Wednesday, December 25, 2013

ആരാണീ ഈശ്വരൻ?


'ആരാണീ ഈശ്വരൻ' എന്ന താഴെക്കാണുന്ന കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോളാണ് ഇതിലെ  ഈശ്വരവിഷയവുമായി ബന്ധമുള്ള രണ്ടു  പരാമർശങ്ങൾ ശ്രദ്ധയിൽപെടാൻ   ഇടയായത്; ഒന്ന് ഏഷ്യാനെറ്റ്‌ ടി.വി. യിൽ പ്രശസ്ത പിന്നണി ഗായിക ചിത്രയുമായുള്ള അഭിമുഖത്തിൽ ചിത്ര പറഞ്ഞതും മറ്റൊന്ന് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ രണ്ടാം ദിവസം റവ.പി.കെ.സഖറിയ കല്ലിശ്ശേരി പറഞ്ഞതായി ഞായറാഴ്ച്ചത്തെ മലയാള മനോരമ ദിനപ്പത്രത്തിൽ കണ്ടതും. താൻ വലിയ ഈശ്വരവിശ്വാസി ആയിരുന്നെന്നും അമ്പലങ്ങളായുള്ള അമ്പലങ്ങൾ മുഴുവൻ സന്ദർശിച്ചു തനിക്കും തന്നെ സ്നേഹിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കുമായിരുന്നെന്നും എന്നാൽ തന്റെ മകളുടെ വേർപാടിനു ശേഷം മരവിച്ചു പോയ മനസ്സിൽ ഈശ്വരനുള്ള സ്ഥാനം കുറഞ്ഞുപോയതിനാൽ അമ്പലത്തിൽ പോക്കു തന്നെ കുറഞ്ഞെന്നും ഇനി പോയാൽ തന്നെ ഒന്നും പ്രാർഥിക്കാൻ തോന്നാത്ത അവസ്ഥയിലാണ് തന്റെ മനസ്സ് എന്നുമാണ് ചിത്ര പറഞ്ഞത്. ചിത്ര ചിന്തിക്കുന്നതുപോലെ തന്നെയാണ് ബഹുഭൂരിപക്ഷം ഭക്തരും ചിന്തിക്കുന്നത്; തനിക്കനുകൂലമായതു സംഭവിക്കുമ്പോൾ ഈശ്വരനോട്‌ സ്നേഹവും പ്രതികൂലമായതു സംഭവിക്കുമ്പോൾ ഈശ്വരനോടു ദ്വേഷവും തോന്നുക. നമ്മുടെ സുഖദുഖങ്ങൾക്കു കാരണക്കാരൻ നമ്മിൽ നിന്നന്ന്യനായ ഈശ്വരനാണ് എന്ന നമ്മുടെ തെറ്റായ ചിന്തയിൽ നിന്നാണ് ഈ ഈശ്വരസ്നേഹവും ഈശ്വരവിദ്വേഷവും  ജനിക്കുന്നത്. നമ്മുടെ കർമ്മങ്ങൾക്കുള്ള (പൂർവജന്മ കർമ്മങ്ങൾക്കും എന്നും പറയാം) ഫലങ്ങളാണ് നമുക്ക് കിട്ടുന്നതെന്നും അത് അനുഭവിക്കാൻ നാം ബാധ്യസ്ഥരാണെന്നും ഇതിനൊന്നും ഈശ്വരനുമായി യാതൊരു ബന്ധവുമില്ലെന്നും നമ്മുടെ ആത്മീയഗ്രന്ഥങ്ങൾ (സനാതനധർമ്മം)  അടിവരയിട്ടു പറയുന്നുണ്ട്. പക്ഷെ നമ്മൾ അതൊന്നും കേൾക്കുന്നില്ല, കേൾക്കാൻ താത്പര്യം കാണിക്കുന്നില്ല. കിട്ടിയ ജന്മത്തിനും അതിന്മൂലം വന്നു ഭവിക്കുന്ന സുഖദുഖങ്ങൾക്കും നന്ദി പറയാൻ മാത്രമേ മനുഷ്യന്‌ കഴിയൂ. ഈശ്വരാരോപിതാമാകുന്ന മറ്റെല്ലാ ഭയാശങ്കകളും സ്നേഹവിദ്വേഷഭാവങ്ങളും എല്ലാം സമൂഹവും ഇതുകൊണ്ടൊക്കെ ഗുണമുണ്ടാകുന്ന കുറെ ആളുകളും ചേർന്ന് നമ്മുടെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നതാണെന്ന്  മനസ്സിലാക്കാനുള്ള വിവേക ബുദ്ധിയാണ് ഭക്തനു വേണ്ടത്. ദുഖത്തിലും സുഖത്തിലും പാട്ടുപാടി ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുന്നവനാണ് യഥാർത്ത ഈശ്വരവിശ്വാസി എന്നാണു റവ. സഖറിയ കല്ലിശ്ശേരി പറഞ്ഞത്. അതാണ്‌ ശരിയും. പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും സമൂഹത്തിനും ദോഷം വരുന്ന കർമ്മങ്ങൾ ചെയ്യാതിരിക്കുകയും ഗുണം ഉണ്ടാകുന്ന കർമ്മങ്ങൾ ചെയ്യുകയും ഈശ്വരനെ  വാഴ്ത്തിപ്പാടുകയുമേ മനുഷ്യന്‌ ചെയ്യാൻ കഴിയൂ. ഈ പുതുവർഷത്തിൽ അതാകട്ടെ നമ്മുടെ ലക്ഷ്യവും.

സന്തോഷവും മാധാനവും നിറഞ്ഞ, ഈശ്വരോന്മുഖമായ ഒരു പുതുവർഷം ഏല്ലാ-വർക്കും നേർന്നു കൊള്ളുന്നു. 

ആരാണീ ഈശ്വരൻ?

വേദോപനിഷത്തുക്കളും പുരാണേതിഹാസങ്ങളും അതേതുടർന്ന് ഉണ്ടായിട്ടുള്ള ഈശ്വരവിഷയങ്ങളായ മറ്റെല്ലാ ഭാരതീയ ചിന്താധാരകളും ഈശ്വരനായി കണ്ട് പ്രകീർത്തിക്കുന്നത് ചരാചരങ്ങൾക്കുള്ളിൽ കുടികൊള്ളുന്ന ചൈതന്യത്തെ, അല്ലെങ്കിൽ അന്തരാത്മാവിനെയാണ്. കണ്ണിനു കാഴ്ച നൽകുന്നത്, ചെവിയെ കേൾക്കാൻ പ്രാപ്തമാക്കുന്നത്, ബുദ്ധിയെ ക്കൊണ്ട് ചിന്തിപ്പിക്കുവാൻ സഹായിക്കുന്നത് ഏതൊന്നാണോ അതിനെയാണ് ഈശ്വരൻ എന്ന വാക്കു കൊണ്ടു  ഭാരതീയ ദർശനശാസ്ത്രം ലക്ഷ്യമാക്കുന്നത്. പ്രപഞ്ചവസ്തുക്കളെ ആകർഷണ-വികർഷണങ്ങളിലൂടെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്ന ഒരു ശക്തിവിശേഷം ഉണ്ടെന്നു ശാസ്ത്രബുദ്ധ്യാ നമുക്ക് മനസ്സിലാക്കാം. പ്രപഞ്ചത്തെ ഇക്കാണുന്ന രൂപത്തിൽ നിലനിർത്തുന്ന ഒരു unifying force ഉണ്ടെന്നു വിശ്വവിഖ്യാത  ഭൌതികശാസ്ത്രന്ജനായ ആൽബെർട്ട്  ഐൻസ്റ്റൈനും  വിശ്വസിച്ചിരുന്നത്രേ.  സർവവ്യാപിയായ ഈ പ്രപഞ്ചശക്തിയാണ് പരമാത്മാവ്‌ അല്ലെങ്കിൽ വിശ്വമന:സ്സാക്ഷി എന്നു ചിന്തിച്ചാൽ, അതു പ്രപഞ്ചത്തിലെ കോടാനുകോടി ചരാചരങ്ങളിൽ മന:സാക്ഷി യായി ജീവാത്മരൂപത്തിൽ പ്രകാശിച്ചു നിൽക്കുന്നുവെന്നും ചിന്തിക്കാം. നവദ്വാരങ്ങളുള്ള ശരീര (ദേഹം) മാകുന്ന പുരത്തിൽ ഈ ആത്മചൈതന്യമാകുന്ന ദേഹി വസിക്കുന്നു (നവദ്വാരേ പുരേ ദേഹി, ഗീത: 5:13). ഈ ചൈതന്യം ഒന്നുകൊണ്ടു മാത്രം ശരീരത്തിനു 'ജീവൻ' ഉണ്ടാകുന്നു. ജീവനുള്ള ശരീരത്തിൽ നിന്നും ഈ  ചൈതന്യം അകന്നു കഴിഞ്ഞാൽ അവശേഷിക്കുന്നത് പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ  ജഡശരീരം മാത്രമാണ്; അതു പഞ്ചഭൂതങ്ങളിലേക്ക് തിരികെ ലയിച്ചു ചേരുകയും ചെയ്യും. അതായത് നമ്മുടെ അസ്തിത്വം എന്നു പറയുന്നത് ഈ 'ഈശ്വര' ചൈതന്യമാണ്. ഇതിന്റെ മറ്റൊരു പേരാണ് 'ഭഗവാൻ'. 'അഹം ബ്രഹ്മാസ്മി' (ഞാൻ ബ്രഹ്മമാകുന്നു), 'ഈശാവാസ്യമിദം സർവം' (ഇക്കാണുന്നതെല്ലാം ഈശ്വരനാണ് ), 'പ്രജ്ഞാനം ബ്രഹ്മ' (അറിവാണ് ബ്രഹ്മം), 'തത്വമസി' (നീ അതാകുന്നു) എനീ ഉപനിഷദ് വാക്യങ്ങളുടെ എല്ലാം പൊരുളും ഇതു തന്നെ. 'ഞാൻ' എന്നു പറഞ്ഞ്‌ ഒരുവൻ വിരൽ ചൂണ്ടുന്നത് തന്റെ നിലനിൽപ്പിനാധാരമായ ആത്മചൈതന്യത്തിലേക്ക് തന്നെയാണെന്നും തന്നിൽ നിന്നും അന്യമായി മറ്റൊരു ഈശ്വരൻ ഇല്ല എന്നു വേദോപനിഷത്തുക്കൾ ഉൾപ്പെടുന്ന ഭാരതീയ ആത്മീയശാസ്ത്രം അസന്നിഗ്ദമായി ഉദ്ഘോഷിക്കുന്നു. വിദ്യുച്ഛക്തിയുടെ പ്രഭാവത്താൽ ഫാൻ, റേഡിയോ, ബൾബ്‌ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാകുന്നതു പോലെ ഈശ്വരപ്രഭാവത്താൽ സ്വത്വമാർജ്ജിച്ചു പ്രവർത്തനനിരതമാകുന്ന യന്ത്രങ്ങളത്രേ മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ പ്രപഞ്ച ചരാചരവസ്തുക്കളും.



നമ്മുടെ അസ്ഥിത്വം തന്നെ ഈശ്വരനിൽ അധിഷ്ടിതമാണെങ്കിൽ  പിന്നെ അമ്പലത്തിൽ പോയി കരഞ്ഞും നിലവിളിച്ചും ഇഷട്ടകാര്യസിദ്ധിപൂജ നടത്തിയും ഒക്കെ പ്രീതിപ്പെടുത്തി, നമ്മുടെ (നമ്മുടെ മാത്രം) കാര്യം നേടാൻ  നമ്മൾ വശത്താക്കാൻ ശ്രമിക്കുന്ന, നമ്മിൽ നിന്നും അന്യനായി നിൽക്കുന്ന ആ ഈശ്വരൻ ഏതാണ്? ഒരു ശ്രമവും നടത്താതെ നമുക്കു കിട്ടിയ ഈ ജന്മത്തിന്റെ ആധാരശില തന്നെ ഈശ്വരനാനെങ്കിൽ, പിന്നെ ഏത് ഈശ്വരനെയാണ് നാം ഭയക്കുന്നത്? ഒരു കുഞ്ഞ് തന്റെ നിലനിൽപ്പിനായി അമ്മയെ പ്രീതി പ്പെടുത്തേന്ടതുണ്ടോ, ഭയക്കേണ്ടതുണ്ടോ? നമ്മുടെ സ്വത്വമായ ഈശ്വരനെ വഴിപാടുകളിലൂടെയും മറ്റും നാം സ്വാധീനിക്കാൻ ശ്രമിക്കുന്നതിൽ ഒരു പൊരുത്തക്കേടില്ലേ?പൂജയും വഴിപാടുകളും ചെയ്തു പ്രീതിപ്പെടുത്താൻ കഴിയുന്ന ആളാണ്‌ ഭഗവാൻ എങ്കിൽ ഇതൊക്കെ ഗംഭീരമായി ചെയ്യാൻ കഴിവുള്ള ഭക്തനോടോപ്പമല്ലേ അദ്ദേഹം നില്ക്കൂ? അങ്ങനെയെങ്കിൽ ഉദയാസ്തമനപൂജയും പടിപൂജയും പോലെയുള്ള വലിയ വഴിപാടുകൾ നടത്താൻ കഴിവില്ലാത്ത സാധുവിനോടപ്പം ഈശ്വരൻ കാണില്ലെന്നോ? ഇതാണ്  ഭഗവൽപ്രകൃതം എങ്കിൽ ഭഗവാനും അഴിമതിക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥനും തമ്മിൽ എന്തു വ്യത്യാസം ആണുള്ളത്? സത്യത്തിൽ ഇതാണോ ഭഗവാൻ എന്നതിലൂടെ ഉദ്ദേശിക്കുന്നത്? നമ്മുടെ വികലമായ ചിന്തകളിൽ കൂടി നാം ഭഗവാനെ തന്നെ അധ:പതിപ്പിക്കുകയല്ലേ? വിഗ്രഹങ്ങൽക്കു ശക്തി പകരുന്നതു മനുഷ്യനാണെന്നും വിഗ്രഹങ്ങൾ ഈശ്വരന്റെ പ്രതീകം മാത്രമാണെന്നും നാം തിരിച്ചറിയണം. അച്ഛന്റെ ഫോട്ടോയും അച്ഛനും രണ്ടും രണ്ടാണെന്നും ഫോട്ടോക്ക് മുൻപിൽ ആഹാരം നൽകിയാൽ അച്ഛന് വയറു നിറയുകയില്ല എന്നും നാം മനസ്സിലാക്കണം. ഒരു നിരീശ്വരവാദിയുടെയോ യുക്തിവാദിയുടെയോ അസംബന്ധചിന്തയാണിതെല്ലാമെന്നു കരുതേണ്ടതില്ല.  ഇതെഴുതുന്ന ആൾ തികഞ്ഞ ഈശ്വരപ്രേമി തന്നെയാണ് (ഞാൻ ജീവിച്ചിരിക്കുന്നു എന്നത് സത്യം ആണെന്നതുപോലെ മുകളിൽ നിർവചിക്കപ്പെട്ട ഈശ്വരനും സത്യമാണെന്ന് അറിയുന്നതിനാൽ ഈശ്വര 'വിശ്വാസി' എന്ന പ്രയോഗം ഒഴിവാക്കുന്നു.സത്യം വിശ്വസിക്കേണ്ടതല്ല, നേരിൽ അനുഭവിക്കെണ്ടതാണ്). കാണുന്നതെല്ലാം ശരി തന്നെയെങ്കിലും നോക്കുന്ന രീതിക്ക് പോരാഴ്മകൾ ഉണ്ടെന്നു ചിന്തിക്കുന്ന ഒരാൾ എന്ന വ്യത്യാസം മാത്രം!



വിദ്യുച്ഛക്തിയെയും ഈശ്വര ചൈതന്യത്തെയും മുകളിൽ താരതമ്യം ചെയ്തപ്പോൾ ഒരു കാര്യം പറയാൻ വിട്ടുപോയി. വിദ്യുച്ഛക്തി ഒരു ഉപകരണത്തെ പ്രവർത്തിപ്പിക്കുന്നതിലും ഈശ്വരചൈതന്യം ഒരു മനുഷ്യനെ പ്രവർത്തിപ്പിക്കുന്നതിലും തമ്മിൽ പ്രകടമായ ഒരു വ്യത്യാസമുണ്ട്. ഉപകരണത്തിനു ചിന്തിക്കാൻ കഴിയില്ല, മനുഷ്യനതു കഴിയും. മറ്റു ജന്തുക്കൾക്കും ചിന്തിക്കാൻ കഴിയുമെങ്കിലും ഒരു പരിധിക്കപ്പുറത്തേക്കതിനു പോകാൻ കഴിയില്ല. പക്ഷെ മനുഷ്യന്റെ ചിന്താശക്തിക്കു പരിധിയില്ല. ഈ ബുദ്ധിശക്തി ഉപയോഗിച്ച് കാര്യങ്ങളെ വിവേകപൂർവമായി വിലയിരുത്തി, ശരി തെറ്റുകൾ മനസ്സിലാക്കി കർമ്മമണ്ഡലങ്ങളിൽ പ്രവർത്തിക്കാനാണ് നമ്മുടെ ആത്മീയ ഗ്രന്ഥങ്ങൾ ഉപദേശിക്കുന്നത്. കാര്യമെന്തെന്നറിയാതെ മറ്റുള്ളവർ ചെയ്യുന്നതോ പറയുന്നതോ കണ്ണുമടച്ചു വിശസിച്ചു 'മുന്നേ പോകുന്ന ഗോക്കൾക്കു പിന്നാലെ' എന്ന പോലെ പോകുന്ന ഭക്തർക്ക്  നഷ്ട്ടപ്പെടുന്നത് ആത്മീയത എന്ന വലിയ സമ്പത്തും അതുകൊണ്ട് മനസ്സിനുണ്ടാകാമായിരുന്ന വികാസവും അതിലൂടെ വ്യക്തിക്കും സമൂഹത്തിനും ലഭ്യമാകാമായിരുന്ന ഗുണഫലങ്ങളും ആണ്. ഈശ്വര ചൈതന്യമാണ് സ്വന്തം സ്വത്വമെന്നു തിരിച്ചറിയുകയും (self realisation) ഇതര വസ്തുക്കളിലും പ്രകാശിച്ചു നിൽക്കുന്നത് ഈ ചൈതന്യം തന്നെയാണെന്നും  മനസ്സിലാക്കി ഭേദഭാവം വെടിഞ്ഞു ലോകക്ഷേമകരമായ കർമ്മങ്ങൾ ചെയ്തു ജീവിക്കാനാണ് നമ്മുടെ ആത്മീയാചാര്യന്മാർ ഉപദേശിച്ചിട്ടുള്ളത്. 

കഴിഞ്ഞ ലക്കത്തിൽ പരാമാർശിച്ച 'ഭഗവാനെ ചിരിപ്പിക്കുന്ന ഭക്തി' യുടെ തുടർച്ചയാണല്ലോ ഈ കുറിപ്പ് ? നമ്മുടെ അജ്ഞാനവും സ്വാർഥതയും ആണ് നമ്മെ നോക്കി ചിരിക്കാൻ ഭഗവാനെ പ്രേരിപ്പിക്കുന്നതെങ്കിൽ അതു രണ്ടും ഒഴിവാക്കി പ്രാർഥിച്ചാൽ ഭഗവാൻ സന്തുഷ്ടനാകണമല്ലോ? അതെങ്ങിനെ സാധിക്കാം എന്നൊന്നു ചിന്തിക്കാം.



'ഞാൻ' എന്നു നമ്മൾ ഓരോരുത്തരും പറയുമ്പോഴും, ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യമാണ് അതു പറയാനുള്ള ശക്തി തരുന്നത് എന്നു നാം തിരിച്ചറിയണം. യാതൊരു പ്രതിഫലേച്ഛയും കൂടാതെ വിധിക്കപ്പെട്ടിട്ടുള്ള കർമ്മങ്ങൾ മുടക്കം കൂടാതെ നിർവഹിച്ചു കൊണ്ടിരിക്കുന്ന അവയവങ്ങളുടെ നിഷ്ക്കാമ കർമ്മം കൊണ്ടാണ്. നമുക്കു സംസാരിക്കാനും പ്രവൃത്തിക്കാനും കഴിയുന്നത്‌. ഒരു കുഞ്ഞിനു ഗർഭപാത്രത്തിൽ വച്ച് ജീവൻ മുളയ്ക്കുന്നത് മുതൽ അവൻ വളർന്നു വലുതായി ലോകമെല്ലാം കീഴടക്കി അവസാനം മരിക്കുന്നതു വരെ അവന്റെ ഹൃദയം നിരന്തരമായി പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ചില നിമിഷങ്ങളെങ്കിലും അതു പ്രവർത്തിക്കാൻ മടികാണിച്ചിരുന്നുവങ്കിൽ എന്തായിരുന്നേനെ കഥ? ഇത് പോലെ ശ്വാസകോശങ്ങളും വൃക്കകളും തലച്ചോറും എല്ലാം എല്ലാം തന്നെ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അതാതിന്റെ കർമ്മങ്ങൾ ചെയ്തു നമ്മളെ നിലനിർത്തുകയാണ്‌. ഇനി വെളിയിലേക്ക് നോക്കിയാലോ? അവിടെയും ഉണ്ട് വായുവും ജലവും അഗ്നിയും മരങ്ങളും എല്ലാം നമ്മളെ നിലനിർത്താൻ. ചുരുക്കത്തിൽ നമ്മൾ  നിലനിൽക്കുന്നത് തന്നെ നമ്മുടെ ഉള്ളിലും പുറത്തുമുള്ള  വസ്തുക്കളുടെ ശക്തിയും കരുണയും നിഷ്ക്കാമ കർമ്മഫലങ്ങളും കൊണ്ടാണ്. അപ്പോൾ 'ഞാൻ' എന്നു പറഞ്ഞു അഹങ്കരിക്കാൻ നമ്മുടെതായി എന്തുണ്ട്? ഒന്നുമില്ല എന്നതല്ലേ സത്യം? നമ്മുടെ ശക്തിയും കഴിവും ഒന്നും കൊണ്ടല്ലാതെ ഇങ്ങിനെ ജീവിക്കുമ്പോൾ, ഈ ജീവിതത്തിനു ആരോടോ കടപ്പെട്ടിരിക്കുന്നതായി സ്വാഭാവികമായും തോന്നേണ്ടതല്ലേ? ആ ആരോ ആണ് ഈശ്വരൻ. ആ ഈശ്വരനോട്  നന്ദി രേഖപ്പെടുത്തുന്നതിനായിട്ടാണ് (thanks giving) നമ്മുടെ പ്രാർഥനകളും നേർച്ചകളും എങ്കിൽ എത്ര നന്നായിരുന്നേനെ. നമുക്കു ശക്തിക്കൊത്ത വഴിപാടുകൾ ചെയ്യാം; പക്ഷെ ഇവിടെയും മനോഭാവം മാറേണ്ടിയിരിക്കുന്നു. ഈശ്വരകൃപയാൽ എനിക്ക് നേടാൻ കഴിഞ്ഞതിന്റെ ഒരു ഭാഗം ഇതാവശ്യമുള്ള മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്കും സമൂഹത്തിനും ഉപകാരപ്രദമാകട്ടെ എന്നു പ്രാർഥിച്ചു വഴിപാടുകൾ കഴിച്ചു നോക്കൂ. അതിന്മൂലമുണ്ടാകാവുന്ന ആത്മസംതൃപ്തിയും മനോവികാസവും വളരെ വലുതായിരിക്കും. പക്ഷെ ഇന്നു നാം ചെയ്യുന്നതോ ഇപ്പറഞ്ഞതിനു നേർവിപരീതമായും. ഫലമോ, ഈശ്വരഭക്തി കൊണ്ട് വികാസം പ്രാപിച്ചു സമൂഹനന്മക്കുപകരിക്കേണ്ടിയിരുന്ന മനസ്സ് 'സ്വാർത്ഥ മോഹങ്ങൾ തൻ പ്രേതാലയങ്ങൾ മാത്ര' മായി   ചുരുങ്ങിപ്പോയിരിക്കുന്നു. 'ഭക്തരു'ടെ എണ്ണം അഭൂതപൂർവമായി വർദ്ധിക്കുമ്പോൾ തന്നെ അശാന്തിയും സമൂഹത്തിൽ പടര്ന്നുപിടിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിൽ ഒരു വിരോധാഭാസമില്ലേ? ഭക്തി കൂടുന്നതിന് അനുസരിച്ച് കുടുംബങ്ങളിലും സമൂഹത്തിലും അസമാധാനവും മന:സംഘർഷവും വർദ്ധിക്കുന്നുവെങ്കിൽ അതു യതാർത്ഥ ഭക്തിയല്ല, വികലഭക്തിയാണ് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. 

ഈശ്വരഭക്തിയുടെ ഈ മണ്ഡലകാലത്ത് ഭക്തിയെക്കുറിച്ചുള്ള ഈ തിരിച്ചറിവ് എല്ലാ ഭക്തന്മാർക്കും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു. 

Tuesday, December 3, 2013

ഭഗവാനെ ചിരിപ്പിക്കുന്ന ഭക്തർ

പൂജ്യശ്രീ. ചിന്മയാനന്ദ സ്വാമികളുടെ ഒരു ഗീതാപ്രഭാഷണത്തിൽ പറയുന്നതു കേട്ടു, 'കല്ലിലും മാർബിളിലും തീര്‍ത്ത നമ്മുടെ ദൈവങ്ങള്‍ എല്ലാം ചിരിച്ച മുഖത്തോടെയാണിരിക്കുന്നത്‌'. ഇതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. വിഗ്രഹത്തിന്റെ മുന്‍പില്‍ ചെന്നു നിന്ന് ഭക്തര്‍ പറയും,' അങ്ങു സര്‍വജ്ജനാണ്‌, സാര്‍വ്വവ്യാപിയാണ്, സർവ്വസാക്ഷിയാണ്. എന്റെ സങ്കടങ്ങൾ അങ്ങൊന്നു കേൾക്കണം'. അപ്പോൾ ഭഗവാൻ പറയും, 'കുഞ്ഞേ, നീ പറയാതെ തന്നെ എനിക്കെല്ലാം അറിയാം, അതല്ലേ നീ ഇപ്പോൾ പറഞ്ഞ വിശേഷണങ്ങളുടെ അർത്ഥം തന്നെ'. അപ്പോൾ ഭക്തൻ: 'ഞാൻ പറഞ്ഞത് ശരി തന്നെ ഭഗവാനേ, പക്ഷെ എന്റെ സങ്കടങ്ങൾ എല്ലാം അങ്ങ് അറിഞ്ഞിരിക്കണമെന്നില്ല, അതുകൊണ്ട് അതെല്ലാം ഒന്നു മനസ്സു  തുറന്നു പറയാൻ എന്നെ അനുവദിക്കണം'. ശരി, ഭഗവാൻ സമ്മതിച്ചു; ഭക്തൻ തന്റെ സങ്കടങ്ങൾ ഒന്നൊന്നായി ഭഗവാന്റെ മുൻപിൽ അവതരിപ്പിക്കാൻ തുടങ്ങി. ഇടതടവില്ലാതെ ഒഴുകുന്ന ആ കദനകഥയും പരിഭവവും ആഗ്രഹാഭിലാഷങ്ങളും എല്ലാം കേട്ടു ഭഗവാൻ പറഞ്ഞു; 'ഒന്നു നിർത്തിക്കോളൂ, ഇതുവരെ പറഞ്ഞതിനൊരു പരിഹാരം ഞാനൊന്നു ചിന്തിച്ചോട്ടെ'. അതു കേട്ടു ഭക്തൻ: 'വേണ്ട ഭഗവാനേ, എന്റെ കാര്യത്തിന്റെ ഗൌരവം അങ്ങേക്ക് ശരിക്കും പിടികിട്ടണമെങ്കിൽ, അതെല്ലാം ഒറ്റയടിക്ക് അങ്ങു കേൾക്കണം'. ഭക്തൻ വികാരഭരിതനായി വേവലാതികൾ നിരത്തി നിരത്തി മുന്നേറുമ്പോൾ ഗത്യന്തരമില്ലാതെ ഭഗവാൻ ചിരിച്ചുപോയി. നിരന്തരമായ ഈ ചിരിയിൽ ഉറഞ്ഞുപോയ വിഗ്രഹം ചിരിച്ച മുഖത്തോടെയല്ലാതെ പിന്നെങ്ങനെയാകാൻ?

ഏതാണ്ട് ഇതേ ഒരു സാഹചര്യത്തിൽ ഭഗവാൻ പണ്ടും ചിരിച്ചിട്ടുണ്ട് - ഗീതോപദേശവേളയിൽ കുരുക്ഷേത്രഭൂമിയിൽ വച്ച്. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു കഴിഞ്ഞ് ധർമ്മ സംസ്ഥാപനത്തിനായി യുദ്ധം ചെയ്യാൻ ഭഗവാൻ തെളിച്ച തേരിൽ അർജുനൻ കുരുക്ഷേത്രത്തിൽ എത്തി. തന്നെപ്പോലൊരു ലോകൈകവീരനെ ജയിക്കാൻ കെൽപ്പുള്ള ആ സേനയെ ഒന്നു കാണണമല്ലോ എന്ന സാമാന്യം ഹുങ്കോടെ 'രഥം രണ്ടു സേനകളുടെയും മദ്ധ്യത്തിൽ കൊണ്ടുപോയി നിർത്തിയാട്ടെ കൃഷ്ണാ' (സേനയോരുഭയോർമദ്ധ്യേ രഥം സ്ഥാപയമേച്യുതാ: ഗീത:1:21) എന്നു പറഞ്ഞതനുസരിച്ച് കൃഷ്ണൻ രഥം രണ്ടു സൈന്യങ്ങൾക്കും മദ്ധ്യത്തിലായി കൊണ്ടു നിർത്തി. കൃഷ്ണൻ തങ്ങളോടൊപ്പം ഉണ്ടെന്നുള്ള അഹങ്കാരത്തോടെ കൌരവസേനയെ നോക്കിക്കാണാൻ വന്ന അര്ജുനൻ പക്ഷെ കണ്ടത് രണ്ടു സേനകളിലുമായി യുദ്ധസന്നദ്ധരായി നില്ക്കുന്ന തന്റെ ആചാര്യന്മാരെയും ബന്ധുമിത്രാദികളെയും സ്നേഹിതരെയും ആണ്; തന്റെ എതിരാളികളെ അല്ല. സ്നേഹപാശത്താൽ ബന്ധിതനായ അർജുനൻ, കുരുക്ഷേത്രത്തിൽ താൻ  എങ്ങിനെയാണ്, എന്തിനാണ് എത്തിയതെന്ന് മറന്നു. 'കൃഷ്ണാ, യുദ്ധം ചെയ്യാൻ തയ്യാറായി നില്ക്കുന്ന എന്റെ ബന്ധുജനങ്ങളെ കണ്ടിട്ട് എന്റെ ശരീരത്തിൽ വിറയലും രോമാഞ്ചവും ഉണ്ടാകുന്നു, എന്റെ കൈകാലുകൾ തളരുന്നു, എന്റെ കൈയ്യിൽ നിന്നും ഗാണ്ടീവം താഴെപ്പോകുന്നു, എന്റെ ശരീരം ആസകലം പോള്ളൂന്നപോലെ....' തുടങ്ങിയ വേവലാതികൾ പറഞ്ഞു കരയാൻ തുടങ്ങി. ഈ കരച്ചിൽ പോരാഞ്ഞിട്ട്, ലോകസ്വഭാവത്തെക്കുറിച്ചും യുദ്ധത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ചുമൊക്കെ തനിക്കുള്ള വിവരം കൃഷ്ണനോട് വിളമ്പാനും തുടങ്ങി. 'കൃഷ്ണാ, യുദ്ധത്തിൽ സ്വന്തം ആളുകളെ ഹനിച്ചിട്ട് യാതൊരു നന്മയും ഉണ്ടാകാനില്ല, ഇവരെയൊക്കെ കൊന്നിട്ട് നേടുന്ന രാജ്യം കൊണ്ട് എന്ത് പ്രയോജനം?, ഞാനിവരെ കൊല്ലുന്നതിനേക്കാൾ അഭികാമ്യം ഇവരുടെ കൈകളാൽ ഞാൻ മരിക്കുന്നതായിരിക്കില്ലേ?, യുദ്ധം ചെയ്‌താൽ കുലക്ഷയം സംഭവിക്കും, അങ്ങിനെയായാൽ നമ്മുടെ സ്ത്രീകൾ ദുഷിച്ചു മിശ്രജാതികൾ ഉണ്ടായി കുലനാശം സംഭവിക്കും, കുലധർമ്മം നശിപ്പിച്ച ഞങ്ങൾക്കു നരകവാസമായിരിക്കും ഫലം ......' എന്നിങ്ങനെ പലതും പുലമ്പി ദുഖത്താൽ മനസ്സിടിഞ്ഞവനായി തളർന്നു തേർത്തട്ടിൽ ഇരുപ്പുമായി. ഇതു കണ്ട കൃഷ്ണൻ പറഞ്ഞു, 'ഹേ  അർജുനാ, ഭീരുത്വത്തെ പ്രാപിക്കാതെ, നിസ്സാരമായ ദുർബ്ബലതയെ ത്യജിച്ചിട്ട് എഴുന്നേൽക്കൂ ('ക്ലൈബ്യം മാസ്മ ഗമ, പാർത്ഥ നൈതത്ത്വയ്യുപപദ്യതേ, ക്ഷുദ്രം ഹ്രുദയദൗർബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ' - ഗീത 2:3). ആര്യന്മാർക്കു യോജിക്കാത്ത ഈ മനക്കുഴപ്പം നിനക്കെങ്ങിനെയുണ്ടായി.......? ഇതൊന്നും കേട്ടിട്ടും അർജുനൻ വിട്ടു കൊടുക്കാൻ കൂട്ടാക്കാതെ തന്റെ നിലപാടുകൾക്കുള്ള ന്യായീകരണങ്ങൾ ഒന്നൊന്നായി വീണ്ടും നിരത്താൻ തുടങ്ങി. ഗത്യന്തരമില്ലാതെ ഭഗവാൻ ചിരിച്ചു പോയി; അർത്ഥഗർഭമായി
 ('തമുവാച ഹൃഷീകേശ, പ്രഹസന്നിവ ഭാരത '(ഗീത: 2 :10).


അതേ, സ്നേഹനിധിയായ ഭഗവാനെ കളിയാക്കി ചിരിപ്പിക്കാൻ പ്രേരിപ്പിക്കുന്ന അർജുനത്വം നമ്മൾ 'ഭക്ത'രുടെ മുഖമുദ്രയായിക്കഴിഞ്ഞു. നാം ചെയ്യേണ്ടത് ചെയ്യാതെ അമ്പലത്തിൽ പോയി പ്രാർഥിച്ചും വഴിപാടുകൾ കഴിച്ചും ഭഗവാനെ പ്രീതിപ്പെടുത്തി തന്റെ കാര്യങ്ങൾ (തന്റെയും കുടുംബത്തിന്റെയും മാത്രം) നേടിയെടുക്കാം എന്ന മൂഡചിന്തയിൽ അഭിരമിച്ചു കഴിയുകയാണ് ഭക്തരിലേറെയും ഇന്ന്. സ്വന്തമായി അദ്ധ്വാനിക്കുന്നതിനെ നമുക്കു മടിയുള്ളൂ; ആരെങ്കിലും അദ്ധ്വാനിച്ചു നമുക്കു വേണ്ടതെല്ലാം നേടിത്തന്നാൽ പരമ സന്തോഷം. അതിനായി എത്ര പണം മുടക്കാനും നമ്മൾ തയ്യാർ. ഈ ഹെൽപ്പർ ലിസ്റ്റിൽ ഇപ്പോൾ ഭഗവാനാണ് മുകളിൽ. ഇവിടെയാണ്‌ ഭഗവത് ഗീത പ്രസക്തമാകുന്നത്. 

'ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് 
ആത്മൈവ ഹ്യാത്മനോ ബന്ധു: ആത്മൈവ രിപുരാത്മന:' (ഗീത:6:5)
  
(ആത്മാവിനെ ആത്മാവിനെക്കൊണ്ടു തന്നെ ഉദ്ധരിക്കണം, ആത്മാവിനെ അധ:പതിപ്പിക്കരുത്. എന്തെന്നാൽ താൻ തന്നെയാണ് തന്റെ ബന്ധു, താൻ തന്നെയാണ് തന്റെ ശത്രുവും). 

അതെ, നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദികൽ നമ്മൾ തന്നെ. അതിനു ഈശ്വരനും (നമ്മൾ ചിന്തിക്കുന്ന വിധത്തിലുള്ള) ജ്യോത്സനും ഒന്നും പങ്കില്ല എന്നാണല്ലോ ഭഗവാൻ തന്നെ ഇപ്പറഞ്ഞതിന്റെ അർത്ഥം. ഭഗവാൻ പറഞ്ഞിട്ടു പോലും കേൾക്കാൻ കൂട്ടാക്കാതെ അദ്ദേഹത്തെ നിരന്തരമായി ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭക്തരെ നോക്കി ഇളിച്ചു ചിരിക്കുകയല്ലാതെ  മറ്റെന്തു ചെയ്യാൻ കഴിയും അദ്ദേഹത്തിന്? 

ഭഗവാനെ ശരിക്കും സന്തോഷിപ്പിക്കാൻ നമുക്കു കഴിയുമോ? അതിലൂടെ സ്വയം ഉയരുവാൻ നമുക്കു കഴിയുമോ?  ഭക്തിയുടെ ഈ മണ്ഡലകാലത്ത് ചിന്തിക്കേണ്ട വിഷയമാണിത്. ചിന്തിക്കാം; അടുത്ത ലക്കത്തിലാവട്ടേ.