Friday, September 19, 2014

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി - ഭാഗം 3 - ഗോപിയാശാന്റെ കുചേലൻ

അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 15 തിങ്കളാഴ്ച ഏവൂർ ക്ഷേത്രസന്നിധിയിൽ അരങ്ങേറിയത് കുചേലവൃത്തവും നളചരിതം രണ്ടാം ദിവസവും (കാട്ടാളനും ദമയന്തിയും) പ്രഹ്ലാദചരിതവുമായിരുന്നു. അഷ്ടമി രോഹിണിക്ക് വൈഷ്ണവ പ്രാധാന്യമുള്ള  കുചേലവൃത്തവും പ്രഹ്ലാദചരിതവും വഴിപാടായി നടത്തുന്നതു മനസ്സിലായി. ഗോപിയാശാന്റെ കുചേലനു വഴിമാറിയ നെല്ലിയോടു തിരുമേനിയെ accomodate ചെയ്യാനായിരിക്കും രണ്ടു ഭക്തി കഥകൾക്കിടയിൽ നളചരിതം കാട്ടാളരംഗം വയ്ച്ചത്‌ എന്നു കരുതുന്നു.


അന്നത്തെ പരിപാടികളുടെ highlight ഗോപിയാശാൻ ഇദംപ്രഥമമായി കുചേലവേഷം കെട്ടി എന്നതാണ്. സമകാലിക  കഥകളിയുടെ മുഖവും പച്ചയുടെ super specialist ഉം ആയ ആശാന്റെ ആ മിനുക്ക്‌ വേഷം ഒന്നു കാണാൻ കലാലോകം സ്വാഭാവികമായും കാത്തിരുന്നു. അത് സംഭവിച്ചത് ഏവൂർ ക്ഷേത്രനടയിലായിരുന്നു എന്നത് ഞങ്ങൾ എവൂർക്കാർക്കെല്ലാം ഏറെ അഭിമാനത്തിനു വക നൽകുന്നതായി. ഈ വേഷം കെട്ടാൻ ഒരാഴ്ചയായി മാനസികമായി തയ്യാറെടുക്കുകയായിരുന്നു ഗോപിയാശാൻ എന്നു പറഞ്ഞു കേട്ടപ്പോൾ അതിലധികം സന്തോഷം തോന്നി. താൻ പത്തറുപതു വർഷങ്ങളായി വേഷമിട്ടാടുന്ന ആ തിരുനടയിൽ തന്റെ കലാസപര്യയുടെ മറ്റൊരു ഭാവം തന്നാൽ കഴിയും വണ്ണം  ഭംഗിയായി സമർപ്പിക്കാൻ കാണിച്ച ആ മനോഭാവം ശ്ളാഘനീയം തന്നെ.

                                       photo coutesy: Ajith Menon via facebook
ഇനി കളിയിലേക്ക് കടക്കാം. ഇന്നു  ജീവിച്ചിരിക്കുന്ന കലാകാരന്മാരിൽ കുചേലവേഷത്തിൽ അഗ്രഗന്യൻ  ബ്രഹ്മശ്രീ. നെല്ലിയോടു വാസുദേവൻ നമ്പൂതിരിയാണല്ലോ? ഗോപിയാശാനെപ്പോലൊരു സൂപ്പർ താരത്തെ നെല്ലിയോടുമായി മാത്രമേ തരതമ്യം ചെയ്യാൻ കഴിയൂ. പക്ഷെ അതിൽ അപാകതയുണ്ട് താനും. വർഷങ്ങളായി കുചേല വേഷം കെട്ടുന്ന ഒരനുഗ്രഹീത കലാകാരനോട്  ഇന്നാദ്യമായി ആ വേഷമിടുന്ന മറ്റൊരു കലാകാരനെ താരതമ്യം ചെയ്യുന്നതും ശെരിയല്ല. സാധാരണഗതിയിൽ കഥകളിയിലെ ഒരു വേഷം കെട്ടി 'ഗംഭീരം' എന്ന് പറയിപ്പിക്കണമെങ്കിൽ അനേക വട്ടം ആ വേഷം കെട്ടി തെളിയേണ്ടതുണ്ട്. എങ്കിലും രണ്ടു നാൾ മുൻപു് ഗോപിയാശാന്റെ പ്രേമലോലുപനായ രുക്മാംഗദനെയും ഇന്നലെ ക്ഷാത്രവീര്യം തുളുമ്പുന്ന അർജുനനെയും കണ്ട എന്നെപ്പോലെ ഒരാൾക്ക്‌ കുചേലനിലേക്കുള്ള ആശാന്റെ വേഷപ്പകർച്ചയെ സുന്ദരം എന്നു വിശേഷിപ്പിച്ചേ മതിയാകൂ. മുഖവും മുദ്രകളും കൊണ്ട് കഥകളി വിസ്മയങ്ങൾ തീർക്കുന്ന ഈ കലാകാരന്, വലിയൊരു പരിധി വരെ അവയൊക്കെ അപ്രസക്തമായ കുചേലവേഷത്തിലേക്കുള്ള യാത്ര അത്ര ആയാസരഹിതമാകാൻ കഴിയില്ലല്ലോ? ത്രിലോകങ്ങളിലെ എന്തിനെയും മുദ്രക്കൈകളിലൂടെ സൃഷ്ട്ടിക്കുന്ന ഊര്ജ്ജസ്വലനായ ഈ നടന് ഊര്ജ്ജവും മുദ്രകളും എല്ലാം വല്ലാതെ ചുരുക്കി നെല്ലിയോടിനെപ്പോലെ ശരീരമാസകലം പടർന്നു പിടിക്കുന്ന കുചേലദൈന്യഭാവത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. നമ്മളൊക്കെ മനസ്സിൽ കൊണ്ടു നടക്കുന്ന കുചേലശരീരവും ഭാവഹാവാദികളും നെല്ലിയോടു തിരുമേനിയുടെ കുചേലാവതരണം എളുപ്പമാക്കുമ്പോൾ ഇതിന്റെയൊന്നും ആനുകൂല്യങ്ങളില്ലാതെ കുചേലനെ സ്വയം സൃഷ്ട്ടിക്കേണ്ടതുണ്ടായിരുന്നു ഗോപിയാശാന്. ആശാൻ നല്ലൊരു പരിധിവരെ ഇതിൽ വിജയിച്ചു എന്നും പറയാം. കുചേലനും പത്നിയും കുചേലനും കൃഷ്ണനുമായുള്ള രംഗങ്ങളും കുചേലന്റെ ഇളകിയാട്ടങ്ങളും നന്നായിരുന്നു. നെല്ലിയോടിൽ കൂടി ഗോപിയാശാനെ നോക്കുന്നതിനാലാകാം, കുചേലന് കുറച്ചുകൂടി ദൈന്യഭാവം ആവാം എന്നെനിക്കു പലപ്പോഴും തോന്നി. അങ്ങിനെ നെല്ലിയോടു സ്കെയിലിൽ (100) ഗോപിയാശാന്റെ കുചേലനു 70 മാർക്കിടാം. അദ്ദേഹത്തിലെ കലാകാരനോടുള്ള അദമ്യമായ സ്നേഹബഹുമാനവും എവൂരിനോട് അദ്ദേഹം കാണിക്കുന്ന സ്നേഹഭാവവും പരിഗണിച്ച് നൽകുന്ന 5 ഗ്രേസ് മാര്ക്ക് കൂടി കൂട്ടി മൊത്തം 100 ൽ 75 മാർക്ക്. ആദ്യത്തെ അവതരണത്തിൽ തന്നെ distinction വാങ്ങിയ സ്ഥിതിക്ക് കുറെ അരങ്ങുകൾ കഴിയുമ്പോൾ മറ്റു വേഷങ്ങളെപ്പോലെ ഗോപിയാശാന്റെ കുചേലനും എതിരില്ലാത്തതാകാം. കഥകളിക്ക് ആ ഭാഗ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

                                        photo courtesy: Jayaraj photo elite 

ഉൽസാഹഭരിതനായ കൃഷ്ണനെയാണ് ഡോ. ഏറ്റുമാനൂർ കണ്ണൻ അവതരിപ്പിച്ചത്. പക്ഷേ ചിലപ്പോഴെങ്കിലും ഉത്സാഹം കുറച്ചു കൂടിപ്പോയില്ലേ എന്നു തോന്നിപ്പോയി. ഗോപിയാശാനെപ്പോലൊരു കലാകേസരിയുടെ കുചേലനോടൊപ്പം വേഷം കെട്ടാൻ ഭാഗ്യം കിട്ടുമ്പോൾ കുറച്ച് ഉത്സാഹമൊക്കെ ആർക്കും വരും. പക്ഷെ ഇത് അതിലും അധികമായിരുന്നു (ബഹളവും ഉത്സാഹവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിയണമെങ്കിൽ  M.P.S. നമ്പൂതിരിയും നെല്ലിയോടും ചേർന്നു ചെയ്തിട്ടുള്ള കുചേലവൃത്തം ഒന്നു കാണുക. ഈ സീ.ഡീ. എന്റെ പക്കൽ ഉണ്ട്). നല്ല പല അഭിനയ മുഹൂർത്തങ്ങളും ഡോ. കണ്ണന്റെ ആട്ടത്തിലുണ്ടായിട്ടുണ്ട് എന്ന വസ്തുത മറന്നുകൊണ്ടല്ല ഇപ്പറയുന്നത്‌.  New generation 'കലയാമി' പത്തിയൂർ ശങ്കരൻ കുട്ടിയും കലാമണ്ഡലം വിനോദും കൂടി ആലപിച്ചു തുടങ്ങിയപ്പോൾ ഡോ.കണ്ണന്റെ ഉത്സാഹം ഇരട്ടിച്ചു,രംഗം ശരിക്കും ശബ്ദായമാനമായി; new generation കഥകളി കണ്ടു ഞാൻ തരിച്ചിരുന്നു. മനോഹരമായ കുചേലവൃത്തപദമാണ് 'കലയാമി'. കളി കാണാതെ കണ്ണടച്ചിരുന്നാൽ പോലും കലിതാനന്ദം ഉള്ളിൽ നിറയ്ക്കുന്ന കാവ്യസുധ. കഥകളിയുടെ മഹാഗായകർ പാടി പാടി കോട്ടം തീർത്ത്  ഇവിടെ വിട്ടിട്ടുപോയ കീർത്തനപുണ്യം. അതിങ്ങനെയാണോ പാടേണ്ടത്? പാടിയ രണ്ടു പേരും പാട്ട് ശരിക്കും പാടാൻ കഴിവുള്ള ഗായകപ്രതിഭകളാണ്. നടന്റെ new generation ആട്ടത്തിനനുസരിച്ചു പാടിക്കൊടുത്ത് ആ നല്ല പദത്തെ വികലമാക്കിയതാണോ അതോ new generation പാട്ടിനനുസരിച്ച് നടനെക്കൊണ്ട് അങ്ങിനെ ആടിച്ചതാണോ? എന്തായാലും ആ രംഗം നശിപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ? ശങ്കരൻകുട്ടിയോടും വിനോദിനോടും ഒരപേക്ഷയുണ്ട്; ദൈവത്തെയോർത്ത്‌ കുചേലവൃത്തപദങ്ങളെ വികലമാക്കരുത്. നിങ്ങളുടെ ഗുരുസ്ഥാനീയർ, പ്രത്യേകിച്ച് യശശ്ശരീരരായ എംബ്രാന്തിരിയും ഹരിദാസും ആ പദങ്ങളുടെ ആത്മാവു കണ്ടെത്തി ഞങ്ങൾക്കു സമ്മാനിച്ചു പോയിട്ടുള്ളതാണ്. മാങ്കുളം തിരുമേനിയും ചെന്നിത്തലയും (കൃഷ്ണൻ) നെല്ലിയോടും കൃഷ്ണൻ നായരാശാനും മങ്കൊമ്പും (കുചേലൻ) അത് ആടിതിമിർത്ത അരങ്ങുകളിൽ  കോരിത്തരിച്ചിരുന്നവരാണ് ഞങ്ങൾ. ആ പാട്ട് പാടാൻ നിങ്ങൾക്കറിയാം. അതുമതി ഞങ്ങൾക്ക്. ഇതിൽ new generation ഇറക്കരുത്.

'കുചേലവൃത്ത'ത്തിന്റെ വിഷമം, ബാബു നമ്പൂതിരിയും കലാമണ്ഡലം കൃഷ്ണകുമാറും  ചേർന്നു പാടുന്ന 'കാട്ടാളപദ'ത്തിൽ മാറിക്കിട്ടുമല്ലോ എന്നോർത്തു ആശ്വസിച്ചിരിക്കുമ്പോൾ ഇടിത്തീ പോലെ അതാ വീണ്ടുംവരുന്നൂ, new generation!  പന്തുവരാളി, പുന്നാഗവരാളി രാഗങ്ങളിൽ ചെയ്തു വച്ചിട്ടുള്ള ആ പദങ്ങൾ മാറ്റി മറിച്ച് വികലമാക്കിയിരിക്കുന്നു. ശരി, പോട്ടെ, ഐശ്വര്യമായ 'മധ്യമാവതി'യിൽ 'അംഗനേ നീ അങ്ങു പോവതെങ്ങനെ' കേട്ട് മനം കുളിരാം എന്നു കരുതിയിരുന്നു. അയ്യോ, ഏതോ ഒരു ഭയങ്കരരാഗത്തിൽ സിനിമാപ്പാട്ടു പോലെ അതു കൂടി കേട്ടു കഴിഞ്ഞപ്പോൾ സഹിക്കവയ്യാതെ കളികാണൽ നിർത്തി അവിടുന്നു പോകാൻ മനസ്സു വെമ്പി. പക്ഷേ നെല്ലിയോട് തിരുമേനിയെപ്പോലൊരു വലിയ നടൻ അരങ്ങത്തു നിൽക്കുമ്പോൽ അതു പാടില്ല എന്നു മനസ്സ് വിലക്കി.  പ്രായാധിക്യവും ശാരീരികാവശതയും ഒന്നും തന്നെ തിരുമേനിയുടെ  കാട്ടാളനെ ബാധിച്ചില്ല. ഇപ്രായത്തിലും കാട്ടാളന്റെ ഉദ്ധത കലാശങ്ങൾഅദ്ദേഹം എടുക്കുന്നത് കണ്ടപ്പോൾ അതിശയവും ഒപ്പം ആദരവും തോന്നി. നല്ല ഗായകനായ ബാബു നമ്പൂതിരിയോട് ഒന്നു ചോദിച്ചോട്ടേ; എന്നു  മുതലാ നളചരിതം പാട്ടൊക്കെ ഇങ്ങനായത്? കഥകളിപദങ്ങൾ ആർക്കും എങ്ങിനെയും പാടാം എന്നായോ? ഇതിനൊക്കെ നിങ്ങൾക്കാരാ ലൈസൻസ് തരുന്നത്? ചില അഭിനവ ഉണ്ണായിമാരും അവരുടെ പാവ പാട്ടുകാരും ചേർന്ന് നളചരിതത്തിനെ ഇങ്ങനെ നശിപ്പിക്കുകയാണല്ലോ ഭഗവാനേ? കഥകളി പദങ്ങൾ compose ചെയ്തു വച്ചിരിക്കുന്നത് മഹാന്മാരായ പൂർവസൂരികളാണ്. കഥയെന്തെന്നും അതിലേ ഓരോ വികാരവിചാരങ്ങൾക്കും എന്തെന്തു രാഗങ്ങളാണ് ചേരുക എന്നും മനനം ചെയ്തു കണ്ടു പിടിച്ച മനീഷികൾ. നിങ്ങളൊക്കെ നല്ല പാട്ടുകാർ മാത്രമാണ്. മഹാന്മാർ ചെയ്തുവച്ചിരിക്കുന്നതിനെ ആദരപൂർവം കൊണ്ടു നടക്കേണ്ടവർ. തല മറന്ന് എണ്ണ തേക്കരുത്. അവിവേകമിതുകണ്ടാൽ അറിവുള്ളവർ പരിഹസിക്കും, വഴി പിഴയ്ക്കും. അതുണ്ടാകാതിരിക്കട്ടെ! ഇവര്ക്കൊക്കെ സൽബുദ്ധി കൊടുത്തു കഥകളിയെ രക്ഷിക്കണേ എന്റെ കൃഷ്ണാ !

ഇനി കുറച്ചുകാലത്തേക്ക് കഥകളിയേ കാണേണ്ട എന്ന് ചിന്തിച്ചിരുന്നപ്പോഴേക്കും 'പ്രഹ്ലാദചരിതം' തുടങ്ങി. കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ ഹിരന്യകശിപുവും R.L.V.  മോഹൻകുമാറിന്റെ ശുക്രനും. പ്രസാദിന്റെ കത്തി വേഷവും ആട്ടവും സുന്ദരമായിരുന്നു. കഴിഞ്ഞ രണ്ടു നാളുകളിൽ കണ്ട പച്ച വേഷങ്ങളേക്കാൾ അദ്ദേഹത്തിന്റെ കത്തി എനിക്കിഷ്ട്ടപ്പെട്ടു. വിനോദിന്റെ പാട്ട് old generation ആയിരുന്നത്  ആശ്വാസകരമായി തോന്നി. അതിരാവിലെ യാത്ര പോകേണ്ടിയിരുന്നതിനാൽ കളി കുറച്ചു നേരം കണ്ടിട്ട്  പോന്നു.

അങ്ങിനെ ഏവൂരിലെ തുടർച്ചയായ മൂന്നു നാളുകളിലെ എന്റെ കളികാണലിനു തിരശ്ശീല വീണു. ആദ്യത്തെ രണ്ടു നാളുകളിലെ കളികൾ മനസ്സിനു സന്തോഷം പകർന്നെങ്കിൽ അവസാന ദിവസത്തെ കളികൾ ആ സന്തോഷം ഭാഗികമായി നശിപ്പിച്ചു. അതെന്തെങ്കിലുമാവട്ടെ, ഈ കല എന്റെ നാട് എനിക്ക് പകർന്നു തന്ന സംസ്കാരസൌഭാഗ്യമാണ്. അതിൽ നിന്നും കിട്ടുന്നതെന്തായാലും അതു സന്തോഷദായകം തന്നെ.

(കഥകളി എന്ന  മഹനീയ കലയുടെ നിലവാരം കുറയുന്നതൊന്നും സംഭവിക്കരുത് എന്ന ആത്മാർത്ഥമായ ആഗ്രഹം കൊണ്ട് ഞാൻ നടത്തിയിട്ടുള്ള വിമർശനം അതേ  spirit ൽ എല്ലാവരും ഉൾക്കൊള്ളണമെന്ന് അഭ്യര്ധിക്കുന്നു. ആരെയെങ്കിലും കുറ്റപ്പെടുത്തണം എന്നത് എന്റെ താത്പര്യമല്ല എന്ന് സവിനയം പറഞ്ഞുകൊള്ളട്ടെ).   

Thursday, September 18, 2014

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി - ഭാഗം 2

സെപ്റ്റംബർ 14 ഞായറാഴ്ച ഏവൂർ ക്ഷേത്രസന്നിധിയിൽ അരങ്ങേറിയത് രണ്ടു കഥകളാണ്; സന്താനഗോപാലവും ദക്ഷയാഗവും. സന്താനഗോപാലത്തിൽ ഗോപിയാശാൻ അർജുനനായപ്പോൾ മാർഗ്ഗി വിജയകുമാർ ബ്രാഹ്മണനും കലാമണ്ഡലം കൃഷ്ണപ്രസാദ് കൃഷ്ണനും ആയി.ഗോപിയാശാൻ വളരെക്കാലത്തിനു ശേഷമാണ് അർജുനവേഷം കെട്ടിയതെന്ന് പറഞ്ഞു കേട്ടു.

ഒന്നിൽ കൂടുതൽ വേഷക്കാർ വരുന്ന അരങ്ങുകളിൽ കഥകളിയുടെ വിജയപരാജയങ്ങൾ നിർണ്ണയിക്കുന്നതിൽ കൂട്ടു വേഷക്കാർ തമ്മിലുള്ള കെമിസ്ട്രിക്ക് വലിയ പങ്കുണ്ട്. പണ്ടത്തെ അരങ്ങുകളിൽ സജീവമായി നിലനിന്നിരുന്ന ഈ കഥകളി മാന്യത ഇന്നത്തെ അരങ്ങുകളിൽ പ്രായേണ കുറഞ്ഞു വരുന്നതായിട്ടാണ്‌ കണ്ടുവരുന്നത്. നടന്മാർ തമ്മിലുള്ള പരിചയക്കുറവു മൂലമോ മറ്റൊരു നടന്റെ ആട്ടരീതികളോടുള്ള ബഹുമാനക്കുറവു കൊണ്ടോ നടന്മാർ  തമ്മിലുള്ള സ്പർദ്ധ കൊണ്ടോ ആകാം അനിവാര്യമായ ഈ ആശയവിനിമയം പലപ്പോഴും അരങ്ങുകളിൽ നടക്കാതെ വരികയും അങ്ങിനെ കഥകളി എന്ന സുന്ദരകല വികലമാക്കപ്പെടുകയും ചെയ്യുന്നത്.


ഇപ്പറഞ്ഞതിനൊരു  അപവാദമായിരുന്നു ഏവൂർ സന്താനഗോപാലം. പ്രധാന വേഷക്കാരായ ഗോപിയാശാനും മാർഗ്ഗി വിജയകുമാറും തമ്മിലുള്ള മന:പ്പൊരുത്തം ഈ കളിയുടെ ഓരോ നിമിഷങ്ങളിലും പ്രകടമായിരുന്നു. ഇളകിയാട്ടങ്ങളിൽ ഇതു ശരിക്കും പ്രതിഫലിച്ചു. ഉരുളക്കുപ്പേരി പോലെയായിരുന്നു ചോദ്യവും ഉത്തരങ്ങളും. ഈ കളി ആർക്കെങ്കിലും ഒരനുഭവം ആയി തോന്നിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണവും ഈ സൌഹൃദ മനോഭാവം തന്നെ. ഗോപിയാശാന്റെ അർജുനൻ നന്നായി എന്നൊന്നും ഞാൻ പറയേണ്ടതില്ല. അതൊക്കെ മാലോകർക്കെല്ലാം അറിവുള്ളതാണ്. എന്നാൽ മാർഗ്ഗി വിജയകുമാറിന്റെ ബ്രാഹ്മണന്റെ കാര്യം അതല്ല;  അടുത്ത കാലത്തായിട്ടാണ് അദ്ദേഹം ഈ വേഷം കെട്ടി തുടങ്ങിയിട്ടുള്ളത്. സുരസുന്ദരിയായ ഈ സ്ത്രീവേഷ ചാരുതയുടെ ബ്രാഹ്മണനെ  ഒന്നു കാണാൻ മറ്റെല്ലാവരെയും പോലെ ഏനിക്കും ആഗ്രഹം തോന്നിയത് അതുകൊണ്ടാണ്. വേഷം കണ്ടു കഴിഞ്ഞപ്പോൾ എനിക്കു  തോന്നിയ അഭിപ്രായം ഒറ്റവാക്കിൽ പറഞ്ഞാൽ ഇതാണ്; കൊള്ളാം. വിജയകുമാർ മാങ്കുളം തിരുമേനിയുടെയും കൃഷ്ണൻ നായരാശാന്റെയും ശിഷ്യൻ തന്നെ. അടുത്ത കാലത്തു കെട്ടി തുടങ്ങിയ ഈ മിനുക്കു വേഷത്തിൽ ഇത്ര മികവു വന്നെങ്കിൽ, പ്രായവും പരിചയവും കൂടുന്ന വരും കാലങ്ങളിൽ ഈ വേഷം വിജയകുമാറിന്റെ  മാസ്റ്റർപീസുകളിൽ ഒന്നാകാം. അങ്ങിനെയാകട്ടെ എന്ന് ആശംസിക്കയും ചെയ്യുന്നു.  പ്രേക്ഷകനിൽ സ്നേഹം തോന്നിപ്പിക്കുന്ന ഇന്നത്തെ ബ്രാഹ്മണനിൽ നിന്നും കഥാഗതിക്കനുഗുണമായി കഥാപാത്രം വളർന്നു വികാസം പ്രാപിക്കേണ്ടതായിട്ടുണ്ട്. ഇപ്പോൾ കണ്ടതിൽ നിന്നും അത് വഴിയേ വന്നോളും എന്നു മനസ്സിലാക്കാം.
     
ഗുരുവും ശിഷ്യനും, അർജുനനും കൃഷ്ണനും ആയുള്ള ആദ്യരംഗം നന്നായിരുന്നു. ഒരു മികച്ച കഥകളി അദ്ധ്യാപകനായ കലാമണ്ഡലം കൃഷ്ണപ്രസാദിലെ അദ്ധ്യാപകൻ, നിഷ്കർഷാപൂർവമായ, ചൊല്ലിയാട്ട പ്രധാനമായ ചിട്ട സമ്പ്രദായങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാകാം ചിലപ്പോഴെങ്കിലും പാത്രപ്രക്രുതിക്കു മങ്ങലേൽപ്പിക്കുന്ന പോലെ തോന്നിപ്പിക്കുന്നത്‌. മനസ്സിരുത്തിയാൽ ഇതു രണ്ടും സമന്വയിപ്പിക്കാവുന്നതേയുള്ളൂ. ഇങ്ങനെ ചെയ്‌താൽ പ്രസാദിന്റെ നല്ല കൃഷ്ണവേഷം ഒന്നു കൂടി മികവുള്ളതാകും.


പത്തിയൂർ ശങ്കരൻകുട്ടിയും കോട്ടക്കൽ മധുവും ചേർന്നാലപിച്ച 'സന്താനഗോപാല' പദങ്ങൾ നല്ലതാകാതെ തരമില്ലല്ലോ? ഇവിടെയും നന്നായി. ഇത് പറയുമ്പോൾ തന്നെ അനുഗ്രഹീത കഥകളി ഗായകരായ ശങ്കരൻകുട്ടിയും മധുവും അവരുടെ പാട്ടിനെ 'ഗുഡ്' എന്ന  അഭിനന്ദന വാക്കിനപ്പുറം 'സൂപ്പർ' എന്ന തലത്തിലേക്ക് ഉയർത്തേണ്ടതുണ്ട് എന്നു കൂടി പറയട്ടെ. ഉദാഹരണത്തിന്, കലാമണ്ഡലം ഹരിദാസ്  'ഏഷ്യാനെറ്റ്‌  കഥകളി സമാരോഹ' ത്തിൽ  പാടിയ 'നാഥാ ഭവൽ ചരണ ദാസരാം' എന്ന പദം തന്നെ എടുക്കാം. ഓരോ ആവർത്തി പാടുമ്പോഴും ഭക്തി എന്ന വികാരത്തെ ക്രമമായി, പടിപടിയായി ഉയർത്തി അവസാന ചരണമാകുമ്പോഴേക്കും ഭക്തിയെ അതിന്റെ പാരമ്യതയിൽ കൊണ്ടെത്തിച്ച്, ആട്ടവും പാട്ടും എല്ലാം ഭക്തിയിൽ ലയിപ്പിക്കുന്ന ആ മാന്ത്രിക വിദ്യ ! ആടുന്ന നടനും പാട്ടിനൊപ്പം നിൽക്കണം. അന്ന് ചന്ദ്രശേഖര വാര്യർ ചെയ്തത് അത് തന്നെയാണ്. അങ്ങിനെയുള്ള ആട്ടവും പാട്ടും ആണ് മനസ്സ് കൊതിക്കുന്നത്.

 'സന്താനഗോപാല'ത്തെ തുടർന്നു നടന്ന 'ദക്ഷയാഗ'ത്തിൽ ഇപ്പറഞ്ഞ അനുഭവം ഏറെക്കുറേ എനിക്കുണ്ടായി. കലാമണ്ഡലം ഷണ്മുഖന്റെ ദക്ഷൻ ഗംഭീരമായി. ഉറക്കം തലോടി അടച്ചുകൊണ്ടിരുന്ന കണ്ണുകളെ തുറപ്പിച്ച power packed performance. കണ്ണിണക്കാനന്ദം നൽകിയ സുന്ദരമായ പച്ചവേഷം. കലാനിലയം രവീന്ദ്രനാഥപ്പൈ സതിയെ നന്നാക്കി. ഉയരം കുറവായ സതി, സാമാന്യം ഉയരമുള്ള ദക്ഷനെ ശപിക്കാൻ, ഒരു പ്രാവശ്യം ചാടി ഉയരം കൂട്ടിയത് എനിക്ക് നന്നേ രസിച്ചു. രാമചന്ദ്രൻ ഉണ്ണിത്താനും (വീരഭദ്രൻ) ഹരിപ്പാട് ബാലകൃഷ്ണനും (കാളി) പാട്ടും മേളവും എല്ലാം കൂടി അരങ്ങു ശരിക്കും കൊഴുപ്പിച്ചു. ആർ. എൽ .വി. മോഹൻകുമാറിന്റെ ശിവൻ നന്നായി. വേഷഭംഗി എടുത്തു പറയേണ്ടതുണ്ട്.
വെളുപ്പിന് നാലു മണിക്ക് കളി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സു മന്ത്രിച്ചു; രണ്ടു നല്ല കളികൾ കൂടി കണ്ടു,  ഇതു സാധിച്ചു തന്ന എവൂർ ഭഗവാനും ഭഗവാനു കഥകളി വഴിപാടു നേർന്നവർക്കും നന്ദി.

(ക്ഷമിക്കണം, രണ്ടു കളികളിലും അണിനിരന്ന എല്ലാ കലാകാരന്മാരെയും അണിയറ ശിൽപ്പികളേയും ഇവിടെ പരാമർശിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ സുഹൃത്ത് ശ്രീ. അംബുജാക്ഷൻ നായർ ഏവൂർ കഥകളികളുടെ വിശദാംശങ്ങൾ എഴുതുമ്പോൾ അവിടെ എല്ലാപ്പേരുകളും പരാമർശിക്കപ്പെടും എന്നു വിശ്വസിക്കുന്നു)

photo courtesy: Sreekumar

Wednesday, September 17, 2014

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി - ഭാഗം1

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സപ്താഹയജ്ഞ - അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ചു  നടന്നുകൊണ്ടിരിക്കുന്ന വഴിപാടു കഥകളികളിൽ ആദ്യത്തെ മൂന്നു ദിവസങ്ങളിലെ കളികളിൽ ഞാനും പ്രേക്ഷകനായിരുന്നു. കലാമണ്ഡലം ഗോപിയും മാർഗ്ഗി വിജയകുമാറും ഈ മൂന്നു ദിവസത്തെയും കഥകളിൽ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ചതും അതുപോലെ കഥകളിയിലെ സമുന്നതരായ മറ്റു ചില നടന്മാരും അണിനിരന്നതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും കളികാണാൻ ധാരാളം പേർ എത്തിയിരുന്നു. 2007 ലെ 'ഏവൂർ നളചരിതോൽസവ'ത്തിനു ശേഷം തിരക്കു പിടിച്ച തന്റെ കലാജീവിതത്തിന്റെ തുടർച്ചയായ മൂന്നു ദിവസങ്ങൾ  ഏവൂർ കളികൾക്കായി മാറ്റിവച്ച ഗോപിയാശാന്റെ സന്മനസ്സിന് ഞാനുൾപ്പെടെയുള്ള എവൂരിലെ എല്ലാ കലാസ്നേഹികളുടെയും പേരിൽ ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ.


ആദ്യ ദിവസത്തെ 'രുഗ്മാംഗദചരിത'ത്തിൽ ഗോപിയാശാനും മാർഗ്ഗി വിജയകുമാറും പ്രധാന വേഷങ്ങളാടി.ഗോപിയാശാന്റെ രുഗ്മാംഗദനെ  വീഡിയോയിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും നേരിട്ടു കണ്ടത് ഒരു സവിശേഷാനുഭവമായി. പ്രായം മുഖത്തിന്റെ തിളക്കത്തിനൽപ്പം മങ്ങലേൽപ്പിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തികളിലൊന്നും അതു കണ്ടില്ല. മോഹിനിയുമായുള്ള രംഗങ്ങളിലെ ഭാവപ്രകർഷം അതിമനോഹരമായിരുന്നു. ഒന്നു രണ്ടു സന്ദർഭങ്ങളിൽ നവരസങ്ങളെപ്പോലും നാണിപ്പിക്കുന്ന, പ്രേമപ്രതീക്ഷകളുടെ ഒരു 'ഗോപീരസം' ആ മുഖത്തു വിരിഞ്ഞതു കണ്ടു. മതി, കഷ്ട്ടപ്പെട്ടു വണ്ടി കയറി മദ്രാസിൽ നിന്നെത്തിയതു വെറുതെയായില്ല! പത്തിയൂർ ശങ്കരൻ കുട്ടിയുടെയും രാജീവൻ നമ്പൂതിരിയുടെയും 'മധുരതര കോമള'മായ കാംബോജിയിൽ ആ പൂങ്കാവനം അങ്ങിനെ മുങ്ങിക്കുളിച്ചു നിൽക്കുമ്പോൾ മോഹിനിയെക്കാൾ സുന്ദരിയായ ഒരു സൗന്ദര്യധാമത്തിന്റെ അടുത്തു നിൽക്കുന്ന ഗോപിയാശാനേപ്പോലൊരു സൗന്ദര്യാരാധകന് പ്രേമം തോന്നിയില്ലെങ്കിലല്ലേ അല്ഭുതപ്പെടെണ്ടതുള്ളൂ! സൌന്ദര്യവും അഭിനയവും 'ഹേമാമോദസമ'യായി സമ്മേളിച്ച വിജയകുമാറിന്റെ മോഹിനി നന്നായിരുന്നു. എങ്കിലും  വരും തലമുറയ്ക്ക് രുക്മാംഗദ-മോഹിനി ജോടിയെന്നു പാടി പുകഴ്ത്താൻ പാകത്തിന് ഒന്നു രണ്ടു 'പ്രേമരസ' ങ്ങൾ വിജയകുമാറിൽ നിന്നും ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. മനസ്സുവച്ചാൽ  കൃഷ്ണൻനായരാശാന്റെ പ്രിയശിഷ്യന് ആയാസരഹിതമായി സാധിച്ചെടുക്കാവുന്നതെയുള്ളൂ  ഇക്കാര്യം. ഗോപിയാശാനെപ്പോലൊരു കാമുകൻ പ്രേമം വാരിച്ചോരിയാൻ അടുത്തുള്ളപ്പോൾ പിന്നെന്തിനു മടിക്കണം?

ഗോപിയാശാന്റെ മുദ്രാവിന്യാസഭംഗികളെക്കുറിച്ചോ ചിട്ടപ്രകാരമുള്ള ആട്ടസൌന്ദര്യങ്ങലെ- ക്കുറിച്ചോ ഒന്നും ഇവിടെ വിസ്തരിക്കേണ്ടതില്ല. ചർവിത ചർവണങ്ങളായ ഈ വിഷയങ്ങൾ എല്ലാവര്ക്കും അറിവുള്ളതാണ്. മറ്റു പല പച്ചവേഷങ്ങളെയും പോലെ, രുഗ്മാംഗദന്റെ ശക്തിയും നിലകൊള്ളുന്നത് അദ്ദേഹത്തിൻറെ മുഖാഭിനയത്തിലാണെന്നും മറ്റെല്ലാം തന്നെ അതിന്റെ പോഷകഘടകങ്ങളായി വർത്തിക്കുന്നു എന്നുമാണ്‌ എനിക്ക് എന്നും തോന്നിയിട്ടുള്ളത്, ഇന്നും അത് തന്നെ തോന്നി. കൃഷ്ണൻനായരാശാൻ അഭിപ്രായപ്പെട്ടതുപോലെ അംഗികാഭിനയത്തെ പൂർണ്ണമായി അടിമപ്പെടുത്തിക്കഴിഞ്ഞ് ആധിപത്യം സ്ഥാപിച്ച സ്ഥാനത്ത്‌ ഉറച്ചിരിക്കുന്ന നടന്റെ 'രസാഭിനയ'ത്തിന്റെ മാറ്റു കൂടുതലായിരിക്കും എന്നതാണ് കാര്യം.

നല്ലതു പറയുമ്പോൾ തന്നെ നല്ലതല്ലാത്തതായി തോന്നുന്നതും പറയണമല്ലോ? അത് കലയുടെ ശോഷണം തടയാൻ ആവശ്യമാണ്. 'രുഗ്മാംഗദചരിത'ത്തിന്റെ അവസാന രംഗത്തിൽ രുഗ്മാംഗദൻ പുത്രനായ ധർമ്മാംഗദനെ അഭിഷേകം ചെയ്തു രാജാവായി വാഴിക്കുന്ന രംഗം. മഹാവിഷ്ണുവിൽ നിന്നാണ് രുഗ്മാംഗദൻ തീർഥകുംഭങ്ങളും അവസാനം ഉടവാളും സ്വീകരിക്കുന്നത്. കഥാപരമായി നോക്കിയാൽ വിഷ്ണുഭക്തനായ രുഗ്മാംഗദൻ, ഭയഭക്തി ബഹുമാനങ്ങളോടെയാവണം ഇത് ചെയ്യേണ്ടത്. പക്ഷേ  മഹാവിഷ്ണു അർഹിക്കുന്ന ബഹുമാനം രുഗ്മാംഗദൻ നല്കിയോ എന്ന കാര്യത്തിൽ എനിക്ക് സന്ദേഹമുണ്ട്. ഒരു കറിക്കത്തി വാങ്ങുന്ന ലാഘവത്വത്തോടെയാണ് രുഗ്മാംഗദൻ മഹാവിഷ്ണുവിൽ നിന്നും ഉടവാൾ വാങ്ങിയത്! മഹാവിഷ്ണുവായി വേഷമിട്ട കലാകാരൻ നിസ്സാരനാകായാലോ അല്ലെങ്കിൽ ശാരീരികമായ അസ്വസ്ഥതകൾ കാരണം കളി അവസാനിപ്പിക്കാനുള്ള തത്രപ്പാടിലോ ഇങ്ങനെ ചെയ്തതാകാം. രണ്ടാമത്തെ കാര്യം മനസ്സിലാക്കാം. പക്ഷേ അപ്പോഴും ആ രംഗത്തെ പ്രധാനി മഹാവിഷ്ണു തന്നെയാണ് എന്ന  സത്യം അവശേഷിക്കുന്നു. ആചാര്യസ്ഥാനീയർ  ശാരീരിക ബുദ്ധിമുട്ടുകൊണ്ടോ മറ്റോ ചെയ്യുന്ന ഒരു തെറ്റ്, വരും തലമുറ ശരികളായി കണ്ടു പകർത്താൻ തുടങ്ങിയാൽ അതു കഥകളിക്കു ദോഷകരമാകുമല്ലോ എന്ന ആശങ്ക മാത്രമാണ് ഞാനിവിടെ പങ്കുവക്കുന്നത്.

പത്തിയൂർ ശങ്കരൻകുട്ടിയും രാജീവൻ നമ്പൂതിരിയും ചേർന്നു പാടിയ കഥകളിപ്പദങ്ങൾ ശ്രുതിമധുരങ്ങളായിരുന്നു. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയുടെ കാര്യം പറയേണ്ടതില്ലല്ലോ?  കലാനിലയം വിനോദ് മദ്ദളത്തിന്റെ ശക്തിയും ഭംഗിയായി തെളിയിച്ചു.

രണ്ടാമത്തെ കഥ 'കിരാതം' ആയിരുന്നു. വെളുപ്പിന് നാലു മണിക്ക്  കലാമണ്ഡലം ബാലസുബ്രഹ്മന്യത്തിന്റെ കാട്ടാളനും കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ അർജുനനും കൂടി 'ഞാനെയ്ത കിടിക്കു' വേണ്ടി വഴക്ക് കൂടിയപ്പോഴേക്കും, എന്റെ കണ്ണുകൾ എന്റെ നിയന്ത്രണത്തിലല്ലാതായിക്കഴിഞ്ഞു. ഉറക്കമിളച്ചു ശീലമില്ലാത്ത കഥകളി കമ്പക്കാരന്റെ കഷ്ട്ടപ്പാട്. എങ്കിലും കണ്ട ഭാഗം വച്ച് നോക്കിയാൽ നല്ലൊരു കളിയായിരുന്നിരിക്കണം കിരാതം.

ആടിയവരുടെയും പാടിയവരുടെയും കൊട്ടിയവരുടെയും ഇവരെയൊക്കെ അനിയിച്ചൊരുക്കിയവരുടെയും എല്ലാം പേരുകൾ  ഓർക്കുന്നില്ല. എല്ലാവരും അവരവരുടെ ഭാഗം നന്നായി നിർവഹിച്ചു എന്നു പറഞ്ഞു കൊണ്ട് നിർത്തട്ടെ.

അടുത്ത ദിവസത്തെ 'സന്താനഗോപാല'വും ദക്ഷയാഗവും എങ്ങിനെയായിരുന്നുവെന്നു അടുത്ത ലക്കത്തിൽ കുറിക്കാം. കളികളുടെ മറ്റു വിശദാംശങ്ങൾ ശ്രീ. അമ്ബുജാക്ഷൻ നായർ എഴുതും എന്ന് പ്രതീക്ഷിക്കുന്നു.

photo courtesy: Sreekumar

Please visit

https://www.youtube.com/watch?v=_bsoiRBPOMQ&feature=youtu.be

for a 45 minutes video of the play.