രാമായണമാസക്കുറിപ്പ് - 1
കഴിഞ്ഞ വർഷം രാമായണമാസത്തിൽ ഞാൻ ഇട്ട ഒരു പോസ്റ്റിനെ ഇന്ന് എന്റെ സുഹൃത്ത് 'like' ചെയ്ത് ഓർമ്മയിൽ കൊണ്ടുവന്നു. അന്നത്തെ സാഹചര്യത്തിൽ എഴുതിയ വരികൾ ഇന്നും പ്രസക്തമായി നിൽക്കുന്നു; ഭരണം മാറിയാലും മനുഷ്യമനസ്സുകൾക്കു വലിയ മാറ്റം വരില്ല. അതിനു രാമായണം വായിക്കുകതന്നെ വേണം; വെറുതെ വായിക്കയല്ല; അതിലെ വരികളിൽ നിറഞ്ഞിരിക്കുന്ന അർത്ഥം മനസ്സിലാക്കി. അർത്ഥസമ്പൂർണ്ണമായ ഒരു രാമായണ പഠന മാസം എല്ലാവർക്കും നേരുന്നു.
*** *** *** *** *** ***
''ചക്ഷുശ്രവണ ഗളസ്ഥമാം ദുർദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോലചേതസ്സാ ഭോഗങ്ങൾ തേടുന്നു .........''
(പാമ്പിന്റെ വായിൽ അകപ്പെട്ടിരിക്കുമ്പോഴും തവള ഭക്ഷണം തിരയുന്നതു പോലെ കാലമെന്ന പാമ്പിനാൽ ഗ്രസിക്കപ്പെട്ട മനുഷ്യർ മോഹങ്ങളുടെ പിറകേ പോകുന്നു).
ഇന്നലത്തെ 'മനോരമ' പത്രത്തിൽ ഈ 'രാമായണ' പദങ്ങൾ കണ്ടപ്പോൾ അതെത്രമാത്രം സത്യമാണെന്ന് തോന്നിപ്പോയി. മോഹങ്ങളുടെ പിറകെ പോയി നമ്മൾ മനുഷ്യർ എന്തൊക്കെയാണിവിടെ കാട്ടിക്കൂട്ടുന്നത്? പിതാവിനെ 'പും നാമ നരകത്തിൽ നിന്നും ത്രാണനം' ചെയ്യിക്കേണ്ട 'പുത്രൻ', പിതാവിന്റെ കാലും കയ്യും തല്ലിയൊടിക്കാൻ ക്വോട്ടേഷൻ കൊടുക്കുന്നു. തിരുവന്തപുരത്ത് ഭർത്താവിനടുത്തു നിന്ന ഭാര്യയെ അനാശാസ്യക്കാരിക്കാരിയായി മുദ്രകുത്തി സന്മാർഗ്ഗബോധമുള്ള കുട്ടിസഖാക്കൾ വിപ്ലവം നടത്തുന്നു. കേരളത്തിലല്ലാതെ അന്ധവിശ്വാസങ്ങളിൽ ഇത്രമാത്രം അഭിരമിച്ച് വാഴുന്ന ഒരു 'സാക്ഷര ജനത' ലോകത്തിൽ വേറെ എവിടെയെങ്കിലും കാണുമോ? ചിന്തിക്കൂ. മുകളിൽ എഴുതിയ നാലു വരികൾ മനസ്സിലേറ്റിയാൽ മതി, നമ്മൾക്കു കുറേക്കൂടി നല്ലവരാകാം. ഇതിനു ജാതി-മത വേർതിരിവുകൾ ഒന്നും ബാധകമല്ല.
എല്ലാവർക്കും എന്റെ 'രാമായണമാസ' ആശംസകൾ
രാമായണമാസക്കുറിപ്പ് - 2
രാമായണ മാസം തുടങ്ങി. സോഷ്യൽ മീഡിയകളിൽ രാമായണ പാരായണഫലങ്ങൾ വിവരിച്ചുകൊണ്ടുള്ള പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ എനിക്കു കിട്ടിയ ഒരു പോസ്റ്റിൽ 'ഏകശ്ലോകി രാമായണ' മാഹാത്മ്യങ്ങളാണ് പറഞ്ഞിരുന്നത്. രാമായണത്തിന്റെ അന്തസ്സാരം മുഴുവനും ഒരു ശ്ലോകത്തിൽ അടക്കിയിരിക്കുന്നത്രെ! ഇതു നിത്യവും പാരായണം ചെയ്താൽ രാമായണം സമ്പൂർണ്ണമായി പാരായണം ചെയ്താൽ കിട്ടുന്ന ഫലം കിട്ടുമത്രേ! ഇനി മറ്റൊരു പോസ്റ്റിൽ കാണുന്നത് സമ്പൂർണ്ണ രാമായണം എങ്ങിനെ വായിക്കണമെന്നും ഓരോരോ കാര്യലാഭത്തിനായി ഏതൊക്കെ സർഗ്ഗങ്ങൾ വായിക്കണമെന്നുമാണ്; 'ഇഷ്ടകാര്യ സിദ്ധി പൂജ' എന്ന അതേ ലൈൻ.
സത്യത്തിൽ ഇതൊക്കെ വായിക്കുമ്പോൾ വിഷമം തോന്നാറുണ്ട്. പ്രകൃതിയുടെയും അതിൽ ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും സന്തുലിതമായ നിലനിൽപ്പിനെയും തദ്വാരാ സൃഷ്ടിക്കപ്പെടുന്ന ലോകക്ഷേമത്തെയും ലക്ഷ്യമാക്കുന്ന ഒരു മഹനീയ സംസ്കാരം ഇന്നെവിടെയാണ് എത്തി നിൽക്കുന്നത് ! മനുഷ്യനും ഈശ്വരനും രണ്ടല്ല ഒന്നാണെന്നും അതു മനസ്സിലാക്കാൻ തടസ്സമായി നിൽക്കുന്നത് ഇന്ദ്രിയനിയന്ത്രിതമായ മനോവൃത്തികളാലാണെന്നും മനോനിയന്ത്രണത്തിലൂടെ നമുക്കും ശുദ്ധസ്വരൂപമായ ഈശ്വരനായി മാറാൻ കഴിയുമെന്നും ഉദ്‌ഘോഷിക്കുന്ന ഒരു വലിയ സംസ്കാരത്തിന്റെ പിന്മുറക്കാരാണ് നമ്മളൊക്കെ. ഒരുവൻ മനോനിയന്ത്രണത്തിലൂടെ തന്നിലെ ഈശ്വരനെ തിരിച്ചറിഞ്ഞു കഴിയുമ്പോൾ അയാളുടെ കാഴ്ചപ്പാടുകൾ എല്ലാം തന്നെ മാറി മറിയും. ഈശ്വരപ്രകൃതമാർന്ന മനുഷ്യന് ഭേദഭാവചിന്തകൾ ഉണ്ടാകില്ല. എല്ലാത്തിനെയും ഒന്നുപോലെ കണ്ട് സ്നേഹിക്കാനും ബഹുമാനിക്കാനും അയാൾക്ക് കഴിയും. 'ലോകാസമസ്താ സുഖിനോ ഭവന്തു' - സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന ആശയത്തിലേക്കാണ് ആത്യന്തികമായി അയാൾ എത്തിച്ചേരുക. വേദോപനിഷത്തുക്കളും അതിലെ ഗൂഢമായ ഈ ആശയം പഠിപ്പിക്കാനായി ചമച്ചിട്ടുള്ള പുരാണങ്ങളും ഉദ്ഘോഷിക്കുന്നത് ഈ സനാതന ദർശനമാണ്.
നമ്മുടെ ഇതിഹാസപുരാണങ്ങളുടെയെല്ലാം അന്തസ്സത്ത ഇതാണ്. മനസ്സിന്റെ നിയന്ത്രണവും അതുമൂലം സാധ്യമാകുന്ന സ്വഭാവ പരിവർത്തനവും ആണ് ഇവിടെ ലക്ഷ്യമാക്കുന്നത്. സാധാരണ മനുഷ്യന് മനസ്സിലാക്കാൻ കഥാരൂപത്തിൽ കാര്യങ്ങൾ പറയുന്നു എന്നേയുള്ളൂ. ഇതു മനസ്സിലാക്കാതെ, ഒരായിരം പ്രാവശ്യം രാമായണം വായിച്ചാലും എന്തെങ്കിലും ഗുണം ഉണ്ടാകാൻ സാധ്യതയില്ല. ഇതു മനസ്സിലാക്കി വായിക്കുന്നയാൾക്ക് കൂടുതൽ തുടർവായനയുടെ ആവശ്യവും വരുന്നില്ല.
സ്വാർത്ഥ താത്പര്യങ്ങൾക്കായി ആരൊക്കെയോ ഈ മഹനീയ ദർശനത്തെ പണ്ടേ വികലമാക്കിയാണ്. അതിന്നും തുടരുകയാണ്. തന്നെ നല്ലവനാക്കാൻ ഉദ്ദേശിച്ചുള്ള ഒരു ദർശനത്തെ, തൻറെ സ്വാർത്ഥലക്ഷ്യങ്ങൾ നേടാനുള്ള മാർഗ്ഗമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണിപ്പോൾ. രാമായണം സർഗ്ഗം തിരിച്ചു വായിക്കുന്നതോ ഒറ്റ ശ്ലോകത്തിൽ ഒതുക്കുന്നതോ ഒന്നുമല്ല കാര്യം, അതിൽ അന്തർഭവിച്ചിരിക്കുന്ന നന്മയുടെ സന്ദേശം വായിക്കുന്നയാളിൽ എത്തിച്ചേർന്ന് അതുകൊണ്ട് അയാൾക്കുണ്ടാകുന്ന സ്വഭാവപരിവർത്തനവും സാമൂഹികാവബോധവുമാണ് കാര്യം. ഒരിക്കൽ സന്ദീപാനന്ദ ഗിരി സ്വാമി ഭഗവത് ഗീതയെക്കുറിച്ചു പറഞ്ഞതുപോലെ, ഇതു നേടിക്കഴിഞ്ഞാൽ പിന്നെ രാമായണം വായിച്ചിട്ടു വലിയ കാര്യമൊന്നുമില്ല.
രാമായണമാസക്കുറിപ്പ് - 3
രാമായണമാസമായതിനാൽ അൽപ്പം ആത്മീയ ചിന്ത അസ്ഥാനത്താകില്ലെന്നു കരുതുന്നു. ആകെ മൊത്തം താറുമാറായി കിടക്കുന്ന ആത്മീയ മണ്ഡലത്തിന്റെ എവിടെ നിന്നു ചിന്തിച്ചു തുടങ്ങണം എന്നതാണ് പ്രയാസമുള്ള കാര്യം. ഉള്ള അറിവു വെച്ചു എന്തെങ്കിലും പറഞ്ഞു തുടങ്ങാം എന്നു വിചാരിച്ചാൽ തന്നെ ഭൂരിപക്ഷം ജനങ്ങൾക്കും ഇതു കേൾക്കാനുള്ള താത്പര്യം ഇന്നില്ല. പലരുടെയും ചിന്ത ഇതിലിത്ര പറയാനും കേൾക്കാനും പഠിക്കാനും എന്തിരിക്കുന്നു എന്നതാണ്. ചെറുപ്പ കാലം മുതൽ കണ്ടും കേട്ടും വളർന്ന് 'ഞങ്ങൾക്കറിയാവുന്നതും ഞങ്ങൾ ചെയ്യുന്നതുമാണ് ആത്യന്തിക സത്യം' എന്ന മൂഢചിന്തയിൽ അഭിരമിക്കുന്ന ധാരാളം ഭക്തർ നമ്മുടെ ഇടയിലുണ്ട്. നിങ്ങളുടെ ചിന്ത തികച്ചും അശാസ്ത്രീയമാണെന്ന് തെളിവ് സഹിതം സമർത്ഥിച്ചാലും അവരതു സമ്മതിക്കില്ല. കാലാകാലങ്ങളായി സമൂഹം അവരിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഈശ്വര ചിന്തകളുടെ അടിമകളാണവർ. അതല്ലതിന്റെ സത്യം എന്നാരെങ്കിലും പറയുന്നതു കേൾക്കുന്നതു പോലും പാപമാണ് എന്നീ പാവം ഭക്തർ ധരിച്ചു വശായിരിക്കുന്നു.
പറഞ്ഞു വരുന്നത് ഞാനുൾപ്പെടുന്ന ഹിന്ദുമത വിശ്വാസികളെക്കുറിച്ചാണ്. ഈ മതത്തിന് ഇപ്പേരു കിട്ടിയതിന്റെ ചരിത്രം പലരും പറഞ്ഞു വച്ചിട്ടുണ്ട്. അതുകൊണ്ട് അതിലേക്കൊന്നും ഞാൻ പോകുന്നില്ല. ഞാൻ എപ്പോഴും എന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഞാൻ ഹിന്ദുവാണ് എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? മറ്റു മതക്കാർക്ക് അവരുടെ മതത്തിലേക്ക് പ്രവേശിക്കുന്നതിന് ചില വ്യവസ്ഥാപിതമായ കർമ്മ പരിപാടികളുണ്ട്; ഉദാഹരണത്തിന് ക്രിസ്ത്യാനിയുടെ മാമോദിസാ തന്നെ എടുത്തോളൂ. മതത്തിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞാൽ അവരവരുടെ മതസംഹിതയിൽ കൃത്യമായ വിദ്യാഭ്യാസം നൽകുന്നു. ബൈബിൾ അറിയാത്ത ഒരു ക്രിസ്ത്യാനിയെയോ ഖുറാൻ പഠിച്ചിട്ടില്ലാത്ത ഒരു മുസ്ലിമിനെയോ കാണാൻ കഴിയില്ല. പക്ഷെ ഭഗവത് ഗീത പഠിച്ച എത്ര ഹിന്ദുക്കൾ ഇവിടെ ഉണ്ട്? ഹിന്ദുമതത്തിന്റെ ആധാരശിലകളായ വേദോപനിഷത്തുക്കളുടെ സാമാന്യജ്ഞാനം എങ്കിലും ഉള്ള എത്ര ഹിന്ദുക്കൾ ഇവിടെയുണ്ട്? പിന്നെ നമ്മൾ ഹിന്ദുക്കളാണ് എന്നും പറഞ്ഞു നടക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ചിന്തിക്കൂ. എന്റെ കാര്യം പറഞ്ഞാൽ ഞാനൊരു നായർ കുടുംബത്തിൽ ജനിച്ചു. എന്റെ വീട്ടുകാരൊക്കെ അമ്പലത്തിൽ പോകുമായിരുന്നു. അമ്പലത്തിൽ പോകുന്നവരൊക്കെ ഹിന്ദുക്കളായതിനാൽ ഞാനും ഹിന്ദുവാണ് എന്നെനിക്കു മനസ്സിലായി. അത്ര തന്നെ. എന്റെ മതപഠനം കഴിഞ്ഞു. നാളിതുവരെ ഒരു പണ്ഡിതനും പാമരനും ഞാൻ എങ്ങിനെയാണ് ഹിന്ദുവായത് എന്നെനിക്കു പറഞ്ഞു തന്നിട്ടിട്ടില്ല.
എങ്ങിനെയുണ്ട് എൻറെ മതപഠനം? പഠിക്കാത്തവന്റെ പ്രശ്നം എന്താണ്? മറ്റുള്ളവർ പറയുന്നതെല്ലാം ശരിയെന്നു തോന്നി അണുവിട വിടാതെ അനുസരിക്കും. ഈ അനുസരണാശീലം ശീലം വളർന്നു വളർന്നതു സ്വന്തം സംസ്‌കാരമാകും. നമ്മുടെ അദ്ധ്യാത്മികതയുടെ അപചയം നിലനിൽക്കുന്നത് ഈ സംസ്കാരത്തിലാണ്. രാമായണം അങ്ങിനെ വായിച്ചാൽ ഇതു കിട്ടുമെന്നും ഇങ്ങനെ വായിച്ചാൽ അതു കിട്ടുമെന്നും ഗണപതി പാലു കുടിച്ചെന്നും ഒക്കെ കേട്ടാൽ അതിന്റെയൊക്കെ പിറകേ ഓടുന്നത് ഈ അന്ധത്വത്താലാണ്. അജ്ഞാന തമസ്സിൽ നിന്നും സത്യത്തിന്റെ, ബോധത്തിന്റെ വെളിച്ചത്തിലേക്കു (അസതോമാ സദ്ഗമയാ തമസോമാ ജ്യോതിർഗമയാ) ഉണർന്നെണീക്കൂ എന്നാഹ്വാനം ചെയ്യുന്ന ഒരു മതത്തിന്റെ പിന്മുറക്കാർക്കു ചേർന്നതാണോ ഈ അന്ധത്വം? ചിന്തിക്കൂ. നമ്മൾ ചിന്തിച്ചാൽ അടുത്ത തലമുറയെങ്കിലും ബോധമുള്ള ഹിന്ദുവായിവളരും.
രാമായണമാസക്കുറിപ്പ് - 4
പത്തൻപതു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. എയർഫോഴ്‌സിൽ ജോലിനോക്കിയിരുന്ന എന്റെ ചിറ്റപ്പൻ (അച്ഛന്റെ അനിയൻ) വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ വെളിയിലെങ്ങാനും യാത്ര കൊണ്ടു പോകൂ എന്നു പറഞ്ഞു ഞങ്ങൾ കുട്ടികൾ ശല്യപ്പെടുത്തുമായിരുന്നു. അങ്ങിനെ ശല്യം സഹിക്ക വയ്യാതെ അദ്ദേഹം എന്നെയും പെങ്ങളെയും പായിപ്പാട്ടു വള്ളംകളി കാണാൻ കൊണ്ടുപോകാൻ സമ്മതിച്ചു. രസികനായ ഞങ്ങളുടെ മറ്റൊരു ബന്ധുവും ചേർന്ന നാൽവർ സംഘം ഹരിപ്പാട് വരെ ബസ്സിൽ യാത്ര ചെയ്തു. അവിടെ നിന്നും പായിപ്പാട്ടേക്ക് മൂന്നു കിലോമീറ്ററിൽ കുറയാതെ ദൂരമുള്ളത് നടന്നു തന്നെ പോകയേ മാര്ഗ്ഗമുണ്ടായിരുന്നുള്ളൂ. ഞങ്ങൾ നടത്തം ആരംഭിച്ചു. പട്ടണം വിട്ടു ഉൾപ്രദേശത്തേക്കു കയറി നടത്തം തുടങ്ങി. ആദ്യമായി അവിടൊക്കെ കാണുകയല്ലേ, അതിന്റെ വലിയ സന്തോഷത്തിലായിരുന്ന ഞങ്ങളെ വഴിയരികത്തുണ്ടായിരുന്ന ഒരു സർവേക്കല്ല് ചൂണ്ടിക്കാണിച്ചു ചിറ്റപ്പൻ പറഞ്ഞു; വലിയ ശക്തിയുള്ള ദേവിയാ, തൊഴുതോ. ഞങ്ങൾ ചിറ്റപ്പൻ പറഞ്ഞതു പോലെ ഭക്ത്യാദരങ്ങളോടെ സർവ്വേക്കല്ലു ദേവിയെ തൊഴുതു നമിച്ചു. കുറെ നടന്നു കഴിഞ്ഞപ്പോൾ അതുപോലെ മറ്റൊരു കല്ലു കണ്ടു ചിറ്റപ്പൻ പറഞ്ഞു, ഉഗ്രമൂർത്തിയാ, എന്താഗ്രഹിച്ചാലും നടത്തി തരും, തൊഴുതോ. ഞങ്ങൾ തൊഴുതു, സാഷ്ട്ടാംഗ നമസ്‌ക്കാരവും ചെയ്തു. ചിറ്റപ്പനും രസികൻ ബന്ധുചേട്ടനും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. പായിപ്പാട്ടു് എത്തുന്നതിനു മുൻപ് രണ്ടു പ്രാവശ്യം കൂടി ഇങ്ങനെ ഞങ്ങൾ സർവ്വേക്കല്ലു ദൈവങ്ങളെ തൊഴുതു നമസ്‌കരിച്ചു എന്നാണെന്റെ ഓർമ്മ. തിരിച്ചു വീട്ടിൽ എത്തിയ ശേഷം രസികൻ ബന്ധു ഈ കഥ വീട്ടിലുള്ളവരോട് പറഞ്ഞു ചിരിച്ചപ്പോഴാണ് കഥയുടെ ഗുട്ടൻസ് ഞങ്ങൾക്കു പിടികിട്ടിയത്. വള്ളം കളിയും കാണിപ്പിച്ചു കുശാലായി ശാപ്പാടും മേടിച്ചു തന്ന ചിറ്റപ്പനോട് ഞങ്ങൾക്ക് ഒരു ദേഷ്യവും തോന്നിയില്ല. ചിറ്റപ്പന്റെ ഒരു കളിതമാശ!
നമ്മുടെ പല ആത്മീയ വിഷയങ്ങളുടെയും കാര്യം ഇങ്ങനെയാണ്. ആരൊക്കെയോ എന്തൊക്കെയോ ചെയ്യാൻ പറയുന്നു. എന്തൊക്കെയോ കിട്ടുമെന്ന് മോഹിച്ചു പറയുന്നതെല്ലാം ചെയ്യുന്നു. എന്നിട്ടു കിട്ടിയോ?
രാമായണമാസക്കുറിപ്പ് - 5
രണ്ടു വർഷങ്ങൾക്കു മുൻപ് ജ്ഞാനസ്ഥനായ ഒരു സന്യാസിശ്രേഷ്ട്ടനെ പ്രഭാഷണം കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ ഞാൻ പോയിക്കണ്ടു. എനിക്കൊരൂട്ടം ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നു പറഞ്ഞു. ആകട്ടെ എന്നായി അദ്ദേഹം. അങ്ങയുടെ പ്രഭാഷണം മുഴുവൻ ഞാൻ സാകൂതം കേട്ടു. സനാതനധർമ്മമാണ് ഹിന്ദുമതത്തിന്റെ ആണിക്കല്ലെന്നാണല്ലോ അങ്ങു പറഞ്ഞത്, അങ്ങിനെയെങ്കിൽ (1) നമുക്ക് ചുറ്റും ഇന്നു കാണുന്ന ഹൈന്ദവാരാധനാ ശീലത്തിൽ എവിടെയാണ് ഈ ധർമ്മത്തോട് ബന്ധമുള്ളത്? (2) ഈശ്വരനും എനിക്കുമിടയിൽ മധ്യസ്ഥനായി ഒരാളെ നിർത്തി അദ്ദേഹത്തിലൂടെ ഈശ്വരനെ സ്വാധീനിച്ചു എന്റെ സ്വാർത്ഥതാത്പര്യങ്ങൾ നേടിയെടുക്കാം എന്ന് ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന സമ്പ്രദായത്തിന് സനാതനധർമ്മശാസ്ത്രപ്രകാരം സാധുതയുണ്ടോ? (3) ശാസ്ത്രം ശരിക്കും പഠിച്ചു, അതു ജനങ്ങൾ മനസ്സിലാക്കണമെന്ന ആഗ്രഹത്തോടെ അങ്ങും അങ്ങയെപ്പോലുള്ളവരും അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം പ്രഭാഷണം നടത്തിയിട്ട് ഭക്തജനങ്ങളുടെ സ്വാർത്ഥമോഹപ്രേരിതമായ ഈശ്വരവിശ്വാസത്തിനും അന്ധവിശ്വാസത്തിനും എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? (4) നമ്മുടെ ക്ഷേത്രങ്ങളിൽ ദർശനത്തിനു വരുന്ന ഭക്തരുടെ എണ്ണം അടുത്തകാലത്തായി അഭൂതപൂർവമായി ഉയരുകയാണ്. മുൻപെങ്ങും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൂജകളും യജ്ഞങ്ങളും സദ്യകളും മറ്റു പരിപാടികളും ഒക്കെയായി ക്ഷേത്രാന്തരീക്ഷം കൊഴുക്കുകയാണ്. ഇതിനെ കലികാലത്തെ ഭക്തിയുടെ ഉയർച്ചയായി കാണാൻ കഴിയുമോ? (5) ഭക്തിയും ഈശ്വരവിശ്വാസവും കൂടുന്നതിന്റെ അളവുകോലാണ് ഈ സമൃദ്ധികളെങ്കിൽ ശാസ്ത്രവിധി പ്രകാരം ഇതുകൊണ്ടൊക്കെ ഉണ്ടാകേണ്ടിയിരുന്ന സമാധാനവും നന്മയും മാനവികതയും സാമൂഹികപ്രതിബദ്ധതയും ഭക്തർക്കിടയിൽ ഇന്നു കുറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്?
ചോദ്യമെല്ലാം കേട്ടു സ്വാമി എന്നെയൊന്നു നോക്കി, അദ്ദേഹം പറഞ്ഞു; വളരെപ്രസക്തവും ചിന്തനീയവുമായ ചോദ്യങ്ങൾ. ചിന്തയുടെയും വിവേകത്തിന്റെയും സംസ്കാരമാണ് നമ്മുടേത്, നിർഭാഗ്യവശാൽ ഇന്ന് അങ്ങിനെയല്ല. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് ഞാനും പ്രഭാഷണം നടത്തുന്നത്; ആൾക്കൂട്ടത്തിനിടയിൽ ആരെങ്കിലും ചിലരെങ്കിലും ഈ പറയുന്നതെന്തെങ്കിലും ഗ്രഹിക്കും എന്ന ആഗ്രഹത്തിൽ. ഇതല്ലാതെ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക? പൗരോഹിത്യം ഈ മതത്തെ വികലമാക്കി ഉഴുതു മറിച്ചിട്ടിരിക്കയാണ്. ഇവിടെ ഞാൻ പറയുന്നതൊക്കെ കേട്ടു ജനം തല കുലുക്കും, പക്ഷേ അവരുടെ ഉള്ളിലേക്ക് അതു കയറുന്നില്ല. അവർ പിന്നെയും പഠിച്ചത് തന്നേ പാടൂ. എങ്കിലും അടുത്തകാലത്തായി ചെറുപ്പക്കാർക്കിടയിൽ ചെറുതെങ്കിലും അൽപ്പം അവബോധമുണ്ടാക്കാൻ ഇങ്ങിനെയുള്ള സത്രങ്ങൾ കൊണ്ടു കഴിയുന്നുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ശബരിമലയിൽ പ്രഭാഷണത്തിനായി എന്നെ ഒരിക്കൽ വിളിച്ചു. അവിടെ ചെന്നപ്പോൾ താങ്കൾ പറഞ്ഞതുപോലെയുള്ള ചില വിശ്വാസവിഷയങ്ങൾ ഞാൻ കൈകാര്യം ചെയ്യണം എന്ന അഭിപ്രായം ഉയർന്നു വന്നു. ഞാൻ വിനീതനായി പറഞ്ഞു; 'ഞാൻ അതിന്റെ ആളല്ല. ശാസ്ത്രമേ ഞാൻ പറയൂ. മാറ്റാരെക്കൊണ്ടെങ്കിലും അതു നിർവഹിച്ചോളൂ'.
രാമായണമാസക്കുറിപ്പ് - 6
ഈ പരമ്പരയുടെ നാലാം ഭാഗത്തിൽ ഒരു കഥയും അഞ്ചാം ഭാഗത്തിൽ ഒരു കാര്യവുമായിരുന്നു ഞാൻ പറഞ്ഞത്. കഥക്ക് കിട്ടിയ ലൈക്ക് 40, കാര്യത്തിന് കിട്ടിയത്15! കഥയിലൂടെ ഞാൻ പറഞ്ഞു വച്ച കാര്യത്തിനും - അറിവില്ലാത്തവനെ ആർക്കും കുരങ്ങു കളിപ്പിക്കാം - വലിയ ശ്രദ്ധ കിട്ടിയതായി തോന്നിയില്ല.
ഇതു തന്നെയാണ് നമ്മുടെ അദ്ധ്യാത്‌മിക വിഷയങ്ങളുടെയും സ്ഥിതി. പുരാണ കഥകളിൽ നാം അതീവ തത്പരരാണ്. അതിന്റെ ഉള്ളിൽ കിടക്കുന്ന കാര്യമാത്രപ്രസക്തമായ സന്ദേശത്തെ നാം കാണുന്നുമില്ല. 'മാനവനെ മാധവനാ'ക്കാനുള്ള ആത്മവിദ്യ അടക്കം ചെയ്തു വച്ചിരിക്കുന്നത് ആ സന്ദേശങ്ങളിലാണ്. 'വേദാദിഷു നിഗൂഢാർത്ഥ, പുരാണേഷു പ്രകീർത്തിതാ' എന്നതാണ് പ്രമാണം. വേദോപനിഷത്തുക്കളിലെ ഗൂഢമായ അർത്ഥത്തെ (ബ്രഹ്മവിദ്യ) കഥകളിലൂടെ പറഞ്ഞു വച്ചിരിക്കുന്നു എന്നർത്ഥം. ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന സാധാരണ മനുഷ്യരോട് ഉപനിഷദ് ചിന്തകൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണെന്നും ആയതിനാൽ ആർക്കും മനസ്സിലാകുന്ന പുരാണകഥകളിലൂടെ അതു മനസ്സിലാക്കിക്കാൻ ശ്രമിച്ചിരിക്കുന്നു എന്നും സാരം. ഒന്നുകൂടി ലളിതമായിപ്പറഞ്ഞാൽ നാളികേരത്തിന്റെ തൊണ്ടിനും ചകിരിക്കും ഉള്ളിൽ വെണ്മയാർന്ന ഫലം ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ മഹത്തായ ഉപനിഷദ് ദർശനങ്ങളെ പുരാണകഥകളിൽ പൊതിഞ്ഞു വച്ചിരിക്കുന്നു. തൊണ്ടിനും ചകിരിക്കും അതിന്റെതായ ഉപയോഗം ഉണ്ടെങ്കിലും അതു നാളീകേരഫലമാകുന്നില്ലല്ലോ? തേങ്ങയുടെ തൊണ്ടും ചകിരിയുമെടുത്തിട്ട് ഉള്ളിലെ ഫലം കളയുന്നതിനു തുല്യമാണ്, പുരാണകഥകളിൽ ഭ്രമിച്ചു് അതിന്റെ പിറകെ കൂടി അതിനുള്ളിലെ സന്ദേശത്തെ കാണാതിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളിൽ ഭൂരിപക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. നാളീകേരം കഴിക്കാതെ തൊണ്ടും ചകിരിയും കഴിച്ചാൽ ശരീരത്തിന് എന്തു ഗുണം ലഭിക്കുമോ ആ ഗുണമേ പുരാണകഥകളിൽ ഭ്രമിച്ചു അതിലെ സന്ദേശം മറക്കുന്ന ഭക്തമനസ്സിനും ലഭിക്കൂ. നാളീകേരം ശരീരത്തിന് പോഷകമാകും എന്നതുപോലെ പുരാണ കഥകളിലെ സന്ദേശങ്ങൾ മനസ്സിനും ബുദ്ധിക്കും പോഷകമേകാൻ ഉദ്ദേശിച്ചുള്ളതാണ്. മനോബുദ്ധികൾ നേരെയാക്കുക എന്നതാണ് ഈശ്വരസാക്ഷാത്കാരത്തിന്റെ ആദ്യപടി. അതുകൊണ്ട് കേവല പുരാണപാരായണമല്ല, പുരാണപഠനമാണ് വേണ്ടത്.
സനാതനധർമ്മമാണ് നമുക്ക് അടിസ്ഥാനമെങ്കിൽ 'ശ്രദ്ധ' അല്ലെങ്കിൽ വിവേകപൂർണ്ണമായ ചിന്ത അതിന്റെ ആണിക്കല്ലാണ്. 'കരളിൽ വിവേകം കൂടാതെ കണ്ടരനിമിഷം ബത കളയരുതാരും' എന്നാണ് ഭാഗവതം ആദ്യപാദ കീർത്തനം തുടങ്ങുന്നതു തന്നെ. ഗീതോപദേശം കഴിഞ്ഞു ഭഗവാൻ അർജ്ജുനനോട് പറഞ്ഞത്
'ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശൈശ്യതദേശേഷണ യഥേച്ഛസി തഥാ കുരു' (ഗീത 18:63)
(ഇപ്രകാരം രഹസ്യങ്ങളിൽ വെച്ച് രഹസ്യമായ ജ്ഞാനം നിനക്ക് ഉപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ചു പൂർണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യുക) എന്നാണ്.
ഭഗവാൻ പറയുന്നത് ശ്രദ്ധിക്കുക; നീ ചിന്തിച്ചു ചെയ്യുക, ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞത് അതേപടി ചെയ്യുക എന്നല്ല പറഞ്ഞത്. ബുദ്ധിക്കും വിവേകത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരത്തിന്റെ പ്രതിനിധികളാണ് നമ്മളെന്ന ബോധം നമുക്കുണ്ടാവണം. ആരെങ്കിലുമൊക്കെ പറയുന്നത് അന്ധമായി വിശ്വസിച്ചു, ആ വിശ്വാസത്തെ പ്രചരിപ്പിക്കുന്നത് നമ്മുടെ മഹനീയ സംസ്കാരത്തോട് ചെയ്യുന്ന തെറ്റാണ്; മന:പൂർവമല്ലെങ്കിലും.
എന്തുകൊണ്ടാണ് നാം ഇങ്ങനെയാകുന്നത്? ഉത്തരം നാളെ പറയാം.
രാമായണമാസക്കുറിപ്പ് - 7
എന്റെ കുറിപ്പുകൾ വായിച്ചു കുറേപ്പേരെങ്കിലും ഇതിനകം വിഷമവൃത്തത്തിലായിട്ടുണ്ടാകും. പല രീതിയിലായിരിക്കും നിങ്ങളിൽ പലരും ചിന്തിക്കുക. നിരീശ്വരവാദിയായ ഈ മനുഷ്യൻ എഴുതുന്നതൊക്കെ വായിച്ചു ഞങ്ങൾ ഈശ്വരകോപത്തിനു പാത്രമാകുമോ? ഭഗവാനെ, ക്ഷമിക്കണേ; ഇദ്ദേഹം എഴുതുന്നതിൽ ചില കാര്യങ്ങളൊക്കെയുണ്ട്. പക്ഷെ അതു സമ്മതിച്ചാൽ നമ്മളൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് നമ്മൾ തന്നെ പറയുന്നതിന് തുല്യമാകില്ലേ, അതു വേണ്ടാ? ഈ ചേട്ടൻ പറയുന്നതു കൊള്ളാമല്ലോ? ഹിന്ദുക്കളാണെന്നും പറഞ്ഞു ജീവിച്ചിട്ട് ഇതുവരെയും അതിൻറെ അർത്ഥം പിടികിട്ടിയിരുന്നില്ലല്ലോ. ഭാഗ്യമായി ഇതു വായിക്കാൻ തോന്നിയത്; ഇപ്പറയുന്നതെല്ലാം വിഷയം അറിയാതെ പറയുന്ന വെറും ജൽപ്പനങ്ങളാണെന്നേ. നമുക്കൊക്കെ അറിയാവുന്നതിൽ കൂടുതൽ അറിയാൻ ഇങ്ങേരാരാ, ശങ്കരാചാര്യരോ?
പേടിക്കേണ്ട. ഞാൻ നിരീശ്വരവാദിയൊന്നും അല്ല. രാവിലെ അമ്പലത്തിൽ പോയി രാമായണം വായിച്ചു വന്നിട്ടാ ഈ എഴുത്തു തുടങ്ങിയത് തന്നെ. 'എന്നെ ഭക്തജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ എന്തെങ്കിലും ചെയ്യണം' എന്നു രാമനാ എന്നോട് മന്ത്രിച്ചത്. ഗുരുവായൂർ പോലെ പരിശുദ്ധമായ ഓണാട്ടുകരയിലെ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തു ജനിച്ചു വളർന്നയാളാണ് ഞാൻ. ഞാനും കണ്ണനും ആത്മബന്ധുക്കളാണ്. അദ്ദേഹം പൂർണ്ണനും ഞാൻ അപൂർണ്ണനും എന്ന വ്യത്യാസം മാത്രം. ഞാൻ എന്തു ചെയ്യുന്നതിന് മുൻപും ചോദിക്കും, ഇതു ശരിയാണോ? ശരിയല്ലെങ്കിൽ നീ പറയണേ. ഇന്നലേം ചോദിച്ചു, കണ്ണാ, രാമൻ പറഞ്ഞത് കേട്ടു ഞാൻ അൽപ്പം ആത്മീയവിഷയം എഴുതാൻ തുടങ്ങി. പോക്കു കണ്ടിട്ട് ഭക്തജനങ്ങൾക്ക് അത്ര സുഖിക്കുന്നില്ലെന്നാ തോന്നുന്നേ, ഞാൻ എഴുത്തു തുടരണോ, നിർത്തണോ? ഇതേ തുടർന്ന് ഞങ്ങൾ തമ്മിൽ ഒരു ചർച്ച തന്നെ നടന്നു.
കണ്ണൻ: നീ എഴുതി എന്നാരു പറഞ്ഞു? നീ ഒന്നും എഴുതിയിട്ടില്ല. അതൊക്കെ ഞാൻ നിന്നെക്കൊണ്ടു എഴുതിച്ചതാ. നിന്റെ ചിന്തയും ബുദ്ധിയും എല്ലാം ഞാനാണെന്ന് പണ്ടേ ഞാൻ പറഞ്ഞത് നീ മറന്നോ?
ഞാൻ: ഇല്ല, ഭഗവൻ. എനിക്കതറിയാം. പക്ഷെ ജനങ്ങൾ വിചാരിക്കുന്നത് ഞാൻ അനാവശ്യമായി ഓരോന്നെഴുതി അവരെ നിന്നിൽ നിന്നും അകറ്റുവാണെന്നാ. നീ കോപിക്കുമെന്നു വിചാരിച്ചു, അവരിപ്പം എന്റെ കുറിപ്പിന് 'ലൈക്ക്' അടിക്കാൻ പോലും പേടിച്ചിരിക്കയാ.
കണ്ണൻ : വത്സാ. മനുഷ്യർ പല ഗുണത്തിൽ പെടുന്നവരാണ്. ഇതൊക്കെ ഞാൻ ഗീതയിൽ പറഞ്ഞിട്ടുണ്ട്. എന്നെ എല്ലാവർക്കും അത്ര പെട്ടന്നൊന്നും മനസ്സിലാക്കാനോ പ്രാപിക്കാനോ ഒക്കില്ല. നീ നിന്റെ കർമ്മം ആത്മാർത്ഥമായി ചെയ്യുക. നീ ചെയ്യുന്ന കർമ്മം എല്ലാവർക്കും ചെയ്യാൻ കഴിയുന്നതല്ലെന്നും മനസ്സിലാക്കണം. എന്നെ കാണാനും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാനുമുള്ള ബോധം വളരെ ചുരുക്കം പേർക്കേ ഞാൻ നൽകിയിട്ടുള്ളൂ കുഞ്ഞേ.
ഞാൻ: അപ്പൊ ഇതുവരെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലന്നാണോ അങ്ങു പറയുന്നത്?
കണ്ണൻ: തെറ്റൊന്നും ചെയ്തിട്ടില്ല, ശരി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാലോകരെ പേടിച്ചു ഞാൻ പറയുന്നത് നീ ചെയ്യാതിരുന്നാൽ അതാണ് തെറ്റു്. അങ്ങിനെ ചെയ്ത് എന്റെ അപ്രീതിക്ക് നീ പാത്രമാകരുത്.
ഞാൻ: ഇല്ല, കണ്ണാ. എനിക്കറിയാവുന്ന വിധത്തിലൊക്കെ നിന്നെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ ഞാൻ ശ്രമിക്കാം.
കണ്ണൻ: തഥാസ്തു.
ഭഗവാൻ പറഞ്ഞതു കേട്ടല്ലോ? ആശങ്ക വേണ്ടാ, വായിച്ചു ലൈക്കുമിട്ട് സ്നേഹിതർക്കൊക്കെ ഷെയറും ചെയ്തോളൂ.
രാമായണമാസക്കുറിപ്പ് - 8
പുരാണങ്ങളുടെ ആത്മീയവിഷയ പ്രസക്തി ചർച്ച ചെയ്യുന്നതിനിടയിൽ കണ്ണനെ കണ്ടൽപ്പനേരം ഇരുന്നുപോയി. മഹനീയവും ഉൽകൃഷ്ടവുമായ സനാതന ദർശനങ്ങൾ ഉണ്ടായിട്ടും ആത്മീയവിഷയത്തിൽ ഹിന്ദുക്കൾ എങ്ങിനെയാണ് രണ്ടാം തരക്കാരാകുന്നത് എന്നാണ് ഞാൻ ചോദിച്ചു നിർത്തിയത്. അതിന്റെ ഉത്തരം നോക്കാം. വിശദമായി ഈ വിഷയം ചർച്ച ചെയ്യണമെങ്കിൽ ഒരു പത്തു കുറിപ്പുകൾ എങ്കിലും എഴുതണം. അതിപ്പം നടക്കുന്ന കാര്യമല്ല. അതുകൊണ്ടു 'കല്യാണസൗഗന്ധികത്തിലെ ഹനുമാൻ തന്റെ വിശ്വരൂപം അങ്ങേയറ്റം ചുരുക്കി ഭീമനെ' കാണിച്ചതുപോലെ, ഞാനും അങ്ങേയറ്റം ചുരുക്കുകയാണ്.
വേദങ്ങളും ഉപനിഷത്തുക്കളും ആണ് സനാതനധർമ്മത്തിന്റെയും അത് അടിസ്ഥാനമാക്കുന്ന ഹിന്ദുമതത്തിന്റെയും അസ്ഥിവാരം എന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ പ്രകൃതിശക്തികളെ ദേവതകളായിക്കണ്ടു അവയുടെ പ്രീതിക്കായി ചെയ്യേണ്ട പൂജകളും ഹോമങ്ങളും യജ്ഞങ്ങളും അതിന്റെയൊക്കെ ആചാരാനുഷ്ഠാന ക്രമങ്ങളും പ്രതിപാദിച്ചിരിക്കുന്നു. വേദങ്ങളുടെ ജ്ഞാനകാണ്ഡത്തിൽ ഇതൊക്കെ ചെയ്ത മനുഷ്യന് ഉണ്ടാകേണ്ട ഉന്നത ദർശനങ്ങളെ, മൂല്യങ്ങളെ, ബോധ തലത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു. വേദ (അറിവ്) ത്തിന്റെ അന്ത്യം അല്ലെങ്കിൽ വേദപഠനം കൊണ്ട് ഉണ്ടാകേണ്ടത് ഉൽകൃഷ്ടമായ ജ്ഞാനം ആണെന്നതിനാൽ ഈ ഉൽകൃഷ്ട ആശയങ്ങളെ വേദാന്തം അല്ലെങ്കിൽ ഉപനിഷത്തുക്കൾ എന്നറിയപ്പെടുന്നു. മനുഷ്യന് മനഃ പരിവർത്തനം ഉണ്ടാകാൻ ഈ ഉപനിഷദ് ജ്ഞാനം ആണ് ആവശ്യം. കുരുക്ഷേത്രയുദ്ധത്തിൽ ബന്ധുമിത്രാദികളെ കണ്ടു തളർന്നു തേർത്തട്ടിലിരുന്ന അർജ്ജുനനെ മന:പരിവർത്തനം ചെയ്തുണർത്തി ധർമ്മയുദ്ധം ചെയ്യിക്കാൻ ഭഗവാൻ കൃഷ്ണൻ (വ്യാസൻ) പ്രയോഗിക്കുന്നത് ഈ ഉപനിഷദ് ജ്ഞാനമാണ്. ഭഗവത് ഗീതയിൽ നിറഞ്ഞു നിൽക്കുന്നത് ഉപനിഷദ്ജ്ഞാനം തന്നെയാണെന്ന് ഗീതയുടെ ധ്യാനശ്ലോകത്തിൽ പറഞ്ഞിട്ടുണ്ട്.
സർവോപനിഷദോ ഗാവോ ദൊഗ്ദ്ധാ ഗോപാലാനന്ദന:
പാർഥോ വത്സ: സുധീർ ഭോക്താ ദുഗ്‌ദ്ധം ഗീതാമൃതം മഹത്.
(പശുക്കളാകുന്ന എല്ലാ ഉപനിഷത്തുക്കളെയും പശുക്കിടാവായ അർജുനന്റെ സാന്നിദ്ധ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ കറക്കുന്നു. ഗീതാമൃതം എന്ന മഹത്തായ പാൽ വിദ്വാൻമാർ ഭുജിക്കുന്നു).
അതായത് വേദത്തിന്റെ കർമ്മകാണ്ഡത്തിലല്ല, ജ്ഞാനകാണ്ഡത്തിലാണ് മനുഷ്യനെ സംസ്കാരചിത്തനാക്കാനുള്ള വിദ്യകൾ നിറഞ്ഞിരിക്കുന്നത് എന്നർത്ഥം. വേദത്തിലെ കർമ്മകാണ്ഡം വേദാന്തത്തിലേക്കുള്ള വഴി മാത്രമാണ്. പക്ഷെ ഹിന്ദുമതത്തിന്റെ ആചാരാനുഷ്ട്ടാനങ്ങളായി സ്വീകരിച്ചിട്ടുള്ളതെല്ലാം തന്നെ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ കാണുന്ന മന്ത്രതന്ത്രങ്ങളെ മാത്രമാണ്. അതായത് നാളീകേരത്തിൻറെ തൊണ്ടും ചിരട്ടയും സ്വീകരിച്ചിട്ട് വെണ്മയാർന്ന ഫലത്തെ ദൂരെക്കളഞ്ഞതുപോലെ. ഇതു ചെയ്താൽ അതു കിട്ടും എന്നു പറഞ്ഞു വച്ചിരിക്കുന്ന വേദഭാഗത്തെ നാം സ്വീകരിച്ചു, അതിൻറെ മേലെയുള്ള ജ്ഞാനഭാഗത്തെ ദൂരെയും കളഞ്ഞു. നമ്മുടെ ആത്മീയവിഷയത്തിന്റെ അപചയത്തിന്റെ തുടക്കമിവിടെയാണ്.
ടീവീയിലെ സത്സംഗത്തിൽ ഒരു ദിവസം ഭൂമാനന്ദസ്വാമി പറഞ്ഞു. ഒരു കൊച്ചുകുഞ്ഞു പാലുകുടിക്കാൻ മടി കാണിക്കുമ്പോൾ ഹേമമാലിനിയുടെ ഫോട്ടോയുള്ള കലണ്ടർ ചൂണ്ടിക്കാണിച്ചു അമ്മ ചോദിക്കും ' മോളേ, ആ ചേച്ചിയുടെ സൗന്ദര്യം കണ്ടോ? മുടി കണ്ടോ? ഇതൊക്കെ എന്റെ മോൾക്കും വേണ്ടേ? വേണം എന്ന് കുഞ്ഞു പറയും. അപ്പൊ അമ്മ, "എങ്കിലീ പാല് മുഴുവൻ മക്കള് കുടിച്ചേ'. ഹേമമാലിനിയാകാൻ കൊതിച്ചു കുഞ്ഞു ഇഷ്ടമല്ലെങ്കിലും ആ പാലെല്ലാം കുടിക്കും. ഇതുപോലെ ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു കഴിയുന്ന, സംസ്കാരരഹിതനായ മനുഷ്യനെ ആത്മീയ വിഷയത്തിലേക്ക് കൊണ്ടുവന്നു സംസ്കാരം മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാണ് വേദത്തിലെ കർമ്മകാണ്ഡപരിപാടികൾ. ഹേമമാലിനിയുടെ ഫോട്ടോ കാണിച്ചു കുഞ്ഞിനെ പാലുകുടിപ്പിക്കുന്നപോലെ, അതു ചെയ്താൽ ഇതു കിട്ടും എന്നൊക്കെയുള്ള വേദഭാഗം കാണിച്ചും പരിശീലിപ്പിച്ചും ഒരുവനെ വിഷയത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കയാണ്. അതായത് ആത്മീയ വിഷയത്തിന്റെ primary level ആണ് വേദത്തിലെ കർമ്മകാണ്ഡം എന്നർത്ഥം. നമ്മൾ ഈ primary class ൻറെ മുകളിലുള്ളതൊന്നും മനസ്സിലാക്കിയിട്ടില്ല. പിന്നെങ്ങനെ മതം നന്നാകും, മനുഷ്യൻ നന്നാകും?
വേദത്തിലെ കർമ്മകാണ്ഡത്തിനു മുകളിൽ മറ്റൊന്നും ഇല്ലെന്നു പറയുന്നവരെ എത്ര നിശിതമായാണ് ഭഗവത് ഗീതയിൽ കൃഷ്ണൻ (വ്യാസൻ) വിമർശിക്കുന്നതെന്നു നോക്കാം, നാളെയാകട്ടെ .
രാമായണക്കുറിപ്പ് - 9
വേദങ്ങളെ (കർമ്മകാണ്ഡത്തെ) ക്കുറിച്ചു ശ്രീകൃഷ്ണൻ (വ്യാസൻ) ഭഗവത് ഗീതയിൽ പറയുന്നു:
യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ നാന്യ ദസതീതി വാദിനഃ (ഗീത 2 : 42 )
കാമാൽമാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി (ഗീത 2 : 43 )
ഭോഗൈശ്വര്യ പ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാൽമികാ ബുദ്ധി: സമാധൗ ന വിധീയേത (ഗീത 2 : 43 )
(പാർത്ഥാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language ) തത്പരന്മാരും അതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും ഭോഗചിത്തരും സ്വർഗ്ഗം കാംഷിക്കുന്നവരുമായവർക്കു ---------- വാക്കുകൾ കേട്ടിട്ട് മനസ്സ് അപഹരിക്കപ്പെട്ടിരിക്കയാൽ സമാധിയിൽ ഏകാഗ്രത ലഭിക്കുന്നില്ല).
കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്നതു മാത്രം വിശ്വസിച്ചിരിക്കുന്നവർ അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകി ഈശ്വരനിൽ നിന്നും അകന്നു നിൽക്കുന്നു എന്ന് സാരം.
ഇത് മാത്രമല്ല, ഗീതാകാരൻ ഇനിയും പറയുന്നുണ്ട്,
യാവാനർഥ ഉദപാനേ സര്വതഃ സംപ്ലൂദോതകേ
താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ (ഗീത 2 : 46)
(എല്ലായിടത്തും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ കിണറുകൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമോ അത്രക്കു പ്രയോജനം മാത്രമേ ബ്രാഹ്മണന് വേദങ്ങളാസകലവും കൊണ്ടുണ്ടാകൂ).
ഇതാണ് വേദങ്ങളെക്കുറിച്ചു ശ്രീകൃഷ്ണന്റെ (വ്യാസന്റെ) അഭിപ്രായം. വേദമല്ല, വേദാന്തദർശനങ്ങളാണ് പ്രധാനം എന്നതാണ് ഇപ്പറഞ്ഞതിന്റെയർത്ഥം. എന്നാൽ നമ്മുടെ ഹിന്ദുമതപണ്ഡിതന്മാരുടെ അഭിപ്രായവും പോക്കുമോ, ഇതിനു നേരെ എതിരും! ഹിന്ദുമതവും ഉപനിഷത്തിലും ഗീതയിലും വർണ്ണിക്കുന്ന സനാതനഃധർമ്മവും മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നത് ഇതുകൊണ്ടാണ്. ഹിന്ദുമതത്തിന്റെ അപചയത്തിന്റെ അടിസ്ഥാനകാരണങ്ങളിൽ ഒന്നാമത്തേതും പ്രധാനപ്പെട്ടതുമാണീ പറഞ്ഞത്. ഇനിയും വേറെ പല കാരണങ്ങളും പറയാം.
രാമായണമാസക്കുറിപ്പ് - 10
ശ്രീകൃഷ്ണൻ വേദവിഷയത്തെക്കുറിച്ചു പറഞ്ഞതൊക്കെ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് പല സന്ദർഭങ്ങളിലും എനിക്കു തോന്നിയിട്ടുണ്ട്. വേദവിഷയത്തിൽ പണ്ഡിതനായി പറയപ്പെട്ടിരുന്ന ഒരു മനുഷ്യനുമായുള്ള എന്റെ ഒരനുഭവം താഴെ വിവരിക്കുന്നത് ഒന്നു വായിച്ചോളൂ. ജീവിതം മുഴുവൻ വേദങ്ങൾ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും എന്ത് ജ്ഞാനമാണ് ഈ മനുഷ്യനുണ്ടായത് എന്നോർത്തു എനിക്കു ദുഖമാണ് അന്നു തോന്നിയത്. ഇങ്ങനെയുള്ള വിഷയങ്ങളിൽ അർത്ഥം ശരിക്കും അറിയാതെ പഠിക്കയും പഠിപ്പിക്കുകയും ചെയ്യന്നതതിലല്ല കാര്യം; വിഷയത്തിലടങ്ങിയിരിക്കുന്ന മഹനീയ സന്ദേശങ്ങളെ മനസ്സിലേക്ക് ആവാഹിച്ചു സ്വയം സംസ്കാരചിത്തനാകുക എന്നതിലാണ്. വ്യക്തിക്കും സമൂഹത്തിനും അതുകൊണ്ടേ ഗുണമുണ്ടാകയുള്ളൂ.
ഒരു കമ്പിയുടെ മന:ശശാസ്‌ത്രം : http://dhanyaasi.blogspot.in/2014/06/blog-post.html
രാമായണമാസക്കുറിപ്പ് - 11
ഹിന്ദു മതത്തിന്റെ അപചയത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം മനുഷ്യരെ മനുഷ്യരുടെ അടിമയാക്കുന്ന അതിലെ ജാതിവ്യവസ്ഥയാണ്. ഇന്നലത്തെ ന്യൂസിലും കേട്ടു; തമിഴ്‌നാടിന്റെ തെക്കൻ ജില്ലയിലെ ഒരു പ്രദേശത്തു 250 പേർ ഹിന്ദുമതം വിട്ടു ക്രിസ്തുമതത്തിലേക്ക് ചേക്കേറാൻ പോകുന്നുവെന്നും ഇതിൽ വേവലാതി പൂണ്ട ഹിന്ദുസംഘടനകൾ അതു തടയാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയാണെന്നും. ഈ നാട്ടിൽ നടക്കുന്ന ഭൂരിഭാഗം മതം മാറ്റങ്ങളും എന്തെങ്കിലും ആദർശങ്ങളുടെയോ വിശ്വാസങ്ങളുടെയോ പേരിൽ നടക്കുന്നതല്ല, മറിച്ചു സ്വന്തം മതത്തിൽ അടിമകളായി കഴിയുന്നതിലും ഭേദം മറ്റൊരു മതത്തിലേക്ക് ചേക്കേറുന്നതല്ലേ എന്ന ചിന്തയിൽ നിന്നും ഉണ്ടാകുന്നതാണ്. പോകുന്നിടത്ത് സ്വർഗ്ഗം ഒന്നും കിട്ടാൻ പോകുന്നില്ല എന്നറിയാമെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപെടാനെങ്കിലും കഴിയുമല്ലോ എന്ന ചിന്തയാണ് ഇവരെ ഭരിക്കുന്നത്. ഇപ്പുറത്തു സ്വർഗ്ഗവാഗ്ദാനങ്ങളും കൂടിയാകുമ്പോൾ പിന്നെ ഒഴുക്കു കൂടുകയല്ലേ ഉള്ളൂ, കുറയില്ലല്ലോ? ഹിന്ദുക്കൾ തന്നെ ഹിന്ദുമതത്തിനേൽപ്പിച്ച ആഘാതത്തിന്റെ തിരിച്ചടിയാണിത്. തൊലിപ്പുറത്തെ ചികിത്സകൊണ്ടൊന്നും തടയാവുന്ന രോഗമല്ല ഇത്. ഇന്നത്തെ മതം മാറ്റം മാത്രമല്ല, ഈ നാടിന്റെ എക്കാലത്തെയും പുരോഗതിക്കു തടസ്സം സൃഷ്ട്ടിച്ചതും നൂറ്റാണ്ടുകളോളം ഭാരതത്തെ വിദേശ ശക്തികളുടെ അടിമയാക്കി നിർത്തിയതിനു പിന്നിൽ പ്രവർത്തിച്ചതും ഇവിടുത്തെ ജാതിവ്യവസ്ഥയും അതിന്റെ പേരിൽ ഹിന്ദുസമൂഹത്തിൽ ഉണ്ടായ ശൈഥില്യങ്ങളുമായിരുന്നു. സനാതന ധർമ്മത്തിന്റെ മഹനീയ ആദർശങ്ങളെ കുഴിച്ചു മൂടി അതിനുമുകളിൽ സ്വാർത്ഥമോഹങ്ങളുടെ കോട്ടകൊത്തളങ്ങൾ പണിതുയർത്തിയ സങ്കുചിതമനസ്കരായ കുറെ പൂർവികർ നമ്മുടെ നാടിനു സമ്മാനിച്ചിട്ടു പോയതാണ് ജാതിവ്യവസ്ഥ എന്ന തീരാശാപം.
ജാതിവ്യവസ്ഥയുടെ വ്യക്താക്കൾ പറയുന്നത്, ഈശ്വരഹിതം നടപ്പിലാക്കുക മാത്രമാണവർ ചെയ്യുന്നതെന്നാണ്. ചാതുർവർണ്യം മനുഷ്യർക്കിടയിൽ നടപ്പാക്കണം എന്ന് വേദോപനിഷത്തുക്കളിലും പുരാണങ്ങളിലും എല്ലാം ഈശ്വരൻ കൽപ്പിച്ചിട്ടുണ്ടത്രേ ! ഇങ്ങനെ ചിന്തിച്ചു വായിച്ചാൽ ഇങ്ങനെ തന്നെ അർത്ഥം തോന്നുന്ന ചില ശ്ലോകങ്ങളും പരാമർശങ്ങളും ഇപ്പറഞ്ഞ ഗ്രന്ഥങ്ങളിലൊക്കെ ഉണ്ട് എന്നതൊരു സത്യമാണ്. ഉദാഹരണത്തിന് ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നത്,
ചാതുർവർണ്യം മായാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം
(ഗുണങ്ങളുടെയും കർമ്മങ്ങളുടെയും വിഭാഗം അനുസരിച്ചു് ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുർവർണ്യത്തിന്റെയും സൃഷ്ട്ടാവായി അറിയുക) എന്നാണ്.
ഈ ശ്ലോകത്തെ അവലംബമാക്കിയാണ് ഭഗവാനാണ് ഇവിടെ ജാതിവ്യവസ്ഥ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തതെന്ന് പറയുന്നത്. ഇതേത്തുടർന്ന് മനുസ്മൃതിയടക്കം മറ്റു പലരും ഇതേ ലൈനിൽ ഭഗവാന്റെ പേരിൽ ചാതുർവർണ്യം നടപ്പാക്കാൻ ശ്രദ്ധ കാണിച്ചിട്ടുണ്ട്. എന്നാൽ 'പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും സുഖവും സമാധാനവും നേരുന്ന' (ലോകസമസ്താ സൂഖിനോഭവന്തു), 'അജ്ഞാനാന്ധകാരത്തെ ജ്ഞാനദീപം കൊണ്ട് ഇല്ലാതാക്കാൻ' ആഹ്വാനം ചെയ്യുന്ന (അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാജ്ഞാന ശലാകയാ), 'അസത്തിൽ നിന്നും സത്തിലേക്കും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും മുന്നേറുവാൻ' (അസതോമാ സദ്ഗമയാ തമസ്സോമാ ജ്യോതിർഗമയാ) ലോകത്തോട് മുഴുവൻ ആഹ്വാനം ചെയ്യുന്ന ഒരു മഹനീയമായ സംസ്കാരത്തിന്റെ പ്രമാണഗ്രന്ഥങ്ങളാണ് ഇങ്ങിനെ മനുഷ്യനെ മനുഷ്യൻ അടിമയാക്കുന്ന ചാതുർവർണ്യം നടപ്പിലാക്കാൻ ഈശ്വരനാമത്തിൽ നിർദ്ദേശിക്കുന്നത് എന്നു പറയുമ്പോൾ അതിൽ എന്തോ ഒരു വലിയ അപാകത തോന്നുന്നില്ലേ? ബോധം തീർത്തും നശിച്ചിട്ടില്ലാത്ത ആർക്കും തോന്നണം. എനിക്കും അങ്ങിനെ തോന്നി. എവിടെയാണ് പ്രശ്നം, നമുക്ക് നോക്കാം.
രാമായണമാസക്കുറിപ്പ് - 12
പ്രപഞ്ചത്തോടൊപ്പം വിരാട് പുരുഷൻ ചാതുർവർണ്യവും സൃഷ്ടിച്ചെന്ന് ഋഗ്വേദം പറയുന്നു. സൃഷ്ടിയെക്കുറിച്ചു പുരുഷസൂക്തത്തിൽ പറഞ്ഞിരിക്കുന്നത്
ബ്രാഹ്മണോസ്യ മുഖമാസീദ്
ബാഹുരാജന്യ : കൃത:
ഊരു തദസ്യ യഥൈശ്യ:
പദ്ഭ്യാം ശൂദ്രോ അജായത
(ആ പ്രജാപതിക്ക് ബ്രാഹ്മണൻ മുഖമായി (മുഖത്തിൽ നിന്നും ഉണ്ടായി). ക്ഷത്രിയൻ കൈകളിൽ നിന്നും തുടകളിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ജനിച്ചു. ഇതേ ആശയം ചില യജുർവേദ ശ്ലോകങ്ങളിലും കാണാം (ചില അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകാരണം തെറ്റുണ്ടാകാം. ക്ഷമിക്കുക).
വേദങ്ങൾ പോലെയുള്ള പ്രാചീന ഗ്രന്ഥങ്ങളുടെ ഭാഷയും അതിൽ അടങ്ങിയിരിക്കുന്ന ഗൂഢഅർത്ഥതലങ്ങളും സാധാരണ വായനയിൽ ഒരുവനു കിട്ടുന്നതല്ല. സംസ്കൃത ഭാഷയിലും പരാമർശിച്ചിരിക്കുന്ന വിഷയത്തിലും നല്ല പാണ്ഡിത്യം ഉള്ള ഒരാൾക്ക് മാത്രമേ അത് വായിച്ചു അർത്ഥം ഗ്രഹിക്കാൻ കഴിയൂ. മുകളിൽ പരാമർശിച്ച ശ്ലോകം തന്നെ എടുത്തു നോക്കൂ. അന്ധവിശ്വാസത്തിന് അടിമപ്പെട്ടിട്ടില്ലാത്ത ഒരു ബുദ്ധി കൊണ്ട് വായിച്ചാൽ അതിൽ പറഞ്ഞിരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. കൈയ്യിൽ നിന്നും കാലിൽ നിന്നുമൊന്നും മനുഷ്യൻ ഉണ്ടാകില്ലല്ലോ? എന്നാൽ ഇതൊക്കെ എഴുതി വെച്ചവർ അത്ര ബുദ്ധിശൂന്യരോ സ്വാർത്ഥതാത്പര്യക്കാരോ അല്ലെന്നു മനസ്സിലാക്കുമ്പോൾ എഴുതിയതിനു നമ്മൾ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ അർത്ഥമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മനസ്സിലാക്കാം. പക്ഷേ പിൽക്കാലത്തു വേദത്തെ വ്യാഖ്യാനിച്ച പലരും അവരുടെ താത്പര്യം വ്യാഖ്യാനങ്ങളിൽ കുത്തി നിറക്കയും അതാണ് സത്യമെന്നു മനുഷ്യരെ ബോധിപ്പിക്കുകയും ആയിരുന്നു. ദേവന്മാരുടെ പോലും ദൈവമാണ് ബ്രാഹ്മണനെന്നും ബ്രാഹ്മണന്റെ ദാസ്യവേലക്കാണ് ശൂദ്രനെ സൃഷ്ട്ടിച്ചിരിക്കുന്നതെന്നും സ്ത്രീകൾ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഇരുമ്പ് ഉരുക്കി ഒഴിക്കണമെന്നും ഇപ്പറയുന്നതെല്ലാം ഈശ്വരൻ പറഞ്ഞിട്ടുള്ളതാണെന്നും മറ്റും പുലമ്പിയ മനുസ്മൃതിപോലെയുള്ള അബദ്ധപഞ്ചാംഗങ്ങൾ കാണിക്കുന്നതിതാണ്. ഞങ്ങൾ കുറച്ചു പേർ മാത്രമാണ് വേദങ്ങൾക്കു അധികാരികളെന്നും ഞങ്ങളല്ലാതെ ആരെങ്കിലും അതു പഠിച്ചാൽ ഈശ്വരനിന്ദയാകുമെന്നും അങ്ങനെയുള്ളവർ ഈശ്വരകോപത്തിനു പാത്രമായി നശിച്ചു പോകുമെന്നും മറ്റും പറഞ്ഞു ഭയപ്പെടുത്തി വിദ്യാഭ്യാസം നിഷേധിച്ചു ബഹുഭൂരിപക്ഷം ജനങ്ങളെ ഇതൊക്കെ പഠിക്കുന്നതിൽ നിന്നും അകറ്റിനിർത്താനും ഇക്കൂട്ടർക്കു കഴിഞ്ഞു. മഹനീയ ആദർശങ്ങൾ ഉൾക്കൊള്ളുന്ന ഉപനിഷത്തുക്കൾ ഉൾപ്പെടുന്ന വേദങ്ങൾ രചിച്ച മനുഷ്യർ (വേദങ്ങൾ അപൗരുഷേയമാണ്, അതായത് മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ടതല്ല, ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതാണ് എന്നൊക്കെ പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല) മനുഷ്യനെ മനുഷ്യന്റെ അടിമയാക്കി സമൂഹത്തെ നശിപ്പിക്കുന്ന ചാതുർവർണ്യത്തെ സൃഷ്ട്ടിച്ചു എന്നു ചിന്തിക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ഇതൊന്നും ദൈവം ചെയ്ത തെറ്റുകളല്ല, സ്വാർത്ഥലക്ഷ്യങ്ങളോടെ പ്രവർത്തിച്ച മനുഷ്യരുടെ തെറ്റുകളാണ് എന്ന് സാരം.
ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ (വ്യാസൻ) വേദങ്ങളെ നിശിതമായി വിമർശിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, വേദങ്ങളിൽ ഉദയം കൊണ്ട ചാതുർവർണ്യം എന്ന ആശയത്തെ ഭഗവാൻ 'ചാതുർവർണ്യം മയാ സൃഷ്ട്ടം ഗുണ കർമ്മ വിഭാഗശയ:' എന്ന് പറയുന്നതിൻറെ പൊരുളെന്താണെന്നു ചിന്തിക്കാം, ഇന്നല്ല, നാളെ.
(ഇവിടെ പരാമർശിക്കുന്ന വിഷയം ഇന്നുള്ളവർ ചെയ്തു നടപ്പാക്കിയതല്ല. പണ്ടുള്ളവർ ചെയ്തു വച്ചത് ഇന്നുള്ളവരും തുടർന്നു പോകുന്നൂ എന്നുമാത്രം).
രാമായണമാസക്കുറിപ്പ് -13
ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം (ഗീത: 4 : 13)
(ഗുണകർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു നാല് വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ കർത്താവാണെങ്കിലും വികാരരഹിതനായ എന്നെ കർത്തൃത്തമില്ലാത്തവനെന്നറിഞ്ഞാലും).
ജാതിവ്യവസ്ഥയെന്ന സാമൂഹികക്രൂരതയെ ഉയർത്തിപ്പിടിക്കുന്നവരാൽ ഏറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ് ഈ ശ്ലോകം. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധയോടെ വേണം ഇതിനെ വിശകലനം ചെയ്യാൻ. ഹിന്ദുമതത്തിന്റെ ആത്മീയഗുരുവായ ഭഗവാൻ ശ്രീകൃഷ്ണൻറെ (വ്യാസന്റെ) വാക്കുകളാണിതെന്നും അതുകൊണ്ടു തന്നെ അതിൻറെ അർത്ഥതലം മഹനീയമായിരിക്കണമെന്നും ആദ്യം തന്നെ ധരിക്കണം. പറയുന്നയാളിന്റെ ബോധതലം വാക്കുകളിൽ നിഴലിക്കും എന്നതൊരു സത്യമാണല്ലോ?
വർണ്ണം എന്നാൽ നിറം എന്നർത്ഥം. പുറമേയ്ക്ക് ഒരുപോലെ തോന്നിയേക്കാമെങ്കിലും വ്യക്തികളുടെ ചിത്തവൃത്തികൾക്കു വ്യത്യാസം ഉണ്ട്. ഒരാളുടെ ഗുണത്തിനനുസരിച്ചാകും അയാളുടെ സ്വഭാവം. ഗുണങ്ങൾ മൂന്നു തരത്തിലാണ്, സത്വഗുണം (വെളുപ്പ് ), രജോഗുണം (ചുകപ്പ്), തമോഗുണം (കറുപ്പ്). മനുഷ്യനിൽ സമ്മേളിക്കുന്ന ഈ ത്രിഗുണങ്ങളുടെ വ്യത്യസ്ത ചേരുവകളിൽ (different combination) നിന്നും നാല് വർണ്ണങ്ങൾ ഞാൻ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഭഗവാൻ പറയുന്നത്. വിചാരങ്ങളും പ്രവൃത്തികളും സ്വാത്വികമായിരിക്കുന്നവനെ ബ്രാഹ്മണൻ എന്നും രജോഗുണപ്രധാനിയെ ക്ഷത്രിയൻ എന്നും രജസ്തമോഗുണങ്ങൾ മുന്നിട്ടു നിൽക്കുന്നവനെ വൈശ്യൻ എന്നും ഇതിൽ മൂന്നിലും പെടാതെ, താമസികമായ വിചാരങ്ങളിലും പ്രവൃത്തികളിലും ഔത്സുക്യം കാണിക്കുന്നവനെ ശൂദ്രൻ എന്നുമാണ് ഈ ചാതുർവർണ്യ വിഭജനം. അതായത് ലോകത്ത് എവിടെയുമുള്ള ഒരു സമൂഹത്തെ ഉദാഹരണമായി എടുത്താൽ, അതിൽപ്പെടുന്നവരുടെ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ഭഗവാൻ ഉദ്ദേശിച്ച വിധത്തിൽ കുറേപ്പേർ ബ്രാഹ്മണരും കുറേപ്പേർ ക്ഷത്രിയരും ബാക്കിയുള്ളവർ വൈശ്യരും ശൂദ്രരും ആയിരിക്കും. ഭഗവാൻ ഉദ്ദേശിച്ച വർണ്ണം നമ്മൾ ഉദ്ദേശിക്കുന്ന ശരീരത്തിന്റെ നിറമോ ജാതിയോ അല്ല. ഇത് ജന്മം കൊണ്ട് നേടാവുന്നതല്ല, കർമ്മം കൊണ്ടേ നേടാൻ കഴിയൂ. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന എല്ലാ ജാതികളിലും ഈ നാലു വർണ്ണങ്ങളിലും ഉള്ളവർ ഉണ്ടാകും എന്നർത്ഥം. ഭഗവാൻറെ വർണ്ണസങ്കൽപ്പപ്രകാരം ആത്മീയവിഷയത്തിൽ ഉന്നതനായ, സാത്വികനായ ഇന്നത്തെ ഒരു കീഴ്‍ജാതിക്കാരൻ (ശൂദ്രൻ) യഥാർത്ഥത്തിൽ ബ്രാഹ്മണനും ബ്രാഹ്മണജാതിക്കാരനെങ്കിലും താമസപ്രകൃതം മുന്നിട്ടു നിൽക്കുന്നവനെങ്കിൽ അയാൾ യഥാർത്ഥത്തിൽ ശൂദ്രനും ആണ്.
ഒരേ തരത്തിലുള്ള ചിന്താഗതിയും കർമ്മശേഷിയും ഉള്ളവരെ തരംതിരിച്ചു ഒരു വർണ്ണത്തിൻ കീഴിൽ നിരത്തുമ്പോൾ അത് അവരുടെ കർമ്മശേഷി വർദ്ധിപ്പിക്കയും അതു സമൂഹത്തിനു ഗുണകരമാകുകയും ചെയ്യും എന്നതായിരിക്കണം ചാതുർവർണ്യം സൃഷ്ട്ടിച്ചതിൽ കൂടി ഭഗവാൻ ഉദ്ദേശിച്ചത്. ഒരു ഗ്രാമത്തിലെ ചിലർക്കു ഗ്രാമത്തെ നയിക്കാനുതകുന്ന നല്ല ചിന്തകളും ആത്മീയ സ്വഭാവവും ഉണ്ടാകും. അവരാണ് അവിടുത്തെ ബ്രാഹ്മണർ. ആ ഗ്രാമത്തെ വെളിയിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാൻ വേണ്ട ഗുണങ്ങളുള്ള ഒരു കൂട്ടം ആളുകളും വേണം. അവരാണവിടുത്തെ ക്ഷത്രിയർ. ചിന്തയും രക്ഷയും കൊണ്ട് മാത്രം ജീവിക്കാനൊക്കില്ലല്ലോ? അതിനു ആഹാരം വേണം. അതുണ്ടാക്കാനുള്ള പ്രവൃത്തികളിൽ ചിലർക്ക് അതീവ താത്പര്യവും കഴിവും കാണും. അവർ അവിടുത്തെ വൈശ്യരാണ്. ഈ മൂന്നു വിഭാഗക്കാരും അവരവരുടെ കഴിവുകൾ കൊണ്ട് ഗ്രാമത്തിന്റെ നിലനിൽപ്പിനെ സഹായിക്കുമ്പോൾ അവരുടെയെല്ലാം വ്യക്തിപരമായ കാര്യങ്ങൾ നോക്കാനും മറ്റൊരു കൂട്ടർ വേണ്ടേ? അമ്മാതിരി ഗുണങ്ങളുള്ള കുറേപ്പേർ അത് നിർവഹിക്കും അവർ ആ ഗ്രാമത്തിലെ ശൂദ്രർ ആണ്. ഈ നാല് വിഭാഗത്തിലുള്ളവരുടെയും ഒത്തു ചേർന്നുള്ള പ്രവർത്തനം കൊണ്ടേ ആ ഗ്രാമം നിലനിൽക്കയും പുരോഗമിക്കുകയും ഉള്ളൂ. ഇതാണ് ഭഗവാന്റെ വർണ്ണ സങ്കൽപ്പം. ഇവിടെ എല്ലാവരും തുല്യരാണ്, ഒരാളും മറ്റൊരാളിന്റെ അടിമയല്ല. ഈ ഗ്രാമത്തിനെ ഒരു മനുഷ്യ ശരീരമായി കണ്ടാൽ അതിന്റെ തല ബ്രാഹ്മണനും മാറിടം ക്ഷത്രിയനും ഉദരവും വസ്തിപ്രദേശവും വൈശ്യനും പാദങ്ങൾ ശൂദ്രനും ആണെന്ന് കാണാം. ശരീരം സുന്ദരവും ബലവത്തായതും ആകണമെങ്കിൽ നാലുഭാഗങ്ങളും ചേർന്നിരിക്കണം. അതാണ് ഭഗവാന്റെ വർണ്ണസങ്കല്പം.
പക്ഷെ നമ്മുടെ കുറെ പൂർവികർ ഈ ആശയത്തെ മലിനപ്പെടുത്തി മനുഷ്യനെ മനുഷ്യന്റെ അടിമയാക്കുന്ന, ഉച്ചനീചത്വങ്ങൾ നിറഞ്ഞ ജാതിവ്യവസ്ഥയാക്കി ചാതുർവർണ്യത്തെ മാറ്റി; അതും ഈശ്വരന്റെ പേരിൽ തന്നെ !
രാമായണമാസക്കുറിപ്പ് -14
ഈ കുറിപ്പ് എഴുതുമ്പോൾ തെല്ലു വിഷമത്തിലാണ് ഞാൻ. രാവിലെ മുതൽ എൻറെ പൂച്ചക്കുഞ്ഞിനെ കാണുന്നില്ല എന്നതാണ് കാര്യം. ഗഹനമായ വേദാന്തചിന്തകൾ ചർച്ച ചെയ്യുന്നതിനിടയിലാണോ ഈ നിസ്സാര പൂച്ചക്കാര്യം വിളമ്പുന്നത് എന്നു നിങ്ങൾക്കു തോന്നാം. ആനക്കാര്യത്തിനിടയിലെ ചേനക്കാര്യം!. എന്നാലും ഞാൻ ഒന്നു പറഞ്ഞോട്ടെ.
എൻറെ വീട്ടു വളപ്പിൽ രണ്ടു പൂച്ചകൾ ഉണ്ട്. ഇവിടെ തന്നെ പിറന്നതാണ്. കുഞ്ഞിലേ മുതൽ അവർക്കു ഞാൻ അന്നദാതാവാണ്. രണ്ടു പേരിൽ ഒരാൾ (കുക്കു) വിചാരിച്ചിരിക്കുന്നത് ഞാൻ അവളുടെ കളിക്കൂട്ടുകാരനോ മറ്റോ ആണെന്നാ. വെളിയിലോട്ടിറങ്ങാൻ ബൈക്കെടുത്താൽ അതിൽ കയറി നിൽക്കും. ഇറങ്ങാൻ പറഞ്ഞാൽ കേട്ട ഭാവം നടിക്കില്ല. മൂന്നു നാല് മാസം മുൻപ് ഇവൾക്കു രണ്ടു കുട്ടികൾ പിറന്നു. കണ്ടൻ പൂച്ചകളുടെയും നായ്ക്കളുടെയും ശല്യം ഇല്ലാതെ കഴിയാൻ വീട്ടിനുള്ളിലെ ഒരു ഒതുങ്ങിയ സ്ഥലത്ത് ഇവർക്ക് ഇടം നൽകി. കുഞ്ഞുങ്ങൾ ഒരുമാതിരി വളർച്ചയെത്തിയപ്പോൾ മൂന്നു പേരെയും വീടിനു വെളിയിൽ വിട്ടു. രാത്രികാലത്തു കഴിയാൻ കാർ ഷെഡ്‌ഡിൽ സൗകര്യവും നൽകി. ആദ്യത്തെ ദിവസം തന്നെ ഒരു കുഞ്ഞിനെ കണ്ടൻ പൂച്ച പിടിച്ചു തിന്നു. ബാക്കിയുള്ള ഒരു കുഞ്ഞിനെ, കണ്ണിലെ കൃഷ്ണമണിപോലെയാണ് കുക്കുപ്പൂച്ചയമ്മ നോക്കി വളർർത്തിയത്. ഇന്നലെ കാർ ഷെഡ്‌ഡിൽ മലവിസർജ്ജനം നടത്തിയതിനു ദേഷ്യപ്പെട്ടു ഞാൻ കാർ ഷെഡ് അടച്ചിട്ടു. രാവിലെ മുതൽ പൂച്ചക്കുഞ്ഞിനെ കാണുന്നും ഇല്ല. എൻറെ ഒരു തെറ്റുകൊണ്ടു ഒരു സാധു ജന്തുവിന്റെ ജീവൻ നഷ്ട്ടപ്പെട്ടോ എന്ന ചിന്തയാണ് എന്നെ അലട്ടുന്നത്. ആ കുഞ്ഞിന്റെ അമ്മയുടെ ദുഖത്തിന് ഞാനല്ലേ കാരണക്കാരൻ ?
നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളിൽ ബ്രഹ്‌മത്തെ കാണുന്നവനാണ് സനാതനധർമ്മശാസ്ത്ര പ്രകാരം യഥാർത്ഥ ആത്മീയവാദി. തൻറെയുള്ളിൽ നിറയുന്ന ചൈതന്യം തന്നെയാണ് അപരന്റെയും എല്ലാ ജന്തുജാലങ്ങളുടെയും ഉള്ളിലും നിറയുന്നതെന്നും അതുകൊണ്ട് തന്നെ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും' പൂച്ചയേയും പുഴുവിനെയും സ്‌നേഹിക്കണം എന്നും തിരിച്ചറിയുന്നവൻ. പഞ്ചഭൂതാൽമകമായ ശരീരം എന്ന നശ്വരമായ പുറം ചട്ടക്കേ വ്യത്യാസമുള്ളൂ. ഈ ജ്ഞാനം ലഭിക്കാനുള്ള പദ്ധതികൾ മാത്രമാണ് നമ്മുടെ ആത്മീയഗ്രന്ഥങ്ങൾക്കുള്ളിൽ അടക്കം ചെയ്തു വച്ചിരിക്കുന്നത്.
വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ: സമദർശിനഃ (ഭഗവത് ഗീത: 5 -18)
(വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്നവനിലും (ചണ്ഡളനിലും) ആത്മജ്ഞാനികൾ സമദൃഷ്ടികളാവുന്നു).
ഹിന്ദുമതത്തിൽ നടപ്പിലാക്കിയ ചാതുർവർണ്യവും ഈശ്വരസങ്കൽപ്പവുമെല്ലാം 'സമദർശിനഃ' എന്ന ഉപനിഷദ് സങ്കൽപ്പത്തിനു നേരെ വിപരീതമാണ്. അതുകൊണ്ടു തന്നെ ഹിന്ദുമതം സനാതന ധർമ്മശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മതമാണ് എന്നു പറയുന്നത് തെറ്റാണ്. നമ്മളറിയുന്ന ഹിന്ദുമതം യഥാർത്ഥത്തിൽ വൈദികമതം ആണ്. അതിന് സനാതന ദർശനങ്ങളുമായി വലിയ ബന്ധമൊന്നുമില്ല.
രാമായണമാസക്കുറിപ്പ് -15
നമ്മൾ പിന്തുടരുന്ന ഹിന്ദുമതത്തിനു സനാതനധർമ്മവുമായി വലിയ ബന്ധമൊന്നും ഇല്ലെന്നും അത് യഥാർത്ഥത്തിൽ വൈദികമതമാണെന്നുമാണല്ലോ കഴിഞ്ഞ കുറിപ്പിൽ പറഞ്ഞു നിർത്തിയത്. സനാതനമതവും വൈദികമതവും തികച്ചും വ്യത്യസ്തമാണെങ്കിലും സനാതനദർശനങ്ങളുടെ പ്രമാണഗ്രന്ഥങ്ങളെയാണ് വൈദികമതവും തങ്ങളുടേതെന്നു പറഞ്ഞു ഉയർത്തിക്കാണിക്കുന്നത്. ആദർശത്തിന്റെ പരിവേഷം കിട്ടാനായിട്ടാകാം ഇങ്ങനെ ചെയ്യുന്നത്. പക്ഷേ ഈ വിരോധാഭാസമാണ് ചിന്തിക്കുന്ന ഹിന്ദുവിനുള്ളിൽ കുഴപ്പം സൃഷ്ടിക്കുന്നത്. ഗ്രന്ഥത്തിൽ പറയുന്നതൊന്നും തന്നെയല്ല, പ്രവൃത്തികളിൽ കാണുന്നത്. ഇങ്ങനെയുള്ള എഴുത്തുകളും വിശകലനങ്ങളും ഉണ്ടാകുന്നത് തന്നെ അതുകൊണ്ടാണ്.
സനാതനമതവും വൈദികമതവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒന്നു ചിന്തിച്ചു നോക്കാം.
1. മനുഷ്യനെ ഇന്ദ്രിയപരമായ മനോതലത്തിൽ നിന്നും ബുദ്ധിതലത്തിലേക്കുയർത്തി സംസ്കാരചിത്തനാക്കി, സമൂഹത്തിനു മുതൽക്കൂട്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് സനാതനമതം. ബുദ്ധിയുള്ള മനുഷ്യന്റെ പോലും ബുദ്ധി പ്രലോഭനങ്ങളിൽ കൂടി നശിപ്പിച്ചു അവനെ മനോതലത്തിലേക്ക് എത്തിപ്പിക്കുന്നതാണ് വൈദികമതം.
2. ചില പ്രത്യേക വിഭാഗത്തിലുള്ള മനുഷ്യർക്കു മാത്രം ഗുണം ചെയ്യാനുദ്ദേശിച്ചുള്ളതാണ് വൈദികമതം. എല്ലാ മനുഷ്യരുടെയും (ജന്തുജാലങ്ങളുടെയും) നന്മയെയാണ് സനാതനമതം ലക്ഷ്യമാക്കുന്നത്.
3. നിഗ്രഹാനുഗ്രഹ ശക്തിയുള്ള ഒരു വ്യക്തിരൂപം ആണ് വൈദികമതത്തിലെ ഈശ്വരൻ. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും ചൈതന്യവത്താക്കി നിർത്തുന്ന ഒരു ശക്തിവിശേഷം മാത്രമാണ് സനാതനമതത്തിലെ ബ്രഹ്മം അല്ലെങ്കിൽ ഈശ്വരൻ.
4 . ഈശ്വരന്റെ പേരിൽ മനുഷ്യനെ ഭയപ്പെടുത്തിയും അടിമപ്പെടുത്തിയും നിർത്തുന്നതിലാണ് വൈദികമതത്തിന്റെ നിലനിൽപ്പ്. ബന്ധനങ്ങളിൽ നിന്നുളള മനുഷ്യന്റെ മുക്തി ഒന്നുമാത്രമാണ് സനാതനമതത്തിന്റെ ലക്‌ഷ്യം.
5 . പൂജകളിലൂടെയും വഴിപാടുകളിലൂടെയും സ്വാധീനിച്ചാൽ നമ്മുടെ സ്വാർത്ഥകാര്യങ്ങൾ നേടിത്തരുന്ന ഈശ്വരനാണ് വൈദികമതത്തിലേത്. മനുഷ്യരെല്ലാം ഈശ്വരന്മാർ തന്നെയാണെന്ന് സ്ഥാപിക്കുന്ന സനാതനമതത്തിൽ ഈശ്വരനെ സ്വാധീനിക്കാനുള്ള വഴി മറ്റൊന്നിനെയും ദ്രോഹിക്കാതെ മര്യാദക്കു ജീവിക്കുക എന്നത് മാത്രമാണ്.
6 . വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ദൈവാനുഗ്രഹം കിട്ടാനുള്ള പല വഴികളും വൈദികമതത്തിലുണ്ട്. സനാതനമതത്തിലെ ഈശ്വരനെ പ്രാപിക്കാൻ വലിയ ത്യാഗങ്ങളും സഹനവും ആവശ്യമാണ്.
7 . വൈദികമതത്തിൽ ഭക്തന് ഈശ്വരാനുഗ്രഹം നേടിത്തരാൻ ഇടനിലക്കാർ ഉണ്ട്. സനാതനമതത്തിലെ ഈശ്വരനെ നേടണമെങ്കിൽ വ്യക്തി തന്നെ ശ്രമിക്കണം. ഇടനിലക്കാർക്ക് ഇവിടെ റോളില്ല.
വൈദികമതം ഇവിടെ മാത്രമാണുള്ളതെന്നു വിചാരിക്കരുത്. ലോകത്തിലെ എല്ലാ മതങ്ങളിലും ദാർശനികമതത്തോടൊപ്പം തന്നെ വൈദികമതവും ആവിർഭവിച്ചിട്ടുണ്ട്. ദാർശനികമതത്തെ നിഷ്പ്രഭമാക്കി വളർന്ന വൈദികമതത്തിന്റെ പൊതുരീതികൾ ലോകത്തെവിടെയും ഏതാണ്ട് ഒരുപോലെ തന്നെയാണ്.
രാമായണമാസക്കുറിപ്പ് -16
മറ്റു മതങ്ങളിൽ നിന്നും ഹിന്ദുമതത്തിനു (സനാതനമതത്തിനു) മൗലികമായ വ്യത്യാസങ്ങൾ ഉണ്ട്. മറ്റു മതങ്ങളിലെ, പ്രത്യേകിച്ചും സെമിറ്റിക് മതങ്ങളിലെ ഈശ്വരൻ ഒരു ആചാര്യനോ പ്രവാചകനോ ആയിരിക്കും. അവരുടെ ഉപദേശനിർദ്ദേശങ്ങളെ ചോദ്യം ചെയ്യാൻ വിശ്വാസികൾക്ക് അവകാശമില്ല. അവരുടെ അരുളപ്പാടുകൾ വിശ്വാസികൾ അതേപടി അനുസരിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് മതനിന്ദയാകും. പക്ഷെ ഹിന്ദുമതത്തിന് പ്രത്യേകമായി ഒരു ആചാര്യനോ ദാർശനികനോ ഇല്ല. നിരവധി ദാർശനികരുടെയും ആചാര്യന്മാരുടെയും ഋഷികളുടെയും ഉപദേശങ്ങളും ദർശനങ്ങളും ഒന്നു ചേർന്നതാണ് ഹിന്ദുമതം. യുക്തിവാദത്തിനു പോലും സ്ഥാനമുള്ള ഹിന്ദുമതം ആരെയും തന്നെ അന്ധമായി വിശ്വസിക്കുവാൻ ഉപദേശിക്കുന്നില്ല. മറ്റു മതങ്ങൾ ആത്യന്തിക സത്യം എന്നുറപ്പിച്ചു പറയുന്നതു പോലെ ഹിന്ദുമതം പറയുന്നില്ല. ആത്യന്തിക സത്യത്തിലേക്കുള്ള മാർഗ്ഗങ്ങളാണ് ഹിന്ദുമതം നിർദ്ദേശിക്കുന്നത്. ഇപ്പറഞ്ഞതിൽ നിന്നും ബുദ്ധിപരമായ അന്വേഷണസ്വാതന്ത്ര്യം സനാതനമതത്തിന്റെ ആണിക്കല്ലാണെന്നു മനസ്സിലാക്കാം. വൈദികമതത്തിൽ തളച്ചിടപ്പെടുന്ന ഹിന്ദുമതത്തിന് ഈ ബൗദ്ധികസ്വാതന്ത്ര്യമാണ് പൂർണ്ണമായും നഷ്ടപ്പെടുന്നത്.
നോബൽ സമ്മാനജേതാവായ പ്രൊഫ. അമർത്യാസെൻ, അദ്ദേഹത്തിന്റെ 'The argumentative Indian (Penguin books)' എന്ന പ്രസിദ്ധമായ പുസ്‌തത്തിന്റെ പണിപ്പുരയിലിരിക്കുന്ന 2004 കാലത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രഭാഷണം നടത്താനെത്തി. അവിടുത്തെ സെനറ്റ്ഹാളിൽ തിങ്ങിനിറഞ്ഞിരുന്ന കേൾവിക്കാർക്കിടയിൽ ഞാനുമുണ്ടായിരുന്നു. അന്നദ്ദേഹം അവിടെ പറഞ്ഞത് മുഴുവൻ ഭാരതത്തെയും അതിന്റെ സംസ്കാരമഹിമകളെയും കുറിച്ചായിരുന്നു. ബ്രിട്ടീഷുകാർ, പ്രത്യേകിച്ചും ബൗദ്ധികമായി ഉന്നത നിലവാരം പുലർത്തുന്ന ബ്രിട്ടീഷുകാർ, നിറഞ്ഞിരുന്ന ആ സദസ്സിൽ വച്ച് ഒരു ബ്രിട്ടീഷുകാരനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ സംസ്കാരമഹിമകൾ നിറഞ്ഞ ഒരു രാജ്യമായിരുന്നു പഴയ ഭാരതം എന്ന് അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു, തെളിവുകൾ നിരത്തി സ്ഥാപിച്ചു. "ഭാരതത്തിൽ ജനാധിപത്യചിന്തകൾ ഉടലെടുത്തത് ക്രിസ്തുമതദർശനങ്ങളോടെ ബ്രിട്ടീഷുകാർ ഭാരതം ഭരിച്ചതു കൊണ്ടാണെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. പക്ഷേ ഭാരതത്തിന്റെ തെക്കേ മൂലയിൽ നിങ്ങളാരും അറിയാത്ത ഒരു ചെറിയ സംസ്ഥാനമുണ്ട്, കേരളം. ക്രിസ്തുമതം പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇൻഗ്ലണ്ടിൽ എത്തിയതെങ്കിൽ അതിനും ഒരായിരം വർഷങ്ങൾക്കു മുൻപെങ്കിലും അതു കേരളത്തിൽ എത്തിയിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകൾ ഉണ്ട്. അപ്പോൾ ഞങ്ങളാണോ ബ്രിട്ടീഷുകാരാണോ ജനാധിപത്യം ആദ്യം കണ്ടത്? ". അദ്ദേഹം അവിടെ കൂടിയിരുന്നവരോട് ചോദിച്ചു. വേദകാലം തൊട്ട് ഭാരതീയർ നടത്തിയിട്ടുള്ള ബൗദ്ധികാന്വേഷണങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം പ്രഭാഷണത്തിലുടനീളം പറഞ്ഞത്. ബുദ്ധിപരമായുള്ള വിശകലനത്തിലൂടെയല്ലാതെ ഒരു സിദ്ധാന്തത്തെയും ഭാരതം അംഗീകരിച്ചിട്ടില്ല, വേദങ്ങളും ഉപനിഷത്തുക്കളും ഭഗവത് ഗീതയും അതിന്റെ മഹനീയ ദൃഷ്ട്ടാന്തങ്ങളാണ് - അദ്ദേഹം പറഞ്ഞു.
നമ്മുടെ ഈ സംസ്കാരം എവിടെപ്പോയി? ഈശ്വരവിഷയത്തിൽ ആരെന്തു പറഞ്ഞാലും അത് അനുസരിക്കുന്നതാണ് ശരിയെന്ന നമ്മുടെ ചിന്ത ശരിയാണോ? ബുദ്ധിമാന്മാരെന്നഭിമാനിക്കുന്നവരോട് മാത്രമാണീ ചോദ്യം. സാധാരണ ഭക്തജനങ്ങളോട് ഈ ചോദ്യം ചോദിക്കുന്നതിൽ അർത്ഥമില്ല, അതു ശരിയും അല്ല.
രാമായണമാസക്കുറിപ്പ് -17
സകാമകർമ്മങ്ങളിൽ ആസക്തരായ മൂഢജനങ്ങളുടെ ബുദ്ധിയെ വിദ്വാൻ ഒരിക്കലും ഇളക്കരുത് എന്ന് ഭഗവത് ഗീത (3:26) പറയുന്നു. നിങ്ങളാരും മൂഢരോ ഞാൻ വിദ്വാനോ അല്ലാത്തതുകൊണ്ട് ഇതു നമ്മളെ ബാധിക്കുന്ന പ്രസ്താവം അല്ലെന്നു കരുതാം. സാധാരണ ജനങ്ങളെ ഈശ്വരവിഷയത്തിൽ മൂഢന്മാരെന്നാണ് ഭഗവാൻ വിളിക്കുന്നതെങ്കിലും സത്യത്തിൽ അവർ ആത്മീയവിഷയത്തിനു വലിയ ദ്രോഹമൊന്നും ചെയ്യുന്ന കൂട്ടരല്ല. സ്വന്തം കൊച്ചു കൊച്ചു ദുഖങ്ങളുമായി ഭഗവാനെ പോയിക്കണ്ടു, തങ്ങളാൽ കഴിയുന്ന വഴിപാടും നടത്തി, തൊഴുതു പറഞ്ഞു സമാധാനം കണ്ടെത്താൻ മാത്രമാണവർ ശ്രമിക്കുന്നത്. അവരുടെ മന:സ്സമാധാനത്തിനായി തങ്ങൾക്കറിയാവുന്നതും തങ്ങൾ വിശ്വസിക്കുന്നതുമായ ഈശ്വരനോട് പ്രാർത്ഥിക്കുന്ന സാധുക്കളായ വൈദികബ്രാഹ്മണരരും ആത്മീയവിഷയത്തിനു യാതൊരു ദ്രോഹവും ചെയ്യുന്നവരല്ല. ഈ ഭക്തജന-വൈദിക ബന്ധം സനാതനധർമ്മസംസ്ഥാപനത്തിന് വലിയ ഗുണമൊന്നും ചെയ്യുന്നില്ലെങ്കിലും കുടുംബങ്ങളിലെ സമാധാനവും സന്തോഷവും നിലനിർത്താൻ ഒരു പരിധിവരെ സഹായകരമാണ്. പക്ഷേ ആത്മീയവിഷയത്തിൽ അറിവൊന്നുമില്ലെങ്കിലും വിദ്വാൻമാർ ആണെന്നു നടിച്ചു, തങ്ങളുടെ അൽപ്പജ്ഞാനം സാധുഭക്തജനങ്ങളിൽ അടിച്ചേൽപ്പിച്ചു അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു പറ്റം ആളുകൾ നമ്മുടെ ഇടയിലുണ്ട്. നമ്മുടെ ആത്മീയമണ്ഡലം ഭരിച്ചു വികലമാക്കിക്കൊണ്ടിരിക്കുന്ന ഇവരിൽ സനാതനധർമ്മബോധം ഉണർത്തേണ്ടത് ഹിന്ദുമതത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്.
ദൈവസങ്കൽപ്പങ്ങൾ ഉടലെടുക്കുന്നത് മനുഷ്യന്റെ ഭയത്തിൽ നിന്നാണ്. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്തതും നിയന്ത്രിക്കാൻ കഴിയാത്തതുമായ പ്രപഞ്ചശക്തികളെക്കണ്ട് ഭയവിഹ്വലരായ പ്രാചീന മനുഷ്യർ അവരുടെ രക്ഷക്കായി പ്രപഞ്ച ശക്തികളെ ദൈവങ്ങളായിക്കണ്ട് പൂജിക്കാനും നേർച്ചകളിലൂടെ പ്രീതിപ്പെടുത്താനും തുടങ്ങി. ഇങ്ങനെ ദേവതാരാധന നിലവിൽ വന്നപ്പോൾ തന്നെ മറ്റു കുറേപ്പേർ ബൗദ്ധികമായി ചിന്തക്കാൻ തുടങ്ങി. എന്താണീ പ്രപഞ്ചം? ഇതെങ്ങനെയായിരിക്കും സൃഷ്ടിക്കപ്പെട്ടത്? നമ്മളൊക്കെ എവിടെ നിന്നു വന്നു? എവിടേക്കു പോകുന്നു? മരണശേഷം നമുക്കെന്തു സംഭവിക്കും?........ ഋഷിമാരും ദാർശനികരും ചിന്തകരും ഇങ്ങനെ നൂറു കണക്കിന് ചോദ്യങ്ങൾ ചോദിച്ചു, ബുദ്ധിപരമായി ഓരോ ചോദ്യങ്ങളേയും വിശകലനം ചെയ്‌തു മനസ്സിലാക്കാൻ ശ്രമിച്ചു. അങ്ങിനെ അവർ നേടിയ ജ്ഞാനസമ്പത്താണ് വേദാന്തം. വേദാന്തത്തിൽ ജ്ഞാനമേ ഉള്ളൂ, വിശ്വാസമോ അന്ധവിശ്വാസമോ അതിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളല്ല. പിന്നെങ്ങനെയാണ് ഹിന്ദുമതം മറ്റു മതങ്ങളെപ്പോലെ വിശ്വാസത്തിന്റെ മതമായി മാറിയത് ?
പ്രാചീന മനുഷ്യരേക്കാൾ ഭയഭയവിഹ്വലരാണ് ഇന്നത്തെ ഭക്തജനങ്ങളിലേറെയും. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്ത പ്രകൃതിശക്തികളെയായിരുന്നു അന്നത്തെ മനുഷ്യർ ഭയന്നിരുന്നതെങ്കിൽ ഇന്നത്തെ മനുഷ്യരെ ഭയപ്പെടുത്തുന്നത് അവരുടെ സ്വാർത്ഥമോഹങ്ങളാണെന്നതവർ അറിയുന്നില്ല എന്നതാണ് കഷ്ടം. വലിയ കഷ്ടപ്പാടില്ലാതെ എല്ലാ സൗഭാഗ്യങ്ങളും നേടണം, അതും മറ്റുള്ളവരെക്കാൾ ഭംഗിയായി. സീതാദേവിയെക്കിട്ടാൻ സാക്ഷാൽ ശ്രീരാമനു പോലും, ഏതു ബലവാൻ പിടിച്ചാലും അനങ്ങാത്ത ത്രയംബകം വില്ലെടുത്തു കഷ്ട്ടപ്പെട്ടു കുലയ്‌ക്കേണ്ടി വന്നു എന്നത് നമ്മൾ കാണുന്നില്ല. ജനങ്ങളിൽ ഭയമുണ്ടാക്കുന്ന രണ്ടാമത്തെ കാര്യം കൈയ്യിലുള്ള സമ്പത്താണ്. സമ്പത്തു കൂടുന്നതിനനുസരിച്ചു മോഹങ്ങളും മോഹങ്ങൾ കൂടുന്നതിനനുസരിച്ചു ബാധകളും കൂടുന്നു. അടുത്തയിടെ കുറച്ചു സ്വർണ്ണവൂമായി എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. സാധാരണ യാത്ര ചെയ്യുമ്പോൾ ഞാൻ സ്വതന്ത്രനും അതുകൊണ്ടുതന്നെ ചുറ്റും നടക്കുന്നതെല്ലാം കണ്ടു രസിക്കുന്നയാളും ആണ്. പക്ഷേ സ്വർണ്ണം ബാഗിൽ വന്നതോടെ എൻറെ ശ്രദ്ധ മുഴുവൻ ബാഗിലായി. എനിക്കുചുറ്റുമുള്ള ലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു. എന്റെ ബാഗിലേക്കാണ് മറ്റുള്ളവരുടെയെല്ലാം കണ്ണെന്നു തോന്നി അവരെയെല്ലാം സംശയദൃഷ്ടിയോടെ നോക്കാൻ തുടങ്ങി. ഒരു വിധത്തിൽ വീട്ടിൽ എത്തിച്ചേർന്നു എന്നു പറഞ്ഞാൽ മതിയല്ലോ? ഇതാണ് അധിക സമ്പത്തോ അനധികൃത സമ്പത്തോ കയ്യിലുള്ളവരുടെയും പ്രശ്നം. ടെൻഷൻ മൂത്തു അടുത്തുള്ള ജ്യോത്സ്നയെയും തിരുമേനിയെയും പ്രശ്നപരിഹാരത്തിനായി സമീപിക്കും. ഏതു പ്രശ്നത്തിനും പരിഹാരമായി പല വിധത്തിലും, പല നിരക്കിലുമുള്ള പരിഹാരക്രിയകൾ ഇന്ന് ലഭ്യമാണ്. ആഗ്രഹാഭിലാഷങ്ങളുടെയും ടെൻഷന്റെയും ലെവൽ പറഞ്ഞാൽ മതി, അതിനനുസരിച്ചുള്ള പൂജകളും തന്ത്രമന്ത്രങ്ങളും നടത്തി ഈശ്വരനെ സ്വാധീനിച്ചു കക്ഷികൾക്ക് സുഖവും ശാന്തിയും ഇവർ നേടിക്കൊടുക്കും. ഭാഗ്യത്തിന് ഇതെല്ലാം നടക്കുന്നത് സനാതനധർമ്മ വിധിപ്രകാരം തന്നെയാണെന്നതാണ് വലിയ ഒരാശ്വാസം!! ഈശ്വരോ രക്ഷതു.
രാമായണമാസക്കുറിപ്പ് -18
ഇന്നത്തെ കുറിപ്പ് എഴുതാനിരുന്നപ്പോഴേക്കും രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഒന്ന് എന്റെ സുഹൃത്ത് 'പുൽപ്പള്ളിയിലെ വാല്മീകിയുടെ പർണ്ണശാല' കാട്ടിത്തന്നത്. രണ്ട്; അമ്പലത്തിൽ പോയി ആണും പെണ്ണും ചെരിപ്പിട്ടവനും ചെരിപ്പിടാത്തവനും എങ്ങിനെ വ്യത്യസ്തമായി തൊഴണമെന്നും തൊഴുമ്പോൾ കൈകൾ മാറിടത്തിൽ നിന്നും എത്ര ഡിഗ്രി ചരിഞ്ഞിരിക്കണം എന്നുമൊക്കെ 'ശാസ്ത്രീയ'മായി വിശദീകരിക്കുന്ന ഒരു ശാസ്ത്രജ്ജന്റെ വീഡിയോ ഇവിടെ കണ്ടത്. ആദ്യത്തേക്കാഴ്ച നിരുപദ്രവകരമാണെങ്കിൽ രണ്ടാമത്തെക്കാഴ്ച വളരെ ദയനീയവും ആൻറണിസാറിന്റെ ഭാഷയിൽപ്പറഞ്ഞാൽ 'പൈശാചിക'വുമാണ്. എനിക്കീ പ്രതിയെയും അദ്ദേഹത്തിൻറെ 'ശാസ്ത്രീയ' ആദ്ധ്യാത്മിക വീക്ഷണങ്ങളെയും നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുള്ളത് കൊണ്ട് വീഡിയോ മൊത്തം കാണാൻ മിനക്കെട്ടില്ല. അതുകണ്ടിരിക്കാനുള്ള മനഃക്കട്ടി എനിക്കില്ല എന്ന് പറയുന്നതാകും കുറേക്കൂടി ശരി. ഇതൊക്കെയാണ് ഹിന്ദുവിൻറെ സനാതനധർമ്മം എന്ന് വിശ്വസിച്ചിരിക്കുന്ന ബുദ്ധിമാന്മാരോടാണ് എനിക്കു പറയാനുള്ളത്; കഷ്ട്ടം. ഇത്ര അസംബന്ധജടിലമാണോ നമ്മുടെ സംസ്കാരം? വീഡിയോയിൽ കാണുന്ന തരത്തിലുള്ള വിവരദോഷങ്ങൾ കേട്ട് പഠിച്ചാൽ, നിങ്ങൾ ചെന്നു പതിക്കുന്നത് അജ്ഞാനാന്ധകാരത്തിന്റെ പടുകുഴികളിലേക്കായിരിക്കും. അതു ബോധമുള്ള ഹിന്ദുവിനു ചേർന്നതല്ല. അതുകൊണ്ട് ആ വിഷയം ഇനി ചർച്ച ചെയ്യണ്ടാ.
പുരാണ കഥകളിലെയും ഇതിഹാസങ്ങളിലെയും പല സ്ഥലങ്ങളും മറ്റടയാളങ്ങളും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാണാൻ കഴിയും എന്നു നമ്മൾ വിശ്വസിക്കുന്നു. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ഹനുമാൻ തുടങ്ങിയ പല പുരാണപുരുഷന്മാരും നമുക്കു ദൈവങ്ങളാകുന്നതു കൊണ്ട് ഇവരുടെയൊക്കെ കഥകളുമായി ബന്ധപ്പെടുത്തി പറയുന്ന സ്ഥലങ്ങളും അടയാളങ്ങളും നമുക്ക് ആരാദ്ധ്യവുമാണ്. പക്ഷേ വിശ്വാസവും ശാസ്ത്രവും രണ്ടും രണ്ടാണ്. 'വേദങ്ങളുടെ ഗൂഢമായ അർത്ഥം പുരാണകഥകളിലൂടെ പ്രകീർത്തിച്ചിരിക്കുന്നു (വേദാദിഷു നിഗൂഢാർത്ഥ:, പുരാണേഷു പ്രകീർത്തിതാ:)' എന്നു പറയുന്നത് പ്രമാണമായി എടുത്താൽ, നമ്മൾ വിശ്വസിക്കുന്ന പുരാണപുരുഷന്മാരെല്ലാം തന്നെ ആ സോദ്ദേശ കഥയിലെ കഥാപാത്രങ്ങൾ മാത്രമാകും. അതായത് വൈവിദ്ധ്യ സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ കഥാകാരൻ വേദത്തിന്റെ ഗൂഢാർത്ഥം പറയുകയാണ്. ഇത് ശരിയാണെങ്കിൽ ഈശ്വരവിഷയത്തിൽ നമ്മൾ വിശ്വസിക്കുന്ന പല കാര്യങ്ങളും തലമുറ തലമുറകളായി പറഞ്ഞും കേട്ടും നമ്മൾ അന്ധമായി അനുവർത്തിച്ചു പോകുന്ന കേവല വിശ്വാസങ്ങൾ മാത്രമാണെന്ന് കരുതേണ്ടി വരും. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഈ വിശ്വാസങ്ങൾക്കു ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ലെങ്കിലും അത് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു കഴിഞ്ഞ സ്ഥിതിക്ക് അത് സത്യമായി തന്നെ നാം അനുഭവിക്കുന്നു എന്നുമാത്രം. കഥകൾ സത്യങ്ങളല്ലെങ്കിലും അതിൽ നിറഞ്ഞിരിക്കുന്ന ഉപനിഷദ് സന്ദേശങ്ങൾ മനുഷ്യരാശിക്കാകമാനം പ്രകാശം നല്കാനുദ്ദേശിച്ചുള്ളതാണെന്നത് നാം തിരിച്ചറിയണം. അതാണ് നമ്മുടെ ശക്തി. പക്ഷേ ആ തിരിച്ചറിവാണ് നമുക്കില്ലാത്തതും.
ഭാഗവതത്തിന്റെ അവസാനം ശുകമുനി പരീക്ഷിത്തിനോട് അവതാരകഥകളെല്ലാം പറഞ്ഞശേഷം ഈ കഥകളൊന്നും യാഥാർഥ്യമല്ലെന്നും കല്പിതകഥകളാണെന്നും വ്യക്തമായിപ്പറയുന്നുണ്ട്,
കഥാ ഇമാസ്തേ കഥിതാ മഹീയസാം
വിതായ ലോകേഷു: യശഃ പരേയുശാം
വിഞ്ജാന വൈരാഗ്യ വിവക്ഷയാ വിഭോ
വചോ വിഭുതീർ ന തു പാരമാർഥ്യം (ഭാഗവതം: 12 -13 -14)
(ലോകത്തിൽ കീർത്തി അവശേഷിപ്പിച്ചുപോയ മഹാന്മാരുടെ ഇപ്പറഞ്ഞ കഥകളെല്ലാം അങ്ങേക്ക് ജ്ഞാനവും വൈരാഗ്യവും ഉളവാക്കാൻവേണ്ടി കെട്ടിച്ചമച്ചവയാണ്. ഒന്നും സത്യമല്ല).
ഇനി ഞാനെന്തു പറയാൻ? വ്യാസൻ പറയുന്നത് വിശ്വസിക്കണോ അതോ ക്ഷേത്രക്കമ്മിറ്റിക്കാരും അല്പജ്ഞാനികളും മുകളിൽ പരാമർശിച്ച ശാസ്ത്രജ്ജന്മാരെപ്പോലുള്ള "അതിബുദ്ധി"മാന്മാരും പറയുന്നതു വിശ്വസിക്കണോ? ജ്ഞാനികളായ മുനീശ്വരന്മാർ പറയുന്നതു് വിശ്വസിക്കാനാണ് എന്നിലെ ശാസ്ത്രബോധം നിർബന്ധിക്കുന്നത്. നിങ്ങളിൽ പലർക്കും ഇതിൽ യോജിപ്പില്ലായിരിക്കാം. ഇനി വരുന്ന ജന്മങ്ങളിലെങ്കിലും നിങ്ങൾക്കു വ്യാസനെയും കൃഷ്ണനെയും രാമനെയും കാണാൻ കഴിയട്ടെ എന്നാശംസിക്കാനല്ലാതെ എനിക്കെന്തു ചെയ്യാൻ കഴിയും?
മറ്റാരും വേദോപനിഷത്തുക്കളൊന്നും പഠിക്കരുതെന്ന് വൈദികമതക്കാർ പണ്ടേ പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ടോ? വിദ്യാഭ്യാസം നിരസിക്കുക എന്നതാണ് അടിമകളെ സൃഷ്ടിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. അത് ശരിക്കും മനസ്സിലാക്കിയിരുന്നവരായിരുന്നു നമ്മുടെ പൂർവ്വിക വേദവിത്തുക്കൾ. ഇന്നു വ്യാസനും കൃഷ്ണനും നേരിട്ടു വന്നു പറഞ്ഞാൽപ്പോലും സനാതനധർമ്മം വേണ്ടാ എന്ന് പറയാൻ നമുക്ക് തോന്നുന്നത് നൂറ്റാണ്ടുകളായുള്ള ഈ ആദ്ധ്യാത്മിക അടിമത്വം ഒന്നുകൊണ്ടാണ്.
രാമായണമാസക്കുറിപ്പ് -19
ഈ പരമ്പരയിലെ പതിനെട്ടു കുറിപ്പുകൾ കഴിഞ്ഞു. ബ്രഹ്മസംഖ്യയായ പതിനെട്ടിനു നമ്മുടെ ശാസ്ത്രങ്ങളിൽ വലിയ സ്ഥാനമാണുള്ളത്. പുരാണങ്ങൾ 18, ഭഗവത് ഗീതക്ക് അദ്ധ്യായങ്ങൾ 18 ,ശബരിമല പടികൾ 18............ പടി പതിനെട്ടും കയറിയാൽ കാണുന്നതെന്താണെന്നറിയാമല്ലോ? തത്വമസി-തത്-ത്വം-അസി.ഇംഗ്ലീഷിൽ thou art you, you are that (പല മലയാളികൾക്കും ഇംഗ്ലീഷിൽ പറഞ്ഞാലേ ഇപ്പം മലയാളം മനസ്സിലാകൂ!). അതായത് ഭക്തനും അയ്യപ്പനും ഒന്നാണെന്ന്. പലരും വിചാരിച്ചിരിക്കുന്നത് സന്നിധാനത്തിന് ഒരു ഭംഗിക്ക് വച്ചിരിക്കയാണ് ആ ബോർഡെന്നാണ്. അല്ല, അതിനു വലിയ അർത്ഥമുണ്ട്. ഉപനിഷദ് ജ്ഞാനം മുഴുവൻ ആ ഒരു വാക്കിലുണ്ട്. അതു മനസ്സിലാക്കി കഴിയുമ്പോൾ ബോധം തെളിയും. അത് മനസ്സിലാക്കിയാൽ തിരിച്ചിറങ്ങി വരുമ്പോൾ അങ്ങോട്ട് കേറിയതിനേക്കാൾ നല്ലൊരു മനുഷ്യനായി മാറിയിരിക്കണം. ഇങ്ങനെ പത്തു പതിനെട്ടു പ്രാവശ്യം ശബരിമല പോയി വന്നു കഴിയുമ്പോൾ നാട്ടുഭാഷയിൽ പറഞ്ഞാൽ നല്ല തങ്കപ്പെട്ട ഒരു മനുഷ്യനാകണം. 'സർവഭൂതദയാപരനായ' അയ്യപ്പനെപ്പോലെ ചുറ്റും കാണുന്ന എല്ലാത്തിനോടും സ്നേഹത്തോടും ദയയോടും പെരുമാറുന്ന ഈശ്വരതുല്യനായ മനുഷ്യനായി. ഈ പരിവർത്തനം ഭക്തനിൽ സംഭവിക്കുന്നുണ്ടെങ്കിൽ ആ ഭക്തനെ സനാതനമതാനുസാരിയായ ഹിന്ദുവായി കരുതാം. അതല്ല, ഓരോ മലകയറ്റം കഴിയുമ്പോഴും സ്വാർത്ഥതയും സ്വജനപക്ഷപാതവും അഴിമതിയും അഹങ്കാരവും വർദ്ധിക്കുകയാണെങ്കിൽ തീർച്ചയായും ഉറപ്പാക്കാം, സനാതനമതവുമായി നിങ്ങൾക്കു യാതൊരു ബന്ധവുമില്ല. എന്തെക്കെയോ സ്വാർത്ഥമോഹങ്ങൾ നേടാൻ വേണ്ടി, ആരൊക്കെയോ പറയുന്നതും വിശ്വസിച്ചു വർഷാവർഷം അവിടെ പോയി വരുന്ന ടൂറിസ്റ്റുകൾ മാത്രം. വൈദികമതസംസ്കാരത്തിൽ വളരുന്ന ഹിന്ദുക്കളിൽ ഏറെപ്പേർക്കും സംഭവിക്കുന്നതിതാണ്.
ശ്രുതി(വേദം)-സ്‌മൃതി ശാസനങ്ങൾ അടിസ്ഥാനമാക്കി വ്യക്തിരൂപത്തിലുള്ള ഈശ്വരനെ കാട്ടിത്തരുന്ന വൈദികമതം, യുക്തിചിന്തയിൽ അധിഷ്ഠിതമായ ഈശ്വരചിന്തയും അതിലൂടെ മനുഷ്യനുണ്ടാകാമായിരുന്ന മന:പരിവർത്തനവും അസാധ്യമാക്കിയിരിക്കയാണ്. തത്വചിന്താപരമായ ഉപനിഷദ് ദർശനങ്ങളുടെ പ്രായോഗിക വ്യാഖ്യാനമായ ഭഗവത് ഗീത കാണിച്ചു തരുന്ന പ്രകാശമാനമായ രാജപാതയിൽ കൂടി ആത്മീയയാത്ര നടത്താൻ അതുകൊണ്ടു തന്നെ കെൽപ്പില്ലാത്തവരായി ഭാരതീയർ അധ:പതിച്ചിരിക്കുന്നു. ഇത് പണ്ടേയുള്ള കാര്യമാണ്. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് ശ്രുതി-സ്മൃതി ശാസനങ്ങളെ വിമര്ശിച്ചുകൊണ്ടും ഉപനിഷദ് ദർശനങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും വ്യാസൻ ഭഗവത് ഗീത രചിച്ചിരിക്കുന്നത്. അത് ജഗദ്‌ഗുരുവായ കൃഷ്‌ണനെക്കൊണ്ടു പറയിക്കുന്നത് തന്നെ അതിന്റെ ആധികാരികത വർദ്ധിപ്പിക്കാനും അങ്ങിനെ മനുഷ്യരാശിയെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ചു കർമ്മശേഷിയുള്ളവരാക്കി തീർക്കാനുമാണ്. ബോധപൂർവം ചിന്തിക്കുന്ന മനുഷ്യസമൂഹങ്ങളിൽ ഭഗവത് ഗീത ആരാധ്യമാകുന്നത് ഇതുകൊണ്ടാണ്.
കുരുക്ഷേത്രഭൂമിയിൽ തൻറെ ഗുരുക്കന്മാരോടും ബന്ധുമിത്രാദികളോടും യുദ്ധം ചെയ്യാൻ വയ്യെന്ന് പറഞ്ഞു തേർത്തട്ടിൽ തളർന്നിരിക്കുന്ന അർജ്ജുനനെ ഭഗവാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ധർമ്മയുദ്ധത്തിനു സന്നദ്ധനാക്കുന്നതാണല്ലോ ഭഗവത് ഗീതയുടെ ഉള്ളടക്കം. ബന്ധുമിത്രാദികളോടുള്ള സ്നേഹപാശവും അവരെ കൊന്നാലുണ്ടാകാവുന്ന പാപവും മാത്രമാണോ അർജ്ജുനനെ യുദ്ധഭൂമിയിൽ നിർവീര്യനാക്കുന്നത്? അത് മാത്രമാണെങ്കിൽ ജ്ഞാനമാർഗ്ഗത്തിലൂടെ അതിനുള്ള പരിഹാരമാർഗ്ഗം കൃഷ്ണൻ, അർജ്ജുനന് ഉപദേശിച്ചാൽ പോരേ? എന്തിനാണ് ശ്രുതി-സ്മൃതികളെയും ഇതിലൊക്കെ വിശ്വസിച്ചു ജീവിക്കുന്നവരെയും നിശിതമായി വിമർശിക്കുന്നത്? ഇവയൊക്കെ അർജ്ജുനനെപ്പോലെയൊരു ലോകൈകവീരനെപ്പോലും അനാവശ്യമായി ഭയപ്പെടുത്തി, തളർത്തി കർമ്മവിമുഖനാക്കാൻ പ്രേരിപ്പിക്കുന്നു എന്നു കൃഷ്ണൻ മനസ്സിലാക്കുന്നുണ്ടോ? ഗീത പഠിച്ചാൽ അങ്ങിനെ തോന്നും (ഈ ഹൃസ്വകുറിപ്പിൽ വിശദമായി എഴുതാൻ കഴിയുന്നില്ല).
ഭഗവത് ഗീതയിലെ അർജ്ജുനന്മാരാണ് നമ്മളൊക്കെ. നമ്മുടെ മനസ്സാണ് കുരുക്ഷേത്ര ഭൂമി. അഞ്ചു നല്ലചിന്തകൾക്കെതിരേ നൂറ്റൊന്നു ദുഷ്ചിന്തകൾ യുദ്ധം ചെയ്യുന്നു? എണ്ണത്തിൽ കുറഞ്ഞ നന്മകൾക്ക് എങ്ങിനെ ജയിക്കാൻ കഴിയും? ഈ ധർമ്മ-യുദ്ധത്തിൽ യോദ്ധാവിനു വേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്? ജയിക്കാൻ ഏതൊക്കെ ഭയങ്ങളെയാണ് മനസ്സിൽ നിന്നും മാറ്റേണ്ടത്?
വിശ്വവിഖ്യാത തത്വചിന്തകനായ മാക്സ് മുള്ളറും ആത്മജ്ഞാനിയായിരുന്ന നമ്മുടെ സുകുമാർ അഴീക്കോടു സാറും മഹാത്മാഗാന്ധിയും ഡോ. അബ്ദുൾകലാമും അങ്ങിനെ പല ചിന്തകരും മാഹാത്മാക്കളും ഉപനിഷദ് ദർശനങ്ങളെയും ഭഗവത് ഗീതയേയും വണങ്ങിയത് അതിന്റെ ദർശനങ്ങളുടെ ഔന്നിത്യം ഒന്നുകൊണ്ടാണ്. പക്ഷെ ഇന്നത്തെ നമ്മുടെ ആത്മീയപദ്ധതികളിൽ ഈ ഗ്രന്ഥത്തിനു വലിയ സ്ഥാനമൊന്നും കിട്ടുന്നില്ലതാനും.
രാമായണമാസക്കുറിപ്പ് -20
ഇന്നു നമ്മൾ ഹിന്ദുക്കൾ ആദ്ധ്യാത്മികത എന്നു വിശ്വസിച്ചു ചെയ്തു കൂട്ടുന്ന കാര്യങ്ങളും ഉപനിഷത്തുക്കളിലും ഭഗവത് ഗീതയിലും പറയുന്ന അദ്ധ്യാത്മികതയും തമ്മിൽ ഒന്നു താരതമ്യം ചെയ്യാനേ എന്റെ കുറിപ്പുകൾ കൊണ്ട് ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. ഈ മഹത് ഗ്രന്ഥങ്ങളിലെ തത്വചിന്തയെക്കുറിച്ചു ചർച്ച ചെയ്യണമെന്നു ചിന്തിച്ചിട്ടേയില്ല, അതിനുള്ള പാണ്ഡിത്യവും ഇല്ല. അറിയാവുന്നതു പറയാം എന്നു വച്ചാൽ വളരെ ഗഹനമായ ആത്മവിഷയം ചർച്ച ചെയ്യാൻ പറ്റിയ ഇടവും അല്ല ഇത്. ഇന്നലത്തെ പോസ്റ്റിനുള്ള കമന്റുകൾ കണ്ടപ്പോൾ തത്വചിന്ത ആസ്വദിക്കാനുള്ള താത്പര്യം കുറച്ചുപേർക്കെങ്കിലും ഉണ്ടെന്നു മനസ്സിലായി അത് നല്ലൊരു ലക്ഷണമാണ്. എങ്കിൽ ഒരൽപ്പം തത്വചിന്തയാകാം ഇന്ന്. ഇന്നൊരു ദിവസത്തേക്ക് മാത്രം.
ഭഗവത് ഗീതയുടെ അഞ്ചു കുതിരകളെ പൂട്ടിയ രഥത്തിന്റെ കാര്യം തന്നെ എടുക്കാം. നമ്മൾ മനുഷ്യരുമായി അതെങ്ങിനെ ബന്ധിച്ചു നിൽക്കുന്നു എന്നറിയുന്നതിൽ കൗതുകമുണ്ടാകുമല്ലോ ? അതിനുപരിയായി പത്തു മൂവായിരം വർഷങ്ങൾക്കു മുൻപ് മനുഷ്യനെ ഇത്രമാത്രം സമഗ്രമായി അപഗ്രഥിച്ചു പഠിച്ച നമ്മുടെ പൂർവികരായ ഋഷിമനസ്സുകൾക്കു മുൻപിൽ ബഹുമാനപുരസ്സരം ഒന്നു തലകുനിക്കാനുള്ള സന്ദർഭം കൂടിയാകും ഇത്.
ശിവകാശിയിലെ ചിത്രകാരന്മാർ അടിച്ചു പുറത്തിറക്കുന്ന ഭഗവത് ഗീതയുടെ പടം, സഹസ്രാബ്ദങ്ങൾക്കു മുൻപ് 'കഠോപനിഷത്' സൃഷ്ടിച്ച തത്വചിന്തകർ മനസ്സിൽ വരച്ചതാണ്. അഞ്ചു കുതിരകൾ വലിക്കുന്ന രഥത്തിൽ കടിഞ്ഞാണുകളേന്തിയ സാരഥിയായി ശ്രീ കൃഷ്ണൻ ഇരിക്കുന്നു. രഥത്തിനുള്ളതിൽ ഗാണ്ടീവം താഴെ ഉപേക്ഷിച്ച നിലയിൽ വിഷാദചിത്തനായി അർജ്ജുനനിരിക്കുന്നു.
ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ ച
ബുദ്ധി തു സാരഥി വിദ്ധി
മനഃ പ്രഗ്രഹമേവ ച (കഠം 3 -3)
(ശരീരത്തെ ഒരു രഥമായിട്ടും ആത്മാവിനെ രഥത്തിന്റെ ഉടമയായിട്ടും ബുദ്ധിയെ സാരഥിയായിട്ടും മനസ്സിനെ കടിഞ്ഞാൺ ആയിട്ടും അറിയുക. ഇതിനെ തുടർന്നുള്ള ശ്ലോകത്തിൽ രഥത്തിലെ അഞ്ചു കുതിരകൾ ഇന്ദ്രിയങ്ങളാണെന്നും പറഞ്ഞിട്ടുണ്ട്). (ചില വാക്കുകൾ മലയാളത്തിൽ അടിക്കുമ്പോൾ തെറ്റുവരാം, ക്ഷമിക്കുക).
ആത്മജ്ഞാനം സാക്ഷാത്കരിക്കയാൻ എന്തുചെയ്യണം എന്ന ഉപനിഷദ് ചർച്ചക്കിടെയാണ് ഈ പരാമർശങ്ങൾ വരുന്നത്. ഇതൊക്കെ വലിയ വിഷയങ്ങളായതു കൊണ്ട് അവിടെക്കൊന്നും പോകാതെ നമ്മുടെ രഥത്തിന്റെ കാര്യം മാത്രം വളരെ ലളിതമായി പറഞ്ഞു നിർത്താം.
ഇന്ദ്രിയങ്ങൾ അഞ്ച്. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി. ഇവക്കെല്ലാം തന്നെ അവയുടേതായ സവിശേഷ പ്രകൃതങ്ങൾ ഉണ്ട്. ബഹിർമുഖമായി നിൽക്കുന്ന ഈ പഞ്ചേന്ദ്രിയങ്ങളിൽ കൂടി ലഭിക്കുന്ന അനുഭവങ്ങളിലാണ് മനസ്സ് സ്ഥിതിചെയ്യുന്നത്. വിഷയ സുഖങ്ങളുടെ പിറകേ പോകുന്ന, ഇന്ദ്രിയങ്ങളുടെ താത്‌പര്യത്തിൽ നിൽക്കുന്ന, മനസ്സിനു സ്ഥിരസ്വഭാവമില്ല. ഒരു കുരങ്ങൻ മരച്ചില്ലകൾ തോറും ചാടി മറിഞ്ഞു കൊണ്ടിരിക്കുന്നതുപോലെയുള്ള പ്രകൃതമാണ് അതിന്. ആ മനസ്സുകൊണ്ട് നമുക്കൊന്നും തന്നെ നിയന്ത്രിക്കാൻ കഴിയില്ല. മനോതലത്തിൽ ചെയ്യുന്ന കർമ്മങ്ങൾ പലതും അപക്വവും ദുഖഃദായകവും ആയിരിക്കും. അതുകൊണ്ടു മനസ്സിന്റെ നിയന്ത്രണം ബുദ്ധിക്കു നൽകണം. മനസ്സിനെയും ഇന്ദ്രിയങ്ങളാകുന്ന കുതിരകളെയും വേണ്ട വിധത്തിൽ നിയന്ത്രിച്ചു ഭഗവാനാകുന്ന ബുദ്ധി ശരീരത്തെ കാത്തു കൊള്ളും.
'ഐവരെയും അടക്കി മനക്കാമ്പിൽ ദിവ്യവിഷ്ണു ഭഗവാന്റെ രൂപത്തിൽ ചൊവ്വിൽ കാണുന്ന നേരമുണ്ടാനന്ദം കൈവരും നൂനം' എന്നു ഭാഗവതത്തിൽ പറയുന്നതും ഏതാണ്ടിതു തന്നെ. ഐവർ എന്നാൽ പഞ്ചേന്ദ്രിയങ്ങളെന്നും, വിഷ്ണുഭഗവാൻ എന്നാൽ ബുദ്ധിയെന്നും അർഥം. പഞ്ചേന്ദ്രിയങ്ങളെ അടക്കി നിർത്തി ബുദ്ധിയെ പ്രകാശിപ്പിച്ചാൽ ആനന്ദം കിട്ടും. ഇത് ചെയ്യുന്നില്ലെങ്കിൽ ചെയ്യന്ന കർമ്മങ്ങളിൽ നിന്നും ആനന്ദം ലഭിക്കുകയില്ല എന്ന് സാരം.
ഇത്രയും പറഞ്ഞത് ബുദ്ധിക്കും യുക്തിക്കും നമ്മുടെ സംസ്കാരം കൽപ്പിച്ചിരിക്കുന്ന സ്ഥാനം എന്താണെന്നു വ്യക്തമാക്കാനാണ്. അജ്ഞാനിയെ മനസ്സ് ഭരിക്കുമ്പോൾ, ജ്ഞാനിയെ ബുദ്ധി ഭരിക്കും. ആദ്ധ്യാത്മികം എന്ന് പറഞ്ഞു ഇന്ന് നമ്മൾ ചെയ്തു കൂട്ടുന്നതെല്ലാം ഇന്ദ്രിയ-മനോതലത്തിലുള്ള കർമ്മങ്ങൾ മാത്രമാണ്. ബുദ്ധിക്കും മനഃ സ്സാക്ഷിക്കും ഈ കർമ്മങ്ങളിൽ ഒന്നും ഒരു സ്ഥാനവുമില്ല. ദേവാലയങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും, മനുഷ്യനും സമൂഹവും അശാന്തിയിലാകുന്നതിനും ജീവിതം നാൾക്കുനാൾ ഭയാവഹമായി മാറിക്കൊണ്ടിരിക്കുന്നതിനും പ്രധാന കാരണം ആത്മീയതയെക്കുറിച്ചുള്ള നമ്മുടെ വികലമായ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും ആണ്. പുരാണ കഥകളുടെയും കൽപ്പനകളുടെയും ഉള്ളിൽ മറഞ്ഞിരിക്കുന്ന തത്വചിന്തകൾ എന്താണെന്ന് വെളിപ്പെടുത്തുന്ന നല്ലൊരുദാഹരണം കൂടിയാണ് മേൽപ്പറഞ്ഞ രഥകൽപ്പന. ഇതൊന്നും വെറുതെ വിശ്വസിച്ചു തൊഴുതു നമിക്കാനുള്ളതല്ല, ബുദ്ധികൊണ്ട് ചിന്തിച്ചു മനസ്സിനെ പരിഷ്‌ക്കരിക്കാനുദ്ദേശിച്ചുള്ളതാണ്.
രാമായണമാസക്കുറിപ്പ് -21
വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരീശ്വരനെ (ഉദാ:ശ്രീകൃഷ്ണൻ, ശ്രീരാമൻ, ശിവൻ, വിഷ്ണു ....) യാണല്ലോ നമ്മളെല്ലാം അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പറയുന്നത്. അതായത് നമുക്ക് ഈശ്വരൻ എന്നാൽ പാവപ്പെട്ട തൊഴിലാളിയോട് സ്നേഹപൂർവ്വം പെരുമാറുന്ന ദയാശീലനും ധനികനുമായ ഒരു മുതലാളിയെപ്പോലെയാണ്. ഇക്കാര്യത്തെക്കുറിച്ചു ഭഗവാൻ ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.
അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം (ഗീത: 7:24)
(ഞാൻ അവ്യക്തമാണ്. എന്നെ വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരാളായി ബുദ്ധിഹീനന്മാർ മനസ്സിലാക്കുന്നു. അവർ സർവ വ്യാപിയും ശ്രേഷ്ട്ടവുമായ എന്റെ പരമാത്മസ്വരൂപത്തെ അറിയുന്നില്ല). സൂക്ഷിക്കുക, എത്ര വലിയ ഡിഗ്രിയൊക്കെയുണ്ടെങ്കിലും ഈശ്വരവിഷയത്തിൽ നിങ്ങൾ ബുദ്ധിഹീനരാണ് എന്നാണു ഭഗവാന്റെ അഭിപ്രായം.
ന കർതൃത്വം ന കർമ്മാണി ലോകസ്യ സൃജിതി പ്രഭുഃ
ന കർമ്മഫലസംയോഗം സ്വഭാവസ്‌തു പ്രവർത്തതേ (ഗീത: 5 :14)
(ഈശ്വരൻ ലോകത്തിനു വേണ്ടി കർമ്മം ചെയ്യുന്ന ആളിനെയോ കർമ്മങ്ങളെയോ സൃഷ്ടിക്കുന്നില്ല. അതിന്റെ ഫലവും സൃഷ്ടിക്കുന്നില്ല. പ്രകൃതി സ്വഭാവം അനുസരിച്ചു് ഇതൊക്കെ പ്രവൃത്തിക്കുന്നു).
കർമ്മങ്ങൾക്ക് പ്രേരകമായിട്ടുള്ളതും കർമ്മഫലങ്ങൾ നിശ്ചയിക്കുന്നതും താനല്ല, പ്രകൃതിയാണ് എന്നാണു ഭഗവാൻ പറഞ്ഞത്.നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ചു ഫലം പ്രകൃതി നിശ്ചയിക്കും, ഈശ്വരന് ഇതിലൊന്നും ഒരു റോളും ഇല്ല എന്നർത്ഥം.
ഇതാണ് സാക്ഷാൽ ഭഗവാൻ തന്നെ പറഞ്ഞിരിക്കുന്നത്! അപ്പൊപ്പിന്നെ അമ്പലത്തിൽ പോയി പൂജചെയ്തു പ്രീതിപ്പെടുത്തിയാൽ നമ്മുടെ കാര്യമൊക്കെ സാധിച്ചു തരുന്ന ആ ദൈവം ആരാ? ആ, ആർക്കറിയാം. നമ്മുടെ സനാതനധർമ്മ ഗ്രന്ഥങ്ങളിലൊന്നും അങ്ങിനെയൊരു ഈശ്വരനില്ല.
ഭക്തജനങ്ങളെ, നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്നാണ് തിരിച്ചും മറിച്ചും ഭഗവാൻ ഭഗവത് ഗീതയിൽ പറയുന്നത്. നമ്മുടെ പാപപുണ്യങ്ങളുടെ ഫലം നാം തന്നെ അനുഭവിച്ചേ മതിയാകൂ. For every action there is an equal and opposite reaction എന്ന തത്വം അനുസരിച്ചു് അത് ശാസ്ത്രദൃഷ്ടിയിലും ശരിയാണ്. നമ്മുടെ തെറ്റുകുറ്റങ്ങൾ സഹിച്ചു നമ്മെ സഹായിക്കുന്നതോ നല്ലകാര്യങ്ങൾ കണ്ട് അനുഗ്രഹിക്കുന്നതോ ആയ ഒരീശ്വരനൊന്നുമല്ല സനാതനമതത്തിലെ നിർഗ്ഗുണബ്രഹ്മമായ ഈശ്വരൻ. അങ്ങിനെയൊരീശ്വര സങ്കൽപ്പത്തെക്കൊണ്ടു മനുഷ്യനെ ഭയപ്പെടുത്തി നിർത്തി തങ്ങളുടെ സ്വാർത്ഥമോഹങ്ങൾ നേടാൻ കഴിയില്ല എന്നു ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ബുദ്ധിമാന്മാരായ കുറേ പൂർവികർ അവർക്കു ഗുണമുണ്ടാക്കുന്ന ഒരീശ്വരസങ്കൽപ്പവും അതിനനുകൂലമായ സാമൂഹ്യവ്യവസ്ഥയും ഉണ്ടാക്കി അതിവിടുത്തെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്.
ഇപ്പറയുന്നതൊക്കെ ശരിയാണെങ്കിൽ പിന്നെ ഈ അമ്പലങ്ങളായ അമ്പലങ്ങളും നൂറു കണക്കിനു ദേവതകളും ആരാധനാസമ്പ്രദായങ്ങളും ഒക്കെ അർത്ഥശൂന്യമാണോ എന്ന സംശയം ന്യായമായും ഉദിക്കാം. നമുക്കതും പരിശോധിക്കാം.
രാമായണമാസക്കുറിപ്പ് -22
ഇനി അമ്പലഭക്തിയെക്കുറിച്ചു ഒന്നു ചിന്തിച്ചു നോക്കാം. ഹൃദയവിശാലതയുള്ള മനുഷ്യരെ സൃഷ്ടിച്ചു പ്രകൃതിയുമായി ഇണക്കി നിർത്തി ലോകത്തിലുള്ള എല്ലാത്തിനും സുഖവും ശാന്തിയും നേടിക്കൊടുക്കുക എന്ന ഒരേയൊരു ലക്ഷ്യമേ സനാതനമതത്തിനുള്ളു എന്ന ദൃഢമായ ബോധം മനസ്സിൽ ഉണ്ടായിരുന്നാൽ മാത്രമേ ഇനിപ്പറയുന്നതു മനസ്സിലാക്കാൻ കഴിയൂ. അങ്ങിനെയാണെങ്കിൽ സനാതനഃ ധർമ്മശാസ്ത്ര ദർശനങ്ങളെ അടിസ്ഥാനമാക്കുന്ന ഹിന്ദുമതവും ആത്യന്തികമായി ലക്‌ഷ്യം വക്കുന്നത് ഇതു തന്നെയായിരിക്കണം. ക്ഷേത്രങ്ങളും ദേവതകളും ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആകുമ്പോൾ ഇതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നതും ആ ആത്യന്തിക ലക്‌ഷ്യം തന്നെയാകണം.
വേദോപനിഷത്തുക്കളിലെ പരമാത്മഭാവത്തിലുള്ള, സർവ്വവ്യാപിയായ, സർവ്വതിനും കാരണഭൂതമാകുന്ന നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ സാധാരണ മനസ്സുകൊണ്ട് കാണാൻ കഴിയില്ല, ഇതിനു ജ്ഞാനചക്ഷുസ്സുകൾ ആവശ്യമാണ്. സത്വരജസ്തമോഗുണങ്ങളോടെ സൃഷ്ടിക്കപ്പെടുന്ന മനുഷ്യരിൽ ഇങ്ങനെ ഈശ്വരനെക്കാണാൻ കഴിയുന്ന സത്വഗുണപ്രധാനികളുടെ എണ്ണം തുലോം കുറവായിരിക്കും. നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ബുദ്ധിതലത്തിൽ കാണാൻ കഴിയാത്തവരാണ് ജനങ്ങളിലേറെയും എന്നു സാരം. പക്ഷെ എല്ലാവരെയും ഈശ്വരനിലേക്കു അടുപ്പിക്കണം താനും. അതുകൊണ്ടു ഗുണദോഷങ്ങളൊന്നുമില്ലാത്ത ഈശ്വരനിൽ ഗുണങ്ങൾ ആരോപിച്ചു (attribute) ഒരു സഗുണബ്രഹ്മമാക്കുന്നു. വ്യക്തിരൂപത്തിലുള്ള ഈ ഈശ്വരനെ ധ്യാനിക്കാൻ എല്ലാവർക്കും എളുപ്പമാണ്. വിഗ്രഹങ്ങളിൽ സാധാരണ മനുഷ്യർ കാണുന്നത് ഇങ്ങനെയുള്ള സഗുണബ്രഹ്മത്തെയാണ്. വിഗ്രഹം എന്നാൽ വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങളുടെ രൂപം എന്നർത്ഥം. വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങൾ എന്നാൽ സനാതനധർമ്മതത്വങ്ങൾ എന്നർത്ഥം. ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ എന്തിലും ഏതിലും വിളങ്ങി നിൽക്കുന്നത് ഒരേ ഈശ്വരചൈതന്യമാണെന്നും അതിനാൽ അജ്ഞാനത്താൽ നാം കാണുന്ന വിധത്തിലുള്ള ഭേദഭാവമൊന്നും പ്രപഞ്ചത്തിലില്ലായെന്നും ഉള്ള തിരിച്ചറിവ്. സഗുണാകാരമായ വിഗ്രഹത്തിൽ കൂടി പ്രാർത്ഥന തുടങ്ങി നിർഗ്ഗുണബ്രഹ്മമായ ഈശ്വരനിൽ ഭക്തൻ എത്തിച്ചേരണം. അതായത് സനാതനധർമ്മത്തിലെ ഈശ്വരനെ കാണാനുള്ള ആത്മീയയാത്രയുടെ ആദ്യപടിയാണ് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എന്നു സാരം. ആദ്യമാദ്യം വള യത്തിൽ കൂടിച്ചാടി, പോകെപ്പോകെ വളയമില്ലാതെ ചാടി സർവ്വവ്യാപിയായ ഈശ്വരനെ പ്രാപിക്കുന്ന ആത്മീയ പദ്ധതിയുടെ തുടക്കമാണ് വിഗ്രഹാരാധന.
ഒന്നോർക്കുക, ഈ പദ്ധതികളിലൊന്നും സ്വാർത്ഥമോഹലക്ഷ്യങ്ങൾ ഇല്ല . തന്നെ നിലനിർത്തുന്ന ഈശ്വരചൈതന്യത്തെ അന്വേഷിച്ചുള്ള ഒരാത്മീയയാത്ര മാത്രമാണിതൊക്കെ. ജനിച്ചിട്ട് ഇന്നുവരെക്കണ്ടിട്ടില്ലാത്ത അച്ഛൻ ദൂരെയൊരു സ്ഥലത്തു ജീവിച്ചിരുപ്പുണ്ട് എന്നറിയുന്ന മകൻ നൊമ്പരത്തോടെ അച്ഛനെക്കാണാൻ പോകുന്ന ആ പോക്കുണ്ടല്ലോ, അതിലും തീവ്രതെയോടെയുള്ള ആത്മാന്വേഷണം.
സനാതനമതത്തിൽ ആദ്യകാലത്തു ക്ഷേത്രങ്ങളോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല. ഓരോരുത്തരുടെയും താത്പര്യമനുസരിച്ചുള്ള ഇഷ്ടദേവതയെ രൂപകൽപ്പന ചെയ്ത് ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതത്തിൽ നടപ്പിലാക്കിയത് ശങ്കരാചാര്യസ്വാമികളാണെന്നാണ് എവിടെയോ വായിച്ചിട്ടുള്ളത്. എല്ലാ നദികളും അവസാനം എത്തിച്ചേരുന്നതു സമുദ്രത്തിലാണല്ലോ എന്നതായിരുന്നിരിക്കണം ഇതിലെ താത്‌പര്യം. പക്ഷെ ബോധമില്ലാഴ്മയും സ്വാർത്ഥചിന്തകളും കാരണം നമ്മുടെ ആത്മീയനദികൾ തുടക്കത്തിൽ തന്നെ വരണ്ട് ഒടുങ്ങുകയാണ്!
രാമായണമാസക്കുറിപ്പ് -23
ക്ഷേത്രങ്ങളെയും വിഗ്രഹാരാധനയും കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്? സനാതനധർമ്മ പ്രകാരം പ്രസക്തമായ ഒരു നിർവചനമാണ് വിഗ്രഹാരാധനക്കു കഴിഞ്ഞ കുറിപ്പിൽ ഞാൻ നൽകിയത്. ഒരു മതത്തിന്റെ തത്വചിന്താപരമായ ദർശനങ്ങളിലാണ് ആത്യന്തിക സത്യവും അതു പ്രയോഗത്തിൽ വരുത്തിയാൽ സാധ്യമാകുന്ന വ്യക്തി-സാമൂഹ്യവികസനവും മറഞ്ഞിരിക്കുന്നതെങ്കിലും മഹാഭൂരിപക്ഷം ജനങ്ങൾക്കും അങ്ങിനെയൊരു ആത്മീയതയെ ഉൾക്കൊള്ളാൻ കഴിയില്ല എന്നതൊരു സത്യം തന്നെയാണ്. മനുഷ്യസൃഷ്ടിയുടെ പ്രത്യേകതയാണത്. ഈ പ്രത്യേകത കാരണം, സാധാരണ മനുഷ്യർക്കു അനുഭവവേദ്യമാകുന്ന പ്രായോഗിക തലത്തിലേക്ക് ആത്മീയതയെ തിരുത്തി എഴുതപ്പെടുകയാണ് ചെയ്യുന്നത്. ഹിന്ദുമതാചാരങ്ങളും ക്ഷേത്രസംസ്കാരവും വിഗ്രഹാരാധനയും ഒക്കെത്തന്നെ ഇങ്ങനെ ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളാണ് എന്നു കരുതാം. മനുഷ്യരുടെ മേലിൽ ആധിപത്യം സ്ഥാപിക്കാനുള്ള മനുഷ്യരുടെ താത്‌പര്യം ലോകം ഉണ്ടായ കാലം മുതലുള്ളതാണ്. ഇതിനുപയോഗിക്കാവുന്ന ഏറ്റവും നല്ലൊരു ഉപകരണമാണ് മതം എന്നു മനുഷ്യനു മനസ്സിലായതോടെ, ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളിൽ സ്വാർത്ഥതയുടെ ഉപ്പും കൂടി കലർന്നു. കാലം മാറുമ്പോൾ കോലവും മാറും എന്നതിനാൽ കാലവും അതിന്റെ സ്വാധീനം ആത്മീയതയിൽ ചെലുത്തി. ചുരുക്കത്തിൽ സനാതനമതത്തിലെ ആത്മീയത ലോപിച്ചു ലോപിച്ചു ഇന്ന് നമ്മൾ അറിയുന്ന സ്വാർത്ഥമോഹമതത്തിലെത്തി. ഒരു പക്ഷേ ഇതൊരനിവാര്യതയുമാകാം.
ബ്രഹ്മത്തെ ഇഷ്ടദേവതാവിഗ്രഹത്തിൽ കാണണം എന്ന ചിന്തയൊന്നും പറഞ്ഞാൽ ഇന്നു വിലപ്പോകില്ല. അർഹതയില്ലാത്തതു പോലും നേടാൻ നെട്ടോട്ടം ഓടി നടക്കുന്ന സ്വാർത്ഥമനുഷ്യർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. മറിച്ചു, ഈ വിഗ്രഹത്തിൽ കൂടി നിനക്കാഗ്രഹമുള്ളതെല്ലാം ഞാൻ നേടിത്തരാം എന്നൊരാൾ പറഞ്ഞാൽ ജനമെല്ലാം അയാളുടെ പിറകേ കൂടും. ഇതു ശരിക്കും മനസ്സിലാക്കുന്ന ബുദ്ധിമാന്മാർ, ആവശ്യക്കാർക്ക് അനുസരിച്ചുള്ള ദൈവത്തെയും അനുബന്ധ പരിപാടികളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ് നമ്മുടെ കാലഘട്ടത്തിൽ നടക്കുന്ന ഏറ്റം പ്രധാനപ്പെട്ട ഹിന്ദുമത നവീകരണം. ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൂജാവിധികളും അതുകൊണ്ടൊക്കെ നേടാവുന്ന നേട്ടങ്ങളും സിനിമാ പരസ്യം പോലെ മാധ്യമങ്ങളിൽ പോലും സ്ഥലം പിടിക്കയാണ്. മനുഷ്യർ ഇതിന്റെയൊക്കെ പിറകേ ഓടുകയാണ്. ചില പ്രത്യേക പൂജകൾ ചെയ്ത് തങ്ങൾക്കും കുടുംബത്തിനും സൗഖ്യവും സൗഭാഗ്യവും ഉറപ്പുവരുത്തുവാൻ (മറ്റാർക്കും ഇതൊന്നും കിട്ടരുത്, ഞങ്ങൾക്ക് മാത്രം!) പത്തും ഇരുപത്തഞ്ചും വർഷങ്ങൾ പോലും കാത്തു നിൽക്കാൻ പോലും ഭക്തജനങ്ങൾ തയ്യാറാണ്. ഈശ്വരാനുഗ്രഹത്തിനു വേണ്ടി നടത്തപ്പെടുന്ന ആഘോഷങ്ങളാൽ ഇന്നു നാടും ക്ഷേത്രങ്ങളും മുഖരിതമാവുകയാണ്. ഒരു പാവപ്പെട്ട കുഞ്ഞിനു പഠിക്കാനോ സാധു രോഗിക്ക് മരുന്നു വാങ്ങാനോ ദയ തോന്നാത്തവരൊക്കെ ഈശ്വരാനുഗ്രഹത്തിനും സമൂഹത്തിലെ പേരിനും പ്രശസ്തിക്കും വേണ്ടി എത്ര ലക്ഷങ്ങൾ മുടക്കാനും മനസ്സുള്ളവരായിരിക്കയാണ്. ദോഷം മാത്രം കാണുന്നതല്ലല്ലോ ശരി; സാമൂഹികമായ ചില ഗുണവശങ്ങൾ ഇതിലൊക്കെയുണ്ടെന്നുള്ളതു സമ്മതിക്കാതെ വയ്യ. പണക്കാരന്റെ കീശയിലെ കാശ് പാവപ്പെട്ട ബ്രാഹ്മണനും കലാകാരനും മൈക്കുകാരനും പാചകക്കാരനും പന്തലുകാരനും അങ്ങിനെ അതാവശ്യമുള്ള പലർക്കുമായി വീതിക്കപ്പെടുന്ന ഒരു സോഷ്യലിസം ഇതിലൂടെ നടക്കുന്നുണ്ട്. സാധുജന സംരക്ഷകനാണു ഭഗവാനെന്നു പറയുന്നതെത്ര ശരിയാണ് !
ബാറ്ററിയിട്ടു വാറ്റിയ കോടമദ്യം (country liquor) കുടിച്ചു ശീലിച്ചവർക്കു നല്ല വിലയുള്ള ശുദ്ധമദ്യം ഒന്നു കൊടുത്തു നോക്കൂ. "എന്തരെടേ, 'കിക്ക്' കിട്ടാത്ത ഇതെന്തു സാധനം? " എന്നായിരിക്കും അവരുടെ പുശ്ചത്തോടെയുള്ള ചോദ്യം. ഇതു തന്നെയാണ് നമ്മുടെ ആദ്ധ്യാത്മിക മണ്ഡലത്തിന്റെയും സ്ഥിതി. 'വേദവും യാഗവും ധ്യാനവും സന്യാസവും എല്ലാം ചേതസ്സിന്റെ മലം (മനസ്സിന്റെ അഴുക്ക്) കളയാൻ' ഉദ്ദേശിച്ചുള്ളതാണെന്നു ഭാഗവതം പറയുന്നതു പറഞ്ഞാൽ, പറയുന്നവൻ ഇന്നു വിഡ്ഢിയാകും.
രാമായണമാസക്കുറിപ്പ് -24
എന്റെ കുറിപ്പുകൾ ജിജ്ഞാസയോടെ ഉറ്റുനോക്കി 'ഇഷ്ട്ടപ്പെട്ടു' കൊണ്ടിരിക്കുന്നവർക്കു പോലും ഇന്നലത്തെ കുറിപ്പ് അത്രയ്ക്ക് പിടിച്ചിട്ടില്ല എന്നു മനസ്സിലായി. ഇതാണ് നമ്മുടെ എല്ലാ മേഖലകളുടെയും പ്രശനം. നമ്മുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുകൂലമായ വിധത്തിൽ മറ്റൊരാൾ ചിന്തിച്ചാൽ നമുക്കത് ഇഷ്ടമാകും. വിഷയത്തിലുള്ള ശരിയോ തെറ്റോ അല്ല; തന്റെ ചിന്തകളുമായി മറ്റൊരാളിന്റെ ചിന്ത താദാത്മ്യപ്പെടുമ്പോൾ ഉളവാകുന്ന സന്തോഷം ആണ് 'ഇഷ്ട' മായി പുറത്തു വരുന്നത് എന്നർത്ഥം. അടിസ്ഥാനപരമായ വിഷയങ്ങളിൽ ഇങ്ങനെയൊരു ഇഷ്ടപ്പെടൽ കൊണ്ട് യാതൊരു ഗുണമുമില്ല എന്നതാണ് സത്യം. ചിന്തിക്കയും ചിന്തിച്ചു സ്പുടം ചെയ്തെടുത്തത് ബോധത്തിന്റെ ഭാഗമാക്കുകയും ചെയ്യുമ്പോൾ മാത്രമേ നമ്മിലും ചുറ്റുപാടുകളിലും മാറ്റം സംഭവിക്കൂ. മനസ്സ് വിശ്വാസപ്രമാണങ്ങളെ താലോലിച്ചു status quo നിലനിർത്തുമ്പോൾ ബുദ്ധി മാറ്റങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. ബുദ്ധിയെ ജീവിത സാരഥിയാക്കൂ എന്നുപദേശിക്കുന്ന ഒരു മഹനീയ സംസ്കാരത്തെക്കുറിച്ചാണ് ഇവിടെ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്.
വഴിപാടുകളെയും അതുപോലെ ഈശ്വരനാമത്തിൽ നാട്ടിൽ നടത്തപ്പെടുന്ന മറ്റു് ആഘോഷങ്ങളെയും വിമര്ശിക്കുന്നതാണല്ലോ ഇഷ്ടക്കേടിനു കാരണം? ഇതെല്ലാം തന്നെ നമ്മുടെ ഭൗതികസുഖം ലക്ഷ്യമാക്കിയുള്ള പ്രാർത്ഥനയുടെ ഭാഗമാണെന്നതിൽ ആർക്കും തർക്കമില്ലല്ലോ? ഇതിനെക്കുറിച്ച് ഭഗവാൻ ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.
യജ്ഞാർത്ഥാത് കർമ്മാണോന്യത്ര ലോകോയം കർമ്മബന്ധന:
തദർത്ഥം കർമ്മ കൗന്തേയ മുക്തസംഗ: സമാചര. (ഗീത 3:9)
(യജ്ഞ ഭാവത്തിലുള്ള കർമ്മങ്ങൾ ഒഴികെ മറ്റെല്ലാ കർമ്മങ്ങളും കർമ്മബന്ധത്തോടു കൂടിയതാണ്. അല്ലയോ അർജ്ജുനാ, ആയതിനാൽ യജ്ഞമെന്ന നിലയിൽ സംഗം വിട്ട് കർമ്മം നന്നായി ചെയ്യൂ).
അതായത് യജ്ഞഭാവത്തിലുള്ള കർമ്മമല്ലാതെ, നാം ചെയ്യുന്ന സകല കർമ്മങ്ങളും കർമ്മബന്ധനം ഉണ്ടാക്കി നമ്മുടെ പാപഭാരം വർധിപ്പിക്കും എന്നർത്ഥം. ബന്ധനങ്ങളിൽ നിന്നുള്ള മുക്തിയാണ് എല്ലാ മതവിശ്വാസികളും ലക്ഷ്യമാക്കുന്നത്. പക്ഷേ നമ്മൾ ചെയ്യുന്നതോ, ദിവസം പ്രതി പാപത്തിന്റെ അളവു കൂട്ടുന്ന പരിപാടികളും. ഇത് ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ഞാൻ കഴിഞ്ഞ കുറിപ്പെഴുതിയത്. പാപക്കുഴിയിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ എന്റെ ഒരു കൈത്താങ്ങു്. അത്രമാത്രമേ ഉദ്ദേശിച്ചുള്ളൂ.
ഇതുവരെ ഇതാരെങ്കിലും നിങ്ങൾക്കു പറഞ്ഞു തന്നിട്ടുണ്ടോ? ഇല്ല. ഇതു ചെയ്താൽ അതു കിട്ടും എന്നു പറഞ്ഞു പഠിപ്പിക്കയും അതുമാത്രമാണ് ആത്യന്തിക സത്യം എന്നു നിങ്ങളും വിശ്വസിച്ചുവശായിരിക്കുന്നു. ഭഗവത് ഗീത ഉൾപ്പെടെ ഹിന്ദുമതത്തിൻറെ ഒരു ഗ്രന്ഥവും വായിക്കാതെ, വായിച്ചതിന്റെ അർഥം ചിന്തിക്കാതെ അതൊക്കെ പുണ്യഗ്രന്ഥങ്ങളാണെന്നു പറഞ്ഞു ഭക്തിയോടെ പട്ടിൽ പൊതിഞ്ഞു പൂജാമുറിയിൽ വച്ചിട്ടുണ്ട്. അതിന്റെ മുൻപിൽ വിളക്കു തെളിച്ചു, അതിൽ പറഞ്ഞിരിക്കുന്നതിനൊക്കെ എതിരായി പ്രാർത്ഥിക്കും. ഇതുകൊണ്ടാണ് ഭഗവാൻ 'മൂഡാത്മാക്കൾ' എന്നു നിങ്ങളെ പേരിട്ടു വിളിക്കുന്നത്. മറ്റു മതക്കാർ പറയുന്നതുപോലെ പാപികളെന്നല്ല, വിഢ്ഢികളെന്നാണ് ഭഗവാൻ വിളിക്കുന്നത് എന്നോർക്കണം. കാരണം അദ്ദേഹത്തിൻറെ ഒരംശം തന്നെയായ നിങ്ങളെ പാപി എന്നു വിളിക്കുന്നതിൽ അർത്ഥമില്ലല്ലോ? വിവരദോഷി എന്നു മാത്രം വിളിച്ചു നിർത്തുന്നതിൽ നിന്നും നിനക്ക് വേണമെങ്കിൽ വിവരം ഉള്ളവനാകാം എന്നൊരു ധ്വാനിയും അതിലുണ്ട്. എന്തു വേണമെന്ന് നിങ്ങൾക്കു ചിന്തിക്കാം. ഒന്നുകിൽ വിശ്വസിക്കുന്ന ഭഗവാനെ തള്ളിപ്പറയുക, അല്ലെങ്കിൽ ഭഗവാൻ പറയുന്നത് കേൾക്കുക. തീരുമാനം നിങ്ങളുടേതാണ്.
നിങ്ങളെല്ലാം ആകെ ഭയപ്പെട്ടിരിക്കയാണെന്നെനിക്കറിയാം. ശരിക്കുള്ള ഈശ്വരചിന്തയുടെ അഭാവത്തിലാണ് ഭയത്തിന്റെ ഉദയവും നിലനിൽപ്പും. ദീപം പ്രകാശിച്ചു കഴിയുമ്പോൾ ഇരുട്ടു താനേ അകന്നു പൊയ്‌ക്കൊള്ളും.
നിരീശ്വരവാദത്തിനുപോലും സ്ഥാനമുള്ള മതമാണ് ഹിന്ദുമതം. ഈശ്വരവിശ്വാസമില്ലാതെ തന്നെ അന്തസ്സായി ജീവിച്ചു പോകാം. പക്ഷെ നല്ല തന്റേടം വേണം. എന്ത് ചെയ്താലും അതു ബോധപൂർവം ചെയ്‍താൽ നിങ്ങൾ നല്ല ഹിന്ദുവാകും. ബോധപൂർവം ചിന്തിച്ചു ചെയ്യണം എന്നു മാത്രം. വല്ലവരും ഒക്കെ പറയുന്നതിന്റെ പിറകെ പായരുത്, അത് നല്ല ഹിന്ദുവിന്റെ ലക്ഷണമല്ല.
യജ്ഞഭാവത്തിലുള്ള കർമ്മം എന്നാൽ എന്താണ്? നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കർമ്മങ്ങളെ അങ്ങിനെയാക്കി ഭഗവാൻ പറയുന്ന പാപഭാരത്തിൽ നിന്നും രക്ഷപെടാനാവുമോ? ചിന്തിക്കാം. നാളെയാട്ടെ.
രാമായണമാസക്കുറിപ്പ് -25
യജ്ഞഭാവത്തിൽ കർമ്മംചെയ്ത് കർമ്മബന്ധനങ്ങളിൽ നിന്നും അതുമൂലം വന്നു ചേരുന്ന പാപഭാരത്തിൽ നിന്നും രക്ഷപെടാമെന്നാണല്ലോ ഇന്നലെ പറഞ്ഞു നിർത്തിയത്. എന്താണ് യജ്ഞഭാവത്തിലുള്ള കർമ്മം?
ലോകസംഗ്രഹത്തിനുവേണ്ടി അർപ്പണഭാവത്തോടെ നിസ്വാർത്ഥമായി ചെയ്യപ്പെടുന്ന ഏതു കർമ്മവും യജ്ഞമാകുന്നു. പ്രകൃതിയിൽ ഇതിന്റെ ഉദാഹരണങ്ങൾ എത്രവേണമെങ്കിലും ഉണ്ട്.
നാമെല്ലാം ശ്വസിച്ചുതള്ളുന്നത് കാർബൺ ഡയോക്‌സൈഡ് എന്ന വാതകമാണ്. ഇതിന്റെ സാന്ദ്രത ഒരളവിൽ കൂടിയാൽ അതു വിഷമാണ്. അങ്ങിനെയുള്ളിടത്തു ജീവൻ നിലനിൽക്കില്ല. ചെടികളും മരങ്ങളും നമുക്കു ദോഷകരമായ ഈ വാതകമെടുത്തു photosynthesis എന്ന പ്രക്രിയയിലൂടെ മാറ്റി ജീവൻ നിലനിർത്താൻ വേണ്ട ഓക്സിജൻ എന്ന വാതകമാക്കി അന്തരീക്ഷത്തിലേക്ക് വിടുന്നു. അതായത് നമുക്കു ഭൂമിയിൽ ജീവിക്കാൻ കഴിയുന്നത് ഈ മരങ്ങളും ചെടികളും ചെയ്യുന്ന നിഷ്ക്കാമ കർമ്മം ഒന്നു കൊണ്ട് മാത്രം. നമ്മിൽ നിന്നും ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ഇവയൊന്നും ഇത് ചെയ്യുന്നത്. ജനിച്ച നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെ നമ്മുടെ ഹൃദയം മിടിച്ചു കൊണ്ട് നമ്മുടെ ജീവൻ നിലനിർത്തുന്നു. അൽപ്പ സമയം പോലും വിശ്രമിക്കുന്നില്ല. വിശ്രമിച്ചാൽ നമ്മളില്ലാതാകും.നമ്മുടെ തലച്ചോറും കിഡ്‌നിയും ലിവറും..... വായുവും ജലവും......എല്ലാം എല്ലാം തന്നെ, ഒരു ഫലേച്ഛയും കൂടാതെ, അതാതിന്റെ കർമ്മങ്ങൾ ചെയ്തു നമ്മെ നിലനിർത്തുകയാണ്. ഇതാണു യജ്ഞഭാവത്തിലുള്ള കർമ്മം.
ഇങ്ങിനെ മറ്റുള്ളവയുടെ സഹായം ഒന്നു കൊണ്ട് മാത്രം ജീവിക്കുന്ന നമ്മളെന്താണ് ചെയ്യുന്നത്? ഇപ്പറഞ്ഞതിനൊക്കെ എന്തൊക്കെ ദ്രോഹം ചെയ്യാമോ അതത്രയും ചെയ്‌തുകൂട്ടും. ഒരു മരത്തിനെയും ജീവിക്കാൻ നാം സമ്മതിക്കില്ല, ഒരു ചെടി കരിഞ്ഞു തളർന്നാലും അതിനിറ്റു വെള്ളം കൊടുക്കില്ല, ശരീരഭാഗങ്ങൾക്കെല്ലാം തകരാറുണ്ടാക്കുന്ന ജീവിതമേ ജീവിക്കൂ. ഇങ്ങനെ പാപമെല്ലാം സമ്പാദിച്ചു കൂട്ടി എല്ലാം നാശത്തിന്റെ വക്കിലെത്തുമ്പോൾ ഓടും അമ്പലത്തിലേക്ക്. എന്റെ കാര്യമെല്ലാം ഒന്നു ശരിയാക്കിത്തരാമെങ്കിൽ ഞാൻ എന്തു കൈക്കൂലി വേണമെങ്കിലും തരാം ഭഗവൻ ! അങ്ങിനെ അഴിമതിക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ തലത്തിലേക്ക് ഈശ്വരനെക്കൂടി നമ്മൾ വലിച്ചിടും.
നമ്മുടെ കർമ്മങ്ങൾ മിക്കതും യജ്ഞഭാവത്തിന് എതിരാണ്. കർമ്മബന്ധനങ്ങളും പാപഭാരവും അനിവാര്യമായ ഫലങ്ങളാണ്. നമ്മെ രക്ഷിക്കേണ്ടത് നമ്മൾ തന്നെ. കർമ്മത്തിന്റെ ഫലം പ്രകൃതി നൽകുമെന്നും നിർഗ്ഗുണബ്രഹ്മമായ ഈശ്വരന് ഇതൊന്നുമായി യാതൊരു ബന്ധവും ഇല്ലെന്നും ഭഗവത് ഗീതയിൽ നിന്നും നാം നേരത്തെ മനസ്സിലാക്കി കഴിഞ്ഞതാണ്. ഇതൊന്നുമല്ല ശരി, എല്ലാം ഞാൻ ശരിയാക്കിത്തരാം എന്നാണ് ആരെങ്കിലും പറയുന്നതെങ്കിൽ അയാൾ ഈശ്വരനെക്കാൾ മുകളിലുള്ള ആളായിരിക്കണം. അങ്ങിനെയെങ്കിൽ ഒട്ടും ശങ്ക വേണ്ട, അദ്ദേഹത്തോടൊപ്പം തന്നെ നിങ്ങൾ പോകണം. നാം അർഹിക്കുന്ന നേതാക്കളെയേ നമുക്ക് കിട്ടൂ!
നമ്മുടെ സ്വാർത്ഥപ്രേരിതമായ കർമ്മങ്ങളെ, ബോധപൂർവം ചിന്തിച്ചാൽ, യജ്ഞഭാവത്തിലേക്കു മാറ്റാവുന്നതേയുള്ളൂ. മേൽപ്പറഞ്ഞ അറിവോടെ, ഹൃദയ നൈർമ്മല്യത്തോടെ, അമ്പലത്തിൽ പോകൂ. ഇങ്ങിനെയൊരു ജീവിതം തന്നതിനും നിന്നെ കാണാൻ കഴിയുന്നതിനും നന്ദി പറഞ്ഞു കാണിക്കയിട്ടു തൊഴുതോളൂ. സാധു പൂജാരിക്കും കൊടുക്കണം ദക്ഷിണ. പക്ഷേ കൂടുതൽ ഒന്നും പറയാനും ചോദിക്കാനും പോകേണ്ട. ശ്രീകൃഷ്ണനെ കണ്ട കുചേലൻ ആ ചൈതന്യമാർന്ന മുഖത്തു ഭക്തിയോടെ നോക്കിയിരുന്നതേയുള്ളൂ. ദരിദ്രനാരായണനായിട്ടും ഒന്നും ചോദിച്ചില്ല. പക്ഷേ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ കണ്ടതെന്താണെന്നു എല്ലാവർക്കും അറിയാമല്ലോ? ചോദിച്ചാലേ കിട്ടൂ എന്നതു നമ്മൾ മനുഷ്യരുടെ നിയമമാണ്. ഈശ്വരന്റെയും പ്രകൃതിയുടെയും നിയമങ്ങൾ വേറെയാണ്.
നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി നാം തന്നെയാണ്. തിരുത്തേണ്ടതാണെങ്കിൽ നാം തന്നെ തിരുത്തണം. ലോകം മുഴുവൻ കാത്തുരക്ഷിക്കേണ്ട ഈശ്വരനെ നമ്മുടെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിപ്പിക്കുന്നതു നല്ല ഭക്തന്റെ ലക്ഷണമല്ല.
രാമായണമാസക്കുറിപ്പ് - 26
കഥകളും ശ്ലോകങ്ങളും വിശകലനങ്ങളും ഒക്കെ ധാരാളം പേർക്ക് ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ, അതിന്റെ പ്രായോഗികതലത്തിലേക്ക് ചെന്നു കഴിയുമ്പോൾ, അതു വേണ്ടാ, അതിലെങ്ങും തൊടണ്ടാ എന്ന അഭിപ്രായമാണ് പലർക്കും. ഈശ്വരവിഷയമാകയാൽ ഇങ്ങനെയൊക്കെയുള്ള ചിന്തകൾ പോലും പലർക്കും ഭയം ഉളവാക്കുന്നതാണ്. സൈക്കിൾ ചവിട്ടേണ്ടത് എങ്ങനെയെന്നു ക്ലാസ്സ് എടുക്കാം. പക്ഷെ താനല്ലാതെ ആരെത്ര പഠിച്ചാലും തനിക്കു സൈക്കിൾ ചവിട്ടാൻ കഴിയുമോ, ഇല്ല. സൈക്കിൾ പഠിക്കുമ്പോൾ വീണു കാലും കൈയ്യും മുറിഞ്ഞാലും ഒടിഞ്ഞാലും നമ്മൾ പഠിത്തം വിടില്ല; കാരണം ഭാവിയിൽ അത് ഗുണം ചെയ്യും എന്ന ബോധ്യം ഉള്ളതുകൊണ്ട്. പക്ഷെ ഈശ്വരവിഷയത്തിൽ മാത്രം ഞങ്ങൾ പഠിക്കില്ല, പഠിച്ചവർ (ഇപ്പം കൂടുതലും ഒന്നും പഠിക്കാത്തവരാ) പറയുന്നത് കേട്ട് അനുസരിക്കുന്നതാണ് നല്ലതു എന്ന് നമ്മൾ ചിന്തിക്കുന്നതെന്തു കൊണ്ടാണ്. ഇതു പഠിച്ചിട്ടു അത്ര ഗുണമൊന്നുമില്ലെന്നു മനസ്സിലാക്കിയിട്ടോ? ബോധത്തെ ഉണർത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സ്വന്തം മതത്തെക്കുറിച്ചു അൽപ്പം പഠിക്കൂ എന്നു മാത്രമാണീ പറയുന്നത്. ഞങ്ങളല്ല, ഞങ്ങളുടെ കുഞ്ഞുങ്ങളും ഇതൊന്നും പഠിക്കരുത് എന്നു മാതാപിതാക്കൾ ചിന്തിക്കുന്നതെന്തു കൊണ്ടാണ്? ഈശ്വരവിഷയത്തിൽ ഒരിക്കലും രക്ഷപെടാൻ കഴിയാത്ത വിധം അടിമത്തത്തിലേക്ക് ആഴ്ന്നു പോയതു കൊണ്ടോ? നൂറ്റാണ്ടുകളായി നമ്മുടെ ജീനുകൾ പോലും 'ഭയപ്പെടുത്തുന്ന' ഈശ്വരസങ്കൽപ്പത്തിലുറച്ചു മാറിപ്പോയി. കഴിഞ്ഞ പോസ്റ്റിൽ എന്റെ സുഹൃത്തു അഭിപ്രായപ്പെട്ടതുപോലെ ചെറുപ്പം മുതൽ കണ്ടും കേട്ടും ശീലിച്ച ശീലം അത്രവേഗം ഇളക്കാനൊന്നും കഴിയില്ല. അത് ശരിയാണ്. അതിനാൽ നമ്മുടെ കാര്യം കള, വരും തലമുറയെങ്കിലും അൽ പ്പം ബോധമുള്ളവരാകുന്നതിൽ എന്താണ് തെറ്റ്? എഞ്ചിനീറിംഗും കമ്പ്യൂട്ടറും ഒക്കെ കോളജിൽ പഠിപ്പിക്കും. പക്ഷേ ബോധം ആരു പകർന്നു നൽകും? ആഴ്ചയിലൊരിക്കൽ അമ്പലത്തിൽ പോയാൽ കിട്ടുന്നതാണോ അത്?
നാലഞ്ചു വർഷങ്ങൾക്കു മുൻപ് ഞാൻ ജോലിനോക്കുന്ന ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറുമായി ഒരു സംഭാഷണത്തിന് എനിക്ക് സാഹചര്യം കിട്ടി. ഈ സ്ഥാപനത്തിന്റെ ബൗദ്ധികമായ ഉൽപ്പാദനക്ഷമത എങ്ങിനെ വർദ്ധിപ്പിക്കാം എന്ന വിഷയത്തിലേക്കു ചർച്ച തിരിഞ്ഞു. ഞാൻ പറഞ്ഞു; സാർ, ഇതു സംഭവ്യമാണ്. ഒരേ ഒരു വഴി, ശാസ്ത്രജ്ജരെ ആത്മീയവിഷയത്തിൽ ബോധവാന്മാരാക്കണം. ഇതൊന്നൊഴികെ മറ്റെല്ലാ കഴിവുകളും നമ്മുടെ ശാസ്ത്രജ്ജർക്കുണ്ട്. എല്ലാ കഴിവുകളും വേണ്ടുവോളം ഉണ്ടെങ്കിലും ബോധമണ്ഡലത്തിലെ ഈ ഒരു കുറവ് അവരുടെ കർമ്മശേഷിയെ വല്ലാതെ നശിപ്പിക്കുന്നുണ്ട് സാർ. അദ്ദേഹം ആകാംക്ഷയോടെ ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ടു പറഞ്ഞു, 'പലരും പല വഴികളും എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും മോഹൻദാസ് പറഞ്ഞ ഈ വഴി എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല'. ശരിയാണ് സാർ, നമുക്ക് ചുറ്റും ഒന്നു നോക്കൂ, എത്ര മിടുമിടുക്കന്മാരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് അഴിമതിക്കേസിൽ വിചാരണ നേരിടുന്നത്, ജയിലിൽ കിടക്കുന്നത്? എത്ര പ്രഗത്ഭന്മാരായ ഡോക്ടർമാരാണ് പാവം രോഗികളെ കള്ളത്തരം പറഞ്ഞു പിഴിയുന്നത്? നന്മയുടെ വശങ്ങൾ മനസ്സിൽ പതിയാതെ, മത്സരബുദ്ധിയോടെ ഡിഗ്രികൾ നേടാൻ മാത്രം പഠിപ്പിക്കുന്നതിന്റെ, പഠിക്കുന്നതിന്റെ തകരാറാണിത്. മനസ്സിലെ കളങ്കം പല വിധത്തിൽ കർമ്മപഥത്തിൽ പതിയും സാർ. എത്ര വലിയ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉണ്ടെങ്കിലും ബോധം ശരിക്കും ഉണർന്നിട്ടില്ലെങ്കിൽ അതിന്റെ കുറവ് ജോലിയിൽ ശരിക്കും പ്രതിഫലിക്ക തന്നെ ചെയ്യും. ഉൽപ്പാദനം കൂട്ടാനായി വലിയ കമ്പനികൾ അവരുടെ ഉദ്യോഗസ്ഥർക്ക് ഇങ്ങനെയുള്ള ട്രെയിനിങ് നൽകാറുണ്ടെന്നു കേൾക്കുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുള്ള മോറൽ എഡ്യൂക്കേഷന് പണ്ടുള്ള സ്ഥാനം ഇന്നില്ലല്ലോ?
അദ്ദേഹത്തിന് എന്റെ proposal വളരെ ഇഷ്ട്ടപ്പെട്ടു. അതിനാവശ്യമായ വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ എന്നോടാവശ്യപ്പെട്ടു. Working atmosphere മെച്ചപ്പെടുത്താനുള്ള രണ്ടു പ്രായോഗിക പദ്ധതികൾ കൂടി ഉൾപ്പെടുത്തി ഞാൻ റിപ്പോർട് തയ്യാറാക്കി, രണ്ടു മൂന്നുവട്ടം ഞങ്ങൾ ചർച്ചയും ചെയ്തു. പക്ഷെ ഒന്നും നടന്നില്ല എന്നതു വേറെ കാര്യം. നമ്മുടെ ഈശ്വരവിഷയം പോലെ തന്നെ, ശീലിച്ചതിൽ നിന്നും മാറി ചിന്തിക്കുന്നത് ബഹൂഭൂരിപക്ഷം മനുഷ്യർക്കും ഇഷ്ടമല്ല എന്നതു തന്നെ കാര്യം. 'വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം? എന്നു കവി പാടിയത് നമ്മളെ കണ്ടുകൊണ്ടു തന്നെയാണ്.
രാമായണമാസക്കുറിപ്പ് -27
എന്നോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തുക്കളെ എന്റെ മകന്റെ കല്യാണത്തിനു ക്ഷണിക്കാൻ പോയി. സ്വാഭാവികമായും മകന്റെ ജോലി എന്താണെന്ന് പലരും തിരക്കി. ഇന്ത്യൻ നേവിയിൽ ഓഫീസർ ആണെന്നു പറഞ്ഞപ്പോൾ പലരും പുരികം ചുളിച്ചു. ചിലർക്ക് ഈ നേവി എന്നു പറഞ്ഞതു മനസ്സിലായില്ല, മറ്റു ചിലർക്ക് ഇങ്ങനൊരു തൊഴിലിൽ മകനെ വിട്ടതിന്റെ കാരണമാണ് മനസ്സിലാകാത്തത്. നേവി എന്ന് പറഞ്ഞത് മനസ്സിലാക്കാത്തവർ, അതെന്താണെന്നു ചോദിച്ചു. നമ്മുടെ രാജ്യത്തിന്റെ സേനാവിഭാഗങ്ങളിൽ ഒന്നാണെന്ന് പറഞ്ഞപ്പോൾ, 'ഓ, ദാറ്റ്'സ് റൈറ്റ്, ദി ഷിപ് ആൻഡ് ഓൾ ദാറ്റ് സ്റ്റഫ് യു മീൻ' എന്നായി ചില മിടുക്കന്മാർ. പക്ഷേ , അതിനെ 'ആർമി' എന്നല്ലേ വിളിക്കുന്നത് എന്നായി വേറെ ചിലർ. ചിലർക്ക് എന്നിട്ടും പിടികിട്ടുന്നില്ല, 'യു മീൻ മർച്ചന്റ് നേവി?' (ഇതു പലരും കേട്ടിട്ടുണ്ട്, കാരണം വലിയ ശമ്പളം കിട്ടുന്ന ജോലിയാണത്രെ !). അല്ലെന്നു പറഞ്ഞു ഞാൻ കുറേക്കൂടി കാര്യമായി പറഞ്ഞു കൊടുത്തു. നാലു ലക്ഷം പേർ ശ്രമിച്ചാൽ നാനൂറു പേർക്കു മാത്രം സെലെക്ഷൻ കിട്ടുന്ന പണിയാണെന്നും ട്രെയിനിങ് ഒക്കെ നല്ല കഷ്ടപ്പാടുള്ളതാണെന്നും പറഞ്ഞു. 'ഓ, സൊ ഗ്രേറ്റ്'. എന്നാലും ഒരു സംശയം ബാക്കി, ഇങ്ങനെ കഷ്ടപ്പാടുള്ള പണിക്കെന്തിനാ മോനെ വിട്ടത്? (AC മുറിയിൽ കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു ചെയ്യുന്ന ജോലി മാത്രമേ അന്തസ്സുള്ള ജോലിയായി ഇന്ന് പരിഗണിക്കപ്പെടൂ) ഞങ്ങടെ സെന്റർ ഡയറക്ടറും ആകാക്ഷയോടെ എന്നോടു ചോദിച്ചു, 'ഹൗ കം എ സയന്റിസ്റ്റ്സ് സൺ ബിക്കം എ മിലിട്ടറി ഓഫീസർ'?
നമ്മുടെ രാജ്യത്തിലെ വിദ്യാസമ്പന്നതയും ശാസ്ത്രബോധവും ഏറെയുള്ള ഒരു സമൂഹത്തിലുള്ളവരാണ് ഈ ചോദ്യം ചോദിക്കുന്നതെന്നറിയണം. നമ്മുടെ രാജ്യത്തിനു മൂന്നു സേനാവിഭാഗങ്ങൾ ഉണ്ടെന്നറിയാത്തവർ! എങ്ങിനെയുണ്ട് കഥ? ബ്രിട്ടൻ പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ രാജാക്കന്മാർ പോലും ജോലി ചെയ്ത് അഭിമാനമായി കൊണ്ടു നടക്കുന്ന ഒരു തൊഴിലിനോടുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ്? സിയാച്ചനിലും അതുപോലെ മനുഷ്യവാസം പോലും സാദ്ധ്യമല്ലാത്ത അതിർത്തി പ്രദേശങ്ങളിലും, ശത്രുവിൻറെ തോക്കിനു മുൻപിൽ ജാഗരൂകരായി നിൽക്കുകയും പിടഞ്ഞു മരിക്കാൻ ധൈര്യം കാട്ടുകയും ചെയ്യുന്ന പട്ടാളക്കാരന്റെ ബലത്തിലാണ് നമ്മൾ ഇങ്ങിനെ സുഖജീവിതം ആസ്വദിക്കുന്നതെന്ന് അവർക്കാരും പറഞ്ഞു കൊടുത്തിട്ടില്ല. അവർക്കതറിയുകയും വേണ്ടാ. അതൊക്കെ അങ്ങു വടക്കേ ഇന്ത്യയിലുള്ള ആരുടെയൊക്കെയോ പണിയാണ്. 'വൈ ഷുഡ് വി നോ സച് അൺറീലേറ്റെഡ് തിങ്ങ്സ്' - ഇതാണ് ലൈൻ. ആത്മീയ ബോധമില്ലാത്തവനു രാഷ്ട്രബോധവും രാജ്യസ്നേഹവും അന്യമാകും.
സഹജീവികളോടുള്ള കാരുണ്യത്തിന്റെ മതമായ സനാതനമതത്തെ നിരാകരിച്ചു സ്വാർത്ഥതയുടെയും ഉച്ചനീചത്വങ്ങളുടെയും മതത്തെ പുൽകിയ നമ്മുടെ നാടിനു സംഭവിക്കുന്ന ഗതികേടാണിത്. 'വസുധൈവ കുടുംബ കം' എന്നാൽ 'ഞാനും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം' എന്ന തരത്തിലേക്ക് കാര്യങ്ങൾ അധ:പതിച്ചിരിക്കുന്നു. ഞങ്ങടെ ഈ കുടുംബത്തിന് സമൂഹവും രാജ്യവുമായി വലിയ ബന്ധമൊന്നും ഇല്ലെങ്കിലും രാജ്യത്തിന്റെ എല്ലാ ഗുണഗണങ്ങളും അനുഭവിക്കുക എന്നത് ഞങ്ങടെ ജന്മാവകാശമാണ്!!! ലൈൻ അതാണ്. ആത്മാവിൻറെ മരണമില്ലാഴ്മയെ ലോകത്തിനു ബോദ്ധ്യപ്പെടുത്തിയ നാട്ടിൽ ആത്മാവു മരിച്ച മനുഷ്യരെയാണിന്നു കൂടുതലും കാണുന്നത്!
ഇനി കേരളത്തിലേക്ക് വരാം. മൂന്നു ആത്മീയാചാര്യന്മാരെ കേരളം ലോകത്തിനു സംഭാവന ചെയ്തു, ശ്രീ ശങ്കരാചാര്യർ, ശ്രീ. ചട്ടമ്പി സ്വാമികൾ, ശ്രീ. നാരായണഗുരു ദേവൻ. വൈദികമതത്തിന്റെ സ്വാർത്ഥപൂർണ്ണമായ അധിനിവേശത്തിൽ മനുഷ്യസമൂഹങ്ങൾ നശിക്കുന്നതു കണ്ട്, ആ ഇരുട്ടിൽ നിന്ന് മനുഷ്യാത്മാക്കളെ മോചിപ്പിച്ചു ബോധത്തിന്റെ വെളിച്ചത്തിലേക്കു നടക്കാനാണ് അവർ പ്രേരിപ്പിച്ചത്, ആഹ്വാനം ചെയ്തത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയാണവർ പൊരുതിയത്. പക്ഷേ ഇന്നെന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത്? ഇന്നു നടക്കുന്നതിനൊന്നും വൈദികമതക്കാരെയല്ല കുറ്റം പറയേണ്ടത്, തങ്ങളുടെ സ്വാർത്ഥമോഹസാഫല്യങ്ങൾക്കു വേണ്ടി അവരുടെ പിറകേ കൂടിയിരിക്കുന്ന 'ഭക്ത' ജനത്തെയാണ്. എത്ര വേണമെങ്കിലും തരാം, എൻറെ കാര്യം ഒന്നു സാധിച്ചു തരണം! ആത്മീയ കച്ചവടങ്ങൾ കൊഴുക്കുന്നതിനനുസരിച്ചു ആത്മബോധം മറയുന്ന കാഴ്ചയാണ് ഇന്നെവിടെയും കാണുന്നത്-ചിന്തിക്കുന്നവന് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച. NSS, SNDP, യോഗക്ഷേമ സഭ തുടങ്ങിയ ജാതിസംഘടനകളും മറ്റു മത-രാഷ്ട്രീയ സംഘടനകളും അംഗങ്ങളിൽ ആത്മബോധം ഉണർത്താനുതകുന്ന കർമ്മപരിപാടികളിലേക്കു തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭഗവത് ഗീതയും രാമായണവും ഭാഗവതവും മറ്റെന്തായാലും വെറുതേ പാരായണം ചെയ്‌താൽ പോരാ, ശരിക്കും പഠിക്കുകയും പഠിപ്പിക്കുകയും തന്നെ വേണം.
ശ്രീ രാമാ രാമ രാമാ ശ്രീ രാമചന്ദ്രാ ജയ
ശ്രീ രാമാ രാമ രാമാ ശ്രീ രാമ ഭദ്രാ ജയ
ശ്രീ രാമാ രാമ രാമാ രാവണാന്തകാ രാമാ
ശ്രീ രാമാ രാമ രാമാ ലോകാഭിരാമാ ജയ
ബോധസ്വരൂപനായ രാമൻ നിങ്ങളുടെ ജീവിതത്തെ ധന്യമാക്കട്ടെ എന്നാശംസിച്ചുകൊണ്ട് എൻറെ കുറിപ്പുകൾ തൽക്കാലം അവസാനിപ്പിക്കുന്നു. ഈ ആത്മീയാന്വേഷണത്തിൽ പങ്കെടുത്ത നിങ്ങളേവർക്കും നന്ദി. നമസ്ക്കാരം.