Tuesday, April 29, 2014

കഥകളി മോരിലെ വെണ്ണ : ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ

ഡോ. ഏവൂർ മോഹൻദാസ്
                          

'മോരിലെ വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും' എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  കലാമണ്ഡലം കൃഷ്ണൻ  നായർ. കഥകളിയെന്ന കലാസൗകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭകൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ച് തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന കലാമണ്ഡലം കൃഷ്ണൻ നായർ. കേരളത്തിന്റെ തെക്കേയറ്റം മുതൽ  വടക്കേയറ്റം വരെ നിലനിന്നിരുന്ന വിവിധ കഥകളിശൈലികളെ തന്റെ അസാമാന്യ പ്രതിഭാവിലാസംകൊണ്ട് തന്നിലേക്ക് ആവാഹിക്കുകയും അതിന്റെയെല്ലാം നല്ല വശങ്ങളെ തന്റെ കലാധിഷണയുടെ മൂശയിലിട്ടു വാർത്ത് കഥകളി എന്ന കേരളീയകലയുടെ ചേതോഹരവും സമ്പൂർണ്ണവുമായ രൂപം ലോകസമക്ഷം അവതരിപ്പിക്കുക എന്ന മഹനീയ ദൗത്യമാണ് കലാമണ്ഡലം കൃഷ്ണൻ നായർ ഏറ്റെടുത്തത്. ഇങ്ങനെയൊരു കഥകളി ഉപാസനയിലൂടെ തനിക്കു മുൻപും പിൻപും നടന്ന കഥകളി കലാകാരന്മാരിൽ നിന്നും വ്യത്യസ്തനാകുകയായിരുന്നു ഈ പ്രതിഭാശാലി. അദ്ദേഹത്തിൻറെ നൂറാം ജന്മദിനം കൊണ്ടാടുന്ന ഈ വേളയിൽ അദ്ദേഹത്തിൻറെ ആത്മകഥയായ 'എന്റെ ജീവിതം: അരങ്ങിലും  അണിയറയിലും (ഡി.സി.ബുക്സ്, കോട്ടയം)' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്താനുള്ള ശ്രമമാണിത്. കഥകളിയുടെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു കലാമണ്ഡലം കൃഷ്ണൻ നായർ എന്നതിനാൽ അദ്ദേഹത്തിൻറെ ജീവിതത്തിലേക്കുള്ള ഈ യാത്ര സ്വാഭാവികമായും ആ കാലഘട്ടത്തിലേക്കുള്ള ഒരു യാത്രയായി കൂടി കണക്കാക്കാം .

കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലുള്ള ചെറുതാഴം അംശം കുന്നുമ്പുറം ദേശം പുതിയേടത്ത് വീട്ടിൽ കൊല്ലവർഷം1089 മീനമാസത്തിലെ മകം നക്ഷത്രത്തിലായിരുന്നു കൃഷ്ണന്റെ ജനനം (1914 മാർച്ച് 11). അച്ഛനും ഒരു ജ്യേഷ്ഠനും ഉണ്ടായിരുന്നെങ്കിലും ദരിദ്രയായ അമ്മയായിരുന്നു ബാലനായ കൃഷ്ണന്റെ എല്ലാം എല്ലാം. വയലിൽ  വേലചെയ്തു കിട്ടുന്നതും വീടിനടുത്തുള്ള പ്രശസ്തമായ വാരണക്കോട്ടില്ലത്തെ സഹായങ്ങളുംകൊണ്ടാണ് അമ്മ കൃഷ്ണനെ പോറ്റിയിരുന്നത്. വിശന്നപ്പോൾ പലപ്പോഴും ആഹാരം തരമായതും കഥകളി പഠിക്കണമെന്ന മോഹം സാധിച്ചു കിട്ടിയതും വാരണക്കോട്ടില്ലത്തെ നല്ലവരായ നമ്പൂതിരിമാരുടെ സന്മനസ്സുകൊണ്ടാണ്. അക്കാലലത്ത്  വാരണക്കോട്ടില്ലത്ത് തുടങ്ങിയ കളിയോഗത്തിൽ വച്ച് കല്ലടിക്കോടൻ സമ്പ്രദായത്തിലെ പ്രഗൽഭ കഥകളി ആചാര്യൻ ചന്തുപണിക്കരിൽ നിന്നും എണ്ണയും മെഴുക്കും വാങ്ങി രണ്ടു വർഷം അവിടെ കഥകളി അഭ്യസിച്ചു. തന്റെ എല്ലാമായിരുന്ന അമ്മയോടുള്ള  സ്നേഹാതിരേകവും അതുപോലെ തന്റെ കഷ്ടത നിറഞ്ഞ ബാല്യകാല ജീവിതത്തിൽ തനിക്ക്‌ ആശ്രയമാകുകയും കഥകളി പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്ത വാരണക്കോട്ടു മനയിലെ നമ്പൂതിരിമാരോടുള്ള കൃഷ്ണന്റെ നന്ദിയും കടപ്പാടും അദ്ദേഹത്തിൻറെ എഴുത്തിൽ നിഴലിച്ചു നില്ക്കുന്നുണ്ട്. വളരെ വർഷങ്ങൾക്കു ശേഷം വാരണക്കോട്ടില്ലത്തെ കളിയോഗം കലാമണ്ഡലത്തിനു വിൽക്കുമ്പോൾ അതിലെ 'വെള്ളിയിൽ തീർത്ത ആദ്യാവസാന കിരീടം വിൽക്കുന്നില്ല, അത് കിട്ടനുള്ളതാണ്' എന്നു തിരുമേനി പറയുമ്പോൾ കൃഷ്ണൻ നായർ വിതുമ്പി പോകുന്നുണ്ട്. ഫ്യുഡലിസത്തിന്റെ  അന്ധകാരകാലഘട്ടത്തിലും ഇതുപോലെയുള്ള മനുഷ്യസ്നേഹത്തിന്റെ മണ്‍ചിരാതുകൾ പലയിടങ്ങളിലും ആശാന് തന്റെ കലാജീവിതവുമായി മുന്നോട്ടു പോകാനുള്ള ഊർജ്ജവും വെളിച്ചവും പകർന്നു നല്കിയിരുന്നന്നു എന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ആത്മകഥയിലുടനീളം കാണാം.

                                                           (courtesy: The Hindu archives)

വാരണക്കോട്ടു കളരിയിലെ രണ്ടു വർഷത്തെ പഠനത്തിനുശേഷം ചില കഥകളി കലാകാരന്മാരുമായി ബന്ധപ്പെട്ടു വേഷങ്ങൾ കെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണൻ നായർ യാദൃശ്ചികമായി വള്ളത്തോൾ നാരായണമേനോന്റെ  ശ്രദ്ധയിൽപ്പെടുന്നത്. കൃഷ്ണൻ നായരുടെ അഭിനയ പാടവം നേരിൽ കണ്ടു മനസ്സിലാക്കിയ മഹാകവി, കൂടുതൽ കഥകളി പഠനങ്ങൾക്കായി തങ്ങൾ അടുത്തു തന്നെ തുടങ്ങാൻ പോകുന്ന കലാമണ്ഡലത്തിൽ ചേർന്നു പഠിക്കാൻ കൃഷ്ണൻ നായരെ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങിനെ കേരള കലാമണ്ഡലത്തിലെ ആദ്യബാച്ചിലെ വിദ്യാർഥികളിൽ ഒരാളായി ചേർന്ന കൃഷ്ണൻ നായർ പ്രശസ്ത കഥകളി ആചാര്യൻ പട്ടിക്കാംതൊടി രാവുണ്ണി മേനോനിൽ നിന്ന് കല്ലുവഴി ചിട്ടയിലെ ചിട്ടപ്രധാനമായ കഥകളിയും രസാഭിനയ പ്രതിഭയായിരുന്ന ഗുരു കുഞ്ചുക്കുറുപ്പിൽ നിന്ന് അഭിനയ കലയും സ്വായത്തമാക്കി. സാമ്പ്രദായികതയിൽ ഊന്നി നിന്ന് അച്ചടക്കത്തോടും തികഞ്ഞ ചിട്ടയോടും കൂടി കഥകളി പഠിപ്പിക്കാൻ രാവുണ്ണിയാശാനെപ്പോലെ മറ്റൊരു ഗുരുനാഥൻ ഉണ്ടായിട്ടില്ല എന്ന് കൃഷ്ണൻ നായർ  അടിവരയിട്ടു പറയുന്നുണ്ട്. തന്റെ ജോലിക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനമൊന്നും അദ്ദേഹത്തെ ഒരിക്കലും വ്യാകുലപ്പെടുത്തിയിരുന്നില്ലത്രേ; പുതിയ തലമുറയിലേക്കു ചിട്ടയായ കഥകളി പകർന്നു നൽകുന്നതിലായിരുന്നത്രേ ആ ആചാര്യന് എന്നും താത്പര്യം. ശുണ്‌ഠിയും കടുംപിടുത്തവും കുറച്ചു കൂടുതലായിരുന്ന രാവുണ്ണി ആശാൻ വള്ളത്തോളിനോട് ഇടഞ്ഞ് കലാമണ്ഡലം വിട്ടുപോയപ്പോൾ, ചിട്ടയായി കഥകളി അഭ്യസിപ്പിക്കുവാൻ കഴിവുള്ള ആ ആചാര്യനിൽ നിന്നു തന്നെ തനിക്കു കഥകളി അഭ്യസിക്കണം എന്ന ആഗ്രഹത്തോടെ  അദ്ദേഹത്തെ  കലാമണ്ഡലത്തിൽ തിരികെ എത്തിക്കുവാൻ കൃഷ്ണൻ നായർ നടത്തിയിട്ടുള്ള ശ്രമങ്ങൾ  അഭിനന്ദനാർഹമാണ്. കുറുക്കുവഴികൾ തേടാതെ അത്യന്തം ക്ളേശകരമായ അഭ്യാസത്തിലൂന്നി കഥകളി പഠിച്ച്, ഒരു യഥാർത്ഥ  കഥകളി നടനായി വളരണം എന്നുള്ള കൃഷ്ണൻ നായരുടെ ഉൽക്കടമായ അഭിവാഞ്ചയാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നു വ്യക്തം. കണ്ണൂർക്കാരനായ അദ്ദേഹത്തിൻറെ ഭാഷാശൈലിയെയും മറ്റും മദ്ധ്യകേരളീയരായിരുന്ന ജൂനിയർ വിദ്യാർഥികൾ പരിഹസിച്ചിരുന്നതായും തക്കം കിട്ടുമ്പോഴൊക്കെ അവർ അദ്ദേഹത്തെ ചെറുതാക്കാനും ഒഴിവാക്കാനും ശ്രമിച്ചിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. അതുപോലെ വള്ളത്തോളിന്റെ നിർദ്ദേശപ്രകാരം കലാമണ്ഡലത്തിൽ  കഥകളി അഭ്യസിപ്പിക്കുവാനായി വടക്കു നിന്നും താൻ വിളിച്ചുകൊണ്ടുവന്ന കഥകളി ആചാര്യൻ അമ്പുപ്പണിക്കർക്ക് പ്രാദേശിക വാദത്തിന്റെ പേരിൽ പരിഹാസശരങ്ങൾ ഏൽക്കേണ്ടി വന്ന്  കലാമണ്ഡലം വിട്ടു പോകേണ്ടി വന്നതും കൃഷ്ണൻ നായരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇങ്ങനെ പ്രാദേശിക വാദം ശക്തമായിക്കൊണ്ടിരുന്ന കലാമണ്ഡലത്തിന്റെ നിയന്ത്രണം വള്ളത്തോളിൽ നിന്നും കൊച്ചി രാജാവിലേക്ക് മാറുക കൂടി ചെയ്തപ്പോൾ കൂടുതൽ സ്വതന്ത്രമായ കലാജീവിതം മുന്നിൽ കണ്ട്  കൃഷ്ണൻ നായർ തന്റെ കലാമണ്ഡല കലാജീവിതം അവസാനിപ്പിക്കുകയായിരുന്നു. അങ്ങിനെ ആറു വർഷം  വേഷ വിദ്യാർത്ഥിയായും രണ്ടു വർഷം പട്ടിക്കാംതൊടി ആശാന്റെ അസിസ്റ്റന്റായും പിന്നെ നാലു വർഷം കഥകളി അദ്ധ്യാപകനായും കലാമണ്ഡലത്തിൽ കഴിഞ്ഞ അദ്ദേഹം കലാമണ്ഡലം വിട്ടു. പിൽക്കാലത്ത്‌ കേരളകലാമണ്ഡലത്തിൽ തെക്കൻചിട്ട അഭ്യസിപ്പിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പല കഥകളി കലാകാരന്മാർക്കും അമ്പുപ്പണിക്കരാശാനെപ്പോലെ പരിഹാസശരങ്ങളും എതിർപ്പും നേരിടേണ്ടി വന്നിട്ടുണ്ട് എന്നതു കൂടി കൂട്ടി വായിക്കുമ്പോൾ കൃഷ്ണൻ നായരാശാൻ  പരാമർശിക്കുന്ന കലാമണ്ഡലത്തിന്റെ അക്കാലത്തെ പ്രാദേശിക തീവ്രവാദസ്വഭാവം ഒന്നു കൂടി വ്യക്തമാക്കപ്പെടുകയാണ്. ഇത് കഥകളിയുടെ തെക്കൻ (കപ്ളിങ്ങാടൻ) - വടക്കൻ (കല്ലടിക്കോടൻ) ശൈലികളുടെ തനതായ കലാഭംഗികൾക്ക് വലിയ ക്ഷയം സംഭവിപ്പിക്കാനും അതുവഴി കഥകളിയെന്ന കേരളകലയുടെ പൂർണ്ണരൂപം ലോകസമക്ഷം കാഴ്ച്ചവക്കുന്നതിനു തടസ്സം  സൃഷ്ട്ടിക്കാനും സ്വാഭാവികമായും കാരണമായിരുന്നിരിക്കണം. 'കഥകളി ഒരു പ്രത്യേക ദിക്കുകാരുടെ കുത്തകയാണെന്ന വാദം ആരും അംഗീകരിക്കുകയില്ല' എന്ന് തന്നെക്കാൾ മുതിർന്ന കലാകാരനായ കോപ്പൻനായരോട്  കലാമണ്ഡലത്തിൽ വച്ചു കൃഷ്ണൻ നായർ  പറഞ്ഞ വാക്കുകളിൽ പ്രതിഫലിക്കുന്നത് കലാമണ്ഡലത്തിന്റെ ഈ സങ്കുചിത മനോഭാവത്തോടുള്ള അദ്ദേഹത്തിൻറെ പ്രതിഷേധമാകണം. കൃഷ്ണൻ നായരിൽ കൂടി ആദ്യമായി പുറംലോകത്തു മേൽവിലാസം നേടിയ ഈ സ്ഥാപനത്തിന്റെ അദ്ദേഹത്തോടുള്ള പിൽക്കാല മനോഭാവം അത്ര മാന്യമായിരുന്നില്ല എന്നും ആത്മകഥയിൽ നിന്നും വായിച്ചെടുക്കാം.

                             


















കലാമണ്ഡലത്തിൽ ജോലി നോക്കിക്കൊണ്ടിരിക്കുമ്പോൾ  തന്നെ കൃഷ്ണൻ നായർക്കു മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും ധാരാളം അരങ്ങുകൾ കിട്ടിക്കൊണ്ടിരുന്നു. ഇങ്ങിനെ കിട്ടിയ വേദികളിലൂടെ അദ്ദേഹത്തിനു തെക്കൻ കഥകളി രംഗത്തുള്ള പല പ്രഗല്ഭ നടന്മാരെയും അവരുടെ വ്യത്യസ്തമായ കഥകളി ശൈലിയെയും നേരിട്ടു മനസ്സിലാക്കാൻ കഴിഞ്ഞു. കല്ലടിക്കോടൻ സമ്പ്രദായത്തിലും കല്ലുവഴി സമ്പ്രദായത്തിലും ഇതിനകം പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്ന കൃഷ്ണൻ നായർക്ക് അഭിനയ-മനോധർമ്മാവിഷ്ക്കാര പ്രാധാന്യമുള്ള തെക്കൻ ചിട്ട (കപ്ളിങ്ങാടൻ) സ്വാംശീകരിക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. രസാഭിനയത്തിൽ അതീവ തല്പരനായിരുന്ന അദ്ദേഹത്തിനു തെക്കൻ കഥകളി രീതികളോട് വല്ലാത്തൊരടുപ്പം തോന്നിയിരുന്നു എന്ന് അദ്ദേഹത്തിൻറെ പില്ക്കാല കഥകളിചരിത്രം വ്യക്തമാക്കുന്നു. കലാമണ്ഡലം വിട്ടുപോന്നതിനു ശേഷം മരണംവരെയുള്ള നാലര പതിറ്റാണ്ടു കാലം അദ്ദേഹത്തിൻറെ പ്രധാന തട്ടകം കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ കേരളമായിരുന്നു. തെക്കൻ കേരളത്തെ അപേക്ഷിച്ച് ഫ്യുഡലിസത്തിന്റെ സ്വാധീനം വളരെ ശക്തമായി നിലനിന്നിരുന്ന മദ്ധ്യ-ഉത്തര കേരളത്തിൽ, സമുന്നതനായ ഒരു കഥകളി കലാകാരൻ എന്ന നിലയിലുള്ള സ്നേഹവും പരിഗണനയും അദ്ദേഹത്തിനു ലഭിച്ചിരുന്നപ്പോൾത്തന്നെ, അവിടങ്ങളിലെ സാമൂഹിക അസമത്വങ്ങളും പ്രാദേശിക മൗലികവാദവും ആസ്വാദനരീതിയിലെ തീവ്രവാദ നിലപാടുകളും താനാഗ്രഹിക്കുന്ന സ്വതന്ത്രവും മാന്യവുമായ കലാ-സാമൂഹിക ജീവിതത്തിനു തടസ്സമായി നിൽക്കുന്നു എന്ന തിരിച്ചറിവാണ്  തെക്കൻ കഥകളി രംഗത്തേക്ക് കുടിയേറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കാം. ആംഗികാഭിനയം കഥകളിയുടെ അനിവാര്യഘടകമാണെന്ന തിരിച്ചറിവുള്ളപ്പോൾ തന്നെ ചട്ടക്കൂട്ടിൽ നിൽക്കാത്ത  മനോധർമ്മ പ്രകാശനത്തിനും രസാഭിനയത്തിനും അത്രത്തോളം തന്നെ സ്ഥാനമുണ്ടെന്ന് വിശ്വസിച്ച ഈ കഥകളി നടന്, തന്റെ മനസ്സിൽ തോന്നിയ കഥകളി കവിതകളെല്ലാം ഇഷ്ടം പോലെ വിരിയിക്കാൻ കഴിഞ്ഞ തെക്കൻ അരങ്ങുകളും അതിനു സഹായിച്ച സഹപ്രവർത്തകരും പ്രേക്ഷകരും വലിയൊരു ബലമായിരുന്നിരിക്കണം. സാമൂഹികമായും  സാമ്പത്തികമായും മദ്ധ്യ-ഉത്തര കേരളത്തിൽ അന്ന് ഒരാട്ടക്കാരൻ അനുഭവിക്കേണ്ടിവന്നിരുന്ന അവശതകൾക്കും തെക്കൻ കേരളവും അവിടുത്തെ അരങ്ങുകളും നല്ലൊരു പരിധി വരെ പരിഹാരമായിരുന്നിരിക്കണം. മദ്ധ്യകേരളത്തിലെ പ്രശസ്തമായ ഒരു മനയിൽ 'കളിക്ക് പോകാൻ തന്റെ പെട്ടിയെടുത്ത ആളിന് പന്ത്രണ്ടു രൂപ കൊടുക്കേണ്ടി വന്നപ്പോൾ കളിച്ച തനിക്കു കിട്ടിയത് ഒരു മുണ്ടും അഞ്ചു രൂപയുമായിരുന്നു' എന്നു പറയുന്നതിൽ നിന്നും അവിടങ്ങളിലെ അന്നത്തെ ആട്ടക്കാരന്റെ മേൽപ്പറഞ്ഞ ചിത്രം വ്യക്തമാവുകയാണ്.

കല്ലടിക്കോടൻ, കല്ലുവഴി, കപ്ളിങ്ങാടൻ ചിട്ടകളുടെ ലാവണ്യഭംഗികളിൽ  ആവശ്യത്തിനു മനോധർമ്മവും ലോകധർമ്മിത്വവും വിളക്കി ചേർത്തു  കൃഷ്ണൻ നായർ അവതരിപ്പിച്ച കഥകളി വേഷങ്ങൾ പ്രേക്ഷകർക്ക്‌, പ്രത്യേകിച്ച് തെക്കൻകേരള  പ്രേക്ഷകർക്ക്‌, ഹരമായി മാറിയിരുന്നു. കഥകളിയിലെ അതിസങ്കീർണ്ണമായതും തികച്ചും അപ്രസക്തവുമായതുമായ വേഷങ്ങൾ ഒരേപോലെ അനായാസമായും തികഞ്ഞ തന്മയത്വത്തോടെയും അവതരിപ്പിക്കാൻ കഴിവുണ്ടായിരുന്ന ഏക നടനായിരുന്നു കൃഷ്ണൻ നായരാശാൻ എന്ന്‌ അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കഥകളിയിലുള്ള ഏതാണ്ട് എല്ലാ വേഷങ്ങളും തന്നെ അദ്ദേഹം കെട്ടി വിജയിപ്പിച്ചിട്ടുണ്ട്.  വലിയ നടനായിരുന്നതിനാൽ  കൂട്ടുവേഷത്തിനും മേളത്തിനും പാട്ടിനും പ്രത്യേക നിബന്ധനകൾ വയ്ക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നെങ്കിലും ലഭ്യമായ സാഹചര്യങ്ങൾ വച്ചുകൊണ്ട് കളി കളിച്ചു വിജയിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് തന്റെ കൈയൊപ്പ്‌ ചാർത്തി വലിയ പ്രേക്ഷകാംഗീകാരം നേടാൻ കൃഷ്ണൻനായർക്ക് കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്, സാധാരണ ഉന്നതരായ കലാകാരന്മാർക്കു പോലും മൂന്നാം ഗ്രേഡ്  മാത്രം തുടക്കത്തിൽ നല്കിയിരുന്ന തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ തുടക്കത്തിൽ തന്നെ ഒന്നാം ഗ്രേഡിൽ  ആശാൻ നിയമിതനായി എന്നത്. ഇതിൽ അമർഷം പൂണ്ടു തെക്ക് കായംകുളത്തും വടക്കും മുറുമുറുപ്പുകൾ ഉയർന്നു വരികയും അദ്ദേഹത്തെ തെക്കോട്ട്‌ പോകുന്നതിൽ നിന്ന് തടയാനും പലരും ശ്രമിച്ചിരുന്നുവത്രേ! കഥകളി പ്രേക്ഷകർ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിച്ചിരുന്നപ്പോഴും സമകാലീനരായിരുന്ന ചില പ്രധാന കഥകളി കലാകാരന്മാർ അദ്ദേഹത്തിൻറെ ഉയർച്ചയിലും ജനസമ്മതിയിലും  അസൂയാലുക്കളായിരുന്നു എന്നതാണ് വാസ്തവം.

 കൃഷ്ണൻ നായർ ആശാന്റെ  ആത്മകഥയിലെ ഏറ്റവും സുന്ദരവും വിജ്ഞാനപ്രദവുമായ വിഷയമായി തോന്നിയത് അദ്ദേഹത്തിൻറെ സമകാലീനരും ഇന്ന് ജീവിച്ചിരുപ്പില്ലാത്തതുമായ പല കഥകളി പ്രതിഭകളെയും കുറിച്ചുള്ള അദ്ദേഹത്തിൻറെ വിവരണമാണ്. തന്റെ ആദ്യ ഗുരുനാഥനായ ചന്തുപ്പണിക്കർ, അമ്പുപ്പണിക്കർ, കലാമണ്ഡലത്തിലെ  ഗുരുനാഥന്മാരായ പട്ടിക്കാംതൊടി, ഗുരു കുഞ്ചുക്കുറുപ്പ്‌, കവളപ്പാറ നാരായണൻ നായർ, തന്റെ സഹപ്രവർത്തകരായിരുന്ന വാഴേങ്കട കുഞ്ചു നായർ, തോട്ടം ശങ്കരൻ പോറ്റി, ചെങ്ങന്നൂർ രാമൻ പിള്ള, പള്ളിപ്പുറം ഗോപാലാൻ നായർ, കുറിച്ചി കുഞ്ഞൻ പണിക്കർ, മാങ്കുളം വിഷ്ണു നമ്പൂതിരി തുടങ്ങിയ നടന്മാരെയും, മൂത്തമന ഗോവിന്ദൻ നമ്പൂതിരി,വെങ്കിച്ചൻ സ്വാമി, അന്നമട അച്യുത മാരാർ, മാാധവവാര്യർ  തുടങ്ങിയ  മേള വിദഗ്ദന്മാരെയും, സ്വർണ്ണത്തുമാണി, വെങ്കിച്ചൻ സ്വാമി, നീലകണ്ഠൻ നമ്പീശൻ, ഇറവങ്കര ഉണ്ണിത്താൻ, ചെന്നിത്തല കൊച്ചുപിള്ള, ചേർത്തല  കുട്ടപ്പക്കുറുപ്പ്,  തകഴി കുട്ടൻ പിള്ള എന്നീ ഗായക പ്രതിഭകളെയും കുറിച്ച് അദ്ദേഹം വാചാലനാകുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ കഥകളിയുടെ നവോഥാനകാലത്തെ ഗംഭീരാശയന്മാരായ ഈ കലാപ്രതിഭകൾക്കൊപ്പം വളരെ നാൾ സഹകരിച്ചു പ്രവർത്തിച്ച കലാകാരനാണ് കൃഷ്ണൻ നായർ  എന്നതിനാൽ ഈ വിവരണങ്ങളുടെ ആധികാരത വളരെ കൂടുതലാണ് താനും. പ്രായത്തിലും കലയിലും തനിക്കു തുല്യമോ മുകളിലോ ആയി നിലകൊണ്ട  കലാകാരന്മാരെക്കുറിച്ചല്ലാതെ, തന്റെ സഹപ്രവർത്തകരായിരുന്ന ജൂനിയർ  കലാകാരന്മാരെക്കുറിച്ച്  ആത്മകഥയിൽ വലുതായൊന്നും പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.  അവരൊക്കെ നിങ്ങളുടെ മുൻപിൽ തന്നെ ഉണ്ടല്ലോ, നിങ്ങൾ തന്നെ വിലയിരുത്തിക്കോളൂ എന്നായിരിക്കാം അദ്ദേഹം ചിന്തിച്ചത്. 


മുകളിൽ  പരാമർശിച്ച കലാപ്രതിഭകളെക്കുറിച്ചു്  അങ്ങേയറ്റം സ്നേഹാദരങ്ങളോടെ ആശാൻ പറഞ്ഞിട്ടുള്ളത് വായിച്ചാൽ പ്രാദേശിക-ശൈലീ തീവ്രവാദ സ്വഭാവങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ഉത്തമ കഥകളി കലാകാരനായിരുന്നു അദ്ദേഹമെന്നത് വ്യക്തമാണ്. കഥകളിയുടെ അന്ന് നിലവിലുണ്ടായിരുന്ന മൂന്നു സമ്പ്രദായങ്ങളിലെയും - കല്ലടിക്കോടൻ, കപ്ളിങ്ങാടൻ, കല്ലുവഴി - ഗുരുനാഥന്മാരോടുള്ള അദ്ദേഹത്തിൻറെ നന്ദിയും കടപ്പാടും അവരുടെ കലാനിപുണതയോടുള്ള അല്ഭുതാദാരങ്ങളും അദ്ദേഹം  എഴുതിയ വരികളിലെല്ലാം നിറഞ്ഞു നില്ക്കയാണ്. 'മോരിലെ വെണ്ണ കണക്ക് എന്നും കഥകളിയുടെ മുകളിൽ നീ  കിടക്കും' എന്ന് തലയിൽ  കൈവച്ചനുഗ്രഹിച്ച ആദ്യ ഗുരുനാഥൻ ചന്തുപ്പണിക്കരും, ചിട്ടപ്രകാരം തനിക്കു കഥകളി പകർന്നു തന്ന ഗുരുനാഥൻ പട്ടിക്കാംതൊടിയും അഭിനയ കലയുടെ ഉത്തുംഗ ശ്രുംഗങ്ങൾ കാട്ടിത്തന്നു അതിലേക്കു തന്നെ  കൈപിടിച്ചു നടത്തിയ കുഞ്ചുക്കുറുപ്പാശാനും കൃഷ്ണൻ നായർക്ക് ആരാദ്ധ്യരാണ്.  കിർമ്മീരവധത്തിലെ  ധർമ്മപുത്രരെ അവതരിപ്പിക്കാൻ പട്ടിക്കാംതൊടി ആശാനെക്കൾ മറ്റൊരു കലാകാരൻ  ഉണ്ടായിട്ടില്ലത്രേ! ഉച്ചക്ക് രണ്ടു മണിക്ക് ആദ്യമായി തന്റെ കയ്യിൽ കിട്ടിയ വിക്രമോർവശീയം എന്ന പുതിയ ആട്ടക്കഥയിലെ ആദ്യാവസാനവേഷമായ പുരൂരവസ്സിനെ മറ്റാർക്കും ചിന്തിക്കാൻ കൂടി കഴിയാത്ത വിധത്തിൽ ഗംഭീരമായി അന്നു സന്ധ്യക്ക്‌ അരങ്ങിൽ അവതരിപ്പിച്ച അസാമാന്യ പ്രതിഭാശാലിയായിരുന്നത്രേ കുഞ്ചു ക്കുറുപ്പാശാൻ! കവളപ്പാറയുടെ ഹനുമാൻ ആർക്കും അനുകരിക്കാൻ കഴിയാത്ത വിധം ഗംഭീരമായിരുന്നത്രേ! അഗാധപണ്ഡിതനായ തോട്ടത്തിന്റെതുപോലെ രസം സ്ഫുരിക്കുന്നതും മനയോലപ്പകിട്ടുള്ളതുമായ  ഒരു മുഖം താൻ കണ്ടിട്ടില്ലത്രേ! കഥകളിയിലെ കുഞ്ചൻ നമ്പ്യാരായിരുന്ന കുറിച്ചി കുഞ്ഞൻ പണിക്കരാശാന്റെ ഹംസത്തിനേക്കാൾ തന്മയത്തമുള്ള  ഒരു ഹംസം അതിനു മുൻപും പിൻപും ഉണ്ടായിട്ടില്ലത്രേ! മാങ്കുളം വിഷ്ണുനമ്പൂതിരിയോട് ചേർന്ന് കൂട്ടുവേഷങ്ങൾ ചെയ്യുമ്പോൾ കിട്ടിയിരുന്ന നിർവൃതി മറ്റൊരു നടനോടൊപ്പം ആടുമ്പോഴും കിട്ടിയിരുന്നില്ലത്രേ! ഭഗവദ് ദൂതിൽ മാങ്കുളത്തിനേക്കാൾ നല്ല കൃഷ്ണവേഷം വേണമെന്നുണ്ടെങ്കിൽ സാക്ഷാൽ കൃഷ്ണൻ തന്നെ വരികയല്ലാതെ മാർഗ്ഗമില്ല എന്നതിൽ കൃഷ്ണൻ നായരാശാനു സന്ദേഹമേ ഇല്ല! നാല്പ്പത്തഞ്ചു മിനുറ്റുകൊണ്ട് സാധാരണ ആടിത്തീർക്കാവുന്ന ഒരു രംഗം മാങ്കുളവുമായി ചേർന്ന് ആടുമ്പോൾ രണ്ടര മണിക്കൂറിൽ കൂടുതൽ ആടിയാലും മതിയാവില്ലത്രേ! ചിട്ട എന്ന കുറ്റിയിൽ  കെട്ടിയിട്ടിരുന്ന കഥകളി പശുവാകുന്നതിനെക്കാൾ അദ്ദേഹത്തിനിഷ്ടം  ഭാവനയുടെ ചിറകിലേറി ആകാശത്തിൽ പറന്നുയരുന്ന കഥകളി ഹംസമാകാനായിരുന്നു എന്നാണ് ഇതു കാണിക്കുന്നത്. കലാമണ്ഡലത്തിൽ വച്ച് നന്നേ ചെറുപ്പത്തിൽ തന്നെ ഗുരുകുഞ്ചുക്കുറുപ്പിൽ നിന്നും പകർന്നു കിട്ടിയ രസാഭിനയ ചാതുരിയും മാണിമാധവചാക്യാരാൽ തിളക്കം വർദ്ധിപ്പിച്ചു കിട്ടിയ കണ്ണുകളും രസാവിഷ്ക്കാര-മനോധർമ്മ വിശാരദന്മാരായിരുന്ന ഗുരു കുഞ്ചുക്കുറുപ്പ്, തോട്ടം ശങ്കരൻ പോറ്റി, കുറിച്ചി കുഞ്ഞൻ പണിക്കർ, ചെങ്ങന്നൂർ രാമൻ പിള്ള തുടങ്ങിയ  തെക്കൻ കഥകളി പ്രതിഭകളുമായുള്ള  നിരന്തര സഹവാസവും ആശാനെ ഇതിനെല്ലാം സഹായിച്ചിരിക്കണം.

കൃഷ്ണൻ നായരാശാന് കഥകളി അവതരണം എന്തായിരുന്നു എന്ന് ആത്മകഥയിലെ ചില വരികളിൽ നിന്നും വായിച്ചെടുക്കാം. 'അരങ്ങത്തു കയറുമ്പോൾ ഞാൻ നേരത്തേ ഉദ്ദേശിക്കാത്ത പലതും എനിക്കു തോന്നാറുണ്ട്. ഒരിക്കൽ കാണിച്ചതുപോലെ പിന്നെയും പിന്നെയും കാണിക്കുന്നവരുണ്ട്. അത് അവരുടെ കുശലത ആയിരിക്കാം. കല ആകുകയില്ല.

ക്ഷണേ  ക്ഷണേയെന്നവതാം ഉപൈതി
തദേവരൂപം  രമണീയതായ: 

(ക്ഷണം തോറും പുതിയതായി അവതരിപ്പിക്കുന്ന രൂപം ആണ് രമണീയം)

എന്ന് പണ്ഡിതന്മാർ പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് ഞാൻ പഠിപ്പിക്കാറുള്ളത്‌. അംഗികാഭിനയത്തെ പൂർണ്ണമായി അടിമപ്പെടുത്തിക്കഴിഞ്ഞ് ആധിപത്യം സ്ഥാപിച്ച സ്ഥാനത്ത്‌ ഉറച്ചിരുന്നു കഴിഞ്ഞാൽ മാത്രമേ നടന് ഏകാഗ്രമായി രസഭാവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുള്ളൂ'. ഇപ്പറഞ്ഞതിൽ നിന്നും ആവർത്തിക്കപ്പെടുന്ന, അലക്കി തേച്ചതുപോലെ വെടിപ്പായ, ഒരു സിനിമാദൃശ്യം പോലെ  ആവർത്തന വിരസത ഉണ്ടാക്കുന്ന അവതരണം അല്ല കഥകളിക്ക് വേണ്ടത് എന്നദ്ദേഹം സുദൃഡമായി വിശ്വസിച്ചിരുന്നു എന്നു മനസ്സിലാക്കാം. ഈ കഥകളി സങ്കൽപ്പത്തിന്റെ സാക്ഷിപത്രങ്ങളായിരുന്നു അദ്ദേഹത്തിൻറെ അരങ്ങുകൾ എല്ലാം തന്നെ.

കഥകളികലാകാരന്റെ സാമൂഹ്യ-സാമ്പത്തിക  കഷ്ടതകൾ നിറഞ്ഞ ജീവിതം അനുഭവിച്ചറിഞ്ഞയാളാണ്‌ കൃഷ്ണൻ നായർ എന്ന് മുൻപു പറഞ്ഞല്ലോ?. ജീവിക്കാൻ വേണ്ടി തന്റെ ഗുരുനാഥന്മാരും കഥകളിയിലെ അതുല്യ പ്രതിഭാശാലികളുമായിരുന്ന ചന്തുപ്പണിക്കരാശാനും കുഞ്ചുക്കുറുപ്പാശാനും അതുപോലെ മറ്റു പലരും അനുഭവിച്ച കഷ്ടതകൾ കണ്ട് ആ മനസ്സ് വളരെ വേദനിച്ചിരുന്നു. ചന്തുപ്പണിക്കരാശാൻ ചായക്കട നടത്തി,  മറ്റുള്ളവർ  ആഹാരം കഴിച്ച പാത്രങ്ങളും കഴുകി മേശയും തുടച്ചു നിൽക്കുന്നതും കുഞ്ചുക്കുറുപ്പാശാൻ വൈകുന്നേരത്തെ അത്താഴത്തിനു മടിശ്ശീലയിൽ  അരിയും വാങ്ങി പോകുന്നതും കണ്ട് അദ്ദേഹം വിഷമിച്ചിട്ടുണ്ട്. കളി കഴിയുമ്പോൾ ഒരു ഔദാര്യം പോലെ എന്തെങ്കിലും കൊടുത്തു കലാകാരനെ പറഞ്ഞു വിട്ടിരുന്ന കാലത്ത്, ചെയ്യുന്ന തൊഴിലിനു പ്രതിഫലം ചോദിച്ചു വാങ്ങണമെന്ന വാശിയിൽ ആശാനെ എത്തിച്ചത് താൻ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ ഈ വേദനകളാണ്. വളരെ കഷ്ടപ്പെട്ടു വർഷങ്ങളോളം പഠിച്ചു സ്വായത്തമാക്കിയ കല കയ്യിലുള്ള കഥകളി കലാകാരൻ അനാവശ്യമായ അടിമത്തത്തിലേക്ക് ആണ്ടുപോകേണ്ടതില്ല എന്ന സന്ദേശം നല്കുന്ന ആശാന്റെ ഈ നിലപാട് കഥകളി കലാകാരന്മാർക്കെല്ലാം പില്ക്കാലത്ത് വലിയ അനുഗ്രഹമാകുകയായിരുന്നു. ഇതാണ് കഥകളി കലാകാരന്മാർക്കു  വേണ്ടി ആശാൻ ചെയ്ത ദൂരവ്യാപകമായ സംഭാവന. ഇത് പറയുമ്പോൾ തന്നെ താൻ ചോദിക്കുന്ന പ്രതിഫലം കിട്ടണമെന്നുള്ള ആശാന്റെ കടുംപിടുത്തം, വരും തലമുറയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ വേഷങ്ങൾ വീഡിയോയിൽ പകർത്തി വയ്ക്കണമെന്ന് ആഗ്രഹിച്ചവർക്ക് പ്രതിബന്ധമായിരുന്നു എന്നതു കൂടി പറയേണ്ടിയിരിക്കുന്നു. അദ്ദേഹം ചോദിച്ച വലിയ പ്രതിഫലം കൊടുക്കാൻ കഴിയാതെ അങ്ങിനെയുള്ള ചിത്രീകരണങ്ങൾ മുടങ്ങിയപ്പോൾ കലാലോകത്തിനു നഷ്ടമായത് കഥകളിയുടെ എക്കാലത്തെയും അമൂല്യമായ സമ്പത്താണ്‌.  

കലാമണ്ഡലത്തിലെ പഠനകാലത്ത്‌ അവിടെ വച്ചു പരിചയപ്പെടാനിടയായ മോഹിനിയാട്ട അദ്ധ്യാപിക ശ്രീമതി. കല്യാണിക്കുട്ടിയമ്മയാണ് കൃഷ്ണൻ നായരാശാന്റെ സഹധർമ്മിണി. കലാരംഗത്ത് കൃഷ്ണൻ നായരോളം തന്നെ ആദരിക്കപ്പെട്ടിരുന്ന കലാകാരിയാണ്, മോഹിനിയാട്ടം എന്ന നൃത്തകലയുടെ നവോഥാന നായകരിൽ പ്രധാനിയായ ശ്രീമതി. കല്യാണിക്കുട്ടിയമ്മ. സിനിമ-നാടക രംഗത്ത് സജീവ സാന്നിദ്ധ്യമായ ശ്രീ. കലാശാല ബാബു ഉൾപ്പെടെ ഏഴു മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി കലാസംഘടനകളുടെയും നിരവധി പുരസ്കാരങ്ങൾ ഈ കലാദമ്പതികൾക്ക് ലഭിച്ചിട്ടുണ്ട്. കൃഷ്ണൻ നായരെ 1970 ൽ പദ്മശ്രീ പുരസ്കാരം നല്കി രാഷ്ട്രം ആദരിച്ചു. കഥകളിയുടെ പേരിൽ തനിക്കു കിട്ടിയ എല്ലാ ബഹുമതികൾക്കും കാരണം ചന്തുപ്പണിക്കരാശാൻ മുതലുള്ള തന്റെ ഗുരുനാഥന്മാരുടെ അനുഗ്രഹവും തന്റെ സഹകലാകാരന്മാരുടെയും പ്രേക്ഷകരുടെയും സ്നേഹവും പ്രാർഥനയും ആണെന്ന് വിനയാന്വിതനായി പറയുന്ന ഈ അതുല്യ പ്രതിഭാശാലി 1990 ആഗസ്റ്റ്‌ 15നു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അദ്ദേഹത്തിൻറെ ഭൗതിക ശരീരം മറഞ്ഞുവെങ്കിലും കഥകളിമോരിലെ ഈ വെണ്ണയിൽ നിന്നുരുക്കിയെടുത്തു ജ്വലിപ്പിച്ച ഈ നെയ്ത്തിരി കഥകളിക്ക് എന്നും പ്രകാശ സ്രോതസ്സായിരിക്കും എന്നതിൽ സംശയമില്ല.

No comments:

Post a Comment