അദ്ധ്യായം 3 - കർമ്മയോഗം
അർജ്ജുന ഉവാച:
ജ്യായസീ ചേത് കർമ്മണസ്തേ മതാ ബുദ്ധിർജനാർദ്ദന
തത് കിം കർമ്മണി ഘോരേ മാം നിയോജയസി കേശവ. 3 :1
(അർജ്ജുനൻ പറഞ്ഞു: കർമ്മത്തെ അപേക്ഷിച്ച് ജ്ഞാനമാണ് ശ്രേഷ്ഠമെന്നാണ് അങ്ങയുടെ അഭിപ്രായമെങ്കിൽ പിന്നെ എന്തിനാണ് ഘോരമായ ഈ കർമ്മത്തിൽ എന്നെ നിയോഗിക്കുന്നത്?)
വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ തദേകം വദ നിശ്ചിത്യ യേന ശ്രേയോƒഹമാപ്നുയാം. 3:2
(പരസ്പര വിരുദ്ധമെന്നു തോന്നുന്ന വാക്കുകൾകൊണ്ട് എൻറെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നതുപോലെ തോന്നുന്നു. അതുകൊണ്ട് ഏതൊന്നുകൊണ്ട് ഞാൻ ശ്രേയസ്സിനെ പ്രാപിക്കുമോ ആ ഒന്ന് ഉറപ്പിച്ചു പറഞ്ഞുതന്നാലും)
ഒന്നാം ശ്ലോകത്തിലെ ആദ്യത്തെ വരിയുടെ അർത്ഥം "കർമ്മത്തെ അപേക്ഷിച്ച് ജ്ഞാനമാണ് ശ്രേഷ്ഠമെന്നാണ് അങ്ങയുടെ അഭിപ്രായമെങ്കിൽ" എന്നാണ് മിക്ക ഗീതാ വ്യാഖ്യാനങ്ങളിലും കാണുന്നത്. ഇതിൻ പ്രകാരം ഇങ്ങനെയൊരു പ്രസ്താവം കഴിഞ്ഞ അദ്ധ്യായത്തിൽ കൃഷ്ണൻറെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നു വരുന്നു. എന്നാൽ രണ്ടാമദ്ധ്യായത്തിൽ ഇങ്ങനെയൊരു പ്രസ്താവം കൃഷ്ണൻ നടത്തിയിട്ടുള്ളതായി കാണുന്നില്ല. ആത്മസാക്ഷാത്ക്കാരത്തിനായി സാംഖ്യയോഗവും കർമ്മയോഗവും നിർദ്ദേശിച്ചശേഷം അദ്ധ്യായത്തിൻറെ അവസാന ഭാഗത്ത് സന്യാസത്തെയും ബ്രാഹ്മീസ്ഥിതിയെയും പരാമർശിച്ചിട്ടുണ്ടെന്നേയുള്ളൂ; ജ്ഞാനം കർമ്മത്തെക്കാൾ ശ്രേഷ്ഠമാണെന്ന് അവിടെയെങ്ങും പറഞ്ഞിട്ടില്ല. ശ്ലോകത്തിലെ 'ബുദ്ധി'യെ ജ്ഞാനമായി കണ്ട് വ്യാഖ്യാനിച്ചതിൻറെ പ്രശ്നമാകാം ഇത്. ആചാര്യസ്വാമികളുടെ ‘ശാങ്കരഭാഷ്യ’ത്തിൽ ഇങ്ങനെ അർത്ഥം നല്കിയിട്ടുള്ളതിനാൽ പിൽക്കാലത്തെ വ്യാഖ്യാതാക്കളും അതു പിൻപറ്റി പോന്നതാണെന്നു കരുതാം. എന്നാൽ ഈ ‘ബുദ്ധി’യുടെ അർത്ഥം ജ്ഞാനമെന്നല്ല, യോഗബുദ്ധി (നിഷ്ക്കാമകർമ്മം, കർമ്മയോഗം) എന്നാണെന്ന് വിവക്ഷിച്ചുകൊണ്ടുള്ള ചുരുക്കം ചില വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ഈ ശ്ലോകത്തിലെ കർമ്മം, കാമ്യകർമ്മമാണെന്നും അതല്ല യോഗബുദ്ധിയിലൂന്നിയ നിഷ്ക്കാമകർമ്മമാണെന്നും (കർമ്മയോഗം) പറഞ്ഞുകൊണ്ടുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളും കാണാം. ഈ ഒന്നാം ശ്ലോകത്തിൻറെ വ്യാഖ്യാനം ഗ്രന്ഥങ്ങളിൽ തേടിപ്പോയാൽ പല തരത്തിലുമുള്ള വ്യാഖ്യാനങ്ങളിലും ചെന്നു ചാടി രണ്ടാംശ്ലോകത്തിലെ അർജ്ജുനൻറെ മാനസികാവസ്ഥയിൽ പഠിതാക്കളായ നമ്മളും എത്തിച്ചേരുമെന്നതു തീർച്ച! അതിനാൽ യുക്തിക്കു നിരക്കുന്ന ഒരു വ്യാഖ്യാനം നൽകി ഇവിടം തരണം ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും ബുദ്ധിയെന്നു തോന്നുന്നു.
ഈ വ്യാഖ്യാനത്തിൽ ശ്ലോകത്തിലെ 'ബുദ്ധി'യെ ജ്ഞാനമെന്നല്ല യോഗബുദ്ധി എന്നാണ് ചിന്തിച്ചിരിക്കുന്നത്. അർജ്ജുനൻ നിശ്ചയമായും യുദ്ധം (അർജ്ജുനൻറെ ഭാഷയിൽ ഘോരകർമ്മം) ചെയ്യുകയാണ് വേണ്ടതെന്ന് ഉപദേശിച്ചിട്ട് ('തസ്മാദുത്തിഷ്ഠ കൗന്തേയ യുദ്ധായ കൃതനിശ്ചയഃ:', ശ്ലോകം: 2:37) ആത്മസാക്ഷാത്ക്കാര വഴിതെളിക്കുന്ന നിഷ്ക്കാമകർമ്മത്തിൻറെ മഹത്വത്തെത്തെക്കുറിച്ചും കൃഷ്ണൻ അർജ്ജുനനോട് കഴിഞ്ഞ അദ്ധ്യായത്തിൽ വിസ്തരിച്ചു പറഞ്ഞിരുന്നു. ഇതാകാം അർജ്ജുനനെ ആശയക്കുഴപ്പത്തിലാക്കിയത്. രാജ്യലാഭത്തെ ഉദ്ദേശിച്ചു ചെയ്യേണ്ടുന്ന യുദ്ധം എങ്ങനെയാണ് നിഷ്ക്കാമമായി ചെയ്യാൻ കഴിയുക? ധർമ്മത്തിൻറെ വിജയത്തിനായാണ് ഈ യുദ്ധം ചെയ്യേണ്ടതെന്ന് അർജ്ജുനനെ മനസ്സിലാക്കിക്കാൻ കൃഷ്ണൻ ശ്രമിച്ചുവെങ്കിലും അർജ്ജുനനെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം ശത്രുവിൻറെ മുകളിൽ വിജയം നേടാൻ വേണ്ടിയുള്ളതാണ്, ആയതിനാൽ തന്നെ ഇതൊരു സ്വാർത്ഥ കർമ്മവുമാണ് (യുദ്ധത്തിൽ മരിച്ചാൽ വീരസ്വർഗ്ഗം പ്രാപിക്കാം, ജയിച്ചാലോ ഭൂമിയെ അനുഭവിക്കാം എന്ന് ശ്ലോകം: 2:37ൽ പറഞ്ഞിട്ടുള്ളതും ഓർക്കാം). നിഷ്ക്കാമകർമ്മമാണ് ശാന്തിയും സമാധാനവും നൽകി മോക്ഷപ്രാപ്തിക്കു യോഗ്യനാക്കുന്നതെങ്കിൽ അങ്ങനെയുള്ള കർമ്മമേതെങ്കിലും ചെയ്യാൻ ഉപദേശിക്കുന്നതിനു പകരം തൻറെയും മറ്റുള്ളവരുടെയും സമാധാനം നശിപ്പിക്കാൻ പോന്ന ഘോരകർമ്മം ചെയ്യാനെന്തിനാണ് കൃഷ്ണൻ ഉപദേശിക്കുന്നതെന്നാണ് അർജ്ജുനൻറെ സംശയം. കൃഷ്ണൻറെ പരസ്പരവിരുദ്ധങ്ങളെന്നു തോന്നിക്കുന്ന വാക്കുകളിൽ ഏതാണ് ശരിയെന്ന് അർജ്ജുനന് മനസ്സിലാകുന്നില്ല. നിഷ്ക്കാമമായായാലും ഘോരമായ കർമ്മം (യുദ്ധം) ചെയ്ത്, അതിലൂടെ ഈശ്വരസാക്ഷാത്ക്കാരം നേടുന്നതിലും നന്ന്, താനും ഒരു സന്യാസിയെപ്പോലെ ജ്ഞാനവഴി സ്വീകരിച്ച് അത് നേടുന്നതാകില്ലേ ശരിയെന്ന് അർജ്ജുനൻ ചിന്തിക്കുന്നതായും ഈ ശ്ലോകത്തെ വ്യാഖ്യാനിക്കാം. ഇതെങ്ങനെയായാലും ഈ വ്യാഖ്യാനങ്ങളിൽ ജ്ഞാനം കർമ്മത്തെക്കാൾ ശ്രേഷ്ഠമാണെന്ന് ഗീത പറഞ്ഞിരിക്കുന്നതായി പറയുന്ന അർത്ഥം നിഴലിക്കുന്നില്ല എന്നതാണ് ശ്രദ്ധാർഹമായിട്ടുള്ളത്.
അർജ്ജുനനെന്നല്ല, നമ്മളാണെങ്കിലും ഇതുപോലൊരു സാഹചര്യത്തിൽ ഇങ്ങനെയല്ലേ ചിന്തിക്കൂ? കായംകുളത്തു പോയാൽ കാശു കിട്ടും എന്നു പറഞ്ഞിട്ട് ആലപ്പുഴക്കു പോകുന്നതാകും കുറേക്കൂടി നല്ലതെന്നു പറയുന്ന അമ്മാവൻ, നീ പക്ഷേ കായംകുളത്തു പോയാൽ മതി എന്നു പറഞ്ഞാൽ നമ്മളാകെ ആശയക്കുഴപ്പത്തിലാകില്ലേ? ഇതു തന്നെയാണ് അർജ്ജുനൻറെയും കാര്യം! പക്ഷേ, നമുക്ക് ശരിയായി തോന്നുന്നില്ലെങ്കിലും ബോധവാനായ അമ്മാവൻ പറയുന്നതിലെന്തെങ്കിലും കാര്യമുണ്ടാകുമെന്നതുപോലെ കൃഷ്ണനും ആ വാക്കുകൾ വെറുതെ പറഞ്ഞതല്ലെന്ന് ഇനി വരുന്ന ശ്ലോകങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്.
No comments:
Post a Comment