Saturday, November 29, 2014

Panchamaddala keli (പഞ്ചമദ്ദള കേളി)


പഞ്ചമദ്ദള കേളി
നയിക്കുന്നത് : കലാമണ്ഡലം അച്യുത വാര്യർ
സംഘാംഗങ്ങൾ : കലാനിലയം അജികൃഷ്ണൻ, കലാനിലയം രാകേഷ്, RLV ജിതിൻ, RLV സുദേവ വർമ്മ  
സ്ഥലം: ശ്രീവല്ലഭ ക്ഷേത്രമണ്ഡപം, തിരുവല്ല
സന്ദർഭം : കഥകളി സംഗീതജ്ജൻ തിരുവല്ല ഗോപിക്കുട്ടൻ നായർ സപ്തതി ആഘോഷം
തീയതി : 21 നവംബർ2014

please click: https://www.youtube.com/watch?v=EXDYo4E8EpE

Friday, November 7, 2014

കഥകളിസംഗീതത്തിന്റെ കാലിക പ്രതിസന്ധി


കഥകളിയുടെ ഇന്നത്തെ പ്രശസ്ത കലാകാരന്മാരിൽ പലരും പങ്കെടുത്തുകൊണ്ട്  ഏവൂർ ശ്രീകൃഷ്ണസ്വാമി  ക്ഷേത്രത്തിൽ അടുത്ത കാലത്ത് നടന്ന ചില കളികളെപ്പറ്റി ഞാൻ ഇവിടെ  എഴുതിയ അവലോകനത്തിൽ, ഗായകർ  കഥകളി സംഗീതം കൈകാര്യം ചെയ്ത രീതിയെ വിമർശനവിധേയമാക്കിയിരുന്നു. അതിനുശേഷം എവൂരിൽ തന്നെ നടന്ന മറ്റൊരു കളിയിലെ സംഗീതാലാപനത്തിന്റെ ഔചിത്യമില്ലായ്മയെ എവൂർക്കാരനായ മറ്റൊരു കഥകളി ആസ്വാദകനും ഫേസ്ബുക്കിൽ വിമർശിച്ച് എഴുതുകയുണ്ടായി. പതിനായിരത്തിൽപ്പരം  അംഗങ്ങൾ ഉള്ള ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിലും അതുപോലെ കഥകളി സംബന്ധമായ മറ്റു ചില ഇന്റർനെറ്റ്‌ ഗ്രൂപ്പുകളിലും എന്റെ അവലോകനം വലിയ ചർച്ചാവിഷയമാകുകയും നൂറു കണക്കിന് അഭിപ്രായങ്ങൾക്കതു കാരണമാകുകയും ചെയ്തു.  ഇങ്ങനെയുള്ള നവമാദ്ധ്യമ ഗ്രൂപ്പുകളിലെ ചർച്ചകൾക്ക് വലിയൊരു വിഷയഗൌരവം കൽപ്പിക്കാൻ പലപ്പോഴും കഴിയില്ലെങ്കിലും ഇവിടെ ഉയർന്നു വന്ന അഭിപ്രായങ്ങളിൽ പലതും  കഥകളിസംഗീതത്തെക്കുറിച്ചുള്ള കാലികചിന്തയുടെ പ്രതിഫലനമാണെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. കഥകളി സംഗീതവിഷയത്തെ   അപഗ്രഥിക്കാനുള്ള ചില സാദ്ധ്യതകൾ ഈ അഭിപ്രായങ്ങളിൽ കണ്ടത് പ്രയോജനപ്പെടുത്തേണ്ടതാണെന്ന എന്റെ തോന്നലാണ് ഈ ലേഖനത്തിന്നാധാരം. 'കഥാപാത്രപ്രകൃതവും കഥാസന്ദർഭവുമായി ബന്ധിച്ചു നിൽക്കുന്ന ഭാവസംഗീതപ്രധാനമായ കഥകളിപ്പദങ്ങൾ, ആട്ടക്കഥാകൃത്തുക്കളോ അതുപോലെ യോഗ്യരായ പൂർവസൂരികളോ നിഷ്ക്കർഷിച്ചിരിക്കുന്ന സംഗീതശൈലിയിൽ നിന്നും മാറ്റി കഥകളി ഗായകന് ഇഷ്ട്ടം പോലെ പാടാനുള്ള പാട്ടല്ല' എന്ന എന്റെ അഭിപ്രായത്തിനുണ്ടായ പ്രതികരണങ്ങളിൽ നിന്നും ലേഖനത്തിനു പ്രസക്തമെന്നു തോന്നിയ ചില അഭിപ്രായങ്ങൾ താഴെ കുറിക്കുന്നു.

1. ആട്ടക്കഥാകൃത്തുക്കൾ നിർദ്ദേശിച്ച പ്രകാരം പണ്ടുള്ളവർ പാടിയിരുന്നതു പോലെ ഇന്നത്തെ പാട്ടുകാർ പാടണം എന്നു പറയുന്നതിൽ കഴമ്പില്ല. കഥകളി പോലൊരു ജീവകലയുടെ എല്ലാ അംശങ്ങളിലും കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഈ കല കാലഹരണപ്പെട്ടുപോകും. ഗാനശൈലികളടക്കം കഥകളി പരീക്ഷണങ്ങൾ അതുകൊണ്ടു തന്നെ ആവശ്യമാണ്‌. മാറ്റം വരുത്തുന്നതിൽ  തെറ്റുകൾ സംഭവിച്ചാൽ അതു തള്ളി നല്ലതിനെ കാലം സ്വീകരിച്ചു കൊള്ളും. ആയതിനാൽ കഥകളി സംഗീതത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കണം എന്നൊന്നും പറയുന്നതിൽ വലിയ അർത്ഥമില്ല.

2. രാഗം മാറ്റി പാടുക എന്നത് കഴിഞ്ഞ കാലത്തും കഥകളിയിൽ നടന്നിട്ടുള്ള കാര്യമാണ്. നമ്പീശനാശാൻ, ഉണ്ണിക്കൃഷ്ണക്കുറുപ്പ് തുടങ്ങി ഹൈദരാലിയും ഹരിദാസും വരെയുള്ള  കഥകളിസംഗീത പ്രതിഭകൾ ആട്ടക്കഥാ   രചയിതാക്കൾ നിർദ്ദേശിച്ചിട്ടുള്ള രാഗപദ്ധതി വിട്ടു തങ്ങളുടേതായ പല രാഗപരീക്ഷണങ്ങളും കഥകളി പദങ്ങളിൽ നടത്തി സംഗീതലോകം കീഴടക്കിയിട്ടുളളതാണ്.

3. രാഗങ്ങൾ മാറ്റിയുള്ള കഥകളിപ്പദാലാപനം സ്വാഗതാർഹമാണ്. സംഗീതത്തിന്റെ ഭാവത്തേക്കാൾ ശ്രദ്ധ ചെലുത്തേണ്ടത് വ്യാകരണത്തിലാണ്. കഥകളിസംഗീതം ഭാവസംഗീതമാണെങ്കിലും പാട്ടിന്റെ ഭാവം എല്ലാവർക്കും ഒരുപോലെയായിരിക്കില്ല അനുഭവപ്പെടുന്നത്. ഭാവം എന്നു പറയുന്ന അനുഭവം പാട്ട് കേൾക്കുന്നയാളുടെ മനസ്സിലാണ് സൃഷ്ട്ടിക്കപ്പെടുന്നത്. ഇന്ന ഭാവം വരണം എന്നുദ്ദേശിച്ചു ഗായകൻ പാടിയാലും ആ ഭാവം പ്രേക്ഷകന് അനുഭവപ്പെടണം എന്നില്ല. ആസ്വാദനം തികച്ചും വ്യക്തിനിഷ്ഠമാണ്. അതിനൊരു പൊതുസ്വഭാവമില്ല. അതുകൊണ്ട് തന്നെ കേൾവിശീലങ്ങൾക്കനുസരിച്ചു കഥകളിപ്പാട്ടിൽ രാഗമാറ്റങ്ങൾ ഉണ്ടാകുന്നതിൽ അപാകതയൊന്നുമില്ല.

4.  അരങ്ങിലെ പരിണിതപ്രജ്ഞരായ, ആരാദ്ധ്യരായ വേഷക്കാരെപ്പോലും നിഷ്പ്രഭരാക്കുന്ന വിധത്തിലുള്ള ചില ഗായകരുടെ ആലാപനശൈലി ശരിയല്ല. അരങ്ങിൽ വേഷക്കാരനെ തോൽപ്പിക്കാൻ പാട്ടുകാരൻ ശ്രമിച്ചാൽ കഥകളിക്കത് ബുദ്ധിമുട്ടാകും. അട്ടക്കഥാകാരൻ നിർദ്ദേശിച്ച രാഗങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല. പക്ഷേ ഒരാസ്വാദകനെ സംബന്ധിച്ചിടത്തോളം വളയത്തിൽ ചാടുന്ന സിംഹത്തിനെ കണ്ടിരിക്കാനാണ് രസം.

5. കഥകളി കലാകാരന്മാരെ വിമർശിക്കുന്നത് ശരിയല്ല. കാരണം അതവരുടെ ജീവിതമാർഗ്ഗമാണ്.  വിമർശിക്കുന്നവർക്ക് ഒന്നും നഷ്ട്ടപ്പെടാനില്ല. വിമർശനം ഏൽക്കേണ്ടിവരുന്നവർക്ക്‌ വ്യക്തിപരമായും സാമൂഹികപരമായും വിഷമതകൾ അനുഭവിക്കേണ്ടി വരും.

ഈ അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ കഥകളിസംഗീതവിഷയത്തിലേക്ക്‌ ഒന്നിറങ്ങി ചെല്ലാം.   


കഥകളിയുടെ ചതുർവിധാഭിനയങ്ങളിലെ  വാചികമാണ് (സംഭാഷണം) കഥകളിപ്പദങ്ങൾ. കഥകളിയുടെ ആദിമരൂപമായ രാമനാട്ടത്തിൽ നടൻ തന്നെയായിരുന്നു പാട്ടു പാടി അഭിനയിച്ചു കൊണ്ടിരുന്നതെങ്കിൽ നടൻറെ നൃത്തത്തിനും അഭിനയത്തിനും കൂടുതൽ സാദ്ധ്യതയും സൗകര്യവും  നൽകുന്നതിനായി വെട്ടത്തുതമ്പുരാൻ നടന്റെ വാചികത്തെ പിന്നിൽ നിന്നൊരു ഗായകൻ പാടുന്നരീതിയാക്കി മാറ്റുകയും അതു കാലക്രമേണ കുറിച്ചി സമ്പ്രദായത്തിലൂടെ രണ്ടു പിന്നണി ഗായകർ (പൊന്നാനിയും ശിങ്കിടിയും) എന്ന രീതിയിലേക്ക് മാറുകയും ചെയ്യുകയായിരുന്നു എന്നു വായിച്ചതായിട്ടാണ് ഓർമ്മ. കേരള ക്ഷേത്രകലാപാരമ്പര്യത്തിൽ അധിഷ്ഠിതമായ സോപാനസംഗീത ശൈലിയാണ് കഥകളിയുടെ രംഗാഭിനയത്തിനു ഏറ്റവും യോജിച്ചതെന്നു കണ്ട് ആ സംഗീതസമ്പ്രദായത്തെ കഥകളി സ്വീകരിക്കുകയും ചെയ്തു. ഭാവസ്ഫുരണം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ കഴിയുന്നത്‌ വിളംബകാലത്തിലുള്ള ഈ സംഗീതാലാപനശൈലിക്കുള്ളിൽ നിന്നുകൊണ്ടാണെന്ന തിരിച്ചറിവായിരുന്നു കഥകളി സൃഷ്ട്ടാക്കൾക്കുണ്ടായിരുന്നതെങ്കിൽ കഥകളി സംഗീതം കാലക്രമേണ കർണ്ണാടക സംഗീതശൈലിയിലേക്കു വഴിമാറിപ്പോകുകയായിരുന്നു.
  
കഥയും പാത്രപ്രകൃതവും കഥാസന്ദർഭവും കാലവും എല്ലാം അടക്കം ചെയ്തുവച്ചിരിക്കുന്ന അർത്ഥസമ്പുഷ്ടമായ പദസഞ്ചയങ്ങളാണ്, സാഹിത്യമാണ് കഥകളിപ്പദങ്ങൾ.  കഥകളിപ്പദങ്ങൾ വെറും ഗാനങ്ങളല്ല, അതിന്റെ മുഖ്യധർമ്മം കഥാസംവേദനവും സംഭാഷണാവിഷ്ക്കരണവും ആണ്.  കഥകളിയുടെ അഭിനയ കലാസൗധം അടിയുറച്ചു നില്ക്കുന്നത് ഈ അസ്തിവാരത്തിലാണ്. അഭിനയസംഗീതമായതുകൊണ്ട് അതിൽ സാഹിത്യത്തിനും ഭാവത്തിനുമാണ് കൂടുതൽ പ്രാധാന്യം. പദാർത്ഥഭിനയത്തിനും തദ്വാരാ ആശയ പ്രകടത്തിനും പദങ്ങളിലെയും ശ്ലോകങ്ങളിലെയും സാഹിത്യം സ്പഷ്ടമായി അനുഭവപ്പെടേണ്ടതുണ്ട്. അഭിനയത്തിനും ഭാവപ്രകാശനത്തിനും വേണ്ട പ്രേരണയും അന്തരീക്ഷവും ഉണ്ടാവേണ്ടതും സംഗീതത്തിൽ നിന്നുമാണ്. രാഗതാളകാലങ്ങളുടെ കൃത്യമായ ചേർച്ചകളും നല്ല കഥകളിപ്പാട്ടിന് അവശ്യമാണ്. നാട്യത്തിന് വഴങ്ങി നിന്നുകൊണ്ട് അതിനു സഹായകമായി വർത്തിക്കുന്ന കലാഘടകമായും കഥകളി സംഗീതത്തെ വിശേഷിപ്പിക്കാം. ഇക്കാരണങ്ങളാൽ കഥകളിപ്പദാലാപനം എന്നതു കേവലമായ വായ്പ്പാട്ടല്ല, മറിച്ച് സാഹിത്യത്തിന്റെ സവിശേഷ സ്വഭാവത്തെ നടനിലൂടെ രംഗാനുഭവമാക്കി മാറ്റുന്ന സംഗീതപദ്ധതിയാണെന്നു മനസ്സിലാക്കാം. ആട്ടക്കഥാരചയിതാക്കളും കഥകളിയുടെ വിവിധതലങ്ങളെക്കുറിച്ചു പ്രാഗത്ഭ്യം ഉണ്ടായിരുന്നവരുമെന്നു കരുതേണ്ട പൂർവസൂരികളും കൂലങ്കഷമായ അന്വേഷണങ്ങൾക്കും നിരീക്ഷണപരീക്ഷണങ്ങൾക്കും ശേഷമാകണം കഥകളിപ്പദങ്ങളുടെ ആലാപനഘടന നിശ്ചയിച്ച്‌ ഉറപ്പിച്ചിട്ടുള്ളത് എന്നു വേണം കരുതാൻ (ഇന്ന് നാം കാണുന്ന കഥകളിയുടെ കാതൽ എല്ലാം തന്നെ അങ്ങിനെയുള്ള പൂർവസൂരികളുടെ സംഭാവനയാണെന്നും അതുമായി താരതമ്യം ചെയ്യുമ്പോൾ ഈ തലമുറയുടെ കഥകളി സംഭാവന തുലോം ചെറുതാണെന്നും ആർക്കും മനസ്സിലാക്കാവുന്നതാണ്. ആട്ടക്കഥാകാരന്മാർക്കും മറ്റും കഥകളിയും സംഗീതവും അറിയില്ലായിരുന്നു എന്നൊക്കെ ചർച്ചയിൽ ചിലർ പറഞ്ഞതു ബാലിശമായിപ്പോകുന്നതും ഇതുകൊണ്ടാണ്).


ആദ്യമായി 'കഥകളിയുടെ എല്ലാ മേഖലകളിലും പോലെ പാട്ടിലും കാലാനുസാരിയായ മാറ്റം ഉണ്ടാകേണ്ടതവശ്യമാണെന്ന' അഭിപ്രായം തന്നെ എടുക്കാം. കാലം മാറുന്നതിനനുസരിച്ച് കഥകളിക്കാഴ്ചശീലങ്ങളും സംവേദനശീലങ്ങളും മാറും എന്നുള്ളതിൽ രണ്ടു പക്ഷമില്ല; കഥകളിയുടെ ആവിർഭാവ കാലം മുതൽ ഇന്നു വരെ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ കാണിക്കുന്നതും അതാണല്ലോ? ഇങ്ങിനെ ഉണ്ടായിട്ടുള്ള മാറ്റങ്ങളിൽ പലതും കഥകളിയുടെ നിലനിൽപ്പിനു സഹായകരമായി വർത്തിച്ചിരുന്നു എന്നു  പറയുന്നതിനോടും യോജിപ്പേ ഉള്ളൂ. ഇങ്ങനെ പറയുമ്പോൾ തന്നെ കഥകളി പോലൊരു കലയിൽ കാലാനുസൃതമായി മാറ്റാവുന്നതും വലുതായി മാറ്റാൻ പാടില്ലാത്തതും ആയ ഘടകങ്ങൾ എന്താണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. പാളയിൽ കരികൊണ്ടു വരച്ച മുഖംമൂടിയും ധരിച്ച് ആടിയിരുന്ന രാമനാട്ടവേഷങ്ങളേക്കാൾ എന്തുകൊണ്ടും ഗംഭീരം തന്നെയാണ് ഇന്നത്തെ കഥകളി വേഷങ്ങൾ. വളരെ കഷ്ട്ടപ്പെട്ട് അരിമാവു കൊണ്ടു തീർത്തിരുന്ന ചുട്ടിയേക്കാൾ  മുഖത്തിനിണങ്ങുന്നതും സൌകര്യപ്രദവുമാണ് ഇന്നത്തെ കടലാസ് ഉപയോഗിച്ചുള്ള ചുട്ടി. പാടി അഭിനയിച്ചിരുന്ന നടനിൽ നിന്നും പാട്ട് മാറ്റി പിറകിൽ നിന്നും ഗായകർ പാടുന്ന രീതിയാക്കിയപ്പോൾ അത് ആട്ടത്തിനുണ്ടാക്കിയ ഗുണഫലങ്ങൾ ഏറെയാണ്‌. പണ്ടത്തെ ഭംഗി കുറഞ്ഞ  കുപ്പായങ്ങളുടെയും മറ്റു കോപ്പുകളുടെയും സ്ഥാനത്തു വിലപിടിപ്പുള്ള, തിളക്കമാർന്ന ആടയാഭരണങ്ങൾ കഥകളി വേഷത്തിനേകുന്ന ചാരുത കുറച്ചൊന്നുമല്ല. ആധുനിക കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റം തന്നെയാണിത്. ഇതുപോലെ ആധുനിക ശബ്ദ-വെളിച്ച ക്രമീകരണങ്ങൾ കഥകളിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ തന്നെയാണ്. പക്ഷേ കഥകളിയുടെ ഇപ്പറഞ്ഞ ബാഹ്യവിഷയങ്ങൾ പോലെ ഒന്നല്ല  അരങ്ങവതരണവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്ന കഥകളിപ്പദാലാപനം. കഥകളിപ്പദത്തിന്റെ മുഖ്യധർമ്മം കഥാസംവേദനവും സംഭാഷണാവിഷ്ക്കരണവുമാണെന്നു മുകളിൽ പറഞ്ഞല്ലോ? കാലം മാറുന്നതിനനുസരിച്ച് കഥയും കഥാപാത്രങ്ങളും ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന കഥകളി സാഹിത്യവും മാറുന്നില്ല. രംഗാവതരണവുമായി ബന്ധപ്പെടുത്തി ഭാവസംഗീതമായാണ് കഥകളിപ്പദങ്ങൾ പാടേണ്ടത് എന്നതിനാൽ പദാലാപനത്തിൽ കഥകളി ഗായകന് വലിയൊരു സ്വാതന്ത്ര്യവും സാദ്ധ്യമല്ല എന്നു വരുന്നു. സാഹിത്യത്തിൽ ഉദ്ദേശിച്ചിട്ടുള്ള അർത്ഥതലങ്ങൾ, മറ്റു രംഗഘടകങ്ങളോടു വേണ്ടവണ്ണം സമന്വയിപ്പിച്ച്, പ്രേക്ഷകന് ദൃശ്യാനുഭവമായി മാറ്റാൻ നടനെ സഹായിക്കുക എന്നതാണ് കഥകളിപ്പാട്ടുകാരന്റെ ധർമ്മം. അങ്ങിനെ സ്ഥിരമായി നിൽക്കുന്ന അരങ്ങുപ്രകൃതങ്ങളെ  പ്രകാശിപ്പിക്കാൻ ബാദ്ധ്യസ്ഥമായ കഥകളിപ്പാട്ടിന് കാലാനുസാരിയായി എത്ര വലിയ മാറ്റം ഉൾക്കൊള്ളാൻ കഴിയും എന്ന ചോദ്യം ഉദിക്കുന്നു. നാം സാധാരണ കാണുന്ന കഥകളിലെ ഏതാണ്ട് എല്ലാ പദങ്ങളും തന്നെ പല ദശകങ്ങളിലായി ഗായകർ അരങ്ങിൽ പാടി, ആ പദം കൊണ്ടുദ്ദേശിച്ചിട്ടുള്ള രംഗാനുഭവം (കഥാസംവേദനവും സംഭാഷണാവിഷ്ക്കരണവും) തികച്ചും സാദ്ധ്യമാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അപ്പോൾ ഈ  ആലാപനശൈലി (രാഗം) മാറ്റത്തിലൂടെ നാം എന്താണ് ഉദ്ദേശിക്കുന്നത്? പഴയതിലും നല്ല രംഗാനുഭവമോ? പാട്ടും ആട്ടവും ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ, പാട്ടിൽ വരുത്തുന്ന മാറ്റങ്ങൾ രംഗാവതരണത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും. രംഗാവതരണത്തിനു യോജിച്ച പാട്ട് എന്ന അടിസ്ഥാന തത്വത്തിൽ നിന്നു മാറി പാട്ടിനു യോജിച്ച രംഗാവതരണം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയാൽ അതു കഥകളിയുടെ കടയ്ക്കൽ വെയ്ക്കുന്ന കത്തിയായിത്തീരും എന്നതുറപ്പാണ്. വികലമായ സംഗീതപരീക്ഷണങ്ങൾ കാരണം അടയും ചക്കരയും പോലെ ചേർന്നു പോകേണ്ട ആട്ടവും പാട്ടും മോരും മുതിരയും പോലെ ചേരാതെ കിടന്നു കഥകളി ആസ്വാദകനെയും നടന്മാരെയും ഒരുപോലെ വിഷമിപ്പിക്കുകയാണ് (പല പരിഗണനകളും കാരണം കഥകളി കലാകാരന്മാർ ഇതു വെളിയിൽ പറയില്ലന്നേയുള്ളൂ).  ഞാൻ ബ്ലോഗിൽ പരാമർശിച്ച കളികൾ എനിക്കു നൽകിയ അനുഭവം ഇതായിരുന്നു. മാറ്റം ആവശ്യമാണെങ്കിൽ വരുത്താം. മാറ്റത്തിനു വേണ്ടി മാറ്റം എന്ന ഇന്നത്തെ ചിന്തയാണ് ദോഷകരം.


ഗായകർ ഇഷ്ടമുള്ളതുപോലെ പാടിക്കോട്ടെ, നല്ലതാണെങ്കിൽ അതു നിലനിൽക്കും, അല്ലാത്തതു കാലം തള്ളിക്കൊള്ളും എന്ന ചിന്ത ഒന്നു പരിശോധിക്കാം. ഏറ്റവും കൂടുതൽ പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്നത് എന്താണോ അതാണ്‌ നല്ലതെന്നും അതുകൊണ്ട് തന്നെ അതാണ്‌ നിലനിൽക്കേണ്ടതെന്നുമാണല്ലോ ഇപ്പറയുന്നതിന്റെ അർത്ഥം? കഥകളി പോലെ സങ്കീർണ്ണതകൾ ഏറെയുള്ള ഒരു സംയുക്തകലയുടെ രംഗാവിഷ്ക്കാരരീതികൾ പുനർനിർണ്ണയിക്കാൻ പ്രാപ്തമാണോ ഇന്നത്തെ കഥകളി ആസ്വാദകസമൂഹം? പൊതുസമൂഹത്തിന്റെ ഭൂരിപക്ഷാഭിപ്രായത്തിൽ ജനാധിപത്യപരമായി ചെയ്യേണ്ടതാണോ കഥകളി പരിഷ്ക്കരണങ്ങൾ?  കഥകളിയെപ്പോലെ വിഷയസമ്പന്നമായ ഒരു ക്ലാസ്സിക്കൽ കലയിൽ മാറ്റങ്ങൾ അനിവാര്യമാണെങ്കിൽ അതു നിർണ്ണയിക്കേണ്ടതും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതും അതിനു യോഗ്യതയുള്ള പണ്ഡിതസമൂഹം ആണ്, പൊതുസമൂഹം അല്ല. വിഷയഗൌരവം ഉള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ നിന്നും കലയ്ക്കു ഗുണകരമെന്ന് തോന്നുന്നത് വിലയിരുത്തി കലയ്ക്കു പ്രയോജനപ്പെടുത്തേണ്ടതും അവരുടെ കടമയാണ്. അതല്ലാതെ, കഥകളി കാണാൻ ഇഷ്ടമാണ്, കുറെയേറെ കളികൾ കണ്ടിട്ടുണ്ട്, കലാകാരന്മാരുമായി നല്ല ബന്ധമുണ്ട്, അത്യാവശ്യം കഥകളി പഠിച്ചിട്ടുണ്ട് എന്നിത്യാദി കാര്യങ്ങളൊന്നും കഥകളിസ്വത്വത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ നിർദ്ദേശിക്കാൻ ഒരുവന് അവശ്യം വേണ്ട യോഗ്യതയുടെ മാനദണ്ഡങ്ങളായി പരിഗണിക്ക വയ്യ. ഇന്നത്തെ കഥകളി കലാകാരന്മാരിൽ നല്ലൊരു ശതമാനത്തിനും ഈ യോഗ്യത അവകാശപ്പെടാൻ കഴിയും എന്നു തോന്നുന്നില്ല.  പ്രേക്ഷക താൽപര്യത്തിന്റെ പിറകേ കല പോകുകയല്ല, മറിച്ച് കലയുടെ മാസ്മരികതയിൽ ആകർഷിക്കപ്പെട്ട് ആസ്വാദകൻ കലയുടെ പിറകേ പോകകുകയാണ് വേണ്ടത്. അങ്ങിനെ ഒരു കലയേ കാലത്തെ അതിജീവിച്ചു നിലനിൽക്കൂ.  ഇപ്പറഞ്ഞതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും കുറേപ്പേരെങ്കിലും ഇങ്ങനെ ചിന്തിക്കേണ്ടത് കഥകളിയുടെ സ്വത്വസംരക്ഷണത്തിന് അനിവാര്യമാണ്. പ്രേക്ഷകന്റെ താത്പര്യത്തിനനുസരിച്ചു പാട്ടു പാടി കഥകളിയെ  ജനകീയമാക്കുന്നതിലും നന്ന് കഥകളിയുടെ ഭാവസംഗീത തനിമ നിലനിർത്തിക്കൊണ്ടുള്ള പാട്ടിലൂന്നി നിന്നു കൊണ്ട് കഥകളിയിലേക്ക് കുറേപ്പേരെയെങ്കിലും ആകർഷിക്കാൻ ഗായകർ ശ്രമിക്കുന്നതായിരിക്കും.


മുൻകാലങ്ങളിലെ ഗംഭീരാശയന്മാരായ കഥകളി സംഗീതജ്ജർ പാട്ടിന്റെ രാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെതിനാൽ തങ്ങൾക്കും അതാകാമെന്ന ചിന്തയാണ് അടുത്തതായി പരിശോധിക്കപ്പെടേണ്ടത്. അരങ്ങവതരണത്തിന്റെ മേന്മക്കായോ അല്ലെങ്കിൽ പൂർവസൃഷ്ട്ടിയുടെ അപര്യാപ്തത ശരിക്കും ബോദ്ധ്യപ്പെട്ടതുകൊണ്ടോ ചില പദങ്ങളിൽ മുൻകാലങ്ങളിൽ സംഗീതജ്ജർ മാറ്റം വരുത്തിയിട്ടുണ്ടാകാം. എന്നുവച്ച്  വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന മട്ടിൽ ഏതു ഗായകനും ഏതു കാലത്തും ഇങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട് എന്നു ചിന്തിക്കുന്നതു ശരിയാണോ? ഇപ്പറയുന്ന മുൻകാല സംഗീതജ്ജരെപ്പോലെ കഥകളിശരീരത്തിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങൾ വരുത്താൻ കെൽപ്പുള്ളവരാണോ ഇന്നത്തെ പല ഗായകരും?  ആപേക്ഷികമായി കഥകളിയോട്‌ കൂടുതൽ ആത്മാർത്ഥത പുലർത്തിയിരുന്നവരും കഥകളിപ്പദത്തിന്റെ രംഗപ്രയോഗങ്ങളെക്കുറിച്ച് കൂടുതൽ അറിവും ബോധവും ഉള്ളവരുമായിരുന്നു പഴയ തലമുറയിലെ ഗായകരെങ്കിലും അവർ  ചെയ്തിട്ടുള്ളതെല്ലാം ശരിയാകണം എന്നില്ല. കഴിഞ്ഞ തലമുറയിലെ ചില പ്രശസ്ത ഗായകരുടെ അരങ്ങുബന്ധം മറന്നുള്ള ആലാപനരീതി ധാരാളം വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലെ സ്വയംപ്രകാശന ത്വരയിൽ അവർ ചെയ്തിട്ടുളള പല രാഗമാറ്റങ്ങളും കഥകളി പ്രേക്ഷകലോകത്തിൻറെ അംഗീകാരം ലഭിക്കാതെ കൂമ്പടഞ്ഞിട്ടുള്ളതുമാകണം. കാര്യങ്ങൾ ഇങ്ങിനെയാണെന്നിരിക്കെ അവർ ചെയ്തിട്ടുള്ളതെല്ലാം എങ്ങിനെയാണ് മാതൃകയായി സ്വീകരിക്കാൻ കഴിയുക? കഥാപാത്രത്തിനും സന്ദർഭത്തിനും യോജിച്ച പാട്ടുശൈലി എന്നതു മറന്ന് മുൻഗാമികൾ ചിലർ ചെയ്തത്‌ തന്നെ ചെയ്യുന്നതാണ്‌ ശരി എന്നു ചിന്തിക്കുന്നതിൽ എന്ത് ന്യായം? വിദ്യയുടെ നാലിലൊന്നു ഭാഗം ആചാര്യനിൽ നിന്നും ബാക്കി നാലിൽ മൂന്നു ഭാഗം കലാകാരൻ സ്വയമായും ആർജ്ജിക്കേണ്ടതാണെന്നുമുള്ള ആപ്തവാക്യമനുസരിച്ച് ശരിയല്ലാത്തത് തിരുത്താൻ കലാകാരന് അവകാശവും സ്വാതന്ത്ര്യവുമുണ്ട്‌. അതുപയോഗിക്കാനുള്ള അറിവും വിവേകവും താൽപ്പര്യവും വേണം എന്നു മാത്രം. പ്രതിഭയുള്ള കലാകാരന്മാർക്ക് അവരുടെ മുന്നോട്ടുള്ള കലാപ്രയാണത്തിനു വെളിച്ചം പകരുന്ന പ്രകാശഗോപുരങ്ങളാണ് ആചാര്യന്മാരെങ്കിൽ പ്രതിഭ കുറഞ്ഞ കലാകാരന്മാർക്ക് ഒളിച്ചിരിക്കാനുള്ള ഒളിത്താവളങ്ങളായി മാറുകയാണവർ എന്നതാണ് കഷ്ട്ടകരമായ വസ്തുത. 


 കഥകളിപ്പദത്തിലെ രാഗമാറ്റപരീക്ഷണങ്ങളും അതിനോടുള്ള യോജിപ്പും ആയിരുന്നു ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായത്തിൽ തെളിഞ്ഞു കണ്ടത്. കീർത്തനങ്ങൾ പോലെ രാഗഭാവത്തിനു ഊന്നൽ കൊടുത്തു കൊണ്ട് സ്വരസ്ഥാനങ്ങളിൽ ചിട്ടപ്പെടുത്തിവച്ചിട്ടുള്ള വായ്പ്പാട്ടല്ലല്ലോ കഥകളിപ്പദങ്ങൾ? രംഗഭാവത്തെ പ്രകാശിപ്പിക്കാൻ അതിനു യോജിച്ച ഭാവതലമുള്ള ഒരു പ്രത്യേകരാഗത്തിന് (അത് കർണ്ണാടകമോ കേരളീയമോ ആകാം) കഴിയും എന്നതിനാൽ ആ പദത്തിനു ആ രാഗം നിശയിച്ചുറപ്പിച്ചിരിക്കുന്നു എന്നു ചിന്തിക്കാം. പക്ഷെ അരങ്ങു ബന്ധമില്ലാത്ത കീർത്തനത്തിനു പാടുന്നതു പോലെയായിരിക്കണ- മെന്നില്ല അരങ്ങുബന്ധമുള്ള കഥകളിക്ക് ആ രാഗം പാടുന്നത്. രാഗഭാവത്തിൽ ഉറച്ചു നിന്നുകൊണ്ടുള്ള കീർത്തനാലാപനത്തിൽ സാഹിത്യം സംഗീതത്തിന് വഴിമാറി പിന്നിലേക്ക്‌ മാറിനിൽക്കേണ്ടതുണ്ടെങ്കിൽ  മനുഷ്യഹൃദയങ്ങളിൽ ഉദയംചെയ്യുന്ന വിചാരവികാരങ്ങളെ ഹൃദയസ്പർഷകമാവിധം പ്രതിഫലിപ്പിക്കുന്ന ഭാവസംഗീതമായ  കഥകളിപ്പദാലാപനത്തിൽ സംഗീതം സാഹിത്യത്തിനു വഴങ്ങി പിന്നിലേക്ക്‌ വഴിമാറേണ്ടതുണ്ട്. പദങ്ങളിൽ കാണുന്ന അർത്ഥതലങ്ങളെയും അതിൽ നിന്നുളവാകുന്ന ഭാവതലങ്ങളെയും ആ രാഗത്തിൽ സമന്വയിപ്പിച്ച് പാടുന്നതിലാണ് കഥകളി പാട്ടുകാരന്റെ കഴിവ് പ്രകടമാകുന്നത്. ഒരേ രാഗം തന്നെ പല പദങ്ങളിൽ പല ഭാവങ്ങൾ സൃഷ്ട്ടിക്കാൻ ഉപയോഗിക്കാൻ കഴിയുന്നത്‌ തന്നെ ഇതു കൊണ്ടാണ്.  ശുദ്ധമായ, വ്യാകരണനിബദ്ധമായ രാഗാലാപനമല്ല കഥകളി സംഗീതത്തിന്റെ മുഖമുദ്ര. ഭാവാഭിനയത്തിന് ഒരു രീതി സഹായകരമാനെങ്കിൽ രാഗശുദ്ധിക്ക് പ്രാധാന്യം കൊടുക്കേണ്ടതില്ല. കർണ്ണാടകരാഗങ്ങൾ ചില സന്ദർഭങ്ങളിലെങ്കിലും ഭാവപ്രകാശനത്തിന് അപര്യാപ്തമെന്ന് തോന്നിയതിനാലോ കഥകളി പിറന്ന മണ്ണിൽ തന്നെ പിറന്ന സംഗീതം കഥകളിയുടെ ചില ഭാവപ്രകാശനങ്ങൾക്കെങ്കിലും കൂടുതൽ മിഴിവേകുന്നു എന്നു കണ്ടതിനാലോ ആകാം കേരളീയമായ പല രാഗങ്ങളും (പാടി, പുറനിര, കാനക്കുറിഞ്ഞി തുടങ്ങി പത്തോളം രാഗങ്ങൾ) കഥകളിയിലേക്ക്  കൊണ്ടുവരപ്പെട്ടിട്ടുള്ളത്. കേൾവിശീലങ്ങൾക്കനുസരിച്ചു കഥകളിപ്പാട്ടു മാറ്റുമ്പോൾ ഈ കേരളീയ ഗാനസംസ്കാരവും അതുമൂലം സാദ്ധ്യമായിരുന്നു എന്നു കരുതാവുന്ന ഭാവസമ്പന്നതയുമാണ് കഥകളിക്കു നഷ്ട്ടമാകുന്നത്. രാഗം മാറ്റി പാടാനും മറ്റും  കഥകളി സംഗീതജ്ജർ കാണിക്കുന്ന താൽപ്പര്യം, കഥകളിസംഗീതത്തിന്റെ ഈ നഷ്ട്ടസമ്പന്നതകൾ തേടാൻ കൂടി
കാണിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനേ?


പാട്ടു കേൾക്കുന്നയാളുടെ മനസ്സിലാണ് ഭാവം സൃഷ്ട്ടിക്കപ്പെടുന്നതെന്നും അത് ഓരോരുത്തർക്കും ഓരോ വിധത്തിലായിരിക്കും അനുഭവപ്പെടുക എന്നും അതിനാൽ കഥകളി പാട്ടുകാരന് ഇതിലൊന്നും വലുതായി ചെയ്യാനില്ല എന്നും അതുകൊണ്ടു തന്നെ കഥകളിപ്പാട്ട് എങ്ങിനെ പാടിയാലും കഴപ്പമില്ല എന്നൊക്കെയുള്ള ചിന്തകൾ തികച്ചും ആത്മഹത്യാപരമാണെന്നേ പറയാൻ കഴിയൂ. ഒരാൾ കോപത്തോടെയും സ്നേഹത്തോടെയും അത്ഭുതത്തോടെയും സംസാരിക്കുമ്പോൾ ആ ഭാവങ്ങൾ തിരിച്ചറിയാൻ നമുക്കു കഴിയില്ലേ? അതോ ഒരാൾക്ക്‌ ദ്വേഷഭാവം തോന്നുന്ന ഭാഷണം മറ്റൊരാൾക്ക് സ്നേഹഭാഷണമായി അനുഭവപ്പെടുമോ? ബീഭൽസഭാവം കണ്ടാൽ അതു കരുണമായി തോന്നുമോ? 'കുണ്ഡിനനായക' കേട്ടാൽ 'ഹാ ഹാ കരോമി' യുടെ ഭാവമാണോ മനസ്സിൽ ഉളവാകുക? കഥകളിയുടെ വാചികമായ കഥകളിപ്പദത്തിന്റെ ശരിയായ ആലാപനത്തിലൂടെ കഥാപാത്രത്തിന്റെയും സന്ദർഭത്തിന്റെയും ഭാവതലങ്ങൾ പ്രേക്ഷകനിൽ സൃഷ്ട്ടിക്കാൻ കഴിയുക തന്നെ ചെയ്യും. പക്ഷെ അതിനു  ചേർന്നതാകണം പാട്ടുശൈലി എന്നു മാത്രം. കഥാപാത്രത്തിന്/കഥാസന്ദർഭത്തിന് ഒരു ഭാവതലം ഉണ്ടെന്നും ആ ഭാവപ്രകാശനത്തിനായി അതേ ഭാവതലം ഉള്ള ഒരു പാട്ടുശൈലി (രാഗം) സ്വീകരിക്കാം എന്നും മനസ്സിലാക്കാം. പക്ഷേ ഈ ഒരു ഭാവതലത്തെ പ്രകാശിപ്പിക്കുവാൻ വ്യത്യസ്ത ഭാവതലങ്ങളുള്ള പല രാഗങ്ങൾ ഉപയോഗിക്കാൻ കഴിയുമോ? നളചരിതം രണ്ടാംദിവസത്തിലെ കാട്ടാളന്റെ ദമയന്തിയോടുള്ള പച്ചശ്രുംഗാരം അവതരിപ്പിക്കാൻ പല ഗായകരായി അഞ്ചെട്ടുരാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ്  ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ഒരു കഥകളി ആസ്വാദകൻ പറഞ്ഞത്. രംഗത്തെ കാട്ടാളനു വേണ്ടിയുള്ള പാട്ട് എന്നതു വിട്ട് ഗായകനും പ്രേക്ഷകർക്കും രസിക്കാൻ വേണ്ടിയുള്ള പാട്ട് എന്ന നിലയിലേക്ക് കാര്യം മാറുമ്പോൾ സുന്ദരമായ ആ കഥകളി രംഗത്തിന്റെ ശോഭയാണ് നശിക്കുന്നത്. രംഗഭാവവുമായി ഒട്ടും തന്നെ ചേർന്നു പോകാത്ത ഒരാലാപനശൈലി കൊണ്ട് ഈ രംഗാവതരണത്തിൻറെ ശോഭയ്ക്ക് എത്രമാത്രം മങ്ങലേൽപ്പിക്കാം എന്നു ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പാട്ടിന് കഥകളി അവതരണത്തിലുള്ള ശക്തി എന്താണെന്നു ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.


കഥകളി സംഗീതത്തിന്റെ അരങ്ങുമായുള്ള (പ്രത്യേകിച്ച് പാത്രസ്വഭാവവുമായുള്ള) അഭേദ്യബന്ധത്തെക്കുറിച്ച് ലാഘവപൂർവം ചിന്തിക്കുന്നതാണ് ചർച്ചയിൽ മുഴങ്ങിക്കേട്ട പല അഭിപ്രായങ്ങൾക്കും കാരണം എന്നാണ് എനിക്കു തോന്നുന്നത്. കഥാസംവേദനവും സംഭാഷണാവിഷ്ക്കരണവും നിർവഹിക്കേണ്ട  സാഹിത്യം എന്നതു മറന്ന് കേൾക്കാൻ ഇമ്പമുള്ള സംഗീതം എന്ന നിലയിലാണ് കഥകളിപ്പദത്തെ പലരും നോക്കിക്കാണുന്നതെന്ന് മനസ്സിലായി. ആംഗികാഭിനയത്തിനു പ്രാധാന്യം കൊടുത്തു ചിട്ടപ്രകാരം കളിക്കുന്ന  കഥകളിൽ (ഉദാ:കോട്ടയം കഥകൾ) ഗായകർക്ക് സ്വാതന്ത്ര്യം വളരെ കുറവാകയാൽ ചിട്ടചെയ്തുറപ്പിച്ചിട്ടില്ലാത്തതും  രസാഭിനയ പ്രധാനമായതുമായ കഥകളിലാണ് (ഉദാ: നളചരിതം, ദുര്യോധനവധം, ദേവയാനിചരിതം, കുചേലവൃത്തം...) സംഗീതക്കസർത്തുകൾ ഏറെയും നടന്നിട്ടുള്ളത്, നടന്നു കൊണ്ടിരിക്കുന്നത്. പാത്രപ്രകൃതങ്ങളും ആ പ്രകൃതങ്ങളുടെ രസഭാവതലങ്ങൾ മുഖത്തു മിന്നിമറയുന്നതും മറ്റും കഥകളിക്കു പ്രാധാന്യമുള്ളതല്ലെന്നു ചിന്തിക്കുന്ന ഒരു കഥകളിയാസ്വാദനസംസ്കാരത്തിൽ ഇതൊക്കെയുമായി നേരിട്ടു ബന്ധപ്പെട്ടു നിൽക്കുന്ന കഥകളിപ്പദങ്ങൾക്ക് വില കുറയുന്നതിൽ അതിശയം തോന്നേണ്ടതില്ല. 'നളനും ബാഹുകനും രുഗ്മാംഗദനും നന്നാക്കാനാവശ്യമായ കോപ്പുകൾ കയ്യിലില്ലാത്ത' നടന്മാരും അങ്ങിനെയുള്ള കോപ്പുകൾ കഥകളിക്ക് ആവശ്യമില്ലെന്നു ചിന്തിക്കുന്ന ആസ്വാദകരും അരങ്ങു നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടത്തിൽ ഇങ്ങിനെയുള്ള ഓജസ്സുറ്റ കഥകളി വേഷങ്ങളുടെ മനസ്സിൽ  മിന്നിമറയുന്ന വിവിധവികാരങ്ങളെ  വെളിപ്പെടുത്തി വാങ്ങ്മയപ്രപഞ്ചം സൃഷ്ട്ടിക്കേണ്ട കഥകളിസംഗീതത്തിന്റെ പ്രസക്തി കുറവായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ!

ഇനി കഥകളി കലാകാരന്മാരെ വിമർശിക്കുന്ന കാര്യം എടുക്കാം. ഏതു മേഖലയുടെയും  ആരോഗ്യകരമായ വളർച്ചക്ക് വിമർശനം  അനിവാര്യമാണ്; അത് സങ്കുചിതമായ വ്യക്തിതാൽപ്പര്യങ്ങൾ വച്ചുകൊണ്ടുള്ളതായിരിക്കരുത് എന്നു മാത്രം. വിമർശനം മൂലം കലാകാരന് താൽക്കാലികമായുണ്ടാകുന്ന അസ്വാസ്ഥ്യത്തിലും വലുത്, മന:പൂർവമായോ അല്ലാതെയോ ഉള്ള പ്രവൃത്തികൾ മൂലം കലാകാരൻ  കലയ്ക്കേൽപ്പിക്കുന്ന ആഘാതമാണ് എന്നതാണെന്റെ വിശ്വാസം.
    
ചർച്ചക്കിടയിൽ ഈ ലേഖനത്തിനു പ്രസക്തമായ ചില അഭിപ്രായങ്ങൾ കണ്ടത് ഇവിടെ രേഖപ്പെടുത്തട്ടെ.


---- കലാമണ്ഡലത്തില്‍ തന്നെ ഉള്ള വിരലിലെണ്ണാവുന്ന ഏതാനും പേര്‍ ഒഴിച്ച് ആരും തന്നെ കഥകളിസംഗീതത്തിന്റെ അതുവരെ ഉണ്ടായിരുന്ന ശൈലി തുടരുന്നില്ല എന്നും ശരിയായ കഥകളി സംഗീതശൈലി കേള്‍ക്കണമെങ്കില്‍ കൃഷ്ണനാട്ടം പദങ്ങള്‍ കേള്‍ക്കേണ്ട സ്ഥിതി ആണെന്നും കലാമണ്ഡലം തിരൂർ നമ്പീശൻ അഭിപ്രായപ്പെട്ടിരുന്നത്രേ. കഥകളി ആട്ടത്തിനു ഒരു ഉറച്ച ചിട്ട രൂപപ്പെടുത്തി അത് അണുവിട പിഴയ്ക്കാതെ പരിപാലിച്ചു വരുന്നതുപോലെ ആ മഹാനടന്മാര്‍ കൂടി മുൻകൈയെടുത്ത് പാട്ടിലും ഏകീകൃതമായ ഒരു ഉറച്ച ശൈലി  നടപ്പില്‍ വരുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഒരു വേള “എല്ലാവരും രാഗം മാറ്റുകയല്ലേ, എന്നാല്‍ ഇനി നിശ്ചയിച്ച താളം മാറ്റി എല്ലാം അങ്ങ് പാടിയാലോ വേഷക്കാര്‍ അരങ്ങില്‍ എന്തു ചെയ്യുമെന്ന് കാണാലോ“ എന്നു പോലും അദ്ദേഹം രോഷം കൊണ്ടിട്ടുണ്ട്. അരങ്ങിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയോട് താദാത്മ്യം പ്രാപിക്കുമ്പോള്‍ അപ്രതീക്ഷിതമായി, സ്വാഭാവികമായി ഉണ്ടാവുന്ന ചില പ്രത്യേക പ്രയോഗങ്ങള്‍ മാത്രമാണു കഥകളി സംഗീതത്തിലെ മനോധർമ്മ സാദ്ധ്യത എന്ന നിലപാടാണ്  അദ്ദേഹത്തിനുണ്ടായിരുന്നത് ----.


"എവിടെ, എങ്ങനെ, ഏതു സ്വരങ്ങള്‍ സാഹിത്യത്തിനു നല്‍കണം എന്ന് ഉണ്ണായിക്ക് അറിയാമായിരുന്നുവെന്ന് അനുമാനിയ്ക്കാം...... രസഭാവങ്ങള്‍ക്കെല്ലാം തന്നെ ഉണ്ണായി അനുയോജ്യമായ രാഗങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്..... ഉണ്ണായി നിര്‍ദ്ദേശിച്ചിട്ടുള്ള രാഗങ്ങളില്‍ നിന്നും ചില രാഗങ്ങള്‍ ഗായകര്‍ ഇക്കാലത്ത് മാറ്റിപാടുന്ന ഒരു പ്രവണത കാണുന്നു. പ്രേക്ഷകരുടെ അഭിപ്രായഗതി മാനിച്ചായിരിക്കാം ചിലപ്പോള്‍ രാഗം മാറ്റിയിട്ടുള്ളത്. പാടി, പുറനിര, ഘണ്ടാരം, നവരസം, ഇന്ദിശ, ഇന്ദളം, മാരധനാശി, കാനക്കുറിഞ്ഞി, സാമന്ദമലഹരി തുടങ്ങിയ രാഗങ്ങളെല്ലാം കഥകളിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരേണ്ടത് കഥകളി ഗായകരുടെ ചുമതലയാണ്. അല്ലാതെ രാഗങ്ങള്‍ മാറ്റി പാടുകയല്ല വേണ്ടത്. കഥകളി രംഗങ്ങളുടെ പരമ്പരാഗതമായ രാഗങ്ങളെ തിരിച്ചറിഞ്ഞ്, പ്രയോഗിച്ച് പഴമ നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. കര്‍ണ്ണാടക സംഗീതത്തിന്റെ പിറകേ പോവുകയും കഥകളിസംഗീതം കര്‍ണ്ണാടകസംഗീതമാക്കി മാറ്റുകയും ചെയ്യുന്ന ഇന്നത്തെ പ്രവണതയ്ക്കു മാറ്റം കുറിയ്‌ക്കേണ്ടിയിരിയ്ക്കുന്നു"- (ഡോ. ഓമനക്കുട്ടി, നളചരിത സംഗീതം,www.kathakali.info.)


ഇന്നത്തെ പ്രശസ്ത ഗായകരിൽ ഒരാൾ ബാണയുദ്ധത്തിലെ ചാരുകേശി രാഗത്തിൽ സാധാരണ പാടാറുള്ള
'കാമോപമരൂപൻ' എന്ന  പദം ഖരഹരപ്രിയയിൽ ഒരിക്കൽ പാടുന്നതു കേട്ട്. എനിക്കത് അനുചിതമായി തോന്നി. ഞാൻ അദ്ദേഹത്തോട് അത് തുറന്നു പറയുകയും ചെയ്തു. അദ്ദേഹത്തിനത്‌ ഒട്ടും ഇഷ്ട്ടപ്പെട്ടില്ല. മാത്രമല്ല, 'ഉണ്ണികൃഷ്ണക്കുറുപ്പ് ഈ രാഗത്തിലാണല്ലോ പാടുന്നത്, ഞങ്ങളെപ്പോലുള്ളവർ പാടുമ്പോഴല്ലേ നിങ്ങൾക്കിതു നന്നായി തോന്നാത്തത് ' എന്ന  പരിഭവവും അദ്ദേഹം പ്രകടിപ്പിച്ചു. രണ്ടു മൂന്നു വസ്തുതകളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഒന്നാമതായി ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയതുകൊണ്ട് താനും ആ രാഗത്തിൽ പാടണം എന്ന അദ്ദേഹത്തിൻറെ നിലപാട്. ആ മാറ്റത്തിന്റെ ആവശ്യമോ അതുണ്ടാക്കാവുന്ന ഭാവവ്യത്യാസമോ  ഉൾക്കൊള്ളാൻ അദ്ദേഹം തയ്യാറായിട്ടില്ല. അനിഷ്ടകരമായ അഭിപ്രായങ്ങൾ എത്ര ആത്മാർത്ഥതയോടു കൂടിയവയാണെങ്കിലും പലരും ഇഷ്ട്ടപ്പെടുന്നില്ല എന്നതാണ് ഇതിന്റെ ഗുണപാഠം.......രാഗങ്ങളേക്കാളേറെ പദങ്ങളുടെ കാലത്തിലും താളത്തിലും പ്രത്യേക സ്വരപ്രയോഗത്തിലും അധിഷ്ഠിതമാണ് ഭാവാവിഷ്ക്കരണമേന്മ എന്നാണു തോന്നുന്നത്. കഥകളി ഗായകരുടെ ഗവേഷണത്വര ഈ വിഷയത്തിലെക്കാണ് നീളേണ്ടത്.......ഇന്നത്തെ കഥകളി ഗായകരിൽ പലരും സംഗീതത്തെക്കുറിച്ച് മനസ്സിലാക്കിയവരും ഇനിയും കൂടുതൽ മനസ്സിലാക്കാൻ കഴിവുള്ളവരും ആണ്. ലക്ഷ്യബോധമില്ലായ്മയാണ് അവരെ ബാധിച്ചിട്ടുള്ള ദോഷം. മാറ്റങ്ങൾ യഥാർത്ഥത്തിൽ ആവശ്യമാണെങ്കിൽ വരുത്താം, വരുത്തണം. ആവശ്യമെന്ന് തോന്നുന്നവ സ്വീകരിക്കണം. എന്നാൽ അനുചിതവും അനാവശ്യവുമായ മാറ്റങ്ങൾ ഉപേക്ഷിക്കുക തന്നെ വേണം. കഥകളി സംഗീതത്തിന് വേറിട്ടൊരു അസ്തിത്വമില്ല. കഥകളിയില്ലെങ്കിൽ കഥകളി സംഗീതവും ഇല്ല. മേളക്കാർക്ക് കഥകളി ഇല്ലെങ്കിലും കേളിയ്ക്കോ പഞ്ചവാദ്യത്തിനോ തായമ്പകയ്ക്കോ  മേളത്തിനോ  പോകാം. കഥകളിപ്പാട്ടുകാർക്ക്  വീട്ടിലിരിക്കയെ നിർവാഹമുള്ളൂ. കഥകളിഗായകർ ഓർക്കേണ്ട ഒരു പ്രധാന വസ്തുതയാണിത് - (C.M.D. നമ്പൂതിരിപ്പാട്, നൃത്യകലാരംഗം ദ്വൈമാസിക ജനുവരി, മാർച്ച് 1995).

ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച ഒരു കഥകളിആസ്വാദകന്റെ ചിന്തോദ്ദീപകമായ അഭിപ്രായങ്ങളോടെ ഈലേ ഖനം ഉപസംഹരിക്കട്ടെ.

'ശാ‍സ്ത്ര സാഹിത്യപരിഷത്തിന്റെയാണെന്നു തോന്നുന്നു, ഒരു ഗാനമുണ്ട് 'നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്'. എന്നാല്‍ നമ്മളെങ്ങനെ നമ്മളായെന്ന് പഠിക്കുക ചില്ലറ കാര്യമല്ല. അറിവു കൂടുംതോറും അറിയാനുള്ളത് ഏറെയാണെന്ന തിരിച്ചറിയും. കലാരംഗത്തു പ്രവർത്തിക്കുന്നവരുടേയും കാര്യം അങ്ങനെ തന്നെ. അവസാന ശ്വാസം വരെ അവര്‍ അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ അറിയാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കും. അറിഞ്ഞതിനെ ആസ്പദമാക്കിയാണ്‌ അവരും അവരുടെ പ്രവര്‍ത്തനമേഖല മെച്ചപ്പെടുത്തുന്നത്. ഈ അറിവാകട്ടെ കാലദേശവ്യക്തിഭേദമെന്യേ വ്യത്യസ്തമായിരിക്കും എന്നു മാത്രമല്ല വ്യക്തിതലത്തില്‍ തന്നെ കാലക്രമത്തില്‍ വ്യാപ്തി വര്‍ദ്ധിക്കപ്പെടുകയും ചെയ്യും. അത്തരം ഒരു അറിവിന്റെ ആഴത്തില്‍ നിന്നു കൊണ്ടുള്ള ക്രിയാത്മകതയില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന പരിഷ്കരണങ്ങള്‍ മാത്രമേ ഏതൊരു വിഷയത്തിലും അതിനു തന്നെ ഗുണകരമാവുകയുള്ളൂ. അതു കലയെ/പ്രസ്തുത മേഖലയെ സമ്പന്നമാക്കും. മറിച്ച് സ്വയം പ്രകാശനം/ധനസമ്പാദനം മാത്രം ലക്ഷ്യമാക്കി ചെയ്യുന്ന മാറ്റങ്ങള്‍ ജനപ്രിയമായി മാറാമെങ്കിലും അത് താ‍ല്‍ക്കാലിക പ്രതിഭാസം മാത്രമായിരിക്കും. കേവലം വ്യക്തിഗതമായ നേട്ടത്തിനപ്പുറം കലക്ക്/പ്രസ്തുതമേഖലക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ ആ പരിഷ്കരണത്തിനു കഴിയുകയില്ല. അതുകൊണ്ടു തന്നെ അറിവിന്റെ ആഴത്തില്‍ നിന്നും ഉയർന്നു വരുന്നതും കലയ്ക്ക്‌/മേഖലയ്ക്ക് ഏറ്റവും അനിവാര്യവും അതുകൊണ്ടു തന്നെ ഉചിതവും ആയി വരുന്നതും മാത്രമാവട്ടെ ഇത്തരം മേഖലയിലെ സര്‍ഗാത്മക ഇടപെടലുകള്‍. വിഭിന്നരുചിക്കാരായ ആസ്വാദകരുടെ വോട്ടിനെ മാത്രം ആ‍ശ്രയിച്ച് പരിഷ്കരിക്കപ്പെടുന്ന ഒരു കാലം ഇത്തരം മേഖലകളിലെങ്കിലും ഉണ്ടാവില്ല എന്നു നമുക്ക് പ്രത്യാശിക്കാം'.


വാൽക്കഷണം: എന്റെ കഥകളി അവലോകനത്തിൽ വിമർശനവിധേയനായ ഒരു കലാമണ്ഡല കഥകളിഗായകൻ, കഥകളി വിദ്യാഭ്യാസം തീരെയില്ലാത്ത ഞാൻ കഥകളിപ്പാട്ട് എന്താണെന്ന് മനസ്സിലാക്കാനായി 'പത്തുവർഷം കഥകളിപ്പദം കേട്ടു പഠിക്കട്ടേ' എന്നു ശിക്ഷ വിധിക്കുകയും ചർച്ചയിൽ പങ്കെടുത്ത ഇരുപതോളം അംഗങ്ങളിൽ ഭൂരിപക്ഷം പേരും അതു 'ലൈക്ക്' ചെയ്തു പാസ്സാക്കുകയും ചെയ്തതാണെന്ന വിവരം ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടേ.   "ഫേസ്ബുക്ക് ചർച്ചകളിലൂടെയോ 'ലൈക്ക് ' കളിലൂടെയോ കഥകളി സംഗീതം രക്ഷപെടില്ല" എന്ന ഡോ. എൻ.പി. വിജയകൃഷ്ണന്റെ പ്രസ്താവവും (കഥകളി സംഗീതത്തിലെ കാലലീലകൾ, മലയാളം, ഒക്ടോബർ14) കൂടി ഇതോടൊപ്പം കൂട്ടി വായിച്ചാൽ 'കഥകളി സംഗീതത്തിന്റെ കാലിക പ്രതിസന്ധി' യുടെ ചിത്രം കൂടുതൽ വ്യക്തമാകുന്നതാണ്.