Sunday, August 14, 2016

രാമായണമാസക്കുറിപ്പ് - ഭാഗം1 മുതൽ 4 വരെ

രാമായണമാസക്കുറിപ്പ് - 1

കഴിഞ്ഞ വർഷം രാമായണമാസത്തിൽ ഞാൻ ഇട്ട ഒരു പോസ്റ്റിനെ ഇന്ന് എന്റെ സുഹൃത്ത് 'like' ചെയ്ത് ഓർമ്മയിൽ കൊണ്ടുവന്നു. അന്നത്തെ സാഹചര്യത്തിൽ എഴുതിയ വരികൾ ഇന്നും പ്രസക്തമായി നിൽക്കുന്നു; ഭരണം മാറിയാലും മനുഷ്യമനസ്സുകൾക്കു വലിയ മാറ്റം വരില്ല. അതിനു രാമായണം വായിക്കുകതന്നെ വേണം; വെറുതെ വായിക്കയല്ല; അതിലെ വരികളിൽ നിറഞ്ഞിരിക്കുന്ന അർത്ഥം മനസ്സിലാക്കി. അർത്ഥസമ്പൂർണ്ണമായ ഒരു രാമായണ പഠന മാസം എല്ലാവർക്കും നേരുന്നു.
                                                ********    *******     ******    
''ചക്ഷുശ്രവണ ഗളസ്ഥമാം ദുർദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോലചേതസ്സാ ഭോഗങ്ങൾ തേടുന്നു .........''

(പാമ്പിന്റെ വായിൽ അകപ്പെട്ടിരിക്കുമ്പോഴും തവള ഭക്ഷണം തിരയുന്നതു പോലെ കാലമെന്ന പാമ്പിനാൽ ഗ്രസിക്കപ്പെട്ട മനുഷ്യർ മോഹങ്ങളുടെ പിറകേ പോകുന്നു).

ഇന്നലത്തെ 'മനോരമ' പത്രത്തിൽ ഈ 'രാമായണ' പദങ്ങൾ കണ്ടപ്പോൾ അതെത്രമാത്രം സത്യമാണെന്ന് തോന്നിപ്പോയി. മോഹങ്ങളുടെ പിറകെ പോയി നമ്മൾ മനുഷ്യർ എന്തൊക്കെയാണിവിടെ കാട്ടിക്കൂട്ടുന്നത്? പിതാവിനെ 'പും നാമ നരകത്തിൽ നിന്നും ത്രാണനം' ചെയ്യിക്കേണ്ട 'പുത്രൻ', പിതാവിന്റെ കാലും കയ്യും തല്ലിയൊടിക്കാൻ ക്വോട്ടേഷൻ കൊടുക്കുന്നു. തിരുവന്തപുരത്ത് ഭർത്താവിനടുത്തു നിന്ന ഭാര്യയെ അനാശാസ്യക്കാരിക്കാരിയായി മുദ്രകുത്തി സന്മാർഗ്ഗബോധമുള്ള കുട്ടിസഖാക്കൾ വിപ്ലവം നടത്തുന്നു. കേരളത്തിലല്ലാതെ അന്ധവിശ്വാസങ്ങളിൽ ഇത്രമാത്രം അഭിരമിച്ച് വാഴുന്ന ഒരു 'സാക്ഷര ജനത' ലോകത്തിൽ വേറെ എവിടെയെങ്കിലും കാണുമോ? ചിന്തിക്കൂ. മുകളിൽ എഴുതിയ നാലു വരികൾ മനസ്സിലേറ്റിയാൽ മതി, നമ്മൾക്കു കുറേക്കൂടി നല്ലവരാകാം. ഇതിനു ജാതി-മത വേർതിരിവുകൾ ഒന്നും ബാധകമല്ല.

എല്ലാവർക്കും എന്റെ 'രാമായണമാസ' ആശംസകൾ

രാമായണമാസക്കുറിപ്പ് - 2

രാമായണ മാസം തുടങ്ങി. സോഷ്യൽ മീഡിയകളിൽ രാമായണ പാരായണഫലങ്ങൾ വിവരിച്ചുകൊണ്ടുള്ള പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ എനിക്കു കിട്ടിയ ഒരു പോസ്റ്റിൽ 'ഏകശ്ലോകി രാമായണ' മാഹാത്മ്യങ്ങളാണ് പറഞ്ഞിരുന്നത്. രാമായണത്തിന്റെ അന്തസ്സാരം മുഴുവനും ഒരു ശ്ലോകത്തിൽ അടക്കിയിരിക്കുന്നത്രെ! ഇതു നിത്യവും പാരായണം ചെയ്താൽ രാമായണം സമ്പൂർണ്ണമായി പാരായണം ചെയ്താൽ കിട്ടുന്ന ഫലം കിട്ടുമത്രേ! ഇനി മറ്റൊരു പോസ്റ്റിൽ കാണുന്നത് സമ്പൂർണ്ണ രാമായണം എങ്ങിനെ വായിക്കണമെന്നും ഓരോരോ കാര്യലാഭത്തിനായി ഏതൊക്കെ സർഗ്ഗങ്ങൾ വായിക്കണമെന്നുമാണ്; 'ഇഷ്ടകാര്യ സിദ്ധി പൂജ' എന്ന അതേ ലൈൻ.

സത്യത്തിൽ ഇതൊക്കെ വായിക്കുമ്പോൾ വിഷമം തോന്നാറുണ്ട്. പ്രകൃതിയുടെയും അതിൽ ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും സന്തുലിതമായ നിലനിൽപ്പിനെയും തദ്വാരാ സൃഷ്ടിക്കപ്പെടുന്ന ലോകക്ഷേമത്തെയും ലക്ഷ്യമാക്കുന്ന ഒരു മഹനീയ സംസ്കാരം ഇന്നെവിടെയാണ് എത്തി നിൽക്കുന്നത് ! മനുഷ്യനും ഈശ്വരനും രണ്ടല്ല ഒന്നാണെന്നും അതു മനസ്സിലാക്കാൻ തടസ്സമായി നിൽക്കുന്നത് ഇന്ദ്രിയനിയന്ത്രിതമായ മനോവൃത്തികളാലാണെന്നും മനോനിയന്ത്രണത്തിലൂടെ നമുക്കും ശുദ്ധസ്വരൂപമായ ഈശ്വരനായി മാറാൻ കഴിയുമെന്നും ഉദ്‌ഘോഷിക്കുന്ന ഒരു വലിയ സംസ്കാരത്തിന്റെ പിന്മുറക്കാരാണ് നമ്മളൊക്കെ. ഒരുവൻ മനോനിയന്ത്രണത്തിലൂടെ തന്നിലെ ഈശ്വരനെ തിരിച്ചറിഞ്ഞു കഴിയുമ്പോൾ അയാളുടെ കാഴ്ചപ്പാടുകൾ എല്ലാം തന്നെ മാറി മറിയും. ഈശ്വരപ്രകൃതമാർന്ന മനുഷ്യന് ഭേദഭാവചിന്തകൾ ഉണ്ടാകില്ല. എല്ലാത്തിനെയും ഒന്നുപോലെ കണ്ട് സ്നേഹിക്കാനും ബഹുമാനിക്കാനും അയാൾക്ക്‌ കഴിയും. 'ലോകാസമസ്താ സുഖിനോ ഭവന്തു' - സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന ആശയത്തിലേക്കാണ് ആത്യന്തികമായി അയാൾ എത്തിച്ചേരുക. വേദോപനിഷത്തുക്കളും അതിലെ ഗൂഢമായ ഈ ആശയം പഠിപ്പിക്കാനായി ചമച്ചിട്ടുള്ള പുരാണങ്ങളും ഉദ്ഘോഷിക്കുന്നത് ഈ സനാതന ദർശനമാണ്.

നമ്മുടെ ഇതിഹാസപുരാണങ്ങളുടെയെല്ലാം അന്തസ്സത്ത ഇതാണ്. മനസ്സിന്റെ നിയന്ത്രണവും അതുമൂലം സാധ്യമാകുന്ന സ്വഭാവ പരിവർത്തനവും ആണ് ഇവിടെ ലക്ഷ്യമാക്കുന്നത്. സാധാരണ മനുഷ്യന് മനസ്സിലാക്കാൻ കഥാരൂപത്തിൽ കാര്യങ്ങൾ പറയുന്നു എന്നേയുള്ളൂ. ഇതു മനസ്സിലാക്കാതെ, ഒരായിരം പ്രാവശ്യം രാമായണം വായിച്ചാലും എന്തെങ്കിലും ഗുണം ഉണ്ടാകാൻ സാധ്യതയില്ല. ഇതു മനസ്സിലാക്കി വായിക്കുന്നയാൾക്ക് കൂടുതൽ തുടർവായനയുടെ ആവശ്യവും വരുന്നില്ല.

സ്വാർത്ഥ താത്പര്യങ്ങൾക്കായി ആരൊക്കെയോ ഈ മഹനീയ ദർശനത്തെ പണ്ടേ വികലമാക്കിയാണ്. അതിന്നും തുടരുകയാണ്. തന്നെ നല്ലവനാക്കാൻ ഉദ്ദേശിച്ചുള്ള ഒരു ദർശനത്തെ, തൻറെ സ്വാർത്ഥലക്ഷ്യങ്ങൾ നേടാനുള്ള മാർഗ്ഗമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണിപ്പോൾ. രാമായണം സർഗ്ഗം തിരിച്ചു വായിക്കുന്നതോ ഒറ്റ ശ്ലോകത്തിൽ ഒതുക്കുന്നതോ ഒന്നുമല്ല കാര്യം, അതിൽ അന്തർഭവിച്ചിരിക്കുന്ന നന്മയുടെ സന്ദേശം വായിക്കുന്നയാളിൽ എത്തിച്ചേർന്ന് അതുകൊണ്ട് അയാൾക്കുണ്ടാകുന്ന സ്വഭാവപരിവർത്തനവും സാമൂഹികാവബോധവുമാണ്‌ കാര്യം. ഒരിക്കൽ സന്ദീപാനന്ദ ഗിരി സ്വാമി ഭഗവത് ഗീതയെക്കുറിച്ചു പറഞ്ഞതുപോലെ, ഇതു നേടിക്കഴിഞ്ഞാൽ പിന്നെ രാമായണം വായിച്ചിട്ടു വലിയ കാര്യമൊന്നുമില്ല.

രാമായണമാസക്കുറിപ്പ് - 3

രാമായണമാസമായതിനാൽ അൽപ്പം ആത്മീയ ചിന്ത  അസ്ഥാനത്താകില്ലെന്നു കരുതുന്നു. ആകെ മൊത്തം താറുമാറായി കിടക്കുന്ന ആത്മീയ മണ്ഡലത്തിന്റെ എവിടെ നിന്നു ചിന്തിച്ചു തുടങ്ങണം എന്നതാണ് പ്രയാസമുള്ള കാര്യം. ഉള്ള അറിവു വെച്ചു എന്തെങ്കിലും പറഞ്ഞു തുടങ്ങാം എന്നു വിചാരിച്ചാൽ തന്നെ ഭൂരിപക്ഷം ജനങ്ങൾക്കും  ഇതു കേൾക്കാനുള്ള താത്പര്യം ഇന്നില്ല. പലരുടെയും ചിന്ത ഇതിലിത്ര പറയാനും കേൾക്കാനും പഠിക്കാനും എന്തിരിക്കുന്നു എന്നതാണ്. ചെറുപ്പ കാലം മുതൽ കണ്ടും കേട്ടും വളർന്ന് 'ഞങ്ങൾക്കറിയാവുന്നതും ഞങ്ങൾ ചെയ്യുന്നതുമാണ് ആത്യന്തിക സത്യം' എന്ന മൂഢചിന്തയിൽ അഭിരമിക്കുന്ന ധാരാളം ഭക്തർ നമ്മുടെ ഇടയിലുണ്ട്. നിങ്ങളുടെ ചിന്ത തികച്ചും അശാസ്ത്രീയമാണെന്ന് തെളിവ് സഹിതം സമർത്ഥിച്ചാലും അവരതു സമ്മതിക്കില്ല. കാലാകാലങ്ങളായി സമൂഹം അവരിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഈശ്വര ചിന്തകളുടെ അടിമകളാണവർ. അതല്ലതിന്റെ സത്യം  എന്നാരെങ്കിലും പറയുന്നതു കേൾക്കുന്നതു പോലും പാപമാണ് എന്നീ പാവം ഭക്തർ ധരിച്ചു വശായിരിക്കുന്നു.

പറഞ്ഞു വരുന്നത് ഞാനുൾപ്പെടുന്ന ഹിന്ദുമത വിശ്വാസികളെക്കുറിച്ചാണ്. ഈ മതത്തിന് ഇപ്പേരു കിട്ടിയതിന്റെ ചരിത്രം പലരും പറഞ്ഞു വച്ചിട്ടുണ്ട്. അതുകൊണ്ട് അതിലേക്കൊന്നും ഞാൻ പോകുന്നില്ല. ഞാൻ എപ്പോഴും എന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഞാൻ ഹിന്ദുവാണ് എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? മറ്റു മതക്കാർക്ക് അവരുടെ മതത്തിലേക്ക് പ്രവേശിക്കുന്നതിന് ചില വ്യവസ്ഥാപിതമായ കർമ്മ പരിപാടികളുണ്ട്; ഉദാഹരണത്തിന് ക്രിസ്ത്യാനിയുടെ മാമോദിസാ തന്നെ എടുത്തോളൂ. മതത്തിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞാൽ അവരവരുടെ മതസംഹിതയിൽ കൃത്യമായ വിദ്യാഭ്യാസം നൽകുന്നു. ബൈബിൾ അറിയാത്ത ഒരു ക്രിസ്ത്യാനിയെയോ ഖുറാൻ പഠിച്ചിട്ടില്ലാത്ത ഒരു മുസ്ലിമിനെയോ കാണാൻ കഴിയില്ല. പക്ഷെ ഭഗവത് ഗീത പഠിച്ച എത്ര ഹിന്ദുക്കൾ ഇവിടെ ഉണ്ട്? ഹിന്ദുമതത്തിന്റെ ആധാരശിലകളായ വേദോപനിഷത്തുക്കളുടെ സാമാന്യജ്ഞാനം എങ്കിലും ഉള്ള എത്ര ഹിന്ദുക്കൾ ഇവിടെയുണ്ട്?  പിന്നെ നമ്മൾ ഹിന്ദുക്കളാണ് എന്നും പറഞ്ഞു നടക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ചിന്തിക്കൂ. എന്റെ കാര്യം പറഞ്ഞാൽ ഞാനൊരു നായർ കുടുംബത്തിൽ ജനിച്ചു. എന്റെ വീട്ടുകാരൊക്കെ അമ്പലത്തിൽ പോകുമായിരുന്നു. അമ്പലത്തിൽ പോകുന്നവരൊക്കെ ഹിന്ദുക്കളായതിനാൽ ഞാനും ഹിന്ദുവാണ് എന്നെനിക്കു മനസ്സിലായി. അത്ര തന്നെ. എന്റെ മതപഠനം കഴിഞ്ഞു. നാളിതുവരെ ഒരു പണ്ഡിതനും പാമരനും ഞാൻ എങ്ങിനെയാണ് ഹിന്ദുവായത് എന്നെനിക്കു പറഞ്ഞു തന്നിട്ടിട്ടില്ല.

എങ്ങിനെയുണ്ട് എൻറെ മതപഠനം? പഠിക്കാത്തവന്റെ പ്രശ്നം എന്താണ്? മറ്റുള്ളവർ പറയുന്നതെല്ലാം ശരിയെന്നു തോന്നി അണുവിട വിടാതെ അനുസരിക്കും. ഈ അനുസരണാശീലം ശീലം വളർന്നു വളർന്നതു സ്വന്തം സംസ്‌കാരമാകും. നമ്മുടെ അദ്ധ്യാത്മികതയുടെ അപചയം നിലനിൽക്കുന്നത് ഈ സംസ്കാരത്തിലാണ്. രാമായണം അങ്ങിനെ വായിച്ചാൽ ഇതു കിട്ടുമെന്നും ഇങ്ങനെ വായിച്ചാൽ അതു കിട്ടുമെന്നും ഗണപതി പാലു  കുടിച്ചെന്നും ഒക്കെ കേട്ടാൽ അതിന്റെയൊക്കെ  പിറകേ ഓടുന്നത് ഈ അന്ധത്വത്താലാണ്.  അജ്ഞാന തമസ്സിൽ നിന്നും സത്യത്തിന്റെ, ബോധത്തിന്റെ വെളിച്ചത്തിലേക്കു (അസതോമാ സദ്ഗമയാ തമസോമാ ജ്യോതിർഗമയാ) ഉണർന്നെണീക്കൂ  എന്നാഹ്വാനം ചെയ്യുന്ന ഒരു മതത്തിന്റെ പിന്മുറക്കാർക്കു ചേർന്നതാണോ ഈ അന്ധത്വം? ചിന്തിക്കൂ. നമ്മൾ ചിന്തിച്ചാൽ അടുത്ത തലമുറയെങ്കിലും ബോധമുള്ള ഹിന്ദുവായിവളരും.

രാമായണമാസക്കുറിപ്പ് - 4

പത്തൻപതു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. എയർഫോഴ്‌സിൽ ജോലിനോക്കിയിരുന്ന എന്റെ ചിറ്റപ്പൻ (അച്ഛന്റെ അനിയൻ) വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ വെളിയിലെങ്ങാനും യാത്ര കൊണ്ടു പോകൂ എന്നു പറഞ്ഞു ഞങ്ങൾ കുട്ടികൾ ശല്യപ്പെടുത്തുമായിരുന്നു. അങ്ങിനെ ശല്യം സഹിക്ക വയ്യാതെ അദ്ദേഹം എന്നെയും പെങ്ങളെയും  പായിപ്പാട്ടു വള്ളംകളി കാണാൻ കൊണ്ടുപോകാൻ സമ്മതിച്ചു. രസികനായ ഞങ്ങളുടെ മറ്റൊരു ബന്ധുവും ചേർന്ന നാൽവർ സംഘം ഹരിപ്പാട് വരെ ബസ്സിൽ  യാത്ര ചെയ്തു. അവിടെ നിന്നും പായിപ്പാട്ടേക്ക്‌ മൂന്നു കിലോമീറ്ററിൽ കുറയാതെ ദൂരമുള്ളത് നടന്നു തന്നെ പോകയേ മാര്ഗ്ഗമുണ്ടായിരുന്നുള്ളൂ.  ഞങ്ങൾ നടത്തം ആരംഭിച്ചു. പട്ടണം വിട്ടു ഉൾപ്രദേശത്തേക്കു കയറി നടത്തം തുടങ്ങി. ആദ്യമായി അവിടൊക്കെ കാണുകയല്ലേ, അതിന്റെ വലിയ സന്തോഷത്തിലായിരുന്ന ഞങ്ങളെ വഴിയരികത്തുണ്ടായിരുന്ന ഒരു സർവേക്കല്ല്  ചൂണ്ടിക്കാണിച്ചു ചിറ്റപ്പൻ പറഞ്ഞു; വലിയ ശക്തിയുള്ള ദേവിയാ, തൊഴുതോ. ഞങ്ങൾ ചിറ്റപ്പൻ പറഞ്ഞതു പോലെ ഭക്ത്യാദരങ്ങളോടെ സർവ്വേക്കല്ലു ദേവിയെ തൊഴുതു നമിച്ചു. കുറെ നടന്നു കഴിഞ്ഞപ്പോൾ അതുപോലെ മറ്റൊരു കല്ലു  കണ്ടു ചിറ്റപ്പൻ പറഞ്ഞു, ഉഗ്രമൂർത്തിയാ, എന്താഗ്രഹിച്ചാലും നടത്തി തരും, തൊഴുതോ. ഞങ്ങൾ തൊഴുതു, സാഷ്ട്ടാംഗ നമസ്‌ക്കാരവും ചെയ്തു. ചിറ്റപ്പനും  രസികൻ ബന്ധുചേട്ടനും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. പായിപ്പാട്ടു് എത്തുന്നതിനു മുൻപ് രണ്ടു പ്രാവശ്യം കൂടി ഇങ്ങനെ ഞങ്ങൾ സർവ്വേക്കല്ലു ദൈവങ്ങളെ തൊഴുതു നമസ്‌കരിച്ചു എന്നാണെന്റെ ഓർമ്മ. തിരിച്ചു വീട്ടിൽ എത്തിയ ശേഷം രസികൻ ബന്ധു ഈ കഥ വീട്ടിലുള്ളവരോട്  പറഞ്ഞു ചിരിച്ചപ്പോഴാണ് കഥയുടെ ഗുട്ടൻസ് ഞങ്ങൾക്കു പിടികിട്ടിയത്. വള്ളം കളിയും കാണിപ്പിച്ചു കുശാലായി ശാപ്പാടും മേടിച്ചു തന്ന ചിറ്റപ്പനോട് ഞങ്ങൾക്ക് ഒരു ദേഷ്യവും തോന്നിയില്ല. ചിറ്റപ്പന്റെ ഒരു കളിതമാശ!

നമ്മുടെ പല ആത്മീയ വിഷയങ്ങളുടെയും കാര്യം ഇങ്ങനെയാണ്. ആരൊക്കെയോ എന്തൊക്കെയോ ചെയ്യാൻ പറയുന്നു. എന്തൊക്കെയോ കിട്ടുമെന്ന് മോഹിച്ചു പറയുന്നതെല്ലാം ചെയ്യുന്നു. എന്നിട്ടു കിട്ടിയോ?

No comments:

Post a Comment