Monday, April 12, 2021

ഭഗവദ്ഗീതയിലെ മാനുഷികമൂല്യങ്ങൾ (പ്രഭാഷണം, ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഏപ്രിൽ 9, 2021)

ഹരി ഓം, എല്ലാവർക്കും നമസ്ക്കാരം. 

ഇന്നത്തെ പ്രഭാഷണ വിഷയം "ഭഗവദ്ഗീതയിലെ മാനുഷികമൂല്യങ്ങൾ" എന്നതാണല്ലോ? ഭഗവദ്ഗീത എന്താണെന്നറിഞ്ഞാലേ അതിലെ മാനുഷികമൂല്യങ്ങളെ വിലയിരുത്താൻ കഴിയൂ. അതിനാൽ ഈ  ചർച്ചയ്ക്കു പ്രയോജനകരമാകുന്ന ചില വിവരങ്ങളെ വളരെ ചുരുക്കി ആമുഖമായി പറഞ്ഞിട്ട് വിഷയത്തിലേക്കു കടക്കാം.

ഉപനിഷൽസാരമാണ് ഭഗവദ്ഗീത എന്നതാണ് പണ്ഡിതമതം. വേദങ്ങളുടെ അവസാന ഭാഗമാണ് ഉപനിഷത്തുക്കൾ. അതിനാൽ വേദാന്തം എന്ന പേരിലും ഉപനിഷത്തുക്കൾ അറിയപ്പെടുന്നു. വേദാന്തസാരസർവ്വസ്വമാണ് ഭഗവദ് ഗീത എന്നു പറയുമ്പോൾ ഗീത വേദസാരമാണെന്നും വരുന്നു.

ഭഗവദ് ഗീതയുടെ ധ്യാനശ്ലോകത്തിൽ ഉപനിഷത്തുക്കളുമായി ഗീതയ്ക്കുള്ള ബന്ധത്തെ വ്യക്തമാക്കുന്നുണ്ട്.

സർവ്വോപനിഷദോ ഗാവോ ദോഗ്‌ദാ ഗോപാലനന്ദന                                     പാർത്ഥോ വത്സ: സുധീർ ഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത് 

(ഉപനിഷത്തുക്കളാകുന്ന പശുവിനെ പശുക്കിടാവായ അർജ്ജുനൻറെ സാന്നിദ്ധ്യത്തിൽ ഭഗവാൻ കൃഷ്ണൻ കറക്കുന്നു. ഗീതാമൃതം എന്ന പാൽ വിദ്വാന്മാർ ഭുജിക്കുന്നു)  

സനാതനധർമ്മത്തിൻറെ പ്രമാണഗ്രന്ഥങ്ങളാണ് വേദങ്ങളെന്നു നമുക്കെല്ലാം അറിയാം. വേദം എന്ന വാക്കിൻറെ അർത്ഥം അറിവ് (knowledge) എന്നാണ്. എന്തിനെക്കുറിച്ചുള്ള അറിവ്? ഈ പ്രപഞ്ചവും മനുഷ്യർ ഉൾപ്പെടുന്ന അതിലെ പ്രകൃതിയും ഇവയെയെല്ലാം നിലനിർത്തുന്ന ഈശ്വരനുമായെങ്ങനെ ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിനെക്കുറിച്ചുള്ള അറിവ്. ഇരുളാർന്നു കിടന്നിരുന്ന ലോകത്തിലെ  മനുഷ്യചിന്തകളുടെ ആദ്യകിരണങ്ങളാണ്  വേദങ്ങളിലുള്ളതെന്ന് പറയപ്പെടുന്നു. വനാന്തരങ്ങളിൽ ധ്യാനനിമഗ്നരായിരുന്ന  ഋഷിമനസ്സുകളിൽ  ഉദിച്ചുയർന്ന ചിന്തകളാണിവ. വേദവ്യാസൻ ഈ ചിന്തകളെ ക്രോഡീകരിച്ചു നാലു വേദങ്ങളാക്കി - ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം. എല്ലാ വേദങ്ങൾക്കും സംഹിത (മന്ത്രഭാഗം), ആരണ്യകങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുക്കൾ എന്നീ നാല് ഭാഗങ്ങളുണ്ട്. മതപരമായ ചടങ്ങുകളും യാഗയജ്ഞങ്ങളും മറ്റും വിശദീകരിക്കുന്ന ഭാഗമാണ് ആരണ്യകങ്ങൾ.ആരണ്യകങ്ങളുടെ വിശകലനങ്ങളാണ് ബ്രാഹ്മണങ്ങൾ. അവസാനഭാഗമാണ് ഉപനിഷത്തുക്കൾ.  മനുഷ്യൻ, പ്രപഞ്ചം, ഈശ്വരൻ എന്നിവയെക്കുറിച്ചുള്ള  താത്വിക വിശകലനമാണ് ഉപനിഷത്തുക്കളിലുള്ളത്. വേദാദ്ധ്യാനത്തിൻറെ ആദ്യ മൂന്നു ഭാഗങ്ങൾ കടന്നുകഴിഞ്ഞാൽ പഠിതാവിനുണ്ടാകേണ്ട വിശ്വബോധത്തെക്കുറിച്ചുള്ള തത്വവിചാരമാണ് ഉപനിഷത്തുക്കളുടെ ഉള്ളടക്കമെന്നു സാരം. വേദാദ്ധ്യയനം കൊണ്ടു നേടാൻ ഉദ്ദേശിച്ചിട്ടുള്ളത് ഈ ജ്ഞാനമാണ്. ഈ ജ്ഞാനത്തിലേക്ക് എത്തിച്ചേരാനുള്ള മൂന്നു പടികൾ മാത്രമായിരുന്നു ആദ്യത്തെ മൂന്നു ഭാഗങ്ങളെങ്കിലും നിർഭാഗ്യകരമായി വേദാദ്ധ്യയനം എന്നത് കുറെ മന്ത്രങ്ങൾ പഠിക്കുന്നതും ഉരുവിടുന്നതുമാണെന്ന രീതിയിലേക്ക് പിൽക്കാലത്ത് ഒതുങ്ങിപ്പോകുകയാണുണ്ടായത്. ഇന്നു വേദമെന്നു പറഞ്ഞാൽ ബ്രാഹ്മണർ പഠിക്കുകയും ഉരുവിടുകയും ചെയ്യുന്ന കുറെ മന്ത്രങ്ങൾ എന്ന തരത്തിൽ നമ്മുടെ അറിവ്  ചുരുങ്ങിപ്പോയിരിക്കുന്നു. 

തത്വവിചാരമാണ് ഉപനിഷത്തുക്കളുടെ വിഷയമെങ്കിൽ ഈ തത്ത്വജ്ഞാനത്തെ മനുഷ്യജീവിതത്തിനു പ്രയോജനകരമാകുന്ന തരത്തിൽ  പ്രയോഗികമാക്കുകയാണ് ഭഗവദ് ഗീത ചെയ്തിട്ടുള്ളത്. ആശാപാശങ്ങളുടെ മോഹപരവശ്യത്തിൽപ്പെട്ട്, ഹതാശയനായി യുദ്ധക്കളത്തിൽ തളർന്നു നിന്ന അർജ്ജുനനെ ഈ ജ്ഞാനബലം കൊണ്ടാണ് ഭഗവാൻ കൃഷ്ണൻ ഊർജ്ജ്വസ്വലനാക്കി വദ്ധിതവീര്യത്തോടെ യുദ്ധത്തിൽ പങ്കെടുപ്പിച്ചു വിജയശ്രീലാളിതനാക്കുന്നതെന്നു കാണുമ്പോൾ ആത്മജ്ഞാനംകൊണ്ട് നേടാൻ കഴിയാത്ത ഭൗതികവിജയങ്ങളൊന്നുമില്ലെന്നു വരുന്നു.   കുരുക്ഷേത്രയുദ്ധക്കളത്തിലാണ് അർജ്ജുനൻ പ്രതിസന്ധിയിലാകുന്നതെങ്കിൽ മനുഷ്യരേവരും അനുദിനം  ജീവിതസമരങ്ങളിൽപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്. ഈ ജീവിതയുദ്ധങ്ങളിൽ ബാഹ്യശത്രുക്കളേക്കാൾ അപകടകാരികൾ ആന്തരികശത്രുക്കളാണ്; നമ്മുടെ ചിന്തയും ഭാവനകളുമാണ്. ഇവയോടെല്ലാം പോരാടിക്കൊണ്ടിരിക്കുമ്പോൾ പല ഘട്ടങ്ങളിലും മനുഷ്യരും  അർജ്ജുനനെപ്പോലെ തളർന്നുപോകും, കർത്തവ്യവിമുഖരായിപ്പോകും. ആ തളർച്ചയിൽ നിന്നും മുക്തനായി വർദ്ധിതവീര്യത്തോടെ ജീവിതരണങ്ങളിൽ പോരാടി ജീവിതത്തെ നേർവഴിക്കു നയിക്കാൻ ഗീതാജ്ഞാനം അർജ്ജുനനെപ്പോലെ തന്നെ മനുഷ്യരേവർക്കും പ്രയോജനകരമാകുന്നതാണ്‌. ഹൈന്ദവാത്മീയതയുടെ പ്രയോഗിക ഗ്രന്ഥമാണ് ഗീത എന്നു നിസ്സംശയം  പറയാം. 

നമ്മുടെ ചർച്ചാവിഷയത്തിനനുഗുണമായ ഒരാമുഖം എന്ന നിലയിൽ വേദത്തെ പരാമർശിച്ചുവെന്നല്ലാതെ വേദവിഷയം കൂടുതൽ വിശദീകരിക്കേണ്ട കാര്യം ഇവിടെയില്ല. വേദജ്ഞാനത്തിൽ നിന്നുരുത്തിരിഞ്ഞു വരുന്ന രണ്ടു പ്രധാന സനാതനധർമ്മ വിഷയങ്ങളാണ് കർമ്മാധിഷ്ഠിതമായ ധർമ്മവും ജ്ഞാനാധിഷ്ഠിതമായ ബ്രഹ്മവും എന്നുമാത്രം ഇപ്പോൾ മനസ്സിലാക്കേണ്ടതുള്ളൂ. ഈ അടിസ്ഥാനശിലകളിലാണ് സനാതനധർമ്മം നിലകൊള്ളുന്നത്. അപ്പോൾ ഭഗവദ്ഗീതയുടെ വിഷയവും ഇതു തന്നെയാകേണ്ടതുണ്ട്.

ഒന്നിനെ അതാക്കുന്നത് എന്താണോ അതാണതിൻറെ ധർമ്മം.  ഉദാഹരണത്തിന് തീയുടെ ധർമ്മമാണ് ചൂട്, സൂര്യൻറെ ധർമ്മമാണ് ചൂടും വെളിച്ചവും. ചൂടില്ലെങ്കിൽ തീയോ, ചൂടും വെളിച്ചവുമില്ലെങ്കിൽ സൂര്യനോ ഇല്ല. അപ്പോൾ മനുഷ്യൻറെ ധർമ്മം എന്താണ്; എന്തില്ലെങ്കിൽ മനുഷ്യനില്ലയോ അതായിരിക്കണമല്ലോ മനുഷ്യൻറെ ധർമ്മം? ഇതിനെ വിവേകബുദ്ധിയിലൂന്നിയ മനുഷ്യത്വമെന്നു തൽക്കാലം ചിന്തിക്കാം. ആത്മാവില്ലെങ്കിൽ മനുഷ്യനു നിലനിൽപ്പില്ല എന്ന അർത്ഥത്തിൽ ആത്മാവിനെ അറിയുകയും ആ അറിവിനനുസരിച്ചു ജീവിക്കുകയുമാണ് മനുഷ്യധർമ്മമെന്നും വിവക്ഷിക്കാം. ബ്രഹ്മം എന്നാൽ സർവ്വവും വ്യാപ്തമായിരിക്കുന്ന ചൈതന്യം അല്ലെങ്കിൽ ഈശ്വരൻ ആണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ്. ഭഗവദ്ഗീതാവിഷയം ഈശ്വരനും പ്രകൃതിയും മനുഷ്യനും തന്നെയെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാവുന്നതാണ്. 

ഭഗവദ്ഗീത എന്നു കേൾക്കുമ്പോൾ നാമേവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്  - അഞ്ചു വെള്ള കുതിരകളെ പൂട്ടിയ അഴകാർന്നൊരു രഥവും രഥത്തിൻറെ മുൻഭാഗത്തായി കുതിരകളുടെ കടിഞ്ഞാണും കയ്യിൽ പിടിച്ചുകൊണ്ട് സുസ്മേരവദനനായി ഇരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണനും രഥത്തിനുള്ളിൽ വിഷാദഭാവത്തിലിരിക്കുന്ന വില്ലാളി വീരനായ അർജ്ജുനനും. എന്താണീ ചിത്രത്തിൻറെ പൊരുൾ? ഗീതയും ഈ ചിത്രവും തമ്മിലുള്ള ബന്ധമെന്താണ്?

ദശോപനിഷത്തുക്കളിൽ ഒന്നായ കഠോപനിഷത്തിലെ 'രകല്പന'യുടെ ചിത്രീകരണമാണിത്‌. 

ആത്മാനം രഥിനം വിദ്ധി                                                                                                   ശരീരം രഥമേവ തു                                                                                                              ബുദ്ധിം തു സാരഥിം വിദ്ധി                                                                                        മന:പ്രഗ്രഹ ഏവ ച 

(ശരീരമാണ് രഥം. പഞ്ചേന്ദ്രിയങ്ങളണ് കുതിരകൾ. കടിഞ്ഞാണാണ്‌ മനസ്സ്. കൃഷ്ണൻ ബുദ്ധിയും അർജ്ജുനൻ ജീവനുമാണ്)

ഈ ചിത്രം നമ്മുടെ ശരീരത്തെയും അതിൻറെ യാത്രയെയും സംബന്ധിച്ചുള്ളതാണ്. ഇന്ദ്രിയവിഷയങ്ങളാകുന്ന നിയന്ത്രണമില്ലാത്ത കുതിരകളാണ് (ശബ്ദസ്പർശരൂപരസഗന്ധങ്ങൾ) നമ്മുടെ ശരീരരഥത്തെ വലിക്കുന്നതെങ്കിൽ അവ ഓരോന്നും അവയവയുടേതായ താല്പര്യവിഷയങ്ങളിലേക്കു രഥത്തെ വലിച്ചുകൊണ്ടുപോയി ജീവിതത്തിൻറെ ലക്ഷ്യബോധം തന്നെ നഷ്ടപ്പെടുത്തും. ദിശാബോധമില്ലാത്ത ഈ പോക്കിൽ ലക്ഷ്യസ്ഥാനമണയാൻ കഴിയില്ലെന്നു മാത്രമല്ല, അപകടങ്ങളിൽ ചെന്നു ചാടി ശരീരം അപായപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. എന്നാൽ ഇന്ദ്രിയങ്ങളുടെ (മനസ്സിൻറെയും) നിയന്ത്രണം ബുദ്ധിയാണ് നിർവഹിക്കുന്നതെങ്കിലോ; രഥം നേരായ വഴിയിൽപ്പോയി അപകടം കൂടാതെ ലക്ഷ്യസ്ഥാനത്തെത്തിച്ചേരും. ബുദ്ധികൊണ്ടായിരിക്കണം ജീവിതത്തെ നയിക്കേണ്ടത്, നിയന്ത്രണമില്ലാത്ത മനസ്സുകൊണ്ടോ ഇന്ദ്രിയങ്ങൾകൊണ്ടോ ആകരുതെന്നാണ് പൗരാണികമായ ഈ 'രഥകല്പന'യുടെ സന്ദേശം. 

ഇതിൽ നിന്നും മനുഷ്യൻറെ ശരീരേന്ദ്രിയമനോബുദ്ധികളുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ് ഭഗവദ്ഗീതാ പ്രമേയം എന്നാർക്കും മനനസ്സിലാക്കവുന്നതേയുള്ളൂ.

ഇനി നമുക്കു "ഭഗവദ്ഗീതയിലെ മാനുഷികമൂല്യങ്ങൾ" എന്ന വിഷയത്തിലേക്കു കടക്കാം. പക്ഷേ മാനുഷിക മൂല്യങ്ങൾ അറിയണമെങ്കിൽ മനുഷ്യൻ ആരാണെന്നറിയേണ്ടിയിരിക്കുന്നു.

മനുവിൻറെ പിന്തുടർച്ചക്കാരാണ് മനുഷ്യർ എന്ന വ്യാഖ്യാനമല്ല ഇപ്പോൾ വേണ്ടത്. മനുഷ്യസ്വത്വം എന്താണെന്നതാണ് അറിയേണ്ടത്. പഞ്ചഭൂതങ്ങൾകൊണ്ട്  (matter) നിർമ്മിക്കപ്പെട്ടിട്ടുള്ള ശരീരവും  അതിനെ സചേതനമാക്കുന്ന ഊർജ്ജവും (energy) കൂടിയതാണ് മനുഷ്യൻ. പക്ഷേ മറ്റു ജീവജാലങ്ങളുടെ കാര്യത്തിലും ഇപ്പറഞ്ഞതു ശരിയാണെന്നതിനാൽ അവരിൽ നിന്നും മനുഷ്യൻ വ്യത്യസ്തനാകുന്നത് എങ്ങനെയെന്നും അറിയേണ്ടിയിരിക്കുന്നു. ശരിതെറ്റുകളെ വ്യവച്ഛേദിച്ചറിയാനുള്ള വിവേചനബുദ്ധി (discriminatory intellect) സ്വായത്തമായിട്ടുള്ളത് മനുഷ്യനു മാത്രമാണ്. പക്ഷിമൃഗാദികൾക്കും അവയുടെ ജീവിതത്തിനാവശ്യമായ പരിമിതബുദ്ധിയുണ്ടെങ്കിലും പരിണാമപ്രക്രിയയിലൂടെ മനുഷ്യനു ലഭിച്ചിട്ടുള്ള വിവേകബുദ്ധിയല്ല അത്. അപ്പോൾ മനുഷ്യനെന്നാൽ പിണ്ഡവും ഊർജ്ജവും വിവേകബുദ്ധിയും ഒത്തുചേർന്ന ഒരു ജീവിയാണ്. ശരീരത്തെ സചേതനമാക്കുന്ന ഊർജ്ജം അല്ലെങ്കിൽ ചൈതന്യത്തെയാണ് ആത്മാവ് (spirit, soul), ഈശ്വരൻ, ഭഗവാൻ, ബ്രഹ്മം എന്നൊക്കെ പേരിട്ടു നാം വിളിക്കുന്നത്. ആത്മാവിൻറെ അഭാവത്തിൽ ജീവശരീരം നിലനിൽക്കില്ല.   ശരീരത്തിനു ജീവൻ നൽകുന്ന ആത്മാവിനെ (spirit ) ക്കുറിച്ചുള്ള പഠനമനനാന്വേഷണങ്ങളും അതിനനുസൃതമായ ജീവിതരീതിയുമാണ് ആത്മീയത (spirituality) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ആത്മവികാസത്തിനുതകുന്ന വിവേകബുദ്ധിയിലാണ് സനാതനധർമ്മത്തിൻറെ ഊന്നൽ. വിവേകബുദ്ധിയിലൂടെ ചിന്തിച്ചു പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ സനാതനധർമ്മപ്രമാണങ്ങൾക്കനുസൃതമായ ജീവിതവും സാദ്ധ്യമല്ല. 

ആത്മാവ് സർവ്വവും വ്യാപ്തമായിരിക്കുന്ന ബോധമാണെന്ന് ഭഗവദ്ഗീത വെളിപ്പെടുത്തുന്നുണ്ട്. അഹം ബ്രഹ്മാസ്മി, അയമാത്മാ ബ്രഹ്മ:, പ്രജ്ഞാനം ബ്രഹ്മ:, തത്വമസി എന്നീ നാല് ഉപനിഷദ് മഹാവാക്യങ്ങളും ഉദ്ഘോഷിക്കുന്നത് ഇതു തന്നെ. പ്രപഞ്ചത്തെയാക സജീവമാക്കുന്നത് ആത്മചൈതന്യമാണ്. ആത്മാവില്ലാത്ത, ബ്രഹ്മമില്ലാത്ത ഒരിഞ്ച് സ്ഥലം പോലും  ഈ പ്രപഞ്ചത്തിലില്ല; ആകാശം (space) പോലെ എല്ലായിടത്തും നിറഞ്ഞിരിക്കയാണ് ആത്മാവും. ജീവശരീരത്തിലും ആത്മാവുണ്ട്. ശരീരത്തിനുള്ളിലെ ആത്മാവിനെ ജീവാത്മാവെന്നും സർവ്വവും വ്യാപ്തമായി നിൽക്കുന്ന ആത്മബോധത്തെ പരമാത്മാവെന്നും പറയുന്നു. ഒരു കുടത്തിൽ നിറഞ്ഞിരിക്കുന്ന ആകാശം (ഘടാകാശം) വെളിയിലുള്ള ആകാശം (മഹാകാശം) തന്നെയാണെങ്കിലും കുടത്തിൻറെ പ്രത്യേകതകൾ  കാരണം അത്‌ വെളിയിലെ ആകാശത്തിൽ നിന്നും ചില വ്യത്യാസങ്ങൾ കാണിച്ചേക്കാം; അല്ലെങ്കിൽ കാണിക്കുന്നതായി നമുക്കനുഭവപ്പെട്ടേക്കാം.  പക്ഷെ, കുടം ഉടയുന്നതോടെ ഘടാകാശം മഹാകാശത്തിൻറെ ഭാഗം തന്നെയായായിരുന്നു എന്ന സത്യം നാം തിരിച്ചറിയുന്നു. ഇതുപോലെ ശരീരം വീഴുമ്പോൾ ജീവാത്മാവും പരമാത്മാവിൻറെ ഭാഗമാകേണ്ടതാണെങ്കിലും ചുരുക്കം ചില ജീവൻറെ കാര്യത്തിൽ മാത്രമേ ഇതു സംഭവിക്കുകയുള്ളൂ.  ഇതെന്തുകൊണ്ടാണെന്ന് പരിശോധിക്കാം. മരണസമയത്ത് ജീവാത്മാവ് പരമാത്മാവോടുചേർന്ന്  ഒന്നാകുന്നതിനെയാണ് മോക്ഷപ്രാപ്തി, പരമഗതി, പരമപദം പ്രാപിക്കൽ, ആത്മസാക്ഷാത്ക്കാരം, ഈശ്വരസാക്ഷാത്ക്കാരം, ബ്രഹ്മസാക്ഷാത്ക്കാരം, വിഷ്ണുപാദം ചേരൽ  തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്. 

മരണസമയത്ത് ജീവാത്മ-പരമാത്മ സംയോഗം സംഭവിക്കാതിരിക്കാൻ തടസ്സമായി നിൽക്കുന്നതെന്താണ്? ശരീരവാസത്താൽ, ശരീരപ്രകൃതങ്ങളുടേതായ (വാസനകൾ, അഹന്ത ) കളങ്കം ജീവാത്മാവിനുമേൽ ചാർത്തപ്പെടുന്നു എന്നതാണ് കാരണം. കളങ്കിതമായ ആത്മബോധത്തിന് കളങ്കരഹിതമായ പരമാത്മബോധവുമായി ലയിച്ചുചേർന്നൊന്നാകാൻ കഴിയാതെ വരുന്നു.  ശരീരമനോബുദ്ധികളുടേതായ തെറ്റായ പ്രവർത്തനം കാരണം ജീവാത്മാവിൽ ചാർത്തപ്പെടുന്ന ഈ കളങ്കം മാറ്റിയാൽ മാത്രമേ മരണസമയത്ത് ജീവാത്മ-പരമാത്മ സംയോഗം സാധ്യമാകുകയുള്ളൂവത്രെ. ശുദ്ധബോധമായ പരമാത്മാവിൻറെ ഭാഗമാകണമെങ്കിൽ ജീവാത്മാവിനെ മരണസമയത്തിനുള്ളിൽ ശുദ്ധീകരിച്ച് പരമാത്മതലത്തിലേക്ക് എത്തിച്ചിരിക്കണം എന്നർത്ഥം. ശരീരമനോബുദ്ധികളുടെ തെറ്റായ പ്രവർത്തനം (ഞാനെന്നും എൻറെതെന്നുമുള്ള അഹന്തയും തജ്ജന്യമായ സ്വാർത്ഥപരമായ മനുഷ്യപ്രവൃത്തികളും) മൂലമാണ്‌ ജീവാത്മാവിൽ കളങ്കം ഉണ്ടാകുന്നതെന്നു കാണുമ്പോൾ അതേ ശരീരമനോബുദ്ധികളുടെ ശരിയായ പ്രവർത്തനത്തിലൂടെ ജീവനിലെ കളങ്കത്തെ നീക്കാനും സാധിക്കേണ്ടതാണ്. ശരീരമനോബുദ്ധികളുടെ നിയന്ത്രണത്തിലൂടെ ജീവാത്മാവിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ആത്മീയസാധന (spiritual practice). ആത്മീയസാധനയിലൂടെ ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടമെന്നത് മോക്ഷപ്രാപ്തിയാണ്. ആത്മീയമായി ചിന്തിച്ചാൽ മനുഷ്യജീവിതത്തിൻറെ പരമമായ ലക്ഷ്യമാണ് മോക്ഷം; അതിനു ചെയ്യേണ്ടതോ സ്വന്തം ശരീരമനോബുദ്ധികളെ നിയന്ത്രിച്ചുകൊണ്ട്  സ്വയം നന്നാകുക എന്നതു മാത്രവും. പരസഹായം കൊണ്ട് മോക്ഷപ്രാപ്തി സാദ്ധ്യമല്ലെന്നു ഭഗവദ് ഗീത അടിവരയിട്ടു പറയുന്നുണ്ട്. ഒരു കോടി രൂപയുടെ വഴിപാട് നടത്തിയാലും മോക്ഷം കിട്ടില്ല! ഇതല്ല ശരി, ഞങ്ങൾ നേടിത്തരാം മോക്ഷം എന്നാരെങ്കിലും നിങ്ങളോടു പറഞ്ഞാൽ മനസ്സിലാക്കുക, അത് ശുദ്ധ തട്ടിപ്പാണ്! അതിനു ശാസ്ത്രസമ്മതമില്ല.

മേൽപ്രസ്താവിച്ചതിൽ നിന്നും ഒരു സമവാക്യം ഉണ്ടാക്കിയെടുക്കാം; മനുഷ്യൻ = ഈശ്വരൻ + അഹന്ത. ഞാനെന്നും എൻറെതെന്നുമുള്ള  അഹംഭാവവും  അതിൽ നിന്നുളവാകുന്ന സ്വാർത്ഥപ്രേരിത ചിന്തകളും കർമ്മങ്ങളും ഒഴിവാക്കിയാൽ  മനുഷ്യൻ = ഈശ്വരൻ എന്നായി സമവാക്യം മാറും. അതേ, വിവേകബുദ്ധിയിലൂന്നിയ ആത്മീയസാധനയിലൂടെ  ശുദ്ധീകരിക്കപ്പെടുന്ന മനുഷ്യൻ സ്വയം ഈശ്വരനായിത്തീരുകയാണ്. അത് നീയാണ് (Thou Art You ) എന്ന അർത്ഥമുള്ള 'തത്വമസി' മഹാവാക്യപ്പൊരുളും ഇതു തന്നെ. ഭക്തനും ഭഗവാനും തമ്മിലുള്ള വ്യത്യാസം 18 പടികളാണ്. ഈ പടി പതിനെട്ടും താണ്ടിക്കഴിയുമ്പോൾ, അതായത് ഉള്ളിലെ ഈശ്വരനെ മറയ്ക്കുന്ന അഹന്തയെ പൂർണ്ണമായി നീക്കിക്കഴിയുമ്പോൾ, പിന്നെ ഭക്തനില്ല, ഭഗവാനേയുള്ളൂ. ഭക്തൻ ഈശ്വരനായി മാറുന്നു. ഇതിൻറെ പ്രതീകാത്മക കർമ്മമാണ്‌ നെയ്യഭിഷേകം. സ്വശരീരപ്രതീകമാകുന്ന നെയ്യ് ദേവവിഗ്രഹത്തിൽ തൂവുന്നതോടെ ഭക്തനും ഭഗവാനും ലയിച്ചൊന്നായി ഭഗവാനായി മാറുന്നു; പുഴ കടലിൽ ചേർന്നു കഴിഞ്ഞാൽ പിന്നെ പുഴയെന്നും കടലെന്നും രണ്ടില്ല, കടൽ മാത്രമേയുള്ളൂ.

മനുഷ്യനെ ഈശ്വരനാക്കാനായുള്ള, അല്ലെങ്കിൽ  മനുഷ്യനിലെ  ഈശ്വരീയതയെ പ്രകാശിപ്പിച്ചുകൊണ്ട് ആത്മസാക്ഷാത്ക്കാരത്തിന് അർഹനാക്കാനായുള്ള ആത്മീയസാധനകൾ ഭഗവദ്ഗീത നിർദ്ദേശിക്കുന്നുണ്ട്. കർമ്മ, ജ്ഞാന, ഭക്തിമാർഗ്ഗങ്ങളിലൂടെ ഏതൊരു മനുഷ്യനും ആത്മസാക്ഷാത്ക്കാരം നേടാം എന്ന് ഗീത ഉദ്‌ഘോഷിക്കുന്നു. ജീവാത്മ-പരമാത്മയോഗത്തിനായി കർമ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നീ മാർഗ്ഗങ്ങൾ ഗീത നിർദ്ദേശിക്കുന്നു. ശരീരമനോബുദ്ധികളിലെ മാലിന്യങ്ങളെ അകറ്റി സ്വയം ഈശ്വരനാകാനായുള്ള ആത്മീയ സാധനയിലേർപ്പെടുന്ന സാധകനുണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച്, ഗുണങ്ങളെക്കുറിച്ച് ഭഗവദ് ഗീത നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിച്ചാൽ  മാനുഷികമൂല്യങ്ങൾക്ക്  എത്രമാത്രം പ്രാധാന്യം ഈ അദ്ധ്യാത്മികകൃതി കല്പിച്ചിരിക്കുന്നു എന്നാർക്കും മനസ്സിലാക്കാം. ഉദാഹരണമായി ചില ശ്ലോകങ്ങളെ ചൂണ്ടിക്കാണിക്കാം.

'ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം' എന്ന പതിമൂന്നാം അദ്ധ്യായത്തിലെ 8,9 ശ്ലോകങ്ങൾ:

അമാനിത്വമദംബിത്വമഹിംസാ ക്ഷാന്തിരാർജ്ജവം                            ആചാര്യോപാസനം ശൗചം സ്ഥൈര്യമാത്മവിനിഗ്രഹ:            13:8                      

ഇന്ദ്രിയാർഥേഷു വൈരാഗ്യമനഹങ്കാര ഏവ ച                                                              ജന്മ മൃത്യു ജരാ വ്യാധി ദുഃഖ ദോഷാനുദർശനം                           13:9  

(ആത്മപ്രശംസ ചെയ്യായ്ക, ഡംഭമില്ലായ്മ, അഹിംസ, ക്ഷമ, ഋജുത്വം (കളവില്ലായ്മ), ഗുരുശുശ്രൂഷ, ശുചിത്വം, സ്ഥിരനിഷ്ഠ, അടക്കം, ഇന്ദ്രിയവിഷയങ്ങളിൽ വിരക്തി, അഹങ്കാരരാഹിത്യം, ജനനം, മരണം, ജര, വ്യാധി, ദുഃഖം, ദോഷം എന്നിവയെപ്പറ്റിയുള്ള സൂക്ഷ്മബോധം, ഒന്നിലും സക്തിയില്ലായ്മ.....)

ലിസ്റ്റ് നീളുകയാണ്, എല്ലാം പറയാൻ സമയമില്ലാത്തതിനാൽ ചുരുക്കുകയാണ്.

ഇനി 'ദൈവാസുരസമ്പദ്‌വിഭാഗയോഗം' എന്ന പതിനാറാം അദ്ധ്യായത്തിലെ ആദ്യശ്ലോകങ്ങളിൽ മോക്ഷപ്രാപ്തിക്കു യോഗ്യനാക്കാൻ കഴിയുന്ന ദൈവീസമ്പത്തുകാരുടെ യോഗ്യതകൾ വർണ്ണിക്കുന്നു. ‌ 

അഭയം സത്വസംശുദ്ധിർ ജ്ഞാനയോഗവ്യവസ്ഥിതി:                                            ദാനം ദമയജ്ഞശ്ച സ്വാദ്ധ്യായസ്തപ ആർജ്ജവം                           16:1  

അഹിംസാ സത്യമക്രോധസ്ത്യാഗ: ശാന്തിരപൈശുനം                                                  ദയാ ഭൂതേഷ്വലോലുപ്തം മാർദ്ദവം ഹ്രീരചാപല്യം                       16:2   

തേജഃ ക്ഷമാ ധൃതിഃ ശൗചം അദ്രോഹാ നാതിമാനിതാ                                          ഭവന്തി സമ്പദം ദൈവീം അഭിജാതസ്യ ഭാരത                              16:3

(ഹേ അർജ്ജുനാ; ഭയമില്ലായ്മ, അന്തഃകരണശുദ്ധി, ജ്ഞാനാർജ്ജനത്തിൽ  നിഷ്‌ഠ, ദാനതല്പരത, ഇന്ദ്രിയസംയമനം, ലോകസേവനം, വേദാദ്ധ്യയനം, തപസ്സ്, നേർബുദ്ധി, അഹിംസ, സത്യം, കോപമില്ലായ്മ, ത്യാഗമനോഭാവം, മനഃക്ഷോഭമില്ലായ്മ, പരനിന്ദ ചെയ്യായ്ക, ഭൂതദയ, ദുരയില്ലായ്മ, മൃദുത്വം, തെറ്റു ചെയ്യുന്നതിൽ ലജ്ജ, ചാപല്യമില്ലായ്മ, തേജസ്സ്, ക്ഷമ, ധൈര്യം, ശരീരമനസ്സുകളുടെ ശുദ്ധി, ദ്രോഹിക്കായ്ക, അഹങ്കാരമില്ലായ്മ എന്നിവ ദൈവീസമ്പത്തോടെ ജനിച്ചവനുണ്ടായിരിക്കും)

ഈ യോഗ്യതകളൊന്നും ഇല്ലാത്തവരും വിഷമിക്കേണ്ടതില്ല; പ്രയത്‌നിച്ചാൽ ഈ യോഗ്യതകളൊക്കെ നേടി നിങ്ങൾക്കും നേടാവുന്നതേയുള്ളൂ മോക്ഷം. ഇവിടെയാരെങ്കിലും നിത്യപാപിയും നിത്യപുണ്യവാനുമാണെന്ന് ഗീത പറയുന്നില്ല; പാപവും പുണ്യവും നിർണ്ണയിക്കുന്നത് കർമ്മമാണെന്നും   ലോകക്ഷേമകരമായ കർമ്മങ്ങൾ നിഷ്ക്കാമമായി അനുഷ്ഠിക്കുന്നതിലൂടെ മഹാപാപിയും പുണ്യവാനായി പരിണമിക്കുമെന്നുമാണ് ഭഗവദ്ഗീത ഉദ്ഘോഷിക്കുന്നത്. ദേശഭാഷാവർണ്ണജാതിമതചിന്തകൾക്കുപരിയായി മനുഷ്യരെ ഒന്നായി കാണാനാണ് ഭഗവദ്ഗീത ആഹ്വാനം ചെയ്യുന്നത്. ആ ഒന്നാകലിലേക്ക് മനുഷ്യർ സ്വയം നിസ്വാർത്ഥരായി പ്രവർത്തിക്കേണ്ടതുണ്ടെന്നും ഗീത ഓർമ്മിപ്പിക്കുന്നു.    

ഭഗവദ്ഗീതയിൽ അനേകം പ്രാവശ്യം ആവർത്തിച്ചുപയോഗിച്ചിട്ടുള്ള പദമാണ് യജ്ഞം. കർമ്മയോഗം അനുഷ്ഠിക്കുമ്പോൾ യജ്ഞഭാവേനയായിരിക്കണം കർമ്മാനുഷ്‌ഠാനം എന്നു ഭഗവദ്ഗീതയിൽ പലവട്ടം ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്താണ് യജ്ഞം? എന്താണ് യജ്ഞഭാവേനയുള്ള കർമ്മം? ഇതുകൂടി വിശദമാക്കിക്കൊണ്ട് ഞാനെൻറെ വാക്കുകൾ ഉപസംഹരിക്കാം.

ദേവപ്രീതിക്കായി വൈദികബ്രാഹ്മണർ അഗ്നികുണ്ഡത്തിനു ചുറ്റുമിരുന്ന് വേദമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടു നടത്തുന്ന കർമ്മമാണ്‌ യജ്ഞം എന്നാണ് നമ്മുടെ പൊതുവായ ധാരണ. ഒരു പരിധിവരെ ഇതു ശരിയുമാണ്. പക്ഷേ ഭഗവദ്ഗീത യജ്ഞമായി പറയുന്നത് ഈ വൈദികയജ്ഞകർമ്മത്തെയല്ല, യജ്ഞഭാവനെയെയാണ്. സമൂഹനന്മയെ ലക്ഷ്യംവച്ചുകൊണ്ടുള്ള കർമ്മത്തിലേക്ക് സമൂഹത്തിലുള്ളവർ അവരുടെ ശക്തിക്കും കഴിവിനുമൊത്തുള്ള നിസ്വാർത്ഥ സഹകരണം നൽകുകയും  അതിലൂടെ ലഭിക്കുന്ന കർമ്മഫലത്തെ എല്ലാവരും  പങ്കിട്ട്  അനുഭവിക്കുന്നതിനെയുമാണ് യജ്ഞം എന്നു ഗീത ഉദ്ദേശിക്കുന്നത്. അതായത്, ലോകസംഗ്രഹത്തിനായി സ്വാർത്ഥലേശമെന്യേ മനുഷ്യർ ചെയ്യുന്ന കർമ്മമാണ്‌ യജ്ഞം. വൈദികകർമ്മമായ യജ്ഞത്തിലും അതിൻറെ ആദ്യകാല പ്രയോക്താക്കൾ ഉദ്ദേശിച്ചിരുന്നത് ഇതു തന്നെയാകാ മെങ്കിലും കാലഗതിയിൽ സ്വാർത്ഥലക്ഷ്യങ്ങൾ നേടാനായുള്ള കർമ്മമായി യജ്ഞം എന്ന മഹനീയ ഭാവന അധഃപതിക്കുകയാണുണ്ടായത്. ഭൂമിയിലെ വിവേക ബുദ്ധിയുള്ള മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളെല്ലാം യജ്ഞഭാവത്തിൽ കർമ്മം ചെയ്തുകൊണ്ട് ലോകത്തെ നിലനിർത്തുകയാണ്.  ഉദാഹരണത്തിന്, നാം ശ്വസിച്ചുതള്ളുന്ന കാർബൺ ഡയോക്സയിഡ് എന്ന വിഷവാതകം നിറഞ്ഞ വായുവിനെ മരങ്ങളും ചെടികളും സ്വീകരിച്ചു ഫോട്ടോസിന്തസിസ് എന്ന പ്രക്രിയയിലൂടെ പരിണാമവിധേയമാക്കി നമ്മുടെ ജീവൻ നിലനിർത്താനാവശ്യമായ ഓക്സിജൻ വാതകമാക്കി നമുക്ക് തിരികെ നൽകുന്നു. നാം ജനിച്ച നാൾ മുതൽ മരിക്കുന്ന നാൾ വരെ നമ്മുടെ ശരീരാവയവങ്ങൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടു നമ്മുടെ ജീവൻ നിലനിർത്തുന്നു. യജ്ഞഭാവേനയുള്ള കർമ്മം, അതായത് :  ഫലാകാംക്ഷയില്ലാതെ ധർമ്മപ്രകാരമുള്ള കർമ്മം അനുഷ്ഠിക്കലാണ് ഇതെല്ലാം. യജ്ഞഭാവത്തിലായിരിക്കണം മനുഷ്യർ കർമ്മം ചെയ്യേണ്ടതെന്ന്  ഭഗവദ് ഗീത ഊന്നിയൂന്നി പറയുമ്പോൾ ഇതിൽ കൂടുതലെന്തു  മാനുഷികമൂല്യമാണ് ഒരാദ്ധ്യാത്മികകൃതിക്കു സമൂഹത്തിനു പകർന്നു നൽകാൻ കഴിയുക? സ്വന്തം ഭാവിയുടെ അസ്ഥിവാരം തന്നെ തോണ്ടുന്ന സ്വാർത്ഥ കർമ്മങ്ങളിലേർപ്പെട്ടിരിക്കുന്ന മനുഷ്യവംശത്തോട്  നിസ്വാർത്ഥകർമ്മത്തിൻറെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഭഗവദ് ഗീത, അന്ധകാരത്തിൽ കൊളുത്തിവെച്ച മൺചിരാതിൻറെ ഫലമാണ് ലോകത്തിനു പകർന്നു നൽകുന്നത്. 

ഭഗവദ് ഗീതയെ പിന്തുടർന്നുകൊണ്ട് ഈശ്വരീയതയിലേക്കുയരാൻ  നിങ്ങളേവർക്കും കഴിയട്ടേ എന്നാശംസിച്ചുകൊണ്ട് എൻറെ വാക്കുകൾ ഉപസംഹരിക്കുന്നു. നന്ദി. നമസ്ക്കാരം.