Sunday, August 14, 2016

രാമായണമാസക്കുറിപ്പ് -ഭാഗം 21 മുതൽ 27 വരെ

രാമായണമാസക്കുറിപ്പ് -21

വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരീശ്വരനെ (ഉദാ:ശ്രീകൃഷ്ണൻ, ശ്രീരാമൻ, ശിവൻ, വിഷ്ണു ....) യാണല്ലോ നമ്മളെല്ലാം അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പറയുന്നത്. അതായത് നമുക്ക് ഈശ്വരൻ എന്നാൽ പാവപ്പെട്ട തൊഴിലാളിയോട് സ്നേഹപൂർവ്വം പെരുമാറുന്ന ദയാശീലനും ധനികനുമായ ഒരു മുതലാളിയെപ്പോലെയാണ്. ഇക്കാര്യത്തെക്കുറിച്ചു ഭഗവാൻ ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം (ഗീത: 7:24)

(ഞാൻ അവ്യക്തമാണ്. എന്നെ വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരാളായി ബുദ്ധിഹീനന്മാർ മനസ്സിലാക്കുന്നു. അവർ സർവ വ്യാപിയും ശ്രേഷ്ട്ടവുമായ എന്റെ പരമാത്മസ്വരൂപത്തെ അറിയുന്നില്ല). സൂക്ഷിക്കുക, എത്ര വലിയ ഡിഗ്രിയൊക്കെയുണ്ടെങ്കിലും ഈശ്വരവിഷയത്തിൽ നിങ്ങൾ ബുദ്ധിഹീനരാണ് എന്നാണു ഭഗവാന്റെ അഭിപ്രായം.

ന കർതൃത്വം ന കർമ്മാണി ലോകസ്യ സൃജിതി പ്രഭുഃ
ന കർമ്മഫലസംയോഗം സ്വഭാവസ്‌തു പ്രവർത്തതേ (ഗീത: 5 :14)

(ഈശ്വരൻ ലോകത്തിനു വേണ്ടി കർമ്മം ചെയ്യുന്ന ആളിനെയോ കർമ്മങ്ങളെയോ സൃഷ്ടിക്കുന്നില്ല. അതിന്റെ ഫലവും സൃഷ്ടിക്കുന്നില്ല. പ്രകൃതി സ്വഭാവം അനുസരിച്ചു് ഇതൊക്കെ പ്രവൃത്തിക്കുന്നു).
കർമ്മങ്ങൾക്ക് പ്രേരകമായിട്ടുള്ളതും കർമ്മഫലങ്ങൾ നിശ്ചയിക്കുന്നതും താനല്ല, പ്രകൃതിയാണ് എന്നാണു ഭഗവാൻ പറഞ്ഞത്.നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ചു ഫലം പ്രകൃതി നിശ്ചയിക്കും, ഈശ്വരന് ഇതിലൊന്നും ഒരു റോളും ഇല്ല എന്നർത്ഥം.

ഇതാണ് സാക്ഷാൽ ഭഗവാൻ തന്നെ പറഞ്ഞിരിക്കുന്നത്! അപ്പൊപ്പിന്നെ അമ്പലത്തിൽ പോയി പൂജചെയ്തു പ്രീതിപ്പെടുത്തിയാൽ നമ്മുടെ കാര്യമൊക്കെ സാധിച്ചു തരുന്ന ആ ദൈവം ആരാ? ആ, ആർക്കറിയാം. നമ്മുടെ സനാതനധർമ്മ ഗ്രന്ഥങ്ങളിലൊന്നും അങ്ങിനെയൊരു ഈശ്വരനില്ല.

ഭക്തജനങ്ങളെ, നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്നാണ് തിരിച്ചും മറിച്ചും ഭഗവാൻ ഭഗവത് ഗീതയിൽ പറയുന്നത്. നമ്മുടെ പാപപുണ്യങ്ങളുടെ ഫലം നാം തന്നെ അനുഭവിച്ചേ മതിയാകൂ. For every action there is an equal and opposite reaction എന്ന തത്വം അനുസരിച്ചു് അത് ശാസ്ത്രദൃഷ്ടിയിലും ശരിയാണ്. നമ്മുടെ തെറ്റുകുറ്റങ്ങൾ സഹിച്ചു നമ്മെ സഹായിക്കുന്നതോ നല്ലകാര്യങ്ങൾ കണ്ട് അനുഗ്രഹിക്കുന്നതോ ആയ ഒരീശ്വരനൊന്നുമല്ല സനാതനമതത്തിലെ നിർഗ്ഗുണബ്രഹ്മമായ ഈശ്വരൻ. അങ്ങിനെയൊരീശ്വര സങ്കൽപ്പത്തെക്കൊണ്ടു മനുഷ്യനെ ഭയപ്പെടുത്തി നിർത്തി തങ്ങളുടെ സ്വാർത്ഥമോഹങ്ങൾ നേടാൻ കഴിയില്ല എന്നു ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ബുദ്ധിമാന്മാരായ കുറേ പൂർവികർ അവർക്കു ഗുണമുണ്ടാക്കുന്ന ഒരീശ്വരസങ്കൽപ്പവും അതിനനുകൂലമായ സാമൂഹ്യവ്യവസ്ഥയും ഉണ്ടാക്കി അതിവിടുത്തെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്.

ഇപ്പറയുന്നതൊക്കെ ശരിയാണെങ്കിൽ പിന്നെ ഈ അമ്പലങ്ങളായ അമ്പലങ്ങളും നൂറു കണക്കിനു ദേവതകളും ആരാധനാസമ്പ്രദായങ്ങളും ഒക്കെ അർത്ഥശൂന്യമാണോ എന്ന സംശയം ന്യായമായും ഉദിക്കാം. നമുക്കതും പരിശോധിക്കാം.

രാമായണമാസക്കുറിപ്പ് -22

ഇനി അമ്പലഭക്തിയെക്കുറിച്ചു ഒന്നു ചിന്തിച്ചു നോക്കാം. ഹൃദയവിശാലതയുള്ള മനുഷ്യരെ സൃഷ്ടിച്ചു പ്രകൃതിയുമായി ഇണക്കി നിർത്തി ലോകത്തിലുള്ള എല്ലാത്തിനും സുഖവും ശാന്തിയും നേടിക്കൊടുക്കുക എന്ന ഒരേയൊരു ലക്ഷ്യമേ സനാതനമതത്തിനുള്ളു എന്ന ദൃഢമായ ബോധം മനസ്സിൽ ഉണ്ടായിരുന്നാൽ മാത്രമേ ഇനിപ്പറയുന്നതു മനസ്സിലാക്കാൻ കഴിയൂ. അങ്ങിനെയാണെങ്കിൽ സനാതനഃ ധർമ്മശാസ്ത്ര ദർശനങ്ങളെ അടിസ്ഥാനമാക്കുന്ന ഹിന്ദുമതവും ആത്യന്തികമായി ലക്‌ഷ്യം വക്കുന്നത് ഇതു തന്നെയായിരിക്കണം. ക്ഷേത്രങ്ങളും ദേവതകളും ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആകുമ്പോൾ ഇതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നതും ആ ആത്യന്തിക ലക്‌ഷ്യം തന്നെയാകണം.

വേദോപനിഷത്തുക്കളിലെ പരമാത്മഭാവത്തിലുള്ള, സർവ്വവ്യാപിയായ, സർവ്വതിനും കാരണഭൂതമാകുന്ന നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ സാധാരണ മനസ്സുകൊണ്ട് കാണാൻ കഴിയില്ല, ഇതിനു ജ്ഞാനചക്ഷുസ്സുകൾ ആവശ്യമാണ്. സത്വരജസ്തമോഗുണങ്ങളോടെ സൃഷ്ടിക്കപ്പെടുന്ന മനുഷ്യരിൽ ഇങ്ങനെ ഈശ്വരനെക്കാണാൻ കഴിയുന്ന സത്വഗുണപ്രധാനികളുടെ എണ്ണം തുലോം കുറവായിരിക്കും. നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ബുദ്ധിതലത്തിൽ കാണാൻ കഴിയാത്തവരാണ് ജനങ്ങളിലേറെയും എന്നു സാരം. പക്ഷെ എല്ലാവരെയും ഈശ്വരനിലേക്കു അടുപ്പിക്കണം താനും. അതുകൊണ്ടു ഗുണദോഷങ്ങളൊന്നുമില്ലാത്ത ഈശ്വരനിൽ ഗുണങ്ങൾ ആരോപിച്ചു (attribute) ഒരു സഗുണബ്രഹ്മമാക്കുന്നു. വ്യക്തിരൂപത്തിലുള്ള ഈ ഈശ്വരനെ ധ്യാനിക്കാൻ എല്ലാവർക്കും എളുപ്പമാണ്. വിഗ്രഹങ്ങളിൽ സാധാരണ മനുഷ്യർ കാണുന്നത് ഇങ്ങനെയുള്ള സഗുണബ്രഹ്മത്തെയാണ്. വിഗ്രഹം എന്നാൽ വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങളുടെ രൂപം എന്നർത്ഥം. വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങൾ എന്നാൽ സനാതനധർമ്മതത്വങ്ങൾ എന്നർത്ഥം. ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ എന്തിലും ഏതിലും വിളങ്ങി നിൽക്കുന്നത് ഒരേ ഈശ്വരചൈതന്യമാണെന്നും അതിനാൽ അജ്ഞാനത്താൽ നാം കാണുന്ന വിധത്തിലുള്ള ഭേദഭാവമൊന്നും പ്രപഞ്ചത്തിലില്ലായെന്നും ഉള്ള തിരിച്ചറിവ്. സഗുണാകാരമായ വിഗ്രഹത്തിൽ കൂടി പ്രാർത്ഥന തുടങ്ങി നിർഗ്ഗുണബ്രഹ്മമായ ഈശ്വരനിൽ ഭക്തൻ എത്തിച്ചേരണം. അതായത് സനാതനധർമ്മത്തിലെ ഈശ്വരനെ കാണാനുള്ള ആത്മീയയാത്രയുടെ ആദ്യപടിയാണ് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എന്നു സാരം. ആദ്യമാദ്യം വള യത്തിൽ കൂടിച്ചാടി, പോകെപ്പോകെ വളയമില്ലാതെ ചാടി സർവ്വവ്യാപിയായ ഈശ്വരനെ പ്രാപിക്കുന്ന ആത്മീയ പദ്ധതിയുടെ തുടക്കമാണ് വിഗ്രഹാരാധന.

ഒന്നോർക്കുക, ഈ പദ്ധതികളിലൊന്നും സ്വാർത്ഥമോഹലക്ഷ്യങ്ങൾ ഇല്ല . തന്നെ നിലനിർത്തുന്ന ഈശ്വരചൈതന്യത്തെ അന്വേഷിച്ചുള്ള ഒരാത്മീയയാത്ര മാത്രമാണിതൊക്കെ. ജനിച്ചിട്ട് ഇന്നുവരെക്കണ്ടിട്ടില്ലാത്ത അച്ഛൻ ദൂരെയൊരു സ്ഥലത്തു ജീവിച്ചിരുപ്പുണ്ട് എന്നറിയുന്ന മകൻ നൊമ്പരത്തോടെ അച്ഛനെക്കാണാൻ പോകുന്ന ആ പോക്കുണ്ടല്ലോ, അതിലും തീവ്രതെയോടെയുള്ള ആത്മാന്വേഷണം.

സനാതനമതത്തിൽ ആദ്യകാലത്തു ക്ഷേത്രങ്ങളോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല. ഓരോരുത്തരുടെയും താത്പര്യമനുസരിച്ചുള്ള ഇഷ്ടദേവതയെ രൂപകൽപ്പന ചെയ്ത് ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതത്തിൽ നടപ്പിലാക്കിയത് ശങ്കരാചാര്യസ്വാമികളാണെന്നാണ് എവിടെയോ വായിച്ചിട്ടുള്ളത്. എല്ലാ നദികളും അവസാനം എത്തിച്ചേരുന്നതു സമുദ്രത്തിലാണല്ലോ എന്നതായിരുന്നിരിക്കണം ഇതിലെ താത്‌പര്യം. പക്ഷെ ബോധമില്ലാഴ്മയും സ്വാർത്ഥചിന്തകളും കാരണം നമ്മുടെ ആത്മീയനദികൾ തുടക്കത്തിൽ തന്നെ വരണ്ട് ഒടുങ്ങുകയാണ്!

രാമായണമാസക്കുറിപ്പ് -23

ക്ഷേത്രങ്ങളെയും വിഗ്രഹാരാധനയും കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്? സനാതനധർമ്മ പ്രകാരം പ്രസക്തമായ ഒരു നിർവചനമാണ് വിഗ്രഹാരാധനക്കു കഴിഞ്ഞ കുറിപ്പിൽ ഞാൻ നൽകിയത്. ഒരു മതത്തിന്റെ തത്വചിന്താപരമായ ദർശനങ്ങളിലാണ് ആത്യന്തിക സത്യവും അതു പ്രയോഗത്തിൽ വരുത്തിയാൽ സാധ്യമാകുന്ന വ്യക്തി-സാമൂഹ്യവികസനവും മറഞ്ഞിരിക്കുന്നതെങ്കിലും മഹാഭൂരിപക്ഷം ജനങ്ങൾക്കും അങ്ങിനെയൊരു ആത്മീയതയെ ഉൾക്കൊള്ളാൻ കഴിയില്ല എന്നതൊരു സത്യം തന്നെയാണ്. മനുഷ്യസൃഷ്ടിയുടെ പ്രത്യേകതയാണത്. ഈ പ്രത്യേകത കാരണം, സാധാരണ മനുഷ്യർക്കു അനുഭവവേദ്യമാകുന്ന പ്രായോഗിക തലത്തിലേക്ക് ആത്മീയതയെ തിരുത്തി എഴുതപ്പെടുകയാണ് ചെയ്യുന്നത്. ഹിന്ദുമതാചാരങ്ങളും ക്ഷേത്രസംസ്കാരവും വിഗ്രഹാരാധനയും ഒക്കെത്തന്നെ ഇങ്ങനെ ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളാണ് എന്നു കരുതാം. മനുഷ്യരുടെ മേലിൽ ആധിപത്യം സ്ഥാപിക്കാനുള്ള മനുഷ്യരുടെ താത്‌പര്യം ലോകം ഉണ്ടായ കാലം മുതലുള്ളതാണ്. ഇതിനുപയോഗിക്കാവുന്ന ഏറ്റവും നല്ലൊരു ഉപകരണമാണ് മതം എന്നു മനുഷ്യനു മനസ്സിലായതോടെ, ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളിൽ സ്വാർത്ഥതയുടെ ഉപ്പും കൂടി കലർന്നു. കാലം മാറുമ്പോൾ കോലവും മാറും എന്നതിനാൽ കാലവും അതിന്റെ സ്വാധീനം ആത്മീയതയിൽ ചെലുത്തി. ചുരുക്കത്തിൽ സനാതനമതത്തിലെ ആത്മീയത ലോപിച്ചു ലോപിച്ചു ഇന്ന് നമ്മൾ അറിയുന്ന സ്വാർത്ഥമോഹമതത്തിലെത്തി. ഒരു പക്ഷേ ഇതൊരനിവാര്യതയുമാകാം.

ബ്രഹ്മത്തെ ഇഷ്ടദേവതാവിഗ്രഹത്തിൽ കാണണം എന്ന ചിന്തയൊന്നും പറഞ്ഞാൽ ഇന്നു വിലപ്പോകില്ല. അർഹതയില്ലാത്തതു പോലും നേടാൻ നെട്ടോട്ടം ഓടി നടക്കുന്ന സ്വാർത്ഥമനുഷ്യർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. മറിച്ചു, ഈ വിഗ്രഹത്തിൽ കൂടി നിനക്കാഗ്രഹമുള്ളതെല്ലാം ഞാൻ നേടിത്തരാം എന്നൊരാൾ പറഞ്ഞാൽ ജനമെല്ലാം അയാളുടെ പിറകേ കൂടും. ഇതു ശരിക്കും മനസ്സിലാക്കുന്ന ബുദ്ധിമാന്മാർ, ആവശ്യക്കാർക്ക് അനുസരിച്ചുള്ള ദൈവത്തെയും അനുബന്ധ പരിപാടികളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ് നമ്മുടെ കാലഘട്ടത്തിൽ നടക്കുന്ന ഏറ്റം പ്രധാനപ്പെട്ട ഹിന്ദുമത നവീകരണം. ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൂജാവിധികളും അതുകൊണ്ടൊക്കെ നേടാവുന്ന നേട്ടങ്ങളും സിനിമാ പരസ്യം പോലെ മാധ്യമങ്ങളിൽ പോലും സ്ഥലം പിടിക്കയാണ്. മനുഷ്യർ ഇതിന്റെയൊക്കെ പിറകേ ഓടുകയാണ്. ചില പ്രത്യേക പൂജകൾ ചെയ്ത് തങ്ങൾക്കും കുടുംബത്തിനും സൗഖ്യവും സൗഭാഗ്യവും ഉറപ്പുവരുത്തുവാൻ (മറ്റാർക്കും ഇതൊന്നും കിട്ടരുത്, ഞങ്ങൾക്ക് മാത്രം!) പത്തും ഇരുപത്തഞ്ചും വർഷങ്ങൾ പോലും കാത്തു നിൽക്കാൻ പോലും ഭക്തജനങ്ങൾ തയ്യാറാണ്. ഈശ്വരാനുഗ്രഹത്തിനു വേണ്ടി നടത്തപ്പെടുന്ന ആഘോഷങ്ങളാൽ ഇന്നു നാടും ക്ഷേത്രങ്ങളും മുഖരിതമാവുകയാണ്. ഒരു പാവപ്പെട്ട കുഞ്ഞിനു പഠിക്കാനോ സാധു രോഗിക്ക് മരുന്നു വാങ്ങാനോ ദയ തോന്നാത്തവരൊക്കെ ഈശ്വരാനുഗ്രഹത്തിനും സമൂഹത്തിലെ പേരിനും പ്രശസ്തിക്കും വേണ്ടി എത്ര ലക്ഷങ്ങൾ മുടക്കാനും മനസ്സുള്ളവരായിരിക്കയാണ്. ദോഷം മാത്രം കാണുന്നതല്ലല്ലോ ശരി; സാമൂഹികമായ ചില ഗുണവശങ്ങൾ ഇതിലൊക്കെയുണ്ടെന്നുള്ളതു സമ്മതിക്കാതെ വയ്യ. പണക്കാരന്റെ കീശയിലെ കാശ് പാവപ്പെട്ട ബ്രാഹ്മണനും കലാകാരനും മൈക്കുകാരനും പാചകക്കാരനും പന്തലുകാരനും അങ്ങിനെ അതാവശ്യമുള്ള പലർക്കുമായി വീതിക്കപ്പെടുന്ന ഒരു സോഷ്യലിസം ഇതിലൂടെ നടക്കുന്നുണ്ട്. സാധുജന സംരക്ഷകനാണു ഭഗവാനെന്നു പറയുന്നതെത്ര ശരിയാണ് !

ബാറ്ററിയിട്ടു വാറ്റിയ കോടമദ്യം (country liquor) കുടിച്ചു ശീലിച്ചവർക്കു നല്ല വിലയുള്ള ശുദ്ധമദ്യം ഒന്നു കൊടുത്തു നോക്കൂ. "എന്തരെടേ, 'കിക്ക്' കിട്ടാത്ത ഇതെന്തു സാധനം? " എന്നായിരിക്കും അവരുടെ പുശ്ചത്തോടെയുള്ള ചോദ്യം. ഇതു തന്നെയാണ് നമ്മുടെ ആദ്ധ്യാത്മിക മണ്ഡലത്തിന്റെയും സ്ഥിതി. 'വേദവും യാഗവും ധ്യാനവും സന്യാസവും എല്ലാം ചേതസ്സിന്റെ മലം (മനസ്സിന്റെ അഴുക്ക്) കളയാൻ' ഉദ്ദേശിച്ചുള്ളതാണെന്നു ഭാഗവതം പറയുന്നതു പറഞ്ഞാൽ, പറയുന്നവൻ ഇന്നു വിഡ്ഢിയാകും.

രാമായണമാസക്കുറിപ്പ് -24

എന്റെ കുറിപ്പുകൾ ജിജ്ഞാസയോടെ ഉറ്റുനോക്കി 'ഇഷ്ട്ടപ്പെട്ടു' കൊണ്ടിരിക്കുന്നവർക്കു പോലും ഇന്നലത്തെ കുറിപ്പ് അത്രയ്ക്ക് പിടിച്ചിട്ടില്ല എന്നു മനസ്സിലായി. ഇതാണ് നമ്മുടെ എല്ലാ മേഖലകളുടെയും പ്രശനം. നമ്മുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുകൂലമായ വിധത്തിൽ മറ്റൊരാൾ ചിന്തിച്ചാൽ നമുക്കത് ഇഷ്ടമാകും. വിഷയത്തിലുള്ള ശരിയോ തെറ്റോ അല്ല; തന്റെ ചിന്തകളുമായി മറ്റൊരാളിന്റെ ചിന്ത താദാത്മ്യപ്പെടുമ്പോൾ ഉളവാകുന്ന സന്തോഷം ആണ് 'ഇഷ്ട' മായി പുറത്തു വരുന്നത് എന്നർത്ഥം. അടിസ്ഥാനപരമായ വിഷയങ്ങളിൽ ഇങ്ങനെയൊരു ഇഷ്ടപ്പെടൽ കൊണ്ട് യാതൊരു ഗുണമുമില്ല എന്നതാണ് സത്യം. ചിന്തിക്കയും ചിന്തിച്ചു സ്പുടം ചെയ്തെടുത്തത് ബോധത്തിന്റെ ഭാഗമാക്കുകയും ചെയ്യുമ്പോൾ മാത്രമേ നമ്മിലും ചുറ്റുപാടുകളിലും മാറ്റം സംഭവിക്കൂ. മനസ്സ് വിശ്വാസപ്രമാണങ്ങളെ താലോലിച്ചു status quo നിലനിർത്തുമ്പോൾ ബുദ്ധി മാറ്റങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. ബുദ്ധിയെ ജീവിത സാരഥിയാക്കൂ എന്നുപദേശിക്കുന്ന ഒരു മഹനീയ സംസ്കാരത്തെക്കുറിച്ചാണ് ഇവിടെ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്.
വഴിപാടുകളെയും അതുപോലെ ഈശ്വരനാമത്തിൽ നാട്ടിൽ നടത്തപ്പെടുന്ന മറ്റു് ആഘോഷങ്ങളെയും വിമര്ശിക്കുന്നതാണല്ലോ ഇഷ്ടക്കേടിനു കാരണം? ഇതെല്ലാം തന്നെ നമ്മുടെ ഭൗതികസുഖം ലക്ഷ്യമാക്കിയുള്ള പ്രാർത്ഥനയുടെ ഭാഗമാണെന്നതിൽ ആർക്കും തർക്കമില്ലല്ലോ? ഇതിനെക്കുറിച്ച് ഭഗവാൻ ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.

യജ്ഞാർത്ഥാത് കർമ്മാണോന്യത്ര ലോകോയം കർമ്മബന്ധന:
തദർത്ഥം കർമ്മ കൗന്തേയ മുക്തസംഗ: സമാചര. (ഗീത 3:9)

(യജ്ഞ ഭാവത്തിലുള്ള കർമ്മങ്ങൾ ഒഴികെ മറ്റെല്ലാ കർമ്മങ്ങളും കർമ്മബന്ധത്തോടു കൂടിയതാണ്. അല്ലയോ അർജ്ജുനാ, ആയതിനാൽ യജ്ഞമെന്ന നിലയിൽ സംഗം വിട്ട് കർമ്മം നന്നായി ചെയ്യൂ).

അതായത് യജ്ഞഭാവത്തിലുള്ള കർമ്മമല്ലാതെ, നാം ചെയ്യുന്ന സകല കർമ്മങ്ങളും കർമ്മബന്ധനം ഉണ്ടാക്കി നമ്മുടെ പാപഭാരം വർധിപ്പിക്കും എന്നർത്ഥം. ബന്ധനങ്ങളിൽ നിന്നുള്ള മുക്തിയാണ് എല്ലാ മതവിശ്വാസികളും ലക്ഷ്യമാക്കുന്നത്. പക്ഷേ നമ്മൾ ചെയ്യുന്നതോ, ദിവസം പ്രതി പാപത്തിന്റെ അളവു കൂട്ടുന്ന പരിപാടികളും. ഇത് ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ഞാൻ കഴിഞ്ഞ കുറിപ്പെഴുതിയത്. പാപക്കുഴിയിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ എന്റെ ഒരു കൈത്താങ്ങു്. അത്രമാത്രമേ ഉദ്ദേശിച്ചുള്ളൂ.

ഇതുവരെ ഇതാരെങ്കിലും നിങ്ങൾക്കു പറഞ്ഞു തന്നിട്ടുണ്ടോ? ഇല്ല. ഇതു ചെയ്താൽ അതു കിട്ടും എന്നു പറഞ്ഞു പഠിപ്പിക്കയും അതുമാത്രമാണ് ആത്യന്തിക സത്യം എന്നു നിങ്ങളും വിശ്വസിച്ചുവശായിരിക്കുന്നു. ഭഗവത് ഗീത ഉൾപ്പെടെ ഹിന്ദുമതത്തിൻറെ ഒരു ഗ്രന്ഥവും വായിക്കാതെ, വായിച്ചതിന്റെ അർഥം ചിന്തിക്കാതെ അതൊക്കെ പുണ്യഗ്രന്ഥങ്ങളാണെന്നു പറഞ്ഞു ഭക്തിയോടെ പട്ടിൽ പൊതിഞ്ഞു പൂജാമുറിയിൽ വച്ചിട്ടുണ്ട്. അതിന്റെ മുൻപിൽ വിളക്കു തെളിച്ചു, അതിൽ പറഞ്ഞിരിക്കുന്നതിനൊക്കെ എതിരായി പ്രാർത്ഥിക്കും. ഇതുകൊണ്ടാണ് ഭഗവാൻ 'മൂഡാത്മാക്കൾ' എന്നു നിങ്ങളെ പേരിട്ടു വിളിക്കുന്നത്. മറ്റു മതക്കാർ പറയുന്നതുപോലെ പാപികളെന്നല്ല, വിഢ്ഢികളെന്നാണ് ഭഗവാൻ വിളിക്കുന്നത് എന്നോർക്കണം. കാരണം അദ്ദേഹത്തിൻറെ ഒരംശം തന്നെയായ നിങ്ങളെ പാപി എന്നു വിളിക്കുന്നതിൽ അർത്ഥമില്ലല്ലോ? വിവരദോഷി എന്നു മാത്രം വിളിച്ചു നിർത്തുന്നതിൽ നിന്നും നിനക്ക് വേണമെങ്കിൽ വിവരം ഉള്ളവനാകാം എന്നൊരു ധ്വാനിയും അതിലുണ്ട്. എന്തു വേണമെന്ന് നിങ്ങൾക്കു ചിന്തിക്കാം. ഒന്നുകിൽ വിശ്വസിക്കുന്ന ഭഗവാനെ തള്ളിപ്പറയുക, അല്ലെങ്കിൽ ഭഗവാൻ പറയുന്നത് കേൾക്കുക. തീരുമാനം നിങ്ങളുടേതാണ്.

നിങ്ങളെല്ലാം ആകെ ഭയപ്പെട്ടിരിക്കയാണെന്നെനിക്കറിയാം. ശരിക്കുള്ള ഈശ്വരചിന്തയുടെ അഭാവത്തിലാണ് ഭയത്തിന്റെ ഉദയവും നിലനിൽപ്പും. ദീപം പ്രകാശിച്ചു കഴിയുമ്പോൾ ഇരുട്ടു താനേ അകന്നു പൊയ്‌ക്കൊള്ളും.

നിരീശ്വരവാദത്തിനുപോലും സ്ഥാനമുള്ള മതമാണ് ഹിന്ദുമതം. ഈശ്വരവിശ്വാസമില്ലാതെ തന്നെ അന്തസ്സായി ജീവിച്ചു പോകാം. പക്ഷെ നല്ല തന്റേടം വേണം. എന്ത് ചെയ്താലും അതു ബോധപൂർവം ചെയ്‍താൽ നിങ്ങൾ നല്ല ഹിന്ദുവാകും. ബോധപൂർവം ചിന്തിച്ചു ചെയ്യണം എന്നു മാത്രം. വല്ലവരും ഒക്കെ പറയുന്നതിന്റെ പിറകെ പായരുത്, അത് നല്ല ഹിന്ദുവിന്റെ ലക്ഷണമല്ല.

യജ്ഞഭാവത്തിലുള്ള കർമ്മം എന്നാൽ എന്താണ്? നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കർമ്മങ്ങളെ അങ്ങിനെയാക്കി ഭഗവാൻ പറയുന്ന പാപഭാരത്തിൽ നിന്നും രക്ഷപെടാനാവുമോ? ചിന്തിക്കാം. നാളെയാട്ടെ.

രാമായണമാസക്കുറിപ്പ് -25

യജ്ഞഭാവത്തിൽ കർമ്മംചെയ്ത് കർമ്മബന്ധനങ്ങളിൽ നിന്നും അതുമൂലം വന്നു ചേരുന്ന പാപഭാരത്തിൽ നിന്നും രക്ഷപെടാമെന്നാണല്ലോ ഇന്നലെ പറഞ്ഞു നിർത്തിയത്. എന്താണ് യജ്ഞഭാവത്തിലുള്ള കർമ്മം?
ലോകസംഗ്രഹത്തിനുവേണ്ടി അർപ്പണഭാവത്തോടെ നിസ്വാർത്ഥമായി ചെയ്യപ്പെടുന്ന ഏതു കർമ്മവും യജ്ഞമാകുന്നു. പ്രകൃതിയിൽ ഇതിന്റെ ഉദാഹരണങ്ങൾ എത്രവേണമെങ്കിലും ഉണ്ട്.

നാമെല്ലാം ശ്വസിച്ചുതള്ളുന്നത് കാർബൺ ഡയോക്‌സൈഡ് എന്ന വാതകമാണ്. ഇതിന്റെ സാന്ദ്രത ഒരളവിൽ കൂടിയാൽ അതു വിഷമാണ്. അങ്ങിനെയുള്ളിടത്തു ജീവൻ നിലനിൽക്കില്ല. ചെടികളും മരങ്ങളും നമുക്കു ദോഷകരമായ ഈ വാതകമെടുത്തു photosynthesis എന്ന പ്രക്രിയയിലൂടെ മാറ്റി ജീവൻ നിലനിർത്താൻ വേണ്ട ഓക്സിജൻ എന്ന വാതകമാക്കി അന്തരീക്ഷത്തിലേക്ക് വിടുന്നു. അതായത് നമുക്കു ഭൂമിയിൽ ജീവിക്കാൻ കഴിയുന്നത് ഈ മരങ്ങളും ചെടികളും ചെയ്യുന്ന നിഷ്ക്കാമ കർമ്മം ഒന്നു കൊണ്ട് മാത്രം. നമ്മിൽ നിന്നും ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ഇവയൊന്നും ഇത് ചെയ്യുന്നത്. ജനിച്ച നിമിഷം മുതൽ മരിക്കുന്ന നിമിഷം വരെ നമ്മുടെ ഹൃദയം മിടിച്ചു കൊണ്ട് നമ്മുടെ ജീവൻ നിലനിർത്തുന്നു. അൽപ്പ സമയം പോലും വിശ്രമിക്കുന്നില്ല. വിശ്രമിച്ചാൽ നമ്മളില്ലാതാകും.നമ്മുടെ തലച്ചോറും കിഡ്‌നിയും ലിവറും..... വായുവും ജലവും......എല്ലാം എല്ലാം തന്നെ, ഒരു ഫലേച്ഛയും കൂടാതെ, അതാതിന്റെ കർമ്മങ്ങൾ ചെയ്തു നമ്മെ നിലനിർത്തുകയാണ്. ഇതാണു യജ്ഞഭാവത്തിലുള്ള കർമ്മം.

ഇങ്ങിനെ മറ്റുള്ളവയുടെ സഹായം ഒന്നു കൊണ്ട് മാത്രം ജീവിക്കുന്ന നമ്മളെന്താണ് ചെയ്യുന്നത്? ഇപ്പറഞ്ഞതിനൊക്കെ എന്തൊക്കെ ദ്രോഹം ചെയ്യാമോ അതത്രയും ചെയ്‌തുകൂട്ടും. ഒരു മരത്തിനെയും ജീവിക്കാൻ നാം സമ്മതിക്കില്ല, ഒരു ചെടി കരിഞ്ഞു തളർന്നാലും അതിനിറ്റു വെള്ളം കൊടുക്കില്ല, ശരീരഭാഗങ്ങൾക്കെല്ലാം തകരാറുണ്ടാക്കുന്ന ജീവിതമേ ജീവിക്കൂ. ഇങ്ങനെ പാപമെല്ലാം സമ്പാദിച്ചു കൂട്ടി എല്ലാം നാശത്തിന്റെ വക്കിലെത്തുമ്പോൾ ഓടും അമ്പലത്തിലേക്ക്. എന്റെ കാര്യമെല്ലാം ഒന്നു ശരിയാക്കിത്തരാമെങ്കിൽ ഞാൻ എന്തു കൈക്കൂലി വേണമെങ്കിലും തരാം ഭഗവൻ ! അങ്ങിനെ അഴിമതിക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ തലത്തിലേക്ക് ഈശ്വരനെക്കൂടി നമ്മൾ വലിച്ചിടും.
നമ്മുടെ കർമ്മങ്ങൾ മിക്കതും യജ്ഞഭാവത്തിന് എതിരാണ്. കർമ്മബന്ധനങ്ങളും പാപഭാരവും അനിവാര്യമായ ഫലങ്ങളാണ്. നമ്മെ രക്ഷിക്കേണ്ടത് നമ്മൾ തന്നെ. കർമ്മത്തിന്റെ ഫലം പ്രകൃതി നൽകുമെന്നും നിർഗ്ഗുണബ്രഹ്മമായ ഈശ്വരന് ഇതൊന്നുമായി യാതൊരു ബന്ധവും ഇല്ലെന്നും ഭഗവത് ഗീതയിൽ നിന്നും നാം നേരത്തെ മനസ്സിലാക്കി കഴിഞ്ഞതാണ്. ഇതൊന്നുമല്ല ശരി, എല്ലാം ഞാൻ ശരിയാക്കിത്തരാം എന്നാണ് ആരെങ്കിലും പറയുന്നതെങ്കിൽ അയാൾ ഈശ്വരനെക്കാൾ മുകളിലുള്ള ആളായിരിക്കണം. അങ്ങിനെയെങ്കിൽ ഒട്ടും ശങ്ക വേണ്ട, അദ്ദേഹത്തോടൊപ്പം തന്നെ നിങ്ങൾ പോകണം. നാം അർഹിക്കുന്ന നേതാക്കളെയേ നമുക്ക് കിട്ടൂ!

നമ്മുടെ സ്വാർത്ഥപ്രേരിതമായ കർമ്മങ്ങളെ, ബോധപൂർവം ചിന്തിച്ചാൽ, യജ്ഞഭാവത്തിലേക്കു മാറ്റാവുന്നതേയുള്ളൂ. മേൽപ്പറഞ്ഞ അറിവോടെ, ഹൃദയ നൈർമ്മല്യത്തോടെ, അമ്പലത്തിൽ പോകൂ. ഇങ്ങിനെയൊരു ജീവിതം തന്നതിനും നിന്നെ കാണാൻ കഴിയുന്നതിനും നന്ദി പറഞ്ഞു കാണിക്കയിട്ടു തൊഴുതോളൂ. സാധു പൂജാരിക്കും കൊടുക്കണം ദക്ഷിണ. പക്ഷേ കൂടുതൽ ഒന്നും പറയാനും ചോദിക്കാനും പോകേണ്ട. ശ്രീകൃഷ്ണനെ കണ്ട കുചേലൻ ആ ചൈതന്യമാർന്ന മുഖത്തു ഭക്തിയോടെ നോക്കിയിരുന്നതേയുള്ളൂ. ദരിദ്രനാരായണനായിട്ടും ഒന്നും ചോദിച്ചില്ല. പക്ഷേ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ കണ്ടതെന്താണെന്നു എല്ലാവർക്കും അറിയാമല്ലോ? ചോദിച്ചാലേ കിട്ടൂ എന്നതു നമ്മൾ മനുഷ്യരുടെ നിയമമാണ്. ഈശ്വരന്റെയും പ്രകൃതിയുടെയും നിയമങ്ങൾ വേറെയാണ്.

നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി നാം തന്നെയാണ്. തിരുത്തേണ്ടതാണെങ്കിൽ നാം തന്നെ തിരുത്തണം. ലോകം മുഴുവൻ കാത്തുരക്ഷിക്കേണ്ട ഈശ്വരനെ നമ്മുടെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിപ്പിക്കുന്നതു നല്ല ഭക്തന്റെ ലക്ഷണമല്ല.

രാമായണമാസക്കുറിപ്പ് - 26

കഥകളും ശ്ലോകങ്ങളും വിശകലനങ്ങളും ഒക്കെ ധാരാളം പേർക്ക് ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ, അതിന്റെ പ്രായോഗികതലത്തിലേക്ക് ചെന്നു കഴിയുമ്പോൾ, അതു വേണ്ടാ, അതിലെങ്ങും തൊടണ്ടാ എന്ന അഭിപ്രായമാണ് പലർക്കും. ഈശ്വരവിഷയമാകയാൽ ഇങ്ങനെയൊക്കെയുള്ള ചിന്തകൾ പോലും പലർക്കും ഭയം ഉളവാക്കുന്നതാണ്. സൈക്കിൾ ചവിട്ടേണ്ടത് എങ്ങനെയെന്നു ക്ലാസ്സ് എടുക്കാം. പക്ഷെ താനല്ലാതെ ആരെത്ര പഠിച്ചാലും തനിക്കു സൈക്കിൾ ചവിട്ടാൻ കഴിയുമോ, ഇല്ല. സൈക്കിൾ പഠിക്കുമ്പോൾ വീണു കാലും കൈയ്യും മുറിഞ്ഞാലും ഒടിഞ്ഞാലും നമ്മൾ പഠിത്തം വിടില്ല; കാരണം ഭാവിയിൽ അത് ഗുണം ചെയ്യും എന്ന ബോധ്യം ഉള്ളതുകൊണ്ട്. പക്ഷെ ഈശ്വരവിഷയത്തിൽ മാത്രം ഞങ്ങൾ പഠിക്കില്ല, പഠിച്ചവർ (ഇപ്പം കൂടുതലും ഒന്നും പഠിക്കാത്തവരാ) പറയുന്നത് കേട്ട് അനുസരിക്കുന്നതാണ് നല്ലതു എന്ന് നമ്മൾ ചിന്തിക്കുന്നതെന്തു കൊണ്ടാണ്. ഇതു പഠിച്ചിട്ടു അത്ര ഗുണമൊന്നുമില്ലെന്നു മനസ്സിലാക്കിയിട്ടോ? ബോധത്തെ ഉണർത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സ്വന്തം മതത്തെക്കുറിച്ചു അൽപ്പം പഠിക്കൂ എന്നു മാത്രമാണീ പറയുന്നത്. ഞങ്ങളല്ല, ഞങ്ങളുടെ കുഞ്ഞുങ്ങളും ഇതൊന്നും പഠിക്കരുത് എന്നു മാതാപിതാക്കൾ ചിന്തിക്കുന്നതെന്തു കൊണ്ടാണ്? ഈശ്വരവിഷയത്തിൽ ഒരിക്കലും രക്ഷപെടാൻ കഴിയാത്ത വിധം അടിമത്തത്തിലേക്ക് ആഴ്ന്നു പോയതു കൊണ്ടോ? നൂറ്റാണ്ടുകളായി നമ്മുടെ ജീനുകൾ പോലും 'ഭയപ്പെടുത്തുന്ന' ഈശ്വരസങ്കൽപ്പത്തിലുറച്ചു മാറിപ്പോയി. കഴിഞ്ഞ പോസ്റ്റിൽ എന്റെ സുഹൃത്തു അഭിപ്രായപ്പെട്ടതുപോലെ ചെറുപ്പം മുതൽ കണ്ടും കേട്ടും ശീലിച്ച ശീലം അത്രവേഗം ഇളക്കാനൊന്നും കഴിയില്ല. അത് ശരിയാണ്. അതിനാൽ നമ്മുടെ കാര്യം കള, വരും തലമുറയെങ്കിലും അൽ പ്പം ബോധമുള്ളവരാകുന്നതിൽ എന്താണ് തെറ്റ്? എഞ്ചിനീറിംഗും കമ്പ്യൂട്ടറും ഒക്കെ കോളജിൽ പഠിപ്പിക്കും. പക്ഷേ ബോധം ആരു പകർന്നു നൽകും? ആഴ്ചയിലൊരിക്കൽ അമ്പലത്തിൽ പോയാൽ കിട്ടുന്നതാണോ അത്?

നാലഞ്ചു വർഷങ്ങൾക്കു മുൻപ് ഞാൻ ജോലിനോക്കുന്ന ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറുമായി ഒരു സംഭാഷണത്തിന് എനിക്ക് സാഹചര്യം കിട്ടി. ഈ സ്ഥാപനത്തിന്റെ ബൗദ്ധികമായ ഉൽപ്പാദനക്ഷമത എങ്ങിനെ വർദ്ധിപ്പിക്കാം എന്ന വിഷയത്തിലേക്കു ചർച്ച തിരിഞ്ഞു. ഞാൻ പറഞ്ഞു; സാർ, ഇതു സംഭവ്യമാണ്. ഒരേ ഒരു വഴി, ശാസ്ത്രജ്ജരെ ആത്മീയവിഷയത്തിൽ ബോധവാന്മാരാക്കണം. ഇതൊന്നൊഴികെ മറ്റെല്ലാ കഴിവുകളും നമ്മുടെ ശാസ്ത്രജ്ജർക്കുണ്ട്. എല്ലാ കഴിവുകളും വേണ്ടുവോളം ഉണ്ടെങ്കിലും ബോധമണ്ഡലത്തിലെ ഈ ഒരു കുറവ് അവരുടെ കർമ്മശേഷിയെ വല്ലാതെ നശിപ്പിക്കുന്നുണ്ട് സാർ. അദ്ദേഹം ആകാംക്ഷയോടെ ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ടു പറഞ്ഞു, 'പലരും പല വഴികളും എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും മോഹൻദാസ് പറഞ്ഞ ഈ വഴി എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല'. ശരിയാണ് സാർ, നമുക്ക് ചുറ്റും ഒന്നു നോക്കൂ, എത്ര മിടുമിടുക്കന്മാരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് അഴിമതിക്കേസിൽ വിചാരണ നേരിടുന്നത്, ജയിലിൽ കിടക്കുന്നത്? എത്ര പ്രഗത്ഭന്മാരായ ഡോക്ടർമാരാണ് പാവം രോഗികളെ കള്ളത്തരം പറഞ്ഞു പിഴിയുന്നത്? നന്മയുടെ വശങ്ങൾ മനസ്സിൽ പതിയാതെ, മത്സരബുദ്ധിയോടെ ഡിഗ്രികൾ നേടാൻ മാത്രം പഠിപ്പിക്കുന്നതിന്റെ, പഠിക്കുന്നതിന്റെ തകരാറാണിത്. മനസ്സിലെ കളങ്കം പല വിധത്തിൽ കർമ്മപഥത്തിൽ പതിയും സാർ. എത്ര വലിയ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉണ്ടെങ്കിലും ബോധം ശരിക്കും ഉണർന്നിട്ടില്ലെങ്കിൽ അതിന്റെ കുറവ് ജോലിയിൽ ശരിക്കും പ്രതിഫലിക്ക തന്നെ ചെയ്യും. ഉൽപ്പാദനം കൂട്ടാനായി വലിയ കമ്പനികൾ അവരുടെ ഉദ്യോഗസ്ഥർക്ക് ഇങ്ങനെയുള്ള ട്രെയിനിങ് നൽകാറുണ്ടെന്നു കേൾക്കുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുള്ള മോറൽ എഡ്യൂക്കേഷന് പണ്ടുള്ള സ്ഥാനം ഇന്നില്ലല്ലോ?

അദ്ദേഹത്തിന് എന്റെ proposal വളരെ ഇഷ്ട്ടപ്പെട്ടു. അതിനാവശ്യമായ വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ എന്നോടാവശ്യപ്പെട്ടു. Working atmosphere മെച്ചപ്പെടുത്താനുള്ള രണ്ടു പ്രായോഗിക പദ്ധതികൾ കൂടി ഉൾപ്പെടുത്തി ഞാൻ റിപ്പോർട് തയ്യാറാക്കി, രണ്ടു മൂന്നുവട്ടം ഞങ്ങൾ ചർച്ചയും ചെയ്തു. പക്ഷെ ഒന്നും നടന്നില്ല എന്നതു വേറെ കാര്യം. നമ്മുടെ ഈശ്വരവിഷയം പോലെ തന്നെ, ശീലിച്ചതിൽ നിന്നും മാറി ചിന്തിക്കുന്നത് ബഹൂഭൂരിപക്ഷം മനുഷ്യർക്കും ഇഷ്ടമല്ല എന്നതു തന്നെ കാര്യം. 'വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം? എന്നു കവി പാടിയത് നമ്മളെ കണ്ടുകൊണ്ടു തന്നെയാണ്.

രാമായണമാസക്കുറിപ്പ് -27

എന്നോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തുക്കളെ എന്റെ മകന്റെ കല്യാണത്തിനു ക്ഷണിക്കാൻ പോയി. സ്വാഭാവികമായും മകന്റെ ജോലി എന്താണെന്ന് പലരും തിരക്കി. ഇന്ത്യൻ നേവിയിൽ ഓഫീസർ ആണെന്നു പറഞ്ഞപ്പോൾ പലരും പുരികം ചുളിച്ചു. ചിലർക്ക് ഈ നേവി എന്നു പറഞ്ഞതു മനസ്സിലായില്ല, മറ്റു ചിലർക്ക് ഇങ്ങനൊരു തൊഴിലിൽ മകനെ വിട്ടതിന്റെ കാരണമാണ് മനസ്സിലാകാത്തത്. നേവി എന്ന് പറഞ്ഞത് മനസ്സിലാക്കാത്തവർ, അതെന്താണെന്നു ചോദിച്ചു. നമ്മുടെ രാജ്യത്തിന്റെ സേനാവിഭാഗങ്ങളിൽ ഒന്നാണെന്ന് പറഞ്ഞപ്പോൾ, 'ഓ, ദാറ്റ്'സ് റൈറ്റ്, ദി ഷിപ് ആൻഡ് ഓൾ ദാറ്റ് സ്റ്റഫ് യു മീൻ' എന്നായി ചില മിടുക്കന്മാർ. പക്ഷേ , അതിനെ 'ആർമി' എന്നല്ലേ വിളിക്കുന്നത് എന്നായി വേറെ ചിലർ. ചിലർക്ക് എന്നിട്ടും പിടികിട്ടുന്നില്ല, 'യു മീൻ മർച്ചന്റ് നേവി?' (ഇതു പലരും കേട്ടിട്ടുണ്ട്, കാരണം വലിയ ശമ്പളം കിട്ടുന്ന ജോലിയാണത്രെ !). അല്ലെന്നു പറഞ്ഞു ഞാൻ കുറേക്കൂടി കാര്യമായി പറഞ്ഞു കൊടുത്തു. നാലു ലക്ഷം പേർ ശ്രമിച്ചാൽ നാനൂറു പേർക്കു മാത്രം സെലെക്ഷൻ കിട്ടുന്ന പണിയാണെന്നും ട്രെയിനിങ് ഒക്കെ നല്ല കഷ്ടപ്പാടുള്ളതാണെന്നും പറഞ്ഞു. 'ഓ, സൊ ഗ്രേറ്റ്'. എന്നാലും ഒരു സംശയം ബാക്കി, ഇങ്ങനെ കഷ്ടപ്പാടുള്ള പണിക്കെന്തിനാ മോനെ വിട്ടത്‌? (AC മുറിയിൽ കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു ചെയ്യുന്ന ജോലി മാത്രമേ അന്തസ്സുള്ള ജോലിയായി ഇന്ന് പരിഗണിക്കപ്പെടൂ) ഞങ്ങടെ സെന്റർ ഡയറക്ടറും ആകാക്ഷയോടെ എന്നോടു ചോദിച്ചു, 'ഹൗ കം എ സയന്റിസ്റ്റ്സ് സൺ ബിക്കം എ മിലിട്ടറി ഓഫീസർ'?

നമ്മുടെ രാജ്യത്തിലെ വിദ്യാസമ്പന്നതയും ശാസ്ത്രബോധവും ഏറെയുള്ള ഒരു സമൂഹത്തിലുള്ളവരാണ് ഈ ചോദ്യം ചോദിക്കുന്നതെന്നറിയണം. നമ്മുടെ രാജ്യത്തിനു മൂന്നു സേനാവിഭാഗങ്ങൾ ഉണ്ടെന്നറിയാത്തവർ! എങ്ങിനെയുണ്ട് കഥ? ബ്രിട്ടൻ പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ രാജാക്കന്മാർ പോലും ജോലി ചെയ്ത് അഭിമാനമായി കൊണ്ടു നടക്കുന്ന ഒരു തൊഴിലിനോടുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ്? സിയാച്ചനിലും അതുപോലെ മനുഷ്യവാസം പോലും സാദ്ധ്യമല്ലാത്ത അതിർത്തി പ്രദേശങ്ങളിലും, ശത്രുവിൻറെ തോക്കിനു മുൻപിൽ ജാഗരൂകരായി നിൽക്കുകയും പിടഞ്ഞു മരിക്കാൻ ധൈര്യം കാട്ടുകയും ചെയ്യുന്ന പട്ടാളക്കാരന്റെ ബലത്തിലാണ് നമ്മൾ ഇങ്ങിനെ സുഖജീവിതം ആസ്വദിക്കുന്നതെന്ന് അവർക്കാരും പറഞ്ഞു കൊടുത്തിട്ടില്ല. അവർക്കതറിയുകയും വേണ്ടാ. അതൊക്കെ അങ്ങു വടക്കേ ഇന്ത്യയിലുള്ള ആരുടെയൊക്കെയോ പണിയാണ്. 'വൈ ഷുഡ് വി നോ സച് അൺറീലേറ്റെഡ് തിങ്ങ്സ്' - ഇതാണ് ലൈൻ. ആത്മീയ ബോധമില്ലാത്തവനു രാഷ്ട്രബോധവും രാജ്യസ്നേഹവും അന്യമാകും.

സഹജീവികളോടുള്ള കാരുണ്യത്തിന്റെ മതമായ സനാതനമതത്തെ നിരാകരിച്ചു സ്വാർത്ഥതയുടെയും ഉച്ചനീചത്വങ്ങളുടെയും മതത്തെ പുൽകിയ നമ്മുടെ നാടിനു സംഭവിക്കുന്ന ഗതികേടാണിത്. 'വസുധൈവ കുടുംബ കം' എന്നാൽ 'ഞാനും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം' എന്ന തരത്തിലേക്ക് കാര്യങ്ങൾ അധ:പതിച്ചിരിക്കുന്നു. ഞങ്ങടെ ഈ കുടുംബത്തിന് സമൂഹവും രാജ്യവുമായി വലിയ ബന്ധമൊന്നും ഇല്ലെങ്കിലും രാജ്യത്തിന്റെ എല്ലാ ഗുണഗണങ്ങളും അനുഭവിക്കുക എന്നത് ഞങ്ങടെ ജന്മാവകാശമാണ്!!! ലൈൻ അതാണ്. ആത്മാവിൻറെ മരണമില്ലാഴ്മയെ ലോകത്തിനു ബോദ്ധ്യപ്പെടുത്തിയ നാട്ടിൽ ആത്മാവു മരിച്ച മനുഷ്യരെയാണിന്നു കൂടുതലും കാണുന്നത്!

ഇനി കേരളത്തിലേക്ക് വരാം. മൂന്നു ആത്മീയാചാര്യന്മാരെ കേരളം ലോകത്തിനു സംഭാവന ചെയ്തു, ശ്രീ ശങ്കരാചാര്യർ, ശ്രീ. ചട്ടമ്പി സ്വാമികൾ, ശ്രീ. നാരായണഗുരു ദേവൻ. വൈദികമതത്തിന്റെ സ്വാർത്ഥപൂർണ്ണമായ അധിനിവേശത്തിൽ മനുഷ്യസമൂഹങ്ങൾ നശിക്കുന്നതു കണ്ട്, ആ ഇരുട്ടിൽ നിന്ന് മനുഷ്യാത്മാക്കളെ മോചിപ്പിച്ചു ബോധത്തിന്റെ വെളിച്ചത്തിലേക്കു നടക്കാനാണ് അവർ പ്രേരിപ്പിച്ചത്, ആഹ്വാനം ചെയ്തത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയാണവർ പൊരുതിയത്. പക്ഷേ ഇന്നെന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത്‌? ഇന്നു നടക്കുന്നതിനൊന്നും വൈദികമതക്കാരെയല്ല കുറ്റം പറയേണ്ടത്, തങ്ങളുടെ സ്വാർത്ഥമോഹസാഫല്യങ്ങൾക്കു വേണ്ടി അവരുടെ പിറകേ കൂടിയിരിക്കുന്ന 'ഭക്ത' ജനത്തെയാണ്. എത്ര വേണമെങ്കിലും തരാം, എൻറെ കാര്യം ഒന്നു സാധിച്ചു തരണം! ആത്മീയ കച്ചവടങ്ങൾ കൊഴുക്കുന്നതിനനുസരിച്ചു ആത്മബോധം മറയുന്ന കാഴ്ചയാണ് ഇന്നെവിടെയും കാണുന്നത്-ചിന്തിക്കുന്നവന് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച. NSS, SNDP, യോഗക്ഷേമ സഭ തുടങ്ങിയ ജാതിസംഘടനകളും മറ്റു മത-രാഷ്ട്രീയ സംഘടനകളും അംഗങ്ങളിൽ ആത്മബോധം ഉണർത്താനുതകുന്ന കർമ്മപരിപാടികളിലേക്കു തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭഗവത് ഗീതയും രാമായണവും ഭാഗവതവും മറ്റെന്തായാലും വെറുതേ പാരായണം ചെയ്‌താൽ പോരാ, ശരിക്കും പഠിക്കുകയും പഠിപ്പിക്കുകയും തന്നെ വേണം.

ശ്രീ രാമാ രാമ രാമാ ശ്രീ രാമചന്ദ്രാ ജയ 
ശ്രീ രാമാ രാമ രാമാ ശ്രീ രാമ ഭദ്രാ ജയ
ശ്രീ രാമാ രാമ രാമാ രാവണാന്തകാ രാമാ
ശ്രീ രാമാ രാമ രാമാ ലോകാഭിരാമാ ജയ


ബോധസ്വരൂപനായ രാമൻ നിങ്ങളുടെ ജീവിതത്തെ ധന്യമാക്കട്ടെ എന്നാശംസിച്ചുകൊണ്ട് എൻറെ കുറിപ്പുകൾ തൽക്കാലം അവസാനിപ്പിക്കുന്നു. ഈ ആത്മീയാന്വേഷണത്തിൽ പങ്കെടുത്ത നിങ്ങളേവർക്കും നന്ദി. നമസ്ക്കാരം.

No comments:

Post a Comment