂർ പോലെയുള്ള തെക്കൻ കേരളദേശങ്ങളിൽ, കഥകളിപോലെ അത്ര എളുപ്പത്തിൽ കാണാൻ കഴിയുന്നതായിരുന്നില്ല കൂടിയാട്ടം. ഉമ്മറത്തു കാരണവത്തിയെപ്പോലെ താളം പിടിച്ചിരുന്ന നേപഥ്യയിലെ ഡോ. ഇന്ദു, പിറകിൽ നിന്നും നടന്റെ ഭാവപ്രകടനത്തിനനുസരിച്ചു മേളം നൽകി സഹായിച്ച കലാകാരന്മാർ....ഇവരെല്ലാം കൂടി നല്ലൊരു ദൃശ്യവിരുന്നു തന്നെയാണ് കാണികൾക്കു സമ്മാനിച്ചതെന്നതിൽ രണ്ടുപക്ഷമില്ല.കൂടിയാട്ടത്തിനുശേഷം തോടയം, പുറപ്പാടോടെ കഥകളി തുടങ്ങി. ഗോപിയാശാൻ ബാഹുകനും മാർഗി വിജയകുമാർ ദമയന്തിയും കലാമണ്ഡലം ഷണ്മുഖൻ കേശിനിയുമായി നളചരിതം നാലാം ദിവസം അരങ്ങേറി. കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ടയും കലാമണ്ഡലം ശങ്കരവാര്യർ മദ്ദളവും കൈകാര്യം ചെയ്തു. കഥകളിയുടെ സുവർണ്ണകാലഘട്ടമായിരുന്ന എഴുപതുകളുടെ അവസാനത്തിൽ, കലാമണ്ഡലം എമ്പ്രാന്തിരി, വെണ്മണി ഹരിദാസ്, കലാമണ്ഡലം കേശവൻ എന്നിവരോടൊപ്പം കഥകളി അരങ്ങു നിറഞ്ഞു നിന്നിരുന്ന ശങ്കരവാര്യരെ ഏതാണ്ട് മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം ഈ അരങ്ങിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.  അന്നത്തെ അരങ്ങുകളിൽ പ്രധാന വേഷക്കാരെപ്പോലെ തന്നെ ആസ്വാദകർ ഉറ്റുനോക്കിക്കൊണ്ടിരുന്ന കലാകാരനായിരുന്നു ശങ്കരവാര്യർ. പ്രായം ശരീരത്തിൽ വരുത്തിയ വ്യത്യാസം ഉണ്ടെന്നല്ലാതെ പ്രവൃത്തിയിൽ അദ്ദേഹം  പണ്ട് ഏവൂരും കളർകോട്ടുമൊക്കെ ഞാൻ കണ്ടിരുന്ന അതേ  മദ്ദളവാദകൻ തന്നെ. നളചരിതത്തിനു ശേഷം കലാമണ്ഡലം ശ്രീകുമാർ-കലാ. രാമചന്ദ്രൻ ഉണ്ണിത്താൻ-കലാ.ഓയൂർ രാമചന്ദ്രൻ ടീമിന്റെ 'കിരാത'വും നടന്നു. പിറ്റേ ദിവസം മടവൂർ വാസുദേവൻ നായരാശാനും ശിഷ്യനായ കലാമണ്ഡലം രാജശേഖരനും വേഷമിട്ട 'രുഗ്മിണീസ്വയംവര'വും അതേത്തുടർന്ന് കലാമണ്ഡലം കൃഷ്ണപ്രസാദ്‌, കലാ.അനിൽകുമാർ, കലാമണ്ഡലം ചമ്പക്കര വിജയൻ, കലാമണ്ഡലം പ്രദീപ്, കലാമണ്ഡലം രാജീവ്, ഫാക്ട് മോഹൻ ടീമിന്റെ 'ദുര്യോധനവധ'വും നടന്നു. ഈ കഥകൾക്കായി നിരവധി കലാകാരന്മാർ മേളവും സംഗീതവും ചുട്ടിയും അണിയറയും മറ്റും കൈകാര്യം ചെയ്തിട്ടുണ്ട്. ഇവരെല്ലാവരുടെയും പേരുകൾ ഇവിടെ എടുത്തെഴുതാൻ ബുദ്ധിമുട്ടുണ്ട്. 'ശങ്കരാദരണം' ബ്രോഷറിൽ നിന്നും ഈ പേരുകൾ മനസ്സിലാക്കാവുന്നതാണ്.

'ശങ്കരാദരണ'ത്തിൽ നടന്ന കഥകളികളെക്കുറിച്ചു ഒന്നും തന്നെ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  കഥകളിയെക്കുറിച്ചു പറയാൻ എന്നെക്കാൾ കൂടുതൽ അറിവും പാരമ്പര്യവും ഉള്ളവരായിരുന്നല്ലോ, കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും കളി കാണാൻ വന്നിരുന്ന കഥകളി ആസ്വാദകർ? നിരവധി കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് നാലു കളികൾ നടത്തിയതു മുഴുവൻ ഇവിടെ എഴുതിപ്പിടിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഞാൻ പിടിച്ച ചിത്രങ്ങളിൽ പലതും ഇതിനുള്ളിൽ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. അതിനാൽ ഒരു പൂർണ്ണതക്കു വേണ്ടി മാത്രം നാല് കളികളുടെയും ഓരോ ചിത്രം വീതം ഈ അവലോകനത്തിൽ കൊടുത്തുകൊണ്ട്, കളികളെല്ലാം നല്ല നിലവാരം പുലർത്തുന്നതായിരുന്നു എന്ന ഒറ്റവാചകത്തിൽ പറഞ്ഞു നിർത്തുന്നു. ഇതു പറയുമ്പോൾ തന്നെ, എത്ര രാത്രിയായാലും വേണ്ടില്ല, കഥകളി മുഴുവൻ കണ്ടേ വീട്ടിൽ പോകൂ എന്നു നിർബന്ധം പിടിച്ചിരുന്ന എന്നെ കർണ്ണകഠോരമായ  ഗാനാലാപനം കൊണ്ട് ചില ഗായകർ ഇടക്കു വച്ചു വേദി വിട്ടു പോകാൻ പ്രേരിപ്പിച്ചതു മറക്കുന്നുമില്ല. പണ്ടൊക്കെയാണെങ്കിൽ കുറച്ചുകൂടി പച്ചയായിപ്പറഞ്ഞേനേ, പറഞ്ഞിട്ടുമുണ്ട്. പക്ഷെ, പ്രായം കൂടിയതിനാലോ അടുത്തുവരുന്ന റിട്ടയർമെന്റിനു ശേഷം നാട്ടിൽ വന്നു സമാധാനപൂർവം ജീവിക്കണമെന്നുള്ള ആഗ്രഹം കൊണ്ടോ എന്തോ അത്രക്കങ്ങട് പറയാൻ തോന്നുന്നില്ല. 'വായിൽ വരുന്നതെല്ലാം കോതയ്ക്കു പാട്ട്' എന്നപോലെ പാടേണ്ടതല്ല കഥകളി സംഗീതം എന്നു മാത്രം പറഞ്ഞു നിർത്തുന്നു. കഥകളികളെക്കുറിച്ചൊന്നും പറയുന്നില്ലെങ്കിലും ഗംഭീരമായി തോന്നിയ ഒരു ചെറുവേഷത്തെക്കുറിച്ചു മാത്രം ഒന്നു പറഞ്ഞോട്ടെ. 27-)o തീയതി അരങ്ങേറിയ ദുര്യോധനവധത്തിലെ കലാമണ്ഡലം ഹരി.ആർ.നായരുടെ ശകുനിയെക്കുറിച്ചാണിപ്പറഞ്ഞത്‌. ഒന്നാം തരമായിരുന്നു ആ വേഷം. സകലകുടിലതയും മുഖത്തു പ്രതിഫലിപ്പിച്ച ഇതുപോലൊരു ശകുനിയെ ഞാൻ ഇതിനു മുൻപ് കഥകളിയിൽ കണ്ടിട്ടില്ല.'ശങ്കരാദാരണത്തി'ന്റെ രണ്ടാം ദിവസം തുടങ്ങിയത് 'ഓണാട്ടുകരയുടെ കഥകളി പാരമ്പര്യത്തെ' ക്കുറിച്ചു പ്രശസ്ത സാഹിത്യകാരൻ ശ്രീ. പി.നാരായണക്കുറുപ്പ് നടത്തിയ പ്രഭാഷണത്തോടെയായിരുന്നു. ഓണാട്ടുകരയുടെ പാരമ്പര്യം മാത്രമല്ല,  കുട്ടനാട്-കുറിച്ചി പ്രദേശങ്ങളുടെ കഥകളി പാരമ്പര്യവും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരാമർശന വിധേയമായി. പ്രാദേശികമായുണ്ടാകുന്ന സാമൂഹിക ചിന്തകൾ ക്‌ളാസിക്കൽ കലയായ കഥകളിയെ സ്വാധീനിക്കാറുണ്ടെന്നും അങ്ങിനെയുള്ള ചില അംശങ്ങളെ കഥകളിത്തം നഷ്ടപ്പെടാത്ത രീതിയിൽ കഥകളിയിലേക്കു സ്വീകരിക്കുന്നതിൽ അപാകതയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഥകളി സംഗീതത്തിലെ പ്രശസ്തനായ ഒരു സംഗീതജ്ജനെ ആദരിക്കുന്ന വേളയിൽ കഥകളി സംഗീതത്തെപ്പറ്റി, പ്രത്യേകിച്ചും കഥകളിസംഗീതത്തിന്റെ  ഇന്നത്തെ പോക്കിനെപ്പറ്റി, നല്ലൊരു അവലോകനവും നടക്കേണ്ടതുണ്ടായിരുന്നു. അതു ശരിയ്ക്കും നടന്നു എന്നെനിക്കഭിപ്രായമില്ല. എങ്കിലും 'നവഭാവുകത്വവും കഥകളി സംഗീതവും' എന്ന സെമിനാറിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച കലാമണ്ഡലം മുൻ ഉദ്യോഗസ്ഥൻ വി. കലാധരനും  കഥകളിസംഗീത പണ്ഡിതനായ മുദ്രാഖ്യശശിയും അവരുടെ കാര്യമാത്രപ്രസക്തമായ പ്രസംഗങ്ങളിൽ കൂടി ഈ കുറവ് നല്ലൊരളവിൽ നികത്തിയെന്നു പറയാം. കഥകളി സംഗീതത്തെയും അതിന്റെ വിവിധ പരിണാമഘട്ടങ്ങളെയും കുറിച്ച് പണ്ഡിതോചിതമായ ഒരു പ്രസംഗം തന്നെ കലാധരൻ നടത്തിയപ്പോൾ ശശി അതിലും ഒരു പടി കൂടിക്കടന്നു കഥകളിസംഗീതത്തിന്റെ ഉത്ഭവം തൊട്ടുള്ള നാൾ വഴികളിലൂടെ നടത്തിയ പ്രഭാഷണയാത്ര ഉയർന്ന അക്കാദമിക നിലവാരം പുലർത്തിയതായാണ് എനിക്കനുഭവപ്പെട്ടത്‌. കഥകളി സംഗീതത്തിന്റെ കേരളീയതയെത്തന്നെ ചോദ്യം ചെയ്ത ശശി പറഞ്ഞ പല കാര്യങ്ങളിൽ ഒരു കാര്യം വളരെ കൗതുകകരമായി എനിക്കു തോന്നി. വെങ്കിട്ടക്കൃഷ്ണ ഭാഗവതർ വരെയുള്ള തമിഴ്ബ്രാഹ്മണവംശജർ തമിഴ് (കർണ്ണാടക) സംഗീത വഴിയിലൂടെ കഥകളിപ്പദങ്ങളെ നയിച്ചപ്പോൾ, ചലച്ചിത്രഗാനങ്ങൾക്ക്‌ അന്നുവരെ നിലനിന്നിരുന്ന ആലാപനശൈലിയിൽ നിന്നും തികച്ചും വേറിട്ടൊരു മാനം നൽകി ദേവരാജൻ മാസ്റ്റർ വിപ്ലവം സൃഷ്ടിച്ചതുപോലെ, കഥകളി സംഗീതത്തിന് അന്നുവരെ നിലനിന്നിരുന്ന ഗാനാലാപന ശൈലിയിൽ നിന്നും വേറിട്ടൊരു ഭാവഗാനതലം പ്രദാനം ചെയ്തത് കലാമണ്ഡലം ഗംഗാധരനാശായിരുന്നത്രെ. അൻപതുകൾക്കു മുൻപു തന്നെ ഗുരു കുഞ്ചുക്കുറുപ്പിനെപ്പോലെയുള്ള പ്രഗത്ഭരായ കഥകളി നടന്മാരുണ്ടാകുകയും അവരുടെ അരങ്ങിലെ ഭാവപ്രകാശനത്തിന് അതുവരെയുള്ള ഗാനാലാപനപദ്ധതികൾ അപക്വമായി തോന്നുകയും ചെയ്ത സാഹചര്യത്തിൽ വെങ്കിടകൃഷ്ണ ഭാഗവതരാണ് ഭാവപ്രകാശനത്തിനുതകുന്ന വിധത്തിലുള്ള കഥകളി സംഗീത പദ്ധതിയുടെ ആവശ്യം തിരിച്ചറിഞ്ഞതെന്നു കലാധരൻ അദ്ദേഹത്തിൻറെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. പക്ഷേ, വ്യത്യാസങ്ങൾ പലതും വരുത്തിയെങ്കിലും തമിഴ് (കർണ്ണാടക) സംഗീതശൈലിയിൽ തന്നെ നിലകൊണ്ടിരുന്ന ഭാഗവതരുടെ ഗാനപദ്ധതിയെ കഥകളി നടൻറെ ഭാവപ്രകാശനത്തിനു സഹായകമായ രീതിയിലുള്ള ഭാവസംഗീതമാക്കി വഴിമാറ്റിവിട്ടത്‌ ഗംഗാധരനാശാൻ തന്നെയായിരുന്നു എന്നാണ് ശശി സ്ഥാപിച്ചത്. അദ്ദേഹത്തിൻറെ സമകാലീനരും  പിന്നീടു വന്ന പ്രഗത്ഭ ഗായകരെല്ലാവരും തന്നെ ഗംഗാധരനാശാൻ തെളിച്ച ഈ വഴിയെ പിന്തുടരുകയാണ് ചെയ്തതത്രെ. 'ശങ്കരാദരണ'ത്തിൽ സംസാരിച്ച മറ്റു ചിലർ, ചേർത്തല കുട്ടപ്പക്കുറുപ്പ് എന്ന ഭാവഗായകനെയും അദ്ദേഹം കഥകളി സംഗീതത്തെ ഭാവസംഗീതമാക്കുന്നതിൽ വഹിച്ചിട്ടുള്ള പങ്കിനെയും പറ്റി പുകഴ്ത്തിപ്പറയുന്നതും കേട്ടിരുന്നു. ദേവരാജൻ മാസ്റ്ററും ഗംഗാധരനാശാനും തെക്കൻകേരളത്തിൽ കൊല്ലം ജില്ലയിൽ പിറന്നുവളർന്നവരും ഗുരു കുഞ്ചുക്കുറുപ്പ് ആലപ്പുഴ ജില്ലയിലെ തകഴിക്കാരനും, കുട്ടപ്പക്കുറുപ്പ് ആലപ്പുഴ ജില്ലയിലെ തന്നെ ചേർത്തലക്കാരനുമാണെന്നാണെൻറെ അറിവ്. അപ്പോൾ തെക്കൻ കേരളക്കാരായ രണ്ടുമൂന്നു കലാകാരന്മാരാണ് കഥകളി സംഗീതത്തിനും തദ്വാരാ കഥകളി അവതരണത്തിനു തന്നെയും പുതിയ ദിശാബോധം നൽകിയതെന്ന അറിവ് ഇപ്രദേശങ്ങൾക്കടുത്തു പിറന്ന എനിക്കു സന്തോഷപ്രദമാകുമെന്നു  പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ; പ്രത്യേകിച്ചും കഥകളിയെന്ന കലയും അതിന്റെ സംഗീതവുമെല്ലാം കണ്ടുപിടിച്ചത് കലാമണ്ഡലവും അതിനു ചുറ്റുവട്ടത്തുള്ള കുറെപ്പേരും ചേർന്നാണെന്ന് ഇന്നത്തെ തെക്കും വടക്കുമുള്ള പല കഥകളിപണ്ഡിതരും ആസ്വാദകരും വിശ്വസിച്ചുവശായിരിക്കുന്ന പശ്ചാത്തലത്തിൽ!


കഥകളിസംഗീതത്തിന്റെ ഇന്നത്തെ അപചയത്തെപ്പറ്റി ശ്രീ. കലാധരൻ വളരെക്കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും പറഞ്ഞതെല്ലാം ശരിതന്നെയാണ്. 'കഥകളി സംഗീതത്തിന്റെ കാലിക പ്രതിസന്ധി' എന്ന എന്റെ ലേഖനത്തിൽ (http://dhanyaasi.blogspot.com/2014/11/blog-post_7.html) പരാമർശിച്ചിട്ടുള്ള കാര്യങ്ങളൊക്കെത്തന്നെയാണദ്ദേഹം പറഞ്ഞതെങ്കിലും കഥകളിവിഷയമാകുമ്പോൾ അദ്ദേഹം പറയുന്നതിനു കൂടുതൽ പ്രസക്തിയുണ്ടാകണമല്ലോ? ഇന്നത്തെ കഥകളി പാട്ടുകാർ എന്താവശ്യത്തിനായിട്ടാണ് രാഗം മാറ്റി പാടുന്നതെന്നു ഞാൻ എന്റെ ലേഖനത്തിൽ ചോദിച്ചിട്ടുണ്ട്. ശ്രീ. കലാധരനും അതു തന്നെ ചോദിച്ചു. സ്വന്തം മിടുക്കു കാണിക്കാൻ പാട്ടിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കാര്യമറിയാത്തവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും; പക്ഷെ കാര്യവിവരമുള്ളവർക്കതു അനാവശ്യമായിത്തോന്നും. എനിക്കിഷ്ടമുള്ളതുപോലെ പാടും, വേണേൽ കേട്ടാൽ മതിയെന്നാണ് ചില ഭാഗവതന്മാരുടെ ഭാവം. 'ചലമാലയ മൃദുപവന' ത്തിനെ കഥകളിപ്പാട്ടുകാർ ബലാൽസംഗം ചെയ്യുകയാണെന്ന കലാധരന്റെ പ്രസ്താവം എനിക്ക് വളരെ ഹൃദ്യമായി തോന്നി. ഈ പാവം പാട്ടിനോടു വേണോ ഈ പരാക്രമം എന്ന ചോദ്യം ശരിയല്ലേ? 'പരാക്രമം സ്ത്രീകളിലല്ല വേണ്ടു' എന്നു പണ്ടേ ദേവി കംസനോടു പറഞ്ഞിട്ടുള്ളതാണ്. അതായത് പരാക്രമം നിർബന്ധമാണെങ്കിൽ പുരുഷന്മാരോടാകാം എന്നർത്ഥം. കഥകളിപ്പാട്ടുകാരും ഇതുപോലെ വല്ല പുരുഷഗീതവും കണ്ടുപിടിച്ചു ഈ പരാക്രമമൊക്കെ അതിൽ നടത്തിയിരുന്നെങ്കിൽ എന്നു ഞാനും ആശിച്ചു പോകയാണ്. കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങുന്ന പല കലാകാരന്മാരും കഥകളി സാഹിത്യത്തിന്റെ ശരിയായ അർത്ഥതലങ്ങളൊന്നും മനസ്സിലാക്കാതെ എന്തൊക്കെയോ അരങ്ങിൽ കാണിക്കുകയാണെന്നും ഈ പോക്ക് ശരിയല്ലെന്നും കലാമണ്ഡലം ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും ശ്രീ.കലാധരൻ പറഞ്ഞത് വളരെ ഗൗരവമർഹിക്കുന്ന കാര്യമാണ്. പക്ഷേ വളരെക്കാലം കലാമണ്ഡലത്തിൻറെ ഭരണസംവിധാനത്തിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥനാണ് ഇപ്പറയുന്നതെന്നറിയുമ്പോൾ പ്രസ്താവം വളരെ കൗതുകകരമായും തോന്നി.

'ശങ്കരാദരണ'ത്തിൽ ഏനിക്കേറ്റം ഇഷ്ട്ടപ്പെട്ടതും കലാസ്നേഹത്തിനാൽ എന്റെ കണ്ണു നനയിപ്പിച്ചതുമായ കലാപരിപാടിയെക്കുറിച്ചിനി പറയട്ടെ. കലാമണ്ഡലം കൃഷ്ണദാസിന്റെ രണ്ടു പെണ്മക്കളുടെ തായമ്പകയാണു ഞാൻ ഉദ്ദേശിച്ചത്. ഇരുന്നിടത്തു നിന്നനങ്ങാൻ തോന്നിയില്ല. വല്യമ്മാവനായ ചന്ദ്രമന്നാടിയാരുടെയും അച്ഛൻ കൃഷ്ണദാസിന്റെയും രക്തമാണിതെന്ന് ആ മിടുക്കികൾ തെളിയിച്ചു. ചെണ്ട തൂക്കിയിടാൻ പോലും ശരീരമില്ലാത്ത ആ കൊച്ചുമിടുക്കി അങ്ങേയറ്റം ആത്മവിശ്വാസത്തോടെ ആ മേളവാദനത്തെ നിയന്ത്രിക്കുന്നതു കാണുന്നതു തന്നെ നയനാനന്ദകരമായ കാഴ്ചയായിരുന്നു. കൂടുതലൊന്നും പറയാനില്ല, കൃഷ്ണദാസേ, താങ്കളുടെ ജന്മം സഫലമായി.


അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതവും ദീപ പാലനാടും മീര റാം മോഹനും ചേർന്നവതരിപ്പിച്ച കഥകളിപ്പദക്കച്ചേരിയും നന്നായിരുന്നു. സമാദാരണ സമ്മേളനത്തിനായ് വന്നെത്തിയിരുന്ന കലാസാർവഭൗമൻമാരും സമൂഹത്തിലെ പ്രധാനികളും മുൻനിരയിലിരുന്നു തങ്ങളുടെ പാട്ടു കേട്ടാസ്വദിച്ചു എന്നത് കഥകളിപ്പദക്കച്ചേരിക്കാർക്കു വീണു കിട്ടിയ ഭാഗ്യമായിരുന്നു.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, പദ്മഭൂഷൺ മടവൂർ വാസുദേവൻ നായർ, പദ്മശ്രീ. കലാമണ്ഡലം ഗോപി, നാഗസ്വര വിദ്വാൻ തിരുവിഴാ ജയശങ്കർ, പ്രമുഖ നടൻ നെടുമുടി വേണു, എസ്. ശ്രീനിവാസൻ IAS  തുടങ്ങി കലാസാംസ്കാരിക രംഗങ്ങളിലെ അതികായന്മാരെക്കൊണ്ടു നിറഞ്ഞ പ്രൗഢഗംഭീര സദസ്സായിരുന്നു സമാദരണചടങ്ങിന്റെത്. സ്വജീവിതം കഥകളി എന്ന കലക്കുവേണ്ടി മാറ്റിവച്ച കലാകാരന്മാർക്ക്, അവർ അർഹിക്കുന്ന മാന്യമായ തരത്തിലുള്ള ജീവിതം ഇന്നും ലഭിക്കുന്നില്ലെന്നും ഇതിനു മാറ്റം വരേണ്ടതുണ്ടെന്നും ബഹു. പ്രതിപക്ഷ നേതാവ് പറഞ്ഞു. കഥകളി സംസ്കാരം നിറഞ്ഞു നിൽക്കുന്ന ഏവൂരിൽ, കലാമണ്ഡലത്തിന്റെ പഠനക്കളരി കൊണ്ടുവരുന്നതിൽ അദ്ദേഹം മുൻപു കാട്ടിയിട്ടുള്ള താൽപ്പര്യവും പ്രസംഗമദ്ധ്യേ സൂചിപ്പിച്ചു.ഡോ.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ വച്ച് പത്തിയൂർ ശങ്കരങ്കുട്ടിക്ക്‌ 'സംഗീതരത്നം' എന്ന പദവി ചാർത്തി നൽകുന്നതായി ഗോപിയാശാൻ പ്രഖ്യാപിച്ചു. അദ്ദേഹം തന്നെ ശങ്കരൻ കുട്ടിയെ സ്വർണ്ണഹാരവും സ്വർണ്ണ ചെയിനും അണിയിച്ചു. ഇതൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോഴും അതിനുശേഷം അനുഗ്രഹപ്രഭാഷണ വേളയിലും വേദിയിലുമെല്ലാം വളരെ സന്തോഷവാനായ ഒരു ഗോപിയാശാനെയാണ് കാണാൻ കഴിഞ്ഞത്. സ്വതഃസിദ്ധമായ തമാശകൾകൊണ്ടും കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ടും അദ്ദേഹം സമകാലിക കഥകളിരംഗത്തിന്റെ ഒരു ചിത്രം തന്നെ അവിടെ വരച്ചു കാണിച്ചു. തൻറെ അരങ്ങുപ്രവൃത്തിക്കനുസൃതമായ രീതിയിൽ ഗാനാലാപനം നടത്തുന്ന ഗായകനാണ് ശങ്കരൻ കുട്ടിയെന്നും ശങ്കരൻ കുട്ടിയുടെ  ഈ കഴിവൊന്നു കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് തന്നോടൊപ്പം പാടാൻ കഴിയുന്നതെന്നും പറഞ്ഞ ഗോപിയാശാൻ അതിനു മറ്റാരും പരാതിപ്പെട്ടിട്ടും പരിഭവപ്പെട്ടിട്ടും കാര്യമില്ല എന്നു തുറന്നടിച്ചു. പരദൂഷണവും അസൂയയും കുശുമ്പും പാരവെപ്പും നിറഞ്ഞുനിൽക്കുന്ന കഥകളി രംഗത്ത് ഇമ്മാതിരി സ്വഭാവങ്ങൾക്കൊന്നും മനസ്സിലിടം കൊടുക്കാതെ, തന്റെ തൊഴിലിൽ മാത്രം ശ്രദ്ധയൂന്നി നിൽക്കുന്ന ശങ്കരൻ കുട്ടിയെ തനിക്കിഷ്ട്ടമാണെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ ചിലതൊക്കെ ഇഷ്ട്ടപ്പെടാത്തവരുണ്ടെങ്കിൽ 'അതങ്ങിനെ ഇരുന്നോട്ടെ, മാപ്പു പറയാനൊന്നും താനില്ല' എന്നും തനി ഗോപി സ്റ്റൈലിൽ അദ്ദേഹം പറഞ്ഞു. സ്വന്തം കലാപ്രകടനത്തിന്റെ പൂർണ്ണതയ്ക്കു അനുയോജ്യമായ ഏതു ഘടകവും എവിടെ നിന്നു ലഭിച്ചാലും അതിനെ സർവാത്മനാ സ്വീകരിക്കാൻ നല്ല കലാകാരൻ സന്നദ്ധനായിരിക്കണമെന്നും അതിൽ സങ്കുചിതമനോഭാവങ്ങൾ പാടില്ല എന്നുമാണ് ആശാൻ പറഞ്ഞതിൻറെ ലളിതമായ അർത്ഥമെന്നു നമുക്ക് തൽക്കാലം ചിന്തിക്കാം. കലാമണ്ഡലം കൃഷ്ണൻനായരാശാനും ഏതാണ്ട് ഈ വിധത്തിൽ ചിന്തിക്കുകയും അതിന്റെ പേരിൽ ധാരാളം വിമർശനശരങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തിട്ടുണ്ടെന്ന് കഥകളി രാഷ്ട്രീയം പഠിക്കുന്നവർക്ക് അറിയാവുന്നതാണ്. ഗോപിയാശാൻ പറഞ്ഞതിന്റെ  കൂടുതൽ വിശദീകരണങ്ങളിലേക്കു പോകുന്നില്ല. അതല്ലല്ലോ ഇവിടുത്തെ വിഷയം? 'അവനവനാത്മ സുഖത്തിനായ് ചെയ്വത് അപരന്ന്‌ സുഖത്തിനായ് വരേണ' മെന്നാണല്ലോ കവിവാക്യം. ആശാൻ മണിയടിച്ചു സ്നേഹപൂർവ്വം സമ്മാനിച്ച ചേങ്ങിലയുടെ താളത്തിനൊപ്പം താളാത്മകമായി ശങ്കരൻ കുട്ടിയുടെ കലാജീവിതവും മുന്പോട്ടു ഗമിക്കട്ടെ എന്നാശംസിക്കുന്നു.

മടവൂരാശാൻ പത്തിയൂർ ശങ്കരൻകുട്ടിക്കു പ്രശസ്തിപത്രവും ഷീൽഡും സമ്മാനിച്ചു, സ്നേഹമസൃണമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞു ലളിതമായി സംസാരിച്ചു തന്റെ ദൗത്യം അവസാനിപ്പിച്ചു.
സമാദാരണച്ചടങ്ങിലെ മുഖ്യ പ്രഭാഷകനായ പ്രശസ്ത ചലച്ചിത്ര നടൻ നെടുമുടി വേണുവും വലിയൊരു പ്രസംഗത്തിന്റെ ആവശ്യമിവിടെയില്ലെന്നു പറഞ്ഞു ചുരുക്കം ചിലവാക്കുകളിൽ തന്റെ പ്രസംഗം ഒതുക്കി. കലാമണ്ഡലം ഹൈദരാലി സ്മാരക ഗുരു പുരസ്കാരം പ്രശസ്‌ത കഥകളി ഗായകൻ ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർക്കു നെടുമുടി വേണു സമ്മാനിച്ചു. 'ശങ്കരാദരണ'ത്തിന്റെ ഭാഗമായി നേരത്തെ പാലക്കാട്ടു വച്ചു നടത്തിയിരുന്ന കഥകളി സംഗീതമത്സരത്തിലെ വിജയികൾക്ക്, പത്തിയൂർ കൃഷ്ണപിള്ള സ്മാരക ശങ്കരാദരണ പുരസ്‌കാരങ്ങൾ, ശ്രീ. തിരുവിഴാ ജയശങ്കറും സമ്മാനിച്ചു. ഇതേത്തുടർന്ന് തിരുവിഴ ജയശങ്കർ, ശ്രീനിവാസൻ IAS, ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി, കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി, ഏവൂർ അനുഷ്ടാനം ക്ഷേത്രകലാസമിതി അധ്യക്ഷൻ ഡോ. ചന്ദ്രശേഖരൻ നായർ...... തുടങ്ങി പല പ്രമുഖരും ആശംസാ പ്രസംഗങ്ങൾ  നടത്തി. ഒട്ടേറെപ്പേർ ശങ്കരൻ കുട്ടിയെ പൊന്നാട ചാർത്തി തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.ശങ്കരൻ കുട്ടിയുടെ മറുപടി പ്രസംഗം വളരെ വികാരനിർഭരമായിരുന്നു. കഥകളി സംഗീതത്തിൽ പരിമിതമായ പരിശീലനം മാത്രം ലഭിച്ചിരുന്ന തന്റെ അച്ഛന്റെ പാട്ടിനെ അന്നത്തെ ചില കലാകാരന്മാർ അണിയറയിലിരുന്നു വിമർശിച്ചു പറയുന്നത് തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നും താനൊരു കഥകളി ഗായകനാകുമ്പോൾ ഇങ്ങിനെ പറയാൻ ആർക്കും ഇടം കൊടുക്കരുതെന്നൊരു വാശി തന്റെ മനസ്സിലെന്നും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരകൃപയാൽ ആ ലക്‌ഷ്യം ഒരു പരിധിവരെയെങ്കിലും നേടാൻ തനിക്കു കഴിഞ്ഞിട്ടുണ്ട്. അതിനു സഹായിച്ച എല്ലാവരോടും തനിക്കുള്ള കൃതജ്ഞത അദ്ദേഹം പ്രകാശിപ്പിച്ചു.സമാദരണ ചടങ്ങിനു ശേഷം കോട്ടക്കൽ മധു, നെടുംപള്ളി രാം മോഹൻ എന്നീ ഗായകരും പദ്മശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കൽ രവി, കലാനിലയം മനോജ് എന്നിവർ നയിച്ച പകുതി പുറപ്പാട്-മേളപ്പദം ഗംഭീരമായിരുന്നു. ഈ കലാകാരന്മാർ സമർപ്പിത ചേതസ്സുകളായി അവിടെ ചെയ്ത കലാപ്രവൃത്തിയിലൂടെ തങ്ങളുടെ സുഹൃത്തിനോടുള്ള ആദരവ് രേഖപ്പെടുത്തിയപ്പോൾ അതു കേട്ടിരുന്ന സദസ്യരായ ഞങ്ങൾക്കോ അതു മറക്കാനാവാത്ത മറ്റൊരു കലാനുഭവവുമായി മാറുകയായിരുന്നു.

തുടർന്നരങ്ങേറിയ 'രുഗ്മിണീസ്വയംവര'വും 'ദുര്യോധനവധ'ത്തിന്റെ പകുതിയും കണ്ടു കഴിഞ്ഞു വീടണഞ്ഞപ്പോൾ മണി വെളുപ്പിന് മൂന്നര. ചെറുപ്പകാലത്ത്‌ കിഴക്കു വെള്ളകീറിക്കഴിഞ്ഞു, പടിഞ്ഞാറേ നടയിലെ വാസുദേവൻ നായർ ചേട്ടന്റെ കടയിൽ നിന്നും ഒരു പാൽചായയും വാങ്ങിക്കുടിച്ചായിരുന്നല്ലോ വീട്ടിലേക്കു പോയിരുന്നത്? അക്കണക്കിനു നോക്കിയാൽ ഈ മൂന്നു മണിയൊന്നും എന്നെപ്പോലെയുള്ള കഥകളിഭ്രാന്തന്മാരായ ഏവൂർക്കാർക്ക് വലിയ കാര്യമൊന്നുമാകേണ്ടതല്ല. പക്ഷേ ലോകവും ശരീരവും ശീലങ്ങളും മാറിയതിനാലാകാം, വെളുപ്പാൻകാലം വരെ കളികണ്ടിരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. തലേദിവസം രാത്രിമുഴുവനും രണ്ടു പകലുകൾ മൊത്തവും 'ശങ്കരാദരണ'സദസ്സിൽ ഇരുന്നതിന്റെ ക്ഷീണം കാരണം ദുര്യോധനവധം മുഴുവൻ കാണാൻ കഴിഞ്ഞില്ല എന്നൊരു വിഷമം ബാക്കിയായി.

വേദിയിലെ പരിപാടികളെക്കുറിച്ചു പറഞ്ഞതുപോലെ തന്നെ എടുത്തു പറയേണ്ട കാര്യമാണ് ഈ പരിപാടികളെ സമ്പന്നമാക്കിയ കലാകാരൻമാരുടെയും സഹൃദയസദസ്സിന്റെയും നിസ്സീമമായ സഹകരണവും. കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളിൽ നിന്നും, പ്രത്യേകിച്ചും വടക്കൻ പ്രദേശങ്ങളിൽ നിന്ന്, ധാരാളം കഥകളി ആസ്വാദകർ ഈ പരിപാടിയിൽ പങ്കെടുക്കുവാനായി എത്തിയിരുന്നു (എന്നെപ്പോലെ കുറേപ്പേർ കേരളത്തിനു വെളിയിൽ നിന്നും എത്തിയവരായിരുന്നു). ശങ്കരൻ കുട്ടിയോടുള്ള സ്നേഹവും ആദരവും അതിലുപരിയായി കഥകളിയെന്ന കലയോടുള്ള സ്നേഹവും ആദരവും ആയിരിക്കണമല്ലോ വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും കഷ്ട്ടപ്പെട്ടു യാത്രചെയ്തു, അസൗകര്യങ്ങളുടെ നടുക്കും, രണ്ടു ദിനരാത്രങ്ങൾ ഇവിടെ ചിലവഴിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ഈ നല്ല മനസ്സിന്, കഥകളി സംസ്കാരം നിറഞ്ഞ എന്റെ ജന്മനാടിന്റെ പേരിൽ, ഒരു കഥകളിആസ്വാദകൻ എന്ന നിലയിൽ, നിങ്ങളേവരോടും ഞാൻ നന്ദി പറയുന്നു.

സമൂഹത്തിലെ നിരവധി വിശിഷ്ട വ്യക്തികളെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ടു, വിവിധപരിപാടികളോടെ നടത്തപ്പെടുന്ന ഏതു സംരംഭത്തിന്റെയും വിജയത്തിന്, വളരെ കൃത്യതയോടെ അതിന്റെ പിറകിൽ ഒരു സംഘാടകസമിതി പ്രവർത്തിക്കേണ്ടതുണ്ട്. 'ശങ്കരാദരണ'ത്തിൻറെ വിജയത്തിനു പിന്നിലും ഊർജ്ജ്വസ്വലമായ ഒരു സംഘാടകസമിതിയുടെ കയ്യൊപ്പുകൾ തീർച്ചയായും ഉണ്ട്. ഇന്നത്തെ ലോകത്തിൽ  'ശങ്കരാദരണം' പോലെയുള്ള പരിപാടികളുടെ വിജയത്തിന് നവമാദ്ധ്യമരംഗങ്ങൾക്കു  വഹിക്കാവുന്ന പങ്കു കുറച്ചൊന്നുമല്ല. ഈ പരിപാടിയെ ഫേസ്ബുക്കിലൂടെയും മറ്റും ജനങ്ങളിലേക്കെത്തിക്കുന്നതിനും സഹൃദയലോകത്തിന്റെ ശ്രദ്ധ ഏവൂരിലേക്കു ആകർഷിക്കുന്നതിനും വേണ്ടി ഇതിന്റെ പബ്ലിസിറ്റിസമിതി, പ്രത്യേകിച്ചും ഏവൂർക്കാരനായ ഹരി ചിറ്റക്കാടൻ നടത്തിയിട്ടുള്ള ശ്രമങ്ങൾ തികച്ചും പ്രശംസനീയമാണ്. ഏവൂർ പ്രദേശത്തിന്റെയും ക്ഷേത്രത്തിന്റെയും ക്ഷേത്രസാംസ്കാരിക വിഷയങ്ങളുടെയും ഉന്നതിക്കായി വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 'അനുഷ്ട്ടാനം' ക്ഷേത്രകലാസമിതിയുടെയും ഏവൂരിലെ എല്ലാ കലാസ്നേഹികളുടെയും , നിസ്സീമമായ സഹകരണം, ഈ പരിപാടിയുടെ പ്രാദേശികമായ ഒരുക്കങ്ങൾ ഭംഗിയായി നടത്തുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. 'ശങ്കരാദരണ' ത്തിലെ രണ്ടുദിവസം നീണ്ടു നിന്ന പരിപാടികൾ വളരെ  സമയകൃത്യതയോടെ നടപ്പാക്കുന്നതിലും പരിപാടികളെക്കുറിച്ചുള്ള തത്സമയ അറിയിപ്പുകളും വിവരണങ്ങളും സുന്ദരമായ മലയാളഭാഷയിൽ സദസ്യർക്കു നൽകുന്നതിലും കഥകളി നടൻ കൂടിയായ മധു വാരണാസി വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്.

അങ്ങിനെ രണ്ടു ദിവസത്തെ 'ശങ്കരാദരണം' ഗംഭീരമായി പര്യവസാനിച്ചു. പ്രകൃതിയിൽ, ഈശ്വരനല്ലാതെ, ഒന്നിനും തന്നെ പൂർണ്ണത അവകാശപ്പെടാൻ കഴിയില്ലല്ലോ? ഗംഭീരമായി നടന്ന 'ശങ്കരാദരണ'ത്തിനും കണ്ണു കിട്ടാതിരിക്കാൻ വേണ്ടി ചില അപൂർണ്ണതകൾ ഉണ്ടായേ മതി. ഈ പരിപാടികളുടെ നടത്തിപ്പിൽ നാട്ടുകാർക്കും പ്രാദേശിക കലാകാരന്മാർക്കും തെക്കൻ കഥകളി രംഗത്തിലുള്ള തലമുതിർന്ന കലാകാരന്മാർക്കും അർഹമായ സ്ഥാനം സംഘാടകർ നൽകിയില്ലെന്ന ആക്ഷേപം പല കോണുകളിൽ നിന്നും മുഴങ്ങിക്കേട്ടു. ഏവൂർക്കാരനാണെങ്കിലും കേരളീയ കഥകളി രംഗത്തിന്റെ മൊത്തം സ്വത്താണ് പത്തിയൂർ ശങ്കരൻകുട്ടിയെന്ന കലാകാരൻ എന്നതിനാൽ 'ശങ്കരാദരണ'ത്തിൽ പ്രാദേശികത്വത്തിനു പ്രാധാന്യം നൽകിയില്ലെന്നു പറയുന്നതിൽ വലിയ കാര്യമുണ്ടെന്നെനിക്കു തോന്നുന്നില്ല. എന്നാൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഇതുപോലൊരു കഥകളി ഉത്സവം ഏവൂരിൽ നടക്കുമ്പോൾ തെക്കൻ കഥകളി രംഗത്തിലുള്ള തലമുതിർന്ന കലാകാരന്മാരെ ബഹുമാനപുരസ്സരം ഈ പരിപാടിയിലേക്കു ക്ഷണിക്കുന്നതിൽ മന:പൂർവമായ വീഴ്ചകൾ സംഘാടകർ വരുത്തിയിട്ടുണ്ടെകിൽ അത് അക്ഷന്തവ്യമായ അപരാധമാണുതാനും. സ്വന്തം സ്വത്വത്തെ തമസ്‌ക്കരിച്ചുകൊണ്ടുള്ള ഏതു മുന്നേറ്റവും സംസ്കാരശൂന്യതയായി മാത്രമേ ബോധമുള്ളവർക്കു കരുതാൻ കഴിയൂ. ഈ വിഷയത്തെപ്പറ്റി 'ശങ്കരദരണത്തി'ന്റെ മുഖ്യ കാര്യദർശി ഡോ. സുരേഷ്‌കുമാറിനോട്‌  ഞാൻ സംസാരിച്ചതിൽ നിന്നും സംഘാടകർ മന:പൂർവമായി വീഴ്ച ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നും ഇതുപോലെയൊരു വലിയ പരിപാടി സംഘടിപ്പിക്കുമ്പോൾ എവിടെയും സംഭവിക്കാവുന്ന ചില പോരായ്മകൾ ഇവിടെയും സംഭവിച്ചിട്ടുണ്ടാകാം എന്നു മാത്രമേ ചിന്തിക്കേണ്ടതുള്ളൂ എന്നുമാണ് എനിക്കു തോന്നിയത്. അതല്ല, ആർക്കെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ കൂടി, നമ്മുടെ ഇടയിൽ നിന്നും കഥകളിക്കാകമാനം അഭിമാനകരമായ രീതിയിൽ  ഒരു കലാകാരൻ വളർന്നു വലുതായ സന്തോഷത്തിൽ നമുക്കതൊക്കെ മറക്കാം.  സഹൃദയലോകത്തിന്റെയാകെ ശ്രദ്ധ മുഴുവൻ നമ്മുടെ ഏവൂർ ഗ്രാമത്തിലേക്കു കേന്ദ്രീകരിപ്പിക്കത്തക്കവണ്ണം രണ്ടുദിവസം നീണ്ടുനിന്ന 'ശങ്കരാദരണം' വിഭാവനം ചെയ്‌തു ഗംഭീരമായി നടപ്പാക്കിയ സംഘാടകരെ നമുക്ക് അകമഴിഞ്ഞ് അഭിനന്ദിക്കാം.

'ശങ്കരാദരണ'പ്പിറ്റേന്നു തിങ്കളാഴ്ച രാവിലെ വരുന്ന വഴിയിൽ വീണ്ടും അമ്പലത്തിലൊന്നു കയറി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നാദമുഖരിതമായിരുന്ന അന്തരീക്ഷം, ഇപ്പോൾ നാമജപങ്ങളൊഴിച്ചാൽ, നിശ്ശബ്ദമായിരിക്കുന്നു. ആറാട്ടും കഴിഞ്ഞു ആനയും പോയ പ്രതീതി. എല്ലാ ആഘോഷങ്ങളുടെയും കാര്യം ഇതു തന്നെയാണ്; എല്ലാം അവസാനം ചെന്നെത്തി നിൽക്കുന്നത് ഈ നിശ്ശബ്ദതയിലാണ്; ആത്മഭാവത്തെ തിരിച്ചറിയാൻ കഴിയുന്ന ഈ പ്രശാന്തിയിലാണ്. കലാസപര്യകളിലൂടെ നേടേണ്ടതും ഏറെക്കുറെ ഇതു തന്നെയാണ്. ശ്രീമദ് ഭഗവത് ഗീതയുടെ വ്യാഖ്യാനത്തിലൂടെ ഞാൻ ചെയ്തുകൊണ്ടിരുന്ന ആത്മാന്വേഷണം കുറെ നാളായി മുടങ്ങിക്കിടക്കയാണ്. അതിലേക്കു തിരിച്ചുപോകേണ്ടതുണ്ട്. താൽപര്യമുള്ളവർക്ക്‌ എന്നോടൊപ്പം ഈ ബ്ലോഗിൽ (www.dhanyaasi.blogspot.in) നിന്നും ഗീതാമൃതം നുകരാം. എല്ലാവർക്കും എൻ്റെ നമസ്ക്കാരം.