'രുഗ്മാംഗദചരിതം' ആട്ടക്കഥയിലെ 'മധുരതര കോമള വദനേ' എന്ന പദത്തിലെ 'മദസിന്ധുരഗമനേ' എന്ന ഭാഗത്തിൻറെ അഭിനയത്തെക്കുറിച്ചു 'ഫേസ്ബുക്ക് കഥകളി ഗ്രൂപ്പിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിനെ തുടർന്ന് 2016 ജൂൺ 12 മുതൽ 21 വരെ നടന്ന ചർച്ചയുടെ പ്രസക്തഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു. അർത്ഥസമ്പുഷ്ട്ടമായ കഥകളി സാഹിത്യത്തെ (പദങ്ങളെ) വ്യാഖ്യാനിക്കുന്നതിലുള്ള ഭാഷാപരമായ തെറ്റുകളും അതുമൂലം കഥകളിക്കുണ്ടാകുന്ന അപചയവും പരാമർശന വിധേയമാക്കുന്ന ഈ ചർച്ച കഥകളി കലാകാരന്മാർക്കും വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും ചിന്തകർക്കും ഒരു പോലെ വിജ്ഞാനപ്രദമായിരിക്കും.
K .s. Mohandas 11:00am Jun 12
ഒരു സംശയം. 'രുഗ്മാംഗദചരിതം' ആട്ടക്കഥയിലെ 'മധുരതര കോമള വദനേ' എന്നു തുടങ്ങുന്ന പദത്തിൽ വരുന്ന 'മദസിന്ധുരഗമനേ' എന്ന വാക്കിന്റെ അർത്ഥം "മദം പൂണ്ട (മദത്തിനു ഗർവ്, തന്റേടം, അഭിമാനം തുടങ്ങിയ അർത്ഥങ്ങൾ) ആനയുടെ നടത്തത്തോടു കൂടിയവളേ" എന്നാണോ അതോ "മദമിളകിയ ആനയുടെ നടത്തത്തോടു കൂടിയവളേ" എന്നാണോ? സമാന്യബോധത്തിൽ ആദ്യത്തേതാണ് ശരി എന്നാണ് തോന്നുന്നത്. പക്ഷേ 'മദം പൊട്ടിയൊലിച്ച ആനയുടെ നടത്തം' എന്ന് അനുഭവസമ്പത്തുള്ള ഒരു നടൻ അരങ്ങത്ത് ആടുന്നതും കണ്ടു.
'മദഗജ'മുഖനാണ് ഗണപതിയെന്നാണല്ലോ കവിഭാവന. മദഗജത്തിനു 'മദമിളകിയ ആന' എന്ന അർത്ഥം ഇവിടെയും ശരിയാകില്ല. 'മദഗജ' ത്തിൻറെ ശരിയായ അർത്ഥം എന്താണ്?
അറിവുള്ളവരുടെ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.
Unnikrishnan Menon 9:38pm Jun 13
ഇത്തരം സന്ദര്‍ഭങ്ങളില്‍ 'മദം' എന്ന വിശേഷണത്തിന്റെ ധ്വനി, പല ആചാര്യന്മാരും നായികാശ്രിതമായ (27 or 28) അലങ്കാരങ്ങളില്‍ ഒന്നായി അംഗീകരിച്ചിട്ടുള്ള അര്‍ത്ഥത്തില്‍ സ്വീകരിക്കുന്നതാവും അനുയോജ്യംഎന്ന് തോന്നുന്നു. യൌവ്വനം, പ്രിയന്‍റെ അനുരാഗം, മുതലായവയാല്‍ ഉണ്ടാകുന്ന ശരീര ചേഷ്ടകളെയാണ് പൊതുവേ സൂചിപ്പിക്കുന്നത്. 'നടത്തത്തിന്‍റെ സ്വഭാവം' പ്രധാനപ്പെട്ട ഒരു ചേഷ്ട തന്നെയാണ്. ആ അവസ്ഥയെ ആനയുടെ പ്രൌഢിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ഉപമയായി ഈ പ്രയോഗത്തെ കണക്കാക്കാം എന്ന്തോന്നുന്നു. 'ദാനി സാമജേന്ദ്ര ഗാമിനി...' (സ്വാതിതിരുനാള്‍) എന്ന് തുടങ്ങുന്ന വര്‍ണ്ണം, മോഹിനിയാട്ടത്തില്‍ അവതരിപ്പിക്കുമ്പോള്‍ 'മദം പൊട്ടി ഒലിക്കുന്നതായി' പലരും കാണിക്കുന്നത് കണ്ടിട്ടുണ്ട്. അതില്‍ 'മദ' എന്ന വിശേഷണവും ഇല്ല്യ. എന്നാല്‍, 'പൊട്ടി', 'ഒലിക്കുന്നു' എന്ന്ഹസ്തമുദ്രകള്‍ തന്നെ കാണിക്കുന്നത് കണ്ടിട്ടുണ്ട്. രണ്ടായാലും, ഏതു നാട്യത്തിലായാലും 'മദത്തെ' അങ്ങിനെ വ്യാഖ്യാനിക്കുന്നത് ആനയുടെ ശരീരശാസ്ത്രപരമായോ, സൌന്ദര്യശാസ്ത്രപരമായോ പ്രസ്തുത സന്ദര്‍ഭത്തില്‍ യോജിക്കുന്നില്ല്യ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം
K.s. Mohandas June 13
സ്ത്രീയുടെ നടത്തത്തിനോടുപമിപ്പിക്കുമ്പോൾ 'മദ' ത്തിനു 'പ്രൌഢി' എന്നർത്ഥം തന്നെയാണ് ചേരുക. 'മദകളകളഹംസാഞ്ചിത ഗമനേ...' എന്ന് കീചകൻ സൈരന്ധ്രിയെ അഭിസംബോധന ചെയ്യുമ്പോൾ 'മദ'ത്തെ 'പ്രൌഢി' യായിക്കണ്ടാൽ അതു ആനയ്ക്കും (കളഭം) കളഹംസത്തിനും ഒരുപോലെ ചേരുന്ന വിശേഷണമാകും - 'പ്രൌഢി'യുള്ള ആനയേയും കളഹംസത്തെയും പോലെ നടക്കുന്നവളേ ...'. 'മദ' ത്തെ 'ആനയുടെ മദപ്പാട്' എന്ന അർത്ഥത്തിൽ ചിന്തിച്ചാൽ ഈ പദത്തിനു ഭംഗിയുണ്ടാവില്ല.
Ambujakshan Nair June 13
അഭിപ്രായത്തിന് വളരെ നന്ദി ശ്രീ. ഉണ്ണികൃഷ്ണൻ മേനോൻ അവർകൾ.
ശ്രീ. മോഹൻദാസ്, വളരെ ചിന്തിക്കേണ്ട ഒരു വിഷയത്തെയാണ് താങ്കൾ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. താങ്കൾ ചൂണ്ടിക്കാട്ടിയ അവതരണം ചെയ്ത നടൻ ആരാധ്യനാണ് എങ്കിൽ അതിനെ ന്യായീകരിക്കുവാനും ധാരാളം പേർ ഉണ്ടാകും.
K.s. Mohandas June 13
ശ്രീ.നായർ: ഏതെങ്കിലും ഒരു പ്രത്യേക നടൻ ചെയ്ത അബദ്ധം എന്ന നിലയിലല്ല ഈ വിഷയം ഞാനിവിടെ അവതരിപ്പിച്ചത്. ബഹുഭൂരിപക്ഷം നടന്മാരും ഇങ്ങനെ തന്നെയായിരിക്കാം ആ പദം ആടുന്നത്.മോഹിനിയാട്ടത്തിൽ പോലും 'മദ' ത്തിന്റെ വ്യാഖ്യാനം ഇതു പോലെയാണ് നടത്തുന്നത് എന്നു ശ്രീ.മേനോൻ മുകളിൽ പറഞ്ഞിരിക്കുന്നുവല്ലോ? സാഹിത്യത്തിന്റെ അർത്ഥതലങ്ങളെ ശരിക്കും ഉൾക്കൊള്ളാതെ കല പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യമ്പോൾ വന്നു കൂടുന്ന ഒരു ദുര്യോഗമാണിത്. ഒരിക്കൽ ഇതേ പോലെ മറ്റൊരു പദത്തിന്റെ വ്യാഖ്യാനത്തിൽ വന്നു കൂടുന്ന തെറ്റിനെപ്പറ്റി സമാദരണീയനായ ഒരു കഥകളി കലാകാരനോടു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, "താങ്കൾ പറയുന്നത് ശരിയാണ്.
ആശാന്മാർ പഠിപ്പിച്ചത് അതു പോലെ ആടുകയാണ് ഞങ്ങൾ ചെയ്യുന്നത്. പക്ഷേ അതിലെ അപാകത ഇപ്പോൾ മനസ്സിലായി. ഇനി ആടുമ്പോൾ ഈ അപാകത തോന്നാത്ത വിധത്തിൽ ആടാൻ ശ്രമിക്കാം". ഒരേ വാക്കിനു തന്നെ സാന്ദർഭികമായി പല അർത്ഥതലങ്ങൾ ഉണ്ടാകാം എന്നു മനസ്സിലാക്കുകയും അതിനനുസരിച്ച് പദവ്യാഖ്യാനം ചെയ്ത് അവതരണം നടത്തുകയും ചെയ്താൽ തീരുന്ന കാര്യമേ ഉള്ളൂ. കലാമണ്ഡലത്തിലെ ഒരു മേള വിദഗ്ദനോട് (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) ഈ വിഷയം ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, 'താങ്കൾ പറയുന്ന കാര്യം ശരിയാണ്. പക്ഷെ ഇത് നടപ്പിൽ വരുത്തുക വിഷമമാണ്. ഗുരുമുഖത്തു നിന്നും പഠിച്ചു വർഷങ്ങളായി അരങ്ങിൽ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി, അത് തികച്ചും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പോലും, മാറ്റി ചെയ്യാൻ കലാകാരൻ ഇഷ്ട്ടപ്പെടുകയില്ല. അങ്ങിനെ ആരെങ്കിലും ചെയ്യാൻ തയ്യാറായാൽ സന്തോഷിക്കാം. അത്രമാത്രം". ഉണ്ടാകും
Sudheesh Namboothiri June 13
നാട്യശാസ്ത്രത്തിൽ മദവിലസിതമെന്നും അഭിനവഭാരതിയിൽ മദനവിലസിതമെന്നും പറയുന്ന മദം 2 രീതിയിൽ അഭിനയിക്കാം. 'മദിര'എന്ന ദൃഷ്ടിയാണു മദം അഭിനയിക്കുമ്പോൾ ഉപയോഗിയ്ക്കുന്നത്. താണതരം മദം (മൂരിശൃംഗാരം )അഭിനയിക്കുമ്പോൾ വേറൊരു ദ്ര്ഷ്ടിയും ഉപയോഗിയ്ക്കുന്നു.
ആന, മദം, ...ഇതൊക്കെ ചില സങ്കേതങ്ങളാണു. അവയെ അക്ഷരാർത്ഥത്തിലെടുക്കുന്നത് നാട്യത്തെ വികലമാക്കും എന്നാണെന്റെ അഭിപ്രായം
Unnikrishnan Menon 9:38pm Jun 13
ശ്രീ. സുധീഷ് നമ്പൂതിരി - കഥകളി നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ല 'അതിനു അതിന്‍റേതായ ഘടനയുണ്ട്' എന്ന് പറയുന്നവര്‍ ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. ഒരുഭാഷ ഏതു പ്രാദേശിക ശൈലിയില്‍ ആയാലും ആഭാഷയുടെ നിഘണ്ടുവിനെയും വ്യാകരണത്തെയും അനുസരിക്കുന്നില്ല്യ എന്ന് പറയുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഒരു ഭാഷയിലും ഒരു കൃതിയും അതിന്‍റെ നിഘണ്ടുവോ വ്യാകരണമോ മുഴുവനും ഉപയോഗിക്കുന്നില്ല്യ; അതിന്‍റെ ആവശ്യം വരുന്നില്ല്യ എന്നും വ്യക്തമാണല്ലോ
Sudheesh Namboothiri June 13
അതു ശരിയാണു. നമ്മൾ പഠിച്ചതും,അനുസരിയ്ക്കുന്നതും പറഞ്ഞു അത്രേള്ളൂ. ബാക്കിയൊക്കെ അതത് വ്യക്തികൾ തീരുമാനിയ്ക്കട്ടെ അല്ലെ?
ഭാഷയ്ക്ക് വ്യാകരണം തന്നെ വേണ്ടെന്നാണു ഉത്തരാധുനിക,ആധുനികോത്തര വാദികളുൾടെ അഭിപ്രായം. പിന്നെ എന്തു പറയാൻ.!.
Unnikrishnan Menon 9:38pm Jun 13
പുതുമയെ സ്വീകരിക്കുവാന്‍ വൈമുഖ്യമുള്ള കൂട്ടത്തിലല്ല. പക്ഷെ, ഭാഷയും സംസ്ക്കാരത്തിന്‍റെ ശക്തമായ ഘടകമാണ്എന്ന് വിശ്വസിക്കുന്നു. അതിന് വൈകല്യം വരുത്തുന്ന പുതുമ പുരോഗമനമാണ് എന്ന്സമ്മതിക്കുവാന്‍ വിഷമമാണ്; 'എന്തോ ഒരു ഗമനം' എന്ന് സമ്മതിക്കാം. ഉത്തരാധുനിക, ആധുനികോത്തര വാദികളുൾടെ വ്യക്തിനിഷ്ടമായ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നുമില്ല്യ.
Ref: "അവതരണം ചെയ്ത നടൻ ആരാധ്യനാണ് എങ്കിൽ അതിനെ ന്യായീകരിക്കുവാനും ധാരാളം പേര് ഉണ്ടാകും". - ശ്രീ. അമ്ബുജാക്ഷന്‍ നായര്‍ പറഞ്ഞത് ഒരു അംഗീകൃത വസ്തുതയാണ്. പക്ഷെ, അടുത്തകാലത്തായി അതിനു കുറച്ചെങ്കിലും മാറ്റം വന്നിട്ടുണ്ട് എന്ന്തോന്നുന്നു. ശ്രീ. കെ. എസ്സ്. മോഹന്‍ദാസ് സൂചിപ്പിച്ച രണ്ടു കലാകാരന്മാരുടെ പ്രതികരണങ്ങള്‍തന്നെ അതിനു ഉദാഹരണങ്ങളാണ്. അദ്ദേഹം ഉദ്ധരിച്ച - "'താങ്കൾ പറയുന്ന കാര്യം ശരിയാണ്. പക്ഷെ ഇത് നടപ്പിൽ വരുത്തുക വിഷമമാണ്. ഗുരുമുഖത്തു നിന്നും പഠിച്ചു വർഷങ്ങളായി അരങ്ങിൽ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി, അത് തികച്ചും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പോലും, മാറ്റി ചെയ്യാൻ കലാകാരൻ ഇഷ്ട്ടപ്പെടുകയില്ല" എന്ന പ്രതികരണം തന്നെയാണ് പല മോഹിനിയാട്ടം കലാകാരിമാരില്‍നിന്നും കിട്ടിയത്. പക്ഷെ, ചിലര്‍ മാറ്റിചിന്തിക്കുവാനും തയ്യാറായി എന്ന നല്ല സമീപനത്തെ ബഹുമാനിക്കുന്നു.
കിര്‍മ്മീരവധം ആട്ടക്കഥയില്‍, ലളിതയുടെ (സിംഹിക) 'വനമുണ്ടിവിടെ ദുര്‍ഗാഭവനവുമുണ്ട്' - എന്ന പദത്തില്‍ 'വനം' എന്നതിന് 'ജലം' എന്ന പര്യായമായി (കുളം) കാണിക്കണം എന്നൊരു വാദം കുറച്ചുകാലം മുന്പ് ഉണ്ടായിരുന്നു. അതിന് കാരണം പറഞ്ഞിരുന്നത്, സംഭവം 'വനത്തില്‍' (കാട്ടില്‍) നടക്കുന്നു, അതുകൊണ്ട് 'വനം ഉണ്ട് ഇവിടെ' എന്നതിന് 'കാട് ഇവിടെ ഉണ്ട്'' എന്ന് എടുത്തുപറയേണ്ടതില്ല്യ എന്നായിരുന്നു. ശ്രീ. പദ്മനാഭന്‍ ആശാന്‍റെ 'ചൊല്ലിയാട്ടം' എന്ന പുസ്തകത്തില്‍ (വാല്യം2; പേജ് 494), "പ്രത്യേക ലക്ഷണങ്ങളോടുകൂടിയ വനമാണത്രേ ദുര്‍ഗാവനം. ആ വനത്തെയാണിവിടെ ഉദ്ദേശിക്കുന്നത്. അതിനാല്‍ കാട് എന്നു തന്നെ കാണിക്കുന്നു" എന്ന് അടിക്കുറിപ്പ് ചേര്‍ത്തിട്ടുണ്ട്. തുടര്‍ന്നുള്ള 'കണ്ടാലതിമോദം ഉണ്ടായ്‌വരും വിപിനമിതു കണ്ടായോ' എന്ന ഭാഗം അത് ന്യായീകരിക്കുന്നു എന്ന് കരുതാം.
മണി വാതുക്കോടം June 18
കാട്ടിന്റെ സമീപത്തു അഥവ ഓരത്ത് പാഞ്ചാലിയെ കണ്ടീട്ട് വന്നു രാക്ഷസീ എന്നല്ലേ ശ്ലോകത്തിൽ? അപ്പോൾ പിന്നെ വനത്തിലുള്ളിലാൺ എന്ന് പറയാനാകുമോ?
പിന്നെ സംഭവം നടക്കുന്നത് കാമ്യവനത്തിലാണല്ലോ. നമ്മൾ വനം എന്ന് പെട്ടന്ന് മനസ്സിൽ വരുന്നത് ഇടതൂർന്ന മഴക്കാട് ആണല്ലോ,എന്നാൽ കാമ്യവനം ഇങ്ങിനെയുള്ളതല്ല. രാജസ്ഥാൻ ഭാഗത്തുളള ഇത് കുറ്റിക്കാടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ പ്രെദേശം മാത്രം .വേനൽക്കാലത്ത് ഏറെക്കുറെ ഉണങ്ങി വരണ്ട് പൊടിക്കാറ്റും ആയിരിക്കും.ആദ്യരംഗത്തിന്റെ ശ്ലോകത്തിൽ കൃത്യമായി ഇതു പറയുന്നുമുണ്ടല്ലോ. അപ്പോൾ പിന്നെ മരങ്ങൾ ഇടതൂർന്നുനിൽക്കുന്ന വനമുണ്ട് ഇവിടെ അടുത്ത് എന്നു പറയുന്നത് ഔചിത്യപരം തന്നെ
Unnikrishnan Menon 9:38pm Jun 18
'കഥകളിയിൽ ആട്ടക്കഥയിൽ പറയുന്നത് മാത്രം നോക്കിയാൽമതി' എന്ന വാദഗതി അംഗീകരിച്ചാൽത്തന്നെ, ഈ വിഷയത്തിൽ .സംശയമില്ല്യ ശ്രീ. മണി. 'ജലം' എന്ന് അർഥം വരത്തക്ക എന്തെങ്കിലും ബുദ്ധിമുട്ടി വ്യാഖ്യാനിക്കുവാൻ അതിൽ മറ്റു ധ്വനിയോന്നും ഉള്ളതായി മനസ്സിലാവുന്നില്ല്യ. 'മദ' എന്ന വിശേഷണത്തിന് സാന്ദർഭികമായി സ്വീകരിക്കേണ്ട അർത്ഥത്തെ കുറിച്ചു് ശ്രീ. മോഹന്ദാസ് സംശയമുന്നയിച്ചപ്പോൾ, ഒരു കാലത്ത് (കുറച്ചു കാലത്തേക്ക്) അങ്ങിനെ മറ്റൊരു പ്രവണത ഉണ്ടായിരുന്നു എന്ന് സൂചിപ്പിച്ചു എന്നേയുള്ളൂ.
K.s. Mohandas June 18
"ബഹു ഭൂരിപക്ഷം നടന്മാരും ഇങ്ങിനെ തന്നെയായിരിക്കാം ആ പദം ("മദസിന്ധുരഗമനേ'') ആടുന്നത്' എന്നു മുകളിൽ ഞാൻ എഴുതിയത് ശരിയാണോ എന്നു 'you tube' ലും കൈവശമുള്ള വീഡിയോകളിലും ഒന്ന് തിരഞ്ഞു നോക്കി. കൃഷ്ണൻ നായരാശാനും ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയും ഉൾപ്പെടെയുള്ള വടക്കൻ, തെക്കൻ ചിട്ടക്കാർ ആരും തന്നെ 'മദം പൊട്ടിയ' ആന എന്നു കാണിക്കുന്നില്ല; മറിച്ച് ഗർവ്, തന്റേടം തുടങ്ങിയ അർത്ഥങ്ങളെ 'മദ' ത്തിനു കാണിക്കുന്നുള്ളൂ എന്നാണു എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. അതായത് എന്റെ പോസ്റ്റിന് ആധാരമായ ആട്ടം കഥകളി പൊതുവെ സ്വീകരിച്ചിട്ടുള്ള ആട്ടമല്ല; ഒരു നടൻറെ കൂട്ടിച്ചേർക്കൽ കൊണ്ടുണ്ടായത് മാത്രമാണ് എന്നർത്ഥം. സന്ദർഭത്തിനു യോജിക്കാത്ത ആ വ്യാഖ്യാനം പഴമക്കാരും പുതുമക്കാരുമായ കഥകളി കലാകാരന്മാർ സ്വീകരിച്ചിട്ടില്ല എന്നുള്ളത് ആശ്വാസകരം തന്നെ. പക്ഷെ പാട്ടുകാർ പദങ്ങൾ എങ്ങിനെ പാടിയാലും നടന്മാർ പദങ്ങൾ എങ്ങിനെ വ്യാഖ്യാനം ചെയ്ത് അവതരിപ്പിച്ചാലും കുഴപ്പമില്ല എന്ന പ്രേക്ഷക നിലപാട് കഥകളിക്കു ഗുണകരമാവില്ല എന്നൊരഭിപ്രായം എനിക്കുള്ളത് കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.
Ambujakshan Nair June 13
പാരമ്പര്യമായി താങ്കൾക്ക് കൈവന്ന കഥകളിയോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ബഹു ഭൂരിപക്ഷം നടന്മാരും എങ്ങിനെയാണ് "മദസിന്ധുരഗമനേ'' എന്ന പദം ആടുന്നത് എന്ന് മനസിലാക്കുവാൻ സമയം കണ്ടെത്തുവാൻ തയ്യാറായത്. താങ്കൾ ഉന്നയിച്ച ഒരു സംശയം, അത് ഒരു നടൻറെ മാത്രം സവിശേഷതയെന്ന് മനസിലാക്കി തന്നതിൽ വളരെ നന്ദിയുണ്ട്.
ശ്രീ. കൃഷ്ണൻ നായർ ആശാനേ കഠിനമായി വിമർശിക്കുവാൻ താല്പ്പര്യം കാണിക്കുന്ന ഒരു കൂട്ടം ആസ്വാദകരുടെ മുൻപിൽ തങ്ങൾക്കു താല്പ്പര്യമുള്ള നടൻ "കാമൻ വീണ്ടുമാശ പൂണ്ടീടുന്ന കൊങ്ക രണ്ടും" എന്ന പദത്തിനു മോഹിനിയുടെ "പിൻവശം" എന്ന് കാണിച്ചാലും അവർ അത് അംഗീകരിക്കുകയും ന്യായപ്പെടുത്തുകയും ചെയ്യും എന്നതിന് ഒരു സംശയവും വേണ്ട.
മണി വാതുക്കോടം June 18
രാജാവ് നഗ്നനാണ് എന്നു പറയാനും ഒരാളുവേണല്ലൊ!
Unnikrishnan Menon 9:38pm Jun 18
എന്റെ അമ്മ (95 വയസ്സ് കഴിഞ്ഞു; എന്റെ കൂടെയുണ്ട്) പലപ്പോഴും പറയാറുണ്ട് - പണ്ട്, തറവാട്ടിൽ മുത്തച്ഛൻ കളി നടത്തിയിരുന്ന കാലത്ത് (അന്ന് അമ്മയ്ക്ക് ഉദ്ദേശം 14 - 15 വയസ്സ്), 'അധികം ഭീതികരങ്ങൾ' എന്നതിലെ 'കരങ്ങൾ' എന്നതിന് 'കൈകൾ' എന്ന് കാണിച്ചിരുന്ന ഒരാശാനുണ്ടായിരുന്നു. 'അധികം' & 'ഭീതികരങ്ങൾ' എന്ന് മുറിച്ചു പടിയിരുന്നുവെന്നും. അന്ന് ഏറണാകുളത്തിനു തെക്കോട്ടുള്ള കളിക്കാരായിരുന്നു അധികവും തറവാട്ടിൽ വന്നിരുന്നത്. വടക്കുനിന്നുള്ളവരെ പിന്നീടാണ് അവർ കണ്ടു തുടങ്ങിയത്. അന്ന് അങ്ങിനെയായിരുന്നു എന്നു മാത്രം. കാലക്രമേണ, മിക്ക പാട്ടുകാരും വേഷക്കാരും അവരവരുടെ പ്രവൃത്തിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതായി കണ്ടു വരുന്നു എന്നും പറയാറുണ്ട്.
Unnikrishnan Menon 9:45 pm Jun 18
നളചരിതം ഒന്നാം ദിവസത്തിൽ, "ആസിത് പുരാ........നളനാമാധേയാ:" എന്ന ശ്ലോകവും, "അരമതാമിത....നൈഷധവീരൻ * ചിരമവനീ.........വംശവീരൻ." എന്ന നിലപ്പദവും ചേർത്ത് നളന്റെ സ്ഥായിയെ നിർണ്ണയിച്ചാൽ, നാരദൻ (ആട്ടക്കഥയിൽ) 2 വരിയിൽ പറയുന്ന ഹ്രസ്വ മായ ദമയന്തീവിവരണം ശ്രവിച്ച നളൻ, "മുദിരതതി കബരീ ......ഗതിയിനി" എന്ന ഭാഗം കഥകളിയുടെ ദൃശ്യഭാഷയിൽ സഞ്ചാരീദ്വാരാ വിന്യസിക്കുമ്പോൾ, ആ കഥാപാത്രത്തെ നിരവധികാലം കൈകാര്യം ചെയ്ത ചില നടന്മാർപോലും , കുറച്ചെങ്കിലും പാത്രസ്ഥായീഭംഗം പ്രകടമാക്കുന്നില്ല്യേ എന്ന് (എനിക്ക്) സംശയം തോന്നാറുണ്ട്. ഇത്തരം സംശയങ്ങൾ നാട്യപണ്ഡിതന്മാര്ക്ക് പല വാദങ്ങളെക്കൊണ്ടും ഉചിതമെന്നും അനുചിതമെന്നും കല്പ്പിക്കാം. ഭാഷയെ അടിസ്ഥാനമാക്കിയും, അഭിനയശൈലിയെ അടിസ്ഥാനമാക്കിയും, തീരുമാനത്തിൽ എത്തുവാനുള്ള വിവരം എനിക്കില്ല്യ എന്ന് സമ്മതിക്കുന്നു. അനുഭവസമ്പന്നരായ ചിലർ നല്ലൊരു ചര്ച്ച തുടങ്ങിവച്ചത് കണ്ടപ്പോൾ ഇതും ചിന്തിച്ചു എന്ന് മാത്രം.
K.s. Mohandas 3:32am Jun 19
ശ്രീ.മേനോൻ: താങ്കൾ പരാമർശിച്ച നളചരിത 'നിലപ്പദ'ത്തിലെ നളനെയല്ല 'കുണ്ടിനനായക'യിലും 'മുദിരതതി കബരി' യിലും പലപ്പോഴും രംഗത്തു കാണാറുള്ളത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. സാഹിത്യരചനയുടെ പ്രത്യേകത കൊണ്ടാവാം ഇത്. നളന്റെ സ്ഥായീഭാവത്തിനു ഭംഗം വരാതെ കുറേക്കൂടി ഭംഗിയായി ഈ പദങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കാം എന്നല്ലാതെ അതെങ്ങിനെ സാധിക്കാം എന്നു പറയുക സാധ്യമല്ലല്ലോ? നാട്യപണ്ഡിതന്മാർക്കു മാത്രം ഉത്തരം നല്കാൻ കഴിയുന്ന ഈ വിഷയത്തിൽ അതിനാൽ തന്നെ കൂടുതൽ ഒന്നും പറയാനും ഇല്ല.
പക്ഷെ ഇവിടെ എൻറെ പോസ്റ്റിൽ പരാമർശിച്ച വിഷയം അത്ര സങ്കീർണ്ണമായ ഒരു കഥകളി വിഷയമേ അല്ല, എന്നാൽ കഥകളിക്കു വളരെ പ്രാധാന്യമുള്ളതാണുതാനും. എന്തൊക്കെ ന്യായീകരണങ്ങൾ മറിച്ചു നല്കിയാലും കഥകളിപ്പദങ്ങൾ കഥകളി ശരീരത്തിന്റെ നട്ടെല്ലു തന്നെയാണ്. കവി ഉദ്ദേശിച്ചിരിക്കുന്ന അർത്ഥത്തിൽ, സന്ദർഭത്തിനു യോജിച്ച വിധത്തിൽ തന്നെ പദങ്ങൾ നടന്മാർ ആവിഷ്ക്കരിക്കേണ്ടതുണ്ട്. അൽപ്പം ശ്രദ്ധിച്ചാൽ ഇതു പ്രാവർത്തികമാക്കാവുന്നതേയുള്ളൂ. പദത്തിന്റെ വ്യാഖ്യാനം തെറ്റിയാൽ ആട്ടത്തിന്റെ വഴി മാറും എന്നു നമ്മൾ കണ്ടു കഴിഞ്ഞു. ഇങ്ങനെ തെറ്റായ പദവ്യാഖ്യാനത്തിലൂടെ വികല മാക്കപ്പെടുന്ന പല രംഗങ്ങളും കഥകളിയിലുണ്ട്.
ശ്രീ.മേനോൻ: 'അനുഭവസമ്പന്നരായ ചിലർ നല്ലൊരു ചർച്ച തുടങ്ങി വച്ചതു കണ്ടപ്പോൾ' എന്നു താങ്കൾക്കു പറയാൻ കഴിയുന്നത് താങ്കൾ ഈ വിഷയത്തിൽ 'biased' അല്ലാത്തതുകൊണ്ടാണ്. ഇവിടെ പറയുന്ന വിഷയത്തിൽ ഇത്രക്കെന്തു ചർച്ച ചെയ്യാനിരിക്കുന്നു എന്നായിരിക്കും മറ്റു പലരുടെയും ചിന്ത. തെക്കു-വടക്ക് എന്നോ മറ്റോ പറഞ്ഞു ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നുവെങ്കിൽ ഒരു നൂറു പേരെങ്കിലും ഇവിടെ വന്ന് വീറോടെ 'ചർച്ച' ചെയ്തേനെ. 'മസാല' ഒന്നും ഇല്ലാത്ത ശുദ്ധകഥകളിക്കാര്യത്തിൽ എന്തു ചർച്ച ചെയ്യാൻ?
ഏതായാലും കഥകളിപ്പദമാണ് ഈ പോസ്റ്റിന് ആധാരമെന്നതിനാൽ ഈ വിഷയത്തെക്കുറിച്ച് എഴുതി മുൻപ് ഞാൻ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനം വീണ്ടും ഏവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നു. ഇവിടുത്തെ വിഷയം കഥകളിപ്പദത്തിന്റെ വ്യാഖ്യാനത്തെയും ആവിഷ്ക്കാരത്തെയും കുറിച്ചായിരുന്നുവെങ്കിൽ, കഥകളിപ്പദങ്ങൾ എന്താണെന്നും അത് ആലപിക്കുന്നതിൽ പാലിക്കേണ്ട മര്യാദകൾ എന്തെന്നും സൂചിപ്പിക്കുന്നതാണ് ലേഖനം. മുൻപു വായിച്ചിട്ടില്ലാത്തവർ ഒന്നു ശ്രദ്ധിക്കുക.
http://dhanyaasi.blogspot.in/2014/11/blog-post_7.html
Unnikrishnan Menon 5:27am Jun 19
ശ്രീ. മോഹൻദാസ് - ലേഖനം വായിച്ചു, വളരെ പ്രസക്തം. നന്നായിട്ടുണ്ട്.
പരാമർശം: " 'മുദിരതതി കബരി' യിലും പലപ്പോഴും രംഗത്തു കാണാറുള്ളത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. സാഹിത്യരചനയുടെ പ്രത്യേകത കൊണ്ടാവാം ഇത്."
ഇത്, സാഹിത്യരചനയുടെ പ്രത്യേകത കൊണ്ടല്ല എന്നാണ് എന്റെ എളിയ അഭിപ്രായം. പ്രസ്തുത ഭാഗം അധികം അവതരിപ്പിച്ച് ശീലമില്ല്യാത്തവർ കൃത്യമായി അവതരിപ്പിക്കുന്നതായി 'തോന്നിയിട്ടുണ്ട്.' ഇത്തരം 'തോന്നലുകൾ' നല്ലൊരുപരിധിവരെ ആസ്വാദകനെക്കൂടി ആസ്പദമക്കിയിരിക്കും എന്ന വസ്തുത നിരസിക്കുന്നില്ല്യ. അങ്ങ് പദാർത്ഥ വ്യാഖ്യാനമാണല്ലോ സൂചിപ്പിച്ചത്. അത് തന്നെയാണ് ഞാനും സൂചിപ്പിച്ചത്; ഒരു 'വാക്കിന്റെ' വ്യാഖ്യാനത്തെ അല്ല എന്നുമാത്രം.
നടന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ, പാത്രസ്ഥായിക്ക് ഭംഗം വരാതെ ഏതെല്ലാം അനുഭാവങ്ങൾ സഞ്ചാരിയിൽ ഉൾപ്പെടുത്താം എന്ന ബോധം തന്നെയാണ് ഇവിടെ ആവശ്യം. നളചരിതത്തിലെ പ്രസ്തുത ഭാഗത്തിൽ വിപ്രലംഭശൃംഗാരം, കഥാപാത്രത്തിന്റെ സ്ഥായി താഴ്ത്തുന്നു എന്ന 'തോന്നലാണ്' ഞാൻ പറഞ്ഞത്. ആർക്കും അങ്ങിനെ തോന്നാതിരിക്കുവാൻ സ്ഥായീസംബന്ധമായ ഉപചാരങ്ങളെ കുറിച്ചു് നടൻ (ആസ്വാദകനും) ബോധവാനായാൽ മതി എന്നാണ് പറയുവാനുള്ളത്. 'അത്യാവശ്യമെങ്കിൽ' നാട്യധർമ്മിയിൽ ലോകധര്മ്മി ചേർക്കുന്നത് ശാസ്ത്ര ദൃഷ്ട്യാ അനുവദനീയമാണ്. അത് പ്രേക്ഷകനിലേക്ക് ശരിയായ രസത്തെ പ്രകരണം ചെയ്യുവാനാണ്. ഏതു കലയായാലും 'സ്ഥയീരസം നിലനിർത്തുക എന്നത് പ്രധാനമാണ്' എന്നാണ് പണ്ഡിതമതം. നാട്യധർമ്മിക്ക് മുൻതൂക്കം കല്പ്പിച്ചിരിക്കുന്ന നാട്യരൂപങ്ങളിൽ, നടനും ആസ്വാദകനും പാത്രോപചാരങ്ങളെ ക്കുറിച്ച് അടിസ്ഥാനപരമായ ചില നിയമങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകരിക്കും എന്ന് തോന്നുന്നു. അപ്പോൾ biased ആവാതെ കാണുവാനുള്ള സാധ്യത കൂടും എന്നാണ് എന്റെ അനുഭവം. അല്ലെങ്കിൽ, ചർച്ചയൊന്നും ആവ്ശ്യമില്ല്യ. ഓരോരുത്തരും അവരവരുടെ ഭാവനക്കനുസരിച്ച് വ്യാഖ്യാനിച്ചോട്ടെ; ആസ്വദിച്ചോട്ടെ എന്ന നിഗമനത്തിൽ വിടാം.
Sukumaran Valayangad: 5:34am Jun 19
ഒരിക്കല്‍ ശിവരാമേട്ടന്‍ ഇതിനെ പ്പറ്റി സംസാരിച്ചതോര്‍ക്കുന്നു, കളരിയില്‍ പഠിച്ചത് അതേ പടി പകര്‍ത്തണംന്നില്യ നമ്മള്‍ വായിച്ചും അറിഞ്ഞും മാറ്റം വരുത്തണംന്നാ ശിവരാമന് തോന്നണ് എന്നാ അദ്ദേഹം പറഞ്ഞത്. കുമതേ എന്നതിന്നുള്ള മുദ്രയെപ്പറ്റി പറയ്യായിരുന്നു...
മദഗജ വാഹന മഹാമതേ, എന്ന് അയ്യപ്പനെ സ്തുതിക്കുന്നുണ്ടല്ലോ?
Unnikrishnan Menon 5:44am Jun 19
Ref: Sree. Sukumaran Valayangad - 'മദംപൊട്ടിയ ആനയെ നിയന്ത്രിച്ച് വാഹനമാക്കിയ' എന്നോ 'പ്രൗഡിയുള്ള [കൃത്യമായ 'ഡ' കിട്ടുന്നില്ല്യ] ആനയെ വാഹനമാക്കിയ' എന്നോ വ്യാഖ്യാനിക്കേണ്ടത് എന്നത് സന്ദര്ഭം അനുസരിച്ചിരിക്കുമല്ലോ.
സ്തുതിക്കുമ്പോൾ ആയാലും സാഹിത്യത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കിനെക്കുറിച്ച് തർക്കമില്ല്യ. അതെങ്ങിനെ വ്യാഖ്യാനിക്കണം എന്നതിനെക്കുറിച്ചാണ് ചർച്ചവരുന്നത്. ശിവരാമേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പല സന്ദര്ഭങ്ങളിലും പദാർത്ഥതലത്തേക്കാൾ അതിന്റെ ധ്വനിതലത്തിനു തന്നെയാണ് പ്രാധാന്യം കല്പ്പിക്കേണ്ടത്
Hariharanmony Ramakrishnan 10:21pm Jun 18
ശ്രീ മോഹനദാസ് , താങ്ങളുടെ അഭിപ്രായം തന്നെയാണ് കഥാപാത്രത്തിനനുയോജ്യവും യുക്തിയും. തിന്നു കൊഴുത്തു മദിച്ച ആനയുടെ നടത്തം
K.s. Mohandas 10:34pm Jun 19
ശ്രീ.മേനോൻ : "ശിവരാമേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പല സന്ദര്ഭങ്ങളിലും പദാർത്ഥതലത്തേക്കാൾ അതിന്റെ ധ്വനിതലത്തിനു തന്നെയാണ് പ്രാധാന്യം കല്പ്പിക്കേണ്ടത്" എന്ന അങ്ങയുടെ പരാമർശത്തിന്റെ വെളിച്ചത്തിൽ എന്റെ ഒരു സംശയം ചോദിച്ചോട്ടെ (ധ്വനിതലം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് പദത്തിന്റെ സാന്ദർഭികവും ലളിതവുമായ അർത്ഥതലം എന്നാണ്). നളചരിതം മൂന്നാം ദിവസത്തിലെ 'ലോകപാലന്മാരെ' എന്ന പദത്തിലെ 'അപരിഹരണീയ വിധിയന്ത്രത്തിരിപ്പുമൂന്നി' എന്നതിലെ 'വിധിയന്ത്രത്തി രിപ്പ്' എന്നതുകൊണ്ട് കവി ഉദ്ദേശിക്കുന്നത് 'വിധിവിലാസം' എന്നാണല്ലോ? അതായത് ആ പദത്തിന്റെ ധ്വനിതലം 'അപരിഹാര്യമായ വിധി' എന്നതാകയാൽ നടന്മാർ വിധി,യന്ത്രം,തിരിപ്പ്, ഊന്നി എന്ന് പദാർത്ഥപ്രകാരം ആടേണ്ടതുണ്ടോ അതോ 'അപരിഹാര്യമായ വിധി' എന്നു ലളിതമായി ആവിഷ്‌ക്കരിച്ചാൽ മതിയാകുമോ? ഈ രണ്ടു വിധത്തിലുമുള്ള ആട്ടവും കണ്ടിട്ടുണ്ട്. പദാർത്ഥപ്രകാരമുള്ള ആട്ടത്തിൽ (ആട്ടുകല്ലിലിട്ട് അരി അരയ്ക്കുന്നതുപോലെ 'വിധി യന്ത്ര' ത്തിനെ തിരിച്ചു കൊണ്ടുള്ള ആട്ടം) ആ പദത്തിന്റെ ഭംഗിയും ഉദ്ദേശിച്ചിരിക്കുന്ന അർത്ഥവും വികലമാക്കപ്പെടുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. പക്ഷേ ധ്വനിതലത്തിൽ ആ പദം ആടുമ്പോൾ അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ള ഭാവതലത്തെ നടൻ അയത്നലളിതമായി പ്രേക്ഷകനിലേക്കു സംക്രമിപ്പിക്കുന്നതായിട്ടും എനിക്കു തോന്നി.
പദാർത്ഥപ്രകാരമല്ലാതെ ധ്വനിതലത്തിൽ പദങ്ങൾ ആടുവാനുള്ള സ്വാതന്ത്ര്യം കഥകളിശാസ്ത്രം നടനു നൽകുന്നുണ്ടോ? കോട്ടക്കൽ ശിവരാമാശാനെപ്പോലെയുള്ള പ്രഗത്ഭ നടന്മാർ ധ്വനിതലത്തിനു പ്രാധാന്യം കൽപ്പിച്ചായിരുന്നു അഭിനയിച്ചിരുന്നത് എന്നതു കാണുമ്പോൾ ഇതിൽ കഥകളിപരമായി അപാകതയൊന്നും ഇല്ല എന്നും കാണുന്നു. ഇതു ശരിയെങ്കിൽ കഥകളിയിലെ, പ്രത്യേകിച്ചും നളചരിതം പോലൊരു കാവ്യഭംഗിയുടെ, സങ്കീർണ്ണമായ പല പദങ്ങളുടെയും അർത്ഥ-ഭാവതലങ്ങൾ അനായാസം പ്രേക്ഷകനിലേക്കു എത്തിക്കുവാൻ നടനു സാധിക്കുമായിരിക്കാം.
Unnikrishnan Menon 12:36am Jun 20
Ref: Sree. K.s. Mohandas - (ധ്വനിതലം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് പദത്തിന്റെ സാന്ദർഭികവും ലളിതവുമായ അർത്ഥതലം എന്നാണ്) -
അതുതന്നെയാണ് ശരി. അങ്ങയുടെ സംശയനിവാരണത്തിന് എന്റെ വഴികൾ ഉതകുമോ എന്നറിയില്ല്യ. എനിക്ക് അനുഭവവേദ്യമായി തോന്നിയിട്ടുള്ള ഏതാനും കാര്യങ്ങൾ ഇവിടെ കുറിക്കാം.
1. പലതരം നാട്യങ്ങളിൽ, അഭിനയത്തിൽ സൂക്ഷ്മങ്ങളായ ശൈലീഭേദങ്ങൾ ഉണ്ട് എന്ന് സമ്മതിക്കുന്നു. അവ, ഒരു കാലഘട്ടത്തിലെ ഒരു നിശ്ചിത ശൈലിയിലേക്ക് പല കാരണങ്ങളാലും അറിഞ്ഞും അറിയാതെയും വന്നു ചേർന്നവയായിരിക്കണം. അതുകൊണ്ടുതന്നെ ' കഥകളിശാസ്ത്രം' എന്നൊന്ന് നാട്യശാസ്ത്രത്തിന്റെ ശാഖതന്നെയാണ് എന്നാണ് എന്റെ വിശ്വാസം. ഒരു നാട്യവും നാട്യശാസ്ത്രത്തെ അതേപോലെ അനുസരിക്കുന്നില്ല്യ എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. നാ. ശാ. 14-ആം അദ്ധ്യായത്തിലെ 'പ്രവൃത്തീഭേദങ്ങൾ' ഇത് വ്യക്തമാക്കുന്നുണ്ട്.
2. 'വിധി,യന്ത്രം,തിരിപ്പ്' രണ്ടുതരത്തിലും കണ്ട അങ്ങയുടെ അഭിപ്രായങ്ങൾ ധ്വനിതലത്തിലുള്ള അനുഭാവ പ്രകടനങ്ങളാണ് ആ സന്ദർഭത്തിൽ ഉചിതം എന്നല്ലേ സൂചിപ്പിക്കുന്നത്?
3. ശിവരാമേട്ടന്റെ അഭിപ്രായത്തോട് യോജിക്കുവാൻ നാ. ശാ. വും എന്റെ ആസ്വാദന സമ്പ്രദായവും സമ്മതിക്കുന്നു. 'സാത്ത്വികാഭിനയത്തിനു മുൻതൂക്കം ആവശ്യമായ സന്ദർഭങ്ങളിൽ കൈമുദ്രകൾ ഉപേക്ഷിക്കാം' എന്നും നാ. ശാ., അ. 9. ശ്ലോ. 153; മലയാളവിവർത്തനത്തിൽ സൂചിപ്പിക്കുന്നുണ്ട്. ശിവരാമേട്ടൻ പലപ്പോഴും അത് ചെയ്തിരുന്നു എന്നതും അദ്ദേഹത്തിൻറെ വേഷങ്ങൾ കണ്ടു ശീലമുള്ളവർക്ക് അറിയാവുന്നതാണ്.
4. സാങ്കേതികത ചേർന്ന ആസ്വാദനം / അതില്ല്യാതെയുള്ള ആസ്വാദനം - ഇവയിൽ ഏത്, എങ്ങിനെ സ്വീകരിക്കണം എന്ന ആസ്വാദകന്റെ യുക്തിയെ ചോദ്യം ചെയ്യുന്നില്ല്യ.
5. പദാനുപദം മുദ്ര കാണിക്കുമ്പോഴും സന്ദര്ഭാസ്ഥായിക്കു കോട്ടംതട്ടാതെ ശ്രദ്ധിക്കുവാൻ ഒരു നടന് കഴിയുമെങ്കിൽ അത് നിഷേധിക്കേണ്ട കാര്യമില്ല്യ എന്നാണു എന്റെ അഭിപ്രായം. 'മദം' എന്നതിന്റെ വ്യാഖ്യാനം പോലെ അല്ല ഇത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ.
K.s. Mohandas 3:31am Jun 20
ശ്രീ. മേനോൻ: കഥകളിയുടെ സാങ്കേതിക വിഷയത്തിൽ ജ്ഞാനമുള്ള താങ്കൾ നാട്യശാസ്ത്രത്തെ അവലംബമാക്കി എന്റെ ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ എനിക്കേറെ അറിവു പകർന്നു നൽകുന്നതാണ്. നന്ദി. അപ്പോൾ പദാർത്ഥാഭിനയം കഥകളിയുടെ അടിസ്ഥാനപ്രമാണമാണെന്നു പറയുമ്പോൾ തന്നെ, അതിലും ഭംഗിയായി ധ്വനിതലത്തിലുള്ള അനുഭാവ പ്രകടനങ്ങളിലൂടെ പാദാശയം പ്രേക്ഷകനിൽ എത്തിക്കുന്നതിൽ കഥകളിശാസ്ത്രം എതിരല്ല. പ്രഗത്ഭരായ നടന്മാർ ഇതു സമ്മതിക്കുന്നും ഉണ്ട്. ഈ വിഷയം മുൻപും ഞാൻ പലരോടും സംസാരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഒരുത്തരം എനിക്കിതുവരെ ലഭിച്ചിരുന്നില്ല. സാങ്കേതിക തികവോടെയോ അല്ലാതെയോ കഥകളി ആസ്വദിക്കാൻ പ്രേക്ഷകനു സ്വാതന്ത്ര്യം ഉണ്ടെങ്കിലും സങ്കീർണ്ണതകൾ കാരണം പ്രേക്ഷകനിലേക്ക് എത്താൻ കഴിയാത്ത 'ദന്തഗോപുര' കലയായി കഥകളി നിലനിന്നിട്ടും വലിയ കാര്യമില്ലല്ലോ? സാധാരണ ഒരു പദത്തിന്റെ ആശയം പോലും മനസ്സിലാക്കാതെയാണ് പലരും ഈ കല കണ്ടു കൊണ്ടിരിക്കുന്നതെന്നാണ് എന്റെ ഈ പോസ്റ്റിൽ പരാമർശിച്ച വിഷയം വ്യക്തമാക്കുന്നത്. അതുകൊണ്ട് ശാസ്‌ത്രപരമായി തെറ്റില്ലാത്തതും എന്നാൽ സങ്കീർണ്ണതകൾ ഒഴിവാക്കാവുന്നതുമായ സാദ്ധ്യതകൾ കഥകളി ആരായേണ്ടത് ഈ കലയുടെ ഭാവി നിലനിൽപ്പിന് അനിവാര്യമാണെന്നാണ് എന്റെ അഭിപ്രായം. 'ധ്വനിതലത്തിലുള്ള അഭിനയസ്വാതന്ത്ര്യം' എന്ന ആശയം കഥകളിയുടെ പദാഭിനയത്തെ ഇന്നത്തേക്കാൾ ഭംഗിയായി മനസ്സിലാക്കുവാൻ സാധാരണ പ്രേക്ഷകനെ സഹായിക്കും എന്നതിൽ തർക്കമില്ല. ഇതു കഥകളിയെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി തോന്നുന്നതിനാൽ അങ്ങയുടെയും അതുപോലെ ഈ വിഷയത്തിൽ (പദാർത്ഥാഭിനയവും ധ്വനിതലഅഭിനയവും) ഗ്രാഹ്യമുള്ളവരുടെയും വിലയേറിയ അഭിപ്രായങ്ങൾ കേൾക്കാൻ താത്പര്യമുണ്ട്.
Unnikrishnan Menon 4:48am Jun 20
എന്റെ അറിവിൽ നിന്നുകൊണ്ട് നൽകിയ വിശദീകരണം അങ്ങേക്ക് ഉപകാരപ്രദമായി എന്ന് അറിയുന്നതില് സന്തോഷം.
ശൈലീക്റ്ത നാട്യധറ്മി ആസ്വദിക്കാൻ പ്രേക്ഷകർകൂടി ശ്രമിക്കുന്നത് നന്നായിരിക്കും എന്ന് ആദ്യ പ്രതികരണത്തില് എഴുതിയിട്ടുണ്ട്. അവർക്ക് മനസ്സിലാക്കികൊടുക്കുവാനായി ലോകധറ്മി കൂടുതലായ പ്രയോഗങ്ങള് ഏതു ശൈലീക്റ്ത നാട്യത്തിന്റയും ഘടനയെ കാലക്രമേണ പ്രതികൂലമായി ബാധിക്കും.
K.s. Mohandas 6:20am Jun 20
കഥകളിയുടെ നാട്യശാത്രപരമായ നിബന്ധനകൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ സങ്കീർണ്ണതകളെ ലഘൂകരിക്കാൻ കഴിഞ്ഞാൽ നന്നെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പ്രേക്ഷകർക്കെല്ലാം മനസ്സിലാക്കാനായി അതിരുകടക്കുന്ന ലോകധർമ്മി പ്രയോഗങ്ങളിലൂടെ കഥകളിയുടെ നിലവാരം താഴ്ത്തുന്നതും എന്നാൽ ബഹുഭൂരിപക്ഷം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയാത്ത തരത്തിൽ കഥകളിയുടെ നാട്യശാസ്ത്രപരമായ സങ്കീർണ്ണനിലവാരം ഉയർത്തുന്നതും ഒരു പോലെ ദോഷകരമായിരിക്കാം. കലയില്ലാതെ പ്രേക്ഷകനും പ്രേക്ഷകനില്ലാതെ കലയും നിലനിൽക്കയില്ലല്ലോ?
Unnikrishnan Menon 8:13am Jun 20
പലരും വളരെ കുറച്ചു കൊണ്ടുവരുന്നുണ്ട്. സങ്കീർണ്ണമാകരുത് ഒന്നും. സാങ്കേതികത വിടാതെ, വിരസമാക്കാതെ അത് സാധിക്കും. പ്റേക്ഷകരെ ഒരിക്കലും മറക്കുന്നില്ല്യ. പക്ഷെ, പ്രയോക്താക്കളെ സഹായിക്കാൻ പ്രേക്ഷകർ കുറച്ചെങ്കിലും സഹകരിക്കണം. ഏതു ഭാഷയും ഒന്നും പഠിക്കാതെ മനസ്സിലാക്കുവാന് സാധ്യമല്ലല്ലൊ. അല്ലെങ്കിൽ അവർക്ക് അറിയാവുന്ന ഭാഷ കൂടുതലായി പ്രയോഗിച്ചാല് ആദ്യ ഭാഷ മാറിപ്പോകും. അതരുതെന്ന് മാത്രം.
Achuthankutty Kp Kuttan 11:39am Jun 20
കഥകളിപ്പാട്ടിലെ പദങ്ങൾ, ആട്ടം മനസ്സിൽ കണ്ട് കോർത്തിണക്കിയാതാണ് എന്നു ചിന്തിച്ചാൽ ഈ "മദഗജം "അർത്ഥ ത്തി നേക്കാൾ ആടുവാൻ സാധ്യതകൾ നൽകുന്നതാണ് - നടനും മേളക്കാരനും "മദസിന്ധൂര ഗമന" ത്തിൽ വക ഉണ്ടല്ലോ ..
Unnikrishnan Menon 10:59pm Jun 20
തീർച്ചയായും ഉണ്ട്. അവയെ കഥാപാത്രത്തിനും സന്ദർഭത്തിനും കോട്ടം തട്ടാത്തവിധം എല്ലാ അരങ്ങു പ്രവർത്തകരും കൈകാര്യം ചെയ്യുമ്പോൾ, സാങ്കേതികമായുംകൂടി ആസ്വദനീയമാവും. സാങ്കേതിക മികവു കാണിക്കുവാൻ വേണ്ടി ചെയ്യുന്ന ചില രംഗപ്രയോഗങ്ങൾ സന്ദർഭത്തിന്റെ അവാശ്യമായ ആകെയുള്ള സാന്ദ്രതയെ പ്രതികൂലമായി ബാധിക്കാറുണ്ട്.
എന്റെ വ്യക്തിപരമായ വീക്ഷണത്തിൽ അതിന്നൊരുദാഹരണം - സന്താനഗോപാലത്തിലെ ബ്രാഹ്മണൻ 'എട്ടു ബാലകന്മാർ ഈവണ്ണം ....' -ചമ്പതാളത്തിൽ കാലപ്രമാണം നിർത്തിക്കൊണ്ട് വിരലുകൾ നിവർത്തുവാനുള്ള കഴിവ് പ്രകടമാക്കുമ്പോൾ 'ബ്രാഹ്മനണന്റെ സന്ദര്ഭസ്ഥായി' വഴിവിട്ടുപോകുന്നതായി തോന്നിയിട്ടുണ്ട്. അങ്ങിനെയൊരു പ്രകടനത്തിന്റെ ആവശ്യമുണ്ടോ എന്നതാണ് സംശയം.
അതെ സമയം മുദ്രകൾക്കൊത്തു വരേണ്ടതായ, കഥകളിയിൽ ഹസ്താഭിനയവും ശരീരാഭിയവും സമാന്തരമായി കൊണ്ടുപോകാം എന്ന പ്രത്യേക പരിഗണന അര്ഹിക്കുന്ന; കഥകളിയുടെ 'നൃത്യാംശത്തെ' വ്യക്തമാക്കുന്ന, ചാരികൾ ( 9 വിധം പദ്മനാഭാൻ നായര് ആശാന്റെ പുസ്തകത്തിലും പറഞ്ഞിട്ടുണ്ട്) പലരും, പലപ്പോഴും, നിഷ്കര്ഷതയോടെ ആചരിക്കുന്നതായി കാണാറില്ല്യ. ചൊല്ലിയാട്ടത്തിൽ ആചരിക്കേണ്ടതായ പ്രസ്തുത ദൃശ്യഭാഷാവ്യാകരണം കഥകളിയുടെ മര്മ്മമാണ് എന്നാണ് എന്റെ വിശ്വാസം. ചിട്ടയുള്ള ആദ്യവസാന വേഷങ്ങൾക്ക് ഇത് വളരെ ഒതുക്കാം എന്ന അലിഖിത നിയമം വിസ്മരിക്കുന്നില്ല്യ.
K.s. Mohandas 6:20am Jun 20
Achuthankutty Kp Kuttan: കലാകാരന്റെ കഴിവിനനുസരിച്ചു പദത്തെ വ്യാഖ്യാനം ചെയ്ത് ആടുവാനുള്ള സാധ്യതകൾ ധാരാളം ഉണ്ടാകാം. പക്ഷെ ഇതൊന്നും തന്നെ പദത്തിനു സാന്ദർഭികമായി സാഹിത്യകാരൻ ഉദ്ദേശിച്ചിരിക്കുന്ന അർത്ഥത്തെ മറന്നു കൊണ്ടാകരുതെന്നു മാത്രം. മറ്റാരും കാണിക്കാത്ത പോലെ തടിച്ചു കൊഴുത്തു മദിച്ചു നടക്കുന്ന (മദം പൊട്ടിയതല്ല) ആനയെ കൃഷ്ണൻ നായരാശാൻ കാണിക്കുമ്പോൾ ഭംഗി തോന്നുന്നത് അതുകൊണ്ടാണ്.
Unnikrishnan Menon: പദാർത്ഥാഭിനയം എന്ന കാതലായ വിഷയം ചർച്ച ചെയ്യുമ്പോൾ എങ്ങിനെയോ കഥകളി പരിഷ്ക്കരണത്തിലേക്കു ചർച്ച വഴിമാറിപ്പോയി.
'പദാർത്ഥാഭിനയം' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പദങ്ങളുടെ (വാക്കുകളുടെ) അർത്ഥത്തെ കഥകളിശാസ്ത്രപരമായി (നാട്യശാസ്ത്ര പരമായി) അഭിനയിക്കുക എന്നാണെങ്കിൽ (കഥകളിയുടെ നാട്യശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ അറിവ് കുറവാകയാൽ വരുത്തുന്ന തെറ്റുകൾ ക്ഷമിക്കുക) പദത്തിനു സാന്ദർഭികമായി ചേരുന്ന ഭാഷാപരമായ അർത്ഥം വ്യാഖ്യാനിച്ചു അഭിനയിച്ചാൽ തന്നെ മതിയാകുമല്ലോ? ധ്വനിതലത്തിലുള്ള അനുഭാവ പ്രകടനങ്ങളുടെയോ ലോകധർമ്മിയുടെയോ ആവശ്യം പോലും അപ്പോൾ ഉദിക്കുന്നില്ലല്ലോ? ഉദാഹരണത്തിന് ഇവിടെ പരാമർശന വിധേയമായ 'മദം' എന്ന പദത്തിന്റെ സാന്ദർഭികമായ ശരിയായ അർത്ഥം 'ഗർവ്' ആണെന്ന് മനസ്സിലാക്കി അഭിനയിച്ചാൽ അത് 'പദാർത്ഥാഭിനയം' തന്നെയല്ലേ? ആണെങ്കിൽ കേവലമായ ഒരു ഭാഷാപ്രശ്നമാണ് നമ്മൾ ചർച്ച ചെയ്യുന്നത്, അല്ലാതെ കഥകളിസാങ്കേതികത ഒന്നും അല്ലെന്നു തോന്നുന്നു.
Unnikrishnan Menon:
Ref: Sree. K.s. Mohandas - ചര്ച്ചയ്ക്ക് ഇത്തരം ശാഖകൾ ഉണ്ടാകുന്നത് സാധാരണമാണ്. അങ്ങിനെയാണ് നമുക്ക് പരിചിതമെങ്കിലും, അല്ലെങ്കിലും, അധികം ശ്രദ്ധിക്കാത്ത മേഖലകളിലേക്ക് സഞ്ചരിക്കുവാൻ സാധിക്കുന്നത് എന്നതും അറിയാവുന്ന സത്യം. അങ്ങ് തുടങ്ങിവച്ചത് 'സാഹിത്യ ഭാഷയുടെ ദൃശ്യവ്യാഖ്യാനതിന്റെ പ്രശ്നങ്ങളെ' കുറിച്ചാണല്ലോ. അത്, വഴിവിട്ടുപോയി എന്ന് തോന്നിയില്ല്യ. സാങ്കേതികത പരിചയമില്ല്യായ്മ അങ്ങ് ഉദ്ധരിച്ച വിഷയത്തിൽ വളരെ പ്രസക്തമാണ് എന്നും തോന്നിയില്ല്യ.
സാങ്കേതികത ലളിതവൽക്കരിക്കുന്നതിനെ കുറിച്ച് അങ്ങ് സൂചിപ്പിച്ചു. ആവശ്യമില്ല്യാത്ത (എന്ന് എനിക്ക് തോന്നിയ) സന്ദർഭങ്ങളിൽ സാങ്കേതികത കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെയാണ് ഞാൻ ഉദാഹരണത്തിലൂടെ പറഞ്ഞത്. ടെക്നിക്കൽ വിര്ച്വോസിറ്റി പ്രകടമാക്കുവാൻ അനവസരത്തിൽ ശ്രമിക്കണോ എന്നാണ് ഞാൻ ഉന്നയിച്ച സംശയം.
Ambujakshan Nair 2:54am Jun 21
പദാഭിനയം പദാർത്ഥാഭിനയം എന്നിവയെ പറ്റി ഇതിനു മുൻപും ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ ചര്ച്ച ആരംഭിച്ചത് രുഗ്മാംഗദചരിതം കഥയിലെ " മദസിന്ധൂരഗമന' എന്ന പദത്തിലെ " മദത്തെ" ഒരു നടൻ മറ്റൊരു അർത്ഥതലത്തിൽ വിസ്തരിച്ചു അഭിനയിച്ചതു ശ്രീ.മോഹൻദാസ് അവർകൾ ശ്രദ്ധിച്ചത് കൊണ്ടാണല്ലോ?
കഥയുടെയും കഥാപാത്രങ്ങളുടെയും സന്ദർഭം മനസിലാക്കി അരങ്ങത്തു പ്രവർത്തിച്ചാൽ ഒഴിവാക്കാവുന്ന സംഗതികൾ മാത്രമാണ് ഇതെല്ലാം. നളചരിതം -3 ൽ ഋതുപർണ്ണരാജധാനിയിൽ എത്തുന്ന സുദേവ ബ്രാഹ്മണൻറെ " എന്തതിന്നൊരു കാരണം ശ്രുണു, പന്തണിമുലമാർമണി സുന്ദരീ ദമയന്തി കാനന ഭ്രാന്ത നൈഷധ രോഷിണീ" എന്ന പദത്തിന് ചില നടന്മാർ പദാഭിനയം ചെയ്തും ചിലർ "സുന്ദരി' എന്നതിൽ ഒതുക്കിയും ചെയ്തു കണ്ടിട്ടുണ്ട്. സുദേവൻ ദമയന്തിയെ ഒരു മകളെന്ന പോലെ എടുത്തു നടന്നിട്ടുണ്ട് എന്ന് ദമയന്തിയുമായുള്ള മുൻ രംഗത്തിൽ കാണിക്കുന്ന സുദേവൻ തന്നെയാണ് ഈ പദാഭിനയം അഭിനയിക്കുന്നത്. കളരിയിൽ ചൊല്ലിയാടിക്കുന്നത് പദാഭിനയ രീതിയിൽത്തന്നെയാവണം. എന്നാൽ അരങ്ങിൽ കഥാപാത്രത്തിനോട് നീതി പുലർത്തുക എന്ന ധർമ്മം പാലിക്കേണ്ടത് കലാകാരൻറെ ധർമ്മമാണ്.
ഈ അടുത്ത കാലത്ത് ഒരു കഥകളി കലാകാരിയുടെ വീട് സന്ദർശിക്കുവാൻ അവസരം ലഭിച്ചു. പ്രസ്തുത കലാകാരിയുടെ ഭർത്താവ് ഒരു നല്ല കഥകളി ആസ്വാദകനാണ്. സംസാരമധ്യേ പ്രസ്തുത കലാകാരി പറഞ്ഞത് ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു. എൻറെ ഭർത്താവ് കളി കണ്ടിട്ട് വീട്ടിൽ എത്തിയാൽ ഒരേ ബഹളം തന്നെയാണ്. പലകലാകാരന്മാരുടെയും അരങ്ങു പ്രവർത്തികൾ അദ്ദേഹത്തിനു അസ്വസ്ഥത ഉണ്ടാക്കുന്നു എന്നതാണ് അതിന്റെ കാരണം. ഇതിനു ഒരു ഉദാഹരണം പറഞ്ഞാൽ ബാലിവിജയത്തിലെ രാവണൻ ചന്ദ്രഹാസം വലിച്ചെറിയൽ.
ചന്ദ്രഹാസ ലബ്ദി രാവണൻ ആടിക്കഴിയുമ്പോൾ " പരമശിവനിൽ നിന്നും ലഭിച്ച ഈ വിശേഷപ്പെട്ട ചന്ദ്രഹാസം കൊണ്ട് ഒരു വാനരനെ പിടിക്കുവാൻ പോകാനുള്ളതല്ല. പൂജാമുറിയിൽ വെച്ചുവരൂ" എന്ന് നാരദൻ രാവണനോട് പറയുന്ന ഒരു രീതി നിലവിൽ ഉണ്ടായിരുന്നു അതു നഷ്ടമായപ്പോഴാണ് ഈ വലിച്ചെറിയൽ രീതി തുടങ്ങിയത്. ഈ വിഷയത്തെ ആസ്പദമാക്കി ഒരു ചര്ച്ച വന്നാൽ രാവണൻ ചെയ്യന്ന കലാകാരനെ ആരാധിക്കുന്ന ഒരു ആസ്വാദകവൃന്ദം ഈ വലിച്ചെറിയലിനെ ന്യായീകരിക്കുവാൻ തയ്യാറാകുന്നുമുണ്ട്.
Dr. K. S. Mohandas <mkdas59@yahoo.com> Jun 21 at 4:16 PM
Unnikrishnan Menon: കഥകളിശാസ്ത്രപരമായ വിഷയങ്ങളെക്കുറിച്ചോ അതിന്റെ സാങ്കേതികതയെക്കുറിച്ചോ അങ്ങു പറയുന്നത് ഒരു പരിധി വരെ എനിക്കു മനസ്സിലാകുമെങ്കിലും കഥകളിപണ്ഡിതന്മാരുടെ ഒരു നിര തന്നെയുള്ള ഈ ഗ്രൂപ്പിൽ അതേക്കുറിച്ചൊന്നും ഞാൻ അഭിപ്രായം പറയുന്നില്ല. നിങ്ങളൊക്കെ കഥകളിയെക്കുറിച്ചു ചർച്ച ചെയ്യാൻ ആരാണ് എന്ന ശബ്ദം ഇവിടെ മുഴങ്ങിക്കഴിഞ്ഞു. അതുകൊണ്ടു എനിക്കറിയാവുന്നതും എന്നാൽ ഈ ഗ്രൂപ്പിലെ കഥകളി ബോധം കുറഞ്ഞവർക്കു പ്രയോജനപ്പെടുന്നതുമായ വിഷയങ്ങളിലേക്കേ ഞാൻ പോകുന്നുള്ളൂ. പദത്തെ വ്യാഖ്യാനിക്കുന്നതിലുള്ള ഭാഷാപരമായ തെറ്റുകളും അതുമൂലം കഥകളിക്കുണ്ടാകുന്ന ക്ഷയവും ആണ് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരുദാഹരണം കൂടി ഇവിടെ കുറിക്കട്ടെ.
പത്തുപതിനെട്ടു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. 'സന്താനഗോപാലത്തിലെ' 'സ്വർഗ്ഗവാസികൾക്കും സുഖവിതരണം ചെയ്യും അർജ്ജുനനെ കേട്ടറിയുന്നില്ലയോ ഭവാൻ' എന്ന പദം കല്ലുവഴിച്ചിട്ടയിലെ ഒരു സമുന്നത നടൻ ആടുകയാണ്. 'സുഖവിതരണം' എന്നതിന് 'സുഖം' എന്ന മുദ്രയും അതിനു പിന്നാലെ 'വിതരണം' എന്ന മുദ്രയും കാണിച്ചു, അതായത് പദത്തിലുള്ളതുപോലെ 'സുഖവിതരണം' നടത്തി. ഇതിൽ അപാകത തോന്നി ഉടൻ തന്നെ അദ്ദേഹത്തിന് ഞാൻ ഒരു കത്തയച്ചു. സുഖം എന്നത് ഒരു പദാർത്ഥമല്ല, ഒരു മാനസികാവസ്ഥയാണെന്നും അതുകൊണ്ടുതന്നെ അതിനെ ഒരു പദാർത്ഥം പോലെ 'വിതരണം (distribution)' ചെയ്യാൻ കഴിയില്ലെന്നും കവി 'സുഖവിതരണ' മെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 'സുഖപ്രദാനം' എന്നാണെന്നും കഥകളി സങ്കേതങ്ങൾ ഉപയോഗിച്ചു് 'സുഖപ്രദാനം' എന്നു കാണിക്കുന്നതാണ് ഭാഷാവ്യാഖ്യാനപരമായി ശരിയെന്നു തോന്നുന്നതെന്നും കത്തിലെഴുതി. 'സുഖപ്രദാനം' എങ്ങിനെ നിർവഹിക്കാം എന്ന് എന്റെ എളിയ ബുദ്ധിയിൽ തോന്നിയതും എഴുതി.
അടിസ്ഥാനപരമായി കലാകാരന്മാർ മാന്യന്മാരാണ് എന്ന എന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഗുരുക്കന്മാർ പഠിപ്പിച്ചത് അതേപടി ആടിയതാണെന്നും ആ ആട്ടത്തിലെ അപാകത തികച്ചും ബോധ്യമായി എന്നും ആ പദം ഇനി മേലിൽ അങ്ങിനെയായിരിക്കില്ല ആടുന്നത്' എന്നും അദ്ദേഹം എനിക്കെഴുതി. ഏതാണ്ട് 15 വർഷങ്ങൾക്കു ശേഷം അദ്ദേഹവും ശിഷ്യരും അഭിനയിച്ച ഒരു 'സന്താനഗോപാലം' കാണാൻ അവസരമുണ്ടായി. 'സുഖവിതരണം' അല്ല 'സുഖപ്രദാനം' ആണ് ഞാനവിടെ കണ്ടത്. കളിക്ക് ശേഷം ആ വലിയ കലാകാരനെ കണ്ടു ഞാൻ പറഞ്ഞു, 'ഞാനാണ് പണ്ട് അങ്ങേക്ക് 'സുഖവിതരണ' ത്തിന്റെ പേരിൽ കത്തയച്ചത്'. അദ്ദേഹം പറഞ്ഞു, ' കാണാൻ കഴിഞ്ഞതിൽ സന്തോഷം, നന്ദിയുണ്ട് അന്നത് പറഞ്ഞു തന്നതിന്. അതിനു ശേഷം ആ പദം ആടുന്നതും പഠിപ്പിക്കുന്നതും അതുപോലെയല്ലെന്നു ഇന്നു കണ്ടപ്പോൾ മനസ്സിലായല്ലോ?' ഈ സന്ദര്ഭത്തിനു ശേഷം മറ്റൊരവസരത്തിൽ കണ്ടപ്പോൾ അദ്ദേഹത്തിൻറെ എന്നോടുള്ള പെരുമാറ്റം വളരെ ഊഷ്മളമായിരുന്നു.
ഒരു സമുന്നത കഥകളി നടൻ എൻറെ ചിന്തകൾക്കു നൽകിയ സ്ഥാനം അതായിരുന്നുവെങ്കിൽ ഈ ഗ്രൂപ്പിലെ ചില കഥകളി പണ്ഡിതന്മാർ കഥകളിവിഷയത്തിലുള്ള എന്റെ അല്പജ്ഞാനമാണ് ഇതിലൂടെ വെളിവായത് എന്ന് എഴുതി പിടിപ്പിച്ചു. അവരെ സംബന്ധിച്ചിടത്തോളം കഥകളിക്ക് പദങ്ങളുടെ ആവശ്യം പോലും ഇല്ലെന്നും എനിക്കപ്പോൾ തോന്നി!
കഥകളി സാഹിത്യത്തിന്റെ ഭാഷ ശരിക്കും വ്യാഖ്യാനം ചെയ്‌തു പഠിക്കയാണ് നടൻ ആദ്യം ചെയ്യേണ്ടത്. കഥകളി നാട്യത്തെപ്പോലെ തന്നെ വിലപ്പെട്ടതാണ് പദങ്ങളും അതിന്റെ സാന്ദർഭികമായി അർത്ഥത്തിലുള്ള പ്രയോഗം എന്നതും.
Unnikrishnan Menon 4:38am Jun 21
Sorry; some problem with the Malayalam typo. I do not know what the others say. I have not formally learnt Sanskrit or Malayalam. I used to and still do consult linguists who also know aesthetic deliberations and inter interpretations in stylized theater forms. Late K.P. Narayana Pisharody mash & now Dr. K.G. Paulose are the two major scholars I have ever depended upon. With respect to your views on 'Sukha vitharanam' I agree with you.
Unnikrishnan Menon 4:38am Jun 21
I do agree there are more such instances where in all the actors could have thought of better, and more precisely apt, interpretations എന്ന് ഞാന്‍ സൂചിപ്പിച്ചതിന് ശ്രീ. അമ്ബുജാക്ഷന്‍ നായര്‍ മറ്റൊരുദാഹരണം കൂടി നല്‍കിയത് ശ്രദ്ധിച്ചു.
Dr. K. S. Mohandas <mkdas59@yahoo.com> Today at 9:54
Thank you, sir. Let's hope that those who matter most to kathakali will take note of the important points raised here and make corrections wherever necessary. Thanks to all those who participated in the discussion and a bye until I see you again with such an issue of importance to kathakali.