Thursday, July 6, 2023

ചിട്ടപ്രധാനവും ചിട്ടപ്രധാനമല്ലാത്തതുമായ കഥകളി അവതരണങ്ങൾ

 കേരളത്തിൻറെ തനതു കലയായ കഥകളിയിൽ അവതരിപ്പിക്കപ്പെടുന്ന കഥകളെ പൊതുവേ ചിട്ടപ്രധാനമായതും ചിട്ടപ്രധാനമല്ലാത്തതും എന്ന രണ്ടു വിഭാഗമായി തരം തിരിക്കാം. പേര് സൂചിപ്പിക്കുമ്പോലെ തന്നെ ചിട്ടപ്രധാനമായ കഥകളുടെ അവതരണ പരിധി കൃത്യമായി ചിട്ടചെയ്തു നിർണ്ണയിക്കപ്പെട്ടിട്ടുള്ളതാണെങ്കിൽ ചിട്ടപ്രധാനമല്ലാത്ത കഥകളുടെ കാര്യത്തിൽ ഇത് അത്രമാത്രം കൃത്യതയോടെ നിർണ്ണയിക്കപ്പെട്ടിട്ടുള്ളതല്ല. ചിട്ടപ്രധാന കഥകൾക്ക് കൃത്യമായ പാഠ്യപദ്ധതിയും അവതരണ സമ്പ്രദായവുമുള്ളപ്പോൾ ചിട്ടപ്രധാനമല്ലാത്ത കഥകളിൽ ഇത് സാധാരണ ഉണ്ടാകാറില്ല.

ചിട്ടപ്രധാനമായ കഥകളുടെ ഏറ്റവും നല്ല ഉദാഹരണമാണ് കോട്ടയം തമ്പുരാൻ രചിച്ച്, കോട്ടയം കഥകൾ എന്ന പേരിൽ അറിയപ്പെടുന്ന ബകവധം, കിർമ്മീരവധം, കല്യാണസൗഗന്ധികം, നിവാതകവചകാലകേയവധം എന്നീ നാല് ആട്ടക്കഥകൾ. ആട്ടക്കഥാ സാഹിത്യത്തെ കഥകളി സങ്കേതങ്ങളിലൂടെ നായനാനന്ദകരമായ രംഗശിൽപ്പമായി അവതരിപ്പിക്കുന്നതിനാണ്, കഥകളിയുടെ കല്ലുവഴിച്ചിട്ടയിൽ ഇന്നവതരിപ്പിക്കപ്പെടുന്ന, ഈ കഥകളിൽ പ്രാധാന്യം കല്പിച്ചിരിക്കുന്നത്. കഥകളി സാഹിത്യത്തെ ശൈലീഭദ്രമായ രംഗശിൽപ്പമാക്കി അവതരിപ്പിക്കുന്നതിലാണ് ഇവിടെ ഊന്നൽ. ശിൽപ്പങ്ങൾ തീർക്കുന്നതിന് കൃത്യമായ അളവുകളും പരിധികളും നിശ്ചയിച്ചുറപ്പിക്കേണ്ടതുണ്ടെന്നതിനാൽ കളരിയിൽ പഠിച്ചുറപ്പിച്ചിട്ടുള്ള വേഷങ്ങൾ നടൻ അതുപോലെതന്നെ അരങ്ങത്തും അവതരിപ്പിക്കേണ്ടതുണ്ട്.  കഥാവതരണത്തിൽ കഥകളി നടന് തൻറെതായ കൂട്ടിച്ചേർക്കലുകൾ (മനോധർമ്മാട്ടങ്ങൾ) നടത്താൻ ചിട്ടപ്രധാനമായ കഥകളി അവതരണം അനുവദിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ചിട്ടപ്രധാനമായ കഥകൾ കഥകളിയുടെ ശൈലീഭദ്രവും സൗന്ദര്യാത്മകവുമായ രംഗാവിഷ്ക്കാരവും പരിധികൾ താണ്ടിപ്പോകാത്ത അരങ്ങവതരണവും സാദ്ധ്യമാക്കുന്നു; അതോടൊപ്പം പ്രയോക്താവിൻറെ മനോധർമ്മപരമായ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയും ചെയ്യുന്നു.

ചിട്ടപ്രധാനമല്ലാത്ത കഥകളി അവതരണങ്ങളുടെ കാര്യം മേല്പറഞ്ഞതിൽ നിന്നും വ്യത്യസ്തമാണ്. ഈ വിഭാഗത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കഥകളി, ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയെ അവലംബമാക്കുന്ന, നളചരിതം ആണ്‌. ആട്ടക്കഥാസാഹിത്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കഥാഖ്യാനത്തിനാണ് ഇവിടെ പ്രാധാന്യം, കഥകളി ശില്പഭദ്രതയ്ക്കല്ല. കഥകളി സങ്കേതങ്ങളിൽ ഉറച്ചുനിന്നുകൊണ്ടാണ് കഥാവതരണമെങ്കിലും, ഈ വിഭാഗം കഥകൾ വേഷമാടുന്ന നടന് ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണ്ടുവോളം അനുവദിയ്ക്കുന്നുണ്ട്. അവതരണത്തിന് കൃത്യമായ പരിധികൾ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പൂർവ്വാചാര്യന്മാർ ചെയ്തിട്ടുള്ളതിനെ പിന്തുടർന്നും കലാകാരൻറെ മനോധർത്തിനനുസരിച്ചും കഥ അവതരിപ്പിക്കുന്ന രീതിയാണ് ഇത്തരം കഥകളിൽ പിന്തുടർന്നു പോരുന്നത്. അതായത്, നളചരിതം പോലെ ആഖ്യാനസ്വഭാവമുള്ള ആട്ടക്കഥകളുടെ അവതരണം ഒരു പരിധിവരെയെങ്കിലും കലാകാരൻ സ്വയം സൃഷ്ടിച്ചെടുക്കേണ്ടതാണ്. ഇവിടെ കലാകാരൻറെ സൃഷ്ടിപരമായ കഴിവാണ് അവതരണത്തിൻറെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നതിൽ  മുഖ്യ പങ്കു വഹിക്കുന്നത്.  കലാകാരൻറെ മനോമുകുരത്തിൽ വിരിയുന്ന ഭാവനകളുടെ ദൃശ്യാവിഷ്ക്കാരമാണ് ഇത്തരം കഥകളികളുടെ സൗന്ദര്യം തന്നെ. കഴിഞ്ഞ തലമുറയിലെ യശശ്ശരീരായ മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണൻ നായർ, വാഴേങ്കട കുഞ്ചു നായർ തുടങ്ങിയ നടന പ്രതിഭകളുടെ നളചരിതാവതരണം ഇന്നും ജനമനസ്സുകളിൽ തങ്ങി നിൽക്കാനുള്ള കാരണം അന്വേഷണത്വരയിലൂന്നിയ ഇവരുടെ നവംനവങ്ങളായ അവതരണങ്ങളായിരുന്നു എന്നതാണ് സത്യം. നളചരിതത്തിലെ ഹംസത്തിനെയും പുഷ്ക്കരനെയും അതിഗംഭീരമായി അരങ്ങത്തവതരിപ്പിക്കാൻ യശശ്ശരീരനായ ചെന്നിത്തല ചെല്ലപ്പൻ പിള്ളയ്ക്കു കഴിഞ്ഞതും പഠനമനനങ്ങളിലൂടെ അദ്ദേഹം നേടിയ അറിവിൻറെ ബലംകൊണ്ടായിരുന്നു.  


പക്ഷേ സ്ഥിതി ഇന്നു വല്ലാതെ മാറിപ്പോയിരിക്കുന്നു. ചിട്ടപ്രധാനമല്ലാത്ത കഥകളി അവതരണത്തിനും ആസ്വാദനത്തിനും പ്രയോക്താവിൻറെയും ആസ്വാദകൻറെയും പക്ഷത്ത് അവശ്യം വേണ്ട വായനയും പഠനവും മനനവും അന്വേഷണവുമെല്ലാം ഇന്നു വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു. ശരിയായ കഥകളി - സാഹിത്യ വിദ്യാഭ്യാസത്തിൻറെ അഭാവത്തിൽ ചിട്ടപ്രധാനമല്ലാത്ത നളചരിതം പോലെയുള്ള കഥകളുടെ അവതരണം ഭാവിയിൽ വഴിതെറ്റിപ്പോകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇന്നത്തെ പല അരങ്ങുകളും അതിൻറെ സൂചനകൾ നൽകിയിട്ടുള്ളത് എൻറെ എഴുത്തുകളിൽ പലവട്ടം ഞാൻ സൂചിപ്പിച്ചിട്ടുമുണ്ട്. നന്നായി കഥകളി കളിക്കാനറിയുന്ന പ്രഗത്ഭ നടന്മാർപോലും നളചരിതം കഥയുടെ പാത്രബോധം ശരിക്കും ഉൾക്കൊള്ളാതെ വികലമായ അരങ്ങവതരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതു കാണുമ്പോൾ സാംസ്കാരികച്യുതി ഏറിവരുന്ന ഭാവിയിൽ  ഇക്കഥയ്ക്കു സംഭവിക്കാവുന്ന അപചയം നമുക്കു മുന്നിൽ കാണാവുന്നതേയുള്ളൂ.

കോട്ടയം കഥകളെപ്പോലെ കൃത്യമായി ചിട്ട ചെയ്തുറപ്പിച്ചുവയ്ക്കാവുന്നതല്ല ജീവിതഗന്ധിയായ നളചരിതം ആട്ടക്കഥയും ചിട്ടപ്രധാനമല്ലാത്ത മറ്റു പല കഥകളും. ഇങ്ങനെ ചെയ്‌താൽ ഇക്കഥകളുടെ ആത്മാവ് തന്നെ നഷ്ടപ്പെടുകയായിരിക്കും ഫലം. കഥാപാത്ര പ്രകൃതികൾ ശരിക്കും അറിഞ്ഞുകൊണ്ട് സൃഷ്ടിപരമായ തൻറെ കൂട്ടിച്ചേർക്കലുകൾ നടൻ അവതരണത്തിൽ വരുത്തിയാൽ മാത്രമേ ഇത്തരം കഥകൾ ശരിക്കും  ആസ്വാദ്യകരമാകൂ; അത് സംഭവിക്കുന്നില്ലെങ്കിൽ പ്രായേണ നിർജ്ജീവമായ അരങ്ങനുഭവമായിരിക്കും ഇക്കഥകൾ പ്രേക്ഷകന് നൽകുക. ഇനി നടൻ ഗംഭീരമായി കഥാപാത്രത്തെ അവതരിപ്പിച്ചാൽത്തന്നെയും അത് മനസ്സിലാക്കാനും  ആസ്വദിക്കാനും വേണ്ട അവശ്യം കോപ്പുകൾ പ്രേക്ഷകൻറെ ഉള്ളിലും ഉണ്ടായേ കഴിയൂ. ആട്ടക്കഥ ഉദ്ദേശിക്കുന്ന അരങ്ങവതരണത്തിൽ നിന്നും കാര്യങ്ങൾ വഴിമാറിപ്പോകാതിരിക്കാൻ കലാകാരനും ആസ്വാദകനും വളരെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ആട്ടക്കഥകളുടെ മൗലീരത്നമെന്നു വിശേഷിപ്പിക്കപ്പെടുന്ന നളചരിതത്തിൻറെ കാര്യത്തിലെങ്കിലും, അതിൻറെ അവതരണ സമ്പ്രദായത്തെ കൃത്യമായ പാത്രസ്വഭാവത്തിൽ ഉറപ്പിച്ചു നിർത്തുന്ന ഒരു ക്രമീകരണമെങ്കിലും നിശ്ചയമായും ഉണ്ടാകേണ്ടിയിരിക്കുന്നു. ആട്ടക്കഥാ സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവതരമായ പഠനം ഇതിന് അനിവാര്യവുമാണ്‌.

പ്രൊഫ. എ.ആർ. രാജരാജവർമ്മയുടെ 'കാന്താരതാരകം' മുതൽ പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ 'കൈരളീവ്യാഖ്യാനം' വരെ പല പഠനങ്ങളും വ്യാഖ്യാനങ്ങളും നളചരിതം ആട്ടക്കഥയ്ക്കുണ്ടായിട്ടുണ്ട്; ഈ വ്യാഖ്യാനങ്ങളെ അവലംബമാക്കിക്കൊണ്ടാണ് നളചരിതാവതരണം ഇന്നു നടന്നുകൊണ്ടിരിക്കുന്നതും. ഈ വ്യാഖ്യാനങ്ങളെ പിൻപറ്റിക്കൊണ്ടും നളചരിത കഥാപാത്രങ്ങൾക്ക് കഥാകൃത്ത് ഉദ്ദേശിച്ച മിഴിവുണ്ടാകുന്നതിലേക്കായി പാത്രപ്രകൃതങ്ങളുടെ സൂക്ഷ്മതലങ്ങളിൽ വരുത്തേണ്ട അവശ്യം ചില മാറ്റങ്ങളെ പ്രതിപാദിച്ചുകൊണ്ടും ഞാനും അടുത്തിടെ 'ഹംസേ സുവർണ്ണ സുഷമേ...' എന്ന പേരിൽ ഒരു നളചരിത പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പഠനങ്ങളെയെല്ലാം ശരിയായി വിലയിരുത്തിക്കൊണ്ടും പാത്രപ്രകൃതങ്ങളുടെ ചട്ടക്കൂട്ടിനെ കൃത്യമായി  നിശ്ചയിച്ചുറപ്പിച്ചുകൊണ്ടും ഒരു നളചരിതാവതരണ സമ്പ്രദായം നിലവിൽ വരുത്താൻ നമുക്ക് കഴിഞ്ഞാൽ, വരുംകാലങ്ങളിൽ നളചരിതാവതരണം വഴിമാറിപ്പോകാതിരിക്കാൻ അത് കാരണമാകും എന്നതിൽ സംശയമില്ല. മലയാള സാഹിത്യ നിരൂപണത്തിൻറെ കുലപതിയും നളചരിതപ്രേമിയും കലാമണ്ഡലം അദ്ധ്യാപകനുമായിരുന്ന യശശ്ശരീരനായ കുട്ടിക്കൃഷ്ണമാരാരും ഏതാണ്ടിതേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നതും ഇത്തരുണത്തിൽ പ്രസ്താവ്യമാണ്.