Wednesday, June 8, 2016

സ്വപ്നലോകമന്നൻ

പത്തു പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് നടന്ന കാര്യമാണു്. സംഭവം നടക്കുന്നത്‌ ഇംഗ്ലണ്ടിലാണ്, കൃത്യമായി പറഞ്ഞാൽ കേംബ്രിഡ്ജിൽ വച്ച്. ഞാനവിടെ സർവകലാശാലയിൽ പോസ്റ്റ്‌ ഡോക്ടറൽ ചെയ്യുന്ന കാലം. ഇന്റർനെറ്റ്‌ കള്ളക്കളികളെ ക്കുറിച്ച് ഇന്നത്തെപ്പോലെ അവബോധം ഒന്നും ഇല്ലാതിരുന്ന കാലം.

രാവിലെ  എന്തോ തിരക്കിട്ട ജോലി കമ്പ്യൂട്ടെറിൽ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, യാഹൂ മെയിലിൽ മെസ്സേജ് വന്ന വിവരം സ്ക്രീനിൽ ഫ്ലാഷ് ആയത് - Congratulations! You have won first prize in lucky draw ! ചെയ്തുകൊണ്ടിരുന്ന ജോലി വിട്ടിട്ട് തിടുക്കത്തിൽ മെയിൽ തുറന്നു നോക്കി. അതാ കിടക്കുന്നു എല്ലാ പോസ്റ്റുകൾക്കും മുകളിലായി പ്രതീക്ഷിച്ച ആ പോസ്റ്റ്‌- Congratulations! You have won first prize in international lucky draw! ഏതോ ഒരു ഗ്ലാഡിയ ഡിസൂസയാണ് മെയിൽ അയച്ചിരിക്കുന്നത്. കൂടുതൽ ചിന്തിക്കാതെ തിടുക്കത്തിൽ ആ ലിങ്കിൽ ഒന്നമർത്തി. വിശദമായ ഒരു ഒരു കത്താണ് തുറന്നു വന്നത്.

കത്തു തുടങ്ങുന്നതു തന്നെ അഭിനന്ദനങ്ങൾ വാരിചൊരിഞ്ഞു കൊണ്ടാണ്.   "അഭിനന്ദനങ്ങൾ, താങ്കൾ ഒരപൂർവ ഭാഗ്യം കൈവരിച്ചിരിക്കുന്നു. ലോകവ്യാപകമായി നടത്തിയ ഭാഗ്യമത്സരത്തിൽ താങ്കൾ ഒന്നാമനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നത് ഈ ഭാഗ്യത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു! അഭിനന്ദനങ്ങൾ, ഒരായിരം അഭിനന്ദനങ്ങൾ ........".

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഇത്ര ഭാഗ്യവാനാണോ ഞാൻ? കൊള്ളാമല്ലോ?  ഭാഗ്യദേവത കനിഞ്ഞനുഗ്രഹിക്കുന്ന കാലമാണെന്ന് നാട്ടിൽ വച്ച് കണിയാർ പറഞ്ഞിരുന്നതാണ്. അതിപ്പം സത്യമാവുകയാണോ? പലരും ഇരിക്കുന്ന മുറിയിലാണ് ഞാനിരിക്കുന്നത്. ആരും എന്നെ നോക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം കത്തിന്റെ ബാക്കി ഭാഗം വായിക്കാൻ തുടങ്ങി.'സ്വിസ്സ് ലോട്ടറി കമ്മീഷൻ' എന്നാണു ലോട്ടറി നടത്തിയ ഏജൻസിയുടെ പേരെന്നാണ് ഓർമ്മ. 
  
"ലോകവ്യാപകമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മൊബൈൽ ഫോൺ നമ്പരുകൾ ശേഖരിച്ച് അതിൽ നിന്നും ഭൂഖണ്ഡങ്ങൾ തിരിച്ചു ലോട്ടറി കമ്മീഷൻ തയ്യാറാക്കിയ ലിസ്റ്റിലുള്ള നമ്പരുകളെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ ആണ് താങ്കളുടെ നമ്പർ ഒന്നാം സമ്മാനമായ 23,000,000 GBP ക്ക് അർഹമായത്. സമ്മാനത്തുക Oriental Insurance Bank ൽ നിക്ഷേപിച്ചിരിക്കയാണ്. കമ്പനിയുടെ ചട്ടപ്രകാരം സമ്മാനത്തുക ഒരുമാസത്തിൽ കൂടുതൽ അക്കൌണ്ടിൽ സൂക്ഷിക്കുവാൻ പാടുള്ളതല്ല. അതിനാൽ താങ്കൾ നിയമാനുസൃതമായ രേഖകൾ (passport, employment card, driving licence, bank account details) സമർപ്പിച്ചു സ്വയം ബോദ്ധ്യപ്പെടുത്തി ഒരു മാസത്തിനുള്ളിൽ തുക കൈപ്പറ്റെണ്ടതാണ്. നറുക്കെടുപ്പിൽ വിജയിയായ താങ്കൾ നിർദ്ദിഷ്ട തുകക്ക് അർഹനായി എന്നു കാണിക്കുന്ന കമ്മീഷന്റെ certificate ഉം തുക നിക്ഷേപിക്കുവാനും രേഖകൾ സമർപ്പിക്കുവാനും ആവശ്യമായ നടപടി ക്രമങ്ങളും അടുത്ത പോസ്റ്റിൽ നൽകുന്നതായിരിക്കും. നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ സമ്മാനത്തുക കൈപ്പറ്റുന്നില്ലെങ്കിൽ, സ്വിസ് ഗവണ്മെന്റ് നിയമപ്രകാരം  ആ തുക ഗവണ്മെന്റ് അക്കൌണ്ടിലേക്ക് ക്രെഡിറ്റ്‌ ചെയ്യുന്നതായിരിക്കും  എന്നു കൂടി  ഓർമ്മിപ്പിക്കുന്നു. തുക സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിനായി കാത്തിരിക്കുന്നു ".  

കത്ത് വായിച്ചു തീർന്നപ്പോഴേക്കും എന്റെ ഹൃദയമിടിപ്പും കൂടി. സമ്മാനത്തുകയായ 23,000,000 GBP എത്ര രൂപയാണെന്ന് കണക്കു കൂട്ടി നോക്കി. 1840000000 രൂപ!!. അതായാത് 184 കോടി രൂപ!!!. തല കറങ്ങുന്നതുപോലെ തോന്നി. ദൈവമേ, നീ ഇത്ര കരുണയുള്ളവനോ ? എന്തെങ്കിലും ഒക്കെ സമ്പാദിച്ചു സാധാരണക്കാരനായി ജീവിച്ചാൽ  മതി എന്നു മാത്രം കരുതി ജീവിച്ച എന്നെ നീ നിമിഷനേരം കൊണ്ട് ഭാഗ്യത്തിന്റെ മാളികപ്പുറത്തേറ്റുകയാണോ? ഹാ... ആർക്കറിയാം നിൻറെ ഇംഗിതം? ഏതായാലും എനിക്കു കൈവന്ന  മഹാഭാഗ്യം സുഹൃത്തുക്കൾ ആരും അറിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അല്ലെങ്കിൽ തന്നെ ശതകോടീശ്വരനായ എനിക്ക് നാളെ മുതൽ ഇവരെയൊക്കെകൊണ്ട് എന്തു കാര്യം? എൻറെ മനസ്സ് ആനന്ദതുന്ദിലമായി.   

പിറ്റേ ദിവസം അടുത്ത മെയിൽ കിട്ടി. ലോട്ടറി അടിച്ചതായി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റും  മറ്റു നിർദ്ദേശങ്ങളും ലഭിച്ചു.  ഇത് കൂടാതെ സമ്മാനത്തുക എന്റെ അക്കൌണ്ടിലേക്ക് മാറ്റുന്നതിനുള്ള   പ്രോസിസ്സിംഗ് ഫീ ആയി 1500 GBP  കൂടി അയക്കണമെന്നും നിർദ്ദേശിച്ചിരുന്നു. കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തതിനാൽ അവർ ചോദിച്ച രേഖകൾ അയയ്ക്കാൻ എനിക്കു തോന്നിയില്ല. University website ൽ പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ ഫോട്ടോയും മറ്റു വിവരങ്ങളും എടുത്തുകൊള്ളാൻ അറിയിച്ചു മെയിൽ  എഴുതി. പ്രോസിസ്സിംഗ് ഫീയായ 1500 GBP സമ്മാനത്തുകയിൽ നിന്നും എടുത്തുകൊള്ളുവാനും  അതു കഴിച്ചുള്ള തുക കിട്ടിയാൽ മതിയെന്നും എഴുതി. പക്ഷേ സമ്മാനത്തുകയിൽ നിന്നും തുക വഴിമാറ്റി ചിലവാക്കാൻ കഴിയില്ല എന്നും അതിനാൽ  പ്രോസിസ്സിംഗ് ഫീ കിട്ടിയാലേ കാര്യങ്ങൾ സുഗമമായി നടക്കയുള്ളൂ എന്നും അവർ അറിയിച്ചു. കാശും രേഖകളും വിട്ടുള്ള കളി വേണ്ട എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ഞാൻ ഒരു മുടക്ക് ന്യായം പറഞ്ഞു; ഇതിൽ ഉൾപ്പെട്ടിരിക്കുന്നവർ genuine ആണെന്ന് മനസ്സിലാക്കാതെ എനിക്ക് എങ്ങിനെ കാശും രേഖകളും തരാൻ കഴിയും? അതിനും മറുപടി ഉടൻ കിട്ടി. സമ്മാനത്തുക  നിക്ഷേപിച്ചിരിക്കുന്ന ബാങ്കിന്റെ ഉത്തരവാദപ്പെട്ടവരുടെ പേരുകളും വിലാസവും അയച്ചു തന്നു. വേൾഡ് ബാങ്കിന്റെയും ഇന്റർനാഷണൽ  monetary fund ന്റെയും മുൻ തലവന്മാരായ Mattilda Williamson ഉം മറ്റൊരാളും (പേര് ഇപ്പോൾ ഓർമ്മയില്ല)  ആണ്  ബാങ്കിന്റെ സാരഥികൾ. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവരോടു തന്നെ ചോദിച്ച് സംശയനിവൃത്തി വരുത്തിക്കൊള്ളൂ എന്നും നിർദ്ദേശിച്ചു.  ഞാൻ ഇന്റർനെറ്റിൽ തിരഞ്ഞു നോക്കി Oriental Insurance Bank ഉം അതിന്റെ സാരഥികളുടെ പേരുകളും  ശരിയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. 

സമ്മാനത്തുക നഷ്ട്ടപ്പെടുമോ എന്നുള്ള വേവലാതി മനസ്സിലുണ്ടായിരുന്നെനിലും കാശും രേഖകളും കൊടുക്കാതെ ഞാനിങ്ങനെ ഉരുണ്ടു കളിച്ചുകൊണ്ടേയിരുന്നു. സമ്മാനത്തുക claim ചെയ്യാൻ ഇനി രണ്ടു ദിവസങ്ങൾ മാത്രമേയുള്ളൂവെന്നും claim ചെയ്യാത്ത പക്ഷം സമ്മാനം അസാധുവാകും എന്ന അന്ത്യശാസനവും കൂടി വന്നു കഴിഞ്ഞപ്പോൾ ഞാൻ ആകെ ആശയകുഴപ്പത്തിലായി. 1500 GBP ക്ക് വേണ്ടി 23,000,000 GBP കളഞ്ഞു കുളിക്കണോ?  നിധി കിട്ടിയത് ആരും അറിയരുതെന്ന് നിര്ബന്ധമുള്ളത് കൊണ്ട് സുഹൃത്തുക്കളോട് അഭിപ്രായം ചോദിക്കാനും വയ്യ. അങ്ങിനെ ചെകുത്താനും കടലിനും ഇടയ്ക്കായ ഞാൻ ഒടുവിൽ തീരുമാനിച്ചു, ബെർനാഡിനോടു ചോദിക്കാം, അദ്ദേഹമാകുമ്പോൾ കുഴപ്പമില്ല, എന്റെ ഭാഗ്യത്തിൽ അസൂയാലുവാകുന്ന ആളല്ല അദ്ദേഹം! യൂണിവേർസിറ്റിയിലെ  ഒരു സീനിയർ ഉദ്യോഗസ്ഥനാണ് അവിവാഹിതനായ ബെർനാദ്‌. ആരോടും അടുപ്പമില്ലാതെ  ഏകാകിയായി, ശരിക്കുംപറഞ്ഞാൽ  ഒരു introvert ആയി കഴിയുന്ന തമിഴ് വംശജനായ അദ്ദേഹത്തിനെ ആയിടക്കാണ് ഞാൻ പരിചയപ്പെട്ടത്‌. ദിവസവും ഒരുമിച്ചു ബസ്സിൽ  യാത്രചെയ്ത് ക്രമേണ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. 

ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് വിശ്രമിക്കുന്ന ബെർനാഡിനെ ഞാൻ അദ്ദേഹത്തിൻറെ ഓഫീസിൽ പോയി കണ്ടു കാര്യം പറഞ്ഞു. ലോട്ടറിക്കാർ ചോദിച്ച കാശും രേഖകളും കൊടുത്തു തുക കൈപ്പറ്റാൻ അദ്ദേഹം പറയും എന്നാണു ഞാൻ പ്രതീക്ഷിച്ചത്. എന്തെങ്കിലും അബദ്ധത്തിൽ ചെന്ന് ചാടിയാലും അനുഭവസമ്പത്തുള്ള മറ്റൊരാൾ കൂടി പറഞ്ഞിട്ടാണല്ലോ ചെയ്തതെന്നു സമാധാനിക്കാം എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ, എന്റെ വിവരണമെല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു ചോദ്യമാണ് എന്നോടു ചോദിച്ചത്, " ഒരു രൂപ  പോലും മുടക്കാത്ത ഒരു കാര്യത്തിന്റെ പേരിൽ ആരെങ്കിലും ഇത്രയും രൂപ വെറുതേ താങ്കൾക്കു തരുമോ? ഇതു കള്ളക്കളിയാണ്. ഇങ്ങനെ പലതും ഇന്റർനെറ്റിൽ കാണും, അതൊന്നും മൈൻഡ് ചെയ്യാതിരിക്കയാണ് ബുദ്ധി". 

സത്യത്തിൽ എനിക്കു ദേഷ്യമാണ് തോന്നിയത്. ലോകവുമായി ബന്ധമില്ലാതെ, introvert ആയ ഒരു  മനുഷ്യനോട് ഇത് ചോദിയ്ക്കാൻ വന്ന ഞാനാണ് വിഡ്ഢി! കാശിന്റെ വിലയും അതുകൊണ്ടുള്ള സുഖഭോഗങ്ങളും അനുഭവിക്കാൻ അറിയാത്ത നിർമ്മമനായ ഈ മനുഷ്യനെങ്ങനെ എനിക്കു കൈവന്ന ഭാഗ്യത്തിന്റെ വില മനസ്സിലാകും? കുറെ നേരം അവിടെയിരുന്ന് അദ്ദേഹത്തെക്കൊണ്ടു സമ്മതിപ്പിക്കാൻ  പല ന്യായീകരണങ്ങളും ഞാൻ നിരത്തി നോക്കിയെങ്കിലും അദ്ദേഹം തന്റെ അഭിപ്രായത്തിൽ ഉറച്ചു തന്നെ നിന്നു. ആ മനുഷ്യനെ ശപിച്ചു കൊണ്ട് ഞാൻ അവിടം വിട്ടു പോന്നു.

നേരെ പോയത് ഞാൻ ഇരിക്കുന്ന മുറിയിൽ തന്നെയിരുന്ന് ജോലി ചെയ്യുന്ന Karl ന്റെ അടുത്തേക്കാണ്. Scotland കാരനായ Karl എന്റെ നല്ലൊരു സുഹൃത്താണ് (ഇന്നദ്ദേഹം അമേരിക്കയിലെ പ്രശസ്തമായ ഒരു സർവകലാശാലയിലെ അസ്സോസിയറ്റ് പ്രൊഫസർ ആണ്). ഊർജ്ജസ്വലനായ Karl കമ്പ്യൂട്ടറിൽ വിവരങ്ങൾ തേടി പിടിക്കാൻ ബഹുമിടുക്കനാണ്‌. ഞാൻ Karl നോട് വിവരം പറഞ്ഞു. ബോറനായ ബെർനാദിനോടു സംസാരിച്ച കാര്യവും പറഞ്ഞു.
ഒന്ന് ചിരിച്ചിട്ട് Karl പറഞ്ഞു, 'ബെർണാഡ് പറഞ്ഞതാകാം അതിന്റെ കാര്യം'.  

'Karl അതെങ്ങിനാ ശരിയാകുന്നത്? വേൾഡ് ബാങ്കിന്റെയും ഇന്റർനാഷണൽ മോണിട്ടറി ഫണ്ടിന്റെയും പ്രസിഡന്റായിരുന്നവർ തരംതാണ കള്ളക്കളിക്ക് കൂട്ടു നിൽക്കുമോ? ഞാൻ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.

 'മോഹൻദാസ്‌ പറഞ്ഞതു ശരി തന്നെ, പക്ഷേ  ഇവർ തന്നെയാണ് ഇപ്പറയുന്ന ബാങ്കിന്റെ സാരഥികൾ എന്നെങ്ങിനെ ഉറപ്പിച്ചു പറയാൻ കഴിയും? ഇങ്ങനെ ചോദിച്ചിട്ട് Karl കമ്പ്യൂട്ടറിൽ ഇവരുടെ വിവരങ്ങൾ തേടാൻ തുടങ്ങി. 

നിമിഷ നേരം കൊണ്ട് Karl കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി. പേരുകൾ കൊടുത്തിരിക്കുന്നതിൽ ചില അക്ഷരങ്ങൾ മാറ്റിക്കൊടുത്തിരിക്കുന്നു; ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം. Mattilda Williamson എന്ന ഒറിജിനൽ പേരിനു പകരം Malttida Willimson! അതുപോലെ 24 listed international fraud bank കളിൽ ഒന്നാണ്‌ Oriental International Bank എന്നും Karl നിഷ്പ്രയാസം കണ്ടു പിടിച്ചു. എനിക്കു ലഭിച്ച കത്തുപോലെ ഒരു കത്ത് നെറ്റിൽ കൊടുത്തിരിക്കുന്നതു കാണിച്ചിട്ട്, Karl  അതിന്റെ അടിക്കുറിപ്പും വായിച്ചു കേൾപ്പിച്ചു; 'ഇങ്ങനെയൊരു  വ്യാജസന്ദേശം പലർക്കും ലഭിക്കുന്നുണ്ട്. ഇതിൽ ഒരു വാസ്തവവും ഇല്ല. ഇത് വെറും ചതിയാണ്. ഇതിൽ വീണൂപോകരുത്. ഇങ്ങനെ ഒരു മെയിൽ കിട്ടിയാൽ വായിച്ചിട്ട് അതർഹിക്കുന്ന അവജ്ഞയോടെ ചവറ്റുകുട്ടയിൽ എറിയുക".   

ബെർണാഡിനെ ശപിച്ചതുപോലെ Karl നെ ശപിക്കാൻ എനിക്ക് തോന്നിയില്ല. 1500 GBP യും ബാങ്ക് രേഖകളും അത് കൊടുക്കുന്നതിലൂടെ ഉണ്ടാകാമായിരുന്ന  മറ്റു തലവേദനകളും എല്ലാം ഓർത്തപ്പോൾ Karlന്റെ പാദങ്ങളിൽ നമസ്ക്കരിക്കാനാണ് തോന്നിയത്! 

അങ്ങിനെ ശതകോടികളുടെ ആസ്ഥിയുമായി ഒരു മാസത്തോളം മദിച്ചു നടന്ന ഞാൻ നിമിഷനേരം കൊണ്ട്‌ എല്ലാം നഷ്ട്ടപ്പെട്ട് പാപ്പരായിത്തീർന്നു! പൂന്താനം പറഞ്ഞതെത്ര ശരി! പൂന്താനത്തിന്റെ 'ഇഹലോക'മന്നനെ മേലേ കയറ്റിയതും താഴെ ഇറക്കിയതും ഭാഗവാനായിരുന്നുവെങ്കിൽ എന്നിലേ 'സ്വപ്നലോകമന്നനെ' കയറ്റിയതും ഇറക്കിയതും ഞാൻ തന്നെയായിരുന്നുവെന്ന വ്യത്യാസം മാത്രം! ഇക്കാര്യത്തിൽ ഭഗവാൻ തീർത്തും നിരപരാധിയാണ്.

Friday, May 15, 2015

ബനിയാബാദിലെ റിക്ഷാക്കാരൻ



"ഭായീ സാബ്, ബനിയാബാദ് സ്റ്റേഷൻ ആഗയാ ഹെ , ആപ് യഹാം ഉഥർ ജായിയേ"; കണ്ടക്ടർ ചുമലിൽ തട്ടി പറഞ്ഞതു കേട്ട്  പാതി ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു. ഞാൻ കയറിയ ബസ്സ്‌ ഏതോ ബസ്സ്‌ സ്റ്റാന്റിൽ എത്തി നിൽക്കയാണ്.  യാത്രക്കാരെല്ലാം അവരവരുടെ ഭാണ്ഡങ്ങളുമായി ബസ്സിൽ നിന്നും ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഞാനും എഴുന്നേറ്റ് പെട്ടിയും ബാഗും എടുത്തു ബസ്സിനു  വെളിയിൽ വന്നു.

പ്രഭാത സമയമാണ്. മാനത്തു വെള്ള കീറി തുടങ്ങിയിട്ടേ ഉള്ളൂ. മാനം ആകെ മൂടി നിൽക്കുന്നതിനാലാകാം പ്രഭാതത്തിനു വല്ലാത്തൊരു ചൂടും അസ്വസ്ഥതയും. ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കി. അൽപ്പം അകലെയായി ആ കോമ്പൌണ്ടിന്റെ അതിർത്തിയിൽ കുറെ സൈക്കിൾ റിക്ഷകൾ നിർത്തിയിട്ടിട്ടുണ്ട്. റിക്ഷക്കാരുടെ ഇരുപ്പും നോട്ടവും കണ്ടാലറിയാം, അവർ സവാരിയും പ്രതീക്ഷിച്ചു കിടക്കുകയാണ്. എനിക്കു സമാധാനമായി.

പെട്ടിയും ബാഗും തൂക്കി ഞാൻ റിക്ഷകളുടെ സമീപത്തേക്കു നടന്നു. കണ്ടക്ടറും എന്നെ അനുഗമിച്ചു. കണ്ടക്ടർ റിക്ഷക്കാരിൽ ചിലരോട് എന്റെ കാര്യം പറഞ്ഞു.  പ്രാദേശിക ഭാഷയായ ഭോജ്പൂരി കലർന്ന ഹിന്ദിയിലായിരുന്നു അവർ സംസാരിച്ചത് എന്നതിനാൽ അവർ സംസാരിക്കുന്നതെന്താണെന്ന് എനിക്കു മനസ്സിലായില്ല. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കി ഞാൻ കണ്ടക്ടറെ ആകാംക്ഷയോടെ നോക്കി.

"സുഹൃത്തേ, യൂണിവേഴ്സിറ്റിയിലേക്കുള്ള  സവാരിക്ക്‌ ഇവര്ക്ക് താത്പര്യം ഇല്ലെന്നാണു പറയുന്നത്", കണ്ടക്ടർ പറഞ്ഞു.

പത്തിരുപത്തഞ്ചു റിക്ഷകൾ അവിടെ കിടപ്പുണ്ട്. സവാരി കാത്തു കിടക്കുന്ന ഇവർക്കാർക്കും എന്റെ സവാരി വേണ്ടത്രേ! എനിക്കതിശയം തോന്നി. എന്റെ മുഖഭാവം കണ്ടിട്ടാകാം, കണ്ടക്ടർ തുടർന്നു,

"എത്രചോദിച്ചിട്ടും സവാരി വേണ്ടാത്തതിന്റെ കാരണം ഇവർ പറയുന്നില്ല, എനിക്കു ട്രിപ്പ്‌ പോകേണ്ട സമയമാകുന്നതിനാൽ കൂടുതൽ നേരം ഇവിടെ നിൽക്കാൻ കഴിയില്ല. സോറി, താങ്കളെ സഹായിക്കാൻ എനിക്കു കഴിയുന്നില്ല, ഞാൻ പോകുന്നു", ഇതും പറഞ്ഞ്‌ കണ്ടക്ടർ യാത്രയായി. ഓരോ റിക്ഷക്കാരുടെയും അടുത്തു ചെന്ന് ഞാൻഎനിക്കറിയാമായിരുന്ന ഹിന്ദി ഭാഷയിൽ വീണ്ടും വീണ്ടും അപേക്ഷിച്ചു നോക്കി. പക്ഷേ ഈ സവാരിയിൽ താത്പര്യമില്ലെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു.

എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു. ക്ഷീണം കാരണം തല കറങ്ങുന്നതായി തോന്നി. പെട്ടി നിലത്തു വച്ച്‌ അതിന്റെ മുകളിൽ കയറി ഞാൻ ഇരുന്നു. രണ്ടു മൂന്നു ദിവസങ്ങളായി തുടരുന്ന പല ട്രെയിനുകൾ കയറിയിറങ്ങിയുള്ള  യാത്രയും ഉറക്കമില്ലാഴ്മയും ആഹാരക്കുറവും എന്റെ ശരീരത്തെയും മനസ്സിനെയും വല്ലാതെ തളർത്തിയിരിക്കുന്നു. മഴ മെല്ലെ ചാറാൻ തുടങ്ങി. എങ്ങോട്ട് പോകണം? എങ്ങിനെ പോകണം? ഒരെത്തും പിടിയും ഇല്ല. പോകേണ്ടത് ബനാറസ്‌ ഹിന്ദു സർവകലാശാലയിലേക്കാണ് എന്നുമാത്രം അറിയാം. ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം ഉറപ്പാക്കിക്കൊണ്ടുള്ള കത്തു സർവകലാശാലയിൽ നിന്നും ലഭിച്ചതിന്റെ പിറ്റേന്നാൾ വീട്ടിൽ നിന്നിറങ്ങിയതാണ്. നാട്ടിലുള്ള പട്ടാളക്കാരോടു ചോദിച്ച്  ബനാറസിനു പോകാനുള്ള വഴിയൊക്കെ ഒരു വിധം മനസ്സിലാക്കിയിരുന്നു. അങ്ങിനെ നാട്ടിൽ നിന്നും തിരിച്ച് രണ്ടു മൂന്നു ട്രെയിനുകൾ കയറിയിറങ്ങി 'മുഗൾസരായ്' സ്റ്റേഷനിൽ എത്തിയതാണ്. ബനാറസ് നഗരത്തിന് അടുത്ത പ്രദേശമാണ് മുഗൾസരായ്. മുഗൾസരായിയിൽ നിന്നും ബനാറസിനു നേരിട്ടുള്ള ബസ്സ്‌ സർവ്വീസ് ഇല്ലാത്തതിനാൽ ബനാറസിനോടു കുറേക്കൂടി അടുത്ത പ്രദേശമായ 'ബനിയാബാദ്' എന്ന സ്ഥലത്തേക്കുള്ള  ബസ്സിൽ കയറിയതാണ്. ബനിയാബാദിൽ നിന്നും ബനാറസ്‌ സർവകലാശാലയിലേക്ക് ആറേഴു നാഴിക ദൂരമേ ഉള്ളൂ എന്നും അതു താണ്ടാൻ ഒരു റിക്ഷ തരപ്പെടുത്തിത്തരാം എന്നും നല്ലവനായ ബസ്സ്‌ കണ്ടക്ടർ പറഞ്ഞിരുന്നു.

മഴത്തുള്ളികൾക്കു കനം വച്ചു തുടങ്ങി, എന്റെ പരവശതയ്ക്കും. ഞാൻ ഓരോ റിക്ഷാക്കാരനെയും വീണ്ടും വീണ്ടും സമീപിച്ചു യാചനാരൂപത്തിൽ അഭ്യർഥിച്ചു നോക്കി. സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടി കൂലി നൽകാം എന്നു പറഞ്ഞു. ഫലമുണ്ടായില്ല. അവർക്കീ സവാരി വേണ്ടത്രേ!  മനസ്സിന്റെ തേങ്ങലും ഉള്ളിലൊതുക്കി ആ മഴയും നനഞ്ഞു പെട്ടിപ്പുറത്തിരിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.   

"ഭായീസാബ്,താങ്കൾക്കു യൂണിവേഴ്സിറ്റിയിലേക്കല്ലേ പോകേണ്ടത്? വന്നാട്ടെ, ഞാൻ കൊണ്ടുപോകാം. വേഗം റിക്ഷയിൽ കയറി ഇരുന്നാട്ടെ, മഴയ്ക്ക് ശക്തിയേറുകയാണ്".

ഞാൻ തല ഉയർത്തി നോക്കി.  ഒരു മദ്ധ്യവയസ്കനായ റിക്ഷാക്കാരനാണ്. സാധാരണയിൽ കൂടുതൽ പൊക്കമുണ്ട്. അഴുക്കു പുരണ്ട വെള്ള മന്മൽ മുണ്ടു കൊണ്ട്  പാളത്താർ ഉടുത്തിരിക്കുന്നു. അതിലും മലീമസമായ ഒരു തുണിക്കഷണം കഴുത്തിൽ ചുറ്റിയിട്ടുണ്ട്. ഇതിന്റെ ഒരഗ്രം മാറിൽ സ്പർശിക്കുന്നതുണ്ടെന്നതൊഴിച്ചാൽ മറ്റു മേൽവസ്ത്രങ്ങളൊന്നും ആ ശരീരത്തിലുണ്ടായിരുന്നില്ല. ഉന്തിയ നെഞ്ചിൻകൂട് തൊലിപ്പുറത്തു വ്യക്തമായി കാണാം. റിക്ഷായുടെ സ്ഥിതിയും ഏതാണ്ടിങ്ങിനൊക്കെ തന്നെ. പഴകി തുരുമ്പിച്ച റിക്ഷായുടെ സീറ്റിലെ റക്സിൻ കീറി പഞ്ഞിയെല്ലാം പുറത്തു വന്നിരിക്കുന്നു. സൈഡിലും മുകളിലും റക്സിനുണ്ടെന്നു പറയാം, അത്രമാത്രം.

'വളരെ നന്ദി", പെട്ടിപ്പുറത്തു നിന്നും എഴുന്നേറ്റ് അതെടുക്കാനായി ഞാൻ കുനിഞ്ഞു. "വേണ്ട സാബ്, അത് ഞാൻ എടുത്തു വെച്ചോളാം, താങ്കൾ അകത്തു കയറി ഇരുന്നാട്ടെ" എന്ന് ഭവ്യതയോടെ പറഞ്ഞ് പെട്ടിയും ബാഗും എടുത്ത് റിക്ഷക്കുള്ളിൽ വച്ചു  റിക്ഷാക്കാരൻ നിൽപ്പായി. ഞാൻ റിക്ഷക്കുള്ളിൽ കയറിയിരുന്നു 'ചലിയേ' പറഞ്ഞതും റിക്ഷ ചലിച്ചു തുടങ്ങി.

"സാബ്,  താങ്കളെ  യൂണിവേഴ്സിറ്റിയിൽ എവിടെ വേണമെങ്കിലും ഞാൻ കൊണ്ടു പോകാം, അഞ്ചു രൂപ കൂലി തരണം", അയാൾ  ഭവ്യതയോടെ പറഞ്ഞു.

"ശരി, അഞ്ചല്ല, ഏഴു രൂപ ഞാൻ നിങ്ങൾക്കു തരാം, സംശയം വേണ്ട, പൊയ്ക്കോളൂ",  ഞാൻ പറഞ്ഞു. 

ബനിയാബാദിലെ ഇടുങ്ങിയ തെരുവീഥികളിലൂടെ കുണ്ടിലും കുഴിയിലും കുലുങ്ങി റിക്ഷാ ബനാറസ്‌ സർവകലാശാലയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. പാൽപാത്രങ്ങൾ പിന്നിൽ കെട്ടിവച്ച സൈക്കിളുകളിൽ ചിലർ തലങ്ങനെയും വിലങ്ങനെയും പോകുന്നുണ്ടെന്നതൊഴിച്ചാൽ ആ തെരുവീഥികൾ  വിജനമായിരുന്നു. തെരുവോരങ്ങളിലും വീടുകളുടെ മുറ്റത്തും ധാരാളം എരുമകളെ കെട്ടിയിട്ടിരുന്നത് കൌതുകകരമായ കാഴ്ചയായിരുന്നു. ചാണകത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു ആ തെരുവുകൾക്കെല്ലാം തന്നെ.                   

റിക്ഷാ ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അങ്ങകലെ നിന്നും  ഉച്ചഭാഷിണിയിൽ കൂടി ഒഴുകി വരുന്ന ഭക്തിസാന്ദ്രമായ മീരാഭജൻ കേൾക്കായി. ക്ഷേത്രങ്ങളുടെ നാടായ 'വാരാണസി' ഇങ്ങടുത്തായി എന്നറിയിക്കുന്നതായിരുന്നു ആ സംഗീതവീചികൾ. ഭാരതത്തിലെ ഏറ്റവും പുരാതന നഗരമായ ബനാറസിലേക്കാണ്‌ ഞാൻ എത്തിക്കൊണ്ടിരിക്കുന്നതോർത്തപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷവും ഉണർവും അനുഭവപ്പെട്ടു.

ബനാറസ് നഗരത്തിലെ നിരത്തുകൾ അത്ര നിരപ്പുള്ളതായിരുന്നില്ല. എന്നാൽ പറയത്തക്ക കയറ്റമോ ഇറക്കമോ ആ നിരത്തുകൾക്ക് ഉണ്ടായിരുന്നില്ലതാനും. എങ്കിലും കൃശഗാത്രനായ റിക്ഷാക്കാരൻ റിക്ഷാ ചവിട്ടാൻ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു. റിക്ഷാ ചവിട്ടുന്നതോടൊപ്പം അയാൾ നിരന്തരം ചുമച്ചു കൊണ്ടേയിരുന്നു. കുളിരുള്ള ആ പ്രഭാതത്തിലും വിയർപ്പു ചാലുകൾ അയാളുടെ ശരീരത്തിലൂടെ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. ചവിട്ടാനുള്ള പ്രയാസം കാരണം അയാൾ ഇടയ്ക്കിടയ്ക്ക് റിക്ഷയിൽ നിന്നും താഴെ ഇറങ്ങി അതും വലിച്ചു നടന്നു. എന്റെയും പെട്ടികളുടെയും ഭാരം കൂടി ചേർന്ന ആ റിക്ഷാ വലിച്ചു നടക്കാൻ പോലും അയാൾ വളരെ പ്രയാസപ്പെടുന്നതായി എനിക്കു മനസ്സിലായി. ഞാൻ താഴെ ഇറങ്ങി നടന്നു കൊള്ളാം എന്നു പറഞ്ഞെങ്കിലും ആ സാധു മനുഷ്യൻ അതു നിരസിച്ചു. എങ്കിലും അയാൾ വളരെ കഷ്ട്ടപ്പെടുന്നതായി തോന്നിയ ഇടങ്ങളിൽ ഞാൻ റിക്ഷായിൽ നിന്നും താഴെ ഇറങ്ങി, അതു തള്ളി നീക്കാൻ  അയാളെ സഹായിച്ചു. സാധാരണ കാണുന്നവരിൽ നിന്നും വ്യത്യസ്തനാണ് ഞാനെന്നു കണ്ടതിനാലാകാം, റിക്ഷാക്കാരൻ പതുക്കെ പതുക്കെ മനസ്സു തുറക്കാൻ തുടങ്ങി.   

"സാബ്‌, അങ്ങു വിളിച്ചപ്പോൾ സവാരി വേണ്ട എന്ന് റിക്ഷക്കാരെല്ലാം പറഞ്ഞത് അവർക്കു സവാരിയിൽ താത്പര്യം ഇല്ലാഞ്ഞിട്ടല്ല; മറിച്ച്  ഭയം കൊണ്ടാണ്. യൂണിവേഴ്സിറ്റിയിലേക്കു സവാരി പോയാൽ കൂലി കിട്ടുക പ്രയാസമാണ്. കൂലി ചോദിച്ചാൽ മർദ്ദനം ആയിരിക്കും ഫലം. എത്രയോ പ്രാവശ്യം ഇതു സംഭവിച്ചിരിക്കുന്നു! കൂലി ചോദിച്ചതിൽ ദേഷ്യപ്പെട്ട് വിദ്യാർഥികൾ റിക്ഷകൾ തകർത്ത  സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ റിക്ഷകളൊന്നും ഞങ്ങളുടേതല്ല; പണക്കാരായ മുതലാളിമാരിൽ നിന്നും ഞങ്ങൾ ദിവസവാടകക്കെടുത്തു ചവിട്ടുന്നതാണ്. രാപ്പകൽ പണിചെയ്താൽ  വാടക കഴിച്ച്‌ അഞ്ചോ പത്തോ രൂപാ കിട്ടും, അതുകൊണ്ടു വേണം കുടുംബം പോറ്റാൻ. അപ്പോൾ റിക്ഷപോലും സുരക്ഷിതമല്ലാത്ത ഒരു സവാരിക്കെങ്ങിനെ പോകാൻ കഴിയും ഞങ്ങൾക്ക്? അങ്ങൊരു 'മദ്രാസി' യാണെന്നു മനസ്സിലായതുകൊണ്ടാണ് ഇതൊക്കെ പറയുന്നത്".   

എനിക്കതിശയം തോന്നി. അനുവദനീയമായതിൽ കൂടുതൽ കൂലി ചോദിക്കുകയും അതു നൽകാൻ വിസമ്മതിച്ചാൽ യാത്രക്കാരനെ കയ്യേറ്റം ചെയ്യാൻ പോലും മടി കാണിക്കാത്ത റിക്ഷക്കാരുടെ നാട്ടിൽ നിന്നും വരുന്ന എനിക്ക് ഇതൊരു പുതിയ അറിവും അനുഭവവും ആയില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളൂ? 

ഇതിനുള്ളിൽ റിക്ഷാ ബനാറസ് സർവകലാശാലയുടെ ഗോപുരവാതിൽക്കൽ എത്തി, പ്രൌഡഗംഭീരമായ ഉത്തുംഗകമാനവും കടന്ന് വെടിപ്പും ഭംഗിയുമുള്ള രാജവീഥിയിൽ കൂടി മന്ദം മന്ദം നീങ്ങിക്കൊണ്ടിരുന്നു. വീഥിയുടെ രണ്ടു വശങ്ങളിലും തണൽ  മരങ്ങൾ വരിവരിയായി  നിൽക്കുന്നു. ഒരു വശത്ത്‌ തണൽ മരങ്ങൾക്കു പിന്നിലായി ബ്രിട്ടീഷ്‌ മാതൃകയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള വലിയ കെട്ടിടങ്ങൾ നിലകൊള്ളുന്നു. ആ കെട്ടിടങ്ങളുടെ മുൻപിൽ കണ്ട ബോർഡുകളിൽ നിന്നും അതെല്ലാം വിദ്യാർത്ഥികൾക്കു താമസിക്കാനുള്ള ഹോസ്റ്റലുകൾ  ആണെന്നെനിക്കു മനസ്സിലായി. വിശ്വപ്രസിദ്ധമായ ബനാറസ് ഹിന്ദു സർവകലാശാലയുടെ  കാമ്പസ്സിൽ കൂടിയാണ്‌ ഞാൻ യാത്ര ചെയ്യുന്നതെന്നും നാളെ മുതൽ ഞാനും ഈ വിശ്വവിദ്യാലയത്തിന്റെ ഭാഗമായി മാറും എന്നും ഓർത്തപ്പോൾ  എന്റെ മനസ്സിന് അതുവരെയുണ്ടായിരുന്ന ക്ഷീണമെല്ലാം അകന്നു പോയി.

റിക്ഷാ 'രാമകൃഷ്ണ ഹോസ്റ്റലി'നു മുന്പിലെ പോർട്ടിക്കൊയിലെത്തി നിന്നു. നാട്ടിൽ എന്നോടൊപ്പം പഠിച്ച ഒരു സുഹൃത്ത്‌ ഇവിടെ താമസിക്കുന്നുണ്ട്. റിക്ഷാ നിന്നതും റിക്ഷാക്കാരൻ സീറ്റിൽ നിന്നും ചാടിയിറങ്ങി എന്റെ ആന്ജയും കാത്ത് ബഹുമാനഭാവത്തിൽ നിലയായി; ജന്മിയുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്ന അടിയാളനെപ്പോലെ. യൂണിവേഴ്സിറ്റി യാത്രയിലെ മുൻകാല അനുഭവങ്ങൾ കൊണ്ടാകാം, അയാളുടെ മുഖത്ത് ഭയവും അസ്വസ്ഥതയും പ്രകടമായിരുന്നു. ഞാൻ റിക്ഷയിൽ നിന്നിറങ്ങി ബാഗെടുക്കാൻ കൈകളുയർത്തി.

'വേണ്ട സാബ്, അതൊക്കെ ഞാൻ എടുത്തു കൊള്ളാം, അങ്ങ് നടന്നാട്ടെ' ഇതും പറഞ്ഞു പെട്ടി തലയിൽ വച്ച് ബാഗ് കയ്യിലും പിടിച്ച്  റിക്ഷക്കാരൻ എന്റെ പിറകെ നടന്നു തുടങ്ങി. എന്റെ മുൻപിൽ നടക്കാൻ പോലും അയാള് ഭയക്കുന്നതായി എനിക്കു മനസ്സിലായി. എനിക്ക് പോകേണ്ടിയിരുന്ന 16-)o  നമ്പർ മുറിയുടെ മുമ്പിൽ ബാഗും പെട്ടിയും വച്ച് റിക്ഷക്കാരൻ തല കുനിച്ചു നിന്നു. റിക്ഷാക്കൂലി ചോദിക്കാനുള്ള മടിയും എന്നാൽ അത് കിട്ടിയിരുന്നെങ്കിൽ തനിക്കു പോകാമായിരുന്നു എന്ന ആഗ്രഹവും ആ മുഖത്തു നിഴലിച്ചു കണ്ടു. യഥാർത്ഥ അടിമത്തം എന്താണെന്ന് ജീവിതത്തിലാദ്യമായി  ഞാൻ നേരിട്ടറിഞ്ഞു. ദൈന്യത നിറഞ്ഞ ആ മുഖത്തു നോക്കിയപ്പോൾ എനിക്കു വല്ലാത്ത അസ്വാസ്ഥ്യം അനുഭവപ്പെട്ടു; ഒപ്പം ഇവരെയൊക്കെ അടിമകളാക്കുന്ന 'വിദ്യാസമ്പന്ന'വർഗ്ഗത്തോടു പുശ്ചവും. ഞാൻ പോക്കറ്റിൽ നിന്നും  പന്ത്രണ്ടു
രൂപയെടുത്തു അയാൾക്കു കൊടുത്തു. അയാളെന്നെ പരിഭ്രമത്തോടെ തുറിച്ചു നോക്കി. പറഞ്ഞതിലും അഞ്ചു രൂപ കൂടുതലാണ് തന്നതെന്നു പറഞ്ഞ് ആ തുക അയാൾ തിരികെ നീട്ടി. അതു ഞാൻ അറിഞ്ഞു തന്നതാണെന്നു പറഞ്ഞു. അയാൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ലായിരിക്കാം. ആ നേത്രങ്ങൾ ആർദ്രമാകുന്നതു ഞാൻ കണ്ടു. ആ ആർദ്രത പിന്നെ അശ്രുധാരയായി. എനിക്കു വല്ലാത്ത അസഹ്യത അനുഭവപ്പെട്ട നിമിഷങ്ങളായിരുന്നു
അത്. എൻറെ കണ്ണും നിറഞ്ഞുപോയി. പലവട്ടം 'ധന്യവാദും' പറഞ്ഞ് ആ സാധു മനുഷ്യൻ നടന്നകലുന്നതും നോക്കി ഞാൻ നിന്നു. വിദ്യാഭ്യാസം കൊണ്ടു നാം നേടുന്നതെന്താണ് എന്ന ചോദ്യമായിരുന്നു അപ്പോഴെന്റെ മനസ്സു മുഴുവൻ.

ബനാറസിലെ പഠനം എനിക്ക് ബിരുദാനന്ദര ബിരുദവും അതിന്റെ പേരിൽ നല്ലൊരു ജോലിയും നേടിത്തന്നെങ്കിലും എന്റെ അറിവിന്റെ നിറുകയിലെ കറുത്തപാടായി 'ബനിയാബാദിലെ ആ റിക്ഷാക്കാരൻ' ഇന്നും തെളിഞ്ഞു നിൽക്കുന്നു.

 (ഈ സംഭവം നടന്നിട്ടു 32 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇക്കാലത്തിനുള്ളിൽ ബനാറസിലെ റിക്ഷാക്കാരുടെ ജീവിതം കുറച്ചെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടാകാം)

Monday, December 15, 2014

സുഖമോ ദേവീ (ലവണാസുരവധം)

സുപ്രസിദ്ധ കഥകളി കലാകാരൻ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ  16-മതു ചരമ വാർഷി കത്തോടനുബന്ധിച്ചു ചെന്നിത്തലയിൽ 13-12-2014 ൽ നടന്ന ലവണാസുരവധം കഥകളിയിൽ നിന്ന്. ശ്രീ കലാമണ്ഡലം ബാലകൃഷ്ണനും കലാമണ്ഡലം അനിൽകുമാറും ചേർന്ന് അവതരിപ്പിച്ച മണ്ണാനും മണ്ണാ ത്തിയും ഉണ്ടായിരുന്നു.

വേഷം: ശ്രീ. ഓയൂർ(കലാമണ്ഡലം) രാമചന്ദ്രൻ (സീത), ശ്രീ. ഓയൂർ(കലാമണ്ഡലം) രതീശൻ (ഹനുമാൻ), കലാനിലയം രവീന്ദ്രനാഥപ്പൈ, ഡോ. ചന്ദ്രമന നാരായണൻ നമ്പൂതിരി
പാട്ട്: ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായർ, ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണൻ
ചെണ്ട: ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ, ശ്രീ. കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ
മദ്ദളം : ശ്രീ.കലാഭാരതി ജയൻ, ശ്രീ.കലാമണ്ഡലം രാജേഷ്

 ഇവിടെ ക്ലിക്ക് ചെയ്യുക:
https://www.youtube.com/watch?v=ltZXswG1b6o&spfreload=10

Tuesday, December 9, 2014

'മധുരതര കോമളവദനേ'

പത്തിയൂർ ശങ്കരൻകുട്ടിയും രാജീവൻ നമ്പൂതിരിയും ചേർന്നു പാടി ഗോപിയാശാനും മാർഗ്ഗി വിജയകുമാറും ചേർന്ന് ആടി ഗംഭീരമാക്കിയ ഈ കളി (വീഡിയോ)
വേണ്ടത്ര  ശ്രദ്ധിക്കപ്പെട്ടില്ല എന്നു തോന്നുന്നു. ഒന്ന് നോക്കിക്കോളൂ.

https://www.youtube.com/watch?v=_bsoiRBPOMQ

Saturday, December 6, 2014

സംഗീതാർച്ചന

സംഗീതാർച്ചന : ശ്രീ. തിരുവല്ല  ഗോപിക്കുട്ടൻ നായർ സപ്തതി ദിനാഘോഷ വേളയിൽ ശ്രീ. പി.ഡി. നമ്പൂതിരിയും ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണനും ചേർന്നു പാടുന്നു. ചെണ്ടയിൽ ശ്രീ. കുറൂർ (മിടുക്കൻ)  വാസുദേവൻ‌ നമ്പൂതിരി. മദ്ദള കലാകാരന്റെ പേരു (?) പിന്നീട് ചേർക്കാം 

https://www.youtube.com/watch?v=qa9vzAMHBAo

https://www.youtube.com/watch?v=skfDbETyyUc&feature=youtu.be

Thursday, December 4, 2014

Kathakalippadakkacheri (കഥകളിപ്പദക്കച്ചേരി)

പാടുന്നത് : മാസ്റ്റർ ജ്യോതിസ്.എസ് .കുമാർ  പെരുനാട്
വയലിൻ : തിയൂവല്ല ഹരികുമാർ
  മൃദംഗം : തൃക്കൊടിത്താനം സുഭാഷ്
      ഘടം : തൃക്കൊടിത്താനം രാധാകൃഷ്ണൻ
    സ്ഥലം : ശ്രീ വല്ലഭ ക്ഷേത്രം, തിരുവല്ല, 21 നവംബർ
സന്ദർഭം : കഥകളി ഗായകൻ തിരുവല്ല ഗോപിക്കുട്ടൻ നായർ സപ്തതി ആഘോഷം

https://www.youtube.com/watch?v=qHTNfKrBfyQ&feature=youtu.be

Saturday, November 29, 2014

Panchamaddala keli (പഞ്ചമദ്ദള കേളി)


പഞ്ചമദ്ദള കേളി
നയിക്കുന്നത് : കലാമണ്ഡലം അച്യുത വാര്യർ
സംഘാംഗങ്ങൾ : കലാനിലയം അജികൃഷ്ണൻ, കലാനിലയം രാകേഷ്, RLV ജിതിൻ, RLV സുദേവ വർമ്മ  
സ്ഥലം: ശ്രീവല്ലഭ ക്ഷേത്രമണ്ഡപം, തിരുവല്ല
സന്ദർഭം : കഥകളി സംഗീതജ്ജൻ തിരുവല്ല ഗോപിക്കുട്ടൻ നായർ സപ്തതി ആഘോഷം
തീയതി : 21 നവംബർ2014

please click: https://www.youtube.com/watch?v=EXDYo4E8EpE