നമുക്കേവർക്കും ഏറെ പരിചിതമായ ഒരു പദമാണ് 'ആത്മാവ്' (atman, soul, spirit)'. ശരീരത്തിനു ജീവൻ നൽകി നിയന്ത്രിക്കുന്ന ചൈതന്യം എന്ന നിലയ്ക്കാണ് ആത്മാവിനെ നമ്മളിൽ ബഹുഭൂരിപക്ഷം പേരും മനസ്സിലാക്കിയിട്ടുള്ളത്. വ്യക്തി കേന്ദ്രീകൃതമായ ഒരു ചൈതന്യശക്തി എന്ന നിലയിൽ ആത്മാവിനെ കാണുന്നതിനാൽ പലപ്പോഴും വ്യക്തിഗതമായ പല കാര്യങ്ങളെയും നമ്മൾ ആത്മാവുമായി കൂട്ടി യോജിപ്പിച്ചു പറയാറുമുണ്ട്. ഉദാഹരണത്തിന്, ആത്മബോധം, ആത്മപ്രശംസ, ആത്മസാക്ഷാത്ക്കാരം, ആത്മനിന്ദ, ആത്മഹത്യ, ആത്മശാന്തി, ആത്മസുഖം, ആത്മാഭിമാനം..... ഒരുവന്റെ മരണ ശേഷം, 'പരേതാത്മാവിനു നിത്യശാന്തി ലഭിക്കട്ടെ' എന്നു നമ്മൾ പറയാറുള്ളതു തന്നെ വ്യക്തിയെ ആത്മരൂപത്തിൽ നാം കാണുന്നതു കൊണ്ടാണ്. ചുരുക്കത്തിൽ വ്യക്തിയുടെ അകക്കാമ്പ് ആത്മാവാണെന്നും ആയതിനാൽ എല്ലാം തന്നെ ആ അകക്കാമ്പിനെ ബന്ധിച്ചു നിൽക്കുന്നതാണെന്നും നാം കരുതുന്നു എന്നു സാരം. ഭൗതീകമല്ലാത്ത ആത്മവിഷയം, സ്വാഭാവികമായും മതവിഷയമാകുകയും മതങ്ങളെല്ലാം തന്നെ അവരവരുടേതായ രീതിയിൽ ആത്മാവിനെ മനസ്സിലാക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആത്മാവുമായി ബന്ധപ്പെട്ടു നിൽക്കുന്ന പഠന-മനന-ജീവിതരീതിയെ ആത്മീയം (spirituality) എന്നെല്ലാവരും പേരിട്ടു വിളിക്കുകയും ചെയ്തിട്ടുണ്ട്.
ഭാരതീയ തത്വചിന്തയുടെ ആണിക്കല്ലാണ് ആത്മാവ്. ഈ ആത്മാവാണ് ബ്രഹ്മം (അയമാത്മ ബ്രഹ്മ:) എന്ന ഉപനിഷദ് വാക്യം തന്നെ സൂചിപ്പിക്കുന്നതിതാണ്. മനുഷ്യവംശം ആദ്യമായി ചിന്തിക്കാൻ തുടങ്ങിയതെന്നു പറയപ്പെടുന്ന വേദകാലഘട്ടം മുതൽ (2500 BC) തന്നെ ആത്മാവിനെക്കുറിച്ചു മനുഷ്യർ ചിന്തിച്ചിട്ടുണ്ടെങ്കിലും, ഈ അന്വേഷണം അതിന്റെ പരമകാഷ്ഠയിലെത്തി നിൽക്കുന്നത് ഉപനിഷത് കാലഘട്ടത്തിലാണെന്നു തോന്നുന്നു (800-500 BC). പ്രസിദ്ധമായ ഉപനിഷത്തുക്കളിലെല്ലാം തന്നെ ആത്മവിഷയത്തെപ്പറ്റിയുള്ള ഗൗരവതരമായ ചർച്ചകളും അതിൽ നിന്നുരുത്തിരിഞ്ഞു വന്നിട്ടുള്ള നിഗമനങ്ങളും കാണാം. ഉപനിഷൽസാരമായ ശ്രീമദ് ഭഗവത് ഗീതയിൽ ആത്മാവിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. വേദോപനിഷത്തുക്കളുടെയും അക്കാലഘട്ടങ്ങളിൽ ഭാരതവർഷത്തിലുടലെടുത്ത മറ്റു പല തത്വദർശനങ്ങളുടെയും കാലത്തിനു ശേഷം, ഇന്നേക്ക് രണ്ടായിരത്തിൽപ്പരം വർഷങ്ങൾക്കു മുൻപ്, ഈ തത്വശാസ്ത്രങ്ങളുടെയെല്ലാം ആകെത്തുകയായുണ്ടായ ഭഗവത് ഗീത, ആത്മാവിനെപ്പറ്റി പറയുന്നത് അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ ഭാരതീയ തത്വചിന്തയുടെ ആധികാരിക പ്രസ്താവമായി കരുതാം. ഭഗവത് ഗീതയുടെ രണ്ടാമദ്ധ്യായമായ 'സാംഖ്യയോഗ'ത്തിൽ ആത്മാവിന്റെ പ്രകൃതത്തെപ്പറ്റി സവിസ്തരമായി പ്രതിപാദിക്കുന്നുണ്ട് (ഈ ബ്ലോഗിൽ തന്നെ ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന 'സുദർശനം' എന്ന ഗീതാ പഠന പരമ്പരയിൽ ഈ ഭാഗങ്ങൾ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ഈ ലേഖനത്തിനു അവശ്യം വേണ്ട ചില ശ്ലോകങ്ങളും അവയുടെ അർത്ഥവും മാത്രമേ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നുള്ളൂ എന്നു പറഞ്ഞു കൊള്ളട്ടെ).
ആത്മാവിനെക്കുറിച്ചു പറയുമ്പോൾ സാധാരണ നമ്മൾ ഉപയോഗിക്കാറുള്ള രണ്ടു പദങ്ങളാണ് പരമാത്മാവ് (ബ്രഹ്മം, eternal soul), ജീവാത്മാവ് (ദേഹി, embedded soul). പ്രപഞ്ചമാസകാലം നിറഞ്ഞുനിൽക്കുന്ന ആത്മബോധത്തെയാണ് പരമാത്മാവ് എന്ന പേരു കൊണ്ടുദ്ദേശിക്കുന്നതെങ്കിൽ ഒരു പ്രത്യേക ദേഹത്തിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ആത്മബോധത്തെയാണ് ജീവാത്മാവ് അല്ലെങ്കിൽ ആത്മാവ് എന്ന പേരുകൊണ്ടുദ്ദേശിക്കുന്നത്. പ്രപഞ്ചത്തിലെ ജീവാത്മബോധത്തിന്റെ ആകെത്തുകയാണ് പ്രപഞ്ചബോധം എന്നതിനാൽ ജീവാത്മാവും പരമാത്മാവും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നതാണെന്നും നമുക്കു മനസ്സിലാക്കാം. ഭക്തിപരമായാണ് ആത്മവിഷയത്തെ ഏറെപ്പേരും മനസ്സിലാക്കുന്നതെങ്കിലും യുക്തിപരമായി തന്നെ ഈ വിഷയത്തെ മനസ്സിലാക്കാൻ സാധിക്കുന്നതേയുള്ളൂ എന്നാണെനിക്കു തോന്നിയിട്ടുള്ളത്. ഭക്തി, പ്രത്യേകിച്ചും അന്ധമായ ഭക്തി, ബോധത്തെ മറയ്ക്കുകയും അങ്ങിനെ വിവേകപൂർവ്വകമായ ചിന്തയിലൂടെ നേടേണ്ടതായ അറിവൂ നേടുന്നതിനു വിഘാതം സൃഷ്ട്ടിക്കുകയും ചെയ്യുമെന്നതിനാൽ, വികാരത്തിനല്ല, വിവേകത്തിനാണ് ജീവിതത്തിൽ ഊന്നൽ കൊടുക്കേണ്ടത് എന്നുദ്ഘോഷിക്കുന്ന സനാതനധർമ്മത്തിന്റെ കാതലായ ആത്മവിഷയത്തെ ആ തലത്തിൽ നിന്നുകൊണ്ട് മനസ്സിലാക്കാനുള്ള ഒരെളിയ ശ്രമമാണ് ഞാനിവിടെ നടത്തുന്നത്. ആത്മവിഷയത്തെ ഭക്തിപരമായി മാത്രം മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവരെ ഈ ലേഖനം ചിലപ്പോൾ നിരാശപ്പെടുത്തിയേക്കാം. ഈ ഒരാമുഖത്തോടെ നമുക്ക് ഗീതയുടെ ആത്മവിഷയത്തിലേക്കു കടന്നു ചെല്ലാം.
ആത്മാവിനെക്കുറിച്ചു ഗീതയിൽ പറയുന്ന (അദ്ധ്യായം 2, സാംഖ്യയോഗം) പ്രധാന ശ്ലോകങ്ങളെ നമുക്കൊന്നു ശ്രദ്ധിക്കാം.
അവിനാശി തു തദ്വിദ്ധി യേന സർവമിദം തതം
വിനാശ മവ്യയസ്യാസ ന കശ്ചിത് കർതുമർഹതി (ശ്ലോകം 2:17)
(ഏതൊന്നിൽ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ അത് നാശരഹിതമാണെന്നറിയുക. അനശ്വരമായ അതിനെ നശിപ്പിക്കുവാൻ ആർക്കും കഴിയില്ല).
അന്തവന്ത ഇമേ ദേഹാ നിത്യ സ്യോക്താ: ശാരീരിണ:
അനാശിനോ പ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത (ശ്ലോകം 2:18)
(നിത്യനും അവിനാശിയും അവിജ്ഞേയനുമായ ആത്മാവിനുള്ള ഈ ദേഹങ്ങൾ നാശമുള്ളവയാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് അർജ്ജുനാ, നീ യുദ്ധം ചെയ്യുക).
യ ഏനം വേത്തി ഹന്താരം യശ്ച്ചയിനം മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ നായം ഹന്തി ന ഹന്യതേ (ശ്ലോകം 2:19)
(യാതൊരാൾ ഈ ആത്മാവിനെ കൊല്ലുന്നവനെന്നു ധരിക്കുന്നുവോ യാതൊരാൾ ഇവനെ കൊല്ലപ്പെട്ടവനെന്നു ഗണിക്കുന്നുവോ, ആ രണ്ടു പേരും വാസ്തവം അറിയുന്നില്ല. ആത്മാവ് ആരെയും കൊല്ലുന്നില്ല, ആത്മാവിനെ ആരും കൊല്ലുന്നുമില്ല).
ന ജായതേ മൃയതേ വാ കദാചിത്
നായം ഭൂത്വാ ഭവിതാ ന ഭൂയഃ
അജോ നിത്യ: ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ (ശ്ലോകം 2:20)
(ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല. ജനിച്ചിട്ട് വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. ജനനമില്ലാത്തവനും സ്ഥിരനും പണ്ടേ ഉള്ളവനുമായ ഇവൻ ശരീരം ഹതമാകുമ്പോൾ ഹനിക്കപ്പെടുന്നുമില്ല).
ആത്മാവ് നാശരഹിതമാണ്, നിത്യനാണ്, അപ്രമേയനാണ് (അറിവിന് വിഷയമല്ലാത്തവൻ), അജനാണ് (ജനനമില്ലാത്തവൻ), മരണമില്ലാത്തവനാണ്, ശാശ്വതനാണ് (എന്നുമുള്ളവൻ), പുരാണനാണ് (പണ്ട് പണ്ടേയുള്ളവൻ). ഇക്കാണുന്ന പ്രപഞ്ചമെല്ലാം അതിനാൽ വ്യാപിക്കപ്പെട്ടിരിക്കുന്നു.
വേദാവിനാശിനം നിത്യം യ ഏനജമജമവ്യയം
കഥം സ പുരുഷ പാർത്ഥ: കം ഘാതയതി ഹന്തി കം (ശ്ലോകം 2:21)
(ഈ ആത്മാവിനെ നാശരഹിതനും നിത്യനും ജനനരഹിതനും മാറ്റമില്ലാത്തവനുമായി ആരറിയുന്നുവോ, അങ്ങിനെയുള്ള പുരുഷൻ ആരെയെങ്കിലും കൊല്ലിയ്ക്കുന്നതെങ്ങിനെ? കൊല്ലുന്നതെങ്ങിനെ?)
വാസാംസി ജീർണ്ണാനി യഥാ വിഹായാ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീർണാ-
ന്യന്യാനി സംയാതി നവാനി ദേഹി (ശ്ലോകം 2:22)
(മനുഷ്യൻ എങ്ങിനെ ജീർണ്ണവസ്ത്രങ്ങൾ വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീർണ്ണിച്ച ദേഹങ്ങൾ വെടിഞ്ഞു വേറെ ദേഹങ്ങൾ കൈക്കൊള്ളുന്നു)
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ (ശ്ലോകം 2:23)
(ഈ ആത്മാവിനെ ആയുധങ്ങൾ മുറിവേൽപ്പിക്കുന്നില്ല, ഇവനെ തീ ദഹിപ്പിയ്ക്കുന്നില്ല, ഇവനെ വെള്ളം നനയ്ക്കുന്നില്ല, കാറ്റ് ഉണക്കുന്നുമില്ല)
അച്ഛേദ്യോയമദാഹ്യോയമക്ലേദ്യോശൊഷ്യ ഏവ ച
നിത്യ സർവ്വഗത സ്ഥാണുരചലോയം സനാതനഃ (ശ്ലോകം 2:24)
(ഇവൻ ഛേദിക്കപ്പെടാൻ കഴിയാത്തവനാണ്, നനയാത്തവനാണ്, ഉണങ്ങാത്തവനുമാണ്. ഇവൻ നിത്യനും സർവ വ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്)
അവ്യക്ത്യോയമചിന്ത്യോയമവികാര്യോയമുച്യതേ
തസ്മാദേവം വിദിത്വയിനം നാനുശോചിതുമർഹസി (ശ്ലോകം 2:25)
(ഇവൻ ഇന്ദ്രിയങ്ങൾക്കും മനസ്സിനും അഗോചരനും മാറ്റമില്ലാത്തവനുമാണെന്നു പറയപ്പെടുന്നു. അതുകൊണ്ടു ഇങ്ങനെയുള്ളവനായി ഇവനെ അറിഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക).
പിണ്ഡ (matter) ത്തിനാൽ നിർമ്മിക്കപ്പെട്ട ഒരു ഭൗതിക വസ്തുവിനെ മാത്രമേ ആയുധം കൊണ്ടു മുറിവേൽപ്പിക്കാനോ അഗ്നി കൊണ്ട് ദഹിപ്പിക്കാനോ കഴിയുകയുള്ളൂ എന്നു നമുക്കറിയാം. വിദുച്ഛക്തിയ്ക്കെന്ന പോലെ ആത്മാവിനും ശരീരമില്ലാത്ത സ്ഥിതിയ്ക്ക് അതിനെ മുറിവേൽപ്പിക്കാനും ദഹിപ്പിയ്ക്കാനും കഴിയുകയില്ല. ആത്മാവ് സർവവ്യാപിയാകയാൽ അത് എല്ലായിടങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. അതായത് ആത്മാവില്ലാത്ത ഒരിടവും ഇല്ല. എല്ലായിടവും നിറഞ്ഞിരിക്കയാൽ ആത്മാവിന് ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് ചലിക്കാനും കഴിയില്ല. ഒരു വസ്തു, അതില്ലാത്ത ഒരിടത്തേക്ക് മാറുന്നതിനെയാണല്ലോ ചലനം എന്ന വാക്കുകൊണ്ട് നാം അർത്ഥമാക്കുന്നത്? ചുരുക്കത്തിൽ, നമ്മളിൽ കൂടുതൽ പേരും മനസ്സിലാക്കിയിട്ടുള്ള തരത്തിൽ വ്യക്തിരൂപത്തിലുള്ള ഒരു കാര്യമല്ല ഭഗവത് ഗീതയിൽ (ഭാരതീയ തത്വചിന്തയിൽ) കാണുന്ന ആത്മാവ്; പ്രപഞ്ചം മുഴുവൻ വ്യാപ്തമായി നിൽക്കുന്ന ബോധമാണത്.
പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന, ഒന്നിന്റെയും കർത്താവും ഭോക്താവുമല്ലാത്ത, ചലിയ്ക്കാൻ കഴിയാത്ത വസ്തുവാണ് ആത്മാവെന്നു പറയുമ്പോൾ തന്നെ, ഇതിൽ നിന്നും വളരെ വ്യത്യസ്തമായ പ്രകൃതത്തിലുള്ള ഒരാത്മാവിനെയാണ് "വാസാംസി ജീർണ്ണാനി..." എന്നു തുടങ്ങുന്ന ശ്ലോകത്തിലൂടെ ഗീത നമുക്കു പരിചയപ്പെടുത്തുന്നത്. ഈ ശ്ലോകത്തിൽ കാണുന്ന ആത്മാവ്, ഒരു ശരീരം വിട്ടു മറ്റൊരു ശരീരം സ്വീകരിക്കുന്നവനാണ്. ഒന്നിന്റെയും തന്നെ കർത്താവും ഭോക്താവുമല്ലാത്ത, ചലിയ്ക്കാൻ കഴിയാത്ത ആത്മാവിനെങ്ങിനെയാണ് ഒരു ശരീരം വിട്ടു മറ്റൊരു ശരീരം പ്രാപിയ്ക്കാൻ കഴിയുക? നിർഗ്ഗുണനായ ആത്മാവിനെങ്ങിനെയാണ് ശരീരമാറ്റം പോലെയുള്ള വിഷയത്തിൽ താത്പര്യം ഉണ്ടാകുക? വൈരുദ്ധ്യമെന്നു തോന്നാവുന്ന ഈ ആത്മവിഷയത്തിന്റെ ഉൾപ്പൊരുൾ കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഞാനിവിടെ നടത്തുന്നത്. വേദാന്തവിഷയത്തിൽ തികഞ്ഞ അവഗാഹമുള്ള ഒരാത്മീയാചാര്യൻ, അദ്ദേഹത്തിൻറെ ഗീതാവ്യാഖ്യാനത്തിൽ, ഈ വിഷയത്തെപ്പറ്റി സൂചിപ്പിച്ചു കണ്ടതാണ് എനിക്കീ അന്വേഷണത്തിൽ താത്പര്യം ഉണ്ടാകാൻ കാരണം.
ആത്മാവ് പുനർജ്ജനിക്കുമോ? സർവ്വവും വ്യാപ്തമായി നിൽക്കുന്ന, ചലിക്കാൻ കഴിയാത്ത, നിത്യനായ ആത്മാവിനതിനു കഴിയില്ല; കാരണം അതെപ്പോഴും എല്ലായിടത്തും ഉള്ളതു തന്നെയാണെന്നതു തന്നെ. പക്ഷേ, 'പുനരപി ജനനം, പുനരപി മരണം....; എന്നാണു ശങ്കരാചാര്യസ്വാമികൾ പാടിയിട്ടുള്ളത്. എന്നാൽ ഭഗവത് ഗീതാ ശ്ലോകം 2:20 ൽ നാം കണ്ടത് 'ന ജായതേ മൃയതേ വാ കദാചിത്, നായം ഭൂത്വാ ഭവിതാ ന ഭൂയഃ (ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല)' എന്നാണ്. ആത്മാവിൽ ആരോപിക്കപ്പെട്ടിരിക്കുന്ന ഈ വൈരുദ്ധ്യങ്ങളുടെ കാരണം എന്താകാം? ചലിക്കാൻ കഴിയുന്നതും ചലിക്കാൻ കഴിയാത്തതുമായ രണ്ടു തരം ആത്മാക്കൾ ഉണ്ടോ? നമുക്കീ വിഷയത്തെ ഇഴപിരിച്ചൊന്നു നോക്കാം.
പ്രപഞ്ചമാസകലം നിറഞ്ഞു നിൽക്കുന്ന സദ് വസ്തുവായ ആത്മാവ് (പരമാത്മാവ്, ബ്രഹ്മം, spirit or eternal soul) ജീവശരീരത്തിനുള്ളിൽ വസിക്കുമ്പോൾ അതിനെ ജീവാത്മാവെന്നു (ദേഹി, ജീവൻ, embodied soul) പൊതുവെ വിളിക്കാറുണ്ട്. ആത്മാവ്, ശരീരത്തിനുള്ളിലായാലും പുറത്തായാലും അതിന്റെ പ്രകൃതം മുകളിൽ വിവരിച്ച ഗീതാ ശ്ലോകങ്ങളിൽ പറയുന്നതു തന്നെയാണ്. അപ്പോൾ പിന്നെ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള വ്യത്യാസമെന്താണ്? ഒരുദാഹരണത്തിൽ കൂടി നമുക്കിതു മനസ്സിലാക്കാൻ ശ്രമിയ്ക്കാം. എല്ലായിടവും നിറഞ്ഞിരിക്കുന്ന വായു ഒരു കുടത്തിലും നിറഞ്ഞിരിക്കുന്നുവെന്നു കരുതുക. കുടത്തിനുള്ളിലെ വായു, കുടത്തിന് വെളിയിലെ വായു തന്നെയാണെങ്കിലും, അതിനു കുടത്തിന്റേതായ ആകൃതിയും പ്രകൃതിയുമൊക്കെ ഉണ്ടാകാം. ദുർഗന്ധമുള്ള ഒരു കുടമാണതെങ്കിൽ അതിനുള്ളിലെ വായുവിനു ദുർഗ്ഗന്ധവും സുഗന്ധമുള്ള കുടമാണെങ്കിൽ വായുവിന് സുഗന്ധവും ഉണ്ടാകാം. ഇനി യാതൊരു ഗന്ധവും ഉള്ള കുടമല്ല അതെങ്കിൽ ഉള്ളിലുള്ള വായുവിനും പ്രത്യേകിച്ചൊരു ഗന്ധവും ഉണ്ടാകയില്ല. ഇതു പോലെയാണ് ആത്മാവിന്റെ കാര്യവും. വെളിയിലുള്ള അതേ ശുദ്ധബോധം (ആത്മാവ്) തന്നെയാണ് ശരീരത്തിനകത്തും നിറഞ്ഞിരിക്കുന്നതെങ്കിലും, അകത്തു നിറഞ്ഞിരിക്കുന്ന ആത്മബോധത്തിൽ, അതു വസിക്കുന്ന ദേഹത്തിന്റെ വാസനകൾ കളങ്കമേൽപ്പിയ്ക്കുന്നു. ജീവശരീരത്തിൽ വസിയ്ക്കുന്ന കളങ്കിതമായ ആത്മബോധത്തെയാണ് ജീവാത്മാവ് (ദേഹി, embedded soul) എന്ന പ്രയോഗത്തിലൂടെ നാം ഉദ്ദേശിയ്ക്കുന്നത്. അതായത് കളങ്കരഹിതമായ ജീവാത്മാവാണ്, പരമാത്മാവ് എന്നർത്ഥം. കളങ്കിതമായ ജീവാത്മാവിനെ കളങ്കരഹിതമായ പരമാത്മാവാക്കിത്തീർക്കുന്ന, അല്ലെങ്കിൽ പരമാത്മാവിന്റെ ഭാഗമാക്കിത്തീർക്കുന്ന പ്രക്രിയയെയാണ്, ഹൈന്ദവധർമ്മത്തിലെ ആത്യന്തിക ലക്ഷ്യമായ, മോക്ഷപ്രാപ്‍തി (liberation) എന്ന അവസ്ഥയിലൂടെ ലക്ഷ്യമാക്കുന്നത്.
പരമാത്മാവിനും ജീവാത്മാവിനും ഇടയിലെ കളങ്കം എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്താണ്? നമുക്കു നോക്കാം. ശരീര-മനോ-ബുദ്ധികൾ (body-mind-intellect) ഒന്നു ചേരുന്നതിനെയാണ് മനുഷ്യൻ എന്ന വാക്കിലൂടെ നാം അർത്ഥമാക്കുന്നത്. ശരീര-മനോ-ബുദ്ധികൾ എല്ലാം തന്നെ അസ്ഥിരവും അപൂർണ്ണവുമാണ്. പഞ്ചേന്ദ്രിയങ്ങളും മനസ്സും ചേർന്നു സൃഷ്ടിച്ചെടുക്കുന്ന കല്പനകളും പ്രവൃത്തികളുമാണല്ലോ വ്യക്തിഭാവം എന്നതു തന്നെ. ജന്മനാ തന്നെ എല്ലാ ശരീരങ്ങൾക്കും പ്രത്യേക ഗുണങ്ങളും (സ്വാഭാവങ്ങളും) ആ സ്വഭാവങ്ങൾക്കനുസൃതമായ വാസനകളും ഉണ്ടാകുന്നു. പോയജന്മങ്ങളിൽ നിന്നുള്ള വാസനകളും ജീവശരീരത്തിൽ വന്നു ഭവിക്കാം എന്നു പറയപ്പെടുന്നു. കുടത്തിനുള്ളിലെ ശുദ്ധവായുവിനു കുടത്തിന്റെ ഗന്ധമേൽക്കുന്നതുപോലെ, ഇപ്പറഞ്ഞ ശരീര വാസനകളെല്ലാം തന്നെ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന ആത്മാവിൽ കളങ്കമേൽപ്പിയ്ക്കുന്നു. കളങ്കം എന്നു പറയുന്നതിൽ നിന്നും അതൊരു നെഗറ്റീവായ കാര്യം മാത്രമാണെന്ന് ചിന്തിക്കേണ്ടതില്ല; ശുദ്ധമായ, നിർഗ്ഗുണമായ, സ്ഥിരമായ ആത്മാവിന്റെ പ്രകൃതത്തിനു ചേരാത്ത പ്രകാരത്തിലുള്ള ഏത് അസ്ഥിരാവസ്ഥകളെയും കളങ്കമായി കണക്കാക്കാം. ഈ കളങ്കം നീങ്ങിക്കിട്ടിയാൽ മാത്രമേ ജീവാത്മാവ് അതിന്റെ ശുദ്ധമായ പരമാത്മഭാവത്തിലായി, ശരീരത്തിന്റെ മരണത്തോടെ, കുടം പൊട്ടുമ്പോൾ അകത്തെ ശുദ്ധവായു വെളിയിലെ ശുദ്ധവായുവിൽ ലയിച്ചൊന്നായിത്തീരുന്നതുപോലെ, പരമാത്മാവുമായിച്ചേർന്ന് ഒന്നായിത്തീരുകയുള്ളൂ. ദേഹാർജ്ജിതമായ വാസനകളെ, മരണത്തിനു മുൻപേ തന്നെ ദേഹിയിൽ നിന്നും നീക്കം ചെയ്തു ശുദ്ധീകരിക്കണം എന്നു പറയുന്നതിന്റെ താത്പര്യമിതാണ്. ദേഹവാസനകളുടെ പൂർത്തീകരണം മരണത്തിനു മുൻപേ ദേഹത്തിലൂടെ നടന്നിട്ടില്ലെങ്കിൽ, ആ വാസനകളുടെ (മോഹങ്ങളുടെ) പൂർത്തീകരണത്തിനായി ജീവാത്മാവ് (ദേഹി) മറ്റൊരു ദേഹത്തിലേക്കു കുടിയേറും. ഇതാണ് 'വാസാംസി ജീർണ്ണാനി..' എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ താത്പര്യം. മുൻപു പറഞ്ഞപ്രകാരം ജീവാത്മാവ് എന്നപ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്, ദേഹവാസനകൾ കാരണം കളങ്കിതമായ മനോ-ബുദ്ധികളാണെന്നും അപ്പോൾ കൂടു വിട്ടു കൂടു മാറുന്നത് ദേഹിയിൽ കളങ്കമായി കാണപ്പെടുന്ന മനോ-ബുദ്ധികൾ (വാസനകൾ, മോഹങ്ങൾ) മാത്രമാണെന്നും, അല്ലാതെ ആത്മാവല്ലെന്നും ഇപ്പോൾ മനസ്സിലാക്കാവുന്നതാണ്. ദേഹവാസനകൾ ദേഹവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാകയാൽ ഈ കൂടുമാറ്റത്തിനെ വ്യക്തിരൂപമായ ദേഹിയുടെ കൂടുമാറ്റമായി പറയപ്പെടുന്നുവെന്നേയുള്ളൂ എന്നു ചിന്തിക്കാം. അങ്ങിനെ ജീവാത്മാവ്, 'മരിച്ച' പഴയ ശരീരം വിട്ടു 'ജനിച്ച' പുതിയ ശരീരത്തിലേക്കു കുടിയേറിപ്പാർക്കുന്നു എന്ന സങ്കല്പം വരുന്നു. എന്തിനാണ് ജീവാത്മാവ്, ഒരു ശരീരം വിട്ടു മറ്റൊരു ശരീരത്തിലേക്കിങ്ങനെ കുടിയേറിപ്പാർക്കുന്നത്? വിദ്യുച്ഛക്തിയ്ക്ക് ഏതെങ്കിലും ഒരുപകരണത്തിലൂടെയേ (ഉദാ: ബൾബ്, ഫാൻ..) അതിന്റെ പ്രഭാവം തെളിയിക്കാൻ കഴിയുള്ളൂ എന്നു പറയുമ്പോലെ, ശരീര വാസനകൾക്കും അവയുടെ പ്രഭാവം പ്രകടമാക്കണമെങ്കിൽ ശരീരമാകുന്ന ഉപകരണത്തിന്റെ ആവശ്യമുണ്ടെന്നു മനസ്സിലാക്കാം. ഇപ്പോൾ വസിക്കുന്ന ശരീരത്തിലൂടെ മോഹങ്ങൾ പൂർത്തീകരിക്കാൻ കഴിയില്ലെന്നു വരുമ്പോൾ, മോഹസാഫല്യത്തിനുതകുന്നതല്ല ആ ശരീരമെന്നു കണ്ട് വാസനകൾ ആ ശരീരം ഉപേക്ഷിച്ചു, മോഹങ്ങളുടെ സാഫല്യത്തിനായിക്കൊണ്ട് മറ്റൊരു ശരീരം തേടിപ്പോകുകയാണ്. മോഹങ്ങളുടെ ശക്തി അത്ര വലുതാണ്. വാസനകൾ (മോഹങ്ങൾ) അവസാനിക്കുന്നതുവരെ ദേഹം വിട്ടു ദേഹം മാറിയുള്ള ദേഹിയുടെ ഈ യാത്രയിലാണ് പൂന്താനം പാടിയതുപോലെ 'ഈച്ച ചത്തൊരു പൂച്ചയായീടുന്നതും നരി ചത്തു നരനായ് പിറക്കുന്നതും, നാരി ചത്തുടനോരിയായ് തീരുന്നതു' മൊക്കെയായുള്ള പരിണാമങ്ങൾ സംഭവിക്കുന്നത്. അപ്പോൾ 'പുനരപി ജനനം പുനരപി മരണം' എന്ന് ആദിശങ്കരൻ പറഞ്ഞത് വിശ്വവ്യാപ്തമായ ആത്മബോധത്തെക്കുറിച്ചല്ല, ദേഹവാസം മൂലം ആത്മാവിൽ ആരോപിതമായ ദേഹവാസനകളെക്കുറിച്ചാണെന്നു മനസ്സിലാക്കാം. പഴയ ശരീരത്തിലെ വാസനകൾ (മോഹങ്ങൾ, അവിദ്യ), പുതിയ ശരീരത്തിൽ പുനർജ്ജനിക്കുന്നു എന്നർത്ഥം. 'പുനർജന്മസിദ്ധാന്ത'ത്തിന്റെ വേരുകളാണ്ടു കിടക്കുന്നതിവിടെയാകാം. ശരീരവാസവും വാസനാമാലിന്യവും കൂടുവിട്ട് കൂടുമാറിയുള്ള പരിണാമപ്രക്രിയയും എല്ലാം സംഭവിയ്ക്കുന്നത് ദേഹവാസനകൾക്കു മാത്രമാണെന്നും എന്നാൽ ഇതെല്ലാം തന്നെ സംഭവിയ്ക്കുന്നത് സർവ്വവും വ്യാപ്തമായി നിൽക്കുന്ന നിർഗ്ഗുണാത്മ (ബ്രഹ്മ) തലത്തിലാണെന്നും മനസ്സിലാക്കുമ്പോൾ, ചലിക്കാൻ കഴിയാത്തതും ചലിക്കാൻ കഴിയുന്നതുമായ ആത്മാവുണ്ടെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഭഗവത് ഗീതാ ശ്ലോകങ്ങളുടെ വൈരുദ്ധ്യ സ്വഭാവം നീങ്ങി, ആത്മാവ് ഏകനും നിത്യനും സ്ഥിരസ്വഭാവനും തന്നെയാണെന്നുള്ള ഗീതാതത്വത്തിലേക്കു തന്നെ നമുക്ക് എത്തിച്ചേരാൻ കഴിയുന്നു.
ആത്മവിഷയത്തെക്കുറിച്ചിത്രയൂം ചർച്ച ചെയ്ത സ്ഥിതിക്ക്, ദേഹവാസനകളെയകറ്റി ദേഹിയെ (ജീവാത്മാവിനെ) പരമാത്മാവിൽ വിലയം പ്രാപിപ്പിക്കേണ്ടതെങ്ങനെയെന്നു ഹൈന്ദവധർമ്മം (ഭഗവത് ഗീത) ഉദ്‌ഘോഷിക്കുന്നതെന്നു കൂടി പറയേണ്ടിയിരിക്കുന്നു. വിവേചനബുദ്ധി (discriminatory intellect) ഉള്ള മനുഷ്യർക്കിതു സാദ്ധ്യമാണെന്നു ഭഗവത് ഗീത പറയുന്നു. സ്വാർത്ഥതയും അതിൽ നിന്നുടലെടുക്കുന്ന ചിന്തകളും കർമ്മങ്ങളുമാണ് ജീവാത്മാവിനു മേൽ വാസനകളുടെ (മോഹങ്ങളുടെ) കളങ്കമേൽപ്പിക്കുന്നത്. അഗ്നിയിൽ എരിയുമ്പോൾ വസ്തുക്കളിലെ മാലിന്യം അകറ്റപ്പെട്ടു ശുദ്ധീകരിക്കപ്പെടുമെന്നതുപോലെ, സ്വാർത്ഥലേശമെന്യേയുള്ള സ്വധർമ്മാചരണത്തിലൂടെ ജീവാത്മാവിൽ വന്നുചേർന്നിട്ടുള്ള കളങ്കങ്ങളെയെല്ലാം ഇല്ലാതാക്കി അതിനെ ശുദ്ധബോധമായി തീർക്കാൻ കഴിയുമത്രെ. വാസനാരഹിതമായ ജീവാത്മാവ്, പരമാത്മാവോടെ യോജിക്കുന്നതോടെ, മനുഷ്യനായിപ്പിറന്നതിന്റെ ലക്ഷ്യസാഫല്യം കൈവരിക്കുമെന്നു സനാതനമതം ഉദ്‌ഘോഷിക്കുന്നു. നിഷ്ക്കാമമായ സ്വധർമ്മാചരണത്തിലൂടെ ഒരു ശരീരത്തിൽ വന്നുചേർന്നിട്ടുള്ളതും ആ ശരീരത്തിന്റെതു തന്നെയുമായ വാസനകളെയെല്ലാം തന്നെ പൂർത്തീകരിച്ചു മോക്ഷപ്രാപ്തിയിലേക്കുയരാൻ മനുഷ്യജന്മം കൊണ്ടു സാധിക്കും എന്ന പോലെ തന്നെ കാമ്യകർമ്മാനുഷ്ഠാനത്തിലൂടെ കൂടുതൽ കൂടുതൽ വാസനകളെ സൃഷ്ട്ടിച്ചു, അവസാനിക്കാത്ത ജനിമരണയാത്രകളിൽ ജീവാത്മാവിനെ തളച്ചിട്ടു, പരമാത്മാവുമായുള്ള സംഗം അസാദ്ധ്യമാക്കിത്തീർക്കുവാനും അതേ മനുഷ്യ ജന്മം കൊണ്ടു തന്നെ സാധിക്കുമത്രേ. ഇതിലേതാണ് വേണ്ടതെന്നു തീരുമാനിക്കേണ്ടത് മറ്റാരുമല്ല, അവനവൻ തന്നെയാണ്.
ഹൈന്ദവധർമ്മശാസ്ത്ര പ്രകാരം ആത്മാവിന്റെ പ്രകൃതം ഇതാണെങ്കിൽ, ഇന്നു നമ്മൾ ചെയ്യുന്നതുപോലെ, ഒരുവന്റെ ആത്മാവിനു നിത്യശാന്തിയേകാൻ മറ്റുള്ളവർക്കോ അവരുടെ കർമ്മങ്ങൾക്കോ കഴിയുമോ?നിഷ്ക്കാമകർമ്മത്തിലൂടെ സ്വധർമ്മാചരണം നടത്തി അവനവൻ തന്നെയാണ് ആത്മാവിനെ ശുദ്ധീകരിക്കേണ്ടതെന്ന ഭഗവത്‌ഗീതാ പ്രമാണത്തിനും പരേതാത്മാവ് 'നിത്യശാന്തിയടയട്ടെ' എന്ന പ്രയോഗത്തിനും അതിനായി നമ്മൾ അനുഷ്ഠിക്കുന്ന കർമ്മങ്ങൾക്കും തമ്മിൽ എന്തു ബന്ധമാണുള്ളത്? പിതൃക്കളെ ആവാഹിക്കുകയും ദൈവത്തിങ്കൽ സമർപ്പിക്കുകയും ചെയ്യുന്ന കർമ്മങ്ങൾക്ക് എത്രമാത്രം പ്രസക്തിയുണ്ട്? സെമിറ്റിക് മതചിന്തകളിലെ ആത്മാവിന്റെ പ്രകൃതങ്ങൾക്കനുസൃതമായി ആത്മാവിനു നിത്യശാന്തിനേരാൻ അവർക്കു കഴിയുന്നതു പോലെ ഹിന്ദുവിനു കഴിയുമോ? പല നൂറ്റാണ്ടുകളായി ഭാരതത്തിലുണ്ടായിട്ടുള്ള വിദേശാധിപത്യം, നമ്മുടെ മഹനീയമായ സനാതനധർമ്മശാസ്ത്രചിന്തകളെ സ്വാധീനിച്ചു വികലമാക്കിയതിന്റെ പരിണിതഫലമാണോ ഇത്? അതോ, ചിന്താശക്തിയുള്ള മനുഷ്യൻ, ലോകനന്മക്കായി വിവേകബുദ്ധിയോടെ ചിന്തിച്ചു സമൂഹത്തിൽ ജീവിക്കുന്നതിലേക്കായി, ആർഷഭാരത തത്വദർശികൾ കണ്ടെത്തിയ ശ്രേഷ്ട്ടവും നിസ്വാർത്ഥപരവുമായ സനാതനധർമ്മപ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത്, അവയെ സ്വാർത്ഥലക്ഷ്യപ്രേരിതവും പ്രകടനപരവും കേവലബാഹ്യവുമായ യാജ്ഞികകർമ്മങ്ങളിൽ തളച്ചിടുകയും ദുർവ്യാഖ്യാനം ചെയ്തവതരിപ്പിക്കുകയും ചെയ്ത പൗരോഹിത്യമതചിന്തകളുടെ പരിണിതഫലമോ ഇത്? ഈ ചോദ്യങ്ങളെല്ലാം തന്നെ നിങ്ങളേവരുടെയും ചിന്തയ്ക്കായി ഞാൻ വിടുന്നു. നിങ്ങളിൽ ചിന്താശക്തിയുള്ളവർക്കു ചിന്തിച്ചുത്തരം കണ്ടുപിടിക്കാം.
വളരെ യുക്തിഭദ്രമായ ഒരു താത്വിക പ്രമാണമാണ് ഹൈന്ദവധർമ്മത്തിലെ 'ആത്മാവ്" ഏന്നാണെന്റെ അഭിപ്രായം. ഹിന്ദുക്കളിൽ ഭൂരിപക്ഷം പേരും ധരിച്ചിരിക്കുന്നതുപോലെ ഒരു വിശ്വാസവിഷയമാണിതെന്ന് എനിക്കഭിപ്രായമില്ല. സനാതനധർമ്മം തന്നെ വളരെ യുക്തിഭദ്രവും ശാസ്ത്രീയമാനങ്ങളുമുള്ള തത്വസംഹിതകളായിട്ടാണ് എനിക്കനുഭവപ്പെടാറുള്ളത്; വിശ്വാസ വിഷയമായിട്ടേയല്ല. ലോകസംഗ്രഹത്തിനായി കുറെ നല്ല മനുഷ്യരെ വാർത്തെടുക്കണം എന്ന സദുദ്ദേശത്തോടു കൂടി, ഗംഭീരവും ഉദാത്തവും തികച്ചും യുക്തിപരവുമായ ഭാവനകൾ സൃഷ്ട്ടിച്ചു നമുക്കു മുൻപേ നടന്നുപോയ, നമ്മുടെ പൂർവ്വികരായ മഹാമനീഷികൾ, എന്നിൽ അത്ഭുതം നിറയ്ക്കുകയാണ്. ആ മഹാത്മാക്കൾക്കുള്ള ആദരാഞ്ജലിയാണ് എന്റെ ഈ എളിയ കുറിപ്പ്.