Sunday, April 22, 2018

എന്റെ ഫേസ്ബുക് പോസ്റ്റുകൾ -2



April 22, 2018
രാവിലെ വീണ്ടും ഒരു പോസ്റ്റിടാൻ ഞാൻ നിർബ്ബന്ധിതനായിരിക്കയാണ്.
ഇന്നലെ 'മനോരമ' ചാനലിൽ ശ്രീ. ജോണിയുമായുള്ള ,'നേരേ ചൊവ്വെ' അഭിമുഖത്തിൽ പങ്കെടുത്തു കൊണ്ട് ബഹു.ജസ്റ്റീസ്.കെ.റ്റി.തോമസ് പറഞ്ഞു കേട്ടു, നമ്മുടെ രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിനു വലിയ പങ്കു വഹിക്കുന്ന സംഘടനയാണ് ആർ.എസ്.എസ്. ഭരണഘടന, ജൂഡീഷ്യറി, സൈന്യം എന്നീ മൂന്നു ഘടകങ്ങൾ കഴിഞ്ഞാൽ ഇന്ത്യയുടെ സുരക്ഷിതത്വം നിലനിർത്തുന്ന നാലാമത്തെ പ്രധാന ഘടകം അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ RSS ആണ്. ഇന്ത്യയെ ഒരു രാഷ്ട്രമായിക്കണ്ട് RSS നെപ്പോലെ പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയെയും ഈ രാജ്യത്തിൽ അദ്ദേഹത്തിനു കാണാൻ കഴിയുന്നില്ലത്രേ.
ഇന്നലെ വൈകിട്ട് ഇതു കേട്ടിട്ട് രാവിലെ മൊബൈൽ നോക്കുമ്പോൾ ഇതിനു നേർ വിപരീതമായ ഒരഭിപ്രായം ചാനൽ ചർച്ചയിൽ നടന്നതിന്റെ ക്ലിപ്പ് കണ്ടു. 4500 ൽപ്പരം പേർ കണ്ടു ലൈക്കിട്ടിട്ടുള്ള ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത് എഴുത്തുകാരി ജെ. ദേവികയാണ്. മുഖച്ഛായയിൽ നിന്നും തിരുവനന്തപുരത്തെ Centre for Developmental Studies ലെ ഇക്കണോമിക്സ് പ്രൊഫസർ ജെ. ദേവികയാണെന്ന് ഞാൻ അനുമാനിക്കുന്നു (അല്ലെങ്കിൽ ദയവായി ക്ഷമിക്കുക). എന്റെ അച്ഛന്റെ ഓർമ്മക്കായി നാട്ടിലെ ഗ്രന്ഥശാലയിൽ (ഏവൂർ ദേശബന്ധു ഗ്രന്ഥശാല) ഞാൻ പണികഴിപ്പിച്ചു നൽകിയ റീഡിംഗ് റൂം സമർപ്പണ ചടങ്ങിലെ മുഖ്യാതിഥിയായി പങ്കെടുത്ത് ആ സംരഭത്തെ ആശീർവദിച്ച മാന്യമഹതി എന്ന നിലയിൽ എനിക്കിവരെ അറിയാം. കാഷ്മീരിലെ പെൺകുട്ടിയുടെ ബലാൽസംഗ വിഷയ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പ്രൊഫ. ദേവിക പറയുന്നതു കേട്ടു, ഈ രാജ്യത്ത് വെറുപ്പും അസിഹഷ്ണതയും വളർത്തി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് RSS ചെയ്യുന്നത്. വളരെ രൂക്ഷ ഭാഷയിൽ ഈ സംഘടനയെയും രാഷ്ട്രീയ പാർട്ടിയെയും എതിർക്കുന്ന പ്രൊഫ. ദേവിക, ഇവരൊക്കെ ഈ രാജ്യം വിട്ടു പോകുന്നതായിരിക്കും നന്നെന്നും അഭിപ്രായപ്പെട്ടു.
അഭിപ്രായം പറഞ്ഞ രണ്ടു പേരും നല്ല വിദ്യാഭ്യാസവും സാമൂഹിക പ്രതിബന്ധതയും മൂല്യബോധവുമുള്ളവരുമാണെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ രണ്ടു പേരിൽ ഒരാൾ പറഞ്ഞതല്ലേ ശരിയാകാൻ പറ്റൂ. ആരു പറഞ്ഞതാകാം ശരി? ഞാനാകെ confused ആണ്.
അഭിപ്രായം എഴുതുന്നതിൽ സമചിത്തത പാലിക്കണം എന്നഭ്യർത്ഥിക്കുന്നു.

April 21, 2018
ഇപ്പോൾ കേട്ട ഒരു ആഡിയോ ക്ലിപ്പിൽ നിന്ന്. ഒരു പെൺകുട്ടിയുടെ ബലാൽസംഗവു മായി ബന്ധപ്പെട്ടു ,' ഇന്ത്യ തലകുനിച്ചു' എന്ന തലക്കെട്ടോടെ മലയാളത്തിലെ ഒരു പ്രമുഖ പത്രം കൊടുത്ത വാർത്തയോട് കൊച്ചിയിലെ പത്രമാഫീസിലേക്കു വിളിച്ച് ഒരു പട്ടാളക്കാരൻ പ്രതിഷേധം അറിയിക്കുന്നതാണ് ശബദലേഖനത്തിലുള്ളത്. ഇന്ത്യ എങ്ങിനെയാണ് ഇങ്ങനൊരു സംഭവം കൊണ്ട് തലകുനിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇന്ത്യ തലകുനിക്കാതിരിക്കാൻ ജീവൻ പോലും പണയം വച്ചു കൊണ്ട് അഹോരാത്രം അതിർത്തിയിൽ പണി ചെയ്യുന്ന ലക്ഷക്കണക്കിനു പട്ടാളക്കാരെയാണ് പത്രം രാഷ്ട്രീയ പ്രേരിതമായ ഈ വാർത്തയിലൂടെ അപമാനിക്കുന്നത്. രാഷ്ട്രം തല കുനിക്കുന്നത, രാഷ്ട്രപതിയും പ്രധാനമന്ത്രിയും പട്ടാളവും തല കുനിക്കുമ്പോൾ മാത്രമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി രാഷ്ട്രത്തെ അപമാനിക്കുന്ന വാർത്ത കൊടുക്കുന്നത് മാന്യമായ പത്രധർമ്മമല്ല, അധമമായ പത്രപ്രവർത്തനമാണ്.
ഈ പട്ടാളക്കാരന്റെ വികാരത്തോടു ഞാൻ യോജിക്കുന്നു. ഇതൊരു വ്യാജ ശബ്ദലേഖനമാണെങ്കിൽ പോലും പറഞ്ഞിരിക്കുന്ന കാര്യം ശരി തന്നെയാണ്. ആത്മാഭിമാനമുള്ള പത്രപ്രവർത്തകർ ഇതു ശ്രദ്ധിക്കണം.

April 19, 2018
വിട്ടുവളപ്പിൽ കഴിയുന്ന പൂച്ചകളിലൊന്ന് ഇന്നലെ വീടിനകത്തു കയറി തുണിയും മറ്റും വച്ചിരിക്കുന്ന അലമാരയിൽ കയറി ഇരുപ്പായി. വീട്ടിനു വെളിയിലാണു കഴിയുന്നതെങ്കിലും ഇവരെല്ലാം ഇവിടെ തന്നെ ജനിച്ചു വളർന്ന എന്റെ പ്രേമഭാജനങ്ങളാണ്. എങ്കിലും ധിക്കാരപൂർവ്വം അലമാരിയിൽ കയറിയതിൽ ദേഷ്യപ്പെട്ട് ഞാനവളെ പിടിച്ചു വെളിയിലേക്കിടാൻ നോക്കി. എന്നെ സഹതാപപൂർവ്വം നോക്കിയതല്ലാതെ ആ പാവം ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. പക്ഷേ അതിനെ പൊക്കി മാറ്റാൻ ശ്രമിക്കുമ്പോഴാ മനസ്സിലായത്, അതു പ്രസവിച്ചുകൊണ്ടിരിക്കയാണ്. വല്ലാത്ത അപരാധബോധത്താൽ അവളെ താഴെ നിർത്തി ഒന്നു തലോടി ഞാൻ പിൻവാങ്ങി. പ്രസവിച്ചുകൊണ്ടിരിക്കുന്ന പൂച്ചയെ കടന്നുപിടിച്ചിട്ടു പോലും എന്നെ ആക്രമിക്കുന്നില്ല! അവൾക്കെന്നെ അത്ര വിശ്വാസമാണ്. ഞാനൊരിക്കലും അതിനു ദോഷം ചെയ്യുന്നതൊന്നും ചെയ്യില്ലന്നതിനു ദൃഢവിശ്വാസമുണ്ട്. അതേ, ഇന്നു വരെ ഒരു ദിവസം പോലും ഇവർക്കു വയർ നിറയെ ആഹാരം കൊടുക്കാതെ ഞാൻ ആഹാരം കഴിച്ചിട്ടില്ല. ഒരു നാൾ പ്രത്യേക സാഹചര്യത്തിൽ ഇവർക്ക് രാത്രി ആഹാരം കൊടുക്കാൻ കഴിഞ്ഞില്ല; ഞാനും അന്ന് ആഹാരം കഴിച്ചില്ല. ജന്തുക്കളാണെങ്കിലും ഇവർക്കി തെല്ലാം നല്ലതുപോലെ അറിയാം.

April 16, 2018
കുറച്ചു നാളുകൾക്കു മുമ്പൊരു FB സുഹൃത്തെന്നോടു പറഞ്ഞു, 'രാജ്യത്ത് അപകടകരായ പല അനീതികളും പ്രവണതകളും ഉയർന്നു വരുന്നു. സാറിനെപ്പോലെ എഴുത്തിലൂടെ സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ളവർ പ്രതികരിക്കാതിരിക്കുന്നത് തെറ്റാണ്'. ഞാൻ ഈ വിഷയത്തെക്കുറിച്ചു വളരെ ചിന്തിച്ചിട്ടുണ്ട്. സ്വന്തം കണ്ണകൊണ്ട് നേരിട്ടു കണ്ടാൽപ്പോലും ഒരു വിഷയത്തിന്റെ നിജസ്ഥിതി അറിയാൻ കഴിയാൻ സാധിക്കാത്ത വിധം പലവിധ സാമൂഹിക ഇടപെടലുകൾ എന്തിനും ഏതിനും മൂടുപടം സൃഷ്ടിക്കുന്ന കാലഘട്ടമാണിത്. ഒരു സംഭവത്തിന്റെ നിജസ്ഥിതി നമ്മൾ അറിയുന്നതിലും വളരെ വ്യത്യസ്തമാകാം. സത്യം എവിടെയാണെന്ന് അറിയാതെ എങ്ങിനെയാണ് പ്രതികരിക്കാൻ കഴിയുക? അതു കൊണ്ട് തീർത്തും അറിവില്ലാത്ത കാര്യത്തിനെതിരായി അപക്വമായി പ്രതികരിക്കുന്നതിലും നല്ലത്, സാമൂഹികനന്മയുടെ പക്ഷത്തുനിന്നു കൊണ്ട് ആശയ വിനിമയം നടത്തുകയായിരിക്കും ശരിയെന്നു തോന്നി. അന്ധകാരാത്തെ മാറ്റാൻ അതിന്റെ പിറകേ പോകാതെ ഒരു തിരി കത്തിച്ചു വച്ചാൽ പോരേ? വെളിച്ചമുള്ളിടത്ത് അന്ധകാരം നിലനിൽക്കില്ല. വെളിച്ചത്തോളം, സത്യത്തോളം ശക്തിയുള്ള മറ്റൊരായുധവും മനുഷ്യൻ ഇതുവരെ നിർമ്മിച്ചിട്ടില്ല.

April 13, 2018
മദ്രാസ് ക്രിസ്ത്യൻ കോളജിൽ പഠിക്കുന്ന മകൻ, അവനോടൊപ്പം പഠിക്കുന്ന കൂട്ടുകാരെല്ലാം ചേർന്ന് ഇന്നലെ വീട്ടിൽ വന്നു ഇവിടം കലക്കി മറിച്ചിട്ടു പോയി. വന്നവരിൽ ഒരാൾ നല്ലൊരു cook ആണ്. 'അച്ഛനും അമ്മയും ഒന്നും ചെയ്യേണ്ട, കുറച്ചു കാശ് തന്നാൽ മാത്രം മതി, ബാക്കിയൊക്കെ ഞങ്ങൾ ചെയ്തോളാം' എന്നായി. ആണും പെണ്ണും അടങ്ങുന്ന ഇരുപത്തെട്ട സംഘം യാതൊരു മടിയും കൂടാതെ കയ്യും തലയും മുറുക്കി ഇറങ്ങി ഗംഭീരമായ ഉച്ചഭക്ഷണം തയ്യാറാക്കി ഇലയിട്ടു വിളമ്പിക്കഴിക്കുന്നതു കാണുന്നതു തന്നെ സുന്ദരമായ ഒരു കാഴ്ചയായിരുന്നു. വിദ്യാഭ്യാസ കാലത്തെ നിഷ്ക്കളങ്കമായ സൗഹൃദം ഇവരുടെയെല്ലാം പെരുമാറ്റത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു. ഇന്നിപ്പോൾ വിളിച്ചപ്പോൾ മകൻ പറഞ്ഞു, 'എല്ലാവർക്കും വീട്ടിൽ വന്നത് വളരെ സന്തോഷമായി. എല്ലാരും എന്നെ വിളിച്ച് അവരുടെ സന്തോഷം പ്രത്യേകം പ്രത്യേകം അറിയിച്ചു. ഞങ്ങളുടെ ക്ലാസ്സിലുള്ള അഞ്ചു മലയാളികൾ മാത്രമാണ് അവിടെ വരാതിരുന്നത്. അവരിവിടെ നടന്ന് ഞങ്ങളെയെല്ലാം പുശ്ചിച്ചു സംസാരിക്കയാ. എന്താച്ഛാ നമ്മൾ മലയാളികൾ മാത്രം ഇങ്ങിനായിപ്പോയത്? തമിഴ്നാട്ടിൽ ജനിച്ചു വളരാൻ കഴിഞ്ഞതിലിപ്പോൾ ശരിക്കും സന്തോഷവും അഭിമാനവും തോന്നുന്നു'.
ഞാനിപ്പോൾ എന്താ പറക?

April 12, 2018
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ പൂജയുടെയും മന്ത്രങ്ങളുടെയും ഹോമങ്ങളുടെയും ലോകത്തിലായിരുന്നു; ക്ഷേത്ര പ്രതിഷ്ഠാദിനം, കുടുംബക്കാവിൽ സർപ്പപൂജ, ബന്ധുഗൃഹത്തിലെ ദോഷപരിഹാര പൂജകൾ..... മനുഷ്യനുൾപ്പെടുന്ന ചരാചരങ്ങങ്ങൾക്കുള്ളിൽ വസിച്ചുകൊണ്ട് അവയെ എല്ലാത്തിനെയും പ്രകാശിപ്പിക്കുന്ന ചൈതന്യമാണ് ഈശ്വരനെന്നും ആ ഈശ്വരനെ പ്രീതിപ്പെടുത്തുക എന്നു പറഞ്ഞാൽ അതിനർത്ഥം പരമാവധി സ്വാർത്ഥത കുറച്ചു, പ്രകൃതിക്കും ജീവജാലങ്ങൾക്കും ദോഷമുണ്ടാക്കാതെ, അവയോടൊക്കെ സ്നേഹഭാവത്തോടെ സഹവർത്തിക്കുക എന്നുമാണെന്നും ഉദ്‌ഘോഷിക്കുന്ന ഹൈന്ദവധർമ്മവും (സനാതനധർമ്മം) സ്വാർത്ഥലക്ഷ്യങ്ങൾക്കായി നമ്മിൽ നിന്നന്യരായ ഈശ്വരന്മാരെ പ്രീതിപ്പെടുത്താനുദ്ദേശിച്ചുകൊണ്ടുള്ള ഇമ്മാതിരി ആചാരങ്ങളും എങ്ങിനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതായിരുന്നു ഇതിലൊക്കെ പങ്കെടുക്കുമ്പോഴും എന്റെ ചിന്ത (ഈ ആചാരങ്ങളൊക്കെ സൃഷ്ട്ടിച്ച പഴമക്കാർക്കു മനുഷ്യനും പ്രകൃതിയും ഈശ്വരനുമായുള്ള ബന്ധം നല്ലതുപോലെ അറിയാമായിരുന്നെങ്കിൽ ഇന്നത്തെ സ്ഥിതിയതല്ല. പണ്ടുള്ളവർ കിട്ടിയതിനെല്ലാം ഈശ്വരനോട് നന്ദി പ്രകാശിപ്പിക്കാനായിരുന്നു ഇതൊക്കെ ചെയ്തിരുന്നതെങ്കിൽ ഇന്നുള്ളവർ അർഹതയില്ലാത്തതു കിട്ടാനായി ഈശ്വരനെ പ്രീണിപ്പിക്കാൻ വൃഥാ ശ്രമിക്കുകയാണ്). വിശ്വാസവുമായി യാതൊരു ബന്ധവുമില്ലാത്ത സനാതനധർമ്മമാണ് എന്റെ മതമെങ്കിലും ഭൂരിപക്ഷം ഹിന്ദുക്കളും നെഞ്ചിലേറ്റി നടക്കുന്ന ഈ വിശ്വാസസംസ്കാരത്തിന്റെ സാംസ്കാരിക-സാമൂഹിക തലങ്ങളെ ബഹുമാനിക്കുന്ന ആളെന്ന നിലയ്ക്ക് ഇങ്ങിനെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിലെനിക്കു വൈഷമ്യമൊന്നും തോന്നാറുമില്ല. ഏതായാലും കുറെ ഹിന്ദുമതഭക്തരെ ഒരുമിച്ചു കിട്ടിയ ഇടമല്ലേ എന്നു കരുതി ഞാൻ ചില ഭക്തരോടു സനാതനധർമ്മമെന്നാൽ എന്താണെന്നൊന്നു സൂചിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ആരു കേൾക്കാൻ? കുറെ കാശു മുടക്കി പൂജകളും ഹോമങ്ങളും ചെയ്‌താൽ സകല ദുരിതങ്ങളും മാറി സൗഭാഗ്യങ്ങളെല്ലാം അനായാസം കരഗതമാകുമെന്നുള്ളപ്പോൾ പിന്നെയെന്തിനീ പഴഞ്ചൻ സനാതനധർമ്മമൊക്കെ അറിയണം? ഇന്ദ്രിയങ്ങളുടെ മോഹവലയത്തിൽപ്പെട്ടു സ്വാർത്ഥതയിൽ മുഴുകിക്കഴിയുന്ന മനസ്സിനെ വിവേകപൂർവ്വമായ ചിന്തയിലൂടെ കഴിയുന്നിടത്തോളം നിസ്വാർത്ഥമാക്കി പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഹ്വാനം ചെയ്യുന്ന സനാതനധർമ്മ തത്വചിന്തയുടെ സ്ഥാനം, എങ്ങിനെയെങ്കിലും സ്വന്തം കാര്യം നേടണം എന്ന സ്വാർത്ഥ ചിന്ത ഇന്നു കയ്യടക്കിയിരിക്കുന്നു! ഇന്നത്തെ സമൂഹത്തിൽ കാണുന്ന ഏതു ദോഷത്തിന്റെയും കാരണം തേടിപ്പോയാൽ അവസാനം ചെന്നെത്തുക മനുഷ്യന്റെ ഒടുങ്ങാത്ത സ്വാർത്ഥതയിലാണ്. മുലപ്പാൽ മുതൽ അവസാനം വായിൽ ഇറ്റിച്ചു തരുന്ന ഗംഗാജലം വരെ വിഷമയമാക്കുന്നത് ഈ മനുഷ്യസ്വാർത്ഥതയാണ്. സനാതനധർമ്മവാദത്തിന്റെ പ്രസക്തി എന്താണെന്ന് ഇനി കൂടുതൽ പറയേണ്ടതില്ലല്ലോ?

April 11, 2018
സംസാരത്തിനിടയിൽ വളരെ വിദ്യാസമ്പന്നനായ സുഹൃത്തു ചോദിച്ചു; സാറെങ്ങിനാ ഈ Spirituatity യിൽ ചെന്നുപെട്ടത്? ഇതേതാണ്ട് മോശമായ കാര്യമാണെന്നാണ് ചോദ്യത്തിന്റെ ധ്വനി. ഞാനദ്ദേഹത്തിന് പറഞ്ഞു കൊടുത്തു; 'നമുക്കു ചുറ്റുമുള്ളതിനെല്ലാം തന്നെ നമുക്കു കാണാൻ കഴിയുന്ന matter നാൽ നിർമ്മിക്കപ്പെട്ട ഒരു ഭൗതിക ശരീരവും ആ ശരീരത്തിനെ പ്രവർത്തിപ്പിക്കുന്നതും എന്നാൽ നമുക്കു കാണാൻ കഴിയാത്തതുമായ ഒരു ഊർജ്ജവുമുണ്ടു്. ഫാൻ കറങ്ങുന്നതു നമുക്കു കാണാവുന്നതാണെങ്കിലും ആ കറക്കത്തിനു ഹേതുവായ electricity നമുക്കൂ കാണാനാകുന്നതല്ല. അങ്ങിനെ കാണാവുന്ന matter ഉം കാണാൻ കഴിയാത്ത spirit ഉം ചേർന്നതാണു് എല്ലാ ജീവശരീരവും. കംപൂട്ടറിന്റെ harware ഉം Software ഉം മറ്റൊരു ഉദാഹരണം. Software നെക്കുറിച്ചുള്ള അറിവില്ലെങ്കിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതു പോലെ ജീവശരീരത്തിന്റെ Software ആയ Spirit നെക്കുറിച്ചറിവില്ലെങ്കിൽ ആ ശരീരത്തെ ശരിയായി പ്രവർത്തിപ്പിക്കാൻ കഴിയില്ല. Spirit നെക്കുറിച്ചു പഠിക്കുന്ന discipline ആണ് spirituality. അതത്ര മോശമായ കാര്യമാണോ? Spirituality എന്നു പറഞ്ഞാൽ അമ്പലവും പള്ളിയും വിശ്വാസവും ഭക്തിയും എന്നൊക്കെ ചിന്തിക്കുന്നതാണ് താങ്കളുടെ പ്രശ്നം'. സുഹൃത്തിനു കാര്യം മനസ്സിലായെന്നു തോന്നുന്നു.

April 5, 2018
കുറച്ചു നാൾ മുൻപൊരു ന്യൂസ് കേട്ടു; സർവാഭരണവിഭൂഷിതയായ മണവാട്ടി കല്യാണമണ്ഡപത്തിലെ താലികെട്ടു കഴിഞ്ഞു, അടുത്തുള്ള സത്രത്തിലേക്കു നടക്കുന്ന വഴിയിൽ വച്ച്, അച്ഛനമ്മമാരെയും ബന്ധുമിത്രാദികളെയും എല്ലാം വിഡ്ഢികളാക്കിക്കൊണ്ടു, അവളെ പ്രതീക്ഷിച്ചു വഴിയിൽ കിടന്നിരുന്ന കാറിൽക്കയറി എങ്ങോട്ടോ പോയി. ആ പെൺകുട്ടിയുടെ എന്തോ വ്യക്തിപരമായ പ്രശ്നമാണെന്നേ അപ്പോൾ തോന്നിയുള്ളൂ. പക്ഷെ ഇന്നെന്റെ സുഹൃത്ത് നാട്ടിൽ പോയി വന്നിട്ട് ഇതുപോലെ മറ്റു രണ്ടു കഥകൾ കൂടി പറഞ്ഞു കേട്ടപ്പോൾ എന്തോ പന്തികേടു തോന്നി. കല്യാണസ്ഥലത്തേക്ക് ബന്ധുക്കളോടൊപ്പം പോകുകയായിരുന്ന മണവാട്ടി, വഴിയിൽ വാഹനം നിർത്തിയപ്പോൾ അതിൽ നിന്നും ഇറങ്ങി ഓടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു, അവിടെ തയ്യാറായി നിന്നിരുന്ന യുവാവിനോടൊപ്പമേ പോകയുള്ളൂ എന്ന നിലപാടെടുത്തത്രെ. മറ്റൊരു കേസിൽ പെൺകുട്ടിയുടെ ഇൻഗ്ലണ്ടിലുള്ള കാമുകന്റെ അടുത്തെത്താൻ, അവിടെത്തന്നെ ജോലി ചെയ്യുന്ന ഒരു പയ്യനുമായി വിവാഹത്തിൽ ഏർപ്പെട്ടു, ഇവിടെ നിന്നു അവിടെയെത്തിക്കഴിഞ്ഞപ്പോൾ ഭർത്താവിനെക്കളഞ്ഞു കാമുകനോടൊപ്പം പോയത്രേ. ഇനി എനിക്കു നേരിട്ടറിയാവുന്ന ഒരു കേസിൽ പ്രണയബന്ധത്തിന്റെ പേരിൽ വീട്ടുതടങ്കിലിലായിരുന്ന യുവതി തന്ത്രപൂർവം കല്യാണത്തിനു സമ്മതിച്ചു, നിശ്ചയവും കഴിഞ്ഞു പുറത്തൊക്കെ പോകാനുള്ള സ്വാതന്ത്ര്യം കിട്ടിയപ്പോൾ, ആ സ്വാതന്ത്ര്യം ഉപയോഗിച്ചു കാര്യങ്ങളെല്ലാം നീക്കി, കല്യാണത്തിനു രണ്ടുമാസം മുൻപേ ഗൾഫിലുള്ള കാമുകന്റെ അടുത്തുമെത്തി!
എങ്ങിനെയുണ്ട് കഥകൾ? പണ്ടൊക്കെ പ്രേമത്തിന്റെ പേരിൽ നിന്ന നിൽപ്പിൽ ഉടുതുണിയോടെ മാത്രമായിരുന്നു പെൺപിള്ളേർ കാമുകനൊപ്പം ഒളിച്ചോടിപ്പോയതെങ്കിൽ ഇപ്പഴത്തെ പിള്ളേർ കുറേക്കൂടി പ്രായോഗിക ബുദ്ധിയുള്ളവരാണ്. കല്യാണപ്പന്തലിൽ നിന്നും ചാടിപ്പോയാൽ നല്ല മൊതലോടു കൂടി പോകാമല്ലോ? അച്ഛനമ്മമാരുടെ വിഷമം? Who cares the old fools and their sentiments? നമുക്കടിച്ചു പൊളിച്ചു ജീവിക്കണം. അത്ര തന്നെ.
ആരെ വെട്ടിവീഴ്ത്തിയാണെങ്കിലും സ്വന്തം കാര്യം നേടുകയാണ് ജീവിതലക്ഷ്യം എന്നാണല്ലോ നമ്മളിന്നു മക്കളെ പറഞ്ഞു പഠിപ്പിക്കുന്നത്? അതിന്റെ പരിണിത ഫലമാണിത്. സുകൃതക്ഷയം.

April 1, 2018
വേദാന്തപണ്ഡിതനും ഹൈന്ദവാചാര്യനും സർവ്വോപരി സാമൂഹികാവബോധമുള്ള സന്യാസിശ്രേഷ്ഠനുമായ ചിദാനന്ദപുരി സ്വാമികളുടെ പ്രഭാഷണത്തിന്റെ ഒരു വീഡിയോ ക്ലിപ് ഇന്നലെ കണ്ടു. സനാതനധർമ്മം കുട്ടികൾക്കറിയില്ലെന്നും എങ്ങിനെ അതവർക്കു പറഞ്ഞുകൊടുക്കണം എന്നുമുള്ള ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം പറയുന്നതിപ്രകാരമാണ്; 'കുട്ടികൾക്കതു പറഞ്ഞു കൊടുക്കണമെങ്കിൽ ആദ്യം അത് മാതാപിതാക്കൾ പഠിക്കണം. താനേ പഠിച്ചേ മതിയാകൂ. മുകളിൽ നിന്നൊരവതാരം വന്ന് എല്ലാം പഠിപ്പിച്ചു തരും എന്നു വിചാരിച്ചിരിക്കയാണല്ലോ എല്ലാവരും? മുകളിൽ നിന്നൊരവതാരവും ഇന്നുവരെ ഇങ്ങോട്ടു വന്നിട്ടില്ല, ഇനി വരാനും പോകുന്നില്ല. ഒക്കെ വെറും തോന്നലാണ്. ഉപദേശിച്ചവരെല്ലാം ഇവിടുന്നു മുകളിലേക്കു പോയവർ മാത്രമാണ്, മുകളിൽ നിന്നും വന്നവരല്ല. ഇതൊക്കെ പറയുമ്പോൾ ചിലർക്കൊക്കെ പിടിക്കില്ലെന്നറിയാം, പക്ഷെ പറയാതിരിക്കാൻ കഴിയില്ലല്ലോ? ദിവസത്തിൽ ഒരല്പനേരമെങ്കിലും ഈ ധർമ്മം എന്താണെന്ന് മനസ്സിലാക്കാൻ ആർക്കും നേരമില്ലേ? അതു ചെയ്യാൻ കഴിഞ്ഞാൽ അടുത്ത വർഷം എന്നോടാരും ഈ ചോദ്യം ചോദിക്കേണ്ടി വരില്ല.ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുത്തരം നൽകി ഞാൻ മടുത്തു. ഇനി ഉത്തരം നൽകുന്നില്ല. മറ്റുള്ള മതങ്ങളിലെ കുട്ടികൾക്കു വളരെ ചിട്ടയോടെ അവർ മതബോധനം നടത്തുന്നതു നിങ്ങൾ കണ്ടു പഠിക്കണം'.
ഹൈന്ദവധർമ്മത്തെയും അതു നേരിടുന്ന സമകാലിക വെല്ലുവിളികളെയും ചൊല്ലി മുതലക്കണ്ണീരൊഴുക്കുന്ന ഹിന്ദുമത ഹിപ്പോക്രറ്റുകളോടാണ് ഈ സന്യാസിവര്യന്റെ സ്നേഹമസൃണമായ ആത്മരോഷം ജ്വലിക്കുന്നത്. നമ്മളൊക്കെ എന്താ ഇങ്ങനായിപ്പോയത്? ബന്ധുക്കളോടുള്ള സ്നേഹപാരവശ്യം കാരണം യുദ്ധം ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞു അമ്പും വില്ലും താഴത്തിട്ടു കൃഷ്ണന്റെ മുൻപിൽ കരഞ്ഞു നിൽക്കുന്ന അർജ്ജുനനെപ്പറ്റി വിവേകാനന്ദ സ്വാമികൾ പറഞ്ഞതു ശ്രദ്ധിക്കുക.
"Arjuna became a coward at the sight of the mighty array against him, his “love” made him forget his duty towards his country and king. That’s why Krishna told him that he was a hypocrite. Thou talkest like a wise man, but thy actions betray thee to be coward; therefore stand up and fight…When even man never hears the cries of fool, do you think God will?"
ഇതാണിപ്പോൾ ചിദാനന്ദപുരിസ്വാമി പറഞ്ഞതിന്റെ സ്വാരസ്യവും. അമ്പലത്തിൽപ്പോയി പ്രാർത്ഥിക്കുന്നതു നല്ലതു തന്നെ; പക്ഷെ അതുകൊണ്ട് സനാതനധർമ്മം വിഭാവനം ചെയ്യുന്ന വിവേകപൂർവ്വമായ ജീവിതം സാദ്ധ്യമാകില്ല. അതിനു പഠിക്കുക തന്നെ വേണം. ഈ വിഷയത്തിൽ എന്നാൽ കഴിയുന്നതു ഞാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. സനാതനധർമ്മം എന്തെന്നു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ ഈ ലേഖനം ഒന്നു വായിച്ചോളൂ. താല്പര്യമുള്ളവർക്കു കൂടുതലായി പഠിക്കാനുള്ള എല്ലാ അവസരങ്ങളും ഇന്നുണ്ട്.
(താഴെക്കാണുന്ന ചിത്രത്തിൽ ക്ലിക് ചെയ്താൽ ലേഖനം തുറന്നു കിട്ടും)

March 29, 2018
Spirituality (ആത്മീയത) എന്നു കേട്ടാൽ ഇന്നു പലരും നെറ്റി ചുളിക്കും; പ്രത്യേകിച്ചും വിദ്യാസമ്പന്നരായ ചെറുപ്പക്കാർ. മാന്യന്മാരായി അഞ്ചാറക്ക ശമ്പളവും വാങ്ങി 'സുഖ'മായി ജീവിക്കുമ്പോഴാ ഈ പഴഞ്ചൻ പരിപാടിയൊക്കെ? ആത്മീയത കൊണ്ട് വയറു നിറയുമോ? ഇങ്ങനെ പോകുന്നു അവരുടെ ചിന്തകൾ. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മറ്റു തൊഴിലൊന്നും ചെയ്തു ജീവിക്കാനറിയാത്ത കുറെപ്പേർ ജീവിതമാർഗ്ഗമാക്കി ദുഷ്‌പ്പേരുണ്ടാക്കിയതും ഇന്നും ദുഷ്പ്പേരുണ്ടാക്കിക്കൊണ്ടിരിക്കുന്നതുമായ കാര്യം മാത്രമാണല്ലോ അവരെ സംബന്ധച്ചിടത്തോളം ഈ ആത്മീയത? മദ്യക്കച്ചവടം കഴിഞ്ഞാൽ ഏറ്റവും വരുമാനം ഉണ്ടാക്കാവുന്ന ആത്മീയവ്യവസായം പൊടിപൊടിക്കുമ്പോൾ ചിന്താശക്തിയുള്ള യുവാക്കൾക്ക് ഇതിനോടൊക്കെ അവജ്ഞ തോന്നിയാൽ അവരെ കുറ്റം പറയാൻ കഴിയുമോ? ഇനി ചിന്താശക്തി കുറഞ്ഞ മറ്റൊരു കൂട്ടരോ, അന്ധവിശ്വാസത്തിൽ അഭിരമിച്ചു, അൽപ്പം പോലും കഷ്ട്ടപ്പെടാതെ, മോഹങ്ങളെല്ലാം സാധിച്ചു കിട്ടാനായി ഈശ്വരന്റെ പിറകെ കൂടിയിരിക്കയുമാണ്. മുലപ്പാൽ പോലും വിഷമയമായിക്കഴിഞ്ഞിരിക്കുന്ന വർത്തമാനകാല യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ, യഥാർത്ഥ ആത്മീയത എന്താണെന്നു മനസ്സിലാക്കുകയും അതിനനുസൃതമായി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നില്ലെങ്കിൽ, നമ്മെ കാത്തിരിക്കുന്നത് കൊടിയ വിപത്തുകളും കണ്ണീർക്കയങ്ങളും മാത്രമാണെന്ന തിരിച്ചറിവ് ചിന്താശക്തിയുള്ള യുവാക്കൾക്കെങ്കിലും ഉണ്ടാകണം. ഭൗതികനേട്ടങ്ങളെല്ലാം നേടിക്കഴിയുമ്പോൾ, അതൊന്നും അനുഭവിക്കാൻ കഴിയാത്ത സാഹചര്യമാണ് മുന്നിലെങ്കിൽ, പിന്നെയീ കഷ്ട്ടപ്പെട്ടു നേടിയ നേട്ടങ്ങൾകൊണ്ടൊക്കെ എന്തു പ്രയോജനം? എന്താണീ യഥാർത്ഥ ആത്മീയത? എനിക്കറിയാവുന്ന വിധത്തിൽ ഇവിടെയും എന്റെ ബ്ലോഗിലും (www.dhanyaasi.blogspot.in) ഞാനിതാണ് എഴുതിക്കൊണ്ടിരിക്കുന്നത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമായല്ലാതെ, പച്ച മനുഷ്യരായി, ഇതൊക്കെ വായിച്ചു നോക്കിയാൽ തീച്ചയായും നിങ്ങൾക്കു കാര്യം പിടി കിട്ടും.

March 28, 2018
പരിക്കു പറ്റി അവശനായ നായയോട് യജമാനൻ കാണിച്ച ക്രൂരത കണ്ടല്ലോ? അമേരിക്കിലെ പ്രശസ്തമായ ഒരു സർവകലാശാലയിലെ ഗവേഷണത്തിന് റ ഫലം ഒരിക്കൽ പത്രത്തിൽ വായിച്ചതാണിപ്പോൾ ഓർമ്മ വരുന്നത്. ഫലമിതാണ്; വളർത്തു മൃഗങ്ങളുമായി സ്നേഹപൂർവ്വം ഇടപഴകി ജീവിച്ച കുട്ടികളിൽ അക്രമവാസന വളരെ കുറവായിരുന്നു, അവർ വളർന്നു വലുതായപ്പോൾ അവരുടെ ഗ്രൂപ്പിലുള്ള മറ്റുള്ളവരേക്കാൾ അവരിൽ തീവ്രവാദ സ്വഭാവം നന്നേ കുറവായിക്കണ്ടു. രോഗങ്ങൾ പകരാതെ നോക്കിയും മറ്റ് അപകടങ്ങൾ ഒഴിവാക്കിയും വളർത്തുമൃഗങ്ങളുമായി ഇടപഴകി ജീവിക്കാൻ കുട്ടികളെ അനുവദിക്കുന്നത് അവരുടെ നല്ല സ്വഭാവ രൂപീകരണത്തിന് സഹായകമാകും എന്ന ഉപദേശവും ആ പത്രവാർത്തയിൽ വായിച്ചതായാണ് ഓർമ്മ. ഈ ഗവേഷണ ഫലം സത്യമായിരിക്കണം; ഇന്നത്തെ കപട മനുഷ്യരെക്കാൾ എന്തുകൊണ്ടും മാന്യന്മാരും സ്നേഹമുള്ളവരും ഈ മിണ്ടാപ്രാണികൾ തന്നെയാണ്.

March 26, 2018
ആജീവനാന്തം യജമാനനെ സ്നേഹിച്ചും യജമാനന്റെ വീടിനെ സംരക്ഷിച്ചും കഴിഞ്ഞു, അവസാനം എന്തോ പരുക്കുപറ്റി അവശനായ നായയെ യജമാനൻ കാറിൽ കൊണ്ടുവന്നു വിജനമായ റോഡരികിൽ തള്ളി, മുൻപിൽ വിഷം കലർത്തിയ ആഹാരവും വച്ചുകൊടുത്ത വാർത്ത ഇന്ന് പത്രത്തിൽ വായിച്ചു. ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുകയല്ല, വഞ്ചിച്ചു കൊല്ലുക തന്നെ വേണം എന്ന ആധുനിക സിദ്ധാന്തം കൃത്യമായി നടപ്പാക്കിയിരിക്കുന്നു! ഒരു തലവേദനയെ നിസ്സാരമായി ഒഴിവാക്കി എന്ന ചിന്തയായിരിക്കും ഇതു ചെയ്തവർക്കുള്ളത്. പക്ഷെ അവരുടെ മക്കൾ ഇത് കണ്ടു പഠിക്കയാണ്; നാളെ നിങ്ങളെ അവർ നട തള്ളിയാൽ ദുഃഖിക്കരുത്. വിതച്ചതേ കൊയ്യാൻ കഴിയൂ. അതു പ്രകൃതി നിയമമാണ്.

March 23, 2018
മതവും ജാതിയും ആത്മാവില്ലാത്ത ആത്മീയതയും രാഷ്‌ട്രബോധമില്ലാത്ത രാഷ്ട്രീയവും എല്ലാം കൂടി ബഹുഭൂരിപക്ഷം മനുഷ്യരെയും ഹിപ്‌നോട്ടൈസ് ചെയ്‌തു സ്വബോധം മറച്ചുറക്കിക്കിടത്തിയിരിക്കുകയാണെന്നാണ് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത്. ഇപ്പറഞ്ഞതിലൽപ്പം അതിശോക്തിയല്ലേ എന്നു ചിലർക്കെങ്കിലും തോന്നാം. അതു പറയാം. ഡിഗ്രിയാണ് വിദ്യാഭ്യാസത്തിന്റെ മാനദണ്ഡമെങ്കിൽ, നല്ല വിദ്യാഭ്യാസമുള്ള ആളുകൾ പ്രവൃത്തിക്കുന്ന മേഖലയിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഇങ്ങനെയുള്ള വിദ്യാസമ്പർ വിവേകബുദ്ധി (discriminatory intellect) ഉപയോഗിക്കുന്ന കാര്യത്തിൽ ശരാശരിയിൽ നിന്നും താഴെയാണെന്നാണ് എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്. ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടി വിശ്വാസിയാണെന്നിരിക്കട്ടെ; പാർട്ടി പറയുന്നതാണ് ആത്യന്തിക സത്യം എന്നു പറഞ്ഞു, ഉടുമ്പു പിടിച്ച മാതിരിയങ്ങു നിൽക്കും. മറ്റാർക്കും നൂറു ശതമാനം തെറ്റാണെന്നു പകൽ വെളിച്ചം പോലെ മനസ്സിലാകുന്ന കാര്യമാണെങ്കിലും, അതു ശരിയാണെന്നു പറഞ്ഞീ വിദ്വാൻ വാദിച്ചുകൊണ്ടേയിരിക്കും. ലോജിക്കലായി ചിന്തിക്കാൻ ഇക്കൂട്ടർക്കു കഴിയുന്നില്ല എന്നതാണ് സത്യം. കാരണം, ലോജിക്കലായി ചിന്തിക്കാൻ സഹായിക്കുന്ന സ്വന്തം തലച്ചോറ് മറ്റാരുടെയൊക്കെയോ കയ്യിൽ കൊടുത്തിരിക്കയാണ്. അപ്പോൾ ഇദ്ദേഹം എങ്ങിനെ ചിന്തിക്കണം എന്ന് അവരാണല്ലോ തീരുമാനിക്കുന്നത്! ഇനി മത-ആത്മീയ വിഷയങ്ങളിലേക്കു തിരിഞ്ഞാൽ ഇന്നത്തെ ദൈവവിശ്വാസികളിൽ 99 ശതമാനത്തിൽ കൂടുതലും കഷ്ടപ്പാടില്ലാതെ ആരെക്കെയോ പറയുന്ന എന്തൊക്കെയോ നേടാമെന്ന് വിചാരിച്ചു എവിടൊക്കെയോ ഓടി നടക്കുന്നവരാണ്. ഈ ഓട്ടത്തിനിടയിൽ സാക്ഷാൽ ദൈവത്തെക്കണ്ടുമുട്ടിയാൽപ്പോലും നിൽക്കില്ല; റിമോട്ട് കൺട്രോൾ പ്രവർത്തിപ്പിക്കുന്നവർ പറയുന്നതുവരെ ഓടിക്കൊണ്ടേയിരിക്കും. ഇതൊരു ഹിപ്നോട്ടിക് അവസ്ഥയല്ലേ? സ്വബോധം മറയുന്ന ഈ ഹിപ്നോട്ടിക് അവസ്ഥ, വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ചു തീവ്രമാകുന്നതെന്തുകൊണ്ടാണെന്നതാണ് എന്നെ കുഴപ്പിക്കുന്ന ചോദ്യം. ഉത്തരമറിയാവുന്നവർ പറഞ്ഞു തന്നാൽ സന്തോഷമായിരിക്കും.
March 22, 2018
വിവേകാനന്ദ സ്വാമികളുടെ അമേരിക്കൻ സന്ദർശനവും പ്രശസ്തമായ ചിക്കാഗോ പ്രഭാഷണങ്ങളും വളരെ പ്രശസ്തമാണല്ലോ? സങ്കുചിത മത വിശ്വാസങ്ങൾ പുലർത്തിയിരുന്ന അവിടുത്തെ ജനതയോട് യഥാർത്ഥ ആത്മീയതയും മതവും എങ്ങിനെയായിരിക്കണമെന്നും മതം എങ്ങിനെയാണ് നല്ല സാമൂഹിക മനുഷ്യരെ സൃഷ്ടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു കൊടുത്തപ്പോൾ അവർക്കതൊരു പുതിയ അനുഭവമായിരുന്നു. ഇക്കാലത്ത് ഒരു അമേരിക്കക്കാരൻ അദ്ദേഹത്തോടു ചോദിച്ചു 'are you not hypnotising the people through your lectures?'. അദ്ദേഹം മറുപടി പറഞ്ഞു, 'no, I am not hypnotising people, I am trying to de-hypnotise them. People are already hypnotised by caste, Creed, religion, colour and so on and hence unable to experience truth. My effort is to make them realise the truth'. അതേ, മതവും ജാതിയും അധമ രാഷ്ട്രീയവും എല്ലാം കൂടി ജനങ്ങളെ അന്ധരാക്കിയിരിക്കയാണ്. ഒരു വ്യക്തിയെ മതപരിവർത്തനം ചെയ്യിക്കുന്ന വീഡിയോ ഇപ്പോൾ ഫേസ് ബുക്കിൽ കണ്ടപ്പോൾ വിവേകാനന്ദസ്വാമികൾ പറഞ്ഞത് എത്ര അർത്ഥവത്താണെന്ന് തോന്നിപ്പോയി.

March 20, 2018
പത്രത്തിലാണെങ്കിലും നന്മയുടെ വാർത്ത വായിക്കുമ്പോൾ കണ്ണു നനഞ്ഞു പോകും.. മനുഷ്യത്വം തീരെ വറ്റിപ്പോയിട്ടില്ലല്ലോ എന്നറിയുന്നതിലെ ആശ്വാസം. ഇപ്പോഴിതു പറയാൻ കാരണം ഇന്നലെ കാഞ്ഞങ്ങാട്ടു് സംഭവിക്കാമായിരുന്ന വലിയൊരു ട്രെയിൻ ദുരന്തത്തെ സ്ഥലവാസികളായ രണ്ടു മൂന്നു സാധാരണ മനുഷ്യരുടെ നല്ല മനസ്സുകൊണ്ട് ഒഴിവാക്കി എന്ന പത്രവാർത്തയാണ്. അപകടത്തിൽപ്പെട്ട് ചോരവാർന്നൊരു മനുഷ്യൻ മരണത്തോടു മല്ലടിച്ചു റോഡിൽ കിടന്നാൽ മൊബൈലിൽ ആ ചിത്രവും പകർത്തി അതിനെ ഫെയ്സ് ബുക്ക് പോസ്റ്റാക്കി നിർവൃതിയടയുന്ന മനുഷ്യരുടെ നാട്ടിലാണ് ഈ സത്കർമ്മം നടന്നിരിക്കുന്നത് എന്നതു വില കുറച്ചു കാണാവതല്ല. ആ മനുഷ്യ സ്നേഹികൾക്ക് എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.

March 17, 2018
മകന്റെ കയ്യിൽ മരുമകൾ മീര തയ്യാറാക്കി കൊടുത്തയച്ചതാണ്. വിവാഹ വാർഷികം കഴിഞ്ഞിട്ടു ദിവസങ്ങളേറെയായെങ്കിലും മകളുടെ ഈ സമ്മാനം ഹൃദ്യമായതു തന്നെ. വരും തലമുറ നമ്മളെ സ്നേഹപൂർവ്വം സ്മരിക്കുന്നു എന്നറിയുന്നതു തന്നെ വലിയ ആശ്വാസമല്ലേ?

March 15, 2018
സ്വന്തം ധിഷണയിലൂടെ പ്രപഞ്ചരഹസ്യങ്ങളുടെ കലവറ മനുഷ്യനു മുമ്പിൽ തുറന്നു കാണിക്കാൻ ശ്രമിച്ചു വിജയിച്ച വിഖ്യാത ശാസ്ത്രജ്ജനായിരുന്നു പ്രൊഫ. സ്റ്റീഫൻ ഹോക്കിങ്. എഴുപത്തിരണ്ടാം വയസ്സിൽ ഇന്നലെ അദ്ദേഹം കേംബ്രിഡ്ജിലെ സ്വവസതിയിൽ വച്ചു നിര്യാതനായി. ഇരുപത്തിയൊന്നാം വയസ്സിൽ അപൂർവ്വമായ നാഡീരോഗം ബാധിച്ചു, രണ്ടു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കയില്ല എന്നു വൈദ്യശാസ്ത്രം വിധി എഴുതിയ അദ്ദേഹം, ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറ്റേതൊരു ശാസ്ത്രജ്ജനേക്കാളും കർമ്മനിരതനായി വീണ്ടുമൊരു അൻപത്തിയഞ്ചു വർഷക്കാലം ഇവിടെ ജീവിക്കുകയും മാനവരാശിക്കു സമഗ്രശാസ്ത്രസംഭാവനകൾ ചെയ്യുകയും ചെയ്ത ശേഷമാണ് ഇഹലോകവാസം വെടിഞ്ഞത്. ശരീരമാസകലം തളർന്ന്, സംസാരശേഷിയും നഷ്ട്ടപ്പെട്ടു, ഒരു വീൽച്ചെയറിൽ ഒതുങ്ങിക്കൂട്ടിയ മുപ്പതു കിലോ മാത്രം തൂക്കം വരുന്ന ആ അവശശരീരത്തിന്റെ തലച്ചോറാണ് പ്രപഞ്ചരഹസ്യമെന്ന പ്രഹേളികകളുടെ ഉൾപ്പൊരുൾ തേടിയിറങ്ങിയതെന്നു മനസ്സിലാക്കുമ്പോഴാണ് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികൾക്കു അദ്ദേഹത്തോടുള്ള ആദരവ് ആരാധനയായി മാറുന്നത്. ജീവിതം എത്ര തന്നെ കഠിനയാതനകൾ നിറഞ്ഞതാണെങ്കിലും അതിലൊന്നും തളരാതെ, സ്വന്തം ഇച്ഛാശക്തി ഒന്നുകൊണ്ടതിനെ നിയന്ത്രണവിധേയമാക്കി, താൻ ചെയ്യാൻ ബാധ്യസ്ഥമായ കർമ്മം (സ്വധർമ്മം) അങ്ങേയറ്റം ഭംഗിയായി നിർവഹിച്ച ശേഷമേ വിവേകശാലിയായ മനുഷ്യൻ മരണം വരിക്കാവൂ എന്ന സനാതനധർമ്മ ചിന്തയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു പ്രൊഫ. ഹോക്കിങ്. ലോകമെമ്പാടും രോഗപീഡകളാലും മറ്റു തീവ്രദുഖങ്ങളാലും മനം നൊന്തു മരണമാണീ യാതനകൾക്കുള്ള പരിഹാരം എന്നു ചിന്തിച്ചു ജീവിക്കുന്ന മനുഷ്യർക്ക് ഇദ്ദേഹത്തിന്റെ കർമ്മനിരതമായ ജീവിതം ജീവിക്കാനൊരു പ്രചോദനമാകുക തന്നെ ചെയ്യും. ഈ മഹാപ്രതിഭയുടെ ഓർമ്മയ്ക്കു മുൻപിൽ ശിരസ്സു നമിച്ചുകൊണ്ട് ബഹുകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.

March 9, 2018
രണ്ടു ദിവസങ്ങൾക്കു മുൻപ് ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ടൊരു ഹൈന്ദവാചാര്യൻ പറഞ്ഞു, 'ഹിന്ദുക്കളുടെ ആരാധനാലയമായ ക്ഷേത്രവും മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളും തമ്മിൽ പ്രകടമായ ഒരു വ്യത്യാസമുണ്ട്. ഞാൻ ഈശ്വരനാണ് (അഹം ബ്രഹ്മാസ്മി) എന്ന പ്രമാണത്തിൽ വിശ്വസിക്കുന്ന ഹിന്ദു, അശരീരിയായ ഈശ്വരനെ സ്വശരീരത്തിൽ ദർശിക്കുന്നതിന് റ പ്രതീകാത്മകതയാണ് ഹിന്ദുവിന്റ ക്ഷേത്രദർശനം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ക്ഷേത്രം എന്നാൽ ശരിരം എന്നർത്ഥം. മറ്റു മതങ്ങളിലെ ഈശ്വരസങ്കൽപ്പം ഇതല്ല. അവർക്കൊരു ദൈവപുരുഷനുണ്ട്. ആ ദൈവത്തിന്റെ വചനങ്ങൾ അനുസരിക്കയും അനുഗ്രഹാശിസ്സുകൾക്കു വേണ്ടി പ്രാർത്ഥിക്കകയുമാണവരുടെ ആരാധനാ രീതി. ഹിന്ദു പറയുന്നതുപോലെ ഞാൻ ഈശ്വരനാണെന്ന് അവരാരും പറയുകയില്ല. അങ്ങിനെ പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം ഈശ്വരനിന്ദയാണ്. ഈ വ്യത്യാസം കാരണം ഉദ്ദേശലക്ഷ്യങ്ങൾ തന്നെ വ്യത്യസ്തമായ ക്ഷേത്രങ്ങളെയും മറ്റു ദേവാലയങ്ങളെയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല'.
സ്വാമി ഇപ്പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെന്നെനിക്കു തോന്നിയില്ല. മറ്റു മതസ്ഥരെ പ്പോലെ നമ്മിൽ നിന്നന്യനായ ഈശ്വരസങ്കൽപ്പം ഹിന്ദുമതത്തിലില്ല എന്നാണു ഞാനും മനസ്സിലാക്കിയിട്ടുള്ളത്. പക്ഷേ ചാനൽ ചർച്ചയിൽ പങ്കെടുത്ത പലരും, മറ്റൊരു ഹിന്ദു സ്വാമി അടക്കം, ആചാര്യസ്വാമി പറഞ്ഞതിനെ നഖ:ശിഖാന്തം എതിർത്തു. ആചാര്യസ്വാമിയുടെ രാഷ്ട്രീയ നിലപാടാണ് ഇങ്ങിനെ പറയാൻ കാരണം എന്നായി. ആ ചാര്യസ്വാമിക്ക് രാഷ്ട്രീയ താൽപ്പര്യങ്ങൾ ഉണ്ടായിരിക്കാം. അദ്ദേഹം അങ്ങിനെ സംസാരിക്കുന്നുമുണ്ടാകാം. പക്ഷേ ഇപ്പറഞ്ഞതിൽ എന്തെങ്കിലും രാഷ്ട്രീയം ഉള്ളതായി എനിക്ക് തോന്നിയില്ലെന്നതാണ് സത്യം.
നമ്മൾ മുൻവിധികൾ വച്ചു കൊണ്ടാണോ എന്തിനെയും എല്ലാത്തിനെയും നോക്കുന്നത്? , അറിവു നേടുന്നതിൽ നിന്നും ഇങ്ങിനെയുള്ള സമീപനം നമ്മെ അകറ്റുകയല്ലേ ചെയ്യുക? ചാനൽ ചർച്ച കണ്ടപ്പോൾ എനിക്കുണ്ടായ സംശയം നിങ്ങളുമായി പങ്കുവക്കുന്നുവെവെന്നു മാത്രം.

March 2, 2018
ആറ്റുകാൽ പൊങ്കാല വിഷയത്തിൽ ശ്രീമതി ശ്രീലേഖ ഐ.പി.എസ് നടത്തിയ ബാലപീഢന പരാമർശവും ഗൃഹലക്ഷ്മി മാസികയുടെ പുറംചട്ടയിൽ വന്ന മുലയൂട്ടൽ പ്രദർശനവുമാണ് ഈ ആഴ്ചയിൽ നവമാദ്ധ്യമ രംഗത്തെ കേരള വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ആദ്യത്തെ വിഷയം പോലീസു വിഷയമായതിനാൽ ഒരഭിപ്രായവുമില്ല. ഉള്ള കാര്യം പറയാമല്ലോ; പോലീസും പോലീസ് സ്റ്റേഷനെന്നും കേൾക്കുന്നതു തന്നെ എനിക്കു പേടിയാ. ഇനി രണ്ടാമത്തെ 'മുലയൂട്ടൽ' വിഷയമെടുക്കാം. ഇതിൽ പിന്നെ പേടിക്കാനൊന്നുമില്ല. ഒരപ്പൂപ്പനാ കാൻ പ്രായമായ സ്ഥിതിക്ക് മാസികക്കാർ ആഗ്രഹിക്കുന്നപോലെ ആ ചിത്രം കണ്ടിട്ട് ഒരു കോപ്പി ഞാൻ മേടിക്കാനും പോന്നില്ല. മാസിക കച്ചവടം ഒക്കെ പൊടിപൊടിച്ച് നടക്കട്ടെ, പക്ഷെ ആ പടത്തിനോടൊപ്പം എഴുതിയിരിക്കുന്നത് ('നിങ്ങൾ തുറിച്ചു നോക്കരുത്. ഞങ്ങൾ അമ്മമാർക്കു മുലയൂട്ടണം') അൽപ്പം കടന്ന കയ്യായിപ്പോയി. ഇതു കേട്ടാൽ തോന്നും കേരളത്തിലെ ആണുങ്ങളുടെ തുറിച്ചു നോട്ടം കാരണം അമ്മമാർക്കു മുലയൂട്ടാൻ കഴിയാതെ കുഞ്ഞുങ്ങൾ പിടഞ്ഞു വീഴുകയാണെന്ന്. മാദ്ധ്യമ ആഭാസത്തിനും വേണം ഒരതിര്.
February 27, 2018
ഫലിതപ്രിയനായ, യശശ്ശരീരനായ പ്രൊഫ.എം.കൃഷ്ണൻ നായരോട് ലോകത്തിലെ ഏറ്റവും വലിയ ഭാവനയുള്ളവർ ആരായിരിക്കും എന്ന ചോദ്യം ചോദിച്ചു. ഉത്തരം: വീട്ടിൽ നിന്നു വെളിയിൽ പോയ ഭർത്താവ് തിരികെ വരാനൽപ്പം വൈകിയാൽ അനവധി ഭാവനകൾ മനസ്സിൽ സൃഷ്ടിച്ചെടുക്കുന്ന ഭാര്യ. ഇപ്പം ഇതു പറയാൻ കാരണം, സിനിമ നടി ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ചു ചാനലുകളിലും പത്രമാദ്ധ്യമങ്ങളിലും നിറഞ്ഞു കവിഴുന്ന ഭാവനകളും വാർത്തകളുമാണ്. നാട്ടിലെ വല്ല നല്ല കാര്യങ്ങൾക്കുമായിരുന്നു ഈ ഉദാത്ത ഭാവനകളെല്ലാമെങ്കിലെന്നാശിച്ചു പോയി.

February 24, 2018
'കേരളമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം'. ഈ വരികൾ തിരുത്താൻ സമയമായിരിക്കുന്നു എന്നാണ് കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന നിഷ്ഠൂരമായ മനുഷ്യവധ പരമ്പരയുടെ അവസാന എപ്പിസോഡായ ഇന്നലത്തെ ആദിവാസി വധം കാണിക്കുന്നത്. ഒരു നേരത്തേ അന്നത്തിനു വേണ്ടി എന്തോ മോഷടിച്ചുവെന്ന കുറ്റം ആരോപിച്ച് ഒരു സാധുമനുഷ്യനെ അടിച്ചു കൊല്ലാൻ കഴിയണമെങ്കിൽ അങ്ങിനെയുള്ളവർ പ്രാകൃത മനുഷ്യരായിരിക്കണം. കേരളത്തിന്റെ മനശ്ശാസ്ത്രം പ്രക്രതാവസ്ഥയിലേക്ക് മാറുകയാണോ? ജാതി വെറി പിടിച്ച നമ്മുടെ നാടിനെ നൂറു വർഷങ്ങൾക്കു മുമ്പു 'ഭ്രാന്താലയം' എന്നു സന്യാസിവര്യനായ വിവേകാനന്ദസ്വാമികൾക്കു വിളിക്കേണ്ടി വന്നു. ഒരു കോഴിയെക്കൊല്ലുന്നതിലും നിസ്സാരമായി മനുഷ്യനെ വധിക്കാൻ കഴിയുന്ന ശിലായുഗ മനുഷ്യരുടെ നാടായി വളർന്നു കൊണ്ടിരിക്കുന്ന നമ്മുടെ നാടിനെ ഇനി എന്തു പേരിട്ടാണ് വിളിക്കാൻ കഴിയുക? രാവിലത്തെ പത്രം കണ്ടപ്പോൾ മലയാളിയെന്ന ലജ്ജാ ഭാരത്താൽ തല കുനിഞ്ഞു പോയതു കൊണ്ട് ഇത്രയും കുറിച്ചുവെന്നു മാത്രം - ഇതു കൊണ്ടൊന്നും ആരിലും ഒരു മാറ്റവും ഉണ്ടാകില്ല എന്നറിയാമെങ്കിലും.
February 7, 2018
പ്രശസ്ത കഥകളി ആചാര്യൻ പദ്മഭൂഷൻ മടവൂർ വാസുദേവൻ നായരാശാൻ ഇഹലോകവാസം വെടിഞ്ഞു.
ആശാന്റെ വേഷങ്ങൾ പലതും കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹവുമായി എന്തെങ്കിലും പരിചയം എനിക്കുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ ഇരുപതു വർഷങ്ങൾക്കു മുൻപ് 'എഷ്യാനെറ്റ് കഥകളിസമാരോഹ'ത്തിലെ അദ്ദേഹത്തിൻറെ കീചകനെക്കണ്ടിട്ട് ഞാനൊരു കത്ത് അദ്ദേഹത്തിനെഴുതി. ഹരിപ്പാട്ട് രാമകൃഷ്‌ണപിള്ളയാശാന്റെ കീചകനുമായി താരതമ്യപ്പെടുത്തിക്കൊണ്ടു ഞാൻ എഴുതിയ കത്തിൽ ഇങ്ങിനെയും എഴുതി; "കീചകന്റെ മരണം അതിഗംഭീരമായിരുന്നു. ജീവനുള്ള കീചകനെക്കാൾ എനിക്കിഷ്ട്ടപ്പെട്ടത് ആ മരിക്കുന്ന കീചകനെയായിരുന്നു". അദ്ദേഹം സ്നേഹപൂർവ്വം എനിക്കു മറുപടി നൽകി, "വീര്യവും ശൗര്യവും മുൻപിൽ നിൽക്കുന്ന മറ്റു കത്തിവേഷങ്ങളെപ്പോലെയാകരുത്, കീചകവധത്തിലെ കീചകൻ. കാമാന്ധനായ കീചകന് വീരവും ശൗര്യവുമെല്ലാം കുറഞ്ഞു നിൽക്കണം". തെക്കൻ കഥകളി വിഷയത്തെക്കുറിച്ചു ഞാൻ കത്തിൽ ഉന്നയിച്ച ചില ചോദ്യങ്ങൾക്കും അദ്ദേഹം സ്നേഹഭാവത്തോടെ മറുപടി നൽകിയിരുന്നു.
ഇതിനുശേഷം കൊല്ലത്തു വച്ചു നടന്ന അദ്ദേഹത്തിൻറെ സപ്തതി ആഘോഷത്തിലേക്ക് എന്നെ അദ്ദേഹം ക്ഷണിച്ചു. പിന്നീട് ചില അവസരങ്ങളിൽ കണ്ടുമുട്ടിയപ്പോൾ 'കീചകനെപ്പറ്റി കത്തയച്ചയാൾ' എന്ന നിലക്ക്‌ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞിരുന്നു. അവസാനമായി മൂന്നു വർഷങ്ങൾക്കു മുൻപ് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ചായക്കടയിൽ നിന്നും ഞാനും അംബുജാക്ഷൻ നായരും ആശാനും ഒരുമിച്ചിരുന്ന് ചായ കുടിച്ചു പിരിഞ്ഞതാണ്. അദ്ദേഹത്തെ നേരിൽ കാണാൻ പിന്നീട് അവസരം ഉണ്ടായിട്ടില്ല.
ഇന്ന് എവിടെയോ ഒരു പോസ്റ്റിൽ കണ്ടു, "രാവണന്റെ വീണവായന നിലച്ചു". അതേ, അങ്ങിനെ കൈ ഞരമ്പ് വലിച്ചു പൊട്ടിച്ചു വീണ വായിക്കാൻ ഇനി ആരും കഥകളിയിൽ ഇല്ല. രാവണനെറ ശങ്കരാഭരണാലാപനവും ഇനി കേൾക്കേണ്ട. ഈ മഹാപ്രതിഭയുടെ ഓർമ്മകൾക്കു മുൻപിൽ ശതകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.

February 3, 2018
ട്രെയിൻ സംഭവത്തെക്കുറിച്ചുള്ള ഇന്നലത്തെ എന്റെ പോസ്റ്റിനുണ്ടായ അഭൂതപൂർവ്വമായ പ്രതികരണങ്ങളിൽ നിന്നും ഒന്നെനിക്കു മനസ്സിലായി; മനുഷ്യത്വം തീരെ വറ്റിയിട്ടില്ലാത്ത മനുഷ്യരുടെ ഒരു വലിയ കൂട്ടം ഇന്നും നമ്മുടെ നാട്ടിലുണ്ട്. പക്ഷെ പലരിലും ഇതു നിദ്രാവസ്ഥയിലാണെന്നു മാത്രം. എല്ലാവരിലും മനുഷ്യത്വം തുളുമ്പുന്ന ഒരു സമൂഹത്തെക്കുറിച്ചൊന്നു സങ്കൽപ്പിച്ചു നോക്കൂ. അതാണ് നമ്മളെല്ലാം ചെന്നു പാർക്കാൻ ആഗ്രഹിക്കുന്ന സ്വർഗ്ഗം. ഭൂമിയിലെ ഈ സ്വർഗ്ഗത്തിലേക്ക്‌ മനുഷ്യരെ എത്തിക്കുന്ന വാഹനമാണ് ആത്മീയത. ശരീരമെന്ന അതിർത്തികൾക്കുള്ളിൽ ബന്ധനസ്ഥമായി നിൽക്കുന്ന മനസ്സിനെ വികസിപ്പിച്ചു, വെളിയിലുള്ള സകലതിനെയും സ്വന്തമാക്കാൻ പ്രാപ്തമാക്കുന്ന ദിവ്യകല. യഥാർത്ഥത്തിൽ എല്ലാ മതങ്ങളും വിഭാവനം ചെയ്യുന്നത് മനുഷ്യമനസ്സിന്റെ ഈ വികാസവും അതിലൂടെ ലഭ്യമാകാവുന്ന സ്വർഗ്ഗവാസതുല്യമായ ആനന്ദാനുഭൂതിയും ആത്മസംതൃപ്തിയുമാണ്. പണ്ടുള്ളവർക്ക് ഇതറിയാമായിരുന്നെങ്കിൽ, ഇന്നീ ജ്ഞാനം അന്യമായിക്കൊണ്ടിരിക്കുന്നു. സ്വാർത്ഥ മോഹങ്ങൾ നേടാനുള്ള വഴിയാണ് ആത്മീയതയെന്നു തെറ്റിദ്ധരിക്കയും തെറ്റിദ്ധരിപ്പിക്കയും ചെയ്യുന്നു. മനുഷ്യത്വത്തിന്റെ നേർ വിപരീതമായ സ്വാർത്ഥത മനുഷ്യനെയും അവന്റെ സകല വ്യാപാരങ്ങളെയും ഗ്രസിച്ചിരിക്കുന്നു. ഫലമോ, നേട്ടങ്ങളേറെയുണ്ടായിട്ടും ശാന്തിയും സമാധാനവും മാത്രം കാണാമറയത്താണ്. മനുഷ്യൻ ഇന്നു ചെന്നകപ്പെട്ടിരിക്കുന്ന ദുരിതസന്ധിയിൽ നിന്നും രക്ഷപെടാനുള്ള ഏക മാർഗ്ഗം മനുഷ്യത്വത്തെ ഉണർത്തുന്ന ആത്മീയതയെ പുൽകുക എന്നതു മാത്രമാണ്. ഇതുണ്ടെങ്കിൽ ബാക്കി സൗഭാഗ്യങ്ങളെല്ലാം താനേ വന്നു ചേർന്നു കൊള്ളും. അതിനായി കഷ്ടപ്പെട്ട് ശ്രമിക്കേണ്ട ആവശ്യം വരില്ല.

February 2, 2018
ഇന്നലെ നടി സനുഷ സന്തോഷിനെ ട്രെയിനിൽ വച്ചൊരാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ അടുത്ത സീറ്റുകളിലുണ്ടായിരുന്ന ആരും തന്നെ അവരെ സഹായിക്കാൻ താൽപ്പര്യം കാണിച്ചില്ലെന്നും അതവർക്കു വളരെ വേദനയുണ്ടാക്കിയെന്നും പറഞ്ഞത് ടീവീയിൽ കേട്ടു. സഹയാത്രികരുടെ ഇത്തരത്തിലുള്ള മനോഭാവം ഞാൻ ഒരിക്കൽ കണ്ടറിഞ്ഞിട്ടുള്ളതാണ് അപ്പോൾ ഓർമ്മയിൽ വന്നത്. അസുഖബാധിതനായ, കണ്ടാൽ 24-25 വയസ്സു തോന്നുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ, വിശ്രമിക്കാനായി പാലക്കാട്ടെ വീട്ടിലേക്ക് പോകുമ്പോൾ ടിക്കറ്റിൽ എന്തോ കുഴപ്പമുണ്ടെന്നു പറഞ്ഞു, ഫൈൻ അടയ്ക്കാൻ TTE വിധിച്ചു. ആശുപത്രിയിൽ നിന്നും നേരിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ചെറുപ്പക്കാരന്റെ കയ്യിൽ ഫൈൻ കൊടുക്കാനുള്ള തുകയില്ലെന്നു പറഞ്ഞപ്പോൾ TTE, മൊബൈൽ സ്ക്വാഡിനെയും പോലീസിനെയും വിളിച്ചു വരുത്തി. അവർ ഒരു കള്ളനോടെന്നപോലെ ആ ചെറുപ്പക്കാരനോട് പെരുമാറി, അയാളെ അടുത്ത സ്റ്റേഷനിൽ ഇറക്കി വിടാൻ തുടങ്ങിയപ്പോൾ പയ്യൻ പൊട്ടിക്കരഞ്ഞു പോ യി. ട്രെയിനിൽ നിന്നും ഇറക്കി വിടുന്നതിൽ നിന്നും രക്ഷപെടാനായി അയാൾ പലരുടെയും മുൻപിൽ ചെന്ന് 250 രൂപ തന്നു സഹായിക്കാൻ അപേക്ഷിച്ചു. ഒരുത്തരും കനിഞ്ഞില്ലെന്നു മാത്രമല്ല, അവരെല്ലാം തികഞ്ഞ പുശ്ചഭാവത്തോടെ ആ ചെറുപ്പക്കാരനെ നോക്കുക മാത്രമാണ് ചെയ്തത്.
അടുത്തൊരു സീറ്റിൽ ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഞാൻ, അയാളെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു; 300 രൂപയെടുത്തു കൊടുത്തു ആദ്യം തന്നെ ഫൈൻ അടയ്ക്കാൻ പറഞ്ഞു. എല്ലാവരും കള്ളനെപ്പോലെ നോക്കിയ ആ പാവം വല്ലാതെ തളർന്നു പോയിരുന്നു. വിതുമ്പിക്കൊണ്ടാണ് എന്നോട് കാര്യങ്ങൾ പറഞ്ഞതു തന്നെ. ഇപ്പഴത്തെ ചെറുപ്പക്കാരല്ലേ, വല്ല കടുങ്കയ്യും ചെയ്യാൻ ഇക്കാരണം ധാരാളമാണ്. അതു മനസ്സിലാക്കിക്കൊണ്ട്, അയാളുടെ മനസ്സ് മാറ്റിയെടുക്കാനായി, ഉറങ്ങുന്നതുവരെ ഞാൻ പല കഥകളും പറഞ്ഞവനെ സമാശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.
കുറെ ദിവസങ്ങൾക്കു ശേഷം കൂട്ടുകാരോടൊപ്പം സുമുഖനായ ആ ചെറുപ്പക്കാരൻ എന്റെ വീട്ടിൽ വന്നു എനിക്കൊരു 'ഭഗവത്ഗീത'യും സമ്മാനിച്ചു മടങ്ങി. സ്നേഹിതരേ, നമ്മൾ ചെയ്യുന്നതു നിസ്സാരമായ ഒരു സഹായമായിരിക്കാം, പക്ഷേ ചിലപ്പോൾ അതൊരു ജീവനെത്തന്നെ രക്ഷിച്ചേക്കാം.
ആത്മീയത നഷ്ട്ടപ്പെട്ട മനുഷ്യർ, സഹജീവി ബോധമില്ലാത്ത വെറും ജഢങ്ങളായി മാറുന്ന കാഴ്ചകളല്ലേ നമുക്കു ചുറ്റും ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത്?

January 28, 2018
മനുഷ്യരൂപിയായി ഈശ്വരൻ ഭൂമിയിൽ അവതരിക്കും eന്ന വിശ്വാസത്തെ സാർത്ഥകമാക്കിയ ആ മഹാത്മാവ് ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് എഴുപതാണ്ടുകളായെങ്കിലും സത്യത്തിനും ധർമ്മത്തിനും സമൂഹനന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന മനുഷ്യമനസ്സുകളിൽ ആ ആശാദീപം ഇന്നും പ്രകാശം ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു.

January 27, 2018
നാട്ടിലെ ഉത്സവമൊക്കെ ആസ്വദിച്ചു കഴിഞ്ഞ് കിട്ടിയ സമയം കൊണ്ട് തൃക്കാക്കര, കാലടി വഴി അതിരപ്പിള്ളി, വാഴച്ചാൽ, ഏഴാറ്റു മുഖവും പിന്നെ ഞാറക്കലും ഒന്നു കറങ്ങി. ഞാൻ കണ്ട കാഴ്ചകളിൽ ചിലത് നിങ്ങളോടും പങ്കുവക്കുന്നു.
January 28, 2016
എല്ലാവർക്കും എന്റെ റിപ്പബ്ലിക് ദിനാശംസകൾ.
രാഷ്ട്രത്തോടുണ്ടാകേണ്ട സ്നേഹവും ആദരവുമാണ് ഈ ദിനം ഓരോ പൗരനെയും ഓർമ്മിപ്പിക്കുന്നതെങ്കിൽ, മനുഷ്യനും പ്രകൃതിയും തമ്മിലുളള പാരസ്പര്യ ബന്ധത്തെക്കുറിച്ച് ഒരുദാഹരണത്തിൽ കുടി ഓർമ്മിപ്പിക്കട്ടെ. നാം ഉച്ചശ്വസിച്ചു തള്ളുന്ന വിഷമയമായ വായുവിനെ മരങ്ങൾ ശ്വസിച്ച് നമ്മുടെ ജീവൻ നിലനിർത്താനാവശ്യമായ ഓക്സിജനായി മാറ്റി നമുക്കു തിരികെ തരുന്നു. അതായത് മരങ്ങളില്ലെങ്കിൽ നമ്മളില്ല. അതുപോലെ രാഷ്ട്രമില്ലെങ്കിൽ നമ്മൾ അനാഥരാകും. നൂറ്റാണ്ടുകളോളം ഈ അനാഥത്വം അനുഭവിച്ചവരാണ് നമ്മൾ.
രാഷ്ട്രത്തിനെതിരായി സംസാരിക്കയും പ്രവർത്തിക്കുകയും ചെയ്യുന്നത് ഭൂഷണമായി പലരും ഇന്നു കരുതുന്നു. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പോലെയുള്ള ആത്മഹത്യാപരമായ പ്രവർത്തിയാണിത്.
ജയ് ഹിന്ദ്

January 23, 2018
ആറാട്ടിനായി ഏവൂർ ക്ഷേത്രം ഒരുങ്ങിക്കൊണ്ടിരുന്നപ്പോൾ മൊബൈലും കൊണ്ടു ക്ഷേത്ര പരിസരത്തു കറങ്ങി നടന്ന് കുറെ ചിത്രങ്ങൾ നിങ്ങൾക്കായി ഞാൻ പകർത്തി. ഗ്രാമങ്ങളിൽ ഉത്സവം കണ്ടു വളർന്ന പഴയ തലമുറക്കാരിൽ ഗൃഹാതുരത്വമുണത്താൻ ഇതിലെ ചില ചിത്രങ്ങൾ സഹായിച്ചേക്കാം.

January 23, 2018
വർണ്ണാഭമായി അലങ്കരിച്ച കെട്ടുകാളകൾ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിലെ നയനാഭിരാമമായ കാഴ്ചകളിലൊന്നാണ്. ഇതിൽ തന്നെ വീട്ടിലെ വളർത്തുമൃഗങ്ങളുടെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചു കൊണ്ട് ഭക്തർ നേരുന്ന വഴിപാട് കെട്ടുകാളകളും നാട്ടിലെ പൊതുകൂട്ടങ്ങളുടെ വകയായ കെട്ടുകാളകളും ഉണ്ടാകും. ആദ്യത്തെത് മനുഷ്യർക്ക് തോളിലേറ്റി നടക്കാവുന്ന തരത്തിലുള്ള ചെറിയ കാളകളാണെങ്കിൽ രണ്ടാമത്തേത് വളരെപ്പേർ ചേർന്നു വലിച്ചു നീക്കുന്ന വലിയ കാളകളായിരിക്കും. നേർച്ചയായി വീടുകളിൽ നടത്തുന്ന കാളകെട്ടു വഴിപാടിന് നാട്ടുകാരെയും ബന്ധുക്കളയെയും പങ്കെടുപ്പിച്ചുള്ള സദ്യയും മറ്റും ഉണ്ടാകും. കാർഷിക സംസ്ക്കാരം പ്രബലമായിരുന്ന എന്റെ ചെറുപ്പ കാലത്ത് വഴിപാടു കാളകൾ ധാരാളമായി ഉണ്ടാകുമായിരുന്നു. ഇന്നത് വളരെ കുറവായിട്ടുണ്ട്. എന്നാൽ, രണ്ടു വലിയ സെറ്റുകാളകൾ മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് പത്തിൽ കൂടുതൽ സെറ്റുകൾ ഉണ്ടെന്നു തോന്നുന്നു. കലാപരിപാടികളോടെയുള്ള ഉത്സവം പണ്ട് ഏഴ്, എട്ട്, ഒൻപത് മാത്രമായിരുന്നെങ്കിൽ ഇന്നത് കൊടിയേറ്റു മുതൽ ആറാട്ടുവരെ പത്തു ദിവസങ്ങളിലും ആയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കൊണ്ട് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ പോലെ, സാമ്പത്തികമായി നാട്ടുകാരിലുണ്ടായിട്ടുള്ള വലിയ മുന്നേറ്റം ഉത്സവങ്ങളെയും മാറ്റിക്കൊണ്ടിരിക്കയാണ്. ഭക്തി കൂടുതലും ആഘോഷം കുറവും എന്ന പണ്ടത്തെ രീതി മാറി, ഭക്തി കുറവും ആഘോഷം കൂടുതലും എന്ന രീതിയിലേക്ക് ഇന്നു കാര്യങ്ങൾ മാറുന്നുണ്ട്; ഇവിടെ മാത്രമല്ല, എല്ലായിടങ്ങളിലും. ഇതു കാലം ആവശ്യപ്പെടുന്നതാകാം. പഴമക്കാർ ഇങ്ങനൊക്കെ ചിന്തിച്ചു മനസ്സു പുണ്ണാക്കും. അതിലൊന്നും വലിയ കാര്യമില്ല മക്കളേ, അടിച്ചു പൊളിക്ക്! ഇതു നിങ്ങടെയും നാടാണ്!
January 9, 2018
ഇന്നു പല ചാനലുകളിലെയും ചർച്ച ഇന്ത്യക്കാർ ദേശീയഗാനം ആലപിക്കണോ വേണ്ടയോ എന്നതിനെപ്പറ്റിയായിരുന്നു. ചർച്ചയിൽ പങ്കെടുത്ത പലരും ദേശീയഗാനം ആലപിക്കുന്നതിനെ നഖശിഖാന്തം എതിർത്തു സംസാരിക്കുന്നതു കണ്ടു. ഗവണ്മെന്റിന്റെയും കോടതിയുടെയും നിലപാടുകൾ എന്തമായിക്കൊള്ളട്ടെ, രാജ്യസ്നേഹിയായ ഒരാളിന് ദേശീയ ഗാനം ആലപിക്കുന്നതിൽ നാണക്കേട് തോന്നേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അതൊരു തരം മാനസിക രോഗാവസ്ഥയല്ലേ കാണിക്കുന്നത്?
January 1, 2018
അങ്ങിനെ ഒരു പുതുവത്സരം കൂടി പിറന്നു വീണിരിക്കുന്നു. ആശകളുടെയും പ്രതീക്ഷകളുടെയുമായ ഈ വർഷം എന്റെ എല്ലാ സ്നേഹിതർക്കും സ്നേഹിതരല്ലാത്തവർക്കും ഈ നാടിനും ലോകത്തിനു തന്നെയും ഐശ്യര്യവും സമാധാനവും സന്തോഷവും പ്രദാനം ചെയ്യട്ടെ എന്നാശംസിക്കുന്നു. എന്റെ FB സുഹൃത്തുക്കൾക്കെല്ലാം പ്രത്യേകമായും പുതുവത്സരാശംസകൾ നേരുന്നു.
ഈ പുതുവത്സരദിനത്തിന് എന്നെ സംബന്ധിച്ച് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഇന്ന് ധനുമാസത്തിലെ തിരുവാതിര നാളാണ്. ഞാൻ പിറന്ന നാൾ. എന്റെ ജനന സമയത്ത്‌ വീടിനടുത്തുള്ള ബ്രാഹ്മണ ഗൃഹങ്ങളിൽ നിന്നും തിരുവാതിരപ്പാട്ടിന്റെ ശബ്ദവീചികൾ കേൾക്കാമായിരുന്നു എന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ നാദപ്രപഞ്ചത്തിലേക്കു പിറന്നു വീണതിനാലാകാം, എനിക്ക് സംഗീതത്തോടും കലകളോടും ഹൈന്ദവസംസ്കാരത്തോടു തന്നെയും വല്ലാത്തൊരു അഭിനിവേശനം തോന്നുന്നത്.
എല്ലാവർക്കും ഒരിക്കൽ കൂടി എൻറെ ഹൃദയംഗമമായ പുതുവത്സരാശംസകൾ.

ഡിസംബർ 30, 2017
കാഷ്മീർ അതിർത്തിയിൽ പാക്കിസ്ഥാനമായുളള ഏറ്റുമുട്ടലിൽ Maj. Prafulla വെടിയേറ്റു ചോര വാർന്നു കിടക്കുമ്പോഴും കൂടെയുള്ളവർക്കു സുരക്ഷിതരായിരിക്കാൻ വേണ്ട നിർദ്ദേശം നൽകുന്ന വീഡിയോ ഒരു പോസ്റ്റിൽ കണ്ടു. 'സംസാരിക്കേണ്ട സാർ, മുറിവിൽ നിന്നും ചോര കൂടുതൽ ഒലിക്കും' എന്നു കൂടെ നിൽക്കുന്നവർ പറയുന്നത് അവഗണിച്ചു കൊണ്ടാണു് അദ്ദേഹം നിർദ്ദേശങ്ങൾ നൽകുന്നത്. കണ്ണു നിറഞ്ഞു പോയി. തന്റെ മരണത്തെക്കാളും പ്രാധാന്യം, തന്നിൽ സേനയർപ്പിച്ച കർമ്മത്തിനാണെന്നു തിരിച്ചറിയുന്ന പട്ടാളക്കാരാ, നിന്നെപ്പോലുള്ളവർക്കു ജന്മം നൽകിയ മാതാപിതാക്കളും ഈ പുണ്യഭൂമിയും ധന്യമായിരിക്കുന്നു. A big salute to you, my dear friend.

ഡിസംബർ 15 , 2017
കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടു പോയ ഒരു മാസം പ്രായമുള്ള ആനക്കുട്ടിയെ അമ്മയാനയുടെ അടുത്തേക്ക് എത്തിക്കാൻ അതിനെയും തോളിലെടുത്ത് ഒരു വനപാലകൻ ഓടുന്ന ചിത്രം ഇന്നലത്തെ മലയാള മനേരമ പത്രത്തിൽക്കണ്ടു. ആ ഓമനത്തമുള്ള ചിത്രത്തെക്കുറിച്ച് ഇന്നത്തെ പത്രത്തിൽ മുൻ വനം ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.പി.എസ്സു്. ഈസയും വളരെ സ്നേഹപൂർവ്വം എഴുതിയതു വായിച്ചു. കുഞ്ഞിനെ കാത്തു നിൽക്കുന്ന ആ അമ്മ മനസ്സിന്റെ നൊമ്പരം ആനയെ എടുത്തയാളിലും ഡോ. ഈസയിലും കണ്ടു. മനുഷ്യത്യത്തിന്റെയും ജന്തുസ്നേഹത്തിന്റെയും ഈ മഹനീയ മാതൃകകൾക്കു മുമ്പിൽ ശിരസ്സു നമിക്കുന്നു. റിപ്പോർട്ടക്കും മനോരമക്കും അദിനന്ദനങ്ങൾ. ഇങ്ങിനെയുള്ള നല്ല വാർത്തകളും നമ്മുടെ പത്രത്താളൂകളിൽ ഇടം പിടിക്കട്ടെ.

ഡിസംബർ 13, 2017  
സനാതനധർമ്മ വിഷയങ്ങൾ എഴുതുമ്പോൾ പലപ്പോഴും എന്റെ ഉള്ളിൽ ഒരു ചോദ്യം ഉദിക്കാറുണ്ട്; പ്രകൃതി സ്നേഹത്തിന്റെയും സമഭാവനയുടെയും വിശാലദർശനത്തിലധിഷ്ഠിതമായ ഹൈന്ദവധർമ്മത്തിൽ ഉച്ചനീചത്വങ്ങളുടെയും തിന്മയുടെയും പ്രതീകമായ ജാതിവ്യവസ്ഥ എങ്ങിനെ കയറിപ്പറ്റി? ലോകത്തിലുണ്ടായിട്ടുള്ള എല്ലാ മതങ്ങങ്ങൾക്കും ലോകക്ഷേമത്തിലൂന്നിയുള്ള സ്നേഹത്തിന്റേതായ ഒരു ദാർശനികമുഖവും ഇതിനു കടകവിരുദ്ധമായ സ്വാർത്ഥതയുടേതും ആധികാരഗർവ്വിന്റെതുമായ ഒരു പൗരോഹിത്യമുഖവുമുണ്ട്. അധികാരം കയ്യാളുന്ന പൗരോഹിത്യമതമാണ്എന്നും ജയിച്ചിട്ടുള്ളത്. അങ്ങിനെ സ്വാർത്ഥരായ ഒരു ന്യൂനപക്ഷം ബുദ്ധിശാലികൾ, അവരേക്കാൾ ബുദ്ധിയും കഴിവും കുറഞ്ഞ ഭൂരിഭാഗം ജനതയെ ഈശ്വരന്റെ പേരിൽ അടക്കിവാണ ചരിത്രമാണ് ലോകത്തിലെല്ലായിടത്തും ഉണ്ടായിട്ടുള്ളതെന്നതിനാൽ അതു തന്നെ ഭാരതത്തിലും 'ജാതിവ്യവസ്ഥ' എന്ന പേരിൽ സംഭവിച്ചതാകാം എന്നു കരുതി. പക്ഷെ സ്വന്തം സംസ്കാരത്തെപ്പോലും (സ്വത്വത്തെയും) തള്ളിപ്പറഞ്ഞു, അതിന്റെ സ്ഥാനത്തു മറ്റെന്തിനെയും അംഗീകരിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ, നല്ലൊരു വിഭാഗം ഹൈന്ദവജനത ചിന്തിക്കണമെങ്കിൽ, അതിനിപ്പറഞ്ഞ കാരണം മാത്രം മതിയോ? ഇപ്പറഞ്ഞതിലും വലുതും വ്യാപകവുമായ ഒരധികാര സംവിധാനം ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കേണ്ടേ? 'ചാതുർവർണ്ണ്യം മയാ സൃഷ്ട്ടം, ഗുണകർമ്മ വിഭാഗശയാ' (ഗുണങ്ങൾക്കും കർമ്മങ്ങൾക്കും അനുസരിച്ചു ചാതുർവർണ്ണ്യം ഞാൻ സൃഷ്ട്ടിച്ചതാണ്) എന്ന ഭഗവത് ഗീതയുടെ സദ്‌വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്തു, ഈശ്വരന്റെ പേരിൽ ഇന്നാട്ടിൽ അസമത്വം സൃഷ്ട്ടിക്കാൻ സവർണ്ണവർഗ്ഗം ശ്രമിച്ചിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. അതുപോലെ തന്നെ വേദകാലത്തിനു ശേഷം, ചാതുർവർണ്ണ്യത്തിന്റെ ധിക്കാരത്തിൽ പൗരോഹിത്യമതം ജന്തുഹിംസയടക്കം അനവധി അനാചാരങ്ങളും ദുരാചാരങ്ങളും സമൂഹത്തിൽ നടപ്പിലാക്കി ബഹുഭൂരിപക്ഷം വരുന്ന അവർണ്ണ ഹിന്ദുജനങ്ങളെ കഷ്ട്ടപ്പെടുത്തി, അവരുടെ ഹിന്ദുമതത്തിലുള്ള വിശ്വാസം തന്നെ നശിപ്പിച്ചു, അവരെ ബുദ്ധമതത്തിലേക്കും ജൈനമതത്തിലേക്കും ചേക്കേറാൻ പ്രേരിപ്പിച്ചതും അതിനുശേഷം കുറെ സനാതനധർമ്മ സ്നേഹികൾ ഇതിഹാസ-പുരാണ രചനകളിലൂടെ ജനങ്ങളുടെ ഹൃദയം കവർന്നു ഹൈന്ദവധർമ്മത്തിന്റെ നഷ്ട്ടശോഭയെ തിരികെപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളതും ചരിത്ര സത്യമാണ്. അങ്ങിനെ ജാതിവ്യവസ്ഥതയുടെ പേരിലുള്ള കഷ്ടപ്പാടുകളും അസമാധാനവും ഭാരതത്തിൽ പണ്ടു മുതലേ നിലനിൽക്കുന്നതാണെങ്കിലും, കഴിഞ്ഞ കുറെക്കാലങ്ങളായി കാണുന്നപോലെ, സ്വന്തം ധർമ്മത്തിനോടോ നാടിനോടോ തന്നെ വൈരാഗ്യം ജനിപ്പിക്കുന്ന തരത്തിലേക്ക് അതു മുൻകാലങ്ങളിൽ വളർന്നിരുന്നില്ല എന്നു വേണം കരുതാൻ. അങ്ങിനെയെങ്കിൽ ജാതിവ്യവസ്ഥയെന്ന തിന്മയെ കൂടുതൽ തീവ്രമാക്കി, അതിന്റെ പേരിൽ സാധ്യമാകാവുന്ന ജനഅനൈക്യത്തിലും വിഘടനവാദങ്ങളിലും അസ്ഥിരതയിലും കണ്ണും നട്ട് ബാഹ്യശക്തികൾ ഭാരതത്തിൽ പ്രവർത്തിച്ചിരുന്നതിന്റെ പരിണിതഫലമാണോ ഇന്നു നാം കാണുന്ന ജാതീയവും വർഗ്ഗീയവുമായ ഈ അശാന്തി? ശശി തരൂരിന്റെ 'An Era of Darkness:The British Empire in India' വായിച്ചാൽ തോന്നുന്നതങ്ങിനെയാണ്. ഇന്ത്യ ഭരിച്ച മറ്റു വിദേശശക്തികളിൽ നിന്നും വളരെ വ്യത്യസ്തരായി, ഈ നാടിനെ കൊള്ളയടിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ മാത്രം ഇരുനൂറിൽപ്പരം വർഷങ്ങൾ ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാർ, വിഭാഗീയതകൾക്കിടയിൽപ്പോലും പരസ്പര സൗഹാർദ്ദത്തിൽക്കഴിഞ്ഞിരുന്ന ഭാരതജനതയെ, അവരുടെ സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കാനായി, ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിപ്പിച്ചു വിഘടിപ്പിച്ചു നിർത്തിയ ചരിത്രം ഈ പുസ്തകം വിവരിക്കുന്നുണ്ട്. എന്റെ ചോദ്യത്തിന്റെ ഉത്തരം, ഭാഗികമായാണെങ്കിലും, ഈ പുസ്തകം നൽകുന്നുണ്ട്

ഡിസംബർ 9, 2017  
മതവിഷയത്തിലുള്ള തികഞ്ഞ അജ്ഞത, നല്ലൊരു വിഭാഗം ഹിന്ദുക്കളെയും യഥാർത്ഥ ഹൈന്ദവധർമ്മത്തിൽ നിന്നും അകറ്റിനിർത്തി, കേവല വിശ്വാസികളും അന്ധവിശ്വാസികളുമാക്കിത്തീർക്കുകയും ഇതിൽ തന്നെ കുറേപ്പേരെ സ്വന്തം മതത്തെയും സ്വത്വത്തെത്തന്നെയും തള്ളിപ്പറയാൻ കെൽപ്പുള്ളവരാക്കിത്തീർക്കുകയും ചെയ്തിട്ടുണ്ടെന്നും ഞാൻ കഴിഞ്ഞ ചില പോസ്റ്റുകളിൽ പറഞ്ഞിരുന്നു. ദുരഭിമാനം മൂലം ഹിന്ദുവാണെന്നു പറയാൻ പോലും ഇന്നു പലർക്കും മടിയാണെന്നുള്ളതാണ് സത്യം. മതപഠനത്തെ ഗൗരവമായെടുത്തിട്ടുള്ള മറ്റു മതസ്ഥരിൽ കാണാൻ കഴിയാത്ത ഒരു ദുരവസ്ഥയാണിത്. സ്വന്തം സംസ്കാരത്തെക്കുറിച്ചു, ആർജ്ജവത്തോടു കൂടി സംസാരിക്കുവാനും അതിനു വേണ്ടി പ്രവൃത്തിക്കുവാനും കഴിയണമെങ്കിൽ കുറഞ്ഞപക്ഷം ആ സംസ്കാരം എന്താണെന്നെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്. ആരോടെങ്കിലും മത്സരിക്കാനോ ആരെയെങ്കിലും കൂടെച്ചേർക്കാനോ വേണ്ടിയല്ല, താനാരാണെന്ന് തിരിച്ചറിയാനും അതിലൂടെ ലഭ്യമാകുന്ന അഭിമാനബോധത്തിലൂടെ ജീവിക്കാനും, ഹൈന്ദവധർമ്മത്തെക്കുറിച്ചുള്ള ഒരേകദേശ രൂപമെങ്കിലും ഹിന്ദുവിനുണ്ടായേ മതിയാകൂ.
ഈ വിഷയത്തിൽ എന്നാൽ കഴിയുന്നതു ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ്, ഭഗവത് ഗീതയെ വിശകലനം ചെയ്ത്, ഒരു വർഷമായി ഞാൻ എന്റെ ബ്ലോഗിൽ എഴുതിക്കൊണ്ടിരുന്നത്. സനാതനധർമ്മപ്രമാണങ്ങളെ പ്രായോഗികമായി മനസ്സിലാക്കാൻ ഈ ഉൽകൃഷ്ട ഗ്രന്ഥത്തിന്റെ ശരിയായ പഠനം കൊണ്ടു കഴിയുന്നതാണ്. ഇതുവരെ എഴുതി പ്രസിദ്ധീകരിച്ച ആദ്യ രണ്ടദ്ധ്യായവിശകലനങ്ങളെ നാളെ മുതൽ വാരാന്ത്യങ്ങളിൽ നിങ്ങളുടെ വായനക്കായി വീണ്ടും സമർപ്പിക്കുന്നതാണ്. ഈ രണ്ടദ്ധ്യായങ്ങളുടെ പഠനത്തിലൂടെത്തന്നെ സനാതനധർമ്മത്തെക്കുറിച്ചുള്ള അത്യാവശ്യം അറിവ് നേടാവുന്നതേയുള്ളൂ. ഗീതാപഠനം തുടങ്ങുന്നതിനു മുൻപായി ഈ വിഷയത്തിൽ തൽപ്പരരായ എല്ലാവരും തന്നെ, പ്രത്യേകിച്ചും ഹിന്ദുക്കൾ, അവശ്യം അറിഞ്ഞിരിക്കേണ്ട ചില സംഗതികളിലേക്ക് നിങ്ങളേവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ്‌. നാലായിരത്തിൽപ്പരം പേർ ഇതിനകം ഈ ലേഖനം വായിച്ചു കഴിഞ്ഞു; അതു പോരാ, ഇനിയുമധികം പേരിലേക്ക് ഈ അറിവ് പകരേണ്ടിയിരിക്കുന്നു. അതിനാൽ ഹൈന്ദവധർമ്മത്തോട് ആദരവുള്ളവർ മടി കൂടാതെ ഈ പോസ്റ്റ് ഷെയർ ചെയ്യണം എന്നഭ്യർഥിക്കുന്നു.
(താഴെക്കാണുന്ന ചിത്രത്തിൽ അമർത്തിയാൽ ബ്ലോഗിലെ ലേഖനം തുറന്നു കിട്ടും).

ഡിസംബർ 8, 2017
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിയ്ക്കുമെതിരേ അപലപനീയമായ ഭാഷ ഉപയോഗിക്കുന്നതാണ് വീര സത്തിന്റെ പുതിയ ലക്ഷണങ്ങളായി ചിലർ കരുതുന്നത്. ഈ സ്ഥാനങ്ങളിലിരിക്കുന്ന ആളുടെ പാർട്ടിയല്ല, പദവിയാണ് മുഖ്യം എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. വായിൽ വരുന്നതെന്തും ആർക്കെതിരെയും പറയാം എന്ന ചിന്ത മാന്യമല്ലെന്നു മാത്രമല്ല, ജനാധിപത്യ മര്യാദകളുടെ ലംഘനവുമാണ്.|

ഡിസംബർ 6, 2017  
ഹിന്ദുമതം ഒരു മതമാണോ (religion) അതോ ഒരു ജീവിതരീതിയാണോ (way of life) അതോ ഒരു സംസ്കാരമാണോ (culture) എന്നുള്ള ചോദ്യം പലപ്പോഴും പൊന്തിവരാറുണ്ട്. ഭാരതത്തിലെ ഹൈന്ദവ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഈ ചോദ്യം 1995 ലും അതിനുശേഷം 2016 ലും 
സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വരികയും സുപ്രീം കോടതി, വിശദമായ പരിശോധനകൾക്കു ശേഷം, താഴെപ്പറയും വിധം അഭിപ്രായം രേഖപ്പെടുത്തകയും ചെയ്തു. സുപ്രീംകോടതിയുടെ വിധിപ്രകാരം ഹിന്ദുയിസം (hinduism) എന്നത് ഒരു മതമല്ല, ഒരു ജീവിതരീതിയാണ്.1995 ലെ വിധിന്യായത്തിൽ ജസ്റ്റീസ്.ജെ.എസ്. വർമ്മ അഭിപ്രായപ്പെട്ടതിങ്ങനെയാണ്,“The term ‘Hindutva’ is related more to the way of life of the people in the subcontinent and it is difficult to appreciate how the term ‘Hindutva’ or ‘Hinduism’ per se, in the abstract, can be assumed to mean and be equated with narrow fundamentalist Hindu religious bigotry or be construed to fall within the prohibition in the RPA (Representation of People's Act)". തങ്ങളുടെ മുൻപിൽ വന്നിട്ടുള്ള വാദം - ഹിന്ദുത്വം അല്ലെങ്കിൽ ഹിന്ദുയിസത്തിനെ പേരിൽ വോട്ടു ചോദിക്കുന്നത് തിരഞ്ഞെടുപ്പു നിയമപ്രകാരം കുറ്റകരമാണെന്നുള്ള വാദം - മാത്രമാണ് തങ്ങൾ പരിഗണിക്കുന്നതെന്നും ഒരു മതത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്നത് കുറ്റകരമായ നടപടിയാണെങ്കിലും ഒരു ജനതയുടെ ജീവിതരീതിയുടെയോ സംസ്കാരത്തിന്റെയോ പേരിൽ അതു ചെയ്യുന്നത് RPA പ്രകാരം കുറ്റകരമായി കാണാനാവില്ല എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂർ അദ്ധ്യക്ഷനായുള്ള ഏഴംഗ ബഞ്ച് 2016 ൽ വ്യക്തമാക്കി. ഹിന്ദുമതവും ഹിന്ദുത്വവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ വലിയ വിഷയങ്ങളിലേക്കൊന്നും കോടതി പോകുന്നില്ലെന്നും ഇലക്ഷൻ വിഷയത്തിലുള്ള ചോദ്യം മാത്രമാണ് തങ്ങളുടെ പരിഗണനയിലുള്ളതെന്നും വിധിന്യായത്തിൽ കോടതി പറയുകയും ചെയ്തു.
(ഇന്റർനെറ്റിൽ നിന്നും ലഭ്യമായ വിവരങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്, കോടതി വിധിന്യായം വായിച്ചിട്ടുള്ളതല്ല)
ഹിന്ദുത്വം, ഹിന്ദുമതം - വിഷയങ്ങളെക്കുറിച്ചു കൂടുതൽ അറിവ് നേടണമെന്നുണ്ടെങ്കിൽ അടുത്തെയിടെ നിര്യാതനായ പ്രശസ്ത കമ്മ്യൂണിസ്ററ് നേതാവും മുൻമന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരൻ നായരുടെ 'ഹിന്ദുമതം, ഹിന്ദുത്വം' എന്ന പുസ്തകം (പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം) വായിച്ചാൽ മതിയാകും. 210 പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകത്തിൽ, താല്പര്യമുള്ള ആർക്കും മനസ്സിലാക്കാൻ കഴിയും വണ്ണം ഈ വിഷയങ്ങളെ ലളിതമായി പ്രദിപാദിച്ചിട്ടുണ്ട്.

ഡിസംബർ 1, 2017
ഒരു സുഹൃത്തിന്റെ സംശയങ്ങൾക്കു മറുപടി പറഞ്ഞൊന്നിരുന്നതേയുള്ളൂ, അപ്പോഴിതാ വരുന്നു വേറെ കുറെ ചോദ്യങ്ങളുമായി മറ്റൊരു സുഹൃത്ത്! ഇദ്ദേഹത്തിന്റെ ചോദ്യങ്ങൾ കുറെക്കുടി അടിസ്ഥാനപരമാണ്. ചോദ്യങ്ങൾ ഇതാണ്
'താങ്കളുടെ ‍ഈ ആര്‍ഷഭാരതമഹര്‍ഷിമാരെന്തോ മഹത്വമാ ചെയ്തത് എന്നുമാത്രം പറയുന്നില്ല..വല്ല അസുഖത്തിനു് മരുന്നു കണ്ടുപിടിച്ചോ...അതോ,മാനവപുരോഗതിക്കാവശ്യമായ എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ? ക‍‍ൃഷി നടത്തി ജനത്തിനാവശ്യമായ ഭക്ഷണം ഉണ്ടാക്കിയോ..എന്താ ചെയ്തതു്?
ഞാൻ തോൽവി സമ്മതിച്ചിരിക്കുന്നു!!! എനിക്കീ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയില്ല!!! എങ്കിലും ഏതു ചോദ്യത്തിലും എന്തെങ്കിലും പഠിക്കാനുള്ള സാദ്ധ്യത ഉണ്ടാകും എന്നതിനാൽ ഞാൻ വായിച്ചറിഞ്ഞിട്ടുള്ള ഒരു സംഭവം പറയാം.
സന്യാസിവര്യനായ ചിന്മയാനന്ദ സ്വാമികൾ പൂർവ്വാശ്രമത്തിൽ ബാലകൃഷ്ണ മേനോനെന്നെ പ്രഗൽഭനായ പത്രപ്രവർത്തകനായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി മനുഷ്യരെല്ലാം പോരാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോൾ കാഷായവസ്ത്രമണിഞ്ഞ കുറെപ്പേർ ഹിമാലയത്തിലിരുന്നു വിവരദോഷം പറഞ്ഞു സുഖിക്കുന്നതു കണ്ടു സഹിക്കവയ്യാതെ അവരുടെ വങ്കത്തത്തെ പൊതുജനമദ്ധ്യത്തിൽ തുറന്നു കാണിക്കാനായി ബാലകൃഷ്ണമേനോൻ തീരുമാനിച്ചു. അങ്ങിനെ പ്രശസ്തമായ ഇംഗ്ലീഷ് പത്രത്തിൽ ഫീച്ചർ എഴുതാനായി ഹിമാലയ സാനുക്കളിലേക്കു പോയ മേനോൻ വർഷങ്ങൾക്കു ശേഷം തിരിച്ചു വന്നത് ചിന്മയാനന്ദ സ്വാമികളായിട്ടായിരുന്നു.
ഇനി ഈ ചിന്മയാനന്ദ സ്വാമികൾ ഇവിടെ എന്തു ചെയ്തു എന്നു ചോദിച്ചാൽ ജ്ഞാനാർത്ഥിക്കു ജ്ഞാനം പകർന്നു നൽകി എന്നാണെന്റെ ഉത്തരം. ഈ ജ്ഞാനവും ബോധവും തിന്നാൽ വയറു നിറയുമോ എന്നു ചോദിച്ചാൽ വീണ്ടും കൈ പൊക്കി തോൽവി സമ്മതിക്കയേ നിവൃത്തിയുള്ളളൂ എനിക്ക്!

ഡിസംബർ 1, 2017  
ഹിന്ദുമത വിഷയങ്ങളെക്കുറിച്ച് വളരെ ചുരുക്കിയും എന്നാൽ പണ്ഡിതോചിതമായും പ്രദിപാദിച്ചിട്ടുള്ള ഒരു ചെറിയ പുസ്തകമാണ് ഇ. ചന്ദ്രശേഖരൻ നായരുടെ 'ഹിന്ദുമതം ഹിന്ദുത്വം'. ഇന്നലെ നിര്യാതനായ കമ്യൂണിസ്റ്റു നേതാവും മുൻ മന്ത്രിയുമായ സഖാവ് ഇ. ചന്ദ്രശേഖരൻ നായരാണ് ആ ഗ്രന്ഥകർത്താവെന്ന് ഇന്നു രാവിലെ പത്രത്തിൽ നിന്നാണു മനസ്സിലായത്. ആ നല്ല രാഷ്ട്രീയക്കാരനോടുള്ള എന്റെ ബഹുമാനം ഈ അറിവോടെ കുറേക്കൂടി അധികമായി. പരേതാത്മാവിനു പ്രണാമം.

നവംബർ 29, 2017
ഹൈന്ദവധർമ്മത്തിന്റെ ഉൽകൃഷ്ടതയെക്കുറിച്ചു കഴിഞ്ഞയാഴ്ച ഞാനെഴുതിയ പോസ്റ്റിനു കിട്ടിയ ധാരാളം പ്രതികരണങ്ങളിൽ നിന്നും വേറിട്ടു നിന്ന ഒരു പ്രതികരണമാണ് ഈ പോസ്റ്റിനാധാരം. പേരിൽ നിന്നും പ്രതികരിച്ചിക്കുന്ന എന്റെ FB സുഹൃത്ത് ഹിന്ദുവാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
എന്റെ സുഹൃത്തിന്റെ പ്രതികരണം ഇങ്ങിനെയാണ്‌. "ഹിന്ദുത്വത്തിനേക്കാൾ ഉത്കൃഷ്ടത മാനവീയതക്കാണ്. ഞാൻ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഹിന്ദുത്വമാണ് ഏറ്റവും 'ആദരണീയം' എന്നു പറയുന്നത് എന്റെ ധാർഷ്ഠ്യ മനോഭാവവും സുപ്പീരിയോരിറ്റി കോമ്പ്ളക്സുമാണ് കാണിക്കുന്നത്. മറ്റുള്ള മതങ്ങളെ ഞാൻ ശരിയായി വിലയിരുത്തിയിട്ടുണ്ടോ എന്നദ്ദേഹം സംശയിക്കുന്നു".
ഈ കമ്മന്റുകൾക്കുള്ള എന്റെ ഉത്തരം ഇവിടെ കുറിക്കുന്നു. ഞാൻ കഴിഞ്ഞ പോസ്റ്റിൽ എഴുതിയത് ആർഷഭാരത ഋഷിപാരമ്പര്യത്തിലൂന്നിയ നിസ്വാർത്ഥതയുടെയും സമഭാവനയുടെയും സന്ദേശമായ സനാതനധർമ്മത്തെ (ഹൈന്ദവ ധർമ്മത്തെ) ക്കുറിച്ചാണ്; നമുക്കിന്നു പരിചിതമായ ജാതിവ്യവസ്ഥയിലൂന്നിയ, ഉച്ചനീചത്വങ്ങളുള്ള 'ഹിന്ദുമത'ത്തെക്കുറിച്ചല്ല. ആർഷഭാരത സനാതനധർമ്മപ്രമാണങ്ങളിൽ 'മാനവീയത' ഇല്ലെന്നു വിഷയജ്ഞാനമുള്ളവരാരെങ്കിലും പറഞ്ഞിട്ടുള്ളതായി എനിക്കറിവില്ല. എന്നു തന്നെയല്ല പ്രകൃതിസ്നേഹത്തിന്റെയും മാനവീയതുടെയും പര്യായപദമാണ്, 'ജീവിതരീതി (way of life) അല്ലെങ്കിൽ സംസ്കാരം (culture)" എന്ന് ഇന്ത്യൻ സുപ്രീംകോടതി വിശേഷിപ്പിച്ച 'ഹിന്ദുത്വം' എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ലോകവ്യാപകമായി മഹത്തുക്കൾ അംഗീകരിച്ചാദരിച്ചിട്ടുള്ള, എന്റെ നാടിന്റെ മഹനീയമായ സംസ്കാരത്തെക്കുറിച്ചു, ഞാൻ ആർജ്ജവത്തോടെ പറഞ്ഞാൽ അതെന്റെ ധാർഷ്ഠ്യമനോഭാവമാണോ ആത്മാഭിമാനമാണോ കാണിക്കുന്നത്? താനാരാണെന്നും തന്റെ പൈതൃകസംസ്കാരം എന്താണെന്നും ശരിക്കും മനസ്സിലാക്കുന്നവനേ മറ്റുള്ളവരെയും അവരുടെ സംസ്കാരത്തെയും ആദരിക്കാനും അംഗീകരിക്കാനും കഴിയൂ. എനിക്കിതു നന്നായറിയാം; അതുകൊണ്ടുതന്നെ മറ്റൊരു മതത്തെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും ഒരിയ്ക്കലും ഞാൻ വിലകുറച്ചു കണ്ടിട്ടില്ല. അങ്ങിനെ ഒരു ചിന്ത എന്റെ എഴുത്തുകളിൽ ഒരിക്കലും നിഴലിക്കയുമില്ല. ഹിന്ദുത്വം ഉത്കൃഷ്ടമാണെന്നു പറഞ്ഞാൽ അതിനർത്ഥം ലോകത്തിലുള്ള മറ്റെല്ലാം മോശമാണെന്നല്ല. ഇവിടെയുള്ള മതങ്ങളെയെല്ലാം കുറിച്ചു ശരിയായി പഠിച്ചു വിലയിരുത്താൻ താൽപ്പര്യമോ കഴിവോ ഉള്ള മതപണ്ഡിതനൊന്നുമല്ല ഞാൻ. അതൊക്കെ ചെയ്യാൻ സമർത്ഥരായ പണ്ഡിതന്മാർ നമുക്കിടയിലുണ്ടല്ലോ? അവരതു ചെയ്യട്ടെ. ഞാൻ ആകെക്കൂടി പറയുന്നത്, ഭാരതീയനെന്നുള്ള, ഹിന്ദു എന്നുള്ള എന്റെ അഭിമാനബോധത്തെക്കുറിച്ചു മാത്രമാണ്; അതത്ര വലിയ അപരാധമാണെന്നെനിക്കൊരിക്കലും തോന്നിയിട്ടില്ല, ഇനി തോന്നുകയുമില്ല.
സ്വന്തം സംസ്കാരത്തെയും മതത്തെയും നിന്ദിച്ചുകൊണ്ട് മറ്റുള്ളതെല്ലാമാണ് മഹത്തരം എന്നു പറഞ്ഞു, അതിനൊക്കെ ആർപ്പു വിളിക്കുന്നതാണ് മതേതരത്വം എന്ന് ഒരു വിഭാഗം ഹിന്ദുക്കൾ ഇന്നു കരുതുന്നതായി തോന്നുന്നു. മറ്റു മതസ്ഥരിൽ നിന്നും ഹിന്ദുക്കളെ വ്യത്യസ്തരാക്കുന്ന പ്രധാനഘടകമാണ് സ്വത്വബോധമില്ലാത്ത ഈ ഹിപ്പോക്രസി. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥ സൃഷ്ട്ടിക്കുന്ന അപകർഷതാ ബോധവും സ്വന്തം സംസ്കാരത്തെക്കുറിച്ചുള്ള അറിവില്ലായ്മയും സങ്കുചിതമായ രാഷ്ട്രീയതാൽപ്പര്യങ്ങളെ സംരക്ഷിക്കാനുള്ള ആവേശവും തങ്ങൾ വിശാലമനസ്കരാണെന്നു മറ്റുള്ളവരെ കാണിക്കാനുള്ള വ്യഗ്രതയുമൊക്കെയാണ് ഈ കപടമനോഭാവത്തിനു പിന്നിൽ വർത്തിക്കുന്നത്. ചിലർക്കു മറ്റു പലതും പോലെ സ്വസംസ്കാരനിന്ദ ഒരു ഫാഷനായിത്തീർന്നിട്ടുമുണ്ട്. ബാഹ്യപരമായ കടന്നാക്രമണങ്ങളെക്കാളും ഹൈന്ദവർ ഭയക്കേണ്ടത് സ്വസമൂഹത്തിലെ ആന്തരികമായ ഈ കാപട്യത്തെയാണ്. ഹൈന്ദവധർമ്മത്തെക്കുറിച്ചുള്ള ശരിയായ അറിവ് പകർന്നു നൽകുകയാണ്, ഈ അപകർഷതാബോധത്തിൽ നിന്നും ഹിന്ദുവിനെ രക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗം. വിവേകാനന്ദ സ്വാമികൾ അദ്ദേഹത്തിൻറെ ജീവിതകാലം മുഴുവൻ ശ്രമിച്ചത് ഇതിനുവേണ്ടിയായിരുന്നു. സനാതനധർമ്മ സംസ്‌കാരബോധം, ലോകസമാധാനത്തിനും ലോകക്ഷേമത്തിനും അനിവാര്യമാണെന്ന ഉത്തമ ബോധ്യമുണ്ടായിരുന്നതിനാലാണ് ആ യോഗിവര്യൻ ഈ ചിന്തയും പേറി ലോകം മുഴുവൻ അലഞ്ഞു നടന്നത്. അതിന്നു പലരാഷ്ട്രങ്ങളും മനസ്സിലാക്കിത്തുടങ്ങിയിട്ടുമുണ്ട്. പക്ഷെ, അദ്ദേഹത്തിൻറെ കേരളസന്ദർശനത്തിന്റെ 125-)o വാർഷികം കൊണ്ടാടുന്ന ഈ വേളയിലും അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിക്കു തുരങ്കം വക്കാനാണ് നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സുകൃതക്ഷയം എന്നല്ലാതെ മറ്റെന്തു പറയാൻ?

നവംബർ 26, 2017 
ഹൈന്ദവ ധർമ്മത്തിനും ഹിന്ദുക്കൾക്കുമെതിരെ നടക്കുന്ന കടന്നാക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഭാരതത്തിന്റെ അധിനിവേശചരിത്രം പഠിച്ചാൽ ഇതൊരു പുതിയ വിഷയമൊന്നുമല്ല, എല്ലാ കാലത്തും ഇതു തന്നെയായിരുന്നു ഈ നാട്ടിൽ സംഭവിച്ചിട്ടുള്ളത്. പ്രകൃതിയെയും അതിലെ സകല ചരാചരവസ്തുക്കളെയും സമഭാവനയോടെ കാണാൻ പഠിപ്പിക്കുന്ന ഒരു സംസ്കാരത്തിൽ നിലകൊള്ളുന്ന ഋഷിപാരമ്പര്യമുള്ള ഈ നാട്ടിന്, ആരെയും, ഒന്നിനെയും വിലക്കാൻ കഴിയുമായിരുന്നില്ല. അങ്ങിനെ ലോകത്തിലുള്ള എല്ലാ ചിന്താഗതികൾക്കും പൂർണ്ണസ്വാതന്ത്ര്യത്തോടെ വളരുവാനുള്ള ഒരു മണ്ണായി ഭാരതഭൂമി മാറി. മാന്യമായി ചിന്തിച്ചു ജീവിക്കാൻ ആഗ്രഹിച്ചവർക്ക് ഈ ഭൂമി അതുകൊണ്ടു തന്നെ എക്കാലവും ഒരു സ്വർഗ്ഗം തന്നെയായിരുന്നു. പക്ഷെ, സങ്കുചിതമായി മാത്രം ചിന്തിച്ചവർക്ക് ഈ നാട്‌ കേവലമൊരു കച്ചവടകേന്ദ്രമായി മാത്രം തോന്നുകയും തങ്ങളുടെ സ്വാർത്ഥതാൽപ്പര്യങ്ങൾ വിളയിക്കാനുള്ള ഫലഭൂയിഷ്ടമായ ഇടമായി മാത്രം അവർ ഈ മണ്ണിനെ കാണുകയും ചെയ്തു. ഈ ലക്ഷ്യങ്ങൾക്കായി ആദ്യമായി എതിർക്കേണ്ടതും സാധിക്കുമെങ്കിൽ നശിപ്പിക്കേണ്ടതും വിശാലമായ ഭാരതീയതയും അതിന്റെ നെടുംതൂണായി വർത്തിക്കുന്ന ഹൈന്ദവധർമ്മവുമാണെന്ന അബദ്ധചിന്ത ഇക്കൂട്ടരിൽ എക്കാലവും ഉണ്ടായിട്ടുണ്ട്. അത് ഇന്നും തുടരുന്നുവെന്നേയുള്ളൂ. തങ്ങളുടെ ഉപഭോഗ സംസ്കാരത്തിൽ നിന്നും വ്യത്യസ്തമായി, പ്രകൃതിയെയും അതിലെ സകലതിനെയും ഈശ്വരരൂപികളായിക്കണ്ട് സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്ന, സിന്ധുനദിക്ക് ഇപ്പുറമുള്ള ഒരു വിശാല സംസ്കാരത്തെയാണ് സായിപ്പ് 'ഹിന്ദു' എന്ന പദം കൊണ്ട് അർത്ഥമാക്കിയത്; ഇവിടുത്തെ ജാതി വിഭാഗത്തെയല്ല. ഈ 'ഹിന്ദുത്വ'ത്തെ നശിപ്പിക്കുകയായിരുന്നു അവരുടെ പ്രധാനലക്ഷ്യം എന്നുകാണുമ്പോൾ ഭാരതം എന്ന സ്വർഗ്ഗഭൂമിയെയായിരുന്നു അവർ നശിപ്പിക്കാൻ ഉദ്ദേശിച്ചതെന്ന് ബോധമുള്ളവർ മനസ്സിലാക്കണം. ഇന്നും പലരും ഇതേ ചിന്തയിൽ അഭിരമിക്കയാണിവിടെ. ചിന്തിക്കൂ, എന്തബദ്ധമാണ് നമ്മളീ കാണിക്കുന്നത്? 'ലോകസമസ്താ സുഖിനോ ഭവന്തു (ലോകത്തിനു മുഴുവൻ സുഖം ഭവിക്കട്ടെ; ഹിന്ദുവിനു മാത്രം എന്നല്ല) എന്നാഹ്വാനം ചെയ്യുന്ന സനാതനധർമ്മം ഈ നാട്ടിൽ പുലരേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ല, ഈ ലോകത്തിന്റെ തന്നെയാവശ്യമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയോടുള്ള വിരോധവും നാലു വോട്ടു കിട്ടാനുള്ള ജനാധിപത്യ തന്ത്രവുവുമൊന്നുമല്ല, നമ്മുടെയും വരുംതലമുറകളുടെയും മൂല്യാധിഷ്ഠിതവും സമാധാനപരവുമായ ജീവിതമാണ് കാര്യം എന്നു നാമെല്ലാം തിരിച്ചറിയണം. അതുകൊണ്ട് ഭാരതത്തിൽ ജീവിച്ചുകൊണ്ട്, ഹൈന്ദവ ധർമ്മത്തെ അവഹേളിക്കാൻ ശ്രമിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണെന്ന് എല്ലാവരും തിരിച്ചറിയണം. എല്ലാവരെയും സമഭാവനയോടെ മാത്രം കാണുന്ന ഞാനെന്ന നല്ല ഹിന്ദുവിന്റെ അഭ്യർഥനയാണിത്.

നവംബർ 21, 2017
കഴിഞ്ഞ പോസ്റ്റിൽ പരാമർശിച്ച കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തെക്കുറിച്ചു, താൽപ്പര്യമുള്ളവരുടെ അറിവിലേക്കായി ചില വിവരങ്ങൾ കൂടി പങ്കുവയ്ക്കുന്നു. മോഷ്ട്ടാക്കൾക്ക് എടുത്തുകൊണ്ടുപോകാൻ കഴിയാത്ത എന്തോ ശക്തിവിശേഷം ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിനുണ്ടെന്നു മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ് സാക്ഷ്യപ്പെടുത്തിയതോടെ ഈ ക്ഷേത്രം വലിയ പൊതുജനശ്രദ്ധ ആകർഷിച്ചിരിക്കയാണല്ലോ? ക്ഷേത്രസന്ദർശനവേളയിൽ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞ ക്ഷേത്രചരിത്രം പറയുന്നുവെന്നല്ലാതെ, ഈ ക്ഷേത്രദർശനം കൊണ്ടുണ്ടാകാവുന്ന ഗുണഫലങ്ങളെക്കുറിച്ചൊന്നും പറയാൻ എനിക്കറിവില്ലെന്നും പറഞ്ഞുകൊള്ളട്ടെ.
വാദ്യമാതാവായി അറിയപ്പെടുന്ന മിഴാവ്, നൂറ്റാണ്ടുകൾക്കു മുൻപൊരിക്കൽ ദേവലോകത്തിൽ നിന്നും താഴേക്ക് പതിച്ചു, ഈ മലയിൽ വീണെന്നും അതിലെ ദേവീചൈതന്യത്തെ കല്ലിൽ ആവാഹിച്ചു പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്നും ഐതിഹ്യം. മിഴാവ് പതിച്ച സ്ഥലമെന്നു പറയപ്പെടുന്നയിടം മൂലസ്ഥാനമായി നാലമ്പലത്തിനു തെക്കു കിഴക്കു ഭാഗത്തായി അടയാളപ്പെടുത്തിയിരിക്കുന്നതു കാണാം. 'മൃത്തു (മണ്ണ്) കൊണ്ടുള്ള അംഗം' എന്ന അർത്ഥത്തിലാണ് മിഴാവിനെ മൃദംഗം എന്ന് വിളിക്കപ്പെടുന്നത്. മിഴാവ് ദേവലോകത്തു നിന്നും പിറന്നുവീണ മല എന്ന അർത്ഥത്തിൽ ഈ മലയ്ക്കു മൃദംഗശൈലം എന്നു പേരു വന്നിരിക്കുന്നു. 'മിഴാവിൻ കുന്ന്‌' ലോപിച്ചു 'മുഴക്കുന്നാ'യെന്നും, അതല്ല നാദരൂപിണിയായ ദേവിയുടെ സംഗീതം 'മുഴങ്ങുന്ന കുന്നാ'യതിനാൽ 'മുഴക്കുന്നാ'യതാണെന്നും പറയപ്പെടുന്നു. പണ്ടു കാലത്തു ആദിവാസികൾ മാത്രം വസിച്ചിരുന്ന ഈ വനപ്രദേശത്തെ അവരുടെ ദേവതയായിരുന്നു മൃദംഗശൈലേശ്വരി. ചേരമാൻ പെരുമാളിന്റെ കുലത്തിൽപ്പെട്ട ഹരിശ്ചന്ദ്ര പെരുമാൾ ഈ പ്രദേശങ്ങൾ പിടിച്ചടക്കിയതോടെ ഈ ദേവസ്ഥാനവും അവരുടേതാകുകയും ക്ഷേത്രവും മറ്റും പണി കഴിപ്പിച്ചു മൃദംഗശൈലേശ്വരിയെ അവരുടെ കുലദേവതയായി സ്വീകരിക്കയുമായിരുന്നു. കോട്ടയം-പഴശ്ശി രാജാക്കന്മാരുടെ കുലദേവതയാണ് ശ്രീ മൃദംഗശൈലേശ്വരി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മറ്റു പല ക്ഷേത്രങ്ങളെപ്പോലെ ഈ ക്ഷേത്രവും ആക്രമിക്കപ്പെടുകയും ഇവിടുത്തെ കൽവിഗ്രഹം ഉടയ്ക്കപ്പെടുകയും ചെയ്തുവത്രേ. അതിനുശേഷം കൽവിഗ്രഹത്തിന്റെ അതേ രൂപഭാവങ്ങളിൽ പഞ്ചലോഹത്തിൽ നിർമ്മിക്കപ്പെട്ട വിഗ്രഹമാണ് ഇന്നു ക്ഷേത്രത്തിൽ കാണുന്നത്. രാജാക്കന്മാർ യുദ്ധത്തിനു പോകുന്നതിനു മുൻപ്, ഇന്നത്തെ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തായുണ്ടായിരുന്ന ഗുഹാക്ഷേത്രത്തിൽ വച്ച് ദേവിയെ ബലിതർപ്പണങ്ങൾ നടത്തി പോർക്കാളി-പോർക്കലി-യായി ആരാധിച്ചിരുന്നതിനാൽ മൃദംഗശൈലേശ്വരി, ശ്രീ പോർക്കലിയുമാകുന്നു. ദക്ഷിണകേരളത്തിലെ എല്ലാ പോർക്കലീ ക്ഷേത്രങ്ങളുടെയും ആരൂഢമാണിവിടം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ക്ഷേത്രമാണിതത്രെ.
For Dr. Alexander Jacob IPS's talk please click: https://www.youtube.com/watch?v=plp-4LoCq1Y

നവംബർ 19, 2017  
തലശ്ശേരിയിൽ ഒരു കല്യാണത്തിനു പങ്കെടുക്കാൻ പോയ വഴിയിൽ ഇന്നലെ പ്രശസ്തമായ മുഴക്കുന്ന് ശ്രീമൃദംഗശൈലേശ്വരീ ക്ഷേത്രദർശനവും നടത്തി. കഥകളിയുമായി അഭേദ്യ ബന്ധമുള്ള ഈ ക്ഷേത്രത്തിനെ ക്കുറിച്ച് മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് അടുത്തകാലത്തായി നടത്തിയ ചില പരാമർശങ്ങൾ ഇൻറർനെറ്റിലും വാട്സാപ്പിലും പ്രചരിക്കുകയും അതേ തുടർന്ന് നാനാദിക്കുകളിൽ നിന്നും ഈ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം ഉണ്ടാകുന്നതുമായ സമയമാണിത്.
കോട്ടയം തമ്പുരാൻ കഥകളിയെന്ന കലയെ സൃഷ്ടിച്ച്, ആദ്യ അരങ്ങേറ്റം നടത്തിയത് ഈ ക്ഷേത്ര നടയിലാണ്. കഥകളിയുടെ വന്ദന ശ്ലോകമായ 'മാതംഗാനനം അബ്ജ വാസരമണീം' എന്നു തുടങ്ങുന്ന ശ്ലോകത്തിൽ കോട്ടയം രാജവംശത്തിന്റെ പരദേവതയായ മൃദംഗശൈലേശ്വരിയായ ദുർഗ്ഗാദേവിയെ പോർക്കലീഭാവത്തിൽ കണ്ടു വണങ്ങി സ്തുതിക്കുകയാണ് ചെയ്യുന്നത്. കഥകളി വേഷങ്ങളെല്ലാം ചിന്തിച്ചുറപ്പിച്ചെങ്കിലും സ്ത്രീ വേഷം എങ്ങിനെയാകണം എന്ന ആശയം തോന്നായ്കയാൽ കോട്ടയത്തു തമ്പുരാൻ തന്റെ പരദേവതയെ ധ്യാനിക്കുകയും ഇതിൽ സംപ്രീതയായ ദേവി ക്ഷേത്രക്കുളത്തിൽ നിന്നും സ്ത്രീ വേഷത്തോടെ ഉയർന്നു വന്നു ദർശനം നൽകിയെന്നും ഐതിഹ്യം. കാലമേറെക്കഴിഞ്ഞിട്ടും ഇതുവരെ കഥകളിയിലെ സ്ത്രീ വേഷത്തിൽ വ്യത്യാസം വരുത്താൻ കഴിയാത്തത് ഈ ദിവ്യ സ്പർശം ഒന്നു കൊണ്ടാണത്രേ.

കഥകളി തൽപ്പരനായ എനിക്ക് ഈ ക്ഷേത്രദർശനം സായൂജ്യദായകമായിരുന്നു. കഥകളിയുടെ ആദ്യാവതരണം നടന്ന ഭൂമിയിൽ നിന്നപ്പോൾ എനിക്കവാച്യമായ ആനന്ദമാണനുഭവപ്പെട്ടത്. ആ മഹാനായ തമ്പുരാനും അദ്ദേഹത്തിന്റെ ഗുരുനാഥൻ ഗോവിന്ദഗുരുവും ഇതിനെല്ലാം അനഗ്രഹം ചൊരിഞ്ഞു കൊണ്ട് പരദേവതയും അവിടമെല്ലാം നിറഞ്ഞു നിൽക്കും പോലെ.........

ഒക്ടോബർ 15, 2017 
ശബരിമല വിഷയത്തിൽ ഒരു പോസ്റ്റു കൂടിയാകാമെന്നു തോന്നുന്നു. ഹൈന്ദവ ആത്മീയതയുടെ പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനത്തിലെ സ്ത്രീസാന്നിദ്ധ്യത്തെ ഒന്നു നോക്കിക്കാണാൻ ശ്രമിക്കാം.
ഭൗതിക (ഇന്ദ്രിയ) വിഷയങ്ങളിലുള്ള അടങ്ങാത്ത ആസക്തിയാണു മനുഷ്യരുടെ സകല ദുഃഖങ്ങൾക്കും കാരണമെന്നും മനോനിയന്ത്രണത്തിലൂടെ വിഷയാസക്തിയെ നിയന്ത്രിച്ചു ജീവിതം അച്ചടക്കമുള്ളതും അർത്ഥപൂർണ്ണവും ആക്കണമെന്നും ഹൈന്ദവധർമ്മശാസ്ത്രം അനുശാസിക്കുന്നു. ലൗകിക ജീവിതം നയിക്കുന്ന സാധാരണ മനുഷ്യർക്ക് ഈ അച്ചടക്കം കൊണ്ട് തന്നെ ആനന്ദകരമായ ഒരു ജീവിതം സാദ്ധ്യമാകാമെങ്കിലും അവർ ആത്മശ്രേയസ്സ് (ഈശ്വരസാക്ഷാത്ക്കാരം, മോക്ഷം) ആഗ്രഹിക്കുന്നുവെങ്കിൽ ഈ അച്ചടക്ക തലത്തിൽ നിന്നും കർമ്മ, ജ്ഞാന, ഭക്തി മാർഗ്ഗങ്ങളിലൂടെ വാസനാമാലിന്യങ്ങളെയെല്ലാം നിശ്ശേഷം നശിപ്പിച്ചു, ആ പരമപദത്തിലേക്ക് എത്തിച്ചേരാൻ ശ്രമിക്കേണ്ടതുണ്ട് എന്നും വേദാന്തസാരസർവ്വസ്വമായ ഭഗവത് ഗീത ഉദ്‌ഘോഷിക്കുന്നു.
ഹിന്ദുവിന്റെ ഈ മോക്ഷമാർഗ്ഗയാത്രയുടെ ആദ്യഭാഗമാണ് ചിത്തശുദ്ധിയെ ഉദ്ദേശിച്ചുള്ള കർമ്മ മാർഗ്ഗങ്ങളെല്ലാം തന്നെ. യാഗവും യജ്ഞവും തീർത്ഥാടനങ്ങളും ക്ഷേത്രകർമ്മങ്ങളും എല്ലാം കൊണ്ടുദ്ദേശിക്കുന്നത് ഈ അന്തഃക്കരണശുദ്ധി തന്നെ. 41 ദിവസങ്ങൾ വ്രതവും നോറ്റു, മറ്റു മനോനിയന്ത്രണങ്ങളും പാലിച്ചു അയ്യപ്പഭക്തൻ ശബരിമല ചവിട്ടുന്നത്, ജീവിതസംതൃപ്തിക്കാവശ്യമായ ഈ മനഃശുദ്ധി കിട്ടാൻ വേണ്ടിയാണ്. അതിനാൽ തന്നെ ശബരിമലയാത്ര ഒരു സാധാരണ ക്ഷേത്രദർശനമല്ല, മനോനിയന്ത്രണത്തെ ഉദ്ദേശിച്ചുള്ള ആത്മീയപദ്ധതിയുടെ ഭാഗമാണത്. മനസ്സിനെ രമിപ്പിക്കുന്ന ഭൗതിക വിഷയങ്ങളിൽ നിന്നും വിട്ടുനിന്ന്‌, ഈശ്വരനിലേക്കു ശ്രദ്ധയൂന്നി നടത്തേണ്ട ശബരിമലയാത്രയിൽ, യൗവ്വനയുക്തകളായ സ്ത്രീകളുടെ സാന്നിദ്ധ്യം ഉദ്ദേശ്യലക്ഷ്യത്തിനു ഗുണകരമാകുമോ ദോഷകരമാകുമോ, പ്രത്യേകിച്ചും ഇരുൾ മൂടിയ കാനനപ്രദേശങ്ങളിലൂടെയുള്ള ഈ യാത്ര? ഈ മല ചവിട്ടുന്നവരെല്ലാം പച്ചമനുഷ്യരാണ്, സർവ്വസംഗപരിത്യാഗികളായ സന്യാസിമാരല്ല. അവർക്കിതിന്റെയൊന്നും ആവശ്യമില്ലതാനും. വൃതം അനുഷ്ഠിക്കുന്നതിനും മറ്റുമുള്ള സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ വേറെ. ഇതൊക്കെയാകാം 10 മുതൽ 50 വയസ്സുവരെയുള്ള (productive age) സ്ത്രീകൾക്ക് ശബരിമലയാത്ര നിഷേധിക്കാൻ പണ്ടുള്ളവർ കണ്ട കാരണങ്ങൾ.
ശബരിമല അയ്യപ്പൻ നൈഷ്ഠികബ്രഹ്മചാരിയാണെന്നും സ്ത്രീകളെ അതുകൊണ്ടവിടെ കടത്തിവിടരുതെന്നും മറ്റുമുള്ള ചിന്തയ്ക്കു ഹൈന്ദവദർശനശാസ്ത്രങ്ങളുടെ പിൻബലം എത്രമാത്രം ഉണ്ടാകുമെന്നെനിക്കറിയില്ല. കാരണം ഹൈന്ദവ ദേവതകൾ വ്യക്തികളല്ല, തത്വശാസ്ത്രസങ്കൽപ്പ പ്രതീകങ്ങൾ മാത്രമാണെന്നതു തന്നെ. പക്ഷെ, ക്ഷേത്രപ്രതിഷ്ട്ടാപരമായ ശാസ്ത്രതലത്തിൽ ഇപ്പറയുന്നതിനു നിയമപരിരക്ഷ കിട്ടാവുന്നതായിരിക്കാം. എനിക്കറിവുള്ള വിഷയമല്ലത്. പിന്നെ സ്ത്രീകളുടെ ആർത്തവവും അതിന്റെ ശുദ്ധിയുടെയും അശുദ്ധിയുടെയും പ്രശ്നം. 'ഋതുവായ പെണ്ണിനുമിരപ്പന്നു ദാഹകനും പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും ..... ഹരിനാമകീർത്തന മിതൊരുനാളുമാർക്കുമുടനരുതാത്തതല്ല'' എന്നാണല്ലോ ഹരിനാമകീർത്തനം? ദിവസവും നമ്മളിതു പാരായണം ചെയ്യും, എന്നിട്ടു കാണിക്കുന്നതോ നേരെ മറിച്ചും. ദൈവം തന്നെ ഇറങ്ങി വന്നു പറഞ്ഞാലും മനസ്സു മാറ്റാൻ കഴിയാത്ത കുറെ മനുഷ്യരുടെ പ്രശ്‌നം മാത്രമാണിതൊക്കെ. യുക്തിസഹമല്ലാത്ത ഇത്തരം ന്യായവാദങ്ങൾ നമുക്കെത്രമാത്രം സഹായകമാകുമെന്നു പറയാനാവില്ല, പ്രത്യേകിച്ചും കോടതിക്കേസുകളിൽ.
ഒരു കാര്യം തീർച്ചയാണ്, ശബരിമലയിൽ സ്ത്രീപ്രവേശനം സാദ്ധ്യമായാൽ അതു ശബരിമലയാത്രകൊണ്ടുദ്ദേശിക്കുന്ന ആത്മീയതക്കു ഗുണമല്ല, ദോഷമേ വരുത്തൂ.ശബരിമല നല്ലൊരു വിനോദയാത്രാകേന്ദ്രമാകും എന്നതുറപ്പാണ്.
ശബരിമലയാത്രയെക്കുറിച്ചു ഞാൻ കുറേക്കാലം മുൻപ് എന്റെ ബ്ലോഗിൽ എഴുതിയിട്ടുള്ള ഒരു ലേഖനത്തിലേക്കും നിങ്ങളേവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

സെപ്തംബർ 14, 2017 
 
ശബരിമല സ്ത്രീപ്രവേശന വിഷയം സജീവ ചർച്ചയായിരിക്കുന്ന കാലമാണല്ലോ ഇത്‌? സ്ത്രീകൾ ശബരിമല കയറാൻ പാടില്ല എന്നു വാദിക്കുന്നവരും കയറുക തന്നെ വേണം എന്നു വാദിക്കുന്നവരും ഉന്നയിക്കുന്ന വാദമുഖങ്ങൾ വളരെ വിചിത്രങ്ങളാണ്. കാടും ആർത്തവവും അയ്യപ്പൻറെ നൈഷ്ഠികബ്രഹ്മചര്യവും പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും എല്ലാം രസകരം തന്നെ. ഹൈന്ദവ ആത്മീയതയും അതിൽ ക്ഷേത്രങ്ങൾക്കും ദേവതകൾക്കുമുള്ള പ്രസക്തിയുമൊക്കെ മനസ്സിലാക്കിയിട്ടാണോ പലരും ഇതൊക്കെ പറയുന്നത്? സംശയമുണ്ട്. ശരി, അതു മറ്റൊരു സന്ദർഭത്തിൽ ചർച്ച ചെയ്യാം.
കുറെ മനുഷ്യർ മറ്റാർക്കും നഷ്ടമില്ലാത്ത ഒരു വിശ്വാസപ്രമാണത്തിൽ ശബരിമല കയറുന്നു. അവരുടെ വിശ്വാസം കൊണ്ട് ഭരണകൂടത്തിന് ഗുണമല്ലാതെ ദോഷമൊന്നുമില്ല. ശബരിമല ഭക്തന്മാർ സമൂഹത്തിനെന്തെങ്കിലും ദോഷം ഉണ്ടാക്കുന്നതായും ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ ആർക്കാണ് ശബരിമലയിലെ ഇന്നത്തെ സംവിധാനങ്ങൾ എല്ലാം ഒന്നുടച്ചു വാർക്കണം എന്നിത്ര നിർബന്ധം? പ്രയാർ ഗോപാലകൃഷ്ണൻ ഇന്നലെ പറഞ്ഞതിലെ ഭാഷയ്ക്ക് അൽപ്പം തെറ്റുണ്ടെങ്കിലും അദ്ദേഹം ഉദ്ദേശിച്ച വികാരത്തിൽ തെറ്റില്ല; ശബരിമലയോട് വിശ്വാസമുള്ള ഹിന്ദുയുവതികളാരും തന്നെ ബലാൽക്കാരമായി അവിടെ പോയി അയ്യപ്പനെ കണ്ടേ മതിയാകൂ എന്നു ചിന്തിക്കില്ല. കാരണം അതവരുടെ വിശ്വാസപ്രമാണങ്ങൾക്ക് എതിരാണെന്നതു തന്നെ. അപ്പോൾ പിന്നെ ശബരിമല കയറിയേ മതിയാകൂ എന്ന് നിർബന്ധം പിടിക്കുന്ന സ്ത്രീകളുടെയും അവരെ നയിക്കുന്ന സംവിധാനങ്ങളുടെയും താൽപ്പര്യം അയ്യപ്പദർശനമല്ല, മറ്റെന്തോ ആണെന്നതു സ്പഷ്ടമല്ലേ? വ്യക്തിസ്വാതന്ത്ര്യമെന്നൊക്കെ പറയുന്നത് ഈ 'മറ്റെന്തിനോ' ഉള്ള പുകമറയല്ലേ? നടപ്പു രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന ആശയമാണിവരെയൊക്കെ നയിക്കുന്നതെങ്കിൽ അതൊക്കെ കാണിക്കാൻ വേറെ എത്രയോ നല്ല മേഖലകൾ നമ്മുടെ നാട്ടിലുണ്ട് ? ആർക്കും ശല്യമില്ലാതെ കാട്ടിന്റെ നടുക്കിരിക്കുന്ന അയ്യപ്പനോടു വേണോ ഈ പരാക്രമമൊക്കെ?
നമ്മുടെ നാട്ടിൽ ഇന്നു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഹൈന്ദവപരമായ എന്തിനോടും യുദ്ധം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് കുറെ ആളുകൾ ചിന്തിക്കുന്നുണ്ട്. പക്ഷെ, ഇത് ശരിയാണോ? ഒരു രാഷ്ട്രീയപ്പാർട്ടിക്കു ഹിന്ദുമതവുമായി കൂടുതൽ ബന്ധമുണ്ടെന്നതിനാൽ ആ മതത്തിനെ തന്നെ എതിർപക്ഷത്തു നിർത്തുന്നത് ശരിയാണോ? ഈ മതവും ഇതിന്റെ വിശ്വാസബിംബങ്ങളും ഇന്നോ ഇന്നലെയോ ഉണ്ടായതല്ല, ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഇവിടെ ഉണ്ടായി നിലനിൽക്കുന്നതാണ്. എല്ലാ ജാതിയിലും മതത്തിലും രാഷ്ട്രീയപ്പാർട്ടികളിലുമുള്ളവർ ഈ മതത്തിന്റെ വിശ്വാസികളാണ്. അപ്പോൾ, എലിയെ തോൽപ്പിക്കാനായി ഇല്ലം ചുടുന്നത് ശരിയാണോ? ഹൈന്ദവ ക്ഷേത്രങ്ങളും ബിംബങ്ങളും ആർക്കും കയറി മേയാനുള്ള സ്ഥലമാണെന്നു വരുന്നതു ദൗർഭാഗ്യകരമാണ്. സമൂഹത്തിന്റെ ശാന്തിയും സമാധാനവും തകർക്കുന്ന ഇത്തരം പിന്തിരിപ്പൻ ചിന്തകളെ എതിർക്കേണ്ടത് ബോധമുള്ള എല്ലാ മനുഷ്യരുടെയും കടമയാണ്.

September 27, 2017
ഒരു കഥകളി ഗ്രൂപ്പിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചയിൽ തല്പരകക്ഷികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി ഞാൻ എഴുതിയ ഒരു പ്രതികരണം എന്റെ ബ്ലോഗിൽ പകർത്തിയിട്ടുണ്ട്. വിഷയവിവരം ഇല്ലാത്തവർക്കായി ഒരു ഹൃസ്വആമുഖവും കൊടുത്തിട്ടുണ്ട്. വായിക്കാനായി ഈ ലിങ്കിൽ ഒന്നമർത്തിക്കോളൂ.

September 24, 2017
പ്രശസ്ത കഥകളി സംഗീതജ്ഞനായ ശ്രീ.പത്തിയൂർ ശങ്കരൻ കുട്ടിയെ ആദരിക്കുന്നതിലേക്കായി കഴിഞ്ഞ മാസം ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സംഘടിപ്പിക്കപ്പെട്ട 'ശങ്കരാദരണം-2017' ന്റെ കീർത്തിപുസ്തകത്തിൽ ഞാനെഴുതിയിട്ടുള്ള 'നളചരിതത്തിന്റെ രംഗപാരമ്പര്യം' എന്ന ലേഖനം എന്റെ ബ്ലോഗിൽ ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കഥകളിയുടെ ചരിത്രമറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും തന്നെ, പ്രത്യേകിച്ചും കഥകളി പണ്ഡിതന്മാർക്ക്, ഈ ലേഖനം പ്രയോജനകരമായിരിക്കും. തെക്കൻ കേരളത്തിനു വലിയ കഥകളി സംസ്കാരമൊന്നും അവകാശപ്പെടാനില്ല എന്ന ചില കഥകളി പണ്ഡിതന്മാരുടെ നിലപാടുകൾക്കുള്ള മറുപടിയായും ഈ ലേഖനത്തിനെ വീക്ഷിക്കാം.

September 20, 2017
കുറച്ചു നേരം മുൻപ് ഒരഭിമുഖം കേട്ടതാണ്. സദ്‌ഗുരു ജഗ്ഗി വാസുദേവിനോടാണ് ചോദ്യം. ഭയത്തെ എങ്ങിനെ മറികടക്കാം? അദ്ദേഹത്തിന്റെ ഉത്തരം; ഇല്ലാത്ത ഒന്നിനെ എങ്ങിനെയാണ് മറികടക്കുക? ഭയം, ആശങ്ക, സന്തോഷം,ദുഃഖം, സമാധാനം .... ഇതൊന്നും ഉള്ള കാര്യങ്ങളല്ല; നമ്മുടെ സൃഷ്ടികളാണ്. ഇതൊക്കെ ഉണ്ടാക്കുന്നത് വളരെ സങ്കീർണ്ണമായ മനുഷ്യശരീരമെന്ന യന്ത്രമാണ്. അതിനെ ശരിയായി പ്രവർത്തിപ്പിക്കാൻ പഠിച്ചാൽ ഇതൊക്കെ നിസ്സാരമായി മനസ്സിലാക്കാം. പക്ഷെ സങ്കീർണ്ണമായ ഈ യന്ത്രത്തിന്റെ user manual ഒരിക്കൽ പോലും വായിച്ചു പഠിക്കാൻ ശ്രമിക്കാതെ, എങ്ങിനൊക്കെയോ യന്ത്രത്തെ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കയാണ് നമ്മൾ. ഈ യന്ത്രത്തിന്റെ user manual ആണ് spirituality. യന്ത്രത്തിനെ നേരാംവണ്ണം പ്രവർത്തിപ്പിക്കണമെങ്കിൽ user manual പഠിക്കേണ്ടതുണ്ട്. ഒരു ടെലിഫോൺ വാങ്ങിച്ചിട്ടു, മൂന്നു വർഷങ്ങൾ കഴിഞ്ഞു, അതിന്റെ കാലാവധി കഴിയാറാകുമ്പോൾ user manual പഠിച്ചിട്ടു എന്ത് ഗുണം? ആയുസ്സിന്റെ അവസാനകാലത്തു മാത്രമേ ആത്മീയത പാടുള്ളൂ എന്നാണു പൊതുവെയുള്ള ധാരണ. എന്തുചെയ്യാം?
ഇപ്പറഞ്ഞ വാക്കുകൾ ചിന്തനീയമാണ്.

September 4 , 2017
എല്ലാവർക്കും ഐശ്വര്യ പൂർണ്ണവും സന്തോഷകരവുമായ ഓണം ആശംസിക്കുന്നു.
കേരളത്തിന്റെ തനതു കലയായ കഥകളി കണ്ടാസ്വദിക്കാൻ ഇതിനെക്കാൾ നല്ല മറ്റൊരു ദിനമില്ല. അതും പച്ചയുടെ രാജാവ് കലാമണ്ഡലം ഗോപിയും മോഹിപ്പിക്കുന്ന സ്ത്രൈണ സൗന്ദര്യമായ മാർഗ്ഗി വിജയകുമാറും ബാഹുകനും (നളൻ) ദമയന്തിയുമായി വേഷമണിയുന്ന നളചരിതം നാലാം ദിവസം കഥ. കഴിഞ്ഞയാഴ്ച നടന്ന ഏവൂർ 'ശങ്കരാദരണ' ത്തിൽ നിന്നും ഞാൻ മൊബൈലിൽ പകർത്തിയെടുത്ത കുറെ ചിത്രങ്ങൾ ഇതാ. പത്തിയൂർ ശങ്കരൻ കുട്ടിയും കലാനിലയം രാജീവനും പിന്നണി സംഗീതം നൽകുന്ന കളിയിൽ കലാ.ഉണ്ണികൃഷ്ണൻ ചെണ്ടയും കലാ.ശങ്കരവാര്യർ മദ്ദളവും കൈകാര്യം ചെയ്തു. കലാ. ഷൺമുഖനാണ് കേശിനിയായി വേഷമിട്ടിരിക്കുന്നത്. കളിയുടെ ആദ്യം മുതൽ അവസാനം വരെയുള്ള രംഗങ്ങളുടെ ചിത്രങ്ങൾ അതേ വിധത്തിൽ ക്രമീകരിച്ചിരിക്കയാൽ കളി കാണുന്ന ഒരനുഭൂതി നിങ്ങളിൽ ചിലർക്കെങ്കിലും കിട്ടാം. ഒരിക്കൽ കൂടി എല്ലാവർക്കും ഓണാശംസകൾ നേരുന്നു.

September 1, 2017  
ഏവൂർ 'ശങ്കരാദരണ'ത്തിന്റെ ഒന്നാം ദിവസം മൂഴിക്കളം നേപഥ്യയിലെ രാഹുൽ ചാക്യാരും മധു ചാക്യാരും ചേർന്നവതരിപ്പിച്ച 'സുഭദ്രാധനജ്ഞയം' കൂടിയാട്ടത്തിലെ ചില രംഗങ്ങൾ. ഈ പരിപാടിയെക്കുറിച്ചുള്ള എന്റെ അഭിപ്രായം ശങ്കരാദരണത്തെപ്പറ്റി എന്റെ ബ്ലോഗിൽ എഴുതുന്ന അവലോകനത്തിൽ വായിക്കാം. ഞായറാഴ്ച വരെ ദയവായി കാത്തിരിക്കുക.

August 30, 2017
ശങ്കരാദരണ വേദിയിൽ നടന്ന പരിപാടികളുടെ ചില ചിത്രങ്ങൾ ഞാൻ മൊബൈൽ ഫോണിൽ പകർത്തിയത് ഇവിടെ പങ്കു വക്കുന്നു. മടവൂരാശാനും ശിഷ്യൻ കലാമണ്ഡലം രാജശേഖരനും ഡോ.ഏറ്റുമാനൂർ കണ്ണനും ചേർന്നവതരിപ്പിച്ച രുഗ്മിണീ സ്വയംവരത്തിലെ ചില ചിത്രങ്ങൾ ഇതാ. മേളത്തിനു പലരും ഉണ്ടായിരുന്നതിനാൽ എല്ലാവരുടേയും പേരുകൾ ഇവിടെ കുറിക്കാൻ കഴിയുന്നില്ല.

August 28, 2017
ത്തികളിലും പൊതുപരിപാടികളിലെല്ലാം തന്നെയും പ്രകടമാകുകയും ചെയ്തു. സമാദരണചടങ്ങിൽ പങ്കെടുത്തു കൊണ്ടു് കഥകളിയിലെ മുടിചൂടാമന്നനും സ്വതവേ അല്പം ഗൗരവ പ്രകൃതക്കാരനുമായ കലാമണ്ഡലം ഗോപിയാശാൻ തന്റെ വാക്കുകളിലൂടെയും ശരീരഭാഷയിലൂടെയും പ്രകടിപ്പിച്ച സന്തോഷവും പ്രസന്നതയും ഞാനിപ്പറഞ്ഞതിന് അടിവരയിടുന്നതായിരുന്നു. എന്റെ വളരെ പരിമിതമായ കാഴ്ചാ വേളകളിലൊന്നും തന്നെ ആശാനെ ഇത്ര സന്തോഷവാനായി ഇതിനു മുൻപു ഞാൻ കണ്ടിട്ടില്ല. സൗമ്യനും നല്ല ഗായകനുമായ പത്തിയൂരിനോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളോരോന്നും. ഗോപിയാശാൻ മാത്രമല്ല, അവിടെ സംസാരിച്ചവരെല്ലാം തന്നെ ഈി സന്തോഷമാണ് വേദിയിലും സദസ്സിലും പ്രസരിപ്പിച്ചത്. ശങ്കരാദരണം, 'സംഗീതരത്നം' എന്ന തികച്ചും അർഹമായ ആഭരണം ശങ്കരൻകുട്ടിക്ക് ചാർത്തിക്കൊടുത്തു. സംഗീതരത്നം പത്തിയൂർ ശങ്കരൻ കുട്ടിക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഞാൻ അങ്ങേയറ്റം സ്നേഹിക്കുന്ന കഥകളിയെന്ന മഹനീയ കലയെ ഇനിയുമേറെ സമ്പന്നമാക്കാൻ അദ്ദേഹത്തിന് എല്ലാ കഴിവുകളും ജഗദീശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥിക്കയും ചെയ്യുന്നു.
ആഗസ്ത് 21,2017 
ഇപ്പോഴത്തെ ഒരു മലയാള ഭാഷാപ്രയോഗമുണ്ടല്ലോ 'ഒരൊന്നൊന്നര പണിയായിപ്പോയെന്നോ' മറ്റോ (ഞാൻ ചെറുപ്പകാലത്തു പഠിച്ച മലയാളഭാഷയിൽ ഇങ്ങനൊരു പ്രയോഗം കണ്ടിട്ടില്ലാത്തതു കൊണ്ട് എഴുതിയെന്നേയുള്ളൂ). ഏതായാലും കഴിഞ്ഞ ശനിയാഴ്ച ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രസന്നിധിയിൽ നടന്ന കലാമണ്ഡലം ഏവൂർ കലാസ്വാദന പഠനക്കളരിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമയി നടന്ന ചെണ്ടമേളത്തിനെയും തായമ്പകയേയും ഈ പ്രയോഗം അന്വർത്ഥമാക്കിയെന്നാണ് എന്റെ അഭിപ്രായം. ചെണ്ടവിഭാഗം അദ്ധ്യാപകൻ കലാമണ്ഡലം ശ്രീകാന്ത് വർമ്മയുടെ ശിക്ഷണത്തിൽ പഠിച്ച വിദ്യാർത്ഥികളുടെ രംഗപ്രവേശമായിരുന്നു. വിദ്യാർത്ഥികൾക്കൊപ്പം മുതിർന്ന മേളവിദഗ്ദ്ധരും കൂടി ചേർന്നു നടത്തിയ മേളപ്പെരുക്കം കണ്ണിനും കാതിനും ഒരുപോലെ ഹൃദ്യമായാണനുഭവപ്പെട്ടത്. നാദപ്രപഞ്ചം സൃഷ്ടിച്ചതിൽ മുതിർന്ന കലാകാരന്മാരുടെ സംഭാവന മുന്നിൽ നിന്നിരുന്നുവെങ്കിലും ശിഷ്യരുടെ ചെണ്ടക്കോലുകളും കൃത്യതയോടെ തന്നെ ചെണ്ടത്തലയിൽ പതിക്കുന്നുണ്ടായിരുന്നു. അരങ്ങേറ്റം കുറിച്ച എല്ലാ യുവകലാകാരന്മാർക്കും ഭാവുകങ്ങൾ നേരുന്നു. ദൈവദത്തമായ, മഹനീയമായ പ്രവൃത്തിയാണ് കലാസപര്യയെന്നും അതിനെ തികഞ്ഞ ആദരവോടും ഗൗരവത്തോടും കൂടി കൂടെക്കൊണ്ടു നടക്കേണ്ടതുണ്ടെന്നും ഈ പഠനക്കളരിയിൽ നിന്നും പഠിച്ചിറങ്ങുന്ന എല്ലാ കൂട്ടുകാരെയും അവരുടെ മാതാപിതാക്കളെയും ഓർമ്മിപ്പിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കട്ടെ.

ആഗസ്ത് 21,2017 
ഏവൂർ ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന കലാമണ്ഡലം-ഏവൂർ കലാസ്വാദന പഠനക്കളരിയുടെ വാർഷികാഘോഷ വേളയിൽ ഈ കളരിയുടെ പ്രധാനാദ്ധ്യാപകനായ, കേന്ദ്രസർക്കാരിന്റെ കഥകളി സീനിയർ ഫെലോഷിപ്പ് ലഭിച്ച, കലാമണ്ഡലം കൃഷ്ണപ്രസാദിനെ പി.ടി.എ യും അനുഷ്ഠാനം ക്ഷേത്ര കലാസമിതിയും ചേർന്ന് ആദരിക്കുകയുണ്ടായി. ചെണ്ട വിഭാഗം അദ്ധ്യാപകൻ കലാമണ്ഡലം ശ്രീകാന്ത് വർമ്മയെ ചടങ്ങിൽ ആദരിക്കുന്ന ചിത്രവും കാണാം.അതേ തുടർന്നു നടന്ന കഥകളി അവതരണങ്ങളിൽ ആദ്യം നാലു കൊച്ചുകൂട്ടുകാർ പുറപ്പാടോടെ അരങ്ങേറ്റം കുറിച്ചു.

ആഗസ്ത് 21,2017  
ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ കേരള കലാമണ്ഡലം ഏവൂർ കലാസ്വാദന പഠനക്കളരിയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച നടന്ന കുട്ടികജുടെ മോഹിനിയാട്ടം (രംഗപ്രവേശനം) അവതരണത്തിലെ ചില ചിത്രങ്ങൾ. കലാമണ്ഡലം വിജയകുമാരിയാണ് അദ്ധ്യാപിക .

ആഗസ്ത് 20,2017 
കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ കീഴിലുള്ള ഏവൂർ കലാസ്വാദന പഠനക്കളരിയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നടന്ന കഥകളികളിൽ 'കല്യാണസൗഗന്ധികത്തി'ലെ ചില അഭിനയ മുഹൂർത്തങ്ങൾ. കുമാരി അനഘയുടെ പാഞ്ചാലിയും കുമാരി നമിതയുടെ ഭീമനും. പ്രധാനാദ്ധ്യാപകൻ കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ ശിക്ഷണ പാടവം ശരിക്കും എടുത്തുകാണിക്കുന്നതായിരുന്നു കുട്ടികളുടെ അവതരണങ്ങൾ എല്ലാം തന്നെ..

ഓഗസ്റ്റ് 15, 2017  
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. അന്ധനറിയാം കാഴ്ച എത്ര വലിയ വരദാനമാണെന്ന്. സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇപ്പറഞ്ഞതു പ്രസക്തമാണ്. ഇതു മനസ്സിലാക്കാതെയാണ് നമ്മുടെ നാട്ടിൽ പലരും ഇന്ന് ജീവിക്കുന്നത്. നിർഭാഗ്യകരമായി ഇങ്ങനെയുള്ളവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കയാണ്. രാജ്യത്തെ നിന്ദിച്ചു സംസാരിക്കുന്നത് കേമത്തമായി പലരും കരുതുന്നു. രാഷ്ട്രീയവും മതവും ചിന്താഗതികളും എന്തു തന്നെയായിക്കോട്ടെ. സംസ്കാരമുള്ളവന്റെ മനസ്സിൽ ഇതിനൊക്കെ സ്വാതന്ത്ര്യം നൽകുന്ന നാടിനോടു കുറുണ്ടാകണം. അങ്ങിനെയുള്ള കുറെ മനുഷ്യാത്മക്കൾ ഇന്നാട്ടിൽ ജീവിച്ചിരുന്നതിന്റെ ഫലമായാണ് എനിക്കും നിങ്ങൾക്കും ഒരു നാടിന്റ മേൽവിലാസമുണ്ടായത് എന്ന ഓർമ്മ വേണം. കുറവുകളുണ്ടാകാമെങ്കിലും സ്വന്തമായുള്ള ഏതിനെറെയും വില വളരെ വലുതാണെന്നതല്ലേ സത്യം? ഈ സത്യത്തെ മനസ്സിലാക്കാതെയുള്ള ഏതു പ്രവൃത്തിയും ബോധമില്ലായ്മയാണ്. ജ്ഞാനവും ബോധവുമാണ് പരമപ്രധാനമെന്ന് ലോകത്തോട് ആഹ്വാനം ചെയ്യുന്ന സംസ്ക്കാര പാരമ്പര്യമുള്ള ഇന്നാട്ടിലെ പൗരന് ദേശനിന്ദയല്ല, ദേശ സ്നേഹമാണു bhooshanam. ഈ സ്വാതന്ത്യദിനത്തിൽ ഈ സദ്ബോധം എല്ലാവരിലും ഉണരട്ടെ. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.

ഓഗസ്റ്റ് 13, 2017  
ബാംഗ്ളൂരിലെ കോൺഫറൻസിൽ വച്ചു്, ഇക്കാലത്ത് സാധാരണ കാണാൻ കഴിയാത്ത ഒരു പെൺകുട്ടിയെ കണ്ടു. ബെംഗാളിലെ പ്രശസ്തമായ ഒരു സർവകലാശാലയിൽ കെമിക്കൽ എൻജിനിയറിങ്ങിൽ ഗവേഷണ വിദ്യാത്ഥിയാണ്. എനിക്ക് വേദാന്തത്തിൽ താല്പര്യമുള്ള ആളാണെന്ന് എന്റെ junior ആയ പെൺകുട്ടി പറഞ്ഞതു കേട്ടു എന്റടുത്ത് വന്നതാണു്. രാമകൃഷ്ണ മിഷൻ school ൽ പഠിച്ചകാലം തൊട്ട് വേദാന്ത ചിന്തകളിൽ ഏറെ താൽപ്പര്യമുണ്ടെന്നും എന്നൊടു സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. തന്നെപ്പോലെ ഇങ്ങിനെ ഒരു വിഷയത്തിൽ തൽപ്പരരായവരാരും തന്റെ കുട്ടത്തിലില്ലെന്നും അതിനാൽ തനിക്കു കിറുക്കാണെന്നാണ് കുട്ടുകാർ പറയുന്നതെന്നും പറഞ്ഞു. ശരിയാണോ സാർ, മറ്റുള്ളവർക്കില്ലാത്ത ചിന്ത എനിക്കുണ്ടാകുന്നത് ഒരസുഖമാണോ സാർ എന്നു ചോദിച്ചു. ഞാൻ കുറെ നേരം സംസാരിച്ചപ്പോൾ മനസ്സിലായി, പെൺകുട്ടി തികച്ചും genuine ആണ്. അവളുടെ മനസ്സിൽ നിറയെ ചോദ്യങ്ങളാണ്. മുൻപിൽ കാണുന്നതു പലതും അല്ല ശരി എന്നവൾക്ക തോന്നുന്നു. പക്ഷേ ശരിയെ എങ്ങിനെ കണ്ടെത്തണം എന്നറിയുകയുമില്ല. ഞാൻ പറയുന്ന ഓരോ വാക്കുകളും വേദവാക്യം പോലെ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന അവളോടു ഞാൻ പറഞ്ഞൂ, നിനക്കു കിറുക്കാണ്. പക്ഷെ സത്യത്തെ അന്വേഷിക്കുന്ന ഈ കിറുക്കാണ് ലോകത്തിനെ നിലനിർത്തുന്നത്. ഈ കിറുക്കിൽ തന്നെ നീ തുടരണം. കാരണം നിന്നെപ്പോലുള്ളവരില്ലാത്ത ലോകം ശൂന്യമായിപ്പോകും. ആ കുട്ടി എന്റെ പാദങ്ങളിൽ തൊട്ടുവണങ്ങി, സാറിനെ ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നു പറഞ്ഞു മനസ്സില്ലാ മനസ്സോടെ എന്റെ അടുത്തു നിന്നു പോയി. മകളേ, ആത്മീയ വഴിയെ പ്രകാശമാനമാക്കാനുള്ള കഴിവു നിനക്കുണ്ടാകട്ടെ

ഓഗസ്റ്റ് 10, 2017 
വിശ്വാസം സത്യമോ യുക്തിപരമോ ശാസ്ത്രബോധത്തിനു നിരക്കുന്നതോ ആകണമെന്നുമില്ല. പക്ഷേ അതിന്റെ ശക്തി പലപ്പോഴും വളരെ പ്രബലമായിരിക്കും. ഇതു പറയാനിപ്പോൾ ഒരു കാരണമുണ്ടു്. അടുത്തയിടെ നിര്യാതയായ ദൈവവിശ്വാസിയായ എന്റെ അമ്മ ICU വിൽ കിടന്നു കൊണ്ടു്, പാതി പ്രജ്ഞയിൽ, 12 മണിക്കൂർ, നാമജപം നടത്തി. വിഷ്ണു സഹസ്രനാമവും ഭാഗവത കീർത്തനങ്ങളും ഉറക്കെ, നിർത്താതെ ചൊല്ലിക്കൊണ്ടിരുന്നു. മക്കൾ വിളിച്ചിട്ടു പോലും നാമജപം മുടക്കാൻ താല്പര്യമില്ലാത്തതു കാരണം തലകുലുക്കിയുള്ള പ്രതികരണത്തിലൊതുക്കി. നാമജപം കഴിഞ്ഞതോടെ ശബ്ദം നേർക്കുകയും മരണം ആസന്നമായി തോന്നിയതിനാൽ ഡോക്ടർമാർ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു . തന്റെ അന്ത്യം ഇങ്ങനെയായിരിക്കും എന്ന് അമ്മ പലപ്പോഴും പറഞ്ഞിരുന്നു. ആരെയും കഷ്ടപ്പെടുത്താതെ, ഭഗവാനെ സ്മരിച്ചു കൊണ്ടു മരിക്കണം എന്നാഗ്രഹിച്ചു. അതു തന്നെ സംഭവിച്ചു. വിശ്വാസത്തിന്റെ ശക്തി.

ഓഗസ്റ്റ് 1, 2017  
ആധുനിക സൗകര്യങ്ങളുള്ള വലിയ ആശുപത്രികളിലെ വെന്റിലേറ്ററിൽ കിടന്നു വൃദ്ധജനങ്ങൾ മരിക്കാനിടയാകുന്ന ഇന്നത്തെ പ്രവണത തെറ്റാണെന്നും അതു നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അറിയിച്ചുകൊണ്ടുള്ള ഒരു മെസ്സേജ് അടുത്തയിടെയായി വാട്സ് ആപ്പിൽ കാണാറുണ്ട്. എന്റെ അമ്മയുടെ (85 വയസ്സ്) മരണത്തിലൂടെ ഈ സാഹചര്യങ്ങളിൽ കൂടി അടുത്തയിടെ കടന്നുപോയ ഒരാളെന്ന നിലയ്ക്ക് എനിക്കും വളരെ പ്രസക്തമായ ഈ വിഷയത്തെക്കുറിച്ചു ചിലതു പറയാനുണ്ട്.
ശ്വാസതടസ്സവും മറ്റുമായി അമ്മയെ വീടിനടുത്തുള്ള ഒരാശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. കിഡ്നിസംബന്ധമായ ചില പ്രശ്നങ്ങൾ കൂടി കണ്ടതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു വേണമെങ്കിൽ കൊണ്ടുപോകാം എന്നു ഡോക്ടർ നിർദ്ദേശിച്ചപ്രകാരം അങ്ങിനെയുള്ള ഒരാശുപത്രിയിലേക്കു അമ്മയെ മാറ്റുകയാണുണ്ടായത്. അവിടെ ചെന്നയുടൻ തന്നെ അമ്മയെ ICU വിൽ അഡ്മിറ്റ് ചെയ്തു. കിഡ്നിയുടെ പ്രവർത്തനം തകരാറിലാണെന്നും ഡയാലിസിസ് വേണമെന്നും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി രണ്ടു വട്ടം ഡയാലിസിസ് ചെയ്തിട്ടും രോഗാവസ്ഥക്കു ശമനം ഉണ്ടായില്ല എന്നു തന്നെയല്ല, മറ്റുള്ള അവയവങ്ങളുടെ പ്രവർത്തനവും തകരാറിലാകുന്നതായാണ് ഡോക്ടർമാർ അറിയിച്ചത്. മൂന്നാം വട്ടം ഡയാലിസിസിന് ശ്രമിച്ചെങ്കിലും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും അനിയന്ത്രിതമായതു കാരണം ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോഴേക്കും അമ്മക്ക് ഓക്സിജന്റെ സഹായത്തോടെയുള്ള ശ്വാസോഛ്വാസം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാഹ്യലോകവുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടിരുന്നു. ഈ നിലയിൽ തുടർന്നാൽ അമ്മ മരിക്കുമെന്നും അതിനാൽ അമ്മയെ വെന്റില്ലേറ്ററിൽ ഇടേണ്ടതുണ്ടെന്നും ഡോക്ടർ പറഞ്ഞു; ഉടൻ തന്നെ അവർ അതു നടപ്പാക്കുകയും ചെയ്തു. കഴുത്തിലും കയ്യിലും വായിലുമെല്ലാം ഉണ്ടാക്കിയ സുഷിരങ്ങളിലൂടെ ഓരോരോ സംവിധാനങ്ങൾ തിരുകികയറ്റിയ നിലയിൽ, യന്ത്രസഹായത്തോടെ മാത്രം ജീവൻ നിലനിർത്തി വെന്റിലെറ്ററിൽ വൃദ്ധയായ അമ്മ കിടക്കുന്നതു കാണുന്നത് ദയനീയമായ കാഴ്ചയായിരുന്നു. രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കിടപ്പിൽ കിടന്ന്‌ അമ്മ മരണമടയുകയും ചെയ്തു.
ആശുപത്രിയിൽ ICU വിനു വെളിയിൽ നിന്ന സമയം മുഴുവൻ ഞാൻ കേട്ടുകൊണ്ടിരുന്നത് അവിടെ അഡ്മിറ്റ് ചെയ്തിരുന്ന രോഗികളുടെ ബന്ധുക്കളുടെ പരിദേവനങ്ങളും ആശുപത്രി അധികൃതരോടും ഡോക്ടർമാരോടുമുള്ള അവരുടെ പ്രതിഷേധസ്വരവുമായിരുന്നു. അനാവശ്യ ചികിത്സകൾ നൽകി അവർ തങ്ങളെയും മറ്റുള്ളവരെയും കൊള്ളയടിക്കുകയാണെന്നും ഡോക്ടർമാർ നൽകുന്നത് ശരിയായ ചികിത്സയല്ലെന്നും ആശുപത്രിക്കു വരുമാനം ഉണ്ടാക്കുന്ന ചികിത്സമാത്രമാണെന്നുമായിരുന്നു ഒട്ടുമുക്കാലും പേരുടെയും പരാതി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സാധുക്കളായ ചിലരൊക്കെ അവരുടെ ദുഃഖങ്ങൾ പങ്കുവച്ചത്. അവരോടൊക്കെ സഹതാപം തോന്നിയെങ്കിലും ശാസ്ത്രവിഷയം കൈകാര്യം ചെയ്യുന്ന ഞാൻ സാധാരണക്കാരായ ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നതു പോലെ ചെയ്യുന്നതു ശരിയല്ലല്ലോ? രോഗിയുടെ അവസ്ഥയെന്താണെന്നും അതിനു വേണ്ട ചികിത്സ എന്താണെന്നും നിശ്ചയിക്കേണ്ടതു ഡോക്ടറാണ്. അതിൽ ബന്ധുക്കൾ സംശയാലുക്കളാകുന്നതും ചികിത്സയെ തടസ്സപ്പെടുത്തുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നതും ശരിയല്ല എന്നതാണെന്റെ പക്ഷം. പക്ഷെ ഇങ്ങനെ പറയുമ്പോൾ തന്നെ ഒരു ചോദ്യം ഉയരുന്നു; ദൈവത്തെപ്പോലെ കരുതേണ്ട ഡോക്ടർമാരെ ജനങ്ങൾ എന്തുകൊണ്ടാണ് കൊള്ളക്കാരെപ്പോലെ ഇന്നു വീക്ഷിക്കുന്നത്? നമ്മുടെ ആശുപത്രികളിൽ, പ്രത്യേകിച്ചും വലിയ കോർപൊറേറ്റ് മോഡൽ ആശുപത്രികളിൽ, ഇപ്പറയുന്ന വിധത്തിലുള്ള വലിയ തെറ്റുകൾ സംഭവിക്കുന്നുണ്ടോ?
അമ്മയുടെ കാര്യത്തിൽ ICU വിൽ കണ്ട ഒരു ജൂനിയർ ഡോക്ടറോട് ഞാൻ ചോദിച്ചു; 'വയസ്സായ, അവയവങ്ങളോരോന്നും തകരാറിലായി, ഡയാലിസിസിനോട് പോലും പ്രതികരിക്കാത്ത ശരീരവുമായി അവശയായിക്കിടക്കുന്ന അമ്മയ്‌ക്കു ഈ വെന്റിലേറ്റർ സപ്പോർട്ട് കൊണ്ടു് എന്തെങ്കിലും ഗുണമുണ്ടാകുമോ? അദ്ദേഹം എന്നോട് പറഞ്ഞു,'ഇതെന്റെ അമ്മയായിരുന്നെങ്കിൽ ഞാനിതിപ്പോൾ മതിയാക്കുമായിരുന്നു. പക്ഷെ ഒരു ഡോക്ടറെന്ന നിലയിൽ ഞാൻ നിങ്ങളോടങ്ങിനെ പറയില്ല. അപൂർവം ചിലർക്കു ഗുണമുണ്ടായെന്നു വരാം. എന്തുവേണമെന്നു നിങ്ങൾക്കു തീരുമാനിക്കാം".
രോഗിയിൽ ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് നിലനിർത്തേണ്ടത് ഡോക്ടറുടെ ധർമ്മമാണ്. പക്ഷേ, ഈ യാന്ത്രികമായ പിടിച്ചുനിർത്തൽ കൊണ്ട് രോഗി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നറിയുന്ന ഡോക്ടർ, വളരെ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ഈ തീരുമാനത്തിന്, ബന്ധുക്കളെ പ്രേരിപ്പിക്കുന്നത്‌ ധാർമ്മികമാണോ? രോഗിയുടെ ബന്ധുക്കളെ തീരുമാനമെടുക്കാൻ നിർബന്ധിച്ചാൽ അവരെന്തു ചെയ്യാനാണ്? അവർ ധർമ്മസങ്കടത്തിലാകും. സ്വന്തം ബന്ധുവിനെ രക്ഷിക്കാം എന്ന പ്രതീക്ഷയിൽ കുടുംബം തീറെഴുതിക്കൊടുത്ത അവസാനത്തെ ചില്ലിക്കാശുപോലും അവരവിടെ ചിലവാക്കും; അവസാനം ഇതൊന്നും കൊണ്ടൊരു ഗുണവുമുണ്ടായില്ലെന്നു കാണുമ്പോൾ കരഞ്ഞു നിലവിളിക്കും; അത്രമാത്രം.
ഇതെല്ലാം കണ്ടു കഴിഞ്ഞപ്പോൾ എനിക്കൊന്നു പറയാൻ തോന്നുന്നു; വാർധക്യ സഹജമായ അസുഖങ്ങളാൽ മരിക്കാൻ വിധിക്കപ്പെടുന്നവരെ വെന്റില്ലേറ്ററെന്ന കാരാഗൃഹത്തിൽ കിടക്കാൻ വിട്ടുകൊടുക്കരുത്. അത്യാവശ്യം മരുന്നുകളും ശുശ്രൂഷകളുമായി വീട്ടിലോ ചെറിയ ആശുപത്രികളിലോ കിടന്നു മരിക്കാൻ അനുവദിക്കണം. ഒന്നുമില്ലെങ്കിലും തങ്ങൾ സ്നേഹിച്ച കുറെ മുഖങ്ങളെങ്കിലും കണ്ടു ഈ ലോകത്തിൽ നിന്നും അവർക്കു യാത്രയാകാമല്ലോ?

July 28,2017  
ഇപ്പോൾ ബോംബ (മുംബൈ) എയർ പോർട്ടിലിരിക്കയാണ്. വണ്ടി വരാൻ രണ്ടു മണിക്കൂർ കൂടിയുണ്ട്. വല്ലാതെ ബോറടിക്കുന്നു. വായിക്കാൻ ബുക്കൊക്കെ ഉണ്ടെങ്കിലും കലശലായ തലവേദന അതിനു സമ്മതിക്കുന്നില്ല. അപ്പം നോക്കിയപ്പഴാ തോന്നിയത്, എന്തൊരു ഭംഗിയാണീ വിമാനത്താവ ളത്തിനു്! അതും നമ്മുടെ നാട്ടിലാണിതെന്നു കാണുമ്പോൾ കൂടുതൽ സന്തോഷം തോന്നുന്നു.ഞാൻ പറഞ്ഞതിൽ സംശയമുണ്ടെങ്കിൽ ഈ പടങ്ങൾ ഒന്നു നോക്കിക്കേ! സൗന്ദര്യം ആനന്ദദായകമാണ്, അത് എന്തിനെറെ തന്നെയായാലും.

July 23, 2017 
വിധിപ്രകാരമുള്ള ശേഷക്രിയകൾക്കു ശേഷം അമ്മയുടെ അസ്ഥി ഇന്നലെ തിരുവല്ലം (തിരുവനന്തപുരം) പരശുരാമ ക്ഷേത്രത്തോടു ചേർന്നുള്ള ജലാശയത്തിൽ നിമജ്ജനം ചെയ്തു. 41 ദിവസങ്ങൾക്കു ശേഷം മാത്രമേ ഈ ക്ഷേത്രത്തിൽ ബലികർമ്മങ്ങൾ നടത്താൻ കഴിയൂ എന്നതിനാൽ ആ കമ്മങ്ങൾ ബാക്കി നിൽക്കുന്നു. അങ്ങിനെ പഞ്ചഭൂതനിർമ്മിതമായ ശരീരം, അതിന്റെ വിധിക്കപ്പെട്ട ഇഹലോക കർമ്മങ്ങൾക്കൊടുവിൽ തുടക്കത്തിലേക്കു മടങ്ങിപ്പോയിരിക്കുന്നു. ആത്മാവിനു മരണമില്ലാത്തതിനാൽ അത് ഈ പ്രപഞ്ചത്തിൽ വേറേതെങ്കിലും ഒരു ശരീരത്തിന്റെ ജീവനായിക്കാണാം; അല്ലെങ്കിൽ കൃഷ്ണഭക്തയായ അമ്മ എന്നും ഉറച്ചു വിശ്വസിച്ചിരുന്നതു പോലെ വിഷണപദത്തിൽ ലയിച്ചിരിക്കാം. അതെന്തു തന്നെയായാലും ഒന്നു സത്യമാണ്; ഞങ്ങൾ മക്കൾക്ക് അമ്മയില്ലാതെയായിരിക്കുന്നു. അമ്മേ വിട.

ജൂലൈ 18, 2017  
ഇന്നലെ അമ്മയുടെ സഞ്ചയന കർമ്മങ്ങൾ നടന്നു. ഗോമൂത്രം, പാൽ, തൈര്,
നെയ്യ്, എണ്ണ, തേൻ, കരിക്കിൻ വെള്ളം, പനനീർ എന്നീ അഷ്ടദ്രവ്യങ്ങളിൽ കഴുകി ശുദ്ധീകരിച്ച അസ്ഥികൾ ദീപത്തോടൊപ്പം കലശത്തിലാക്കി പട്ടിട്ടു പൊതിഞ്ഞു പൂവിട്ടു നമസ്കരിക്കാൻ വച്ച ശേഷം ഫലവൃക്ഷമായ പ്ലാവിൽ നിക്ഷേപിച്ചു. വൃക്ഷത്തിൽ കഴിയുന്ന പ്രേതാത്മാവു്, പതിനൊന്നാം ദിവസത്തെ സപിണ്ഡി കർമ്മങ്ങളോടെ ശുദ്ധീകരിക്കപ്പെട്ടു് പിതൃലോകത്തിലേക്ക് യാത്രയാകുമത്രേ (ഞാൻ കേട്ടറിഞ്ഞ വിവരം എഴുതുന്നുവെന്നു മാത്രം. ഇതിന്റെ യൊക്കെ ശാസ്ത്രീയതയെക്കുറിച്ചൊന്നും എനിയ്ക്ക് അറിവൊന്നുമില്ല).


July 10, 2017
85 വർഷങ്ങൾ ഇഹലോകത്തിൽ ഞങ്ങളോടും ബന്ധുമിത്രാദികളോടുമൊത്തു സുഖവും ദു:ഖവും പങ്കിട്ടു ജീവിച്ച ഞങ്ങളുടെ അമ്മ ഇന്നിതെല്ലാം വിട്ട് ശാന്തസുന്ദരമായ പരലോകത്തിലേക്കു യാത്രയായി. അമ്മയ്ക്ക് സ്'നേഹനിർഭരവും നന്ദി പൂർവകവുമായ യാത്രാമൊഴികളും അമ്മയുടെ ആത്മാവിന് വിശ്വാസ ഭാജനമായ വിഷ്ണുപാദത്തിൽ നിത്യശാന്തിയും നേരുന്നു.

June 30, 2017
ഇന്നലത്തെ (താഴെക്കാണുന്ന) പോസ്റ്റിൽ ചേർക്കാമായിരുന്ന പ്രസക്തമായ ഒരു പോയിന്റ് കൂടി പറയട്ടേ. ഭഗവത് ഗീതയിൽ നിന്നുള്ളതാണ്. സ്വധർമ്മം അനുഷ്ഠിക്കുന്നത് ശ്രേഷ്ഠവും പരധർമ്മം അനുഷ്ഠിക്കുന്നത് പാപവുമാണെന്നു ഭഗവത് ഗീത പറയുന്നു. ഇതിന്റെ ലളിതമായ അർത്ഥം ഇതാണ്. ഓരോ മനുഷ്യരും വ്യത്യസ്ത പ്രകൃതങ്ങളുള്ളവരായിട്ടാണ് ജനിച്ചിട്ടുള്ളത്. പ്രകൃത്യാലുള്ള ഈ ഗുണങ്ങൾക്കനുസരിച്ചുള്ള തന്റെ കഴിവെന്താണെന്നു ഒരുവൻ തിരിച്ചറിഞ്ഞു, അതിൻപ്രകാരം കർമ്മം ചെയ്തു ജീവിക്കണമെന്നാണ് ഗീത നിർദ്ദേശിക്കുന്നത്. അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ അയാളുടെ കർമ്മത്തിനു കിട്ടാവുന്ന ഏറ്റവും നല്ല ഫലം കിട്ടുകയും അതയാൾക്കു ആത്മസംതൃപ്തിയും സമാധാനവും പ്രദാനം ചെയ്യുകയും ചെയ്യും. മറിച്ചു, ഒരുവൻ, മറ്റൊരുവൻ അയാളുടെ പ്രകൃത്യാലുള്ള ഗുണങ്ങൾക്കനുസരിച്ചു ചെയ്യുന്ന കർമ്മമാണ് ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ, ആ കർമ്മത്തിന്റെ ഫലം മോശമായി, ആത്മസംഘർഷവും അസംതൃപ്തിയുമായിരിക്കും ഫലം. കണക്കിലും സയൻസിലും യാതൊരു താൽപ്പര്യവും കാണിക്കാത്ത കുട്ടിയെ, കൂടുതൽ പേരും പഠിക്കുന്നത് എഞ്ചിനീയറിയറിങ് ആണെന്നും അതു പഠിച്ചാലേ സമൂഹത്തിൽ നിലയും വിലയും കിട്ടുകയുള്ളൂ എന്നും കണ്ടു മാതാപിതാക്കൾ നിർബന്ധിപ്പിച്ചു പഠിപ്പിക്കുമ്പോൾ, തല്ലിപ്പഴുപ്പിച്ചെടുത്ത ഈ എഞ്ചിനീയർ ഭാവിയിൽ അനുഷ്ഠിക്കാൻ പോകുന്നത് സ്വധർമ്മമല്ല, പരധർമ്മമാണ്. ജോലിയിൽ മിടുക്കുണ്ടാകില്ലെന്നു മാത്രമല്ല, ജീവിതകാലം മുഴുവൻ ആത്മസംഘർഷം അനുഭവിക്കാനവൻ വിധിക്കപ്പെടുകയുമാണ്. കൂട്ടത്തിന്റെ പിറകെ പോകുന്നതുണ്ടാക്കുന്ന ദോഷഫലത്തിന്റെ ഇന്നത്തെ ഉത്തമ ദൃഷ്ട്ടാന്തമാണിത്.
മുൻപേ ഓടുന്നവന്റെ പിറകേ, എന്തിനാണെന്നു പോലും അറിയാതെ ഓടുന്നവരുടെയും അങ്ങിനെ ഉണ്ടാകുന്ന വലിയ കൂട്ടങ്ങളുടെയും ബോധരാഹിത്യമാണല്ലോ ഇന്നലത്തെ പോസ്റ്റിൽ സൂചിപ്പിച്ചത്? വലിയ വലിയ കൂട്ടങ്ങളും കൂട്ടായ്മകളും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു ലോകം കൂടുതൽ കൂടുതൽ സംഘർഷഭരിതവും ദുരിതപൂർണ്ണവുമാകുന്നതിനുള്ള കാരണം ഇനി വേറെ അന്വേഷിക്കേണ്ടതുണ്ടോ?

June 30, 2017
കുറെ വർഷങ്ങൾക്കു മുൻപ് എവിടെയോ കണ്ട ഒരു ശ്ലോകം ആകർഷകമായി തോന്നി ഡയറിയിൽ കുറിച്ചിട്ടത് ഇന്നു ശ്രദ്ധയിൽപ്പെട്ടു. ഏതു ഗ്രന്ഥത്തിൽ നിന്നാണെന്നറിയില്ല.
ഏകസ്യ കർമ്മ സംവീക്ഷ്യ കരോത്യന്യോപി ഗർഹിതം
ഗതാനുഗതികോ ലോകോ ന ലോക: പാരമാർത്ഥിക:
(ഒരുത്തൻറെ നിന്ദ്യമായ പ്രവൃത്തി കണ്ടിട്ട് അന്യനും അതുപോലെ ചെയ്തുപോരുന്നു. ഇതു മുൻപിൽ പോകുന്നവന്റെ പിന്നാലെ പലരും പോകുന്നതു പോലെയാണ്. ഒരുവനും പരമാർത്ഥമറിഞ്ഞു പ്രവർത്തിക്കുന്നില്ല).
ഒന്നോർത്താൽ ഇതെത്ര ശരിയാണ്? നിന്ദ്യമായ പ്രവൃത്തിയും എന്തിനാണ് ഓടുന്നതെന്നറിയാതെയുള്ള ഓട്ടവും ബോധമില്ലായ്മയുടെ ലക്ഷണങ്ങളാണ്. എന്തിനാണെന്നറിയാതെ, ആരെങ്കിലുമൊക്കെ പറഞ്ഞതിന്റെ പിറകെ ഓടുകയല്ലേ ഇന്നു ഭൂരിപക്ഷം മനുഷ്യരും? ഈ ഓട്ടത്തിനിടയിൽ വഴിയിലാരെങ്കിലും ഓടാതെ നിൽക്കുന്നതു കണ്ടാൽ അവനെ നോക്കി പുശ്ചഭാവത്തിൽ ഒരു ചിരിയും പാസ്സാക്കും !
വലിയ കൂട്ടങ്ങൾ ബോധക്കുറവിന്റെയും ചെറിയ കൂട്ടങ്ങൾ താരതമ്യേന സുബോധത്തിന്റെയും ലക്ഷണമാണെന്നെനിക്കു തോന്നുന്നു. നിങ്ങൾക്കും ചിന്തിക്കാം.