Thursday, March 6, 2014

ചെട്ടികുളങ്ങര ഭരണി ഉത്സവവും കുത്തിയോട്ടവും

ഇന്ന് ചെട്ടികുളങ്ങര ഭരണി നാളാണ്. ജാതി-വർണ്ണ ഭേദമെന്യെ ചെട്ടികുളങ്ങരക്കാർ ഏവരും ആഘോഷിക്കുന്ന സുദിനം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തിന്റെ തനതു സംസ്കാരവും കലാസവിശേഷതകളും വിളിച്ചോതുന്ന ഉത്സവമാണ് ചെട്ടികുളങ്ങര ഭരണി.  ഈ ഉത്സവത്തിന്റെ ഭാഗമായുള്ള ചെട്ടികുളങ്ങര കുത്തിയോട്ടവും അനിതരസാധാരണമായ കെട്ടു-കാഴ്ച്ച ഭംഗികളും യുനെസ്കോ പൈതൃകോത്സവ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 








കുത്തിയോട്ടം
ശിവരാത്രി നാളിൽ തുടങ്ങി ഭരണി നാളിൽ അവസാനിക്കുന്ന ഒൻപതു നാളുകളിൽ കുത്തിയോട്ട ലഹരിയിലായിരിക്കും പതിമൂന്നു കരകൾ ഉൾപ്പെടുന്ന ചെട്ടികുളങ്ങര പ്രദേശം മുഴുവനും. തങ്ങളുടെ നിലനിൽപ്പിനാധാരമായ പ്രകൃതി വിഭവങ്ങൾ തന്നനുഗ്രഹിക്കുന്ന പ്രകൃതിശക്തികളെ  പ്രീതിപ്പെടുത്താൻ ഇവിടങ്ങളിലെ പ്രാകൃത ജനത അനുഷ്ടിച്ചുപോന്ന ഉപാസനയിലായിരിക്കണം കുത്തിയോട്ടത്തിന്റെ തുടക്കം. അതുകൊണ്ട് തന്നെ കുത്തിയോട്ടത്തിന്റെ അനുഷ്ടാനങ്ങളിൽ പലതിനും നരബലിയോടു സാമ്യമുണ്ട്‌.


കുത്തിയോട്ട വഴിപാടു നടത്തുന്ന കുടുംബം ചെട്ടികുളങ്ങര  ഇഷ്ടദേവതയ്ക്ക് അത് സ്വീകാര്യമാണോ എന്ന് ജ്യോതിഷ വിധി തേടുന്നതാണ് ഈ ആചാരത്തിന്റെ തുടക്കം. അത് സമ്മതമെങ്കിൽ അടുത്തതായി എട്ടു മുതൽ പന്ത്രണ്ടു വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികളെ (സാധാരണ രണ്ടു കുട്ടികൾ. ഇതിൽ കൂടുതലും ഇപ്പോൾ കണ്ടുവരുന്നുണ്ട്) ദത്തെടുക്കും. നരബലിക്കെന്നു സങ്കൽപ്പിക്കുന്ന ഈ കുട്ടികൾ വൃതശുദ്ധിയോടെ കുത്തിയോട്ട വീട്ടിൽ തന്നെ കഴിയണം. ഇവരുടെ ഏതാഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ വഴിപാടുകാർ ബാധ്യസ്ഥരാണ്. ഇനി ഈ കുട്ടികളെ കുത്തിയോട്ട ചുവടുകൾ പഠിപ്പിക്കുകയായി. ഇത് നടക്കുന്നത്  വീടിനോടടുത്തു തന്നെ പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള പന്തലിൽ ഒരുക്കിയിരിക്കുന്ന ദേവീ ക്ഷേത്രത്തിനു മുൻപിലായിരിക്കും. കുത്തിയോട്ട ചുവടുകൾ പഠിപ്പിക്കുന്നത്‌ ഇതിനു പരിചയമുള്ള ആശാന്മാരായിരിക്കും. സന്ധ്യക്ക്‌ വിളക്ക് വക്കുന്നത് മുതൽ ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നില്ക്കുന്ന ഈ ചടങ്ങു കാണാൻ ആയിരങ്ങൾ പന്തലിൽ നിലയുറപ്പിച്ചിട്ടുണ്ടാകും. ഈ ചടങ്ങിനു ശേഷം പിന്നെ പ്രൊഫഷണൽ കുത്തിയോട്ട സംഘത്തിന്റെ പാട്ടും കുത്തിയോട്ട നൃത്ത പരിപാടികളും ഉണ്ടാകും രാവ് ഏറെയാകും വരെ. ഇത് ശിവരാത്രി മുതലുള്ള എട്ടു നാളുകളിലും തുടരും. ഇങ്ങിനെ കുത്തിയോട്ട ചുവടു വയ്പ്പിച്ച കുട്ടികളെ ഭരണി നാളിൽ ഘോഷയാത്രയായി ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലേക്ക് ആനയിക്കും. അവിടെ ക്ഷേത്രനടയിൽ വച്ചു കുട്ടികൾക്ക് ചൂരൽ മുറിയും ( ഇടുപ്പിനു മുകളിൽ രണ്ടു വശത്തുമായി തൊലിക്കുള്ളിൽ കൂടി വളരെ നേരിയ വ്യാസമുള്ള (0.25 mm) സ്വർണ്ണ നൂൽ കയറ്റുന്നതിനാണ് ചൂരൽ മുറിയുക എന്ന് പറയുന്നത്). ചൂരൽ മുറിഞ്ഞ കുട്ടികൾ (ബലിമൃഗം എന്നാകാം സങ്കല്പം) ആർപ്പുവിളികളുടെ അകമ്പടിയോടെ നാല് പാദങ്ങളിലുള്ള കുത്തിയോട്ട ചുവടുകൾ ദേവിക്കു മുൻപിൽ ചവുട്ടി വണങ്ങുന്നതോടെ കുത്തിയോട്ടം എന്ന ചടങ്ങ് അവസാനിക്കുന്നു.



ദൈവത്തിൽ കേന്ദ്രീകൃതമായ സാമൂഹികമായ ഒരു മാനം കുത്തിയോട്ടത്തിന് ഉണ്ടെന്നു കാണാം. കുത്തിയോട്ടം നടക്കുന്ന നാളുകളിൽ എല്ലാം തന്നെ ആ ഭവനം സന്ദര്ശിക്കുന്നവർക്കെല്ലാം ആഹാരം നല്കണം എന്നതാണ് നിബന്ധന. ജാതി-വർണ്ണ, ഉച്ച-നീച  വ്യത്യാസങ്ങൾ പാടില്ല.കുത്തിയോട്ട വീട്ടിലെ അടുക്കള അടച്ചിട്ടിരിക്കുന്നതിനാൽ അവിടെയുള്ളവരും ബന്ധുക്കളും മറ്റുള്ളവരെപ്പോലെ തന്നെ പന്തിഭോജനത്തിൽ പങ്കു കൊള്ളുകയെ പാടുള്ളൂ. ഏതു സമയത്തും ആഹാരം ചോദിച്ചു വരുന്നവർക്ക്‌ അത് നല്കാൻ  തയ്യാറായിരിക്കണം. ആഹാരമോ മറ്റു ചില്ലറ കാര്യമോ ചോദിച്ചു വീട്ടില് വരുന്ന ഒരാൾ ദേവി തന്നെ ആയിരിക്കാം എന്നും ആയതിനാൽ തന്നെ ആരെയും അവഗണിക്കാൻ പാടില്ല എന്നുമാണ് ഇവിടങ്ങളിലെ വിശ്വാസം.ഒരു കുത്തിയോട്ട വീട്ടിൽ പതിനായിരകണക്കിന് ആളുകൾക്ക് ഇങ്ങനെ ആഹാരം നല്കേണ്ടി വരും. മണ്ഡപം നിർമ്മിക്കൽ, പന്തൽ, ഉച്ചഭാഷിണി, ആഹാരം, കുത്തിയോട്ട സംഘം, പൂജാ സാമഗ്രികൾ, ഭരണി നാളിലെ ഘോഷയാത്ര --എല്ലാം കൂടി വളരെ ചിലവേറിയ ഒരു വഴിപാടാണ് കുത്തിയോട്ടം. കുറഞ്ഞത്‌ പതിനഞ്ചു ലക്ഷങ്ങൾ മുതൽ ഒരു കോടി വരെ മുടക്കിയുള്ള കുത്തിയോട്ടങ്ങൾ ഇപ്പോൾ നടക്കുന്നു എന്നാണു കേട്ടറിവ്‌. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് വരെ ചെട്ടികുളങ്ങര പ്രദേശത്തു മാത്രമായി നിലനിന്നിരുന്ന ഈ ആചാരം അടുത്ത കാലത്തായി ദൂരെ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയും ഒരു വർഷത്തിൽ പത്തും ഇരുപതും കുത്തിയോട്ടങ്ങൾ ഇങ്ങനെ നടക്കുകയും ചെയ്യുന്നുണ്ട്.

നരബലി പോലെയുള്ള പ്രാകൃത ദേവാരാധനാ ചിന്തകൾ ഒരു ആധുനിക സമൂഹത്തിനു എത്രമാത്രം യോജിച്ചതാണെന്ന ചോദ്യം ഉയരുമ്പോഴും ജീവജാലങ്ങൾക്കും പ്രകൃതിക്കും ദോഷം ചെയ്യാത്ത അങ്ങിനെയൊരു കേവല ചിന്തകൊണ്ട് സമൂഹത്തെ ഒരുമിപ്പിച്ചു നിർത്താൻ കഴിയുമെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്. അതാണ്‌ ചെട്ടികുളങ്ങര കുത്തിയോട്ടത്തിന്റെയും അതുപോലെയുള്ള അനുഷ്ഠാന കര്മ്മങ്ങളുടെയും ആചാരങ്ങളുടെയും പ്രസക്തിയും. അങ്ങിനെ ഭക്തിയും വിശ്വാസവും അനുഷ്ട്ടാനവും നിറഞ്ഞു നിൽക്കേണ്ട സമർപ്പണ കർമ്മമായ കുത്തിയോട്ടം ഇന്ന് പണക്കൊഴുപ്പും പ്രൌഡിയും (?) ആഡംബരവും എഴുന്നള്ളിക്കാനുള്ള വേദികളായി അധപതിക്കുന്നു എന്നാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌. കുത്തിയോട്ടത്തിന് ഒരു വലിയ കച്ചവട മാനം കൈവന്നിരിക്കുന്നു. ലക്ഷക്കണക്കിന്‌ രൂപയുടെ കച്ചവടമാണിത്. കുത്തിയോട്ട ആശാൻ മുതൽ ആന-അമ്പാരി വരെ നീളുന്ന കച്ചവടം. സിനിമ പരസ്യത്തിനുപയോഗിക്കുന്ന വലിയ ഫ്ലെക്സ് ബോർഡുകളിൽ കൂടിയാണ് ഇപ്പോൾ പരസ്യം. ഈ വർഷം ഒരു കൂട്ടർ ഒരു ടീ.വീ. ചാനൽ തന്നെ വാടകക്കെടുത്ത് രാപ്പകൽ സംപ്രേക്ഷണം നടത്തിക്കൊണ്ടിരുന്നു എന്നറിഞ്ഞു. ലക്ഷക്കണക്കിന്‌ രൂപ മുടക്കി ഒരിക്കൽ കുത്തിയോട്ടം നടത്തിയിരുന്നവർ ഇനി കോടി മുടക്കി ഒന്നോ രണ്ടോ പ്രാവശ്യം കൂടി നടത്താൻ ഊഴം കാത്തിരിക്കുന്നു. രണ്ടും മൂന്നും പ്രാവശ്യം കുത്തിയോട്ടം നടത്തിയ മഹത് വ്യക്തികളും ഉണ്ട്. ദോഷം പറയരുതല്ലോ, ഒരു വിധത്തിൽ നോക്കിയാൽ ഈ മാതിരി ജാടകൾ നല്ലതാണ്, കുറച്ചു പേർക്കിത് ജീവിതമാർഗ്ഗമാകും. ഉള്ളവന്റെ പണം ഇല്ലാത്തവന്റെ കയ്യിലേക്കെത്തുന്ന കമ്യുണിസം ഈ ധൂർത്തിന്റെ നല്ല വശമാണ് എങ്കിൽ സാംസ്കാരിക പാരമ്പര്യങ്ങളുടെ ഭാഗമായുള്ള അനുഷ്ട്ടാന കർമ്മങ്ങളുടെ തനിമയും അന്തസ്സും നശിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ദോഷവശം. കാലം മാറുമ്പോൾ കോലവും മാറിയല്ലേ പറ്റൂ. കുത്തിയോട്ടം മാത്രം എന്തിനു മാറാതെ നിൽക്കണം എന്നാരെങ്കിലും ചോദിച്ചാൽ അതിന്‌ ഉത്തരവുമില്ല.

(രണ്ടു വർഷങ്ങൾക്കു മുൻപ് എന്റെ സഹോദരിയുടെ വഴിപാടു കുത്തോയോട്ടം നടന്നതിൽ എന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. കുത്തിയോട്ട ചടങ്ങുകൾ അങ്ങിനെ നേരിട്ട് കണ്ടു മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു)