പ്രശസ്ത കഥകളി സംഗീതജ്ഞനായ പത്തിയൂർ ശങ്കരൻകുട്ടി, തൻറെ മുപ്പത്തിയഞ്ചു വർഷത്തിലേറെക്കാലമായുള്ള കഥകളിസംഗീതസപര്യയിലൂടെ കഥകളിക്കു നൽകിയ വിലപ്പെട്ട സംഭാവനകളെ വിലയിരുത്തുവാനും ആഘോഷിക്കുവാനും അതിലൂടെ അദ്ദേഹത്തെയും കഥകളിയെത്തന്നെയും ആദരിക്കുവാനുമായി സഹൃദയരായ കുറെ കഥകളിപ്രേമികളുടെ ചിന്തകളിൽ ഉരുത്തിരിഞ്ഞു വന്ന്, 2017 ഓഗസ്റ്റ് 26, 27 തീയ്യതികളിലായി ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ സഫലീകൃതമായ സംരംഭമാണ് 'ശങ്കരാദരണം'. കഥകളി സംഗീതത്തിൽ ശങ്കരൻകുട്ടി തുടക്കം കുറിച്ചത് പത്തിയൂർ ദേവീക്ഷേത്രസന്നിധിയിൽ നിന്നാണെങ്കിലും ഒരു പ്രശസ്ത കഥകളി ഗായകനെന്ന നിലയിലേക്ക് അദ്ദേഹം പാടിത്തെളിഞ്ഞത്, കഥകളി പ്രധാന വഴിപാടായി നടത്തപ്പെടുന്ന ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വച്ചാണ്. ഇക്കാരണത്താലും തെക്കൻകേരള കഥകളി സംസ്കാരത്തിന്റെ ഈറ്റില്ലങ്ങളെന്നു വിശേഷിപ്പിക്കാവുന്ന കുട്ടനാടൻ-ഓണാട്ടുകര പ്രദേശങ്ങളുടെ കഥകളിസംസ്കാരം നിറഞ്ഞുനിൽക്കുന്ന ഏവൂരിനെ തന്നെ ഈ മഹനീയസംരംഭത്തിന് വേദിയാക്കിയെന്നതിനാലും 'ശങ്കരാദരണത്തി'ന്റെ സാംസ്കാരികശോഭ ശതഗുണീഭവിച്ചിരിക്കുന്നു എന്നു പറയാം. ഏവൂർ ക്ഷേത്രസന്നിധിയിലാകണം 'ശങ്കരാദരണം' നടക്കേണ്ടത് എന്ന ശങ്കരൻകുട്ടിയുടെ ആഗ്രഹവും അതിനു സമ്മതം മൂളിയ സംഘാടകസമിതിയുടെ പ്രവൃത്തിയും ശ്ലാഘനീയം തന്നെ. ഏതെങ്കിലും ക്ലബ്ബുകളിലോ ഹോട്ടലിലോ ഓഡിറ്റോറിയത്തിലോ വച്ചായിരുന്നു ഈ പരിപാടി നടന്നിരുന്നതെങ്കിൽ ആഘോഷപരമായി കുറെക്കൂടി വലിപ്പവും ആകർഷകത്വമൊക്കെയും ഉണ്ടാകാമായിരുന്നുവെങ്കിലും അതിലൊരു സാംസ്കാരികലോപം സംഭവിക്കുക തന്നെ ചെയ്തേനെ. അതു സംഭവിക്കാതെ, ഈ പരിപാടി നടക്കേണ്ടിടത്തു തന്നെ നടന്നതിൽ നമുക്കെല്ലാം ഏറെ സന്തോഷിക്കാം, അഭിമാനിക്കാം.
ശങ്കരൻകുട്ടിയുടെ പ്രിയമാതാവ് ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ ഭദ്രദീപം കൊളുത്തി അനുഗ്രഹാശിസ്സുകൾ നേർന്ന 'ശങ്കരാദരണം' പരിപാടികൾ, കലാമണ്ഡലം ശ്രീകാന്ത് വർമ്മയും കലാനിലയം രാകേഷും ചേർന്നു കേളികൊട്ടി അനൗപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്നു കായംകുളം എം.എൽ.എ ശ്രീമതി. പ്രതിഭാ ഹരി ഭദ്രദീപം കൊളുത്തി പരിപാടികൾ ഔപചാരികമായും ഉദ്ഘാടനം ചെയ്തു. കഥകളിയെയും നമ്മുടെ തനതു സംസ്കാരത്തെയും കുറിച്ചു സംസാരിച്ച എം.എൽ.എ, കഥകളിയെയും കഥകളികലാകാരന്മാരെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത സമൂഹത്തിനുണ്ടെന്നഭിപ്രായപ്പെട്ടു. ഉദ്ഘാടനസമ്മേളനത്തിൽ പലരും പലതും സംസാരിച്ചെങ്കിലും അതെല്ലാം ഓർത്തെടുക്കാൻ എനിക്കു കഴിയുന്നില്ല. കാര്യപരിപാടിസമിതി മുഖ്യകാര്യദർശി എച്ച്. ചന്ദ്രസേനൻ നായർ കൃതജ്ഞത പ്രകാശിപ്പിച്ചു.
ഉദ്ഘാടനസമ്മേളനത്തിനുശേഷം മൂഴിക്കുളം നേപഥ്യ കാഴ്ചവച്ച 'ശുഭദ്രാധനഞ്ജയം' കൂടിയാട്ടം അരങ്ങേറി. അർജ്ജുന വേഷമിട്ട നേപഥ്യ രാഹുൽ ചാക്യാരുടെയും വിദൂഷകനായി രംഗത്തുവന്ന മാർഗ്ഗി മധു ചാക്യാരുടെയും അഭിനയമികവിനാൽ ഈ പരിപാടി സമ്പന്നമായിരുന്നു. രാഹുൽ ചാക്യാരുടെ ബ്രഹ്മസൃഷ്ടി (സ്ത്രീ) സുന്ദരമായിരുന്നു. ഈ സൃഷ്ടിയിൽ ബ്രഹ്‌മാവിനേക്കാൾ കൃത്യത വേണമെന്ന് രാഹുലിനു നിർബന്ധമുണ്ടായിരുന്നു എന്നു തോന്നുന്നു. ആ ബ്രഹ്മസൃഷ്ടിയെയും കവച്ചുവക്കുന്നതായി മധു ചാക്യാരുടെ വിദൂഷക വർണ്ണനകൾ. കളിയും കാര്യവും സമാസമം ചേർത്തുള്ള ആ വർണ്ണനകൾ അതിമനോഹരമായിരുന്നു. ഹാ ഹാ എന്തായിരുന്നു അതിന്റെയൊരു സുഖം? മനസ്സു നിറഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ ചാക്യാരേ? സംസ്കൃത ഭാഷയിലെ വാക്കുകൾക്ക് ഇത്രമാത്രം അർത്ഥവ്യാപ്തിയുണ്ടെന്ന് പറഞ്ഞുതന്ന ചാക്യരേ നന്ദി! ഈ ഭാഷ പഠിക്കാൻ കഴിയാഞ്ഞത് ജീവിതത്തിലെ വലിയൊരു നഷ്ട്ടം തന്നെയാണ്. അഭിനയവിഷയത്തിൽ മറ്റേതു കലകളെയും കൂടിയാട്ടം നിഷ്പ്രഭമാക്കുന്നുണ്ടെന്നു മുൻപ് ചെന്നെയിൽ വച്ചൊരു കൂടിയാട്ടം കണ്ടപ്പോൾ തോന്നിയിരുന്നു. ആ തോന്നൽ തീർത്തും ശരിയാണെന്ന് എനിക്കിപ്പോൾ മനസ്സിലായി. ഏവൂർ പോലെയുള്ള തെക്കൻ കേരളദേശങ്ങളിൽ, കഥകളിപോലെ അത്ര എളുപ്പത്തിൽ കാണാൻ കഴിയുന്നതായിരുന്നില്ല കൂടിയാട്ടം. ഉമ്മറത്തു കാരണവത്തിയെപ്പോലെ താളം പിടിച്ചിരുന്ന നേപഥ്യയിലെ ഡോ. ഇന്ദു, പിറകിൽ നിന്നും നടന്റെ ഭാവപ്രകടനത്തിനനുസരിച്ചു മേളം നൽകി സഹായിച്ച കലാകാരന്മാർ....ഇവരെല്ലാം കൂടി നല്ലൊരു ദൃശ്യവിരുന്നു തന്നെയാണ് കാണികൾക്കു സമ്മാനിച്ചതെന്നതിൽ രണ്ടുപക്ഷമില്ല.
കൂടിയാട്ടത്തിനുശേഷം തോടയം, പുറപ്പാടോടെ കഥകളി തുടങ്ങി. ഗോപിയാശാൻ ബാഹുകനും മാർഗി വിജയകുമാർ ദമയന്തിയും കലാമണ്ഡലം ഷണ്മുഖൻ കേശിനിയുമായി നളചരിതം നാലാം ദിവസം അരങ്ങേറി. കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ടയും കലാമണ്ഡലം ശങ്കരവാര്യർ മദ്ദളവും കൈകാര്യം ചെയ്തു. കഥകളിയുടെ സുവർണ്ണകാലഘട്ടമായിരുന്ന എഴുപതുകളുടെ അവസാനത്തിൽ, കലാമണ്ഡലം എമ്പ്രാന്തിരി, വെണ്മണി ഹരിദാസ്, കലാമണ്ഡലം കേശവൻ എന്നിവരോടൊപ്പം കഥകളി അരങ്ങു നിറഞ്ഞു നിന്നിരുന്ന ശങ്കരവാര്യരെ ഏതാണ്ട് മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം ഈ അരങ്ങിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അന്നത്തെ അരങ്ങുകളിൽ പ്രധാന വേഷക്കാരെപ്പോലെ തന്നെ ആസ്വാദകർ ഉറ്റുനോക്കിക്കൊണ്ടിരുന്ന കലാകാരനായിരുന്നു ശങ്കരവാര്യർ. പ്രായം ശരീരത്തിൽ വരുത്തിയ വ്യത്യാസം ഉണ്ടെന്നല്ലാതെ പ്രവൃത്തിയിൽ അദ്ദേഹം പണ്ട് ഏവൂരും കളർകോട്ടുമൊക്കെ ഞാൻ കണ്ടിരുന്ന അതേ മദ്ദളവാദകൻ തന്നെ. നളചരിതത്തിനു ശേഷം കലാമണ്ഡലം ശ്രീകുമാർ-കലാ. രാമചന്ദ്രൻ ഉണ്ണിത്താൻ-കലാ.ഓയൂർ രാമചന്ദ്രൻ ടീമിന്റെ 'കിരാത'വും നടന്നു. പിറ്റേ ദിവസം മടവൂർ വാസുദേവൻ നായരാശാനും ശിഷ്യനായ കലാമണ്ഡലം രാജശേഖരനും വേഷമിട്ട 'രുഗ്മിണീസ്വയംവര'വും അതേത്തുടർന്ന് കലാമണ്ഡലം കൃഷ്ണപ്രസാദ്, കലാ.അനിൽകുമാർ, കലാമണ്ഡലം ചമ്പക്കര വിജയൻ, കലാമണ്ഡലം പ്രദീപ്, കലാമണ്ഡലം രാജീവ്, ഫാക്ട് മോഹൻ ടീമിന്റെ 'ദുര്യോധനവധ'വും നടന്നു. ഈ കഥകൾക്കായി നിരവധി കലാകാരന്മാർ മേളവും സംഗീതവും ചുട്ടിയും അണിയറയും മറ്റും കൈകാര്യം ചെയ്തിട്ടുണ്ട്. ഇവരെല്ലാവരുടെയും പേരുകൾ ഇവിടെ എടുത്തെഴുതാൻ ബുദ്ധിമുട്ടുണ്ട്. 'ശങ്കരാദരണം' ബ്രോഷറിൽ നിന്നും ഈ പേരുകൾ മനസ്സിലാക്കാവുന്നതാണ്.
'ശങ്കരാദരണ'ത്തിൽ നടന്ന കഥകളികളെക്കുറിച്ചു ഒന്നും തന്നെ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കഥകളിയെക്കുറിച്ചു പറയാൻ എന്നെക്കാൾ കൂടുതൽ അറിവും പാരമ്പര്യവും ഉള്ളവരായിരുന്നല്ലോ, കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും കളി കാണാൻ വന്നിരുന്ന കഥകളി ആസ്വാദകർ? നിരവധി കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് നാലു കളികൾ നടത്തിയതു മുഴുവൻ ഇവിടെ എഴുതിപ്പിടിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഞാൻ പിടിച്ച ചിത്രങ്ങളിൽ പലതും ഇതിനുള്ളിൽ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. അതിനാൽ ഒരു പൂർണ്ണതക്കു വേണ്ടി മാത്രം നാല് കളികളുടെയും ഓരോ ചിത്രം വീതം ഈ അവലോകനത്തിൽ കൊടുത്തുകൊണ്ട്, കളികളെല്ലാം നല്ല നിലവാരം പുലർത്തുന്നതായിരുന്നു എന്ന ഒറ്റവാചകത്തിൽ പറഞ്ഞു നിർത്തുന്നു. ഇതു പറയുമ്പോൾ തന്നെ, എത്ര രാത്രിയായാലും വേണ്ടില്ല, കഥകളി മുഴുവൻ കണ്ടേ വീട്ടിൽ പോകൂ എന്നു നിർബന്ധം പിടിച്ചിരുന്ന എന്നെ കർണ്ണകഠോരമായ ഗാനാലാപനം കൊണ്ട് ചില ഗായകർ ഇടക്കു വച്ചു വേദി വിട്ടു പോകാൻ പ്രേരിപ്പിച്ചതു മറക്കുന്നുമില്ല. പണ്ടൊക്കെയാണെങ്കിൽ കുറച്ചുകൂടി പച്ചയായിപ്പറഞ്ഞേനേ, പറഞ്ഞിട്ടുമുണ്ട്. പക്ഷെ, പ്രായം കൂടിയതിനാലോ അടുത്തുവരുന്ന റിട്ടയർമെന്റിനു ശേഷം നാട്ടിൽ വന്നു സമാധാനപൂർവം ജീവിക്കണമെന്നുള്ള ആഗ്രഹം കൊണ്ടോ എന്തോ അത്രക്കങ്ങട് പറയാൻ തോന്നുന്നില്ല. 'വായിൽ വരുന്നതെല്ലാം കോതയ്ക്കു പാട്ട്' എന്നപോലെ പാടേണ്ടതല്ല കഥകളി സംഗീതം എന്നു മാത്രം പറഞ്ഞു നിർത്തുന്നു. കഥകളികളെക്കുറിച്ചൊന്നും പറയുന്നില്ലെങ്കിലും ഗംഭീരമായി തോന്നിയ ഒരു ചെറുവേഷത്തെക്കുറിച്ചു മാത്രം ഒന്നു പറഞ്ഞോട്ടെ. 27-)o തീയതി അരങ്ങേറിയ ദുര്യോധനവധത്തിലെ കലാമണ്ഡലം ഹരി.ആർ.നായരുടെ ശകുനിയെക്കുറിച്ചാണിപ്പറഞ്ഞത്. ഒന്നാം തരമായിരുന്നു ആ വേഷം. സകലകുടിലതയും മുഖത്തു പ്രതിഫലിപ്പിച്ച ഇതുപോലൊരു ശകുനിയെ ഞാൻ ഇതിനു മുൻപ് കഥകളിയിൽ കണ്ടിട്ടില്ല.
'ശങ്കരാദാരണത്തി'ന്റെ രണ്ടാം ദിവസം തുടങ്ങിയത് 'ഓണാട്ടുകരയുടെ കഥകളി പാരമ്പര്യത്തെ' ക്കുറിച്ചു പ്രശസ്ത സാഹിത്യകാരൻ ശ്രീ. പി.നാരായണക്കുറുപ്പ് നടത്തിയ പ്രഭാഷണത്തോടെയായിരുന്നു. ഓണാട്ടുകരയുടെ പാരമ്പര്യം മാത്രമല്ല, കുട്ടനാട്-കുറിച്ചി പ്രദേശങ്ങളുടെ കഥകളി പാരമ്പര്യവും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരാമർശന വിധേയമായി. പ്രാദേശികമായുണ്ടാകുന്ന സാമൂഹിക ചിന്തകൾ ക്‌ളാസിക്കൽ കലയായ കഥകളിയെ സ്വാധീനിക്കാറുണ്ടെന്നും അങ്ങിനെയുള്ള ചില അംശങ്ങളെ കഥകളിത്തം നഷ്ടപ്പെടാത്ത രീതിയിൽ കഥകളിയിലേക്കു സ്വീകരിക്കുന്നതിൽ അപാകതയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഥകളി സംഗീതത്തിലെ പ്രശസ്തനായ ഒരു സംഗീതജ്ജനെ ആദരിക്കുന്ന വേളയിൽ കഥകളി സംഗീതത്തെപ്പറ്റി, പ്രത്യേകിച്ചും കഥകളിസംഗീതത്തിന്റെ ഇന്നത്തെ പോക്കിനെപ്പറ്റി, നല്ലൊരു അവലോകനവും നടക്കേണ്ടതുണ്ടായിരുന്നു. അതു ശരിയ്ക്കും നടന്നു എന്നെനിക്കഭിപ്രായമില്ല. എങ്കിലും 'നവഭാവുകത്വവും കഥകളി സംഗീതവും' എന്ന സെമിനാറിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച കലാമണ്ഡലം മുൻ ഉദ്യോഗസ്ഥൻ വി. കലാധരനും കഥകളിസംഗീത പണ്ഡിതനായ മുദ്രാഖ്യശശിയും അവരുടെ കാര്യമാത്രപ്രസക്തമായ പ്രസംഗങ്ങളിൽ കൂടി ഈ കുറവ് നല്ലൊരളവിൽ നികത്തിയെന്നു പറയാം. കഥകളി സംഗീതത്തെയും അതിന്റെ വിവിധ പരിണാമഘട്ടങ്ങളെയും കുറിച്ച് പണ്ഡിതോചിതമായ ഒരു പ്രസംഗം തന്നെ കലാധരൻ നടത്തിയപ്പോൾ ശശി അതിലും ഒരു പടി കൂടിക്കടന്നു കഥകളിസംഗീതത്തിന്റെ ഉത്ഭവം തൊട്ടുള്ള നാൾ വഴികളിലൂടെ നടത്തിയ പ്രഭാഷണയാത്ര ഉയർന്ന അക്കാദമിക നിലവാരം പുലർത്തിയതായാണ് എനിക്കനുഭവപ്പെട്ടത്. കഥകളി സംഗീതത്തിന്റെ കേരളീയതയെത്തന്നെ ചോദ്യം ചെയ്ത ശശി പറഞ്ഞ പല കാര്യങ്ങളിൽ ഒരു കാര്യം വളരെ കൗതുകകരമായി എനിക്കു തോന്നി. വെങ്കിട്ടക്കൃഷ്ണ ഭാഗവതർ വരെയുള്ള തമിഴ്ബ്രാഹ്മണവംശജർ തമിഴ് (കർണ്ണാടക) സംഗീത വഴിയിലൂടെ കഥകളിപ്പദങ്ങളെ നയിച്ചപ്പോൾ, ചലച്ചിത്രഗാനങ്ങൾക്ക് അന്നുവരെ നിലനിന്നിരുന്ന ആലാപനശൈലിയിൽ നിന്നും തികച്ചും വേറിട്ടൊരു മാനം നൽകി ദേവരാജൻ മാസ്റ്റർ വിപ്ലവം സൃഷ്ടിച്ചതുപോലെ, കഥകളി സംഗീതത്തിന് അന്നുവരെ നിലനിന്നിരുന്ന ഗാനാലാപന ശൈലിയിൽ നിന്നും വേറിട്ടൊരു ഭാവഗാനതലം പ്രദാനം ചെയ്തത് കലാമണ്ഡലം ഗംഗാധരനാശായിരുന്നത്രെ. അൻപതുകൾക്കു മുൻപു തന്നെ ഗുരു കുഞ്ചുക്കുറുപ്പിനെപ്പോലെയുള്ള പ്രഗത്ഭരായ കഥകളി നടന്മാരുണ്ടാകുകയും അവരുടെ അരങ്ങിലെ ഭാവപ്രകാശനത്തിന് അതുവരെയുള്ള ഗാനാലാപനപദ്ധതികൾ അപക്വമായി തോന്നുകയും ചെയ്ത സാഹചര്യത്തിൽ വെങ്കിടകൃഷ്ണ ഭാഗവതരാണ് ഭാവപ്രകാശനത്തിനുതകുന്ന വിധത്തിലുള്ള കഥകളി സംഗീത പദ്ധതിയുടെ ആവശ്യം തിരിച്ചറിഞ്ഞതെന്നു കലാധരൻ അദ്ദേഹത്തിൻറെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. പക്ഷേ, വ്യത്യാസങ്ങൾ പലതും വരുത്തിയെങ്കിലും തമിഴ് (കർണ്ണാടക) സംഗീതശൈലിയിൽ തന്നെ നിലകൊണ്ടിരുന്ന ഭാഗവതരുടെ ഗാനപദ്ധതിയെ കഥകളി നടൻറെ ഭാവപ്രകാശനത്തിനു സഹായകമായ രീതിയിലുള്ള ഭാവസംഗീതമാക്കി വഴിമാറ്റിവിട്ടത് ഗംഗാധരനാശാൻ തന്നെയായിരുന്നു എന്നാണ് ശശി സ്ഥാപിച്ചത്. അദ്ദേഹത്തിൻറെ സമകാലീനരും പിന്നീടു വന്ന പ്രഗത്ഭ ഗായകരെല്ലാവരും തന്നെ ഗംഗാധരനാശാൻ തെളിച്ച ഈ വഴിയെ പിന്തുടരുകയാണ് ചെയ്തതത്രെ. 'ശങ്കരാദരണ'ത്തിൽ സംസാരിച്ച മറ്റു ചിലർ, ചേർത്തല കുട്ടപ്പക്കുറുപ്പ് എന്ന ഭാവഗായകനെയും അദ്ദേഹം കഥകളി സംഗീതത്തെ ഭാവസംഗീതമാക്കുന്നതിൽ വഹിച്ചിട്ടുള്ള പങ്കിനെയും പറ്റി പുകഴ്ത്തിപ്പറയുന്നതും കേട്ടിരുന്നു. ദേവരാജൻ മാസ്റ്ററും ഗംഗാധരനാശാനും തെക്കൻകേരളത്തിൽ കൊല്ലം ജില്ലയിൽ പിറന്നുവളർന്നവരും ഗുരു കുഞ്ചുക്കുറുപ്പ് ആലപ്പുഴ ജില്ലയിലെ തകഴിക്കാരനും, കുട്ടപ്പക്കുറുപ്പ് ആലപ്പുഴ ജില്ലയിലെ തന്നെ ചേർത്തലക്കാരനുമാണെന്നാണെൻറെ അറിവ്. അപ്പോൾ തെക്കൻ കേരളക്കാരായ രണ്ടുമൂന്നു കലാകാരന്മാരാണ് കഥകളി സംഗീതത്തിനും തദ്വാരാ കഥകളി അവതരണത്തിനു തന്നെയും പുതിയ ദിശാബോധം നൽകിയതെന്ന അറിവ് ഇപ്രദേശങ്ങൾക്കടുത്തു പിറന്ന എനിക്കു സന്തോഷപ്രദമാകുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ; പ്രത്യേകിച്ചും കഥകളിയെന്ന കലയും അതിന്റെ സംഗീതവുമെല്ലാം കണ്ടുപിടിച്ചത് കലാമണ്ഡലവും അതിനു ചുറ്റുവട്ടത്തുള്ള കുറെപ്പേരും ചേർന്നാണെന്ന് ഇന്നത്തെ തെക്കും വടക്കുമുള്ള പല കഥകളിപണ്ഡിതരും ആസ്വാദകരും വിശ്വസിച്ചുവശായിരിക്കുന്ന പശ്ചാത്തലത്തിൽ!
കഥകളിസംഗീതത്തിന്റെ ഇന്നത്തെ അപചയത്തെപ്പറ്റി ശ്രീ. കലാധരൻ വളരെക്കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും പറഞ്ഞതെല്ലാം ശരിതന്നെയാണ്. 'കഥകളി സംഗീതത്തിന്റെ കാലിക പ്രതിസന്ധി' എന്ന എന്റെ ലേഖനത്തിൽ (http://dhanyaasi.blogspot.com/2014/11/blog-post_7.html) പരാമർശിച്ചിട്ടുള്ള കാര്യങ്ങളൊക്കെത്തന്നെയാണദ്ദേഹം പറഞ്ഞതെങ്കിലും കഥകളിവിഷയമാകുമ്പോൾ അദ്ദേഹം പറയുന്നതിനു കൂടുതൽ പ്രസക്തിയുണ്ടാകണമല്ലോ? ഇന്നത്തെ കഥകളി പാട്ടുകാർ എന്താവശ്യത്തിനായിട്ടാണ് രാഗം മാറ്റി പാടുന്നതെന്നു ഞാൻ എന്റെ ലേഖനത്തിൽ ചോദിച്ചിട്ടുണ്ട്. ശ്രീ. കലാധരനും അതു തന്നെ ചോദിച്ചു. സ്വന്തം മിടുക്കു കാണിക്കാൻ പാട്ടിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കാര്യമറിയാത്തവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും; പക്ഷെ കാര്യവിവരമുള്ളവർക്കതു അനാവശ്യമായിത്തോന്നും. എനിക്കിഷ്ടമുള്ളതുപോലെ പാടും, വേണേൽ കേട്ടാൽ മതിയെന്നാണ് ചില ഭാഗവതന്മാരുടെ ഭാവം. 'ചലമാലയ മൃദുപവന' ത്തിനെ കഥകളിപ്പാട്ടുകാർ ബലാൽസംഗം ചെയ്യുകയാണെന്ന കലാധരന്റെ പ്രസ്താവം എനിക്ക് വളരെ ഹൃദ്യമായി തോന്നി. ഈ പാവം പാട്ടിനോടു വേണോ ഈ പരാക്രമം എന്ന ചോദ്യം ശരിയല്ലേ? 'പരാക്രമം സ്ത്രീകളിലല്ല വേണ്ടു' എന്നു പണ്ടേ ദേവി കംസനോടു പറഞ്ഞിട്ടുള്ളതാണ്. അതായത് പരാക്രമം നിർബന്ധമാണെങ്കിൽ പുരുഷന്മാരോടാകാം എന്നർത്ഥം. കഥകളിപ്പാട്ടുകാരും ഇതുപോലെ വല്ല പുരുഷഗീതവും കണ്ടുപിടിച്ചു ഈ പരാക്രമമൊക്കെ അതിൽ നടത്തിയിരുന്നെങ്കിൽ എന്നു ഞാനും ആശിച്ചു പോകയാണ്. കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങുന്ന പല കലാകാരന്മാരും കഥകളി സാഹിത്യത്തിന്റെ ശരിയായ അർത്ഥതലങ്ങളൊന്നും മനസ്സിലാക്കാതെ എന്തൊക്കെയോ അരങ്ങിൽ കാണിക്കുകയാണെന്നും ഈ പോക്ക് ശരിയല്ലെന്നും കലാമണ്ഡലം ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും ശ്രീ.കലാധരൻ പറഞ്ഞത് വളരെ ഗൗരവമർഹിക്കുന്ന കാര്യമാണ്. പക്ഷേ വളരെക്കാലം കലാമണ്ഡലത്തിൻറെ ഭരണസംവിധാനത്തിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥനാണ് ഇപ്പറയുന്നതെന്നറിയുമ്പോൾ പ്രസ്താവം വളരെ കൗതുകകരമായും തോന്നി.
'ശങ്കരാദരണ'ത്തിൽ ഏനിക്കേറ്റം ഇഷ്ട്ടപ്പെട്ടതും കലാസ്നേഹത്തിനാൽ എന്റെ കണ്ണു നനയിപ്പിച്ചതുമായ കലാപരിപാടിയെക്കുറിച്ചിനി പറയട്ടെ. കലാമണ്ഡലം കൃഷ്ണദാസിന്റെ രണ്ടു പെണ്മക്കളുടെ തായമ്പകയാണു ഞാൻ ഉദ്ദേശിച്ചത്. ഇരുന്നിടത്തു നിന്നനങ്ങാൻ തോന്നിയില്ല. വല്യമ്മാവനായ ചന്ദ്രമന്നാടിയാരുടെയും അച്ഛൻ കൃഷ്ണദാസിന്റെയും രക്തമാണിതെന്ന് ആ മിടുക്കികൾ തെളിയിച്ചു. ചെണ്ട തൂക്കിയിടാൻ പോലും ശരീരമില്ലാത്ത ആ കൊച്ചുമിടുക്കി അങ്ങേയറ്റം ആത്മവിശ്വാസത്തോടെ ആ മേളവാദനത്തെ നിയന്ത്രിക്കുന്നതു കാണുന്നതു തന്നെ നയനാനന്ദകരമായ കാഴ്ചയായിരുന്നു. കൂടുതലൊന്നും പറയാനില്ല, കൃഷ്ണദാസേ, താങ്കളുടെ ജന്മം സഫലമായി.
അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതവും ദീപ പാലനാടും മീര റാം മോഹനും ചേർന്നവതരിപ്പിച്ച കഥകളിപ്പദക്കച്ചേരിയും നന്നായിരുന്നു. സമാദാരണ സമ്മേളനത്തിനായ് വന്നെത്തിയിരുന്ന കലാസാർവഭൗമൻമാരും സമൂഹത്തിലെ പ്രധാനികളും മുൻനിരയിലിരുന്നു തങ്ങളുടെ പാട്ടു കേട്ടാസ്വദിച്ചു എന്നത് കഥകളിപ്പദക്കച്ചേരിക്കാർക്കു വീണു കിട്ടിയ ഭാഗ്യമായിരുന്നു.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, പദ്മഭൂഷൺ മടവൂർ വാസുദേവൻ നായർ, പദ്മശ്രീ. കലാമണ്ഡലം ഗോപി, നാഗസ്വര വിദ്വാൻ തിരുവിഴാ ജയശങ്കർ, പ്രമുഖ നടൻ നെടുമുടി വേണു, എസ്. ശ്രീനിവാസൻ IAS തുടങ്ങി കലാസാംസ്കാരിക രംഗങ്ങളിലെ അതികായന്മാരെക്കൊണ്ടു നിറഞ്ഞ പ്രൗഢഗംഭീര സദസ്സായിരുന്നു സമാദരണചടങ്ങിന്റെത്. സ്വജീവിതം കഥകളി എന്ന കലക്കുവേണ്ടി മാറ്റിവച്ച കലാകാരന്മാർക്ക്, അവർ അർഹിക്കുന്ന മാന്യമായ തരത്തിലുള്ള ജീവിതം ഇന്നും ലഭിക്കുന്നില്ലെന്നും ഇതിനു മാറ്റം വരേണ്ടതുണ്ടെന്നും ബഹു. പ്രതിപക്ഷ നേതാവ് പറഞ്ഞു. കഥകളി സംസ്കാരം നിറഞ്ഞു നിൽക്കുന്ന ഏവൂരിൽ, കലാമണ്ഡലത്തിന്റെ പഠനക്കളരി കൊണ്ടുവരുന്നതിൽ അദ്ദേഹം മുൻപു കാട്ടിയിട്ടുള്ള താൽപ്പര്യവും പ്രസംഗമദ്ധ്യേ സൂചിപ്പിച്ചു.
ഡോ.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ വച്ച് പത്തിയൂർ ശങ്കരങ്കുട്ടിക്ക് 'സംഗീതരത്നം' എന്ന പദവി ചാർത്തി നൽകുന്നതായി ഗോപിയാശാൻ പ്രഖ്യാപിച്ചു. അദ്ദേഹം തന്നെ ശങ്കരൻ കുട്ടിയെ സ്വർണ്ണഹാരവും സ്വർണ്ണ ചെയിനും അണിയിച്ചു. ഇതൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോഴും അതിനുശേഷം അനുഗ്രഹപ്രഭാഷണ വേളയിലും വേദിയിലുമെല്ലാം വളരെ സന്തോഷവാനായ ഒരു ഗോപിയാശാനെയാണ് കാണാൻ കഴിഞ്ഞത്. സ്വതഃസിദ്ധമായ തമാശകൾകൊണ്ടും കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ടും അദ്ദേഹം സമകാലിക കഥകളിരംഗത്തിന്റെ ഒരു ചിത്രം തന്നെ അവിടെ വരച്ചു കാണിച്ചു. തൻറെ അരങ്ങുപ്രവൃത്തിക്കനുസൃതമായ രീതിയിൽ ഗാനാലാപനം നടത്തുന്ന ഗായകനാണ് ശങ്കരൻ കുട്ടിയെന്നും ശങ്കരൻ കുട്ടിയുടെ ഈ കഴിവൊന്നു കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് തന്നോടൊപ്പം പാടാൻ കഴിയുന്നതെന്നും പറഞ്ഞ ഗോപിയാശാൻ അതിനു മറ്റാരും പരാതിപ്പെട്ടിട്ടും പരിഭവപ്പെട്ടിട്ടും കാര്യമില്ല എന്നു തുറന്നടിച്ചു. പരദൂഷണവും അസൂയയും കുശുമ്പും പാരവെപ്പും നിറഞ്ഞുനിൽക്കുന്ന കഥകളി രംഗത്ത് ഇമ്മാതിരി സ്വഭാവങ്ങൾക്കൊന്നും മനസ്സിലിടം കൊടുക്കാതെ, തന്റെ തൊഴിലിൽ മാത്രം ശ്രദ്ധയൂന്നി നിൽക്കുന്ന ശങ്കരൻ കുട്ടിയെ തനിക്കിഷ്ട്ടമാണെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ ചിലതൊക്കെ ഇഷ്ട്ടപ്പെടാത്തവരുണ്ടെങ്കിൽ 'അതങ്ങിനെ ഇരുന്നോട്ടെ, മാപ്പു പറയാനൊന്നും താനില്ല' എന്നും തനി ഗോപി സ്റ്റൈലിൽ അദ്ദേഹം പറഞ്ഞു. സ്വന്തം കലാപ്രകടനത്തിന്റെ പൂർണ്ണതയ്ക്കു അനുയോജ്യമായ ഏതു ഘടകവും എവിടെ നിന്നു ലഭിച്ചാലും അതിനെ സർവാത്മനാ സ്വീകരിക്കാൻ നല്ല കലാകാരൻ സന്നദ്ധനായിരിക്കണമെന്നും അതിൽ സങ്കുചിതമനോഭാവങ്ങൾ പാടില്ല എന്നുമാണ് ആശാൻ പറഞ്ഞതിൻറെ ലളിതമായ അർത്ഥമെന്നു നമുക്ക്
തൽക്കാലം ചിന്തിക്കാം. കലാമണ്ഡലം കൃഷ്ണൻനായരാശാനും ഏതാണ്ട് ഈ വിധത്തിൽ ചിന്തിക്കുകയും അതിന്റെ പേരിൽ ധാരാളം വിമർശനശരങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തിട്ടുണ്ടെന്ന് കഥകളി രാഷ്ട്രീയം പഠിക്കുന്നവർക്ക് അറിയാവുന്നതാണ്. ഗോപിയാശാൻ പറഞ്ഞതിന്റെ കൂടുതൽ വിശദീകരണങ്ങളിലേക്കു പോകുന്നില്ല. അതല്ലല്ലോ ഇവിടുത്തെ വിഷയം? 'അവനവനാത്മ സുഖത്തിനായ് ചെയ്വത് അപരന്ന് സുഖത്തിനായ് വരേണ' മെന്നാണല്ലോ കവിവാക്യം. ആശാൻ മണിയടിച്ചു സ്നേഹപൂർവ്വം സമ്മാനിച്ച ചേങ്ങിലയുടെ താളത്തിനൊപ്പം താളാത്മകമായി ശങ്കരൻ കുട്ടിയുടെ കലാജീവിതവും മുന്പോട്ടു ഗമിക്കട്ടെ എന്നാശംസിക്കുന്നു.
മടവൂരാശാൻ പത്തിയൂർ ശങ്കരൻകുട്ടിക്കു പ്രശസ്തിപത്രവും ഷീൽഡും സമ്മാനിച്ചു, സ്നേഹമസൃണമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞു ലളിതമായി സംസാരിച്ചു തന്റെ ദൗത്യം അവസാനിപ്പിച്ചു.
സമാദാരണച്ചടങ്ങിലെ മുഖ്യ പ്രഭാഷകനായ പ്രശസ്ത ചലച്ചിത്ര നടൻ നെടുമുടി വേണുവും വലിയൊരു പ്രസംഗത്തിന്റെ ആവശ്യമിവിടെയില്ലെന്നു പറഞ്ഞു ചുരുക്കം ചിലവാക്കുകളിൽ തന്റെ പ്രസംഗം ഒതുക്കി. കലാമണ്ഡലം ഹൈദരാലി സ്മാരക ഗുരു പുരസ്കാരം പ്രശസ്‌ത കഥകളി ഗായകൻ ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർക്കു നെടുമുടി വേണു ഈ ചടങ്ങിൽ വച്ചു സമ്മാനിച്ചു. 'ശങ്കരാദരണ'ത്തിന്റെ ഭാഗമായി നേരത്തെ പാലക്കാട്ടു വച്ചു നടത്തിയിരുന്ന കഥകളി സംഗീതമത്സരത്തിലെ വിജയികൾക്ക്, പത്തിയൂർ കൃഷ്ണപിള്ള സ്മാരക ശങ്കരാദരണ പുരസ്‌കാരങ്ങൾ, ശ്രീ. തിരുവിഴാ ജയശങ്കർ സമ്മാനിച്ചു. ഇതേത്തുടർന്ന് തിരുവിഴ ജയശങ്കർ, ശ്രീനിവാസൻ IAS, ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി, കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി, ഏവൂർ അനുഷ്ടാനം ക്ഷേത്രകലാസമിതി അധ്യക്ഷൻ ഡോ. ചന്ദ്രശേഖരൻ നായർ...... തുടങ്ങി പല പ്രമുഖരും ആശംസാ പ്രസംഗങ്ങൾ നടത്തി. ഒട്ടേറെപ്പേർ ശങ്കരൻ കുട്ടിയെ പൊന്നാട ചാർത്തി തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.
ശങ്കരൻ കുട്ടിയുടെ മറുപടി പ്രസംഗം വളരെ വികാരനിർഭരമായിരുന്നു. കഥകളി സംഗീതത്തിൽ പരിമിതമായ പരിശീലനം മാത്രം ലഭിച്ചിരുന്ന തന്റെ അച്ഛന്റെ പാട്ടിനെ അന്നത്തെ ചില കലാകാരന്മാർ അണിയറയിലിരുന്നു വിമർശിച്ചു പറയുന്നത് തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നും താനൊരു കഥകളി ഗായകനാകുമ്പോൾ ഇങ്ങിനെ പറയാൻ ആർക്കും ഇടം കൊടുക്കരുതെന്നൊരു വാശി തന്റെ മനസ്സിലെന്നും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരകൃപയാൽ ആ ലക്‌ഷ്യം ഒരു പരിധിവരെയെങ്കിലും നേടാൻ തനിക്കു കഴിഞ്ഞിട്ടുണ്ട്. അതിനു സഹായിച്ച എല്ലാവരോടും തനിക്കുള്ള കൃതജ്ഞത അദ്ദേഹം പ്രകാശിപ്പിച്ചു.
സമാദരണ ചടങ്ങിനു ശേഷം കോട്ടക്കൽ മധു, നെടുംപള്ളി രാം മോഹൻ എന്നീ ഗായകരും പദ്മശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കൽ രവി, കലാനിലയം മനോജ് എന്നിവർ നയിച്ച പകുതി പുറപ്പാട്-മേളപ്പദം ഗംഭീരമായിരുന്നു. ഈ കലാകാരന്മാർ സമർപ്പിത ചേതസ്സുകളായി അവിടെ ചെയ്ത കലാപ്രവൃത്തിയിലൂടെ തങ്ങളുടെ സുഹൃത്തിനോടുള്ള ആദരവ് രേഖപ്പെടുത്തിയപ്പോൾ അതു കേട്ടിരുന്ന സദസ്യരായ ഞങ്ങൾക്കോ അതു മറക്കാനാവാത്ത മറ്റൊരു കലാനുഭവവുമായി മാറുകയായിരുന്നു.
തുടർന്നരങ്ങേറിയ 'രുഗ്മിണീസ്വയംവര'വും 'ദുര്യോധനവധ'ത്തിന്റെ പകുതിയും കണ്ടു കഴിഞ്ഞു വീടണഞ്ഞപ്പോൾ മണി വെളുപ്പിന് മൂന്നര. ചെറുപ്പകാലത്ത് കിഴക്കു വെള്ളകീറിക്കഴിഞ്ഞു, പടിഞ്ഞാറേ നടയിലെ വാസുദേവൻ നായർ ചേട്ടന്റെ കടയിൽ നിന്നും ഒരു പാൽചായയും വാങ്ങിക്കുടിച്ചായിരുന്നല്ലോ വീട്ടിലേക്കു പോയിരുന്നത്? അക്കണക്കിനു നോക്കിയാൽ ഈ മൂന്നു മണിയൊന്നും എന്നെപ്പോലെയുള്ള കഥകളിഭ്രാന്തന്മാരായ ഏവൂർക്കാർക്ക് വലിയ കാര്യമൊന്നുമാകേണ്ടതല്ല. പക്ഷേ ലോകവും ശരീരവും ശീലങ്ങളും മാറിയതിനാലാകാം, വെളുപ്പാൻകാലം വരെ കളികണ്ടിരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. തലേദിവസം രാത്രിമുഴുവനും രണ്ടു പകലുകൾ മൊത്തവും 'ശങ്കരാദരണ'സദസ്സിൽ ഇരുന്നതിന്റെ ക്ഷീണം കാരണം ദുര്യോധനവധം മുഴുവൻ കാണാൻ കഴിഞ്ഞില്ല എന്നൊരു വിഷമം ബാക്കിയായി.
വേദിയിലെ പരിപാടികളെക്കുറിച്ചു പറഞ്ഞതുപോലെ തന്നെ എടുത്തു പറയേണ്ട കാര്യമാണ് ഈ പരിപാടികളെ സമ്പന്നമാക്കിയ കലാകാരൻമാരുടെയും സഹൃദയസദസ്സിന്റെയും നിസ്സീമമായ സഹകരണവും. കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളിൽ നിന്നും, പ്രത്യേകിച്ചും വടക്കൻ പ്രദേശങ്ങളിൽ നിന്ന്, ധാരാളം കഥകളി ആസ്വാദകർ ഈ പരിപാടിയിൽ പങ്കെടുക്കുവാനായി എത്തിയിരുന്നു. ശങ്കരൻ കുട്ടിയോടുള്ള സ്നേഹവും ആദരവും അതിലുപരിയായി കഥകളിയെന്ന കലയോടുള്ള സ്നേഹവും ആദരവും ആയിരിക്കണമല്ലോ വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും കഷ്ട്ടപ്പെട്ടു യാത്രചെയ്തു, അസൗകര്യങ്ങളുടെ നടുക്കും, രണ്ടു ദിനരാത്രങ്ങൾ ഇവിടെ ചിലവഴിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ഈ നല്ല മനസ്സിന്, കഥകളി സംസ്കാരം നിറഞ്ഞ എന്റെ ജന്മനാടിന്റെ പേരിൽ, ഒരു കഥകളിആസ്വാദകൻ എന്ന നിലയിൽ, നിങ്ങളേവരോടും ഞാൻ നന്ദി പറയുന്നു.
അങ്ങിനെ രണ്ടു ദിവസത്തെ 'ശങ്കരാദരണം' ഗംഭീരമായി പര്യവസാനിച്ചു. പ്രകൃതിയിൽ, ഈശ്വരനല്ലാതെ, ഒന്നിനും തന്നെ പൂർണ്ണത അവകാശപ്പെടാൻ കഴിയില്ലല്ലോ? ഗംഭീരമായി നടന്ന 'ശങ്കരാദരണ'ത്തിനും കണ്ണു കിട്ടാതിരിക്കാൻ വേണ്ടി ചില അപൂർണ്ണതകൾ ഉണ്ടായേ മതി. ഈ പരിപാടികളുടെ നടത്തിപ്പിൽ നാട്ടുകാർക്കും പ്രാദേശിക കലാകാരന്മാർക്കും തെക്കൻ കഥകളി രംഗത്തിലുള്ള തലമുതിർന്ന കലാകാരന്മാർക്കും അർഹമായ സ്ഥാനം സംഘാടകർ നൽകിയില്ലെന്ന ആക്ഷേപം പല കോണുകളിൽ നിന്നും മുഴങ്ങിക്കേട്ടു. ഏവൂർക്കാരനാണെങ്കിലും കേരളീയ കഥകളി രംഗത്തിന്റെ മൊത്തം സ്വത്താണ് പത്തിയൂർ ശങ്കരൻകുട്ടിയെന്ന കലാകാരൻ എന്നതിനാൽ 'ശങ്കരാദരണ'ത്തിൽ പ്രാദേശികത്വത്തിനു പ്രാധാന്യം നൽകിയില്ലെന്നു പറയുന്നതിൽ വലിയ കാര്യമുണ്ടെന്നെനിക്കു തോന്നുന്നില്ല. എന്നാൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഇതുപോലൊരു കഥകളി ഉത്സവം ഏവൂരിൽ നടക്കുമ്പോൾ തെക്കൻ കഥകളി രംഗത്തിലുള്ള തലമുതിർന്ന കലാകാരന്മാരെ ബഹുമാനപുരസ്സരം ഈ പരിപാടിയിലേക്കു ക്ഷണിക്കുന്നതിൽ മന:പൂർവമായ വീഴ്ചകൾ സംഘാടകർ വരുത്തിയിട്ടുണ്ടെകിൽ അത് അക്ഷന്തവ്യമായ അപരാധമാണുതാനും. സ്വന്തം സ്വത്വത്തെ തമസ്‌ക്കരിച്ചുകൊണ്ടുള്ള ഏതു മുന്നേറ്റവും സംസ്കാരശൂന്യതയായി മാത്രമേ ബോധമുള്ളവർക്കു കരുതാൻ കഴിയൂ. ഈ വിഷയത്തെപ്പറ്റി 'ശങ്കരദരണത്തി'ന്റെ മുഖ്യ കാര്യദർശി ഡോ. സുരേഷ്‌കുമാറിനോട് ഞാൻ സംസാരിച്ചതിൽ നിന്നും സംഘാടകർ മന:പൂർവമായി വീഴ്ച ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നും ഇതുപോലെയൊരു വലിയ പരിപാടി സംഘടിപ്പിക്കുമ്പോൾ എവിടെയും സംഭവിക്കാവുന്ന ചില പോരായ്മകൾ ഇവിടെയും സംഭവിച്ചിട്ടുണ്ടാകാം എന്നു മാത്രമേ ചിന്തിക്കേണ്ടതുള്ളൂ എന്നുമാണ് എനിക്കു തോന്നിയത്. അതല്ല, ആർക്കെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ കൂടി, നമ്മുടെ ഇടയിൽ നിന്നും കഥകളിക്കാകമാനം അഭിമാനകരമായ രീതിയിൽ ഒരു കലാകാരൻ വളർന്നു വലുതായ സന്തോഷത്തിൽ നമുക്കതൊക്കെ മറക്കാം. സഹൃദയലോകത്തിന്റെയാകെ ശ്രദ്ധ മുഴുവൻ നമ്മുടെ ഏവൂർ ഗ്രാമത്തിലേക്കു കേന്ദ്രീകരിപ്പിക്കത്തക്കവണ്ണം രണ്ടുദിവസം നീണ്ടുനിന്ന 'ശങ്കരാദരണം' വിഭാവനം ചെയ്‌തു ഗംഭീരമായി നടപ്പാക്കിയ സംഘാടകരെ നമുക്ക് അകമഴിഞ്ഞ് അഭിനന്ദിക്കാം.
'ശങ്കരാദരണ'പ്പിറ്റേന്നു തിങ്കളാഴ്ച രാവിലെ വരുന്ന വഴിയിൽ വീണ്ടും അമ്പലത്തിലൊന്നു കയറി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നാദമുഖരിതമായിരുന്ന അന്തരീക്ഷം, ഇപ്പോൾ നാമജപങ്ങളൊഴിച്ചാൽ, നിശ്ശബ്ദമായിരിക്കുന്നു. ആറാട്ടും കഴിഞ്ഞു ആനയും പോയ പ്രതീതി. എല്ലാ ആഘോഷങ്ങളുടെയും കാര്യം ഇതു തന്നെയാണ്; എല്ലാം അവസാനം ചെന്നെത്തി നിൽക്കുന്നത് ഈ നിശ്ശബ്ദതയിലാണ്; ആത്മഭാവത്തെ തിരിച്ചറിയാൻ കഴിയുന്ന ഈ പ്രശാന്തിയിലാണ്. കലാസപര്യകളിലൂടെ നേടേണ്ടതും ഏറെക്കുറെ ഇതു തന്നെയാണ്. ശ്രീമദ് ഭഗവത് ഗീതയുടെ വ്യാഖ്യാനത്തിലൂടെ ഞാൻ ചെയ്തുകൊണ്ടിരുന്ന ആത്മാന്വേഷണം കുറെ നാളായി മുടങ്ങിക്കിടക്കയാണ്. അതിലേക്കു തിരിച്ചുപോകേണ്ടതുണ്ട്. താൽപര്യമുള്ളവർക്ക് എന്നോടൊപ്പം ഈ ബ്ലോഗിൽ (www.dhanyaasi.blogspot.in) നിന്നും ഗീതാമൃതം നുകരാം. എല്ലാവർക്കും എൻ്റെ നമസ്ക്കാരം.