Saturday, June 7, 2014

ഒരു കമ്പിയുടെ മന:ശ്ശാസ്ത്രം



പത്തു  പന്ത്രണ്ടു  വർഷങ്ങൾക്കു  മുൻപു  നടന്ന  സംഭവമാണ്. ഭൂമിക്കടിയിലെ  നീരൊഴുക്കു  കണ്ടുപിടിക്കാൻ  ഉപയോഗിക്കുന്ന 'Hartsmann's dowsing rod' എന്ന 'L' ആകൃതിയിലുള്ള ലോഹക്കമ്പി കൊണ്ട് മനുഷ്യനിലെ ആത്മീയമണ്ഡലം  അളക്കാൻ കഴിയുമെന്നും ഹൈന്ദവാചാരങ്ങളുടെ ശാസ്ത്രീയത വെളിപ്പെടുത്താൻ ഈ ഉപകരണത്തിന് സാധിക്കുമെന്നും അവകാശപ്പെട്ടു കൊണ്ടു രണ്ടു ശാസ്ത്രന്ജന്മാരും ഒരു വേദപണ്ഡിതനും കൂടി  കേരളമൊട്ടുക്കു പ്രഭാഷണങ്ങളും സെമിനാറുകളും നടത്തിക്കൊണ്ടിരുന്ന കാലത്തിനു തൊട്ടു പിന്പുള്ള കാലം. ഇവരുടെ സിദ്ധാന്തങ്ങളെ നഖശിഖാന്തം എതിർത്തു കൊണ്ട്  പലരും അക്കാലത്ത് മാസികകളിൽ ലേഖനങ്ങൾ എഴുതിയിരുന്നു. ഒരു ശാസ്ത്രന്ജനും വേദപണ്ഡിതനും കൂടി പ്രഭാഷണം നടത്താൻ ചെന്നൈയിൽ വരുന്നു എന്നറിഞ്ഞു ഞാനും അതിൽ പങ്കെടുക്കാൻ പോയി.

ചെന്നൈയിലെ പ്രശസ്തമായ അയ്യപ്പ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം നടക്കുന്നത്. സാമാന്യം നല്ല സദസ്സുണ്ട്. ഭാരതീയ സംസ്കാരവും ആത്മീയതയും എന്താണെന്ന് പറഞ്ഞു വേദപണ്ഡിതൻ പ്രഭാഷണം തുടങ്ങി. ഹൈന്ദവ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് കുറെയേറെ സംസാരിച്ചു. ഋഷിപ്രോക്തങ്ങളായ വലിയ കാര്യങ്ങൾ സാധാരണ മനുഷ്യന് അനുഭവവേദ്യമാക്കി അവന്റെ ജീവിതം അർത്ഥപൂർണവും ആനന്ദകരവുമാക്കാൻ ഉദ്ദേശിച്ചാണ് നമ്മുടെ പൂർവികർ വളരെ ചിന്തിച്ചും മനനം ചെയ്തും ഈ ആചാരങ്ങൾ അനുഷ്ട്ടിക്കാൻ നമ്മളെ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും അതിനാൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം ചെയ്യേണ്ടത് അവശ്യമാണെന്നും അദ്ദേഹം ഉദ്ഘോഷിച്ചു.

അദ്ദേഹം തുടർന്നു.  ഇന്നലെ വരെ വളരെ abstract ആയി പറഞ്ഞും അനുഷ്ട്ടിച്ചും കൊണ്ടിരുന്ന ഹിന്ദുമതാചാരങ്ങൽ തികച്ചും ശരിയും ശാസ്ത്രീയാവുമാണെന്നു തെളിയിക്കാൻ കഴിയുന്ന ഒരുപകരണം ഞാൻ കൊണ്ടു  വന്നിട്ടുണ്ട്.  ബാഗ് തുറന്നു 'L' ആകൃതിയിലുള്ള ഒരു കമ്പി വെളിയിലെടുത്തു സദസ്യരയെല്ലാം അദ്ദേഹം കാണിച്ചു. ഈ ഉപകരണം കൊണ്ട് ഏതു വസ്തുവിന്റെയും ഊർജ്ജനില അളക്കാമത്രേ.  കമ്പി ഒരു പ്രത്യേക രീതിയിൽ കയ്യിൽ പിടിച്ചു ഒരു വസ്തുവിലേക്ക് കാണിച്ചാൽ ആ വസ്തുവിന്റെ ഊർജ്ജനിലക്കനുസരിച്ചു ഇടത്തേക്കോ വലത്തേക്കോ അതു ചലിക്കുമത്രെ. അതായത് ഒരു വസ്തുവിന്റെ ഊർജജം പോസിറ്റീവ് ആണെങ്കിൽ ഏതു ദിശയിലേക്കു കമ്പി തിരിയുമോ അതിന്റെ എതിർ ദിശയിലേക്കായിരിക്കും വസ്തുവിന് നെഗറ്റീവ് ഊർജ്ജമാണെങ്കിൽ കമ്പി തിരിയുക എന്നർഥം.  ഉദാഹരണത്തിനായി അദ്ദേഹം ഒരു പുഷ്പം മേശയിൽ നിന്നെടുത്തു കമ്പിയുടെ നേരെ പിടിച്ചു; കമ്പി ഒരു വശത്തേക്ക് തിരിഞ്ഞു. പുഷ്പം ഒന്ന് മണപ്പിച്ചിട്ടു വീണ്ടും കമ്പിയുടെ നേരെ പിടിച്ചു; ആദ്യം തിരിഞ്ഞതിന്റെ എതിർ ദിശയിലേക്കു കമ്പി തിരിഞ്ഞു. ഹിന്ദു മതാചാരപ്രകാരം മണപ്പിച്ച പുഷ്പത്തിന് നെഗറ്റീവ് ഊർജ്ജവും മണപ്പിക്കാത്ത പുഷ്പത്തിന് പോസിറ്റീവ് ഊർജ്ജവും ആയതിനാലാണ് കമ്പി ഇങ്ങനെ പ്രവർത്തിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ഭവനങ്ങളിലെ വസ്തുക്കളിലെ പോസിറ്റീവ്-നെഗറ്റീവ് ഊർജ്ജനിലകൾ കണ്ടുപിടിച്ചു നെഗറ്റീവ് ആയവ ഒഴിവാക്കി പോസിറ്റീവ് ഊർജ്ജത്താൽ വീട് നിറച്ചു ജീവിതം ഐശ്വര്യപ്രദവും സംതൃപ്തവും ആക്കാനുള്ള ഈ കമ്പിയുടെ അപാര കഴിവ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കാനഡയിൽ നിർമ്മിക്കുന്ന ഈ കമ്പി 40 ഡോളറിനു വിപണിയിൽ ലഭ്യമാണെന്നും പറഞ്ഞു. താനിതൊക്കെ വെറുതെ വിളിച്ചു പറയുന്നതല്ലെന്നും തന്നോടൊപ്പമുള്ള പ്രഗല്ഭരായ ശാസ്ത്രന്ജരുടെ വിലയിരുത്തലുകളുടെ പിൻബലത്തിലാണ് താനിതെല്ലാം പറയുന്നതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. യാതൊരു അദ്ധ്വാനവും കൂടാതെ, കേവലം 40 ഡോളർ ചിലവിൽ ജീവിതം ആനന്ദപൂർണ്ണമാക്കം എന്ന പ്രതീക്ഷയിൽ  ജനം  അദ്ദേഹത്തിൻറെ തുടർന്നുള്ള വാക്കുകൾക്കായി ആദരപൂർവം കാതു കൂർപ്പിച്ചിരിപ്പായി.


സദസ്യരുടെ അളവറ്റ സന്തോഷവും ജിഞ്ജാസാഭരിതവുമായ ചോദ്യങ്ങളും എല്ലാം കൂടിയായപ്പോൾ പ്രഭാഷകൻ ഒന്നുകൂടി ഉഷാറായി. പോക്കറ്റിൽ നിന്ന് 500 രൂപയുടെ ഒരു കറൻസി നോട്ടെടുത്തിട്ടു അദ്ദേഹം ഞങ്ങളോട് ചോദിച്ചു, 'ഇതിൽ കാണുന്ന ഗാന്ധി പോസിറ്റീവ് ആയിരിക്കുമോ അതോ നെഗറ്റീവ് ആയിരിക്കുമോ? ആർക്കെങ്കിലും പറയാമോ?'. അവിടെ കൂടിയിരുന്ന ഞാനുൾപ്പെടെയുള്ള ഗാന്ധിഭക്തന്മാർക്ക് മറിച്ചൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു, 'പോസിറ്റീവ്'. പ്രഭാഷകൻ ഒന്നു ചിരിച്ചു, 'എല്ലാവരുടെയും വിചാരം ഇങ്ങനെയാണ്, പക്ഷെ സത്യം അതല്ല,കണ്ടോളൂ ഞാൻ ഇപ്പോൾ ശാസ്ത്രീയമായി തെളിയിച്ചു തരാം'. ഇതും പറഞ്ഞദ്ദേഹം കമ്പി നോട്ടിനു നേരെ പിടിച്ചു; കമ്പി ഒരു വശത്തേക്ക് തെന്നി മാറി. 'ഇതാ കണ്ടില്ലേ, ഈ കമ്പി കാണിക്കുന്നത് ഗാന്ധി 'നെഗറ്റീവ്' ആണെന്നാണ്‌. സദസ്യർക്കിടയിൽ ആശയക്കുഴപ്പമായി. തങ്ങൾ ഇന്നുവരെ മഹാത്മാവാണെന്നു ചിന്തിച്ചിരുന്ന ഗാന്ധി അതൊന്നുമല്ലേ? ശാസ്ത്രീയ നിരീക്ഷണം ആകുമ്പോൾ പണ്ഡിതൻ പറഞ്ഞത് തള്ളിക്കളയാനും ആവില്ലല്ലോ? ഇങ്ങനെയൊക്കെ ചിന്തിച്ചതിനാലാകാം എല്ലാവരും ഒന്നും മിണ്ടാതെ ശ്വാസം അടക്കിപ്പിടിച്ച് അദ്ദേഹം പറയുന്നതും കേട്ടുകൊണ്ടിരുന്നു.
പക്ഷേ, തികഞ്ഞ ഗാന്ധിഭക്തനായ എനിക്കതത്ര ഇഷ്ട്ടപ്പെട്ടില്ല. ഒരു ചോദ്യമെങ്കിലും ചോദിക്കാതെ അദ്ദേഹം പറയുന്നത് അപ്പാടെ വിഴുങ്ങുന്നത് ശരിയല്ല എന്നു തോന്നിയതിനാൽ ഞാൻ ചോദിച്ചു, 'കമ്പി തിരിഞ്ഞെന്നല്ലേ ഉള്ളൂ. തിരിഞ്ഞത്  'നെഗറ്റീവ്' ദിശയിലേക്കാണെന്ന് എങ്ങിനെ പറയാൻ കഴിയും? സ്ഥിരമായി ഒരു ദിശയെ പോസിറ്റീവ് എന്നോ നെഗറ്റീവ് എന്നോ പറയാൻ കഴിയാത്ത  നിലയ്ക്ക്, കമ്പി 'നെഗറ്റീവ്' ആയി തിരിഞ്ഞു എന്ന് പറയുന്നതെങ്ങനെ?  അല്ലെങ്കിൽ തന്നെ ഗാന്ധിജി എങ്ങിനെയാണ്  ഈ രാജ്യത്ത് 'നെഗറ്റീവ്' ആകുന്നതു്?


ഉരുളക്കുപ്പേരി പോലെ എനിക്കദ്ദേഹം ഉത്തരം തന്നു.' ഈ രാജ്യത്ത് ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നുപോന്ന ഹൈന്ദവാചാര വ്യവസ്ഥകൾ എല്ലാം നശിപ്പിച്ച്, സോഷ്യലിസം നടപ്പാക്കി ഈ നാട് കുട്ടിച്ചോറാക്കിയത് ഈ ഗാന്ധിയും നെഹ്രുവും കൂടിയല്ലേ? പിന്നെ ഇവരെങ്ങിനെ 'നെഗറ്റീവ്' ആകാതിരിക്കും?  

പ്രഭാഷകന്റെ ലൈൻ എനിക്കു പിടികിട്ടി. മാന്യമായി ചില ചോദ്യങ്ങൾ ചോദിക്കേണ്ടത്‌ അവശ്യമാണെന്ന് എനിക്ക് തോന്നി.

'ഈ ഉപകരണത്തിന്റെ പ്രവർത്തനം നൂറുശതമാനം  ശാസ്ത്രീയമാനെന്നാണല്ലോ താങ്കൾ അവകാശപ്പെടുന്നത്? പക്ഷേ എല്ലാവരുടെയും കൈയ്യിൽ ഇത് ഒരു പോലെ പ്രവർത്തിക്കണം എന്നില്ല എന്നും താങ്കൾ പറയുന്നു. ഒരു കാര്യം 'ശാസ്ത്രീയം' എന്ന് പറയണമെങ്കിൽ അതിനു പാലിക്കപ്പെടേണ്ട ചില നിയമങ്ങളുണ്ട്. സ്ഥിരത നിർബന്ധമാണ്‌. ഒരാളുടെ കൈയ്യിൽ വസ്തുവിന്  'പോസിറ്റീവ്' മാനവും മറ്റൊരാളുടെ കൈയ്യിൽ അതേ വസ്തുവിന് 'നെഗറ്റീവ്' മാനവും നല്കാൻ കഴിയുന്ന ഉപകരണം കൊണ്ട് ചെയ്യുന്ന പരീക്ഷണങ്ങളെ  എങ്ങിനെ  'ശാസ്ത്രീയം' എന്ന് വിളിക്കും?  'സൈക്കോമോട്ടോർ ഇഫക്റ്റ്' കാരണം പിടിച്ചിരിക്കുന്ന ആളിന്റെ മനോനിലക്ക് അനുസരിച്ച് കമ്പി തിരിയുന്നുവെന്നേയുള്ളൂ എന്ന് പലരും മാസികകളിൽ എഴുതിക്കണ്ടു. ഇതിൽ വല്ല ശരിയും ഉണ്ടോ? ഞാൻ ശാസ്ത്രവിഷയം കൈകാര്യം  ചെയ്യുന്ന ഒരാളാണ്. അതുകൊണ്ട് ചോദിക്കുന്നതാണ്'.


എന്റെ ചോദ്യം കേട്ടതും പ്രഭാഷകന്റെ മട്ടും ഭാവവും മാറി. 'ഓഹോ, താനൊരു ശാസ്ത്രന്ജനാണപ്പോൾ? മഞ്ഞ മാസികകൾ എഴുതിപ്പിടിപ്പിച്ച കഥകളും വായിച്ച് വന്നിരിക്കയാണല്ലേ? തന്നെപ്പോലെ നിരീശ്വരവാദികളായ കുറെ ശാസ്ത്രന്ജന്മാരാണ് ഈ രാജ്യം നശിപ്പിക്കുന്നത്. ഹൈന്ദവാചാരങ്ങളെയും സംസ്കാരത്തെയും തള്ളിപ്പറയുന്ന തന്റെ വർഗ്ഗമാണീ രാജ്യത്തിന്റെ ശാപം...........................താൻ നോക്കിക്കോ? തന്റെയും തന്നെപ്പോലുള്ളവരുടെയും ചെയ്തികൾ കാരണം ഈ നാടു നശിക്കുന്നത് കണ്ടിട്ടേ താനും മരിക്കൂ'; അദ്ദേഹം ആക്രോശിച്ചു.

ഇത് കൊണ്ടൊന്നും അദ്ദേഹത്തിനു കലിയടങ്ങിയില്ല. 'ഇയ്യാളെപ്പോലെ നീചബുദ്ധികളിരിക്കുന്നിടത്ത് സംസാരിക്കാൻ ഞാൻ ആളല്ല' എന്നും പറഞ്ഞു പ്രഭാഷണം നിർത്തി, കൂടെ കൊണ്ടുവന്ന സാമഗ്രികൾ ബാഗിലാക്കി നിൽപ്പായി. സഭ അലങ്കോലമായി. 40 ഡോളർ കൊണ്ട് ജീവിതം ശോഭാനമാക്കാം എന്നു കനവു കണ്ടിരുന്ന കുറേപ്പേർ എന്നെ നോക്കി പിരാകി.  ചിലർ എന്റടുത്തുവന്നു കയർത്തു. പക്ഷെ ഞാൻ പറഞ്ഞതിലെന്തോ കാര്യമുണ്ടെന്നു മനസ്സിലാക്കി അതറിയാനുള്ള താത്പര്യം കാരണം കുറേപ്പേർ എന്റെ ചുറ്റും കൂടി. സത്യത്തിൽ അതൊരു ഭാഗ്യമായി. അല്ലെങ്കിൽ എന്റെ തടി അന്നവിടെ കേടായിപ്പോയേനെ! 

പിറ്റേന്നാൾ ചെന്നൈയിലെ തന്നെ മറ്റൊരു പ്രഭാഷണ വേദിയിൽ എന്നെക്കണ്ടപ്പോൾ വേദപണ്ഡിതന്റെ പ്രഭാഷണം നടന്ന ക്ഷേത്രത്തിലെ ഭാരവാഹികൾ എന്നോടു പറഞ്ഞു, 'ഞങ്ങൾ താങ്കളോടു മാപ്പു ചോദിക്കുന്നു. താങ്കൾ വളരെ ന്യായമായ ചില ചോദ്യങ്ങളാണ് അവിടെ ചോദിച്ചത്. എന്തിനാണ് പ്രഭാഷകൻ അങ്ങിനെ പെരുമാറിയതെന്ന് ഞങ്ങൾക്കിപ്പോഴും മനസ്സിലാകുന്നില്ല'.


അതെ, അതാണതിന്റെ കാര്യം. എന്താണ് ഈ അസഹിഷ്ണുതക്ക് കാരണം? യേശുക്രിസ്തുവടക്കം വിദേശീയമായതെല്ലാം മ്ളെച്ഛവും അതുകൊണ്ട് 'നെഗറ്റീവും' ആകും എന്നു കണ്ടുപിടിച്ചു മാസികയിൽ എഴുതിയ  ഈ യാഥാസ്ഥിതിക പണ്ഡിതനെങ്ങനെയാണ് മ്ളെച്ഛനായ സായിപ്പ് കണ്ടുപിടിച്ച ഉപകരണം തന്റെ സംസ്കാരത്തിന്റെ സവിശേഷത മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ ഉപയോഗിക്കാൻ കഴിയുക? താൻ തൊട്ടതിനാൽ കമ്പിയുടെ മ്ളെച്ഛത ഇല്ലാതായെന്നായിരിക്കാം. ഇതൊക്കെ ശാസ്ത്രീയവൽക്കരിക്കാൻ കുറെ ശാസ്ത്രന്ജരും! തിരുവായ്ക്ക് എതിർവായ് പറഞ്ഞു കേട്ടു ശീലമില്ലാത്ത പണ്ഡിതന് പിന്നെങ്ങിനെ കലി വരാതിരിക്കും? സകല ചരാചരങ്ങളുടെയും നന്മയെ മാത്രം കാംഷിക്കുന്ന ഒരു ഉത്കൃഷ്ടസംസ്കാരത്തിന്റെ പേരിലാണ്  ഈ പിത്തലാട്ടമെല്ലാം അരങ്ങേറുന്നത് എന്നു കാണുമ്പോൾ 'കാടത്തത്തോടെതിർത്തു നിന്നവനേ ഗീതാർത്ഥസാരം ഗ്രഹിക്കുവാനാകൂ' എന്ന വരികളാണ് ഓർമ്മയിൽ വന്നത്.


('ചാലകം' മാസികയിൽ മെയ്‌ 2009 ൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ പരാമർശിക്കുന്ന പ്രഭാഷകൻ ഇന്ന് ജീവിച്ചിരിപ്പില്ല എന്നാണെന്റെ അറിവ്). 

1 comment:

  1. മതത്തെ മദമാക്കി മാറ്റുവാനുള്ള ഒരു കുതന്ത്ര പ്രയോഗം. അതിനെ എതിർത്ത മനസ്സിന് നന്ദി.

    ReplyDelete