Friday, April 21, 2023

ഹംസേ സുവർണ്ണ സുഷമേ... നളചരിത പഠനം.

ഹംസേ സുവർണ്ണ സുഷമേ...എന്ന എൻറെ നളചരിത പഠന ഗ്രന്ഥത്തിൻറെ പ്രകാശന കർമ്മത്തെക്കുറിച്ചുള്ള വിവരങ്ങളും   പുസ്തകത്തെക്കുറിച്ചു വായനക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള അഭിപ്രായങ്ങളും ഫേസ്ബുക്കിൽ നിന്നും  ഇവിടെ സമാഹരിച്ചിരിക്കുന്നു.  

ഡോ. ഏവൂർ മോഹൻദാസ്

February, Dr Evoor Mohandas

അറുപതു തികഞ്ഞ കഥകളി നടൻ കലാമണ്ഡലം കൃഷ്ണപ്രസാദിന് വീരശൃംഖല സമർപ്പിച്ച ഇന്നലത്ത "ഗുരുപ്രസാദം" സമാദരണ സഭയിൽ വച്ച് എൻറെ "ഹംസേ സുവർണ്ണ സുഷമേ..." എന്ന നളചരിത പഠന ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടു. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലറായ ഡോ. കെ.ജി. പൗലോസ് അവർകളാണ് പുസ്തകം പ്രകാശനം ചെയ്തത്. കേരള കലാമണ്ഡലം ഡീനും ഭരണ സമിതിയംഗവും കഥകളി പണ്ഡിതനുമായ ഡോ. പി.വേണുഗോപാലൻ, കായംകുളം MSM കോളജിലെ മുൻ ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ. ഗോവിന്ദൻകുട്ടി കാർണവർ, വീരശ്യംഖലയാൽ സമ്മാനിതനായ കലാമണ്ഡലം കൃഷ്ണപ്രസാദ്, അദ്ദേഹത്തിന്റെ പത്നി ഗിരിജ, ഗുരുപ്രസാദം സ്വാഗത സംഘം ചെയർമാൻ ചെട്ടികുളങ്ങര ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന പ്രകാശന കർമ്മത്തിന് വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു. പ്രൊഫ. ഗോവിന്ദൻകുട്ടി കാർണവർ പുസ്തകത്തെ വേദിക്കും സദസ്സിനും പരിചയപ്പെടുത്തി.

Inseed Books, Kottayam പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകത്തിന് പ്രശസ്ത ചിത്രകാരി ദേവി മാങ്കുളം വരച്ചിട്ടുള്ള ചിത്രങ്ങൾ അനുപമമായ ചാരുത നൽകുന്നുണ്ട്. വിശകലനം ചെയ്യപ്പെടുന്ന അദ്ധ്യായ വിഷയവുമായി കൃത്യമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചിത്രങ്ങളും ചിത്രങ്ങൾക്കു താഴെയായി നൽകിയിട്ടുള്ള നളചരിത പദവും അദ്ധ്യായ വിഷയത്തിലേക്ക് വായനക്കാരനു കടന്നുചെല്ലാനുള്ള ചവിട്ടുപടിയായിട്ടാണ് സങ്കൽപ്പിച്ചിട്ടുള്ളത്.

കഥകളി രംഗത്തും അക്കാദമിക രംഗത്തും മലയാള ഭാഷാ രംഗത്തും ചർച്ച ചെയ്യപ്പെടേണ്ട പുസ്തകമെന്ന് കഥകളി പണ്ഡിതനും കഥകളി ചെണ്ടവാദ്യ വിശാരദനും വിദ്യാഭ്യാസ വിചക്ഷണനും ആലപ്പുഴ എസ്.ഡി. കോളജ് മുൻ പ്രിൻസിപ്പലുമായ അവതാരികാകാരൻ പ്രൊഫ. ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി വിലയിരുത്തിയിട്ടുള്ള ഈ ഗ്രന്ഥം ആ ഗൗരവത്തോടെ സമൂഹം ഏറ്റെടുത്ത് ആട്ടക്കഥാ സാഹിത്യത്തിൻറെ  മൗലീരത്നമായി പരിലസിക്കുന്ന നളചരിതം ആട്ടക്കഥയെ കൂടുതൽ മഹനീയമാക്കാനുള്ള എൻറെ എളിയ ശ്രമത്തെ പ്രോത്സാഹിപ്പിക്കണമെന്ന് എല്ലാവരോടും സ്നേഹപുരസ്സരം അഭ്യർത്ഥിക്കുന്നു.

പുസ്തകത്തിൻറെ കോപ്പി ആവശ്യമുള്ളവർ 94426 42321 (whatsapp) ൽ എന്നെ ബന്ധപ്പെട്ടാൽ മതിയാകും.

ഈ പുസ്തകം വായിക്കുന്നവർ അതേക്കുറിച്ചുള്ള അഭിപ്രായങ്ങളും വിശകലനങ്ങളും ഇവിടെ രേഖപ്പെടുത്തിയാൽ സന്തോഷം. പുസ്തകത്തിൻറെ പ്രചരണത്തിന് അതു സഹായകമാകാം.

11 February, Dr Evoor Mohandas

വേദനയിലൂടെ പുറത്തു വന്നാൽ മാത്രമേ യഥാർത്ഥ സൃഷ്ടിയാകൂ എങ്കിൽ എൻറെ ഈ ഹംസം അപ്രകാരത്തിലുള്ള ഒന്നാണ്. ഇതൊന്നു പ്രസിദ്ധീകരിച്ചു കിട്ടാൻ ഞാൻ തിന്ന തീ കുറച്ചൊന്നുമല്ല.

ഒരു വർഷത്തിനു മുമ്പു തന്നെ ഈ പുസ്തകം എഴുതി, കേരളത്തിലെ പ്രമുഖരായ ഒരു പ്രസാധക ഗ്രൂപ്പിനോട് ഇതയയ്ക്കട്ടേ എന്നാരാഞ്ഞു. കഥകളി പുസ്തകത്തിലൊന്നും താല്പര്യമില്ലെന്ന് അവർ പറഞ്ഞെങ്കിലും എൻറെ നിർബന്ധത്തിനു വഴങ്ങി അയച്ചോളൂ എന്നു പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ മറുപടി കിട്ടി. ' 'പുസ്തകത്തെക്കുറിച്ച് review panel ന് നല്ല അഭിപ്രായമാണ്, പക്ഷേ പ്രസിദ്ധീകരണത്തിൽ ഞങ്ങൾക്കു താല്പര്യമില്ല'. കഥകളി സംബന്ധമായ പുസ്തകത്തിന് മാർക്കറ്റ് കുറവാണെന്നതു തന്നെ കാര്യം. മറ്റു ചില പ്രശസ്ത പ്രസാധകരെയും സമീപിച്ചു നോക്കിയെങ്കിലും അവരുടെ അഭിപ്രായവും ഏതാണ്ട് ഇതുപോലൊക്കെ തന്നെയായിരുന്നു. വേഗം വിറ്റ് കാശുണ്ടാക്കാൻ കഴിയുന്നതല്ലല്ലോ കഥകളി പോലുള്ള വിഷയങ്ങൾ? ഞാൻ തന്നെ കാശു മുടക്കി പ്രൈവറ്റായി പ്രസിദ്ധീകരിച്ചാലേ ഈ പുസ്തകം വെളിച്ചം കാണൂ എന്നു മനസ്സിലായി.

അങ്ങനെയിരിക്കുമ്പോഴാണ് ഏവൂർ ക്ഷേത്രത്തിൽ വച്ച് ഫെബ്രുവരി 3,4 തീയതികളിലായി 'ഗുരുപ്രസാദം' പരിപാടി സംഘടിപ്പിക്കാനുള്ള തീരുമാനമായത്. ഇതിൻറെ ഭാഗമായി എൻറെ പുസ്തകവും പ്രകാശനം ചെയ്താൽ നന്നായിരിക്കുമെന്ന അഭിപ്രായം ഉയർന്നു വന്നു. രണ്ടു മാസം സമയം ഉണ്ട്. ഞാൻ ശ്രമം തുടങ്ങി.

മംഗ്ലീഷിൽ കംപ്യൂട്ടറിൽ അടിച്ചു തയ്യാറാക്കി വച്ചിരുന്ന മാനസ്ക്രിപ്റ്റ് ഡി ടി പി യാക്കുന്നതായിരുന്നു ആദ്യ കടമ്പ. അത് ഒരു വിധത്തിൽ സാധിച്ചെടുത്തു. പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ട ചിത്രങ്ങൾ വരയ്ക്കാനും ഏർപ്പാടാക്കി. അങ്ങനെ വരച്ചു കിട്ടിയ ചിത്രങ്ങളും ഡി ടി പി യും പുസ്തക പ്രസിദ്ധീകരണത്തിലേക്കായി ഇവിടെ അടുത്തുള്ള ഒരു പ്രസാധകനെ ഡിസംബർ അവസാന വാരം ഏൽപ്പിച്ചു. ചിത്രങ്ങളെല്ലാം വച്ച് ശരിയായി layout ചെയ്ത ഫയലിൻറെ മൂന്നു പ്രൂഫുകൾ അവശ്യമായ തിരുത്തലുകളിലേക്കായി നിർബ്ബന്ധമായും ലഭിച്ചിരിക്കണം എന്ന കണ്ടീഷനിലാണ് ഡി ടി പി അവർക്കു നൽകിയത്. ഇതിനിടയിൽ പുസ്തക പ്രകാശനം അറിയിച്ചുകൊണ്ടുള്ള "ഗുരുപ്രസാദം" നോട്ടീസും തയ്യാറായി. പ്രോഗ്രാം കമ്മിറ്റി ചെയർമാനായിരുന്നതിനാൽ ഇതിൻറെ മീറ്റിംഗുകളും നോട്ടീസ് തയ്യാറാക്കുന്നതു സംബന്ധിച്ചുള്ള ബദ്ധപ്പാടുകളുമുണ്ടായിരുന്നു. ഗുരുപ്രസാദത്തിന് ഇനി ഒരു മാസം മാത്രം.

പുസ്തക വിഷയം ദിവസേനയെന്നോണം വിളിച്ചന്വേഷിക്കാറുണ്ടായിരുന്നെങ്കിലും ജനുവരി 20 ആയിട്ടും കാര്യമായൊന്നും നടന്നതായി കണ്ടില്ല. ഇനിയുള്ള രണ്ടാഴ്ചക്കുള്ളിൽ ഞാൻ ആഗ്രഹിച്ച വിധത്തിൽ പുസ്തകം  ലേ ഔട്ട് ചെയ്ത് പ്രൂഫ് വായനയും കഴിഞ്ഞ് പ്രസിദ്ധീകരണം നടന്നു കിട്ടില്ലെന്ന് മനസ്സിലാക്കി ഈ work അവരിൽ നിന്നെടുത്തു മാറ്റി മറ്റൊരു പ്രസാധകരെ ഏൽപ്പിച്ചു. അവരോടും ആദ്യത്തെ പ്രസാധകനോടു പറഞ്ഞതു തന്നെ പറഞ്ഞിരുന്നു. പക്ഷേ പുസ്തകം ലേ ഔട്ട് ചെയ്യേണ്ടയാൾ ഉത്സവ നോട്ടീസുകൾ തയ്യാറാക്കുന്ന തിരക്കിലായതിനാൽ ഇവിടെയും ലേ ഔട്ട് ഒന്നും നടക്കാതെ നാലഞ്ചുദിവസം പിന്നെയും കടന്നുപോയി. ഇനി പുസ്തകം തയ്യാറാകാൻ പത്തു ദിവസങ്ങൾ മാത്രം!

ബാരോ മീറ്ററിൽ മെർക്കുറി ഉയരുന്നതു പോലെ എൻറെ ടെൻഷൻ ദിനം പ്രതി കൂടിക്കൊണ്ടിരുന്നു. ഇനിയുള്ള പത്തു ദിവസംകൊണ്ട് പുസ്തകം ഞാനാഗ്രഹിച്ച രീതിയിൽ ലേ ഔട്ട് ചെയ്ത് മൂന്നു വട്ടം പ്രൂഫും നോക്കി പ്രസിദ്ധീകരിക്കുക എന്നത് അസാദ്ധ്യമാണെന്നു മനസ്സിലായി. ശരിയായ പരിശോധനകൾ കൂടാതെ എൻറെ   പേരിലൊരു പുസ്തകം പ്രസിദ്ധീകരിക്കുക എന്നതെനിക്കു ചിന്തിക്കാൻ കൂടി കഴിയുന്ന കാര്യമല്ലായിരുന്നു. 'ഗുരുപ്രസാദ' നോട്ടീസിലൂടെ പുസ്തക പ്രകാശനം ലോകരെയെല്ലാം അറിയിച്ചിട്ട് അതു നടത്താൻ കഴിയാതെ വന്നാലുള്ള അപമാന ഭാരവും എന്നെ വല്ലാതെ അലട്ടി. എൻറെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒരാൾ പുസ്തകം ലേ ഔട്ട് ചെയ്ത് പ്രൂഫ്  ലഭിച്ചാൽ മാത്രമേ പുസ്തകം ഉദ്ദേശിച്ച സമയത്തിനുള്ളിൽ പ്രസിദ്ധീകരിക്കാൻ കഴിയൂ എന്നു മനസ്സിലായി. എങ്ങനെ, എവിടെ ഇതു ലഭിക്കും എന്ന ചിന്തയിലായി. ഒരു മണിക്കൂറിന് ഒരു മാസത്തെ വിലയുള്ള സമയം!

ബാരോമീറ്ററിൽ മെർക്കുറി ഉയർന്നുയർന്ന് ബാരോമീറ്റർ കവചവും ഭേദിച്ച് വെളിയിൽ വരുമെന്ന സ്ഥിതിയായി.എനിക്കൊരു ഉൾവിളിയുണ്ടായി. ആദ്യം ജോലി ഏൽപ്പിച്ചിരുന്ന സ്ഥലത്ത് കുറെയൊക്കെ ലേ ഔട്ട് ചെയ്ത ആളിനെ തന്നെ വിളിച്ചു നോക്കാം. വിളിച്ചു; അദ്ദേഹം വരാമെന്നേറ്റു. അടുത്ത മൂന്നു ദിവസങ്ങളിലായി എന്നോടൊപ്പം പതിനഞ്ചു മണിക്കൂറോളം ഇരുന്ന് ഞാനാഗ്രഹിച്ച വിധത്തിൽ വിനേഷ് പുസ്തകം ലേ ഔട്ട് ചെയ്തു പ്രൂഫുകൾ നൽകി. വീട്ടിൽ കംപ്യൂട്ടർ - പ്രിന്റർ സൗകര്യമുണ്ടായിരുന്നതിനാൽ ജോലി ഭംഗിയായി നടന്നു കൊണ്ടേയിരുന്നു.

കംപ്യൂട്ടറിലെ ജോലി കഴിഞ്ഞാൽ 220 പേജുള്ള പുസ്തകത്തിൻറെ ശ്രദ്ധയോടെയുള്ള പ്രൂഫ് വായന വേണം. എൻറെ സുഹൃത്ത് സൂര്യകുമാറും ഇതിൽ സഹായിച്ചു. ഒരു വിധത്തിൽ രണ്ടു മൂന്നു പ്രാവശ്യം പ്രൂഫും തിരുത്തി ഫയൽ ജനുവരി 27 ന് പ്രസിദ്ധീകരണ സജ്ജമാക്കി. ഇതിനിടയിൽ പുസ്തകത്തിനുള്ളിലെ ചിത്രങ്ങൾ വരച്ച കലാകാരിയെക്കൊണ്ട് കവർ ചിത്രവും കവർ പേജും തയ്യാറാക്കിച്ചിരുന്നു. അങ്ങനെ പ്രസിദ്ധീകരണത്തിനുള്ള ഫയലുകളെല്ലാം പ്രസാധകരെ ഏൽപ്പിച്ചു. അടുത്ത അഞ്ചാറ് ദിവസങ്ങൾ കൊണ്ട് അവർ അത് ഭംഗിയായി അച്ചടിപ്പിച്ച്, പ്രകാശന കർമ്മം നടക്കേണ്ട ദിവസം ഉച്ചയോടെ പുസ്തകങ്ങൾ എനിക്കെത്തിച്ചു.

തീ കുറേ തിന്നു. ഇത്രമാത്രം ടെൻഷൻ അനുഭവിച്ചിട്ടുള്ള ഒരു കർമ്മം ജീവിതത്തിൽ ഇതാദ്യമായിരുന്നു ഞാൻ ചെയ്യുന്നത്. പക്ഷേ ഈ പുസ്തകം കാണുമ്പോഴും അതേക്കുറിച്ച് മറ്റുള്ളവരിൽ നിന്നും നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോഴും ഇതിൻറെ സൃഷ്ടിയിൽ അനുഭവിക്കേണ്ടി വന്ന സമാനതകളില്ലാത്ത വേദനയും മാനസിക സംഘർഷവുമെല്ലാം മറക്കുന്നു.

ഈ പുസ്തകത്തിൽ അക്ഷര തെറ്റുകളോ മറ്റോ ഉണ്ടെങ്കിൽ വായനക്കാർ സദയം ക്ഷമിക്കണം. എൻറെ  നിയന്ത്രണത്തിനതീതമായ സാഹചര്യത്തിൽ പുസ്തകം ന്യൂനത കൂടാതെ പ്രസിദ്ധീകരിക്കാൻ എന്നാൽ കഴിയുമായിരുന്ന എല്ലാ ശ്രമങ്ങളും ഞാൻ നടത്തിയിട്ടുണ്ട്. തെറ്റുകൾ ഉണ്ടെങ്കിൽ അവയെല്ലാം അടുത്ത പതിപ്പിൽ ശരിയാക്കിയിരിക്കും എന്നുറപ്പു തരുന്നു.

8 February, Dr Evoor Mohandas

ഹംസേ സുവർണ്ണ സുഷമേ... (നളചരിത പഠനം)

അല്പം മുൻപ് പരിണിത പ്രജ്ഞനായ ഒരു കഥകളി പണ്ഡിതൻ എന്നോടു ഫോണിൽ പറഞ്ഞു; "അങ്ങയുടെ നളചരിത പഠനം വായിച്ചു കൊണ്ടിരിക്കയാണ്. ഞാൻ നളചരിതം ആട്ടക്കഥയുടെ എല്ലാ വ്യാഖ്യാനങ്ങളും അതുപോലെ കയ്യിൽ കിട്ടിയിട്ടുള്ള എല്ലാ ലേഖനങ്ങളും പഠനങ്ങളും വായിച്ചിട്ടുണ്ട്. പക്ഷേ സാറിൻറെ ഈ വ്യാഖ്യാനം പോലെ അതിഗംഭീരമായ പഠനമൊന്നും ഇതുവരെ വായിക്കാൻ  കഴിഞ്ഞിട്ടില്ല. ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ മുകളിലാണ് ഈ പഠന ഗ്രന്ഥത്തിന്റെ നിലവാരം? പുസ്തകം പകുതിയോളമേ വായിച്ചു കഴിഞ്ഞുള്ളൂ. അങ്ങയോടുള്ള ആദരവ് ഇപ്പോൾ പതിന്മടങ്ങായിരിക്കുന്നു".

ആറാം തീയതി തിരുവല്ലയിലെ മടവൂർ-മാത്തൂർ-ഗോപിക്കുട്ടൻ നായർ അനുസ്മരണ യോഗസ്ഥലത്തുവച്ചു കണ്ടപ്പോൾ കലാമണ്ഡലം ബാലസുബ്രഹ്മണ്യശാനും കലാമണ്ഡലം ഓയൂർ രാമചന്ദ്രനാശാനും ഏതാണ്ടിതേ അഭിപ്രായം തന്നെ എന്നോടു പങ്കുവച്ചിരുന്നു. കളികളുടെ തിരക്കിലായിരുന്നതിനാൽ രണ്ടു പേർക്കും പുസ്തകം വായിക്കാൻ സമയം കിട്ടിയിട്ടില്ലെന്നും ഇടയ്ക്കു വീണു കിട്ടിയ സമയത്തിൽ ചില പേജുകൾ മറിച്ചു നോക്കിയപ്പോൾ തോന്നിയ അഭിപ്രായമാണ് പറഞ്ഞതെന്നും പറഞ്ഞു.

കഥകളി, ആത്മീയ സാഹിത്യ വിഷയങ്ങളിൽ പരമ്പരാഗതമായ ഒരെഴുത്തു രീതിയാണ് പൊതുവേ നിലവിലുള്ളത്. ആ വഴിവിട്ട് പഠനഗ്രന്ഥത്തിന്റെ ആത്മാവിനെ തേടി കണ്ടെത്തി, എല്ലാ വിശകലനങ്ങളെയും ആ ആത്മാവുമായി ബന്ധപ്പെടുത്തി തികച്ചും യുക്തിഭദ്രമായും ശാസ്ത്രാനുസാരിയായും എഴുതുന്ന ഒരു രീതിയാണ് ശാസ്ത്ര ഗവേഷകനായ ഞാൻ അവലംബിക്കാറുള്ളത്. ഇങ്ങനെ വിഷയത്തെ യുക്തിഭദ്രതയിൽ ഉറപ്പിച്ചു നിർത്തിക്കൊണ്ട് നിർവ്വഹിക്കുന്ന പഠനങ്ങൾ അതു മനസ്സിലാക്കാൻ കഴിവുള്ളവരെ വല്ലാതെ ആഹ്ളാദിപ്പിക്കും എന്നാണെന്റെ ശാസ്ത്ര ഗവേഷണ രംഗത്തെ അനുഭവം. പഴമയുടെ ഭാണ്ഡക്കെട്ടുകളിൽ കുരുങ്ങിക്കിടന്നു സങ്കുചിതമായി ചിന്തിക്കാതെ യുക്തിഭദ്രമായ പുതു വീക്ഷണങ്ങളെ സ്വാഗതം ചെയ്യാനുള്ള മനസ്സുണ്ടായാൽ നിങ്ങളേവർക്കും മുമ്പിൽ നളചരിതത്തിന്റെ പല കാണാപ്പുറങ്ങളും എന്റെ പഠനം അനാവരണം ചെയ്യും എന്നതിൽ എനിക്കു സംശയമില്ല. കാലാതിവർത്തിയായ ഒരു സാഹിത്യ കൃതിയുടെ അനശ്വരനായ രചയിതാവിന്, ഉണ്ണായി വാരിയർക്ക്, നൽകുന്ന ആദരാഞ്ജലിയായാണ് ഞാൻ ഹംസേ സുവർണ്ണ സുഷമേ... എന്ന എന്റെ ഈ നളചരിത പഠനത്തെ കാണുന്നത്; സാമ്പത്തിക ലാഭമുണ്ടാക്കാനായി എഴുതിക്കൂട്ടിയ ചില കടലാസ്സുകളല്ല ഇതിലുള്ളത്.

വായന പൂർത്തിയാക്കി ചിലരെങ്കിലും ഇവിടെ പ്രകടിപ്പിക്കാൻ സാദ്ധ്യതയുള്ള സുചിന്തിതമായ അഭിപ്രായങ്ങൾ കേൾക്കാൻ ഞാൻ അക്ഷമനായി കാതോർത്തിരിക്കുന്നു.

Feb 9, ശ്രീ. ബാലരാമവർമ്മ (കഥകളി ആസ്വാദകൻ)

Dr മോഹൻദാസ് സാറിൻ്റെ "ഹംസേ സുവർണ്ണ സുഷമേ..." വായിച്ചു. ആട്ടക്കഥാ പ്രേമികൾക്കു കിട്ടിയ ഒരു മധുരക്കനിയായി ഞാനിതിനെക്കാണുന്നു.

ശ്രീ A Rരാജരാജവർമ്മ അവർകളുടെ കാന്താരതാരകം, ശ്രീ പന്മന രാമചന്ദ്രൻ നായർ സാറിൻ്റെ കൈരളീവ്യഖ്യാനം തുടങ്ങിയ അനേകം വ്യാഖ്യാനങ്ങൾ പരിശോധിച്ചും നളചരിത രചയിതാവിൻ്റെ മനസ്സറിഞ്ഞും എഴുതിയ ഒരു ഗ്രന്ഥമായിട്ട് ഇതിനെക്കാണാം.

കഥയുടെ കുറ്റം തീർത്തുള്ള അവതരത്തിന് ഈ പുസ്തകം ഒരുനിധിയായി കണക്കാക്കാം. മൂലകഥയായ മഹാഭാരതത്തിലെ 'നളോപാഖ്യാന' ഭാഗവരികൾ ഓരോ ഭാഗത്തും ഉദാഹരണമായി കാണിച്ചിരിക്കുന്നത് ഈ പഠനവിഷയത്തോട് ഗ്രന്ഥകർത്ഥാ വ് കാണിച്ചിരിക്കുന്ന സത്യസന്ധതയേയാണ്‌ ചൂണ്ടിക്കാണിക്കുന്നത്. കാലാനുസരണമായി അവതരണത്തിൽ വന്നിട്ടുള്ള അപാകതകളും അതിനുള്ള പ്രതിവിധികളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പഠനം മുന്നോട്ടു പോകുന്നത്. സാധാരണ കഥ വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്ന വ്യക്തിക്കുണ്ടാകാവുന്ന എല്ലാ സംശയങ്ങളും ഗ്രന്ഥകാരൻ ദൂരീകരിക്കുന്നുണ്ട്.

വളരെ നാളുകളായി ഞാൻ കഥകളി കാണുന്നുണ്ട്‌. കുറേ നാളുകളായി എൻ്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്ന, നളചരിതം 4 -ാം ദിവസത്തെ നളൻ്റ സ്വഭാവവ്യതിയാനത്തെക്കുറിച്ചുള്ള ചിന്തക്ക് ഈ പുസ്തകം വായിച്ചതോടുകൂടി ഉത്തരം ലഭിച്ചിരിക്കുന്നു (ഏതായാലും അതിനെ പറ്റിയുള്ള എൻറെതായ ലേഖനം വരുന്നുണ്ട്)

നളൻ, ദ മ യ ന്തി തുടങ്ങിയുള്ള എല്ലാ കഥാപാത്രങ്ങളേയും പ്രത്യേകം പഠിച്ച് തയ്യാറാക്കിരിക്കുന്ന ഭാഗം വളരെ ആലോചനാമൃതവും രസകരവുമാണ്. ഇങ്ങനെ ഒരു പഠന പുസ്തകം തയ്യാറാക്കി സഹൃദയ സമക്ഷം സമർപ്പിക്കുന്നതിന് ശ്രീ. മോഹൻദാസ് സാർ സഹിച്ച കഷ്ടപ്പാടിൻ്റെ മുമ്പിൽ നമിക്കുന്നു,

ഭാഷാസേനഹികൾക്കും കഥകളി പ്രേമികൾക്കും 'ഹം സേ സുവർണ്ണ സുഷമേ"ഒരു മുതൽകൂട്ടായിരിക്കുമെന്നതിന് യാതൊരു സംശയവുമില്ല.

20 February

ഉണ്ണായിയുടെ നളചരിതത്തിലൂടെ സഹൃദയ മനസ്സുകളിൽ പറ്റിപ്പിടിച്ച ഈ സൗവർണ്ണ ഹംസം പാറി പറന്നുകൊണ്ടേയിരിക്കും. ഈ ഹംസം ഇപ്പോൾ Dr മോഹൻദാസിൻറെ സുവർണ്ണതയും സാഹിത്യസൗരഭ്യവും കൂടി ആവാഹിച്ച് ആസ്വാദക ഹൃഭയങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള ഊർജ്ജം  ഹംസത്തിന് സുവർണ്ണ സുഷമത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. യഥാർത്ഥ ആസ്വാദകരും നളചരിത പ്രേമികളും അത് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.

16 March 

കഥകളിയോട്, രസാത്മകമായ പുരാണങ്ങളോട് അല്പമെങ്കിലും താല്പര്യമുള്ളവർ, പ്രത്യേകിച്ച് 'മലയാള ശാകുന്തളം' എന്ന പേരിനർഹമായ നളചരിതകഥയുടെ വ്യാഖ്യാനം എത്രകേട്ടാലും വായിച്ചാലും മതിവരില്ല, അധിക പറ്റാകില്ല. നെല്ലിക്കാ പോലെയാണ് Dr മോഹൻദാസിൻ്റെ "ഹംസേ സുവർണ്ണ സുഷ മേ" എന്ന നളചരിത വ്യാഖ്യാനം. ഞാൻ അത് രണ്ട് ആവർത്തി വായിച്ചു കഴിഞ്ഞു. വേറെ വായിക്കാനില്ലാഞ്ഞല്ലാ; ആ പുസ്തകത്തിൻ്റെ ആശയ സൗകുമാര്യതയും കാര്യഗൗരവും കൊണ്ടാണ്. ഈ പുസ്തകം വായിക്കും തോറും നളചരിതത്തിൻ്റെ രസാത്മകത നമുക്ക് കൂടുതൽ കൂടുതൽ അനുഭവപ്പെടുന്നതായി ബോധ്യപ്പെടും.

9 February, ശ്രീ. KRK Pillai (കഥകളി ആസ്വാദകൻ, റിട്ട.സർക്കാർ ഉദ്യോഗസ്ഥൻ)

വായന തുടരുന്നു.....

നളചരിതത്തിൻ്റെ പഠനമെന്നതിനുപരി, തേച്ചുമായ്ക്കപ്പെട്ട പല ചരിത്രവസ്തുതകളും അനാവരണം ചെയ്യപ്പെടുന്ന ഈ കൃതി കഥകളിക്കു് ഏറെ മുതൽക്കൂട്ടാകും എന്നതിന് സംശയമില്ല.

ഈ കൃതിയുടെ സരളമായ ഭാഷ വായനക്കാർ ഇഷ്ടപ്പെടും.

ഈ ശ്രേഷ്ഠമായ ഗ്രന്ഥത്തിൻ്റെ കർത്താവെന്ന നിലയിൽ അങ്ങയെ നമിക്കുന്നു.

11 February, ശ്രീ. ഹരി ചിറ്റക്കാടൻ (പുസ്തകത്തിൻറെ ഡി ടി പി തയ്യാറാക്കിയ കഥകളി ആസ്വാദകൻ)

ഏവൂർ  മോഹൻദാസ് ചേട്ടൻറെ "ഹംസേ സുവർണ്ണ സുഷമേ..." എന്ന നളചരിത പഠന ഗ്രന്ഥത്തിൻറെ  നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനാൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ ആദ്യം വായിക്കാനുള്ള ഭാഗ്യം ലഭിച്ച ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് ഞാൻ. ഏവൂർ  ക്ഷേത്രത്തിലെ വഴുപാടികളിൽ ഒന്നാണ് കഥകളിയെങ്കിലും നളചരിതം പോലുള്ള കഥകൾ അപൂർവ്വമായേ ഇവിടെ ആടാറുള്ളു. ഉണ്ടായാൽ തന്നെ പെട്ടെന്ന് തീരുന്ന നാലാം ദിവസത്തിൽ ഒതുക്കാറാണ്‌ പതിവ്. 'അനുഷ്ഠാനം' ക്ഷേത്രകലാ പുനരുദ്ധാരണ സമിതിയുടെ ആഭിമുഖ്യത്തില് മുമ്പ് നളചരിതം നാലു ദിവസവും അവതരിപ്പിച്ച നളചരിതോത്സവം ഇവിടെ അരങ്ങേറുകയുണ്ടായി. അക്കാലത്ത് ഞാൻ ആ സമിതിയിൽ ഇല്ലായിരുന്നു, ആ പരിപാടി കണ്ടതുമില്ല. പല ഘട്ടങ്ങളിലായി നളചരിതത്തിൻറെ നാലു ദിവസവും അവിടവിടെയായി കണ്ടതിൽ നിന്നും ഒരേകദേശ ധാരണയോടെയാണ് ഈ പുസ്തകം ഞാൻ ഡി ടി പി ചെയ്തു തുടങ്ങിയത്.

നളചരിതത്തിലെ ഓരോ ദിവസത്തെ കഥയെയും ഓരോ കഥാപാത്രങ്ങളെയും പ്രത്യേകം എടുത്തു പറഞ്ഞ് വ്യാഖ്യാനിക്കുന്ന ഗ്രന്ഥമാണ് 'ഹംസേ സുവർണ്ണ സുഷമേ...' ഒരുവട്ടമെങ്കിലും നളചരിതം ആട്ടം കണ്ടിട്ടുള്ളവർക്കു മാത്രമേ ഈ പുസ്തകം പ്രാപ്യമാവുകയുള്ളു. നളചരിതം ആട്ടം കണ്ടതിനു ശേഷം ഇത് വായിച്ച് വീണ്ടും കാണുമ്പോഴാണ് കഥാപാത്രങ്ങളുടെ സ്വഭാവത്തെ പൂർണ്ണമായും മനസ്സിലാക്കുവാൻ  സാധിക്കുക. പല നളചരിത വ്യാഖ്യാതാക്കളുടെയും ഈ വിഷയത്തിലുള്ള പരാമർശങ്ങളെയും പ്രതിപാദിച്ച്, അതിനെ വരെ ശ്രീ. മോഹൻദാസ് വ്യാഖ്യാനിക്കുന്ന എന്നതാണ് ഇതിൻറെ പ്രത്യേകത. നാലാം ദിവസത്തിലെ പുരുഷമേധാവിത്വത്തെക്കുറിച്ച് അല്ലെങ്കിൽ സ്ത്രീവിരുദ്ധതയെക്കുറിച്ച് സുഗതകുമാരി ടീച്ചറുടെ പരാമർശം  പോലും ഇവിടെ ചർച്ചാവിഷയമാകുന്നു. നാരദൻ, ഇന്ദ്രൻ, ഋതുപർണ്ണൻ, സുദേവൻ, ദമയന്തി തുടങ്ങിയ കഥാപാത്രങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ട്‌ 'ഹംസേ സുവർണ്ണ സുഷമേ...' ദേവന്മാരിൽ ഇന്ദ്രൻ  ഇവിടെ വില്ലനാണോ... സുദേവന് അമിതപ്രാധാന്യം ഉണ്ണായിവാര്യർ നൽകിയിരുന്നോ അതോ ഇക്കാലത്തെ ആട്ടക്കാര് പ്രാധാന്യം ഉണ്ടാക്കിയെടുത്തതാണോ എന്നൊക്കെ ഈ പുസ്തകം സവിസ്തരം ചർച്ച ചെയ്യുന്നു. ആസ്വാദകർക്ക് മാത്രമല്ല നളചരിതം ആട്ടക്കഥ രംഗത്ത് അവതരിപ്പിക്കുന്നവർക്കു വരെ ഒരു റഫറൻസ് ആയി ഇത് ഉപയോഗിക്കാവുന്നതാണ്.

ഈ ഗ്രന്ഥം വിമർശനങ്ങൾക്കതീതമാണ് എന്നു പറയുന്നില്ല. വ്യാഖ്യാനം എപ്പോഴും അത് എഴുതുന്ന വ്യക്തിയുടെ ചിന്തയിൽ നിന്നും ഉയരുന്ന വാങ്മയ ചിത്രങ്ങളാണ്. 'ഗുരുപ്രസാദം' ചടങ്ങിൽ  കേരളകലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് സാർ ഈ പുസ്തകം പ്രകാശം ചെയ്തു.

14 Feb., ശ്രീ. മിടുക്കൻ കുറൂർ, കഥകളി ചെണ്ട വിദ്വാൻ 

ഡോ. ഏവൂർ മോഹൻദാസ് എഴുതിയ "ഹംസേ സുവർണ്ണ സുഷമേ..." എന്ന നളചരിതം പഠനം വായിച്ചു തീർന്നപ്പോൾ അതിനെപ്പറ്റി എന്തെങ്കിലും എഴുതിയേ മതിയാകൂ എന്നു തോന്നി. നളചരിതത്തിൻറെ  രംഗപാരമ്പര്യവും നായികാ നായകന്മാരെപ്പറ്റിയുള്ള വിവരണങ്ങൾക്കും ശേഷം മറ്റു കഥാപാത്രങ്ങളുടെ രാംഗാവതരണ ക്രമങ്ങളും സ്വഭാവവൽക്കരണവും ഒക്കെയാണ് പഠനവിധേയമാക്കിയിട്ടുള്ളത്.വ്യാസ ഭാരതത്തിൽ കൊടുത്തിട്ടുള്ള നളോപാഖ്യാനം, എ. ആർ. ൻറെ കാന്താരതാരകം, ദേശമംഗലത്തു വാര്യർ, പ്രൊഫസർ പന്മന രാമചന്ദ്രൻ നായർ തുടങ്ങിയർ എഴുതിയ വ്യാഖ്യാനങ്ങൾ തുടങ്ങിയവയാണ് അദ്ദേഹം തൻറെ പഠനത്തിന് ആശ്രയിച്ചിരിക്കുന്നത്. എൻറെ അഭിപ്രായങ്ങൾ മുഴുവനും മുഖപുസ്തകത്തിൽകൂടി എഴുതി ഫലിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്. എങ്കിലും ഒറ്റവാക്കിൽ പറഞ്ഞാൽ ഈ പഠനം കലാകാരൻമാർക്കും ആസ്വാദകർക്കും വളരെയധികം പ്രയോജനം ചെയ്യും, തീർച്ച. ഉണ്ണായി വാരിയരുടെ ആട്ടക്കഥ അദ്യം മുതൽ അവസാനം വരെ പല പ്രാവശ്യം വായിക്കുകയും മിക്കവാറും എല്ലാ വ്യാഖ്യാനങ്ങളും തന്നെ വായിക്കുകയും ചെയ്ത കലാകാരൻ എന്ന നിലക്കും അരങ്ങനുഭവങ്ങൾ വച്ചുകൊണ്ടും ചില കാര്യങ്ങളിൽ എനിക്ക് ചില അഭിപ്രായങ്ങൾ പറയാനുണ്ടെങ്കിലും അത് മുഖപുസ്തകത്തിൽ ഒതുങ്ങുന്നതല്ല. അതൊന്നും ഈ പുസ്തകത്തിൻറെ മഹത്വത്തെ ഒട്ടുംതന്നെ കുറച്ചു കാണിക്കാനുള്ളതല്ലെന്നുകൂടി സൂചിപ്പിക്കട്ടെ. അത് നേരിൽ കാണുമ്പോൾ ചർച്ച ചെയ്യാമെന്ന് വിചാരിക്കുന്നു. കലാകാരൻമാരും ആസ്വാദകരും ഈ പുസ്തകം തീർച്ചയായും വായിച്ചിരിക്കണം എന്നാണ് എൻറെ അഭിപ്രായം. ഡോ. ഏവൂർ മോഹൻദാസിന് സ്നേഹപൂർവ്വം എല്ലാ ഭാവുകങ്ങളും നേരുന്നു.

14 Feb., ശ്രീ. മാർഗ്ഗി വിജയകുമാർ  (കഥകളി നടൻ)  

ഡോ. ഏവൂർ മോഹൻദാസ് സാർ എഴുതിയ "ഹംസേ സുവർണ്ണ സുഷ മേ..." എന്ന നളചരിത പഠന  പുസ്തകം അദ്ദേഹത്തിൻറെ കയ്യിൽ നിന്നും വാങ്ങിയത് പത്തിയൂരിൻറെ മകൻറെ കല്യാണ സ്ഥലത്തു വച്ചാണ്. ഇന്നതു വായിച്ചു തീർന്നു. കഥകളി കലാകാരന്മാരും ആസ്വാദകരും വായിച്ചിരിക്കേണ്ടതായ നല്ലൊരു നളചരിത പുസ്തകം. നളചരിതത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം പ്രത്യേകം എടുത്തു് വിശകലനം ചെയ്തിട്ടുണ്ട്. പുഷ്ക്കരൻറെ കഥാപാത്രാവിഷ്ക്കര രീതി, കാട്ടാളൻറെ ദഹനശേഷം ദമയന്തിയുടെ മനോഭാവം, സുദേവനും ദമയന്തിയുമായുള്ള രംഗത്തിലെ അനൗചിത്യം (ദമയന്തി ഞെട്ടൽ പാടില്ലെന്ന അഭിപ്രായക്കാരനാണ് ഞാനും. വേളി നാളെ എന്നു കേൾക്കുമ്പോൾ അദ്ദേഹത്തിൻറെ മാനസികാവസ്ഥ എന്താവും എന്ന ആശങ്കയാവാം), നാലാം ദിവസത്തിലെ ദമയന്തിക്ക് അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധി എന്നിവയെക്കുറിച്ചൊക്കെ വിശദമായി പഠനം നടത്തി പ്രതിപാദിച്ചിട്ടുണ്ട്. തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതായ നല്ലൊരു പുസ്തകം. വായിക്കേണ്ടതു തന്നെയാണ്. മോഹൻ ദാസ് സാറിന് അഭിനന്ദനങ്ങൾ

14 Feb, ഡോ. ഇ. ബി. സുരേഷ്‌കുമാർ (മുൻ പ്രിൻസിപ്പൽ, NSS കോളേജ്, ചങ്ങനാശ്ശേരി)      

അടുത്തിടെ പുറത്തിറങ്ങിയ ഡോ. കെ. എസ്. മോഹൻദാസിൻറെ "ഹംസേ സുവർണ്ണ സുഷമേ..", നളചരിതം ആട്ടക്കഥാസാഹിത്യത്തെ യുക്തിഭദ്രമായി വിലയിരുത്തുവാനുള്ള ഒരു ശ്രമമാണ്. ഗഹനമായ വിഷയം  ഒറ്റയിരുപ്പിന് വായിച്ചു പോകുവാൻ കഴിയുന്ന അസൂയാവഹമായ രചനാശൈലിയിലാണ് ഗ്രന്ഥകാരൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ശാസ്ത്രകാരൻറെ കൈകളിൽ ഭാഷക്ക് ഇത്രത്തോളം മിഴിവുണ്ടാകുന്നത് പ്രശംസനീയം തന്നെ.

കഥകളി വ്യത്യസ്ഥമായ ഒരു അരങ്ങനുഭവമാണ്. മാനുഷികമായ കേവലയുക്തികൾക്ക് ആട്ടക്കഥാ സാഹിത്യത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല. ശൈലീകൃതമായ അതിഭാവുകത്വമാണ് അതിൻറെ  കാതൽ. കഥയറിയാനുള്ള വ്യഗ്രതയോ, പരിണാമഗുപ്തിയോ, നിത്യജീവിതത്തിൽ പരിചിതമായ അവതരണരീതിയോ, പ്രതീക്ഷിച്ചല്ല ആസ്വാദകർ കളി കാണുന്നത്. കണ്ടു പഴകിയ കഥാസന്ദർഭങ്ങൾ തന്നെയാണ് വീണ്ടും വീണ്ടും അവർ വീക്ഷിക്കുന്നത്. ഓരോ കലാകാരനും നടത്തുന്ന രംഗാവതരണത്തിൻറെ  സവിശേഷതകളാണ് ആസ്വാദകരെ കഥകളി വീണ്ടും വീണ്ടും കാണുവാൻ പ്രേരിപ്പിക്കുന്നത്. കേവല ആസ്വാദകരെ സംബദ്ധിച്ചിടത്തോളം പാത്രസൃഷ്ടിയുടെ സങ്കീർണ്ണാശംങ്ങൾ പലപ്പോഴും ബാലികേറാമലയാണ്.

ശൈലീകൃതം എന്ന് തീർത്തും പറയാൻ കഴിയാത്ത നളചരിതം ആട്ടക്കഥയിൽ, ഉണ്ണായിവാര്യരുടെ പാത്രസൃഷ്ടിയുടെ സവിശേഷതലങ്ങൾ അറിഞ്ഞിരിക്കുന്നത് കഥാസ്വാദനത്തിന് ശക്തി പകരും. ആ ശ്രമമാണ് ഡോ. മോഹൻദാസ് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിൻറെ തന്നെ വാക്കുകൾ കടംകൊണ്ടാൽ, "പുരാണ കഥാപാത്രങ്ങളുടെ ദിവ്യപരിവേഷചിന്ത തൽക്കാലം മാറ്റി വച്ച്, സ്വതന്ത്രമായി നളചരിതം ആട്ടക്കഥയെ അപഗ്രഥിക്കാൻ ശ്രമിച്ചാൽ.......... ഉണ്ണായി വാര്യരുടെ അനിതരസാധാരണമായ കാവ്യരചനാ വൈഭവം നമുക്കനുഭവിക്കാൻ കഴിയും".

ഡോ. മോഹൻദാസിന് അഭിനന്ദനങ്ങൾ

16 Feb., ശ്രീ. പുലിയൂർ ബി രാജീവ് ( കഥകളി ആസ്വാദകൻ, ചിത്രകാരൻ, സർക്കാർ ഉദ്യോഗസ്ഥൻ) 

ഹംസേ സുവർണ്ണ സുഷമേ ....

ഡോക്ടർ ഏവൂർ മോഹൻദാസ്.

ഡോ. മോഹൻദാസ് സാറിൻറെ "ഹംസേ സുവർണ്ണ സുഷമേ ..." പ്രകാശിതമായത് ഇക്കഴിഞ്ഞ നാലാം തീയതി ഏവൂരിൽ ഗുരുപ്രസാദം ചടങ്ങിൽ വെച്ചാണ്. തദവസരത്തിൽ ഞാനും അവിടെയുണ്ടായിരുന്നു. പുസ്തകം അന്നു തന്നെ കൈപ്പറ്റുകയും ചെയ്തു. എങ്കിലും പലവിധ തിരക്കുകളിൽ പെട്ട് കഴിഞ്ഞ ദിവസം മാത്രമേ വായന പൂർത്തിയാക്കാൻ സാധിച്ചുള്ളൂ ...

ആദ്യമേ തന്നെ പറയട്ടെ .. ഇത്തരമൊരു നളചരിത പഠനം തയ്യാറാക്കാൻ സർ എടുത്ത എഫർട്ട് തികച്ചും അഭിനന്ദനാർഹമാണ്.

നാല് ദിവസങ്ങളിലായി അരങ്ങിലെത്തുന്ന പ്രധാനപ്പെട്ട എല്ലാ നളചരിത കഥാപാത്രങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു ഇതിൽ. നളചരിതം ആട്ടക്കഥയോടൊപ്പം മഹാഭാരതത്തിലെ മൂലകഥയും വിവിധ നളചരിത പഠനങ്ങളും ആഴത്തിൽ പഠിച്ചിട്ടുണ്ട് ഗ്രന്ഥകാരൻ. നളൻ/ബാഹുകൻ, ദമയന്തി, നാരദൻ, ഹംസം, ഇന്ദ്രൻ, കലി, പുഷ്ക്കരൻ, കാർക്കോടകൻ, ഋതുപർണ്ണൻ, കേശിനി എന്നീ കഥാപാത്രങ്ങളുടെ പാത്രസ്വഭാവങ്ങൾ ഗംഭീരമായി തന്നെ വിവരിക്കുന്നു. നമുക്ക് യോജിപ്പും വിയോജിപ്പും ഉള്ള മേഖലകൾ ഉണ്ടാകാം...

നളദമയന്തിമാരുടെ പാത്ര സൃഷ്ടിയെക്കുറിച്ചുള്ള വിവരണം... നാലാം ദിവസം ബാഹുകനെക്കാൾ ദമയന്തി യാണ് മുകളിൽ എന്നാണ് എൻറെ അഭിപ്രായം. കലി ബാധിതനായി സ്വബോധം നശിച്ച വ്യക്തിയാണ് നളൻ എങ്കിലും ദമയന്തിയുടെ പാത്രസൃഷ്ടി ഗംഭീരം തന്നെയാണ്.

കാട്ടാളൻ -- നളചരിതത്തിലെ കാട്ടാളൻ സഹതാപാർഹനാണ്... ,'പ്രാണാപായേ ജാതിചോദ്യം വേണ്ടാ തൊടുവാൻ,' .. എന്ന ലോകതത്വം കാട്ടാളനിൽ കൂടി നൂറ്റാണ്ടുകൾക്കു മുൻപേ ചിന്തിച്ച ഉണ്ണായി വാര്യരെക്കുറിച്ച് എടുത്തുപറയുന്നുണ്ട് ഗ്രന്ഥകാരൻ... അതിന് അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്.

കാർക്കോടകൻ - അസാമാന്യ സർപ്പ ശ്രേഷ്ഠനായ കാർക്കോടകൻ നളൻറെ ചുമലിൽ ഏറുമ്പോൾ ദേഹം ചുരുക്കുന്നതായും പിന്നീട് പൂർവ സ്ഥിതി പ്രാപിക്കുന്നതായും ആടുന്നത് നന്നായിരിക്കും എന്ന അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു...

വേളി നാളെയെന്നു ചൊല്ലാം -- എന്ന സുദേവവാക്യത്തിന് ദമയന്തി ഞെട്ടേണ്ടതില്ല എന്ന പ്രസ്താവം. അതേ,  രണ്ടാം വിവാഹം എന്നത് ദമയന്തിയുടെ പദ്ധതി തന്നെയാകുമ്പോൾ അതിൻറെ ആവശ്യമില്ല. (അതോ തൻറെ  തന്നെ പദ്ധതിയാണെങ്കിലും അത്തരമൊരു പ്രസ്താവനയിൽ അപാകതയുണ്ടെന്ന തോന്നൽ ആവുമോ ഈ ഞെട്ടലിനു കാരണം?)

ചൂതുകളിയിൽ ജയിച്ചു കഴിഞ്ഞാൽ പുഷ്കരന് ഗർവ്വം നന്നായി കൂടാം എന്ന തോന്നുന്നു...

എങ്കിലും കലിയെപറ്റിയുള്ള പരാമർശത്തിൽ ഒരു ചെറിയ വിയോജിപ്പ് ... കലി ഇന്ദ്രനോട് വളരെ മോശമായി പെരുമാറുന്നതിൽ ഒരപാകതയുമില്ല എന്നു തോന്നുന്നു. കാരണം കലി മലിനാശയനാണല്ലോ... തൻറെ  ക്രൂരമായ ലക്ഷ്യം നേടാൻ എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാകുന്ന കലി ഇന്ദ്രനോടുള്ള സമീപനത്തിൽ വത്യസ്തനാകാൻ സാധ്യതയില്ലെന്ന് തോന്നുന്നു...

നാരദനും കേശിനിയും ഋതുപർണ്ണനും ഉൾപ്പടെയുള്ള മറ്റു കഥാപാത്രങ്ങളെപറ്റിയുള്ള പഠനവും ഗംഭീരമായിട്ടുണ്ട്.

ഇതുവരെയിറങ്ങിയിട്ടുള്ള കഥകളി പഠന ഗ്രന്ഥങ്ങളിൽ, പ്രത്യേകിച്ച് നളചരിത പഠന ഗ്രന്ഥങ്ങളിൽ, ഈ പുസ്തകം തീർച്ചയായും സവിശേഷ ഇടം പിടിക്കും. കളിയെ മികച്ച രീതിയിൽ ആസ്വദിക്കുവാൻ ഒരു ആസ്വാദകനും പുതിയ ഒരു കാഴ്ചപ്പാടിലൂടെ വീക്ഷിച്ച് കഥാപാത്രങ്ങൾക്ക് പുതിയ മാനങ്ങൾ നല്കാൻ കലാകാരന്മാർക്കും ഇതിൻറെ വായനയിലൂടെ സാധ്യമാകും. അത് എത്രമാത്രം അളവിൽ വേണമെന്നത് കലാകാരൻറെ തീരുമാനമാണെങ്കിലും...

ഈ പുസ്തകം കഥകളിയെ സ്നേഹിക്കുന്ന എല്ലാവരും വായിക്കണം എന്നു തന്നെയാണ് എൻറെ അഭിപ്രായം. മോഹൻദാസ് സാറിന് ഒരിക്കൽ കൂടി ഭാവുകങ്ങൾ.

18 Feb., ശ്രീ. അംബുജാക്ഷൻ നായർ (കഥകളി ആസ്വാദകൻ)

എൻറെ പ്രിയ സുഹൃത്ത് ഡോക്ടർ. ഏവൂർ മോഹൻദാസ് അവർകളുടെ "ഹംസേ സുവർണ്ണ സുഷമേ..." എന്ന നളചരിത പഠന പുസ്തകം ഇന്നാണ് വായിച്ചു തീർത്തത്. പല തിരക്കുകൾ കാരണം ഒന്നോ രണ്ടോ അദ്ധ്യായങ്ങൾ ഓരോ ദിവസങ്ങൾ എന്ന രീതിയിലാണ് വായിച്ചു തീർത്തത്. അങ്ങിനെ ഒരു പുണ്യദിവസമായ ശിവരാത്രിയുടെ പുലർച്ചയിൽ ദക്ഷിണ കേരളത്തിലെ കഥകളി അരങ്ങുകളിൽ നള-ബാഹുക വേഷങ്ങൾ അവതരിപ്പിച്ച, മണ്മറഞ്ഞ പ്രസിദ്ധ കലാകാരൻ ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ മകൻ ശ്രീ. മാങ്കുളം കൃഷ്ണൻ നമ്പൂതിരിയുടെ അവതാരികയ്ക്കു നന്ദി പ്രകടിപ്പിച്ചതും വായിച്ചു തൽക്കാലം പുസ്തകം മടക്കി.

ഡോക്ടർ. മോഹൻദാസും ഒരുമിച്ചു പല വർഷങ്ങളിലായി ധാരാളം അരങ്ങുകളുടെ മുൻപിൽ സ്ഥാനം പിടിച്ചിരുന്നപ്പോൾ ഇങ്ങിനെയൊരു പഠന ഗ്രന്ഥം ഉണ്ടാകുമെന്നു ഞാൻ കരുതിയിരുന്നില്ല.

മൂലകങ്ങൾ ചേർന്നുണ്ടാകുന്ന സംയുക്തങ്ങളിൽ നിന്നും മൂലകഘടകങ്ങളെ വേർതിരിച്ചെടുക്കുന്ന ശാസ്ത്രഗവേഷണ മേഖലയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ശ്രീ. മോഹൻദാസ് അതേ വൈദഗ്ദ്യത്തോടെ സങ്കീർണ്ണാവസ്ഥയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന നളചരിതം കഥയിൽ നിന്നും കഥാപാത്രങ്ങളെയും അവയുടെ പാത്രപ്രകൃതികളെയും വേർതിരിച്ചെടുത്ത് ഈ പഠനത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്.

എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ. ഏതാണ്ട് മുപ്പത്തേഴു വർഷങ്ങളായുള്ള സ്നേഹബന്ധത്തിലൂടെ ചെന്നൈയിലും കേരളത്തിൻറെ  പലഭാഗങ്ങളിലും നടന്നിട്ടുള്ള കഥകളിയരങ്ങുകളുടെ മുൻപിൽ ഒന്നിച്ചെത്തിയിരുന്നതുമൂലം ഗ്രന്ഥത്തിൻറെ ആമുഖത്തിൽ എൻറെ പേരും ഉൾപ്പെട്ടു എന്നതിൽ അതിയായ സന്തോഷമുണ്ട്.

ഡോക്ടർ. മോഹൻദാസ് അവർകളുടെ പിതാവും കഥകളി ആസ്വാദകനുമായിരുന്ന ഏവൂർ എൻ. ശ്രീധരൻ നായരുടെയും കഥകളി അരങ്ങുകളിൽ ഹംസവേഷത്തിന്  ഓയൂർ ആശാന് അടുത്തതായി ജനസമ്മിതി നേടിയ എൻറെ പിതാവ് ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെയും ഓർമ്മക്കായി പ്രസ്തുത ഗ്രന്ഥം സമർപ്പിച്ചിട്ടുള്ളതിൽ അഭിമാനവും ഒപ്പം നന്ദിയും രേഖപ്പെടുത്തുന്നു.

നളചരിതം കഥയിലെ ഓരോ കഥാപാത്രങ്ങളെയും പഠനം നടത്തി കലാകാരന്മാർക്കും ആസ്വാദകർക്കും നളചരിതത്തെ അറിയുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിൽ രചിച്ചിട്ടുള്ള  ഗ്രന്ഥമാണ് "ഹംസേ സുവർണ്ണ സുഷമേ" എന്നാണ് എൻറെ വിലയിരുത്തൽ.

15 Feb., ശ്രീ.എസ്. മധുസൂദനൻ (റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ, കഥകളി ആസ്വാദകൻ)  

നളചരിതത്തേയും കഥകളിയേയും ഗൗരവമായി ചർച്ച ചെയ്യുന്ന ഒരു ഗ്രന്ഥമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ഞാനീ പുസ്തകം വായിച്ചു തുടങ്ങിയത്‌. വായിക്കാൻ തുടങ്ങും മുമ്പ് എൻ്റെ ചിന്തകൾ ഇപ്രകാരമായിരുന്നു: ഇതിൻ്റെ വായന കൊണ്ട് സഹൃദയർക്ക് നളചരിതം കൂടുതലായി ഇഷ്ടപ്പെടുമോ?, സാധാരണക്കാർക്കു് കഥകളി തന്നെ ഇഷ്ടപ്പെടാൻ ഈ ഗ്രന്ഥം കാരണമാകുമോ?, മലയാള സാഹിത്യം ഈടുറ്റതാണെന്ന തോന്നൽ കുട്ടികളുൾപ്പടെ ഏവർക്കും ഉണ്ടാവുമോ?, നമ്മുടെ തനതു കലകളോടുള്ള ആഭിമുഖ്യം വർദ്ധിക്കുവാൻ ഈ ഗ്രന്ഥം കാരണമാകുമോ?, സഹൃദയർക്കൊപ്പം നളചരിതം രംഗത്തവതരിപ്പിക്കുന്നവരും ഇതിലെ പാഠങ്ങളും നിർദ്ദേശങ്ങളും ഗൗരവത്തിലെടുത്ത് അരങ്ങിനെ കൂടുതൽ സമ്പന്നമാക്കുമോ?

സന്തോഷത്തോടെ പറയട്ടെ, ഈ ഗ്രന്ഥത്തിൻ്റെ പാരായണം എൻ്റെ എല്ലാ ചിന്തകൾക്കും അതേ എന്നുത്തരം നല്കുന്നു. "നളചരിതത്തിൻ്റെ രംഗപാരമ്പര്യം" എന്ന ഒന്നാം അദ്ധ്യായത്തിൽ തെക്കൻ ജില്ലകളിലൂടെ നളചരിതത്തിനുണ്ടായ ക്രമാനുഗതമായ വളർച്ചയും ഇന്ന് കേരളത്തിലാകെ നളചരിതം എങ്ങനെ പ്രിയങ്കരമായിത്തീർന്നുവെന്നും യുക്തിയുക്തം ഔചിത്യത്തോടെ സംശയാതീതമായി സമർത്ഥിക്കുന്നു. ഗംഭീരമായ ഒരു നളചരിത ചരിത്രമാണ് ഈ അദ്ധ്യായമെന്ന് പറഞ്ഞു കൊള്ളട്ടെ.

കഥാപാത്ര പഠനങ്ങളിൽ ഓരോന്നിനെക്കുറിച്ചും എടുത്തു പറയുന്നില്ല. ഓരോന്നും ഒന്നിനൊന്നു സമഗ്രം. എന്നാൽ തൻ്റെ പൂർവ്വസൂരികളായ മഹാപണ്ഡിതന്മാർക്കുണ്ടായ ജാഡ്യങ്ങൾ എടുത്തുകാണിക്കാൻ ഒരു മടിയും ഗ്രന്ഥകാരൻ കാണിച്ചിട്ടുമില്ല. നല്ല വായനാ ക്ഷമത (Readability) ഉള്ളതാണ് ഡോക്ടറുടെ ശൈലി.

നളചരിതം ഹൃദയത്തോട് ചേർത്തു നിറുത്തേണ്ട ആട്ടക്കഥയാണ്. ചിട്ട പ്രധാനമായ മറ്റു കളികളിൽ നിന്നുള്ള ഈ പ്രാഥമിക വ്യത്യാസം ഉൾക്കൊണ്ടു തന്നെയാണ് നളനുണ്ണിയും ഗുരു കുഞ്ചുക്കുറുപ്പും കലാ: കൃഷ്ണൻ നായരും മാങ്കുളവും കുടമാളൂരും കലാ: ഗോപിയും കോട്ടക്കൽ ശിവരാമനും മാർഗ്ഗി വിജയകുമാറുമൊക്കെ സഹൃദയരുടെ ഹൃദയം കവർന്നത്. ഈ ഹൃദയംഗമത്വത്തെ ഈ കൃതി ഏറെ വാഴ്ത്തുന്നു.

മലയാളിക്ക് എന്നും അഭിമാനമായ കഥകളിയേയും നളചരിതത്തേയും സ്നേഹിക്കുന്ന ഏവർക്കും ഈ സമഗ്ര പഠനം ഒരനുഗ്രഹമായിരിക്കും എന്ന് സംശയം കൂടാതെ പറയാം.

18 March , ശ്രീ. സദനം ഹരികുമാർ (കഥകളി നടൻ, സംഗീതജ്ഞൻ, ചിത്രകാരൻ, ശിൽപ്പി)

ഡോ ഏവൂർ മോഹൻദാസ് അവർകളുടെ 'ഹംസേ സുവർണ്ണ സുഷമേ...' എന്ന പുസ്തകം വായിച്ചു (സൂക്ഷ്മമായി ഇനിയും വായിക്കേണ്ടത്തുണ്ട്).

കഥകളി കലാകാരന്മാർക്കും കഥകളി ആസ്വാദകർക്കും വളരെ ഉപകാരപ്രദമായ നിരീക്ഷണങ്ങൾ ഇതിൽ നിന്നും  വായിച്ചെടുക്കാം..കഥാപാത്ര സ്വത്വത്തെ മനസ്സിലാക്കുവാനും മനസ്സിലാക്കിക്കുവാനും ഏവൂരിന് ഇതിൽ സാധിച്ചിട്ടുണ്ട്. നല്ല ഭാഷ...എന്നാൽ പ്രതിച്ഛായ എന്ന പദത്തിന് പകരം ഇമേജ് എന്ന ഇംഗ്ലീഷ് പദം ഉപയോഗിച്ചു കണ്ടു (വേഗവായനക്ക് പ്രസ്തുത ഇംഗ്ലീഷ് പ്രയോഗം സഹായിക്കും). ഇത്തരം നിരൂപണങ്ങളിൽ കൂടി നളചരിതം പുനർവായിക്കപ്പെടുകയും പുനർ നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നത് നളചരിതത്തിൻ്റെ ജൈവികതയ്ക്കുള്ള തെളിവാണ്.

ഡോ. മോഹൻദാസിന് അഭിനന്ദനങ്ങൾ. അഭിനേതാക്കളും ആസ്വാദകരും ഈ പുസ്തകം വായിക്കുന്നത് ഗുണം ചെയ്യും. ചിത്രങ്ങളും അതിമനോഹരം ആയിരുന്നു. ചിത്രകാരി ദേവിക്ക് അഭിനന്ദനങ്ങൾ.

20 March, ശ്രീ. ത്രിവിക്രമൻ കർത്താ (കഥകളി ആസ്വാദകൻ, റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ)

നമസ്കാരം മോഹൻദാസ് സർ.

സാറിൻറെ 'ഹംസേ സുവർണ്ണ സുഷമേ...' ഇന്നാണ് വായിച്ചു തീർന്നത്. വളരെ ശ്രദ്ധാപൂർവ്വം വായിക്കേണ്ടതു കൊണ്ടും മറ്റു തിരക്കുകൾ കൊണ്ടുമാണ് താമസിച്ചത്. ക്ഷമിക്കുമല്ലോ?

ആദ്യമേ തന്നെ പറയട്ടെ, വളരെ അഭിനന്ദനാർഹമായ ഒരു കാര്യമാണ് സാർ ചെയ്തത്. നളചരിതം പോലെ സങ്കീർണ്ണമായ ഒരു ആട്ടക്കഥയിലെ ഓരോ കഥാപാത്രത്തിൻ്റെയും പാത്രസ്വഭാവം സൂക്ഷ്മമായി പഠിച്ച് അത് മഹാഭാരതവുമായി താരതമ്യം ചെയ്ത് യുക്തിയും ബുദ്ധിയും ഉപയോഗിച്ച് അതിനെ വിശകലനം ചെയ്ത് ആസ്വാദകർക്കായി സമർപ്പിച്ച ഈ പുസ്തകം നളചരിത പഠിതാക്കൾക്ക് ഒരു മാർഗ്ഗദർശി ആണെന്ന കാര്യത്തിൽ സംശയമില്ല. ഇതിലെ ഓരോ ലേഖനങ്ങളും ഓരോ കഥാപാത്രങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകൾ നൽകുന്നവയാണ്. ഇതിൻറെ പുറകിലുള്ള സാറിൻറെ ഭഗീരഥപ്രയത്നത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവുകയില്ല.

ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള സാറിൻറെ ബഹുഭൂരിപക്ഷം വീക്ഷണങ്ങളും എനിക്ക് യുക്തിഭദ്രമായിട്ടാണ് തോന്നിയത്. ഒന്നു രണ്ടു കാര്യങ്ങളിൽ എനിക്ക് തോന്നിയ വ്യത്യസ്ത അഭിപ്രായങ്ങൾ മാത്രം ഇവിടെ ചേർക്കുന്നു.

1. അദ്ധ്യായം 2 - 'ഹേമാമോദസമാ'

ദമയന്തിയുടെ സ്വഭാവവൈശിഷ്ട്യങ്ങൾ ലേഖനത്തിൽ പറയുന്നതിനോടെല്ലാം പൂർണ്ണ യോജിപ്പാണ്. സകല സൗശീല്യങ്ങളും ഒത്തു ചേർന്ന ഉത്തമ രാജഭാര്യ. ഒരു സന്ദർഭത്തിൽ പോലും ദമയന്തി നളനെ കുറ്റപ്പെടുത്തുന്നില്ല എന്ന സാറിൻറെ പ്രസ്താവത്തിന് അപവാദമായി എനിക്ക് തോന്നിയ ഒരു സന്ദർഭം.

മൂന്നാം ദിവസം പർണ്ണാദനോടുള്ള ദമയന്തിയുടെ പദം

'പടമറുത്ത പടുവിടനെ.....

ഈ പദത്തിൽ ദമയന്തി നളനെ നിശിതമായി കുറ്റപ്പെടുത്തുന്നുണ്ട്. അതിനു മുമ്പുള്ള

'തുകിൽ മുറിച്ചൊളിച്ചു......

എന്ന ദമയന്തീപദത്തിലും നളനെ ധൂർത്തൻ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മറ്റൊരിടത്തും നളനെ ഇങ്ങനെ വിമർശിക്കുന്നുണ്ട് എന്നു തോന്നുന്നില്ല. ഇത് നളനോട് നേരിട്ടല്ലെങ്കിലും ദമയന്തിയുടെ സന്ദേശവാഹകൻ ആയ ഒരു ബ്രാഹ്മണനോട് ആയത് അനൗചിത്യമായില്ലേ എന്നാണെൻറെ സംശയം.

2. അദ്ധ്യായം 11 - 'സർപ്പരാജനായ കാർക്കോടകൻ'

'ദശപദശ്രവണേ കൃതദംശന:'

നളൻ 'ദശ' എന്ന് പറയുമ്പോൾ കാർക്കോടകൻ നളനെ ദംശിക്കുന്നു. ആട്ടക്കഥയിൽ ഒന്നു മുതൽ പത്തു വരെ എണ്ണാൻ കാർക്കോടകൻ ആവശ്യപ്പെടുന്നില്ല. എങ്കിലും നടന്മാർ അത് തുടരുന്നു. അതിൻറെ അർത്ഥമോ സാംഗത്യമോ ആർക്കും അറിയില്ല. അപ്പോൾ ഈ എണ്ണലിൻ്റെ ആവശ്യമുണ്ടോ എന്നാണ് സാറിൻറെ ചോദ്യം.

പക്ഷേ ഈ എണ്ണൽ ഒഴിവാക്കിയാൽ നളൻ 'ദശ' എന്ന് പറയുമ്പോൾ കാർക്കോടകൻ ദംശിക്കുന്നു. ദശ എന്നതിന് പത്ത് എന്നും ദംശിക്കുക എന്നും രണ്ട് അർത്ഥം ഉണ്ടല്ലോ? ഏതർത്ഥത്തിലായാലും നളൻ വെറുതെയങ്ങു 'ദശ' എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ? ഏതായാലും കടിക്കുക എന്ന അർത്ഥത്തിൽ നളൻ പറയുകയില്ല. പിന്നെ പത്ത് എന്ന അർത്ഥം ആയിരിക്കും ഉദ്ദേശിച്ചിരിക്കുക. അപ്പോൾ അതിനൊരു പൂർണ്ണത വരണമെങ്കിൽ ഈ എണ്ണൽ ഉള്ളതല്ലേ നല്ലത്? അതും മൂലകഥയിൽ പറയുന്നതു പോലെ കാർക്കോടകൻ ആവശ്യപ്പെട്ടിട്ട്.

3. അദ്ധ്യായം 17- 'നളദമയന്തീ പുനസ്സമാഗമം'

ഇതിൽ ഒരു ചെറിയ തിരുത്ത്. ആട്ടക്കഥാപ്രകാരവും മൂലകഥാപ്രകാരവും ദമയന്തി നളനെ ചെന്നു കാണുകയല്ല. ബാഹുകനെ ആളയച്ച് ദമയന്തിയുടെ കൊട്ടാരത്തിൽ വരുത്തുകയാണ്.

'കേശിനീമൊഴികൾ കേട്ടഭ്യാഗതം ബാഹുകം' (കേശിനി പറഞ്ഞ് വരുത്തപ്പെട്ട ബാഹുകൻ).

അരങ്ങിൽ പക്ഷേ ദമയന്തി ബാഹുകസവിധത്തിലേക്കാണല്ലോ പോകുന്നത്? ഈ വൈരുദ്ധ്യവും സാറിൻറെ  ലേഖനത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ഇങ്ങനെ രണ്ടു മൂന്നു കാര്യങ്ങളേ എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളൂ. മൊത്തത്തിൽ

സാറിൻറെ നിരീക്ഷണങ്ങൾ എല്ലാം അതിസൂക്ഷ്മമായ പഠനഗവേഷണങ്ങൾ നടത്തി ഉരുത്തിരിഞ്ഞു വന്നതാണെന്ന് ഈ ഗ്രന്ഥം വായിക്കുന്ന ആർക്കും മനസ്സിലാകും. പ്രത്യേകിച്ച് നാരദൻ, ഹംസം, ഇന്ദ്രാദികൾ, കാട്ടാളൻ, ഋതുപർണ്ണൻ, കേശിനി തുടങ്ങിയ കഥാപാത്രങ്ങളുടെ സൂക്ഷ്മപ്രകൃതി അറിഞ്ഞുള്ള സാറിൻറെ  നിഗമനങ്ങൾ എല്ലാം അതിഗംഭീരം. അതുപോലെ 'വൃഥാ ഞെട്ടും ദമയന്തി', 'മാരണം' തുടങ്ങിയ ലേഖനങ്ങൾ പുതിയ അറിവുകളും ചിന്തകളും പ്രദാനം ചെയ്യുന്നു.

വളരെയധികം ത്യാഗങ്ങളും ക്ലേശങ്ങളും സഹിച്ച് സാർ പ്രകാശനം ചെയ്ത മഹത്തായ ഈ നളചരിത പഠനഗ്രന്ഥം ആസ്വാദകർക്കും കലാകാരന്മാർക്കും ഒരുപോലെ പ്രയോജനപ്പെടട്ടെ എന്ന് ആശംസിച്ചു കൊണ്ട്

സാറിന് ഒരിക്കൽക്കൂടി അകൈതവമായ നന്ദിയും അഭിനന്ദനങ്ങളും അർപ്പിക്കുന്നു.    

***                ***              ***              ***               ***                ***                ***                                 

കുറിപ്പിൽ പരാമർശിക്കപ്പെട്ട വിഷയങ്ങളോടുള്ള എൻറെ പ്രതികരണങ്ങൾ:

വ്യത്യസ്തത തോന്നിയ അഭിപ്രായങ്ങൾ കണ്ടതിൽ നിന്നും വളരെ ശ്രദ്ധാപൂർവ്വമായ വായന നടന്നിട്ടുണ്ടെന്നു മനസ്സിലായി. ഇങ്ങനെയുള്ള വായനയും അഭിപ്രായങ്ങളുമാണ് വേണ്ടത്; പക്ഷേ അതുണ്ടാകാറില്ല എന്നതാണ് സത്യം. വളരെ വളരെ സന്തോഷം. എല്ലാ നല്ല വാക്കുകൾക്കും നന്ദി.

1. നളൻ ദമയന്തിയെ കുറ്റപ്പെടുത്തിയതുപോലെ ദമയന്തി നളനെ ഒരു വാക്കുകൊണ്ടുപോലും നേരിട്ട് കുറ്റപ്പെടുത്തിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ഉണ്ടായിട്ടുമില്ല. പക്ഷേ പർണ്ണാദനോട് 'പടുവിടൻ', 'നീചൻ' എന്നീ വാക്കുകൾ ദമയന്തി പ്രയോഗിച്ചിട്ടുള്ളതിൽ അനൗചിത്യമുണ്ടെന്ന അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ആട്ടക്കഥ വായിച്ചപ്പോൾ എനിക്കും ഈ തോന്നലുണ്ടായി; ഇതെഴുതണം എന്ന് ചിന്തിച്ചിരുന്നതുമാണ്, പക്ഷേ എങ്ങനെയോ വിട്ടുപോയി.

2. അർത്ഥം അറിയാത്ത പ്രയോഗം (പത്തുവരെയുള്ള എണ്ണൽ) ഉപയോഗിക്കുന്നതെന്തിനാണ് എന്നാണ് ഞാൻ ചിന്തിച്ചത്. പക്ഷെ താങ്കൾ പറഞ്ഞതുപോലെ വെറുതെ 'കടിച്ചാലും' എന്ന് പറയുന്നതിനേക്കാൾ നല്ലത് മൂലകഥയിലെപ്പോലെ പത്തുവരെ എണ്ണിയിട്ട് കടിച്ചാലും എന്നു പറയുന്നതാണ്‌. പത്തുവരെ എണ്ണുന്നതിൻറെ അർത്ഥമെന്താണെന്നറിയാതെ നടത്തുന്ന ഈ കർമ്മം പക്ഷേ യുക്തിരഹിതമാണ്താനും. നളചരിതത്തെ സാദ്ധ്യമാകുന്നിടത്തോളം യുക്തിഭദ്രമായി വ്യാഖ്യാനിക്കുക എന്നതാണ്‌ ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്.

3. മൂലകഥയിൽ 'ദമയന്തി നേരിട്ട് നളനെ ചെന്നു കാണുന്നു' എന്നാണ് എഴുതിയിട്ടുള്ളത്. 'മാതാപിതാക്കന്മാർക്കുള്ള....' എന്നു തുടങ്ങുന്ന വരികളിൽ നിന്നും ഇത് കൃത്യമായി വായിച്ചെടുക്കാൻ കഴിയില്ലെങ്കിലും നളദമയന്തീ സമാഗമം എന്ന അദ്ധ്യായം 76 ൻറെ തുടക്കത്തിൽ 'ദമയന്തി നേരിട്ട് നളനെ ചെന്നു കാണുന്നു' എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 'ഉടൻ സന്തോഷത്തോടെ അയക്കപ്പെട്ട കേശിനിയുടെ വാക്കുകൾ കേട്ടു നേരിട്ട് വന്ന ബാഹുകനോട്' എന്നാണ് ആട്ടക്കഥയിൽ. ഒരു അന്യപുരുഷന്റടുത്തേക്ക് ദമയന്തി പോകുന്നത് ഔചിത്യപരമല്ലെന്നു കണ്ട് ഉണ്ണായി വാരിയർ വരുത്തിയിട്ടുള്ള മാറ്റമാകണം ഇത്.

അടുത്ത പതിപ്പിൽ ഈ ആശയങ്ങളെല്ലാം ഉൾക്കൊള്ളിക്കാം. ശ്രദ്ധാപൂർവ്വമായ വായനക്കും അഭിപ്രായങ്ങൾക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.

March 22, ശ്രീ. നാരായണൻ നമ്പൂതിരി (കഥകളി ആസ്വാദകൻ):

ഡോ: ഏവൂരിൻറെ നളചരിത പഠനത്തിൽ 'നളചരിതത്തിൻറെ സാമൂഹ്യ പാഠം' എന്ന അദ്ധ്യായം വായിച്ചപ്പോൾ തോന്നിയ ഒരു കാര്യം പ്രത്യേകം പരിഗണിക്കണം. ചിട്ടപ്രധാനമായ കോട്ടയം കഥകൾക്കും നളചരിതത്തിനും തമ്മിലുള്ള അന്തരം ചർച്ച ചെയ്യുമ്പോൾ കോട്ടയം കഥകളെ പുകഴ്ത്തിയും നളചരിതത്തെ ഇകഴ്ത്തിയും പറയുന്ന രീതി അപൂർവ്വമായി ഇക്കാലത്തും കലാകാരന്മാരുടെ ഇടയിലും ആസ്വാദകരുടെയിടയിലും കണ്ടുവരാറുണ്ട്. അങ്ങിനെ ചെയ്താൽ തൻറെ കഥകളിയിലുള്ള അവഗാഹം വെളിപ്പെടും എന്ന് കരുതുന്നവരുണ്ട്. ചിട്ടപ്രധാനം എന്നു പറയുമ്പോൾ കല്ലുവഴി, കപ്ളിങ്ങാടൻ എന്നൊക്കെപ്പറഞ്ഞ് തടിതപ്പുകയല്ലാതെ ഇതൊന്നും വിശദീകരിക്കാൻ ഇത്തരക്കാർ ആളല്ല. അതിനിടയിൽ പഞ്ചസാരയുടെ കൈപ്പ് എനിക്കേറെയിഷ്ടം എന്നതു പോലെ കഥകളി രംഗത്ത് കോട്ടയം കഥകളുടെ അതേ പ്രാധാന്യം നളചരിതത്തിനുമുണ്ടെന്നും കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങൾ ഇക്കാര്യം പരിഗണിക്കണമെന്നുമാണ് ഡോ: ഏവൂർ ആവശ്യപ്പെടുന്നത്. അദ്ദേഹം പറയുന്നതു പോലെ കോട്ടയം കഥകളും നളചരിതവും തുല്യ പ്രാധാന്യത്തോടെ നിലനിൽക്കട്ടെ. ഊണിനും ഉറക്കത്തിനുമിടയിൽ 'നാരീസ്തനഭരനാഭീ' ദേശങ്ങളുടെ ചിന്തയ്ക്കു പ്രാമുഖ്യമുണ്ടായിരുന്ന ഒരു കാലത്തായിരുന്നു കോട്ടയം കഥകളുടെ ആവിർഭാവം. അതിനാലാകാം അവ സംഭോഗശൃംഗാര പ്രധാനങ്ങളായതും. സാഹിത്യവും സംഗീതവും അഭിനയ മികവും ഒത്തുചേർന്ന നളചരിതമില്ലാത്ത ഒരു കഥകളിക്കാലം ഒരിക്കലും ഉണ്ടാവില്ല. എല്ലാം മാറ്റത്തിന് വിധേയമല്ലേ? കർണ്ണശപഥം, അർജുന വിഷാദവൃത്തം, കൃഷ്ണലീല തുടങ്ങിയ കഥകൾക്ക് പ്രചാരവും ആസ്വാദകരും കൂടി വരുന്നത് ചിട്ടപ്രധാനമായതിനാലാണോ?

ഡോ. ഏവൂർ തൻറെ നളചരിതപഠനത്തിന് "ഹംസേ സുവർണ്ണ സുഷമേ" എന്ന പേരു തിരഞ്ഞെടുക്കാനെന്താവാം കാരണം? കുവലയ വിലോചനേ, മിളിതം പദയുഗളേ തുടങ്ങിയ തലക്കെട്ടുകളിൽ ചില ലേഖനങ്ങളും ഗ്രന്ഥങ്ങളുo മുൻപ് കണ്ടിട്ടുണ്ട്. മലയാള സാഹിത്യത്തിലും കളിയരങ്ങുകളിലും ഒരുപോലെ സുവർണ്ണ സുഷമ ചൊരിഞ്ഞ് ദേശകാലങ്ങൾക്കതീതമായി പാറിപ്പറക്കാൻ പോകുന്ന  ഈ അമൂല്യ കാവ്യപഠനത്തിന് ഇതിനേക്കാൾ യോജിച്ച മറ്റൊരു പേരില്ല. പ്രിയങ്കരരും ആദരണീയരുമായ യുവനടന്മാർക്ക് ഇത് വിശിഷ്യാ ഒരു കൈപുസ്തകമായി തീരാൻ ശ്രീ വല്ലഭനോട് പ്രാർത്ഥിക്കുന്നു.

21Feb

നളചരിതം മാത്രമല്ല ഏത് കഥ അവതരിപ്പിക്കുമ്പോഴും കലാകാരന്മാർക്ക്. പ്രത്യേകിച്ചും നടൻ, ആ കഥാപാത്രത്തിൻറെ വികാസപരിണാമങ്ങൾ സൂക്ഷ്മമായി അറിഞ്ഞിരിക്കണം. പുഷ്ക്കരൻ, കലി തുടങ്ങിയ കഥാപാത്രങ്ങളെ ഇന്ന് നാം കാണുന്ന രംഗാവതരണത്തിൻറെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ അതു ശരിയോ? ഇവിടെയാണ് ഡോ: ഏവൂരിൻറെ "ഹംസേ സുവർണ്ണ സുഷമേ" എന്ന നളചരിത പഠനത്തിൻറെ  പ്രസക്തി. വളർന്നു വരുന്ന ഓരോ യുവ കലാകാരനും ഈ ഗ്രന്ഥം സൂക്ഷ്മമായി വായിച്ച് പഠിച്ചാൽ അവർക്കും ആസ്വാദകർക്കും, പ്രത്യേകിച്ച് ഭാവിയിലെ നളചരിതരംഗാവിഷ്ക്കാരത്തിന്, അതു വലിയ മുതൽക്കൂട്ടാകും എന്ന് നിസ്സംശയം പറയാം.

23 March, Dr Evoor Mohandas

ഇന്നലെ രാവിലെ തികച്ചും അപ്രതീക്ഷിതമായി എനിക്കൊരു ഫോൺ വിളി വന്നു. മലയാളം അദ്ധ്യാപകനും ഭാഷാ പണ്ഡിതനും രണ്ടു പ്രാവശ്യം കേരള കലാമണ്ഡലം ചെയർമാനുമായി സ്ഥാനം വഹിച്ചിട്ടുള്ള പണ്ഡിതാഗ്രേസരനായ ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ സാറിന്റേതായിരുന്നു വിളി. എൻറെ നളചരിത പഠന പുസ്തകം പത്തു മിനിട്ടു മുമ്പ് ലഭിച്ചുവെന്നും ഒന്നോടിച്ചു നോക്കിക്കഴിഞ്ഞപ്പോൾ എന്നെ വിളിക്കണമെന്നു തോന്നി വിളിച്ചതാണെന്നും പറഞ്ഞു. വെറുതെ വിളിക്കുക മാത്രമല്ല; ഒരു മണിക്കൂറിലധികം എന്നോടു കഥകളി വിഷയങ്ങൾ സംസാരിക്കാനും അദ്ദേഹം സന്മനസ്സു  കാണിച്ചു. സംഭാഷണത്തിൻറെ അവസാനം പുസ്തകത്തെക്കുറിച്ചുള്ള റിവ്യൂ അദ്ദേഹം എഴുതാം എന്നും പറഞ്ഞ് അതിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും എനിക്കു നൽകി. എൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇതിൽക്കൂടുതലൊന്നും എനിക്കു പ്രതീക്ഷിക്കാനില്ലായിരുന്നു. സാർ, അങ്ങേയ്ക്ക് എൻറെ സാഷ്ടാംഗ പ്രണാമം.

എൻറെ എഴുത്തായിരിക്കണമല്ലോ അപരിചിതനായ എന്നെ ഒരു പരിചിതനെപ്പോലെ കണ്ട് വിളിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്? ഈ പുസ്തകത്തിൻറെ പേരിൽ പല മഹത് വ്യക്തികളെയും എനിക്കു പരിചയപ്പെടാൻ കഴിയുണ്ടെന്നതാണ് സന്തോഷകരമായ കാര്യം. അക്ഷരങ്ങളുടെയും ചിന്തയുടെയും ശക്തി!

27 March, ശ്രീ. കലാമണ്ഡലം രാജശേഖരൻ (മുൻ പ്രിൻസിപ്പാൾ, കേരളം കലാമണ്ഡലം, കഥകളി നടൻ)

മാന്യമിത്രമേ,

"ഹംസേ സുവർണ്ണ സുഷമേ..." എന്ന തലക്കെട്ടിൽ അങ്ങ് രചിച്ച നളചരിത പഠന ഗ്രന്ഥം സശ്രദ്ധം വായിച്ചു. വളരെ മികച്ച നിലവാരം പുലർത്തിയ രചന, എനിക്കിഷ്ടപ്പെട്ടു. നളചരിത പഠനമെന്നതിലുപരിയായി ഈ പുസ്തകം കഥകളിയുടെ ചരിത്ര പശ്ചാത്തലത്തെയും തിരുവിതാംകൂർ മഹാരാജാക്കന്മാർ കഥകളിക്കായി നൽകിയ സംഭാവനകളെപ്പറ്റിയും തെക്കൻ കേരളത്തിൽ മഹാനടന്മാരായിരുന്ന മാത്തൂർ കുഞ്ഞുപിള്ള പണിക്കർ, തോട്ടം ശങ്കരൻ നമ്പൂതിരി, ഗുരു കുഞ്ചുക്കുറുപ്പ്, ഗുരു ചെങ്ങന്നൂർ, അദ്ദേഹത്തിൻറെ ശിഷ്യന്മാർ, മാങ്കുളം, വിശിഷ്യാ കലാമണ്ഡലം കൃഷ്ണൻ നായർ തുടങ്ങിയവർ നളചരിതത്തിനു നൽകിയ സംഭാവനകളെക്കുറിച്ചു വിശദമായി പ്രതിപാദിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്.

നളചരിതം ആട്ടക്കഥയ്ക്കു നിദാനമായ മഹാഭാരതം നളോപാഖ്യാനം, ശ്രീഹർഷൻറെ നൈഷധീയ കാവ്യം, മഹാനായ പ്രൊഫ. എ.ആർ. രാജരാജവർമ്മ തുടങ്ങിയ മലയാള ഭാഷാ പണ്ഡിതന്മാർ നളചരിതത്തിനു രചിച്ച വ്യാഖ്യാനങ്ങൾ തുടങ്ങിയവ തികഞ്ഞ ഗവേഷണ ബുദ്ധിയോടെ പഠനവിധേയമാക്കി കാര്യകാരണസഹിതം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് വളരെ വിലപ്പെട്ടതും ആയതിനാൽത്തന്നെ അഭിനന്ദനീയവുമാണ്.

നളചരിതത്തിലെ പ്രധാനപ്പെട്ട എല്ലാ കഥാപാത്രങ്ങളുടെയും അവതരണരീതികൾ പാത്രപ്രകൃതങ്ങളുടെ സൂക്ഷ്മാവലോകനത്തിലൂടെ യുക്തിഭദ്രമായി ചൂണിക്കാണിക്കുന്നതും അതിൻ പ്രകാരം അരങ്ങവതരണങ്ങളിൽ വരുത്തേണ്ട അവശ്യം ചില മാറ്റങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്, നളചരിതത്തിൻറെ കേന്ദ്രബിന്ദുവായ ദമയന്തി എന്ന ഉത്തമ സ്ത്രീരത്നത്തെക്കുറിച്ചെഴുതിയ അദ്ധ്യായമാണ്.

മഹാഭാരതത്തിൽ നിന്നും വ്യത്യസ്തമായി ആട്ടക്കഥയിൽ വാരിയർ വരുത്തിയിട്ടുള്ള ഔചിത്യപരവും അനൗചിത്യപരവുമായ മാറ്റങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ നന്നായിട്ടുണ്ട്. ഇതിലേക്കായി വളരെ ആഴത്തിലുള്ള ഒരു പഠനം തന്നെ അങ്ങ് നടത്തിയിട്ടുള്ളതായി ഞാൻ മനസ്സിലാക്കുന്നു. അതു പൂർണ്ണമായും വിജയം കണ്ടിട്ടുണ്ട്.

ആട്ടക്കഥകളെ ചിട്ടപ്രധാനവും ജനപ്രിയവുമെന്നു രണ്ടായി തരംതിരിക്കാമെന്നു പറയാം. ജനപ്രിയ കഥയാണ് നളചരിതം. സാധാരണ പ്രേക്ഷകർക്കു കൂടി ആസ്വദിക്കാൻ കഴിയുന്ന ജീവിതഗന്ധിയായ പ്രമേയമാണ് ഇതിൽ അടങ്ങിയിട്ടുള്ളതെന്നതിൽ സംശയമില്ല. എന്നാൽ കഥകളി എന്ന കലയുടെ സങ്കേതഭദ്രതകൾ കുറവായതിനാൽ 'കഥകളിത്തം കുറവാണ്' എന്നു മുൻപ് പലരും പറഞ്ഞതുപോലെ ഞാനും പറയുന്നു. ഒരു പക്ഷേ അത്തരം ചട്ടക്കൂടുകളിൽ ഒതുങ്ങാത്തതാണ് നളചരിതം എന്നു വേണമെങ്കിൽ പറയാം. നളചരിതം പൂർണ്ണമായും കളരിയിൽ പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപകനെന്ന നിലയിലും അരങ്ങിൽ ഏറെ അവതരിപ്പിച്ചിട്ടുള്ള കലാകാരനെന്ന നിലയിലുമാണ് എൻറെ ഈ അഭിപ്രായം. പക്ഷേ 'മലയാളത്തിൻറെ ശാകുന്തളം' എന്നുവരെ ഖ്യാതി നേടിയിട്ടുള്ള നളചരിതത്തിൻറെ മേന്മകളെ കുറച്ചു കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഏതൊരു ദൃശ്യകലയും സാഹിത്യം നന്നായതുകൊണ്ടു മാത്രം അരങ്ങിൽ ശോഭിക്കില്ല; അത് കൈകാര്യം ചെയ്യുന്ന കലാകാരന്മാരുടെ കഴിവിലൂടെയാണ് അതിൻറെ മഹത്വം വെളിവാകുന്നത്. എല്ലാ കഥകളുടെയും കാര്യത്തിൽ ഇപ്പറഞ്ഞത് പ്രസക്തമാണ്; നളചരിതത്തിൻറെ കാര്യത്തിൽ വിശേഷിച്ചും.

അങ്ങയുടെ ഈ ഗ്രന്ഥം കലാകാരന്മാർക്കും പഠിതാക്കൾക്കും ഗവേഷകർക്കും ആസ്വാദകർക്കും ഒരുപോലെ പ്രായോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തരം രചനകൾ വരുംകാലങ്ങളിലും നടത്താൻ അങ്ങേയ്ക്കു കഴിയട്ടേ എന്ന് ആശംസിക്കുന്നു, ക്ഷേമഐശ്യര്യങ്ങൾ നേരുന്നു.

ആദരവോടെ,

കലാമണ്ഡലം രാജശേഖരൻ

Kalamandalam Rama Krishnan Ottapalam: ശിവരാമൻ ആശാന്നു ശേഷം കൂടുതൽ ദമയന്തി കെട്ടിയിട്ടുണ്ടാവുക രാജശേഖര ആശാൻ ആകും എന്നതിൽ സംശയമില്ല. അതിനാൽ ഈ വാക്കുകൾക്കു നല്ലപ്രാധാന്യം ഉണ്ട്.

Madhu Soodanan: അദ്ദേഹം നന്നായി എഴുതി. കാര്യമായി വായിച്ചിട്ടു തന്നെയാണ് എഴുതിയത്. ഇതുപോലുള്ള വലിയ കലാകാരന്മാരെ ഗ്രന്ഥം സ്വാധീനിക്കുമ്പോഴും അതിനനുസൃതമായി ഇത്തരത്തിൽ അവർ രംഗഭാഷ്യത്തിൽ ഉചിതമായ മേന്മകൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോഴുമാണ് താങ്കളുടെ ഗ്രന്ഥരചന സാർത്ഥകമാകുന്നത്.

Tksreekumar: വളരെ ശ്രദ്ധേയമായ കുറിപ്പാണ് ശ്രീ രാജശേഖരനാശാൻറേതെന്ന് പറയാം.

ചിട്ടപ്രധാനവും അങ്ങനെ അല്ലാത്തതുമായ ഇരു വിഭാഗം കഥകളിയെന്ന കലാരൂപത്തിൻറെ ഇരുനയനങ്ങൾ തന്നെ എന്ന് കരുതുന്ന ഒരുവനാണ് ഞാൻ. ഇത് എല്ലാ കലാരൂപങ്ങളിലും ഉണ്ട്. കാലാനുസരണം രുചിഭേദങ്ങൾ ഉണ്ടായേ നിവൃത്തിയുള്ളു. അതുതന്നെയാണ് ആ കലാരൂപത്തിൻറെ വളർച്ചയും ഒപ്പം നിലനിൽപ്പും.

Narayanan Nampoothri: "വിഞ്ജന്മാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ് വരൂ" എന്നാണല്ലോ ചൊല്ല്. രാജശേഖരനാശാനെപ്പോലുള്ള മഹാകലാകാരന്മാരുടെ പ്രശംസ ഡോ. ഏവൂരിൻറെ കഠിനാധ്വാനവും കലയോടും പ്രത്യേകിച്ച് കഥകളിയോടുമുള്ള പ്രതിബദ്ധതയും താല്പര്യവും സാർത്ഥകമാക്കുന്നു.

30 March, ശ്രീ. രാജശേഖർ. പി. വൈക്കം (കഥകളി പണ്ഡിതൻ, 'അർജ്ജുനവിഷാദവൃത്തം' കഥയുടെ രചയിതാവ്) 

ഇന്നാണ് "ഹംസേ സുവർണ്ണ സുഷമേ..." എന്ന ശീർഷകത്തിൽ Dr ഏവൂർ മോഹൻദാസ് അവർകൾ എഴുതിയ നളചരിത പഠനം വായിച്ചു കഴിഞ്ഞത്. എൻറെ പ്രിയ സുഹൃത്തും സാഹിത്യ വേദാന്താദി വിഷയങ്ങളിൽ പണ്ഡിതനും നല്ല കഥകളി ആസ്വാദകനും മികച്ച വാഗ്മിയുമായ ശ്രീ കുരുമ്പോലിൽ ശ്രീകുമാർ ആണ് ഈ കൃതി എനിക്ക് അയച്ചു തന്നത്. ഗ്രന്ഥകർത്താവിനെ എനിക്ക് നേരിട്ട് പരിചയം ഇല്ല.

ഏ.ആർ. എഴുതിയ "കാന്താരതാരകം" എന്ന നളചരിത വ്യാഖ്യാനത്തോടെയാണല്ലോ, ഈ 'വനഭംഗി'യിൽ, 'സുന്ദരത്തിനുടെ സാദൃശ്യേയം' തേടി നിരവധി സാഹിത്യ കുതുകികൾ ഇറങ്ങി പുറപ്പെട്ടത്. അവരുടെ നിരവധിയായ വീക്ഷണങ്ങളും അതുകൊണ്ടുതന്നെ നമുക്ക് ലഭ്യമായി. എം. എച്ച്. ശാസ്ത്രികൾ, ദേശമംഗത്ത് രാമവാര്യർ, ഇളംകുളം കുഞ്ഞൻ പിള്ള തുടങ്ങി പന്മന രാമചന്ദ്രൻ നായർ വരെ നീളുന്ന ആരാധ്യരായ സാഹിത്യവിചക്ഷണന്മാരുടെ ഒരു നീണ്ട പട്ടിക തന്നെ ഉണ്ട്, ഈ 'കാട്'കാണുവാൻ ഇറങ്ങിയവരിൽ.

നളചരിതം ഒരു സാഹിത്യ കൃതി മാത്രമല്ല; ഇന്നും സജീവമായി നിൽക്കുന്ന മലയാളിയുടെ ഒരു അഭിമാനമായ "നാടകം" കൂടി ആണല്ലോ അത്? അനിതരസാധാരണങ്ങളായ പദ പ്രയോഗങ്ങൾകൊണ്ടും അനന്യസാധ്യമായ പദ ഘടനകൊണ്ടും ('തദ്ഘടനായ പ്രഗത്ഭതമേ' എന്നു കവിയുടെ ഹംസത്തിനു മാത്രമല്ല കവിക്കും പറയാം) നിരങ്കുശമായ ഭാഷാപ്രയോഗചാതുരികൊണ്ടും നാടകീയത മുറ്റി നിൽക്കുന്ന നളചരിതം ഇപ്പോഴും പുനർവായനയ്ക്കും പഠനത്തിനും വിധേയമാകുന്നതിൽ അത്ഭുതമില്ല. അത്തരത്തിൽ നളചരിതം കഥകളി കണ്ട്, അതിലൂടെ നളചരിതത്തിന്റെ സാഹിത്യത്തിലേയ്ക്കും കഥാപാത്രങ്ങളുടെ പാത്രസ്വഭാവത്തിലേക്കും ആ കൃതിയുടെ രചനയുടെയും ആ കൃതിക്ക് കഥകളി രംഗത്തുണ്ടായ സ്വീകാര്യതയുടെ നാൾവഴിയിലേക്കുമെല്ലാമുള്ള ഒരു എത്തിനോട്ടമാണ് Dr മോഹൻദാസിന്റെ ഈ നളചരിത പഠനം.

ഇരുപത്തിയൊന്നദ്ധ്യായങ്ങളായി ഇരുനൂറിൽ പരം താളുകളിലായിട്ടാണ് ഈ കൃതി രചിച്ചിട്ടുള്ളത്. ഇതിൽ ചിലതിന്റെയെങ്കിലും പ്രാഗ് രൂപം ഞാൻ നവമാധ്യമങ്ങളിലൂടെ വായിച്ചതായി ഓർക്കുന്നുണ്ട്. ഉണ്ണായിവാര്യർ സംഗമഗ്രാമജനാണെങ്കിലും അദ്ദേഹത്തിൻറെ കർമ്മകാണ്ഡം അനന്തപുരിയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാവണം തിരുവിതാംകൂറിലെ കഥകളി കമ്പക്കാർ നളചരിതത്തെ പറ്റി ഇന്നും "മമതാഭിമാന"ത്തോടെ സംസാരിക്കുന്നത്. അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ടാവാം. ആ കാരണങ്ങളിൽ ചിലവ ഈ പുസ്തകത്തിൽ പരാമർശവിധേയമാകുന്നുണ്ട്. പക്ഷെ ഇന്ന് കഥകളി ആസ്വാദകർ, തെക്കു വടക്ക് ഭേദം ഇല്ലാതെ ഇഷ്ടപ്പെടുന്ന കഥയാണ് നളചരിതം എന്നതിൽ സംശയമില്ല. യശ:ശ്ശരീരനായ   പദ്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്‌ ശേഷം ആ സ്വീകാര്യത ഊട്ടിയുറപ്പിച്ചത് പദ്മശ്രീ കലാമണ്ഡലം ഗോപിയാശാൻ എന്ന അതുല്യ പ്രതിഭയാണ്. അദ്ദേഹം ഇന്നത്തെ യുവനിര കലാകാരന്മാരെ ഇത് ചൊല്ലിയാടിച്ച്, 'ഒന്നിളക്കി വച്ചുറപ്പിക്കുക' കൂടി ചെയ്തുവെന്നതും ഇവിടെ എടുത്ത് പറയേണ്ട വസ്തുതയാണ് . മുൻകാല ചരിത്രം എന്തായാലും, ഇന്ന് തെക്ക് വടക്ക് ഭേദം ഇല്ലാതെ കഥകളി ആസ്വാദകർ ഏറെ കൊണ്ടാടുന്ന കഥയാണ് നളചരിതം.

ഈ പശ്ചാത്തലത്തിൽ Dr മോഹൻദാസ് അവർകളുടെ പഠനം, കഥകളി പ്രയോക്താക്കളും, കഥകളി പ്രേമികളും, സംഘാടകരും വായിച്ചിരിക്കേണ്ട ഒന്നാണ്.ഇദ്ദേഹത്തിൻറെ നിരീക്ഷണങ്ങളോട്, നിഗമനങ്ങളോട്, ആശയത്തോട്, അഭിപ്രായത്തോട്, എല്ലാം പൂർണ്ണമായി യോജിക്കുന്നവർ ഉണ്ടാകാം, ചിലതിനോട് വിയോജിക്കുന്നവർ ഉണ്ടാവാം, പൂർണമായി വിയോജിക്കുന്നവരും ചിലപ്പോൾ ഉണ്ടായെന്നു വരാം. അതിൽ ഓരോ വായനക്കാരൻറെയും അഭിരുചിയ്ക്കൊത്ത വിധം കൊള്ളേണ്ടത് കൊള്ളാം, തള്ളേണ്ടത് തള്ളാം. അതെന്തായാലും ഈ പഠനത്തിൽ ചിന്തോദ്ദീപകങ്ങളായ നിരവധി ആശയങ്ങൾ പരാമർശവിധേയമായിട്ടുണ്ടെന്നതിൽ തർക്കം ഇല്ല. ഒരു വായനക്കാരനെ സംബന്ധിച്ച് അതാണല്ലോ വേണ്ടത്? ഉദാഹരണമായി

"കാലടികൾ എണ്ണി കൊണ്ടുള്ള നളന്റെ നടപ്പ് കഥകളിയിൽ ആവശ്യം ഉണ്ടോ?" (പേജ് :130) എന്ന് അദ്ദേഹം ചോദിക്കുന്നു. വ്യാസൻ 'നളോപാഖ്യാന'ത്തിൽ ഇതു പറഞ്ഞിട്ടുണ്ടെങ്കിലും ആട്ടക്കഥയിൽ ഇത് ഇല്ലല്ലോ എന്നതാണ് അദ്ദേഹത്തിന്റെ വാദം.

ആട്ടക്കഥയിൽ 'ദശ പദ ശ്രവണേ കൃത ദംശന:' എന്നതിൽ പത്തടി നടന്നു എന്നു കൂടി വ്യാഖ്യാനിക്കാം എന്നാണ് എന്റെ പക്ഷം. കാരണം 'പദ' ശബ്ദത്തിന് കാൽവയ്പ്പ് എന്ന കൂടി അർഥം ഉണ്ടല്ലോ? അങ്ങനെ ഭാരതം മൂലത്തിലുള്ള ആ നടപ്പ് സൂത്രഭാഷയിൽ സമർത്ഥമായി ഉണ്ണായി ഇവിടെ കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞുകൂടേ?(സരസമായി വീക്ഷിച്ചാൽ 'ദശ' എന്ന് പാട്ടുകാരൻ ചൊല്ലുമ്പോൾ, നളൻ പത്തടി നടന്നു കഴിയണം, അപ്പോൾ കാർക്കോടകൻ കടിക്കണം എന്ന രംഗ സൂചന കൂടി കാണാം).

ഇങ്ങനെ യോജിപ്പുകളും വിയോജിപ്പുകളും ചിലതു കൂടി ഈ പുസ്തകം വച്ചുകൊണ്ട് ചർച്ച ചെയ്യുവാനുണ്ട്. അത് പിന്നീട് ആവാം.

പുസ്തകത്തിന്റെ കെട്ടും മട്ടും അച്ചടിയുമെല്ലാം നന്നായിട്ടുണ്ട്. ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞ എന്നെപ്പോലുള്ളവർക്ക് അനായസ വായനയ്ക്കുതകുന്ന പാകത്തിലുള്ള അക്ഷരവലിപ്പം (font size) ഉചിതമായി. ഇതു പറയുവാൻ കാരണമുണ്ട്; ഈ പഠനത്തിൽ തന്നെ പരാമർശിച്ചിട്ടുള്ള കഥകളി സംബന്ധിയായ, ഗഹനമായ ഒരു ഗ്രന്ഥം വായനക്കാരിൽ വേണ്ടപോലെ എത്താതെ പോയത് മുഖ്യമായും ഈ അക്ഷരവലിപ്പം കുറഞ്ഞു പോയി എന്ന കാരണത്താലാണ്. അതുപോലെ വേണ്ടത്ര പ്രൂഫ് നോക്കാത്തതുകൊണ്ട് ഇക്കാലത്ത് പുസ്തകങ്ങളിലെല്ലാം അച്ചടിപ്പിശകുകൾ ധാരാളം കടന്നു കൂടാറുണ്ട്.

ഈ പുസ്തകത്തിൽ അത്‌ വിരളം എന്നു തന്നെ പറയണം. (ഞാൻ വായിച്ചു പോയപ്പോൾ ശ്രദ്ധയിൽപ്പെട്ടത് പേജ് 85,95,138ൽ മാത്രം).

ഈ സന്ദർഭത്തിൽ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. നൂറ്റിപ്പതിനാലാം പേജിൽ കാട്ടാളൻറെ  പദത്തിൽ "വാതിച്ചോർക്കും " എന്ന പാഠം ആണ് സ്വീകരിച്ചിരിക്കുന്നതായി കാണുന്നത്, ഇവിടെ "പാതിച്ചോർക്കും" എന്നതല്ലേ കൂടുതൽ യുക്തമായ പാഠം? 'പാതിച്ചോർ' എന്നാൽ സ്മാർത്തവിചാരത്തിനു പോലും അധികാരമുള്ള 'പട്ടച്ചോമാതിരി' എന്ന് അർഥം വരും (ഇവിടെ ഭ്രഷ്ട് കൽപ്പിക്കുവാൻ അധികാരമുള്ള ബ്രഹ്മണനെപ്പോലും 'പ്രാണാപായേ' തൊടുന്നതിൽ വിരോധമില്ല എന്ന് പറയുമ്പോൾ ആ പ്രയോഗത്തിന് മാറ്റ് കൂടില്ലേ?).

ഈ പുതിയ നളചരിത പഠനത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം ഇതിൻറെ രചയിതാവ് Dr ഏവൂർ മോഹൻദാസ് അവർകൾക്ക് എൻറെ അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു.

സസ്നേഹം

രാജശേഖർ പി വൈക്കം

Krk Pillai: കഥകളി പണ്ഡിതനും രചയിതാവും പ്രിയ സുഹൃത്തുമായ ശ്രീ: വൈക്കം രാജശേഖരൻ സാറിൻ്റെ വിലയിരുത്തൽ തന്നെ ഈ കൃതിയ്ക്കു ചാർത്തുന്ന പൊൻ തൂവലാണ്...

ഗ്രന്ഥവായന പൂർത്തിയാക്കിയെങ്കിലും പണ്ഡിതശ്രേണിയിലുള്ളവരുടെ നിരീക്ഷണങ്ങൾക്കുകൂടി കാതോർക്കുന്നവർക്കു് ഇതുപോലെയുള്ള അവലോകനങ്ങൾ പഠനത്തിന് ഏറെ ഗുണകരമാകും.

രണ്ടു പേർക്കും ആശംസകൾ!

Madhu Soodanan: "ഹംസേ സുവർണ സുഷമേ " യെപ്പറ്റി അദ്ദേഹം പറഞ്ഞ ഓരോ വാക്കും വിലപ്പെട്ടതാണ്. പ്രൗഢമായ ആസ്വാദനമെന്നോ നിരൂപണമെന്നോ വിളിക്കാം. അത് വായിക്കാർ സാധിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു.

Balarama Varma: വളരെ പഠിച്ച് എഴുതിയ അഭിപ്രായം.

DrEvoor Mohandas: Rajasekhar Vaikom: നളചരിതം ആട്ടക്കഥയെ സാദ്ധ്യമാകുന്നിടത്തോളം യുക്തിഭദ്രമായി വ്യാഖ്യാനിക്കുക എന്നതായിരുന്നു എൻറെ ലക്ഷ്യം. മുൻവ്യാഖ്യാനങ്ങളിൽ ഈ ഒരു കുറവാണ് ഞാൻ പ്രധാനമായും ശ്രദ്ധിച്ചിരുന്നതും ആയതിനാൽ തിരുത്താൻ ശ്രമിച്ചിട്ടുള്ളതും.

ഈ പശ്ചാത്തലത്തിൽ കാരണം പറയാൻ കഴിയാത്ത വ്യാസൻറെ 'പത്തു വരെയുള്ള എണ്ണൽ' പ്രശ്നമായി വരുന്നു. അതുകൊണ്ട് ഉണ്ണായി വാരിയർ ആട്ടക്കഥയിൽ അത് ഒഴിവാക്കിയതായിരിക്കുമോ എന്നാണ് ഞാൻ ചിന്തിച്ചത്. 'ദശപദ ശ്രവണേ' എന്നതിന് 'ദശ എന്ന വാക്കു കേട്ടപ്പോൾ' എന്നേ അർത്ഥം പറയാൻ കഴിയൂ എങ്കിലും മൂലകഥയിലെ പത്തു വരെ എണ്ണലിനെ അതുമായി ബന്ധിപ്പിച്ചു പറയുന്നതിൽ അനൗചിത്യമില്ല. മുൻപ് മറ്റൊരാസ്വാദകൻ ചൂണ്ടിക്കാട്ടിയതു പോലെ നളൻ വെറുതെ "കടിച്ചാലും" എന്നു പറയുന്നതിനേക്കാൾ നല്ലത് മൂലകഥയിലെപ്പോലെ പത്തു വരെ എണ്ണിയിട്ട് കടിക്കുന്നതു തന്നെയാകാം. പക്ഷേ കാരണം പറയാൻ കഴിയാത്ത എണ്ണലിന് യുക്തിഭദ്രതയുടേതായ ആധികാരികത ഉണ്ടാകില്ല എന്നതാണ് പ്രശ്നം.

പന്മന സാറിന്റെ പുസ്തകമാണ് പദങ്ങൾക്കും അവയുടെ അർത്ഥങ്ങൾക്കും ആശ്രയിച്ചിട്ടുള്ളതെന്ന് ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ? ഇവിടെ വാതിച്ചോർക്ക് എന്നതിന് ഓതിക്കോന്മാർ, ആഢ്യബ്രാഹ്മണർ എന്ന അർത്ഥം നൽകിയിട്ടുള്ളത് വ്യാഖ്യാനവുമായി ഒത്തുചേർന്നു പോകുന്നതിനാൽ ആ പാഠം സ്വീകരിച്ചെന്നേയുള്ളൂ. പാതിച്ചോർക്കും ചേർച്ചയുള്ളതു തന്നെ. ഈ രണ്ടു പ്രയോഗങ്ങളും പുസ്തകങ്ങളിൽ കാണുന്നുണ്ട്. വാതിച്ചോർ എന്ന് വിദ്വാൻ എ.ഡി. ഹരിശർമ്മയും പന്മനയും എഴുതുമ്പോൾ ഇളംകുളം പാതിച്ചോരെന്നാണ് പ്രയോഗിച്ചിരിക്കുന്നത്. പന്മനയാണ് വാതിച്ചോർക്ക് ഓതിക്കോന്മാർ - വേദാദ്ധ്യാപകർ എന്ന് അർത്ഥം പറഞ്ഞിരിക്കുന്നത് (കൈരളീ വ്യാഖ്യാനം p.443). ഹരിശർമ്മ, വലിയ അക്കീത്തിരികൾ എന്നും അർത്ഥം നൽകിയിരിക്കുന്നു. ഭ്രഷ്ട് കല്പിക്കാൻ അധികാരമുള്ള സ്മാർത്തൻ എന്ന അർത്ഥത്തിൽ പാതിച്ചോരാകും സന്ദർഭത്തിൽ കൂടുതൽ ചേരുക എന്ന ആശയത്തോട് യോജിക്കുന്നു. വാക്കുകളുടെ അർത്ഥത്തിലേക്കായി ഭാഷാ പണ്ഡിതർ പറഞ്ഞു വച്ചിട്ടുള്ളതിനെ പിൻതുടർന്നു എന്നല്ലാതെ ഈ വിഷയത്തിൽ ഒരു പഠനത്തിനു ഞാൻ ശ്രമിച്ചിട്ടില്ല.

2 April, എസ്. നാരായണൻ നമ്പൂതിരി (റിട്ട. അസി.ഡയറക്ടർ, ആകാശവാണി) 

I

ഗ്രന്ഥകർത്താവിൻ്റെ പേര് മാത്രം നോക്കി "ഹംസേ സുവർണ്ണ സുഷമേ..." വായിക്കുവാൻ തുടങ്ങുന്നു എന്ന് കരുതാം..ഡോ. ഏവൂർ മോഹൻദാസ്... കഥകളിയിലും ആട്ടക്കഥാസാഹിത്യത്തിലും തൽപ്പരനായ, അവഗാഹമുള്ള മലയാള അദ്ധ്യാപകൻ എന്നാവും ആരും കരുതുക..ആ നിലയ്ക്ക്, നളകഥയുടെ മികച്ച വ്യാഖ്യാനം എന്ന വിലയിരുത്തലോടെ, വായന പൂർത്തിയാക്കി ഗ്രന്ഥകർത്താവിനെ അഭിനന്ദിക്കാനൊരുങ്ങും.. അപ്പോഴാവും അദ്ദേഹത്തെക്കുറിച്ചുള്ള ലഘുവിവരണം വായിക്കുന്നത്..

അതോടെ അഭിനന്ദനത്തിൽ അത്ഭുതവും ആദരവും ഇടം പിടിക്കും... പഠനവും ഉദ്യോഗവുമായി നാൽപ്പതു വർഷത്തോളം കേരളത്തിനു വെളിയിൽ ജീവിച്ചയാൾ.. ഊർജ്ജതന്ത്രത്തിൽ ഗവേഷണബിരുദവും ആ മേഖലയിൽ സുദീർഘ സേവനവും നടത്തി വിരമിച്ച, കഥകളിയെ ആസ്വാദകനെന്ന രീതിയിൽ മാത്രമറിയുന്ന ഒരാൾ...അങ്ങനെയുള്ള വ്യക്തിയാണ് അരങ്ങിനും സാഹിത്യത്തിനും മുതൽക്കൂട്ടായി നളചരിതത്തെ സമഗ്രമായി വിലയിരുത്തുന്നത്.. അത്ഭുതപ്പെടാതെ നിർവ്വാഹമില്ലല്ലോ?

II

ഗ്രന്ഥകർത്താവിൻറെ മുൻ സൂചിപ്പിച്ച ഭൗതികശാസ്ത്ര പശ്ചാത്തലം വ്യക്തമാക്കുന്നതാണ് ഈ കൃതിയുടെ രചനാശൈലി. ഒരു വിഷയത്തിൻ്റെ സൂക്ഷമാംശങ്ങൾ ഓരോന്നും കൃത്യമായി പഠിക്കുക..ഇത് ഏറ്റവും പ്രകടമാകുന്നത്, കഥാപാത്രങ്ങളുടെ അപഗ്രഥനത്തിലാണ്. ഇന്ന് അരങ്ങത്ത് അവതരിപ്പിക്കുന്ന രീതിയിൽ, ഒന്നു വന്നുപോകുന്ന ഇന്ദ്രൻ്റെ കാര്യമെടുക്കാം. ആ കഥാപാത്രത്തിൻ്റെ സ്വഭാവസവിശേഷതകൾ കഥാഗതിയിലെത്രമാത്രം സ്വാധീനം ചെലുത്തുന്നു, എന്തുകൊണ്ടാവാം ഇപ്രകാരമൊരു രീതിയിലേയ്ക്ക് കഥാപാത്രം മാറുന്നത് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പരാമർശിച്ചാണ് നിഗമനങ്ങളിലെത്തുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്. ഇങ്ങനെ തൻ്റെ ചിന്തകൾ സ്വാംശീകരിക്കുമ്പോൾ തന്നെ, ഈ വിഷയത്തിൽ ആധികാരികമെന്ന് കരുതുന്ന പൂർവ്വ പഠനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു..'കാന്താരതാരക' വ്യാഖ്യാനവും ദേശമംഗലത്തിൻ്റെ നിരീക്ഷണങ്ങളും പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ പഠനങ്ങളും നിരത്തുന്നു.. പഠനം നടത്തുന്നവർ അരങ്ങത്ത് പ്രവൃത്തിക്കുന്നില്ല.. അതു കൊണ്ടു തന്നെ ഈ നിരീക്ഷണങ്ങളോടൊപ്പം കലാമണ്ഡലം കൃഷ്ണൻ നായരുടെ ആട്ടപ്രകാരവും ചർച്ചയ്ക്ക് വിധേയമാകുന്നു.. ഒപ്പം, മഹാഭാരതത്തിലെ നളകഥയും ശ്രീഹർഷൻ്റെ മഹാകാവ്യവും ഒക്കെ കടന്നുവരുന്നു.. ചുരുക്കത്തിൽ ഒരു വായനയിൽ, നമ്മൾ പലരുടെ കാഴ്ചപ്പാടുകളിലൂടെ കടന്നു പോവുകയാണ്.. എത്രമാത്രം ശ്രമം ഉണ്ടായാലാണ്, ഒരു പുസ്തകത്തിൽ, പലയിടത്തു നിന്നുമുള്ള ആശയങ്ങൾ ആറ്റിക്കുറുക്കിയ സത്തായി മാത്രം ഉൾക്കൊള്ളിക്കാനാവുക...അതും നൈരന്തര്യം നഷ്ടമാകാതെ അവതരിപ്പിക്കുക.. ഡോ.മോഹൻദാസിലെ കൃതഹസ്തനായ എഡിറ്ററെയും നമ്മൾ കാണുന്നു..

III

നാരദൻ്റെ "ഏഷണ"യെ പറ്റി പറയുമ്പോൾ ഒരു വ്യക്തിഗത അനുഭവം കുറിച്ചുകൊള്ളട്ടേ... ഡോ. മോഹൻദാസിനെ പോലെ ഞാനും ഏവൂർക്കാരനാണ്. എന്നിലെ കഥകളി താൽപ്പര്യം വളർത്തിയതിൽ എൻ്റെ കുടുംബാന്തരീക്ഷത്തോടൊപ്പം ഏവൂരമ്പലത്തിനും പങ്കുണ്ട്. എൻ്റെ കുട്ടിക്കാലത്ത് അമ്പലത്തിലെ കളികളിൽ അവിഭാജ്യ ഘടകമായിരുന്നു മാങ്കുളം. കളിയുള്ള ദിവസങ്ങളിൽ അദ്ദേഹം ആദ്യമെത്തുന്നത് എൻ്റെ മുത്തശ്ശിയെ കാണാനാണ്. അദ്ദേഹത്തിൻ്റെ മാതൃസഹോദരിയാണ് എൻ്റെ മുത്തശ്ശി (അച്ഛൻ്റെ അമ്മ). ആ വരവിൽ, മുതിർന്നവരുമായി കഥകളിയെ പറ്റി ചർച്ച നടത്തും. മനസ്സിലാവില്ല എങ്കിലും ആ സംസാരം കേട്ടിരിക്കുക ബഹുരസമായതിനാൽ ഞങ്ങൾ കുട്ടികളും കൂടും. അങ്ങനെ ഒരു സംസാരത്തിനിടയിലാണ്‌ ഏഷണ എന്ന് കേൾക്കുന്നത്.. നാരദനെ പറ്റി എന്നല്ലാതെ അന്ന്‌ കൂടുതൽ ഗ്രഹിക്കാനായില്ല..

പക്ഷേ, ഏഷണയാണ് എന്നു പറഞ്ഞവസാനിപ്പച്ചതായി ഒരോർമ്മ.. പറഞ്ഞു വന്നത്, ഈയൊരു വാക്കിനെ പറ്റി, ഡോ. മോഹൻദാസ് എത്ര വിശദമായാണ് പ്രതിപാദിച്ചിട്ടുള്ളത്... കഥാപാത്രം ആദ്യവസാനമോ കുട്ടിത്തരമോ ആകട്ടെ.. അരങ്ങത്ത് അവതരിപ്പിക്കുമ്പോൾ എത്രമാത്രം ശ്രദ്ധ പുലർത്തണമെന്നതിലേയ്ക്കുള്ള ഉൾക്കാഴ്ച പകരുന്നതാണ് "ഏഷണ"എന്ന വാക്കിനെ അടിസ്ഥാനമാക്കിയ അദ്ദേഹത്തിൻറെ നിരീക്ഷണം. ഇത് നളചരിതം എന്നല്ല, ഏതു കഥയിലേയും കഥാപാത്രങ്ങളുടെയും വലിപ്പച്ചെറുപ്പം നോക്കാതെയുള്ള അവതരണത്തിലേയ്ക്കുള്ള ചൂണ്ടുപലകയാണ്.

IV

Well begun is half done എന്ന് പറയാറുണ്ടല്ലോ? ഈ പഠനം തുടങ്ങുന്നത് നളചരിതത്തിൻ്റെ രംഗപാരമ്പര്യം വിവരിച്ചു കൊണ്ടാണ്. പ്രാരംഭം, അക്കാലത്തെ നടന്മാർ, അരങ്ങുകൾ എന്നിങ്ങനെ പോകുന്നു.. ഒരു ചരിത്രചിത്രം എന്ന നിലയ്ക്ക് ഈ അദ്ധ്യായത്തെ സമീപിക്കുക..കാലത്തിൽ മറഞ്ഞുപോയ വസ്തുതകൾ പൊടി തട്ടിയെടുക്കുക..അതിൽ തന്നെ പ്രസക്തമായത് മാത്രം പരാമർശിക്കുക.. വൃഥാസ്ഥൂലത ഒഴിവാകുമ്പോൾ അത് വായനയുടെ ഒഴുക്കിനെ ബാധിക്കുന്നില്ല എന്നതിൻ്റെ ദൃഷ്ടാന്തമാണ് ഈ ആദ്യ അദ്ധ്യായം..ഇത്രയും പറയുമ്പോൾ, നളചരിതത്തെ പറ്റി സമഗ്രമായി ഇതിൽ പ്രതിപാദിക്കുന്നു എന്ന് കരുതാനാവില്ല..കഥയേയും കഥാപാത്രങ്ങളേയും കുറിച്ചുള്ള അപഗ്രഥനത്തിൽ സംഗീതം ഒഴിവാക്കിയതാവാനാണ് വഴി..അത് ഉൾപ്പെടുത്താവുന്നതാണ്. മറ്റൊന്ന്.. തത്വജ്ഞാനിയായ നളൻ എന്ന അദ്ധ്യായത്തിൽ ചില വിചാരപ്പദങ്ങൾ പരാമർശിക്കുന്നുണ്ട്. നളചരിതത്തിൻ്റെ സവിശേഷതകളിലൊന്ന് അതിലെ "ആത്മഭാഷണങ്ങൾ" അഥവാ soliloquy ആണ്.. കഥാപാത്രങ്ങളുടെ ചിന്തകൾ പ്രേക്ഷകനിലെത്തിക്കുവാൻ Shakespeare അവലംബിച്ച ഏറ്റവും ഫലപ്രദമായ നാടകസങ്കേതം..വിശ്വമഹാകവി എന്ന് വിശേഷിപ്പിക്കുന്ന Shakespeare നെക്കുറിച്ച് കേട്ടിരിക്കുവാൻ പോലും ഇടയില്ലാത്ത ഉണ്ണായിവാര്യർ, നളചരിതത്തിൽ ഈ സങ്കേതം എത്ര മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു..അതും വ്യത്യസ്ത മാനസികാവസ്ഥകളിൽ.. വിഭിന്ന രാഗങ്ങളിൽ..അടുത്ത പതിപ്പിൽ ഇതും ഉൾപ്പെടുത്തുമെന്ന് കരുതട്ടേ..അത് വൈകാതെയുണ്ടാവും എന്നും പ്രതീക്ഷിക്കുന്നു...

ഇത്തരുണത്തിൽ, കോട്ടയ്ക്കൽ ശിവരാമൻ പറഞ്ഞിട്ടുള്ളത് സൂചിപ്പിച്ചു കൊള്ളട്ടെ.. പകരക്കാരനായിട്ടാണ് അദ്ദേഹം ഒരു പ്രധാനവേഷം ആദ്യം കെട്ടുന്നത്..അമ്മാവനും ഗുരുനാഥനുമായ വാഴേങ്കട കുഞ്ചുനായരുടെ രുഗ്മാംഗദനൊപ്പം മോഹിനി.. കളി കഴിഞ്ഞ് അണിയറയിലെത്തിയ ഗുരുനാഥനിൽ നിന്ന് കിട്ടിയത് അടി.. മോഹിനി രുഗ്മാംഗദന് കീഴ്‌പ്പെട്ടു നിന്നാൽ കഥയെന്താവും എന്നാണ് കുഞ്ചുനായരുടെ ചോദ്യം.. വീട്ടിലെത്തിയപ്പോൾ ഒരു പുസ്തകം നൽകി..പന്തളം കേരളവർമ്മയുടെ രുഗ്മാംഗദചരിതം മഹാകാവ്യം...

ശിവരാമനിൽ നിന്ന് കോട്ടയ്ക്കൽ ശിവരാമൻ എന്ന നടനിലേയ്ക്കുള്ള പരിണാമം അവിടെ തുടങ്ങി... കഥകളിയിലെ ഓരോ കഥാപാത്രത്തിൻ്റെയും സ്വത്വം തിരിച്ചറിഞ്ഞുള്ള അവതരണം..അതാണ് കോട്ടയ്ക്കൽ ശിവരാമൻ എന്ന മഹാനടൻ സൂചിപ്പിച്ചത്..

നളചരിതം ആടുന്നവർക്ക് ഒരു ചൂണ്ടുപലകയാണ് "ഹംസേ സുവർണ്ണ സുഷമേ..." എന്ന് പറയുന്നതിൽ അതിശയോക്തി തെല്ലുമില്ല...ആടുന്നവർക്ക് മാത്രമല്ല, കാണുന്നവർക്കും....

Madhu Soodanan: ഗംഭീരമായ അവലോകനം: സാന്ദർഭികമായി പറയട്ടെ, Soliloqy എന്ന ആത്മഭാഷണങ്ങൾ സമർത്ഥമായി തൻ്റെ നാടകങ്ങളിൽ ഉപയോഗിച്ച ഷേക്സ്പിയറെ പ്പോലെ വിചാരപ്പദങ്ങൾ ഉണ്ണായിയും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു. ഹാംലറ്റിലെ "To be or not to be" പോലെ 11 Soliloqy കൾ നളചരിതത്തിലുണ്ട്. മിക്കവാറും ഒരേ കാലഘട്ടത്തിൽ ഒരാൾ ബ്രിട്ടനിലും മറ്റൊരാൾ കേരളത്തിലും ജീവിച്ചിരുന്നുവെന്നേയുള്ളു.

ഇവിടെ ദശകങ്ങളായി പ്രവർത്തിക്കുന്ന കരിയം സാഹിത്യ വേദിയിൽ 20 വർഷം മുമ്പ് " ഉണ്ണായിവാര്യരുടെ മോണലോഗുകൾ എന്നൊരു വിഷയം അവതരിപ്പിച്ചതോർക്കുന്നു."എൻ കാന്തനെന്നോടുണ്ടോ വൈരം" ഒക്കെ വൈകാരികമായി ഞാൻ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. കഥകളി വിഷയം തന്നെ ഞാൻ പലപ്പോഴും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ താല്പര്യമുള്ളവർ കുറവാണ്.

Balarama Varma: അതിസാരവത്തായ നിരീക്ഷണം.

Thrivikraman Kartha: മനോഹരമായ അവലോകനം.

Viswanathan N Nanu Pillai: അതിഗംഭീര വിലയിരുത്തൽ... സാഷ്ടാംഗ പ്രണാമം തിരുമേനി.

19 April, ശ്രീ. ദിലീപ് ദിവാകരൻ (കഥകളി ആസ്വാദകൻ)  

അസൂയാവഹമായ ഒരു രചനയായിരുന്നു 'ഹംസേ സുവർണ്ണ സുഷമേ…'. കലാമണ്ഡലം കൃഷ്ണൻ നായരാശാൻ അദ്ദേഹത്തിൻറെ 'നളചരിതം ആട്ടപ്രകാരം' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നതിനും പുറമേ രചനാത്മകമായതും സ്വീകാര്യമായതും അതിസൂക്ഷ്മതയോടെ പ്രതിപാദിച്ചിട്ടുള്ളതുമായ നിർദ്ദേശങ്ങൾ പഠനവിഷയമാക്കേണ്ടതുമാണ്.  പുസ്തകത്തിന് പ്രചാരം താനേ വർദ്ധിക്കും.

April 25, പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ (മുൻ പ്രിൻസിപ്പാൾ & ഡീൻ, കേരള കലാമണ്ഡലം, കഥകളി നടൻ)

പുസ്തകം വായിച്ചു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

എൻ്റെ കലാമണ്ഡല പഠനത്തിൻറെ അവസാന വർഷം, സ്കോളർഷിപ്പ്‌ പരീക്ഷ കഴിഞ്ഞ് ആറുമാസം കൂടി രാമൻകുട്ടിയാശാന്റെകളരിയിൽ അഭ്യാസം ഉണ്ടായി. അതിനു ശേഷം ആശാന്റെ മുമ്പിൽ ചെന്നു നിന്ന് ഇനി എന്തു ചെയ്യണം എന്നു ചോദിച്ചപ്പോൾ 'നളചരിതം രണ്ടാം ദിവസം ഞാൻ ചൊല്ലിയാടിച്ചിട്ടുണ്ടല്ലോ, ഇനി ആ ഉണ്ണികൃഷ്ണൻ ഇളയത് മാഷിൻറെ അടുത്തുപോയി നളചരിതം പഠിക്കൂ' എന്നായിരുന്നു മറുപടി. അങ്ങനെ ഇളയത് മാഷിൽ നിന്നും പകർന്നു കിട്ടിയ നളചരിത വിദ്യാഭ്യാസമാണ് ഈ വിഷയത്തിലെ എന്റെ യോഗ്യത. മാഷിന്റെ നിർദ്ദേശ പ്രകാരം എ. ആറിൻറെ 'കാന്താരതാരക'മാണ് ഞാൻ പഠിച്ചത്. എന്റെ  മനസ്സിൽ പതിഞ്ഞതും ഞാൻ ആഴത്തിൽ ഉൾക്കൊണ്ടിട്ടുള്ളതും ഈ പുസ്തകമാണ്. പ്രഗത്ഭമതികളായ അനവധി ആചാര്യന്മാരുടെ നല്ല നളബാഹുകന്മാർ കണ്ടു മനസ്സിലാക്കുവാനും അതിൽ നിന്നും എൻറെ ഉള്ളിൽ തട്ടിയ കഥാപാത്രത്തിൻറെ സ്വഭാവത്തിനനുസരിച്ച് ഞാൻ രംഗത്ത് അവതരിപ്പിക്കാനും തുടങ്ങി. പിന്നീട് കൂടുതൽ അറിവുകൾ നേടുന്നതിലേക്കായി മഴമംഗലത്തിൻറെ നൈഷധം ചമ്പുവും വായിച്ചിട്ടുണ്ട്.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കഥാപാത്രങ്ങളെ ശരിക്കും മനസ്സിൽ ഉൾക്കൊള്ളാൻ താങ്കളുടെ നളചരിത പഠനം വായിച്ചപ്പോൾ സാധിച്ചു എന്നു പറയുന്നതിൽ സന്തോഷമുണ്ട്. ഇത്ര ആഴത്തിലുള്ള ഒരു നളചരിത പഠനം, പ്രത്യേകിച്ചും ഓരോ കഥാപാത്രത്തെയും പഠിച്ച് അവയുടെ സൂക്ഷ്മ പ്രകൃതങ്ങൾ പോലും കൃത്യതയോടെ അവതരിപ്പിക്കുന്ന ഒരു പഠനം, ഇന്നുവരെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല (ഫോൺ സംഭാഷണ മദ്ധ്യേ സന്തോഷാതിരേകത്താൽ 'ഈ പുസ്തകം ശരിക്കും ഒരു സംഭവമാ' എന്നുവരെ ആശാൻ പറഞ്ഞു). കഥാപാത്രങ്ങളെ സംബന്ധിച്ച് അനുകരണമാണ് കല എങ്കിലും നളചരിതം പോലുള്ള കഥകൾക്ക് തനതായ ശൈലി ഉണ്ടാവാൻ ശരിയായ പാത്രബോധം ആവശ്യമാണ്. കഥകളിയുടെ ഫ്രെയിം കലാകാരന് അനുകരിക്കാം; പക്ഷേ കഥാപാത്രം അവനവൻറെ ആയിരിക്കണം. അതിനു കലാകാരനെ സഹായിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് 'ഹംസേ സുവർണ്ണ സുഷമേ...'.     

കാലം മുന്നോട്ടു പോകുമ്പോൾ കോട്ടയം കഥകളെപ്പോലെ നളചരിതത്തിനും, നാടകമാണെങ്കിലും, സമ്പ്രദായ ശുദ്ധിയുള്ള ഒരു ശൈലി കൈവരും. വളർച്ചയുടെ പടവുകൾ ഇത്രത്തോളം കയറിക്കൊണ്ടിരിക്കുന്ന മറ്റൊരു ആട്ടക്കഥ ഇല്ലെന്നു തന്നെ പറയാം. അത്ര ആഴമുള്ള ഈ ആട്ടക്കഥയ്ക്ക് ഒരു മികച്ച വ്യാഖ്യാനമാണ് ഡോ. ഏവൂർ മോഹൻദാസിൻറെ 'ഹംസേ സുവർണ്ണ സുഷമേ...' എന്നതിൽ സംശയമില്ല. കുട്ടികൾക്കും മുതിർന്നവർക്കും ആശാന്മാർക്കും കാണികൾക്കും എല്ലാം ഒരുപോലെ പ്രയോജനപ്രദമായ പുസ്തകം. നളചരിതം വേഷം കെട്ടാൻ പോകുമ്പോൾ ഇതിലെ ഏതെങ്കിലും ഒരു വ്യാഖ്യാനം വായിച്ചിട്ടാണ് ഞാൻ പോകാറുള്ളത്. വ്യാഖ്യാനത്തിൽ പറയുന്നതെല്ലാം ഫ്രെയിമിൽ ഒതുക്കി കാണിക്കാൻ കഴിയില്ലെങ്കിലും ഈ നല്ല വ്യാഖ്യാനം മനസ്സിലുള്ളപ്പോൾ അത് അരങ്ങത്ത് പുതിയ അനുഭവങ്ങൾ ഉണ്ടാക്കാൻ പ്രയോജനപ്പെടുന്നുണ്ട്. അതിനു പറ്റിയതാണ്, വായിച്ചാലും വായിച്ചാലും വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നതായ ഈ പുസ്തകം. ഗോപിയാശാൻറെയും വാസുപ്പിഷാരടിയാശാൻറെയും നളചരിത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന രണ്ട് അവതരണ രീതികൾക്കും ഇടയ്ക്കായി മൂന്നാമതൊരു അവതരണ രീതി പോലും സാദ്ധ്യമല്ലേ എന്ന് ഈ വ്യാഖ്യാനം വായിക്കുമ്പോൾ തോന്നിപ്പോകുന്നു. 

ഞാൻ വളരെ അടുത്ത കാലത്തു മാത്രം പരിചയപ്പെട്ട ശ്രീ. മോഹൻദാസിനോട് എൻറെ മനസ്സിൻറെ നിറഞ്ഞ സന്തോഷം പങ്കുവയ്ക്കുന്നു. അതിഗംഭീരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ നളചരിത പഠനത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Narayanan Nampoothiry: ഈ പഠനത്തിന്, ഇതിനപ്പുറം ഒരു അംഗീകാരം വേണ്ടതുണ്ടോ.... ഏവുർക്കാരനായതിൽ എനിക്കും അഭിമാനം.....

Balarama Varma: ആധികാരികമായ ഈ അഭിപ്രായം "ഹംസേ സുവർണ്ണ സുഷമേ'' എന്ന നളചരിത പുസ്തകത്തിൻറെ യാഥാർത്ഥ്യം വ്യക്തമാക്കുന്നു. കഥകളി പ്രേമികൾക്ക് ഈ പുസ്തകം ഒരിക്കൽ കൂടി ഹരമേകുന്നു.

Krk Pillai: ഇതിനപ്പുറം എന്തു പറയാൻ!... അതാണു് സത്യം. നാൾക്കുനാൾ വന്നു കൊണ്ടിരിക്കുന്ന പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ഈ ഗ്രന്ഥത്തെ ഉത്തരോത്തരം ശ്രേഷ്‌ഠതയിലേക്കുയർത്തട്ടെ!....

Mohan Das: ഒരു പുസ്തകത്തിന് ഈ കാലഘട്ടത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം.

Jayakumar Raghavan: ആശാന്റെ വാക്കുകൾ... പുസ്തകത്തിന്റെ ശ്രേഷ്ഠതയെ സാക്ഷ്യപ്പെടുത്തുന്നു.... ആശംസകൾ... 

Tksreekumar: ഈ പുസ്തകത്തിനു ലഭിക്കാവുന്ന ഏറ്റവും നല്ല ബഹുമതി ഇതു തന്നെ. അരങ്ങിൽ ഔചിത്യ പൂർവ്വം നളനെ ആവിഷ്‌കരിക്കുന്ന പ്രതിഭാധനനായ ആശാനിൽ നിന്ന് ആകുമ്പോൾ എല്ലാമായി.

Madhu Soodanan: ഔചിത്യവേദിയും പരിണതപ്രജ്ഞനുമായ ഒരു കലാകാരനും അദ്ധ്യാപകനും, കലാമണ്ഡലം മുൻപ്രിൻസിപ്പാൾ, തെക്കും വടക്കും ഒന്നുപോലെ സുസമ്മതനും സമാരാദ്ധ്യനും - പ്രൊഫ: കലാ: ബാലസുബ്രഹ്മണ്യനാശാൻ പറയുന്നത് ഇപ്പോൾ നളചരിതം കളിക്കു പോവുമ്പോൾ ഇതിലെ വ്യാഖ്യാനം വായിച്ചിട്ടാണ് പോകാറുള്ളതെന്നും അത് അരങ്ങത്ത് പുതിയ അനുഭവങ്ങൾ ഉണ്ടാക്കാൻ പ്രയോജനപ്പെടുന്നുണ്ടെന്നും അദ്ദേഹം തന്നെ വിഭാവനം ചെയ്യുന്നു, ഒരുപുതിയ നളചരിതാവതരണ രീതി ഉരുത്തിരിയാനും ഈ ഗ്രന്ഥം നിമിത്തമാകുമെന്ന്. തൻ്റെ രചന സാർത്ഥകമാകുന്നു എന്ന്  ഗ്രന്ഥകാരന് തീർച്ചയായും അഭിമാനിക്കാം.

May 13, ശ്രീ. കെ. എൻ. മുരളി (Murali Kesseryillam, കഥകളി ആസ്വാദകൻ) 

അങ്ങയുടെ "ഹംസേ സുവർണ്ണ സുഷമേ..." എന്ന പുസ്തകം വായിച്ച് അഭിപ്രായം പറയാമെന്ന് പറഞ്ഞിരുന്നല്ലോ? പക്ഷേ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എനിക്കു സ്വയം ബോദ്ധ്യമായി, ഈ പുസ്തകത്തിന് അഭിപ്രായം പറയാൻ മാത്രം യോഗ്യത എനിക്കില്ല എന്ന്. എങ്കിലും ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. നളചരിതം ആട്ടക്കഥയെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും കുറെ പുതിയ അറിവുകൾ കിട്ടി,  ഒപ്പം കുറെ തെറ്റിദ്ധാരണകൾ മാറുകയും ചെയ്തു. 

നളചരിതത്തിൻ്റെ ഈ പുനർവായനാ പുസ്തകത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഉണ്ണായിവാര്യരുടെ സാഹിത്യത്തിലെ പദങ്ങളെ ഓരോരുത്തരുടെ സൗകര്യാർത്ഥം ദുർവ്യാഖ്യാനം ചെയ്തപ്പോഴുണ്ടായ അർത്ഥ വ്യത്യാസങ്ങളെയും അതുമൂലം രംഗങ്ങൾക്ക് ഉണ്ടാകുന്ന അർത്ഥവ്യത്യാസങ്ങളെയും കാര്യകാരണസഹിതം ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള  നിരീക്ഷണങ്ങളാണ്. നാലാം ദിവസത്തിലെ ദമയന്തിയുടെ (ചില ഗായകരുടെ) "മാരണ പ്രയോഗം" എത്ര സൂക്ഷ്മമായി വിശകലനം ചെയ്താണ് ശ്രീ. മോഹൻദാസ് അവതരിപ്പിച്ചിരിക്കുന്നത്? നളചരിതത്തിലെ പല രംഗങ്ങളും സന്ദർഭങ്ങളും എന്നെപ്പോലുള്ള സാധാരണക്കാർ ധരിച്ചു വച്ചിരിക്കുന്നതിൽ നിന്നും എത്രയോ വ്യത്യസ്തമാണെന്ന് ഓരോ അദ്ധ്യായങ്ങളും വായിച്ചപ്പോൾ ബോദ്ധ്യമായി. രണ്ടാം ദിവസത്തെ കലിയുടെ "എങ്ങുനിന്നെഴുന്നരുളി സുരാധിപാ" എന്ന പദത്തിലെ "ദഹന ശമനവരുണൈർരമാ "എന്നതിലെ രമാ എന്ന പ്രയോഗത്തിൻ്റെ വ്യാകരണവും സന്ദർഭവും അർത്ഥവും കൂടി അങ്ങയുടെ പേജിലൂടെ വിശദീകരിച്ചാൽ എന്നെപ്പോലുള്ള ആസ്വാദകരുടെയും ചുരുക്കം ചില ഗായകരുടെയും "രമാ-യമാ"ശങ്കയ്ക്ക് അതൊരു വിരാമമാകുമായിരുന്നു.  

താങ്കളുടെ ഈ സൗവർണ്ണ ഹംസം അതിന്റെ സ്വർണ്ണ ചിറകടിച്ച് കഥകളി പ്രേമികളെയും പുതിയ അറിവ് നേടാൻ ആഗ്രഹിക്കുന്ന യുവ കലാകാരന്മാരെയും ഇനിയും ധാരാളം "നല്ല നട പഠിപ്പിക്കുവാൻ " ഇടയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഒരൊറ്റ വാക്കിൽ അഭിപ്രായം പറഞ്ഞാൽ പുസ്തകം  "അസ്സലായി". ആശംസകൾ.

DrEvoor Mohandas: Murali Kesseryillam: "ദഹനശമനവരുണൈ: അമാ" എന്നാണ് പിരിച്ചു പറയുമ്പോൾ. അമാ എന്നാൽ സഹ അല്ലങ്കിൽ കൂടെ എന്ന് അർത്ഥം. അപ്പോൾ ദഹനൻറെയും ശമനൻറെയും വരുണൻറെയും കൂടെ എവിടെ നിന്നാണ് സുരാധിപൻ വരുന്നതെന്നാണ് കലിയുടെ ചോദ്യം.

***                        ***                    ***                        ***                            ***                        ***          

സാമൂഹിക-സാംസ്കാരിക-ആത്മീയ മേഖലകളിലെ ഗവേഷണാത്മക എഴുത്തുകളുടെ, പ്രത്യേകിച്ചും ഹംസേ സുവർണ്ണ സുഷമേ... എന്ന ഗ്രന്ഥം ഉൾപ്പെടെ കഥകളിയ്ക്കായി നൽകപ്പെട്ട സാഹിത്യ സംഭാവനകളുടെ പേരിൽ, കരുനാഗപ്പള്ളി കന്നേറ്റി ധന്വന്തരീ ക്ഷേത്രം ഏർപ്പെടുത്തിയ നെടുമുടി പുരസ്കാരം 2023 ന് അർഹനായി. ഏപ്രിൽ 16-)o തീയതി കന്നേറ്റി ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ചു സംഘടിപ്പിച്ച പുരസ്‌കാര സമർപ്പണ ചടങ്ങിൽവച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി. കെ. ഗോപനിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.

                                    ***            ***            ***            ***            ***                                                        കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര ശ്രീ പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ളബ്ബിൻറെ പുരസ്കാരം.   

ശ്രീ പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ്,  കഥകളി സാഹിത്യത്തിനായി ശ്രീ പന്നിശ്ശേരി ശ്രീനിവാസക്കുറുപ്പിൻറെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള   'ഗീതസാരസ്വതം 2023' പുരസ്കാരത്തിന്  'ഹംസേ സുവർണ്ണ സുഷമേ...' തിരഞ്ഞെടുക്കപ്പെട്ടു.

ആഗസ്റ്റ് 25, 2023 ന് പന്നിശ്ശേരി കുടുംബവീട്ടിൽ സംഘടിപ്പിച്ച "സ്മരതി പന്നിശ്ശേരിം - 2023" ചടങ്ങിൽ വച്ച് പുരസ്ക്കാരദാനം നടന്നു. ശ്രീ. കുരുമ്പോലിൽ ശ്രീകുമാർ സ്വാഗതം ആശംസിച്ച ചടങ്ങ് ബഹു. കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ.സി.ആർ. മഹേഷ് ഉൽഘാടനം ചെയ്തു. കഥകളി പണ്ഡിതനും കേരള കലാമണ്ഡലം ഭരണസമിതിയംഗവുമായ ശ്രീ. രാജ് ആനന്ദ്, ശ്രീ പന്നിശ്ശേരി നാണുപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. സുപ്രസിദ്ധ കഥകളി നടൻ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന് "തൗരത്രികം" പുരസ്ക്കാരവും അണിയറ കലാകാരൻ മുകുന്ദപുരം തുളസിക്ക് " വർണ്ണമുഖി" പുരസ്ക്കാരവും യുവ കഥകളി നടൻ  കലാമണ്ഡലം വിശാഖിന് "രംഗമുദ്ര" പുരസ്ക്കാരവും കഥകളി ചെണ്ട കലാകാരൻ ശ്രീ കലാമണ്ഡലം രാധാകൃഷ്ണന് "വാദനശ്രീ" പുരസ്ക്കാരവും സമർപ്പിക്കപ്പെട്ടു.  ബഹു. മുൻ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. രാമചന്ദ്രൻ അവർകളിൽ നിന്നും 'ഗീതസാരസ്വതം 2023' പുരസ്ക്കാരഫലകവും തുകയും പ്രശസ്തിപത്രവും ഞാൻ ഏറ്റുവാങ്ങി.  

ജൂറി അംഗവും കവിയും സാഹിത്യകാരനുമായ ശ്രീ. രാജൻ മണപ്പള്ളി 'ഹംസേ സുവർണ്ണ സുഷമേ...' യെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞ . വാക്കുകൾ താഴെ നൽകിയിരിക്കുന്നു.  ഈ നല്ല വാക്കുകൾക്ക് ശ്രീ. രാജൻ മണപ്പള്ളിക്ക് നന്ദി രേഖപ്പെടുത്തുന്നു.

***          ***          ***         ***           ***           ***          ***          ***        ***          **

ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയെ ആസ്പദമാക്കി ഡോ. ഏവൂർ മോഹൻദാസ് എഴുതിയ പഠന ഗ്രന്ഥമാണ് "ഹംസേ സുവർണ്ണ സുഷമേ..."  ഈ കൃതി വായനക്കാരനെ നളചരിതത്തിൻറെ ആഴമേറിയ വിഷയസങ്കീർണ്ണതകളിലേക്കും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുടെ ഉൾപ്പിരിവുകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു. പൂർണ്ണത്തിൽ നിന്നും പൂർണ്ണത്തെ എടുത്താൽ പൂർണ്ണം ശേഷിക്കുമെന്ന ഉപനിഷദ് വാക്യം പോലെ എത്ര പഠനങ്ങൾ നളചരിതം ആട്ടക്കഥയെക്കുറിച്ചു നടത്തിയാലും യഥേഷ്ടം വീണ്ടും വീണ്ടും ഓരോ തലമുറയ്ക്കും കോരിയെടുക്കാവുന്ന അവസാനിക്കാത്ത അമൃതസാഗരമാണ് നളചരിതം. നാമെല്ലാം വായിച്ചാസ്വദിച്ച നളചരിതം ആട്ടക്കഥയെയും കഥകളിയെയും പുതുമയുടെ ചിന്താപദ്ധതികളിലൂടെ നയിക്കുന്ന പഠന ഗ്രന്ഥമാണ് ഹംസേ സുവർണ്ണ സുഷമേ... ഇരുനൂറ്റി ഇരുപത് പേജുകളിലൂടെ ഇരുപത്തിയൊന്ന് അധ്യായങ്ങളും ആമുഖവും പ്രതികരണങ്ങളും ചേർന്നതാണ് ഈ കൃതി. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന ലാളിത്യമാർന്ന ഭാഷാഘടനയാണ് ഈ കൃതിക്കുള്ളത്. നളചരിതം ആട്ടക്കഥയുടെ പരിണാമഗുപ്തിക്കനുസരിച്ച് ഈ പഠനവും അനുക്രമമായി വികസിക്കുന്നു. നളചരിതം നാല് ദിവസത്തെ കഥകളി ആഴമേറിയതും വ്യത്യസ്ത വീക്ഷണങ്ങൾ ഉണർത്തുന്നതുമായ ഒരു മാനസിക വ്യാപാരത്തിലൂടെ ആസ്വാദകൻ അഥവാ പ്രേക്ഷകൻ കണ്ടു തീർക്കുന്നതുപോലത്തെ അനുഭവമാണ് ഈ കൃതി വായിച്ചു തീർക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത്.

ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരിയുടെ പ്രൗഢമായ അവതാരികയിലൂടെ ആരംഭിക്കുന്ന ഈ കൃതി നളചരിതത്തിൻറെ രംഗപാരമ്പര്യത്തെ സവിസ്തരം പ്രതിപാദിക്കുന്നു. ദ്രാവിഡ തനിമ പേറുന്ന രാമനാട്ടം എന്ന കലാരൂപത്തിൻറെ യാത്ര കേരളത്തിന്റെ തെക്കു നിന്നാരംഭിച്ച് വടക്കോട്ടു സഞ്ചരിച്ച് കടന്നുപോകുന്ന പ്രദേശങ്ങളിലെ വിവിധ കലാസംസ്കൃതികളുടെ നല്ല ഘടകങ്ങളെ ചേർത്തുപിടിച്ച് ദ്രാവിഡമായ ഉടലും ആര്യമായ മനസ്സുമായി ഒത്തുചേർന്നു മഹത്തായ കലയായി പരിണമിച്ചതിൻറെ ചരിത്രമാണ് കഥകളിയുടേതെന്ന് ഗ്രന്ഥകാരൻ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. ഈ യാത്രയിൽ കഥകളിക്കു കൈവന്ന ചിട്ടയാർന്ന സാങ്കേതിക പാഠങ്ങളെ ഉല്ലംഘിച്ച് പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുവാൻ കഴിഞ്ഞ കൃതിയാണ് നളചരിതം ആട്ടക്കഥ.

നളചരിതത്തിൻറെ ആദ്യവ്യാഖ്യാനമായ എ.ആർ. രാജരാജവർമ്മയുടെ കാന്താരതാരകം മുതൽ പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ കൈരളീവ്യാഖ്യാനം വരെയുള്ള കൃതികളെ അനുകൂലിച്ചും പ്രതികൂലിച്ചും അതിലെ അയുക്തികളെ എതിർത്തും അതിനായിട്ട് വ്യാസഭാരത ഭാഗമായ നളോപാഖ്യാനത്തെയും നൈഷധത്തെയും കൂട്ടുപിടിച്ചുകൊണ്ടും ഗ്രന്ഥകാരൻ സഞ്ചരിക്കുന്നുണ്ട്. എ ആറിനെയും കുട്ടിക്കൃഷ്ണമാരാരെയും പന്മന രാമചന്ദ്രൻനായരെയും പോലുള്ള മഹാനിരൂപകരെ യുക്തിബദ്ധ്യാ എതിർക്കുകയും തൻറെ നിരീക്ഷണങ്ങളെ സക്തിയുക്തികളോട് ചേർത്തുനിർത്തിക്കൊണ്ട് പ്രസ്താവിക്കാനുമുള്ള ഏവൂർ മോഹൻദാസിൻറെ ശ്രമം ഇവിടെ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്.  അദ്ദേഹത്തിൻറെ കണ്ടെത്തലുകളിൽ നളചരിതം ആട്ടക്കഥയിലെ കഥാപാത്രങ്ങളുടെ പ്രത്യേകതകളും മനസികഘടനകളും വണ്ടോടിൻറെ വടിവിൽ തിരശ്ശീലയ്ക്കു മുകളിൽ തെളിഞ്ഞു പ്രകാശിക്കുന്നുണ്ട്.

തുടർന്ന് ഈ അദ്ധ്യായത്തിൽത്തന്നെ തെക്കൻചിട്ടയുടെ സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ചും അതിൻറെ രസഭാവപ്രകാശനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചുമുള്ള നിർദ്ദേശങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. നൃത്തപ്രധാനവും ചിട്ടപ്രധാനവുമായ കഥകളി എന്ന ചിന്ത വടക്കുണ്ടായപ്പോൾ ഈ ഗുണങ്ങൾക്കൊപ്പം തന്നെ രസഭാവപ്രകാശനത്തിനും ഊന്നൽ നൽകുന്ന കലയാകണം കഥകളിയെന്ന ചിന്തയാണ് തെക്കുണ്ടായതെന്നും ആവിഷ്ക്കാരസ്വാതന്ത്ര്യവും ഔചിത്യബോധവും തെക്കൻ കഥകളിയുടെ ആണിക്കല്ലുകളായിരുന്നെന്നും അതിൻറെ ഭാഗമായിട്ടായിരിക്കണം ലോകധർമ്മിപരമായ ആട്ടങ്ങൾക്കു തെക്കൻചിട്ടയിൽ സ്ഥാനമുണ്ടായതെന്നും ഗ്രന്ഥകാരൻ അടിവരയിട്ടു പറയുന്നു. നളചരിതത്തിൻറെ കുട്ടനാടൻ ബന്ധവും അഥവാ തെക്കൻ ചിട്ടയുടെ കുട്ടനാടൻ ബന്ധവും നളചരിത കാലഘട്ടവും രംഗാവതരണവും തുടങ്ങിയ ഉപലേഖനങ്ങളിലൂടെ നളചരിതത്തിൻറെ ആദ്യഅവതരണത്തെക്കുറിച്ചും അന്നത്തെ കാലഘട്ടത്തിൽ നളചരിതത്തിനുണ്ടായിരുന്ന അപ്രഖ്യാപിത വിലക്കും ശേഷം കഥകളിയുടെ പര്യായമായി കഥകളി ലോകം നളചരിതം ആട്ടക്കഥയെ പ്രതിഷ്ഠിച്ചതും അഥവാ നളചരിതം കഥകളിയെ പ്രതിഷ്ഠിച്ചതും കൃത്യമായ തെളിവുകളുടെ  അടിസ്ഥാനത്തിൽ ഡോ. ഏവൂർ മോഹൻദാസ് നന്നായി പറഞ്ഞിരിക്കുന്നു. തുടർന്നുള്ള അധ്യായങ്ങളിൽ ‘ഹേമാമോദസമ’യായ നളചരിത നായികയും ‘വാങ്‌മനസാതിവിദൂര’നായ നളചരിത നായകനും ഈ കൃതിക്ക് ആദ്യാവസാനം വരെ പുലർത്തുന്ന നാടക സംഘർഷങ്ങളുടെ വ്യത്യസ്ത സന്ധികളെയും വേറിട്ട കാഴ്ചയോടെ ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു. മുഖം, പ്രതിമുഖം, ഗർഭം, വിമർശം, നിർവ്വഹണം എന്നീ പഞ്ചസന്ധികളിലൂടെ  ഒരു സംസ്കൃത നാടകം എങ്ങനെയാണോ സംഘർഷഭരിതമായി  മുന്നോട്ടു പോകുന്നത്, അങ്ങനെയൊക്കെത്തന്നെ നളചരിതമെന്ന 'കേരളത്തിൻറെ ശാകുന്തള'ത്തെ കൃത്യമായി വരച്ചിടുവാൻ ശ്രമിച്ചിട്ടുള്ള കൃതിയാണ് ഹംസേ സുവർണ്ണ സുഷമേ... നായികാനായകന്മാരെ മാത്രമല്ല പ്രതിനായകന്മാരെയും അപ്രധാന കഥാപാത്രങ്ങളെയും അവർക്ക്‌ ഈ കൃതിയിലുള്ള സ്ഥാനത്തെയും  സ്ഥാനവലിപ്പത്തെയും സ്വതന്ത്രബുദ്ധിയോടെ വരച്ചിടാൻ ഗ്രന്ഥകർത്താവ് ഒരു മനഃശ്ശാസ്ത്രബുദ്ധ്യാ തന്നെ ഇവിടെ കാര്യമായി ശ്രമിച്ചിട്ടുണ്ട്.

രണ്ടു മുതൽ പത്തൊൻപതു വരെയുള്ള അധ്യായങ്ങളിലൂടെ നീളുന്ന കഥാപാത്രപഠനങ്ങൾക്കു ശേഷം 'നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം' എന്ന പ്രൗഢഗംഭീരമായ അദ്ധ്യായംകൊണ്ട് ഗ്രന്ഥകാരൻ നമ്മെ ഏറെ വിസ്മയിപ്പിക്കുന്നുണ്ട്; കാരണം ഇപ്രകാരമുള്ള ഗവേഷണങ്ങളിൽ നിന്നും ഉരുത്തിരിയുന്ന ആഴമുള്ള കാഴ്ചപ്പാടുകൾ കഥകളി ലോകത്തിനു വലിയ നേട്ടമായി മാറുമെന്നതിൽ സംശയമില്ല. അതുപോലെ ഇരുപത്തൊന്നാമത്തെ അധ്യായത്തിൽ, ഈ ഗ്രന്ഥത്തിലെ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള ചില ലേഖനങ്ങളെക്കുറിച്ചുള്ള, വായനക്കാരുടെ പ്രതികരണങ്ങളെ അദ്ദേഹം വിളക്കി ചേർത്തിട്ടുണ്ട്.

കേവലാസ്വാദകന്മാർ മുതൽ അക്കാദമിക് തലത്തിലുള്ളവരും കഥകളിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവരും ഉൾപ്പെടെ എല്ലാ കഥകളി സ്നേഹികളും നിർബ്ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘ഹംസേ സുവർണ്ണ സുഷമേ..’ എന്ന് ഞാൻ അടിവരയിട്ടു പറയുന്നു. പന്നിശ്ശേരി കഥകളി ക്ലബ്ബിലെ ജൂറിഅംഗങ്ങളായ ഞാനുൾപ്പെടെയുള്ള ആൾക്കാർ ഈ കൃതിയെ ഏകസ്വരത്തോടു കൂടിയാണ് ഈ പുരസ്കാരത്തിനുവേണ്ടി തിരഞ്ഞെടുത്തത്; അദ്ദേഹത്തിന് 'ഗീതസാരസ്വതം' പുരസ്കാരം നൽകുന്നതിൽ ഞങ്ങൾ ഏറെ ചാരിതാർത്ഥ്യമുള്ളവരാണ്. ഈ പുസ്തകം പരിചയപ്പെടുത്താനുള്ള അവസരം തന്ന പന്നിശ്ശേരി ക്ലബ്ബിൻറെ എല്ലാ ഭാരവാഹികൾക്കുമുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് എല്ലാവർക്കും എൻറെ നന്ദി, നമസ്കാരം.






Kottkkal Sasidharan

ഈ വർഷത്തെ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പിനർഹനായ രാജ്യാന്തര പ്രശസ്തനായ സീനിയർ കഥകളി-നൃത്ത കലാകാരൻ ശ്രീ. കോട്ടക്കൽ ശശിധരൻ എൻറെ "ഹംസേ സുവർണ്ണ സുഷമേ..." എന്ന നളചരിത പഠന ഗ്രന്ഥം വായിച്ച ശേഷം പങ്കുവച്ച അഭിപ്രായങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തിലേറെയായി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇന്ത്യൻ ആർട്ടിനെ പരിചയപ്പെടുത്തുകയും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി സർവ്വകലാശാലകളിൽ നൃത്താധ്യാപകനുമായി സേവനമനുഷ്ഠിച്ചിട്ടുള്ള ആളാണ് ശ്രീ. ശശിധരൻ. പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചതിന് അദ്ദേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.

***                ***            ***            ***               ***            ***            ***

മനസ്സുകൊണ്ടും വപുസ്സുകൊണ്ടും ആദരം. "ഹംസേ സുവർണ്ണ സുഷമേ..." വായിച്ചു. രമ്യം, ഹൃദ്യം, മനോഹരം, ഗംഭീരം. അങ്ങ് എത്രയാവും ഈ പുസ്തകത്തിനു വേണ്ടി മനസ്സുകൊണ്ടും ശരീരംകൊണ്ടും അദ്ധ്വാനിച്ചിട്ടുണ്ടാവു ക!!  ആട്ടക്കഥ മാത്രമല്ല, വ്യാസഭാരതവുമായി താരതമ്യം ചെയ്ത ഭാഗങ്ങൾ ഒക്കെ എത്ര വിശദമായി വായനക്കാർക്ക് പകർന്നു തന്നിരിക്കുന്നു. നന്ദി, നന്ദി. എല്ലാ നടന്മാരും വായിക്കേണ്ട പുസ്തകം...

ഗുജറാത്തി ഭാഷയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ പ്രേമാനന്ദസാഗർ എഴുതിയ നളാഖ്യാൻ ഞാൻ കഥകളി സങ്കേതം ഉപയോഗിച്ചു ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ വീടുകളിൽ പോയി ഒരു പ്രത്യേക ജാതിയിലുള്ളവർ  കലിനാശനത്തിനു പാടി വന്നിരുന്നതാണ് നളാഖ്യാൻ. നമ്മുടെ നളകഥയിൽ നിന്നും ചില മാറ്റങ്ങൾ ഉണ്ടെങ്കിലും മഹാഭാരതം തന്നെ അടിസ്ഥാനം. നല്ല കവിതയാണ് നളാഖ്യാൻ.

ആട്ടക്കഥക്ക് കഥകളി എന്ന മാദ്ധ്യമം കൂടി കൂടിയപ്പോൾ നളചരിതം ഹേമാമോദസമമായി. പുസ്തകം രണ്ടു തവണ വായിച്ചു. ഇനിയും ഇടക്ക് കഴിക്കാൻ തോന്നുന്ന പഞ്ചാര പായസം ആണ് "ഹംസേ സുവർണ്ണ സുഷമേ...".      വായനക്കാരൻ എന്ന നിലക്കും കഥകളിക്കാരൻ എന്ന നിലക്കും എൻറെ നന്ദിയും സ്നേഹവും അറിയിക്കട്ടെ.     സ്നേഹം, ആദരം.

ഈ പുസ്തകത്തെക്കുറിച്ചു ധാരാളം പറയാനുണ്ടെങ്കിലും നേരിട്ട് സംസാരിക്കുന്നതുപോലെ എല്ലാം കൂടി എഴുതാൻ കഴിയാത്തതിനാൽ പ്രധാനപ്പെട്ടതായി എൻറെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ മാത്രം ഒന്നു  സൂചിപ്പിക്കാം.

'തരുണീനാം മനസ്സിൽ മേവും കുടിലങ്ങൾ ആരറിഞ്ഞു' തുടങ്ങിയ ചില നാലാം ദിവസം പദങ്ങൾ വച്ചുകൊണ്ട് സ്ത്രീജനപക്ഷപാതികളെല്ലാം ദമയന്തിയുടെ പക്ഷം ചേർന്ന് നളനെ കൊടിയ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാനാണ് സാധാരണ ശ്രമിക്കാറ്. പക്ഷേ ഇവിടെ ഗ്രന്ഥകാരൻ പറയുന്നു; അന്നേരത്തെ മാനസികാവസ്ഥ കാരണം നളൻ പറഞ്ഞു പോകുന്ന കുറെ വാക്കുകൾ മാത്രമാണത്; അദ്ദേഹത്തിൻറെ പ്രകൃത സ്വഭാവത്തിൽ നിന്നുണ്ടാകുന്ന വാക്കുകളല്ല അത്. തൊട്ടു മുൻപത്തെ മൂന്നാം ദിവസത്തിലെ  'മാറിമാൻകണ്ണി...' യിൽ കാണുന്ന നളൻറെ പ്രകൃതം വച്ചു നോക്കുമ്പോൾ ഡോ. മോഹൻദാസിൻറെ ചിന്തയാണ് ശരിയെന്ന് എനിക്കും തോന്നുന്നു. ഒരു കഥാപാത്രത്തിന് തന്നെ നേർവിപരീത ഭാവങ്ങൾ ഉണ്ടാകുന്നതിൽ അനൗചിത്യമുണ്ടെന്ന ചിന്തയോട് യോജിക്കാനേ കഴിയൂ.

ഇതുപോലെ പുഷ്‌ക്കരൻറെ കാര്യം. പുഷ്ക്കരൻ നളനോട് വല്ലാണ്ട് കോപിക്കുകയും ഒട്ടും ബഹുമാനമില്ലാതെ തോന്നിയതെല്ലാം കാണിക്കുകയും മറ്റും ചെയ്യുന്ന രീതി പാത്രപ്രകൃതപരമായി ശരിയല്ലെന്ന് ശ്രീ. മോഹൻദാസ് പറയുന്നു. പ്രേമാനന്ദസാഗറിൻറെ കൃതിയിലും ഇങ്ങനെയൊരു പുഷ്ക്കരനില്ല. കളിക്കുന്ന നടൻറെ ഭാഗത്തു നിന്നുണ്ടാകുന്ന ചിന്തയാണ് ഇതിനു കാരണമെന്ന് തോന്നുന്നു. ഇങ്ങനെയൊരു പുഷ്ക്കരരൗദ്രത്തിൻറെ ആവശ്യമില്ല എന്നാണ് എനിക്കും തോന്നുന്നത്. കഴിയുന്നതും നളചരിതം കളിക്കുന്നവരെല്ലാം ഈ പുസ്തകം വായിക്കണം. അപ്പോൾ എന്ത് വേണം എന്ത് വേണ്ട എന്നൊരു അറിവ് നമുക്ക് കിട്ടും. ഇത് വായിച്ചിട്ട് പിന്നെ കൂടുതൽ മനനം ചെയ്തിട്ട് നമുക്ക് അരങ്ങിൽ നന്നായി ചെയ്യാവുന്നതേയുള്ളൂ. നളചരിതത്തിന് ഒരു വ്യാകരണം, ഒരു ഗ്രാമർ, ഒരു വ്യാഖ്യാനം ഉണ്ണായി വാരിയർ എഴുതിയില്ല എന്നതാണ് അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യം. അദ്ദേഹം തുറന്നു വിട്ടു തന്നിരിക്കയാണ്. അതാണ് നളചരിതത്തിൻറെ മഹത്വം. ഓരോ നടനും ഓരോ കാലഘട്ടത്തിലും തൻറെ കഥയെ  ഔചിത്യപൂർവ്വം കളിക്കാനുള്ള സ്വാതന്ത്യം അദ്ദേഹം നല്കിയിരിക്കുകയാണ്. അത് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുമുണ്ട്.

ആട്ടക്കഥ മാത്രമല്ല, കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ മഹാഭാരതം നളോപാഖ്യാനവുമായി ആട്ടക്കഥയെ ബന്ധപ്പെടുത്തിയുള്ള അനവധി സംഗതികളും ഈ പുസ്തകത്തിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ഇത് സ്വതവേ സാധാരണക്കാരാരും തിരഞ്ഞെടുത്തു കാണാത്ത സംഗതികളാണ്. പക്ഷേ ഈ പുസ്തകത്തിൽ അതെല്ലാം കാര്യമായിട്ട്, ശ്രദ്ധയോടെ നമുക്ക് കാണിച്ചു തരുന്നുണ്ട്.

നളചരിതം ഹേമാമോദസമമായ ഒരു മഹനീയ കൃതിയാണ്; ഈ പുസ്തകവും അങ്ങനെ തന്നെ. ഓരോ കഥാപാത്രത്തിനെയും കൂടുതലായി മനസ്സിലാക്കിക്കൊണ്ട് നളചരിതം ആട്ടക്കഥയുടെ മഹത്വം നമുക്ക് ശരിക്കും മനസ്സിലാക്കാൻ ഈ പുസ്തകം വളരെ സഹായകമാണെന്നതിൽ രണ്ടു പക്ഷമില്ല.