പത്തു പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് നടന്ന കാര്യമാണു്. സംഭവം നടക്കുന്നത് ഇംഗ്ലണ്ടിലാണ്, കൃത്യമായി പറഞ്ഞാൽ കേംബ്രിഡ്ജിൽ വച്ച്. ഞാനവിടെ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ചെയ്യുന്ന കാലം. ഇന്റർനെറ്റ് കള്ളക്കളികളെ ക്കുറിച്ച് ഇന്നത്തെപ്പോലെ അവബോധം ഒന്നും ഇല്ലാതിരുന്ന കാലം.
രാവിലെ എന്തോ തിരക്കിട്ട ജോലി കമ്പ്യൂട്ടെറിൽ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, യാഹൂ മെയിലിൽ മെസ്സേജ് വന്ന വിവരം സ്ക്രീനിൽ ഫ്ലാഷ് ആയത് - Congratulations! You have won first prize in lucky draw ! ചെയ്തുകൊണ്ടിരുന്ന ജോലി വിട്ടിട്ട് തിടുക്കത്തിൽ മെയിൽ തുറന്നു നോക്കി. അതാ കിടക്കുന്നു എല്ലാ പോസ്റ്റുകൾക്കും മുകളിലായി പ്രതീക്ഷിച്ച ആ പോസ്റ്റ്- Congratulations! You have won first prize in international lucky draw! ഏതോ ഒരു ഗ്ലാഡിയ ഡിസൂസയാണ് മെയിൽ അയച്ചിരിക്കുന്നത്. കൂടുതൽ ചിന്തിക്കാതെ തിടുക്കത്തിൽ ആ ലിങ്കിൽ ഒന്നമർത്തി. വിശദമായ ഒരു ഒരു കത്താണ് തുറന്നു വന്നത്.
കത്തു തുടങ്ങുന്നതു തന്നെ അഭിനന്ദനങ്ങൾ വാരിചൊരിഞ്ഞു കൊണ്ടാണ്. "അഭിനന്ദനങ്ങൾ, താങ്കൾ ഒരപൂർവ ഭാഗ്യം കൈവരിച്ചിരിക്കുന്നു. ലോകവ്യാപകമായി നടത്തിയ ഭാഗ്യമത്സരത്തിൽ താങ്കൾ ഒന്നാമനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നത് ഈ ഭാഗ്യത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു! അഭിനന്ദനങ്ങൾ, ഒരായിരം അഭിനന്ദനങ്ങൾ ........".
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഇത്ര ഭാഗ്യവാനാണോ ഞാൻ? കൊള്ളാമല്ലോ? ഭാഗ്യദേവത കനിഞ്ഞനുഗ്രഹിക്കുന്ന കാലമാണെന്ന് നാട്ടിൽ വച്ച് കണിയാർ പറഞ്ഞിരുന്നതാണ്. അതിപ്പം സത്യമാവുകയാണോ? പലരും ഇരിക്കുന്ന മുറിയിലാണ് ഞാനിരിക്കുന്നത്. ആരും എന്നെ നോക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം കത്തിന്റെ ബാക്കി ഭാഗം വായിക്കാൻ തുടങ്ങി.'സ്വിസ്സ് ലോട്ടറി കമ്മീഷൻ' എന്നാണു ലോട്ടറി നടത്തിയ ഏജൻസിയുടെ പേരെന്നാണ് ഓർമ്മ.
"ലോകവ്യാപകമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മൊബൈൽ ഫോൺ നമ്പരുകൾ ശേഖരിച്ച് അതിൽ നിന്നും ഭൂഖണ്ഡങ്ങൾ തിരിച്ചു ലോട്ടറി കമ്മീഷൻ തയ്യാറാക്കിയ ലിസ്റ്റിലുള്ള നമ്പരുകളെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ ആണ് താങ്കളുടെ നമ്പർ ഒന്നാം സമ്മാനമായ 23,000,000 GBP ക്ക് അർഹമായത്. സമ്മാനത്തുക Oriental Insurance Bank ൽ നിക്ഷേപിച്ചിരിക്കയാണ്. കമ്പനിയുടെ ചട്ടപ്രകാരം സമ്മാനത്തുക ഒരുമാസത്തിൽ കൂടുതൽ അക്കൌണ്ടിൽ സൂക്ഷിക്കുവാൻ പാടുള്ളതല്ല. അതിനാൽ താങ്കൾ നിയമാനുസൃതമായ രേഖകൾ (passport, employment card, driving licence, bank account details) സമർപ്പിച്ചു സ്വയം ബോദ്ധ്യപ്പെടുത്തി ഒരു മാസത്തിനുള്ളിൽ തുക കൈപ്പറ്റെണ്ടതാണ്. നറുക്കെടുപ്പിൽ വിജയിയായ താങ്കൾ നിർദ്ദിഷ്ട തുകക്ക് അർഹനായി എന്നു കാണിക്കുന്ന കമ്മീഷന്റെ certificate ഉം തുക നിക്ഷേപിക്കുവാനും രേഖകൾ സമർപ്പിക്കുവാനും ആവശ്യമായ നടപടി ക്രമങ്ങളും അടുത്ത പോസ്റ്റിൽ നൽകുന്നതായിരിക്കും. നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ സമ്മാനത്തുക കൈപ്പറ്റുന്നില്ലെങ്കിൽ, സ്വിസ് ഗവണ്മെന്റ് നിയമപ്രകാരം ആ തുക ഗവണ്മെന്റ് അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതായിരിക്കും എന്നു കൂടി ഓർമ്മിപ്പിക്കുന്നു. തുക സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിനായി കാത്തിരിക്കുന്നു ".
കത്ത് വായിച്ചു തീർന്നപ്പോഴേക്കും എന്റെ ഹൃദയമിടിപ്പും കൂടി. സമ്മാനത്തുകയായ 23,000,000 GBP എത്ര രൂപയാണെന്ന് കണക്കു കൂട്ടി നോക്കി. 1840000000 രൂപ!!. അതായാത് 184 കോടി രൂപ!!!. തല കറങ്ങുന്നതുപോലെ തോന്നി. ദൈവമേ, നീ ഇത്ര കരുണയുള്ളവനോ ? എന്തെങ്കിലും ഒക്കെ സമ്പാദിച്ചു സാധാരണക്കാരനായി ജീവിച്ചാൽ മതി എന്നു മാത്രം കരുതി ജീവിച്ച എന്നെ നീ നിമിഷനേരം കൊണ്ട് ഭാഗ്യത്തിന്റെ മാളികപ്പുറത്തേറ്റുകയാണോ? ഹാ... ആർക്കറിയാം നിൻറെ ഇംഗിതം? ഏതായാലും എനിക്കു കൈവന്ന മഹാഭാഗ്യം സുഹൃത്തുക്കൾ ആരും അറിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അല്ലെങ്കിൽ തന്നെ ശതകോടീശ്വരനായ എനിക്ക് നാളെ മുതൽ ഇവരെയൊക്കെകൊണ്ട് എന്തു കാര്യം? എൻറെ മനസ്സ് ആനന്ദതുന്ദിലമായി.
പിറ്റേ ദിവസം അടുത്ത മെയിൽ കിട്ടി. ലോട്ടറി അടിച്ചതായി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റും മറ്റു നിർദ്ദേശങ്ങളും ലഭിച്ചു. ഇത് കൂടാതെ സമ്മാനത്തുക എന്റെ അക്കൌണ്ടിലേക്ക് മാറ്റുന്നതിനുള്ള പ്രോസിസ്സിംഗ് ഫീ ആയി 1500 GBP കൂടി അയക്കണമെന്നും നിർദ്ദേശിച്ചിരുന്നു. കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തതിനാൽ അവർ ചോദിച്ച രേഖകൾ അയയ്ക്കാൻ എനിക്കു തോന്നിയില്ല. University website ൽ പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ ഫോട്ടോയും മറ്റു വിവരങ്ങളും എടുത്തുകൊള്ളാൻ അറിയിച്ചു മെയിൽ എഴുതി. പ്രോസിസ്സിംഗ് ഫീയായ 1500 GBP സമ്മാനത്തുകയിൽ നിന്നും എടുത്തുകൊള്ളുവാനും അതു കഴിച്ചുള്ള തുക കിട്ടിയാൽ മതിയെന്നും എഴുതി. പക്ഷേ സമ്മാനത്തുകയിൽ നിന്നും തുക വഴിമാറ്റി ചിലവാക്കാൻ കഴിയില്ല എന്നും അതിനാൽ പ്രോസിസ്സിംഗ് ഫീ കിട്ടിയാലേ കാര്യങ്ങൾ സുഗമമായി നടക്കയുള്ളൂ എന്നും അവർ അറിയിച്ചു. കാശും രേഖകളും വിട്ടുള്ള കളി വേണ്ട എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ഞാൻ ഒരു മുടക്ക് ന്യായം പറഞ്ഞു; ഇതിൽ ഉൾപ്പെട്ടിരിക്കുന്നവർ genuine ആണെന്ന് മനസ്സിലാക്കാതെ എനിക്ക് എങ്ങിനെ കാശും രേഖകളും തരാൻ കഴിയും? അതിനും മറുപടി ഉടൻ കിട്ടി. സമ്മാനത്തുക നിക്ഷേപിച്ചിരിക്കുന്ന ബാങ്കിന്റെ ഉത്തരവാദപ്പെട്ടവരുടെ പേരുകളും വിലാസവും അയച്ചു തന്നു. വേൾഡ് ബാങ്കിന്റെയും ഇന്റർനാഷണൽ monetary fund ന്റെയും മുൻ തലവന്മാരായ Mattilda Williamson ഉം മറ്റൊരാളും (പേര് ഇപ്പോൾ ഓർമ്മയില്ല) ആണ് ബാങ്കിന്റെ സാരഥികൾ. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവരോടു തന്നെ ചോദിച്ച് സംശയനിവൃത്തി വരുത്തിക്കൊള്ളൂ എന്നും നിർദ്ദേശിച്ചു. ഞാൻ ഇന്റർനെറ്റിൽ തിരഞ്ഞു നോക്കി Oriental Insurance Bank ഉം അതിന്റെ സാരഥികളുടെ പേരുകളും ശരിയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
സമ്മാനത്തുക നഷ്ട്ടപ്പെടുമോ എന്നുള്ള വേവലാതി മനസ്സിലുണ്ടായിരുന്നെനിലും കാശും രേഖകളും കൊടുക്കാതെ ഞാനിങ്ങനെ ഉരുണ്ടു കളിച്ചുകൊണ്ടേയിരുന്നു. സമ്മാനത്തുക claim ചെയ്യാൻ ഇനി രണ്ടു ദിവസങ്ങൾ മാത്രമേയുള്ളൂവെന്നും claim ചെയ്യാത്ത പക്ഷം സമ്മാനം അസാധുവാകും എന്ന അന്ത്യശാസനവും കൂടി വന്നു കഴിഞ്ഞപ്പോൾ ഞാൻ ആകെ ആശയകുഴപ്പത്തിലായി. 1500 GBP ക്ക് വേണ്ടി 23,000,000 GBP കളഞ്ഞു കുളിക്കണോ? നിധി കിട്ടിയത് ആരും അറിയരുതെന്ന് നിര്ബന്ധമുള്ളത് കൊണ്ട് സുഹൃത്തുക്കളോട് അഭിപ്രായം ചോദിക്കാനും വയ്യ. അങ്ങിനെ ചെകുത്താനും കടലിനും ഇടയ്ക്കായ ഞാൻ ഒടുവിൽ തീരുമാനിച്ചു, ബെർനാഡിനോടു ചോദിക്കാം, അദ്ദേഹമാകുമ്പോൾ കുഴപ്പമില്ല, എന്റെ ഭാഗ്യത്തിൽ അസൂയാലുവാകുന്ന ആളല്ല അദ്ദേഹം! യൂണിവേർസിറ്റിയിലെ ഒരു സീനിയർ ഉദ്യോഗസ്ഥനാണ് അവിവാഹിതനായ ബെർനാദ്. ആരോടും അടുപ്പമില്ലാതെ ഏകാകിയായി, ശരിക്കുംപറഞ്ഞാൽ ഒരു introvert ആയി കഴിയുന്ന തമിഴ് വംശജനായ അദ്ദേഹത്തിനെ ആയിടക്കാണ് ഞാൻ പരിചയപ്പെട്ടത്. ദിവസവും ഒരുമിച്ചു ബസ്സിൽ യാത്രചെയ്ത് ക്രമേണ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.
ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് വിശ്രമിക്കുന്ന ബെർനാഡിനെ ഞാൻ അദ്ദേഹത്തിൻറെ ഓഫീസിൽ പോയി കണ്ടു കാര്യം പറഞ്ഞു. ലോട്ടറിക്കാർ ചോദിച്ച കാശും രേഖകളും കൊടുത്തു തുക കൈപ്പറ്റാൻ അദ്ദേഹം പറയും എന്നാണു ഞാൻ പ്രതീക്ഷിച്ചത്. എന്തെങ്കിലും അബദ്ധത്തിൽ ചെന്ന് ചാടിയാലും അനുഭവസമ്പത്തുള്ള മറ്റൊരാൾ കൂടി പറഞ്ഞിട്ടാണല്ലോ ചെയ്തതെന്നു സമാധാനിക്കാം എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ, എന്റെ വിവരണമെല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു ചോദ്യമാണ് എന്നോടു ചോദിച്ചത്, " ഒരു രൂപ പോലും മുടക്കാത്ത ഒരു കാര്യത്തിന്റെ പേരിൽ ആരെങ്കിലും ഇത്രയും രൂപ വെറുതേ താങ്കൾക്കു തരുമോ? ഇതു കള്ളക്കളിയാണ്. ഇങ്ങനെ പലതും ഇന്റർനെറ്റിൽ കാണും, അതൊന്നും മൈൻഡ് ചെയ്യാതിരിക്കയാണ് ബുദ്ധി".
സത്യത്തിൽ എനിക്കു ദേഷ്യമാണ് തോന്നിയത്. ലോകവുമായി ബന്ധമില്ലാതെ, introvert ആയ ഒരു മനുഷ്യനോട് ഇത് ചോദിയ്ക്കാൻ വന്ന ഞാനാണ് വിഡ്ഢി! കാശിന്റെ വിലയും അതുകൊണ്ടുള്ള സുഖഭോഗങ്ങളും അനുഭവിക്കാൻ അറിയാത്ത നിർമ്മമനായ ഈ മനുഷ്യനെങ്ങനെ എനിക്കു കൈവന്ന ഭാഗ്യത്തിന്റെ വില മനസ്സിലാകും? കുറെ നേരം അവിടെയിരുന്ന് അദ്ദേഹത്തെക്കൊണ്ടു സമ്മതിപ്പിക്കാൻ പല ന്യായീകരണങ്ങളും ഞാൻ നിരത്തി നോക്കിയെങ്കിലും അദ്ദേഹം തന്റെ അഭിപ്രായത്തിൽ ഉറച്ചു തന്നെ നിന്നു. ആ മനുഷ്യനെ ശപിച്ചു കൊണ്ട് ഞാൻ അവിടം വിട്ടു പോന്നു.
നേരെ പോയത് ഞാൻ ഇരിക്കുന്ന മുറിയിൽ തന്നെയിരുന്ന് ജോലി ചെയ്യുന്ന Karl ന്റെ അടുത്തേക്കാണ്. Scotland കാരനായ Karl എന്റെ നല്ലൊരു സുഹൃത്താണ് (ഇന്നദ്ദേഹം അമേരിക്കയിലെ പ്രശസ്തമായ ഒരു സർവകലാശാലയിലെ അസ്സോസിയറ്റ് പ്രൊഫസർ ആണ്). ഊർജ്ജസ്വലനായ Karl കമ്പ്യൂട്ടറിൽ വിവരങ്ങൾ തേടി പിടിക്കാൻ ബഹുമിടുക്കനാണ്. ഞാൻ Karl നോട് വിവരം പറഞ്ഞു. ബോറനായ ബെർനാദിനോടു സംസാരിച്ച കാര്യവും പറഞ്ഞു.
ഒന്ന് ചിരിച്ചിട്ട് Karl പറഞ്ഞു, 'ബെർണാഡ് പറഞ്ഞതാകാം അതിന്റെ കാര്യം'.
'Karl അതെങ്ങിനാ ശരിയാകുന്നത്? വേൾഡ് ബാങ്കിന്റെയും ഇന്റർനാഷണൽ മോണിട്ടറി ഫണ്ടിന്റെയും പ്രസിഡന്റായിരുന്നവർ തരംതാണ കള്ളക്കളിക്ക് കൂട്ടു നിൽക്കുമോ? ഞാൻ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.
'മോഹൻദാസ് പറഞ്ഞതു ശരി തന്നെ, പക്ഷേ ഇവർ തന്നെയാണ് ഇപ്പറയുന്ന ബാങ്കിന്റെ സാരഥികൾ എന്നെങ്ങിനെ ഉറപ്പിച്ചു പറയാൻ കഴിയും? ഇങ്ങനെ ചോദിച്ചിട്ട് Karl കമ്പ്യൂട്ടറിൽ ഇവരുടെ വിവരങ്ങൾ തേടാൻ തുടങ്ങി.
നിമിഷ നേരം കൊണ്ട് Karl കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി. പേരുകൾ കൊടുത്തിരിക്കുന്നതിൽ ചില അക്ഷരങ്ങൾ മാറ്റിക്കൊടുത്തിരിക്കുന്നു; ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം. Mattilda Williamson എന്ന ഒറിജിനൽ പേരിനു പകരം Malttida Willimson! അതുപോലെ 24 listed international fraud bank കളിൽ ഒന്നാണ് Oriental International Bank എന്നും Karl നിഷ്പ്രയാസം കണ്ടു പിടിച്ചു. എനിക്കു ലഭിച്ച കത്തുപോലെ ഒരു കത്ത് നെറ്റിൽ കൊടുത്തിരിക്കുന്നതു കാണിച്ചിട്ട്, Karl അതിന്റെ അടിക്കുറിപ്പും വായിച്ചു കേൾപ്പിച്ചു; 'ഇങ്ങനെയൊരു വ്യാജസന്ദേശം പലർക്കും ലഭിക്കുന്നുണ്ട്. ഇതിൽ ഒരു വാസ്തവവും ഇല്ല. ഇത് വെറും ചതിയാണ്. ഇതിൽ വീണൂപോകരുത്. ഇങ്ങനെ ഒരു മെയിൽ കിട്ടിയാൽ വായിച്ചിട്ട് അതർഹിക്കുന്ന അവജ്ഞയോടെ ചവറ്റുകുട്ടയിൽ എറിയുക".
ബെർണാഡിനെ ശപിച്ചതുപോലെ Karl നെ ശപിക്കാൻ എനിക്ക് തോന്നിയില്ല. 1500 GBP യും ബാങ്ക് രേഖകളും അത് കൊടുക്കുന്നതിലൂടെ ഉണ്ടാകാമായിരുന്ന മറ്റു തലവേദനകളും എല്ലാം ഓർത്തപ്പോൾ Karlന്റെ പാദങ്ങളിൽ നമസ്ക്കരിക്കാനാണ് തോന്നിയത്!
അങ്ങിനെ ശതകോടികളുടെ ആസ്ഥിയുമായി ഒരു മാസത്തോളം മദിച്ചു നടന്ന ഞാൻ നിമിഷനേരം കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ട് പാപ്പരായിത്തീർന്നു! പൂന്താനം പറഞ്ഞതെത്ര ശരി! പൂന്താനത്തിന്റെ 'ഇഹലോക'മന്നനെ മേലേ കയറ്റിയതും താഴെ ഇറക്കിയതും ഭാഗവാനായിരുന്നുവെങ്കിൽ എന്നിലേ 'സ്വപ്നലോകമന്നനെ' കയറ്റിയതും ഇറക്കിയതും ഞാൻ തന്നെയായിരുന്നുവെന്ന വ്യത്യാസം മാത്രം! ഇക്കാര്യത്തിൽ ഭഗവാൻ തീർത്തും നിരപരാധിയാണ്.
പ്രിയ സുഹൃത്തേ, ഇങ്ങിനെയുള്ള സമ്മാന വാഗ്ദാനങ്ങൾ നിറഞ്ഞ പല ഈ മെയിലുകളും എനിക്ക് ലഭിച്ചിട്ടുണ്ട്. ലോട്ടറി പണം ഏതെങ്കിലും അനാഥാലയത്തിന് നൽകൂ എന്ന് ഒരു മറുപടിയാണ് ഞാൻ നൽകാറുള്ളത്. പലരും കബളിപ്പിക്കപ്പെട്ടിട്ടുള്ള വാര്ത്തകളുടെ അടിസ്ഥാനത്തിൽത്തന്നെയാണ് അങ്ങിനെയുള്ള മറുപടി നല്കിയിരുന്നത്.
ReplyDelete